തിരുടൻ
രാവിലെ തന്നെ പ്രേഷിത പ്രവർത്തനം നടത്താൻ കവലയിലോട്ട് പോകുന്ന വഴിയാ ഓറോത ചേടത്തിയിരുന്ന് കരയണ കണ്ടത്.
എന്തിനാ ചേട്ടത്തി കരയണത് ?.
അവറാൻ ചേട്ടനെങ്ങാനും തല്ലിയാതാണോയെന്ന സംശയം സുകുവിന് തോന്നിയതാ. പക്ഷെ അതിനു മാർഗ്ഗമില്ല കാരണം അവറാൻ ചേട്ടനു മുന്നിൽ ഒറോത ചേടത്തിയൊരു വര വരച്ചാൽ പിന്നെ ആന ഓടി വന്നാ കൂടി അവറാൻ ചേട്ടൻ അനങ്ങത്തില്ല, അത്രക്കും പേടിയാ.
പിന്നെ എന്താണാവോ കാര്യം ?.
എന്താ ചേടത്തി പ്രശ്‌നമെന്ന് ചോദിക്കലും..,
എന്റെ മോനേ, വീട്ടിൽ കള്ളൻ കേറിയെടായെന്നും പറഞ്ഞ് ചേടത്തി രണ്ടിയായിരുന്നു നെഞ്ചത്ത്.
ആ ശബ്ദം കേട്ട് സുകു ഞെട്ടിപ്പോയി .
സുകുവിന്റെ വർത്താനം കേട്ട് പുറത്തേക്കിറങ്ങി വന്ന അവറാൻ ചേട്ടനും ഞെട്ടിക്കൊണ്ട് കുറച്ച് മാറി നിന്നു. ഇല്ലെങ്കി, അടുത്ത ഇടി ചിലപ്പോ തന്റെ നെഞ്ചത്തോട്ടാവുമെന്ന് അവറാൻ ചേട്ടനു നല്ല പേടിയുണ്ട്. ബെല്ലും ബ്രേക്കും ഇല്ലാത്ത പെണ്ണുമ്പിള്ളയാ, കള്ളനെ കിട്ടിയില്ലെങ്കി കിട്ടിയവനെ വെച്ചങ്ങു താങ്ങും.
എന്റെ ചേടത്തി അവറാൻ ചേട്ടനിവിടെ ഉണ്ടായിരുന്നില്ലേ?.
ഈ പേടിത്തൂറി ഇവിടെ ഉണ്ടായിട്ട് എന്തു ചെയ്യാനാ മോനെ? ഒരു പറ വെച്ച് കൊടുത്താ അത് മുഴുവനിരുന്ന് തിന്നോളുന്നല്ലാതെ ഇങ്ങേരെക്കൊണ്ട് ഒരു കാര്യൂല്യ .
തന്നെ കൊച്ചാക്കിക്കൊണ്ടുള്ള ആ വർത്താനം അവറാൻ ചേട്ടന് തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും, ഒന്നും മിണ്ടിയില്ല.
എന്റെ സുകോ, ഞാൻ നല്ല ഉറക്കത്തിലായിപ്പോയത് അവന്റെ ഭാഗ്യാടാ ഇല്ലെങ്കി അവന്റെ ശവം ഇവിടെ വീണേനേന്നും പറഞ്ഞ് അവറാൻ ചേട്ടൻ, നായിന്റെ മോനേന്നും അലറിക്കൊണ്ട് മുറ്റത്തു നിക്കുന്ന വാഴക്കിട്ട് ഒറ്റ ചവിട്ടായിരുന്നു.
സംഗതി വാഴക്കിട്ടാണ് ചവിട്ടിയതെങ്കിലും വാഴ മാറിയതാണോ അവറാൻ ചേട്ടന്റെ കാലു മാറിയതാണോ എന്നറിയില്ല. ഉന്നം പിഴച്ച്, തടമെടുത്ത തെങ്ങും കുഴിയിലേക്കാണ് അവറാൻ ചേട്ടൻ വീണത്. അതോടെ എന്റെ കർത്താവേന്നുള്ളൊരു മുഴുനീള നിലവിളി അവറാൻ ചേട്ടന്റെ തൊണ്ടയിൽ തടഞ്ഞു.
എന്തൊക്കെയാ ചേടത്തി കള്ളൻ കൊണ്ട് പോയത്?.
എല്ലാം കൊണ്ട് പോയെടാ .. മോനേന്നും പറഞ്ഞ് ചേടത്തി വീണ്ടും നെഞ്ചത്തടിച്ചു. ഇപ്രാവശ്യം ഇടിക്ക് ഊക്കല്പം കുറവായിരുന്നു തന്റെ നെഞ്ചിനിട്ടാ താങ്ങുന്നതെന്ന് ചേടത്തിക്ക് ബോധ്യം വന്നത് ഇപ്പോഴായിരുന്നു.
അപ്പൊ നിങ്ങളൊന്നും അറിഞ്ഞില്ലേ ചേടത്തി ?.
അറിഞ്ഞെങ്കി ഞാൻ അവനെ അരിഞ്ഞെനെ ന്നും പറഞ്ഞ് ചേടത്തി കണ്ണു തുറിപ്പിച്ചു. ആ ഭീകര ഭാവം കണ്ട് സുകുവരെ പേടിച്ചു പോയി. ഒരു രക്ഷസ്സ് വാ പൊളിച്ചു നിൽക്കുന്ന പോലെയാ സുകുവിനത് കണ്ട് തോന്നിയത്. ആ കള്ളനിതെങ്ങാനും കണ്ടിരുന്നാ ആ സെക്കന്ററിൽ തട്ടിപ്പോയേനേ .
നായ്ക്കളൊന്നും കുരച്ചില്ലേ ചേടത്തി ?.
റോമുവിനെ നോക്കിയായിരുന്നു സുകുവത് ചോദിച്ചത് ?.
പരട്ട ശവം, നായ ആണെന്നും പറഞ്ഞ് മൂട്ടില് വാലും തൂക്കിയിട്ട് നടക്കുന്നു. കാക്കാശിനു കൊള്ളത്തില്ല, അങ്ങേരു കണക്കെ, മൂക്കു മുട്ടെ തിന്ന് എമ്പക്കോം വിട്ടു നടക്കാ.
അതും പറഞ്ഞ് ചേടത്തി റോമുവിന്റെ മൂട്ടിൽ ഒറ്റ ചവിട്ടായിരുന്നു . അപ്രതീക്ഷിതമായ ആ ചവിട്ടിൽ അവന്റെ കണ്ണീന്ന് പൊന്നീച്ചകൾ പറന്നു.
അടുത്ത വീട്ടിലെ കാവൽക്കാരനായ തന്നെയെന്തിനാ ഈ കിഴവി ചവിട്ടിയെന്നതോർത്ത് അവനൊരെത്തും പിടിയും കിട്ടിയില്ല. ഒറോത ചേടത്തിയുടെ കരച്ചിൽ കേട്ട്, എന്താ സംഭവമെന്നറിയാൻ വന്നു നിന്നതായിരുന്നു റോമു.
കിഴവിക്കിട്ട് ഒരു കടി കൊടുത്താലോന്ന് അവൻ ആഞ്ഞതാ, പിന്നെ വേണ്ടെന്നു വെച്ചു . ചിലപ്പോ കിഴവി ആ ദേഷ്യത്തിന് എന്തെങ്കിലും തിന്നാൻ തരുമ്പോ അതിൽ വിഷം ചേർത്തിട്ടുണ്ടാവും .
ചിക്കനാണെങ്കി, വിഷമാണെങ്കിലും താൻ ചിലപ്പോ തിന്നു കളയും . വെറുതേ കിഴവിയെ ദേഷ്യം പിടിപ്പിച്ച് തന്റെ ജീവൻ കളയാൻ നിക്കണ്ട . തന്റെ അപ്പനേം, ഈ കിഴവിയാ വിഷം വെച്ച് കൊന്നെന്ന് കേട്ടിട്ടുള്ളത് .
സംഗതി സത്യമായിരുന്നു, റോമുവിന്റെ അപ്പൻ കുട്ടപ്പായിക്ക് വിഷം വെച്ചു കൊടുത്ത് കൊന്നത് ചേട്ടത്തിയായിരുന്നു .
കൂട്ടാൻ വെക്കാൻ മേടിച്ച ചാള കുട്ടപ്പായി കട്ടെടുത്തൂന്നും പറഞ്ഞായിരുന്നു ചേടത്തിയാ കടും കൈ ചെയ്തത്. സത്യത്തിൽ കുട്ടപ്പായി ആയിരുന്നില്ല അത് കട്ടു തിന്നത്. മണികണ്ഠൻ പൂച്ചയുടെ അപ്പൻ രുക്കുവായിരുന്നു. രുക്കു വീണ്ടും എടുക്കാതിരിക്കാൻ വേണ്ടി കുട്ടപ്പായി കാവലു കിടന്നതായിരുന്നു. ആ സത്യസന്ധത തിരിച്ചറിയാതെ, മീൻ കട്ടു തിന്നത് കുട്ടപ്പായി ആണെന്നും കരുതി ആ മീനിലൊന്നിൽ വിഷം പുരട്ടിയിട്ടാ , ചേടത്തി കുട്ടപ്പായിക്കു കൊടുത്തത്. താൻ കാവലു കിടന്ന സന്തോഷത്തിലായിരിക്കും ചേടത്തിയത് തരുന്നതെന്ന് വിശ്വസിച്ച കുട്ടപ്പായി മണക്കോ .. മണക്കോ ..ന്നും പറഞ്ഞ് അത് മുഴുവനും തിന്നു, അതോടെ കുട്ടപ്പായി വീണു.
രുക്കുവിനെ നോക്കി ചതിയെന്നു മാത്രം കുട്ടപ്പായി പറഞ്ഞു. ഇതിനിടയിൽ തനിക്കും മീൻ കിട്ടുമെന്ന് കരുതി കരഞ്ഞ് അലമുറയിട്ടൊണ്ട് പാഞ്ഞു വന്ന രുക്കു, കുട്ടപ്പായി ചത്തതു കിടക്കുന്നത് കണ്ട് ഞെട്ടി, പേടിച്ച് അറ്റാക്ക് വന്ന് ചാവുകേം ചെയ്തു .
