കാലത്തിന്റെ കൈയ്യൊപ്പുകൾ എത്ര പെട്ടെന്നാണ് മുദ്രകൾ ചാർത്തി കടന്നു പോകുന്നത് ., പോയകാലങ്ങളിലെ ബാല്യത്തിന്റെ നിറമുള്ള ഓർമ്മകൾ തെളിഞ്ഞു നിൽക്കുന്ന ..,ആ നനുത്ത സുന്ദരമായ സ്കൂൾ കാലഘട്ടത്തിലൂടെ ഞാനൊന്ന് കടന്നുപോയി .

     എല്ലാം കൈക്കുമ്പിളിൽ കിട്ടുന്ന വേഗതയാർന്ന ഈ സൈബർ യുഗത്തിൽ  പഴയ ഓർമ്മകൾ തേടി ഞാനൊരു തീർത്ഥയാത്ര നടത്തി

        എന്റെ കലാലയം, ആദ്യമായി ആ പടികൾ ചവിട്ടിയപ്പോൾ എന്റെ കുഞ്ഞു മനസ്സിൽ തോന്നിയ വികാരമെന്തായിരുന്നു .? വർഷങ്ങൾക്കിപ്പുറത്തിരുന്ന് ആ  ഓർമ്മകൾ ഉള്ളിലേക്ക് തികട്ടി വന്നപ്പോൾ കണ്ണുകളിൽ നീർ നിറയുന്നു .

      തണൽ പൊഴിച്ചു നിൽക്കുന്ന പൂമരങ്ങൾ ബാല്യത്തിന്റെ കുഞ്ഞികാലുകൾക്കൊണ്ട്  ഞാനോടിക്കളിച്ച എന്റെ  ക്ലാസ്സ് മുറികൾ വരാന്തകൾ എന്നിലേക്ക് ഞാൻ ചേർത്തു വെച്ച ബെഞ്ചുകളുടേയും ഡെസ്‌ക്കുകളുടേയും ഹൃദായാതുരതയുണർത്തുന്ന നറുമണം .

                   എന്റെ ബാല്യമേ എന്തിന്  എന്നിൽ  നിന്നും ഓടിമറഞ്ഞു ?

             ജീവിതം മുഴുവനും ബാല്യത്തിൽ ആറാടാൻ കഴിഞ്ഞെങ്കിൽ ?,

വാകപ്പൂമരങ്ങൾ പൂത്തു നിൽക്കുന്ന എന്റെ കലാലയം  എന്റെ കുഞ്ഞു ബുദ്ധിക്കുള്ളിലേക്ക്  അറിവിന്റെ ആദ്യ പാഠങ്ങൾ നട്ടു നനച്ചു തന്ന  എന്റെ കലാലയ ജീവിതത്തിലൂടെ ഞാനെന്റെ ബാല്യത്തിലേക്ക് വീണ്ടുമൊരു മുങ്ങാം കുഴിയിട്ടു . നഷ്‌ട്ടപ്പെട്ടു പോയ എന്റെ മുത്തുകൾ ഞാനവിടെ കണ്ടു , ബാല്യത്തിന്റെ എന്റെ സ്പന്ദനങ്ങൾ ഞാനവിടെ തൊട്ടറിഞ്ഞു  എന്റെ കുഞ്ഞു മനസ്സിന്റെ സന്തോഷങ്ങളും ചിരികളും ഞാനവിടെ കണ്ടു  അതിനു കലർപ്പില്ലായിരുന്നു .

    തെളിനീരു പോലെയുള്ള ആ ജീവിതത്തിൽ നിന്ന് ഞാനിതാ കാറും കോളും നിറഞ്ഞ സമുദ്രത്തിലേക്ക് പറിച്ചു നടപ്പെട്ടിരിക്കുന്നു . കാലത്തിന്റെ തേരോട്ടം .. ഇന്നലെത്തെ ബാല്യം  നാളത്തെ വൃദ്ധൻ  ഏതു മനുഷ്യനും കടന്നു പോകേണ്ട മാറ്റമില്ലാത്ത വഴി .

                 ധനവാനും, ദരിദ്രനും ,ബുദ്ധിമാനും, വിഡ്ഢിക്കും  ഒരേ വഴി

            പണം കൊണ്ട് കൊട്ടാരം കെട്ടിയാലും  പ്രശസ്തി കൊണ്ട് ലോകം മുഴുവനും അറിയപ്പെട്ടാലും  ലോകം നിന്റെ കാൽക്കീഴിലായാലും  ബാല്യം അത് തരുന്ന  സുഖം വേറൊന്നു തന്നെ  .

