ഭാര്യയുടെ വകേലൊരു  ബന്ധു  വരുന്നുണ്ടത്രേ  .. അതോടെ  ഒരാഴ്ചയായി  എനിക്കൊരു ഇരിക്കപ്പൊറുതിയും ഭാര്യ  തരുന്നില്ല  

അങ്ങേര് ..

അങ്ങേരെന്നുദ്ദേശിച്ചത് ഈ വരുന്ന മാന്യദേഹത്തെയാണ്  

ഞാൻ അങ്ങേരെന്ന് അഭിസംബോധന ചെയ്തതേ ഭാര്യക്ക് പിടിച്ചിട്ടില്ലെന്നാ  മുഖഭാവം കണ്ടത്തന്നെ അറിയാം  എന്തെങ്കിലും ഇഷ്ടക്കേടുണ്ടെങ്കി ഭാര്യയുടെ ചുണ്ടും അതിനൊപ്പം കുറച്ചു മുഖവും അങ്ങ് വലത്തോട്ട് ചെവിടിനോട് സ്വകാര്യം പറയുന്ന കൂട്ട് കേറിപ്പോകും 

അങ്ങേരെന്നു പറയുന്നതിനു പകരം ബഹുമാന പുരസ്സരം അദ്ദേഹമെന്നു വിളിക്കണമെന്നാണ് ഭാര്യയുടെ  പക്ഷം 

ശരി ആയിക്കോട്ടെ അന്നാലെങ്കിലും ചെവിട്ടിലോട്ട് കേറിപ്പോയ ചുണ്ടും മുഖവും തിരിച്ചിറങ്ങുമല്ലോ 

കഴിഞ്ഞയാഴ്ച അയൽക്കാരൻ  സുധാകാരനുമായി  വഴുക്കുണ്ടായപ്പോ അവനെന്നെ മരങ്ങോടാന്നാ വിളിച്ചത് അത് കേട്ട് ഇവൾക്ക് യാതൊരു പരിഭവവും ഉണ്ടായില്ല എന്നു മാത്രമല്ല വാ പൊത്തി ചിരിക്കേം ചെയ്തു

അപ്പളൊന്നും ഇവളുടെ ഈ ആദരം ഞാൻ കണ്ടില്ല അത് പോട്ടെ ഒന്ന് സഹായിക്കാനെങ്കിലും വന്നൂടെ സുധാകരനും അവന്റെ ഭാര്യയും ഇടവും വലവും നിന്നാ അന്നെന്നെ പൊരിച്ചത്  

പോറ്റുന്ന നമ്മളെ എന്തു വിളിച്ചാലും കുഴപ്പമില്ല .. അവൾക്ക് വേണ്ടപ്പെട്ടരെ ബഹുമാനപുരസ്സരം വിളിച്ചില്ലെങ്കിൽ മാത്രേ പ്രശ്നമുള്ളൂ  

ഞങ്ങളെ കുറെ സഹായച്ചതാണ് അത്കൊണ്ട്  നമുക്ക് വളരെ കാര്യമായിട്ടു തന്നെ  സ്വീകരിക്കണമെന്നൊക്കെ പറഞ്ഞാണ് ഒരാഴ്ചയായിട്ട് എന്റെ ഉറക്കം കളഞ്ഞു കൊണ്ടിരിക്കുന്നത്  

ഭാര്യവീട്ടുകാർക്ക്  സഹായം ചെയ്തു കൊടുത്തീട്ടുണ്ടെന്നു കരുതി  മരുമകനായ ഞാൻ,  ആ  വരുന്ന മാന്യദേഹത്തിനു മുന്നിൽ തല ചൊറിഞ്ഞു നിൽക്കണ്ട കാര്യമുണ്ടോ  ..?

ആളങ്ങു  ദുബായിന്നാണ് വരുന്നതെത്രെ 

ഭാര്യ ദുബായിന്ന് പറയുന്നത്  കേട്ടാതന്നെ ഉടുമുണ്ടിന്റെ കുത്തഴിച്ചിട്ട് നമ്മളും ബഹുമാനത്തോടെ ഓച്ഛാനിച്ചു നിക്കും .

ഏതായായാലും അവരുടെ  വി വി ഐ പി ഗസ്റ്റ് വരുകയല്ലേ  നമുക്കുമാ  രീതിയിയിലങ്ങു പുള്ളിക്കാരനെ  സ്വീകരിക്കാം 

ആളെങ്ങനെ വെള്ളമടിക്കോടി  ..?, 

സാധാരണ ഗസ്റ്റ് വരുണൂന്ന്  കേട്ടാ  നമ്മള്   ചോദിക്കണ ചോദ്യല്ലേ അത്   ആ പേരില് നമുക്കും രണ്ടെണ്ണം പൂശാലോ ?

