ദുരന്തത്തിന്റെ നടുക്കടലിൽ നിൽക്കുമ്പോൾ തിരിച്ചറിയുന്ന  ചില വലിയ  പാഠങ്ങൾ അല്ലെങ്കിൽ തിരിച്ചറിവുകൾ...
 
ഈ തിരിച്ചറിവുകളെ തിരിച്ചറിയുവാനും  ഒരു ദുരന്തം തന്നെ വേണ്ടി വന്നുവോ എന്നുള്ളതും ഇവിടെയൊരു  മറുചോദ്യമായിഉയർന്നു വരുന്നു  .

ജീവിതത്തിൽ നേരിടുന്ന ചിലയനുഭവങ്ങളാണ് പലപ്പോഴും നമ്മളെ തുറന്നു ചിന്തിപ്പിക്കാൻ  പ്രേരിപ്പിക്കുന്നതെന്നുള്ള താത്വീകമായൊരു വിശദീകരണത്തിലൂടെ  അതിന് അടിവരയിടാം.... അതുതന്നെയാണതിന്റെ  ശരിയും 

നൈമിഷികമായ ഈ ജീവിതത്തെ അമാനുഷികമായി നമ്മൾ  കാണുകയാണോ  ? 

ഞാൻ...,  ഞാൻ  മാത്രം, എനിക്കു മാത്രം  എന്നുള്ള സ്വാർത്ഥതയുടെ കൂട്ടിനുള്ളിൽ ഇരുന്നുകൊണ്ടാണോ നാം  ചുറ്റുപാടുകളെ നോക്കിക്കാണുന്നത്   ?  

കഴിഞ്ഞു പോയ തെറ്റുകൾക്ക് നേരെ ചോദ്യശരങ്ങൾ എറിയുകയോ  അതിനെ കീറിമുറിച്ച് വിശകലനം ചെയ്യുകയോ അല്ല അഭികാമ്യമായിട്ടുള്ളത് 

അതിലുപരി  തെറ്റുകൾ തെറ്റുകൾ തന്നെ ആയിരുന്നു എന്നുള്ള തിരിച്ചറിവിലൂടെ... ആ തെറ്റുകളെ മനസ്സിലാക്കുകയും ഒരു പൊളിച്ചെഴുത്തിലൂടെ  ജീവിതമെന്ന മഹത്തായ പ്രതിഭാസത്തെ  ഇനിയും എത്രയോ മനോഹരമാക്കാമെന്നുള്ള വലിയൊരു പാഠം കൂടിയാണ്  ഈ ദുരന്തം പകർന്നു  നൽകുന്നത് .

ഒരു ദുരന്തത്തിനു നടുവിൽ നിൽക്കുമ്പോൾ മനുഷ്യരുടെ കാഴ്ചപ്പാടുകൾ മാറുന്നുവെന്നു പറയുന്നതിൽ യാതൊരു അതിശയോക്തിയുമില്ലെന്ന് തന്നെ ഞാൻ കരുതുന്നു  

ഒരിടത്തു  നിന്നും ബോംബ് സ്‌ഫോടനങ്ങളുടെ പ്രതിധ്വനികളില്ല , അടുത്തവന്റെ രക്തത്തിനായി ദാഹിക്കുന്ന വിളറിപൂണ്ട ആക്രോശങ്ങളില്ല   രാഷ്ട്രീയ അരാജകത്വങ്ങളില്ല ... എല്ലാം തന്നെ നിശ്ചലമായിരിക്കുന്നു  

പ്രകൃതിയുടെ താണ്ഡവം ഡെമോക്ളോസിന്റെ വാൾ പോലെ  ജീവനുമേൽ തൂങ്ങിയാടുമ്പോൾ അവിടെ മാറ്റങ്ങൾക്ക് കാഹളം മുഴങ്ങുന്നു

അനശ്വരമായ  ജീവിതമാണ് മുന്നിലുള്ളതെന്ന വ്യാമോഹം നെഞ്ചിലേറ്റി   ഒരു ജീവിതകാലം  മുഴുവൻ സമ്പാദിച്ചു കൂട്ടിയതെല്ലാം മിഴി ചിമ്മുന്ന നേരത്തിനുള്ളിൽ  പ്രകൃതിയുടെ രോക്ഷത്തിൽ കുത്തിയൊലിച്ചു പോകുന്നത് നിസ്സഹായതയോടെ നോക്കിനിന്നുകൊണ്ട്   ജീവൻ മാത്രം മുറുക്കെപ്പിടിച്ച്  പാലായനം ചെയ്യുവാനേ മനുഷ്യനെന്ന അതിശക്തന് കഴിഞ്ഞുള്ളു  

അഹന്തകളും  സ്വപനങ്ങളും  പുറകിലുപേക്ഷിച്ച്...,  ഒരു ഭാണ്ഡക്കെട്ടുമായി രക്ഷാമാർഗം തേടിയുള്ള പാലായനം .

