കേരളത്തിന്റെ തെക്കേ അറ്റത്ത് , വേണമെങ്കിൽ തെക്കും കഴിഞ്ഞുള്ള അറ്റത്ത് ഒരു ഗ്രാമമുണ്ടായിരുന്നു. 

ഉണ്ടായിരുന്നുവെന്ന്  പറയുമ്പോൾ ഇപ്പോൾ ഇല്ല എന്ന് തെറ്റിദ്ധരിക്കരുത്, ഇപ്പോഴും ഉണ്ട് . 

കുറച്ചു കൂടി വ്യക്തമാക്കിയാൽ മൊബൈൽ ഫോണുകളുടെ ആരംഭകാലം,    വേണമെങ്കിൽ  മൊബൈൽ ഫോണുകൾക്ക് മുമ്പും പിമ്പുമെന്ന് കാലത്തെ തിരിക്കാവുന്ന കാലം. 

കാശുള്ളവർ റീ ചാർജ് ചെയ്യുകയും കാശില്ലാത്തവർ മൊബൈൽ ഫോണുണ്ടെന്ന് കാണിക്കുവാൻ വേണ്ടി ഷർട്ടിന്റെ പോക്കെറ്റിൽ ചുമ്മാ തിരുകി  വെച്ചുകൊണ്ട് നടക്കുകയും ചെയ്തിരുന്നൊരു കാലം.  

നിശബ്ദമായിരിക്കുന്ന  ആ ഫോണുകളെടുത്ത്  ചെവിട്ടിൽ തിരുകി  ഹലോകൾ  പറഞ്ഞുകൊണ്ട് , അവർ  മറ്റുള്ളവരെ ഞെട്ടിക്കാനായി തിരക്കുകൾ അഭിനയിച്ച കാലം.   

അങ്ങിനെയുള്ള ആ കാലഘട്ടത്തിൽ ഞങ്ങളുടെ ഗ്രാമത്തിൽ നിഷ്‌കളങ്കരായ കുറേയേറെ മനുഷ്യരും അതിലേറെ നിഷ്കളങ്കരായ മൃഗങ്ങളും ഉണ്ടായിരുന്നു.

അവരുടെ കൂട്ടത്തിൽ , അതായത് മനുഷ്യരുടെ കൂട്ടത്തിൽ ഞങ്ങളുടെ ഗ്രാമത്തിലെ  ഏറ്റവും സുന്ദരിയായ യുവതിയായിരുന്നു പാൽക്കാരി രജനി.

എന്നും  പ്രശ്‍നങ്ങൾക്കുള്ളിലേക്ക്,  അങ്ങോട്ട് പോയി  തലവെച്ചു കൊടുക്കുന്ന പാക്കരൻ ചേട്ടന്റെ ചായക്കടയിൽ എന്നത്തേയും പോലെ അന്നുമൊരു സംഭവം അരങ്ങേറി.  

ചായ കുടിക്കാൻ വന്നൊരു മനുഷ്യൻ ബോണ്ടക്കെന്താ വലുപ്പം കുറവെന്ന് ചോദിക്കുകയും,  നിർദ്ധോഷമായ ആ തമാശയെ അതിന്റെ സ്പിരിറ്റലെടുക്കാതെ അയാൾ ഒരു വരത്തനാണെന്നും കരുതിക്കൊണ്ട്  പാക്കരൻ ചേട്ടൻ അലറുകയും ചെയ്തു.

വേണങ്കീ തിന്നിട്ട് പോടാ തെണ്ടീ . 

അല്ലെങ്കിലും,  പാക്കരൻ ചേട്ടന് വരത്തന്മാരുടെയടുത്ത്  ഒരു റൗഡിസം പതിവുള്ളതാ. കാരണം അവന്മാർ കുടിച്ചിട്ട് പോവും പിന്നെ വരത്തില്ല അതുകൊണ്ട് അത്ര വല്യ ബഹുമാനമൊന്നും ഈ വരത്തന്മാരോട്  കാണിക്കേണ്ടതില്ലെന്നാ  പാക്കരൻ ചേട്ടന്റെ പക്ഷം . 

മറ്റൊന്ന്, പാക്കരൻ ചേട്ടന്റെയുള്ളിലൊരു റൗഡി ഒളിഞ്ഞിരിപ്പുണ്ട്. ചില സമയങ്ങളിൽ അത് പാക്കരൻ ചേട്ടന്റെ അനുവാദം കൂടാതെ തന്നെ പുറത്തേക്കിറങ്ങി വരും.  അപ്പോഴാണ് പാക്കരൻ ചേട്ടൻ അലറുന്നത്.  ആയകാലത്ത്,  അതായത്..,  ചെറുപ്പത്തിൽ പാക്കരൻ ചേട്ടൻ വല്യൊരു റൗഡി ആയിരുന്നുവത്രെ.  ബോംബേ  അധോലോകത്തിലൊക്കെ  ഉണ്ടായിരുന്നുവെന്നാ,  ചായകുടിക്കാൻ വരുന്നവരോടൊക്കെ പാക്കരൻ ചേട്ടൻ തന്നെ  പറയാറ്  .

ദിവസോം ഇതൊക്കെ കേക്കുന്ന കാരണം ചായ കുടിക്കാൻ വരുന്ന തമിഴൻ മുരുകൻ വല്യ ആരാധനയോടെയാ പാക്കരൻ ചേട്ടനെ നോക്കുക.

ദാവൂദിനെ  അറിയുമോയെന്ന്  ഒരു പ്രാവശ്യം  മുരുകൻ  ചോദിക്കേം ചെയ്തു     

പിന്ന്യേ,  തന്റെ വല്യ ദോസ്തല്ലായിരുന്നോവെന്നുള്ള പാക്കരൻ ചേട്ടനെ മറുപടി കേട്ട്  മുരുകന്റെ കണ്ണ് തള്ളിപ്പോയി.

സത്യത്തിൽ പാക്കരൻ ചേട്ടൻ ഉദ്ദേശിച്ചത് ഇളനീർ വിക്കാൻ വരുന്ന കാസർകോടുകാരൻ ദാവീദിനെ ആയിരുന്നു.

ഒരു ദിവസം, ചായ കുടിക്കാൻ വന്ന പലചരക്ക് കടക്കാരൻ സുപ്രുവിനോട് പറ്റു കാശ്  ചോദിച്ച് പാക്കരൻ ചേട്ടൻ ചൂടായി.  ഒന്നും രണ്ടും പറഞ്ഞ് അവസാനം സുപ്രു,  പാക്കരൻ ചേട്ടനെ പിടിച്ചൊരു തള്ള് കൊടുത്തു .  എന്റെ കർത്താവേന്നും നിലവിളിച്ചോണ്ട്  പാക്കരൻ ചേട്ടൻ  തലയും കുത്തി താഴെ വീണു. 

അതിനു ദൃക്‌സാക്ഷിയായ  മുരുകൻ കരുതിയത്  പാക്കരൻ ചേട്ടൻ ഇപ്പൊ  ചാടിയഴുന്നേറ്റ്  ഒരു ബോംബെ  റൗഡിയായി മാറുകയും  സുപ്രുവിനെ തട്ടിക്കളയുമെന്നായിരുന്നു . പത്തുമിനിറ്റോളം  കഴിഞ്ഞിട്ടും പാക്കരൻ ചേട്ടൻ വീണിടത്തു നിന്ന് എണീക്കാതാവുകയും , ആളു തട്ടിപ്പോയോന്നും പേടിച്ച്  സുപ്രു  ചായ കുടിച്ച് വേഗം വീട്ടീ പോവുകയും ചെയ്തു. 

സുപ്രു പോയിക്കഴിഞ്ഞെന്ന് ഉറപ്പായപ്പോഴാ,  അവനെ ഞാനിന്ന് കൊല്ലുമെന്നും അലറിക്കൊണ്ട് പാക്കരൻ ചേട്ടൻ ചാടിയെഴുന്നേറ്റത്. 

അവര്  പോയല്ലോ  സേട്ടാ

നീയെന്താ എന്നെ വിളിക്കാഞ്ഞതെന്നും ചോദിച്ച്  പാക്കരൻ ചേട്ടൻ മുരുകന്റെയടുത്താ  ദേഷ്യം തീർത്തത് , മുരുകനെ ചീത്ത വിളിക്കുകയും സുപ്രുവിന്റെ  ചായ കാശ്  കൂടെ മുരുകന്റെ അടുത്തൂന്ന് വാങ്ങുകയും ചെയ്തു. 

സംഗതി, സുപ്രുന്റെ അടുത്തൂന്ന് ഇനീം  അടി കിട്ടാതിരിക്കാൻ പാക്കരൻ ചേട്ടൻ കണ്ണടച്ച് കിടന്നാതായിരുന്നുവെന്ന്  മുരുകന് മനസ്സിലായിരുന്നു.

അതീപ്പിന്നെ പാക്കരൻ ചേട്ടൻ റൗഡിക്കഥ  കഥപറയുമ്പോഴെല്ലാം ..   ചുമ്മാ പൊയി സൊല്ലാതെ അണ്ണാന്നും പറഞ്ഞോണ്ട് മുരുകൻ  ചായ കുടിച്ചേച്ച്  വേഗം  പോകാറാ പതിവ്   .

ബോംബെയിലത്തെ  പൊടി ശ്വസിച്ച്, ശ്വസിച്ച്  വലിവിന്റെ അസുഖം വന്നതോടെയാ അവിടത്തെ റൗഡിസമെല്ലാം  നിറുത്തി ഇങ്ങോട്ട് പോന്നതെന്നാ പാക്കരൻ ചേട്ടൻ എല്ലാവരോടും പറയണത്  .

അതെന്താ ബോംബേയില് ശ്വസിക്കാൻ വായുവില്ലാണ്ടാണോ താൻ  പൊടി ശ്വസിച്ചതെന്നാ കള്ള് ചെത്തുകാരൻ അവറാൻ ചേട്ടൻ  ചോദിച്ചത് ?

നീ വേണമെങ്കീ വിശ്വസിച്ചാ മതീടാ നായിന്റെ മോനേ  ..ന്നും പറഞ്ഞോണ്ട്  വലിയൊരു  തെറി ഉരുണ്ടു കേറി   പാക്കരൻ ചേട്ടന്റെ തൊണ്ടയോളം എത്തിയതായിരുന്നു .  പക്ഷേ അവറാൻ ചേട്ടന്റെ കൈയ്യിലെ ചെത്തു കത്തി കണ്ടതോടെ പാക്കരൻ ചേട്ടൻ അതങ്ങു വിഴുങ്ങി.  അവറാൻ ചേട്ടനാണെങ്കി  ഒരു എടുപിടിക്കാരനാ വെട്ടു കിട്ടിക്കഴിഞ്ഞ് വായു ശ്വസിച്ചിട്ടാണോ .., പൊടി ശ്വസിച്ചിട്ടാണോ ? വലിവിന്റെ അസുഖം വന്നതെന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ ?

റൗഡിയായ തന്റെ തലക്ക് ബോംബെ പോലീസ്  അന്നത്തെ ഒരു ലക്ഷം രൂപാ വിലയിട്ടൂന്നു  കൂടി പാക്കരൻ ചേട്ടൻ പറഞ്ഞു നടക്കുന്നുണ്ട്  .

അങ്ങേരെ മൊത്തം കൊണ്ടുപോയി വിറ്റാവരെ   അഞ്ചു നയാ പൈസാ പോലും കിട്ടത്തില്ലാ, പിന്ന്യാ ഒരു ലക്ഷം കുവാ ന്നാ...   പാക്കരൻ ചേട്ടന്റെ ഭാര്യ അന്നമ്മ ചേടത്തി ഇതിനു മറുപുറമായി പറയുന്നത്.

ഇതുരണ്ടുമല്ല, അവിടെയുള്ള  ഏതോ  മുട്ടൻ റൗഡിയുടെ അടുത്ത് പാക്കരൻ ചേട്ടൻ ആളറിയാതെ  പോയി മുട്ടിയെന്നും അയാള് കുറച്ചു നേരം പാക്കരൻ ചേട്ടന്റെ വായേം മൂക്കും ചേർത്തു പൊത്തിപ്പിടിച്ചെന്നും, ശ്വാസം കിട്ടാതെ  പാക്കരൻ ചേട്ടൻ കൈയ്യും കാലും ഇട്ട് അടിച്ചതോടെ  പാവം തോന്നീട്ട് അയാള് വിട്ടതാണെന്നും പറയപ്പെടുന്നുണ്ട്  .  അന്ന്  വിലങ്ങിയ ശ്വാസം  കാരണാ പാക്കരൻ ചേട്ടന് വലിവു വന്നതെന്നാ ചിലര് പറയണത്   . ഭാഗ്യത്തിന് അന്ന് ശ്വാസം മാത്രേ വിലങ്ങിയുള്ളൂ  കുറച്ചു നേരം കൂടി അയാള് വായേം മൂക്കും  പൊത്തിപ്പിടിച്ചിരുന്നെങ്കീ പാക്കരൻ ചേട്ടന്റെ ജീവനും കൂടി പോയേനേ . 

വേറേ ചിലര് പറയുന്നത്  പോലീസുകാര് ഇടിച്ച് കൂമ്പ് വാട്ടിയിട്ടാ ശ്വാസം മുട്ട് വന്നതെന്നാ.   എന്തായാലും പാക്കരൻ ചേട്ടന് ശ്വാസം മുട്ട് ഉണ്ടെന്നുള്ള കാര്യം സത്യമാ  . 

 അവന് ചെറുപ്പത്തില് കൊക്കൊപ്പുഴുവിന്റെ  അസുഖം ഉണ്ടായിരുന്നതാ  അതുകൊണ്ടാ  ശോഷിച്ച് ശോഷിച്ച്  ശ്വാസം മുട്ട് വന്നതെന്നാ പൂക്കാരി നാണിത്തള്ള പറയണത്. ഇക്കാരണം കൊണ്ട് തന്നെ  പാക്കരൻ ചേട്ടൻ നാണിത്തള്ളക്ക്  ചായ കൊടുക്കാറില്ല.  ആ കിഴവി മുഴു നുണച്ചിയാന്നാ പാക്കരൻ ചേട്ടന്റെ അഭിപ്രായം . 

ശ്വാസം മുട്ടുള്ള ആ റൗഡി പാക്കരൻ ചേട്ടന്റെ ഉള്ളീന്ന് ഇടക്കിടക്ക് എത്തി നോക്കാറുണ്ട്. ഏറിയ പങ്കും അത് വരത്തൻമാരുടെ അടുത്താണെന്നു മാത്രം.

അങ്ങോട്ട് തിരിഞ്ഞിരുന്നായിരുന്നു ആ മനുഷ്യൻ ബോണ്ട തിന്നുകൊണ്ടിരുന്നത്  സത്യത്തിൽ അയാൾ ഇങ്ങോട്ടാണ് തിരിഞ്ഞിരുന്നിരുന്നതെങ്കിൽ പാക്കരൻ ചേട്ടൻ ഓടിവന്ന് അയാളുടെ കാൽക്കൽ വീണ്  ശ്രാഷ്ട്ടാങ്കം   പ്രണമിച്ചേനേ .

സത്യത്തിൽ.. ''വേണമെങ്കിൽ കഴിച്ചിട്ട് പോടാ'' എന്നുള്ളത്  മാത്രമേ പാക്കരൻ ചേട്ടൻ ഉദ്ദേശിച്ചുള്ളൂ. പക്ഷേ പാക്കരൻ ചേട്ടന്റെ നാക്ക്  പാക്കരൻ ചേട്ടനെ ചതിച്ചു.  സത്യത്തിൽ നാക്കിനേം കുറ്റം പറഞ്ഞിട്ട്  കാര്യമില്ല ഉള്ളിലൊളിച്ചിരുന്ന റൗഡിയായിരുന്നു നാക്കിനേക്കൊണ്ടത് പറയിച്ചത് .

തെണ്ടീന്ന്  പാക്കരൻ ചേട്ടൻ വിളിച്ചു കഴിഞ്ഞ അതെ നിമിഷത്തിൽ തന്നെയായിരുന്നു പുറത്തുനിന്നും സാറേയെന്നൊരു വിളി കേട്ടതും .

ആരാണിപ്പോ ഇവിടെ സാറ് ?  

ഇനി തന്നെയെങ്ങാനും ആണോ സാറെയെന്ന് വിളിച്ചതെന്ന്  പാക്കരൻ ചേട്ടനൊരു  സംശയം തോന്നുകേം ചെയ്തു.  

ഏയ് തന്നെയാവില്ല 

എങ്കിലുമൊരു  സംശയം

തന്നെതന്നെയാവോ ?. 

