മുഴുവൻകൊല്ല പരീക്ഷ നടന്നു കൊണ്ടിരിക്കുന്ന സമയം 

ഞാൻ  പത്തിലേക്കുള്ള കുതിപ്പിന് തയ്യാറെടുത്ത് നിൽക്കുകയാണ് 

പത്താം ക്ലാസ്സിലെത്തിയാൽ  സീനിയേഴ്സ് ആയതുകൊണ്ട് പിന്നെ ഒരാളേം പേടിക്കേണ്ടന്നാ വിചാരം എന്റെ മാത്രമല്ല എല്ലാവരുടേയും വിചാരം അതൊക്കെ തന്ന്യാ  .

പക്ഷേ , ജയിച്ചു കിട്ടണം അതൊരു വല്യ കടമ്പയാ എന്നെ സംബന്ധിച്ച്  ബാലികേറാമല.

ഈ പഠിത്തന്ന് പറഞ്ഞാ അതൊരു വല്യെ  പ്രശ്നം തന്നെയാണ് അതില് ഹിന്ദീന്ന് പറഞ്ഞാ പിന്നെ പറയേം വേണ്ട 

എന്തോ രാഷ്ട്രഭാഷ ആയിട്ടും എന്നോടൊരു സ്നേഹവും ഇല്ലാത്ത പോലെയാണ്   

ഹിന്ദിന്ന് കേട്ടാ തന്നെ  എനിക്ക് തലവേദന വരും  ഇന്ത്യയും,  പാക്കിസ്ഥാനും  പോലെ  ജന്മത്ത് ചേരില്ല .

എന്റെ ബുദ്ധിക്ക്  ഈ ഹിന്ദിയുടെ ഭാരമൊന്നും താങ്ങാനുള്ള കരുത്തില്ല  എന്തെങ്കിലും  തലക്കകത്ത് ഉണ്ടാവണല്ലോന്ന്  കരുതി  അതങ്ങനെ വെറുതെ അവിടെ  ഇരിക്കുണൂന്ന്  മാത്രം എന്നുവെച്ച് മറ്റെല്ലാ വിഷയത്തിലും ഞാൻ ഒന്നാമനാണെന്നുള്ള  തെറ്റിദ്ധാരണയൊന്നും വേണ്ട തട്ടിമുട്ടി കടക്കും   

ഹിന്ദിയിൽ ജയിക്കാനുള്ള മാർക്കെങ്കിലും  ഒപ്പിച്ചില്ലെങ്കിൽ  എന്റെ കാര്യം തഥൈവ 

ഞങ്ങളുടെ ഹിന്ദി  മാഷാണെങ്കിൽ   ഒടുക്കത്തെ ചൂടനാണ്‌ ,ഒരു ബെല്ലും ബ്രേക്കുമില്ലാത്ത മനുഷ്യൻ വെട്ടൊന്ന് മുറി രണ്ട്  എന്ന  സ്വഭാവം  ഹിന്ദി പഠിക്കാതെ വരുന്നവരോട് ഏതാണ്ട് ശത്രു രാജ്യത്തുകാരോട് പെരുമാറുന്ന  പോലെയാണ് പുള്ളി പെരുമാറുക . 

മന്ത്രവാദീയുടെ മുന്നിലിരിക്കുണ ബാധ കൂടിയവന്റെ അവസ്ഥേയിലാ ഞാൻ  ഹിന്ദി ക്ലസ്സിലിരിക്കാ  .

ഒരു ഒന്നൊന്നര ചൂരലും പിടിച്ചോണ്ട്  സ്കൂള് മൊത്തം കുലിക്കീട്ടുള്ള  മാഷിന്റെ ആ വരവ് കാണുമ്പോ തന്നെ  എന്റെ ജീവൻ  ഇറങ്ങി ഓടി  ക്ലാസ്സിന്റെ വെളിയിൽ പോയിനിന്ന്  എന്നെ എത്തി നോക്കും .

ജീവൻ വേണമെങ്കി ഓടിക്കോടായെന്നും പറഞ്ഞ് .

ചത്തതിനൊക്കുമേ ആകെ  ജീവച്ഛവമായാ  ഞാൻ ഹിന്ദി ക്ലാസ്സിലിരിക്കാ   

എനിക്ക് പൊക്കം കുറച്ച്  കുറവായിരുന്നു അത് കാരണം ക്ലസ്സിലെ ഒന്നാമത്തെ ബെഞ്ചിൽ മൂന്നാമനായയായിരുന്നു എന്റെ സ്ഥാനം  പൊക്കം മാത്രമല്ല  എല്ലാമെനിക്ക് കുറച്ച് കുറവു തന്നെയായിരുന്നു  .

മേ... ബി .., മാനുഫാക്ച്ചറിംഗ് ഡിഫെക്ടായിരുന്നിരിക്കണം  അതെല്ലാം ഓവർകം ചെയ്യാൻ വേണ്ടി ഞാൻ പെടാപ്പാട് പെടുന്ന കാലം .

ഉയരം വെക്കാൻ വേണ്ടി ദിവസവും ബാറാടുക  വെളുക്കാൻ വേണ്ടി  മഞ്ഞളരച്ചിടുക  

എന്റെ ക്ലസ്സ്മേറ്റ് ശിവനാ പറഞ്ഞത് വെളുക്കാൻ മഞ്ഞള് അരച്ചിട്ടാ മതീന്ന് അവന്റെ അമ്മ ദിവസോം മഞ്ഞള് അരച്ചിടാറുണ്ടത്രെ ഒരു പ്രാവശ്യം അവന്റെ അച്ഛൻ സുധാരകരേട്ടൻ മഞ്ഞള് മുഖത്തിട്ട് നിൽക്കുന്ന  അവന്റെ അമ്മയെ കണ്ട് ഞെട്ടി ബോധം കെട്ട് വീണു 

