എന്തേ  ചങ്ങായി ഇന്ന് ഒന്നുമില്ലേന്നും ചോദിച്ച്  ആമാശയം വരെ അലറി വിളിച്ചു  തുടങ്ങി . 

പത്നിയാണെങ്കി രണ്ടു ദിവസമായി അവളുടെ വീട്ടിലാണ്  .

അവളുടെ അപ്പന്റെ തലേല് തേങ്ങാ വീണെന്നും കേട്ട് പാഞ്ഞു പോയതാ    

തേങ്ങ ഇടുന്നിടത്ത് മുകളിലേക്ക് നോക്കി വായും പൊളിച്ചു നിക്കാർന്നൂ

തേങ്ങാക്കാരൻ വറീത്  ഒരു കൊല തേങ്ങായാ വെട്ടി ഇതറിയാതെ താഴേക്കിട്ടത് .

അല്ല വറീതിനേം കുറ്റം പറഞ്ഞിട്ടു കാര്യമില്ല  ആരെങ്കിലും തേങ്ങാ ഇടുന്ന തെങ്ങിന്റെ  താഴെ പോയി മുകളിലോട്ട്  നോക്കി നിക്കോ.?

പട്ടി പ്രേതത്തെക്കണ്ട്  ഓളിയിടുന്ന പോലൊരു കരച്ചില് കേട്ടാ വറീത് താഴോട്ട്  നോക്കിയത് .

തെങ്ങ് കേറാൻ പോന്നപ്പോ  കൈസറും വാലാട്ടി കൂടെ പോന്നിരുന്നു  അവന്റെ  തലേലിക്കാണോ തേങ്ങാ വീണത്  

ആ ആധിയോടെയാ വറീത് നോക്കിയത് കൈസറിനു പകരം മാപ്ല,  അതായത്  എന്റെ അമ്മായപ്പൻ  വെട്ടിയിട്ട പോലെ ആകാശത്തോട്ട്  നോക്കി കണ്ണും തുറിപ്പിച്ചു കിടപ്പുണ്ട്.

ഈശ്വരാ  ഇങ്ങേർക്കിതെന്തു പറ്റി കുന്തം പോലെ നിന്ന മനുഷ്യനാണല്ലോ ?

പിന്നെയാണ് തലക്കു ചുറ്റും തേങ്ങ ചിതറികിടക്കുന്നത് വറീത്  കണ്ടത് എന്റെ കർത്താവേ  ഇയാള് ഇതിന്റെ അടീല് നിൽപ്പുണ്ടായിരുന്നോ ?

ആള് തട്ടിപ്പോയൊന്നും പേടിച്ചാ വറീത് ചടപടാന്നും പറഞ്ഞ് താഴേക്കിറങ്ങിയത് .

നീ എന്തിനാടാ വറീതേ എന്റെ തലേലിക്ക് തേങ്ങായിട്ടതെന്നും ചോദിക്കലും  ആളുടെ ബോധം പോയതും ഒരുമിച്ചായിരുന്നു  

അത് കണ്ട് വറീത് ഒന്നുകൂടി ഞെട്ടി ,  വറീത് കരുതിയത്  ജീവൻ പോയതാന്നാ .

കൊലപാതകത്തിന്  പോലീസ് തന്നെ  അറസ്ററ് ചെയ്യലൊന്നും ഓർത്ത് വറീതിനാണെങ്കി ആകെ സംഭ്രമം .

മനസ്സാ വാചാ അറിയാത്ത കാര്യാ ഞാൻ തേങ്ങാ മാത്രല്ലേ ഇട്ടുള്ളൂ  ആ തേങ്ങാ കാരണം ഒരാളുടെ കാറ്റ് പോയിക്കിടക്കുന്നു  

പോലീസ് വരും തേങ്ങയെ അറസ്റ്റ് ചെയ്യാൻ പറ്റാത്തതു കൊണ്ട് തന്നെ അറസ്റ്റ് ചെയ്യും 

അറസ്റ്റു ചെയ്ത പോലീസ് തന്നെ ഇടിക്കും, പൊടിക്കും  ഉരുട്ടും  പിന്നെ കൊല്ലും  അതോടെ വറീത് വിയർത്തു 

തന്റെ കൂടെ വാലാട്ടിക്കൊണ്ട് വന്ന കൈസറ് എവിടെ ?

തേങ്ങാക്കൊല വീണ് ആള് ബോധം കേട്ടതോടെ കൈസറ് മുങ്ങിയിരുന്നു

 
എടാ മത്തായേ  എന്തിനാടാ നീ ഇതിന്റെ അടീല് വന്ന് നിന്നത്  

എണീക്കെടാ മത്തായിയേ ?

