റൗഡി സുധാകരേട്ടനും , ഐ പി എസ് ശിവനും
നമ്മുടെ ശിവനെ, കോപ്പിയടിച്ചതിന് പൊക്കിയെന്നും പറഞ്ഞോണ്ടായിരുന്നു ഞങ്ങടെ ക്‌ളാസ്സ്‌മേറ്റ് ശങ്കു ഓടിവന്നത് .
അതൊരു പുതിയ സംഭവമൊന്നുമല്ലല്ലോയെന്നായിരുന്നു എല്ലാവരുടേയും മനസ്സിൽ.
കാരണം കോപ്പിയടിയുടെ ഉസ്താദാ ശിവൻ.
സോമനത് പറയേം ചെയ്തു.
അവനെ വീണ്ടും പിടിച്ചാ ?
ഞങ്ങടെ സ്കൂളില് ഏറ്റം കൂടുതല് കോപ്പിയടിക്കണത് ശിവനാ, പിടിക്കണതും അവനെ തന്ന്യാ .
ഇപ്രാവശ്യം അരക്കൊല്ല പരീക്ഷക്ക് കോപ്പിയടിച്ചതിനാ അവനെ പൊക്കിയത്.
എല്ലാവരും അവനെ ഉപദേശിക്കാറുള്ളതാ,
എന്തിനാ ശിവാ നീയിങ്ങനെ കോപ്പിയടിക്കണെ?, നല്ല കുട്ടികള് ചെയ്യുന്ന പണിയാണോ ഇതൊക്കെ ?. ഇങ്ങനെ കോപ്പിയടിച്ച് ജയിച്ചാ വല്ല കാര്യൊണ്ടോ നിനക്ക് ?.
അങ്ങനെ ഓരോരുത്തർക്കും തോന്നുന്ന പോലെ ശിവനോടു പറയാറുള്ളതാ.
എല്ലാത്തിനുമവൻ തലയാട്ടി നിക്കും . ഇനി ഞാൻ കോപ്പി അടിക്കത്തില്ലെന്നും പറഞ്ഞ്, അവരെ പിടിച്ച് ആണയിടും ചെയ്യും .
പക്ഷെ പരീക്ഷ വരുമ്പോ ശിവൻ വീണ്ടും കോപ്പിയടിക്കും , അത് വീണ്ടും പിടിക്കേം ചെയ്യും .
മലയാളം പഠിപ്പിക്കണ സരസ്വതി ടീച്ചർ പരീക്ഷെടെ തലേന്ന് വരെ അവനെ ഉപദേശിച്ചത .
എന്റെ ശിവാ, മോനേ ഇങ്ങനെ കോപ്പിയടിച്ച് പഠിച്ചാ വല്ല ഗുണവുമുണ്ടോ ? നിനക്കത് ദോഷം ചെയ്യില്ലേ മോനേ . നിന്നില് നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട് . ഐ പി സ് ആവാനല്ലേ നിന്റെ ആഗ്രഹം അതിനിങ്ങനെ കോപ്പിയടിച്ച് നടന്നാ മതിയോ .
ശിവൻ ഐ പി എസ്.
ടീച്ചറങ്ങനെ പറഞ്ഞതോടെ ശിവൻ കരഞ്ഞു .
അതോടെ ടീച്ചറ് വീണ്ടും അവനെ കുറേ ഉപദേശിച്ചു.
അന്ന് ടീച്ചറുടെ തലയിൽ തൊട്ടാ ശിവൻ സത്യം ചെയ്തതത്, എന്റെ ടീച്ചറെ ഞാനിനി പരീക്ഷക്ക് കോപ്പി അടിക്കത്തില്ലെന്നും പറഞ്ഞ്.
അതിന്റെ പിറ്റേ ദിവസാ അവനെ കോപ്പിയടിച്ചതിന് പിടിച്ചത് . അതോടെ സരസ്വതി ടീച്ചർക്ക് പേടിയായി തന്റെ തലയെങ്ങാനും പൊട്ടിത്തെറിക്കോന്ന്?.
ടീച്ചറുടെ വിഷമം കണ്ട പീതാംബരൻ മാഷാ പറഞ്ഞത് , എന്റെ ടീച്ചറെ ഇതിന്റെ വല്ല ആവശ്യമുണ്ടായിരുന്നോ ? . അതൊരു തല തിരിഞ്ഞ സന്തതിയാന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ ? ആരു പറഞ്ഞാലും കേക്കത്തില്ല ഞങ്ങള് കാലങ്ങളായി കാണണതല്ലേ ? .
എന്റെ മാഷേ ഞാനിനി എന്താ ചെയ്യാ?.
ആ പാവം കരഞ്ഞോണ്ട് ചോദിച്ചത്?.
ടീച്ചറ് നമ്മുട ശിവന്റെ അമ്പലത്തില് പോയി ഒരു വഴി പാട് നടത്ത്.
അതോണ്ട് വല്ല കാര്യമുണ്ടോ മാഷേ ?.
രണ്ടു പേരുടെ പേരും ശിവൻന്നല്ലേ ? ഒരു ശിവന്റെ കൈയ്യീന്ന് വന്ന ഉപദ്രവം അടുത്ത ശിവനോട് പറഞ്ഞാ മാറും ടീച്ചറേ.
ടീച്ചറോടങ്ങനെ പറഞ്ഞെങ്കിലും, ഒരു കാര്യവുമില്ലെന്നായിരുന്നു മാഷ് മനസ്സിൽ പറഞ്ഞത്.
അന്ന് തന്നെ ടീച്ചറ് അമ്പലത്തില് പോയി ഭർത്താവിനെക്കൊണ്ട് നൂറ്റി ഒന്ന് ശയന പ്രദക്ഷിണം നടത്തിച്ചു .
പൂജാരി സുദേവനായിരുന്നു ആ ആശയം പറഞ്ഞു കൊടുത്തത് .
എന്റെ തല തൊട്ട് സത്യം ചെയ്തതിന് ഭർത്താവ് ഉരുണ്ടാ മതിയൊന്നായിരുന്നു ടീച്ചറുടെ സംശയം.
അത് മതിയെന്റെ ടീച്ചറേന്നാ സുദേവൻ പറഞ്ഞത് .
കഴിഞ്ഞ ആഴ്ച ഇരുന്നൂറു രൂപാ സുദേവൻ ടീച്ചറുടെ ഭർത്താവിനോട് കടം ചോദിച്ചതായിരുന്നു .
നിനക്ക് വല്ല പണിക്കും പോയികൂടെ സുദേവാ ന്നും പറഞ്ഞ് അങ്ങേരു കാശു കൊടുത്തില്ല .
ആ കടം ഇതിലൂടെ സുദേവൻ വീട്ടി .
അതോടെ സത്യാവസ്ഥ അറിയാത്ത ആ പാവം മനുഷ്യന് നൂറ്റി ഒന്ന് ശയന പ്രദക്ഷിണത്തിനുള്ള നറുക്ക് വീണു . കിടക്കപ്പായിയിൽ പോലും ഒന്ന് തിരിഞ്ഞു കിടക്കാത്ത മനുഷ്യനാ.
ഉറങ്ങാൻ കിടന്നാ വെട്ടിയിട്ട പോലെ അങ്ങിനെ തന്നെ കിടക്കും .
ആ പാവത്തിനെയാ ഉരുട്ടി പൊറം പൊളിച്ചെടുത്തത്.
എന്തിനാ എന്നെ ഉരുട്ടാണെന്ന് അങ്ങേര് കരഞ്ഞോണ്ട് ചോദിച്ചതാ ?.
അത് പുറത്ത് പറയാൻ പാടില്ല തല പൊട്ടിത്തെറിക്കുമെന്ന് ടീച്ചറ് പറഞ്ഞതോടെ ആ പാവം ഒന്ന് ഞെട്ടി, പിന്നെ തല പൊത്തിപ്പിടിച്ചാ ഉരുണ്ടത്.
അതിനു ശേഷം ഒരക്ഷരം പോലും അതിനെക്കുറിച്ച് ചോദിച്ചില്ല . അത്രേം പേടിയായിരുന്നു തല പൊട്ടിത്തെറിക്കോന്ന് .
ഒടുവിൽ ഉരുണ്ട് പൊറം പൊളിഞ്ഞ് വേദന താങ്ങാണ്ട് നിന്ന് കരഞ്ഞ മനുഷ്യനെ ആശുപത്രീ കൊണ്ട് പോയി വേദനേടെ മരുന്നു വാങ്ങി കൊടുത്തു ടീച്ചറ്.
ഇപ്രാവശ്യം, ഹെഡ്മാഷ് നേരിട്ടായിരുന്നു ശിവനെ പിടിച്ചത്.
സത്യത്തില് ശിവൻ കോപ്പിയടക്കണത് പീതാംബരൻ മാഷ് കണ്ടായിരുന്നു . പക്ഷെ മാഷ്ക്ക് പിടിക്കാൻ പേടിയായിട്ട് ഹെഡ്മാഷിനെ വിളിച്ചോണ്ടാ വന്നത് .
ശിവൻ ആളൊരു ഒരുപോക്കനാ ആരാണെന്നും എന്താണെന്നൊന്നും നോക്കത്തില്ല . പോരാത്തതിന് ഞങ്ങളുടെ സ്‌കൂളിലെ ഏറ്റവും പ്രായമുള്ള സ്റ്റുഡന്റും അവൻ തന്ന്യാ .
മര്യാദക്ക് പഠിച്ച് ജയിക്കാണെങ്കി ജോലിക്ക് പോകണ്ടോനാന്നാ എല്ലാവരും പറയാറ് .
അവന്റെ മുത്തശ്ശി എപ്പോഴും പറയാറുള്ളതാ,
എന്റെ ശിവൻ മോൻ ജോലിക്ക് പോയിട്ടു വേണം മുത്തശ്ശിക്ക് പുതിയൊരു മുറുക്കാൻ ചെല്ലം വാങ്ങിക്കാനെന്ന് .
ആ പാവം പറഞ്ഞു പറഞ്ഞു ഗതികെട്ടു , ഒരിക്കലും നടക്കാത്ത തന്റെ സ്വപ്നവുമായി ഭഗവാനിൽ അഭയം പ്രാപിച്ചു .
ഭഗവാൻ കൃഷ്ണന്റെ രൂപം നോക്കി എപ്പോഴും പ്രാർത്ഥിക്കാറുള്ളതാ എന്റെ ഭഗവാനേ .., എന്റെ മോന് നല്ലൊരു ജോലി കൊടുക്കണെ ന്ന് .
ഇത്രേം വല്യ ആഗ്രഹം വേണമായിരുന്നൊന്നായിരുന്നു ഭഗവാൻ ചോദിച്ചത്?.
ശിവൻ ഓരോ ക്ലാസ്സിലും മൂന്നും നാലും കൊല്ലം തോറ്റ് കിടക്കുന്നതോടെ ഒടുവിൽ ഭഗവാൻ കൈ മലർത്തി . എന്റെ അമ്മൂമ്മേ ഇതൊന്നും നടക്കണ കാര്യല്ലാന്നും പറഞ്ഞ് .
അവസാനം ഇത് തള്ളേടൊരു അടവാണോന്ന് വരെ ഭഗവാന് സംശയം തോന്നിയതാ, ഇങ്ങോട്ട് വരാതിരിക്കാൻ.
ഓരോ ക്ലാസ്സിലും രണ്ടും മൂന്നും കൊല്ലാ ശിവന്റെ കണക്ക് അവസാനം സഹികെട്ട് മാഷുമാര് തന്നെ അവനെ ജയിപ്പിച്ചു വിടാറാ പതിവ് . അല്ലെങ്കി അവൻ എത്ര കൊല്ലം വേണമെങ്കിലും ആ ക്ലാസ്സിൽ തന്നെ കിടക്കും.
ഇത്രയൊക്കെ ആയാലും , അവനോട് ആരാവാനാ ഇഷ്ട്ടന്ന് ചോദിച്ചാ ഐ പി എസ് കാരനാവാനാന്നാ പറയാ .
ഒരു പ്രാവശ്യം ഇത് കേട്ടാ , പീതാംബരൻ മാഷ് പറഞ്ഞത് നീ കോപ്പ് ആവൂന്നാ പക്ഷെ അത് മാഷുടെ മനസ്സിലാന്ന് മാത്രം പക്ഷെ അവനോട് പറഞ്ഞത് വെരി ഗുഡെന്നാ .
അവന്റെ വീട്ടിലെ എല്ലാവർക്കും ഇത് പോലെ തന്നെ ഒരു, ഒരു പോക്ക് സ്വഭാവാ .
അവന്റെ അച്ഛൻ സുധാകരേട്ടൻ ഒരു.., ഒരു പോക്കനാ പോരാത്തേന് റൗഡിയും .
അവന്റെ വീട്ടിൽ വളർത്തണ നായ രാജുവും ഒരു .. ഒരു പോക്കനാ അവനേം റൗഡിന്നു തന്ന്യാ എല്ലാവരും വിളിക്കാ.
കാരണം എല്ലാവരേം പിടിച്ചു കടിക്കും
നായ്‌ക്കളിലെ ഒരു റൗഡി.
എങ്ങിന്യാ സുധാകരന് അവന്റെ പോലെ തന്നെ സ്വഭാവമുള്ള നായേനേ കിട്ടിയേന്ന് വരെ നാട്ടുകാര് അടക്കം ചോദിക്കാറുണ്ട് .
അവനെ കണ്ടല്ലേ വളരണെന്നാ ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ പറയാറ്.
കാണുന്നോരെയൊക്കെ വെറുതേ പിടിച്ചു കടിക്കും , അതാ രാജൂന്റെ സ്വഭാവം.
സുധാകരേട്ടനാണെങ്കിൽ കാണുന്നോരെയൊക്കെ വെറുതെ പിടിച്ചു തല്ലും .
അതു കാരണം സുധാകരേട്ടന്റെ വീടിന്റെ മുന്നീക്കൂടെ പോവാൻ എല്ലാവർക്കും പേടിയാ .
എന്തിന് അയൽക്കാരൻ വാസുവേട്ടൻ തന്നെ പേടിച്ചിട്ടാ സുധാകരേട്ടന്റെ വീടിന്റെ മുന്നീക്കൂടെ പൂവാ. പുറത്തേക്ക് ഇറങ്ങുന്നതിനു മുന്നേ ഒരു പത്തു പ്രാവശ്യം ഉമ്മറത്തു നിന്ന് എത്തി നോക്കും, സുധാകരേട്ടൻ മുറ്റത്തൊന്നും നിക്കുന്നില്ലല്ലോന്ന് .
ശിവന്റെ കൂട്ടുകാരനായ എന്നേം ഒരു പ്രാവശ്യം സുധാകരേട്ടൻ പേടിപ്പിച്ചതാ.
ഞാൻ ശിവനെ വിളിക്കാൻ പോയതായിരുന്നു.
നീ ഏതാടാ ന്നും ചോദിച്ച് എന്റെ നേർക്ക് ഒറ്റ ചാട്ടം, അതോടൊപ്പം ആ പരട്ട നായ രാജുവും കടിക്കാൻ വന്നതാ . ഞാനവിടെ പോവുമ്പോഴൊക്കെ ആ പരട്ട നായക്ക് അച്ചപ്പം കൊണ്ട് കൊടുക്കാറുള്ളതാ .
അതിന്റെ യാതൊരു സ്‌നേഹവും ഇല്ലാണ്ടായിരുന്നു അവൻ ചാടിയത് , ചാടുന്നതിന് മൂന്ന് അവൻ എന്റെ കൈയ്യിലേക്കൊന്ന് എത്തി നോക്കി പൊതി വല്ലതും ഉണ്ടോന്ന് ?.
എന്റെ നല്ല ജീവൻ പോയി. ഇത് ഞാനാ ശിവാന്നും പറഞ്ഞ് സുധാകരേട്ടനെ നോക്കി ഞാൻ വിക്കി ,.
പേടിച്ചിട്ട് ഞാൻ ശിവന്റെ പേരാ അവന്റെ അച്ഛനെ നോക്കി വിളിച്ചത് .
എന്റെ മൂത്രം പോലും പോയൊന്നാ എനിക്ക് സംശയായത് .
അവർക്ക് എന്നെ നന്നായി മനസ്സിലാവാൻ വേണ്ടി ഞാൻ ചിരിച്ചിട്ടാ നിന്നത്, ഞാൻ സുധാകരേട്ടനെ ചായക്കടയിലൊക്കെ വെച്ച് കാണുമ്പോ ചിരിക്കാറുള്ളതാ, അതെ പോലെയാ ഞാൻ ചിരിച്ച് നിന്നത് .
ഇതിനിടയിൽ ശിവൻ ഓടിവന്ന കാരണാ ഞാൻ രക്ഷപ്പെട്ടത് .
അച്ഛൻ എന്തൂട്ടാ കാണിക്കണെ? ഇത് നമ്മടെ ഇവനല്ലേ ? .
എന്തൂട്ട്.. ഇവൻ ? ന്നാ സുധാകരേട്ടൻ ചോദിച്ചത് ?
ഞാൻ കരാട്ടെ പഠിക്കണുണ്ടെന്നാ ശിവൻ പറഞ്ഞത് .
അതോടെ ഞാനൊന്ന് ഞെളിഞ്ഞു നിന്നു വേണ്ടി വന്നാ ഇടിക്കുന്ന മട്ടില് .
ഈ ഞാഞ്ഞൂളോന്നാ സുധാകരേട്ടൻ ചോദിച്ചത് അത് കേട്ട് എല്ലാവരും ചിരിച്ചു , കൂടെ രാജുവും ചിരിച്ചു .
ഇനി ഞാൻ നിനക്ക്, അച്ചപ്പല്ലടാ, തേങ്ങാ തരൂന്നാ.., ഞാൻ രാജുനെ നോക്കി മനസ്സിൽ പറഞ്ഞത് .
അവിടന്ന് പോന്നതിനു ശേഷം സുധാകരേട്ടനെ ഇടിച്ചാലോന്ന് വരെ ഞാൻ ആലോചിച്ചതാ. പക്ഷെ സുധാകരേട്ടനെ നേരിട്ടു കാണുമ്പോഴേക്കും എന്റെ കൈയ്യും കാലും വിറക്കാൻ തുടങ്ങും.
അതിനു ശേഷം ഞാൻ, ശിവന്റെ വീട്ടിലേക്ക് പോവുമ്പോഴൊക്കെ വേലിടെ അരികീന്നും ശിവാ... ശിവാ ന്നും വിളിച്ച് എന്റെ സുരക്ഷ ഉറപ്പാക്കിയിട്ടു മാത്രേ കേറാറുള്ളൂ .
ഒരു പ്രാവശ്യം, ശിവന്റെ വീടിന്റെ മുന്നീക്കൂടെ പോയ , പനം ചക്കര വിക്കണ സുപ്രനെ , രാജു ഓടിച്ചിട്ടാ കടിച്ചത്.
പനം ചക്കര വേണോ.., പനം ചക്കര വേണോ ന്ന് വിളിച്ചു കൂവിക്കൊണ്ട് വന്നതായിരുന്നു സുപ്രൻ .
രാജു അവിടെ കിടക്കണത് സുപ്രൻ കണ്ടില്ലായിരുന്നു .
താനൊരുത്തൻ ഇവിടെ കിടക്കണ കണ്ടിട്ടും യാതൊരു മൈൻഡും ഇല്ലാതെ സുപ്രൻ കൂവിക്കൊണ്ടിരുന്നതാ രാജുവിന്റെ കോപം ഇരട്ടിപ്പിച്ചത് .