അങ്ങനെ ചേടത്തി കാരണം രണ്ടു ജീവനുകളാ ഒറ്റയടിക്ക് ഇല്ലാണ്ടായത് .
രണ്ടു ശല്യങ്ങളും തീർന്നല്ലോയെന്നായിരുന്നു ചേടത്തി മനസ്സിൽ പറഞ്ഞത് ഒരു വെടിക്ക് രണ്ടു പക്ഷികൾ .
ആ സംഭവത്തിനു ശേഷം റോമുവും , മണികണ്ഠനും തമ്മിൽ ചേരത്തില്ല.
രണ്ടും കട്ടു തിന്നുന്ന ശവങ്ങളെന്നാ ചേടത്തി, അയൽക്കാരൻ രാമേട്ടനോടും ഭാര്യ ശാരദേടത്തിയോടും പറഞ്ഞത്.
എന്റെ വീട്ടീന്നും കട്ട് തിന്നാറുണ്ടെന്ന് ശാരദേടത്തി പറഞ്ഞതു കേട്ട് ചേടത്തിയും ചത്തുപോയ, കുട്ടപ്പായിയും, രുക്കുവും ഞെട്ടിയെന്നുള്ളത് മറ്റൊരു സത്യം .
ആകെ നൂറു നൂറ്റമ്പതു ഗ്രാമ് മീനാ ശാരദേടത്തി വാങ്ങാറ്.
നീ ഒരെണ്ണം ഇങ്ങട് ഇട്ടേ എന്റെ മമ്മദേന്നും പറഞ്ഞ് തൂക്കം നോക്കിക്കഴിഞ്ഞും ശാരദേടത്തി, മീൻകാരൻ മമ്മദുമായി തല്ലുകൂടും .
മീൻ നുറുക്കുന്നത് തൊട്ട് കൂട്ടാൻ കലത്തിൽ കേറി ചോറ് ഉണ്ണുന്നത് വരെ ചെക്കൻ മണികണ്ഠൻ അതിന്റെ എല്ലാ പ്രോസസ്സിലും പങ്കാളിയാവും. മീൻ കഴുകുന്നത് തൊട്ടേ ചെക്കൻ ചോദിച്ചോണ്ടിരിക്കും കൂട്ടാൻ റെഡി ആയോ അമ്മേ..,ആമ്മേന്ന് .അതിന്റെ എടേലു മീൻ കക്കാൻ പോയിട്ട് മണം പിടിക്കാൻ പോലും ചെക്കൻ സമ്മതിക്കില്ലാന്ന് കുട്ടപ്പായിക്കും , രുക്കുവിനും ചേടത്തിക്കും എല്ലാവർക്കും നന്നായറിയാം അതുകൊണ്ടാ എല്ലാവരും ഞെട്ടിയതും .
രാമേട്ടൻ ഉണ്ണാൻ വന്നിരിക്കുമ്പോ ചെക്കൻ കൂടെ വന്നിരുന്നു അതീന്നും നുള്ളി പെറുക്കി തിന്നാൻ നിക്കും . ആകെ കൂടി ഒരു തല മാത്രാ രാമേട്ടന് കിട്ടാറ് .
എന്താ ഇവിടെ തല മാത്രേ ഉള്ളോന്ന് രാമേട്ടൻ ആദ്യമൊക്കെ ചോദിക്കാറ് പതിവുള്ളതായിരുന്നു .
എന്റെ മനുഷ്യാ നിങ്ങൾക്ക് തലയല്ലേ ഇഷ്ടന്നാ ശാരദേടത്തി പറയാറ് .
സത്യത്തില് രാമേട്ടന് നടുക്കഷ്ണാ ഇഷ്ട്ടം പക്ഷെ അതൊരിക്കലും ആ പാവത്തിന് കിട്ടാറില്ല . കിട്ടാറില്ല എന്നതിലുപരി കൊടുക്കാറില്ല എന്നുള്ളതായിരുന്നു സത്യം .
അതിൽ രാമേട്ടന് വല്യ പരിഭവം ഉണ്ട് , പക്ഷെ പരിഭവം ഉണ്ടായിട്ടും കാര്യമില്ല എന്നുള്ളതും മറ്റൊരു സത്യം .
താനല്ലേ വീട്ടിലെ മൂത്തതെന്നാ രാമേട്ടൻ ചിന്തിക്കാറ് . ഒരു പ്രാവശ്യം അത് ശാരദേടത്തിയോട് ചോദിക്കേം ചെയ്തു . എടീ ഞാനിവിടത്തെ കാർന്നോരല്ലേന്ന്? അത് കാരണാ നിങ്ങൾക്ക് തല തരണേന്നാ ശാരദേടത്തി പറഞ്ഞത്.
ചെക്കൻ സുബ്രമണ്യനാ നടുക്കഷ്ണം കൊടുക്കാറ്, ഇല്ലെങ്കി ചെക്കൻ കാറിക്കൊണ്ടേ ഇരിക്കും . വാലിന്റെ ഭാഗം ശാരദേടത്തിക്കാ പിന്നെ ബാക്കി വരുന്നത് തല മാത്രം . അത് രാമേട്ടന് കൊടുക്കും .
മണികണ്ഠൻ പൂച്ച ആദ്യം രാമേട്ടന്റെ വീട്ടിലെ താമസക്കാരനായിരുന്നു. മുള്ള് പോലും അവനു കിട്ടാതായതോടെയാ അവൻ അവറാൻ ചേട്ടന്റെ വീട്ടിലേക്ക് താമസം മാറ്റിയത് .
മുള്ളും ശാരദേടത്തിയാ തിന്നാറ് അവസാനം, ആ മീന് മുള്ളുണ്ടെന്ന് തോന്നിക്കാത്ത വിധം കടിച്ചു ചവക്കും എന്നിട്ടാ മണികണ്ഠന് കൊടുക്കാറ് അത് കാണുന്നതേ അവനു ഓക്കാനം വരും .
ഈ പെണ്ണുമ്പിള്ള കഴിഞ്ഞ ജന്മത്തില് വല്ല പൂച്ചയോ മറ്റോ ആയിരുന്നൊന്നായിരുന്നു അവന്റെ സംശയം.
മീൻ നുറുക്കുമ്പോ തല ഭാഗം വളരെ കൃത്യമായിട്ടാ ശാരദേടത്തി മുറിക്കാറ് മാംസത്തിന്റെ ഒരു ചെറിയ ഭാഗം കൂടി അതില് പെട്ടുപോകരുതെന്ന് നല്ല നിർബന്ധം ഉള്ളത് പോലെയാ .
അങ്ങേരു പുറത്ത് പോയി കള്ളു കുടിക്കുമ്പോ ഇതൊക്കെ തിന്നാറുള്ളതാന്നാ ശാരദേടത്തിടെ ന്യായീകരണം. എന്നാ രാമേട്ടൻ കള്ള് കുടിക്കുമ്പോ മീൻ ചാറ് മാത്രേ വാങ്ങാറുള്ളൂവെന്നത് രാമേട്ടനും , ഷാപ്പു കാരൻ വറീതിനും മാത്രം അറിയാവുന്ന സത്യമായിരുന്നു .
അങ്ങനെ, രാമേട്ടന്റെ ഇഷ്ടം, മീന്റെ തലയാണെന്ന് ശാരദേടത്തി ബലമായിട്ട് രാമേട്ടന്റെ തലയിൽ അടിച്ചേൽപ്പിച്ചു . വേറെ ഗതിയില്ലാത്തതുകൊണ്ട് പാവം അതും തിന്ന് മിണ്ടാണ്ട് എണീറ്റ് പോവാറാണ് പതിവ് .
ആ തല കഷ്ണത്തീത്തീന്നു കൂടിയ ചെക്കനിപ്പോ കൈയ്യിട്ട് മാന്താൻ തുടങ്ങിയിരിക്കുണത് .
ഇതൊരു തുടർക്കഥ പോലെ നീണ്ടു പോവാൻ തുടങ്ങിയതോടെയാ രാമേട്ടനാ സൂത്രം പ്രയോഗിച്ച് തുടങ്ങിയത്, ചെക്കൻ ഉറങ്ങിയിട്ട് ചോറുണ്ണാമെന്നുള്ളത് .
ഒരു പ്രാവശ്യം ചെക്കൻ നുള്ളി പറിക്കുമ്പോ രാമേട്ടൻ ചോദിച്ചതാ,
മോനേ .., മോൻ.., മീൻ തിന്നതല്ലേ ?
അത് കേട്ട് ചെക്കനൊരു നോട്ടം നോക്കി . ആ നോട്ടം കണ്ട് രാമേട്ടൻ പേടിച്ചു പോയെന്നുള്ളതായിരുന്നു സത്യം .
എന്റെ ഭഗവാനേ, ചെക്കനിപ്പോ ഇങ്ങനെ? ഇനി വലുതായിക്കഴിയുമ്പോ എന്താവൂന്ന് ആലോചിച്ചിട്ടായിരുന്നു ആ ഞെട്ടൽ.
ഒരു മീന്തലക്ക് ഈ നോട്ടം നോക്കിയാ , ഭാഗം ചോദിക്കുമ്പോ ? ബാക്കി ഓർമ്മിക്കാൻ രാമേട്ടന് ശക്തി ഉണ്ടായിരുന്നില്ല.
അന്ന് രാമേട്ടനെ, ശാരദേടടത്തീം കുറേ ചീത്ത പറഞ്ഞു . എന്റെ മനുഷ്യാ, ചെക്കനല്ലേ ? അത് തിന്നട്ടെ .
നിന്റെന്ന് കൊടുത്തൂടേന്നാ രാമേട്ടൻ മനസ്സിൽ ചോദിച്ചത് .
മീൻ കൂട്ടാൻ വേവുമ്പോ തൊട്ടേ രാമേട്ടന്റെ വയറു കാളാൻ തുടങ്ങുമെങ്കിലും ഈ പ്രതിസന്ധി ഒഴിവാക്കാൻ വേണ്ടി അടക്കി പിടിച്ച് ഇരിക്കാറാ പതിവ് .
