ഇൻസ്‌പെക്ടർ  ഇടിയൻ ജോണിയെ  ഞെട്ടിച്ചു കൊണ്ട് അന്നാണ്  ആ ഫോൺകാളെത്തിയത് . 

 ഇടിയനെ മാത്രമല്ല, സത്യത്തിൽ  ഞങ്ങളുടെ ഗ്രാമത്തെ മുഴുവൻ തന്നേയും   ഞെട്ടിക്കാൻ പോന്നൊരു  ഫോൺ കോളായിരുന്നുവത് .

ഇടിയന്റെ ഞെട്ടൽ കണ്ട റൈറ്റർ തോമാസേട്ടനും ഞെട്ടി . 

 ഞെട്ടേണ്ട ഒന്നു തന്നെയാണ് മറുതലക്കിൽ  നിന്നും വന്നുവെന്നുള്ളത്  കൊണ്ടും. ഇടിയൻ ഞെട്ടിയ സ്ഥിതിക്ക് താനും ഞെട്ടേണ്ടി വരുമെന്നുള്ളതുകൊണ്ടും കൂടിയാണ് തോമാസേട്ടൻ അഡ്വാൻസായി ഞെട്ടിയത് .

അതോടൊപ്പം ഇടിയനോടുള്ള തന്റെ വിധേയത്വം പ്രകടിപ്പിക്കാനുള്ള ഒരവസരമായി  അതിനെ കാണുകയും ചെയ്തു .  അന്നുച്ചക്ക് നേരെത്തെ പോകാനുള്ളൊരു പ്ലാൻ തോമാസേട്ടൻ മനസ്സിൽ കണ്ടിരുന്നു . ഈ ഞെട്ടലിലൂടെ ഇടിയന്റെ പ്രീതി സമ്പാദിക്കുകയും, അതിലൂടെ അതിനുള്ള അനുവാദം കിട്ടുകയും ചെയ്യുമെന്നുള്ള പ്രതീക്ഷയിലായിരുന്നു തോമാസേട്ടൻ. 

എന്നാൽ  തന്റെ ആദ്യ  ഞെട്ടൽ ഇടിയൻ കാണാത്തതു കൊണ്ട്,  ഇടിയൻ കാൺകെ തോമാസേട്ടൻ വീണ്ടുമൊന്ന്  ഞെട്ടി കാണിക്കേം ചെയ്തു. 

 എങ്ങിനെയാണ്, വെറുതേ  ഞെട്ടുകയെന്നുള്ളതിൽ വലിയ പിടിപാടില്ലാത്തതു കൊണ്ട് തന്റെ ശരീരം അടിമുടിയൊന്ന് കുലുക്കിക്കാണിച്ചു കൊണ്ടാണ് തോമാസേട്ടനാ ഞെട്ടൽ പ്രിക്രിയ  ചെയ്തത്. 

തനിക്കെന്താടോ വല്ല കുഴപ്പമുണ്ടോയെന്നായിരുന്നു  , തൊമാസേട്ടന്റെ ഈ മൊത്തം  കുലുക്കൽ കണ്ട ഇടിയൻ  ചോദിച്ചത്.

എനിക്കെന്ത്  കുഴപ്പമെന്ന് ചോദിച്ച് തോമാസേട്ടൻ കൈമലർത്തിക്കാണിച്ചു.., അതോടൊപ്പം  കുഴപ്പം തനിക്കല്ലടോയെന്ന് മനസ്സിൽ ചോദിക്കേം ചെയ്തു.  

ആ  ഫോണിന് ശേഷം കസേരയിലേക്ക് ചാഞ്ഞു വീണ ഇടിയന്റെ പരവേശം കണ്ട്  എല്ലാവർക്കും പേടിയായി . 

ഇങ്ങേർക്കിത് എന്നാ പറ്റി ? വല്ലവരും തട്ടിപ്പോയോ ? അതോ എസ് പി  യെങ്ങാനും  പേടിപ്പിച്ചോ ?

എടൊ തോമാസേ കുറച്ചു വെള്ളം ?

എന്നാ  സാറേ പ്രശ്‌നം ?.

 കാര്യമായ എന്തോ പ്രശനമുണ്ട് അല്ലെങ്കിൽ ഇടിയനിങ്ങനെ വിയർക്കത്തില്ല .

ഈ  പാവത്തിനെയിനി വല്ല വയനാട്ടിലേക്കോ  മറ്റോ സ്ഥലം മാറ്റിക്കളഞ്ഞോ ? അതോ വല്ല സസ്‌പെൻഷനും ?.

 ആ  ചിന്ത മനസ്സിൽ  തെളിഞ്ഞതോടെ തോമാസേട്ടന്റെയുള്ളിൽ  മറ്റൊരു തോമാസേട്ടൻ തുള്ളിച്ചാടി . 

അങ്ങിനെയാണെങ്കിൽ   കുറേക്കാലത്തേക്കിവിടെ  പോസ്റ്റുണ്ടാകാത്തില്ല തല മൂത്തതു കൊണ്ട് തനിക്കായിരിക്കും സ്റ്റേഷന്റെ ചാർജ്ജ് .

ആകെയൊന്ന് വിലസാം . 

ആ സന്തോഷത്തിൽ തോമാസേട്ടന്റെ ഉള്ളിലുള്ള തോമാസേട്ടൻ വീണ്ടും തുള്ളിച്ചാടി . ഇപ്രാവശ്യം അതിന്റെ പ്രതിഫലനങ്ങൾ  തോമാസേട്ടന്റെ മുഖത്ത് പ്രതിഫലിക്കുകയും ചെയ്തു . 

എന്തോന്നാടോ വിഡ്ഢി  ഇളിച്ചോണ്ട് നിക്കുന്നത് ?  വെള്ളം എടുത്തോണ്ട് വാടോ  . 

ഇടിയന്റെയാ  ഗർജ്ജനത്തോടെ  സ്വപ്ന ലോകത്തായിരുന്ന തോമാസേട്ടനും , തോമാസേട്ടന്റൊപ്പം തുള്ളിച്ചാടിക്കൊണ്ടിരിക്കുന്ന മറ്റേ  തോമാസേട്ടനും,  ഒരുമിച്ച്  ഞെട്ടുകയും രണ്ടുവഴിക്ക്   ഓടികയും  ചെയ്തു .

സെല്ലിൽ  കിടന്നിരുന്ന  കള്ളൻ ദാമുവാ അലർച്ച  കേട്ട് ഞെട്ടിക്കൊണ്ട്  ചാടിയെഴുന്നേൽക്കുകയും  തല ചുവരിലിടിക്കുകയും ചെയ്തു . അതോടെ ദാമു കരഞ്ഞു ഉറക്കെ കരയാൻ പേടിയായത് കൊണ്ട് പതുക്കെയാ  കരഞ്ഞത് . 

 തന്റെ സ്റ്റേഷനിൽ  ആരും കരയുന്നത് ഇടിയന്  ഇഷ്ട്ടമല്ല.

അത്  പുറത്ത് വലിയ അക്ഷരങ്ങളിൽ  എഴുതി വെച്ചിട്ടുമുണ്ട് .

''ഇവിടെ ആരും കരയരുത്, നിങ്ങളുടെ രക്ഷയാണ് ഈ സ്ഥലം  " 

 ഒരു പ്രാവശ്യം റൗഡി തൊമ്മിയെ കൊണ്ട് വന്ന് കുനിച്ചു നിറുത്തി ഇടിക്കുകയും  ആ  പാവം വേദന സഹിക്കാതെ വാവിട്ടു കരയുകയും ചെയ്തതോടെ  ഇടിയന് ദേഷ്യം കൂടുകയും, തൊമ്മിയെ  കൂടുതൽ.., കൂടുതൽ  ഇടിക്കുകയും ചെയ്തു. അതോടെ തൊമ്മി കൂടുതൽ കൂടുതൽ   കരഞ്ഞു.

അവസാനം  പാവം തോന്നി  തോമാസേട്ടനാ,  തൊമ്മിയോട്‌ പറഞ്ഞത്. 

എന്റെ തൊമ്മി സാറിന് ആരും  കരയണത്  ഇഷ്ടല്ലാ, നിക്കൊന്ന് ചിരിച്ചൂടെന്ന്?.

വിചിത്രമായ ആ  ആവശ്യം കേട്ട് തൊമ്മി ഞെട്ടി.

എന്റെ സാറേ  ഇടി കിട്ടുമ്പോ എങ്ങിനെയാ ചിരിക്കാന്നും ചോദിച്ച് തൊമ്മി വീണ്ടും കരഞ്ഞു അതോടെ തൊമ്മിക്ക് കൂടുതൽ ഇടി കിട്ടി. 

ഒടുവിൽ സഹിക്ക വയ്യാതെ, തൊമ്മിയൊരു ചിരി  ചിരിച്ചു.  അതൊരുന്നൊന്നര ചിരിയായിരുന്നു  . ആ ചിരി കണ്ട് പേടിച്ച തോമാസേട്ടൻ സെല്ലിൽ നിന്നും പുറത്തേക്ക്  ചാടി .

ഇടിയനും അത്തരമൊരു ചിരി ആദ്യമായി കാണുകയായിരുന്നു. അതോടെ ഇടിയനും പുറത്തേക്ക്  ചാടി. 

ആ സംഭവത്തോടെ ഗ്രാമത്തിൽ  നിന്നും പോയ തൊമ്മി പിന്നീടൊരു  തീവ്രവാദിയായി മാറിയെന്നാ നാട്ടുകാർ കേട്ടത്.

മൂന്ന് ഗ്ലാസ് വെള്ളം ഇടിയൻ ടപ്പോ ടപ്പോ ന്നും  പറഞ്ഞ് കുടിച്ചു തീർത്ത്  നാലാമത്തെ ഗ്ലാസ് വെള്ളം  ചോദിച്ചതോടെ തോമാസേട്ടൻ മനസ്സിൽ ഇടിയനെ  തെറി വിളിച്ചു .

താനെന്താ ഇയാളുടെ  കെട്ടിയോളാണോ ? ഇനി വെള്ളം വേണമെങ്കിൽ പോയി  കുടിക്കേടോന്ന് തോമാസേട്ടൻ മനസ്സിൽ  പറഞ്ഞെങ്കിലും തോമാസേട്ടന്റെ കൈകളും, കാലുകളും തോമാസേട്ടന്റെ അനുവാദമില്ലാതെ തന്നെ തോമാസേട്ടനേം കൊണ്ട് ഓടുകയും  വെള്ളമെടുത്തു കൊടുക്കുകയും ചെയ്തു .

അത്രക്കും പരവേശമായിരുന്നു ഇടിയന് . കുടിച്ചാലും.., കുടിച്ചാലും  തീരാത്ത ദാഹം.  

എടോ  തോമാസേ ..ആ വിളി കേട്ട് ഇനിയും വെള്ളത്തിനായിരിക്കുമെന്ന് കരുതിയ തോമാസേട്ടൻ വെള്ളം കഴിഞ്ഞുവെന്ന് ഇടിയനോട് നുണ പറഞ്ഞു .

എന്റെ തോമാസേ വെള്ളത്തിനല്ലെടോ എനിക്ക് തന്നോട് അതി പ്രധാനമായൊരു  രഹസ്യം പറയാനുണ്ട്   .

 അതോടെ തോമാസേട്ടൻ കാത് കൂർപ്പിച്ചു. 

 ആരോടും പറയരുതെന്ന് ഇടിയൻ വാണിങ് കൊടുത്ത അടുത്ത നിമിഷം തന്നെ  അത്  ഭാര്യയോട് പറയാൻ തോമാസേട്ടന്റെ മനസ്സ്  തയ്യാറെടുത്തു .