ചിലപ്പോ , താനൊരു പഴേ റൗഡിയാണെന്നങ്ങാനും  മനസ്സിലായിട്ട്   പേടിച്ചിട്ടായിരിക്കും സാറേന്ന് വിളിച്ചത്  പക്ഷേ .. ഇപ്പൊ തന്നെ കണ്ടാ റൗഡിയാണെന്ന് തോന്നുമോ  ? ചിലപ്പോ തോന്നുമായിരിക്കും..,  പാക്കരൻ ചേട്ടൻ തന്റെ മീശ പിടിച്ച് ഒന്ന് പിരിക്കാൻ നോക്കി. പക്ഷേ മീശയില്ലാത്ത കാരണം ചുണ്ടിന്റെ മേലെ പിടിച്ച് വെറുതേ മേലോട്ട് ഒരു തിരി തിരിച്ചു. പക്ഷേ തിരിയാൻ മനസ്സില്ലാന്നും പറഞ്ഞ് ചുണ്ട് അതുപോലെ തന്നെ തിരിഞ്ഞു വന്നു .

ആ അഭിമാനത്തില് പാക്കരൻ ചേട്ടൻ സ്വയമൊന്ന്  പൊങ്ങി  അങ്ങനെ പൊങ്ങി പൊങ്ങി വല്യൊരു പാക്കരൻ ചേട്ടനായിമാറി  .

ആ വീര്യത്തോടെ  പാക്കരൻ ചേട്ടൻ ചുറ്റുപാടും ഒന്നു  നോക്കി  പക്ഷേ ആരും ശ്രദ്ധിക്കുന്നില്ല.  അവസാനം  ഫോട്ടോയിലുള്ള  അപ്പൻ വറീതിനെ നോക്കി വറീതേട്ടനാണെങ്കീ  ആകെ അത്ഭുതം ഈ മരങ്ങോടിനെയാണോ  സാറേന്ന് വിളിച്ചത് ? നാട്ടാർക്ക്  ഇത്രേം ബോധമില്ലാണ്ടായോ  എന്റെ കർത്താവേ  ?

ഇത് കണ്ടാന്നും ചോദിച്ചോണ്ട്  അപ്പന്റെ ഫോട്ടോയിലേക്ക് പാക്കരൻ ചേട്ടൻ പുച്ഛത്തിലാ നോക്കിയത്  തന്നെ നാഴികക്ക് നാല്പത് വട്ടം വിഡ്ഡീ,   വിഡ്ഡീന്നും വിളിച്ചോണ്ടിരുന്ന തന്തയാ,  

ഇപ്പൊ കണ്ടു  നോക്ക്   ? അതോടൊപ്പം  പാക്കരൻ ചേട്ടന്റെ വായിലൊരു  തെറി  ഉരുണ്ടു കേറി വരുകയും ചെയ്തു .  പിന്നെ അപ്പനായ കാരണം പാക്കരൻ ചേട്ടനത് മനസ്സിലിട്ടാ വിളിച്ചത് എന്നാലും വറീതേട്ടനത്  കേട്ടു  .

തെറി പറഞ്ഞിട്ടും അപ്പൻ ചിരിക്കുന്നതു  പോലെയാ  പാക്കരൻ ചേട്ടന് തോന്നിയത്  സത്യത്തില് വറീതേട്ടൻ ചിരിച്ചിരിക്കെന്നെ ആയിരുന്നു.

ഇപ്പൊ കാണാടാ 

സാറെന്നുള്ള വിളി കേട്ട അഭിമാനത്തോട് കൂടിയാ പാക്കരൻ ചേട്ടൻ പുറത്തോട്ട്  നോക്കിയത്.  ആ കാഴ്ച കണ്ട്  പാക്കരൻ ചേട്ടന്റെ കണ്ണുകൾ ആദ്യം ഞെട്ടി പിന്നാലെ പാക്കരൻ ചേട്ടനും .

പോലീസ് 

ഈശ്വരാ  പോലീസിനെയാണോ താൻ കേറി തെണ്ടീന്ന് വിളിച്ചത് ? അല്ല അത് കാക്കിയിട്ട പോസ്റ്റുമാനായിരിക്കുന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു . 

പക്ഷേ തൊപ്പി ?

ചിലപ്പോ  തൊപ്പി വെച്ച പോസ്റ്റുമാനായിരിക്കും.  പാക്കരൻ ചേട്ടൻ വീണ്ടും സമാധാനിക്കാൻ നോക്കി.  ആ ആശ്വാസത്തിലാ അപ്പന്റെ മുഖത്തോട്ട് വീണ്ടും നോക്കിയത്. 

കിഴവൻ തനിക്കിട്ട് പണി തന്നോ കർത്താവേന്ന്  പാക്കരൻ ചേട്ടനൊരു  സംശയം .

ജീവിച്ചിരിന്നപ്പോഴേ വലിയ പണി തന്നിട്ടാ കിഴവൻ പോയത്   ടൗണിലെ  നല്ല കണ്ണായ സ്ഥലം ചേട്ടൻ പീലിക്കും  ഓണം കേറാ മൂലേലുള്ള  ഈ ചായക്കട തനിക്കും.  

തന്നോടാ   കൂടുതല് സ്നേഹമെന്നും പറഞ്ഞാ ഈ ചായക്കട തന്റെ പേരിലെഴുതി വെച്ചത്.    

  ഒരു  കൂട്ടം താക്കോല് പാക്കരൻ ചേട്ടന്റെ കൈയ്യിലേക്ക് വെച്ചു കൊടുക്കലും അപ്പൻ  വറീതേട്ടൻ വടിയായതും ഒരുമിച്ചായിരുന്നു. അന്ന് പാക്കരൻ ചേട്ടൻ കരുതിയത്  എന്തോ വല്യ സാധനായിരിക്കും അപ്പൻ  തനിക്ക് തരാൻ പോണതെന്നാ.

എന്റെ മനുഷ്യാ നിങ്ങടെ അപ്പൻ ചേട്ടന് സ്ഥലോം നിങ്ങൾക്ക് താക്കോലും മാത്രേ തന്നുള്ളൂന്നാ അന്നമ്മ ചേടത്തി  ചോദിച്ചത്.

എടീ ഇത് അപ്പന്റെ നിധി കുംഭത്തിന്റെ താക്കോലാടീന്നും പറഞ്ഞ്  പാക്കരൻ ചേട്ടൻ ആ താക്കോലും കൊണ്ട് ഓടി, നിധി കാണാൻ കൂടെ അന്നമ്മ ചേട്ടത്തീം.

എന്റെ മനുഷ്യാ പെട്ടെന്ന് പോയി നോക്കല്ലേ നിധി കണ്ട്  നിങ്ങൾക്ക് തല ചുറ്റല് വരൂട്ടാന്നും വിളിച്ചു പറഞ്ഞോണ്ടായിരുന്നു  അന്നമ്മ ചേടത്തീ പുറകേയോടിയത്.

ആകെ പരാക്രമത്തിലാ പാക്കരൻ ചേട്ടൻ  അപ്പന്റെ മുറിയിലുള്ള തകരപ്പെട്ടിക്കു മുന്നിലെത്തിയതും . അത് നിറച്ചും നിധിയാണെന്നും കരുതി  തുറന്ന് നോക്കീതും .

 നിധിക്ക് പകരം  അപ്പന്റെ  ഒന്ന് രണ്ട് പഴേ  കോണകം .

അതോടെ പാക്കരൻ ചേട്ടൻ തല ചുറ്റി വീണു .

ഇനി ഇത് സ്വർണ്ണം കൊണ്ടുള്ള കോണകമെങ്ങാനുമായിരിക്കുമോ  എന്നുള്ള സംശയത്തില് അന്നമ്മ ചേടത്തി ഒരു സൂക്ഷ്മ പരിശോധന നടത്തുകേം ചെയ്തു. 

സ്വർണ്ണം മണ്ണാങ്കട്ട , ഈ തന്തക്ക് ചാക്ക് കീറിയ കോണകമാണോ മോന് കൊടുക്കാൻ തോന്നീത് ? ഞാൻ  സ്വർണ്ണമൊന്നും അല്ലായെന്നും പറഞ്ഞ്  കോണകം അങ്ങനെ തന്നെ  കിടന്നു . 

പാക്കരൻ ചേട്ടൻ അപ്പോഴും താഴെ  കിടപ്പുണ്ടായിരുന്നു  

നിധി കണ്ട് തല ചുറ്റി വീണതാന്നാ ഓടി വന്ന നാട്ടാരോട് അന്നമ്മ ചേടത്തി പറഞ്ഞത് .

ആയ് ഇത് കോണകല്ലേ ന്നായിരുന്നു  അവറാൻ ചേട്ടൻ ചോദിച്ചത്

ഇതാ അങ്ങേർക്ക്,  അപ്പൻ കൊടുത്ത നിധി

കീറിയിട്ടില്ലെങ്കീ അത് പാക്കരനും  ഉപയോഗിക്കാലോന്നാ  അവറാൻ ചേട്ടൻ ആശയം പറഞ്ഞത്. എന്നിട്ട് അതെടുത്ത് തിരിച്ചും മറിച്ചും നോക്കേം ചെയ്തു. 

ഇതാണോ നിങ്ങടെ അപ്പൻ നിങ്ങൾക്ക് തന്ന നിധി?  പാക്കരൻ ചേട്ടന് ബോധം വന്നപ്പോ  അന്നമ്മ ചേടത്തി ആകെ വിറഞ്ഞു തുള്ളീട്ടാ ചോദിച്ചത്   ?

ശവത്തേ കുത്താതെടീന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ കുറെ നേരം പോയിരുന്ന്  കരഞ്ഞു. പിന്നെ  അപ്പൻ  വറീതേട്ടന്റെ ഫോട്ടോ നോക്കി കുറെ തെറിയും വിളിച്ചു .

  അന്ന് തൊട്ട്  ദിവസോം വറീതേട്ടന്റെ ഫോട്ടോയിൽ  നോക്കി രണ്ടു തെറി വിളിച്ചിട്ടേ പാക്കരൻ ചേട്ടൻ കട അടക്കാറുള്ളൂ  വറീതേട്ടനും അതിപ്പോ ഒരു ശീലായി .

ചായ കുടിക്കാൻ വന്ന പഞ്ചായത്ത് മെമ്പറ്  സുകേശന് ആകെ അത്ഭുതം പോലീസിനെ കേറി തെണ്ടിയെന്ന് വിളിക്കാൻ മാത്രം പാക്കരൻ ചേട്ടന് ഇത്രേം ധൈര്യമോ ? പിന്നെ പാക്കരൻ ചേട്ടൻ  വിളറി വെളുത്ത് ജീവനില്ലാതെ  നിൽക്കുന്ന കണ്ടതോടെ  പാവം ആളറിയാതെ വിളിച്ചതാണെന്ന് മനസ്സിലാവേം ചെയ്തു  .

ബോണ്ട തിന്നുന്ന അയാളെ നോക്കിയാണ് പോലീസുകാരൻ സാറേന്നു വിളിച്ചത് . ആ സാറേ വിളിയിൽ,  കൈയ്യിൽ പകുതി  ബോണ്ടയും വായിൽ  പകുതി ബോണ്ടയുമായി അയാൾ തിരിഞ്ഞു.  തിരിഞ്ഞ അയാളെക്കണ്ട് പാക്കരൻ ചേട്ടന്റെ ശരീരം തുള്ളപ്പനി ബാധിച്ചതു  പോലെ വിറകൊണ്ടു . 

ഇടിയൻ...,   സാക്ഷാൽ ഇടിയൻ ജോണി.  

ഇടിക്കാനായി മാത്രം ജനിച്ചവൻ , ഇടിക്കാനായി മാത്രം പോലീസ് ആയവൻ ,  ഇരിക്കുന്ന സ്റ്റേഷനുകളിലെല്ലാം  ഇടിയൻ എന്ന് പേരെടുത്തവൻ ,  ഇടിച്ച് പോലീസ് സ്റ്റേഷനുകൾ വരെ വിറപ്പിച്ചവൻ.   

ഇടിയന്റെ പേര് കേട്ടാലേ  റൗഡികൾ ട്രൗസറിൽ മുള്ളും, റൗഡികൾ അല്ലാത്തവർ പേടിച്ചോടും,  കുട്ടികൾ ഞെട്ടി വിറക്കും . 

ആ ഇടിയൻ ജോണിയെയാണ് പാക്കരൻ ചേട്ടൻ  കേറി തെണ്ടീന്ന് വിളിച്ചത്  അതും ഒരു ബോണ്ടയുടെ പേരിൽ, 

ആ ബോണ്ട കാരണം ഒരു  ജീവനാകും പോവാ  .

ആ തിരിച്ചറിവിൽ പാക്കരൻ ചേട്ടൻ അടിമുടി വിറച്ചു കൈവിട്ട ആയുധവും വാ വിട്ട വിഡ്ഢിത്തരവും തിരിച്ചെടുക്കാനാവില്ലെന്ന് പാക്കരൻ ചേട്ടൻ തിരിച്ചറിഞ്ഞു.

ആരെയാണ് ഇടിക്കേണ്ടതെന്ന് എപ്പോഴും ആലോചിച്ച് നടക്കുന്ന  ഇടിയൻ ജോണിയുടെ വായിലേക്കാണ് പാക്കരൻ ചേട്ടൻ  ''തെണ്ടി'' യെന്നുള്ള ഇടി ചോദിച്ചു വാങ്ങുന്ന പദം കുത്തിക്കയറ്റിയത്  . 

ആദ്യം ഇടി,  പിന്നെ ചോദ്യം ഇതാണ് ഇടിയന്റെയൊരു തിയറി ബോണ്ടയുടെ വലുപ്പക്കുറവ് കണ്ടപ്പോ അപൂർവ്വമായി വന്നൊരു തമാശയാണ് ഇടിയൻ പുറത്തുവിട്ടത്.  സാധാരണ ഇടിയൻ  തമാശ പറയാറില്ല.  ഇടിയന്റെ തമാശയെന്നുള്ളത് ഇടിക്കലാണ് .

ഞങ്ങളുടെ ഗ്രാമം ഒരു സമയത്ത് റൗഡികളുടെ വിളനിലമായിരുന്നു. എല്ലാ നാട്ടീന്നും റൗഡികൾ കുടിയേറി വരുന്നത്  ഞങ്ങളുടെ ഗ്രാമത്തിലേക്കായിരുന്നു .  എല്ലാ റൗഡികളും വരവറിയിക്കുന്നത് കള്ള് ചെത്താൻ പോകുന്ന അവറാൻ ചേട്ടനെ ഇടിച്ചുകൊണ്ടും  ആയിരുന്നു  . അതെന്താണെന്ന് ആർക്കുമറിയില്ല . അവറാൻ ചേട്ടനും, റൗഡികളും  തമ്മിൽ യാതൊരു മുൻവൈര്യാഗ്യവുമില്ല. പക്ഷേ ഏത് റൗഡി വന്നാലും അവരുടെ മുന്നിൽ പെടുന്നത് അവറാൻ ചേട്ടനായിരുന്നു . അതുകൊണ്ട് തന്നെ എല്ലാവരുടേയും കൈനീട്ടവും  അവറാൻ ചേട്ടനിട്ടായിരുന്നു . അവറാൻ ചേട്ടന്റെ കരച്ചില് കേട്ടാൽ ഉറപ്പിക്കാം അന്നൊരു റൗഡി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് . അവറാൻ ചേട്ടന്റെ ഭാര്യ ഒറോത ചേടത്തി പറയുന്നത് നിങ്ങൾ  നാട്ടുകാരുടെ  ചെണ്ടയാണെന്നാണ് . 

ഒറോത ചേടത്തിയുടെ ഈ പ്രസ്താവനയിൽ ചെണ്ടകൾക്ക് എതിർപ്പുണ്ടെങ്കിലും അവറാൻ ചേട്ടനില്ല എന്നുള്ളതാണ് സത്യം. 

നാട്ടിൽ ചേക്കേറുന്ന റൗഡികളുടെ ആക്ഷൻസ്  കണ്ട്,  ചെറുപ്പത്തിൽ എനിക്കും ഒരു റൗഡി ആവാനായിരുന്നു ഇഷ്ടം. പക്ഷേ  ഇടിയൻ ജോണിയുടെ വരവോടെ അത്  മാറി .

ഒരു പ്രാവശ്യം ഡ്രാക്കുള വേലായുധനെന്ന റൗഡിയെ കള്ള് ഷാപ്പ് തൊട്ട് കവല വരെ  ഓടിച്ചിട്ടാ ഇടിയൻ  ഇടിച്ചത് . ഇടിയന്റെ ഇടി താങ്ങാൻ പറ്റാതെയുള്ള  വേലായുധന്റെ വാവിട്ടുള്ള കരച്ചില് കേട്ട് ഒർജിനൽ ഡ്രാക്കുളക്ക് വരെ സങ്കടം വന്നു.   