അതോടെ അവൻ ഓടിച്ചെന്ന് സുപ്രനെ തലങ്ങും, വിലങ്ങും കടിച്ചു .
അവന്റെ വരവ് കണ്ടപ്പോ തന്നെ പേടിച്ചു വിറച്ച സുപ്രൻ ഒരു കഷ്ണം ചക്കര ഇട്ട് കൊടുത്തതാ , അതും തിന്നാ അവൻ സുപ്രനെ തലങ്ങും വിലങ്ങും കടിച്ചത്.
അതോടെ സുപ്രൻ ഓളിയിട്ടു കരഞ്ഞു.
ഈ ബഹളം കേട്ടാ സുധാകരേട്ടൻ മുറ്റത്തോട്ട് ഇറങ്ങി വന്നത്.
മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേന്നും ചോദിച്ച് സുധാകരേട്ടനും, സുപ്രനെ തല്ലി .
നായ കടിച്ചപ്പോ കരഞ്ഞതാ ചേട്ടാന്നും പറഞ്ഞ് സുപ്രൻ വീണ്ടും കരഞ്ഞു.
എടാ നായിന്റെ മോനേ ., നായ കടിക്കുമ്പോ കരയാ ചെയ്യാന്നും ചോദിച്ച് സുധാകരേട്ടൻ വീണ്ടും സുപ്രൂനെ തല്ലി .
നായ കടിക്കുമ്പോ പിന്നെ എന്താടോ ചെയ്യാന്നും ചോദിച്ച് ആ കരച്ചിലിനിടയിലും സുപ്രൻ ചീറി .
ഓടണ്ടേ ..നായിന്റെ മോനേന്നും പറഞ്ഞ് സുധാകരേട്ടൻ വീണ്ടും തല്ലി .
രണ്ടു നായ്ക്കള് ഒരുമിച്ച് കടിക്കാൻ കടിക്കാൻ വരുന്നത് പോലെയാ സുപ്രന് തോന്നിയത് .
ഇതിനിടയിൽ കടയിലോട്ട് പോവാൻ ഇറങ്ങിയ വാസുവേട്ടൻ ഒച്ചയും ബഹളവും കേട്ടതോടെ സംഗതി പന്തി കേടാണെന്ന് മനസ്സിലാക്കി അകത്തോട്ട് തന്നെ കേറിപ്പോയി . ഉച്ചക്ക് ചോറ് വെക്കാനുള്ള അരിവാങ്ങാൻ ഇറങ്ങിയതായിരുന്നു വാസുവേട്ടൻ .
ഇനിയിപ്പോ ഉച്ചക്ക് ഉണ്ടില്ലെങ്കിലും കുഴപ്പല്ലിന്നും പറഞ്ഞാ വാസുവേട്ടൻ അകത്തോട്ട് കേറിപ്പോയത് .
ചോറിനേക്കാളും വലുതല്ലേ ജീവൻ?.
ഈ സമയത്ത് അരി വാങ്ങാൻ പുറത്തേക്ക് ഇറങ്ങിയാ പിന്നെ ഉച്ചക്ക് തനിക്ക് ചോറ് വേണ്ടി വരില്ല .
സുധാകരൻ ആകെ ഭ്രാന്ത് പിടിച്ച പോലെയാ നിക്കണത് .
എന്റെ മനുഷ്യാ നിങ്ങള് അരി വാങ്ങാൻ പോയില്ലേന്ന് ഭാര്യ കുസുമേടത്തി ചോദിച്ചതിന് എനിക്ക് തല ചുറ്റണ പോലെ തോന്നണുണ്ടെന്നാ സുധാകരേട്ടൻ നൊണ പറഞ്ഞത് .
പക്ഷെ പുറത്തോട്ട് നോക്കിയതോടെ കുസുമേടത്തിക്ക് കാര്യം മനസ്സിലായി .
ഇങ്ങനേയും പേടിയുള്ള മനുഷ്യന്മാരുണ്ടോയെന്നായിരുന്നു കുസുമേടത്തി മനസ്സിൽ പറഞ്ഞത് .
അങ്ങനെ സുധാകരേട്ടന്റെയും, രാജുവിന്റേയും അടിയും കടിയും വാങ്ങി സുപ്രൻ ഓടി.., അതൊരു വല്ലാത്ത ഓട്ടമായിരുന്നു .
അതിനിടയിൽ, ഈ മൈര് കാരണാ ഈ പൊല്ലാപ്പെന്നും പറഞ്ഞ്, ആ പനം ചക്കര വലിച്ച് ഒരേറും കൊടുത്തു .
സുധാകരേട്ടനാണെങ്കിൽ അതെടുത്ത് അകത്തു കൊണ്ട് പോയി വെക്കേം ചെയ്തു. ഇനിതൊട്ട് എനിക്ക് കാപ്പിക്ക് കരിപ്പെട്ടി ചക്കര മതീടീന്ന് ഭാര്യ ശാരദേടത്തിയോട് വിളിച്ചു പറയേം ചെയ്തു .
ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു സുപ്രൻ അത്തരമൊരു ഓട്ടം ഓടിയത് . അതിന്റെയൊരു പകപ്പ് സുപ്രന്റെ കാലുകൾക്കും, ശരീരത്തിനും ഉണ്ടായിരുന്നുവെന്നുള്ളതായിരുന്നു സത്യം.
വലത്തെ കാലു സൂപ്രനെ വലത്തോട്ട് വലിച്ചോണ്ടോടുകയും ഇടത്തേ കാലു സൂപ്രനെ ഇടത്തോട്ട് വലിച്ചോണ്ടോടുകയും ചെയ്ത് ഒരേ ശരീരത്തിൽ തന്നെയുള്ള രണ്ടു എതിരാളികളെ കാണിച്ചു തന്നു.
തവള ചാടുന്നത് പോലെയുള്ള ആ ഓട്ടം കണ്ട് നാട്ടുകാർ മൊത്തം, അന്തം വിട്ടു നിപ്പായിരുന്നു .
എടാ സുപ്രാ നിനക്കിത് എന്നാ പറ്റി? മൂലക്കുരുവെങ്ങാനും പൊട്ടിയോന്നായിരുന്നു പൂക്കാരി നാണിത്തള്ള ചോദിച്ചത് ?
മൂലക്കുരു നിങ്ങൾക്കാ തള്ളേന്നും പറഞ്ഞ് സുപ്രൻ അലറി .
വെറുതെയല്ല നിനക്ക് തല്ലു കിട്ടിയത് . നാണിത്തള്ള പുറകീന്ന് വിളിച്ചു പറഞ്ഞത് കേക്കാൻ സുപ്രൻ നിന്നില്ല .
അന്നത്തെയാ സംഭവത്തോടു കൂടി സുപ്രൻ , തന്റെ പനം ചക്കര ബിസിനെസ്സിനു തിരശ്ശീലയിട്ടു .
സുപ്രന്റെ ആദ്യത്തേയും, അവസാനത്തേയും ബിസിനസ്സ് സംരംഭത്തിനായിരുന്നു അങ്ങനെ ആദ്യ ദിനം തന്നെ തിരശ്ശീല വീണത് .
പണിയെന്ന് കേൾക്കുന്നത് തന്നെ അലർജിയായിരുന്ന സുപ്രനെ ഒരു വിധത്തിലായിരുന്നു ഭാര്യ രാധാമണി ഉന്തിത്തള്ളി പനം ചക്കരയിലോട്ട് എത്തിച്ചത് .
എന്റെ ചേട്ടാ ഇതൊരു ഭാരമില്ലാത്ത പണിയല്ലേ? , വെറുതേ സൈക്കിളിൽ കൊണ്ട് നടന്നാ മതിയല്ലോ ?. പെട്ടെന്ന് തന്നെ വിറ്റ് തീർത്തില്ലേ ?. ഇങ്ങിനെയൊക്കെ ഒരുപാട് പറഞ്ഞായിരുന്നു, സുപ്രനെ ഒരു വിധത്തിൽ രാധാമണി സമ്മതിപ്പിച്ചെടുത്തത്.
സത്യത്തിൽ വെറുതേ ഇരുന്ന് തിന്നുന്നതാ സുപ്രന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആംബിഷൻ .
അതോടൊപ്പം തന്നെ ശകുനത്തിലും, അന്ധവിശ്വാസത്തിലും ഭഗവാനിലുമൊക്കെ ഭയങ്കര വിശ്വസമുള്ള ആളുകൂടിയായിരുന്നു സുപ്രൻ .
ഇതിലെല്ലാം ഒരേ സമയം എങ്ങിനെ വിശ്വസിക്കാമെന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം സുപ്രന്റെ പോലെ തന്നെ ആർക്കും അറിയത്തില്ലെന്നുള്ളതായിരുന്നു സത്യം .
എന്റെ സുപ്രാ നീയിങ്ങനെ പണിക്ക് പോവാണ്ടിരുന്നാ എന്തെങ്കിലും തിന്നണ്ടേയെന്ന് ആരെങ്കിലും ചോദിച്ചാ?. വാ കീറിയ ദൈവം തന്നെ തിന്നാൻ തരൂന്നും പറഞ്ഞ് ആ ഉദരവാദിത്ത്വം കൂടി ദൈവത്തിന്റെ തലയിൽ വെച്ചുകൊടുക്കുന്ന ആളായിരുന്നു സുപ്രൻ .
ഇവനെയൊക്കെ സൃഷ്ടിച്ച എന്നെ പറഞ്ഞാ മതിയല്ലോയെന്നായിരുന്നു ഇതൊക്കെ കേക്കുന്ന ഭഗവാന്റെ പ്രതികരണം . ഒരു കൈയ്യബ്ദമൊക്കെ ഏത് ഭഗവാനും പറ്റൂലോന്നും പറഞ്ഞാ അങ്ങേര് സ്വയം സമാധാനിക്കാറ് .
എന്റെ ഭഗവാനെ കാത്തോണേന്നും നിലവിളിച്ചോണ്ട് ഓടിയ സുപ്രന്റെയാ ഓട്ടം കണ്ട് ആദ്യം സന്തോഷിച്ചതും ഭഗവാൻ തന്നെ ആയിരുന്നു.
സുധാകരന്റെ അടുത്തൂന്ന് രണ്ടെണ്ണം കൂടി ഇവനിട്ട് പൊട്ടിക്കാൻ പ്ലാൻ ചെയ്ത ഭഗവാനേ പോലും ഞെട്ടിച്ചുകൊണ്ടുള്ളൊരു പാച്ചിലായിരുന്നു സുപ്രനന്ന് നടത്തിയത്.
അന്നത്തെ ദിവസം തനിക്കിഷ്ടപ്പെട്ട മുരുക ഭഗവാനേം , ഭാര്യ രാധാമണിയേയും , അമ്മായച്ഛൻ ശങ്കരേട്ടനെയും , ചക്കരെയേയും , പനയേയും എന്തിന് ലൊട്ടും ലൊടുക്കും സൈക്കിളും, ടയറും വരെ പൂജിച്ചിട്ടായിരുന്നു, തന്റെ ആദ്യ ദിനം ഭക്തി സാന്ദ്രമാക്കി സുപ്രനാ കച്ചോടത്തിന് ഇറങ്ങിയത് .
ഈ കച്ചോടം എന്റെ സുപ്രേട്ടന് വല്യ ഭാഗ്യം കൊണ്ട് വരുമെന്ന് ഭാര്യ രാധാമണി കൂടി പറഞ്ഞു വെച്ചതോടെ സുപ്രന്റെ ആത്മവിശ്വാസം പതിന്മടങ്ങ് ഏറുകേം ചെയ്തു.
ഈ ബിസിനെസ്സിലൂടെ താൻ വല്യൊരു ചക്കര മുതലാളിയാകുന്നതും, ഏക്കറു കണക്കിന് പനകൾ വെക്കുന്നതും, അതിൽ താൻ കേറുന്നതും ..., താൻ കേറുന്ന ഭാഗം അപ്പൊ തന്നെ സുപ്രൻ കട്ട് ചെയ്തു , പണിക്കാർ കേറുന്നതും, സ്വന്തമായി താനൊരു കാറ് വാങ്ങുന്നതും ആ കാറിലിരുന്ന് ചക്കര തിന്നുന്നതും, സുപ്രൻ സ്വപ്നം കണ്ടുവെന്നുള്ളതായിരുന്നു സത്യം.
ഞാനല്ലേ ഇന്ന് നിങ്ങടെ കണിയെന്നും പറഞ്ഞ് ഭാര്യ രാധാമണി ഒരു ശൃംഗാര ചിരി കൂടി ചിരിച്ചതോടെ, നിന്ന നിൽപ്പിൽ ശ്രിങ്കാര പുളകിതനായ സുപ്രൻ ഇന്നത്തെ കച്ചോടം നാളേക്ക് ആക്കിയാ മതിയൊന്ന് ചോദിക്കുകയും അതോടെ ഭാര്യ രാധാമണി അപകടം മണക്കുകയും നിന്ന നില്പിൽ മറുകണ്ടം ചാടുകയും ചെയ്തു .
കച്ചോടം കഴിഞ്ഞിട്ട് വാ മനുഷ്യാന്നും പറഞ്ഞ് രാധാമണി, ഒരു മണി കിലുക്കം പോലെ അകത്തോട്ട് പാഞ്ഞു പോയി നെടുവീർപ്പിട്ടു നിന്നു .
താനെന്ത് വിഡ്ഢിത്തമാ പറഞ്ഞതെന്നായിരുന്നു രാധാമണി ആലോചിച്ചോണ്ട് നിന്നത്. അല്ലെങ്കിലേ തൊഴുത്ത് കണ്ടാ വട്ടം ചുറ്റുന്ന മനുഷ്യനാ.
അതോടെ എങ്ങിനെയെങ്കിലും അന്നത്തെ കച്ചോടം തീർത്ത് വീട്ടിലെത്തിയാ മതിയെന്ന പ്രാർത്ഥനയിലായിരുന്നു സുപ്രനിറങ്ങിയത് .
ആ പ്രാർത്ഥന ഭഗവാൻ കൃത്യമായി കേൾക്കുകയും ചെയ്തു .
ആദ്യമായി കേറാൻ തോന്നിയത് സുധാകരേട്ടന്റെ വീട്ടിലേക്കു തന്നെയായിരുന്നു .
പനം ചക്കര കച്ചോടത്തിന് പോയ ഭർത്താവ് പോയതിലും വേഗത്തിൽ സൈക്കിളും , ചക്കരയുമില്ലാതെ പറന്നു വരുന്നത് കണ്ട രാധാമണി അന്തം വിട്ടു നിന്നു .
എന്റെ മനുഷ്യാ ഇത്ര പെട്ടെന്ന് കച്ചോടം കഴിഞ്ഞോ ?.
രാധാമണിക്ക് ആകെ അത്ഭുതം. ഭർത്താവ് വിചാരിച്ച പോലെ അല്ലല്ലോയെന്നായിരുന്നു രാധാമണി മനസ്സിൽ പറഞ്ഞത് .
ഞാൻ പറഞ്ഞില്ലേ എന്നെ കണി കണ്ട് പോയാ നിങ്ങൾക്ക് ഭയങ്കര ഭാഗ്യാവൂന്ന്.
ഭാഗ്യം നിന്റെ ... അതും പറഞ്ഞ് സുപ്രൻ വിളിച്ച മുട്ടൻ തെറി കേട്ട് ഫോട്ടോയിലിരുന്ന സുപ്രന്റെ അച്ഛൻ മിത്രൻ വരെ ഞെട്ടി . എന്തൊരു തെറിയാടാ ഇതെന്നായിരുന്നു അങ്ങേരു മനസ്സിൽ പറഞ്ഞത്.
എന്റെ കൺമുന്നീന്ന് ഇറങ്ങി പൊടി മൂധേവിന്നും പറഞ്ഞ് സുപ്രൻ അലറി .
സംഗതി പന്തികേടാണെന്ന് കണ്ടതോടെ , നിന്റെ ഭാഗ്യാ മോനേ , എന്റെ മോളെപ്പോലെ ഒരു ഭാഗ്യത്തിനെ കിട്ടിയതെന്ന് പറയാൻ വന്ന അമ്മായച്ഛൻ ശങ്കരേട്ടൻ അത് അങ്ങനെ തന്നെ വിഴുങ്ങി അടുത്ത ബസ്സിനു തന്നെ നാട്ടിലേക്ക് പുറപ്പെട്ടു .
സുപ്രനെ കണ്ട് കിണുങ്ങി തുള്ളി ചാടി വന്ന രാധാമണി പറന്നു കൊണ്ടാ അകത്തോട്ട് പോയത് .
എടീ മൂധേവി ഇനി മേലാല് ഞാൻ പുറത്തോട്ടെങ്ങാനും ഇറങ്ങുമ്പോ, എന്റെ മുന്നിലെങ്ങാനും വന്നു നിന്നാ അതും പറഞ്ഞ് സുപ്രൻ കാറി , പിന്നെ കരഞ്ഞു .
നിങ്ങൾക്കെന്താ മനുഷ്യാ ഭ്രാന്തു പിടിച്ചോന്നായിരുന്നു ഭാര്യ രാധാമണി ചോദിച്ചത് .
അതേടി എനിക്ക് ഭ്രാന്താന്നും പറഞ്ഞ് സുപ്രൻ സ്വന്തം നെഞ്ചത്ത് രണ്ടിടി ഇടിക്കേം ചെയ്തു . അതോടെ സുപ്രൻ ഒന്ന് ചുമച്ചു.
സുധാകരേട്ടന്റെ ഇടിയേക്കാളും വല്യ ഇടിയായിട്ടായിരുന്നു സുപ്രന് തോന്നീത്.
സ്വന്തം കൈകൾക്ക് പോലും തന്നോട് ശത്രുതയോ ? .
അല്ല മനുഷ്യാ നിങ്ങള് കൊണ്ടോയ സൈക്കിള് എവിട്യാ ? കുട്ട എവിട്യാ ? ചക്കര എവിട്യാ ? .
ഭാര്യ രാധാമണിയുടെ ഈ വക ചോദ്യങ്ങൾക്കൊന്നും തന്നെ സുപ്രന്റെ പക്കൽ ഉത്തരം ഉണ്ടായിരുന്നില്ല. അതിനു പകരം സുപ്രൻ വീണ്ടും കരഞ്ഞു .
അതോടെ ഇങ്ങേർക്ക് എവിടെ നിന്നോ നല്ല ഇടി കിട്ടീട്ടുണ്ടെന്ന് രാധാമണിക്ക് ബോധ്യമാവുകുയും ചെയ്തു.
അതിപ്പോ നന്നായൊള്ളോന്നാ രാധമണി മനസ്സിൽ പറഞ്ഞത് .
അങ്ങനെ വെറുതേ പോണവരെയൊക്കെ പിടിച്ച് അടിക്കുന്ന സുധാകരേട്ടന്റെ സ്വഭാവവും , പിടിച്ചു കടിക്കുന്ന രാജൂന്റെ സ്വഭാവവും കാരണം നാട്ടുകാർക്കെല്ലാവർക്കും പേടിയാ ആ വഴി പോകാൻ . പിന്നെ പരാതി പറയാൻ പോയാല് അതിനുള്ള ഇടി സുധാകരേട്ടന്റെ കൈയ്യീന്ന് വേറെ കിട്ടുമോന്നുള്ള പേടിയും .