 ഇത് മനസ്സിലാക്കിയ ഇടിയൻ ഒന്ന് കൂടി ഊന്നിപ്പറഞ്ഞു  . 

എടോ,   സ്വന്തം ഭാര്യയോട് പോലും പറയരുതെന്ന് ,  ...പറഞ്ഞാ  തന്റെ  തല പോകും. 

അത് കേട്ട പാടെ ഒന്ന് ഞെട്ടിക്കൊണ്ട് തോമാസേട്ടൻ  തന്റെ  കഴുത്ത് ഇറുക്കിപ്പിടിച്ചു  . 

രഹസ്യമെന്ന് കേട്ടതോടെ സെല്ലിൽ  കാതുകൂർപ്പിച്ചു നിന്ന കള്ളൻ ദാമു, തന്റെ അടുത്തേക്ക് ഇടിയൻ പതുങ്ങി വരുന്നത്  കണ്ടില്ല . അഴിക്കുള്ളിലൂടെ  ലാത്തി വെച്ചൊരു  കുത്ത് കിട്ടിയതോടെ ദാമുവിന്റെ വാ, ദാമു പോലും അറിയാതെ  തുറക്കുകയും അതിൽ  നിന്നും  തവള കരയുന്നത് പോലൊരു കരച്ചിൽ  പുറത്തേക്ക് വരുകയും ചെയ്തു . 

കടുവയെ കിടുവ പിടിക്കുന്നോ  റാസ്‌ക്കൽ? എന്നലറിക്കൊണ്ട് ഇടിയൻ വീണ്ടുമൊരു കുത്ത് കൂടി ദാമുവിന്  കൊടുത്തു .

ആ ഉദാഹരണം കേട്ട് ദാമു കണ്ണു മിഴിച്ചു ? ഇവിടെ എവിടെ കടുവ ? ആരാണ് കിടുവ .

എന്തിനാണ് കിടുവ പോയി കടുവയെ പിടിക്കുന്നത് ?.

 അല്ല  ആരാണ് ഇവരൊക്കെ?.

ഒളിച്ചു നിന്ന് കേക്കുന്നോ  റാസ്‌ക്കലെന്നും ചോദിച്ച് ഇടിയൻ വീണ്ടും ലാത്തിയോങ്ങി. 

സാറേ ഞാൻ ഒളിച്ചു നിന്നതല്ല , പ്രാർത്ഥിക്കാൻ നിന്നതാണെന്നും പറഞ്ഞ് ദാമുവൊരു നമ്പര് ഇറക്കിയെങ്കിലും അതേറ്റില്ലാ.

പ്രാർത്ഥിക്കാൻ ചെവിട് വെച്ചിട്ടാണോടാ നിക്കാ ?

എന്റെ സാറേ... ഞാൻ ഭഗവാനോടൊരു   സ്വകാര്യം പറഞ്ഞതാ.  

അതോടെ വീണ്ടുമൊരു  കുത്ത് കൂടി ദാമുവിന്   കിട്ടി. 

അതോടെ  ദാമു വീണ്ടും  കരഞ്ഞു ..,എന്നാലത്  ഇടിയൻ കേൾക്കാതിരിക്കാൻ വായ്ക്കുള്ളിലേക്ക് വിരലുകൾ തിരുകി വെച്ചു   . ഇല്ലെങ്കിലതിന്  വേറെ ഇടി  കിട്ടുമെന്ന്  ദാമുവിന് നല്ല നിശ്ചയമുണ്ടായിരുന്നു . 

 ആവശ്യമില്ലാത്ത പണിക്ക് പോയിട്ടല്ലേയെന്ന് സ്വയം പറഞ്ഞാ ദാമുവാ കുത്തിനൊരു ന്യായീകരണം കൊടുത്തത് . 

എന്താ സർ പ്രശ്‌നം ? ആകാംഷ അടക്കാൻ പറ്റാതെയാണ് തോമാസേട്ടനത് ചോദിച്ചത്. 

 തല പോകുന്ന കാര്യമാണെന്ന് ഇടിയൻ  പറഞ്ഞതോടെ അതൊരു വലിയ സംഭവമായിരിക്കുമെന്നു  തന്നെ തോമാസേട്ടനു തോന്നി. അതോടൊപ്പം അത്  ഇടിയന്റെ തലയെങ്ങാനുമാണെങ്കിലോയെന്നുള്ള സംശയവും  ഉള്ളിൽ തിക്കി വരുകയും അത്  കൂടുതൽ  സന്തോഷത്തിന് ഇടവരുത്തുകയും ചെയ്തു .

എന്നാലാ  സന്തോഷം  മറച്ചു വെച്ച് മുഖത്ത് അത്ഭുതം വരുത്തിയിട്ടാ തോമാസേട്ടനത്  ചോദിച്ചത്. 

എന്താ കാര്യമെന്നു  പറ സാറേ ?. 

എടോ നമ്മുടെ സ്റ്റേഷൻ പരിധിയിൽ   റിപ്പറു എറങ്ങീട്ടുണ്ടെന്ന്.

 അത് കേട്ട് തോമാസേട്ടന് ചിരിയാണ് വന്നത് .ആ ചിരി താങ്ങാൻ പറ്റാതെ  തോമാസേട്ടൻ പൊട്ടിച്ചിരിച്ചു .

സെല്ലിലേക്ക് നോക്കി തോമാസേട്ടൻ ചിരിച്ചതോടെ ,  വേദനക്കിടയിലും തോമാസേട്ടനെ പ്രീതിപ്പെടുത്താൻ വേണ്ടി ദാമു  വെറുതെ ചിരിച്ചു .

തോമാസേട്ടന്റെയാ  ചിരി കണ്ട ഇടിയൻ അന്ധാളിച്ചു നിന്നു. ദാമുവിനെ രൂക്ഷമായി ഒന്ന് നോക്കിയതോടെ ആ പാവം പേടിച്ച് ഒരു ചാട്ടം കൂടി ചാടി    അതോടെ  ദാമുവിന്റെ തല വീണ്ടും ഇടിച്ചു . കരയാൻ വാ തുറന്ന ദാമു   വായിക്കുള്ളിലേക്ക് വീണ്ടും  വിരലുകൾ കുത്തിക്കേറ്റി വിദഗ്ദ്ദമായി  അതമർത്തി. താനിവിടെ കിടന്ന് തല  ഇടിച്ച് ചാവോ എന്റെ മുരുകാ എന്നും ചോദിച്ചോണ്ടാ  ദാമു കരഞ്ഞത്  .

റിപ്പറെന്ന് കേട്ടതോടെ ഇയാൾക്ക്  പേടിച്ച് വട്ട് പിടിച്ചോയെന്നായിരുന്നു   ഇടിയ ൻ ചിന്തിച്ചത്. 

തോമാസേട്ടന്റെയാ പൊട്ടി പൊട്ടിയുള്ള  ചിരി കണ്ടതോടെ തല ഇടിച്ച  വേദനയിലും, ദാമുവിനും പൊട്ടി ചിരിക്കാൻ  തോന്നിയെങ്കിലും ബുദ്ധിയതിനെ കേറി വട്ടം പിടിച്ചു  . 

 ഇടിക്കുമ്പോ മാത്രമേ ഇടികിട്ടുന്നവർ, കരയാതെ  ചിരിക്കാൻ പാടുള്ളൂവെന്നതാ  ഇടിയന്റെ തിയറി . അതല്ലാതെ ചിരിച്ചാ അതിന് വേറെ ഇടി കൊടുക്കാറാണ് ഇടിയന്റെ പതിവ് . വെറുതെ ചിരിക്കാൻ ഇത് നിന്റെ അച്ചി വീടാണോന്നും ചോദിച്ചാ പിന്നെ ഇടിക്കാ....

എന്റെ സാറേ ആരെങ്കിലും,  എന്തെങ്കിലും  റിപ്പയർ  ചെയ്യാൻ വന്നതിനാണോ സാറിങ്ങനെ കിടന്ന്  പേടിക്കണത് ?.

എന്ത് റിപ്പയറ് ചെയ്യാൻ ? തോമാസേട്ടന്റെ ആ റിപ്പയറ് പ്രയോഗം കേട്ട്   കണ്ണുമിഴിച്ചാ ഇടിയൻ   നോക്കിയത് . 

തന്റെ തലയാടോ റിപ്പയർ ചെയ്യാൻ വരുന്നത് വിഡ്ഢിയെന്നും വിളിച്ച്   ഇടിയൻ, വീണ്ടും  ചീറി.  

തോമാസേട്ടൻ അന്തിച്ചു നിക്കുന്നത് കണ്ടതോടെയാ ഈ വിഡ്ഢിക്കൊന്നും  മനസ്സിലാവാതെയാ  ചിരിച്ചതെന്ന് ഇടിയന് ബോധ്യമായത് .

അതോടെ ഇടിയനൊന്ന്  തണുത്തു . 

ഇടിയന്റെയാ  അലർച്ച കേട്ട് തോമാസേട്ടന് ചൊറിഞ്ഞു കേറി വന്നതാ. ഇയാളെന്തിനാ വെറുതെ  കിടന്ന് തുള്ളുന്നത് ? റിപ്പയറ് ചെയ്യാൻ ആളുകൾ വരുന്നതൊരു  കുറ്റമാണോ ?. അവർ വന്ന് റിപ്പയർ ചെയ്തീട്ടങ്ങോട്ട്  പോകും, അതിനെന്തിനാ ഇയാളിങ്ങനെ  കിടന്ന് കയറു പൊട്ടിക്കുന്നത് ? അല്ല താൻ പറഞ്ഞത് കാര്യം തന്നെയല്ലേ ?.

എന്റെ തോമാസേ റിപ്പയറു ചെയ്യുന്നവനല്ല  റിപ്പർ   ..,ആളുകളെ തലക്കടിച്ചു കൊല്ലുന്നവൻ .

ആ ബാക്കി ഭാഗം കേട്ടതോടെ..,തോമാസേട്ടന്റെ തലയിൽ വെളിച്ചം വീശി അതോടെ  അയ്യോ ..ന്നും ഓളിയിട്ടോണ്ട്   ക്ലിപ്പിട്ട പോലെ തോമാസേട്ടന്റെ ചിരിയും  നിന്നു .

 ദാമു വേഗം തന്നെ  സെല്ലിന്റെ  മൂലയിലേക്ക് മാറി . സെല്ലിനുള്ളിൽ കേറി തന്റെ  തലയെങ്ങാനും  തല്ലി പൊട്ടിക്കുമോയെന്നുള്ളതായിരുന്നു  ദാമുവിന്റെ പേടി. ഒരാള് പോലും തന്നെ രക്ഷിക്കാൻ വരത്തില്ല . 

എന്തൂട്ടാ സാറീ  പറയണേ ? വിശ്വാസം വരാതെയാണ് തോമാസേട്ടനത് ചോദിച്ചത് .

ഈ വിഡ്ഢിയുടെ ബുദ്ധിക്ക് ഇപ്പോഴും തെളിച്ചം വന്നിട്ടില്ലെന്ന്  ഇടിയന് ബോദ്ധ്യമാവുകയും,  എന്താ സംഭവമെന്ന്  വിശദീകരിച്ചു കൊടുക്കുകയും ചെയ്തത്  .

എടോ,  എസ് പി മാത്തൻ സാറാ വിളിച്ചത്. റിപ്പർ അന്തോണി ഈ ഗ്രാമത്തിലോ പരിസരത്തോ എത്തിച്ചേർന്നിട്ടുണ്ടെന്ന് . അവനത്രെ പേരുടെ തല തല്ലിപ്പൊട്ടിക്കുമെന്ന് ഒരു പിടുത്തോമില്ല എന്റെ  ഈശ്വരാ  .