പക്ഷേ,അതോണ്ടൊന്നും എനിക്കൊരു ഗുണവുമുണ്ടായില്ല
മഞ്ഞള്  തേച്ച്  തേച്ച്  എന്റെ മുഖം ആകെ മഞ്ഞക്കളറായിന്നല്ലാതെ  

ഇത് കണ്ട് എനിക്ക് മഞ്ഞപ്പിത്തം ആണെന്ന് കരുതി അമ്മ എന്നെ  നാരായണൻ  വൈദ്യരുടെ അടുത്തോട്ട്  കൊണ്ട് പോവാൻ നിന്നതാ  അപ്പളാ ഞാൻ പറഞ്ഞത്  വെളുക്കാൻ വേണ്ടി മുഖത്ത് മഞ്ഞള് തേച്ചതാന്ന് അതിനേക്കാൾ നല്ലത്  ചൂടു വെള്ളത്തില് മുഖം മുക്കി വെച്ചാ മതീന്നാ അമ്മ പറഞ്ഞേ ഇനി മേലാൽ കൂട്ടാൻ വെക്കണ മഞ്ഞളെടുത്ത് മുഖത്തു തേച്ചാ  മുട്ടുകാല് തല്ലി ഒടിക്കൂന്നൊരു വാണിങ്ങും. 

അതോടെ ഞാൻ വെളുപ്പിക്കൽ  പരുപാടി നിറുത്തി 

പിന്നെ  മസില് വെക്കാൻ വേണ്ടി കുറേ നാള്  കിട്ടിയതൊക്കെ തിന്നോണ്ട്  നടന്നു . അങ്ങിന്യാ  ജീവൻ ടോണിൽ  പോയി കേറിയത്  

അതും ശിവനാ എനിക്കു പറഞ്ഞു തന്നേ  ജീവൻ ടോൺ കഴിച്ചാ അർണോൾഡിന്റെ പോലെ മസില് വരൂന്ന്  ജീവൻ ടോൺ കഴിച്ച് , കഴിച്ച് വയറിളക്കം വന്നൂന്നല്ലാതെ  എനിക്കതോണ്ട്  യാതൊരു ഗുണവുമുണ്ടായില്ല .

മൂന്ന് നേരവും ജീവൻ ടോൺ കഴിച്ച് കണ്ണാടിക്ക് മുന്നില്  പോയി മസിലും ഉരുട്ടി  നോക്കും , മസില് പോയിട്ട് അവിടെ മാംസം തന്നെ ഉണ്ടോന്നറിയില്ല  പിന്നെ ഒന്നുകൂടി മുക്കിപിടിച്ചാ അവിടെ ഒരു ഗോലി പോലെ എന്തോ ഒന്ന് അങ്ങാടും ഇങ്ങാടും കിടന്ന് ഉരുളുന്ന കാണാം . അത് മസിലാണോ  ജീവൻ ടോൺ കഴിച്ചുണ്ടായ കുരുവാണോന്ന് അറിയത്തില്ല  അത് കാണുമ്പോ തന്നെ എനിക്ക്  കരച്ചില് വരും  ഇനിം ബലം പിടിച്ചാ എല്ല് പൊട്ടിപ്പോരാൻ സാദ്ധ്യതയുള്ളത് കൊണ്ട് ഞാനതങ്ങ്  നിറുത്തും .

അമ്മേടെ അലമാരീന്ന് കട്ടെടുത്ത കാശാ ജീവൻ ടോൺ കാർക്ക് കൊണ്ട് കൊടുത്തോണ്ടിരുന്നത്  അമ്മയത് അറിഞ്ഞതോടെ എന്റെ ജീവനെടുക്കാഞ്ഞത് ഭാഗ്യം 

ജീവൻ ടോൺ കഴിച്ചതൊണ്ടാന്നറിയത്തില്ല ഏതു നേരവും ഭയങ്കര വിശപ്പാ എന്റെ തീറ്റ കണ്ട് പറമ്പ് കളക്കാൻ  വന്ന അവറാൻ ചേട്ടനാ അമ്മയോട് പറഞ്ഞത്   ചെക്കനെ നമ്മുടെ വൈദ്യരുടെ അടുത്ത് ഒന്ന് കൊണ്ടുപോയി കാണിക്കായിരുന്നില്ലേന്ന്

എന്തിനാ അവറാനേ  
 
ചെക്കന്റെ കഴിപ്പിനനുസരിച്ചൊന്നും  ശരീരത്തില് കാണുന്നില്ലല്ലോ   വയറ്റിൽ  വല്ല കൊക്കൊപ്പുഴുവെങ്ങാനും ഉണ്ടാകും  

പാവം അവറാൻ ചേട്ടൻ എന്റെ ചോറു തീറ്റ കണ്ട് ഞെട്ടിപ്പോയിരുന്നു  

അവന്റെ ശരീരം ഇങ്ങിനെത്തന്ന്യാ എന്തുകഴിച്ചാലൂം മേത്തു കാണത്തില്ല 

അതാ ഞാൻ പറഞ്ഞേ അത് വല്ല കൊക്കപ്പുഴുവും തിന്ന് പോകുന്നുണ്ടാവൂന്ന് വെറുതേ ഒരു കൊക്കപ്പുഴുവിനെ ഇങ്ങനെ തീറ്റ കൊടുത്ത് വളർത്തണോ 

കൊക്കപ്പുഴു തന്റെ വയറ്റിലാടോ കിഴവാ 

പക്ഷേ  ഞാനത് മനസ്സിലാ പറഞ്ഞേ  എനിക്ക് ഇടക്കിടക്ക് പാക്കരൻ ചേട്ടന്റെ ചായക്കടേന്ന് പരിപ്പുവട വാങ്ങിത്തരാറുള്ളതാ അവറാൻ ചേട്ടൻ വെറുതേയെന്തിനാ  ഒരു കൊക്കപ്പുഴുവിന്റെ പേരും പറഞ്ഞ് അത് കളയുന്നത്  ? 

