ദിവാകര പുരാണം
അടക്കാക്കാരൻ നാരായണേട്ടന്റെ മോൻ ദിവാകരനായിരുന്നു ആ കാഴ്‌ച്ച കണ്ടത്.
തെങ്ങിന്റെ മുകളിൽ ഒരു ഇലയനക്കം . അതോടൊപ്പം തെങ്ങിൻ ചുവട്ടിൽ നിന്നും രണ്ടു കണ്ണുകൾ തന്നെ തുറിച്ചു നോക്കുന്നപോലെയും ദിവാകരനു തോന്നി .
ആരാത് ?.
ശരീരമാസകലം വിറച്ചു കൊണ്ടായിരുന്നു ദിവാകരനാ ചോദ്യം ചോദിച്ചത്.
അടുത്ത നിമിഷം ആട്ടം നിലച്ചു.
ആരാ ... ത് .. ദിവാകരൻ വീണ്ടും വിക്കി.
കാറ്റില്ലാതെ, തെങ്ങു മാത്രം ആടുന്നതെന്താണെന്നുള്ള ആലോചനയിൽ ഒരുപാട് കാര്യങ്ങൾ ദിവാകരന്റെ മനസ്സിലൂടെ തലങ്ങും വിലങ്ങും കടന്നുപോയി . അതിൽ പലതും ഒരു ഭീരുവായ ദിവാകരനും, അതിലും ഭീരുവായ ദിവാകരന്റെ മനസ്സിനും ഉൾക്കൊള്ളാൻ കഴിയാവുന്നതിലും അപ്പുറത്തുള്ളവയായിരുന്നു .
സാധാരണ ജനങ്ങൾ പ്രഭാതത്തിൽ ചെയ്യുന്ന, കാര്യങ്ങൾ അല്ലെങ്കിൽ കൃത്യങ്ങൾ വൈകുന്നേരമാക്കിയ ആളാണ് ദിവാകരൻ.
ദിവാകരൻ രാത്രിയിലേ പല്ലു തേക്കൂ.
രാത്രിയിൽ പല്ലു തേക്കുന്നത് നല്ലതല്ലേ എന്നുള്ളൊരു മറുചോദ്യം ഇവിടെ ഉയരാമെങ്കിലും, രാവിലെ പല്ലു തേക്കേണ്ടതില്ല എന്നുള്ളതാണ് ദിവാകരന്റെ വാദം . രാവിലെ മുതൽ നമ്മൾ തിന്നുന്നതല്ലേ? അതുകൊണ്ട് പല്ലു തേച്ചിട്ട് കാര്യമില്ല എന്നുള്ള ദിവാകരന്റെ വിശദീകരണം പലർക്കും ദഹിക്കാത്തതായിരുന്നു .
ഉച്ചക്ക് മാത്രമേ ദിവാകരൻ കുളിക്കൂ. രാവിലെയും വൈകീട്ടും, രണ്ടു നേരം കുളിക്കുന്നതിൽ നല്ലത്, ഉച്ചക്കുള്ള കുളിയാണ് നല്ലതെന്നാണ് ദിവാകരന്റെ ഭാഷ്യം. അതിൽ പ്രത്യേകിച്ചോരു വിമർശനത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ബഹുജനം പലവിധം എന്നല്ലേ? .
ഇതൊന്നും കൂടാതെ ഒട്ടനവധി നിഷ്ഠകളും, വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങളും ജീവിതത്തിൽ വെച്ചു പുലർത്തുന്ന ആളു കൂടിയാണ് ദിവാകരൻ .
അതിതീവ്ര വിശ്വാസിയും, ദൈവങ്ങളിൽ മാത്രം വിശ്വസിക്കുന്നവനും പിശാചുക്കൾ ഇല്ലെന്ന് പ്രഖ്യാപിച്ചവനുമായ ദിവാകരന്, ഈ ലോകത്തിൽ ഏറ്റവും പേടിയുള്ളത് പിശാചുക്കളെ മാത്രമാണ് .
ഭൂത പ്രേതാദികളെ തന്നിൽ നിന്നും അകറ്റി നിറുത്തുന്നതിനായി ലോകത്തുള്ള എല്ലാ ചരടുകളും മേത്തു കെട്ടുകയും, ദൈവങ്ങളുടെ എല്ലാ രൂപങ്ങളും മുറിയിൽ വെച്ച് പ്രാർത്ഥിക്കുന്നവനും കൂടിയാണ് ദിവാകരൻ . എന്നിരുന്നാലും കിടക്കുന്നതിനു മുന്നേ കട്ടിലിന് അടിയിലും അലമാരക്ക് പുറകിലും എന്തിന് വീടിനു ചുറ്റും ഒരു പ്രദിക്ഷണം പൂർത്തിയാക്കി പിശാചുക്കളും , ഭൂത പ്രേതാദികളൊന്നും തന്നെ..., തന്നെ പിടിക്കാൻ പതുങ്ങിയിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ദിവാകരൻ കിടക്കാറുള്ളൂ .
ഇത്രയും, ചരടുകൾ കെട്ടിയിട്ടും , പ്രാർത്ഥിച്ചിട്ടും, ദൈവങ്ങളെ മുറിയിൽ വെച്ചിട്ടും പിന്നേം പേടിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ?
ദൈവങ്ങളുടെ കണ്ണു വെട്ടിച്ചും ഭൂത പ്രേതാദികൾ അകത്തു കേറാം എന്നുള്ളതാണ് ദിവാകരന്റെ വാദം. ശ്രീരാമ പത്നിയായ സീതയെ, രാവൺ ലക്ഷ്മണ രേഖ ഭേദിച്ച് തട്ടിക്കൊണ്ട് പോയതല്ലേ ? പിന്നെയാണോ യാതൊരു ലക്ഷ്മണ രേഖയും ഇല്ലത്തെ തന്റെ കാര്യമെന്നാണ് ദിവാകരൻ ചോദിക്കുന്നത്?.
ദിവാകരനോട് മാത്രം ഭൂത പ്രേതാദികൾക്ക് എന്താണ് ഇത്ര വൈരാഗ്യമെന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം ദിവാകരനും, എന്തിന് ദിവാകരനെ പിടിക്കാൻ പതുങ്ങിയിരിക്കുന്ന പ്രേതങ്ങൾക്കും അറിയില്ലെന്നുള്ളതാണ് വാസ്തവം.
ലൈറ്റണച്ചാൽ, മുഴുവൻ ഇരുട്ടാകുമെന്നുള്ളതുകൊണ്ടും, തന്നെ പിടിക്കാൻ പിശാചുക്കളെങ്ങാനും പതുങ്ങി നിന്നാൽ കാണാൻ പറ്റൂല്ലായെന്ന പേടി കൊണ്ടും ഒരു തിരിവിളക്ക് എപ്പോഴും കത്തിച്ചു വെച്ചിട്ടായിരിക്കും ദിവാകരൻ കിടക്കുക . ഇത് പലപ്പോഴും ദിവാകരനു തന്നെ പാരയാകാറുമുണ്ടെന്നുള്ളതാണ് വസ്തുത . രാത്രിയുടെ ഒന്നാം യാമത്തിലോ രണ്ടാം യാമത്തിലോ പ്രാഥമിക ആവശ്യങ്ങൾക്കായി ഉണരുന്ന ദിവാകരൻ ഈ അരണ്ട വെളിച്ചത്തിൽ മുന്നിലുള്ള പലതിന്റെയും നിഴലുകൾ കണ്ട് അലറി വിളിക്കുമായിരുന്നു .
തൂക്കിയിട്ട കോണകം മുതൽ തൊട്ടപ്പുറത്ത് കിടന്നുറങ്ങുന്ന ഭാര്യ ലീലാമണിയെ കണ്ടു വരെ ദിവാകരൻ ഓളിയിട്ടിട്ടുണ്ടെന്നുള്ളതാണ് സത്യം .