പക്ഷേ,  ആൾക്കാണെങ്കിൽ യാതൊരു അനക്കവുമില്ല

വറീത് കുറച്ച് വെള്ളമെടുത്ത് മുഖത്തൊഴിച്ചു അതോടെ  ചെറിയൊരു   ഞെരക്കം .  

ഭാഗ്യം തേങ്ങാ ബോധം മാത്രേ കൊണ്ടുപോയുള്ളൂ  ജീവനെ കൊണ്ടു പോയില്ല.

പക്ഷെ ആളുടെ തലയിൽ മറ്റൊരു തേങ്ങാ കണക്കേ വലിയ മുഴ .

വറീത്   തേങ്ങ തലയിൽ ഒട്ടിപ്പിടിച്ചിരിക്കാണെന്നാ ആദ്യം  കരുതിയത്  പിന്നെയാ മനസ്സിലായത് അത് തേങ്ങാ വീണുണ്ടായ മുഴയാണെന്ന്.

ആരുടെ ഭാഗ്യം കൊണ്ടാണെന്ന് അറിയത്തില്ല  ചെന്തെങ്ങിന്റെ മൂട്ടിലായിരുന്നു  ആള് പോയി നിന്നത് 

ചെന്തെങ്ങിന് വല്യ ഉയരമില്ലാത്ത കാരണം രക്ഷപ്പെട്ടു വല്ല നാടൻ തെങ്ങായിരുന്നു വറീത് ആദ്യം കേറിയിരുന്നതെങ്കിൽ നാട്ടാർക്ക് ഇപ്പൊ ഒരു സദ്യക്കുള്ള വട്ടായേനെ  വറീതിന് ജയിലിലേക്കും  

തേങ്ങ ഇടുമ്പോ  തെങ്ങിന്റെ മൂട്ടില്  വന്ന് നിന്നൂന്ന് പറഞ്ഞാ ആരെങ്കിലും വിശ്വസിക്കോ? വറീത് മനഃപൂർവ്വം തേങ്ങ തലയിലേക്ക് ഇട്ടൂന്നല്ലേ ആളുകള് ധരിക്കൂ .


ഏതായാലും അമ്മായപ്പനും വറീതിനും നല്ല ഭാഗ്യമുണ്ട്  

കഴുത്തില് ചെറിയൊരു പ്ലാസ്റ്ററിട്ടതോടെ കാര്യം തീർന്നു .

ഇത് വലിയൊരു  സംഭവമായി ചിത്രീകരിക്കപ്പെട്ടതു കാരണം ഭാര്യ രണ്ടുദിവസമായിട്ട് അവിടെയാണ്

 എന്തെങ്കിലും വെച്ചുണ്ടാക്കി ഫ്രിഡ്ജിൽ   വെച്ചേച്ചിട്ടു പോവാൻ ഞാൻ പറഞ്ഞതാ 

നിങ്ങൾക്കിപ്പോ ഭക്ഷണമാണോ വലുത് ?

ആ ചോദ്യത്തിന്  മുന്നിൽ ഞാൻ നിശ്ശബ്ദനായിരുന്നു 

ഭക്ഷണമാണ്  വലുതെന്ന് പറഞ്ഞാ  അവളുടെ അപ്പന്റെ തലേല്  തേങ്ങാ വീണുണ്ടായ മുഴ എന്റെ തലേല് തവി വീണുണ്ടായതായി മാറും 

വെറുതെ തടി കേടാക്കണ്ടല്ലോ ?

ഇനീപ്പോ എന്താ ചെയ്യാ , എന്തൂട്ടാ വെക്കാ ? ഒരുപാടു ചോദ്യങ്ങൾ എന്റെ ഉത്തരത്തിനായി കാത്തു നിന്നു 

അരി കലത്തിലുണ്ട്,  കൂട്ടാൻ ?

ഞാൻ അടുക്കളയിൽ കേറിയൊരു  ചെക്കപ്പ് നടത്തിനോക്കി  

എന്തോ  ഒരു പരിചയമില്ലാത്ത സ്ഥലത്ത് കേറിയതു പോലൊരു  ഫീൽ  സംഗതി നമ്മുടെ വീടിന്റെ സ്വന്തം അടുക്കളയാണെന്നതൊക്കെ നേര് പക്ഷേ ഇവിടേക്ക് വല്യേ പ്രവേശനമൊന്നും  ഞാൻ നടത്താറില്ല .