അവസാനം ഇടിയന്റെ ഇടി താങ്ങാനാകാതെ,  ഡ്രാക്കുളയാ വേലായുധന്റെ മേത്തൂന്ന് ആദ്യം  ഇറങ്ങിയോടിയത്. 

ഞങ്ങളെല്ലാം  കരുതിയത്  വേലായുധൻ,  ഇടിയനെ ഇടിച്ച് പഞ്ചറാക്കുമെന്നായിരുന്നു . പക്ഷെ വേലായുധനായിരുന്നു പഞ്ചാറായത്. അതൊരു സാധാരണ പഞ്ചറായിരുന്നില്ല ഒട്ടിക്കാൻ പറ്റാത്ത തരത്തിലുള്ളതായിരുന്നു.  

വേലായുധൻ ഭയങ്കര റൗഡിയായിരുന്നു ഒരിക്കൽ സെമിത്തേരിയിൽ  വെച്ച്  ഒരു പിശാചിനെ  കണ്ടുവെന്നും അതിനെ പിടിച്ച് ഇടിച്ചു വെന്നും, ആ പാവം പിശാച് , വേലായുധന്റെ ഇടി താങ്ങാൻ പറ്റാതെ   കരഞ്ഞുകൊണ്ട് ഓടീന്നും ഒരു കഥയുണ്ട് . 

അത്  സത്യമാണോ നുണയാണോയെന്നൊന്നും ആർക്കും അറിയത്തില്ല അന്നുമുതലാണ് വേലായുധൻ ഡ്രാക്കുള വേലായുധനെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.  

സത്യത്തിലന്ന് കപ്യാര് ഈനാശു ചേട്ടനെയായിരുന്നു വേലായുധൻ പിടിച്ച് ഇടിച്ചത് . തേങ്ങാ മോഷണം തടയാൻ പീലിപ്പോസച്ചൻ  പറഞ്ഞിട്ട് ഈനാശു ചേട്ടൻ സെമിത്തേരിയിൽ കാവലിരുന്നതായിരുന്നു  . വേലായുധനാ തേങ്ങാ മോഷ്ടിക്കുന്നതെന്ന് അറിഞ്ഞിരുന്നതെങ്കി  ഈനാശു ചേട്ടൻ ഒരിക്കലും കാവലിരുന്നെനില്ല. ഇടി കിട്ടിയ കാരണം ഈനാശു ചേട്ടൻ പിന്നെ അതാരോടും പറയാനും പോയില്ല, ഏതായാലും കിട്ടെണ്ടത് കിട്ടി  ഇനിയത് പറഞ്ഞു നടക്കുന്നതിന്  വേലായുധന്റെ കൈയ്യീന്ന് വേറെ ഇടി കൂടി കിട്ടുമോന്നുള്ള പേടിയിൽ  ഈനാശു ചേട്ടൻ മിണ്ടാതിരുന്നു അച്ഛനോട് പോലും പാവം പറഞ്ഞില്ല , പക്ഷേ കർത്താവിനോട് മാത്രം കരഞ്ഞു പറഞ്ഞു .

ഏതായാലും ആ  നാണക്കേട് പിശാചിന് ഇരുന്നോട്ടെ എന്ന് കരുതിയാണ് ഈനാശു ചേട്ടൻ ആ സത്യത്തെ ചാരമിട്ട് മൂടിയത്.  പിശാചിനെയല്ല തന്നെയാണ് വേലായുധൻ ഇടിച്ചതെന്ന്  പറഞ്ഞിട്ടിപ്പോ  എന്താ കാര്യം? ഏതായാലൂം തനിക്ക് കിട്ടേണ്ടത് കിട്ടി  ഇനിയിപ്പോ അത് പറയാൻ പോയി വീണ്ടും ഇടി വാങ്ങിവെക്കാണോ? 

നിങ്ങൾക്ക് നാണമുണ്ടോ മനുഷ്യനെ എന്നുള്ള ഭാര്യ മറിയേടത്തിയുടെ  ചോദ്യത്തിന് ഈനാശു ചേട്ടൻ മിണ്ടാതിരുന്നു . മൂധേവി തന്നെ കൊലക്ക് കൊടുക്കാൻ നോക്കാ ..,     

ഒരു ദിവസം കള്ള് ഷാപ്പില് വെച്ച് ഷാപ്പ്കാരൻ വറീതിനെ,  അയിലേക്ക് എന്താ വലുപ്പക്കുറവെന്നും  ചോദിച്ചായിരുന്നു വേലായുധൻ കുമ്പിട്ടു നിറുത്തി ഇടിച്ചത്  . എന്റെ പൊന്നു വേലായുധാ ചെറിയ അയലയാ മീൻകാരൻ മമ്മദ് കൊണ്ട് വന്ന്  തന്നതെന്നും പറഞ്ഞ് വറീത് കരഞ്ഞു .

എവിടെ  മമ്മദെന്നും ചോദിച്ചായിരുന്നു  പിന്നെ ഇടിച്ചത്.  

അതുവരേക്കും, മമ്മദ്  അപ്പുറത്തിരുന്നു കള്ള് കുടിക്കുന്നുണ്ടായിരുന്നു.  മമ്മദിന്റെ ഭാഗ്യം,  അപ്പോഴാ  അന്നത്തെ ക്വോട്ട  അവസാനിപ്പിച്ച് മമ്മദ് വീട്ടിലേക്ക് പോയത്. ആ സമയത്തെന്ന്യായിരുന്നു തമിഴൻ മുരുകന്റെ അമ്മാവൻ മുത്തുപ്പാണ്ടി  കള്ള് കുടിക്കാൻ അവിടെത്തന്നെ വന്നിരുന്നത്. 

മുത്തുപ്പാണ്ടിയുടെ  സമയ ദോഷം. പാവം ഇടി കിട്ടാൻ വേണ്ടി അവിടെത്തന്നെ വന്നിരുന്നു . 

മരുമകൻ, മുരുകന്റെ അടുത്ത് രണ്ടു ദിവസം നിക്കാൻ വേണ്ടി അങ്ങ്  തഞ്ചാവൂരിന്ന് വന്നതായിരുന്നു .

നമുക്ക് അപ്പുറത്തിരിക്കാം മാമാന്ന് മുരുകൻ പറഞ്ഞതായിരുന്നു, പക്ഷേ ആ പാവത്തിന്  ഇടി കിട്ടാൻ നല്ല  യോഗം ഉണ്ടായിരുന്നു . ഇന്ത പക്കം നല്ല കാറ്റിറുക്ക്  തമ്പി ..,  കാറ്റല്ല നല്ല  ഇടിയാ അതോടെ മുത്തുപ്പാണ്ടിക്ക്  കിട്ടിയത്.

വേലായുധനെ കണ്ടപ്പോ മുത്തുപ്പാണ്ടി കരുതിയത്  ഷാപ്പുകാരനാണെന്നായിരുന്നു  . രണ്ടു കുപ്പി കള്ള് കൊടുങ്കോ എന്നു പറഞ്ഞ മുത്തുപ്പാണ്ടിക്ക്  കള്ളിനു പകരം നല്ല  ഇടിയാ കിട്ടിയത്  ആ പാവത്തിന് ഒന്നും മനസ്സിലായില്ല. 

ആണ്ടവാ എതിക്കിവർ അടിക്കറെ .?

ഇനി മേലാൽ ചെറിയ അയല കൊടുക്കുമോടാ നായിന്റെ മോനേന്നും ചോദിച്ചാ വേലായുധൻ ആ പാവത്തിനിട്ട് താങ്ങിയത് .

അയലാവാ  അത് എന്നത് ? ഏതുമേ പുരിയില്ലയെ ?  

വാവിട്ടു കരഞ്ഞിട്ടാ മുത്തുപ്പാണ്ടി  ചോദിച്ചത്. 

മമ്മദിന്റെ കരച്ചിലിനു  പകരം ഏതോ  ഒരു തമിഴ് കരച്ചില് കേട്ടപ്പോഴാ വറീത് ഓടിവന്ന്  നോക്കിയത്. മമ്മദിന് പകരം ഏതോ തമിഴൻ  ഇടി കൊള്ളുന്നു  . 

ഇടി കിട്ടാതിരിക്കാൻ  മമ്മദ് തമിഴനായി  അഭിനയിക്കുന്നതാണെന്നായിരുന്നു  വറീത് ആദ്യം കരുതിയത്.  പിന്നെ മുത്തുപ്പാണ്ടിയുടെ മുഖം കണ്ടപ്പൊഴാ ഇടി കൊണ്ട് കരയുന്നത്  വേറെയേതോ  ഹതഭാഗ്യനാണെന്ന് മനസ്സിലായത്. 

ഏതായാലും അതു  തിരുത്താൻ വറീത് നിന്നില്ല  തമിഴന് കിട്ടേണ്ടത് കിട്ടി  ഇനി അത് മമ്മദല്ലാന്നു പോയി പറഞ്ഞാ ബാക്കി  ഇടി  തനിക്കാവും കിട്ടാ.  

അത് കാരണം വറീത് മിണ്ടാതിരുന്നു  .

മുരുകാ,  ഇന്ത  പൈത്ത്യക്കാരനിൽ നിന്നും എന്നെ കാപ്പാത്തുങ്കോടാന്നും പറഞ്ഞ് ഓളിയിട്ടായിരുന്നു  മുത്തുപ്പാണ്ടി തമിഴിൽ കരഞ്ഞോണ്ടിരുന്നത് . മുത്തുപ്പാണ്ടീടെ കരച്ചില് കേട്ടതോടെ  മുരുകൻ ഓടിവന്നു നോക്കിയെങ്കിലും   വേലായുധനാണ്  ഇടിക്കുന്നതെന്ന്  മനസ്സിലായതോടെ  മുരുകൻ ഒളിച്ചു നിന്നു.  

വെറുതേ പോയി അതിന്റെ പങ്ക്  വാങ്ങിക്കേണ്ടാന്ന് മുരുകന്റെ മനസ്സും പറഞ്ഞു  മാമാ അതും വാങ്ങി തഞ്ചാവൂരിലേക്ക് പോയിക്കോട്ടെ .

കടവുളേ കാപ്പാത്തുങ്കോ ..

തമ്പി, മുരുകൻ വരാതായപ്പോ മുത്തുപ്പാണ്ടി  ഭഗവാൻ മുരുകനേം  വിളിച്ചു  കരഞ്ഞു നോക്കി  പക്ഷെ ഭഗവാനും വന്നില്ല. 

ഏത് മുരുകനെയാണ്  വിളിച്ചു കരയുന്നതെന്ന്  മനസ്സിലാവാതെ  എങ്ങിനെയാ പോവാന്നാ ഭഗവാൻ മനസ്സില് ചോദിച്ചത്  . അല്ലെങ്കിലും ഈ നാട്ടാർക്ക് ഒരു ബോധോല്ല്യാ  ഭഗവാൻമാരുടെ  പേരൊക്കെ എടുത്ത്  ഓരോരുത്തർക്കിടും  അവസാനം ആരെയാ വിളിക്കണെന്നു പോലും മനസ്സിലാകത്തില്ല .

ഷാപ്പില് തല്ല് നടക്കുന്നുണ്ടെന്നറിഞ്ഞാ  ഇടിയൻ പാഞ്ഞു വന്നത്.

മുത്തുപ്പാണ്ടിയാണ്  പ്രശ്നം ഉണ്ടാക്കുന്നതെന്നും കരുതി,  ട്രൗസർ മാത്രമിട്ട്   വിറച്ചോണ്ട് നിൽക്കുകയായിരുന്ന  മുത്തുപ്പാണ്ടിയെയായിരുന്നു ഇടിയൻ ആദ്യം   ഇടിച്ചത്.

പോലീസ് വന്ന് കാപ്പാത്തുമെന്നും പ്രതീക്ഷച്ച മുത്തുപ്പാണ്ടിക്ക് ഇടിയന്റെ കൈയ്യീന്നും  നല്ല ഇടി  കിട്ടി .

എവിടെടാ നായിന്റെ മോനെ മുണ്ടെന്നും ചോദിച്ചോണ്ടായിരുന്നു ഇടിയൻ വീക്കിയത്.   

വേലായുധത്തിന്റെ അടിയില് മുത്തുപ്പാണ്ടിയുടെ മുണ്ട് ഊരിപ്പോയിരുന്നു .

ഞാനും ,പ്രേക്ഷിതൻ സുകുവും കൂടി  ഞണ്ട് തിന്നാൻ പോയതായിരുന്നു സുകു കള്ള് കുടിക്കും എനിക്ക് ഞണ്ടു മാത്രം. എനിക്കും കള്ള് കുടിക്കണമെന്ന് ആശയുണ്ടെങ്കിലും, ചെറിയ കുട്ടിയാണെന്നും പറഞ്ഞ് സുകു വാങ്ങിത്തരില്ല വേലായുധന്റെ വല്യ ആരാധകനാണ്  ഞാൻ.

ഇടിയൻ വന്നതറിഞ്ഞിട്ടും ഒരു കൂസലും ഇല്ലാതേയാ വേലായുധൻ പുറത്തേക്ക് വന്നത് . 

മര്യാദക്ക് ജീപ്പീ വന്ന് കേറെടാ.

ഇടിയൻ അലറി 

നീ പോടാ മൈ .. 

ഒരു മുട്ടൻ തെറിയായിരുന്നു  വേലായുധത്തിന്റെ വായിൽ നിന്ന്  പുറത്തേക്ക് വന്നത്.  പക്ഷെ അത് മുഴുവനാക്കാൻ വേലായുധത്തിന്  കഴിഞ്ഞില്ല പടക്കം പൊട്ടുന്നൊരു ശബ്ദം  ഞങ്ങളെല്ലാം കേട്ടു അതോടൊപ്പം വേലായുധൻ  നിന്ന നില്പില് ഒന്ന് വിറച്ചു പിന്നെ ദേ കിടക്കുന്നൂ  വെട്ടിയിട്ട വാഴ  പോലെ താഴെ.

വേലായുധൻ, ഇപ്പൊ ഇടിയനെ ഇടിച്ചു ചമ്മന്തിയാക്കുന്നു കരുതി  നിന്ന ഞങ്ങള് കണ്ടത് വേലായുധൻ ചമ്മന്തിയാവുന്നതാ  ഇടിയന്റെ ഒറ്റ ഇടിക്ക്  വേലായുധൻ ട്രൗസറില് മുള്ളി . 

ഇടിയന്റെ ആ ഇടിയുടെ ഊക്ക് കണ്ട്  പേടിച്ച് ഞാനും ട്രൗസറില്  മുള്ളി .

പാവം മുത്തുപ്പാണ്ടിയും ട്രൗസറില് മുള്ളിപ്പോയി. 

എന്താ നനവെന്ന് സുകു  ചോദിച്ചപ്പോ ഞാൻ പറഞ്ഞത് മഴ പെയ്തിട്ടാണെന്നാ അത് കേട്ട്  സുകു അമ്പരന്ന് മേപ്പോട്ട്  നോക്കി.

വേലായുധത്തിന്റെ മേലുള്ള  ഇടിയന്റെ അന്നത്തെ ശിങ്കാരി മേളം കണ്ടതോടെ റൗഡിയാവാനുള്ള  എന്റെ ആശ തീർന്നു കിട്ടി   .

ഇടിയന്റെ ഒരു ഇടിക്കേ വേലായുധന്റെ ഗതി ഇതാണെങ്കി  എന്റെ ശാരീരിക അവസ്ഥ വെച്ച്  പൊടി പോലും ഉണ്ടാവില്ല. 

അന്നത്തെ ഇടിയന്റെ ഇടിയോടെ ഡ്രാക്കുള വേലായുധൻ സാധാരണ വേലായുധനായി മാറി.  

നീ എന്നെ മൈ ന്ന് വിളിക്കും അല്ലേടാ റാസ്‌ക്കലെന്നും ചോദിച്ച്  ഇടിയൻ,  വേലായുധനെ ലാത്തി വെച്ച് കുത്തി. 

 മൈ ഡിയർ ഫ്രണ്ടേ ന്നാ വിളിച്ചത്  സാറേന്നും പറഞ്ഞ് വേലായുധം വാവിട്ട് കരഞ്ഞു.

ആ ഇടി അങ്ങ് കവല വരേക്കും തുടർന്നു.  

എന്നെ കൊല്ലല്ലേ  സാറെയെന്നും അലമുറയിട്ടോണ്ട്  വേലായുധൻ ജീവനും കൊണ്ടോടി ആ ഓട്ടം അങ്ങു ഹിമാലയം വരെക്കും എത്തി. 