ഒരു ദിവസം അയയിൽ തൂക്കിയിട്ടുള്ള ലീലാമണിയുടെ നൈറ്റി കണ്ട ദിവാകരൻ ബോധം കെട്ടു വീണു . അതിൽ രണ്ടു കൊമ്പുള്ളത് പോലെയാണ് ദിവാകരന് തോന്നിയത് . അതോടെ അയയിലേക്കുള്ള ഭാര്യയുടെ നൈറ്റി പ്രവേശനം ദിവാകരൻ റദ്ദു ചെയ്യുകയും ചെയ്തു . എന്നിട്ടും ഉറങ്ങിക്കിടന്ന ഭാര്യ ലീലാമണിയുടെ തലയിൽ തടവി നോക്കി കൊമ്പൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക കൂടിയുണ്ടായി ദിവാകരൻ.
ഇങ്ങേർക്ക് മുഴുത്ത വട്ടാണെന്നാണ് ലീലാമണി മനസ്സിൽ പറഞ്ഞത്.
അതുപോലെ തന്നെയുള്ള ദിവാകരന്റെ മറ്റൊരു ശീലമായിരുന്നു വൃത്തി .
പല്ല് തേച്ചില്ലെങ്കിലും, രാവിലെ കുളിച്ചില്ലെങ്കിലും വൃത്തി എന്നു പറഞ്ഞാൽ ദിവാകരന് ഭ്രാന്തായിരുന്നു. എന്തു തന്നെയായാലും അതീവ വൃത്തി വേണമെന്ന് ദിവാകരന് നിർബന്ധവുമായിരുന്നു .
പല്ല് തേക്കാതെയും കുളിക്കാതെയും എന്ത് വൃത്തി എന്നുള്ള മറു ചോദ്യം ഇവിടെ ഉയരാമെങ്കിലും, അതിന്റെ വ്യക്തമായ ഉത്തരം ദിവാകരനോ നാട്ടുകാർക്കോ കൃത്യമായി അറിയില്ലാത്തതുകൊണ്ടും, ആ ഭ്രാന്തൻ എന്തെങ്കിലും ആയിക്കൊള്ളട്ടെ എന്നുള്ള വിചാരം നാട്ടുകാർക്ക് ഉള്ളതുകൊണ്ടും , അതിന്നും ഉത്തരമില്ലാത്തൊരു ചോദ്യമായി ദിവാകരന്റെയും , ദിവാകരനോട് അടുപ്പമുള്ളവരുടെയും തലക്കു മുകളിൽ വളഞ്ഞു നിൽക്കുന്നുവെന്നുള്ളതാണ് സത്യം .
ഉണ്ണാനുള്ള പാത്രം എത്ര കഴുകിയാലും മതിവരാത്ത ആളാണ് ദിവാകരൻ.
ഒരു ദിവസം, അടുത്ത വീട്ടിൽ സദ്യക്ക് പോയ ദിവാകരൻ പാത്രത്തിന്റെ വൃത്തി ഉറപ്പുവരുത്താൻ കഴുകികൊണ്ടിരിക്കുകയും അവസാനം ചോറ് കിട്ടാതെ തിരിച്ചു പോരുകയും ചെയ്തീട്ടുണ്ടെന്നുളളത് പരസ്യമായ ഒരു രഹസ്യമായിരുന്നു. അവസാനം കഴുകി വെളുപ്പിച്ച പാത്രത്തിൽ മുഖം നോക്കി നെടുവീർപ്പിട്ടുകൊണ്ടാണ് ദിവാകരൻ പോന്നത്. അതിനു ശേഷം മറ്റു വീടുകളിൽ പോയി ഇത്തരത്തിലുള്ള വൃത്തി ഉറപ്പുവരുത്തലുകൾ തന്റെ വയറിന് ദോഷം ചെയ്യുമെന്നുള്ളതുകൊണ്ട് ദിവാകരൻ ഒഴിവാക്കിയിരുന്നു .
തന്റെ ചെരുപ്പുകൾ എപ്പോഴും പള പളപ്പനായിരിക്കണമെന്നുള്ളത് ദിവാകരന്റെ നിർബന്ധങ്ങളിൽ ഒന്നായിരുന്നു . കുളിക്കുമ്പോൾ സ്വന്തം ശരീരം തേച്ചു വെളുപ്പിക്കുന്നതിൽ അധികമായി ദിവാകരൻ ചെരുപ്പുകളെ തേച്ചു വെളുപ്പിച്ചിരുന്നു എന്നുള്ളതായിരുന്നു സത്യം. എന്നിട്ടവയെ, കാലിലിടാതെ കൈയ്യിൽ തൂക്കിക്കൊണ്ട് നടക്കും .
അങ്ങനെ, ധാരാളം ചെരിപ്പുകൾ ദിവാകരന്റെ കാലിലിടാനുള്ള ഭാഗ്യം കിട്ടാതെ, ദിവാകരന്റെ കൈകളിൽ തൂങ്ങി അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്ത് അവയുടെ ജീവിതം നിരർത്ഥകമാക്കിക്കൊണ്ടിരുന്നു .
പുറത്തേക്കിറങ്ങുന്നതിനു മുന്നേ കണി കാണുന്ന സ്വാഭാവവും ദിവാകരനുണ്ടായിരുന്നു . നല്ല കണി നോക്കിയിരുന്ന് രാത്രിയായിട്ടും പണിക്കു പോകാൻ കഴിയാത്ത ദിവാകരനെ ആരും പണിക്ക് വിളിക്കാതെയായപ്പോഴാണ് ഭാര്യ ലീലാമണി ആ സൂത്രം പറഞ്ഞുകൊടുത്തത് .
എന്റെ മനുഷ്യാ, നിങ്ങൾക്ക് എന്നെ കണി കണ്ട് പോയാലെന്താന്നുള്ള ലീലാമണിയുടെ പഞ്ചാരമൊഴിയിൽ ആകൃഷ്ടനായ ദിവാകരൻ ഒരു ദിവസം ലീലാമണിയെ കണികണ്ട് പോവുകയും, യാതൊരു കാര്യവുമില്ലാതെ തളപ്പ് പൊട്ടി കവുങ്ങിൽ നിന്ന് റോക്കറ്റ് പോലെ താഴേക്ക് ഉരിഞ്ഞിറങ്ങുകയും ചെയ്തു .
അത്രയും കാലത്തെ ദിവാകരന്റെ കവുങ്ങ് കയറ്റ ജീവിതത്തിനിടയിലെ ആദ്യ സംഭവമായിരുന്നൂവത് .
രണ്ടാഴ്ചയോളം കാലുകൾ അകറ്റിക്കൊണ്ടാണ് ദിവാകരൻ നടന്നത്.
കാലിനെന്തു പറ്റി ദിവാകരായെന്നുള്ള നാട്ടുകാരുടെ ചോദ്യത്തിന് കണി കണ്ടതാണെന്നാ ദിവാകരൻ മറുപടി പറഞ്ഞത്.
അവിടെയെന്ത് കണിയെന്നോർത്ത് നാട്ടുകാർ അന്തം വിട്ടു നിന്നു .
ചിലരത് മണിയാണോയെന്ന് ഒരിക്കൽ കൂടി ചോദിച്ച്, സംശയനിവാരണം വരുത്തി .
ഇതെല്ലാം കണ്ട് പോയാ ഇത്രക്കും ഭീകരത സംഭവിക്കുമോയെന്നായിരുന്നു പ്രേക്ഷിതൻ സുകു ചിന്തിച്ചത്? അതോടെ കുളിക്കുമ്പോൾ പോലും സുകു അങ്ങോട്ടേക്ക് നോക്കാതായി .