ഒരു ടംബ്ലറിൽ കുറച്ചു മുതിര ഇരിപ്പുണ്ട്  എനിക്ക് വല്യ ഇഷ്ടാ മുതിര ഉപ്പേരി ചോറിന്റെ കൂടെ  വെട്ടി വിഴുങ്ങീട്ടുണ്ടെന്നല്ലാതെ മുതിരയെ ഒരു ഉപ്പേരി ആക്കി മാറ്റിയെടുക്കുന്ന വിധം എനിക്ക് അജ്ഞാതമായിരുന്നു .

മുതിര ഒരു കുതിര പോല്യാ എനിക്കപ്പോ തോന്നിയത്  

പക്ഷേ എന്തെങ്കിലും ചെയ്തേ പറ്റൂ  വിശപ്പാണെങ്കിൽ അലറിക്കൊണ്ടാണ് ഇരിക്കുന്നത് , ഇനീം അവന് ഭക്ഷണം കൊടുത്തില്ലെങ്കീ അവൻ എന്നേത്തന്നേ തിന്നും .
 
ഒരു കൈ നോക്കന്ന്യേ  

ആദ്യം ചോറ് വെക്കാം അത് കഴിഞ്ഞു മുതിര ഉപ്പേരി  പിന്നെ ഫ്രിഡ്ജിൽ ഉണക്കമീൻ ഇരുപ്പുണ്ട്  അതും  വറുക്കാം അങ്ങനെ  മൂന്നും കൂടി ചേർത്ത്  നല്ലൊരു പിടുത്തം പിടിക്കാം  അതോർത്തപ്പോ തന്നെ  എന്റെ വായേല്  ഒരു കപ്പലോടി .

അരികഴുകി, ഒരു ഏകദേശ അളവ്  വെള്ളം ചേർത്ത്  കുക്കറിലിട്ടു  അഞ്ച് വിസില് വരെക്കും  കുക്കറ്,  എന്നെ തുറക്കൂ  എന്നെ തുറക്കൂന്ന് തൊണ്ട കീറി അലറികരഞ്ഞോണ്ടിരുന്നെങ്കിലും എനിക്ക് സംശയമായിരുന്നു  അരി വെന്തിട്ടുണ്ടാവോന്ന് ? 

ഏതായാലും ആറാമത്തെ വിസില് കഴിഞ്ഞതോടെ ഞാൻ തുറന്നു 

കുക്കറ് തുറന്ന ഞാൻ ഞെട്ടി  അതിനു മുന്നേ കുക്കറ് ഞെട്ടിയിരുന്നു  

ഈശ്വരാ ഞാൻ  ചോറുണ്ണാനായിട്ട് അരിയല്ലേയിട്ടത് ? ഇതിപ്പോ നല്ല  വിഷുക്കട്ടയായിട്ടുണ്ടല്ലോ ? .

കുക്കറാണെങ്കി എന്നെ ഒരു ജാതി നോട്ടം  

ഞാനപ്പോഴേ  പറഞ്ഞതല്ലേ കന്നാലി തുറക്കാൻ ?  

എന്തായാലും  വിഷുക്കട്ടയെങ്കിൽ  വിഷുക്കട്ട  ഇന്ന് വിഷുവാന്നങ്ങട് കരുതിയാൽ പോരേ?  വേറേ വഴിയില്ല .

അടുക്കളയിലെ എന്റെ  തട്ടും മുട്ടും കേട്ടിട്ടാവണം  മ്മടെ പര്യേപ്പുറത്തെ താമസക്കാരനായ  മണികണ്ഠൻ പൂച്ച  കേറി വന്നത് അടുക്കളയിൽ എന്നെ  കണ്ടപ്പോ അവനാകെ അത്ഭുതം  

സാധാരണ കാണാത്തോരെ കണ്ടതല്ലേ 

ഇന്നെന്തെങ്കിലും സ്പെഷലുണ്ടാവൂന്നും കരുതി  അവനെന്റെ മുഖത്തോട്ട്  നോക്കി കരച്ചിലോട് കരച്ചില് 

ഇനിയീ മുതിരയെ ഒന്ന് ഉപ്പേരി ആക്കീ മാറ്റണല്ലോ ? 

കുക്കറിലിടാനൊരു പേടി  ഇനി അതും വിഷുക്കട്ട ആയാലോ? 

അവസാനം ഞാൻ തീരുമാനിച്ചു  

ഇവനെ കലത്തിലിട്ടു വേവിച്ചാൽ മതിന്ന് വെന്തോന്ന് ഇടക്കിടക്ക് നോക്കാലോ?