 ഈ ലോകത്ത് എത്രയോ നല്ല  സ്ഥലങ്ങൾ ഉള്ളതാ സാറേ . എന്നിട്ടീ മാരണം,   ഓണം കേറാ മൂലയിലുള്ള ഈ കിഴങ്ങന്മാരുടെ   തല തല്ലിപ്പൊട്ടിക്കാനാണോ  ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിയത്  ?.

തോമാസേട്ടനാ പറഞ്ഞത്  ശരിയാണല്ലോയെന്ന്  ഇടിയനും തോന്നി. ഈ റിപ്പർ തെണ്ടിക്ക്  പട്ടണത്തിലെങ്ങാനും  പോയി നല്ല നാലുപേരുടെ തലയെങ്ങാനും  തല്ലി പൊട്ടിച്ചൂടേ? . മനുഷ്യന് പണിയുണ്ടാക്കാനായി ഓരോരോ അലവലാതികള് ഇങ്ങോട്ട് കെട്ടിയെഴുന്നള്ളും. 

തോമാസേ  എത്രേം പെട്ടെന്നു തന്നെ അവനെ പിടിക്കണമെന്നാ, മാത്തൻ സാറിന്റെ  ഓർഡറ് . 

അത് കേട്ടതോടെ തോമാസേട്ടൻ ഒരാഴ്ചത്തെ ലീവ് പ്ലാൻ ചെയ്യുകയും വകേലൊരു അമ്മാവനെ മനസ്സിലിട്ടു കൊല്ലുകയും ചെയ്തു. 

അതേ   സമയം തന്നെ  ആ  അമ്മാവൻ  ഒരു ദുഃസ്വപ്‌നം കണ്ട് ചാടിയെഴുന്നേറ്റു. ഒരു ഉച്ചമയക്കത്തിലായിരുന്നു ആ പാവം .

തന്നെ തോമാസ്  കത്തികൊണ്ട് കുത്തിയെന്നുള്ളതായിരുന്നു ആ സ്വപ്നം. 

ആ സാധു ഒരിക്കലും  കരുതിയിരുന്നില്ല അനന്തരവൻ തോമാസ്  ഇങ്ങനെ ചെയ്യുമെന്ന് ? . തോമാസേട്ടനെ വല്യ ഇഷ്ടാ ആ അമ്മാവന്,   കുറേ ഉപകാരങ്ങളും തോമാസേട്ടനായി ചെയ്തീട്ടുള്ളതാ.

പക്ഷെ എന്തു ചെയ്യാം   ആരെയെങ്കിലും കൊല്ലണമെന്ന് തോന്നുമ്പോ  തോമാസേട്ടന്റെ  മനസ്സില് ആദ്യം തെളിഞ്ഞു വരുന്ന രണ്ട് മുഖങ്ങളിലൊന്നായിരുന്നുവത്  .

 ആദ്യരൂപം ഓർമ്മയിൽ തെളിഞ്ഞതോടെ  തോമാസേട്ടൻ  ഞെട്ടിക്കൊണ്ട് വേഗമത് മായ്ച്ചു കളഞ്ഞു  .

ഭാര്യ ത്രേസ്യാമ്മയുടെ മുഖമായിരുന്നുവത്.

  പിന്നെ മനസ്സിൽ തെളിഞ്ഞ മുഖമായിരുന്നു ആ സാധുവിന്റേത്. അതോടെ നല്ലവനായ ആ മനുഷ്യനെ, തോമാസേട്ടൻ  നിർദ്ധാക്ഷിണ്യമങ്ങു  തട്ടിക്കളയുകയും ചെയ്തു  .

എന്റെ സാറേ എനിക്കൊരാഴ്ചത്തെ ലീവ് വേണമായിരുന്നു .

അത് മുൻകൂട്ടി കണ്ട ഇടിയൻ അതിന്റെ ബാക്കി ഭാഗം പൂരിപ്പിച്ചു . 

തന്റെ അമ്മാവൻ തട്ടിപ്പോയല്ലേ ? ഏതായാലും ഇനിയത് നടക്കത്തില്ല  . ഈ നിമിഷം മുതൽ അവനെ പിടിക്കുന്നത് വരെ ഇരുപത്തിനാലു മണിക്കൂറായിരിക്കും എല്ലാവരുടേയും ഡ്യൂട്ടി . 

അതോടെ  ഇടിയൻ തനി പോലീസായി മാറി .

 മനസ്സിലായില്ലോ ?.

എസ് സാറെന്നും പറഞ്ഞ് എല്ലാവരും ഇടിയന്  സല്യൂട്ട് കൊടുത്തു കൂട്ടത്തിൽ ദാമുവും കൊടുത്തു ഒരു സല്യൂട്ട് .

എടാ നായിന്റെ മോനെ കളിയാക്കാണോന്നും ചോദിച്ച് ഇടിയൻ ഒരു  കുത്ത് കൂടി  കൊടുത്തു . 

എന്റെ സാറേ ഞാൻ കളിയാക്കിയതല്ലെന്നും  പറഞ്ഞ് ആ പാവം എങ്ങി എങ്ങിക്കരഞ്ഞു.

 ഇങ്ങനെയാണോ സല്യൂട്ട് തരായെന്നും ചോദിച്ച് ഇടിയൻ വീണ്ടും കുത്താൻ ഓങ്ങിയതായിരുന്നു. തോമാസേട്ടനാ  ഇടക്ക് കേറി പിടിച്ചത്. അത്  കൊണ്ട് മാത്രാ ആ കുത്തിൽ നിന്നും  ദാമു രക്ഷപ്പെട്ടത് .

എന്റെ സാറേ പോലീസൊന്നുമല്ലല്ലോ? കള്ളനല്ലേന്നും പറഞ്ഞാ ഒരു വിധത്തിൽ തോമാസേട്ടൻ , ഇടിയനെ സമാധാനിപ്പിച്ചത് .

കള്ളനാണെങ്കിലെന്താ സല്യൂട്ട് തരാൻ പഠിക്കേണ്ടയെന്നും  ചോദിച്ചാ ഇടിയൻ കുത്താൻ ആഞ്ഞത് .

നിനക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ ദാമോ..ന്ന,  തോമാസേട്ടന്റെ ചോദ്യത്തിന് മുന്നിൽ  ദാമു വീണ്ടും നിന്ന്  കരഞ്ഞു. 

 നീ  കരഞ്ഞോണ്ട് നിന്ന് സാറിന്റെ കൈയ്യീന്ന്  അടി വാങ്ങി നിക്കാതെ ചിരിച്ചോടാ . 

അതോടെ ദാമു ചിരിച്ചു. ആ ചിരി കണ്ട് തോമാസേട്ടന് പോലും കരച്ചില് വന്നു. 

നിന്നെയൊക്കെ ആരെടാ കള്ളനാക്കിയതെന്നായിരുന്നു  തോമാസേട്ടൻ,   ചോദിച്ചത് .

അത് സത്യവുമായിരുന്നു കള്ളനാണെങ്കിലും ദാമുവിന്റെ മനസ്സും, ശരീരവും   ഒരു പച്ച പാവത്തിന്റേതായിരുന്നു   .

 പാത്രക്കടക്കാരൻ ലാസറു ചേട്ടന്റെ വീട്ടിൽ ചക്ക കക്കാൻ കേറിയപ്പോ   ഉമ്മറത്തൂന്ന്  ഒരു നൂറു രൂപാ കിട്ടിയ ദാമു അതും പോക്കറ്റിലിട്ട് വീട്ടിലോട്ട് വന്നെങ്കിലും കുറ്റബോധം താങ്ങാനാകാതെ പിറ്റേന്ന് പോയി ലാസറു ചേട്ടനോട് സത്യം പറയുകയും, കാശ് തിരിയെ കൊടുക്കുകയും ചെയ്തു    .

അതും വാങ്ങി പോക്കറ്റിലിട്ട ലാസറു ചേട്ടൻ  നൂറു രൂപയല്ല, ആയിരം രൂപയാണ് പോയതെന്നും  പറഞ്ഞ് പോലീസിലൊരു  പരാതി കൊടുത്തു  . 

ആ കേസിലാ  ദാമുവിനെ ഇടിയൻ പൊക്കിയത്. ആയിരം രൂപാ എവിടേന്ന് ചോദിച്ചതോടെ ആ പാവം തല ചുറ്റി വീണു . അത്രേം വല്യ സംഖ്യ  തന്റെ ജീവിതത്തിൽ ആദ്യമായായിട്ടായിരുന്നു  ദാമു  കേക്കുന്നത് .

 ഏതായാലും അതീവ രഹസ്യമാക്കി വെച്ച ആ വിവരം അന്ന് വൈകുന്നേരത്തിനോടകം നാടു മുഴുവൻ  പാട്ടായി . തോമാസേട്ടൻ തന്നെയായിരുന്നു അതിനു കാരണക്കാരൻ  . പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് ചായ കുടിക്കാൻ പോയപ്പോഴായിരുന്നു തോമാസേട്ടൻ  അതീവ രഹസ്യമായി ആരോടും പറയരുതെന്ന് പറഞ്ഞോണ്ട് അത്  പാക്കരൻ ചേട്ടനോട് വെളിവാക്കിയത്.  പാക്കരൻ ചേട്ടൻ അത്  അതുപോലെ  തന്നെ ആരോടും പറയരുതെന്ന് പറഞ്ഞുകൊണ്ട് ഭാര്യ അന്നമ്മ ചേടത്തിയോട് പറയുകയും , അന്നമ്മ ചേടത്തിയത് ആരോടും പറയരുതെന്ന് പറഞ്ഞുകൊണ്ട് അവറാൻ ചേട്ടന്റെ ഭാര്യ ഒറോത ചേടത്തിക്ക് കൈമാറുകയും ഒറോത ചേടത്തിയത് അവറാൻ ചേട്ടന്റെ കാതുകളിലേക്ക് എത്തിക്കുകയും ചെയ്തു  .

അങ്ങനെ അതീവ രഹസ്യമായി ആരോടും പറയരുതെന്ന് പറഞ്ഞ ആ രഹസ്യം മൈക്ക് എടുത്ത് അനൗൺസ് ചെയ്യുന്നതിലും വേഗത്തിലും, ദൂരത്തിലും ഗ്രാമം മുഴുവൻ പരക്കുകയും, എല്ലാവരും അറിയുകയും  ചെയ്തു .

കേട്ടവർ കേട്ടവർ ഞെട്ടി, റിപ്പർ ഇറങ്ങിയിരിക്കുന്നു. 

ഏത് നിമിഷവും റിപ്പറിന്റെ ചുറ്റിക തലയിൽ പതിക്കാം  . 

ഒരു മുൻകരുതലെന്ന നിലയിൽ പലചരക്കു കടയിലേക്ക് സൈക്കിളിൽ  പോകുമ്പോഴും വരുമ്പോഴും  സുപ്രുവൊരു ഹെൽമെറ്റ് വെച്ചു . അപ്രതീക്ഷിതമായി റിപ്പറിന്റെ  ആക്രമണം ഉണ്ടായാൽ ചെറുക്കാൻ വേണ്ടിയാണെന്ന സുപ്രു പറഞ്ഞത് . 