എന്റെ മനുഷ്യാ, എന്റെ പുറകിലൊരു പൂച്ചയുണ്ടായിരുന്നു നിങ്ങൾ അതിനെയായിരിക്കും കണ്ടിരിക്കായെന്നും പറഞ്ഞ് ലീലാമണി വീട്ടിലുള്ള കിങ്ങിണി പൂച്ചയുടെ തലയിലതു വെച്ചു കെട്ടി . അതോടെ കിങ്ങിണി പൂച്ചയെ ദിവാകരൻ, അമ്മായപ്പൻ വാസുവേട്ടന് കൊണ്ട് പോയി കൊടുത്തു . എന്ത് കണിയായാലും അങ്ങേർക്കിരിക്കട്ടെയെന്നായിരുന്നു ദിവാകരൻ ചിന്തിച്ചത്.
എനിക്കെന്തിനാടാ പൂച്ച ? ഒരു പട്ടിയെ ആയിരുന്നെങ്കിൽ നോക്കാമായിരുന്നുവന്നാ ആ പാവം ചോദിച്ചത് .
ഇതിവിടെ ഇരുന്നോട്ടെ ഏലി ശല്യം കുറയും എന്നും പറഞ്ഞാ ദിവാകരൻ ആ കടമ്പ കടന്നത് . എന്നിട്ട് കൂടുവെച്ച് പിടിച്ച ഒരു എലിയെ കൂടി ദിവാകരൻ അമ്മായപ്പന്റെ മുറിയിൽ, അമ്മായപ്പൻ അറിയാതെ കൊണ്ട് വിട്ടു.
ഏതായാലും അതൊരു യാദിശ്ചികതയിരിക്കും എന്ന് കരുതി മറ്റൊരു ദിവസവും ലീലാമണിയെ കണി കൊണ്ടുപോയ ദിവാകരന് സംഭവിച്ചത് അതിലും ഭയാനകമായ ഒന്നായിരുന്നു .
സാധാരണ ദിവാകരൻ ഒരു കവുങ്ങിനു മുകളിൽ നിന്ന് ആടി അടുത്ത കവുങ്ങിലേക്ക് ട്രിപ്പീസ് കളിക്കാരനെപ്പോലെ പിടിച്ചു കേറുകയാണ് പതിവ്. സാധാരണ കവുങ്ങ് കേറുന്ന എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണ് ചാടി കേറി അടക്കാ പറിക്കുന്നത് .
അന്ന് ദിവാകരനൊരു കാള ദിവസമായിരുന്നു. ദിവാകരന്റെ രീതിയിൽ പറഞ്ഞാൽ കണി ശരിയായില്ല . ആദ്യ കണിയുടെ ഓർമ്മയിൽ, പാതി മനസ്സോടെ ഭാര്യയെ കണി കണ്ടിറങ്ങിയ ദിവാകരനോട്, നിങ്ങള് വേഗം ഉണ്ണാൻ വായോട്ടാ ദിവാകരേട്ടാ ഞാൻ താറാവ് കറിയുണ്ടാക്കാമെന്ന് ലീലാമണിയേടത്തി ശ്രിങ്കാരലോലുപയായി മൊഴിയുകയും, ഏറ്റവും നല്ല കണി ആയിക്കോട്ടെയെന്ന് കരുതി തന്റെ പല്ല് മുപ്പത്തിരണ്ടു കാണിച്ചു ചിരിക്കുകയും ചെയ്തു. ഭാര്യയുടെ അപ്രതീക്ഷിതമായ ആ ചിരിയിൽ ദിവാകരനൊന്ന് ഞെട്ടിയെങ്കിലും അത് പുറത്തേക്ക് കാണിച്ചില്ല .
ലീലാമണിയുടെ താറാവ് കറി സ്വപ്നം കണ്ട് ഒന്നിൽ നിന്ന് അടുത്തതിലേക്ക് ചാടിയ ദിവാകരന് പിഴച്ചു. ഒന്നിൽ നിന്ന് പിടി വിടാനും അടുത്തതിലേക്ക് കേറാനും പറ്റാതെ ക്രിസ്തുവിനെ കുരിശിൽ തറച്ചതു പോലെ രണ്ടു കവുങ്ങുകളുടേയും നടുവിൽ ഒരു വവ്വാലു പോലെ ദിവാകരൻ തൂങ്ങിക്കിടന്നു.
ദിവാകരന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രണ്ടു കാവുങ്ങളെയും ചേർത്തു കെട്ടി ദിവാകരനെ നടു കീറിപ്പോകാതെ രക്ഷിച്ചെടുത്തത്.
ദിവാകരൻ നടുവേ കീറിപ്പോയില്ലെങ്കിലും ദിവാകരന്റെ സന്തത സഹചാരിയായ, വെള്ളയിൽ നീല വരകളുള്ള ട്രൗസർ നെടുകെ കീറുകയും മറ്റുള്ളവർ കാണാൻ പാടില്ലാത്ത പലതും, പലരും കാണുകയും ചെയ്തു . അതിൽ ദിവാകരന്റെ മുൻ കാമുകി കൂടിയായ രമണിയുമുണ്ടായിരുന്നു എന്നുള്ളതായിരുന്നു ദിവാകരനെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തിയത് .
ഈ മനുഷ്യനെ കെട്ടാതിരുന്നത് നന്നായെന്ന്, അതോടെ രമണി സ്വയം നന്ദി പറഞ്ഞു.
തന്റെ അരമന രഹസ്യങ്ങൾ എല്ലാവർക്കും മുന്നിൽ അനാവരണമായി തൂങ്ങിക്കിടക്കുന്നതിനെക്കുറിച്ച് ദിവാകരൻ ബോധവാനായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം . ആയിരുന്നെങ്കിൽ ആ കവുങ്ങുകൾക്ക് നടുവിൽ കിടന്ന് ചത്തുപോയാൽ പോലും ദിവാകരൻ ഓളിയിടത്തില്ലായിരുന്നു.
തൂങ്ങിക്കിടന്ന ദിവാകരൻ വാ കീറി കരഞ്ഞതും അതുകൊണ്ട് തന്നെയായിരുന്നു.
താറാവ് കറിയുമായി കൊഞ്ചിക്കുഴഞ്ഞ വന്ന ലീലാമണി ചേടത്തിയുടെ കൈയ്യിൽ നിന്ന് പാത്രം വലിച്ചെറിഞ്ഞ് ദിവാകരൻ അലറി.
എടീ മൂധേവി..ഇനി മേലിൽ, ഞാൻ പുറത്തേക്കിറങ്ങുമ്പോൾ എന്റെ മുന്നിൽ വന്നാ, അന്നു നിന്നെ ഞാൻ കൊല്ലും.
അതോടെ ഭാര്യയുടെ മുഖം കാണുന്നത് പോലും ദിവാകരന് ഭയമായി .
അതീപ്പിന്നെ രമണി ചേടത്തിയെ കാണുമ്പോ ദിവാകരൻ തലകുമ്പിട്ട് നടക്കാറാ പതിവ് . അങ്ങിനെ തല കുമ്പിട്ട് നടന്ന ദിവാകരൻ ഒരു ദിവസം ഇലക്ട്രിക്ക് പോസ്റ്റിൽ തലയിടിച്ചു വീണുവെന്നുള്ളത് മറ്റൊരു സംഭവമായിരുന്നു.
ചായക്കടക്കാരൻ പാക്കരൻ ചേട്ടനായിരുന്നു ഇതിനെല്ലാം മറുമരുന്നെന്ന നിലയിൽ ദിവാകരനൊരു സൂത്രം പറഞ്ഞു കൊടുത്തത് .
എന്റെ ദിവാകരാ, നീ കണി കാണാൻ നിൽക്കുന്ന നേരം ഭാര്യയോട്, രാമന്റെ ഒരു രൂപം പിടിച്ചോണ്ട് വരാൻ പറയ് അതോടെ പ്രശനം തീർന്നില്ലേ?.
അടുത്ത വീട്ടിലെ രാമന്റെ രൂപം, എന്റെ ഭാര്യ എന്തിനാ കൊണ്ടു നടക്കുന്നതെന്നും ചോദിച്ച് ദിവാകരൻ ചീറി.
