ക്രിസ്തുമസ്സ് ദൈവപുത്രൻ പിറന്ന ദിനം  പാപങ്ങളിൽ നിന്നും  മോചിപ്പിച്ച്‌ മനുഷ്യനെ രക്ഷിക്കാൻ ദൈവം ബലികൊടുത്ത സ്വന്തം പുത്രൻ .

          മാനവരാശിയുടെ രക്ഷക്കായി സ്വയം ബലിയർപ്പിക്കപ്പെട്ട കുഞ്ഞാട്.

    വീണ്ടും ഒരു ക്രിസ്തുമസ്സ് കൂടി ഇതാ പടിവാതിൽക്കൽ എത്തിനിൽക്കുന്നു .

      വെറും നോയിമ്പ് വീടുന്ന ആഘോഷതലങ്ങൾക്കപ്പുറം  ഒരു പാട് അർഥങ്ങൾ നാം ക്രിസ്തുമസ്സിനു നൽകേണ്ടതായിട്ടുണ്ട് .

          രാജാധിരാജന്റെ പിറപ്പിന് കാണിക്കയുമായി  ദൈവം രാജാക്കൻമാരെത്തന്നെയാണ് അയച്ചത് .

        പ്രപഞ്ചം മുഴുവനും ആ പിറവിക്ക് കൂട്ടുനിന്നപ്പോൾ  ഹെറോദോസ് മാത്രം അതറിയാതെ പോയത്  ദൈവീക മഹത്വത്തെയും ശക്തിയേയും കാണിച്ചു തരുന്നു .

     ദൈവപുത്രൻ ജനിക്കണം അത് പ്രകൃതിയുടെ ആവശ്യമാണ്‌ പുൽത്തൊട്ടിയിൽ പിറന്ന ആ ലാളിത്യത്തിനുമേൽ  രാജാക്കൻ മാരുടെ കാണിക്കകൾ  രാജകീയ പ്രശോഭ പകർന്നു തരുന്നു .

           കാലിത്തൊഴുത്തിൽ ആണെങ്കിലും  രാജാക്കൻമാരുടെ രാജാവിന് അർഹതപ്പെട്ട സ്വാഗതമോതൽ .

       ആഘോഷങ്ങളുടെ രാവാണത് .

         ലോകം മുഴുവൻ സന്തോഷം പങ്കിടുന്ന ഈ ക്രിസ്തുമസ്സിനോട് ചേർന്ന്  ഓരോരുത്തരുടെ ഉള്ളിലും ആ സന്തോഷം പൊട്ടിവിടരുന്നതോടോപ്പം  ഒരു പുതിയ മനുഷ്യൻ എന്നതിലേക്കുള്ള  കാൽവെപ്പുകൂടി നടന്നുകൊള്ളട്ടെ .

     പിൻതിരിഞ്ഞു നോക്കാതെ ഉള്ളിന്റെ ഉള്ളിൽ  ഒരു സ്വയം ജനനം പിറവികൊള്ളട്ടെ  അതു വരെയുള്ള നാം ആരെങ്കിലും ആകട്ടെ  ഈ ക്രിസ്തുമസ്സ് രാവു മുതൽ ഞാൻ മറ്റൊരുവനാകട്ടെ .

         സ്വയം തിരുത്തലുകൾ ഇല്ലെങ്കിൽ  ഈ ആഘോഷങ്ങൾക്ക് എന്ത് പകിട്ടാണ് ഉള്ളത് അല്ലെങ്കിൽ എന്ത് പ്രസക്തിയാണ് നൽകാനാകുക ?

         രാജാക്കൻമാരുടെ രാജാവിന്റെ  പിറവിക്ക് അർഹമായ അംഗീകാരമല്ലാതായി അത്  മാറുന്നു .

           പാതിരാകുറുബാന കഴിഞ്ഞ് വന്ന്  തലേന്ന് രാത്രി തന്നെ  വെച്ചിട്ടുള്ള  ബീഫ് ഉലർത്തിയതും , താറാവ് റോസ്റ്റും , വട്ടെപ്പവും കൂട്ടിയുള്ള   നോമ്പിറക്കലിനെക്കുറിച്ചുള്ള ഓർമ്മകൾ  ഗ്രാമത്തിന്റെ നൈസർഗ്ഗീഗതയിൽ   ഞാൻ ആഘോഷിച്ചിരുന്ന  എന്റെ ബാല്യങ്ങളിലെ  നിറമുള്ള ക്രിസ്തുമസ്സ് രാവുകൾ ആണ് .
 