അതികായരെന്ന അമിത ആത്മവിശ്വാസത്തേയും   ഒരു കുമിള പൊട്ടിക്കുന്ന ലാഘവത്തോടെ പ്രികൃതി  ഊതിക്കളഞ്ഞിരിക്കുന്നു  .

മൂഢസ്വർഗ്ഗത്തിൽ നിന്നും തിരിച്ചിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 

ഇത്ര കാലം സമ്പാദിച്ചു കൂട്ടിവെച്ചതിനോ ഇനി  സമ്പാദിക്കുന്നതിനോ  ഒന്നും തന്നെ തന്നെ രക്ഷിക്കാനാകില്ലെന്ന സത്യം മനുഷ്യകുലം തിരിച്ചറിയുന്നു 

ലോകം കീഴടക്കാൻ ഇറങ്ങിപ്പുറപ്പെട്ടവന്റെ പതനം    

കണ്ണ് തുറപ്പിക്കാനും  സ്വന്തം രക്തത്തെ തിരിച്ചറിയുവാനും ഒരു ദുരന്തം വേണ്ടിവന്നുവെന്നുള്ളതാണ് സത്യം.

സ്വന്തം  സഹോദരന്റെ രക്തത്തിനായി  വിളറിപൂണ്ട് അട്ടഹസിച്ചിരുന്നവർ ആ സഹോദരന്റെ സഹായത്തിനായി കേഴുന്ന പ്രകൃതിയുടെ എഴുതപ്പെടാത്ത അലിഖിത നിയമം

അതാണ്‌ സത്യം 

ഉയരങ്ങളിക്ക് കുതിക്കുമ്പോഴും  വേരുകൾ  അടിയിൽ തന്നെയാണെന്നുള്ള സത്യത്തെ മറക്കരുത് എന്നുള്ളൊരു ഓർമ്മപ്പെടുത്തൽ കൂടി നമുക്കതു  പ്രധാനം ചെയ്യുന്നു.

ഒരു നാട് മുഴുവൻ രക്ഷക്കായി അലമുറയിടുമ്പോൾ  ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുടെ  കരച്ചിലുകൾ കേട്ട് കൂടെക്കരയുവാൻ കഴിയുന്ന വിധത്തിൽ എല്ലാവരുടെയും മനസ്സിനെ ഈ പ്രളയം നിർമ്മലമാക്കിയെടുത്തിരിക്കുന്നു  

കാണപ്പെടാത്ത സഹോദരങ്ങളുടെ നിലവിളി കേട്ടുകൊണ്ട്  അവരുടെ സഹായത്തിനായി പറന്നിറങ്ങുന്നവർ...,  അവരുടെ  കണ്ണീരൊപ്പുവാൻ അനേകായിരം കരങ്ങൾ  ഉയർന്നു വരുന്നു.

ഇതാണ് സ്നേഹം , കരുതൽ  , സാഹോദര്യം ,  മനുഷ്യത്വം .., 

മനുഷ്യകുലത്തിന് ..  അന്യം നിന്നുപോയ ഈ വികാരങ്ങളുടെ തിരിച്ചു വരവിന് ഒരു ദുരന്തം വേണ്ടിവന്നുവല്ലോ എന്ന് പരിതപിക്കുമ്പോഴും   ആഞ്ഞടിക്കുന്ന  കൊടുങ്കാറ്റിനു നടുവിലും അതൊരു  ആശ്വാസത്തിന്റെ  കുളിർ തെന്നലായി മനസ്സിനെ തണുപ്പിക്കുന്നു 

ഈ ലോകത്തിലെ  എല്ലാ ജീവികളും സ്നേഹമുള്ളവരാണ്  പിന്നെയെന്തു  കൊണ്ട് അവർ കാഠിന്യത്തോടെ പെരുമാറുന്നുവെന്നുള്ളത്  മനസ്സെന്ന പ്രഹേളിക പോലെ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിത്തന്നെ അവശേഷിക്കട്ടെ .

ശത്രുവെന്നോ , മിത്രമെന്നോ നോക്കാതെ  അടുത്തവനെ സഹോദരനായി മാത്രം   കാണുന്ന ഈ സ്നേഹം ലോകം ഉള്ളിടത്തോളം കാലം നിലനിൽക്കട്ടെ 

സഹജീവികളോടുള്ള സ്നേഹം മനസ്സിൽ വന്ന് നിറയുമ്പോൾ   അവിടെ മതങ്ങൾക്കും , ജാതിവേർതിരിവുകൾക്കും , രാഷ്ട്രീയ ചേരി തിരിവുകൾക്കും  സ്ഥാനമില്ലെന്നുള്ളതും  ലോകം തിരിച്ചറിയട്ടെ

എല്ലാത്തിനും അതീതമായി സ്നേഹം മാത്രം ... ഇനിയുമത്  ഉയരങ്ങളിലേക്കെത്തട്ടെ .

