ഞങ്ങളുടെ ഗ്രാമത്തിലെ പേരെടുത്ത പുലിക്കളിക്കാരിലൊരാളാണ് അവറാൻ ചേട്ടൻ  

ആളുടെ പുലിക്കളിയെന്നു വെച്ചാ  ബഹുകേമാ അവറാൻ ചേട്ടൻ പുലിയായി മേക്കപ്പിട്ട് കളി തുടങ്ങിയാൽപ്പിന്നെ  ഒറിജനൽ പുലി പോലും തോറ്റുപോവും അത്രക്കും  ഗെറ്റപ്പാ .  

പക്ഷേ  ഇടക്കിടക്ക് ഓരോ ഗ്ലാസ്സ് കള്ള് വേണം അതാണ് അവറാൻ ചേട്ടൻ പുലിയുടെ  എനർജി ഡ്രിങ്ക് അതില്ലെങ്കീ  ആള്  എലിയായി മാറും. 

മീൻകാരൻ മമ്മദാണ്  അവറാൻ ചേട്ടനുള്ള എനർജി ഡ്രിങ്കുമായി പുറകേ നടക്കുന്നത്  അവറാൻ ചേട്ടൻ ഒരു ഗ്ളാസ്സ് മോന്തുമ്പോ മമ്മദ്  രണ്ടു ഗ്ലാസ്സ് മോന്തും കുപ്പിയുടെ ചിലവൊക്കെ കമ്മിറ്റിക്കാര് വഹിക്കുന്ന കാരണം ആർക്കുമൊരു  പരാതിയുമില്ല.

കാരണം ഓണത്തിന് അവറാൻ ചേട്ടന്റെ പുലിക്കളിയില്ലെങ്കി പിന്നെയത് എലിക്കളിയാവും   

അങ്ങനെ ഓണത്തിന്റെ തലേന്നു രാത്രീ  ഞങ്ങളെല്ലാം പുലിക്കളിയും  കഴിഞ്ഞു വരാ   

രാത്രി ഏകദേശം ഒരു പന്ത്രണ്ട് മണി കഴിഞ്ഞു കാണും  

ഞങ്ങളെന്നു പറഞ്ഞാ അവറാൻ ചേട്ടൻ , പ്രേക്ഷിതൻ സുകു , മെമ്പർ സുകേശൻ, ഞാൻ, പിന്നെ മമ്മദ് ഇത്രയും പേരാണ് ഞങ്ങളുടെ ഭാഗത്തേക്കുള്ളത് മറ്റുള്ള പുലികളെല്ലാം ഓണത്തിന് വറീതിന്റെ ഷാപ്പിൽ വെച്ചു  കാണാമെന്നും പറഞ്ഞ് കവലയിൽ വെച്ച് പിരിഞ്ഞു   

മെമ്പറു സുകേശനും , സുകുവുമാണ്  വേട്ടക്കാരുടെ വേഷത്തില്  പുലിയായി അവറാൻ ചേട്ടൻ  ഞാൻ പണപ്പെട്ടിയുമായി പുറകേ 

ഏറ്റവും പുറകിൽ കുപ്പിയുമായി മമ്മദ്  

ഓണമല്ലേ,  പുലിക്കളിയല്ലേ എല്ലാവരും നല്ല ഫിറ്റാണ്  അവറാൻ ചേട്ടൻ ചെറുതായിട്ട് ആടുന്നുമുണ്ട്  സുകേശൻ വേട്ടക്കാരന്റെ തോക്കും തോളിലേറ്റി മുന്നേ നടക്കുന്നു   

ഒരു മര  പട്ടികയിൽ  കറുത്ത പെയിന്റടിച്ചു അത് തോക്കാക്കി മാറ്റിയിരിക്കുന്നു 

അങ്ങിനെ   കവല കഴിഞ്ഞു പഞ്ചായത്ത് ഓഫിസ് ചുറ്റി ഇടവഴിയിലേക്ക് കേറാൻ തുടങ്ങി  ആകെ കാടു  പിടിച്ചു കിടക്കുന്നൊരു സ്ഥലമാണത്

ഇടവഴിയിലേക്ക് കയറിയതും  കുറ്റിക്കാട്ടില് ഒരനക്കം .