ഒരിക്കൽ ഇങ്ങനെ പരാതി പറഞ്ഞതായിരുന്നു പാൽക്കാരൻ അന്തോണിചേട്ടൻ. പരാതി കിട്ടിയ പോലീസ് സുധാകരേട്ടനെ വിളിച്ച് വാണിങ് കൊടുക്കുകയും ഇടിയൻ രണ്ടു പൊട്ടിക്കുകയും ചെയ്തു .
രാജുവിനെ വിളിച്ചു വരുത്താൻ പറ്റാത്തത് കൊണ്ട് ഇടിയൻ അവനെ നോക്കി കണ്ണുരുട്ടി.
ഇനി നീ ആരെയെങ്കിലും തല്ലീന്ന് ഞാനറിഞ്ഞാ അന്ന് നിന്നെ ഞാൻ കൊല്ലുമെന്നാ ഇടിയൻ അലറിയത്.
അന്ന് കള്ളു കുടിച്ചു വരുന്ന വഴി സുധാകരേട്ടൻ അന്തോണീസ് ചേട്ടനെ, പൊതിരെ തല്ലി .
നീ പോലീസിൽ പരാതി കൊടുക്കുമോന്നും ചോദിച്ചായിരുന്നു ആ തല്ലു പൂരം.
അവസാനം തല്ലു സഹിക്കാനാവാതെ ആ പാവം ജീവനും കൊണ്ടോടി പീലിപ്പോസ് മുതലാളിയുടെ കുളത്തിൽ ചാടി .
അവിടെ കിടന്ന്, എന്നെ രക്ഷിക്കണേന്നും അലറി കരഞ്ഞ അന്തോണീസ് ചേട്ടനെ നാട്ടുകാരാ ഒരു വിധത്തിൽ പൊക്കിയെടുത്തത് .
നീന്തലറിയാത്ത നീയെന്തിനാ അന്തോണ്യേ കുളത്തിൽ ചാടിയതെന്നാ ഷാപ്പുകാരൻ വറീത് കഷ്ടം വെച്ച് ചോദിച്ചത് .
പേപ്പട്ടി കടിക്കാൻ വന്നാ എന്താ ചെയ്യാ റപ്പായേന്നും ചോദിച്ച് അന്തോണി കരഞ്ഞു .
സുധാകരേട്ടന്റെ പേര് പറയാൻ പേടിയായിട്ടായിരുന്നു അന്തോണി പേപ്പട്ടീന്ന് പറഞ്ഞു വെച്ചത് . ഇനി അതിനും സുധാകരൻ തന്നെ തല്ലാൻ വരുമോന്നുള്ള പേടിയിലായിരുന്നു അത് .
രക്ഷപ്പെടാൻ വേണ്ടി, കുളത്തിലേക്കാണോ ചാടാന്നായിരുന്നു വറീത് ആലോചിച്ചത് .
പാവം, അടി കൊണ്ട് നിക്കാൻ പറ്റാണ്ടായപ്പോ ചാടിയാതായിരിക്കുമെന്നും പറഞ്ഞ് വറീത് സ്വയം ആശ്വസിച്ചു .സുധാകരന്റെ അടി കൊണ്ട് ചാവുന്നതിലും ഭേദം വെള്ളം കുടിച്ച് ചാവാ നല്ലതെന്ന് കൂടി വറീത് പറഞ്ഞു വെച്ചു.
സുധാകരനെക്കാളും വലത്താ രാജു , മുന്നിലുള്ളത് ആരാണെന്നൊന്നും, എന്താണെന്നുമൊന്നും നോക്കാറില്ല. ഒരു പ്രാവശ്യം, സുധാകരേട്ടന്റെ മറ്റൊരു അയൽക്കാരനായ സോമേട്ടന്റെ , ചെക്കൻ സുബ്രു സ്നേഹം കൊണ്ട് ചിക്കന്റെ എല്ലു കൊണ്ട് കൊടുത്തതായിരുന്നു അതും തിന്ന് ഒറ്റ കപ്പായിരുന്നു രാജു .
ട്രൗസറ് ഇടാണ്ട് നിന്ന ചെക്കന്റെ കുഞ്ഞു സുബ്രു കഷ്ടിച്ചാ ആ കപ്പീന്ന് രക്ഷപ്പെട്ടത് .
ചെക്കന്റെ ഭാവി തന്നെ അവതാളത്തിലായേനേ ?.
നിന്ന നില്പില് പിന്നോക്കം ചാടിയത് കൊണ്ട് മാത്രാ ചെക്കൻ രക്ഷപ്പെട്ടത്.
വാ കീറി കരഞ്ഞോണ്ടാ ചെക്കൻ വീട്ടിലോട്ട് ഓടിയത് .
കാര്യം ചോദിക്കാൻ ചെന്ന സോമേട്ടനേം , രാജു കടിച്ചു.
സുധാകരേട്ടനുമായി കാര്യം സംസാരിച്ചോണ്ട് നിക്കുമ്പോഴായിരുന്നു ഒരു അയൽപക്ക സ്നേഹോം ഇല്ലാണ്ട് സോമേട്ടന്റെ കുണ്ടി രാജു കടിച്ചു പറിച്ചത്.
അത് കണ്ടതോടെ കൂടെ വന്ന ചെക്കൻ സുബ്രു മൂടും പൊത്തിപ്പിടിച്ച് ഓടി. ഇപ്രാവശ്യം മുൻകരുതലെന്ന നിലയിൽ ഒരു ട്രൗസറും ഇട്ടോണ്ടായിരുന്നു ചെക്കൻ വന്നത് .
അതോടൊപ്പം , പരാതി പറയാൻ ചെന്ന സോമേട്ടനെ , സുധാകരേട്ടനും രണ്ടു താങ്ങ് താങ്ങി. ചെക്കന് ട്രൗസറു ഇല്ലെങ്കി ഒരു കോണകമെങ്കിലും കെട്ടികൊടുക്കാൻ പറഞ്ഞ്.
എന്റെ കാർന്നോരുടെ പഴേ കോണകം തരാന്നാ സുധാകരേട്ടൻ പറഞ്ഞത്.
അത് കേട്ട സുധാകരേട്ടന്റെ അച്ഛൻ, പഴേ റൗഡി, ഇപ്പൊ ഉമ്മറത്ത് ഒരു ഫോട്ടോയായി തൂങ്ങിക്കിടക്കുന്ന സോമേട്ടന് വരെ നാണം വന്നു.
എന്ത് പോക്രിത്തര ഇവൻ വിളിച്ചു കൂവുന്നത് ?.
ഇതൊക്കെ ഇവനിപ്പോഴും സൂക്ഷിച്ചു വെച്ചേക്കുന്നുണ്ടോന്നു കൂടി അങ്ങേരു ആലോചിച്ചു .
ചിലപ്പോ തന്റെ ഓർമ്മക്കാവുന്ന് ഓർത്തതോടെ സോമേട്ടൻ സന്തോഷം തോന്നി .
പക്ഷെ അതിനെന്തിനാ കോണകം തന്നെ സൂക്ഷിക്കുന്നത് വേറെ എന്തോരം സാധനങ്ങൾ ഉള്ളതാ . അവന്റെ ശീലാവുന്നും പറഞ്ഞാ സോമേട്ടൻ ആ കടം കഥ അവസാനിപ്പിച്ചത്.
അതോടൊപ്പം ഇന്ന് രാത്രി സ്വപ്നത്തിൽ പോയി ഒരു അനുഗ്രഹം കൊടുക്കാമെന്ന് കൂടി സോമേട്ടൻ തീരുമാനിച്ചു .
അതിനുള്ളിലാ സുധാകരേട്ടന്റെ അടുത്ത വാക്കുകൾ ബോംബ് പോലെ വന്നത്.
ആ പരട്ട കിഴവൻ എല്ലാം അനിയനാ കൊടുത്തത് . ആകെ ബാക്കിയുള്ളത് ഈ കോണകാ അത് ഇന്നാ ന്നും പറഞ്ഞ് സുധാകരേട്ടൻ നിലത്തിട്ട് ചവിട്ടി തേച്ചു .
അതോടെ സ്വപ്നത്തിൽ വന്ന് മകനെ കാണാമെന്നുള്ള ആഗ്രഹം അങ്ങേരു അപ്പൊ തന്നെ മാറ്റി വെച്ചു.
പ്രാന്ത് പിടിച്ചു നിൽക്കുന്നോനാ ചത്ത് പോയ തന്തയാണോന്നൊന്നും നോക്കത്തില്ല.
ഇത്തരം സ്വാഭാവം ഉള്ളത് കൊണ്ട് തന്ന്യാ രാജുവിനേം നാട്ടുകാര് റൗഡിന്ന് വിളിക്കണത് .
സാധാരണ അവൻ കടിക്കാൻ ചെല്ലുമ്പോ മുഖത്തോട്ട് നോക്കാറേയില്ല.
ഒരു പ്രാവശ്യം , പണീ കഴിഞ്ഞു വന്ന സുധാകരേട്ടനേം അവൻ കടിക്കാൻ ചെന്നതാ. അടുത്തെത്തിയപ്പോഴാ അവന് ആളെ മനസ്സിലായത് അതോടെ അവൻ ഞെട്ടി .
പണി പാളിയെന്ന് മനസ്സിലായതോടെ അവൻ സുധാകരേട്ടനു മുന്നിൽ ശ്രാഷ്ട്ടാങ്ങം പ്രണമിച്ച് ഒരു ശയന പ്രദക്ഷിണം വെച്ചെങ്കിലും ഏറ്റില്ല
ഡാ നായിന്റെ മോനെന്ന് അലറിക്കൊണ്ട് സുധാകരേട്ടൻ ഉത്തരത്തീന്ന് വെട്ടുകത്തി എടുത്തതോടെ രാജു ജീവനും കൊണ്ടോടി .
ഈ സമയത്തെന്ന്യായിരുന്നു സുധാകരേട്ടന്റെ അളിയൻ തമ്പിച്ചേട്ടൻ തിണ്ണയിലിരിപ്പുണ്ടായിരുന്നത് .
സുധാകരേട്ടൻ പണീ കഴിഞ്ഞു വരുന്നതും നോക്കീയുള്ള ഇരുപ്പായിരുന്നു .
ഡാ നായിന്റെ മോനെന്നും അലറിക്കൊണ്ട് സുധാകരേട്ടൻ വെട്ടു കത്തി എടുത്തതോടെ ആ പാവം ഞെട്ടിക്കൊണ്ട് തിണ്ണയിലിരുന്ന് താഴെ വീണു. എന്നെ കൊല്ലല്ലേന്നും അലറിക്കൊണ്ടാ ഒരു വിധത്തിൽ ഉരുണ്ടു പിരണ്ട് എഴുന്നേറ്റ് പിന്നാമ്പുറത്തൂടെ പാഞ്ഞത് .
എടാ തമ്പിയേ എന്തിനാടാ ഓടണെന്ന് സുധാകരേട്ടന്റെ ഭാര്യ ശാരദേടത്തി വിളിച്ചു ചോദിച്ചതാ .
ആ മയിരൻ എന്നെ കൊല്ലാൻ വരുന്നു ചേച്ച്യേന്നും അലറിക്കൊണ്ടാ തമ്പി പാഞ്ഞത് .
സത്യത്തിൽ സുധാകരേട്ടനും, ശാരദേടത്തിയുടെ ആങ്ങള തമ്പിയും തമ്മിൽ ചെറിയൊരു സൗന്ദര്യ പിണക്കമുള്ളതാ .
കാലങ്ങളായുള്ള തർക്കാ അത് ശാരദേടത്തിക്ക് പറഞ്ഞ സ്വർണ്ണം കൊടുത്തില്ലാന്നും പറഞ്ഞ്, അതും പോരാഞ്ഞ് സ്വർണ്ണമെന്ന് പറഞ്ഞ് കൊടുത്തതിൽ പകുതി മുക്ക് പണ്ടവും.
ശാരദേടത്തി വന്നു കേറിയ ദിവസം തന്നെ ഇതൊക്കെ അലമാരയിൽ വെച്ച് പൂട്ടിയ സുധാകരേട്ടന്റെ അമ്മ കാർത്യായനി ചേടത്തി എന്തോ ആവശ്യത്തിന് സ്വർണ്ണം പണയം വെക്കാൻ പോയപ്പോഴാ സത്യം തിരിച്ചറിഞ്ഞതും, പറ്റിക്കപ്പെട്ടെന്ന് മനസ്സിലായതും .
അത് വലിയൊരു ഷോക്കായിരുന്നു കാർത്യായനി ചേച്ചിക്ക് . വീട്ടിൽ വന്ന് ചതിച്ചു മോനെന്ന് ഒരു വാക്ക് മാത്രം പറഞ്ഞ കാർത്യായനി ചേച്ചി, അതോടെ ചതിക്കപ്പെടാത്ത ലോകത്തിലേക്ക് യാത്രയായി .
ഉത്തരത്തീന്ന് വെട്ടു കത്തിയും വലിച്ചെടുത്ത് ഭാര്യ വീട്ടിലേക്ക് പാഞ്ഞ സുധാകരേട്ടനെ ഒരു വിധത്തിലാ നാട്ടുകാർ സമാധാനിപ്പിച്ചു നിറുത്തിയത് .
അന്ന് തൊട്ടുള്ള വഴക്കാ ശരാധേടത്തിയുടെ വീട്ടുകാരുമായിട്ട് അത് പിന്നെ ശാരദേടത്തിയുടെ അച്ഛന്റെ കാലശേഷം അളിയൻ തമ്പിയുമായി തുടർന്നു .
ഒടുവിൽ ഗൾഫിൽ പോയി കാശുണ്ടാക്കിയ തമ്പി പെങ്ങളുടെ സ്വർണ്ണവും അളിയനുള്ള കുപ്പിയുമായി വന്നതായിരുന്നു ഇപ്പോൾ .
ഇന്നത്തോടെ ഞാൻ അളിയന്റെ പിണക്കമെല്ലാം മാറ്റി കുടിപ്പിച്ച് കിടത്തുന്നും പറഞ്ഞ് ഉമ്മറത്ത് കാത്തിരുന്നതായിരുന്നു അളിയന്റെ വരവിന്.
നേരം വൈകും തോറും, എന്താ അളിയൻ വരാത്തെ, വരാത്തേന്ന് ഒരു നൂറു പ്രാവശ്യം പെങ്ങളോട് ചോദിച്ചോണ്ടിരുന്നതാ.
അളിയൻ തന്നെ വെട്ടാനായിരിക്കും വെട്ടുകത്തി എടുത്തെന്നായിരുന്നു ആ പാവത്തിന്റെ മനസ്സിൽ തോന്നിയത് .
എന്നാലും വെട്ടു കത്തി എടുത്ത് വെട്ടാൻ മാത്രമുള്ള ഒരു കാരണമാണോ ഇതെന്നും കൂടി തമ്പിച്ചേട്ടന്റെ മനസ്സ് സ്വയം ചോദിച്ചെങ്കിലും ആ മയിരൻ ഇതല്ല ഇതിന്റെ അപ്പറം ചെയ്യണോനാന്നും പറഞ്ഞാ അവസാനം ഓടിയത് .
ഓട്ടത്തിനിടയിൽ തിരിച്ചു പോയി ആ ബ്രാണ്ടിക്കുപ്പി എടുത്ത് വന്നാലോന്ന് ഒരു വേള തമ്പി ചേട്ടൻ ആലോചിച്ചെങ്കിലും ഒരു വേള അത് തന്റെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന തിരിച്ചറിവിൽ വേണ്ടെന്നു വെക്കുകയായിരുന്നു .
അവന് ഇനി ഞാൻ സ്വർണ്ണല്ല, പിടുങ് കൊടുക്കുന്നാ തമ്പി മനസ്സിൽ പറഞ്ഞത്.
അളിയന്റെ മുഖം ഉള്ളിൽ തെളിഞ്ഞതോടെ വാറ്റുകാരൻ റപ്പായിയുടെ വീട്ടിൽ പോയി അരക്കുപ്പി വാറ്റ് നിന്ന നില്പിലാ തമ്പി ചേട്ടൻ പൂശിയത് .
ആയ് അളിയനെ കണ്ടില്ലേ തമ്പിയെന്ന റപ്പായിയുടെ ചോദ്യത്തിന്,
അവൻ അളിയനല്ല മൈരനാണെന്നാ തമ്പി ചേട്ടൻ ചീറിയത് .
അത് കേട്ട് റപ്പായി അന്തം വിട്ട് നിന്നു , ഈ പാവത്തിന്, ചിലപ്പോ സുധാകരന്റെ കൈയ്യീന്ന് ഇടി കിട്ടീട്ടുണ്ടാവുമെന്നാ റപ്പായിക്ക് തോന്നിയത്.
ആയ്, അളിയൻ, അളിയനെ ഇടിക്കോന്ന് റപ്പായി, മനസ്സിലിട്ട് ചോദിച്ചെങ്കിലും ഉത്തരം കിട്ടിയില്ല ?.
ആ ചോദ്യം തമ്പിയോട് ചോദിക്കാൻ റപ്പായിയുടെ മനസ്സ് തരിച്ചെങ്കിലും അടി കൊണ്ട് വന്ന് നിക്കുന്ന തമ്പിയാ ചിലപ്പോ എങ്ങിനെ പ്രതികരിക്കുമെന്ന് പറയാൻ പറ്റത്തില്ല .
സുധാകരന്റെ കൈയ്യീന്ന് കിട്ടിയ ദേഷ്യത്തിന് ചിലപ്പോ തനിക്കിട്ടാവും താങ്ങാ . തനിക്ക് കിട്ടിയാ നിന്ന് വാങ്ങേ നിവിർത്തിയുള്ളൂ . ചിലപ്പോ കുടിച്ചതിന്റെ കാശും തരത്തില്ല .
എന്തിനാ ഈ വക പൊല്ലാപ്പൊക്കെ ഒരു ചോദ്യം കൊണ്ട് ഉണ്ടാക്കണേ ?
അതോടെ ആ സംശയം റപ്പായി ചേട്ടൻ മനസ്സിലിട്ട് കുത്തിപ്പൊട്ടിച്ചു കളഞ്ഞു .
അവര് അളിയനും അളിയനും തമ്മിലുള്ള പ്രശ്നത്തില് താനെന്തു പറയാൻ ? .
അല്ലെങ്കി താനെന്തെങ്കിലും പറയും .., ഇവര് അളിയനും, അളിയനും തമ്മിലുള്ള പ്രശ്‍നം ചിലപ്പോ നാളെ മാറും .പിന്നെ ഈ തമ്പി അതെപ്പോഴെങ്കിലും സുധാകരനോട് പറയും അതോടെ അവൻ തനിക്കിട്ട് പൊട്ടിക്കും.
വെറുതെ എന്തിനാ സുധാകരനെ ഒരു ശത്രു ആക്കി മാറ്റണേ ?
സുധാകരന്റെ ഇടി കൊള്ളാനൊന്നും തന്നെക്കൊണ്ട് ആവില്ല.
അവര് അളിയനും അളിയനും തമ്മില് എന്തെങ്കിലും ആയിക്കോട്ടെ .
ഇതിനിടയിൽ തമ്പിയുടെ കാലു നക്കാൻ വന്ന റപ്പായിയുടെ നായ സുഗുണന്, പോ ശവമേന്നും പറഞ്ഞ് തമ്പി ഒരു തൊഴി കൊടുത്തതോടെ ആ പാവം ജീവനും കൊണ്ടോടി .