ഇപ്പൊ ഏതോ ഒരു  ആശ്രമത്തില് സന്യാസിയായി ജീവിക്കാണെന്നാ  കേട്ടത്.

താൻ എന്തിനാടോ ഇടി കൊള്ളാനായി ഇങ്ങോട്ട് വന്നതെന്നാ  മുത്തുപ്പാണ്ടിയോട് ഇടിയൻ ചോദിച്ചത്. 

വേലായുധത്തിന്റെ കൈയ്യീന്ന് ഇടി കിട്ടിയതോടെ മുത്തുപ്പാണ്ടി, താനെന്തിനാ വന്നെതെന്ന് മറന്നു പോയിരുന്നു.  

ആ പാവത്തിന് നല്ല കള്ളും,  ഞണ്ടും വാങ്ങിത്തരാന്ന് പറഞ്ഞാ മുരുകൻ കൂട്ടിക്കൊണ്ട് വന്നത്   .

കരഞ്ഞോണ്ടായിരുന്നു  മുത്തുപ്പാണ്ടി ഞങ്ങളുടെ ഗ്രാമത്തീന്ന് തിരിച്ചു പോയത് ഇനി ഒരിക്കലും ഇങ്ങോട്ടേക്ക് വരത്തില്ലാന്നും പറഞ്ഞു പാവം തഞ്ചാവൂര് വരെ കരഞ്ഞോണ്ടിരുന്നു  .

അങ്ങനെ റൗഡികളെക്കൊണ്ട് തട്ടീം മുട്ടീം നടക്കാൻ പറ്റാതിരുന്ന  ഞങ്ങളുടെ  ഗ്രാമം മൊത്തം ക്ലിയറായത്  ഇടിയൻ വന്നതിനു  ശേഷമാണ് . പേരെടുത്ത റൗഡികളായ സുകു, മൂർഖൻ രാജൻ , വെടിക്കെട്ട് വാസു , പാമ്പു ഗണേശൻ തുടങ്ങിയ റൗഡികളെയൊക്കെ ഇടിയന്റെ ഇടികൊണ്ട് നന്നായി  ചിലർ ഇടിയൻ ഇല്ലാത്ത നാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. 

മൂന്നു ദിവസത്തോളാ പ്രേക്ഷിതൻ  സുകുവിനെ ഇടിയൻ സ്റ്റേഷനിലിട്ട്  ഇടിച്ചത്. അന്നത്തെ സുകുവിന്റെ കരച്ചിൽ കേട്ട് ഞങ്ങളുടെ ഗ്രാമം മുഴുവൻ ഞെട്ടി.  ഇടി കിട്ടി.. ഇടി കിട്ടി അവസാനം സുകു കർത്താവിനെ വിളിച്ചു കരഞ്ഞു .  

ഇനി നീ റൗഡിത്തരം കാണിച്ചാ ഉരുട്ടികൊല്ലൂമെന്നാ സുകുവിന് അവസാന വാണിങ് കൊടുത്തത്.  അതോടെ സുകു നല്ലവനായി മാറി  അവസാനം പ്രേക്ഷിതനും.  

ഞങ്ങൾ നാട്ടുകാരോടെല്ലാം പറഞ്ഞത് കർത്താവിന്റെ വെളിപാടുണ്ടായിട്ടാണ് പ്രേഷിതനായതെന്നാ . പക്ഷേ പേടികൊണ്ടാണെന്ന് എല്ലാവർക്കും മനസ്സിലായി  .

മൂർഖൻ രാജനെ ലാത്തി വെച്ചാ ഇടിയൻ ലോക്കപ്പിലിട്ട് തല്ലിയത്. പാവം മൂർഖൻ രാജന്റെ ഓളി  കേട്ട് ഒർജിനൽ മൂർഖൻ വരെ കരഞ്ഞു പോയി. അതു വരെക്കും  മൂർഖനെപ്പോലെ ചീറ്റി നടന്നിരുന്ന രാജൻ, കൊച്ചു കുട്ടികള് പാമ്പിനെ കണ്ട് പേടിച്ചതു  പോലെ വാവിട്ട് കരഞ്ഞോണ്ടാ ഓടിയത് ആ ഓട്ടം ചെന്നു നിന്നത്  ഏതോ പാമ്പില്ലാത്ത രാജ്യം വരേക്കുമായിരുന്നു  .

വെടിക്കെട്ട് വാസു, ഇടിയന്റെ ഇടി കിട്ടി മൂന്നാം പക്കം വെടിക്കെട്ടുകൾ ഇല്ലാത്ത ലോകത്തേക്ക് പോയി .

പാമ്പ് ഗണേശനോട് ഏത് പാമ്പാണ്  നിന്റെ മേത്തെന്ന്  ചോദിച്ചായിരുന്നു  ഇടിയൻ  ഇടിച്ചത്  . 

തമിഴ് നാട്ടിലെ ഉക്കടമാണ്  ഗണേശന്റെ നാട്  അവിടന്നാ ഞങ്ങളുടെ ഗ്രാമത്തിലോട്ട് ചേക്കേറിയത് . ഭയങ്കര റൗഡിയാ ആരെയെങ്കിലും തല്ലുമ്പോ ഞാൻ  പാമ്പ്ഡാ..,   എന്നുടെ മേൽ അപ്പടി വിഷം ന്നും പറഞ്ഞാ തല്ലാ  . ആ ഗണേശിനെ ഇടിയൻ തല്ലി പാമ്പു മാതിരി നിലത്ത് ഇഴയിച്ചു  എങ്കെടാ ഉങ്ക പാമ്പ് എന്നും ചോദിച്ചാ ഇടിയൻ തല്ലിയത് .

അന്ത പാമ്പു ശത്തു പോയിട്ടേ സാർ ന്നും പറഞ്ഞ് ഗണേശൻ കരഞ്ഞു..  

വിഷം ഊതാൻ പറഞ്ഞപ്പോ വിഷം പോയിട്ട് ജീവശ്വാസം  ഊതാൻ പോലും  പറ്റാണ്ടാ ആ പാവം ഊതിയത് ..., ശൂ ....ന്ന്  . മകുടി ഊതുമ്പോ പാമ്പ് ആടുന്ന പോലെ ഒരു ദിവസം മുഴുവൻ ഗണേശനെയിട്ട്  ഇടിയൻ ആടിച്ചു അവസാനം  തല ചുറ്റി വീണിട്ടാ  നിറുത്തിയത് . 

പാമ്പ്  ഗണേശാ നിന്നെ ഞാൻ ഉരുട്ടി  കൊല്ലട്ടെന്നാ ഇടിയൻ അന്ന് ചോദിച്ചത് . 

ചാവാൻ ഇഷ്ട്ടമില്ലാത്ത കാരണം പാമ്പ് ചത്ത  വെറും ഗണേശൻ  കോയമ്പത്തൂരിലെ തന്റെ ജന്മ നാടായാ ഉക്കടത്തിലേക്ക് പോയി ഇപ്പൊ നീർക്കോലിയെ കണ്ടാപ്പോലും പേടിച്ച് തലചുറ്റി വീഴും. 

ആ ഇടിയന്റെ അടുത്തായിരുന്നു ആളറിയാതെ  പാക്കരൻ ചേട്ടൻ അലറിയത്.

തെണ്ടീന്നുള്ള  വിളി കേട്ടതോടെ ഇടിയന്റെ മുഖം ചുവന്നു,  മീശ വിറച്ചു  ബോണ്ട ഇടിയന്റെ മുഷ്ഠിക്കുള്ളിൽ ഞെരിഞ്ഞു തകർന്നു. അത് കണ്ട് പാക്കരൻ ചേട്ടന്റെ വലിവു കൂടി .

സത്യത്തിൽ  പോലീസുകാരൻ ഇടിയന്റെ ചെവിട്ടിൽ വന്നെന്തോ  പറഞ്ഞിരുന്നു.

പാക്കരൻ ചേട്ടന്റെ വലിവ് കൂടി . ഇടിയന്റെ മുഷ്ഠി ചുരുണ്ടതോടെ  പേടിച്ചിട്ടായിരുന്നു  വലിവ് കൂടിയത് .  വലിവിനേം,  ചിലപ്പോ ഇടിയൻ  പിടിച്ചിടിക്കും . പാക്കരൻ ചേട്ടനൊരു  ആശ്രയത്തിനായി ഭാര്യ അന്നമ്മ ചേടത്തീയെ നോക്കി. അതോടെ കോഴിക്ക് തീറ്റകൊടുക്കട്ടേന്നും പറഞ്ഞ് അന്നമ്മച്ചേടത്തി  വേഗം പുറത്തേക്കിറങ്ങി . കോഴിയില്ലാത്ത ഇവള് ഏത് കോഴിക്ക് തീറ്റ കൊടുക്കാനാണ് പോകുന്നതെന്ന്  പാക്കരൻ ചേട്ടന് മനസ്സിലായില്ല.  

ആ വഴി അന്നമ്മ ചേടത്തി  ജീവനും കൊണ്ടോടി .

ഒരു സഹായത്തിനായി പാക്കരൻ ചേട്ടൻ ചുറ്റിലും  നോക്കി.  ഇത് കണ്ട  മെമ്പറു സുകേശൻ  ഇല്ലാത്ത  കാളിന് .., ഹലോ ..ഹലോയെന്നും  ഫോണിൽ നോക്കി    പറഞ്ഞോണ്ട്  പതുക്കെ  മുങ്ങി .

പാക്കരൻ ചേട്ടൻ നിന്നുരുകി,   ഇടിയനതാ എഴുന്നേൽക്കുന്നു  അയാളിപ്പോ  തന്നെ പിടിക്കും,  പിന്നെ ഇടിക്കും സ്റ്റേഷനിൽ കൊണ്ട് പോയി വീണ്ടും വീണ്ടും  ഇടിക്കും.  അത്രക്കുള്ള ഇടിക്കൊന്നും താനുണ്ടാവില്ല ഇടിയന്റെ ആദ്യ ഇടിയോട് കൂടി തന്നെ തന്റെ കാറ്റു പോവും . ഒരു ബോണ്ട കാരണം ജീവൻ പോവൂലോ കർത്താവേ ?  .  ആ ബോണ്ട കുറച്ച് വലുപ്പത്തിൽ  ഉണ്ടാക്കിയാ മതിയായിരുന്നു.  അന്നാദ്യമായി പാക്കരൻ ചേട്ടന് ബോണ്ടയോട് ദേഷ്യം തോന്നി  ഇടിയന്റെ ഒരു ഇടിക്ക് പോലും താനില്ല  പാക്കരൻ ചേട്ടന്റെ ഉള്ളില് മറ്റൊരു പാക്കരൻ ചേട്ടൻ അലറിക്കരഞ്ഞു .

അതാ ഇടിയൻ അടുത്തേക്ക് വരുന്നു . 

എന്റെ കർത്താവേ.. എന്നെ  കാത്തോളണേന്നും നിലവിളിച്ചോണ്ട് പാക്കരൻ ചേട്ടൻ ബോധം കെട്ട് വീണു. അത് കണ്ട് ഇടിയൻ ഞെട്ടി  ഇയാളെന്താ  തനിയെ  വീഴുന്നത്  വല്ല അപസ്മാരവുമുണ്ടോ ? .

പാക്കരൻ ചേട്ടൻ വീഴുന്ന കണ്ടതോടെ റോമു, കൂട്ടീന്ന് ഓടി വന്ന് ഇടിയനെ നോക്കി  കുരച്ചു  അവന്റെ വിചാരം ഇടിയൻ ജോണി തല്ലിയിട്ടാണ് പാക്കരൻ ചേട്ടൻ വീണതെന്നാ  . 

സത്യത്തില് റോമൂനും അറിയത്തില്ല അത് ഇടിയൻ ജോണിയാന്ന് അവന്റെ വിചാരം കാക്കിയിട്ട ഏതോ സെക്യൂരിറ്റി ആണെന്നായിരുന്നു ആ ധൈര്യത്തിലാ അവൻ കടിക്കാനായി  ഓടി വന്നത് . 

റോമു  അടുത്തുവന്നതും ഇടിയൻ ജോണി തോക്കെടുത്ത് റോമുന്റെ നെറ്റിയില് മുട്ടിച്ചതും ഒന്നിച്ചായിരുന്നു കടിക്കാനായി വാ തുറന്ന റോമു അതോടെ ഇടിയനെ നോക്കി വാലാട്ടി നിന്നു .

സത്യത്തിൽ പാക്കരൻ ചേട്ടൻ പറഞ്ഞതൊന്നും ഇടിയൻ കേട്ടിട്ടില്ലായിരുന്നു.  ആ പോലീസുകാരൻ ഇടിയന്റെ ചെവിയിൽ എന്തോ പറഞ്ഞിരുന്നു അത് കേട്ടതോടെയാ  ഇടിയൻ ദേഷ്യം കൊണ്ട് വിറച്ചത്. എന്നാലത് മനസ്സിലാവുന്നതിനു മുന്നേയായിരുന്നു പാക്കരൻ ചേട്ടൻ പേടികൊണ്ട് ബോധം കെട്ടു വീണത്.
 
ആരെങ്കിലും , ഇയാളുടെ മുഖത്ത്  ഇത്തിരി വെള്ളം തെളിക്കെന്നും പറഞ്ഞുകൊണ്ട്   ഇടിയൻ ജീപ്പിൽക്കേറി പാഞ്ഞു  പോയി.

സത്യത്തിൽ,  സ്റ്റേഷനിൽ  ഉണ്ടായിരുന്ന കള്ളൻ ദാമു ആരോടും പറയാതെ ഇറങ്ങിപ്പോയിരുന്നു  അതായിരുന്നു ആ പോലീസുകാരൻ ഇടിയന്റെ ചെവിയിൽ മന്ത്രിച്ചതും ഇടിയൻ പ്രകോപിതനായതും.  

വെള്ളം തെളിച്ചിട്ടും ബോധം വരാത്ത പാക്കരൻ ചേട്ടനേം കൊണ്ട് ഞങ്ങളെല്ലാവരും  ആശുപത്രീലേക്ക് പാഞ്ഞു  .

പാക്കരൻ ചേട്ടന്റെ വിചാരം ബോധം പോയ കാരണമാണ് ഇടിയൻ തന്നെ  ഇടിക്കാതെ പോയതെന്നായിരുന്നു .

ബോധം തിരിച്ചു വരുമ്പോ,  ഇടിക്കാനായി ഇടിയനും  തിരിച്ചു വരും തന്നെ പിടിക്കും എന്തിനാ തെണ്ടീന്ന് വിളിച്ചതെന്ന് ചോദിക്കും, താൻ ഉത്തരം പറയുന്നതിനു മുൻപേ ഇടിയൻ ഇടി തുടങ്ങും താൻ മാപ്പു പറയുന്നത്  കേൾക്കാൻ  പോലും ഇടിയൻ നിക്കത്തില്ല. 

ഇടിയന്റെ ആത്യന്തിക ലക്ഷ്യം ഇടിക്കുക എന്നുള്ളതാണ്. 

ആദ്യ ഇടിയിൽ തന്നെ തന്നെ കാറ്റു പോകും ഇടിയന്റെ ഒറ്റ ഇടിക്കു പോലും താനില്ല ഒരു ബോണ്ടയുടെ പേരിൽ തന്റെ ജീവനാണ് ബലി കൊടുക്കേണ്ടി വരുക. 

ആ പേടിയിലാണ്  പാക്കരൻ ചേട്ടൻ ഇപ്പോഴും ആശുപത്രിയിൽ കിടക്കുന്നത്.  കുഴപ്പമില്ല വീട്ടിൽ പോകാമെന്ന്  ഡോക്ടർ പറഞ്ഞിട്ടും പാക്കരൻ ചേട്ടൻ പോവുന്നില്ല . 

പാക്കരൻ ചേട്ടന്റെ പേടി കണ്ട് അന്നമ്മ ചേടത്തി ഒരു വളിച്ച ചിരി ചിരിച്ചു.

അവസാനം ഡോക്‌ടറുടെ  നിർബന്ധം സഹിക്കാനാവാതെയാ  ഡിസ്ചാർജ് ചെയ്യാൻ പാക്കരൻ ചേട്ടൻ സമ്മതിച്ചത് .

തലകറക്കം ഉള്ളതുപോലെ പാക്കരൻ ചേട്ടൻ, വീണ്ടും ഒന്ന് അഭിനയിച്ചു നോക്കിയെങ്കിലും അതേറ്റില്ല . 