കൊക്കപ്പുഴു എന്താന്ന് എനിക്കും വല്യ പിടുത്തമില്ല ആ സംശയോം ഞാൻ ശിവനോടാ ചോദിച്ചേ ഞങ്ങളുടെ ക്‌ളാസ്സിലെ ബുദ്ധിമാനാന്നാ ശിവന്റെ വിചാരം മൂന്നാത്തെ കൊല്ലാ ശിവൻ ഒമ്പതാം ക്ലാസ്സില് കഴിയണത് ഇപ്രാവശ്യം എന്തായാലും ഉന്തിത്തള്ളി പത്തിലേക്ക് വിടണന്നാ പീതാംബരൻ മാഷ് പറഞ്ഞു നടക്കുന്നത്  

അവൻ വരച്ച കൊക്കപ്പുഴുവിന്റെ പടം കണ്ട് ഞാൻ ഞെട്ടി ഏതോ ഒരു ജീവി അതിന്റെ വലുപ്പം കണ്ട് ഞാൻ വീണ്ടും ഞെട്ടി എന്റെ ശിവാ ഇത്രേം വലുത് എങ്ങിനെയാടാ എന്റെ വയറ്റിലുണ്ടാവാ എന്റെ രണ്ടിരട്ടിയോളമുള്ള  കൊക്കപ്പുഴുവിനെയാ അവൻ വരച്ചു വെച്ചത് 

ഹെഡ്മാഷ് വിളിക്കണൂന്നും പറഞ്ഞ് ശിവൻ വേഗം എസ്കേപ്പായി 

ഏതായാലും കൊക്കപ്പുഴുവിനെ വളർത്തണ്ടാന്ന് വിചാരിച്ച് അതീപ്പിന്നെ അമ്മ എന്റെ ചോറില് നല്ല കുറവ് വരുത്തി കൊക്കപ്പുഴുവിനെ പഷ്ണിക്കിട്ട് കൊല്ലാനാന്നാ 'അമ്മ പറഞ്ഞത്  .

എന്താന്നറിയില്ല അമ്മയുടെ ആ പരീക്ഷണം ഏറ്റതുകൊണ്ടോ പഷ്ണി കിടന്ന് ചാവാൻ മനസ്സില്ലാത്തതുകൊണ്ടോ കൊക്കപ്പുഴു പോയീന്നാ തോന്നണേ ഞാൻ കുറേശ്ശെ കുറേശ്ശെ വണ്ണം വെച്ചു തുടങ്ങി . 

കൊക്കപ്പുഴുവിന്റെ ആ പടം ഞാൻ പെയിന്റ് ചെയ്തിട്ട് ശിവന് തിരിച്ചു കൊടുത്തു സ്‌കൂളിലെ ശാസ്ത്ര മേളക്ക് അന്യഗ്രഹജീവിയുടെ പടമാണെന്നും പറഞ്ഞ് ശിവൻ അതിനു സമ്മാനോം വാങ്ങി.                       

പിന്നെ കൊറേ നാള്  ഞാൻ ഉയരത്തിന്റെ പിന്നാലെയായിരുന്നു ഏതോ ഒരു ബുക്ക് വാങ്ങിയാ  ഉയരം വെക്കൂന്നും കേട്ട് അതിനു പരക്കം പാഞ്ഞു നടപ്പായിരുന്നു.  തൊണ്ണൂറു രൂപയാ അതിന്റെ വില  എനിക്കു  കിട്ടണ അഞ്ചു  പൈസേം പത്തു  പൈസേം കൂട്ടിവെച്ച് തൊണ്ണൂറ്  രൂപാ ആകുമ്പോഴേക്കും പിന്നെ എനിക്ക് ഉയരത്തിന്റെ ആവശ്യണ്ടാവില്ലാ അമ്മേടെ കൈയ്യീന്ന് കക്കാന്ന് വെച്ചാ    ജീവൻ ടോൺ കാർക്ക് ഞാൻ കുറേ കാശു കൊണ്ടുപോയി കൊടുത്ത കാരണം 'അമ്മ ഇപ്പൊ അലമാരി പൂട്ടി ചാവി കഴുത്തിലിട്ടാ നടപ്പ്        അതോടെ ആ വഴിയും മുടങ്ങി.

അവസാനം പാക്കരൻ ചേട്ടന്റെ  ചായക്കടേന്ന് പാലിന് അഡ്വാൻസും വാങ്ങീട്ടാ ഒരു വിധത്തിലാ ബുക്ക്കാർക്ക് മണിയോർഡർ അയച്ചു കൊടുത്തത് .

അന്ന് തൊട്ട് ഞാൻ അമിതാബച്ചനായി മാറണത് സ്വപ്നം കണ്ട്  തോറ്റു ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും ഒക്കെ  അമിതാബച്ചനെ തന്നെ സ്വപ്നം കാണാ .

ഞാൻ അമിതാബ് ബച്ചനായി  ഓടുന്നു , ചാടുന്നു , സൈക്കിൾ ചവിട്ടുന്നു     ഒടുവിൽ  അമിതാബ് ബച്ചനെ മാറ്റി ഞാൻ തന്നെ അമിതാബ് ബച്ചനായി സിനിമയിൽ അഭിനയിക്കുന്നു .

കാത്തു കാത്തിരുന്ന് അവസാനം ബുക്ക് കിട്ടി  ആഫ്രിക്കക്കാര് കഴുത്തില് വളയം ചുറ്റി കഴുത്തിന് ഉയരം വെപ്പിച്ചൂത്രേ , എവിടെങ്കിലും ഉയരം വെച്ചാ മതീന്നും പറഞ്ഞു കുറെ കയറെടുത്ത് ഞാൻ കഴുത്തേ ചുറ്റി  ഭാഗ്യം കൊണ്ടാ  ജീവൻ പോവാതെ രക്ഷപ്പെട്ടത്  .