അവള് അപ്പനോട് ചോദിച്ചിട്ട് പറയാന്നാ പറഞ്ഞത്

അങ്ങനെ അവള് തന്ന ലിസ്റ്റ് കണ്ട്  എന്റെ ശ്വാസം നിന്നില്ലാന്നേയുള്ളൂ  ആള് ദിവസോം  രണ്ടെണ്ണം  വിടൂത്രെ .., അത് സാധാരണ ഐറ്റമൊന്നുമല്ല ,  ബക്കാർഡിയാണ്  ആളുടെ ഫേവറിറ്റ് .. ബക്കാർഡി ഇല്ലെങ്കിൽ ആള് അന്ന് ഭക്ഷണം പോലും കഴിക്കത്തില്ലാന്ന് .

ഒരു പ്രാവശ്യം ബക്കാർഡി കിട്ടിയില്ലാന്നും പറഞ്ഞ് വേലക്കാരൻറെ തല തല്ലി പൊട്ടിച്ചതാ  

പിന്നെ  പോലീസ് കേസായി , അവസാനം ഇരുപത് ബക്കാർഡി വാങ്ങണ കാശ്  കൊടുത്തിട്ടാ  ഒരു വിധത്തില് കേസീന്ന്  ഊരിത്.

ചുരുക്കിപ്പറഞ്ഞാ  വെള്ളമല്ല .., വെള്ളത്തിന്റെ കന്നാസടക്കം പൂശുന്ന അസ്സല് വിദ്വാനാ വരുന്നത് കൂടാതെ ആളൊരു അക്രമാസക്തനും  

ഈ മുഴു ഭ്രാന്തന്റെ വീട്ടില് ജോലീം വേണ്ട , കൂലീം വേണ്ടാ ., ജീവൻ മാത്രം മതീയേന്നും അലറിവിളിച്ചിട്ടാ വേലക്കാരനന്നോടിയത്

ഭാര്യ ഇതിലൂടെ പരോക്ഷമായി എനിക്കൊരു വാണിംഗ് തന്നതാണോയെന്നൊരു സംശയം കൂടി എന്നിൽ ബലപ്പെട്ടു .

മര്യാദക്ക് ബക്കാർഡി വാങ്ങിക്കൊണ്ട് വന്ന് വച്ചോ , വെറുതേ തല തല്ലിപ്പൊളിപ്പിക്കേണ്ടാ എന്നവൾ പറയാതെ പറഞ്ഞു വെച്ചതു പോലെ.

കഴിക്കോന്ന് ചോദിച്ചത് പുലിവാലായിപ്പോയോ ? 

ഇനി പുള്ളിക്കാരനാണെന്നും പറഞ്ഞ് അമ്മായപ്പന് പൂശാനാണോ ? അമ്മായപ്പൻ നല്ല പൂശലുകാരനാ ഒരു ഫുള്ള് ഒറ്റക്കടിച്ചാലും ആള്  കരിവീട്ടി പോലെ നിക്കും 

ഞാനാണെങ്കീ  ഒരു പെഗ്ഗ് അടിച്ചാതന്നെ  കാറ്റത്ത് ആടുന്ന വാഴയില പോലെയാവും  പിന്നെന്താ പറയണെന്ന് എനിക്കെന്നെ ഒരു ബോധോം ഉണ്ടാകാത്തില്ല .

ഒരു പ്രാവശ്യം തെക്കേതിലെ പട്ടാളക്കാരൻ  സുകുമാരേട്ടൻ എന്നെ കമ്പിനിക്ക് വിളിച്ചതാ 

കാശു ചിലവില്ലാത്ത  കാര്യല്ലേ.., അതോടൊപ്പം സുകുമാരനേട്ടന്  ഒരു സന്തോഷാവൂം  എന്നൊക്കെ കരുതിയാണ് ഞാൻ പോയത് 

അങ്ങേരാണെങ്കി ആരും കൂട്ടിനില്ലെങ്കി ഒരു തുള്ളി പോലും തൊണ്ടേന്ന് ഇറക്കാത്ത മഹാമനസ്കനും കൂടിയാണ് 

ഞാൻ കമ്പിനി കൊടുക്കാണ്ട് ഇനിയാ പാവം കഴിക്കാതിരിക്കേണ്ട എന്നുള്ളൊരു നല്ല മനസ്സിന്റെ പുറത്തുകൂടിയാ  ഞാൻ പോയത്

ഒരു പെഗ്ഗില് വെള്ളമൊഴിച്ച്  പതിയെ മൊത്തി മൊത്തി കുടിക്കുന്ന  പരമ്പരാഗത സമ്പ്രദായത്തോടൊന്നും യാതൊരു പ്രതിപത്തിയുമില്ലാത്ത ആളാണ് സുകുമാരേട്ടൻ 