ഹെൽമെറ്റ് വാങ്ങാൻ കാശില്ലാതിരുന്ന സുപ്രുവിന്റെ അയൽക്കാരൻ രാജൻ തലയിൽ മൺകുടം കമിഴ്ത്തുകയും അതങ്ങനെ തന്നെ കഴുത്തിലേക്ക് ഇറങ്ങുകയും ചെയ്തു . മീൻ കൂട്ടാൻ വെക്കാൻ ഭാര്യ തങ്കമണി കലം  അന്വേഷിച്ചു ചെന്നപ്പോഴാണ്  ഉമ്മറത്ത് കലവും തലയിൽ കമിഴ്ത്തി കണ്ണും കാണാതെയിരിക്കണ  ഭർത്താവ് രാജനെ കണ്ടത്.

 എന്ത് പോക്രിത്തരാ മനുഷ്യാ നിങ്ങള് കാണിക്കാണെന്നും ചോദിച്ച് തങ്കമണി ചീറി. മീൻ കൂട്ടാൻ വെക്കാൻ ആകെ കൂടിയുള്ള കലാ  അതെടുത്ത് തലയിൽ വെച്ചേക്കണൂ  .

എടീ റിപ്പറ് തല തല്ലിട്ടപ്പൊട്ടിക്കാതിരിക്കാൻ വേണ്ടിയിട്ടാടീ ന്നും പറഞ്ഞ് രാജൻ കരഞ്ഞെങ്കിലും അതേറ്റില്ല .

റിപ്പറായിരിക്കില്ല ഞാനാ നിങ്ങടെ തല തല്ലിപ്പൊട്ടിക്കാന്നും പറഞ്ഞ് ചിറ്റികയെടുത്ത് ഒറ്റ അടിയായിരുന്നു, അമ്മേന്നൊരു അലർച്ചയോടെ രാജൻ ഉമ്മറത്തൂന്ന് താഴേക്ക് വീണു .

റിപ്പർ പേടിയിൽ ആറുമണി കഴിഞ്ഞാൽ പിന്നെ ആരും പുറത്തേക്കിറങ്ങാതായി .

  അന്നു  രാത്രി വൈകി വന്ന ബാങ്കിലെ പ്യുൺ സുധാകരനെ വീട്ടിലേക്ക് കയറ്റാതെ കുറച്ചു നേരം പുറത്തു നിറുത്തി .., അത് സുധാകരൻ തന്നെയെന്ന്  ഉറപ്പു വരുത്തിയിട്ടാ ഭാര്യ രജനി വാതിൽ തുറന്നത്  . 

 ഈ സമയത്ത് , റിപ്പറിന്  ഒരു  ചുറ്റികയും കൊണ്ട് വന്നൂടെന്ന് രാജി വെറുതെ ആശിച്ചെങ്കിലും റിപ്പറ് വന്നില്ല .

വല്ലാത്ത സംശയമാ സുധാകരന്, എന്തിനോടും ഏതിനോടും സംശയം .

ഇവളെന്താ വാതില് തുറക്കാൻ താമസിക്കുന്നതെന്ന്  ആലോചിച്ച് സുധാകരന്റെ  മനസ്സിലൂടെ അനാവശ്യ ചിന്തകളുടെ ഒരു കുത്തൊഴുക്ക്  നടക്കുകയും സ്വതവേ സംശയാലുവായ ആ ഹൃദയം ഒന്നുകൂടി സംശയത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തു .

എന്താടി വാതിലു തുറക്കാനിത്ര  താമസം ?. 

എന്റെ മനുഷ്യാ റിപ്പറ്   ഇറങ്ങിയിട്ടുണ്ടെന്ന്.

അതാരാടീ  ഞാനില്ലാത്തപ്പോ ഇവിടെ റിപ്പയറ് ചെയ്യാൻ വന്നത് ?.

 സുധാകരൻ നിന്ന് ജ്വലിച്ചു. അതോടെ ഒരുപാട് സംശയങ്ങൾ സുധാകരനെ വളഞ്ഞിട്ട് ആക്രമിച്ചു . എന്തിനാണ് ഞാനില്ലാത്തപ്പോ ഇവൾ റിപ്പയർ ചെയ്യാൻ  ആളെ  വിളിച്ചു വരുത്തിയത് ?. ആരെയാണ് ഇവൾ വിളിച്ചു വരുത്തിയത് ? എന്താണ് അവൻ റിപ്പയർ ചെയ്തത്? .ഇങ്ങനെ ഒരുപാട്  സംശയങ്ങളുടെ ധാരാളിത്തം താങ്ങാനാകാതെ സുധാകരന്റ കുഞ്ഞു തല പെരുത്തു .

സത്യം പറയെടി ആരാടി ഞാനില്ലാത്തപ്പോ നിന്നെ റിപ്പയറ് ചെയ്യാൻ വന്നത്  ?  

എന്റെ മനുഷ്യാ, റിപ്പയറ് അല്ല , റിപ്പറ് മനുഷ്യന്മാരുടെ തല തല്ലിപ്പൊട്ടിക്കണ ഒരാളാന്ന്.

ഇപ്പോഴാണ് സുധാകരന്   തലയിൽ  വെളിച്ചം വീശിയത്. 

റിപ്പറോ ?  

ആ ..,  അങ്ങനെ ഏതാണ്ടൊരു പേരാ. 

എന്റെ  ഈശ്വരാ.., റിപ്പറു ഇറങ്ങിയ നാട്ടീക്കൂടെയാണോ താനീ പാതി രാത്രീക്ക് സഞ്ചിയും പിടിച്ചോണ്ട് വന്നത് ?.

എടീ മൂധേവി ബാങ്കിലോട്ട്  ഒന്ന് ഫോൺ ചെയ്ത് പറയാമായിരുന്നില്ലെടി നിനക്ക്  റിപ്പറ് ഇറങ്ങീട്ടുണ്ടെന്ന്?.

അയ്യോ ഞാനത് മറന്നു ..,ചേട്ടാന്നും പറഞ്ഞ് തങ്കമണി നിന്ന് ചിണുങ്ങി.  

നാട്ടുകാരോടും, വീട്ടുകാരോടും ,എന്തിന്  ഉറുമ്പിനോടും, കിളിയോടും വരെ  റിപ്പറിന്റെ കാര്യം രജനി പറഞ്ഞുവെങ്കിലും  സുധാകരനോട്  പറയാൻ മാത്രം വിട്ടു  പോയിരുന്നു .

റിപ്പറ്, തന്റെ തല തല്ലി പൊട്ടിക്കുന്ന കാര്യം ഓർമ്മയിൽ തെളിഞ്ഞതോടെ സുധാകരന് മോഹാലസ്യമുണ്ടാവുകയും താഴെ  വീഴുകയും ചെയ്തു .

പാമ്പുകൾക്കാണല്ലോ ഈശ്വരാ  താൻ തീറ്റ കൊടുത്ത് വളർത്തണത് ?.

ഭർത്താവ് നിന്ന നില്പിൽ വീഴുന്നത് കണ്ട തങ്കമണി അയൽക്കാരൻ പീതാംബരനെ വിളിക്കാൻ ഓടി . 

എന്താ തങ്കമണി ഈ അസമയത്തെന്നാ പീതാംബരനും, ഭാര്യ തങ്കവും ചോദിച്ചത് .

റിപ്പർ ...ന്ന് പറഞ്ഞു മുഴുവിക്കുന്നതിനു മുന്നേ പീതാംബരനും ഭാര്യ തങ്കവും അയ്യോ ..ന്നും  ഓളിയിട്ടോണ്ട് അകത്തേക്ക് പാഞ്ഞു . സുധാകരനെ തട്ടി , തങ്കമണിയുടെ പിന്നാലെ റിപ്പർ ഇങ്ങോട്ട് കേറി  വരുമോയെന്നായിരുന്നു പീതാംബരന്റെ പേടി .

ഇനി തന്റെ തലയാവും തല്ലി പൊട്ടിക്കാ എന്നുള്ള പേടിയിൽ പീതാംബരൻ ബാത്ത് റൂമിൽ കയറി വാതിലടച്ചു. വാതിലടച്ചു കഴിഞ്ഞപ്പോഴാ അതിന്   കുറ്റിയില്ലെന്ന കാര്യം ഓർമ്മ വന്നത്. പക്ഷെ പുറത്തേക്കിറങ്ങാൻ പേടി. റിപ്പറ്  ചിലപ്പോ പുറത്തുണ്ടാവും താൻ പുറത്തിറങ്ങുമ്പോഴായിരിക്കും തന്റെ തല തല്ലി പൊട്ടിക്കുന്നത് .

ആ മൂധേവി എന്തിനാ ഇങ്ങോട്ട് ഓടി വന്നതെന്നാ പീതാംബരൻ ആലോചിച്ചത്. അവൾക്ക് അപ്പുറത്തുള്ള അന്തോണിയുടെ വീട്ടിലേക്കെങ്ങാനും  പോയി പറയാമായിരുന്നില്ലേ എങ്കിലാ  അന്തോണിയുടെ തല തല്ലി പൊട്ടിച്ചെനല്ലോ?. 

അവന്റെ തല തല്ലി പൊട്ടിക്കേണ്ടത് തന്ന്യാ .

ഏതായാലും ബാത്ത് റൂമിൽ കേറിയ പീതാംബരൻ മുണ്ടും ട്രൗസറും അഴിച്ചിട്ടിരുന്നു. ഈ സമയത്ത് റിപ്പറ് തന്റെ  തല പൊട്ടിക്കത്തില്ലാ എന്നതായിരുന്നു പീതാംബരന്റെ വിശ്വാസം .

അങ്ങനെ ഗ്രാമത്തിന്റെ മുഴുവൻ  പേടിസ്വപ്നമായി റിപ്പറു വളർന്നു .

ഇരുട്ടായാൽ ആളുകൾക്ക്  പുറത്തേക്കിറങ്ങാൻ  പോയിട്ട്  ലൈറ്റിടാൻ  പോലും പേടിയായിരുന്നു.

ലൈറ്റിടുമ്പോൾ റിപ്പറിന് , അടിക്കാൻ സൗകര്യമായി തല കിട്ടുമല്ലോ . ഇങ്ങനെ ലൈറ്റിടാൻ പേടിച്ച വിറകുവെട്ടുകാരൻ വാസു ഇരുട്ടത്ത് ഭാര്യയെ കണ്ട് അയ്യോ റിപ്പറെന്നും അലറി മുറിയിൽ മൂത്രമൊഴിച്ചു. അതോടെ വാസുവിന്റെ ഭാര്യ കുസുമം തനി റിപ്പറായി മാറുകയും ചെയ്തു.  

ഇങ്ങനെയൊരു പേടിത്തൊണ്ടനെയാണല്ലോ എനിക്ക് കിട്ടിയതെന്നും പറഞ്ഞ് നെഞ്ചത്ത് രണ്ടിടി ഇടിക്കേം ചെയ്തു. അതോടെ വാസു തല കറങ്ങി വീണു. ഇടി കിട്ടിയത് വാസുവിന്റെ നെഞ്ചിനിട്ടായിരുന്നു .

അതുപോലെ തന്നെ  രാത്രി മൂത്രമൊഴിക്കാൻ മുറ്റത്തേക്കിറങ്ങിയ കറവക്കാരൻ ദാമോദരേട്ടൻ  അയയിൽ കിടക്കുന്ന തന്റെ കോണകത്തിന്റെ നിഴൽ കണ്ട് അയ്യോ റിപ്പറെന്നും അലറിക്കൊണ്ട്  ബോധം കെട്ട് വീണതും ഇക്കാലയളവിലായിരുന്നു. 

റിപ്പറിന്റെ കൈയ്യിലുള്ള ചുറ്റിക പോലെയാ  കോണകത്തിന്റെ നിഴല് കണ്ട് ദാമോദരേട്ടന്  തോന്നിയത് .