ആ തോഴി കണ്ട റപ്പായി ഉള്ളിൽ ഞെട്ടിയെങ്കിലും അത് പുറമേക്ക് കാണിച്ചില്ല.
സംഗതി ഇത് സുഗുണന്റെയൊരു സൂത്രാ , വാറ്റ് കുടിക്കാൻ വരുന്നവരെ കണ്ടാ യാതൊരു പരിചയം ഇല്ലാത്തവരാണെങ്കി കൂടി പോയി കാലു നക്കുന്നത് .
അതോടെ കുടിക്കാൻ വരുന്നവര് എന്തെങ്കിലുമൊക്കെ തിന്നാനിട്ടു കൊടുക്കാറു പതിവുള്ളതാ.
ആ പ്രതീക്ഷയിലായിരുന്നു അവൻ , ഓടിപോയി തമ്പിയുടെ കാലും നക്കിയത്. പക്ഷെ തമ്പി ഇടി കിട്ടി പുകഞ്ഞു നിപ്പാണെന്ന് അവനറിയാതെ പോയി .
ഏതാ ഈ അലവലാതി നായെന്ന് തമ്പി അലറിക്കൊണ്ടാ റപ്പായിയോട് ചോദിച്ചത് ?
അപ്പുറത്തെ വീട്ടിലേതാണെന്നാ റപ്പായി ചേട്ടൻ വിക്കിക്കൊണ്ട് പറഞ്ഞത് . താനാ അതിന്റെ ഓണറെന്നറിഞ്ഞാ തനിക്കും ചവിട്ട് കിട്ടുമോന്നുള്ള പേടിയിലായിരുന്നു റപ്പായി.
അല്ലെങ്കിലേ ഭ്രാന്തു പിടിച്ചു നിക്കുന്ന മനുഷ്യനാ .
അളിയൻ സ്വർണ്ണത്തിന്റെ കാര്യം തീർപ്പാക്കാനാ വന്നെന്നറിഞ്ഞതോടെ സുധാകരേട്ടൻ സൈക്കിളുമെടുത്ത് തലങ്ങും വിലങ്ങും അളിയനെ തേടി പാഞ്ഞു .
അവസാനം റപ്പായിയുടെ വാറ്റുപുരയിൽ വെച്ച് ദീർഘകാലത്തെ ആ വൈരാഗ്യം ഒരു കുപ്പി വാറ്റിന്റ പുറത്ത് ഐസ് പോലെ ഉരുകുകയും അളിയനും, അളിയനും കെട്ടിപ്പിടിച്ച് കരയുകയും ചെയ്തു .
അതുകണ്ട ശാരദേടത്തി നെഞ്ചിൽ കൈവെച്ച് നിന്നു. ഇത് തന്ന്യാ കറക്റ്റ് സന്ദർഭമെന്ന് മനസ്സിലായതോടെ ഒളിച്ചു നിപ്പായിരുന്ന രാജുവും വന്ന് സുധാകരേട്ടന്റെ കാലിൽ നക്കുകയും സുധാകരേട്ടൻ ഒന്ന് തലോടി വിടുകയും ചെയ്തതോടെ അവനും ആശ്വാസമായി എന്നുള്ളതായിരുന്നു സത്യം. അതോടെ ആ സംഭവം ശുഭമായി പര്യവസാനിക്കുകയും ചെയ്തു .
വീണ്ടും ശിവനിലോട്ട് വരാം .
കഴിഞ്ഞ കൊല്ലത്തെ പരീക്ഷക്ക് ഗൈഡ് വെച്ചിട്ടായിരുന്നു ശിവൻ കോപ്പിയടിച്ചോണ്ടിരുന്നത് . പീതാംബരൻ മാഷത് കാണുകയും കൈയ്യോടെ പൊക്കുകയും ഹെഡ്മാഷിന്റെ അടുത്ത് കൊണ്ട് പോയി കാണിക്കുകയും ചെയ്തിരുന്നു .
പിറ്റേ ദിവസം പീതംബരൻ മാഷ് സ്കൂളീന്ന് വരുന്ന വഴി സുധാകരേട്ടൻ തടഞ്ഞു നിറുത്തുകയും, പീതാംബരൻ മാഷിനെ അടിക്കാൻ ചെല്ലുകയുമായിരുന്നു .
എന്തിനാ സുധാകരാ നീയെന്നെ തല്ലാൻ വരണേന്ന് വിറച്ചോണ്ടാ പീതാംബരൻ മാഷ് ചോദിച്ചത്? .
അത് വരേയ്ക്കും പീതാംബരൻ മാഷിന്റെ കൂടെയുണ്ടായിരുന്ന സന്തോഷ് മാഷ് ഞാനൊന്ന് മൂത്രമൊഴിച്ചിട്ട് വരാമെന്നും പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു.
ഒരു മാസമായിട്ടും മൂത്രം ഒഴിക്കാത്ത ഓട്ടം പോലെ തോന്നി പീതാംബരൻ മാഷിന് അത് കണ്ടപ്പോൾ.
മാഷെന്താ, എന്റെ ചെക്കനെ പരീക്ഷ എഴുതുമ്പോ ചെയ്തത് ?.
എന്റെ സുധാകരാ, നിന്റെ ചെക്കൻ പുസ്തകം വെച്ച് എഴുതിയതിനല്ലേ ഞാനവനെ ചീത്ത പറഞ്ഞത് .
പുസ്തകത്തിൽ നോക്കിയല്ലേ എഴുതേണ്ടതെന്നും ചോദിച്ച് സുധാകരേട്ടനും ചീറി .
പീതാംബരൻ മാഷാണെങ്കി ആകെ പേടിച്ചു വിറച്ചോണ്ടാ നിക്കണത് .
ഒരു ബോധവും, പൊക്കണവും ഇല്ലാത്ത റൗഡിയാ മുന്നിൽ നിൽക്കുന്നത് . താനൊരു മാഷാണെന്നൊന്നും നോക്കത്തില്ല .
മൂത്രമൊഴിക്കാൻ പോയ സന്തോഷ് മാഷാണെങ്കിൽ ഇത് വരെ തിരിയെ വന്നിട്ടില്ല .
ആരെങ്കിലും ഈ വഴിയൊന്ന് വന്നാ മതിയെന്നായിരുന്നു പീതാംബരൻ മാഷ് പ്രാർത്ഥിച്ചോണ്ടിരുന്നത് . സന്തോഷ് മാഷ് വന്നാലും മതിയായിരുന്നു തനിക്ക് കിട്ടേണ്ട ഇടി കുറച്ച് കുറഞ്ഞു കിട്ടിയേനെ.
സുധാകരൻ തന്നെ തല്ലിയാലും കുഴപ്പമില്ല പക്ഷെ കൊല്ലാണ്ടിരുന്നാ മതിയായിരുന്നുവെന്നാ പീതാംബരൻ മാഷ് പ്രാർത്ഥിച്ചത് .
ഏത് കഷ്ട്ടകാലം നേരത്തേണാവോ തനിക്കാ ചെക്കനെ പിടിക്കാൻ തോന്നിയത് ? എന്തെങ്കിലും ആയിക്കോട്ടേന്ന് വിചാരിച്ചാ മതിയായിരുന്നു . കോപ്പിയടിച്ചാലും ജയിക്കാത്തോനാ .
ഇതിനിടയിൽ ബീഡി എടുക്കാനായി സുധാകരേട്ടൻ മുണ്ട് പൊക്കിയതോടെ അയ്യോ, എന്നെ കൊല്ലല്ലേന്നും പറഞ്ഞ് പീതാംബരൻ മാഷ് ഓളിയിട്ടു . പീതാംബരൻ മാഷ് കരുതിയത് സുധാകരേട്ടൻ കത്തിയെടുക്കാനാണ് മുണ്ട് പൊക്കിയതെന്നായിരുന്നു.
അപ്രതീക്ഷിതമായ ആ ഓളിയിൽ സുധാകരേട്ടനും ഒന്ന് ഞെട്ടി .
ഇതിനിടയിൽ മൂത്രമൊഴിക്കുന്ന പോലെ കുനിഞ്ഞിരിപ്പായിരുന്ന സന്തോഷ് മാഷ് ആ ഓളി കേട്ടതോടെ അങ്ങനെ തന്നെ ഓടി . പീതാംബരൻ മാഷിനെ , സുധാകരൻ തീർക്കും തന്നെ കിട്ടിയാ തന്നേം തീർക്കും . ഒറ്റക്ക് വന്നാ മതിയായിരുന്നു.
ഈ സമയം അതു വഴി വന്ന മെമ്പറു സുകേശനാ ഒരു വിധത്തിൽ സുധാകരേട്ടനെ സമാധാനിപ്പിച്ചോണ്ട് പോയത് .
ഇനി ഞാൻ, ഒരു പട്ടികളെയും കോപ്പിയടിച്ചാ പിടിക്കത്തില്ലെന്നും പറഞ്ഞ് പീതാംബരൻ മാഷ്, പീതാംബരൻ മാഷിനോടു തന്നെ പറഞ്ഞു കരഞ്ഞു .
അതോണ്ടാ, ഇപ്രാവശ്യം പീതാംബരൻ മാഷ് ബുദ്ധിപൂർവ്വം പ്രവർത്തിച്ചത് .
ശിവൻ കോപ്പി അടിക്കുന്ന കണ്ടപ്പോ ഹെഡ്മാഷിനെക്കൊണ്ട് പിടിപ്പിച്ചത്.
ഹെഡ് മാഷ് വരുന്ന കണ്ടതോടെ ശിവൻ ഒന്നും അറിയാത്ത പോലെ ഇരുന്നെങ്കിലും മാഷ് വന്ന് ശിവന്റെ അരേലാ ആദ്യം തപ്പിയത് .
അവിടെ ഒരു ലൈബ്രറിയായിരുന്നു ശിവൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നത്. അത് കണ്ട ഹെഡ് മാഷ് ഞെട്ടിപ്പോയി .
സയൻസ് പരീക്ഷക്ക്, കണക്കിന്റ പുസ്തകങ്ങൾ കൂടിയാ ശിവൻ വെച്ചിട്ടുണ്ടായിരുന്നത് .
ഇതെന്തിനാ സയൻസ് പരീക്ഷക്ക് കണക്കിന്റെ പുസ്തകങ്ങൾ വെച്ചേക്കണതെന്നാ ഹെഡ്മാഷും മറ്റുള്ളവരും തല പുകഞ്ഞത്.
ഒടുവിൽ സതീശൻ മാഷത് ചോദിക്കേം ചെയ്തു .
എന്തിനാടാ ശിവാ സയൻസ് പരീക്ഷക്ക് കണക്കിന്റെ പുസ്തകം വെച്ചേക്കണത് ?.
ഇന്ന് ചിലപ്പോ കണക്ക് പരീക്ഷയാണെങ്കിലോയെന്നായിരുന്നു ശിവൻ സംശയം തിരിച്ചു ചോദിച്ചത് .
അത് കേട്ട് കുട്ടികള് മാത്രമല്ല മാഷു മാരും ചിരിച്ചു.
അതോടെ ഹെഡ് മാഷ് ശിവനെ നോക്കി കണ്ണുരുട്ടി.
ഇനി നീ അച്ഛനെ വിളിച്ചിട്ട് ക്ലാസ്സിൽ കേറിയാ മതിയെന്നാ ഹെഡ്മാഷ് പറഞ്ഞത് .
ഒന്നിന് പകരം പത്തായിട്ടായിരുന്നു ശിവനത് വീട്ടിൽ പോയി പറഞ്ഞത്.
അച്ഛനെ വിളിക്കാതെ ഹെഡ് മാഷ് ക്ലാസ്സിൽ കേറ്റത്തില്ലാന്നും, അച്ഛനൊരു മണ്ടനാണെന്നും , കിഴങ്ങാനാണെന്നും പറഞ്ഞുവെന്ന് വരെ അവൻ പറഞ്ഞു . പോരാത്തതിന് ഹെഡ് മാഷ് തന്നെ തല്ലിയെന്നും.
സത്യത്തിൽ അത് മാത്രമായിരുന്നു സത്യം . നല്ല പൊതുക്കാ ഹെഡ് മാഷ്, അന്നവന്റെ ചന്തിക്കുമേൽ നടത്തിയത് .
ഇതെല്ലാം പറഞ്ഞെങ്കിലും, കോപ്പി അടിച്ച കാര്യം അവൻ ലളിതമായിട്ടായിരുന്നു വീട്ടിൽ അവതരിപ്പിച്ചത് .
തനിക്കു മാത്രം മാഷുമാർ ഒന്നും പഠിപ്പിച്ചു തരുന്നില്ലാന്നും വരെ ശിവൻ വെച്ച് കാച്ചി .
പണി കഴിഞ്ഞു വന്ന സുധാകരേട്ടന്റെ അടുത്ത് ഇതെല്ലാം രണ്ടു മടങ്ങ് അധികമാക്കിയിട്ടാ ശാരദേടത്തിയും അവതരിപ്പിച്ചത് .
നിങ്ങളൊരു മണ്ണുണ്ണി റൗഡിയാണെന്നു ശാരദേടത്തി പറഞ്ഞതു കേട്ട് സുധാകരേട്ടന്റെ ഉള്ളിലെ റൗഡി ഞെട്ടി.
അതും മാഷുമാര് വിളിച്ചതാണെന്നാ ശാരദേടത്തി വെച്ചു കീച്ചിയത് .
അതോടെ സുധാകരേട്ടൻ നിന്ന് വിറച്ചു , താനൊരു മണ്ണുണ്ണി ആയി മാറിയത് പോലെയാ സുധാകരേട്ടന് തോന്നിയത് .
സുധാകരേട്ടന്റ്‌യുള്ളിലെ റൗഡി വിറച്ചു മണ്ണുണ്ണിയെന്ന് വിളിച്ചതിൽ റൗഡിക്കായിരുന്നു കൂടുതൽ ദേഷ്യം .
അവനെയങ്ങു തട്ടെന്ന് സുധാകരേട്ടന്റെ ഉള്ളിലെ റൗഡി അലറി.
ഡാ നായിന്റെ മോനേന്ന് അലറിക്കൊണ്ട് സുധാകരേട്ടൻ ഉത്തരത്തീന്ന് വെട്ടു കത്തി വലിച്ചെടുത്തു. അത് കണ്ട രാജു വീണ്ടും ജീവനും കൊണ്ടോടി . സുധാകരേട്ടന്റെ, മറ്റൊരു അയൽക്കാരൻ തോമസേട്ടൻ കാറ്റ് കൊള്ളാൻ ഉമ്മറത്തിരിപ്പുണ്ടായിരുന്നു. ഇനി കാറ്റ് കൊണ്ടാ, അത് തന്റെ കാറ്റ് പോവാൻ കാരണമാകുന്ന് തോന്നിയതോടെ തോമാസേട്ടൻ അകത്തു കയറി വേഗം വാതിലടച്ചു .
സുധാകരേട്ടന്റെ ആ അലർച്ച കേട്ട മറ്റൊരു അയൽക്കാരനായ തൊമ്മി ഞെട്ടിക്കൊണ്ട് തിണ്ണമേലിരുന്ന് താഴെ വീണു .
ഇപ്പൊ തന്നെ ഒരു ആന കുത്താൻ വന്നാ എന്താ ചെയ്യാന്ന് ആലോചിച്ചോണ്ടിരിപ്പായിരുന്നു തൊമ്മി , ആ സമയത്തായിരുന്നു സുധാകരേട്ടന്റെ അലർച്ച .
ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുന്നതാ തൊമ്മിയുടെ പണി , തന്നെ ഒരു പുലി പിടിക്കാൻ വന്നാ എന്ത് ചെയ്യും? പത്ത് പേര് തല്ലാൻ വന്ന താൻ അവരെ തല്ലുമോ? ഇങ്ങനെ ഓരോന്ന് ചിന്തിച്ച് ആവേശം കൊണ്ട് കൈ നീട്ടി അന്തരീക്ഷത്തിൽ ഇടിക്കും .
ഇതിനിടയിലാ സുധാകരേട്ടന്റെ അലർച്ച കേട്ട തൊമ്മി മൂടും കുത്തി താഴെ വീണത് . അതോടെ അന്നത്തെ ചിന്താ പരിപാടി മതിയാക്കി തൊമ്മി അകത്തോട്ട് കേറി.
സുധാകരേട്ടനെങ്ങാനും ദേഷ്യം തീർക്കാൻ തന്നെ വന്ന് തല്ലുമോന്നായിരുന്നു തോമാസേട്ടന്റെ പേടി . എന്തിനാ തന്നെ തല്ലുന്നതെന്ന് തോമാസേട്ടൻ സ്വയം ചോദിച്ചെങ്കിലും , വെറുതെയെന്ന് തോമാസേട്ടൻ തന്നെ അതിനു മറുപടി പറയേം ചെയ്തു .
വെറുതേ വന്ന് തല്ലേന്ന് തോമാസേട്ടൻ വീണ്ടും ചോദിച്ചെങ്കിലും അതിന് തോമാസേട്ടന്റെ ഉള്ളിലുള്ള തോമാസേട്ടൻ ഉത്തരം കൊടുത്തില്ല.
അതോണ്ട് ഒരു മുൻ കരുതലെന്ന നിലയിൽ ഭാര്യ ഓമനയുടെ അടുത്ത് ആരെങ്കിലും വന്നാ താനിവിടെ ഇല്ലെന്ന് പറയാൻ തോമാസേട്ടൻ ശട്ടം കെട്ടി.
ഈ നാശം പിടിച്ച സ്ഥലത്തൂന്ന് വീട് വിറ്റ് എങ്ങോട്ടെങ്കിലും പോവാൻ വേണ്ടി തോമാസേട്ടൻ കുറെ നോക്കിയതാ പക്ഷെ ഒരു കാര്യവുമുണ്ടായില്ല .
വാങ്ങാൻ വരുന്നവര് അപ്പുറത്തൊരു റൗഡിയാണ് താമസിക്കുന്നതെന്ന് അറിയുന്നതോടെ ഓടി രക്ഷപ്പെടുകയാണ് പതിവ് .
വെറുതെ ഇടി കൊള്ളാൻ വേണ്ടി കാശും കൊടുത്ത് വീട് വാങ്ങണ്ടല്ലോ എന്നാ ബ്രോക്കറ് പൗലോസ് ചേട്ടൻ പറഞ്ഞത് .
പക്ഷെ തോമാസേട്ടൻ ഈ സ്ഥലം വാങ്ങുമ്പോ ആരും ഈ വിവരങ്ങളൊന്നും തോമാസേട്ടനോട് പറഞ്ഞില്ല എന്നുള്ളതായിരുന്നു സത്യം . പള്ളിയിലെ കപ്യാരായിരുന്ന തോമാസേട്ടനോട് കർത്താവ് പോലും ഇതിനെക്കുറിച്ച് പറഞ്ഞില്ല .
അതിന്റെ പേരിൽ പിന്നെ കർത്താവിന്റെ രൂപം എവിടെക്കണ്ടാലും എന്നോട് ഈ ചതി വേണ്ടായിരുന്നുവെന്നാ തോമാസേട്ടൻ ആദ്യം പറയാറ് .