ഇതും കേട്ടോണ്ട് ചായ കുടിക്കാൻ വന്ന അടുത്ത വീട്ടിലെ രാമന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടി.
ദിവാകരന്റെ മറുപടി കേട്ട് ഇപ്പൊ ഞെട്ടിയത് പാക്കരൻ ചേട്ടനായിരുന്നു ഇവന് കുറച്ചല്ല മുഴുത്ത വട്ട് തന്നെയെന്നാ പാക്കരൻ ചേട്ടൻ മനസ്സിൽ പറഞ്ഞത് .
എന്റെ ദിവാകരാ, നിന്റെ അയൽക്കാരൻ ഈ ഇരിക്കുന്ന കണ്ടൻ രാമന്റെ കാര്യല്ലാ, ഭഗവാൻ ശ്രീരാമന്റെ കാര്യാ ഞാൻ പറഞ്ഞത് .ദൈവങ്ങളെ കണി കണ്ട് പോയാ മനസ്സിനൊരു സന്തോഷാവും, പിന്നെ ഒരു പ്രശ്നോം ഉണ്ടാകത്തൂല്ല.
അതോടെയാ ദിവാകരൻ തണുത്തത് അതോടൊപ്പം അതൊരു നല്ല ആശയമായി ദിവാകരന് തോന്നുകയും പ്രാവർത്തീകമാക്കിത്തുടങ്ങുകയും ചെയ്തു .
അന്നുമുതൽ ദിവാകരൻ പുറത്തേക്കിറങ്ങുമ്പോൾ, ഭാര്യ ലീലാമണി , രാമന്റെ ഒരു ഫോട്ടോയും പിടിച്ചോണ്ട് എതിരെ വരുകയും സന്തോഷവാനായി ദിവാകരൻ പണിക്ക് പോവുകയും ചെയ്‌തുകൊണ്ടിരുന്നു .
തന്റെ ശ്രദ്ധ രാമനിൽ നിന്നും മാറി ഭാര്യയിലേക്ക് പോകാതിരിക്കാൻ ദിവാകരൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ പിന്നെ എന്താ സംഭവിക്കാന്ന് ഓർക്കാൻ കൂടി പേടിയായിരുന്നു ദിവാകരന്.
ദിവാകരന്റെ അച്ഛൻ നാരായണേട്ടനും കണിയിൽ വല്യ വിശ്വാസമുള്ള ആളായിരുന്നു . ദോഷം കണി കാണാതിരിക്കാൻ വീടിനു പുറത്തേക്കിറങ്ങുമ്പോൾ പിന്നോക്കം നടന്നാണ് നാരായണേട്ടൻ ഇറങ്ങുക. അങ്ങനെ പിന്നോക്കം നടന്ന നാരായണേട്ടൻ വീടിന്റെ മുറ്റത്തു തന്നെയുള്ള വക്കില്ലാത്ത കിണറ്റിലേക്ക് വീഴുകയും കണികൾ വേണ്ടാത്ത ലോകത്തേക്ക് യാത്രയാവുകയും ചെയ്തു .
മര്യാദക്ക് മുന്നോട്ട് നോക്കി നടന്നിരുന്നെങ്കി കുറച്ചു കാലം കൂടി ജീവിച്ചിരിക്കേണ്ട മനുഷ്യനായിരുന്നുവെന്നാ നാട്ടുകാർ അടക്കം പറഞ്ഞത്.
ഇങ്ങനെ കാലം കടന്നുപോകവേ അന്ന് രാത്രി തന്റെ പ്രാഥമിക ആവശ്യങ്ങൾക്കായി പറമ്പിലോട്ടിറങ്ങിയ ദിവാകരനാണ് തെങ്ങിൻ മുകളിലെ ആ അനക്കം കണ്ട് ഞെട്ടി അലറി വിളിച്ചത് .
അടുത്ത നിമിഷം ഒരു വവ്വാൽ ചിറകടിച്ചു പറന്നതോടു കൂടി , അയ്യോ പ്രേതമെന്നലറിക്കൊണ്ട് ദിവാകരൻ വീട്ടിലേക്ക് പാഞ്ഞു .
ആ മരണ പാച്ചിലിൽ ഊരിവെച്ച വസ്ത്രങ്ങളിടാൻ പോലും ദിവാകരൻ മറന്നു പോയിരുന്നു .
നഗ്‌നനായി ദിവാകരേട്ടനെ മുന്നിൽ കണ്ട ലീലാമണി, എന്താ ദിവാകരേട്ടാ ഈ കാണിക്കണേ... ന്ന്.. കാതരയായി ചോദിച്ചോണ്ട് അകത്തേക്കോടുകയും നാണം കൊണ്ട് വാതിലിനു പുറകിൽ മറഞ്ഞു നിൽക്കുകയും ചെയ്തു. അപ്പോഴാണ് ദിവാകരന് ബോധോദയമുണ്ടാവുകയും ഒരു മുണ്ടെടുക്കടീന്ന് പറഞ്ഞോണ്ട് നിലത്തു കമിഴ്ന്നു വീണ് നാണം മറക്കുകയും ചെയ്തത് . ദിവാകരന്റെ , മുന്നിലെ നാണത്തെ നിലം മറച്ചെങ്കിലും പിന്നിലെ നാണം മാനം നോക്കി കിടന്നു .
പിന്നിലെ നാണം, മുന്നിലെ നാണത്തിന്റെ അത്ര അപകടകാരി അല്ലാത്തതു കൊണ്ട് ദിവാകരനത് ഗൗനിച്ചില്ല.
ദിവാകരന്റെ അലർച്ച കേട്ടോടിക്കൂടിയ നാട്ടുകാർ മുഴുവനും തെങ്ങിൻ ചുവട്ടിലേക്ക് പായുകയും പ്രേതത്തെ കാണാൻ മുകളിലോട്ട് നോക്കി നിൽക്കുകയും ചെയ്തത് .
കള്ളു കട്ടു കുടിക്കാൻ തെങ്ങിൻ മുകളിൽ കയറിയ കള്ളൻ ദാമു തെങ്ങിൻ ചുവട്ടിൽ ഒരു ഗ്രാമത്തെ മുഴുവൻ കണ്ട് ഞെട്ടി വിറച്ചു . തന്നെ തല്ലിക്കൊല്ലാൻ ഇത്രയും പേരോയെന്നാ ആ പാവം തെങ്ങിന്റെ മുകളിലിരുന്ന് ചിന്തിച്ചത് ദാമുവിന്റെ കൂടെ വന്ന നായ രുക്കു സംഗതി പന്തികേടാണെന്ന് തിരിച്ചറിഞ്ഞതോടെ ജീവനും കൊണ്ടോടുകയും ചെയ്തു . ദാമുവിനൊപ്പം തന്നെയും നാട്ടുകാർ തല്ലിക്കൊല്ലുമോയെന്നുള്ള ഭയം രുക്കുവിനുണ്ടായിരുന്നു.
പേടിച്ചു വിറച്ച ദാമു തെങ്ങിൻ മുകളിലും പ്രേതപ്പേടിയിൽ നിൽക്കുന്ന നാട്ടുകാർ തെങ്ങിൻ ചുവട്ടിലും കാവലിരുന്നു . കുറേ നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതായപ്പോ പ്രേതം മണ്ണാങ്കട്ടയെന്നും പറഞ്ഞ് നാട്ടുകാർ പോവുകയും ദിവാകരനെ, അവറാൻ ചേട്ടൻ ചീത്ത വിളിക്കുകയും ചെയ്തു . .
എന്റെ ദിവാകരാ ഈ കാലത്ത് ഇതിലൊന്നും വിശ്വസിക്കല്ലേ നാണക്കേടാണെന്നും പറഞ്ഞാ അവറാൻ ചേട്ടൻ പോയത്.
പിന്നെ ആരാ ചേട്ടാ ഈ സമയത്ത് തെങ്ങിന്റെ മുകളിലിരിക്കണത് ?.