ഒറോത ചേടത്തിയുടെ ചവിട്ട് മൂട്ടിൽ കിട്ടിയതോടെ റോമു തിരിഞ്ഞോടി. തന്നെ ചവിട്ടിയത് എന്തിനാന്ന് പോലും ആ പാവത്തിന് മനസ്സിലായില്ല.
കേട്ടവർ.., കേട്ടവർ മൂക്കത്ത് വിരൽ വെച്ചു.
അവന്റെവിടുന്ന് എന്തെടുക്കാനാണെന്നാണ് മുറുക്കാൻ കടക്കാരൻ വാസു, തന്റെ എപ്പോഴും ചുവന്നിരിക്കുന്ന വാ തുറന്ന് ചോദിച്ചത് .
മുറുക്കാൻ കടയുടെ പരസ്യം കൂടിയാണ് വാസു. എപ്പോഴും മുറുക്കി ചുവന്നിരിക്കുന്ന വാസുവിനെ കണ്ടത്തന്നെ അറിയാം വാസു മുറുക്കാൻ കടക്കാരനാണെന്ന് .
ഞങ്ങളുടെ ഗ്രാമത്തിലെ ഏക മുറുക്കാൻ കടക്കാരനും വാസു തന്നെയാണ്. എന്തെങ്കിലും കഴിക്കുമ്പോൾ പോലും വാസു ആ മുറുക്കാൻ കളയാറില്ല. വായുടെ ഒരു വശത്തേക്ക് നീക്കി വെച്ച് മറുഭാഗത്തൂടെ ഭക്ഷണ സാധനങ്ങൾ കടത്തിവിടും, ഏതാണ്ട് ട്രാഫിക്ക് പോലീസുകാരൻ വണ്ടികളെ നിയന്ത്രിക്കുന്ന കൂട്ട്.
വാസുവിന്റെ എപ്പോഴും ചുവന്നിരിക്കുന്ന വാ കണ്ട് ആശ മൂത്ത എന്റെ ക്ലാസ്മേറ്റ് ശിവൻ, അവന്റെ അച്ചൻ സുധാകരേട്ടന് മുറുക്കാൻ വേണമെന്നും പറഞ്ഞ് വാങ്ങിക്കൊണ്ട് വന്ന് പാടത്തുവെച്ച് മുറുക്കിയതും ചുവക്കുന്നതിനു മുൻപേ അമ്മേ... ന്ന വിളിയോടെ തല ചുറ്റി, മൂക്കും കുത്തി വീണതും ഒരുമിച്ചായിരുന്നു.
ചുണ്ട് ചുവന്നില്ലെങ്കിലും അവന്റെ മൂക്ക് ചുവന്നു കിട്ടി.
അവൻ മുറുക്കിയിട്ട് വേണം തനിക്കും മുറുക്കാനെന്നും പറഞ്ഞു നിന്ന ശങ്കു അവൻ ചത്തുപോയെന്നും പേടിച്ച് അലമുറയിട്ടൊണ്ട് വീട്ടിലേക്ക് പാഞ്ഞു.
അന്ന് ശിവന്, അച്ഛൻ സുധാകരേട്ടന്റെ കൈയ്യീന്ന് നല്ല പൊതുക്ക് കിട്ടി, വാസുവിനും കിട്ടേണ്ടതായിരുന്നു.
നീ കൊച്ച് കുട്ടികൾക്ക് മുറുക്കാൻ കൊടുക്കോ നായിന്റെ മോനെയെന്നും ചോദിച്ച് വാസുവിനെയും അടിക്കാൻ ചെന്നതായിരുന്നു സുധാകരേട്ടൻ .
ഏത് കൊച്ച് കുട്ടിയെന്ന് വാസു അന്തിച്ചു നിന്നത് .
എന്റെ മോനേന്ന് സുധാകരേട്ടൻ എടുത്ത് പറഞ്ഞു .
അത് കേട്ട് വാസുവേട്ടൻ ഞെട്ടിക്കൊണ്ടാ പറഞ്ഞത് .
എന്റെ സുധാകരാ അത് കുട്ടിയല്ലല്ലോ ഒരു വല്യ മനുഷ്യനല്ലേ .
എടാ നായിന്റെ മോനെ അവൻ പഠിക്കണ കുട്ടിയാ .
പിന്നെ വാസുവേട്ടൻ ഒന്നും പറഞ്ഞില്ല. ഇത്രേം വല്യ പോന്തൻ ചെക്കനെ കുട്ടിയെന്ന് വിളിച്ചാ പിന്നെ കുട്ടികളെ എന്താ വിളിക്കേണ്ടതെന്നായിരുന്നു വാസുവേട്ടന്റെ ചിന്ത .
സത്യത്തിൽ ശിവൻ, എന്റെ ക്ലാസ്സ് മേറ്റൊക്കെയാണെങ്കിലും അവനെ കണ്ടാ വല്യ ഒരു ആളായിട്ടാ തോന്നാ. അവന്റെ അച്ഛൻ, സുധാകരേട്ടനേക്കാളും ഉയരം ശിവനുണ്ട് .
എല്ലാ ക്ലാസ്സിലും രണ്ടു കൊല്ലം പഠിച്ചിട്ടാ ശിവൻ വരാറ് .
എങ്ങിനെയെങ്കിലുമൊന്ന് ഈ മാരണം ക്ലാസ്സീന്ന് ജയിച്ചു കിട്ടാനാ മാഷു മാര് പ്രാർത്ഥിക്കാറ് പതിവ് . അത് കാരണം ശിവൻ കോപ്പി അടിക്കണ കണ്ടാലും ആരും ഒന്നും പറയാറില്ല . അത് മാത്രല്ല, ശിവനെ ചീത്ത പറയാനും മാഷുമാർക്ക് പേടിയാ .
അവനൊരു ഒരു പോക്കനാ ചിലപ്പോ മാഷ് ആണെന്നെന്നും നോക്കത്തില്ലാന്നാ പീതാംബരൻ മാഷ് ഒരു പ്രാവശ്യം ഹെഡ് മാഷിനോട് പറഞ്ഞത് .
ഒരിക്കൽ മാഷ് എന്തോ കാര്യത്തിന് ശിവനെ ചീത്ത പറഞ്ഞതിന് , ആ പാവം വീട്ടിലോട്ട് പോകുന്ന വഴി അവൻ പേടിപ്പിച്ചു .
തൂങ്ങി ചത്ത നാരായണേട്ടന്റെ പറമ്പീക്കൂടെ പോവുമ്പോഴാ അവൻ പേടിപ്പിച്ചത്. അല്ലെങ്കി തന്നെ ആ പറമ്പ് കടക്കണവരേക്കും രാമ നാമ വും , കൃഷ്ണ നാമവുമൊക്കെ ചൊല്ലീട്ടാ മാഷ് പോവാറു .
എന്തിനാ താനിങ്ങനെ നാരായണനെ പേടിക്കണെന്ന് പറമ്പ് കഴിയുമ്പോഴ് മാഷ് ചിന്തിക്കും .
ചത്ത് പോയവരെക്കാളും ജീവിച്ചിരിക്കുന്നവരെ പേടിക്കണമെന്നും പറഞ്ഞ് ക്ലാസ്സെടുത്ത് പോയ മാഷാ. സത്യത്തിൽ മാഷ് പറഞ്ഞത് സത്യാ ചത്ത് പോയ നാരായണേട്ടനു പകരം ശിവനാ മാഷിനെ പേടിപ്പിച്ചത് .
നാല് ദിവസാ മാഷ് പേടിച്ചു പനിച്ചു കിടന്നത് .
താൻ ഇത്രേം പ്രാർത്ഥിച്ചിട്ടും നാരായണനെ വിട്ട് തന്നെ പേടിപ്പിച്ച കൃഷ്ണനോടും , രാമനോടും മാഷിന് നീരസം തോന്നീതാ. പിന്ന്യാ മാഷ് അറിഞ്ഞത് രാമനും കൃഷ്ണനുമൊന്നും അല്ല ശിവനാ പേടിപ്പിച്ചതെന്ന് അതോടെ ഭഗവാൻ ശിവനോടു മാഷിന് ചെറിയൊരു നീരസം തോന്നുകേം ചെയ്ത .
ഏതായാലും അതിനു ശേഷം നാരായണന്റെ പറമ്പ് എത്തുമ്പോ മാഷ് ശിവനാമം കൂടി ജപിക്കാൻ തുടങ്ങി . എന്തിനാ വെറുതെ ഓരോരുത്തരുടെ അപ്രീതി സമ്പാധിക്കണേ ?.
അന്ന് വാസു കടയിൽ നിന്നും ഇറങ്ങി ഓടിയത് കൊണ്ട് മാത്രാ രക്ഷപ്പെട്ടത്.
ഞങ്ങളുടെ ഗ്രാമത്തിലെ ചെറിയൊരു റൗഡി കൂടിയാ സുധാകരേട്ടൻ . പഴേ കാലത്ത് വല്യ റൗഡി ആയിരുന്നു. വയസ്സായപ്പോ കുഞ്ഞിയ റൗഡി ആയതാണെന്നാ പാക്കരൻ ചേട്ടൻ പറയാറ്. അതല്ല, എസ് ഐ ഇടിയൻ ജോണി , ഒരു പ്രാവശ്യം സുധാകരേട്ടനെ വിരട്ടി വിട്ടുവെന്നും അന്നുമുതലാണ് സുധാകരേട്ടൻ നന്നായതെന്നും പറയപ്പെടുന്നുണ്ട് .
ഇടിയൻ ചാർജ്ജെടുത്ത സമയം, കള്ളുഷാപ്പിൽ വെച്ച് മീൻ കറിക്ക് പുളി കുറവാണെന്നും പറഞ്ഞ് സുധാകരേട്ടൻ, ഷാപ്പുകാരൻ വറീതിനെ എടുത്തിട്ട് പൂശി. സത്യത്തിൽ കള്ള് കടം ചോദിച്ചപ്പോ വറീത് കൊടുക്കാത്തതിനായിരുന്നു സുധാകരേട്ടൻ താങ്ങിയത് . പക്ഷെ അതെല്ലാവരുമറിഞ്ഞാ മോശക്കേടല്ലേന്നു കരുതിയാണ്, കറിക്ക് പുളി കുറവാണെന്നും പറഞ്ഞ് ആ തല്ലിനൊരു വെള്ള പൂശൽ സുധാകരേട്ടൻ നടത്തിയത് .