കാരണം ഈ സ്ഥലം വാങ്ങുന്നതിനു മുന്നേ കുറെ നേരം കർത്താവിനെ നോക്കി പ്രാർത്ഥിച്ചിട്ടായിരുന്നു തോമാസേട്ടൻ അഡ്വാൻസ് കൊടുത്തത്.
വടക്കെങ്ങാട് ആയിരുന്നു തോമാസേട്ടന്റെ സ്ഥലം അവിടെ ഭാഗം വെച്ച് പിരിഞ്ഞപ്പോ ആ കാശും കൊണ്ട് വാങ്ങിയതാ ഇവിടെ .
ഇങ്ങനെ ഒരു സ്ഥലം ഒത്തു വന്നപ്പോ താൻ കർത്താവിന്റെ സ്ഥലത്ത് പണി എടുക്കുന്ന ആളായ കാരണം കർത്താവ് നല്ലത് തരുമെന്നായിരുന്നു തോമാസേട്ടന്റെ വിശ്വാസം അത് തന്ന്യായിരുന്നു, തോമാസേട്ടൻ കപ്യാരായിരുന്ന പള്ളിയിലെ പീലിപ്പോസ് അച്ചനും പറഞ്ഞത് .
ഇത് നിനക്ക് കർത്താവ് അറിഞ്ഞു തന്ന സമ്മാനാ തോമാസേ .
ഇടിയാ, ആ സമ്മാനമെന്ന് തോമാസേട്ടന് പിന്ന്യാ മനസ്സിലായത് .
അതോടെ തോമാസേട്ടൻ കർത്താവിന്റെ രൂപം നോക്കി കരഞ്ഞു . കർത്താവിത് മനഃപൂർവ്വം തനിക്ക് തന്ന പണിയാണോന്നാ തോമാസേട്ടന് സംശയം തോന്നിയത് .
ഒരു മുട്ടൻ റൗഡിയായ സുധാകരേട്ടന്റെ വീടിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു കർത്താവ്, തോമാസേട്ടന് സ്ഥലം ശരിയാക്കി കൊടുത്തത് .
തനിക്ക് കർത്താവ് തന്ന സമ്മാനമാണിതെന്ന് പറഞ്ഞ പീലിപ്പോസ് അച്ചനെ ചീത്ത വിളിക്കാൻ തോമാസേട്ടൻ പോയതായിരുന്നു. അതിനു മുന്നേ അച്ചൻ അവിടന്ന് സ്ഥലം മാറിപ്പോയത് കൊണ്ട് മാത്രാ രക്ഷപ്പെട്ടത് .
ഇത് കർത്താവും , പാതിരിയും ചേർന്ന് തനിക്കിട്ട പണിയാണെന്നാ തോമാസേട്ടൻ ഇപ്പോഴും വിശ്വസിക്കണത് . പള്ളീലെ ഭണ്ടാരം തുറക്കണത് തോമാസേട്ടനായിരുന്നു അതിൽ ചിലത് തോമാസേട്ടന്റെ പോക്കറ്റിലേക്ക് പോകുന്നത് കർത്താവിനും കുറച്ച് അച്ചനും മാത്രം അറിയാവുന്ന രഹസ്യമായിരുന്നു .
താൻ പാതി, ദൈവം പാതീന്നും പറഞ്ഞാ തോമാസേട്ടനാ പരിപാടിയെ ന്യായീകരിച്ചു കൊണ്ടിരുന്നത് .
ഒടുവിൽ തന്റെ ഈ സ്ഥലം വിറ്റ് പോയില്ലെങ്കിലും സുധാകരനെ നല്ലവനാക്കിയാ മതിയെന്നായി മാറി തോമാസേട്ടന്റെ പ്രാർത്ഥന .
തനിക്ക് കിട്ടുന്ന ഇടിക്ക് അങ്ങനെയെങ്കിലും ഒരു കുറവുണ്ടാവൂല്ലോന്നായിരുന്നു ആ പാവത്തിന്റെ പ്രതീക്ഷ .
സുധാകരേട്ടന്റെ ശല്യം സഹിക്കാൻ പറ്റാതെ ഒരു പ്രാവശ്യം തോമാസേട്ടൻ പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുത്തതാ. അന്ന് സുധാകരേട്ടനെ സ്റ്റേഷനിൽ കൊണ്ട് പോയി ഇടിയൻ ജോണി കുറെ ഇടിച്ചു.
ഇനി നീ റൗഡിസം കാണിച്ചാ നിന്നെ ഞാൻ ഉരുട്ടി കൊല്ലുമെന്ന് ഇടിയൻ വാണിംഗ് കൊടുത്തതോടെ കുറച്ചു നാളെത്തേക്ക് സുധാകരേട്ടൻ നന്നായി.
അതിനു ശേഷം തോമാസേട്ടനെ കാണുമ്പോ സുധാകരേട്ടൻ ചിരിക്കാൻ തുടങ്ങി . അത് വല്യ ആശ്വാസമായിരുന്നു തോമാസേട്ടന് അതോടെ കർത്താവിനോടുള്ള പരാതി പറച്ചിലും നിറുത്തി .
ഭാര്യയോട് പറയേം ചെയ്തു.
കണ്ടില്ലേ താടിയുള്ള അപ്പനെ പേടിയുള്ളൂ ന്നും പറഞ്ഞ് ആ താടിയുള്ള അപ്പനായി തോമാസേട്ടൻ മാറുകേം ചെയ്തു .
എന്നാലത് അധിക കാലം നീണ്ടു നിന്നില്ല . ഇടിയൻ സ്ഥലം മാറിപ്പോയെന്ന വാർത്ത കേട്ട സുധാകരേട്ടൻ, തോമാസേട്ടനെ നോക്കി ചിരിച്ചു , അത് കണ്ട് തോമാസേട്ടനും ചിരിച്ചു.
പിന്നെ സുധാകരേട്ടൻ പൊട്ടി പൊട്ടി ചിരിച്ചു അതോടെ തൊമാസേട്ടന് പന്തി കേട് തോന്നിയെങ്കിലും അതിനും മുന്നേ സുധാകരേട്ടന്റെ ഇടി മഴ തോമാസേട്ടന്റെ മേൽ പെയ്തു തോർന്നിരുന്നു .
എല്ലാം ചേർത്ത് പലിശയടക്കമാ അന്ന് തോമാസേട്ടന് ഇടികിട്ടിയത്, അതോടെ തോമാസേട്ടൻ കരഞ്ഞു . ഇടിയൻ പോയതോടെ പൂർവ്വാധികം ശക്തനായ റൗഡിയായി സുധാകരേട്ടൻ മാറി. അന്നുമുതൽ പൂർവ്വാധികം ശക്തിയോടെ തോമാസേട്ടന് ഇടി കിട്ടാൻ തുടങ്ങിയതും .
നീ എന്നെ നോക്കി ചിരിച്ചതല്ലേ സുധാകരാ?.
അത് കൊലച്ചിരി ആണെന്നാ സുധാകരേട്ടൻഡ് അലറിക്കൊണ്ട് പറഞ്ഞത്.
നീയെന്നെ പോലീസിനെക്കൊണ്ട് പിടിപ്പിക്കും അല്ലേടാ പട്ടി?.
തോമാസേട്ടൻ ഈ ഗ്രാമത്തിലേക്ക് പുതിയതായി വന്ന അന്ന് തന്നെയായിരുന്നു സുധാകരേട്ടന്റെ അടുത്തൂന്ന് ആദ്യമായി ഇടി കിട്ടാനുള്ള ഭാഗ്യമുണ്ടായത് .
സുധാകരേട്ടന്റെ ഭാര്യ ശരാധേടത്തി മീൻ കഴുകിയ വെള്ളം തോമാസേട്ടന്റെ അതിരിൽ ഒഴിച്ചതായിരുന്നു അതിനു കാരണം .
അത് ചോദിക്കാൻ ചെന്നതായിരുന്നു തോമാസേട്ടൻ .
അതിന് പിരി കൊടുത്തത് തോമാസേട്ടന്റെ ഭാര്യ എലിസിബത്ത് ചേച്ചിയും.
എന്റെ മനുഷ്യാ നമ്മള് പുതിയ ആൾക്കാരാണെന്നും വിചാരിച്ചാ അവരീ പോക്രിത്തരം കാണിച്ചത്. നിങ്ങള് വിട്ട് കൊടുക്കണ്ട പോയി രണ്ടു പറയ് മനുഷ്യാ .
അങ്ങനെ വിട്ട് കൊടുക്കാണ്ട് ചോദിക്കാൻ തോമാസേട്ടൻ പോയതിന് പുറകെ ഒരു നിലവിളി കേട്ടായിരുന്നു എലിസബത്ത് ചേച്ചി പുറത്തേക്കോടി വന്നത്.
ഏത് അലവലാതി പട്ടിയാ ഇങ്ങനെ കരയാണെന്നും ചോദിച്ചോണ്ടായിരുന്നു ചേച്ചി പുറത്തേക്കിറങ്ങിയത് .
മുറ്റത്തിറങ്ങിപ്പോഴാ അത് പട്ടിയല്ല ഭർത്താവാണെന്ന് മനസ്സിലായത് .
തലയും പൊത്തിപ്പിടിച്ചായിരുന്നു പട്ടിയെ വെല്ലുന്ന ആ കരച്ചിൽ തോമാസേട്ടൻ നടത്തിയത് .
സുധാകരേട്ടൻ കൂട്ടാൻ വെച്ച മീൻ കറിയെടുത്താ തോമാസേട്ടന്റെ തലയിൽ അടിച്ചു പൊട്ടിച്ചത് പോരാത്തതിന് കുനിച്ചു നിറുത്തി രണ്ടിടീം കൊടുത്തു .
ഇതിനിടയിൽ രാജു ഓടി വന്ന് തോമാസേട്ടന്റെ മൂട്ടിൽ കടിക്കേം ചെയ്തു. അതിനിടയിലവനാ മീൻ കഷ്ങ്ങങ്ങൾ എടുത്തു തിന്നു .
ആ സംഭവത്തിനു ശേഷം അവറാൻ ചേട്ടൻ ഇടപെട്ടിട്ടാ ഒരു കുപ്പി ബ്രാണ്ടി വാങ്ങി സുധാകരേട്ടന് കൊടുത്ത് തൽക്കാലത്തേക്ക് ആശ്വാസപ്പെടുത്തി നിറുത്തിയത്.
ആ പേരിൽ ഒരു കുപ്പി അവറാൻ ചേട്ടനും തട്ടി . രണ്ടു കുപ്പി സുധാകരന് കൊടുത്തൂന്നാ തോമാസേട്ടനോട് പറഞ്ഞത് . എന്നാലും കുഴപ്പമില്ല തന്നെ തല്ലാതിരുന്നാ മതിയായിരുന്നുവെന്നാ തോമാസേട്ടൻ പ്രാർഥിച്ചത് .
ഇപ്പൊ കുടിക്കാൻ തോന്നുമ്പോ സുധാകരേട്ടൻ അതിരിൽ വന്നു നിന്ന് തോമാസേട്ടനെ നോക്കി കണ്ണുരുട്ടും അതോടെ ആ പാവം പേടിച്ച് അവറാൻ ചേട്ടനേം വിളിച്ച് ഒരു കുപ്പി വാങ്ങിക്കൊടുക്കും . ഇത് അവറാൻ ചേട്ടനും ഗുണകരമായതോടെ ഇടക്കിടക്ക് അവറാൻ ചേട്ടനും പോയി സുധാകരേട്ടനോട് കണ്ണുരുട്ടാൻ പറയും.
ഏതായാലൂം സുധാകരേട്ടൻ വെട്ടു കത്തി എടുത്തതോടെ അച്ഛാ കൊല്ലെണ്ടാ, മാഷേ ഒന്ന് പേടിപ്പിച്ചാ മാത്രം മതിയെന്നാ ശിവൻ വിളിച്ചു പറഞ്ഞത് .
മാഷെന്ന് കേട്ടതോടെ പീതാംബരൻ മാഷിന്റെ ഉണങ്ങിയ രൂപായിരുന്നു സുധാകരേട്ടന്റെ മനസ്സിൽ തെളിഞ്ഞത് . അതോടെ, രണ്ടിടിക്ക് പകരം മൂന്നിടി കൊടുക്കാമെന്നാ സുധാകരേട്ടൻ പറഞ്ഞത്. അതോടൊപ്പം രണ്ടു കുപ്പി കള്ളിന്റെ ചിത്രവും സുധാകരേട്ടന്റെ മനസ്സിൽ തെളിഞ്ഞു .
കഴിഞ്ഞ ആഴ്ച വഴിയിൽ വെച്ച് കണ്ടപ്പോ നൂറു രൂപാ പീതാംബരൻ മാഷിനോട്, സുധാകരേട്ടൻ ചോദിച്ചതായിരുന്നു .
എന്റെ കൈയ്യില് ഒന്നും ഇല്ലല്ലോ സുധാകരാന്നായിരുന്നു , പീതാംബരൻ മാഷ് പറഞ്ഞത് . സത്യത്തിൽ മാഷുടെ കൈയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും പോകുന്ന വഴി രണ്ടു പേരോട് കടം വരെ മാഷ് ചോദിച്ചതാ, പക്ഷെ കിട്ടിയില്ല. ആ കാശ് കൊടുക്കാത്തതിന് ആ പേരിൽ തന്നെ ഇടിക്കുമോന്നുള്ള പേടിയിലായിരുന്നു കടം വാങ്ങിയിട്ടെങ്കിലും കൊടുക്കാൻ മാഷ് തീരുമാനിച്ചത് .
ഈ വിവരം സുധാകരേട്ടന് അജ്ഞാതമായിരുന്നു.
അന്ന് കാശ് കൊടുക്കാത്ത ദേഷ്യം ഇപ്പൊ സുധാകരേട്ടന്റെ മനസ്സിൽ കേറി വന്നതും തനിക്ക് ഇടി കിട്ടുമോയെന്നുള്ള മാഷിന്റെ പേടി സത്യമായതും പ്രകൃതിയുടെ ഒരു വിളയാട്ടായിരുന്നു .
എന്റെ മനുഷ്യാ നിങ്ങളീ രാത്രി ആരെ പോയി തല്ലാനാന്ന് ?, നേരമൊന്ന് വെളുക്കട്ടെ. ശാരദേടത്തി ആ പറഞ്ഞതോടെയാ സുധാകരേട്ടന് സ്ഥലകാല ബോധം വന്നത്.
ഏതായാലും തല്ലാന്നും വെച്ച് ഇറങ്ങിയതല്ലേ, ഇനിയിപ്പോ എങ്ങിനെയാ വെറുതേ തിരിയെ കേറാ ന്നും ആലോചിച്ച് സുധാകരേട്ടൻ അയലത്തോട്ടാ നോക്കിയത് . ജനാലിനരികിൽ ഒളിച്ചു നിപ്പായിരുന്ന തോമാസേട്ടൻ എന്റെ കർത്താവേന്നും നിലവിളിച്ചോണ്ട് കട്ടിലിനടിയിൽ കയറി. വറീതിന്റെ ഷാപ്പ് വരെ അടച്ചു കാണൂല്ലോ അടി ഒഴിവാക്കാൻ എന്റെ കർത്താവേ?
എന്റെ മനുഷ്യാ നിങ്ങളൊന്ന് അടങ്ങു .
ശാരദേടത്തി പറഞ്ഞതോടെയാ സുധാകരേട്ടൻ ഒന്ന് അടങ്ങിയത് . എന്നിട്ടും കലി തീരാഞ്ഞു അതിർത്തിയിൽ പോയി തോമാസേട്ടനെ രണ്ടു ചീത്ത വിളിക്കേം ചെയ്തു . ആ പാവം കട്ടിലിന്റെ അടിയിൽ കൊന്തയും പിടിച്ച് കർത്താവിനെ നോക്കി കിടപ്പായിരുന്നു.
ഭണ്ടാരത്തീന്ന് രണ്ടു തുട്ട് എടുത്തതിന്, എന്നെ ഇത്രേം ശിക്ഷിച്ചത് പോരെ കർത്താവേന്നാ ? തോമാസേട്ടൻ ഉള്ളുരുകി പ്രാർത്ഥിച്ചത് .
പിറ്റേന്ന് രാവിലെ തന്നെ രണ്ടു കുപ്പി കള്ളിന്റെ പുറത്ത് അവനെ ഞാൻ സ്കൂളിലിട്ടു തല്ലുമെന്നു അലറിക്കൊണ്ടാ സുധാകരേട്ടൻ പാഞ്ഞത്, ശാരദേടത്തിയും, ശിവനുമുണ്ടായിരുന്നു കൂടെ .
ബെല്ലടിക്കാൻ വന്ന പ്യൂൺ ശങ്കരനെ നോക്കി എവിടെടാ ഹെഡ് മാഷിന്റെ മുറിയെന്നും ചോദിച്ച് കണ്ണുരുട്ടിയതോടെ ആ പാവം ബെല്ലടിക്കണ കോലും ഇട്ട് പാഞ്ഞു.
ഹെഡ് മാഷിന്റെ മുറി തുറന്ന് ഉള്ളിൽ കേറിയ സുധാകരേട്ടൻ ഒന്ന് ഞെട്ടി .
ഭീകരൻന്നാ സുധാകരേട്ടന്റെ വായിൽ വന്നത് .
അതോടെ ചുരുട്ടിയ മുഷ്ടി കൊണ്ട് സുധാകരേട്ടൻ ഒരു സല്യൂട്ട് അടിച്ചു
കുടിച്ച രണ്ടു കുപ്പി കള്ള് ശൂ ...ന്നും പറഞ്ഞ് ആവിയായിപ്പോയി . .
എവിടെടാ ആ മാഷെന്നാ സുധാകരേട്ടൻ, ശിവനോട് അടക്കം ചോദിച്ചത്.
ആ ഇരിക്കുന്നതാ ഈ മാഷെന്നും പറഞ്ഞ് ശിവൻ കൈ ചൂണ്ടിയതോടെ സുധാകരേട്ടന്റെ അവസാന പിടിവള്ളിയും പോയി .
ഇത് മാഷാണോ? ഘടോൽക്കചനല്ലേയെന്നാ സുധാകരേട്ടൻ മനസ്സിൽ ചോദിച്ചത് .
സത്യത്തിൽ സുധാകരേട്ടൻ പറഞ്ഞതുപോലെ ഒരു ഘടോൽക്കചൻ തന്നെയായിരുന്നു ഹെഡ് മാഷ് .
ആറ് ആറരയടി പൊക്കവും അതിനൊത്ത വണ്ണവും നല്ല കൊമ്പൻ മീശയും ഉണ്ടക്കണ്ണുകളും പിന്നെ പഴയ ജിമ്മും.
കട്ട മീശയാണെങ്കി പിരിച്ചു വെച്ച് കൃതാവുമായി കൈകോർത്ത് അങ്ങ് ഹിമാലയത്തിലോട്ട് കേറിപ്പോകുന്ന മാതിരി തലയിലോട്ട് കേറിപ്പോയിരിക്കുന്നു .
ഉരുണ്ട ചോരക്കണ്ണുകൾ കണ്ടാ തന്നെ പേടിയാവും .
കൈയ്യിലുള്ള ഉരുണ്ട മസിലുകൾ അങ്ങോട്ടുമിങ്ങോട്ടും വെറുതേ ഉരുണ്ടു കളിക്കുന്നത് കണ്ട സുധാകരേട്ടന്റെ തൊണ്ട വരണ്ടു .