ആരെടാ അത്  ?

ഠോ,  ഠോ ന്ന്  അങ്ങോട്ട് നോക്കി തോക്ക് ചൂണ്ടിക്കൊണ്ട്  സുകേശൻ രണ്ട് സാങ്കൽപ്പീക വെടി പൊട്ടിച്ചു . 

അല്ലെങ്കിലും  ചില സമയത്ത് സുകേശൻ താൻ പഞ്ചായത്ത് മെമ്പറാന്നൊക്കെ മറന്ന് തനി തറയാവും  കുടിച്ചു കഴിഞ്ഞാ പിന്നെ പ്രത്യേകിച്ചും.

വീണ്ടും കുറ്റിക്കാട്ടിൽ അനക്കം 

ആരെടാ അത് ?  

ഇപ്രാവശ്യം സുകുവാ ചോദിച്ചത് 

എടാ അത് ചിലപ്പോ നമ്മുടെ പാക്കരന്റെ നായ റോമുവായിരിക്കും .

അവറാൻ ചേട്ടനാ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി .

കാരണം റോമൂന് ഈ ഏരിയയിൽ ചില ചുറ്റിക്കളികൾ  ഉള്ളതായി എനിക്കറിയാം അസമയത്ത് പല സന്ദർഭങ്ങളിലും സംശയാസ്പദമായ രീതികളിൽ  ഞാനവനെ  കണ്ടിട്ടുമുണ്ട് .

പലചരക്കു കടക്കാരൻ സുപ്രുവിന്റെ  പട്ടി ജിൻസിയുമായി എന്തോ ഒരു വശപ്പിശക് റോമൂന് ഉണ്ട്  . ഒരു പ്രാവശ്യം ഞാൻ സൈക്കിളിൽ ഇതുവഴി പോകുമ്പോ  ഒരു അനക്കം കേട്ട് കല്ലെടുത്ത് എറിഞ്ഞതാ പൊന്തക്കാട്ടീന്ന് റോമുവാ ആദ്യം പുറത്തേക്ക്  ചാടിയത്, അടുത്ത നിമിഷം വെടിച്ചില്ല് പോലെ  ജിൻസിയും  പാഞ്ഞു പോകുന്ന  കണ്ടു. ഞാനറിഞ്ഞ  കല്ല് കൃത്യമായും ജിൻസിയുടെ തലയിലാ കൊണ്ടതെന്ന് അവളുടെ പാച്ചിലു കണ്ടപ്പോ എനിക്കുമനസ്സിലായി. റോമു എന്നെ  കണ്ടവശം വളിച്ച ഒരു കുരയും കുരച്ചോണ്ടോടി വന്ന്  എന്നെ നക്കോട് നക്ക് അതിന്റെ ഒപ്പം അവന്റെ വാലും ശരീരവും മൊത്തം ഇട്ട് ആട്ടുന്നുമുണ്ട്   എന്നോട് സ്നേഹം പ്രകടിപ്പിക്കുന്നതാ

പാക്കരൻ ചേട്ടനോട് തന്നെ ഇവിടെ വെച്ച് കണ്ട വിവരം പറയല്ലേന്നാവും  അല്ലെങ്കി ഏഴയലത്ത് പോലും കണ്ട ഭാവം കാണിക്കാത്തൊനാ  .