തിരിച്ചു  വരുമ്പോ പോലീസ് സ്റ്റേഷന്റെ മുന്നിൽക്കൂടെ വരണ്ടായെന്നും പറഞ്ഞ് അഞ്ചു കിലോമീറ്റർ ചുറ്റി വളഞ്ഞാ വീട്ടിലോട്ട് പോയത് . 

ടൗണിൽ  വെച്ച് സൈറണിട്ട് പാഞ്ഞുപോകുന്ന ഒരു ആംബുലൻസിന്റെ ശബ്ദം കേട്ടതോടെ അയ്യോ...കർത്താവേയെന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ ഓളിയിട്ടു .

നിങ്ങളൊന്ന് അടങ്ങിയിരിക്ക് മനുഷ്യാ അത് പോലീസ് ജീപ്പല്ല. 

പാക്കരൻ ചേട്ടന്റെ വിചാരം താനേതോ വല്യ പാതകം ചെയ്തു അതുകാരണം ലോകത്തുള്ള മുഴുവൻ പോലീസുകാരും തന്റെ പിന്നാലെയാണെന്നാ,  സൈറണിട്ട് പോകുന്ന വണ്ടികളൊക്കെ പോലീസുകാരുടെതാന്നും .

കാക്കിയിട്ടവരെ  കാണുമ്പോൾ പോലും  പാക്കരൻ ചേട്ടൻ പേടിച്ച് അന്നമ്മ ചേടത്തീയുടെ പുറകിലൊളിച്ചു .

ഈശ്വരാ ഈ മനുഷ്യൻ ഇങ്ങനെ ആയ  ഞാനിനി എന്താ ചെയ്യാ ? അല്ലെങ്കിലേ കാക്കാശിനു കൊള്ളത്തില്ല  എന്റെ മനുഷ്യാ നിങ്ങളൊന്ന് പേടിക്കാണ്ടിരി .

എന്റെ ചെറുപ്പത്തിൽ  ഞാൻ പുലിയായിരുന്നെടീ. പാക്കരൻ ചേട്ടനത്  വിക്കീട്ടാ പറഞ്ഞത്.  വലിവിന്റെ അസുഖം ഉള്ള കാരണം ഇടക്കിടക്ക് വിക്ക് വരും, വിക്ക് വരുന്നതോടെ വലിവും കൂടും . 

ഒന്ന് പൊക്കോ  മനുഷ്യാ  .. പുലിയാത്രെ .., കാക്കിക്കുപ്പായം കണ്ടതോടെ പേടിച്ച് ബോധം കെട്ട് വീണതാ,  ചാവാഞ്ഞതു ഭാഗ്യം . മിണ്ടാതിരുന്നോണം  എന്റെ വായേന്ന് വല്ലതും കേൾക്കും 

അതു കേട്ട് പാക്കരൻ ചേട്ടൻ  ചമ്മി.

പാക്കരൻ ചേട്ടൻ പുലിയല്ല ചേടത്തി ഏലിയാ അതും പറഞ്ഞ് ഓട്ടോറിക്ഷാ ഓടിക്കുന്ന വാസു ചിരിയോട് ചിരി.

എടാ മോനെ വാസു നീ നേരേ നോക്കി വണ്ടി ഓടിക്ക്  ഇങ്ങേര് പുലിയാണോ എലിയാണോയെന്നൊക്കെ  ഞാൻ നോക്കിക്കോലാം  

അതോടെ വാസൂന് സമാധാനായി .

അന്നത്തെ സംഭവത്തോടെ  റോമൂന് പഴേ പോലെയുള്ള ഉത്സാഹം ഇല്ലാതായി ,  ഭാഗ്യത്തിനാ അന്ന് ഇടിയന്റെ കൈയ്യീന്ന് രക്ഷപ്പെട്ടത്.

ഇടിയൻ തോക്കെടുത്ത് നെറ്റിയിൽ  മുട്ടിച്ചതോടെ റോമു നിന്ന നില്പില്  മുള്ളിയിരുന്നു , പേടിച്ചിട്ട് അവന് പനി വരെ വന്നു.  

അതിനുശേഷാ ഒന്നിനോടും ഒരു ഉത്സാഹോം ഇല്ലാണ്ടായത്. ഏത് നേരോം കൂട്ടില് കിടപ്പ് തന്നെ  ഭക്ഷണം  പോലും മര്യാദക്ക് കഴിക്കുന്നില്ല  . അല്ലെങ്കീ തന്നെ എന്നും പയറും,  കഞ്ഞീം, ചമ്മന്തീം ഒക്കെയാ  വിഭവങ്ങള്. അത് കാണുമ്പോ തന്നെ റോമു തല തിരിക്കും  തന്നെ വെജിറ്റേറിയനാക്കി ഇവര് കൊല്ലും .

ഓരോരോ വീട്ടിലെ  പട്ടികൾക്ക് പ്രത്യേക ശാപ്പാട് വരെ ഉണ്ടെന്നാ കേക്കണത്.   ഗൾഫ്‌കാരൻ ഭാസ്ക്കരേട്ടന്റെ വീട്ടിലെ ഡോബർമാൻ ഡിങ്കു തിന്നണത്   പലപ്പോഴും, റോമു  ഒളിച്ചു നിന്ന് കണ്ടിട്ടുള്ളതാ . തിന്നിട്ടും തിന്നിട്ടും കഴിയാത്ത വല്യ എല്ലു പോലെയുള്ള എന്തോ ഒരു സാധനം. 

റോമു നോക്കുന്ന കണ്ടതോടെ ഡിങ്കു  തിരിഞ്ഞു നിന്നു തിന്നു .

ഏതായാലും അതൊന്നും തിന്നാനുള്ള ഭാഗ്യം ഈ ജന്മത്തിൽ തനിക്കില്ല. ഏത് കഷ്ടകാലം നേരത്തെണാവോ ഈ ചായക്കടേല് വന്ന് പെട്ടത് . റോമു തലകൊണ്ട് കൂടുമ്മേ ഒറ്റയിടി ആവേശത്തില് അത് സ്വന്തം തലയാണെന്ന കാര്യം  അവൻ മറന്നുപോയിരുന്നു .

റോമൂന്റെ കണ്ണീക്കൂടെ പൊന്നീച്ച പറന്നു  ഇടീടെ ഊക്കില് കൂട്  വരെ കുലുങ്ങിപ്പോയി മണികണ്ഠൻ പൂച്ച കൂടിന്റെ മുകളിൽ  ഉറങ്ങിക്കിടപ്പുണ്ടായിരുന്നു ,ഭൂമികുലുക്കാണെന്നും കരുതിയാ മണികണ്ഠൻ ജീവനും കൊണ്ട് ഓടീത് പിന്ന്യാ മനസ്സിലായത് അത് റോമുന്റെ പണിയായിരുന്നൂന്ന്  .

അല്ലെങ്കി തന്നെ ഒരു പൊട്ടനാ..,ഇവനെന്താ ഭ്രാന്തും പിടിച്ചോന്നാ മണികണ്ഠൻ  ചിന്തിച്ചത് .  ആ രോഷത്തോടെയാ അവൻ  റോമുവിനെ നോക്കിയത്. 

ദേ  കൊതിയൻ നായ അവിടെക്കിടന്ന് കയറ് പൊട്ടിക്കുന്നുണ്ട്.
  
അന്നമ്മച്ചേടത്തീയുടെ ആ വാക്കുകൾ കൂടി  കേട്ടതോടെ  റോമൂന് ആകെ ചൊറിഞ്ഞു കേറി വന്നു. 

പക്ഷേ ആ ചൊറിച്ചലോണ്ട് ഒരു കാര്യവുമില്ലെന്ന് അവനു നന്നായറിയാം.  കൊതിയൻ നായാന്നാ അന്നമ്മ ചേടത്തി എപ്പോഴും റോമൂനെ അഭിസംബോധന ചെയ്യാ. അതില് റോമൂന് നല്ല അമർഷമുണ്ട്  പക്ഷേ ആ അമർഷം അവൻ, സ്വയം  കടിച്ചു മുറിച്ചു തിന്നാറാ പതിവ് .

പിന്നേ ദിവസോം ഇറച്ചിയും , മുട്ടയുമല്ലേ  കിഴവി തിന്നാൻ തരാറ്  ?  

അവൻ  ചവിട്ടാനായി കാലോങ്ങിയതാ  പിന്നെ കഞ്ഞീടെ സമയമായീന്ന് വയറീന്ന് വിളി വന്നു . ഇനീം ശബ്ദം  ഉണ്ടാക്ക്യാ  കിഴവി അതുപോലും തരത്തില്ല. വെറുതേ ആവേശം കാണിച്ച് പട്ടിണി കിടക്കണോ ? വിശന്നു കിടന്നാ റോമുന് തലചുറ്റും അതോടെ ആവേശത്തോടെ പൊക്കിയ കാല് അവൻ  പതുക്കെ താഴ്ത്തി  കഞ്ഞി കുടിച്ച് കഴിഞ്ഞ് വേണെങ്കീ ഒരു ചവിട്ട് കൊടുക്കാന്ന് മനസ്സില് പറയേം ചെയ്തു  .

ഗൾഫ്കാരൻ ഭാസ്കരേട്ടന്റെ വീട്ടിലെ , ഡിങ്കുന്റെ പോലെയുള്ള ഡോബർമാൻ നായ്ക്കള്  പോലീസില് വര്യാത്രേ അവരെ കാണുമ്പോ പോലീസുകാര്  എഴുന്നേറ്റ് നിക്കും സല്യൂട്ട് ചെയ്യും, 

അവർക്ക്  തനി വീട്,  തനി കാറ് , തനി ഭക്ഷണം, എല്ലാം തനിയാണ്.  അവരുടെ ഭാഗ്യം  ഇതാണ്  നല്ല തന്തക്ക് പിറക്കണമെന്ന് പറയണത് . 

റോമുവിന് ആദ്യമായി  അപ്പൻ പ്രിൻസിനോട് ദേഷ്യം തോന്നി പിന്നെ അത് സഹതാപമായി. 

പാവം അപ്പൻ എന്ത് ചെയ്യാനാ ? അപ്പന്റെ പേരിൽ മാത്രേ പ്രിൻസുള്ളൂ  ആ പാവത്തിന്റെ  കാലത്ത് കഞ്ഞിപോലും  അന്നമ്മച്ചേടത്തി മര്യാദക്ക്  കൊടുത്തിട്ടില്ലെന്നാ കേട്ടീട്ടുള്ളത്.

പ്രിൻസായ, അപ്പൻ കഞ്ഞികുടിച്ച് കുടിച്ച് വയറിളക്കം വന്നാ ചത്തത് വേറൊരു കഥ കൂടി കേൾക്കുന്നുണ്ട് . ഒരു ദിവസം,  ബാക്കി വന്ന വട അതിന്റെ പഴക്കം മൂന്ന് ദിവസമായിരുന്നൂന്നാ സ്ഥിതീകരിക്കാത്ത കണക്ക്. സാധാരണ ഒരു ദിവസം പഴക്കമുള്ള വടയെ  പിറ്റേദിവസം ചൂടാക്കി  ചായകുടിക്കാൻ വരുന്നവർക്ക് കൊടുക്കുകയാണ് പാക്കരൻ ചേട്ടന്റെ പതിവ് .

രണ്ടു വട ചോദിക്കുന്നവർക്ക് അന്നുണ്ടാക്കിയ നല്ല മുറുമുറുപ്പുള്ള വടയും പിന്നെ ഈ പഴയ വടയും ചേർത്ത് കൊടുക്കും. പഴയ വടയുടെ മുകളിൽകൂടി കുറച്ച് ചട്‌നിയും ഒഴിക്കും . അതോടെ രണ്ടുദിവസം ചില്ലലമാരയിൽ ഇരുന്ന് എന്നെ ആരെങ്കിലും തിന്നൂ..,  തിന്നൂ ന്ന് അലറിവിളിച്ച് തളർന്ന വട ഒന്നുകൂടി തളരും .

കഴിക്കുന്നവർക്കിട്ടു മനസ്സിലാവുകയുമില്ല  അങ്ങനെ രണ്ടുദിവസോം കഴിഞ്ഞിട്ടും  വിറ്റു പോകാത്ത വടയായിരുന്നു  കൈകൊണ്ട് പൊടിച്ച് തന്റെ  അപ്പൻ പ്രിൻസിനു അന്നമ്മ ചേടത്തി അന്ന്  കൊടുത്തത്.  പൂത്ത മണം അറിയാതിരിക്കാൻ  മേലെ കുറച്ചു മീൻ ചാറും കിഴവി ഒഴിച്ചു .

മ്മടെ പ്രിൻസല്ലേടി, കൊടുക്കണ്ടെടീന്നും പറഞ്ഞ പാക്കരൻ ചേട്ടനെ അന്നമ്മ ചേടത്തി കണ്ണുരുട്ടി പേടിപ്പിച്ചു അതോടെ പ്രിൻസിന്റെ കാര്യത്തിൽ  ഒരു തീരുമാനമായി .

അതോർമ്മ വന്നതോടെ  റോമൂന് അടക്കാനാവാത്ത കോപം തോന്നി  അവന്റെ ശരീരം ആകെ വിറകൊണ്ടു.

അപ്പനെ വടകൊടുത്തു കൊന്നവരെ ഞാൻ തട്ടും റോമൂനെക്കാളും ആവേശായിരുന്നു റോമൂന്റെ കോപത്തിന് . ആ കോപം മുഴുവനും ഉരുണ്ടുകയറി റോമൂന്റെ മുൻകാലിലെത്തി . ആ ശക്തിയിൽ റോമു കാലുകൊണ്ട് കൂടിന്റെ വാതിൽ ചവിട്ടിപ്പൊളിക്കാനായി ഉയർത്തിയതും അതാ വരുന്നു അന്നമ്മച്ചേടത്തി അതോടെ റോമൂന്റെ കോപം എങ്ങോട്ടോ ഓടിപ്പോയി.  ഉയർത്തിയ കാലിന്റെ കൂടെ മറ്റേകാലും ചേർത്തു വെച്ച് റോമു അന്നമ്മ ചേടത്തിക്കൊരു വണക്കം വെച്ചു .

അപ്പനെ കൊന്നവരോട് പ്രതികാരം പിന്നെ ചോദിക്കാം ഇപ്പോ കഞ്ഞി കുടിക്കാം. കഞ്ഞി കണ്ടതോടെ പ്രതികാരത്തിന്റെ ആവേശമൊക്കെ റൊമൂന്റെ മനസ്സീന്നു മാഞ്ഞു . മീൻ കറീടെ മണം രാവിലെ തൊട്ട് കിട്ടിയിരുന്നതാ  ഇന്ന് എന്തെങ്കിലും ഉണ്ടാവും അറ്റ്ലീസ്റ്റ് ഒരു മീന്റെ തലയെങ്കിലും .

റോമു സന്തോഷം കൊണ്ട് കൂട്ടില് കിടന്ന് ഒരു നാലു ചാട്ടം ചാടി . കഞ്ഞിവെച്ച അന്നമ്മ ചേടത്തീടെ കൈയ്യുമ്മേ  രണ്ടു നക്കും നക്കി  . 

ഛീ .. മാറിനിക്ക് ശവെന്നും   പറഞ്ഞ് അന്നമ്മ ചേടത്തി റോമുന്റെ മുഖത്ത് ഒറ്റയടി . പാവം റോമുന്റെ കണ്ണീന്ന് വെള്ളം വന്നു  രണ്ടു മിനിറ്റ് നേരത്തേക്ക് കണ്ണ് കാണാൻ പോലും പറ്റാതയാ അവൻ  നിന്നത് .

ഈ കൊടിച്ചിപ്പട്ടിക്ക് കൊതി മാത്രേ ഉള്ളൂന്നും പറഞ്ഞ് അന്നമ്മച്ചേടത്തി പോയി. ആക്രാന്തം മൂത്ത റോമു  കഞ്ഞീ പാത്രത്തിലേക്ക്  ഒറ്റ തലയിടലായിരുന്നു . നല്ല തിളച്ച കഞ്ഞി ആയിരുന്നു അന്നമ്മ ചേടത്തി റോമുന് കൊണ്ടുപോയി വെച്ചിരുന്നത് .

പാവത്തിന്റെ അണ്ഡകടാഹം വരെക്കും  പൊള്ളിപ്പോയി. ചൂട് താങ്ങാനാകാതെ റോമുവിന്റെ രോമം മുഴുവനും അറ്റെൻഷനായിട്ടാ നിന്നിരുന്നത് .   കിഴവി തന്നെ കൊല്ലാൻ വേണ്ടി മനഃപൂർവ്വം കൊണ്ട് വന്ന് വെച്ചതാന്നാ റോമൂന് തോന്നീത് .