അവര് കമ്പി വളച്ചാ കഴുത്തില്  ഇട്ടിരിക്കുന്നത്  എനിക്കാ ബുദ്ധി തോന്നാഞ്ഞത് ഭാഗ്യം  ഇല്ലെങ്കീ വല്ല കൊല്ലന്റെ ആലേലും പോയി കിടക്കണ്ട വന്നേനേ  കഴുത്തിലെ കമ്പി മുറിക്കാൻ

വീണ്ടും നമുക്ക് ഹിന്ദിയിലേക്ക് തന്നെ തിരിച്ചു വരാം ഞങ്ങളുടെ ഈ ഹിന്ദി  മാഷിന് ഒരു വീക്ക് പോയിന്റ്‌ ഉണ്ട്  ആരുടേയും പേര് അറിയത്തില്ല  മാഷ്  ചോദ്യം ചോദിക്കുമ്പോ  ഡാ ..ഡോ ..,ഉവ്വേ എന്നൊക്കയേ  വിളിക്കത്തുള്ളൂ  ഇത് കാരണം ഉത്തരം അറിയാത്തവരൊക്കെ തലയും കുമ്പിട്ടിരിക്കും പേര് വിളിക്കാത്ത കാരണം ആരെയാന്ന് അറിയത്തില്ലല്ലോ   

എന്നാൽ ഫസ്റ്റ് ബെഞ്ചിലിരിക്കുന്ന  കാരണം എനിക്കാ ഓപ്‌ഷന് തീരെ സാദ്ധ്യതയില്ല  ഞാൻ തല കുമ്പിട്ട് ഇരുന്നാ വിവരമറിയും .

അതുകൊണ്ട് ഞാൻ  എനിക്ക്  എല്ലാം അറിയുന്ന മാതിരി മാഷുടെ  മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കും .

ആദ്യമൊക്കെ മാഷ്‌ വിചാരിച്ചത്  എനിക്ക് എല്ലാം അറിഞ്ഞിട്ട് തന്നെ എന്നോട് ചോദിക്ക് മാഷേ എന്നുള്ള രീതിയിൽ ഇരിക്കുന്നതെന്ന്  

പിന്നെ പിന്നെ മാഷുക്കും  മനസ്സിലായി  എനിക്കൊന്നും അറിയാത്ത കാരണം  കണ്ണും തുറിപ്പിച്ച്‌  മാഷേ പേടിപ്പിക്കാൻ വേണ്ടി നോക്കി  ഇരിക്കുന്നതാന്ന്  .

എന്റെ തൊട്ടപ്പറത്താണ് ബാലൻ ഇരിക്കുന്നത്  പേരു പോലെ  അവനൊരു ബാലൻ തന്നെയാ എന്നേക്കാളും പൊക്കം കുറവാ 

പേരിൽ ബാലനാണെങ്കിലും ബുദ്ധിയിൽ അവനൊരു ഭീമസേനനാ .

ഒരു കുഞ്ഞു തലയിൽ ഒത്തിരി വലിയ ബുദ്ധി ഒളിപ്പിച്ചു വെച്ചിരിക്കുന്നവൻ .

ഭയങ്കര പഠിപ്പിസ്റ്റ്   

പഠിപ്പെന്നു പറഞ്ഞാ ഒരു ഭ്രാന്തായിട്ട് കൊണ്ട്  നടക്കുന്നവൻ  ഹിന്ദിയാണ് ബാലന്റെ ഫേവറേറ്റ് ഹിന്ദിയിൽ ബാലൻ പറയുന്നത് കേട്ടാൽ ഹിന്ദി  മുഴുവൻ അവൻ  അരച്ചു കലക്കി കുടിച്ചു വെച്ചിരിക്കുകയാണെന്ന് തോന്നും .

മാഷ്‌ ചോദ്യം ചോദിക്കുന്നതിനു മുന്നു തന്നെ ബാലൻ  ഉത്തരം പറഞ്ഞു കളയും അതുകാരണം മാഷുക്കും ബാലനെ വലിയ ഇഷ്ട്ടമാണ് രണ്ടു പേരും ഭായി  ഭായീയാണ്  അവന്റെ പേരു മാത്രമേ ഹിന്ദി മാഷ്ക്ക് അറിയത്തുള്ളൂ 

പക്ഷേ , ബാലന്റെ സ്വഭാവമാണെങ്കീ ശകുനിയുടേതു പോലെയാ  ഒരു അയൽപ്പക്ക സ്നേഹോം കാണിക്കാത്തവനാ .

ക്ലാസ്സില് മാഷ്‌  ചോദ്യം ചോദിച്ചു തുടങ്ങുമ്പോഴേക്കും   ഞാൻ മയക്കു വെടി കൊണ്ട പന്നിയുടെ അവസ്ഥയിൽ ആകെ തളർന്നിരിപ്പുണ്ടാകും .

എന്റെ പൊന്നു ബാലാ  ഉത്തരമൊന്ന്   പറഞ്ഞു താടാന്ന് ഞാനവനോട് കെഞ്ചി വരെ  നോക്കും .

പക്ഷേ  ഇതുവരേക്കും അവനെനിക്ക്  ഉത്തരം പറഞ്ഞു തന്ന ചരിത്രമില്ല .