മണിക്കൂറ് അരകഴിഞ്ഞു  ഒന്നായി 

ഞാൻ വേകമാട്ടേയെന്നും പറഞ്ഞോണ്ടാ മുതിര  കലത്തിൽ കിടന്ന് എന്നെ  നോക്കുന്നത്  

കരഞ്ഞു കരഞ്ഞു  മണികണ്ഠന്റെ വായിലെ വെള്ളം വറ്റി അപ്പുറത്തെ  തോമാസേട്ടന്റെ വീട്ടി പോയിരുന്നെങ്കി ഇപ്പൊ ഭക്ഷണും കഴിഞ്ഞു കിടന്ന്  ഒറങ്ങാമായിരുന്നു

മുതിരയാണെങ്കി  ഒരു കുതിര പോലെ തന്നെ കലത്തിൽ  കിടപ്പുണ്ട്.  

വയറിനുള്ളിൽ നിന്നും  അവസാന വാണിംഗ് ഒരു എമ്പക്കായിട്ട് പുറത്തേക്ക്  വന്നു .

ഒടുവിൽ ഞാൻ  തീരുമാനിച്ചു വെന്തത് മതി 

ബാക്കി  വേവ് എന്റെ വയറിനുള്ളിൽ കിടന്ന് ആയിക്കോളും  പക്ഷേ കൂട്ടാൻ കാച്ചണമല്ലോ ?

ചെറിയൊരു ഓർമ്മ വെച്ച്  ആദ്യം ചട്ടീല് കുറച്ച്  എണ്ണ ഒഴിച്ചു 

എണ്ണ തിളച്ചു മറിഞ്ഞപ്പോ കറിവേപ്പില ഇട്ടു  ചൂട് വളരെ കൂടുതലായ  കാരണം കറിവേപ്പില ഇട്ടവശം  ചട്ടീലേക്ക് തീ ഒറ്റ ആളിപ്പിടുത്തം 

അയ്യോ  എന്നെ തീപിടിച്ചേന്നലറിക്കൊണ്ട്  ഞാനൊറ്റ ഓട്ടം  

ഞെട്ടിപ്പോയ മണികണ്ഠൻ  അതിനേക്കാൾ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടോടി  

ജീവനും കൊണ്ടോടുന്ന ഓട്ടത്തിൽ മണികണ്ഠൻ  രൂക്ഷമായി എന്നെയൊന്ന് നോക്കി, 

തീ കൊളുത്തി കൊന്നേനെലോടാ സാമദ്രോഹി

സ്പെഷലും നോക്കിയിരുന്ന് അവസാനം രക്തസാക്ഷിയാവേണ്ടി വന്നേനേ 

അതോടു കൂടി മണികണ്ഠൻ ഞങ്ങടെ പര്യേപ്പൊറത്തെ പൊറുതി  മതിയാക്കി പിന്നെ ഞാൻ അവനെ കണ്ടിട്ട് കൂടിയില്ല അന്നോടിയാ  ഓട്ടത്തിൽ മണികണ്ഠൻ  ഗ്രാമം വിട്ടു പോലും ഓടി കാണണം  .

മുതിരക്കു ‌ വേണ്ടി കൈയ്യിലെ കുറച്ചു രോമങ്ങൾ ജീവത്യാഗം ചെയ്തതൊഴിച്ചാൽ  വേറെയൊന്നും പറ്റാതെ ഞാൻ രക്ഷപ്പെട്ടു .

കിച്ചനിലേക്കൊന്ന്  ഒളിഞ്ഞു  നോക്കിയിട്ടാ ഞാൻ വീണ്ടും കേറിയത് 

അടുത്തത് എന്താ? 

മുളക് പൊടിയിടണം  തിളച്ചിരിക്കുന്ന എണ്ണയിലേക്ക് മുളകുപൊടി ഇട്ടതും  ശീ .., ന്നൊരു ശബ്ദത്തോടെ  അത് ആകെ കരിഞ്ഞു പോയി .

കിച്ചൻ മുഴുവൻ പുക അതോടൊപ്പം മുളകു കരിഞ്ഞ മണവും  ഞാനാണെങ്കീ ചുമച്ചു ചുമച്ചു ചാകാറായി  

ഈശ്വരാ  മുതിര കാച്ചാൻ പോയി വിഷവാതകം ശ്വസിച്ചു ചാവേണ്ടി വരുമോ?