             കഴിഞ്ഞു പോയ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ ഞാനെന്റെ സഹപാഠികളെ തിരഞ്ഞു . കാലം തെളിയിച്ച വഴിയിലൂടെ നടത്തിയ തേരോട്ടത്തിൽ എന്തെല്ലാം മാറ്റങ്ങൾ ..? എനിക്കാരേയും തിരിച്ചറിയാൻ കഴിയുന്നില്ല  എന്റെ മനസ്സിൽ അവർ കൗമാര മുഖങ്ങളിലൂടെയാണ് ചിരിച്ചു വരുന്നത്  .

              നീണ്ട മുപ്പതു വർഷങ്ങൾക്കു ശേഷം വീണ്ടും  പഴയ ആ മുഖങ്ങളെ  റീവൈൻഡ് ചെയ്യുമ്പോൾ  തുമ്പുകൾ പോലും കണ്ടുപിടിക്കാനാകുന്നില്ല .. പലരുടേയും പേരുകൾ  പോലും മറവിയുടെ തിരശ്ശീലക്ക് പിന്നിലേക്ക് നൂണ്ടിറങ്ങികഴിഞ്ഞിരിക്കുന്നു .

               എന്റെ പഠനകാലം ചിലവഴിച്ച  വിന്റേജ് കാലത്തിലേക്ക് ഞാനൊന്ന്  തിരിഞ്ഞു നടന്നു  പഴയ സഹപാഠികളെ തേടി പഴയ ഓർമ്മകൾ തേടി പഴയ എന്നെത്തേടി .

       എന്റെ ദൈവമേ, ബാല്യമെന്ന ആ പദത്തിനു പോലും എത്ര കുളിർമ്മയെന്ന് ഞാനിന്ന് തിരിച്ചറിയുന്നു .

        ആകാശത്തോളം വലുതായാലും കുന്നിക്കുരുവോളം ചെറുതായിരിക്കുന്ന  ആ ബാല്യമാണ് നല്ലത്. അവിടെ കുഞ്ഞു ലോകത്തിൽ കുഞ്ഞു വികാരങ്ങളേയുള്ളൂ  കുഞ്ഞു ..,കുഞ്ഞു ആശകളേയുള്ളൂ കുഞ്ഞു കുഞ്ഞു സങ്കടങ്ങളേയുള്ളൂ . അവിടെ ലോകം കുഞ്ഞീതാകുന്നു  കാപട്യങ്ങൾ ഇല്ലാത്ത ആ കുഞ്ഞു ലോകത്തിന്റെ സ്നേഹം ഇന്നെനിക്ക് കിട്ടാക്കനിയായിരിക്കുന്നു . കാരണം ഞാനിന്ന് വലിയവരുടെ ലോകത്തിലാണ് , എനിക്ക് കഴിഞ്ഞു പോയ ആ ബാല്യത്തിലേക്ക് തിരിഞ്ഞു നോക്കാനെ കഴിയൂ  അതിലേക്ക് തിരിച്ചറിങ്ങാൻ കഴിയാത്ത വിധത്തിൽ കാലം എന്നെ വലിച്ചു കൊണ്ടു പോയിരിക്കുന്നു .

      പ്രകൃതിയുടെ അലിഖിതനിയമസംഹിത കാലം നിറഞ്ഞാടട്ടെ അതിനു മുമ്പിൽ ഞാൻ നിസ്സഹായനാണ്

     ഞാനൊറ്റക്കിരുന്ന് അൽപനേരം കരയട്ടെ കഴിഞ്ഞുപോയ എന്റെ സ്‌കൂൾ കാലത്തെയോർത്ത് കഴിഞ്ഞുപോയ എന്റെ ബാല്യത്തെയോർത്ത്

       ഉതിർന്നു വീഴുന്ന കണ്ണുനീർത്തുള്ളികൾക്ക്  സന്തോഷത്തിന്റെയോ  ദു ഖത്തിന്റേയോ  നഷ്ടത്തിന്റേയോ, നിറമാണ് ഉള്ളത് എന്നെനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല ..

       പക്ഷേ .., ആ ഓർമ്മകൾ എനിക്കു പകർന്നു തരുന്ന  സുഖം അനിർവ്വചനീയം തന്നെ  അതിൽ  ഞാനൊന്നുകൂടി മുങ്ങാം കുഴിയിടട്ടെ.

          എവിടെയോ പിറന്ന്  എവിടെയോ വളർന്ന്  എവിടെയോ ജീവിച്ചു തീരുന്ന ഒരു യാത്രികൻ മനുഷ്യൻ . നടന്നു പോന്നതൊന്നും തിരിച്ചു പിടിക്കാനാകില്ല   എന്നറിയികലും തിരിഞ്ഞു നോക്കുമ്പോൾ  മനസ്സിനുള്ളിൽ അതൊരു കുളിർ തെന്നലായി വീശുന്നു  ആ .. ആത്മ നിർവൃതിയിൽ  ഞാൻ ലയിക്കട്ടെ .

0 അഭിപ്രായങ്ങള്‍