പാവം കോണകം ഇത് ഞാനാണെന്ന് വിളിച്ചു പറയുന്നതിനു മുന്നേ ദാമോദരേട്ടന്റെ  ബോധം പോയിരുന്നു .

 റിപ്പറെന്ന് കേട്ടതോടെ ദാമോദരന്റെ ഭാര്യ ജാനുവും, മോൻ ദിജുവും അച്ഛനെ പുറത്തിട്ട്, അകത്തു കയറി  വാതിലടച്ചു . ബോധം വന്ന  ദാമോദരൻ എന്നെയും അകത്തേക്ക് കേറ്റഡീ ന്നും പറഞ്ഞ് അലമുറയിട്ടെങ്കിലും ആരും  കേട്ടില്ല . അച്ഛന്റെ തല ഒറ്റയടിക്ക് പൊളിയുമോന്നാ ചെക്കൻ ദിജു സംശയം  ചോദിച്ചത്. അത് കേട്ട ദാമോദരന്  വീണ്ടും മോഹാലസ്യം വരുകയും   ഇപ്രാവശ്യം തിണ്ണയിൽ തലയിടിക്കേം ചെയ്തു .

പതിനൊന്ന് തുന്നിക്കെട്ടോടെയാ ദാമോദരേട്ടനെ  വീട്ടിൽ കൊണ്ട് വന്നാക്കിയത്. എന്താ സംഭവെന്ന് ഡോക്ടർ ചോദിച്ചതിന് വഴുക്കി വീണതാണെന്നാ ദാമോദരേട്ടൻ  കരഞ്ഞോണ്ട് പറഞ്ഞത് . ആശുപത്രീന്ന് വന്ന അച്ഛന്റെ മടിയിൽ കേറിയിരിക്കാൻ ദിജു ഓടി വന്നെങ്കിലും പോ അശ്രീകരേമേന്നും പറഞ്ഞ് ദാമോദരൻ ചീറി അതോടെ എങ്ങിനെയെങ്കിലും റിപ്പറു വന്ന് അച്ഛന്റെ തല തല്ലിപ്പൊട്ടിക്കട്ടേയെന്ന് ദിജു പ്രാർത്ഥിക്കേം ചെയ്തു.  

 ചെക്കൻ അറിയാണ്ട് പറഞ്ഞതല്ലേന്നാ ഭാര്യ ജാനു ചോദിച്ചത്. 

സ്വന്തം തന്തയുടെ തല ഒറ്റയടിക്ക് പൊളിക്കാൻ പറ്റോന്ന് ചോദിച്ചതാടി അറിവില്ലായ്മ എന്നും പറഞ്ഞ് ദാമോദരേട്ടൻ തുള്ളി  . 

അല്ല  എന്തിനാടി നീ  എന്നെ പുറത്താക്കി വാതിലടച്ചത് ?.

എന്റെ ചേട്ടാ, മോന് ആരെങ്കിലും വേണ്ടേന്നും വിചാരിച്ചാ ഞാൻ  വാതിലടച്ചത്. 

 ആ ദ്വയാർത്ഥ പ്രയോഗത്തിന്റെ അർത്ഥം മനസ്സിലാവാതെ ദോമോദരേട്ടൻ  വാ പൊളിച്ചു നിന്നു.

എന്നും കുടി കഴിഞ്ഞ്  പാതി രാത്രിക്ക് വീട്ടിലേക്ക് വരാറുള്ള പട്ടാളക്കാരൻ  രാജപ്പേട്ടൻ  അന്ന് തൊട്ട്, ആറുമണിക്ക് മുന്നേ തന്നെ തന്റെ ക്വോട്ട മുഴുമിക്കുകയും വീട് പറ്റാൻ തുടങ്ങുകയും ചെയ്തു  . കുടിക്കുന്നതിന് മുൻപ് തല തല്ലി പൊട്ടിച്ചാലും കുടിച്ചു കഴിഞ്ഞ് തന്റെ  തല പൊട്ടിക്കല്ലേയെന്നായിരുന്നു രാജപ്പേട്ടന്റെ  പ്രാർത്ഥന .

പാതിരാത്രി വരെ കുടിയന്മാരെക്കൊണ്ട് നിറഞ്ഞ വറീതിന്റെ കള്ളു ഷാപ്പ് ആറുമണിയോടെ  പൂട്ടാൻ തുടങ്ങുകയും  വറീത്, ഒരു ധൈര്യത്തിന് തന്റെ  കിടപ്പ് പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് മാറ്റുകയും ചെയ്തു .

ആദ്യം ഷാപ്പിൽ തന്നെ കിടന്നുറങ്ങാമെന്നായിരുന്നു  വറീത്  വിചാരിച്ചിരുന്നത് ,  ബംഗാളി പണിക്കാരൻ   മാഹോതോ അതിന് പിൻ ബലമാവുകയും  ചെയ്തു. 

എന്റെ മുതലാളി റിപ്പറു വന്താ ഒറ്റ വെട്ടിന് അവനെ ഞാൻ  കൊല്ലുമെന്നും  പറഞ്ഞ് അരിവാളും പിടിച്ച് മഹ്‌തോ അലറി. ആ വല്ലാത്ത ഭാവം കണ്ട് വറീത് ഞെട്ടി. റിപ്പറ് വന്നാ  അവൻ ശരിക്കും വെട്ടുമെന്നു തന്നെ അതോടെ  വറീതിന് തോന്നി .

നീ അവിവേകമൊന്നും കാണിക്കല്ലടാന്നും  പറഞ്ഞ് വറീത് ആശ്വസിപ്പിച്ചെങ്കിലും മഹ്‌തോ തന്റെ യജമാന ഭക്തി വെളിവാക്കാൻ  കിടന്ന് തുള്ളി .

 എന്റെ ശവം വീണീട്ടു വേണം   മുതലാളിയെ അവന് തൊടാൻ പറ്റൂള്ളൂന്നും  പറഞ്ഞ് മഹ്‌തോ വീണ്ടും തന്റെ  ആത്മാർത്ഥതയിൽ കളങ്കമില്ലെന്ന്  കാണിച്ചു  .

ആ നിസ്വാർത്ഥ സ്നേഹം  കണ്ട് വറീതിന്റെ കണ്ണു നിറഞ്ഞു. അങ്ങ് ബംഗാളിൽ നിന്നും വന്ന, മഹ്‌തോ  തനിക്ക് പിറക്കാതെ പോയ  അനിയനാണെന്നാ  വറീതിന് തോന്നിയത്  .

അന്ന് രാത്രി  ഉറങ്ങാൻ കിടന്ന മഹ്‌തോ പാതി രാത്രിക്ക് ഒരു തേങ്ങാ വീണ ശബ്ദം  കേട്ട് അയ്യോ റിപ്പറെന്നും അലറിക്കൊണ്ട് ഷാപ്പിന്റെ ഓല മറ പൊളിച്ച്  പുറത്തേക്ക് ചാടി ഓടി   . 

  കരച്ചില് കേട്ടാ വറീത് പോയി നോക്കിയത്. പാവം കുളത്തിൽ കിടന്ന് ജീവനു വേണ്ടി  കൈ കാലിട്ടടിക്കായിരുന്നു. തക്ക സമയത്ത്  കണ്ടതോണ്ടാ ജീവൻ  രക്ഷപ്പെടുത്താൻ പറ്റിയത്   .

പെട്ടെന്ന് റിപ്പർ വന്നത് കൊണ്ട്  എണീറ്റ് ഓടിയതെന്നാ  മാഹോതോ പറഞ്ഞത്. ആ പാവം അപ്പോഴും നിന്ന് വിറക്കായിരുന്നു . എടാ അത് റിപ്പറല്ലാ തേങ്ങാ വീണതാണെന്ന് വറീത് പറഞ്ഞിട്ടും എന്തോ വിശ്വസിക്കാൻ പറ്റാണ്ടാ ആ പാവം നിന്ന് വിറച്ചോണ്ടിരുന്നത്  . മുതലാളി നുണ പറഞ്ഞ്  തന്നെ റിപ്പറിനെക്കൊണ്ട്  കൊല്ലിക്കൊന്നുള്ള പേടിയിലായിരുന്നു  മാഹോതോ .

എവിടെടാ നിന്റെ അരിവാള് ?

അത് കേട്ട് ഞെട്ടിയ മഹ്‌തോ കുളത്തിലേക്ക് കൈ ചൂണ്ടി . 

അരിവാളും നിന്റെ ഒപ്പം കുളത്തിലേക്ക് ചാടിയോന്നായിരുന്നു  വറീത് ചോദിച്ചത് .

സത്യത്തിൽ അരിവാള് മഹ്‌തോ  കുളത്തിലേക്ക് എറിഞ്ഞതായിരുന്നു. അത് വാങ്ങി റിപ്പറ് തന്നെ വെട്ടേണ്ടല്ലോ എന്ന് വിചാരിച്ചിട്ടായിരുന്നു അവൻ ബുദ്ധിപൂർവ്വം പ്രവർത്തിച്ചത് . ചുറ്റിക കൊണ്ടുള്ള അടിയേക്കാളും  വാളുകൊണ്ടുള്ള വെട്ടായിരുന്നു മഹ്‌തോക്ക് കൂടുതൽ പേടി .

 റിപ്പറു വന്നാ വെട്ടി തുണ്ടമാക്കുമെന്നൊക്കെ നീ കിടന്ന് കൂവുന്നുണ്ടായിരുന്നല്ലോ  ?.

അത് കേട്ട് മഹ്‌തോ നിന്ന് കരഞ്ഞു. പേടിച്ചു തൂറി നിക്കുന്ന ആ പാവത്തിനെ ഇനി കൂടുതൽ പേടിപ്പിക്കേണ്ടെന്നു കറുതി വറീത് പിന്നെയൊന്നും പറഞ്ഞില്ല.

എന്താ സംഭവെന്ന് വെച്ചാ, മഹ്‌തോ വീരവാദം മുഴക്കുമ്പോ വിറകുവെട്ടുകാരൻ വാസു കള്ളു കുടിക്കാനായി അവിടെയുണ്ടായിരുന്നു വാസുവാ,  മഹ്‌തോയോട് ചോദിച്ചത്  . 

നീ എന്ത് അവിവേകമാ കാട്ടിയത്  ? . റിപ്പറ് വേഷം മാറി നടക്കുന്നവനാ അയാളെങ്ങാനും നീ  പറഞ്ഞത് കേട്ടാ ആദ്യം നിന്റെ തലയാവും അടിച്ചു പൊട്ടിക്കാ . അത് കേട്ടതോടെ മഹ്‌തോ ഞെട്ടി, മഹ്‌തോയുടെ തല ഞെട്ടി .

അന്നുമുതൽ  മാഹ്തോ ആകെ വിറച്ചു കൊണ്ടാണിരുന്നത് ഒരു ആവേശത്തിന് കേറി പറഞ്ഞതാ അത് ഇത്രേം വല്യ പൊല്ലാപ്പാവുമെന്ന് വിചാരിച്ചില്ല  . അതോടെ, വറീത് പുറത്ത് പോവുമ്പോഴൊക്കെ  ഞാൻ വെറുതെ പറഞ്ഞതാണെന്നും പറഞ്ഞ് മഹ്‌തോ ഷാപ്പിൽ കിടന്ന് ഓളിയിട്ടു .

ഇനി റിപ്പറെങ്ങാനും താൻ പറഞ്ഞത്  കേട്ടിട്ടുണ്ടെങ്കിൽ തന്നെ, താൻ വെറുതെ പറഞ്ഞതാണെന്ന് അറിയിക്കാൻ വേണ്ടി കൂടിയായിരുന്നുവത് .