ഒറ്റ വെട്ട് രണ്ടുമുറി അതാണ് അങ്ങേരുടെ പോളസി അത് മദ്യമാണെങ്കിലും എന്താണെങ്കിലും  

ആ ശാസ്ത്രത്തിന്റെ പുറത്ത് അങ്ങേര്   രണ്ടു പെഗ്ഗ് ഒരുമിച്ചൊഴിച്ച് ഒറ്റ  വലി  , 

ഏതാണ്ട് സർബത്ത് കുടിക്കുന്ന പോലെയാ എനിക്കത് കണ്ട് തോന്നിയത്   

ആശ തോന്നി ഞാനും അത് പോലെ ഒരു വലി വലിച്ചതാ

അതിനുമുന്നെ സുകുമാരേട്ടൻ എന്നെ കേറി വട്ടം പിടിച്ചു  

എടാ  ..പരിചയമില്ലാണ്ട്  ഇങ്ങനെ ഒരുമിച്ച് കഴിക്കണ്ടാട്ടാ

ഒന്ന് പോ  സുകുമാരേട്ടാ ഇതൊക്കെ എത്ര കണ്ടിരിക്കണൂ 

അത് കേട്ടപ്പോ ആൾക്കും ഒരു സമാധാനമായി ഞാൻ കാറ്റത്ത് ആടുന്ന വാഴയിലയാണെന്ന് ആ പാവത്തിന് അപ്പഴും മനസ്സിലായില്ല  

ചിയേർസ് പറഞ്ഞ് ഞാൻ  സുകുമാരേട്ടൻ കണക്കെ ഒറ്റ വലിയാ പക്ഷേ  ഗ്ളാസ്സ് പകുതിയായില്ല അതിനുമുന്നേ  ദേ കിടക്കണൂ വെട്ടിയിട്ട പോലെ താഴെ  

ശ്വാസമില്ലാതെ കിടക്കുന്ന എന്നെ കണ്ട്  സുകുമാരേട്ടൻ  പേടിച്ച്  ഓടിപ്പോയി

പട്ടാളത്തീന്ന് ലീവിന് വന്ന് പോലീസ് സ്റ്റേഷനിലേക്ക് പോകേണ്ടിവരുമെന്നോർത്താ ആ പാവം പാഞ്ഞത്    

രണ്ട് ദിവസം കഴിഞ്ഞിട്ടാ എനിക്ക് ബോധം  വന്നത്  

അതോടെ എന്നെ  മാത്രമല്ല  കമ്പനിക്ക്  വിളിക്കുന്ന  പരിപാടിയേ  സുകുമാരേട്ടൻ നിറുത്തി, വെറുതേ ഉപകാരം ചെയ്യാൻ പോയി പോലീസിന്റെ ഇടി കൊണ്ട് ചാവണ്ടല്ലോ 

അണ്ണാൻ ചാടുന്ന കണ്ട് മണ്ണാൻ ചാടാൻ പാടുണ്ടോന്നാ എന്നെക്കണ്ട്   സുകുമാരേട്ടൻ ചോദിച്ചത് 

ഇയാളിപ്പോഴെന്തിനാ അണ്ണാൻറേം മണ്ണാൻറേം കാര്യം  പറയാണെന്നാ ഞാൻ ചിന്തിച്ചത് 

വെറുതേ സഹായം ചെയ്യാൻ പോയി കൊലപാതകത്തിന് അകത്തുകിടക്കണ്ടല്ലോ എന്ന് സുകുമാരേട്ടൻ കരുതിയതില് യാതൊരു തെറ്റും പറയാൻ പറ്റത്തില്ല 

ഇപ്പൊ ലീവില് വരുമ്പോ ആള് ഒറ്റക്കിരുന്ന് അടിക്കാറാ പതിവ് 

കൈയ്യിലിരിക്കുന്ന കാശ് കൊടുത്ത് വെറുതേ മനഃസ്സമാധാനക്കേടും കൂടി വാങ്ങി വെക്കണ്ടല്ലോ

ഞാനാണെങ്കി  ജീവിതത്തില് ഈ ബക്കാർഡിന്ന് പറഞ്ഞ സാധനം  കണ്ടിട്ട് കൂടിയില്ല   ഇനി ബക്കാർഡി കിട്ടിയില്ലാന്നും പറഞ്ഞ് അങ്ങേര് .., ക്ഷമിക്കണം അദ്ദേഹം ...എന്റെ തലയെങ്ങാനും  തല്ലി പൊട്ടിക്കോവോ  ? 

അല്ലെങ്കിൽ  തന്നെ പെട്ടത്തലയാ .., ഓങ്ങുമ്പോഴേക്കും അവൻ തനിയേ  പൊട്ടിക്കോളും  മുടിയുണ്ടായിരുന്നെങ്കീ ഒരു ചെറിയ തടയെങ്കിലും ഉണ്ടായേനേ .