കണ്ണീന്നും, മൂക്കീന്നും  വെള്ളം  എന്തൂട്ടാ ഇപ്പൊ ചെയ്യാ ആവശ്യമില്ലാത്ത  ഈ വയ്യാവേലിക്കൊന്നും പോകാതെ പാക്കരൻ ചേട്ടന്റെ കടയിൽ നിന്നെങ്ങാനും എന്തെങ്കിലും വാങ്ങി  കഴിച്ചാ മതിയായിരുന്നു .

ഒരു വിധത്തിൽ ഞാനാ മുതിര എടുത്ത്  കരിഞ്ഞ മുളകിലേക്ക് കൊട്ടി 

അയ്യോ  എന്നെ ആ കരിഞ്ഞതിലേക്ക് ഇടല്ലേയെന്നുള്ള മുതിരയുടെ ഒരു മുഴുനീള  കരച്ചിൽ മാത്രം അവിടെ ഉയർന്നു കേട്ടു 

അന്ന് ഞാൻ കഴിച്ചത് വിഷുക്കട്ടയും  മുതിര കൊണ്ട് ഞാൻ കണ്ടുപിടിച്ച ഒരു പുത്തൻ വിഭവവുമായിരുന്നു  മുതിരയോടുള്ള എന്റെ ആരാധന അതോടെ  തീർന്നു .

ബാക്കി വന്ന ഭക്ഷണം  വെറുതെ വെസ്റ്റ് ആക്കേണ്ടന്നു കരുതി  പിച്ച ചോദിക്കാൻ പിച്ചൈമുത്തുവിനാ ഞാൻ കൊടുത്തത് 

സാറിനെ ദൈവം അനുഗ്രഹിക്കുമെന്നൊരു  നൂറു പ്രാവശ്യം അയാളെന്നെ നോക്കി  പറഞ്ഞു .

 പിച്ചൈ മുത്തു ഭക്ഷണവുമായി പോയതും  വാതിലടച്ച് ഞാൻ ജനലിലൂടെ ഒളിഞ്ഞു നോക്കി  

പിച്ചൈ മുത്തു  ആ ചോറു പൊതി തുറന്നതും   ഞെട്ടുന്നതും ഞാൻ വ്യക്തമായി കണ്ടു .

അയാൾ വീടിനു നേർക്കൊന്നു  നോക്കുന്നു  ഞാൻ കർട്ടനു പിന്നിലേക്ക് ഒന്നുകൂടി  മറിഞ്ഞു നിന്നു അടുത്ത നിമിഷം ആ പൊതിച്ചോറ് ഒരു മിസൈൽ പോലെ അടുത്ത പറമ്പിലേക്ക് പറന്നു  കൂടെ ഒരുഗ്രൻ  തെറിയും .

ഭാഗ്യം ഒളിച്ചു നിന്നത്  ഇല്ലെങ്കിൽ അതെന്റെ മുഖത്തൊട്ടായായിരുന്നു പറന്നു വരേണ്ടിയിരുന്നത് .

അതോടെ പിച്ചൈ മുത്തു പിച്ചയെടുക്കല് നിറുത്തി 

ഈ പെണ്ണുങ്ങളെയൊക്കെ സമ്മതിക്കണം .

ഭാര്യ വന്നപ്പോ എന്നോട് ചോദിച്ചു  

എന്തായി നന്നായി ഭക്ഷണം കഴിച്ചോന്ന്  ?

നല്ല സൂപ്പർ ഭക്ഷണം ഞാൻ ഉണ്ടാക്കീടി കുറച്ച് ബാക്കീണ്ടായിരുന്നു , അതൊരു  പിച്ചക്കാരൻ വന്നപ്പോ ഞാൻ  അയാൾക്ക് കൊടുത്തു  ആ  പാവത്തിന്റെയൊരു സ്നേഹപ്രകടനം  കാണണം  

ഇത്രയും നല്ല ഭക്ഷണം ജീവിതത്തിൽ കഴിച്ചിട്ടില്ലെന്നാ അയാള് പറഞ്ഞത് .

എന്റെ ഭക്ഷണത്തിന്റെ കൈപ്പുണ്യം അറിയാൻ പറ്റാത്തതില് ഭാര്യക്ക് ആകെ കുണ്ഠിതം 

രണ്ടു ദിവസം കഴിഞ്ഞിട്ടാ അവളെന്നോട് പറഞ്ഞത്  .

മ്മടെ മണികണ്ഠനെ കാണാനില്ലാട്ടോന്ന്  

പാവം എവിടെയെങ്കിലും സുരക്ഷിതനായിട ജീവിക്കുന്നുണ്ടാവും .




           

0 അഭിപ്രായങ്ങള്‍