അത് വല്ല കാറ്റാവുമെന്നും പറഞ്ഞ് അവറാൻ ചേട്ടൻ പോയതോടെ ആശ്വാസം ഉതിർത്തുകൊണ്ട് ദാമു താഴേക്കിറങ്ങി ഓടുകയും ചെയ്തു .
രുക്കുവിനെ വീട്ടിൽ കണ്ടപ്പൊഴാ ദാമുവിനും, ദാമുവിനെ കണ്ടപ്പൊഴാ രുക്കുവിനും സമാധാനമായത് . രണ്ടുപേരും പരസ്പരം നാട്ടുകാർ തല്ലികൊന്നുവെന്നാ ധരിച്ചുവെച്ചിരുന്നത് .
എന്റെ ദിവാകരാ ഈ പ്രേതങ്ങളിലൊന്നും വിശ്വസിക്കരുത് എന്നും പറഞ്ഞു പോയ അവറാൻ ചേട്ടന് വായനശാലയുടെ പുറകിലുള്ള ആൾപ്പാർപ്പില്ലാത്തെ പറമ്പെത്തിയപ്പോൾ വല്ലാത്തൊരു ഉൽക്കണ്ഠ മനസ്സിൽ വലയം ചെയ്യുകയും അതൊരു പ്രേതരൂപമായിചേക്കേറുകയും ചെയ്തു .
ജീവിതത്തിൽ അതുവരെയില്ലാത്ത പ്രേതപ്പേടി അതോടെ അവറാൻ ചേട്ടനെ വലയം ചെയ്യുകയും മെയിൻ റോഡ് വഴി വീട്ടിലോട്ട് പോയാൽ മതിയായിരുന്നു വെന്ന് തോന്നുകയും ചെയ്തു .
വിറകുവെട്ടുകാരൻ പത്രോസ് തൂങ്ങിച്ചത്ത വീട് കണ്ടതോടെ അതുവരെ പത്രോസിന്റെ ഓർമ്മ പോലുമില്ലാത്ത അവറാൻ ചേട്ടന്റെ മനസ്സിലേക്ക് ഓർമ്മകളുടെ വലിയ ശേഖരവുമായി പത്രോസു ചേട്ടൻ പ്രേത രൂപത്തിൽ കടന്നുവരികയും ചെയ്തു .
പേടി തുള്ളപ്പനി പോലെ നിൽക്കുന്ന നേരത്താണ് മുന്നിലൊരു വെളുത്ത രൂപം കണ്ട് അവറാൻ ചേട്ടന്റെ ഉള്ളിൽ വെള്ളിടി വെട്ടിയത്.
വാഴക്ക് കണ്ണ് പറ്റാതിരിക്കാൻ വെച്ച കോലത്തെ നോക്കി അവറാൻ ചേട്ടൻ വിറച്ചു കൊണ്ട് പറഞ്ഞു. എന്റെ പത്രോസേ ഇത് ഞാനാടാ നിന്റ കൂട്ടുകാരൻ അവറാൻ.
നിനക്ക് എന്നെ ഓർമ്മയുണ്ടോ അവറാനെ എന്ന് ആ രൂപം ചോദിക്കുന്നത് പോലെ അവറാൻ ചേട്ടന് തോന്നി.
നിന്നെ ഞാൻ എന്നും ഓർക്കാറുണ്ട് പത്രോസേയെന്നും പറഞ്ഞ് അവറാൻ ചേട്ടൻ പാഞ്ഞു. രണ്ടു കുപ്പി കള്ള് ശൂ .. ന്നും പറഞ്ഞ് അവറാൻ ചേട്ടന്റെ മേത്തൂടെ വിയർപ്പായി ഒഴുകി .
പ്രേത പേടി ഇല്ലാതിരുന്ന തന്റെ മനസ്സിൽ പ്രേതപ്പേടിയുടെ വിത്തിട്ടു മുളപ്പിച്ച ദിവാകരനിട്ട് രണ്ട് പൊട്ടിക്കാൻ അവറാൻ ചേട്ടന്റെ കൈ തരിച്ചു.
ദൂരെ നിന്ന് വീടിന്റെ വെട്ടം കണ്ടപ്പൊഴാ അവറാൻ ചേട്ടന് ആശ്വാസമായത്.
ആ കള്ളൻ പത്രോസ് അവനെ ഞാൻ ആയകാലത്ത് പൊട്ടിച്ചിട്ടുള്ളതാ എന്റെ കൈയ്യീന്ന് വീണ്ടും മേടിക്കാനാ അവൻ വന്നേക്കണത്.
ഏത് കഷ്ടകാലം നേരത്താണാവോ താനാ പ്രേതത്തിനെ കാണാൻ പോയതെന്നാ അവറാൻ ചേട്ടനോർത്തത് .
ഇതിന്റെ പേരിൽ, ഒരു ദിവസം പാക്കരൻ ചേട്ടന്റെ ചായക്കടയിൽ ചായ കുടിച്ചോണ്ടിരുന്ന ദിവാകരനിട്ട് രണ്ടു പൂശുകയും ചെയ്തു അവറാൻ ചേട്ടൻ .
പരിപ്പുവട മൊരിഞ്ഞി ..ട്ടില്ല എന്ന് പറയുന്നതിനുള്ളിലായിരുന്നു ദിവാകരന് ആ അടി കിട്ടിയത് അതോടെ പരിപ്പു വട തെറിച്ചു പോവുകയും ദിവാകരൻ എണീറ്റ് ഓടുകയും ചെയ്തു .
താനെന്തിനാ ഓടിയതെന്ന് ആ ഓട്ടത്തിനിടയിലും ദിവാകരൻ ചിന്തിച്ചോണ്ടിരുന്നു .
അല്ല, അവറാനെന്തിനാ തന്നെ തല്ലിയത് ?.
അല്ല , താനെന്താ തിരിച്ചു തല്ലാതിരുന്നത് ?
ഇങ്ങനെ ഒരുപാട് സംശയങ്ങൾ ആ ഓട്ടത്തിനിടയിലും ദിവാകരനെ വലയം ചെയ്തുകൊണ്ടിരുന്നുവെങ്കിലും ഒന്നിനും ഉത്തരങ്ങൾ ഉണ്ടായിരുന്നില്ലെന്നുള്ളതായിരുന്നു സത്യം .
ആവശ്യമില്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ തേടി പോയി വീണ്ടും അടി വാങ്ങിവെക്കാൻ ദിവാകരന് താല്പര്യമില്ലായിരുന്നു. ഏതായാലും തനിക്ക് കിട്ടേണ്ടത് കിട്ടി ചിലപ്പോ അവറാന് തന്നോടെന്തെങ്കിലും ദേഷ്യം കാണുമായിരിക്കും.
ആർക്കെങ്കിലും ദേഷ്യം വരുമ്പോ തല്ലാനുള്ളതാണോ താൻ ? ദിവാകരന്റെ മനസ്സതിനെ ചോദ്യം ചെയ്തതെങ്കിലും മിണ്ടാതെ ഓടുന്നതാണ് നല്ലതെന്ന് മനസ്സിന്റെ, മറ്റൊരു പാതി മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു .
ഏതായാലും തല്ല് കിട്ടി എന്നുള്ളത് സത്യവും അത് എന്തിനു കിട്ടി എന്നുള്ളത് അജ്ഞതയുമായി ദിവാകരൻ ഓട്ടം തുടർന്നു . പോയി തിരിച്ച് അടിക്കെടാ എന്നുള്ള മനസ്സിന്റെ പ്രലോഭനത്തെ ദിവാകരൻ വിവേകം കൊണ്ട് കീഴടക്കി. എന്നിട്ടും, ഏതെങ്കിലുമൊരു ദുർബ്ബല നിമിഷത്തിൽ താൻ തിരിയെപ്പോയി , കൂടുതൽ തല്ല് വാങ്ങിവെക്കുമോയെന്നുള്ള പേടിയുള്ളത് കൊണ്ട് ദിവാകരനാ ഓട്ടത്തിന്റെ സ്പീഡ് കൂട്ടുകയും ചെയ്തു .