ഇയാള് വരുന്ന  ദിവസം തലയിൽ ഹെൽമെറ്റ് വെച്ച് നടക്കായിരിക്കും എന്റെ ജീവന് സുരക്ഷിതം

ഏതായാലും ഭാര്യ പറഞ്ഞതല്ലേ ..., ബക്കാർഡി മാത്രം കഴിക്കുന്ന ആളല്ലേ.., ഇനി മാറ്റിക്കൊടുത്ത് വല്ല വയറിളക്കമോ മറ്റോ വന്നാ  ആ പഴിയും ഞാൻ തന്നെ  കേക്കേണ്ടി വരും,  ഭാര്യയുടെ മുഖം വീണ്ടും ചെവിടിനോട് സ്വകാര്യം പറയാൻ പോവുകേം ചെയ്യും   

പക്ഷേ ബക്കാർഡിടെ വില കേട്ടതോടെ  ഞാൻ ശരിക്കും ഞെട്ടി .., 

ഞമ്മക്ക് താങ്ങൂല്ലാ...   .

അല്ലെങ്കീ തന്നെ ശമ്പളം കിട്ടിയതിന്റെ പിറ്റേന്ന്  തൊട്ട് അടുത്ത മാസത്തെ  ശമ്പളത്തിയതി കലണ്ടറിൽ നോക്കിയിരിക്കുന്നതാ എന്റെ കാര്യം   .

ശമ്പളം കൊടുക്കുന്ന അന്ന് മാനേജരുടെ ഒരു നോട്ടം കാണണം 

ഊം ..ഇന്ന് അടിപൊളിയാല്ലേ ''? 

അയാളുടെ ചോദ്യം കേട്ടാ കൈവീശി ഒന്ന് പൊട്ടിക്കാൻ  തോന്നും .., ഏതാണ്ട് ഒരു കോടി രൂപാ തരുന്ന പോല്യാ വർത്താനം .

ആ ശമ്പളത്തീന്ന് രണ്ട് ബക്കാർഡി വാങ്ങ്യ  ട്രൗസറ് കീറും

ഇത് വല്യ പുലിവാലായല്ലോ..? വല്ലോടുത്തും വിരുന്നിനു വരുന്നതും  പോരാ ഇതെന്നെ കിട്ടണന്ന് വാശിപിടിക്കണതും  ഇനി കിട്ടിയില്ലെങ്കീ വീട്ടുകാരന്റെ തല അടിച്ചു പൊളിക്കാന്നും വെച്ചാ എന്താപ്പാ ചെയ്യാ ?

ഇത് ഏതെങ്കിലും തലയല്ല  ആ വീട്ടുകാരന്റെ തല എന്റെ തലയായത് കൊണ്ട് എനിക്ക് നല്ല പേടിയുണ്ട്  .

ഭാര്യയോട്  എന്തെങ്കിലും പറഞ്ഞ് അയാളെ ഒഴിവാക്കാൻ പറഞ്ഞിട്ടും ഒരു  രക്ഷയുമില്ല അവള് ഒറ്റക്കാലിൽ തന്ന്യാ  

എന്റെ തല അടിച്ചു പൊളിച്ചാലും കുഴപ്പമില്ല  അവൾക്ക് അയാള് വീട്ടി വന്നാമതീന്ന് മൂന്ന് തരമായിട്ടാ നിൽക്കണത്  .

ഞങ്ങൾക്ക് എന്തോരം ഉപകാരം ചെയ്ത ആളാണെന്നറിയോ...? 

ചെവിട്ടില് മൂട്ട പോയതു മാതിരി ഈ സംഗതി തന്ന്യാ അവളെപ്പോഴും  പിറുപിറുത്തോണ്ടിരിക്കണത്    

അതിന് ഞാൻ എന്റെ തല ബലിയാടാക്കാണോ?  

ഞാനത് മനസ്സിലാ ചോദിച്ചത്  

അവളുടെ വിചാരം ഞാൻ വല്യൊരു  ആളാന്നാ .., ആ കുമിള അങ്ങിനെ തന്നെ വീർത്ത് നിന്നോട്ടെ

സുഹൃത്തിനോട് പറഞ്ഞപ്പോ അവനാണ്  ഒരു  ഐഡിയ പറഞ്ഞു തന്നത്  

പക്ഷേ .., സംഗതിയല്പം കടന്ന കൈയ്യാ 

ഭാര്യവീട്ടുകാർക്ക്  ഇത്രയും സഹായം ചെയ്ത ആളോട്  തന്നെ ഇത് ചെയ്യാണോ എന്ന് ആലോചിക്കുമ്പോ മനസ്സിലൊരു  വിമ്മിഷ്ടം പക്ഷേ കാശിന്റെ കാര്യം  ആലോചിക്കുമ്പോ  സത്യസന്ധത  കുറച്ച് നേരത്തേക്ക് മാറ്റിവെക്കാ എന്റെ പോക്കറ്റിന് നല്ലത്.