ഏതായാലും ആ സംഭവത്തിനു ശേഷം  മഹ്‌തോ ബംഗാളിലേക്ക് പോയി . ബംഗാളിൽ ജനിച്ച തന്റെ തല കേരളത്തിലെ ഒരു റിപ്പറിന് അടിച്ചു പൊട്ടിക്കാനുള്ളതല്ല എന്നും  പറഞ്ഞായിരുന്നു മഹ്‌തോ പോയത് . പോവുമ്പോ വറീതിനെ കെട്ടിപ്പിടിച്ച് കരയേം ചെയ്തു . ഒരു മുത്തവും കൊടുത്തു .

എന്തൊരു സ്നേഹമാണെന്നായിരുന്നു വറീത് ചിന്തിച്ചത് , പക്ഷെ   ഈ തല ഇനി   കാണാൻ പറ്റൊന്നായിരുന്നു മഹ്‌തോ ചിന്തിച്ചത് .

ആപ് കാ കാം ക്യാ ഹുവാ ? ന്നായിരുന്നു മഹ്‌തോയുടെ ഭാര്യ ചഞ്ചൽ ചോദിച്ചത് 

 വഹാം കോയി മുജേ മർനെ ആ രഹാ ദേ ന്നും പറഞ്ഞ് മഹ്‌തോ വിറച്ചു നിന്നു. 

 ധിക്കാത് നഹി യാർ  ന്നു ചഞ്ചൽ പറഞ്ഞതു കേട്ട് മഹ്‌തോ ഭാര്യയെ തുറിച്ചു നോക്കി .

ഏതായാലും ആ സംഭവത്തോടെയാ  സുരക്ഷയുടെ ഭാഗമായി  പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് കിടപ്പ് മാറ്റാമെന്ന് വറീത്  തീരുമാനിച്ചത് . 

പാക്കരനുണ്ടെങ്കിൽ ഒരു ധൈര്യമാവുന്ന വറീതിന്റെ പറച്ചിൽ കേട്ട് പാക്കരൻ ചേട്ടൻ ആകാശത്തോളം പൊങ്ങി. അത് കേട്ട് അന്നമ്മ ചേടത്തി കഷ്ടം വെച്ചു.  തന്നെ നിക്കാൻ പോലും ആവുധില്ലാത്ത മനുഷ്യനെ നോക്കിയാ ധൈര്യം കിട്ടുമെന്ന്  പറയണത്.

റിപ്പറിനെ കണ്ടാ ആ  നിമിഷം തന്നെ  പേടിച്ചു തൂറി ചാവും  . 

റിപ്പറിന് തല തല്ലിപ്പൊളിക്കാൻ ഒരാളും കൂടിയാവുമല്ലോ  എന്നുള്ള ആശ്വാസത്തിൽ പാക്കരൻ  ചേട്ടൻ മറുത്തൊന്നും പറഞ്ഞില്ല  . ഇനി  റിപ്പറു  വന്നാത്തന്നെ വറീതിനെ ചൂണ്ടിക്കാണിച്ചു കൊടുക്കാമെന്ന് മനസ്സിൽ പറയേം  ചെയ്തു . 

ഇത് തന്നെയായിരുന്നു  വറീതും വിചാരിച്ചിരുന്നത് . റിപ്പറെങ്ങാനും വന്നാ അടിച്ചു പൊളിക്കാൻ  പാക്കരൻ ചേട്ടന്റെ തല കാണിച്ചു കൊടുക്കാലോന്ന്  .

 ഇവർ രണ്ടുപേരുടെയും ചിന്താഗതി   തന്നെയായിരുന്നു അന്നമ്മ ചേടത്തിക്കുണ്ടായിരുന്നതും   . റിപ്പറു വന്നാ ഇവരുടെ  രണ്ടുപേരുടെ ആരുടെയെങ്കിലും തല കാണിച്ചു കൊടുക്കാം അത് തല്ലി പൊട്ടിക്കുന്നതിനു മുന്നേ തനിക്കിറങ്ങിയോടാം .

റിപ്പറെങ്ങാനും, കള്ള് കുടിക്കാൻ വന്ന് അവിടെ വെച്ച്  തന്റെ തല തല്ലിപ്പൊളിക്കുമോയെന്ന ഭയവും വറീതിനുണ്ടായിരുന്നു. ആയതിനാൽ പരിചയമില്ലാത്ത ആരെങ്കിലും വന്നാ  അവരുടെ അടുത്തേക്ക്  മഹ്‌തോ പോയ ഒഴിവിൽ വന്ന ഗോപീ ചന്ദിനെയാണ്  ആണ്  അയക്കാറ് . 

മാഹോതോയുടെ പോലെ തന്നെ ബംഗാളീന്ന് വന്നതായിരുന്നു ഗോപീ ചന്ദ്.  

ഗോപീ ചന്ദ് വന്ന് രണ്ടു ദിവസം കഴിഞ്ഞതിനു ശേഷാ റിപ്പറിനെ കുറിച്ച് കൂടുതൽ  അറിഞ്ഞത്. 

 ഗോപീ ചന്ദിന്റെ സുഹൃത്ത് പൽവീന്ദർ സിങാ പറഞ്ഞത്. റിപ്പറു കള്ളു കുടിക്കാൻ വരാനുള്ള സാധ്യത ഉണ്ടത്രേ. അതോണ്ട് പരിചയമില്ലാത്ത ആര് വന്നാലും കുറച്ച് നീങ്ങി നിന്നോളാനാ പാൽവീന്ദർ സിങ്, ഗോപീ ചന്ദിന് വാണിങ് കൊടുത്തത് .  

 അത് കേട്ടതോടെ, ഇത് എന്തുകൊണ്ട് എന്നോട് മുൻപ്  പറഞ്ഞില്ലെന്നും ചോദിച്ചു   ഗോപീ ചന്ദ്  ചീറി. അതൊരു പാമ്പ് ചീറ്റുന്നത് പോലെയാ വറീതിന് തോന്നിയത് .  

 അടുത്ത നിമിഷം ആറടിയോളം ഉയരമുള്ള ഒരാൾ വന്ന് കള്ള് ചോദിച്ചതോടെ ഗോപീ ചന്ദിനെ  നിന്ന നില്പിൽ കാണാതാവുകയും ചെയ്തു .

തല തല്ലിപ്പൊട്ടിക്കുന്ന ഏതോ ഒരാൾ ഗ്രാമത്തിൽ വന്നുവെന്ന് കേട്ടതോടെ റോമു കൂട്ടിൽ നിന്നും പുറത്തേക്കെ ഇറങ്ങാതായി .

 മനുഷ്യരുടെ തല കിട്ടിയില്ലെങ്കി നായ്ക്കളുടെ തല തല്ലി പൊട്ടിച്ചെങ്കിലോ  എന്നുള്ള പേടിയായിരുന്നു  അവന് . അയാൾക്ക്  ഏതെങ്കിലും ഒരു തല കിട്ടിയാപ്പോരേ അടിച്ചു പൊട്ടിക്കാൻ ?. വെറുതെ കറങ്ങി നടന്ന്  തന്റെ തല റിപ്പറുടെ ചുറ്റികക്ക് വെച്ച് കൊടുക്കേണ്ട . 

അതീപ്പിന്നെ ആരെക്കണ്ടാലും അവൻ കുരാക്കാതെയായി . വെറുതെ റിപ്പറിനെ നോക്കി കുരച്ചു നീരസം വരുത്തി വെക്കേണ്ടല്ലോ?. ചിലപ്പോ  രാത്രി വന്നിട്ടായിരിക്കും തന്റെ തല തല്ലിപ്പൊട്ടിക്കുന്നത് .

 ഇതൊന്നുമറിയാതെ കറങ്ങി നടന്ന മണികണ്ഠൻ പൂച്ച പാതി വഴിയെത്തിയപ്പോഴാ സംഗതി അറിഞ്ഞതും അലമുറയിട്ടു കരഞ്ഞോണ്ട് വീട്ടിലേക്ക് തിരിച്ചോടിയതും .

ഒരാളും തന്നോടിത്  പറഞ്ഞില്ലല്ലോയെന്ന് അവന് നീരസം തോന്നി നന്ദിയില്ലാത്ത വർഗ്ഗങ്ങൾ   . ചിലപ്പോ താനൊരു പൂച്ചയായതുകൊണ്ടായിരിക്കും എന്നാണ് മണികണ്ഠൻ മനസ്സിൽ പറഞ്ഞത് . പൂച്ചയാണെങ്കിലും തന്റെ തല ..,ഒരു  തല തന്നെയല്ലെന്ന് അവൻ സ്വയം  ചോദിക്കേം ചെയ്തു .

ഇതേ സമയത്തായിരുന്നു തമിഴൻ മുരുകന്റെ അമ്മാവൻ മുത്തുപ്പാണ്ടി അനന്തിരവനെ കാണാൻ അങ്ങ് തഞ്ചാവൂരിന്ന് വന്നത് . പാവം വണ്ടി കിട്ടാൻ താമസിച്ചതുകൊണ്ട് കുറച്ച് ഇരുട്ടിയിട്ടായിരുന്നു കവലയിൽ വന്നിറങ്ങിയത് . 

വറീതിന്റെ കള്ളു ഷാപ്പീന്ന് ക്വോട്ടയും അടിച്ച് നേരം വൈകിയല്ലോ കർത്താവേ ..റിപ്പറിന്റെ മൂന്നിലൊന്നും ചെന്ന്  പെടല്ലെന്ന് സ്വർഗ്ഗസ്ഥനായ പിതാവ്  ചൊല്ലിക്കൊണ്ട് പാഞ്ഞു പോകുകയായിരുന്ന അവറാൻ ചേട്ടൻ, തന്റെ  മുന്നിൽ കൂടി നടന്നുപോകുന്ന പരിചയമില്ലാത്ത മുത്തുപ്പാണ്ടിയുടെ പിന്നാമ്പുറം കണ്ട് അയ്യോ റിപ്പറെന്നും  അലമുറയിട്ടോണ്ട് തിരിഞ്ഞോടി .

അയ്യോ നാട്ടുകാരെ ഓടിവായോ റിപ്പറ് ..,റിപ്പറ് ..,

ഏതോ ഒരുത്തൻ തന്നെ നോക്കി  ഓളിയിട്ടോണ്ടിരിക്കുന്നത് കണ്ട് മുത്തുപ്പാണ്ടിയും  ഞെട്ടി .

നാട്ടുകാർ, റിപ്പറിനെ തടഞ്ഞു വെച്ചിട്ടുണ്ടെന്നും പറഞ്ഞാ, സ്റ്റേഷനിലേക്ക്  ഫോൺ വന്നത്  .

പ്രഷിതൻ സുകുവായിരുന്നു  സ്റ്റേഷനിലോട്ട്  വിളിച്ചു പറഞ്ഞത്. 

 ഇടിയനുണ്ടോ സാറേ  ..?

സാക്ഷാൽ ഇടിയനു  തന്നെയായിരുന്നു ആ ഫോണെടുക്കാൻ ഭാഗ്യമുണ്ടായത്.  

തന്റെ വട്ടപ്പേര്  കേട്ട് ഇടിയൻ ഞെട്ടി, ഫോൺ ഞെട്ടി. ഈ പരട്ട നാട്ടിൽ ആർക്കെടാ ഇത്രേം ധൈര്യം?  തന്നെ കേറി ഇടിയനെന്ന് വിളിക്കാൻ?  .