തന്റെ സന്തത സഹചാരിയായ ചെരുപ്പിനെ അവിടെ ഉപേക്ഷിച്ചിട്ടായിരുന്നു നഗ്‌നപാദനായി ദിവാകരൻ പാഞ്ഞത് .
ദിവാകരനിട്ട് ഒന്ന് പൊട്ടിച്ചിട്ടും അരിശം തീരാഞ്ഞ അവറാൻ ചേട്ടൻ , വെളുത്ത് വെളുത്ത് വെള്ളക്കാരനെക്കാളും വെളുത്തിരിക്കുന്ന ദിവാകരന്റെ ആ സന്തത സഹചാരിയെ കണ്ടം തുണ്ടമാക്കി വെട്ടി നുറുക്കി പാടത്തേക്ക് എറിഞ്ഞു .
എന്തിനാ അവറാനെ ആ പാവത്തിനെ തല്ലിയത് ?.
പാവോ ? അവനോ? മനുഷ്യന്റെ മന:സമാധാനം കളഞ്ഞോനാന്നും പറഞ്ഞ് അവറാൻ ചേട്ടൻ, പാക്കരൻ ചേട്ടനെ നോക്കി ചീറി.
എന്താ ഉണ്ടായതെന്ന് അറിയാതെ പാക്കരൻ ചേട്ടൻ മാനം നോക്കി നിന്നു. കൂടുതൽ ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും , ആകെ വിറച്ചു തുള്ളി നിൽക്കുന്ന അവറാൻ ചേട്ടനെ കണ്ടപ്പോ അത് പിന്നത്തേക്ക് വെക്കുന്നതാ നല്ലതെന്നാ പാക്കരൻ ചേട്ടന് തോന്നിയത് .
വെറുതെ ദിവാകരന്റെ പേരും പറഞ്ഞ് അവറാന്റെ കൈയ്യീന്ന് താനും വാങ്ങി വെക്കേണ്ടാ അവൻ എന്തെങ്കിലും കുരുത്തംക്കൊള്ളി കാണിച്ചിട്ടുണ്ടായിരിക്കും.
എന്തായാലും അന്നുമുതൽ അവറാൻ ചേട്ടന്റെ പേടികളുടെ കൂട്ടത്തിലേക്ക് പ്രേതപ്പേടിയും കടന്നുകയറി എന്നുള്ളതായിരുന്നു സത്യം . അതുവരെ അവറാൻ ചേട്ടന് ജീവിതത്തിൽ ആകെ പേടിയുണ്ടായിരുന്നത് കർത്താവിനേയും, അളിയൻ റൗഡി തൊമ്മിയേയും, എസ് ഐ ഇടിയൻ ജോണിയേയുമായിരുന്നു . എന്നാൽ ആ സംഭവത്തിനു ശേഷം അവരെക്കാളുമൊക്കെ ഉയരത്തിൽ ഈ പ്രേതപ്പേടി എത്തിനിൽക്കുകയും ചെയ്തു .
അവറാൻ ചേട്ടൻ തന്നെ പലപ്പോഴും ഇതൊരു തോന്നലാണെന്നും പറഞ്ഞുകൊണ്ട് സ്വയം നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും, അതിനുമപ്പുറത്തേക്ക് ആ പ്രേതപ്പേടി വളർന്നു കഴിഞ്ഞിരുന്നുവെന്നുള്ളതായിരുന്നു സത്യം. അതിനുള്ള വഴിമരുന്നിട്ടത് ദിവാകരനും .
അതിനു ശേഷം കുറേനാളത്തേക്ക് ദിവാകരൻ പാത്തും പതുങ്ങിയും അവറാൻ ചേട്ടനെ കാണാതെ നടന്നെങ്കിലും പാക്കരൻ ചേട്ടന്റെ സാന്നിധ്യത്തിൽ അവറാൻ ചേട്ടനുമായി രമ്യതയിൽ എത്തിച്ചേരുകയും ചെയ്തു.
അതിനു മറ്റൊരു കാരണവും കൂടിയുണ്ട്, ദിവാകരന്റെ പറമ്പിലെ തെങ്ങുകളെല്ലാം ചെത്തുന്നത് അവറാൻ ചേട്ടനാണ് .
അവറാൻ ചേട്ടന്റെ അഭാവത്തിൽ തെങ്ങിൽ നിന്നുമുള്ള വരുമാനം നിലച്ചതോടെ ദിവാകരന്റെ ഭാര്യ ദിവാകരനിട്ട് താങ്ങുകയും, എന്റെ മനുഷ്യാ നിങ്ങളോ ജോലിക്ക് പോകുന്നില്ല ഈ വരുമാനം കൂടി ഇല്ലാതായാൽ കഞ്ഞികുടി മുട്ടുമെന്നുള്ള ഭീക്ഷിണക്ക് മുന്നിൽ ദിവാകരന് മുട്ടു മടക്കേണ്ടി വരുകയും പാക്കരൻ ചേട്ടൻ മുഖാന്തിരം ഒരു രമ്യതയിലേക്ക് എത്തിച്ചേരുകയും ചെയ്തത് .
ദിവാകരന്റെ പറമ്പിലെ തെങ്ങുകൾ കേറുമ്പോൾ അവറാൻ ചേട്ടനും ഒരു പേടിയുണ്ടായിരുന്നു. പ്രത്യേകിച്ച് ദിവാകരൻ പ്രേതത്തെ കണ്ട തെങ്ങിൻ ചുവട്ടിലെത്തുമ്പോൾ അത് കൂടും . അതുകൊണ്ട് നട്ടുച്ച നേരത്തും, സന്ധ്യക്കും അവറാൻ ചേട്ടൻ ദിവാകരന്റെ വീട്ടിലെ തെങ്ങുകളിൽ കയറാറില്ല. എന്നിട്ടും ഒരു പ്രാവശ്യം തെങ്ങിൻ മുകളിൽ നിന്നും ഇറങ്ങുന്ന വഴി താഴെ ഒരു സ്ത്രീ രൂപത്തെക്കണ്ട് അവറാൻ ചേട്ടന്റെ ഉള്ളൊന്ന് കാളുകയും രണ്ടു കൈയ്യും വിട്ട് എന്റെ കർത്താവേ..ന്ന് നിലവിളിക്കുകയും പിടി വിടുകയും ചെയ്തത്. എന്തോ തക്ക സമയത്ത് കർത്താവ് ഇടപെട്ടതുകൊണ്ട് മാത്രാ അന്ന് അവറാൻ ചേട്ടൻ കഷ്ടിച്ചു രക്ഷപ്പെട്ടത്.
ആടിനെ കെട്ടാൻ വന്ന ദിവാകരന്റെ ഭാര്യയെ അവറാൻ ചേട്ടൻ ചീത്ത വിളിക്കേം ചെയ്തു .
അന്നും പതിവുപോലെ, രാമനേം കണി കണ്ട് മുറ്റത്തേക്കിറങ്ങിയ ദിവാകരന്റെ മുന്നിൽ ലോട്ടറിക്കാരൻ നാരായണേട്ടൻ പ്രത്യക്ഷപ്പെടുകയും എന്റെ ദിവാകരാ ഒന്നെടുത്തോയെന്ന് നിർബന്ധിക്കുകയും ചെയ്തു.
ആ ലോട്ടറിക്ക് അയ്യായിരം രൂപ അടിച്ചതറിഞ്ഞ് ദിവാകരൻ വീട്ടിൽ തല ചുറ്റി വീണു .
സത്യത്തിൽ ലോട്ടറി എടുക്കാൻ വന്ന പ്രേക്ഷിതൻ സുകുവിനോടാണ് നാരായണേട്ടൻ നമ്മുടെ ദിവാകരന് ലോട്ടറി അടിച്ചെന്നാ വിവരം പറഞ്ഞത്. അത് കേട്ട പാതി കേൾക്കാത്ത പാതി സുകു സൈക്കിളിൽ പാഞ്ഞു .