ബക്കാർഡിടെ  കാലി ബോട്ടില് സംഘടിപ്പിച്ചു തരാമെന്ന് അവനേറ്റു പിന്നെ നല്ല വാറ്റും ..,ഇപ്പൊ കാര്യം ഒരുമാതിരി എല്ലാവർക്കും മനസ്സിലായല്ലോല്ലേ  ..?

എന്നാലും എനിക്കൊരു പേടി 
 
എന്റെ ഭായി അയാളിതൊക്കെ  ഡെയിലി കഴിക്കണതാ  നമ്മളീ വാറ്റ് ചാരായം  ബക്കാർഡി ടെ കുപ്പീല് ഒഴിച്ച് കൊടുത്താ അങ്ങേർക്കിത് മനസ്സിലാവത്തില്ലേ ?  നാറ്റക്കേസാവും .., അത് പോട്ടെ മര്യാദക്ക് ഇരിക്കുന്ന എന്റെ തല അയാൾക്ക് അടിച്ചു പൊട്ടിക്കാൻ കൊടുക്കണോ?  

പിന്നെ മുഖത്ത് നോക്കാൻ വരെ പറ്റത്തില്ല .

വല്ല വിലകുറവിന്റെ ജവാനോ വെട്ടിരുമ്പോ ഒക്കെ വാങ്ങിക്കൊടുത്താപ്പോരേ 

നിന്റെ വീട്ടുകാരുടെ മുന്നില് നാണം കെടണോ ? എന്നുള്ള അവന്റെ ചോദ്യം എന്റെ ആത്മാഭിമാനത്തിലാണ് വന്ന് തറച്ചത് 

നീ ധൈര്യമായിരിക്ക്  ഈ  വാറ്റും ബക്കാർഡിടെ ടേസ്റ്റും തമ്മില് വല്യ വ്യത്യാസമൊന്നുമില്ല . എത്രെ വല്യ  കുടിയനായാലും  മനസ്സിലാവത്തില്ലാന്ന് ..

സുഹൃത്ത്  അതിലൊരു എക്സ്പെർട്ട് ആയതുപോലെ...  ബക്കാർഡിയും വാറ്റും എന്നുള്ള വിഷയത്തില്   വാചാലനായി മാറി 

പിന്നെ രണ്ടു കാര്യം ശ്രദ്ധിക്കണം , കുപ്പി നീയേ പൊട്ടിക്കാവൂ പിന്നെ കോളയൊഴിച്ചേ കൊടുക്കാവൂ

അങ്ങേര് വെള്ളം ഒഴിച്ച് അടിക്കുന്ന ആളാണെങ്കിലോ ?

എടാ ആദ്യ റൌണ്ട് കുറച്ച് കനത്തില് അങ്ങേര് പറയുന്നതിന് മുന്നേ  കോളയൊഴിച്ചങ്ങു കൊടുക്ക് ..,  പെട്ടെന്ന് ഒഴിച്ചു കഴിഞ്ഞാ പിന്നെ അങ്ങേര് ഒന്നും പറയത്തില്ല

സംഗതി സുഹൃത്തിന്റെ  ഉപേദശം കേട്ടതോടെ,  ആ ആശയം വല്യ  കുഴപ്പമില്ലാത്തതാണെന്ന് എനിക്കും തോന്നിത്തുടങ്ങി   ഏതായാലും അവൻ കഴിച്ചത് കൊണ്ടാണല്ലോ ഇങ്ങനെ ഒരു ഐഡിയ എന്റെ അടുത്ത് പറഞ്ഞു തരുന്നത്  

പിന്നെ ഞാനിവന് എന്തെങ്കിലും  ദ്രോഹമൊന്നും  ചെയ്തതായിട്ട് എന്റെ  ഓർമ്മയിലില്ല അതോണ്ട്  എന്റെ തല അടിച്ചു പൊട്ടിക്കുന്നതിന് കൂട്ടു നിൽക്കേണ്ട  കാര്യവും  അവനില്ല .

മാത്രമല്ല  ഞാനവന് കുറച്ച് പൈസയും കൊടുക്കാനുണ്ട് അത് കൊണ്ട് എനിക്ക് ദോഷം വരുന്ന  കാര്യമൊന്നും അവൻ ചെയ്യത്തില്ല അറ്റ്ലീസ്റ്റാ  പൈസയുടെ കാര്യം ഓർത്തെങ്കിലും .