ഇത് ചിലപ്പോ അവറാൻ ചേട്ടൻ പറഞ്ഞതു പോലെ റോമു  തന്നെ ആയിരിക്കും

ടാ  മോനേ റോമു പുറത്തോട്ട് വാടാ 

ശൂ,  ശൂ  ന്നും പറഞ്ഞോണ്ട് അവറാൻ ചേട്ടൻ സ്നേഹം കാണിച്ച് അവനെ  വിളിക്കുന്നുണ്ട്  കാരണം പാടം കേറികഴിഞ്ഞാ പിന്നെ അവറാൻ ചേട്ടൻ ഒറ്റയ്ക്കാണ് പോകേണ്ടത്  റോമു കൂടെ ഉണ്ടെങ്കി അവറാൻ ചേട്ടനതൊരു   ധൈര്യാവും 

റോമുവും അവറാൻ ചേട്ടനും ഭയങ്കര ഫിറ്റാ അവറാൻ ചേട്ടൻ ചായ കുടിക്കാൻ പാക്കരൻ ചേട്ടന്റെ കടയിലേക്ക് പോവുമ്പോഴൊക്കെ റോമൂന് ബിസ്ക്കറ്റ് വാങ്ങി കൊടുക്കാറുള്ളതാ.

അവറാൻ ചേട്ടൻ,  അവറാൻ ചേട്ടന്റെ വീട്ടിലിരുന്ന് നീട്ടി വിളിച്ചാപ്പോലും റോമു പാഞ്ഞു വരും 

പക്ഷേ ഇത്രയൊക്കെ ശൂ , ശൂ ന്നും പറഞ്ഞ് വിളിച്ചിട്ട് റോമു പോയി റോമൂന്റെ പട്ടിപോലും പുറത്തേക്ക് ‌ വരുന്നില്ല 

അവസാനം ക്ഷമ കെട്ട്  ടാ ,റോമൂവേ യെന്നും  പറഞ്ഞ്  അവറാൻ ചേട്ടനൊറ്റ  അലർച്ചയാ  

അല്പനേരത്തേക്ക് ആകെയൊരു  നിശബ്ദത 

ഗർ ,ഗർ ന്നൊരു മുറുമുറുപ്പും കുറ്റിക്കാടിനുള്ളീന്ന്  ഒരു പുലിത്തല പുറത്തേക്ക് നീണ്ടു വന്നതും ഒരുമിച്ചായിരുന്നു  

ആയ് റോമു പുലിയായി  മാറിയോ ?

ഇത് റോമുവൊന്നും അല്ലാട്ടാ  ആരോ പുലിവേഷം കെട്ടി പറ്റിക്കാൻ ഇരിക്കുന്നതാ .

മമ്മദിന്റെയാ ചോദ്യത്തിന് സുകുവാ മറുപടി പറഞ്ഞത് 

പറ്റിക്കാൻ കുറ്റിക്കാട്ടിൽ കേറിയാണോ ഒളിച്ചിരിക്കണത് ?
         
ആരെടാ നീ? എന്തിനാ ഇവിടെ വന്ന് ഒളിച്ചിരിക്കണത്  ?

സുകേശാ, ഇതു നമ്മടെ വയറൻ മത്തായച്ചനായിരിക്കുട്ടാ  അടിച്ചു കോൺ തെറ്റി  പുലി,  പാമ്പായി ഇവിടെ വന്ന് കിടക്കണതായിരിക്കും  ഈ കണ്ടിഷനില് വീട്ടീപ്പോയാ പുള്ളീടെ ഭാര്യ മറിയച്ചേടത്തി  ചിലപ്പോ കെട്ടിത്തൂക്കും.

അവറാൻ ചേട്ടനാ  പറഞ്ഞത് ശരിയാണെന്ന് എല്ലാവർക്കും തോന്നി മത്തായി ചേട്ടനും നല്ലൊരു പുലിക്കളിക്കാരനാ  ഒരു പുലിക്കളിക്കാരന് ഏറ്റവും അവശ്യം വേണ്ടതായ വയറ് മത്തായി ചേട്ടന്  വേണ്ടുവോളമുണ്ട് പോരാത്തതിന് അന്നത്തെ കളി കഴിയും മുമ്പ് എനിക്ക് പോയിട്ട്  അത്യാവശ്യമുണ്ടെന്നും പറഞ്ഞ് മത്തായിച്ചേട്ടൻ ഞങ്ങൾക്കു മുന്നേ മുങ്ങിയതാ. 