ചായക്കടയിലേക്ക് പറന്ന സുകു ദിവാകരനുണ്ടോ ഇവിടെയെന്ന് അലറുകയും ആ പാവത്തിന് വീണ്ടും അടി കിട്ടാറായോന്ന് പാക്കരൻ ചേട്ടൻ സംശയിക്കുകയും ചെയ്തു
എന്താ സുകോ പ്രശ്‌നം ?.
എന്റെ ചേട്ടാ, നമ്മുടെ ദിവാകരന് ലോട്ടറിയടിച്ചു.
എന്റെ കർത്താവേ.. ന്ന് നിലവിളിച്ചോണ്ട് പാക്കരൻ ചേട്ടൻ നെഞ്ചത്തടിച്ചു .
ആ ലോട്ടറി തനിക്ക് എടുക്കാൻ തോന്നിയില്ലല്ലോയെന്നോർത്ത് ഒരിക്കലും ലോട്ടറി എടുക്കാത്ത വറീത് കഷ്ടം വെച്ചു.
ദിവാകരന് ലോട്ടറിയടിച്ചെന്നു കേട്ടതോടെ പാക്കരൻ ചേട്ടനും , തമിഴൻ മുരുകനും , മീൻകാരൻ മമ്മദും , സുധാകരേട്ടനും എന്തിന് നാട്ടുകാർ മുഴുവനും ദിവാകരന്റെ വീട്ടിലേക്ക് വെച്ച് പിടിച്ചു .
ഒരു നാട് മുഴുവൻ ജാഥയായി തന്റെ വീടിനു നേർക്ക് വരുന്നത് കണ്ട ദിവാകരൻ, കണി കാണാൻ രാമനേയും കൊണ്ട് വരുന്ന ഭാര്യയോട് ഓടിക്കോളാനായി പറയുകയും.. എടാ രാമാ.., അല്ല എടീ...രമണീ ഓടിക്കോടീയെന്ന് അലറിക്കൊണ്ട് വീടിനു പുറകിലോട്ട് പായുകയും ചെയ്തു .
തന്നോടാണോ രാമാനോടാണോ ഓടാൻ പറഞ്ഞെതെന്ന് അന്തിച്ചു നിന്ന ലീലാമണിക്കു മുന്നിൽ ജനക്കൂട്ടം എത്തുകയും എവിടെ ദിവാകരനിന്നലറുകയും ചെയ്തു.
ആ പാവത്തിനെ ഇന്ന് നാട്ടുകാർ തല്ലിക്കൊല്ലുമോയെന്നുള്ള പേടിയിൽ, ലീലാമണി പുറത്തേക്ക് കൈചൂണ്ടിയാ പറഞ്ഞത്.
ദിവാകരേട്ടൻ പണിക്കു പോയല്ലോ.
എന്റെ പെങ്ങളെ ദിവാകരന് ലോട്ടറിയടിച്ചു അടുത്ത നിമിഷം പട്ടി കൂവുന്നത് പോലെയുള്ള കൂവൽ കേട്ട് എല്ലാവരും ഞെട്ടുകയും പെങ്ങള് പുതിയ പട്ടിയെ വാങ്ങിയോയെന്ന് സുകു അത്ഭുതത്തിൽ ചോദിക്കുകയും ചെയ്തു .
പുതിയ പട്ടിയല്ല പഴയ പട്ടിയാണെന്നും പറഞ്ഞ് പുറകിലോട്ടോടിയ ലീലാമണിയും നാട്ടുകാരും കണ്ടത് ബോധം കെട്ട് കിടക്കുന്ന ദിവാകരനെയാണ് .
ആ ആൾക്കൂട്ടം ദിവാകരനേയും പൊക്കിയെടുത്തോണ്ട് നാരായണേട്ടന്റെ കടയിലേക്ക് പാഞ്ഞു . ആ പാച്ചിലിനിടയിലും ഇതെല്ലം സത്യം തന്നെയാണോയെന്ന് ദിവാകരന് സംശയം തോന്നുന്നുണ്ടായിരുന്നു. അതോടൊപ്പം തനിക്ക് ലോട്ടറിയടിച്ചോ എന്ന് പുലമ്പിക്കൊണ്ടിരിക്കുകയും തനിക്കു അടിച്ചുവെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു കൊണ്ടിരുന്നു .
ആ ലോട്ടറി പണത്തിലൂടെ താൻ പീലിപ്പോസ് മുതലാളിയേക്കാളും വലിയ മുതലാളിയായി വിലസുന്നതും ദിവാകരൻ ഭാവനയിൽ കണ്ടു .
നാരായണാ എന്റെ ലോട്ടറി പൈസ എവിടെ ? കരഞ്ഞു കൊണ്ടാണ് ദിവാകരൻ ചോദിച്ചത്.
അയ്യായിരമെന്നുള്ള നാരായണേട്ടന്റെ മറുപടി കേട്ട് ദിവാകരൻ ഞെട്ടുകയും സുകു മുങ്ങുകയും ചെയ്തു .
ആ സംഭവത്തിനു ശേഷം ദിവാകരൻ പ്രേക്ഷിതൻ സുകുവിനെ അന്വേഷിച്ചു ചെല്ലുകയും. എവിടെ എന്റെ ഒന്നാം സമ്മാനമെന്ന് ചോദിക്കുകയും ചെയ്തതു കേട്ട് സുകു അന്തം വിട്ട് മേലോട്ട് നോക്കി നിന്നു . ദിവാകരൻ പറയുന്നത് സുകുവാണ് തനിക്ക് സമ്മാനം അടിച്ചതെന്ന് പറഞ്ഞതും, അതുകൊണ്ട് സമ്മാനം തരേണ്ട ഉത്തരവാദിത്വം സുകുവിനാണെന്നതുമാണ് .
ദിവാകരന്റെ വിചിത്രമായ ഈ ആവശ്യം കേട്ട് ഉറക്കത്തീന്നെണീറ്റു വന്ന സുകു കണ്ണു മിഴിക്കുകയും, ദിവാകരനിട്ട് രണ്ട് പൊട്ടിക്കുകയും ചെയ്തു .
ഉത്തരത്തിൽ നിന്നും വെട്ടുകത്തി വലിച്ചൂരിയ സുകുവിനെ കണ്ട് ദിവാകരൻ ഓടി വെട്ടുകത്തികൊണ്ടുള്ള വെട്ടായിരിക്കും ചിലപ്പോൾ സുകു ഒന്നാം സമ്മാനമായി തനിക്ക് തരാ..
ഇവന്റെ പ്രാന്ത് കൂടിയോയെന്നായിരുന്നു സുകു ഓർത്തത് .
പണിക്കു പോകാതെ കണിയും നോക്കി നടന്നോണ്ടിരുന്ന ദിവാകരനെ ഒന്ന് നന്നാക്കിയെടുക്കാൻ വേണ്ടിയിട്ടായിരുന്നു ലീലാമണി ഗൾഫിലുള്ള ആങ്ങളയുടെ കാലുപിടിച്ച് കരഞ്ഞ് എന്തെങ്കിലും ഒരു ജോലി ശരിയാക്കാൻ പറഞ്ഞത് .
കണിയും നോക്കി നടക്കുന്ന അവനെന്തു ജോലി ശരിയാക്കാനാടിയെന്ന് ആങ്ങള തിരിച്ചു ചോദിച്ചെങ്കിലും . എന്തെങ്കിലും ശരിയാക്കിയാൽ മതിയെന്നും പറഞ്ഞുള്ള പെങ്ങളുടെ നിറുത്താതെയുള്ള കരച്ചിലിനു മുന്നിൽ ആ പാവത്തിന്റെ മനമിളകുകയും അവിടെ ഈന്തപ്പന കേറാനായി ദിവാകരനെ കൊണ്ടുപോകാൻ തയ്യാറെടുക്കുകയും ചെയ്തു .