പക്ഷേ ശിവൻ ചോദിച്ചാ മാത്രം ബാലൻ ഉത്തരം പറഞ്ഞു കൊടുക്കും അതിനു കാരണം ഒരു പ്രാവശ്യം ശിവൻ ഉത്തരം ചോദിച്ചപ്പോ ബാലൻ പറഞ്ഞു കൊടുത്തില്ല അന്ന് ഇന്റർ വെല്ലിന് ശിവൻ ബാലന്റെ മുതുകത്ത് ഹിന്ദി പാട്ടു പാടി തബല കൊട്ടി 

മാഷോട് പറഞ്ഞാ മൂർഖൻ വാസുവിനെക്കൊണ്ട് ഇടിപ്പിക്കുന്നും പറഞ്ഞ് ബാലനെ പേടിപ്പിച്ചു  ഞങ്ങളുടെ ഗ്രാമത്തിലെ റൗഡിയാ മൂർഖൻ വാസു വാസൂന്റെ പേര് കേട്ടാ തന്നെ എല്ലാവരും വിറക്കും 

സാധാരണ നീർക്കോലി പാമ്പിനെ കണ്ടാ പോലും പേടിച്ച് വിറക്കുന്ന  ബാലനാ മൂർഖൻ വാസുന്ന് കേട്ടതോടെ ആ പാവത്തിന്റെ ജീവൻ പോയില്ലാന്നേയുള്ളൂ അതീപ്പിന്നെ ശിവൻ എന്ത് ചോദിച്ചാലും ബാലൻ പറഞ്ഞു കൊടുക്കും. 

ഞാനും ഇതേപോലെ ഒരു പ്രാവശ്യം പേടിപ്പിക്കാൻ നോക്കീതാ എനിക്കും ഉത്തരം പറഞ്ഞു തന്നില്ലെങ്കീ മൂർഖൻ വാസൂനെക്കൊണ്ട് ഇടിപ്പിക്കൂന്ന്  ഞാനും ഒന്ന് തട്ടി വിട്ട് നോക്കീതാ പക്ഷേ ഏറ്റില്ല എന്നാ നീയവനെ കൊണ്ട് വാ ന്നാ ബാലൻ എന്നോട് പറഞ്ഞേ  . 

വാസൂനെ ഒരു കിലോമീറ്ററ്  അകലെ വെച്ച് കണ്ടാത്തന്നെ വഴിമാറിപ്പോണതാ ഞാൻ  

ഹിന്ദി മാഷ് ചോദ്യം ചോദിക്കുമ്പോ  വെള്ളത്തില് വീണ കോഴി  വെയിൽ കായാൻ നിൽക്കുന്ന പോലെ ഉത്തരം പറയാതെ ഞാൻ തലയും കുമ്പിട്ട്‌  എണീറ്റു നിക്കും .

ഇവനൊക്കെ ഒരു നാണവുമില്ലേ  ഇങ്ങനെ കുന്തം വിഴുങ്ങിയ മാതിരി എഴുന്നേറ്റു നിൽക്കാൻ 

മാഷിന് അങ്ങിനെയൊക്കെ പറയാം  എന്റെ ബുദ്ധിയെപ്പറ്റി എനിക്കല്ലേ  അറിയത്തുള്ളൂ .

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാൻ നോക്കിയാ നടക്കോ ?അതിന്റെ കൈയ്യും,കാലും പറഞ്ഞു പോവാന്നല്ലാണ്ട് ഒരു ഗുണവുമുണ്ടാവില്ല  .

എന്റെ അവസ്ഥയും അത് തന്ന്യാ  ഈ ഹിന്ദീന്ന്  പറഞ്ഞാ  നമുക്കതൊരു  കൊടുമുടിയാണ് .

സംഗതി എല്ലാരും പറയുന്നത് ഹിന്ദി വളരെ എളുപ്പാത്രേ  ചില സൂത്രങ്ങളൊക്കെ  പഠിച്ചു കഴിഞ്ഞാ  പിന്നെ വളരെ ഈസ്യാത്രെ. \

ഞാൻ കൊറേ പേരോട് ചോദിച്ചു നടന്നതാ എന്താ  ഈ സൂത്രന്ന്  ബാലന്റെ പിന്നാലെം  കൊറേ നടന്നു  

പക്ഷെ ആ സൂത്രം ബാലന് അറിയില്ലാന്ന് പറഞ്ഞു.

പഠിക്കാൻ ഒരു സൂത്രപ്പണിയും ഇല്ല  മെനക്കെട്ടിരുന്നെന്നെ പഠിക്കണന്നും പറഞ്ഞ്  അവൻ വല്യ ഒരു തത്വജ്ഞാനിയായി മാറി .

തെങ്ങ് കയറ്റക്കാരൻ അവറാൻ ചേട്ടൻ പറയുന്ന പോലെയായി  ഇത് .

 തെങ്ങ് കയറ്റം വളരെ എളുപ്പാന്നാ പുള്ളീടെ പക്ഷം ഒരു തളപ്പിട്ട് വെറുതെ  അങ്ങോട്ട്‌ കേറിയാ മതീത്രേ .

എന്ന് വെച്ച് ഐൻസ്റ്റീനോട്  തെങ്ങ് കയറാൻ പറഞ്ഞാ  അതത്ര എളുപ്പാവോ ?

ന്യുട്ടന്റെ തലേല് ആപ്പിള് വീണപ്പോഴാണ് ഗുരുത്വാകർഷണം എന്നുള്ളത്  മനസ്സിലായത് .

എത്ര കിഴങ്ങൻമാരുടെ തലയില് തേങ്ങാ വരെ വീണിട്ടുണ്ട്  എന്നിട്ട് വല്ലതും കണ്ടു പിടിക്കാൻ പറ്റിയോ ?  തലേം പൊളിഞ്ഞു ആശുപത്രീല് പോയി തുന്നലിട്ടൂന്നല്ലാതെ .

അതൊക്കെ പറഞ്ഞാ  മാഷ്ക്ക് മനസ്സിലാവോ ? പാഞ്ചാലി വസ്ത്രാക്ഷേപം പോലെ  എന്നും നമ്മളെ  എണീറ്റുനിറുത്തി  ഇങ്ങനെ കളിയാക്കും .

ഇതൊക്കെയാണ് നമ്മുടെ ഹിന്ദിയുമായുള്ള  ബന്ധം  അതുകൊണ്ട് മുഴുവൻ കൊല്ല  പരീക്ഷ,  അതെങ്ങിനെയെങ്കിലും ഒന്ന് കടന്നു കിട്ടണം .