ചൂടായാലും കുഴപ്പമില്ല എവിടെയെന്റെ മീൻ ? കഞ്ഞി മുഴുവനും പ്ലക്കോ , പ്ലക്കോന്നും കുടിച്ച് വറ്റിച്ചിട്ടും  മീന്റെ ഒരു മുള്ളു പോലും റോമൂന് കിട്ടിയില്ല .

 കിഴവി വീണ്ടും പറ്റിച്ചു , മീന്റെ ചാറുമാത്രമേ ഉള്ളൂ  ഈ വെള്ളം മുഴുവൻ കുടിച്ചതു വറ്റിച്ചതു മാത്രം മിച്ചം ഇനി മൂത്രമൊഴിച്ചോണ്ടു നടക്കണം .

അന്ന് ഉച്ചയുറക്കത്തില് റോമു മനോഹരമായൊരു സ്വപ്നം കണ്ടു അന്നമ്മ ചേടത്തി അതാ കൂട്ടിൽ കിടന്നു കുരക്കുന്നു. താൻ അന്നമ്മ ചേടത്തിക്കുള്ള ഭക്ഷണവുമായി വരുന്നു  അത് ചേടത്തിയുടെ മുന്നിലേക്ക് നീക്കി വെക്കുന്നു  അന്നമ്മ ചേടത്തി ആർത്തിയോടെ അതിലേക്ക് തലയിടുന്നു .

ആവേശത്തിൽ, പാത്രത്തിലേക്ക് ഇട്ട തല അടിയിലെ കൂട്ടിൽ ചെന്നു മുട്ടുന്നു അടി ചെത്തിക്കളഞ്ഞ പാത്രമായിരുന്നു റോമു വെച്ചു കൊടുത്തത് . അന്നമ്മ ചേടത്തിയുടെ നെറ്റിയിൽ ഒരു ഉണ്ടൻ മുഴ  അത് കണ്ട് റോമു പൊട്ടി പൊട്ടി ചിരിച്ചു  .

ആ ഉച്ചയുറക്കത്തിൽ റോമു ചിരിച്ചുകൊണ്ടേയിരുന്നു  അവൻ രണ്ടു കൈ കൊണ്ടും മുഖം പൊത്തി ഞെരിപിരി കൊണ്ടു .  സ്വപ്നത്തിന്റെ ആ ആലസ്യത്തിൽ പതിയെ അടുത്തു വരുന്ന വലിയ അപകടം അവൻ തിരിച്ചറിഞ്ഞില്ല  .

അന്നമ്മ ചേടത്തി ഈ സമയത്തായിരുന്നു പാത്രമെടുക്കാൻ  വന്നത്.  റോമുവാണെങ്കിൽ  ആ സുന്ദര സ്വപ്ന ലോകത്തായിരുന്നു.  അന്നമ്മ ചേടത്തി ഒറ്റ തൊഴി കൊടുത്തു . റോമൂന് ആദ്യമൊന്നും  മനസ്സിലായില്ല അവൻ ഞെട്ടിയെഴുന്നേറ്റ് ചുറ്റും നോക്കി ഒരു  നാലു കുര കുരച്ചു .

ഈശ്വരാ ഭൂമികുലുക്കമാണോ ? കൂട്ടീന്ന് ഇറങ്ങി ഓടിയാലോന്ന് വിചാരിച്ച് നോക്കിയപ്പോ മുന്നിൽ അന്നമ്മ ചേടത്തി.

ഈ പിശാചെപ്പോ വന്നു ?.

ചേടത്തി വീണ്ടും കാലുപൊക്കിയതോടെ  റോമു ജീവനും കൊണ്ട് കൂടിന്റെ മൂലയിലേക്ക് ഓടി മാറി. 

ഈ നാശം പിടിച്ചെറ്റവങ്ങളെയൊന്നും  വളർത്താൻ കൊള്ളത്തില്ല മൂക്കുമുട്ടെ തിന്ന് കൂർക്കം വലിച്ച് കിടന്നൊറങ്ങാ..,  ശവം.

പിന്നെ മൂക്കു മുട്ടെ തിന്ന്  ക്ഷീണം കൊണ്ടുറങ്ങാൻ  ബീഫ് ഉലത്തീതല്ലേ കിഴവി ഉണ്ടാക്കി തന്നത്  ? 

ഈ സാധനം ഇങ്ങനെ കിടന്നുറങ്ങിയാ വല്ല കള്ളന്മാരെങ്ങാനും  വന്നാ എങ്ങിനെ അറിയാനാ ? കാക്കാശിന് കൊള്ളാത്ത ഈ ശവത്തിനെ  കൊണ്ടുപോയി  കളയാൻ ഞാനൊരു നൂറുവട്ടം പറഞ്ഞിട്ടുള്ളതാ. പക്ഷേ അങ്ങേർക്കൊരു  സിംപതി, അവന്റെ തന്തയും  ഇവിടെ വളർന്നതല്ലെന്ന്,  രണ്ടും കണക്കാ .

അന്നമ്മ ചേടത്തി പുലമ്പിക്കൊണ്ട് പാത്രം എടുത്തോണ്ട്  പോയി. പിന്നേം ഒരു ചവിട്ട് വെച്ചു കൊടുക്കാൻ നോക്കീതായിരുന്നു  അതിനു വേണ്ടി റോമുനേ വിളിക്കേം ചെയ്തു പക്ഷേ റോമു വന്നില്ല .

കഞ്ഞിവെള്ളം കുടിച്ച് വയറു നിറഞ്ഞ കാരണം  അവൻ കുറച്ചു ബാക്കി വെച്ചിട്ടുണ്ടായിരുന്നു . ഇത് കൂടി നക്കിക്കോടാന്നും  പറഞ്ഞ് ആ കഞ്ഞിവെള്ളം മുഴുവനും അന്നമ്മ ചേടത്തി, റൊമൂന്റെ തലേക്കൂടെ ഒഴിച്ചു .

റോമൂന് ആകെ ചൊറിഞ്ഞു കേറി വന്നു  ഒരു കൊര ഉരുണ്ടു കേറി അവന്റെ തൊണ്ടയോളം എത്തിയെങ്കിലും ബുദ്ധി കേറി അതിനെ വട്ടം പിടിച്ചു. ഇല്ലെങ്കി രാത്രി കഞ്ഞികുടി മുട്ടും കിഴവി പച്ചവെള്ളം പോലും തരത്തില്ല . രാത്രി കഞ്ഞികുടിക്കാണ്ട് കിടന്നാ റോമൂന് ഉറക്കം വരത്തില്ല  അതോണ്ട് മാത്രം റോമു അന്നമ്മ ചേടത്തീനെ നോക്കി വാലാട്ടി നിന്നു .

വല്ല ബോധമുണ്ടോടാ നിനക്ക് ചീത്ത കേട്ടാലും നിന്ന് വാലിട്ടാട്ടിക്കൊള്ളും അതുംകൂടി പറഞ്ഞാ ചേടത്തി പോയത്.  

വന്നുകേറിയ കോപം കൂടുമ്മലാ അവൻ തീർത്തത് പിൻകാല് കൊണ്ട് ആഞ്ഞൊരു  ചവിട്ടായിരുന്നു. അന്നമ്മ ചേടത്തിയെ മനസ്സിൽ  ഓർത്തായിരുന്നു താങ്ങിയത്  അത് കാരണം സർവ്വ ശക്തിയുമെടുത്താ കാച്ചിയത് .

ചെറിയ അഴികളായിരുന്നു കൂടിനുണ്ടായിരുന്നത്   ചവിട്ടലിന് ശക്തിയല്പം കൂടിപ്പോയതോടെ  കാല് അഴികൾക്കുള്ളിലൂടെ  അപ്പുറത്ത് എത്തിയത്  മാത്രം മനസ്സിലായി വലിച്ചിട്ടാണെങ്കിൽ  കിട്ടുന്നുമില്ല .

ഈശ്വരാ പെട്ടു , തിരിയാനും , നിൽക്കാനും , ഇരിക്കാനും പറ്റാണ്ടായതോടെ   റോമു ഒറ്റക്കരച്ചിലായിരുന്നു. 

ഇപ്പത്തന്ന്യാ ഒരു പാത്രം കഞ്ഞി മുഴുവൻ  മോന്തീത് ദേ വീണ്ടും കിടന്ന് കാറുന്നു ആ നാശത്തിനെ ഇന്നു ഞാൻ കൊല്ലും ചേടത്തീടെ അലർച്ച കേട്ടതോടെ  റോമു ക്ലിപ്പിട്ട പോലെ വായ മൂടി .

പാക്കരൻ ചേട്ടൻ പുറത്തേക്ക് വരുന്ന  കണ്ടപ്പൊഴാ റോമു പതുക്കെ കുരച്ചത് . എന്താടാ നിനക്ക് ഇനീം വിശപ്പു മാറിയില്ലെന്നും ചോദിച്ചാ പാക്കരൻ ചേട്ടൻ അടുത്തേക്ക് വന്നത്.  ഒരു വിധത്തിലായിരുന്നു  പാക്കരൻ ചേട്ടൻ റോമുന്റെ കാല് കൂടിന്റെ അഴിക്കുള്ളിൽ നിന്നും ഊരിക്കൊടുത്തത് .

കള്ളു ചെത്താൻ പോകുന്ന  അവറാൻ ചേട്ടന്റെ വീട്ടിലെ പശൂനെ ആരോ കട്ടോണ്ട് പോയി . 

കേട്ടവരെല്ലാം  ഞെട്ടി  ഞങ്ങള് ചെല്ലുമ്പോ അവറാൻ ചേട്ടൻ കണ്ണും തുറിപ്പിച്ച് മുറ്റത്തിരിപ്പുണ്ട്

ആരാ.., ഇത് ചെയ്തേ, എന്റെ അവറാൻ ചേട്ടാ ?

എന്തെങ്കിലും ചോദിക്കേണ്ടന്നും കരുതി പഞ്ചായത്ത് മെമ്പറ് സുകേശനായിരുന്നു  അവറാൻ ചേട്ടനോടത്  ചോദിച്ചത്. 

 ആരാന്നറിഞ്ഞാ അവന്റെ മോത്ത് രണ്ട് പൊട്ടിച്ച്  പിടിച്ചോണ്ട് വരില്ലേ  സുകേശാ.

ചോദിച്ച് കഴിഞ്ഞപ്പോഴാണ്  ആ ചോദ്യം ഒരു വിഡ്ഢിത്തമായാണ് പുറത്തേക്ക് പോയതെന്ന് സുകേശന് മനസ്സിലായത്.

അവനെ ഞാനിന്ന് കൊല്ലും , കൊല്ലും ന്നലറിക്കൊണ്ട് അവറാൻ ചേട്ടന്റെ ഭാര്യ ഒറോത ചേടത്തി വലിയൊരു വാക്കത്തിയും  പിടിച്ചോണ്ട് ഉമ്മറത്തൂടെ  അങ്ങോട്ടും ഇങ്ങോട്ടും നടപ്പുണ്ട്   ഇടക്ക് വെളിച്ചപ്പാട് പോലെ തുള്ളിക്കൊണ്ട് പുറത്തേക്ക് ഓടിവരും .

ചേട്ടത്തി വാക്കത്തിയും  കൊണ്ട് പുറത്തേക്ക് ഓടിവരുമ്പോ അവറാൻ ചേട്ടനും നാട്ടുകാരും പുറത്തേക്കോടും . സംഗതി ഭാര്യയാണെങ്കിലും ബോധമില്ലാത്ത സാധനാന്ന് അവറാൻ ചേട്ടന് നന്നായറിയാം പോണ പോക്കില്  ഒരു വീശു വീശിയാല് പണിക്കുറ്റം തീർന്നു കിട്ടും .

ദിവസോം പത്തു പതിനഞ്ചു  ലിറ്ററ് പാല് തരുന്ന പശുവാ. അവന്റെ തലേല് ഇടിത്തീ വീഴും അതും പറഞ്ഞ് ഇടിയ്ക്കിടക്ക് ഒറോത ചേടത്തി കരയും അപ്പൊ അവറാൻ ചേട്ടനും കരയും , പിന്നെ ചേടത്തി ആക്രോശിക്കും , അപ്പൊ അവറാൻ ചേട്ടനും ആക്രോശിക്കും .

അവനെ എന്റെ കൈയ്യിൽ  കിട്ടിയാ ഞാൻ തുണ്ടം തുണ്ടമാക്കൂന്ന് പറയലും ഒറോത ചേടത്തി കട്ടളപ്പടീമ്മേ ഒരു നാലു വെട്ട് . അത് കണ്ടതോടെ സുകേശനും, അവറാൻ ചേട്ടനും പുറത്തേക്ക് ചാടി നാട്ടാര് മൊത്തം ഓടി വേലിക്കപ്പുറത്ത് നിന്നു.  പാവം കട്ടിളക്ക് ഓടാൻ പറ്റാത്ത കാരണം അത് ചേടത്തീടെ  വെട്ടും കൊണ്ട് അവിടെ തന്നെ നിന്നു .

ഈ ചേടത്തിക്കെന്താ  ഭ്രാന്തു പിടിച്ചോന്നാ എന്റെ ക്ലാസ്സ് മേറ്റ് ശിവൻ പതുക്കെ ചോദിച്ചത്  ?

 ഈ സമയത്താ  മണികണ്ഠൻ പൂച്ച എന്തെങ്കിലും തിന്നാൻ കിട്ടൂന്നും കരുതി  കരഞ്ഞോണ്ട് അങ്ങോട്ടേക്ക്  വന്നത്.  ആകെ ആക്രാന്തം പിടിച്ചിട്ടാ മട്ടാ അവൻ കിടന്നു കാറുന്നത്  . ആളുകൾ കൂടി നിൽക്കണ കണ്ടപ്പോ മണികണ്ഠന്റെ വിചാരം എന്തെങ്കിലും കോള് ഉണ്ടാവുന്നാ  അത് കഴിഞ്ഞോന്നുള്ള പരാക്രമത്തിലായിരുന്നു  അവൻ ഓളിയിട്ടൊണ്ട് വന്നത്.

 എന്തെങ്കിലും കിട്ടാൻ വേണ്ടി  ഒറോത ചേടത്തീടെ കാലുമ്മേ പോയി രണ്ടു നക്കും നക്കി .   ചേടത്തി ആകെ വിറച്ചോണ്ട്  നിൽക്കാണെന്ന്   ആ പാവത്തിനു മനസ്സിലായില്ല .

കള്ള പൂച്ചേ ന്നും പറഞ്ഞ്  ചേട്ടത്തി ഒറ്റ വെട്ടായിരുന്നു,  ജസ്റ്റ് മിസ്സ് മണികണ്ഠന്റെ ഉള്ളീന്ന് ഒരു ആന്തല് പുറത്തേക്ക് പോയി ,  ജീവനും കൊണ്ടാ മണികണ്ഠൻ പാഞ്ഞത്.  

ഈ കിഴവിക്ക് ഭ്രാന്തായിപ്പോയോന്നായിരുന്നു അവൻ ചിന്തിച്ചത് ?  പാവത്തിന്റെ ശരീരം ആ  ഓട്ടത്തിലും വിറച്ചു കൊണ്ടിരിക്കായിരുന്നു.

അന്നോടിയാ ഓട്ടാ മണികണ്ഠൻ  പിന്നെ  ഒരു മാസം കഴിഞ്ഞിട്ടാ തിരിച്ചു വന്നത്.

മണികണ്ഠനെ വെട്ടുന്ന കണ്ട്  ചായക്കടക്കാരൻ പാക്കരൻ ചേട്ടന് നെഞ്ചു വേദന വന്നു .

അതിന്റെ എടെക്കൂടെ  പ്രേക്ഷിതൻ സുകു, ഒറോത ചേടത്തീയെ  ആശ്വസിപ്പിക്കാൻ ഒന്ന്  ശ്രമിച്ചു നോക്കിയതാ.

എന്റെ ചേടത്തി നിങ്ങളൊന്ന് അടങ്ങ് ആ പശു ഈ ലോകത്തിന്റെ ഏത് മൂലേലുണ്ടെങ്കിലും നമുക്ക് കണ്ടുപിടിക്കാന്ന് .. ഈ സുകുവാ  പറയണെ   .

ടാ ..സുകോ നീ വെറുതേ കിടന്ന് ചിലക്കല്ലേ ഈ  പഞ്ചായത്തെന്നെ മുഴുവൻ കാണാത്തോനാ വെറുതേ വീമ്പിളക്കണെ.  

കിഴവിക്ക് ഇത് പാകാ, ആ പശു ഈ തള്ളേനെ സഹിക്കാൻ പറ്റാണ്ട് എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോയതാവും. 