ഇപ്പോൾ...  ആരുടേയും  കൈകൾ സ്വന്തം സഹോദരന്റെ രക്തത്തിനായി ഉയരുന്നില്ല  ,അവർ  പരസ്പരം  ആക്രോശിക്കുന്നില്ല ..   

എല്ലാം തന്നെ നിലച്ചിരിക്കുന്നു  സ്വാർത്ഥ താല്പര്യങ്ങൾക്കുമേൽ പ്രകൃതി അതിന്റെ സംഹാര താണ്ഡവം എടുത്താടിയപ്പോൾ  ഇതെല്ലാം വ്യർത്ഥമായിരുന്നുവെന്നുള്ളത്  മനുഷ്യ കുലം  തിരിച്ചറിയുന്നു.

ഇത്രയും കാലം  അനുവർത്തിച്ചു പോന്നത്  അർത്ഥശൂന്യമായ  ഭൂതകാലത്തിന്റെ കറുത്ത ദിനങ്ങൾ മാത്രമായിരുന്നുവെന്നുള്ളതവർ   ഉള്ളിലേറ്റുന്നു .

നമുക്ക് പരസ്പരം സ്നേഹിക്കുവാനും സഹായിക്കുവാനും  ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ... സമ്പന്നനെന്നോ ദരിദ്രനെന്നോയുള്ള  വ്യത്യാസമില്ലാതെ പരസ്പരം കൈകോർക്കാനറിയുമെന്നും ഈ ദുരന്തത്തിലൂടെ  പ്രകൃതി പഠിപ്പിച്ചു തന്നിരിക്കുന്നു .

വിശപ്പകറ്റാൻ  അല്പം ഭക്ഷണത്തിനായി അലമുറയിടുമ്പോൾ  അവിടെയെവിടെ  ജാതി മത വർണ്ണ വർഗ്ഗ വിവേചന ചിന്തകൾക്ക് സ്ഥാനം ?

ഉള്ളിലടച്ചു വെച്ചിരുന്ന അഹംഭാവത്തിന്റെ ബിംബങ്ങളെ ..,പ്രകൃതി  കുത്തിയെടുത്ത് പുറത്തിട്ടു തന്നിരിക്കുന്നു  എറിഞ്ഞു കൊടുക്കുന്ന ഭക്ഷണ പൊതികൾക്കായി  കൈനീട്ടി യാചിക്കുമ്പോൾ  അതെവിടെ പാകം ചെയ്തുവെന്നോ .., ആര് പാകം ചെയ്തുവെന്നോ ആർക്കുമറിയേണ്ട  

ജീവൻ രക്ഷിക്കണേയെന്ന് മറ്റുള്ളവരോട് അലമുറയിട്ട് യാചിക്കുമ്പോൾ  അവിടെ ഇപ്പറഞ്ഞ തരംതിരിവുകൾക്ക് എന്തർത്ഥമാണുള്ളത് ?  

ആത്യന്തികമായി എല്ലാവരും ഒന്ന് തന്നെയെന്ന്  ഈ ഡിസാസ്റ്റർ നമുക്ക് കാണിച്ചു തന്നിരിക്കുന്നു .

ഇത്രയൊക്കയേ ഉള്ളൂ...ഈ ജീവിതം.

വെട്ടിപ്പിടിച്ചതും വെട്ടിപ്പിടിക്കുന്നതുമെല്ലാം വെറും നീർക്കുമിളക്ക് സമം 

ചെറിയൊരു മൊട്ടു സൂചി  മതി  അതിനെ ഇല്ലാതാക്കുവാൻ  

ഈ പ്രളയകാലം കഴിഞ്ഞ് പ്രത്യാശയുടെ പുതു കിരണങ്ങൾ ഉയരുമ്പോൾ  അഹന്ത ഇനിയും ഉള്ളിൽ തലയുയർത്താതിരിക്കട്ടെ അങ്ങനെ വന്നാൽ  മനസ്സൊന്ന് പുറകിലോട്ട് കൊണ്ട് പോകുന്നത് നല്ലതായിരിക്കുമെന്നുള്ള ഓർമ്മപ്പെടുത്തലായി  ഈ ദിനം നമ്മുടെ ഉള്ളിൽ പച്ചകുത്തിയതു പോലെ  പതിഞ്ഞു കിടക്കട്ടെ 

ഇന്നിലേക്കും..  നാളേക്കുമായി  ഇന്നലെകൾ കാണിച്ചു തന്ന പാഠമാണത് 

മനുഷ്യൻ ഒരു പുൽക്കൊടി നാമ്പിനു തുല്യമാണെന്നുള്ള യാഥാർഥ്യം  

ഇനി മുതൽ നമ്മുടെ കരങ്ങൾ ഉയരുന്നത്  വീണുകിടക്കുന്നവനെ  ഉയർത്തുവാനാകട്ടെ .., ആഹാരം കിട്ടാത്തവനെ  ഊട്ടുവാനാകട്ടെ  ..




0 അഭിപ്രായങ്ങള്‍