പക്ഷെ എന്തിനാണ് മത്തായി ഈ കുറ്റിക്കാട്ടിൽ വന്നു കിടക്കുന്നത് 

ഇതായിരുന്നൂല്ലേ അവന്റെ അത്യാവശ്യം   

ടാ മത്തായെ  എന്തൂട്ടാ നീ അവിടെ കിടന്ന് കാണിക്കണേ എണീറ്റ്  വാടാ നമുക്ക് വീട്ടിപ്പോവാം 

പക്ഷേ ഒരു രക്ഷയുമില്ല  മത്തായിച്ചനാണെങ്കി  വെടി കൊണ്ട പന്നി കണക്കെ കണ്ണും തുറിപ്പിച്ച് അങ്ങനെത്തന്നെ നിപ്പുണ്ട്.

മത്തായി ചേട്ടന്റെ തലമാത്രമേ പുറത്തേക്ക് കാണുന്നുള്ളൂ ബാക്കിഭാഗമൊക്കെ പൊന്തക്കാടിനുള്ളിലാണ് 

മെമ്പറെ,  അവൻ  പിമ്പിരി ആയിട്ട്  നിൽക്കാണെന്നാ തോന്നണേ  നീ അവന്റെ ചന്തിക്കിട്ടൊന്ന് പൊട്ടിച്ചേ .

അവറാൻ ചേട്ടനത്  പറയലും  സുകേശൻ പൊന്തക്കാടിന്റെ മോളീക്കൂടെ മത്തായച്ചന്റെ പിന്നാമ്പുറം നോക്കി ഒറ്റ പൂശു പൂശിയതും ഒരുമിച്ചായിരുന്നു.

ഒരു ഗർജ്ജനം  പൊന്തക്കാടിന്റെ ഉള്ളീന്ന് പുറത്തേക്ക് വന്നു അതിനുപുറകേ  ഒരു അസ്സല് പുലിയും  

ആ പാവത്തിന്റെ കണ്ണീന്ന് വെള്ളം വന്നു അമ്മാതിരി പൂശായിരുന്നു   സുകേശൻ  ചന്തിക്കിട്ട് പൂശിയത്. 

മര്യാദക്ക് അപ്പിയിടാനും ഈ കാലമാടന്മാര് സമ്മതിക്കത്തില്ലേ ? പാവം വഴി തെറ്റി വന്ന പുലി കാട്ടിലേക്ക് തിരിയെ പോകാനുള്ള  അന്വേഷണത്തിലായിരുന്നു അതിനിടയിലായിരുന്നു ഉള്ളിലേറി വന്ന ശങ്ക തീർക്കാൻ പൊന്തക്കാട്ടിലേക്ക് കയറിയത്    

ഗർജ്ജനം കേട്ടതോടെ  ന്റെ കർത്താവേ,  മത്തായി  ദേ പുലിയായെന്നും  അലറി വിളിച്ചോണ്ട്  അവറാൻ ചേട്ടൻ രണ്ടടി മേൽപ്പോട്ട് ചാടി .

പ്രേക്ഷിതൻ സുകു അയ്യോ  പുലി  എന്നെ തിന്നാൻ വരുന്നെന്നും വിളിച്ചു പറഞ്ഞോണ്ട് ഓടി  

സുകേശനാണെങ്കിൽ  ടാബ്ലോ മാതിരി  അങ്ങിനെ തന്നെ അനങ്ങാതെ നിൽപ്പുണ്ട്,  പക്ഷേ അടപടലം കിടന്ന്  വിറക്കുന്നുണ്ട് അതു മാത്രമാണ് സുകേശൻ ജീവിച്ചിരിപ്പുണ്ട് എന്നുള്ളതിന്റെ  ഏക അടയാളം 

സുകേശൻ വിറക്കുന്നതിനൊപ്പം സുകേശന്റെ കൈയ്യിലുള്ള  വടിയും വിറക്കുന്നുണ്ട് 

ആർക്കും ഒന്നും തന്നെ മനസ്സിലാവുന്നില്ല  പുലിയെന്നുള്ള ഒരു  കോൺസെപ്റ്റ് ആരുടേയും സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല 

ഇനി  മത്തായിച്ചൻ പുലിയുടെ പോലെ ഗർജ്ജിച്ചതാണോ അതോ  പുലിക്കളി കളിച്ചു കളിച്ച്  ഒറിജിനൽ പുലിയായിട്ട്   രൂപാന്തരം പ്രാപിച്ചതാണോ ?