ഇവരെയൊക്കെ എന്തിനാ മാഷായി എടുത്തെന്നാ സുധകരേട്ടൻ ആലോചിച്ചത് കണ്ടാ തന്നെ പേടിയാവുല്ലോ ? .
യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരാൾ ഓടിക്കേറി വന്നത് കണ്ട് ഹെഡ് മാഷ് രൂക്ഷമായാ, എല്ലാവരേം നോക്കിയത്.
വാതിലിൽ തട്ടി അനുവാദം ചോദിക്കാതെ മുറിയിൽ കേറി വരണത് തീരെ ഇഷ്ട്ടമില്ലാത്ത ആളാ ഹെഡ് മാഷ് .
മേ ഐ കമിൻ സർ ?
എന്ന് ചോദിച്ചിട്ടേ അകത്തോട്ട് കേറാവൂ , ഒരു പ്രാവശ്യം പ്യുൺ ചായ കൊടുക്കാൻ ഓടിച്ചാടി ചെന്നതായിരുന്നു വേഗം ചായ കൊടുത്താ ഹെഡ് മാഷ് ഒരു അപ്രിസേഷൻ പറയും എന്ന പ്രതീക്ഷയിലായിരുന്നു ഓടി വന്നത് .
യു ഇഡിയറ്റ് ഗേറ്റ് ഔട്ട് മൈ റൂം ന്ന് ഹെഡ് മാഷ് അലറിയതോടെ ആ പാവം ചായയും ഇട്ടോണ്ട് ഓടി ഒടുവിൽ ഗ്രൗണ്ടിൽ പോയാ ആ ഓട്ടം നിന്നത് .
എന്തിനാ തന്നെ ചീത്ത വിളിച്ചതെന്ന് പോലും മനസ്സിലാവാണ്ട് നിന്ന് കരഞ്ഞ അങ്ങേരെ പീതാംബരൻ മാഷാ പോയി സമാധാനിപ്പിച്ചോണ്ട് കൂട്ടി വന്നത് .
അതോടെ എല്ലാവരും ആ ഇംഗ്ളീഷ് വാചകം പഠിച്ചു .
കുറേക്കാലം ഹെഡ് മാഷ് പട്ടാളത്തിലായിരുന്നു ആ പട്ടാള ചിട്ട തന്ന്യാ മാഷ്ക്ക് ഇപ്പോഴും.
അത് കാരണം ഞങ്ങളുടെ സ്കൂൾ ഒന്ന് നേരെ ആയീന്നു പറയാം. ആകെ അലങ്കോലമായി കിടന്നതായിരുന്നു .
എന്താടോ ?.
പാറപ്പുറത്ത് ചിരട്ട ഉരക്കണ പോലെത്തെ ആ ഉഗ്ര സ്വരം കേട്ട് സുധാകരേട്ടൻ ഞെട്ടി .
ഒരു സിംഹം ഗർജ്ജിക്കുന്നത് പോലെയാ സുധാകരേട്ടന് തോന്നിയത്.
എന്തൊരു ശബ്ദമാണിതെന്നാ സുധാകരേട്ടൻ ചിന്തിച്ചത് ? .
എന്താ തന്റെ പേര് ?.
സുധാകരേട്ടൻ ആകെ അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ നിക്കുന്നത് കണ്ടാ ഹെഡ്മാഷ് വീണ്ടും ചോദിച്ചത്?.
അതോടെ സുധാകരേട്ടൻ ഒന്ന് കൂടി വിക്കി.
തനിക്ക്, ഒരാളുടെ മുറിയിലേക്ക് വരുമ്പോ വാതിലിൽ തട്ടി അനുവാദം ചോദിക്കാൻ അറിയില്ലേ ? നോ മാനേഴ്സ് ?ഇഡിയറ്റ് .
ഹെഡ് മാഷിന്റെ ശബ്ദം അനുനിമിഷം മാറിക്കൊണ്ടിരുന്നു .
പുലിക്കൂട്ടിലേക്കാണല്ലോ ഭഗവാനേ താൻ ഓടിക്കേറി ചെന്നത് ?.
തന്റെ വായിൽ നാക്കില്ലേ? എന്താടോ തന്റെ പേര് ?.
ആ അലർച്ചയിൽ സുധാകരേട്ടൻ വീണ്ടും ഞെട്ടി. ഇപ്രാവശ്യം അതെല്ലാവരും കാണുകേം ചെയ്തു .
സംഗതി പന്തികേടാണെന്ന് ശാരദേടത്തിക്ക് ബോധ്യമായി .
അലറിക്കൊണ്ട് പാഞ്ഞു വന്ന ഭർത്താവ് ഏലി പോലെ നിക്കുന്നത് കണ്ടതോടെ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടേക്കാണെന്ന് ശാരദേടത്തിക്ക് എമനസ്സിലായിക്കഴിഞ്ഞിരുന്നു .
ഏത് കഷ്ടകാലം നേരത്തേണാവോ ആ മരങ്ങോടൻ ചെക്കന്റെ വാക്കും കേട്ട് ചാടിയിറങ്ങി പുറപ്പെടാൻ തോന്നിയതെന്നാ സുധാകരേട്ടന് തോന്നിയത് ?.
പീതാംബരൻ മാഷിനെ പോലെ ഒരാളായിരിക്കുമെന്നുള്ള വിശ്വാസമായിരുന്നു മനസ്സില് . ഒന്ന് വിരട്ടി വിടാമെന്നും കരുതിയാ എടുത്തു ചാടിയത്. ഇതിങ്ങനെയൊരു ഘടോക്കചനാണ് ഇവിടെയുള്ളതെന്ന കാര്യം ആ തെണ്ടി ചെക്കൻ പറഞ്ഞില്ലല്ലോ? .
പേര് പറയടാ റാസ്‌ക്കൽ ..
അതൊരു ഉഗ്ര ശാസനമായിരുന്നു.
എല്ലാവരും ഞെട്ടി.
സുധാകരേട്ടൻ നിന്ന നിൽപ്പിലൊന്ന് മേലോട്ട് ചാടിപ്പോയി .
ശിവൻ ഒറ്റ കരച്ചിൽ.
അത് കേട്ട് എല്ലാവരും അത്ഭുതത്തോടെ അവനെ നോക്കി. ശിവന്റെ അങ്ങിനെയൊരു ഭാവം ആദ്യമായിരുന്നു. എന്തിന് സുധാകരേട്ടൻ പോലും ചുറ്റും നോക്കിയ ശേഷമാ ശിവനിലേക്ക് എത്തിയത് .
ഇവൻ കരയോന്നായിരുന്നു ശാരദേടത്തിയുടെ ചിന്ത .
ഹെഡ്‌മാഷുടെ മുറിയിൽ ഒരു തോക്ക് തൂക്കിയിട്ടുണ്ടായിരുന്നു അത് നോക്കിയാ ശിവൻ കരഞ്ഞത് . ഹെഡ്മാഷ് ഇനി അതെങ്ങാനും എടുത്ത് തന്തപ്പിടിയെ വെടി വെക്കും കൂടെ വന്ന തന്നേം പൊട്ടിക്കും ആ പേടിയായിരുന്നു അവന് .
ഏതാണ്ട് ഒരു ആന തൊട്ട് മുന്നിൽ വന്ന് ചിഹ്നം വിളിച്ചത് പോലെയാ സുധാകരേട്ടന് തോന്നിയത്.
അതോടെ സുധാകരേട്ടൻ സ്വന്തം പേര് പോലും മറന്നു .
ഇങ്ങേർക്ക് പേര് പറഞ്ഞാലെന്തെന്നായിരുന്നെന്നാ ശാരദേടത്തി വിറച്ചോണ്ട് ഓർത്തത് .
ഈ മനുഷ്യനെ ഒറ്റക്ക് വിട്ടാ മതിയായിരുന്നു. അന്നാ ഇങ്ങേർക്ക് കിട്ടാനുള്ളതും വാങ്ങി മിണ്ടാണ്ട് പൊന്നേനേ .
വെറുതെ ഒരു ആവേശത്തിനാ താനും കൂടി ചാടിയിറങ്ങി പുറപ്പെട്ടത് ? .
ഇത് തന്നെയായിരുന്നു ശിവന്റേം ചിന്ത.
ഈ തന്തപ്പിടിക്ക് പേര് പറഞ്ഞാലെന്താ? ഇനി അതിന്റെ പേരില് തനിക്കും അടി കിട്ടുമോയെന്നായിരുന്നു ശിവന്റെയും പേടി .
നിങ്ങള് പേര് പറയ് മനുഷ്യാ, ശാരദേടത്തി തോണ്ടിയതോടെ സുധാകരേട്ടൻ വീണ്ടും ഞെട്ടി .
ഞെട്ടിയ സുധാകരേട്ടൻ വിക്കിയാ പറഞ്ഞത് ..,
ശിവൻ.
അത് കേട്ട് എല്ലാവരും അത്ഭുതപ്പെട്ടാ സുധാകരേട്ടനെ നോക്കിയത് .
പീതാംബരൻ മാഷ് താടിക്ക് കൈയ്യും കൊടുത്ത് നിന്നു . ഇതാണ് താടിയുള്ള അപ്പനെ പേടിയുള്ളൂന്ന് പറയണതിന്റെ പൊരുളെന്നാ മാഷ് തിരിച്ചറിഞ്ഞത്.
ഈ പേടിത്തൊണ്ടനെയാണല്ലോ താനിത്രനാളും പേടിച്ചോണ്ടിരുന്നത്?.
അതോടെ പീതാംബരൻ മാഷ്‌ക്കും ആവേശം കൂടി പോരാത്തതിന് തന്നെ പേടിപ്പിച്ച് എത്ര കുപ്പി കള്ളാ ഈ മഹാപാടി അടിച്ചു കുടിച്ചത്. ആ കാര്യം കൂടി ഓർമ്മയിൽ വന്നതോടെ പീതാംബരൻ മാഷ്ക്ക് ഒന്ന് കൂടി ദേഷ്യം കൂടി.
താൻ പോലും കുടിക്കാണ്ടാ ഈ പരട്ടക്ക് വാങ്ങിക്കൊടുത്തിട്ടുള്ളത്. മഹാപാപി , തനിക്ക് അന്ന് ഇത്പോലെ ഒന്ന് ചാടാൻ തോന്നിയിരുന്നെങ്കില് ആ കാശ് തന്റെ പോക്കറ്റിൽ കിടന്നേനേ ? ഈ പരട്ടയെ കാണുമ്പോഴെക്കും എന്തൊരാ താൻ പേടിച്ചിരിക്കണേ ഭഗവാനെ ?.
അപ്പൊ ഈ നിക്കണോന്റെ പേരോ ?.
ശിവനെ ചൂണ്ടിക്കാണിച്ചായിരുന്നു ഹെഡ് മാഷുടെ ചോദ്യം
അതോടെ സുധാകരേട്ടൻ വീണ്ടും വിക്കി
സുധാകരൻ .
സുധാകരേട്ടൻ പിച്ചും പേയും പറയുന്നത് കണ്ട ശാരദേടത്തി വീണ്ടും ഒരു നുള്ളു കൊടുത്തു .
എന്തൊക്കെ വിവരക്കേടാ ഇങ്ങേരിത് വിളിച്ചു പറയുന്നത് ?.
ഇപ്പൊ ഇടിച്ചു നിലം പരിശാക്കുമെന്നും പറഞ്ഞ് ചാടിത്തുള്ളി വന്ന മനുഷ്യനാ ആകെ വിറച്ചു മുള്ളി നിക്കണത് ? .
അതിനിടയില് താൻ കൂടി വന്നത് വല്യ അബദ്ധമായിപ്പോയെന്ന് ശാരദേടത്തിക്ക് തോന്നി.
എന്റെ സുധാകരാ പേടിക്കാണ്ട് കാര്യം പറ ?.
പീതാംബരൻ മാഷ് ആ പറഞ്ഞതോടെ സുധാകരേട്ടന് തൊലി ഉരിഞ്ഞത് പോലെ ആയിപ്പോയി .
മാഷ് വരാൻ പറഞ്ഞു ?.
ഒരു വിധത്തിലാ സുധാകരേട്ടനാ പറഞ്ഞൊപ്പിച്ചത്.
ഞാനോ ആരോട് ?.
അതോടെ സുധാകരേട്ടൻ ഒന്ന് കൂടി വിക്കി. താൻ മാഷിനെ തല്ലാൻ വന്നതാണെന്ന് പറഞ്ഞാ ഇങ്ങേര് കതക് അടച്ചു കുറ്റിയിട്ട് തന്നെ തല്ലി കൊല്ലും. അതൊഴിവാക്കാനൊരു നമ്പര് ഇട്ടതായിരുന്നു പക്ഷെ ചീറ്റിപ്പോയി .
അതോടെ സുധാകരേട്ടൻ കളം മാറ്റി ചവിട്ടി.
അല്ല മാഷേ ചെക്കൻ വന്ന് പറഞ്ഞായിരുന്നു മാഷ് കാണാണമെന്ന് പറഞ്ഞൂന്ന്.
ഇപ്രാവശ്യം ഞെട്ടിയത് ശിവനായിരുന്നു .
കോപ്പി അടിച്ചത് പിടിച്ചതിനായിരിക്കും
പീതാംബരൻ മാഷ് ഇടക്ക് കേറിയാ അത് വിശദീകരിച്ചു കൊടുത്തത് . എത്ര പറഞ്ഞാലും കേക്കത്തില്ല സാറേ . അതിനോടൊപ്പം പീതാംബരൻ മാഷ് ഒന്ന് കൂടി എണ്ണയൊഴിച്ചു. ആളിക്കത്തണമെങ്കിൽ കത്തട്ടെ ചെക്കനും തന്തക്കും ഇത്തിരി മുഷ്ട് കൂടുതലാ . ഇന്നത്തോടെ അത് തീരണം .
എന്താ സംഭവെന്ന് തന്റെ മോൻ പറഞ്ഞില്ലെടോ ?.
ശിവനെ നോക്കിയായിരുന്നു ഹെഡ് മാഷ് ആക്രോശിച്ചത് ?
എന്തിനാണിയാള് വെറുതേ കിടന്നലറുന്നതെന്നായിരുന്നു സുധാകരേട്ടൻ സ്വയം ചോദിച്ചത്? താൻ ഇത്ര തൊട്ടടുത്തല്ലേ നിക്കണത്? .
ഓരോ അലർച്ച കേക്കുമ്പോഴും ഞെട്ടി പേടിച്ചു താനിവിടെ വീണ് ചാവുമൊന്ന് പോലും സുധാകരേട്ടന് തോന്നി.
തന്റെ ചെക്കൻ പരീക്ഷക്ക് കോപ്പി അടിച്ചേക്കണൂ അതവൻ തന്നോട് പറഞ്ഞോ ?.
ശും.... ന്നും പറഞ്ഞ് സുധാകരേട്ടൻ ഇല്ലെന്ന അർത്ഥത്തിൽ രണ്ടു വശത്തേക്കും തലയാട്ടി.
അത് കണ്ട ശിവൻ കരച്ചിലിനിടയിലും രൂക്ഷമായാ സുധാകരേട്ടനെ നോക്കിയത്. തന്തപ്പിടി ഒരു ഉളുപ്പും ഇല്ലാണ്ടാ കാലു മാറി ചവിട്ടിയത് . ഒരു പാടു പ്രതീക്ഷയിലായിരുന്നു ശിവൻ, അച്ഛനെ വിളിച്ചോണ്ട് വന്നത് .
എല്ലാവരേം പേടിപ്പിക്കുമെന്നും അതോടെ ഇനി കോപ്പിയടിക്കുമ്പോ ആരും തന്നെ പിടിക്കത്തില്ലെന്നുമായിരുന്നു അവന്റെ ധാരണ .
ഇതിപ്പോ ഇങ്ങേരു ആകെ വിറച്ചു മുള്ളിയാ നിക്കണത്, കോപ്പിലെ ഒരു റൗഡി.
ചെക്കൻ കോപ്പിയടിച്ചതിന് തന്നേ പിടിച്ച് തല്ലോന്നായിരുന്നു സുധാകരേട്ടന്റെ പേടി .
വരേണ്ടിയിരുന്നില്ല ശാരദയെ അയച്ചാ മതിയായിരുന്നു . പക്ഷെ പറഞ്ഞിട്ടെന്തു കാര്യം ? ആ ചെക്കൻ ഇതെങ്ങാനും തന്നോട് പറഞ്ഞോ ?.
കഴിഞ്ഞ പ്രാവശ്യം പീതാംബരൻ മാഷിനെ ഒന്ന് വിരട്ടിയതോടെ മാഷ് പിന്നെ സുധാകരേട്ടനെ കാണുമ്പോഴൊക്കെ ഒരു കുപ്പി കള്ള് കുടിക്ക് എന്റെ സുധാകരാന്നും പറഞ്ഞ് കാശ് കൊടുക്കാറുള്ളതാ .
സുധാകരേട്ടന് കള്ള് വാങ്ങി കൊടുക്കുന്നതിലൂടെ ഭാവിയിൽ ശിവൻ മുഖാന്തരം തനിക്കു വരാവുന്ന ഇടികൾക്ക് ഒരു തടയിടുകയായിരുന്നു പീതാംബരൻ മാഷ് അതുവഴി ചെയ്തത് .
അത് പോലെ തനിക്ക് ഇനിയും കള്ളു കുടിക്കാനുള്ളൊരു വഴി ഇതിലൂടെ തെളിഞ്ഞു വരുമോന്നുള്ള പ്രതീക്ഷയിലായിരുന്നു സുധാകരേട്ടനും വന്നത് .
ഇതിപ്പോ ഇടി കൊള്ളാതിരിക്കാൻ താൻ അങ്ങോട്ട് കള്ളു വാങ്ങിക്കൊടുക്കേണ്ടി വരുമെന്നാ സുധാരേട്ടന് തോന്നിയത് . എന്നാലും കുഴപ്പമില്ലായിരുന്നുവെന്നാ സുധാകരേട്ടൻ സ്വയം പറഞ്ഞത് .
ചെറുപ്പത്തിൽ സുധാകരേട്ടന്റെ അമ്മ ഘടോല്കചന്റെ കുറെയേറെ കഥകൾ പറഞ്ഞു കൊടുത്തിട്ടുള്ളതായിരുന്നു. അതുകൊണ്ട് വേറെ ഒറ്റ ദേവന്മാരുടെയും , അസുരൻ മാരുടേയും പേര് സുധാകരേട്ടന് അറിയില്ലെങ്കിലും ഘടോൽക്കചന്റെ പേര് കാണാപ്പാഠമായിരുന്നു .
താൻ പറഞ്ഞത് കേട്ടില്ലെടോ.?
കേട്ടു ഘടോൽക്കചൻ മാഷേ .
ആ വിളി കേട്ട് ഹെഡ് മാഷ് മാത്രമല്ല ആ കൂട്ടം മുഴുവനും അന്തിച്ചു നിന്നു.
ഈ പൊങ്ങൻ എന്തൂട്ടാ ഈ പറയണേന്നാ ഹെഡ് മാഷ് ആലോചിച്ചോണ്ട് നിന്നത് .
സുധാകരേട്ടനാ പറഞ്ഞത് കേട്ട് ശിവനും ഞെട്ടി . അതോടെ കോപ്പിയടിക്കു പുറമെ വേറെ പേരു വിളിച്ചതിനും തന്നെ തല്ലു കൊള്ളിക്കുമോയെന്നുള്ള പേടിയും അവനെ വലയം ചെയ്തു .