എന്നാലുമൊരു ആധി  ചീറ്റി പോയാ വല്യ നാറ്റക്കേസാവും മുഖത്ത് നോക്കാൻ തന്നെ പറ്റത്തില്ല   പിന്നെ ഞാൻ ആശുപത്രീലുമാവുമെന്നുള്ളത് അച്ചട്ട്

ബക്കാർഡി കിട്ടാത്തതിന് വേലക്കാരന്റെ തല അടിച്ചു പൊളിച്ച ആളാ ..,

അപ്പൊ ബക്കാർഡിടെ കുപ്പീല് വാറ്റ് ചാരായും ഒഴിച്ചു കൊടുത്തൂന്നറിഞ്ഞാ  തലയാവില്ല അടിച്ചു പൊട്ടിക്കാ

അതാലോചിച്ചപ്പോഴേ ഞാൻ ഞെട്ടി

അങ്ങിനെ ദുബായീന്ന് പുള്ളിക്കാരൻ ലാൻഡായി  

ഞാനാണെങ്കീ അദ്ദേഹത്തേയും നോക്കി ഒരു ബക്കാർഡിം   കൈയ്യിൽ പിടിച്ചോണ്ടാ  നിൽപ് 

ഒരു ആറ് ആറര അടി പൊക്കത്തിലൊരു ആജാന ബാഹു .

ആളെ കണ്ടതോടെ തന്നെ എന്റെ സങ്കൽപ്പത്തിനു  മേൽ കോടാലി വീണു 

ദുബായി അല്ലേ..,  സഹായിക്കുന്ന ആൾ അല്ലെ..., അപ്പൊ  ഒരു സൗമ്യ ഭാവമാണ് ഞാൻ പ്രതീക്ഷിച്ചത് 

ഈശ്വരാ  ഇതൊരു ഘടോൽക്കചനാണല്ലോ ?

പുള്ളീടെ ശരീര ഭാഷക്ക് ഒരു കേസ് ബക്കാർഡി അടിച്ചാലും ഒരു മൂലക്ക് പോലുമെത്തത്തില്ല 

അങ്ങിനെ സമയം കൊഴിഞ്ഞു വീണു എല്ലാർക്കും ഉത്സാഹം,  എനിക്കു മാത്രം വിറയലോട് വിറയൽ 

രാത്രിയായി എല്ലാവരും വട്ടം കൂടി
അമ്മായപ്പനാണെങ്കീ ബക്കാർഡി കൊണ്ട് വാ ., ബക്കാർഡി കൊണ്ട് വാ ന്ന് മുറവിളി തുടങ്ങി , അങ്ങേരുടെ പരാക്രമം കണ്ടാ ഇത് അങ്ങേർക്ക് കുടിക്കാൻ വാങ്ങിപ്പിച്ചതാന്നു തോന്നും

അല്ല ഞാൻ കൊണ്ടുവന്നിട്ടുണ്ട് നമുക്ക് അത് പൊട്ടിച്ച പോരേ?

അങ്ങേര് ഡീസന്റായിട്ടാ ചോദിച്ചത്  

ഞാൻ മതീന്ന് പറയാൻ വാ തുറക്കുമ്പോഴേക്കും  അമ്മായപ്പൻ ചാടി ക്കേറി പറഞ്ഞു ..

വേണ്ട .., വേണ്ട ഇവൻ സ്‌പെഷലായിട്ട്  ഇവിടെ വാങ്ങി വെച്ചിട്ടുണ്ട് ..,എന്റെ രാജാ നീ വരുണൂന്നറിഞ്ഞു മുതൽ എന്റെ മരുമകൻ നിലത്തു നിന്നിട്ടില്ല 

അയ്യോ എപ്പോ.. ഞാനതു കേട്ട് ഞെട്ടി

ഇങ്ങേർക്കിതിന്റെ  വല്ല കാര്യമുണ്ടോ ?

അമ്മയപ്പന്റെ പൊക്കിയടി കേട്ട്  അദ്ദേഹം എന്നെ സ്നേഹപൂർവ്വം നോക്കി 

അടുത്ത ഏതാനും നിമിഷങ്ങൾക്കുള്ളിലാ സ്നേഹഭാവം മായും അവിടെ നിന്നും  അഗ്നി വർഷമാകും ഉണ്ടാകാൻ പോകുന്നത് 

ബക്കാർഡി എടുത്ത് വരുമ്പോഴേക്കും എന്റെ  കൈയ്യും കാലും കിടന്ന് വിറ തുടങ്ങി കള്ളത്തരമെങ്ങാനും പൊളിയോ  ? സ്ഥിരം  ബക്കാർഡി കഴിക്കുന്ന ആളാണ്  

എന്റെ കഷ്ടകാലത്തിന് അങ്ങേരിതെങ്ങാനും കണ്ടുപിടിച്ചാ ..,   ഒരു ഇടി ഇടിക്ക പോലും  വേണ്ടാ അതിനു മുന്നേ തന്നേ   എന്റെ കാറ്റു പോവും നമ്മുടെ തരാത്തരക്കാരാണെങ്കീ ഒന്ന് പിടിച്ചെങ്കിലും  നിക്കാം  ഇത് ദാവീദും ഗോലിയാത്തും പോലെയുള്ള അന്തരമാണ് .

ഞാൻ  വാതിലും ജനലുമൊക്കെ  തുറന്നിട്ടു അപകടം വന്നാ ഓടിയെങ്കിലും  രക്ഷപ്പെടാലോ ?