മറ്റെല്ലാ വിഷയങ്ങളും ഒരുമാതിരി ഉന്തിത്തള്ളി കയറ്റാം , പക്ഷേ ,  ഹിന്ദി  അത് ഞമ്മളെ ക്കൊണ്ട് കഴിയൂലാ .

അങ്ങിനെയാണ് ഞാനാ കടുംകൈക്ക് മുതിർന്നത്  എന്തായാലും ജയിക്കണം അപ്പൊപ്പിന്നെ കോപ്പിയടിക്കുകയേ  മാർഗ്ഗമുള്ളൂ .

കോപ്പിയടില് പി എച്ച് ഡി വരെയെടുത്ത  ഒരു ടീമന്നെ നമ്മടെ ക്ലാസ്സിലുണ്ട് അവരൊക്കെ വളരെ സിമ്പിൾ ആയിട്ടാണ്  എഴുതുന്നത്‌ .

പക്ഷേ  എനിക്കതത്ര സിമ്പിളായിട്ട്  തോന്നിണില്ല . 

അങ്ങനെ ഹിന്ദി പരീക്ഷയുടെ ദിവസം  വന്നു സമയം  അടുക്കുംതോറും എനിക്ക്  എന്തോ തീ ഗുളിക വിഴുങ്ങിയതു  പോലെ,   വയറൊക്കെ കത്തുന്നു  ആകെയൊരു  എരിപൊരി സഞ്ചാരം .

അരക്കുചുറ്റും തുണ്ടു പേപ്പറുകൾ വെച്ച് ഞാനങ്ങനെ ഇരിക്കുകയാണ്  

അതാണ്  തുണ്ടുകളുടെ ഇഷ്ട്ട സങ്കേതത്രേ .

പരീക്ഷാ മണിയടിച്ചു

ടീച്ചർ ക്ലാസ്സിലേക്ക് വരുന്നു എന്റെ ഹൃദയ മിടിപ്പ് ഉച്ചസ്ഥായിയിലായി .

ഡ്രംമ്മടിക്കണ ഹൃദയത്തിന്റെ ശബ്ദം എനിക്കുമാത്രമല്ല എല്ലാവർക്കും കേൾക്കാം .

ചോദ്യപേപ്പർ  കൈയ്യിൽ കിട്ടി,  പേടികൊണ്ട്  കൈയ്യും കാലുമൊക്കെ  തുള്ളപ്പനി ബാധിച്ച  പോലെ വിറക്കുന്നു .

ആകെ പരവേശം  അറിയാവുന്ന ഉത്തരങ്ങൾ പോലും എഴുതാനാകാത്ത അവസ്ഥ .

സത്യത്തിൽ , കോപ്പിയടിക്കാൻ കൊണ്ടുവന്ന ഉത്തരങ്ങളുടെ ചോദ്യങ്ങളൊന്നും വരല്ലേയെന്ന്  ഞാൻ ആത്മാർത്ഥമായി  പ്രാർഥിച്ചു . 

കോപ്പിയടിക്കാൻ കൊണ്ടുപോയതൊന്നും വരല്ലേന്ന് പ്രാർത്ഥിക്കുന്ന  ലോകത്തിലെ ഒരേ ഒരാൾ ഞാനായിരിക്കും 

എന്റെയാ  പ്രാർത്ഥന സഫലമായില്ല  അഞ്ചു മാർക്കിന്റെ ഒരുത്തരം  അരയിലിരിപ്പുണ്ട് . എഴുതണോ , വേണ്ടയോ ?, മനസ്സിനുള്ളിൽ  വടംവലി നടക്കുന്നു  ജയത്തിലെക്കുള്ള മാർക്കായിരിക്കും ചിലപ്പോളത്.

എഴുതെടാ , എടുത്തെഴുതെടായെന്നും പറഞ്ഞ് മനസ്സ് ധൈര്യം തരുന്നു  

ഒരുവിധത്തിൽ   ഞാനാ തുണ്ടു പേപ്പറെടുത്തു ഉത്തരക്കടലാസ്സിന്റെ അടിയിലേക്ക് വെച്ചു .

തൊണ്ടയിലെ വെള്ളമെല്ലാം ആകെ വറ്റി വരണ്ടുണങ്ങിയിരിക്കുന്നു എന്റെ മുഖത്താണെങ്കിൽ ആകെ കള്ള ലക്ഷണം .

വെറുതെ പോകുന്ന ആർക്കും മനസ്സിലാവും ഞാനെന്തോ കുരുത്തക്കേട് ഒപ്പിക്കുന്നുണ്ടെന്ന് .

വേണ്ടിയിരുന്നില്ല, വേണ്ടിയിരുന്നില്ലെന്ന്   ഉള്ളിലിരുന്ന് ആരോ ഭീക്ഷിണിപ്പെടുത്തുന്നു .

സംഗതി ആരുമല്ല  എന്റെ മനസ്സു തന്നെയാണ്,  സംഗതി പന്തികെടാണെന്ന് മനസ്സിലായതോടെ  അവൻ ഈസിയായി മറുകണ്ടം ചാടിയിരിക്കുന്നു .

ഇത്ര നേരം എന്നെ എഴുത്, എഴുത്, എന്നും പറഞ്ഞ്  പ്രലോഭിപ്പിച്ചവനാ
  
ഏതായാലും  ഞാൻ പതുക്കെ പകർത്തിയെഴുതാൻ തുടങ്ങി .

പെട്ടെന്നാണ്  ടീച്ചർ  എന്നെ ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നിയത് . അവരെന്റെ നേർക്ക്  നടന്നു വരുന്നു .

ഞാൻ പിടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു

തുണ്ടു പേപ്പർ വേഗമെടുത്തു  മാറ്റടെയ്  ഉള്ളിലിരുന്നാരോ  വാണിംഗ് തരുന്നൂ   .

പക്ഷേ  എനിക്കൊന്നനങ്ങുവാൻ പോലും കഴിയുന്നില്ല .