അടുത്തു നിന്ന സന്തോഷ് മാഷ് വാ പൊത്തി ചിരിച്ചു .
തന്റെ മോൻ ഇവിടെ എന്തൊക്കെയാ കാട്ടി കൂട്ടണെന്ന് തനിക്കറിയോ ?.
ഹെഡ് മാഷുടെയാ ചോദ്യത്തിന് ഉത്തരമില്ലാതെ സുധാകരേട്ടൻ മിണ്ടാതെ നിന്നു.
തന്നോടാ ചോദിച്ചത്?
ഇല്ല മാ....ഷേ
താനെന്തൊരു തന്തയാടോ ?
എങ്ങിനെയെങ്കിലും ഈ രാക്ഷസന്റെ മുന്നീന്ന് ഒന്ന് രക്ഷപ്പെട്ടാ മതിയെന്നായിരുന്നു സുധാകരേട്ടൻ ആലോചിച്ചോണ്ട് നിന്നിരുന്നത് . രാവിലെ ഒരു കുപ്പി കള്ളും കുടിച്ച് പണിക്ക് പോയാ മതിയായിരുന്നു.
അല്ല താനെന്തിനാ ചെക്കൻ വിളിച്ചത് കേട്ട് ചാടിയിറങ്ങി പുറപ്പെട്ടത് ?. ഈ വക ചോദ്യങ്ങളൊക്കെ സുധാകരേട്ടന്റെ ഉള്ളിൽ കിടന്ന് തേട്ടിയെങ്കിലും അതിനൊന്നും തന്നെ ഉത്തരം സുധാകരേട്ടന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം .
തന്റെ മോൻ കോപ്പിയടിച്ചു അവനെ ഞാനെന്താ ചെയ്യേണ്ടേ ?.
താനിപ്പോ എന്താ മറുപടി പറയാ ? വല്ല സൈക്കിളിന്റെ ചങ്ങല പൊട്ടിയാ എന്താ ചെയ്യാ ന്നും ചോദിച്ചാ മറുപടി പറയാമായിരുന്നു തനിക്കറിയാവുന്ന പണിയാ അത് . കോപ്പി അടിച്ചതിന് എന്താ ചെയ്യാന്ന്, സൈക്കിള് റിപ്പയറ് ചെയ്യുന്ന തന്നോട് ചോദിച്ചാ താനെന്തു പറയാൻ ?.
എടോ, ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിക്കാതെ എന്തെങ്കിലും പറയ് .
ഞാനെന്താ ചെയ്യേണ്ടത് തന്റെ മോനെ ?
കുന്തം വിഴുങ്ങിയിട്ടില്ലാന്ന് കാണിക്കാൻ സുധാകരേട്ടൻ ഒന്ന് മുരടനക്കി പക്ഷെ സുധാകരേട്ടൻ കരയുന്നത് പോലെയാ എല്ലാവർക്കും തോന്നിയത്.
ശാരദേടത്തി അന്തം വിട്ടാ നോക്കിയത് ഈ മനുഷ്യൻ കരഞ്ഞു നാറ്റിക്കും .
പീതാംബരൻ മാഷിന് തന്നെ ഇത്രനാളും പേടിച്ചതിന് ഒന്ന് പൊട്ടിക്കാനാ തോന്നിയത് .
അവന്റെ തൊലി ഞാൻ ഉരിക്കട്ടെ ?.
സുധാകരേട്ടൻ ഒരു ആശ്വാസത്തിനായി ശാരദേടത്തിയെ നോക്കി അതോടെ ശാരദേടത്തി താഴോട്ട് നോക്കി .
കാര്യം പറയെടോ ന്നും പറഞ്ഞ് ഹെഡ്മാഷ് ചൂരൽ, മേശമേൽ ആഞ്ഞടിച്ചോണ്ട് ചാടി എഴുന്നേറ്റതും ഒരുമിച്ചായിരുന്നു.
ആ ചാട്ടം കണ്ട് ശിവൻ ട്രൗസറിൽ മുള്ളി . ശിവൻ മുള്ളിയത് കണ്ട് സുധാകരേട്ടനും മുള്ളി .
അയ്യേന്നും പറഞ്ഞ് സന്തോഷ് മാഷ് പുറകിലോട്ട് ചാടി ശാരദേടത്തി കഷ്ടം വെച്ചു നിന്നു
അവനെ കൊല്ലു മാഷേന്നും പറഞ്ഞ് സുധാകരേട്ടൻ കരഞ്ഞു .
കോപ്പിടിയടിച്ച അവനെ കൊന്നാലും തന്തയായ തന്നെ കൊല്ലല്ലേ മാഷേന്നുള്ള ധ്വനി അതിലുണ്ടായിരുന്നു .
കോപ്പിയടിച്ചതിന് കൊല്ലേ ? തന്തപ്പിടി തന്നെ കൊലക്ക് കൊടുക്കാൻ വേണ്ടീട്ടാണോ ഇങ്ങോട്ട് കെട്ടിഎഴുന്നെള്ളി വന്നത് ? വീട്ടിലോട്ട് വരട്ടെ.
പീതാംബരൻ മാഷിനെ ഇടിച്ച പോലെ ഹെഡ് മാഷിനേം ഇടിക്കാൻ വേണ്ടി കൊണ്ട് വന്നതാ ഇപ്പൊ ട്രൗസറിൽ മുള്ളി നിക്കാ .
മൂത്രമൊഴിച്ചത് അറിയാതിരിക്കാൻ ശിവൻ കാലുകൾ കൊണ്ട് ഗുണന ചിഹ്നം വെച്ചെങ്കിലും ഒരു ബക്കറ്റിനുള്ള വെള്ളം അവന്റെ താഴെ കിടപ്പുണ്ടായിരുന്നു .
അതോടെ സുധാകരേട്ടനും ഗുണന ചിഹ്‌നം വെച്ചു നിന്നു. ശിവൻ നിക്കണ കണ്ടതോടെ അതായിരിക്കും അതിന്റെ പോംവഴി എന്നുള്ളതിലാ സുധാകരേട്ടനും നിന്നത് .
ഞാൻ കൊല്ലും ഹെഡ് മാഷ് അലറി.
ഇവനെയല്ല, തന്നെ ഹെഡ് മാഷ് സുധാകരേട്ടന്റെ നേർക്ക് കൈ ചൂണ്ടിയായിരുന്നു മാഷത് പറഞ്ഞത്.
ആ അന്ത്യശാസനം കേട്ട് സുധാകരട്ടൻ പതറി . ചെക്കൻ കോപ്പിയടിച്ചതിന് തന്തയെ കൊല്ലേ ?.
ശിവനത് കേട്ട് സന്തോഷമായി , തന്തപ്പിടിയുടെ ശല്യം ഇതോടെ തീരും. ഒരു സഹായത്തിന് വിളിച്ചോണ്ട് വന്നതാ . തന്നെ കൊല്ലിക്കാനാ പരട്ട തന്ത നോക്കിയത് .
ഹെഡ് മാഷ്ഡ് എഴുന്നേറ്റ് നിന്നതോടെ സുധാകരേട്ടൻ ഒന്ന് കൂടി ഞെട്ടി.
എന്തൊരു ഉയരം ? ഒരു പന മുന്നിൽ വന്ന് നിൽക്കുന്നത് പോലെയാ സുധാകരേട്ടന് തോന്നിയത്.
അതോടൊപ്പം ഇങ്ങേർക്ക് ഘടോൽക്കചനെക്കാളും ഉയരം ഉണ്ടെന്നു കൂടി സുധാകരേട്ടന് തോന്നി , തന്റെ ഉയരം ഒന്നുകൂടി കുറഞ്ഞ പോലെയും .
മാനത്തോട്ട് നോക്കി നോക്കുന്ന പോലെ ഹെഡ് മാഷിന്റെ മുഖത്തോട്ട് നോക്കി സുധാകരേട്ടൻ നിന്നു .
സംഗതി പന്തികേടാണെന്ന് മനസ്സിലായതോടെ ഇല്ലാത്ത ചുമയെ ഉണ്ടാക്കി ശാരദേടത്തി പതുക്കെ പുറത്തേക്കിറങ്ങി .
ചെക്കൻ കോപ്പിയടിച്ചതിന് തന്നെ ശരിക്കും കൊല്ലുമോയെന്നായിരുന്നു സുധാകരേട്ടൻ സംശയിച്ചത് .
കൊല്ലില്ല , ചിലപ്പോ തല്ലും , ചിലപ്പോഴല്ല എന്തായാലും തല്ലും.
ആ പൊന്തൻ കൈ വെറുതെ തന്റെ മേത്തു വീണാ മതി കാറ്റ് പോവാൻ . ജിമ്മൻ കുമാറിനെക്കാളും മസിലുണ്ട് .
ഞങ്ങടെ ഗ്രാമത്തിൽ ജിമ്മ് നടത്തണ ജിമ്മൻ കുമാറിനാണ് ഏറ്റവും കൂടുതൽ മസിലുള്ളത് . പക്ഷെ ഏറ്റം കൂടുതൽ പേടിയുള്ളതും കുമാറിനാ പാവത്തിന് കൈയ്യില് കൊടുത്ത മസില്, ദൈവം മനസ്സില് കൊടുത്തില്ല .
കുമാറിനെക്കാളും വലിയ മസിലു കണ്ടതോടെയാ സുധാകരേട്ടന്റെ മനസ്സ് ആ താരതമ്യം നടത്തിയത് .
ഹെഡ് മാഷ് അടുത്തോട്ട് വന്നതോടെ സുധാകരേട്ടൻ രണ്ടടി പിന്നോട്ട് മാറി.
ഒരു വേള അരയിലിരിക്കുന്ന കത്തിയെടുത്താലോന്ന് വരെ സുധാകരേട്ടൻ ആലോചിച്ചതാ പിന്നെയത് വേണ്ടെന്നു വെച്ചു. ചിലപ്പോ അത് വാങ്ങിയാവും ഹെഡ്മാഷ്ഡ് തനിക്കിട്ട് താങ്ങാ. തന്റെ കത്തി കൊണ്ടാവും തന്റെ കാറ്റ് പോവാ . ചിലപ്പോ ഒരു തല്ലിൽ ഒതുങ്ങേണ്ടത് താനായിട്ടാവും കുത്ത് വാങ്ങിക്കും.
താൻ മാഷുമാരെ തല്ലോടോ ?.., സുധാകരേട്ടന്റെ തൊട്ട് മുന്നിൽ നിന്നായിരുന്നു ഹെഡ് മാഷത് ചോദിച്ചത് .
ഇല്ലെന്നും പറഞ്ഞ് സുധാകരേട്ടൻ കരഞ്ഞു .
നീ വല്യ റൗഡിയാണെന്നാണല്ലോ ഇവരൊക്കെ പറയണത് ?.
അത് വെറുതേ പറയണതാണെന്നും പറഞ്ഞ് സുധാകരേട്ടൻ ഒന്ന് കൂടി ഉച്ചത്തിൽ കരഞ്ഞു . അച്ഛൻ കരയുന്നത് കണ്ട് ശിവനും കൂടെ കരഞ്ഞു .
എന്തൊക്കെ കാര്യങ്ങളെ ഇങ്ങേരു വിളിച്ചു കൂവുന്നത് ? എന്തായാലും തന്നെ തല്ലിയിട്ടാവും വിടാ അതിനുള്ള കാരണം നോക്കാ .
താനൊരു റൗഡിയല്ല പാവമാണെന്ന് കാണിക്കാൻ വേണ്ടി സുധാകരേട്ടൻ കൂനിക്കൂടി നിന്നു.
ഹെഡ് മാഷിനെ നോക്കി സുധാകരേട്ടന്റെ കഴുത്ത് കഴച്ചു. ഇങ്ങേരു ഒന്ന് ഇരുന്നിരുന്നെങ്കി കഴുത്ത് കഴപ്പെങ്കിലും മാറിയേനെ. ഇല്ലെങ്കി ഇവിടുന്ന് ഇറങ്ങുമ്പോഴേക്കും തന്റെ കഴുത്ത് ആകാശത്തോട്ട് മാത്രം നോക്കിയിരിക്കും.
എന്തിനാടോ പിള്ളാരെ ഇങ്ങനെ വളർത്തണത് ? നാളെ മേലാക്കം അവൻ കോപ്പിയടിച്ചൂന്ന് ഞാൻ അറിഞ്ഞാ പിന്നെ ഈ സ്കൂളില് വെച്ചേക്കില്ല ..
അതും പറഞ്ഞ് ഹെഡ് മാഷ് പുറത്തേക്കിറങ്ങി .
ആ വരവ് കണ്ട്
തന്നെ തല്ലാനായിരിക്കുമോന്ന് പേടിച്ച് സുധാകരേട്ടൻ ഒറ്റ ചാട്ടത്തിന് പിന്നോക്കം നിന്നു . പക്ഷെ വിചാരിച്ച പോലെ നിക്കാൻ പറ്റിയില്ല പിന്നിലുള്ള കസേരയിൽ ഇടിച്ച് സുധാകരേട്ടനും, കസേരയും ഒരുമിച്ച് താഴെ വീണു . ഇനി അതിനും തന്നെ ചീത്ത പറയാനുള്ള പേടിയിൽ ചാടിയെണീറ്റ് സുധാകരേട്ടൻ കസേര തുടച്ചു നിന്നു .
യു ഫൂൾ .
ഒരു കൊടുങ്കാറ്റ് കടന്നു പോയത് പോലെയാ സുധാകരേട്ടന് തോന്നിയത് .
അതോടെയാ സുധാകരേട്ടന് ശ്വാസം നേരെ വീണത് .
മര്യാദക്ക് മുറി വൃത്തിയാക്കിയതിനു ശേഷം മാത്രം മതി തന്തയും ചെക്കനും ഇവിടന്നു പോവാൻ .
ഹെഡ് മാഷ് ആ പറയുന്നതിന് മുന്നേ തന്നെ
സുധാകരേട്ടൻ മുണ്ടഴിച്ച് തറ തുടച്ചു തുടങ്ങിയിരുന്നു .
പുറത്ത് ഒളിച്ചു നിപ്പായിരുന്ന ശാരദേടത്തി ഹെഡ് മാഷിന്റെ വരവ് കണ്ടതോടെ അയ്യോന്നും ഓളിയിട്ടൊണ്ട് പുറത്തേക്ക് ഓടി .
ഭാര്യയുടെ ആ അയ്യോ വിളി സുധാകരേട്ടൻ കേക്കാത്ത മാതിരി നിന്നു. തനിക്കു കിട്ടേണ്ടത് അങ്ങിനെയങ്ങാട് ഒഴിഞ്ഞു പോണെങ്കിൽ പോട്ടെന്നായിരുന്നു സുധാകരേട്ടൻ മനസ്സിൽ പറഞ്ഞത് .
അന്ന് രാത്രി മൂന്നു കുപ്പി കള്ളിന്റെ പുറത്ത് സുധാകരേട്ടൻ അലറി.
നേരം ഒന്ന് വെളുക്കട്ടെ അവന്റെ അവസാനമായിരിക്കും .
ശാരദേടത്തി രൂക്ഷമായി നോക്കിയതോടെ സുധാകരേട്ടൻ ചമ്മി കൊണ്ട് നിന്നു .
ഏതായാലും ആ സംഭവത്തോടെ ശിവൻ നന്നായെന്ന് വേണമെങ്കിൽ പറയാം മുഴുവൻ നന്നായില്ലെങ്കിലും കുറെയൊക്കെ നന്നായി . സുധാകരേട്ടനും നന്നായി എന്നുള്ളതായിരുന്നു സത്യം .
ചെക്കൻ എന്തെങ്കിലും കോത്രേം കൊള്ളിത്തരം കാണിക്കുന്നതിന് തന്നേ പിടിച്ച് ഇടിക്കുമോന്നുള്ള ഭീതിയും സുധാകരേട്ടനുണ്ടായിരുന്നു .
പീതാംബരൻ മാഷിന്റെ പോലെയല്ല ഇങ്ങേര് .
ആ പേടി കാരണം സുധാകരേട്ടൻ ഇടക്കിടക്ക് ശിവനെ വിളിച്ച് ഉപദേശിക്കാൻ തുടങ്ങിയത് ഒരു പുതിയ ശീലമായിരുന്നു.
ഏതായാലും ശിവന് സംഭവിച്ച മാറ്റത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് പീതാംബരൻ മാഷ് തന്നെയായിരുന്നു . ഈ ചെക്കൻ കോപ്പിയടിക്കും താനത് പിടിക്കും പിന്നെ അവന്റെ തന്തയുടെ ഇടി താൻ കൊള്ളേണ്ടി വരും .
ഇതിനിടയിൽ ഹെഡ് മാഷിനെ ഇടിക്കാൻ വേണ്ടി ശിവൻ കുറെ നാൾ ജിമ്മിൽ പോയി . ജിമ്മൻ കുമാറിനോട് ഒരു മാസത്തിനുള്ളിൽ അർണോൾഡിന്റെ പോലെ മസിലു വരുത്താൻ പറ്റുമോന്നും ചോദിച്ചാ അവൻ പോയത് . ഒരാഴ്ച്ച മതിയെന്നും പറഞ്ഞ് കുമാറ് നിന്ന് ചിരിച്ചു .
പാവം ശിവൻ അത് വിശ്വസിക്കേം ചെയ്തു എന്നുള്ളതായിരുന്നു സത്യം .
ഹെഡ് മാഷ് വന്നതുകൊണ്ട് അങ്ങിനെ ചില ഗുണങ്ങൾ ഞങ്ങളുടെ സ്‌കൂളിന് ഉണ്ടായി എന്നുള്ളത് എടുത്തു പറയേണ്ടത് തന്നെയായിരുന്നു . അതോടെ കുട്ടികൾ നല്ലവരായി , നന്നായി പഠിക്കാനും തുടങ്ങി .
ഞങ്ങളുടെ സ്‌കൂളിലെ മുൻപത്തെ ഹെഡ് മാഷ് ഒരു പാവമായിരുന്നു. പീതാംബരൻ മാഷിനേക്കാൾ പാവം താൻ ഹെഡ് മാഷ് ആണെന്നത് മറ്റുള്ളവർ വിളിക്കുമ്പോഴായിരുന്നു മാഷ് തിരിച്ചറിഞ്ഞിരുന്നത് തന്നെ.
എന്നാൽ പുതിയ ഹെഡ് മാഷുടെ വരവോടെ ഇപ്പോൾ കാര്യങ്ങൾ ആകെ മാറി മറിഞ്ഞു എന്നുള്ളതായിരുന്നു സത്യം .
എല്ലാ ദിവസവും വൈകി വന്നിരുന്ന ശിവൻ , സന്തോഷ് , സുകന്യൻ അങ്ങിനെ ഒരുപാട് പേർ ഇപ്പൊ അരമണിക്കൂറിനു മുന്നേ താന്നെ ക്ലാസ്സിൽ ഹാജരാവാൻ തുടങ്ങിയത് മാഷുമാരെയും അതിലുപരി മാതാപിതാക്കളേയും അമ്പരപ്പിച്ചു .