കരഞ്ഞു കൊണ്ടാ, വറീത് സ്റ്റേഷനിൽ പോയി പരാതി എഴുതിക്കൊടുത്തത്.
ആ പരാതി വായിച്ച ഇടിയൻ വിറച്ചു. എന്ത്.., ഒരു സ്ത്രീക്കു നേരെ തന്റെ സ്റ്റേഷനതിർത്തിയിൽ അതിക്രമമോ? ഇടിയന്റെ അലർച്ച കേട്ട് വറീത് ഞെട്ടി വിറച്ചു .
ഏത് സ്ത്രീയുടെ കാര്യാ ഇയാള് പറയുന്നതെന്നോർത്ത് വറീത് ചിന്തിച്ചെങ്കിലും ഇടിയൻ കോപം കൊണ്ട് വിറക്കുന്ന കണ്ടതോടെ അതങ്ങനെ തന്നെ ഇരിക്കട്ടെന്നു കരുതി.
സ്ത്രീകൾക്കെതിരെയുള്ള ഒരു അതിക്രമവും ഞാൻ വെച്ചു പൊറുപ്പിക്കത്തില്ല.
ഇയാളിത് ഏതു സ്ത്രീയുടെ കാര്യം പറഞ്ഞാ അലറുന്നതെന്നാ വറീത് അന്തിച്ചു നിന്നത് ?. അതോടെ ഇനി തന്നെക്കണ്ടാ സ്ത്രീയുടെ പോലെ തോന്നോന്നൊരു സംശയം ഉടലെടുക്കുകയും അതല്ലെന്നുറപ്പിക്കാൻ അടിമുടിയൊരു, സ്വയ വിശകലനം നടത്തുകയും കൂടി ചെയ്തു, വറീത് .
സത്യത്തിൽ പരാതി എഴുതിയപ്പോ മീൻ കറിക്ക് പുളി കുറവാണെന്നുള്ളതിനു പകരം, മീങ്കാരിക്ക് പുളി കുറവാണെന്നുള്ളതായി മാറിപ്പോയിരുന്നു .
വറീതിന് എഴുതാനറിയാത്ത കാരണം പലചരക്ക് കടക്കാരൻ സുപ്രുവിനെ കൊണ്ടായിരുന്നു ആ പരാതി എഴുതിച്ചത്. സുപ്രു, പലചരക്ക് കടയിൽ ബില്ലെഴുതുന്ന കൂട്ട് എഴുതിയപ്പോഴായിരുന്നു ആ കൈയ്യബ്ദം പിണഞ്ഞത്.
അതുകൊണ്ട്, സുധാകരന് രണ്ടിടി കൂടുതൽ കിട്ടണമെങ്കിൽ കിട്ടിക്കോട്ടെയെന്നു കരുതി, വറീതത് തിരുത്താനും പോയില്ല.
അതുകൊണ്ട് തന്നെ, സുധാകരേട്ടന് രണ്ടിടിയല്ല, പത്തിടി കൂടുതൽ കിട്ടി. നിനക്ക് കള്ളുകുടിക്കുമ്പോ മീങ്കാരിയെ തന്നെ വേണമെല്ലടാ തൊട്ട് നക്കാൻ റാസ്കൽ ? എന്നും ചോദിച്ചാ ഇടിയൻ, സുധാകരേട്ടനെ കുമ്പിട്ടു നിറുത്തി ഇടിച്ചത്.
അതും പോരാഞ്ഞ് വീട്ടീ വന്നപ്പോ ഭാര്യ ശാരദേടത്തീടെ വകയും വേണ്ടുവോളം കിട്ടി. കണ്ണീക്കണ്ട മീങ്കാരികളുടെ അടുത്ത് പോവാൻ നിങ്ങൾക്ക് നാണമില്ലേ മനുഷ്യാന്നും ചോദിച്ചായിരുന്നു, ശാരദേടത്തിയും താങ്ങിയത് .
ഇത്രയും ഇടി കിട്ടിയിട്ടും അജ്ഞാതയായ ആ മീങ്കാരി ഏതാണെന്ന് മാത്രം സുധാകരേട്ടന് അജ്ഞാതമായിരുന്നു.
ഏത് മീങ്കാരിയെന്ന് ചോദിക്കാൻ ആയിരം പ്രാവശ്യം സുധാകരേട്ടന്റെ നാവു പൊങ്ങിയെങ്കിലും അത് കൂടുതൽ ഇടി കിട്ടുന്നതിന് കാരണമാകുമോയെന്നുള്ള പേടിയിൽ സുധാകരേട്ടൻ മിണ്ടാതിരുന്നു.
ഇന്നത്തെ ദിവസം തനിക്ക് ശരിയല്ല അതുകൊണ്ട് ഇടി കിട്ടി. ഇനി ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിച്ച് ആ ഇടി നാളേക്ക് കൂടി നീട്ടി വെക്കേണ്ടെന്നു കരുതി കൂടിയാണ് സുധാകരേട്ടൻ മിണ്ടാതിരുന്നത് . തനിക്ക് തല്ലു കിട്ടാൻ വെച്ചിട്ടുണ്ടെങ്കിൽ അതിന് ധാരാളം കാരണങ്ങൾ ഉണ്ടാകുമെന്നുള്ള തത്വചിന്താ പരമായൊരു തോന്നൽ കൂടി ഈ സമയത്ത് സുധാകരേട്ടനുണ്ടായി .
എന്റെ സ്റ്റേഷനതിർത്തിയിൽ റൗഡിത്തരം കാണിച്ചാ, നിന്നെ ഞാൻ ഉരുട്ടി കൊല്ലുമെന്നുള്ള ഇടിയന്റെ ഭീക്ഷിണിയോടുകൂടി സുധാകരേട്ടൻ നല്ലവനായി മാറിയെന്നുള്ളതാണ് ചരിത്രം.
ആ സംഭവത്തിന് മാസങ്ങൾക്കപ്പുറം , വറീതുമായി രമ്യതയിലായതിനു ശേഷമാണ് ആ മീങ്കാരിയെപ്പറ്റി സുധാകരേട്ടൻ ചോദിച്ചത്. അത് നമ്മുടെ സുപ്രുവിന് പറ്റിയൊരു കൈപ്പിഴയായിരുന്നുവെന്ന സത്യം അപ്പോഴാണ് വറീത് വെളിവാക്കിയത് . അതു കേട്ട് സുധാകരേട്ടന്റെ കൈ തരിച്ചു കയറി . ആർക്കോ പറ്റിയൊരു കൈപ്പിഴക്കാണോ? താനിത്രയും ഇടി, യാതൊരു ആവശ്യവുമില്ലാതെ കൊണ്ടത് ? ഇവനെയങ്ങ് തട്ടിക്കളഞ്ഞാലോയെന്ന് വരെ സുധാകരേട്ടന്റെ ഉള്ളിലുള്ള റൗഡി സുധാകരേട്ടന് ആവേശം കൊടുത്തതാ. പിന്നെ അത് തന്റെ അവസാനത്തിലേ, കലാശിക്കുകയുള്ളൂവെന്ന് മനസ്സിലായതോടെയാ സുധാകരേട്ടൻ അടങ്ങിയത്.
പരാതി എഴുതി തന്നെ സുപ്രുവിനേം കൂടി തല്ലിക്കൊന്ന് അവന്റെ കട കത്തിച്ചാലോന്ന് വരെ സുധാകരേട്ടൻ വിറ കൊണ്ടതാ . പിന്നെ ഇടിയന്റെ മുഖം ഓർമ്മയിൽ വന്നതുകൊണ്ട് മാത്രമാ അടങ്ങിയത്.
താൻ ഇടി ചോദിച്ചു വാങ്ങുമെന്നാ സുധാകരേട്ടൻ മനസ്സിൽ പറഞ്ഞത് .
എന്നിട്ടും, ആവേശം തോന്നി ഏതെങ്കിലുമൊരു ഘട്ടത്തിൽ താൻ പോയി വഴക്കുണ്ടാകുമോയെന്നുള്ള പേടിയിൽ വീട്ടുകാരേം കൂട്ടി മുരുകനെ കാണാൻ പഴനിക്ക് പോയതാ സുധാകരേട്ടൻ .
അവിടെ വെച്ച് ശാരദേടത്തിയോട് കരഞ്ഞാ പറഞ്ഞത്, അങ്ങിനെയൊരു മീങ്കാരി ഇല്ലെടീന്ന് .
അതെനിക്കന്നേ അറിയാമായിരുന്നുവെന്നാ ശാരദേടത്തി പറഞ്ഞത് . നിങ്ങളെക്കൊണ്ട് ഒരു ചുക്കിനും , ചുണ്ണാമ്പിനും കൊള്ളത്തില്ലെന്നും .
ഇവളെന്താ അങ്ങനെ പറഞ്ഞെന്നാലോചിച്ച് സുധാകരേട്ടനൊരെത്തും പിടിയും കിട്ടിയില്ല .
എന്നാലും ഇപ്പോഴും ഇടക്കിടക്ക് ആ ചെറിയ റൗഡി സുധാകരേട്ടന്റെ ഉള്ളിൽ നിന്ന് എത്തിനോക്കാറുണ്ട് . വലിയ റൗഡിക്ക് എത്തി നോക്കാൻ ആശയുണ്ടെങ്കിലും ഇടിയന്റെ മുഖം ഓർമ്മയിൽ തെളിയുന്നതോടെ അത് ചെറിയ റൗഡിയായി മാറും.
എടാ സുധാകരാ, മുറുക്കാൻ നിനക്കാണെന്നും പറഞ്ഞാടാ ചെക്കൻ എന്റടുത്തൂന്ന് വാങ്ങിക്കൊണ്ട് പോയത്.