അതോടെ  ഇടിയന്റെ മുഖം ചുവന്നു, കണ്ണുകൾ ചുവന്നു  , മീശക്ക് ചുവക്കാൻ പറ്റാത്തത് കൊണ്ട്  വിറച്ചു , അവനെ വെടി വെച്ച് കൊല്ലെന്ന് ഇടിയന്റെ മനസ്സ്  പറഞ്ഞു . ഫോണീക്കൂടെ വെടി വെച്ചാ മതിയെന്നും ചോദിച്ച് ഇടിയന്റെ ബുദ്ധി അതിന് മറുവശം വെച്ചു .

ഇടിയന്റെ ഭാവമാറ്റം കണ്ട ദാമു ഉള്ളിൽ  കരഞ്ഞു. ആരോ ഒരാൾ  ഫോൺ വിളിച്ച് പ്രകോപിപ്പിച്ചതിന്  താനിതാ വീണ്ടും ഇടി വാങ്ങാൻ പോണു. 

ഇടിയൻ നിന്റ തന്തയാടാ.., ആ അലർച്ച കേട്ട് അപ്പുറത്തുള്ള  സുകു ഞെട്ടി, സുകുവിന്റെ കൈയ്യിലുള്ള  ഫോൺ ഞെട്ടി  . ഇപ്പുറത്തുള്ള ദാമു ഞെട്ടി , തോമാസേട്ടൻ ഞെട്ടി . അതോടെ ദാമു വീണ്ടും കരഞ്ഞു ഇന്ന് തനിക്ക്  കൂടുതൽ ഇടി കിട്ടും .

എന്ത് അബദ്ധമാ താനീ കാണിച്ചതെന്നാ സുകു ആലോചിച്ചത്?. ഇടിയനെ കേറി ഇടിയനെന്ന് വിളിച്ചേക്കണൂ . അത് വട്ടപ്പേരാണെന്ന്  ഒരു നിമിഷത്തേക്ക് സുകു മറന്നു പോയിരുന്നു .

ആരെടാ റാസ്കൽ നീ .., ഇടിയൻ അലറി . ആ അലർച്ച കേട്ട് പരാതി കൊടുക്കാൻ വന്ന അന്തോണി ജീവനും കൊണ്ടോടി . അന്തോണിയെ ഇന്നലെ വഴിയിൽ വെച്ച് റൗഡി വാസു തല്ലിയിരുന്നു . എന്താ കാരണമെന്ന് അന്തോണിക്കും, വാസുവിനും അറിയില്ലായിരുന്നു. അന്തോണി തന്റെ അന്തിക്കള്ളും മോന്തി ഷാപ്പീന്ന് വരുന്ന വഴിയും, വാസു തന്റെ അന്തിക്കള്ളു മോന്താൻ ഷാപ്പിലേക്ക്  പോകുന്ന വഴിയുമായിരുന്നു ആ  സംഭവം നടന്നത് .

അന്തോണിയെ കണ്ട ഉടനെ വാസു ഒന്ന് പൊട്ടിച്ചു . എന്താ സംഭവന്ന് അന്തോണിക്ക് മനസ്സിലായില്ല രണ്ടു റൗണ്ട് കറങ്ങിത്തിരിഞ്ഞാ അന്തോണി നിന്നത്. അതോടെ ഷാപ്പിലേക്കുള്ള വഴി മറന്ന അന്തോണി കവിളും തിരുമ്മി തിരിഞ്ഞു നടന്നു .

എന്തിനാ എന്നെ തല്ലിയേന്ന  അന്തോണിയുടെ ചോദ്യത്തിന് വെറുതേ എന്നായിരുന്നു വാസു  പറഞ്ഞത്. 

അത് കേട്ട് അന്തോണി അന്തിച്ചു നിന്നു .  

അന്തോണിയെ കണ്ടപ്പോ  വാസുവിന്റെ കൈ വെറുതെ  തരിക്കുകയും തല്ലാൻ തോന്നുകയുമായിരുന്നു.

ഇനീം എന്റെ കൈ തരിക്കുന്നെണ്ടെന്ന് വാസു പറഞ്ഞതോടെ  അന്തോണി ജീവനും കൊണ്ടോടി .

കുറച്ചു ദൂരം ഓടിക്കഴിഞ്ഞപ്പോഴാ  അന്തോണിയുടെ രക്തം തിളച്ചത് . പാവം രക്തത്തിന് അപ്പോഴാ മനസ്സിലായത് തല്ലു കിട്ടിയെന്നുള്ളത്  . അതോടെ ഷാപ്പിൽ പോയി രണ്ടു കുപ്പി അടിച്ച് വാസുവിനിട്ട് ഒന്ന്   പൊട്ടിക്കാൻ അന്തോണിയുടെ മനസ്സ് അന്തോണിയെ പ്രേരിപ്പിച്ചെങ്കിലും ബുദ്ധി പറഞ്ഞത് മറ്റൊന്നായിരുന്നു .

വറീതിന്റെ അടുത്ത് പോയി  വാറ്റടിച്ചാ കൂടുതൽ ധൈര്യം കിട്ടുമെന്നും,  കൂടുതൽ തല്ലാമെന്നും.

 അതോടെ വാറ്റടിച്ച് ഷാപ്പിലേക്ക് പാഞ്ഞ അന്തോണി, വാസുവിനെ കണ്ടതോടെ വാറ്റിന്റെ കിക്കിറങ്ങുകയും വന്ന കാര്യം മറക്കുകയും  ചെയ്തു . 

 ചാരായത്തിന്റെ പുറത്ത് ആവേശത്തിന്  വാസുവിനെ  തല്ലാൻ പോയി അവസാനം താൻ  ഇടിപ്പെരുന്നാൾ തന്നെ വാങ്ങി വെക്കുമോന്ന്  അന്തോണിക്ക്   തോന്നുകയും അതോടെ വാസൂനെ നോക്കി ചിരിച്ച്  രണ്ടു കുപ്പി  കള്ളും വാസുവിന്  വാങ്ങിക്കൊടുത്താ അന്തോണി  തിരിയെ പോന്നത് .

ഈ പ്രിക്രിയ കണ്ട്  വാസു അന്തം വിട്ടു നിന്നു. ഈ പൊങ്ങനെ തല്ലിയാ കള്ള് വാങ്ങിത്തരുമെന്നുള്ളത് വാസുവിന് പുതിയൊരു  അറിവായിരുന്നു. അതോടെ വീണ്ടും പോയി തല്ലിയാലോ എന്നായിരുന്നു വാസു ആലോചിച്ചത്. 

 കള്ളു വാങ്ങിത്തന്നവനെ  ഇപ്പോതന്നെ പോയി  തല്ലുന്നത് തന്റെ എത്തിക്സിന് എതിരാണ് എന്നുള്ളത് കൊണ്ടും ഇനി കള്ളു കുടിച്ചാ വയറു പൊട്ടുമെന്നുള്ളതുകൊണ്ടും മാത്രാ  വാസു ക്ഷമിച്ചത് .

ഇന്നേക്ക് ഇത്രേം  മതി ഇനി നാളേം തല്ലാലോയെന്നായിരുന്നു വാസു സ്വയം പറഞ്ഞത് .

വീട്ടിൽ എത്തിയതോടെ അന്തോണിയുടെ രോഷം വീണ്ടും ആളിക്കത്തി.  അതോടെയാ അന്തോണി സ്വയം   ആലോചിച്ചത്. അല്ല എന്തിനാ താൻ പോയത്?. തന്നെ തല്ലിയ വാസുവിന് എന്തിനാ താൻ കള്ളു വാങ്ങിക്കൊടുത്തത്?. എന്നാലിതിനൊന്നും  അന്തോണിക്ക് ഒരു ഉത്തരവുമുണ്ടായിരുന്നില്ല.

ഒരു കരണത്തടിച്ചവന് മറു കരണം കാണിച്ചു കൊടുക്കാനാ കർത്താവ് പറഞ്ഞേക്കണതെന്നും പറഞ്ഞ് അന്തോണി സ്വയം ആശ്വസിച്ചുകൊണ്ട് കർത്താവിന്റെ രൂപം നോക്കി നിന്നു .

ഇവനെന്ത് പൊട്ടനാണെന്നായിരുന്നു കർത്താവ് ചിന്തിച്ചത് . 

 ഇതിനിടയിൽ വീണ്ടും പോയി  വാറ്റ് അടിച്ച്  വാസുവിനെ തല്ലിയാലോയെന്ന്  അന്തോണിയുടെ മനസ്സ് അന്തോണിയെ പ്രേരിപ്പിച്ചെങ്കിലും അന്തോണി കണ്ണും പൂട്ടി അവിവേകം കാണിക്കാൻ തോന്നിക്കല്ലേയെന്ന് കർത്താവിനോട് പ്രാർത്ഥിച്ചു കിടന്നു . 

ഇടിയന്റെയാ  അലർച്ച കേട്ടതോടെ പേടിച്ച സുകു  പേര് മാറ്റിപ്പറഞ്ഞു. 

തന്റെ പേര് പറഞ്ഞാലുള്ള അപകടം മണത്ത സുകു തൊട്ടപ്പുറത്ത് നിന്ന ഗൾഫ് കാരൻ   ഭാസ്കരേട്ടനെ കണ്ടതോടെ  ഞാൻ ഭാസ്കരനാ  സാറേ ന്നും പറഞ്ഞ് സുകു വിക്കി .

 ഇവനെന്തിനാ   തന്റെ പേര് വിളിച്ചു കൂവിയതെന്നാ ഭാസ്കരേട്ടൻ     ആലോചിച്ചത് സുകുവിനോടത്  ചോദിക്കേം ചെയ്തു .

 ഭാസ്കരേട്ടന്റെ പേര് പറഞ്ഞാ ഇടിയന് അറിയുമല്ലൊന്നാ കരുതിയിട്ടാന്നാ   സുകു തട്ടിവിട്ടത്, അത് ഭാസ്കരേട്ടന് നന്നായി സുഖിക്കേം ചെയ്തു . 

താൻ ഇത്രയും പ്രശസ്തനാണോയെന്നായിരുന്നു  ഭാസ്കരേട്ടൻ ചിന്തിച്ചത്  .  താനൊരു  ഗൾഫ്കാരനല്ലേ അതുകൊണ്ടായിരിക്കുമെന്ന്  ഭാസ്കരേട്ടൻ സ്വയം പറഞ്ഞ് അഭിമാനിക്കേം ചെയ്തു. ആ  സ്വയം പുകഴ്ത്തലിൽ  ഭാസ്കരേട്ടൻ ഒന്നു കൂടി  പൊങ്ങി .

ഹലോ... ഹലോ ന്നുള്ള ഇടിയന്റെ തുടർച്ചയായ  അലർച്ചകൾ  കേട്ടാ പാക്കരൻ ചേട്ടൻ ചെന്ന്  ഫോണെടുത്തത് 

ആരെടാ റാസ്കൽ നീ?

 ഇടിയന്റെ അലർച്ച കേട്ടതോടെ , ആരെടാ റാസ്കൽ നീയെന്ന് പാക്കരൻ ചേട്ടൻ   തിരിച്ചലറി. തന്റെ ഫോണിൽ ഏതോ  ഒരുത്തൻ വന്ന് തെറി വിളിക്കുന്നോ അതായിരുന്നു പാക്കരൻ ചേട്ടനെ കൂടുതൽ പ്രകോപിപ്പിച്ചത്.  

ഇടിയൻ പെട്ടെന്നൊന്ന്  പതറിയെങ്കിലും ഞാൻ ഇടിയനാടാ റാസ്‌ക്കലെന്ന്  തിരിച്ചലറി.