തന്നെ ഇവിടന്നു നാടു കടത്താനാണെന്നു മനസ്സിലാക്കിയ ദിവാകരൻ മുങ്ങാൻ നോക്കിയെങ്കിലും ലീലാമണി ഒരു പൊടിക്കും സമ്മതിച്ചില്ല .
എടീ എനിക്ക് പന കേറാൻ അറിഞ്ഞു കൂടാ..
എന്റെ മനുഷ്യാ നിങ്ങള് കവുങ്ങിൽ കേറുന്നത് പോലെ അങ്ങോട്ട് കേറിയാൽ മതി .
കവുങ്ങിൽ കേറുന്നത് പോലെ പനയിൽ കേറാമെന്നുള്ളത് ദിവാകരന് ആദ്യ അറിവായിരുന്നു.
എന്റെ ദിവാകരാ ഞാൻ തെങ്ങു കേറുന്നതല്ലേ അതിനേക്കാളും എളുപ്പാ പന കേറാൻ .
ജീവിതത്തിൽ പന മരം നേരെ ചൊവ്വ കണ്ടിട്ടില്ലാത്ത അവറാൻ ചേട്ടന്റെ പ്രോത്സാഹനം കൂടി ആയിട്ടും ദിവാകരന്, എന്തോ വിശ്വസിക്കാൻ പറ്റുന്നില്ല .
അങ്ങനെ ഗ്രാമം മുഴുവൻ ദിവാകരനെ ഗൾഫിലേക്ക് യാത്രയാക്കി. എല്ലാവരേയും നോക്കി കരഞ്ഞു കൊണ്ടാണ് ദിവാകരൻ പോയത് ഏതാണ്ട് കൊല്ലാൻ കൊണ്ട് പോകുന്നത് പോലെ .
കണി കാണാതെ ഞാൻ പന കേറില്ലെന്ന് പറഞ്ഞ ദിവാകരന്റെ നേർക്ക് അറബി തോക്ക് ചൂണ്ടിയതോടെ അവിടെയുള്ള എല്ലാ പനകളും ഒറ്റയടിക്ക് കേറി ദിവാകരൻ അറബിയെ ഞെട്ടിച്ചു.
അങ്ങനെ കാലം കടന്നുപോയി.
രണ്ടു വർഷത്തിനു ശേഷമാണ് ദിവാകരൻ നാട്ടിലേക്ക് വന്നത്. അത് മറ്റൊരു ദിവാകരനായായിരുന്നു . ദിവാകരനു വന്ന മാറ്റം എല്ലാവരേയും അത്ഭുത പെടുത്തുന്നതായിരുന്നു . പള പള മിന്നുന്ന കുപ്പായവും വലിയ ചെയിനും, വാച്ചും, കണ്ണടയും, അറബി വേഷവും ധരിച്ച പുതിയൊരു ദിവാകരൻ .
നാട്ടുകാർക്കെല്ലാം ദിവാകരൻ ഓരോന്ന് കൊടുത്തു. ചിലർക്ക് ലൈറ്ററും ചിലർക്ക് സിഗരറ്റും, മറ്റു ചിലർക്ക് സ്പ്രേയും, തുണിയും..അതുപോലെ പലതും .
അങ്ങനെ ഗൾഫുകാരൻ ഭാസ്കരേട്ടന്റെ പോലെ ദിവാകരനും ഒരു ഗൾഫുകാരനായി മാറി . മലയാളം പോലും മര്യാദക്ക് പറയാൻ അറിയാത്ത ദിവാകരൻ ഇപ്പൊ വാ തുറന്നാ അറബിയാണ് പറയുന്നത് .
ദിവാകരന് മുന്നേ ഗൾഫിൽ പോയ ഭാസ്കരേട്ടനു പോലും അറബി ഏത്താപ്പിത്തയാ . ഭാസ്ക്കരേട്ടൻ പറയുന്നത് അത് ശരിക്കുള്ള അറബിയല്ലെന്നായിരുന്നു . അത് കേട്ടു വന്ന ദിവാകരൻ, ഭാസ്‍കരേട്ടനെ അറബിയിൽ ചീത്ത വിളിച്ചു . നാട്ടുകാർക്ക് മനസ്സിലാവാതിരിക്കാൻ ഭാസ്ക്കരേട്ടൻ അതും കേട്ട് ചിരിച്ചു കൊണ്ട് നിന്നു.
എന്താ ഭാസ്‍കരാ അവൻ പറയണത് ?.
എന്നോട് സുഖമാണോന്ന് ചോദിച്ചതാണെന്ന ഭാസ്കരേട്ടന്റെ മറുപടി വിശ്വാസയോഗ്യമായി ആർക്കും തോന്നിയില്ല .
അവൻ പല്ലും നാവും കടിക്കുന്നുണ്ടല്ലോ .
എന്റെ പാക്കരാ .., ചില അറബി വാക്കുകൾ പറയുമ്പോൾ പല്ലും നാക്കും കടിച്ചാൽ മാത്രമേ പുറത്തേക്ക് വരത്തുള്ളൂ .
പിന്നീട് ദിവാകരൻ പറഞ്ഞപ്പോഴാണ് ഞങ്ങൾ നാട്ടുകാർക്കത് മനസ്സിലായത് ഭാസ്കരേട്ടനെ , കണ്ണു പൊട്ടുന്ന ചീത്ത അറബിയിൽ വിളിച്ചതാണെന്ന് .
എന്റെ ദിവാകരാ നീയിപ്പോ കണിയൊന്നും നോക്കാറില്ലേ ?.
അതൊക്കെ ഓരോ അന്ധവിശ്വാസങ്ങൾ അല്ലേയെന്നായിരുന്നു.., പാക്കരൻ ചേട്ടന്റെ ചോദ്യത്തിന് ദിവാകരൻ മറുപടി പറഞ്ഞത്.
അത് കേട്ട നാട്ടുകാർ ആശ്വര്യത്തോടെ ദിവാകരനെ നോക്കി.
ഏതായാലും രണ്ടു പ്രാവശ്യം ഗൾഫിൽ പോയി വന്നതോടെ ഞങ്ങളുടെ നാട്ടിലെ എണ്ണപ്പെട്ട പണക്കാരനായി ദിവാകരൻ മാറി . പീലിപ്പോസ് മുതലാളിയെക്കാളും വലിയ പണക്കാരൻ . ഭാസ്കരേട്ടൻ ഇപ്പോഴും ഗൾഫിലേക്ക് പോയിക്കൊണ്ടിരുന്നു .
എല്ലാവരും അടക്കം പറയുന്നത് ദിവാകരൻ പന കേറാനല്ലേ പോയത്? ഭാസ്‍കരനാണെങ്കിൽ നല്ല ജോലിക്കും എന്നിട്ടും ഭാസ്കരനെക്കാളും വലിയ പണക്കാരൻ ദിവാകരനാണല്ലോയെന്ന് .
അവിടെ പന കേറാൻ പോയ ദിവാകരൻ അറബിയുമായി നല്ല ചങ്ങാത്തത്തിലാവുകയും അറബിയുടെ വിശ്വസ്തനായി മാറുകയും ചെയ്തതോടെ ദിവാകരനെ ഏക്കറുകണക്കിന് പന തോട്ടങ്ങൾ അറബി ഏല്പിക്കുകയും അതിന്റെ നടത്തിപ്പു ചുമതല പൂർണ്ണമായി ദിവാകരന് നൽകുകയും ചെയ്തു.
അങ്ങനെ കണിയല്ല ജീവിതമെന്ന് തിരിച്ചറിഞ്ഞ, പണക്കാരനായി മാറിയ ദിവാകര പുരാണം ഇവിടെ അവസാനിക്കുന്നു.
4 അഭിപ്രായങ്ങള്‍
നിങ്ങളൊരു ജൂനിയർ വേളൂർ കൃഷ്ണൻകുട്ടി തന്നേ