പക്ഷെ ഭാര്യ ചീറിക്കൊണ്ട് ഓടി വന്നതങ്ങു  അടച്ചു കളഞ്ഞു 

നിങ്ങളെന്ത് മനുഷ്യനാ ആരെങ്കിലും കാണില്ലേ ?

അവളാ ജനവാതിലും കൂടി അടച്ചു കളഞ്ഞു .,

ഈശ്വരാ ഓളിയിട്ടാ പോലും ആരും കേക്കത്തില്ല

അവസാന കൈയ്യിന് പുണ്യാളൻമാരെ നോക്കി കാത്തോണേന്ന് പറയുമ്പോഴേക്കും  ഞങ്ങൾക്കിതിൽ പങ്കില്ലാന്നും പറഞ്ഞോണ്ട്  പുണ്യാളൻമാരും തല തിരിച്ചു.

ദേഷ്യം മൂത്ത് ചിലപ്പോ  ആ ബക്കാർഡിയുടെ കുപ്പിയെടുത്തിട്ടായിരിക്കും  അങ്ങേരെന്റെ തലക്കടിക്കുന്നത്   

ഭാര്യയുടെ മുന്നിലൂടെ അടിയും വാങ്ങി ഓടേണ്ടി വരുമോ  ?

ഭാര്യ എന്നെ നോക്കി കണ്ണു കാണിച്ചു ..

അത്കണ്ട് എനിക്ക് നാണായി 

എന്താ ഇവള് ആൾക്കാരുടെ മുന്നിൽ വെച്ചിങ്ങനെ 

ഞാൻ അവിടെ ചൂളി നിന്നപ്പോളാ അവള് കണ്ണുരുട്ടിക്കാണിച്ചത്

അപ്പോഴാണ്  എനിക്ക് കാര്യം മനസ്സിലായത് സാധനം എടുത്തോണ്ട് വരാനുള്ള സിഗ്നലാന്ന്  

ഞാൻ ഓടിപ്പോയി ബക്കാർഡി എടുത്തു  പൊട്ടിച്ച് പുള്ളിക്കാരന്റെ ഗ്ലാസ്സിലേക്കൊഴിച്ചു  പുള്ളിക്കാരൻ പറയുന്നതിനു മുന്നേ ഒരു  കൊക്ക കോളയും പൊട്ടിച്ച് അതിന്റെ കൂടി ഒഴിച്ചു കൊടുത്തു  .

വെരി ഗുഡ് , വെരി ഗുഡ് , ഇരിക്കൂ

അപ്പോഴാ ഞാൻ അതോർത്തത് എല്ലാവരും ഇരിക്കാണ്  ഞാൻ മാത്രം നിൽക്കുന്നുണ്ട്   

പേടി കൊണ്ട് ഞാനൊരു വേലക്കാരനായി  മാറി ഓച്ഛാനിച്ചു നിൽപ്പാ   .

ഇത്രയും ബഹുമാനമൊന്നും എന്നോട് വേണ്ട കേട്ടോ

സത്യത്തിൽ ബഹുമാനം കൊണ്ടൊന്നുമല്ല അടിക്കാൻ വന്നാ ഓടാൻ എളുപ്പത്തിനു  നിൽക്കുന്നതാ നല്ലത്

മരുമകനാണെന്ന്  ഞാൻ പറയത്തേയില്ല  ,എന്റെ മകനെപ്പോലെയാ 

അമ്മായപ്പനാ....

ബക്കാർഡി കണ്ടതോടെ  അങ്ങേര്  കളം മാറ്റി ചവിട്ടി,  എന്നോട് ഒരു പ്രത്യേക സ്നേഹം

ഒരു സിപ്പടിച്ച് ആളെന്റെ  മുഖത്തേക്കൊന്ന്  സൂക്ഷിച്ചു നോക്കി

ഈശ്വരാ അങ്ങേർക്കു  മനസ്സിലായി  .., 

എന്തും നടക്കും ചീത്ത പറഞ്ഞാലും കുഴപ്പമില്ല  അടിക്കാതിരുന്നാ  മതിയായിരുന്നു  

എന്നെക്കൊണ്ട് തിരിച്ചടിക്കാൻ പറ്റത്തില്ല  ഓടേണ്ടി വരും  ഞാനവിടെ നിന്ന് വിയർത്തു

ഭാര്യയുടെ മുഖത്ത് ഇനിയീ  ജന്മം നോക്കാൻ പറ്റത്തില്ല .., അയാളെ പറ്റിച്ച കാര്യം ഓർത്തിട്ടൊന്നുമല്ല  അയാള് അടിച്ചാ എനിക്ക് തിരിച്ച് അടിക്കാൻ പറ്റത്തില്ല .., അതെന്നെ .., 

ഞാൻ വല്യ കരാട്ടെയെന്നൊക്കെയാ ഭാര്യയോട് പറഞ്ഞു വെച്ചിരിക്കുന്നത്  അതെല്ലാം ഇന്ന് പൊളിയും