അടി കിട്ടിയ  വേദനയിലും കോപത്തിലും പുലി വീണ്ടും ഗർജ്ജിച്ചു  

ഈശ്വരാ ഇത് ഒറിജിനൽ പുലി തന്നെയാണ്  കാട്ടീന്ന് വഴി തെറ്റി വന്നതായിരിക്കും. 

ഒറിജനൽ പുലിയുടെ ചന്തിക്കിട്ടാണ് സുകേശൻ വെച്ചു താങ്ങിയത്

അതോടെ പുറത്തേക്ക് വരാൻ നിന്ന ശങ്ക പുലിയുടെ അനുവാദമില്ലാതെ തന്നെ  അകത്തോട്ട് കേറിപ്പോയി അതാണ് പുലിയെ ഏറെ പ്രകോപിപ്പിച്ചത് രണ്ടു ദിവസത്തിനു ശേഷമായിരുന്നു ആ അസുലഭ നിമിഷം തേടിയെത്തിയത് ആ സമയത്തു തന്നെയായിരുന്നു ചന്തിക്കിട്ട് അടി വീണതും   

വെറുതെ നിന്ന പുലിയുടെ  മൂട്ടില് പോയായിരുന്നു ആ  തമാശ കാണിച്ചത്  ഇന്നത്  പച്ചക്ക് ഞങ്ങളെ തിന്നും  സുകേശൻ നിന്ന് വിറക്കാ  സുകുവാണെങ്കി  കൈയ്യിലിരിക്കുന്ന  തോക്ക്  പുലിയുടെ നേർക്ക് ചൂണ്ടിപ്പിടിച്ചിട്ടുണ്ട്. 

ഒറിജിനൽ തോക്കാണെന്ന് പുലി  തെറ്റിദ്ധരിച്ചാലോന്നായിരുന്നു സുകുന്റെ വിചാരം .

അവറാൻ ചേട്ടന് അവിടെ നിന്നും ഓടി രക്ഷപ്പെടണമെന്നുണ്ട്  പക്ഷേ കാലുകൾ  സമ്മതിക്കുന്നില്ല അവയാണെങ്കി  ഓടുന്നതിനേക്കാളും വേഗതയിലാ കിടന്നു വിറക്കുന്നത്  

വിറക്കുന്ന ആ കാലുകളും കൊണ്ട്  ഓടാൻ നോക്കിയാ  ഒറ്റ ചാട്ടത്തിന് പുലി  പിടിച്ചു തിന്നും .

അവറാൻ ചേട്ടൻ വേഗം രണ്ടു കൈയ്യും നിലത്തു കുത്തി  നാല് കാലില് മറ്റൊരു പുലിയായി നിന്നു  ഒരു പുലി വേറൊരു പുലിയെ തിന്നത്തില്ലല്ലോ ?

പുലി അവറാൻ ചേട്ടന്റെ അടുത്തേക്ക് ചെന്നു ആകെ ഒന്ന് മണം പിടിച്ചു  എന്തോ  ഒരു വശപ്പിശക് പുലിക്ക് തോന്നുന്നുണ്ട് .

പുലിയുടെ രൂപമൊട്ട് ഉണ്ട് താനും പക്ഷേ എന്തോ ഒരു പൊരുത്തക്കേട്

 വയറൊക്കെ നിലത്ത് മുട്ടി ആകെ വിറച്ചിട്ടാ അവറാൻ ചേട്ടൻ നിൽക്കുന്നത്  പുലി ആണെങ്കീ അവറാൻ ചേട്ടന്റെ അടുത്തൂന്ന് മാറുന്നൂല്ല്യ

അവറാൻ ചേട്ടന്റെ വിറ നൂറേ നൂറിലായി മര്യാദക്ക് പൊന്തക്കാട്ടില് ഒളിച്ചിരുന്ന പുലിയാ  അതിന്റ മൂട്ടിനിട്ടാ വെറുതേ പോയി കുത്തിയത്  വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ?