ടാറിൽ വീണ ഈയ്യാം പാറ്റ കണക്കെ  ഞാൻ സ്റ്റക്കായിപ്പോയി  ബോധം മറയുന്ന പോലെ  ഒരു വിധത്തിൽ ഞാനാ തുണ്ടു പേപ്പർ പുറകിലേക്കിട്ടു .

ടീച്ചർ  അടുത്തെത്തിയതും  ദാ  കിടക്കുന്നു  ഞാൻ  വെട്ടിയിട്ടതു പോലെ താഴെ , പേടികൊണ്ട് എന്റെ ബോധം എന്നെ വിട്ട് ഓടിയൊളിച്ചു.

സത്യത്തിൽ ടീച്ചർ  വേറെയെന്തോ  ആവശ്യത്തിനായി വന്നതായിരുന്നു .

എന്റെ എടോ  പടേന്നുള്ള വീഴ്ച്ച കണ്ട് ടീച്ചറും ഞെട്ടി പുറകിലേക്ക്  ചാടി .

ആർക്കുമൊന്നും  മനസ്സിലായില്ല  

ഒരുത്തൻ ഒരു കാരണവുമില്ലാതെ അയ്യോ  പത്തോന്നും പറഞ്ഞ് ബോധമില്ലാതെ താഴേകിടക്കുന്നൂ .

ക്ലാസ്സിലാകെ ബഹളമയം കുട്ടികളൊക്കെ എന്റെ ചുറ്റിലും കൂടി  

ഈ സമയം കോപ്പിയടി വീരൻമാരൊക്കെ  കൃത്യമായിട്ട്‌ തന്നെ എഴുതിത്തുടങ്ങി  അവർക്ക് ചുളുവില് കിട്ടിയ  ബെസ്റ്റ് അവസരമല്ലേ  .

കോപ്പിയടിയുടെ ഉസ്താദാണ്  കുഞ്ഞുണ്ണി അവനാണെങ്കീ ഈ സമയത്ത്  എക്സ്പ്രസ്സ്‌ പോലെയാണ് എഴുതുന്നത്  

എല്ലാവരുടേയും ശ്രദ്ധ എന്നിൽ മാത്രം.

ബുക്കും തുറന്നു വെച്ച് ആശാൻ എഴുത്തോട് എഴുത്തന്നെ .

ക്ലാസ്സിലെ ബഹളമെല്ലാം കേട്ട് ഹെഡ് മാഷ്‌ ഈ സമയത്താണ് അങ്ങോട്ടേക്ക് വരുന്നത്  .

കുഞ്ഞുണ്ണി ഇതൊന്നും  ശ്രദ്ധിക്കുന്നേയില്ല  കിട്ടിയ സമയം കൊണ്ട് അവനങ്ങനെ  തുരു തുരാ എഴുതി തള്ളുകയാണ് .

ഹെഡ് മാഷ്‌  രണ്ടു മിനിറ്റോളമായി അവന്റെ പുറകിൽ വന്ന് നിൽപ്പുണ്ട്  പാവം,  എഴുതുന്ന തിരക്കിൽ  ഇതൊന്നും  അറിഞ്ഞിട്ടേയില്ല .

ഹെഡ് മാഷ്‌ നിൽക്കുന്നത് കണ്ട് എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടേക്കായി   ഹെഡ് മാഷാണെങ്കീ   ചൂണ്ടു വിരൽ കൊണ്ട് നിശബ്ദം  എന്ന് ആംഗ്യം കാണിച്ചു .

കുഞ്ഞുണ്ണി സൂപ്പർ ഫാസ്റ്റിന് തീ പിടിച്ച പോലെ പറന്ന് എഴുതുകയാണ് .

ഏതോ വലിയ മാർക്കിന്റെ ഉത്തരമാണെന്ന്  തോന്നുന്നു .

അവസാനം  എല്ലാം എഴുതിക്കഴിഞ്ഞ്  ആശ്വാസത്തോടെ തലയുയർത്തി നോക്കിയപ്പോഴാണ് കുഞ്ഞുണ്ണി ഞെട്ടിയത് ക്ലാസ്സ് മൊത്തം അവനെത്തന്നെ   നോക്കിക്കൊണ്ടിരിക്കുന്നു .

പിന്നിലേക്ക് നോക്കിയപ്പോഴാണ്  ശരിക്കും ഞെട്ടിയത്,   ഹെഡ് മാഷ്‌

പാഞ്ചാലിയുടെ  വസ്ത്രാക്ഷേപം കണ്ട്   ഭീമസേനൻ  കലി പൂണ്ട് നിൽക്കുന്ന പോലെ കണ്ണും തുറിപ്പിച്ച്‌ നിൽക്കുന്നു .

,കുഞ്ഞുണ്ണി ഹെഡ്‌മാഷെ നോക്കി ഒന്ന്  ചിരിക്കാൻ ശ്രമിച്ചു പക്ഷേ അത് കരച്ചിലായിപ്പോയി  സോറി മാഷേന്ന് പറയലും കുഞ്ഞുണ്ണി ബോധം കെട്ട് വീണതും ഒരുമിച്ചായിരുന്നു,  അപ്പോഴും അവൻ സോറി പറയുന്നുണ്ടായിരുന്നു.   

എന്റെ ബോധം എന്നെ വിട്ട്  ഓടിയതിനെക്കാളും ഡബിൾ സ്പീഡിലാണ് കുഞ്ഞുണ്ണിയുടെ ബോധം  കുഞ്ഞുണ്ണിയെ വിട്ടോടിയത് .  

സത്യത്തിൽ ഇതൊന്നും അറിയാതെ ബോധം കെട്ടു കിടന്ന എന്നെ എല്ലാവരും  ചേർന്ന് പൊക്കിയെടുത്ത് വെള്ളം തെളിച്ച് ഉണർത്തി .

ഞാൻ വീണ്ടും പരീക്ഷയെഴുതി  കുഞ്ഞുണ്ണി ബോധം കെട്ടതൊന്നും ഏറ്റില്ല   തൊണ്ടി സഹിതം കുഞ്ഞുണ്ണി അണ്ടർ അറസ്റ്റ് .