എനിക്കാന്ന് പറഞ്ഞാലും ഞാനില്ലെങ്കി കൊടുക്കാൻ പാടുണ്ടോ?.
സുധാകരേട്ടനാ പറഞ്ഞതിന്റെ പൊരുൾ വാസുവിന് മനസ്സിലായില്ല, എന്തിന് സുധാകരേട്ടനു പോലും മനസ്സിലായില്ല. ആവശ്യമില്ലാതെ ആ സംശയം തീർക്കാൻ പോയി, കൂടുതൽ അടി വാങ്ങിവെക്കേണ്ടെന്ന് വാസുവും കരുതി.
വാസുവിന്റെയതേ സംശയം തന്നെയായിരുന്നു മീൻകാരൻ മമ്മദിനും, മറ്റു പലർക്കും ഉണ്ടായിരുന്നത് .
ഞാനും അതെന്ന്യേ.., ആലോചിക്കണത് ഈ അവറാന്റെ വീട്ടീ കേറിയാ എന്നാ കിട്ടാനാ, രണ്ടു തേങ്ങയോ? .അതും പറഞ്ഞ് ഒരു വലിയ തമാശ പറഞ്ഞ കൂട്ട് മമ്മദ് കുലുങ്ങി ചിരിക്കേം ചെയ്തു. വായിൽ പരിപ്പു വടയും വെച്ചോണ്ടായിരുന്നു മമ്മദിന്, മമ്മദിനു മാത്രം ചിരിക്കാൻ തോന്നിയ ആ തമാശ പറയാൻ തോന്നിയത്. മമ്മദിന്റെയാ തമാശ ഇഷ്ടപ്പെടാത്ത പരിപ്പു വട വഴിമാറി മമ്മദിന്റെ ശ്വാസ കോശത്തിലോട്ട് കേറിപ്പോയി. അതോടെ ശ്വാസം കിട്ടാതെ മമ്മദ് കരഞ്ഞു.
കേട്ടവർ, കേട്ടവർ മൂക്കത്ത് വിരൽ വെച്ചു.
ആ കള്ളൻ എന്തു മാത്രം ദരിദ്രവാസി ആയിരിക്കുമെന്നാ ഗൾഫ് കാരൻ ഭാസ്കരേട്ടൻ ചോദിച്ചത് ?.
എന്റെ വീട്ടിൽ കള്ളൻ കേറിയെന്നു പറഞ്ഞാ പിന്നേം വിശ്വസിക്കാമായിരുന്നു. അതിലൂടെ സ്വയമൊന്ന് പൊങ്ങാൻ ഭാസ്കരേട്ടൻ ശ്രമിച്ചെങ്കിലും, വിചാരിച്ച പോലെ അതേറ്റില്ലെന്നുള്ളതായിരുന്നു സത്യം.
ഒരു പ്രാവശ്യം ഭാസ്കരേട്ടന്റെ വീട്ടിലും കള്ളൻ കേറിയതായിരുന്നു ഒന്നും കിട്ടാതെ അവസാനം ,ഭാസ്കരേട്ടന്റെ പുറത്ത് നല്ല ഇടി കൊടുത്തിട്ടാ കള്ളൻ പോയത്. നീയെന്ത് പരട്ട ഗൾഫ് കാരനാടാന്നും ചോദിച്ചാ കള്ളൻ താങ്ങിയത് . ശാരദേടത്തിയത് കണ്ടെങ്കിലും കാണാത്ത പോലെ കിടന്നു. ഒരുപാട് പ്രതീക്ഷയോടെയായിരുന്നു കള്ളൻ, ഭാസ്കരേട്ടന്റെ വീട്ടിൽ കേറിയത്. ഗൾഫുകാരനായതു കൊണ്ട് നിധി കുംഭം കാണുമെന്നായിരുന്നു ആ പാവം കരുതിയത് . കുംഭം കിട്ടി പക്ഷെ, അതില് നിധിക്കു പകരം കുറച്ചു കീറിയ നോട്ടുകളാ ഉണ്ടായിരുന്നത് . അതോടെ കള്ളന്റെ സമനില തെറ്റി രണ്ടിടി കൂടുതല് കൊടുത്തു.
കള്ളൻ പോയിക്കഴിഞ്ഞിട്ടാ ചേടത്തി കണ്ണു തുറന്നത്. എന്തിനാ മനുഷ്യാ നിങ്ങൾ കരയണെന്ന് ചോദിച്ചതിന് കണ്ണിൽ കരടു പോയിട്ടാണെന്നായിരുന്നു ഭാസ്ക്കരേട്ടൻ മറുപടി പറഞ്ഞത്.
കണ്ണിൽ കരടു പോയതിന് കരയേ ?.
കണ്ണിൽ പിന്നെ ഉലക്ക പോണോടി കരയാനെന്നും..? ചോദിച്ച് ഭാസ്ക്കരേട്ടൻ ചീറി. കള്ളൻ കൊടുത്ത ഇടിയുടെ പാതി ചേടത്തിക്ക് കൊടുക്കാൻ ഭാസ്കരേട്ടന്റെ കൈ തരിച്ചെങ്കിലും പിന്നെ ക്ഷമിച്ചു , കള്ളന്റെ കൈയ്യീന്ന് കിട്ടിയതു കാരണം ആകെ വയ്യായിരുന്നു .
താൻ വല്യ കളരിക്കാരനൊക്കെയാണെന്നായിരുന്നു, കല്യാണം കഴിഞ്ഞ പുതുമോടി നാളുകളിൽ ഭാസ്കരേട്ടൻ, ശാരദേടത്തിയോട് കാതരനായി പറഞ്ഞു വെച്ചിരുന്നത്.
അതിലൂടെ ഭാര്യക്ക് തന്റെ മേൽ ഒരു അഭിമാനവും താൻ വലിയൊരു അഭ്യാസിയും ആണെന്ന് വരുത്തി തീർത്തതായിരുന്നു .
ഇടി കിട്ടി പുറം പൊളിഞ്ഞിരിക്കുന്ന ഭാസ്കരേട്ടനെ കൂടുതൽ വിഷമിപ്പിക്കേണ്ടെന്നു കരുതി ചേട്ടത്തി പിന്നെയൊന്നും ചോദിച്ചില്ല.
അവറാൻ ചേട്ടന്റെ, ഭാര്യ അന്നമ്മ ചേടത്തിയോട് ആരോടും പറയരുതെന്നും പറഞ്ഞാ ശാരദേടത്തി ഇത് പറഞ്ഞത്, അഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങളുടെ ഗ്രാമം മുഴുവൻ ഈ സംഭവം പാട്ടായി മാറി എന്നുള്ളതാണ് ചരിത്രം .
കള്ളനോട് പാവം തോന്നിയ കാരണം, താൻ കൊല്ലാതെ വിട്ടതാണെന്നാ ഭാസ്കരേട്ടൻ നാട്ടുകാരോട് പറഞ്ഞത്. എന്നിട്ട് വീട്ടീപ്പോയി ശാരദേടത്തിയെ നോക്കി കണ്ണുരുട്ടി.
ഇത് നിങ്ങൾക്കാ കള്ളന്റെ നേർക്ക് കാണിക്കാമായിരുന്നില്ലേയെന്നാ ചേടത്തി ചോദിച്ചത്. എന്നിട്ട് വേണോടി നിനക്ക് എന്റെ ശവം തിന്നാനെന്നും ചോദിച്ച് ഭാസ്കരേട്ടൻ, ശാരദേടത്തിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കേം ചെയ്തു .
ഒന്ന് കൂടി പൊട്ടിക്കാൻ ഭാസ്കരേട്ടന്റെ കൈ തരിച്ചതായിരുന്നു. ശാരദേടത്തി ആങ്ങള അന്ത്രൂനെ വിളിച്ചോണ്ട് വരുമെന്ന് പറഞ്ഞതോടെ, ഉയർത്തിയ കൈ ഭാസ്കരേട്ടൻ താഴ്ത്തി.
എന്തോ അന്ത്രൂനെ, ഭയങ്കര പേടിയാ ഭാസ്കരേട്ടന്. എന്താ സംഭവന്ന് ചോദിച്ചാ ഒന്നുമില്ല, പിന്നെ എന്തിനാ പേടിന്ന് ചോദിച്ചാ അതിനൊരുത്തരം ഭാസ്ക്കരേട്ടന് അറിയത്തുമില്ല . പക്ഷെ അന്ത്രൂനെ കാണുമ്പോഴേക്കും, എന്തിന് ആ പേര് കേക്കുമ്പോഴക്കും എന്തോ ഒരു പേടി ഭാസ്കരേട്ടനെ വലയം ചെയ്യും. നല്ല പൊക്കത്തില് കട്ട മീശയും വെച്ച് വരുന്ന അന്ത്രു, എന്തോ തന്റെ ഘാതകനാണെന്നൊരു തോന്നല് ഭാസ്കരേട്ടനുണ്ടായിരുന്നു . ഒരു പ്രാവശ്യം, അന്ത്രു തന്നെ തല്ലിയിട്ട് കുളത്തിലേക്ക് വലിച്ചെറിയുന്നത് സ്വപ്നം കണ്ട ഭാസ്കരേട്ടൻ അലറിക്കരഞ്ഞു കൊണ്ട് കട്ടിലുമ്മേന്ന് താഴെ വീണു. ഈ സംഭവം ശാരദേടത്തിക്കും അറിയാം.
അതിനു ശേഷാ , എന്തോ അന്ത്രൂനെ കാണുമ്പോഴേക്കെ തന്നെ കുളത്തിലേക്ക് വലിച്ചെറിയാൻ വരുന്നത് പോലെയാ ഭാസ്‌ക്കരേട്ടന് തോന്നാറ്.
ഏതായാലും ഈ സംഭവത്തിനു ശേഷം കുറച്ചു നാളത്തേക്ക് ശാരദേടത്തിയും, അന്നമ്മ ചേട്ടത്തിയും തമ്മിൽ പരസ്പരം മിണ്ടാറില്ലായിരുന്നു.