ഈശ്വരാ വഴീക്കൂടെ പോകുന്ന എല്ലാ വയ്യാവേലിയും പോയി തലയിടുന്നുണ്ടല്ലോ?  പ്രാർത്ഥിക്കാൻ നോക്കിയിട്ട് പേടികൊണ്ട് ഒറ്റ  പ്രാർത്ഥന പോലും ഓർമ്മയിൽ വരുന്നില്ല.

തന്നെ പുലി തിന്നും താനാണ് ഈ കൂട്ടത്തിലെ  തടിയൻ മറ്റുള്ളവരെ പിടിച്ചാ  വെറുതെ എല്ലു കടിച്ചു പൊട്ടിക്കാമെന്നല്ലാതെ ഒരു മാംസവും കിട്ടത്തില്ല അത് പുലിക്ക് നന്നായി മനസ്സിലായിട്ടുണ്ട്  അതാ തന്റെ അടുത്തൂന്ന് മാറാതെ നിൽക്കുന്നത്  . 

ആ ചിന്ത  മനസ്സിൽ വന്ന് നിറഞ്ഞതോടെ അവറാൻ ചേട്ടൻ കരഞ്ഞു പക്ഷേ പേടികൊണ്ട് ശബ്ദം പുറത്തേക്ക് വന്നില്ല  പക്ഷേ ഉള്ളിന്റെ ഉള്ളിൽ  മറ്റൊരു അവറാൻ ചേട്ടൻ വാവിട്ട് കരയുന്നത് നമുക്ക് കാണാം 

തനിക്കു വയസ്സായീന്ന് പുലിയോട് പറഞ്ഞു നോക്കിയാലോ ? 

പുലി ഒന്നുകൂടി അടുത്തുവന്ന് അവറാൻ ചേട്ടന്റെ മുഖത്ത്  വെറുതെ രണ്ട് നക്ക് അതോടെ അവറാൻ ചേട്ടന്റെ മുഖത്തെ പകുതി പെയിന്റ്  പുലിയുടെ നാക്കിൽ .

ഇപ്പോ അവറാൻ ചേട്ടന്റെ മുഖം കണ്ടാ പകുതി പുലിയും പകുതി അവറാൻ ചേട്ടനും.

അവറാൻ പുലി 

അടുത്തത് പുലി  സുകേശന്റെ അടുത്തേക്കാ പോയത്  സുകേശൻ പേടികൊണ്ട് കരയുന്നുണ്ട്  പക്ഷേ മിണ്ടുന്നില്ല  സുകേശന്റെ കണ്ണുകളിൽ നിന്ന്  കണ്ണുനീർ  കുടു കുടായെന്നും പറഞ്ഞാണ്  ഒഴുകുന്നത്  

ജീവിതത്തിൽ സുകേശൻ ഇങ്ങനെ കരഞ്ഞിട്ടില്ല  ശരീരമാണെങ്കിൽ  സ്പ്രിങ് ആട്ടിവിട്ട പോലെയാ കിടന്നു വിറക്കുന്നത്  പുലി അടുത്ത് വന്നതോടെ  സുകേശന്റെ ജീവൻ സുകേശനെ വിട്ടോടി അടുത്തുള്ള  മരത്തിൽ കയറി അതോടെ ജീവനില്ലാത്ത സുകേശൻ വെറും ജീവച്ഛവമായി നിന്നു .

സുകേശനാണ് പുലിയെ അടിച്ചത് അത് പുലിക്ക് മനസ്സിലായൊന്ന് സുകേശന് നല്ല പേടീണ്ട് ആ പ്രതികാരം വെച്ച് പുലി നന്നായി വേദനിപ്പിച്ചാവും തന്നെ തിന്നാ  എല്ല് മാത്രമേ  തന്റെ ശരീരത്തിലുള്ളൂ  സുകേശൻ പുലിയെ നോക്കി അവറാൻ ചേട്ടനെ കണ്ണ് കൊണ്ട് കാണിച്ചു കൊടുക്കുന്നുണ്ട് .