സുകുവത്  മനസ്സിലാ പറഞ്ഞത്.

എന്റെ അവറാൻ ചേട്ടാ നമുക്ക് പോലീസിലൊരു പരാതി കൊടുക്കാം.

അതൊന്നും വേണ്ട സുകേശാ , ഒരു രണ്ടു ദിവസം കൂടി നോക്കാം.

പശുവെന്താ തീർത്ഥാടനത്തിന് പോയിരിക്കാ രണ്ടു ദിവസം കഴിയുമ്പോ തിരിച്ചുവരാൻ?  നീയൊന്ന് പോയി പരാതി  കൊടുക്കെന്റെ സുകേശാ..

 ഒറോത ചേടത്തി ഓളിയിടുന്ന പോലെയാ അത് വിളിച്ചു പറഞ്ഞേ .

പോലീസിലൊന്നും പറയണ്ടാ.

 എന്തുപറഞ്ഞിട്ടും അവറാൻ ചേട്ടനൊരു പൊടിക്കും  സമ്മതിക്കുന്നില്ല.

ഇയാളെ ഞാനിന്ന്  കൊല്ലൂന്നും പറഞ്ഞ് ചേടത്തി  വാക്കത്തിയുമായി മുറ്റത്തേക്കൊരു ചാട്ടാ  .

അപ്രതീക്ഷിതമായ ആ നീക്കത്തിൽ എല്ലാവരും ഞെട്ടിപ്പോയി  അവറാൻ ചേട്ടൻ അയ്യോ ..എന്നെ കൊന്നേ .., ന്നും നിലവിളിച്ചോണ്ട് ഓടി . 

ചേടത്തീടെ മുറ്റത്തേക്കുള്ള ചാട്ടം കണ്ടതോടെ പ്രേക്ഷിതൻ സുകു കരുതിയത് തന്നെ  വെട്ടാനായിരിക്കും ചേടത്തിയുടെ ആ ചാട്ടമെന്നാ .

തിരിഞ്ഞോടാൻ നോക്കിയ സുകു മുണ്ട് കാലിലുടക്കി മുറ്റത്തുള്ള തെങ്ങും കുഴിയിലേക്ക് വീണു.  ഒറോത ചേടത്തി കാണാതിരിക്കാൻ സുകു അവിടെത്തന്നെ കമിഴ്ന്നു കിടന്നു . കൊട്ടത്തേങ്ങ ആണെന്നെങ്ങാനും കരുതിക്കോട്ടെന്നും വിചാരിച്ച്  മൂട് കുറച്ച് പൊക്കിപ്പിടിച്ചായിരുന്നു സുകേശൻ ആ തെങ്ങും കുഴിയിൽ ദൈവത്തെ വിളിച്ച് കിടന്നത് .

മനസ്സില്ലാ മനസ്സോടെയാ പരാതി കൊടുക്കാൻ അവറാൻ ചേട്ടൻ പോലീസ് സ്റ്റേഷനിലക്ക് വന്നത്. കൂടെ മെമ്പറ് സുകേശൻ , പ്രേക്ഷിതൻ സുകു , മീൻകാരൻ മമ്മദ് എന്നിവരുമുണ്ടായിരുന്നു.

ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ ആദ്യം വരാമെന്നു പറഞ്ഞെങ്കിലും  പിന്നെ ഇടയൻ ജോണി കണ്ടാ തന്നെ പിടിച്ച് ഇടിക്കോന്ന് പാക്കരൻ ചേട്ടനൊരു  പേടി. പാക്കരൻ ചേട്ടന്റെ ഉള്ളിലുള്ള കാസ രോഗത്തിനും ആ പേടീണ്ട് . അന്ന് ചായക്കടേല് വെച്ച് ഇടിയനെ കണ്ട് ബോധം കെട്ട് വീണേപ്പിന്നെ  പാക്കരൻ ചേട്ടൻ പോലീസ് സ്റ്റേഷന്റെ ഏഴ് അയലത്തുകൂടി പോവാറില്ല. വെറുതേ  സിംഹത്തിന്റെ വായിൽ തല വെച്ചു കൊടുക്കേണ്ടല്ലോ ?.

ഇപ്പോഴും പാക്കരൻ ചേട്ടന് പേടിയാ,  ആ ബോണ്ടയുടെ പേരും പറഞ്ഞ് ഇടി കിട്ടൊന്ന്. അതിനു ശേഷം പാക്കരൻ ചേട്ടൻ ബോണ്ടയുടെ വലുപ്പം കൂട്ടി ഇപ്പൊ ഒരു നാളികേരത്തിന്റെത്ര  വലുപ്പമുണ്ട് ബോണ്ടക്ക്.  ഒരു പ്രാവശ്യം തമിഴൻ മുരുകൻ അത് ചോദിക്കേം ചെയ്തു. 

എതുക്ക് അണ്ണാ അലമാരക്കുള്ളിൽ തേങ്ങാ വെച്ചിറുക്ക്?  

അത് തേങ്ങയല്ലടാ മാക്രി ബോണ്ടയാണ്. 

അത് കേട്ട് മുരുകൻ അത്ഭുതം കൂറി ഇത്രേം വല്യ ബോണ്ട അവൻ ആദ്യമായിട്ട് കാണുകയായിരുന്നു . സത്യത്തിൽ നാട്ടുകാർക്ക് മുഴുവൻ ആ അത്ഭുതം ഉണ്ടായിരുന്നു. എന്തിന്..,  ബോണ്ടക്കെന്നെ,  ഇത് താൻ  തന്നെയാണോന്നുള്ള  സംശയം ഉണ്ടായിരുന്നുവെന്നുള്ളതായിരുന്നു സത്യം . 

അങ്ങനെയൊന്നും,  ആരും വെറുതെ പിടിച്ച് ഇടിക്കത്തില്ലാന്ന് സുകേശൻ ആണയിട്ട്  പറഞ്ഞിട്ടും, എന്തോ പാക്കരൻ ചേട്ടന്റെ  പേടി മാറുന്നില്ല  , ഇടി കിട്ടിക്കഴിഞ്ഞു  പിന്നെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ ?. ഇവനൊക്കെ വെറുതെ പറഞ്ഞാ മതിയല്ലോ  ഇടി കിട്ടുന്നത് തനിക്കല്ലേ ?.  ഇടിയനായതുകൊണ്ട്  മുൻകൂട്ടിയൊന്നും   പറയുവാനും പറ്റത്തില്ല.

ആരെ വേണമെങ്കിലും ഇടിയന്  ഇടിക്കാം,  ആ ഇടി വെറുതേ വാങ്ങി വെക്കാൻ താല്പര്യം ഇല്ലാത്ത കാരണം പാക്കരൻ ചേട്ടൻ മുങ്ങി .  ഞാനും മുങ്ങാൻ നിന്നാതാ പക്ഷേ ചേടത്തി എന്നോടും പോവാൻ പറഞ്ഞു.  ഞാൻ പോയിട്ട് പ്രത്യേകിച്ച് ഒരു കാര്യോം ഇല്ലെങ്കിലും , ഞാൻ കൂടെയുളളത്   മറ്റുള്ളവർക്കൊരു  ധൈര്യം.  കാരണം  കുട്ടികൾ കൂടെയുണ്ടെങ്കിൽ   ഇടിയൻ ഇടിക്കത്തില്ലെന്നാ എല്ലാവരുടെയും വിശ്വാസം .

ഇടിയൻ ,  ഇനി കുട്ടിയായ എന്നെ തന്നെ  പിടിച്ച് ആദ്യം  ഇടിക്കോന്നായിരുന്നു  എന്റെ പേടി. വെറുതേ അവറാൻ ചേട്ടന്റെ പശൂന് വേണ്ടി എന്റെ പൊറം ചമ്മന്തിയാക്കണോ? . പക്ഷേ ചേടത്തി സമ്മതിക്കുന്നില്ല  ഞാൻ ഒരു ധൈര്യത്തിനായി  എന്റെ ക്ലാസ്സ് മേറ്റ് ശിവനെ നോക്കി  ഇത്ര നേരം വരേക്കും അവനെന്റെ കൂടെ  ഉണ്ടായിരുന്നതാ ഇപ്പൊ കാണാനില്ല.  ഇത് മുൻകൂട്ടിക്കണ്ട് ശിവൻ മുങ്ങിയാതാണെന്ന് എനിക്ക് മനസ്സിലായി.

കുട്ടികളെ ഇടിയൻ ഇടിക്കത്തില്ലാന്ന നാട്ടുകാരുടെ വിശ്വാസം തെറ്റാണെന്ന് പിന്നെയാ എനിക്ക് മനസ്സിലായത് . ഞങ്ങളെ കണക്കു പഠിപ്പിക്കുന്ന പീതാംബരൻ മാഷാ പറഞ്ഞത് തെറ്റ് ചെയ്ത ഒരു കുട്ടിയെ ഇടിയൻ വെയിലത്ത്  ദിവസം മുഴുവൻ മുട്ടു കുത്തി നിറുത്തിയെന്നും  , അവന്റെ ചന്തി ലാത്തി വെച്ച്  അടിച്ചു പൊളിച്ചൂന്നും. ഞങ്ങള് പേടിക്കാൻ വേണ്ടി പീതാംബരൻ മാഷ് കുറച്ച് കേറ്റിയാ പറഞ്ഞത് . 

 എന്താ എല്ലാവരും കൂടി ? 

ഇടിയന്റെ ഇടിവെട്ടുന്ന ശബ്ദം കേട്ടതോടെ സുകേശൻ ആദ്യം ഞെട്ടി . 

ഒരു ധൈര്യത്തിനായി സുകേശൻ പിന്നിലോട്ട്  നോക്കി 

അതോടെ സുകേശൻ ഒന്നുകൂടി ഞെട്ടി, പിന്നിൽ ആരുമില്ല ഒരു ജാഥയുണ്ടായിരുന്നല്ലോ തന്റെ പുറകിൽ ?   ആരേം കാണാനില്ല ഈശ്വരാ ഒറ്റക്കാണോ താൻ പോലീസ് സ്റ്റേഷനുള്ളിലേക്ക് കയറി വന്നത് ?.

എല്ലാവരും കൂടെയുണ്ടെന്നുള്ള ധൈര്യത്തിലായിരുന്നു സുകേശൻ സ്റ്റേഷനിലേക്ക് ഓടിക്കേറിയത്  പിന്ന്യാ മനസ്സിലായത് എല്ലാവരും പോലീസ് സ്റ്റേഷന്റെ പുറത്താ നിൽക്കണതെന്ന്  .

 എന്താ പ്രശ്നം ? 

ഇടിയന്റെ ഇടിവെട്ട് ശബ്ദം  വീണ്ടുമുയർന്നു . 

ഇപ്രാവശ്യത്തെ ഇടിവെട്ടിന് ഒന്നു കൂടി കട്ടി കൂടിയൊന്നൊരു  സംശയം. ഇടിവെട്ട് ഇനി മിന്നലായി രൂപാന്തരം പ്രാപിക്കുമെന്ന് അറിയാവുന്നത് കൊണ്ട് സുകേശൻ വേഗം അവറാൻ ചേട്ടനെ മുന്നിലേക്ക് നീക്കി നിറുത്തി.

നിങ്ങള് പറയെന്റെ അവറാൻ ചേട്ടാ. 

നീ പറയ്  സുകേശാ. 

നിങ്ങള് പറയ്  ചേട്ടാ നിങ്ങടെ മൊതലല്ലേ കാണാണ്ടായത് ?

ഛീ ..പറയെടാ നായിന്റെ മക്കളെ  ? 

ഇടിയൻ ശരിക്കും ഇടിവെട്ടായി മാറിക്കഴിഞ്ഞിരുന്നു . 

ആ അലർച്ച കേട്ട്  അവറാൻ ചേട്ടനും, സുകേശനും ഒരുമിച്ചു ഞെട്ടി. പക്ഷേ അത് മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാൻ  സുകേശൻ ശരീരം മൊത്തമിട്ടൊന്ന് അങ്ങോട്ടും ഇങ്ങോട്ടും കുലുക്കി .  സെല്ലിൽ  ഉറങ്ങിക്കിടയ്ക്കായിരുന്ന കള്ളൻ ദാമു  ആ അലർച്ചയോടെ  അയ്യോ...  ന്നും നിലവിളിച്ചോണ്ട് ഒറ്റ ഓട്ടമായിരുന്നു . ഇടിയൻ ഇടിക്കാൻ വന്നതാണെന്നും  വിചാരിച്ചായിരുന്നു പാവം  എണീറ്റോടിയത്, പക്ഷേ  സെല്ലിൽ കിടക്കാണെന്നുള്ള കാര്യം മറന്നിട്ടായിരുന്നു ദാമു ഓടിയത് .  

ചുമരിൽ  പോയി ഇടിച്ച് വീണപ്പോഴാ ശരിക്കും ബോധം വന്നത് .

പാവം നെറ്റി തിരുമ്മിക്കൊണ്ട്  എല്ലാവരേം  നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.

  ഓടിപ്പോകാൻ നോക്കുന്നോ  നായിന്റെ മോനേന്നും ചോദിച്ചോണ്ട്  ഇടിയൻ  ലാത്തി കൊണ്ട് ഒരു കുത്തും കൊടുത്തു . പാവം ദാമു അതും വാങ്ങി സെല്ലിന്റെ മൂലക്ക് പോയിരുന്ന് കുറെ നേരം കരഞ്ഞു ശബ്ദം ഇല്ലാണ്ടാ കരഞ്ഞത്, കാണുന്നവർക്ക് വരെ വിഷമാവും .

ഇടിയന്റെ അലർച്ച കേട്ടതോടെ  പ്രേഷിതൻ സുകു വേഗം പുറത്തേക്കിറങ്ങി നിന്നു . ഞാൻ തിരിയാൻ നോക്കിയെങ്കിലും പേടി എന്നെ വട്ടം പിടിച്ചു നിറുത്തി . അവറാൻ ചേട്ടൻ ഒരു  ധൈര്യത്തിന് സുകേശന്റെ അടുത്തേക്ക് ഒന്നു കൂടി നീങ്ങി നിന്നു.  

ഒന്നുമില്ലെങ്കീ ഒരു പഞ്ചായത്ത് മെമ്പറല്ലേ സുകേശനെന്നുള്ള ധൈര്യമായിരുന്നു അവറാൻ ചേട്ടന്.   

മറ്റുള്ളവരുടെ അടുത്തേക്ക് നീങ്ങി നിന്നാ ഒരു ധൈര്യം കിട്ടുമെന്നു തന്നെയായിരുന്നു ഇതേസമയം സുകേശനും ചിന്തിച്ചത്.  അതോടെ സുകേശനും , അവറാൻ ചേട്ടന്റെ അടുത്തേക്ക് നീങ്ങി നിന്നു.

  രണ്ടു പേരും ഒരുമിച്ചു നീങ്ങിയതോടെ പരസ്പരം  തല കൂട്ടിയിടിച്ചു രണ്ടുപേരുടേയും  കണ്ണീന്ന് പൊന്നീച്ചകൾ  പറന്നെങ്കിലും ഇടിയനോടുള്ള പേടികൊണ്ട്  മിണ്ടിയില്ല .

സുകേശന്റെ കണ്ണീന്ന് വെള്ളം വരുന്നുണ്ടായിരുന്നു, തല ഇടിച്ച വേദനയേക്കാൾ ഉപരി പേടികൊണ്ടുള്ള കണ്ണീരായിരുന്നു കൂടുതല് . 

ഞെട്ടിപ്പോയ അവറാൻ ചേട്ടൻ ഒറ്റവായിക്കാ  പറഞ്ഞത്.  

ഞങ്ങടെ ജാൻസിനെ കാണാനില്ല സാറേ... 

കാണാനില്ലെന്നുള്ള വാർത്ത കേട്ടതോടെ,  ഇടിയൻ ചാറ്റൽ മഴയത്ത് വെട്ടുന്ന ചെറിയ  ഇടിവെട്ടായി ചുരുങ്ങി .

എപ്പോ മുതലാണെടോ കാണാണ്ടായത് ?

പേടി കാരണം എപ്പോ തൊട്ടെന്നുള്ളത്  അവറാൻ ചേട്ടൻ മറന്നു പോയിരുന്നു. 

എപ്പോൾ മുതലാടോ ?

അതിനുത്തരം  പറയുവാനാകാതെ  അവറാൻ ചേട്ടൻ നിന്നുരുകി. സത്യത്തിലാ പാവം പേടികൊണ്ട് എല്ലാം തന്നെ മറന്നുപോയിരുന്നു . 