ഗൾഫിൽ ആയിരുന്നുവെങ്കിൽ അവന്റെ ശവം മാത്രമേ കിട്ടുമായിരുന്നൂള്ളൂവെന്നാ ഭാസ്കരേട്ടനന്ന്, നാട്ടുകാരോട് വീമ്പിളക്കിയത് .
ആ പറഞ്ഞതിന്റെ അർത്ഥം ആർക്കും മനസ്സിലായില്ല .
ഒരിക്കൽ വറീതിന്റെ ഷാപ്പിൽ വെച്ച്, ഈ സംശംയം മനസ്സിൽ തിക്കിക്കൊണ്ട് നടക്കായിരുന്ന മീൻകാരൻ മമ്മദത് ചോദിക്കേം ചെയ്തു .
എന്താ ഭാസ്ക്കരാ ഗൾഫിലെ കള്ളൻമാർക്ക് പ്രത്യേകതയെന്ന് ?
എന്ത് പ്രത്യേകത ? ഭാസ്കരേട്ടൻ ആകെ അന്തം വിട്ടാണ് മമ്മദിനെ നോക്കിയത് .
അല്ല , അന്ന് പറഞ്ഞൂലോ കള്ളന്റെ ശവം മാത്രേ കിട്ടൂന്ന്?
അവിടെ കള്ളൻ മാർക്കല്ല പ്രത്യേകത, എനിക്കാ .. എന്റെ കൈയ്യിൽ തോക്കുണ്ട് ഞാൻ വെടിവെച്ച് കൊല്ലും . അത് പറഞ്ഞു തീർന്നതും ഭാസ്ക്കരേട്ടന്റെ മുഖം ചുവന്നു. അത് കണ്ട് പേടിച്ച മമ്മദ് വേഗം എണീറ്റു പോയി.
ഈ സമയത്താണ് പാക്കരൻ ചേട്ടൻ, അധികമാർക്കുമറിയാത്ത ആ സത്യം വിളമ്പിയത്. അവറാൻ ചേട്ടന്റെ ഭാര്യ ഒറോത ചേട്ടത്തി വലിയൊരു പണക്കാരന്റെ ഏക മകളായിരുന്നുവെന്നും. അവറാൻ ചേട്ടൻ അവരുടെ വീട്ടിൽ തെങ്ങ് ചെത്താൻ പോയി ഒറോത ചേടത്തിയുമായി പ്രണയത്തിലായെന്നും രണ്ടും പേരും ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണെന്നും .
അന്ന് അവറാൻ ചേട്ടൻ ജയനെപ്പോലെ ആയിരുന്നുവെന്നാ പാക്കരൻ ചേട്ടൻ പറഞ്ഞത് . ആ.., അവറാൻ .., ജയനിലാണ് ഒറോത ചേടത്തി മൂക്കും കുത്തി വീണത് .
അല്ലാതെ പത്തു കാശില്ലാത്ത അവന്റെ എന്ത് കണ്ടിട്ടാ അവള് പോയത് ?.
കല്യാണം കഴിഞ്ഞ അന്നു രാത്രി അവറാൻ ചേട്ടനെ തേടി ഒറോത ചേടത്തിയുടെ ആങ്ങളമാര് വന്നപ്പോഴാ ചേടത്തിക്ക് അവറാൻ ചേട്ടന്റ ശരിക്കുള്ള രൂപം മനസ്സിലായത്. അവറാൻ ചേട്ടൻ ഒരു ജയനായി മാറി അവരെ എതിരിടുമെന്ന് പ്രതീക്ഷിച്ചു നിന്ന ചേടത്തിക്ക് അര മണിക്കൂറായിട്ടും അവറാൻ ചേട്ടനെ കാണാൻ കഴിഞ്ഞില്ല. പാവം പേടിച്ച് തെങ്ങിന്റെ മുകളിൽ കേറിയിരിപ്പായിരുന്നു.
തെങ്ങിന്റെ മുകളിലേക്ക് കേറിവന്ന് അവർ തന്നെ പിടിക്കത്തില്ലാന്ന് അവറാൻ ചേട്ടന് നല്ല ഉറപ്പുണ്ടായിരുന്നു.
ജയന്റെ ശരീരവും പേടിത്തൊണ്ടന്റെ മനസ്സുമുള്ള ആളാണ് അവറാൻ ചേട്ടനെന്ന് അന്നത്തോടെ ചേടത്തിക്ക് മനസ്സിലായി. നിനക്ക്, കരിക്ക് തരാൻ വേണ്ടീട്ടാടീ ഞാൻ തെങ്ങിൻറെ മോളിൽ കേറിയതെന്നുള്ള അവറാൻ ചേട്ടന്റെ നമ്പറ് ഏറ്റില്ല .
കല്യാണം കഴിഞ്ഞതോടെയാ ജയന്റെ രൂപം മാത്രമുള്ള ഒരു കൊഞ്ഞാഴനാണ് അവറാൻ ചേട്ടനെന്ന് ചേടത്തിക്ക് മനസ്സിലായത്. ഒരു പാട്ട സൈക്കിളും, അതിനു പുറകിൽ കള്ളൊഴിക്കാനുള്ള കുടവും മാത്രമായിരുന്നു അവറാൻ ചേട്ടന്റെ ഏക സമ്പാദ്യം.
തനിക്ക് മൂന്ന് ഏക്കറ് തെങ്ങിൻ തോപ്പും, പത്തേക്കറ് പാടവും ഉണ്ടെന്നായിരുന്നു തെങ്ങിൽ ചാരി നിന്ന് ഒറോത ചേടത്തിയുടെ കാതിൽ അവറാൻ ചേട്ടൻ മന്ത്രിച്ചിരുന്നത് . അത് പലചരക്ക് കടക്കാരൻ സുപ്രുവിന്റെ തെങ്ങിൻ തോപ്പും, പാടവുമായിരുന്നെന്ന് മാത്രം.
തങ്ങളുടെ ഒറ്റ പെങ്ങളെ വശീകരിച്ചെടുത്തത് അവറാൻ ചേട്ടനാണെന്നും പറഞ്ഞ് വെട്ടുകത്തിയുമായി, വീണ്ടും, വീണ്ടും ചാടി വന്ന ആങ്ങളമാരെക്കണ്ട് അവറാൻ ചേട്ടൻ വീണ്ടും വീണ്ടും ഓടി തെങ്ങുമ്മേ കയറുകയും , നിന്നെ തെങ്ങില്ലാത്ത സ്ഥലത്തു വെച്ച് ഞാൻ എടുത്തോളാമെടായെന്ന് ആങ്ങളമാർ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടിരുന്ന സംഭവങ്ങൾ അടിക്കടി നടന്നു കൊണ്ടിരുന്നു .
അതിന് നിങ്ങള് മരുഭൂമിയിലോട്ട് വാടാ മരങ്ങോടന്മാരെയെന്ന് തെങ്ങിൻ മുകളിലിരുന്ന് അവറാൻ ചേട്ടനും വെല്ലുവിളിച്ചു .
പിന്നേയും കുറേക്കാലം കഴിഞ്ഞതിനു ശേഷാ ഒറോത ചേടത്തിയും, വീട്ടുകാരുമായുള്ള പിണക്കം മാറിയതും പരസ്പരം മിണ്ടാൻ തുടങ്ങിയതും.
ഒറോത ചേടത്തിയുടെ അപ്പൻ മരിക്കുന്നതിനു മുന്നേ ധാരാളം സ്വർണ്ണവും , വെള്ളിയും ഒറോത ചേടത്തിക്ക് കൊടുത്തിട്ടുണ്ടെന്നാ കേൾവി. അതിപ്പോഴും അവരുടെ കൈവശം ഉണ്ടായിരിക്കുമെന്നാ പാക്കരൻ ചേട്ടൻ പറഞ്ഞത് .
അവറാൻ ചേട്ടന്റെയീ ഭൂതകാലം അധികമാർക്കും അറിയാത്ത ഒന്നായിരുന്നു .
സംഗതി, പാക്കരൻ ചേട്ടൻ പറഞ്ഞതിന്റെ ആദ്യപകുതി മാത്രമേ ശരിയായിരുന്നുള്ളൂ . പിന്നെയുള്ളതെല്ലാം ഒരു ഗുമ്മ് കിട്ടുവാൻ വേണ്ടി പാക്കരൻ ചേട്ടൻ കൂട്ടി ചേർത്തതായിരുന്നു ..
ചിലപ്പോ ആ സ്വർണ്ണം എടുക്കാനായിരിക്കും കള്ളൻ കേറിയത്.
ഇത്രയും സ്വർണ്ണം അവറാൻ ചേട്ടന്റെ വീട്ടിലുണ്ടെന്ന് കേട്ടതോടെ, ഉഴുന്നു വടയിൽ കുരുമുളക് കടിച്ച പോലെ ഭാസ്കരേട്ടന്റെ മുഖം ഇരുണ്ടു.
എല്ലാവരും ഓടി ചെല്ലുമ്പോ ഒറോത ചേട്ടത്തി ഉമ്മറത്തിരുന്ന് വാവിട്ടു കരയുന്നുണ്ട് . അവറാൻ ചേട്ടനാണെങ്കി ചെത്തു കത്തിയെടുത്ത് അവനെ ഞാനിന്ന് കൊല്ലുമെന്നും ആക്രോശിച്ചോണ്ട് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുമുണ്ട്. നാട്ടുകാരെ കണ്ടതോടെ അവറാൻ ചേട്ടന്റെ ആവേശം കൂടി.
ഇടക്കിടക്ക് മുറ്റത്തുള്ള വാഴകളിൽ പോയി റാസ്‌ക്കൽ എന്നലറിക്കൊണ്ട്, ചെത്തു കത്തികൊണ്ട് ആഞ്ഞു വെട്ടും. അവറാൻ ചേട്ടന് ആകെ കൂടി അറിയാവുന്ന ഇംഗ്ളീഷ് വാക്കാണ് ''റാസ്‌ക്കൽ''.
പാവം വാഴകൾ, അവറാൻ ചേട്ടന്റെയീ പരാക്രമത്തിൽ പകച്ചു നിന്നു.