പേടിച്ച് വിറച്ച്  സുകേശൻ നിന്ന നില്പിൽ മൂത്രമൊഴിച്ചു പാവം സുകേശൻ താൻ  പഞ്ചായത്ത് മെമ്പറാണെന്നൊക്കെ മറന്നു  കൊച്ച് കുട്ടികള് കരയുന്ന  പോലിയാ ഏങ്ങലടിച്ച് കരയുന്നത്  ശബ്ദം പുറത്തേക്ക് വരാതെ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്  

ഇക്കണക്കിനു പോയാ പുലി കൊല്ലുന്നതിനു മുന്നേ പാവം  പേടിച്ച് വിറച്ച് ചാവുമെന്നാ തോന്നുന്നത്  

ഞങ്ങൾ നാലുപേരും ശ്വാസം പോലും വിടാതെയാണ് നിൽക്കുന്നതെങ്കിലും വിറകൊണ്ട് ഇടക്കിടെ അനങ്ങുന്നുണ്ട്  എന്തെങ്കിലുമൊരു  സംശയം പുലിക്കുണ്ടായാൽ  ആ നിമിഷം പുലി ഞങ്ങളെ പിടിച്ചു തിന്നും .

ഈ സമയത്തായിരുന്നു  സവാരിക്കായി റോമുവിന്റെ വരവ് പതിവില്ലാതെ ഞങ്ങളെയവിടെ  കണ്ടപ്പോ ആദ്യം അവനൊന്ന്  ചമ്മിയെങ്കിലും  വേഗം പോയി അവറാൻ ചേട്ടന്റെ അടുത്ത് ചെന്ന് രണ്ടു ഉരുമ്മല്   അവറാൻ ചേട്ടനോടാണവന് കൂടുതലിഷ്ടം .

പോ ശവമേ യെന്നും പറഞ്ഞോണ്ട്  അവറാൻ ചേട്ടൻ പതുക്കെ മുരളുന്നുണ്ട് .  നശൂലം പിടിച്ച നായ്ക്ക് സ്നേഹം പ്രകടിപ്പിക്കാൻ കണ്ട  സമയം ഞങ്ങളെയെല്ലാവരേയും ഇന്നീ പരട്ടു  നായ  കൊലക്ക് കൊടുക്കുമെന്നാ തോന്നുന്നത് .

അവറാൻ ചേട്ടന് റോമുവിനിട്ട്  ഒരു ചവിട്ട് വെച്ചു കൊടുക്കണമെന്നുണ്ട് .

സത്യത്തിൽ റോമു പുലിയെ കണ്ടിട്ടില്ല മൊത്തത്തിൽ  എന്തോ ഒരു അസ്വാഭാവികത അവന് തോന്നുന്നുണ്ട്  പക്ഷേ ഞങ്ങളെ കണ്ട സ്നേഹത്തില് അവനത് കാര്യമാക്കുന്നില്ലെന്നുള്ളതാണ് സത്യം 

ഈ സമയത്താണ് പുലി റോമുവിനെ  കണ്ടത് അതോടെ  ഒറ്റ ഗർജ്ജനം 

ആ ഗർജ്ജനം കേട്ടതോടെ സുകു മുണ്ടിൽ മൂത്രമൊഴിച്ചു  

മൂത്രം സുകൂന്റെ പെർമിഷന് കാത്തു നിൽക്കാതെ  ഓട്ടോ മാറ്റിക്കായി റിലീസായി.

ആരാടാ,  നമ്മുടെ ഏരിയയിൽ വന്ന് നമ്മളെ നോക്കി കുരക്കുന്നത് ? ആ ഒരു കോൺസെപെറ്റോടെ റോമു ഒറ്റത്തിരിയലാണ്  പക്ഷേ പിന്നിൽ നിൽക്കുന്ന ആളെ മനസ്സിലായതോടെ  വന്ന കുര റോമു അങ്ങനെത്തന്നെ വായിലിട്ട് ചവച്ചു ഒരു മൂളലാക്കിയാ പുറത്തേക്ക് വിട്ടത് .