അവറാൻ ചേട്ടൻ ഒന്നും മിണ്ടാത്ത കാരണം ഞങ്ങളും പേടികൊണ്ട് നിന്നുരുകി. ഇയാൾക്ക് എന്തെങ്കിലുമൊന്ന് വാ തുറന്ന് പറഞ്ഞുകൂടേ മറ്റുള്ളവരെ കൂടി കൊലക്ക് കൊടുക്കാൻ?.

അവറാൻ ചേട്ടനെ നോക്കി സുകേശൻ  കണ്ണുകൾ കൊണ്ട്, പറയ് .., പറയെന്ന്  ആംഗ്യം കാണിക്കുന്നുണ്ട് .

അവറാൻ ചേട്ടനും പറയണമെന്നുണ്ട് പക്ഷേ പേടി കൊണ്ട് അവറാൻ ചേട്ടൻ ദിവസം മറന്നു , നാളു മറന്നു , താൻ തന്നെ ആരെന്നു വരെ  മറന്നു പോയീട്ടാ അവറാൻ ചേട്ടൻ നിൽക്കുന്നത്. 

എന്റെ സമയം മിനക്കെടുത്താതെ  വേഗം പറയെടോ? 

ഇടിയന്റെ സ്വരം വീണ്ടും മാറിത്തുടങ്ങിയിരുന്നു. 

അവറാൻ ചേട്ടൻ അപ്പോഴും  നിശ്ശബ്ദനായിരുന്നു. വാക്കുകൾ തൊണ്ടയിൽ നിന്ന് വെളിയിൽ വരാത്തത് പോലെ അവറാൻ ചേട്ടന് അനുഭവപ്പെട്ടു . 

ഛീ വാ തുറന്ന് പറയെടാ റാസ്‌ക്കൽ ന്നും പറഞ്ഞോണ്ട്  ഇടിയൻ  ഒറ്റ ചവിട്ടായിരുന്നു  നിലത്ത്.

നാളെ തൊട്ടാ കാണാണ്ടായത് എന്റെ പൊന്നു  സാറേ...  

അവറാൻ ചേട്ടനത് കരഞ്ഞിട്ടാ പറഞ്ഞത്..

അത് കേട്ട് ഇടിയൻ ഞെട്ടി ,  കൂടെ വന്ന നാട്ടുകാർ ഞെട്ടി, പോലീസുകാർ ഞെട്ടി . 

 റൈറ്റർ തോമാസേട്ടന് ചിരിച്ച് ചിരിച്ച് ബോധം പോയി. 

എന്റെ അവറാനെ നിങ്ങള് പേടിക്കാണ്ട് കാര്യം പറയ്. ചിരിക്കിടയിലാ തോമാസേട്ടൻ ഒരു വിധത്തിൽ അവറാൻ ചേട്ടനെ സമാധാനിപ്പിച്ചത് .

ഇന്നലെ രാത്രി തൊട്ടാ സാറേ.

  അപ്പോഴും പേടി  മാറാതെ വിക്കിക്കൊണ്ടായിരുന്നു അവറാൻ ചേട്ടനത്രയും പറഞ്ഞൊപ്പിച്ചത്  

ഒരു ഫോട്ടോ ഉണ്ടോടോ ?

ഫോട്ടോയൊന്നും  ഇല്ല സാറേ.

  അവറാൻ ചേട്ടൻ ആകെ സംശയിച്ചിട്ടാ മറുപടി പറഞ്ഞത്. 

വല്ല  കാർഡിലോ,  പാസ്സ് ബുക്കിലോ മറ്റോ ,  അങ്ങനെയെന്തെങ്കിലും  മതി ?

ഫോട്ടോ ഉള്ള കാർഡൊന്നും എടുത്തിട്ടില്ല സാറേ.

 ഒരു ഫോട്ടോ പോലും എടുത്ത് വെക്കാത്ത താനെന്ത്  കൊണാപ്പനാടോ ? ഇക്കാലത്ത് ഏത് കൂതറകളും, വെറുതെ ഒരു നാലഞ്ചു ഫോട്ടോകളെങ്കിലും എടുത്തു വെക്കുന്നതല്ലേ ഇതൊന്നും ചെയ്യാത്ത  താനേതു കോത്താഴത്തുകാരനാടോ ? 

എന്താ മെമ്പറെ ഇതൊക്കെ?

അതു കേട്ട് സുകേശൻ വെറുതേ ചിരിച്ചു പക്ഷേ പേടികൊണ്ട് അതൊരു   ഗോഷ്ഠിയായിപ്പോയി .   

ഇനി ഗോഷ്ഠി കാണിച്ചോന്നും ചോദിച്ച്  തന്നെപ്പിടിച്ചു ഇടിക്കോന്നും  സുകേശനു  പേടിയുണ്ട്  . സുകേശൻ പഞ്ചായത്ത് മെമ്പറാണെന്ന്  പറഞ്ഞിട്ടൊന്നും  ഒരു കാര്യവുമില്ല  പോലീസ് സ്റ്റേഷൻ കാണുമ്പോഴേക്കും  സുകേശന്റെ കൈയ്യും കാലും വിറച്ചു തുടങ്ങും . 

ഇടിയൻ വന്ന പുതുസില്, ഒരു പ്രാവശ്യം  സെക്കൻഡ് ഷോ കഴിഞ്ഞ് വരുകയായിരുന്ന സുകേശനെ പൊക്കി.   പോലീസ് ജീപ്പ് കണ്ടതോടെ സുകേശൻ ഓടാൻ നോക്കിയതായിരുന്നു സംശയത്തിന് ഇടയാക്കിയത് .

അപ്പൊ , എന്തിനാ ഓടിയതെന്ന്  സുകേശനും അറിയത്തില്ലായിരുന്നു,  സുകേശന്റെ കാലുകൾക്കും അറിയത്തില്ലായിരുന്നു. അവിടെ ഓടേണ്ടതായ യാതൊരു കാര്യവുമുണ്ടായിരുന്നില്ല . അതിലുപരി താനൊരു പഞ്ചായത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മെമ്പറാണെന്നതുകൂടി മറന്നുകൊണ്ടായിരുന്നു സുകേശൻ ഓടിയത്.

ഇടിയൻ ഒറ്റ ചാട്ടത്തിനായിരുന്നു സുകേശനെ വലിച്ചു ജീപ്പിലിട്ടത് എന്നിട്ട്  നേരം വെളുക്കുന്നവരെ സുകേശനെ ലോക്കപ്പിലിട്ട്  ഇടിച്ചു .

എന്തിനാണ് താൻ ഇടികൊള്ളുന്നതെന്ന് പാവം സുകേശന് സത്യമായിട്ടും മനസ്സിലായില്ലായിരുന്നു  

പിറ്റേ ദിവസം റൈറ്റർ തോമാസേട്ടൻ വന്നപ്പോഴാ  ആളെ മനസ്സിലായത്  

ഇത് മുപ്പാട് പറയണ്ടേ എന്റെ മെമ്പറെന്നാ ഇടിയൻ ചോദിച്ചത് .

പറയാൻ സമ്മതിക്കണ്ടേ സാറേന്നും ചോദിച്ച് സുകേശൻ കരഞ്ഞു ആ കരച്ചില് കണ്ട് സത്യത്തില് ഇടിയന് വരെ സങ്കടം വന്നു  അതിനു ശേഷം പോലീസ് സ്റ്റേഷൻന്ന് കേൾക്കുമ്പോ തന്നെ സുകേശന്റെ കൈയ്യും കാലും കിടന്ന് വിറച്ചു തുടങ്ങും .

ചോദിക്കണേല് തെറ്റൊന്നും തോന്നരുത് എല്ലാം സത്യമായിട്ട് അറിഞ്ഞു കഴിഞ്ഞാ നമുക്ക് അന്വേഷണം വളരെ എളുപ്പമാവും.

കാമുകൻമാര് വല്ലോരും ഉണ്ടായിരുന്നോ ? 

ഇടിയന്റെയാ  ചോദ്യം കേട്ട് അവറാൻ ചേട്ടൻ പതറി  നാട്ടുകാർ വാ പൊത്തി ചിരിച്ചു . പശുക്കൾക്കും കാമുകന്മാരുണ്ടാവുമോയെന്നാ പലചരക്കു കടക്കാരൻ സുപ്രുവിന് സംശയം തോന്നിയത് . ആരോടെങ്കിലും ചോദിക്കാൻ പറ്റാത്ത സന്ദർഭമായതു കൊണ്ട് ഉണ്ടാവേരിക്കുമെന്ന് സ്വയം പറഞ്ഞ് സുപ്രു ആശ്വാസം കൊണ്ടു .

അവറാൻ ചേട്ടൻ അന്തിച്ചു നിൽക്കുന്ന കണ്ട , പ്രേക്ഷിതൻ സുകുവാ ചെവിട്ടൽ രഹസ്യം പറഞ്ഞത് വല്ല കാളയോ മറ്റോ വരാറുണ്ടെങ്കിൽ പറയാൻ 

കാമുകനായിട്ട് അങ്ങനെയൊന്നുമില്ല സാറേ പിന്നെ മേയാൻ പോകുമ്പോ  അപ്പുറത്തെ പാക്കരന്റെ കാള രാമു അടുത്തു വന്നു നിക്കാറുണ്ട് അപ്പൊത്തന്നെ ഞാൻ ഓടിച്ചു വിടും.

അതുകേട്ട് ഇടിയൻ ഞെട്ടി

എന്തോന്നാടോ കിഴവാ പുലമ്പുന്നേ മോളുടെ അടുത്ത് കാളയാണോ വരാറ്?

മോളോ? ഇപ്രാവശ്യം ഞെട്ടിയത് അവറാൻ ചേട്ടനും, നാട്ടുകാരുമായിരുന്നു.  

എന്റീശ്വരാ. മോളല്ലാ സാറേ പശുവാണ്,  എന്റെ പശു

 അത് കേട്ട്  ഇടിയന്റെ മുഖം ചുവന്നു , മീശ വിറച്ചു ,ഒരു പാട് ഇടിവെട്ടുകൾ ഒരുമിച്ചു ഇടിയന്റെ മുഖത്തു വെട്ടി അതിന്റെ പ്രകമ്പനം പതുക്കെ, പതുക്കെ  ഇടിയന്റെ ശരീരം മുഴുവൻ ബാധിച്ചു തുടങ്ങി . ഇടിയന്റെ ഭാവമാറ്റം കണ്ടതോടെ  റൈറ്റർ തോമാസേട്ടൻ ഞാനൊരു ചായ കുടിച്ചിട്ട് വരാമെന്നും പറഞ്ഞു പതുക്കെ പുറത്തേക്കിറങ്ങി . കള്ളൻ ദാമുവിന്  വീണ്ടും കരച്ചില് വന്നു ഇതിന്റെ പേരിൽ തനിക്കിനീം  ഇടി കിട്ടുമോയെന്നുള്ള പേടിയിലായിരുന്നു  ആ പാവത്തിന്  കരച്ചില്   വന്നത്.

ഫാ നായിന്റെ മോനെ പശൂനെ കാണാനില്ലെന്നോ?  ആദ്യം പറയണ്ടടോ റാസ്‌ക്കൽ അത് പശുവാന്ന് ?  ജാൻസിനെ കാണാനില്ലെന്നും പറഞ്ഞു കളിയാക്കുന്നോ ? 

ഇടിയൻ മേശമേൽ ആഞ്ഞൊരടി ആ ഇടിയിൽ സ്റ്റേഷൻ മൊത്തം വിറച്ചു  മേശയിലിരുന്ന  ചായ ഗ്ലാസ്സ് മേലെ ഫാനിൽ പോയി ഇടിച്ചു പൊട്ടിച്ചിതറി.  സ്റ്റേഷന്റെ മുറ്റത്തെ തെങ്ങുമ്മേ മൂത്രമൊഴിക്കാൻ വന്ന റൗഡി,  രാജു നായ മൂത്രമൊഴിക്കാൻ പൊക്കിയ കാല് അങ്ങനെത്തന്നെ പിടിച്ചു ജീവനും കൊണ്ടോടി  അവന്റെ സ്ഥിരം കുറ്റിയായിരുന്നു ആ തെങ്ങ് .

സുകു ഒരു മിന്നൽ  പോലെ പുറത്തേക്ക് പാഞ്ഞു  അവസാന ധൈര്യോം സംഭരിച്ച് കൊണ്ട്  ഞാനും കൂടെ ഓടി.  സുകേശനും ഓടണമെന്നുണ്ട് പക്ഷേ പഞ്ചായത്തു മെമ്പറായിപ്പോയില്ലേ  ഓടിയാ നാറ്റക്കേസവും ഇനി ജീവിതത്തിലൊരിക്കലും താൻ  മെമ്പറാവില്ലാന്ന് സുകേശൻ മനസ്സിൽ  പ്രതിജ്ഞയെടുത്തു .

തനിക്കെങ്കിലും ഒന്നു പറഞ്ഞു കൂടായിരുന്നോ എന്റെ മെമ്പറെ ? ഇത് പശുവാന്ന്.

സുകേശൻ, ഇടിയനെ നോക്കി ഒരു വിളറിയ  ചിരി ചിരിച്ചു  അവറാൻ ചേട്ടൻ നിന്ന് വിറക്കുന്നുണ്ട്.  സത്യത്തില് അവറാൻ ചേട്ടന് ഒന്നും മനസ്സിലാവുന്നില്ല  . ജൻസീന്ന്  പശൂനിട്ട പേര് , ജാൻസിനെ കാണാനില്ലെന്നു നേര്  അത് പോലീസ് സ്റ്റേഷനിൽ വന്നു പറഞ്ഞതു സത്യം  അതിനെന്തിനാണ്  ഇങ്ങേര് വെളിച്ചപ്പാടിനെപ്പോലെ കിടന്നു തുള്ളുന്നത് ? ഇയാളെന്തിനാ മോളുടെ കാര്യമൊക്കെ പറയുന്നത്  ? താനെപ്പോഴാണ്  മോളേ കാണാനില്ലെന്ന് പറഞ്ഞത് ? തനിക്ക് എവിടെയാണ് മോള് ?  

ഈശ്വരാ ഈ പോലീസുകാരെക്കൊണ്ട് തോറ്റു .

ഞാനപ്പോഴേ പറഞ്ഞതാ കംപ്ലയിന്റും വേണ്ടാ ഒരു മണ്ണാങ്കട്ടീം വേണ്ടാന്ന്  അവറാൻ ചേട്ടൻ ദഹിപ്പിക്കുന്ന പോലെയാ സുകേശനെ നോക്കീത് അതിന്റെ അർഥം സുകേശന് നന്നായി മനസ്സിലായി. 

ഇനി മേലാൽ പശൂനെങ്ങാനും   ജാൻസിന്നോ , റാണീന്നോ  പേരിട്ടാ.., നിന്നെ ഞാൻ കൊല്ലും വിഡ്ഢി..,   ഇടിയൻ കൈ ചൂണ്ടി അലറി. 

എന്നാ പിന്നെ ത്രേസ്യാമ്മാന്ന് ഇടാം ? അവറാൻ ചേട്ടനത് മനസ്സിലാ പറഞ്ഞത് .

ആ തോമസ്സിന്റെ അടുത്ത് ഒരു പരാതി കൊടുത്തിട്ട്  പോ ഞങ്ങളൊന്ന്  അന്വേഷിക്കട്ടെയെന്നും പറഞ്ഞ് ഇടിയൻ ഇടിവെട്ട് പോലെ പുറത്തേക്ക് പാഞ്ഞു . പോണ പോക്കില് കള്ളൻ ദാമൂന് ഒരു കുത്തും കൂടി കൊടുത്തു   . 

അതോടെ ദാമൂന്റെ പകുതി ജീവൻ പോയി ആയുസ്സുള്ള കാരണം മുഴുവനും പോയില്ല  .

നിങ്ങൾക്ക് വല്ല ബോധോം ഉണ്ടോ അവറാൻ ചേട്ടാ പശൂന് വല്ലോരും ജാൻസിന്ന് പേരിടോ ഇനി അങ്ങനെ ആണെങ്കിൽ തന്നെ ആദ്യം പശൂനെ കാണാനില്ലെന്നല്ലേ പറയേണ്ടത്  ജാൻസിനെ കാണാനില്ലെന്നാണോ പറയാ ?.

 റൈറ്റര് തോമാസേട്ടൻ പറഞ്ഞത്  കേട്ടപ്പോഴും അവറാൻ ചേട്ടന് കാര്യം മനസ്സിലായില്ല. 

പശൂന് ജാൻസിന്ന് പേരിടാൻ പാടില്ലേ,  ഇതെവിടെത്തെ നിയമം ?


                                                                                    Click here, part 2

       
             

0 അഭിപ്രായങ്ങള്‍