അവറാൻ ചേട്ടന്റെ ആക്രമണത്തിൽ മൂന്നു വാഴകൾ കൊലചെയ്യപ്പെടുകയും നാലാമത്തെ വാഴയെ , അവനെ ഞാനിന്ന് കൊല്ലുമെന്ന് അലറിക്കൊണ്ട്, വെട്ടാൻ ചാടിയ അവറാൻ ചേട്ടന്റെ നേർക്ക് ചേടത്തി ചീറിക്കൊണ്ട് അരിവാളുമായി ചാടിയതും അവറാൻ ചേട്ടൻ ഞെട്ടിക്കൊണ്ട് ഓടിയതും ഒരുമിച്ചായിരുന്നു.
പോയി അവനെ വെട്ട്, കുലച്ചു നിൽക്കുന്ന വാഴകളാ ഇത് .
ഭദ്ര കാളിപോലെയുള്ള ചേടത്തിയുടെ വരവു കണ്ട് , മുറ്റത്തു നിന്നിരുന്ന സുധാകരേട്ടൻ വേഗം മാറി നിന്നു . തന്നെയെങ്ങാനും വെട്ടുമോയെന്നായിരുന്നു സുധാകരേട്ടന്റെ പേടി.
എന്റെ അവറാനെ, നീയാ വാഴകൾ വെട്ടി നശിപ്പിക്കാതെ.
ആരെടാ അത്?
പാക്കരൻ ചേട്ടൻ പറഞ്ഞതു കേട്ട് അവറാൻ ചേട്ടൻ അലറിക്കൊണ്ടാ തിരിഞ്ഞത്. അത് കണ്ട പാക്കരൻ ചേട്ടന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി.
കള്ളന്റെ ഭാഗ്യാ , അവറാൻ ചേട്ടന്റെ മുന്നിൽ പെടാതിരുന്നത് വെട്ടി തുണ്ടം തുണ്ടമാക്കിയേനെന്നാ പലചരക്ക് കടക്കാരൻ സുപ്രു പറഞ്ഞത് .
പത്തു പേരു വന്നാലും നിന്ന് അടിക്കുന്നവനാണ് അവറാനെന്ന് ഷാപ്പുകാരൻ വറീതും പറഞ്ഞു. കള്ളനെ കൊന്ന് കൊല വിളിച്ചേനെ അവറാൻ .
സത്യത്തിലാ രാത്രി അവറാൻ ചേട്ടൻ കള്ളനെ കണ്ടിരുന്നു.
രാത്രി , രണ്ടു മണിയായിക്കാണും മൂത്രമൊഴിക്കാൻ കണ്ണു തുറന്ന അവറാൻ ചേട്ടൻ ഇരുട്ടിലൊരു ആജാനുബാഹുവിനെ കണ്ട് ഞെട്ടി മൂത്ര മൊഴിക്കൽ പരിപാടി ക്യാൻസൽ ചെയ്ത് കണ്ണടച്ച് കിടന്നു.
ഒറോത ചേടത്തിയാണെന്നാ ആദ്യം കരുതിയത് പിന്നെ അവൾക്കിത്ര ഉയരമില്ലല്ലോന്നോർത്തതോടെയാണ് അവറാൻ ചേട്ടനത് കള്ളനാണെന്ന് തിരിച്ചറിഞ്ഞത് .
അതോടെ അവറാൻ ചേട്ടന്റെ ഉള്ളിൽ, ഒരു ജയൻ ഉണർന്ന് ഓതിരം കടകം കളിച്ചു . പക്ഷെ മുന്നിലുള്ള ആളുടെ ആകാരം കണ്ടതോടെ അവറാൻ ചേട്ടൻ തളർന്നു.
കള്ളനെന്തിനാണ് തന്റെ വീട്ടിൽ കേറിയതെന്ന് എത്ര ആലോചിച്ചിട്ടും അവറാൻ ചേട്ടന് മനസ്സിലായില്ല . ഒറോത ഉണ്ടാക്കിയ പഴം കഞ്ഞി കുടിക്കാനാണോ? ഇവനെന്ത് ദരിദ്രവാസി കള്ളനാണപ്പാ?.
ഇനി പീലിപ്പോസ് മുതലാളിയുടെ വീടെങ്ങാനും ആണോന്ന് കരുതി കേറിയതാണോ?.
അയിന് പീലിപ്പോസിന്റെ വീടും തന്റെ വീടും കണ്ടാ അറിഞ്ഞൂടെ ?.
ഏതായാലും ചാവി കിട്ടാഞ്ഞ് കള്ളൻ തന്നെ ഉപദ്രവിക്കാതിരിക്കാൻ പതുക്കെ തിരിഞ്ഞു കിടന്ന് തന്റെ തലയിണക്കടിയിലെ ചാവി കള്ളന് കാണിച്ചു കൊടുക്കുക കൂടി ചെയ്ത ആളായിരുന്നു അവറാൻ ചേട്ടൻ. ആ അവറാൻ ചേട്ടനാ ഇപ്പൊ അവനെ കൊല്ലുമെന്നും അലറിക്കൊണ്ട് വെട്ടു കത്തിയുമായി പാഞ്ഞു നടക്കുന്നത് .
കള്ളൻ ചാവിയെടുത്ത് , അലമാരി തുറക്കുമ്പോൾ ഒന്നുമില്ലെന്നു കണ്ട് പോയിക്കൊള്ളുമെന്നാ അവറാൻ ചേട്ടൻ കരുതിയത് .
അലമാരി മുഴുവൻ വാരിവലിച്ചിട്ടിട്ടും ഒന്നും കിട്ടാഞ്ഞ് കള്ളൻ രൂക്ഷമായാ അവറാൻ ചേട്ടനെ നോക്കിയത് .
അലമാരിയിലുള്ള, അപ്പൻ അന്തോണിയുടെ പട്ടു കോണകം കള്ളൻ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ട് അവറാൻ ചേട്ടൻ ഞെട്ടി. ഇപ്പോഴത്തെ കാലത്തും ആൾക്കാര് ഇതൊക്കെ ഉപയോഗിക്കുമോയെന്നായിരുന്നു അവറാൻ ചേട്ടൻ ചിന്തിച്ചത്. തനിക്ക് തന്നിട്ടു പോയ അപ്പന്റെ ആകെ സമ്പാദ്യാ അത് .
സത്യത്തിൽ ഇതെന്തു തരത്തിലുള്ള വസ്ത്രമാണെന്നായിരുന്നു ആ ന്യു ജെൻ കള്ളൻ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നത് . രണ്ടു സ്ഥലത്തും വള്ളി, ഇത് വെച്ച് ഇവനെ കഴുത്ത് ഞെരിച്ച് കൊന്നാലോയെന്നു വരെ കള്ളൻ ചിന്തിച്ചതായിരുന്നു ഒന്നും കിട്ടാതായപ്പോ .
എന്റെ അവറാനെ നീയിങ്ങനെ വാഴകൾ വെട്ടി നശിപ്പിച്ച് അരിശം തീർക്കാതെ പോലീസ് സ്റ്റേഷനിൽ പോയൊരു പരാതി കൊടുക്ക്.
പോലീസ് സ്റ്റേഷനെന്ന് കേട്ടതോടെ അവറാൻ ചേട്ടന്റെ പരാക്രമം സ്വിച്ചിട്ട പോലെ നിന്നു.
അല്ല എന്തൂട്ടൊക്കെയാ പോയത് ? പാക്കരൻ ചേട്ടന്റെ ഭാര്യ അന്നമ്മ ചേടത്തിയാണത് ചോദിച്ചത്. ഇത് കേട്ടതും ലോ വോളിയത്തിൽ കരഞ്ഞോണ്ടിരുന്ന ഒറോത ചേടത്തി പിശാചിനെ കണ്ട പട്ടി കണക്കെ ഒറ്റ കൂവലും നെഞ്ചത്തൊരു അടിയുമായിരുന്നു.
ആ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി, അന്നമ്മ ചേടത്തി ഒറ്റ ചാട്ടത്തിന് പിന്നോക്കം മാറി.
പത്തു പവനും, അമ്പതിനായിരം രൂപയും .
അത് കേട്ട് നാട്ടുകാരും, അവറാൻ ചേട്ടനും വീണ്ടും ഞെട്ടി.
അന്നമ്മ ചേടത്തി നെഞ്ചിൽ കൈവെച്ചു മുകളിലോട്ട് നോക്കി.
ആയ് , അത്രക്കൊന്നും ഉണ്ടാകില്ലെന്നും പറഞ്ഞ് ഭാസ്ക്കരേട്ടൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു .
ഞാൻ പറഞ്ഞത് സത്യമല്ലേ? എന്ന ഭാവത്തിൽ പാക്കരൻ ചേട്ടൻ എല്ലാവരേയും നോക്കി.
എന്നാൽ അതിനുള്ളിൽ പാക്കരൻ ചേട്ടൻ പറഞ്ഞത് എല്ലാവരും മറന്നു പോയിരുന്നു. അതുകൊണ്ട് പാക്കരൻ , താൻ പറഞ്ഞത് സത്യമാണെന്ന് സ്വയം പറഞ്ഞു .
ഇവളിതെന്ത് ഭാവിച്ചാണെന്നാണ് അവറാൻ ചേട്ടൻ ചിന്തിച്ചത് ?.
കള്ളൻ മണിക്കൂറൊന്ന് തിരഞ്ഞിട്ടും ഒന്നും കിട്ടാഞ്ഞ് തന്റെ പോക്കറ്റിലുള്ള നൂറു രൂപാ എടുത്തോണ്ടാ പോയത്. പോണ പൊക്കിൽ ഒരു ചവിട്ടും തന്നു. സമയം മിനക്കെടുത്താൻ ഓരോരോ ജന്തുക്കളെന്നും വിളിച്ചത് തന്റെ കാതുകൊണ്ട് കേട്ടതാ. എന്നിട്ടെന്തു കണ്ടിട്ടാ ഇവളീ ഇല്ലാ വചനം വിളിച്ചു കൂവുന്നത് ?.