ഒരു പ്രാവശ്യം ക്ലാസ്സിൽ വഴക്കു കൂടിയ ശങ്കുവിനോട് നിന്നെ ഹെഡ് മാഷിന്റെ അടുത്തേക്ക് കൊണ്ട് പോകുമെന്ന് പറഞ്ഞതും അവൻ ട്രൗസറിൽ മുള്ളിയതും ഒരുമിച്ചായിരുന്നു . അത്രക്കും പേടിയായിരുന്നു എല്ലാവർക്കും ഹെഡ് മാഷിനെ. അതിനു മറ്റൊരു കാരണവും കൂടിയുണ്ടായിരുന്നു .
രണ്ടു ദിവസം മുൻപ് ഇത് പോലെ തന്നെ വഴക്കു കൂടിയ രണ്ടു കുട്ടികളെ ഹെഡ് മാഷിന്റെ റൂമിൽ കൊണ്ട് പോവുകയും ഹെഡ് മാഷ്ഡ് മാത്രം വെച്ചിരിക്കുന്ന ചൂരൽ കൊണ്ട് ഡെസ്കിൽ കമിഴ്ത്തി കിടത്തി - ചന്തിയിൽ പെടക്കുകയും, അവരുടെ എന്റെ അമ്മേ ഞങ്ങളെ കൊല്ലല്ലേന്നുള്ള ഓളി സ്‌കൂള് മുഴുവൻ കേൾക്കുകയും ചെയ്തു.
ആ കരച്ചിൽ കേട്ട് പേടിച്ച സന്തോഷ് ക്ലാസ്സിൽ ബോധം കെട്ടു വീഴുകയും ചെയ്തു . ഏതായാലും അപ്പോഴവന് ബോധം പോയതുകൊണ്ട് ആ അടിയിൽ നിന്ന് ഒഴിവാവുകയും ചെയ്തു .
ഇത് ചോദിക്കാൻ അലറിക്കൊണ്ട് ക്ലാസ്സിലേക്ക് പാഞ്ഞു ചെന്ന, അവന്റെ അച്ഛൻ ദിവാകരേട്ടനും ഹെഡ് മാഷിനെ കണ്ടതോടെ, ഇനി അവൻ ബോധം കെട്ട് വീണാ അവിടെയിട്ട് തല്ലിക്കൊല്ലുന്നും പറഞ്ഞാ രക്ഷപ്പെട്ടത് .
എന്തൊരു ശരീരം ഉള്ള മാഷാന്നാ ദിവാകരേട്ടനും മനസ്സിൽ പറഞ്ഞത് .
സുധാകരേട്ടൻ ഘടോൽക്കച്ഛനോടാണ് ഉൽപമിച്ചതെങ്കിൽ ദിവാകരേട്ടന്, ഹെഡ് മാഷിനെ കണ്ടപ്പോ ഭീമന്റെ പോലെയാ തോന്നിയത്.
മറ്റൊരിക്കൽ ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും പഠിക്കുന്ന കുട്ടിയായ സുരനെ വിളിച്ച് അഭിനന്ദിച്ച് ഹെഡ് മാഷ് കാഷ് അവാർഡു കൊടുത്തു .
അതോടെ എല്ലാവർക്കും വാശിയാവുകയും ചെയ്തു .
സുരന് ഡോക്ടർ ആവണമെന്നായിരുന്നു ആശ അതവൻ പറഞ്ഞതോടെ ഹെഡ് മാഷ് അവന്റെ കൈ പിടിച്ചു കുലുക്കുകയും, വെരി ഗുഡ് പറയുകയും ചെയ്‌തു .
ശങ്കുവിനോട് എന്താവാനാ ആശയെന്ന് ചോദിച്ചപ്പോ അവൻ ഒന്നും മിണ്ടാതെ നിന്നു .
അവൻ അല്ലെങ്കിലേ ഒരു പാവാ .
നിനക്ക് ഒന്നും ആവേണ്ടടാന്നാ ഹെഡ്മാഷിന്റെ ചോദ്യം കേട്ട് അവൻ പേടിച്ചു കരഞ്ഞു .
എന്തെങ്കിലും പറഞ്ഞാ ഹെഡ് മാഷ് അടിക്കോന്ന് പേടിച്ചിട്ടാ അവൻ കരഞ്ഞത്.
പിന്ന്യാ പറഞ്ഞത് എനിക്ക് ഹെഡ് മാഷ് ആയാ മതീന്ന് . അതോടെ മാഷ് പിന്നെ അവനോട് ഒന്നും ചോദിച്ചില്ല .
ശിവനോട് എന്താവാനാ ആശയെന്ന് ചോദിച്ചപ്പോ ഐ പി എസ് ആവണെന്നായിരുന്നു അവൻ പറഞ്ഞത്. അത് കേട്ട് ഹെഡ് മാഷ് ഞെട്ടിയെങ്കിലും പുറത്തേക്ക് കാണിച്ചില്ല .
അവൻ പറഞ്ഞത് ഉറപ്പു വരുത്താനായി ഹെഡ്മാഷ് ഒരു വട്ടം കൂടി ചോദിച്ചതാ നിനക്ക് എന്താവാനാ ശിവാ ആഗ്രഹന്ന് ?.
എനിക്ക് പോലീസില് ഐ പി എസ് ആവാനാ ആഗ്രഹന്നും പറഞ്ഞ് ശിവൻ മുഖം വക്രിച്ചു .
അവന്റെയാ നിശ്ചയദാർഢ്യം കണ്ട് എല്ലാവരും അമ്പരന്നുവെന്നുള്ളതായിരുന്നു സത്യം .
പീതാംബരൻ മാഷ് അവിശ്വസനീയതോടെയാ ഹെഡ് മാഷേ നോക്കിയത്. ആ പാവത്തിന്റെ മനസ്സിന് ഉൾക്കൊള്ളാൻ പറ്റാവുന്നതിലും അപ്പുറത്തുള്ളതായിരുന്നു ശിവൻ താങ്ങിയത് .
എന്തെങ്കിലും പറഞ്ഞോട്ടെന്നായിരുന്നു ഹെഡ് മാഷ് കൈയ്യോണ്ട് ആംഗ്യം കാട്ടിയത് .
എങ്ങിനെയെങ്കിലും തന്റെ ക്ലാസ്സീന്ന് ഈ മാരണമൊന്ന് ജയിച്ചു പോയാ മതീന്നായിരുന്നു പീതാംബരൻ മാഷുടെ പ്രാർത്ഥന . കഴിഞ്ഞ മൂന്ന് കൊല്ലമായി ശിവൻ പീതാംബരൻ മാഷുടെ ക്ലാസ്സിൽ തന്നെയാണ് . ശിവനെക്കാളും പേടി അവന്റെ അച്ചനെയാ പീതാംബരൻ മാഷിന് . എന്റെ മോനെ ശിവാ നമുക്ക് ഈ ക്ലാസീന്ന് ഒന്ന് ജയിച്ചൊക്കെ പോണ്ടേന്നാ പീതാംബരൻ മാഷ് ഇടക്കിടക്ക് ചോദിക്കാറ് .
അതിന് ശിവൻ ഒന്നും പറയാറില്ല ഒരു പ്രാവശ്യം, ഒരു പ്രാവശ്യം എന്ന് പറഞ്ഞാ ഈ സംഭവം നടക്കുന്നതിനു മുന്നേ വഴിയിൽ വെച്ച് കണ്ടപ്പോൾ സുധാകരേട്ടനോടും ഈ കാര്യം പീതാംബരൻ മാഷ് സൂചിപ്പിച്ചതാ .
എന്റെ സുധാകരാ ചെക്കൻ ഇങ്ങനെയൊക്കെ ആയാ മതിയോ പത്താം ക്ലാസ്സെങ്കിലും ജയിക്കേണ്ടെന്നും ചോദിച്ചതിന് നിങ്ങള് അവനെ ശരിക്കും പഠിപ്പിക്കാത്ത കാരണാന്നും പറഞ്ഞ് സുധാകരേട്ടൻ ഈറ്റപ്പുലിയെപ്പോലെ ചീറി അന്നത്തോടെ നിറുത്തിയതാ പീതാംബരൻ മാഷ്, തന്തേം ചെക്കനും എന്തെങ്കിലും ആയിക്കോട്ടെന്നും പറഞ്ഞ് .
ഇതിനിടയിൽ ഹെഡ് മാഷിനെക്കുറിച്ച് ധാരാളം കഥകൾ സ്‌കൂളിൽ പ്രചരിച്ചു കൊണ്ടിരുന്നു .. ഹെഡ് മാഷ് പട്ടാളത്തിൽ ആയിരുന്നുവെന്നും ഒരു തോക്ക് കൊണ്ട് നൂറു പേരെ കൊന്നിട്ടുണ്ടെന്നും, അതിർത്തിയിൽ വെച്ച് യുദ്ധം നടക്കുമ്പോ പത്തു പേരെ നിന്ന നില്പിൽ അടിച്ചിട്ടുണ്ടെന്നുള്ളതും ഒക്കെ ഇവയിൽ ചിലത് ആയിരുന്നു .
ഇതെല്ലാം കുട്ടികൾ അവരവരുടെ ഭാവനക്കനുസരിച്ച് കൂട്ടുകയും വീടുകളിൽ ചെന്ന് പറയുകയും അങ്ങനെ ഇത്തരം കഥകൾ നാടു മുഴുവൻ പരക്കുകയും ചെയ്തു .
ചായക്കടക്കാരൻ പാക്കരൻ ചേട്ടന്റെ കടയിലും , റപ്പായിയുടെ വാറ്റിലും വറീതിന്റെ കള്ളു ഷാപ്പിലും അങ്ങനെ നാലാൾ കൂടുന്നിടത്തൊക്കെ ഇതായിരുന്നു ചർച്ച .
എന്റെ ക്ലാസ്സ് മേറ്റ് ശങ്കരൻ വീട്ടിൽ ചെന്ന് പറഞ്ഞത് ഹെഡ് മാഷ് ഒരു സൂപ്പർ മാനെന്നായിരുന്നു അത് കേട്ട് അവന്റെ അച്ചൻ ചന്ദ്രേട്ടൻ ഒളിച്ചു നിന്നാ ഹെഡ് മാഷിനെ നോക്കിയത് .
ചെക്കൻ പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടോന്ന് നോക്കിയതാണെന്നാ ഭാര്യ തങ്കമ്മ ചേച്ചിയോട് പറഞ്ഞത്
വേറൊരു ക്ലാസ് മേറ്റായ സുമൻ പറഞ്ഞത് ഹെഡ് മാഷ് ജെയിംസ് ബോണ്ടാണെന്നായിരുന്നു .
പട്ടാളക്കാരൻ രാജപ്പേട്ടൻ പറഞ്ഞത് അങ്ങനെ ഒരു തോക്ക് കൊണ്ട് നൂറു പേരെയൊന്നും കൊല്ലാൻ പറ്റാത്തില്ലാന്നും ഇതെല്ലാം പച്ച നുണകളുമാണെന്നായിരുന്നു .
ഇത് ഞാൻ ഹെഡ് മാഷോട് പറയുന്നു പറഞ്ഞ വിറകുവെട്ടുകാരൻ വാസുവിന്റെ ചെക്കനോട്,
എന്നാ നീ പോയി പറയെടാ ഹെഡ് മാഷോട് അയാളറിയും ഇവിടെ ഒരു പട്ടാളക്കാരനുണ്ടെന്നും പറഞ്ഞ് പൊട്ടിച്ചിരിച്ച രാജപ്പേട്ടൻ.കുറച്ചു കഴിഞ്ഞ് ചെക്കന്റെ പിന്നാലെ പോയി രണ്ടു പരിപ്പ് വട വാങ്ങിക്കൊടുത്താ പറഞ്ഞത് അല്ലെങ്കി മോനിതൊന്നും ആരോടും പറയേണ്ടെന്ന് .
എന്നിട്ടും രണ്ടു ദിവസം പേടിച്ചിട്ടാ രാജപ്പേട്ടൻ ചായക്കടയിലേക്ക് പോയതും വന്നതും സ്‌കൂളിന്റെ മുന്നിലൂടെ വേണായിരുന്നു രാജപ്പേട്ടന് പോവാനും വരാനും .
അന്ന് സ്‌കൂള് കഴിഞ്ഞ സമയത്തായിരുന്നു രാജപ്പേട്ടൻ സൈക്കിളിൽ പോയതും ഹെഡ് മാഷ് പുറത്തേക്ക് ഇറങ്ങിയതും . തന്നെ കണ്ടിട്ടാ ഹെഡ് മാഷ് പുറത്തേക്ക് വന്നതെന്ന പേടിയിൽ പരിഭ്രമിച്ച രാജപ്പേട്ടൻ സൈക്കിളെന്ന് വീഴേം ചെയ്തു .
എന്താ രാജപ്പാ നീയിങ്ങനെ കണ്ണ് കാണാണ്ടാണോ സൈക്കിള് ഓടിക്കണേന്നും ചോദിച്ച് ഹെഡ് മാഷാ ഓടിച്ചെന്നത് അതോടെ രാജപ്പേട്ടൻ ഒന്നു കൂടി പേടിച്ചു ഓളിയിട്ടു ഏതാണ്ട് ഒരാന തന്നെ കുത്താൻ വരുന്നത് പോലെയാ രാജപ്പേട്ടന് തോന്നിയത് .
സത്യത്തിൽ രാജപ്പേട്ടനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ വേണ്ടി ഓടി വന്നതായിരുന്നു ഹെഡ് മാഷ്. എന്നാൽ രാജപ്പേട്ടൻ കരുതിയത് താൻ പറഞ്ഞത് ആ കുരുത്തം കൊള്ളി ചെക്കൻ പോയി ഹെഡ് മാഷോട് പറഞ്ഞിട്ടുണ്ടായിരിക്കും അതിനാലാണെന്നായിരുന്നു .
ഏതായാലും ഹെഡ് മാഷ് അടുത്തെത്തുന്നതിനു മുന്നേ ഒരു വിധത്തിൽ രാജപ്പേട്ടൻ സൈക്കിളെടുത്ത് കേറാതെ തള്ളിക്കൊണ്ടാ ഓടിയത് .
ഇയാൾക്കിതെന്തു പറ്റിയെന്നോർത്ത് ഹെഡ് മാഷ് അന്തിച്ചു നിന്നു .
അടുത്ത ദിവസം ചായക്കടയിലേക്ക് വന്ന വാസുവിന്റെ ചെക്കനെ രാജപ്പേട്ടൻ ചീത്ത വിളിക്കേം ചെയ്തു .
ഞാൻ ഹെഡ് മാഷോട് ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞ് ചെക്കൻ കരഞ്ഞതോടെ രാജപ്പേട്ടൻ വീണ്ടും രണ്ടു പരിപ്പു വട വാങ്ങിക്കൊടുത്തെങ്കിലും എനിക്ക് പഴം പൊരി മതീന്നും പറഞ്ഞ് ചെക്കൻ കരച്ചിൽ തുടർന്നു . എന്തെങ്കിലും ആയിക്കോട്ടെ അവരോടൊന്നും പറയാതിരുന്നാ മതിയെന്നായിരുന്നു രാജപ്പേട്ടന് .
ആ കൊല്ലത്തെ മുഴുവൻ പരീക്ഷക്ക് ശിവൻ വീണ്ടും തോറ്റെങ്കിലും പീതാംബരൻ മാഷുടെ നിർബന്ധത്തിൽ ജയിപ്പിച്ചു വിട്ടു . എന്റെ മാഷേ മൂന്നു കൊല്ലം ഞാൻ അനുഭവിച്ചത് മതീന്നും പറഞ്ഞ് പീതാംബരൻ മാഷ് , ഹെഡ് മാഷിന്റെ മുന്നിൽ നിന്ന് കരഞ്ഞതോടെയാ അവസാനം ഹെഡ് മാഷ് സമ്മതിച്ചത് . സതീശൻ മാഷിന്റെ ക്ളാസ്സിലേക്കാണ് എന്ന് മനസ്സിലായതോടെ ആ കൊല്ലം സതീശൻ മാഷ് തല മൊട്ടയടിച്ച് പഴനിക്ക് പോവാന്നാ നേർന്നത് .
എന്താ മാഷേ പെട്ടെന്നിങ്ങനെയെന്ന ചോദ്യത്തിന് പെട്ടന്നല്ല ഒരു മാരണം മേത്തു കേറിയെന്നായിരുന്നു സതീശൻ മാഷ് പറഞ്ഞത്.
ശിവന്റെ എല്ലാ പേപ്പറിലും ജയിപ്പിക്കാൻ വേണ്ടി മാഷ് മാര് തന്ന്യാ ഉത്തരങ്ങൾ എഴുതി വെച്ചത് .
ആ വർഷം ശിവൻ ജയിച്ചെന്ന് കേട്ടതോടെ സുധാകരേട്ടന്റെ വീട്ടിലും വല്യ ആഘോഷമായിരുന്നു . ശിവന്റെ കൂട്ടുകാർക്കെല്ലാം ബിരിയാണിയാ സുധാകരേട്ടൻ വാങ്ങി കൊടുത്തത് എനിക്കും കിട്ടി ഒരു ബിരിയാണി .
പീതാംബരൻ മാഷ് എന്നോട് പറഞ്ഞതാ മാഷ്ക്ക് ഒരു ബിരിയാണി പൊതിഞ്ഞു കൊണ്ട് ചെല്ലാൻ . ഞാൻ പറഞ്ഞത് കേട്ട് ശിവൻ ചീറി എന്നെ തോൽപ്പിക്കണ മാഷാ കാശുണ്ടെങ്കി വാങ്ങി തിന്നാ മതീന്നും പറഞ്ഞ് . പക്ഷെ സുധാകരേട്ടനാ പറഞ്ഞത് കൊണ്ട് കൊടുക്കാൻ ഗുരുത്വ ശാപം കിട്ടുമെന്ന് .
ഞാനാ സതീശൻ മാഷ് പറഞ്ഞ ആ രഹസ്യം ശിവനോട് പറഞ്ഞത് . പീതാംബരൻ മാഷ് കാരണാ ശിവൻ ജയിച്ചതെന്ന് . അതോടെ ശിവൻ പീതാംബരൻ മാഷിന്റെ മുന്നിൽ പോയി കരഞ്ഞു . ഒരു ബിരിയാണിക്ക് പകരം രണ്ടു ബിരിയാണിയും കൊണ്ടാ ഞാനും ശിവനും മാഷിനെ കാണാൻ പോയത് , മാഷിന് വല്യ സന്തോഷായി .
ഹെഡ് മാഷ് വിചാരിച്ചത് തനിക്കും ശിവൻ ബിരിയാണി വാങ്ങിക്കൊണ്ട് വരൂന്നായിരുന്നു അവസാനം പീതാംബരൻ മാഷ് പറഞ്ഞിട്ട് ഹെഡ് മാഷിനും ശിവൻ ഒരു ബിരിയാണി വാങ്ങി കൊടുത്തു . അടുത്ത അധ്യയന വര്ഷം തൊട്ട് ഞാൻ നിനക്ക് ട്യൂഷൻ എടുക്കാന്ന് ഹെഡ് മാഷ് പറഞ്ഞത് കേട്ട് ശിവനും അച്ഛൻ സുധാകരേട്ടനും തല ചുറ്റി വീണതും ഇക്കാലത്തായിരുന്നു .
അങ്ങിനെ കുറച്ച് ഗ്രാമ വിശേഷങ്ങൾ കൂടി ഇവിടെ അവസാനിക്കുന്നു .
0 അഭിപ്രായങ്ങള്‍