       കാലത്തിന്റെ തേരോട്ടത്തിൽ  നഗര ജീവിതത്തിന്റെ തീച്ചൂളകൾക്കിടയിൽ  ആ ക്രിസ്തുമസ്സ് രാവുകളുടെ നിറങ്ങൾ കൈമോശം വന്നിരിക്കുന്നു .

        എങ്ങോട്ടെന്നറിയാതെ നമ്മൾ ഓടുന്നു മുന്നോട്ടേക്ക്‌  മാത്രമുള്ള ആ നോട്ടത്തിൽ  നമ്മൾ കാണാതെ പോകുന്നത് ഇത്പോലെയുള്ള ക്രിസ്തുമസ്സ് രാവുകളുടെ സ്നേഹസ്പർശങ്ങൾ ആണ് .

          വട്ടെപ്പവും , ബീഫും സ്വപ്നം കണ്ടു  പാതിരാ കുർബ്ബാനക്ക് പള്ളിയിൽ പോയി  ഇരുന്ന് ഉറങ്ങിപ്പോയതും  ഇന്നും മനസ്സിനുള്ളിലെ  ഒരു നിറം വറ്റാത്ത ഓർമ്മ. ക്രിസ്സ്മസ്സ് കാലം വന്നാൽ  പിന്നെ കാരളുകൾ തന്നെ ഇന്നത്തെപ്പോലെ വെറും  ഇൻസ്റ്റന്റ് കാരലുകൾ  അല്ലായിരുന്നു അന്നുണ്ടായിരുന്നത്‌ .

         ഒരു ഗ്രാമം മുഴുവനും ഒന്നുചേരുന്ന ആഘോഷമായ കാരളുകൾ


       ''യഹൂദിയായിലെ .., ഒരു ഗ്രാമത്തിൽ .., ഒരു ധനുമാസത്തിൻ.." എന്നുള്ള ഗാനങ്ങൾ   എത്രയോ പുളകം കൊള്ളിച്ചിരിക്കുന്നു .  ബാല്യത്തിലെ ക്രിസ്സ്തുമസ്സ്  സന്തോഷങ്ങളിലേക്ക്  ഇനി തിരിഞ്ഞു നടക്കുവാൻ  ആവില്ലെന്നറിയാം .

        കാലത്തിന്റെ തേരോട്ടത്തിൽ  കാലം നമുക്ക് സമ്മാനിക്കുന്ന നഷ്ടവസന്തങ്ങൾ ..!

          ചിലത് നേടുമ്പോൾ മറ്റു ചിലത് നഷ്ടപ്പെടുന്നു .

  ഡിസംബറിലെ നനുത്ത കുളിരുപോലും കുറഞ്ഞു വന്നു കൊണ്ടിരിക്കുന്നു .

     പ്രകൃതി പോലും കാലത്തിനൊപ്പം ഒടുകയാണോ ? അതോ മനുഷ്യന്റെ വികൃതിയിൽ  പ്രകൃതിക്കും താളം തെറ്റുന്നതോ ?

          ചുവന്ന കുപ്പായവും കൂർത്ത തൊപ്പിയും അണിഞ്ഞ്  മാനുകൾ വലിക്കുന്ന വണ്ടിയിൽ  സാമ്മാനങ്ങളുമായി  ആകാശത്തു നിന്നും വരുന്ന സാന്റാക്ലോസ്‌  സത്യമോ .., മിഥ്യയോ ആകട്ടെ .

            മനസ്സിലുറഞ്ഞു പോയ ആ ക്രിസ്തുമസ്സ് സന്തോഷം സമ്മാനങ്ങളുമായി എല്ലാവരിലും എത്തിച്ചേരട്ടെ .

              ഈ ക്രിസ്തുമസ്സും  പുതുവർഷവും  എല്ലാവർക്കും  എല്ലാവിധ നന്മകളും  സൌഭാഗ്യങ്ങളും  പകർന്നു തരട്ടെ  എന്നാശംസിച്ചു കൊണ്ട് .

          ''ജിങ്കിൾ ...ബെൽസ് .., ജിങ്കിൾ ബെൽസ് .., ജിങ്കിൾ .., ആൾ ദ വേ ...''

           എന്ന കാരൾ ഗാനത്തിലൂടെ രാജാക്കൻമാരുടെ രാജാവിനെ നമുക്ക് വരവേൽക്കാനായി ഒരുങ്ങാം  .

            

0 അഭിപ്രായങ്ങള്‍