പാക്കരൻ ചേട്ടന്റെ കടയിലെ പറ്റു തീർക്കാൻ വേണ്ടി പോക്കറ്റിലിട്ട നൂറു രൂപയാ കള്ളൻ എടുത്തോണ്ട് പോയത്. ഇത്രെയേ ഉള്ളൂന്നും ചോദിച്ച് കള്ളൻ കത്തിയെടുത്തതായിരുന്നു .
കള്ളൻ പോക്കറ്റിൽ കൈയ്യിട്ട് തപ്പിയപ്പോൾ അവറാൻ ചേട്ടന് ഇക്കിളി വന്നതായിരുന്നു . എങ്കിലും കിക്കിളിയേക്കാളും വലുതല്ലേ ജീവൻ എന്നുള്ളത് കൊണ്ട് മാത്രാ അടക്കിപ്പിടിച്ചു കിടന്നത് . വെറുതെ കിളിച്ച് കള്ളന്റെ കത്തിക്ക് പണി കൊടുക്കേണ്ട. അല്ലെങ്കിൽ തന്നെ ഒന്നും കിട്ടാത്തതിന് ആകെ വിറളി പൂണ്ടു നിൽക്കുന്ന കള്ളനാ.
ഈ ദരിദ്രവാസിയുടെ വീട്ടിൽ കേറിയ നേരം വീട്ടിൽ കിടന്ന് ഉറങ്ങിയാൽ മതിയായിരുന്നുവെന്നായിരുന്നു കള്ളൻ ചിന്തിച്ചത്. തന്റെ ആദ്യ സംരംഭമായിരുന്നു ഒരു പാട് പ്രതീക്ഷകളോടെ വന്ന് പൊലിഞ്ഞത്. അതിനു വേണ്ടി മുഖം മൂടിയും, മുഖത്ത് തേക്കാനുള്ള കരിയും, എണ്ണയും , മാങ്ങാത്തൊലിയും എല്ലാം കൂടി വലിയൊരു തുകയായി. അതോർക്കും തോറും കള്ളന് കോപം അധികരിച്ചു കയറി. ഇവനെയങ്ങ് തട്ടി ജയിലിൽ പോയാലോന്ന് വരെ കള്ളൻ ചിന്തിച്ചതാ .., ദരിദ്രവാസി.
ഒറോത ചേടത്തിയുടെ കഴുത്തിലുള്ള ചെയിൻ കണ്ടതോടെയാ കള്ളന് അല്പമെങ്കിലും ആശ്വാസമായത്.
എന്റെ അവറാനെ നിങ്ങളിവിടെക്കിടന്ന് വാഴ വെട്ടി നശിപ്പിക്കാതെ പോലീസ് സ്റ്റേഷനിലോട്ട് പോയി ഒരു പരാതി എഴുതിക്കൊടുക്കിൻ, ഒറോതയും വന്നോട്ടെ.
ഗൾഫ് കാരൻ ഭാസ്ക്കരേട്ടനതു പറയലും ഞാനില്ലെന്നും പറഞ്ഞ് ഒറോത ചേടത്തി അകത്തേക്കെണീറ്റു പോയി. പിന്നെ അവിടെയിരുന്നായി കരച്ചിൽ പതിയെ പതിയെ അതും നിന്നു . ഇടക്കിടക്കൊരു കൂവൽ മാത്രം കേക്കും .
ഓരോ പ്രാവശ്യവും ഒറോത ചേടത്തിയുടെ കൂവൽ കേൾക്കുമ്പോ കൂട്ടിൽ കിടക്കുന്ന ചിഞ്ചു കോഴിയുടെ നെഞ്ചിടിക്കും. ചിഞ്ചുവിന്റെ വിചാരം കുറുക്കനെങ്ങാനും പുറത്തിറങ്ങിയിട്ടുണ്ടോന്നാ.
ഒരു വിധത്തിലാ നാട്ടുകാർ ഉന്തിത്തള്ളി അവറാൻ ചേട്ടനേം കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് പോയത്. ആകെ കൂടി നൂറു രൂപയും മൂക്കു പണ്ടവുമാ പോയത് അതൊരു വല്യ വിഷയമാക്കണോന്ന് അവറാൻ ചേട്ടന്റെ മനസ്സ് അവറാൻ ചേട്ടനോട് ചോദിച്ചതാ .സത്യമറിഞ്ഞ പാക്കരൻ ചേട്ടനാ പറഞ്ഞത് കുറച്ച് കൂട്ടിപ്പറയാൻ, ചിലപ്പോ കള്ളനെ പിടിച്ചാ കൂട്ടിപ്പറഞ്ഞതും കൂടി കിട്ടുമെന്ന്.
ചിലപ്പോ ഇടിയാവും കൂട്ടി കിട്ടാന്നാ അവറാൻ ചേട്ടൻ മനസ്സിൽ പറഞ്ഞത് . അതു കാരണം പാക്കരൻ ചേട്ടനേം, നിർബന്ധിച്ച് കൂടെ കൂട്ടി. ഇടി കിട്ടുന്നെങ്കിൽ പാക്കരനും കൂടി കിട്ടട്ടെയെന്നായിരുന്നു അവറാൻ ചേട്ടന്റെ മനസ്സിൽ , ഐഡിയ തന്നത് ഇവനല്ലേ ? ഇത് മാനത്ത് കണ്ട പാക്കരൻ ചേട്ടൻ ഒന്ന് മൂത്രമൊഴിച്ചിട്ട് വരാമെന്നും പറഞ്ഞ് ആ വഴി അങ്ങ് മുങ്ങി.
ഏതായാലും മുക്കുമാലക്കു പകരം ഒരു സ്വർണ്ണ മാല കിട്ടിയാലോ എന്നുള്ളതുകൊണ്ടും. മുക്കുപണ്ടമെന്നു പറഞ്ഞാ കള്ളനു വെച്ച ഇടി തനിക്ക് കിട്ടുമെന്നുള്ളതുകൊണ്ടും അവറാൻ ചേട്ടൻ ഇടിയന്റെ മുന്നിൽ നിന്ന് വിറച്ചു വിറച്ചാണ് പറഞ്ഞത് അഞ്ചു പവനും അയ്യായിരം രൂപയുമെന്ന്.
അത് കേട്ടിട്ട് ഇടിയന് വിശ്വാസം വന്നില്ല അയ്യായിരം രൂപയോയെന്ന് , ഇടിയൻ എടുത്തു ചോദിക്കേം ചെയ്തു .
അതേ സാറേ അയ്യായിരം രൂപാ.
താൻ കള്ളനെ കണ്ടോ?
ഇല്ല സാറേ വ്യക്തമായി കണ്ടില്ല.
എന്തുകൊണ്ട് ഇല്ല എന്നു പറഞ്ഞുവെന്നതിന്റെ പൊരുൾ സത്യത്തിൽ അവറാൻ ചേട്ടനും അജ്ഞാതമായിരുന്നു. ആ സമയത്ത് ഇല്ലെന്ന് പറയാനാണ് തോന്നിയതും പറഞ്ഞതും.
രണ്ടു ദിവസത്തിനുള്ളിൽ ഇടിയൻ , കള്ളനെ പൊക്കി.
ഒറോത ചേടത്തിയുടെ കഴുത്തേന്ന് ഊരിയ മുക്കു പണ്ടം സ്വർണ്ണമാണെന്നും കരുതി വിക്കാൻ കൊണ്ട് പോയ മരുതിനെ, കടക്കാരൻ പോലീസിനെ അറിയിച്ച് കൈയ്യോടെ പൊക്കി .
തമിഴ് നാട്ടീന്ന് കക്കാൻ വന്ന മരുതിനെ കുനിച്ചു നിറുത്തി ഇടിയൻ ഇടിച്ചു.
മരുത് വാവിട്ട് കരഞ്ഞു.
തമിഴ് നാട്ടിൽ സ്ഥലമില്ലാണ്ടാണോടാ മാക്രി ഇത്രയും ദൂരം താണ്ടി വന്ന് ഈ പാവത്തിന്റെ വീട്ടിൽ കേറി കക്കാൻ നോക്കിയത് എവിടെയാടോ അഞ്ചു പവൻ സ്വർണ്ണം ?.
എന്റെ സാറേ അവര് ശൊന്നത് പൊയി.
ഇനി നിനക്ക് പൊരിയും വേണോന്ന് ചോദിച്ച് ഇടിയൻ വീണ്ടും ഇടിച്ചു.
പാവം മരുത് തഞ്ചാവൂരിലുള്ള അമ്മ വേലമ്മാളെ വിളിച്ചു വരെ കരഞ്ഞു.
എന്റെ സാറേ.., അത് സ്വർണ്ണം കെടയാത് കളറ് പോട്ട മാല.
അത് വിക്കാൻ നോക്കിയപ്പോഴാണ് പോലീസ് പിടിച്ചതെന്നും പറഞ്ഞ് മരുത് ആണയിട്ടെങ്കിലും ഇടിയൻ വിട്ടില്ല.
സ്വർണ്ണം തന്നില്ലെങ്കിൽ നിന്നെ ഞാൻ ഉരുട്ടി കൊല്ലുമെന്നുള്ള ഭീക്ഷിണിയോടെ മരുത് തമിഴ് നാട്ടീന്ന് അമ്മ വേലമ്മാളുടെ സ്വർണ്ണം ഊരിയെടുത്ത് കൊണ്ടു വന്നു കൊടുത്താ ഒരു വിധത്തിൽ കേസീന്ന് ഊരിയത്.
അങ്ങനെ മുക്കു പണ്ടത്തിനു പകരം ഒറോത ചേടത്തിക്ക് അഞ്ചു പവന്റെ സ്വർണ്ണ മാല കിട്ടി . ഇല്ലാത്ത അയ്യായിരം രൂപക്ക് വേണ്ടി അവറാൻ ചേട്ടൻ കുറെ അലഞ്ഞെങ്കിലും ഇടിയൻ കണ്ണുരുട്ടിയതോടെ മുങ്ങി.
പാവം മരുത് അതോടെ തിരുടൽ നിറുത്തി പഴനിയിൽ മുരുക ഭക്തനായി ജീവിക്കാൻ തുടങ്ങി.
0 അഭിപ്രായങ്ങള്‍