നായയെ പ്രതീക്ഷിച്ച സ്ഥാനത്ത് ഒരു വല്യ മൃഗം  പുലിയാ അതെന്ന് റോമൂന് ആദ്യം  മനസ്സിലായില്ല  പുലീടെ  മുന്നിലാ താൻ വാല് പൊക്കിയേന്ന്  മനസ്സിലായൊടെനെ അവന് ആകെയൊരു  രോമാഞ്ചം അതോടെ റോമൂന്റെ  മൊത്തം രോമങ്ങളും അമ്പ് പോലെയായി  അവൻ വെറുതെ പുലിയെ നോക്കി ഒന്നു ചിരിച്ചു  അടുത്ത നിമിഷം വാലും  ചുരുട്ടി വെടിച്ചില്ലു പോലെ ഒരു പാച്ചില്  ജിൻസിയെ  പിന്നെ കാണാം കാമുകിക്ക് വേണ്ടി വെറുതെ പുലിടെ തലയിൽ  വാ വെച്ചു കൊടുത്ത് ചാവാണോ ?

ജിൻസി  പോയാ രശ്മി വരും  പക്ഷേ ജീവൻ പോയാ  താൻ പിന്നെ പാക്കരൻ ചേട്ടന്റെ  കടേലെ ചുമരിലാവും.

ഈ സമയത്തായിരുന്നു ജിൻസി അങ്ങോട്ട് വന്നത് റോമുവിനെ നോക്കി അവളൊന്ന് ചിരിച്ചു 

പോടീ യെന്ന് മനസ്സിൽ പറഞ്ഞുകൊണ്ടായിരുന്നു റോമു പാഞ്ഞത് ശ്രിങ്കരിക്കാൻ കണ്ട സമയം 

പുലി വീണ്ടും  മണം പിടിച്ചു പിടിച്ചു  അവറാൻ ചേട്ടന്റെയടുത്തേക്ക്  ചെന്നു അവറാൻ ചേട്ടൻ നിന്ന് ചിണുങ്ങി  

ഈശ്വരാ ഈ പുലിയിതെന്തു ഭാവിച്ചാ ?

മറ്റൊരു പുലിയാണെന്ന് വിചാരിച്ചായിരുന്നു  പുലിയുടെ കടന്നുകയറ്റം  അവറാൻ ചേട്ടന് ആകെ ഇക്കിളിയായിത്തുടങ്ങി  ഓടിയാ പുലിക്ക് മനസ്സിലാവും  

ഒറോതയറിഞ്ഞാ  ഇന്നെന്നെ കൊല്ലും  അവറാൻ ചേട്ടൻ നിന്ന് വിയർത്തു  കുടിച്ച കള്ളൊക്കെ അതിലൂടെ വിയർപ്പായി ഒഴുകി

പുലി അതിരുകൾ ഭേദിക്കാൻ തുടങ്ങിയതും   എടാ  സാമ്യദ്രോഹി പുലിയേന്നും നിലവിളിച്ചോണ്ട് അവറാൻ ചേട്ടൻ രണ്ടുകാലിൽ ഓടി 

സംസാരിക്കുന്ന പുലിയേ കണ്ട്  ഒറിജിനൽ പുലിയും ഞെട്ടി  അതും  ജീവനും കൊണ്ടോടി 

ഞങ്ങൾ നാലുപേരും അന്ന്  നാലു വഴിക്കാ  പാഞ്ഞത്

അതോടെ റോമു അസമയത്തുള്ള അവന്റെ സഞ്ചാരം നിറുത്തി ഇപ്പൊ സമയം സന്ധ്യയായ ഓടി കൂട്ടിൽ കയറാറാ പതിവ് അത് കണ്ട് പാക്കരൻ ചേട്ടന് ആശ്ചര്യം 

ഇവൻ നന്നായോ ?  


       


0 അഭിപ്രായങ്ങള്‍