ഒരു ചപ്പടാച്ചിക്ക് തിരിച്ചടിക്കാൻ നോക്ക്യാ അത് കൂടുതൽ പ്രശ്നാവും , എന്നെക്കൊണ്ട് അയാളെ ഒന്നും ചെയ്യാൻ പറ്റത്തില്ല അത്രേം അന്തരം ഉണ്ട് കിട്ടീത് വാങ്ങി മിണ്ടാതിരിക്കാ നല്ലത്  

ചപ്പടാച്ചി കാണിക്കാൻ പോയി അങ്ങേരെ പ്രകോപിപ്പിച്ചാ  ചിലപ്പോ കൂടുതലിടി കിട്ടും ചിലപ്പോ അമ്മായപ്പനും അങ്ങേരുടെ കൂടെ കൂടി എന്നെ ഇടിക്കും 

ഒർജിനൽ ബക്കാർഡിയാണെന്നും കരുതിയാ അങ്ങേരീ സ്നേഹമൊക്കെ വാരിക്കോരി തരുന്നത് 

ഇതെവിടുന്നാ വാങ്ങിയത്

നമ്മുടെ സുഹൃത്തിനോട് പറഞ്ഞപ്പോ അവനൊപ്പിച്ചു  തന്നതാ സാറേ ..  

ഞാനാകെ  വിക്കിയിട്ടാ പറഞ്ഞത്

അയ്യോ എന്നെ സാറെന്നൊന്നും വിളിക്കാതെ 

അങ്ങനെയെങ്കിലും ഇടിയുടെ അളവു കുറഞ്ഞു കിട്ടിയാലോയെന്നുള്ള പ്രതീക്ഷയിലായിരുന്നു ഞാൻ

ആ സാറ് വിളി കേട്ട് ഭാര്യ എന്നെ അത്ഭുതത്തോടെ നോക്കി  

ആളൊരു സിപ്പും കൂടി അടിച്ചു

അമ്മായപ്പനാണെങ്കി  കിട്ടിയ വശം തന്നെ ഒറ്റയടിക്കതു  കാലിയാക്കി 

ആരെങ്കിലും വന്ന് കൈയ്യിട്ട് മാന്തിയാലോന്ന് പേടിച്ചിട്ടായിരിക്കും
 
നല്ല സൂപ്പർ സാധനമാണല്ലോ   ഇന്ത്യൻ മെയ് ഡാല്ലേ   .., അതാ ഇത്ര ടേസ്റ്റ് ..ദുബായിന്ന് കൊണ്ടുവരുന്ന ബക്കാർഡിയെല്ലാം വെറും വേസ്റ് 

അത് കേട്ട് ഞാൻ ഞെട്ടി ഒർജിനൽ ബക്കാർഡി ഞെട്ടി വാറ്റ് ഞെട്ടി 

ഞാൻ ഞെട്ടിയത് ഇങ്ങേർക്കിത് മനസ്സിലായില്ലല്ലോ എന്നോർത്ത് 

ബക്കാർഡി ഞെട്ടിയത് തന്നെ ഇത്രക്കും തരം താഴ്ത്തിയല്ലോ എന്നോർത്ത് 

വാറ്റ് ഞെട്ടിയത് ഈശ്വരാ ഞാൻ ബക്കാർഡി ആയോ എന്നോർത്ത്  

അതേ.. അതേ..,  മെയ് ഡി ഇൻ വാറ്റുകാരൻ അന്തോണിച്ചേട്ടൻ  

ഞാനതു  മനസ്സിലാ പറഞ്ഞത്

ആ കുപ്പി മുഴുവനും പുള്ളിക്കാരനും അമ്മായപ്പനും കൂടി അടിച്ചു തീർത്തു എന്നോട് ചോദിച്ചപ്പോ ഞാൻ ബക്കാർഡി ഇഷ്ട്ടല്ലാന്ന് പറഞ്ഞു .

ബക്കാർഡി സ്ഥിരം  അടിക്കുന്ന ആളാണ് വാറ്റിന്റെ പുറത്ത് വീണുകിടക്കുന്നത്   

ഇനിയിപ്പോ വാറ്റു ചാരായത്തിന്റെ ടേസ്റ്റ് തന്നെയാണോ  ബക്കാർഡിക്കും ?

ഏതായാലും വലിയൊരു പ്രതിസന്ധീന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെ ഞാൻ ഭാര്യയെ നോക്കി 

അവളുടെ ചുണ്ടുകളും മുഖത്തിന്റെ പാതിയും ഇടത്തെ ചെവിടിനോട് സ്വകാര്യം പറയാൻ കേറിപ്പോയി 

അതിനർത്ഥം അവൾക്ക് സന്തോഷമായീന്നാ  

         

       

0 അഭിപ്രായങ്ങള്‍