ആ വർഷത്തെ റിസൾട്ട്‌ വന്നപ്പോ ഞാൻ തട്ടി മുട്ടി കടന്നു  പക്ഷേ , കുഞ്ഞുണ്ണി അവിടെത്തന്നെ കിടന്നു .
    
അവനതൊന്നും  പുത്തിരിയല്ല ചില ക്ലാസ്സിലൊക്കെ അവൻ ഡബിളും ത്രിബിളും തികച്ചിട്ടുണ്ട് .

ഇവനൊക്കെ പഠിച്ച് പത്താം ക്ലാസ്സ് കഴിയുമ്പോഴേക്കും  അവന്റെ പിള്ളേരെ  ചേർക്കാറായിട്ടുണ്ടാവുമെന്ന്  ഹെഡ് മാഷ്‌ ഇടയ്ക്കിടെ ആതമഗതം പൊഴിക്കാറുണ്ട് . .

ആ സമയത്താണ് സ്കൂൾ ആനിവേഴ്സറി വരുന്നത്   ഞങ്ങളൊരു  നാടകം പ്ലാനിട്ടു. ആ സമയത്ത്  പ്രേത കഥയാ ട്രെൻഡ്  ഞാനാണ് കഥാകൃത്ത്

കേട്ടാൽ  ഞെട്ടുന്ന പേര് വേണമെന്നാ ശിവൻ എന്നോട് പറഞ്ഞത്  .

പ്രേതത്തിന്റെ ചോര എന്നെഴുതിയിട്ട്   ഞാൻ തന്നെ ഒരു രണ്ടുമൂന്നു പ്രാവശ്യം ഞെട്ടി നോക്കി . 

അപ്പുറത്തെ  വീട്ടിലെ നാണിത്തള്ള  മുറുക്കാനായിട്ട് ഞങ്ങടെ വീടിന്റെ  ഉമ്മറത്ത് വന്നിരിപ്പുണ്ടായിരുന്നു   എന്റെ ഞെട്ടല് പ്രാക്ടീസ്  കണ്ടപ്പോ നാണിത്തള്ളക്കൊരു  സംശയം.

എന്താ മോനെ വല്ല അസുഖം ഉണ്ടോടാ ഇടക്കിടക്ക് ഞെട്ടുന്നേ ?

ഞാനൊരു പ്രേത കഥ പ്രേതകഥ എഴുതുന്നുണ്ട്  

''പ്രേതത്തിന്റെ ചോര,'' 

അതു കേട്ടതും  നാണിത്തള്ള  ഒറ്റ ഞെട്ടല് 

അതോടെ മോള് വിളിക്കണൂന്നും പറഞ്ഞ് നാണിത്തള്ള വേഗം എണീറ്റുപോയി  .

ഞാനെഴുതിയ പ്രേത കഥ വായിച്ച്  എനിക്കു തന്നെ  പേടിയായി  ഞാനുണ്ടാക്കിയ പ്രേതം എന്നെത്തന്നെ പിടിക്കാൻ വരുന്നതു പോലെ .

മര്യാദക്ക് കട്ടില് കാണുമ്പോഴേക്കും കൂർക്കം വലിച്ചുറങ്ങുന്ന ഞാനായിരുന്നു ഞാനെഴുതിയ പ്രേതം അവിടെയെവിടെയൊക്കെയോ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടെന്നൊരു തോന്നൽ  .

കിടക്കുന്നതിന് മുന്നേ  ഒരു  പത്തുപ്രാവശ്യം കട്ടിലിന്റെ അടീലും  അലമാരീടെ പിന്നിലുമൊക്കെ  പോയി നോക്കും പ്രേതം അവിടെയെങ്ങാനും  ഒളിച്ചിരിപ്പുണ്ടോയെന്ന്  ?

പേടിച്ച് പേടിച്ച് എനിക്ക്  പനി വന്നു  നാടകം എഴുതിക്കൊടുത്തില്ലെങ്കീ ഒരുപാട്  പ്രേതങ്ങൾ വന്നെന്നെ പിടിക്കും  അവസാനം ഞാൻ കർത്താവിനെ  കൂട്ടുപിടിച്ചു  ഹാളിലുള്ള കർത്താവിന്റെ രൂപമെടുത്തത്  ഞാനെന്റെ മുറിയിൽ   കൊണ്ട് വെച്ചു 

എന്റെ പ്രേത നാടകം കണ്ട് ആരും പേടിച്ചില്ല എല്ലാവരും ഓളിയിടായിരുന്നു ഒരു വിധത്തിലാ നാടകം അവസാനിച്ചത്   ചോര കിട്ടാതെ  പ്രേതം വിശന്ന് ചാവുന്നതോടെ കഥ തീരും. 

ഇനി മേലാൽ നാടകവുമായി കണ്ടാ നിന്റെ കാലു തല്ലിയൊടിക്കുമെന്നാ  ഹെഡ് മാഷ്  വാണിങ് ചെയ്തത് 

നാടകം കഴിഞ്ഞ ശേഷം  ഞാൻ ഒളിച്ചിട്ടാ വീട്ടിലേക്കെത്തിയത്  ഇല്ലെങ്കീ പിള്ളേരും മാഷുമാരും  എന്നെ  തല്ലിക്കൊന്ന് ശരിക്കും പ്രേതമാക്കിയേനേ .

ശിവനായിരുന്നു പ്രേതമായിട്ട് അഭിനയിച്ചത് ആ പാവത്തിനെ പീതാംബരൻമാഷ് പിടിച്ചോണ്ട് പോയി രണ്ടു പൊട്ടിച്ചൂന്നാ കേട്ടത് അത്രക്കും ഓവർ ആക്റ്റിങ് ആയിരുന്നു 

0 അഭിപ്രായങ്ങള്‍