 പറഞ്ഞു കഴിഞ്ഞതോടെയാ  താൻ, തന്റെ തന്നെ  വട്ടപ്പേരാ വിളിച്ചു കൂവിയതെന്ന് ഇടിയൻ ഓർത്തത് .

വെള്ളിടി പോലെയായിരുന്നു പാക്കരൻ ചേട്ടനത്  കേട്ടത്.

 കർത്താവേ ഇടിയനെയാണോ താൻ റാസ്കലെന്ന്  വിളിച്ചത്? .

 യൂ ബ്ലഡി ..ഇഡിയറ്റ് ഐ വിൽ കിൽ യു.

 വായിൽ തോന്നിയതെല്ലാം ഇടിയൻ  വിളിച്ചു കൂവി. പക്ഷെ പാക്കരൻ ചേട്ടനതൊന്നും  കേട്ടില്ല. പാതി ചത്തു കഴിഞ്ഞതു പോലെയായിരുന്നു   പാക്കരൻ ചേട്ടൻ വിറച്ചോണ്ട്  നിന്നത് . 

കിൽ എന്നു കൂടി കേട്ടതോടെ പാക്കരൻ ചേട്ടന്റെ വലിവ് ഒന്ന്  കൂടി. 

ഇടിയന് , കിൽ ചെയ്യാനൊന്നും താനുണ്ടാവില്ലെന്നായിരുന്നു പാക്കരൻ ചേട്ടന്റെ ചിന്ത . വെറുതേ ഒന്ന് നോക്കിയാ മാത്രം  മതി താൻ വീണു ചാവും . 

നോ കിൽ, എന്ന് പറയാൻ പാക്കരൻ ചേട്ടൻ ആത്മാർത്ഥമായി  ആഗ്രഹിച്ചെങ്കിലും വലിവ് സമ്മതിച്ചില്ല. അതോടെ നോ കിൽ എന്നുള്ളത് ഒരു വിസിലായിട്ടാണ് പാക്കരൻ ചേട്ടന്റെ വലിവ് പുറത്തേക്ക് വിട്ടത് .

യു ബ്ലഡി  റാസ്കൽ, തോന്നിവാസം പറഞ്ഞതും പോരാ നിന്ന്  വിസിലടിക്കുന്നോ ? പേര് പറയെടാ നാറി ഇടിയൻ വീണ്ടും അലറി. 

ഇടിയന്റെ കോപം പാരമത്യത്തിൽ എത്തിയതോടെ ദാമു നിന്ന്  വിറച്ചു . കിൽ എന്നുള്ളത് തന്നെ ഉദ്ദേശിച്ചായിരിക്കുമോന്ന് പോലും   ദാമുവിന് സംശയം  തോന്നി. അതോടെ ദാമു വീണ്ടും കരഞ്ഞു . 

പേടിച്ച ദാമു ഒളിക്കാനായി, ഇരിക്കാനിട്ടിരിക്കുന്ന   സ്റ്റൂളിനുള്ളിലേക്ക്  കേറാൻ നോക്കിയെങ്കിലും പറ്റിയില്ല . എന്നിട്ടും ദാമു അതിനുള്ളിൽ കൂനിക്കൂടിയിരുന്നു .

ഇതിനിടയിൽ വീണ്ടും അകത്തേക്ക് വന്ന തോമാസേട്ടൻ, ഇടിയന്റെ  ആ അലർച്ച കേട്ടതോടെ വന്ന വഴിയേ  പുറത്തേക്കോടി  .

പേര് പറയടാ റാസ്കൽ?.

 ഇടിയന്റെ കൈക്കുള്ളിലിരുന്ന് ഫോൺ ഞെരുങ്ങി . അതോടെ പാക്കരൻ ചേട്ടൻ ഒന്നും  മിണ്ടാതെ തൊട്ടടുത്തു നിന്ന ഭാസ്കരേട്ടന് ഫോൺ കൈമാറി.  

തന്നെ ഇടിയൻ വിളിച്ച സന്തോഷത്തിലായിരുന്നു  ഭാസ്കരേട്ടൻ ഫോണെടുത്ത് ഹലോ സാർ ഐ ആം ഭാസ്കരൻ ഹിയർ എന്ന്  തട്ടിവിട്ടത്. 

നീ ഏത്  മൈ ..,ത്താണ്ടിയാടാ റാസ്‌ക്കൽ പിന്നീട് വന്ന കൂറ്റൻ തെറികൾ  കേട്ട് ഭാസ്കരേട്ടന്റെ ചെവിട് അടിച്ചു പോയി, കണ്ണു തുറിച്ചു, നിന്നെ ഞാനിന്ന് കൊല്ലുമെടാ പട്ടി കുശവ. 

ദേഷ്യം കൊണ്ട്  ഇടിയൻ നിന്ന് വിറച്ചു. 

അത് കേട്ട് ഭാസ്കരേട്ടൻ വിക്കി ..എ ...ന്തിന് ..?

യു റാസ്കൽ പോലീസുകാരാടാണോ കളി ?

എന്ത് കളി ? അതുകേട്ട്  ഭാസ്കരേട്ടൻ അന്തം വിട്ട് നിന്നു. ഇടിയന്റെ അടുത്ത് താൻ എന്ത് കളി കളിച്ചു ?നാട്ടുകാരുടെ ഒപ്പം റമ്മി കളിക്കാറുണ്ട് . ഇനി ഇടിയനെ റമ്മി  കളിക്കാൻ വിളിക്കാത്തതിനാവോ ഈ കോപം? 

സാറേ സാറ് വന്നോ നമുക്ക് റമ്മി കളിക്കാം. 

അത് കേട്ട് ഇടിയാൻ അന്തിച്ചു നിന്നു ഈ മര  മാക്രി എന്തൊക്കെയാണ്  വിളിച്ചു പറയണത്? റമ്മി കളിക്കാനോ ഇവനിനി വല്ല  പൊട്ടനെങ്ങാനുമാണോ?. 

ആ പരട്ട  ഇപ്പൊ  തന്റെ മുന്നിലുണ്ടായിരുന്നെങ്കിൽ  ഒറ്റ വെടിക്ക് തീർത്തേനെയെന്നാ ഇടിയൻ മനസ്സിൽ പറഞ്ഞത് . ആ ദേഷ്യത്തിൽ  മേശയിൽ ഒറ്റ ഇടിയായിരുന്നു.

 അതിന്റെ പ്രകമ്പനത്തിൽ  സ്റ്റേഷൻ മൊത്തം  കുലുങ്ങി,  ശബ്ദം കേട്ട ദാമു ട്രൗസറിൽ മുള്ളി .

ഒളിച്ചു നിന്ന് ഇതെല്ലാം നോക്കികണ്ടോണ്ടിരുന്ന  തോമാസേട്ടൻ ഞെട്ടിക്കൊണ്ട് തല പുറകിലോട്ട് വലിച്ചതോടെ പുറകിൽ നിന്ന് വിറച്ചോണ്ടിരുന്ന ഡ്രൈവർ പുഷ്ക്കുവിന്റെ തലയിൽ ഇടിക്കുകയും  പുഷ്കു അയ്യോന്ന്  ഓളിയിടുകയും ചെയ്തു.  

യു കിൽ ഇടിയൻ വീണ്ടും അലറി. 

സംഗതി പന്തികേടാണെന്ന് മനസ്സിലായതോടെ ഭാസ്കരേട്ടൻ ഫോൺ  മെമ്പറ്  സുകേശന് കൊടുത്തോണ്ട് ഒന്നുമറിയാത്ത പോലെ നിന്നു . ഇത്  സുകു തന്നെ പണിയാണെന്ന് ഭാസ്കരേട്ടന് ബോധ്യമാവുകയും ചെയ്തു .

 സത്യം പറഞ്ഞോ റാസ്കൽ  ഇല്ലെങ്കി നിന്നെ ഞാൻ അവിടെ വന്ന് പൊക്കും സ്റ്റേഷനിൽ  വിളിച്ച് കളിക്കുന്നോ  ?.

എന്തോ പ്രശനമുണ്ടെന്ന്  മനസ്സിലായതോടെ സുകേശൻ  ഫോൺ പാക്കരൻ ചേട്ടന്  കൊടുക്കാൻ ശ്രമിച്ചെങ്കിലും.  പാക്കരൻ ചേട്ടൻ നിന്ന് വിറക്കുന്ന കണ്ടതോടെ തിരിയെ വാങ്ങി.

 പാവം വിറച്ചു വിറച്ചു അവിടെ തന്നെ  വീണ് ചാവുമോന്നായിരുന്നു സുകേശന്  സംശയം  തോന്നിയത് .

സാറേ ഞാൻ മെമ്പറാണ് .

എന്റെ മെമ്പറെ, ആ റാസ്കൽ എവിടെ ? ഇങ്ങനെയാണോ പോലീസ് സ്റേഷനിലേക്ക് വിളിച്ച് സംസാരിക്കാ ?. 

എന്റെ  സാറേ അതീ  പാ...ന്ന് പറയുന്നതിന് മുന്നേ പാക്കരൻ ചേട്ടൻ കേറി സുകേശന്റെ വാ പൊത്തി .

എന്റെ സാറേ ആരാണെന്ന് അറിയില്ല ഇവിടെ കണ്ടട്ടില്ല ആളറിയാതെ പറഞ്ഞതായിരിക്കും .

പാക്കരൻ ചേട്ടനെ കൊലക്ക് കൊടുക്കേണ്ടന്നു കരുതിയാ സുകേശനങ്ങനെ പറഞ്ഞത്.

ആളറിയാതെയാണോ അവൻ സ്റ്റേഷനിലോട്ട്  വിളിച്ചത് ?.

ആരാടോ ഈ ഭാസ്കരൻ ?

ഗൾഫീന്ന് വന്നതാ സാറേ. 

വീണ്ടും  തന്റെ പേര് പരാമർശിക്കുന്നത് കേട്ട ഭാസ്കരേട്ടൻ കാത് കൂർപ്പിച്ചു . 

എന്റെ സാറേ,  ഞങ്ങളിവിടെ  റിപ്പറെ പിടിച്ചു വെച്ചിട്ടുണ്ട് അത് പറയാൻ വേണ്ടി വിളിച്ചതായിരിക്കും സാറൊന്ന് വേഗം വായോ. 

ഫോൺ വെച്ച സുകേശൻ , ഭാസ്കരേട്ടനെ നോക്കി പറഞ്ഞു  .

 എന്റെ പൊന്ന് ചേട്ടാ ഇവിടന്ന്   വേഗം പൊക്കോ ഇല്ലെങ്കി അയാള് നിങ്ങളെ ഉരുട്ടികൊല്ലും.

  ഞെട്ടിക്കൊണ്ടാ ഭാസ്കരേട്ടൻ  ചോദിച്ചത്  എന്തിന് ?.

സുകേശൻ ഉത്തരം പറയാതായതോടെ  ഭാസ്കരേട്ടൻ വീണ്ടും ചോദിച്ചു.

എന്തിന് ?. 

എന്റെ ചേട്ടാ നിങ്ങളയാളെ ഇടിയനെന്ന് വിളിച്ചോ ?

എപ്പോ ? അത് കേട്ട് ഭാസ്കരേട്ടൻ കൈ മലർത്തി. 

എനിക്കറിയില്ല .

ഇപ്പൊ ഭാസ്കരേട്ടന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. ആരോ ചെയ്ത തെറ്റിന് തനിക്കാണ് ഇടി കിട്ടാൻ പോണത്  . ഒരു ആവേശത്തിന് ഇടിയനെ റമ്മി കളിക്കാൻ കൂടി വിളിച്ചു അതിനു വേറെ ഇടി കിട്ടും.  

ഞാനങ്ങനെ  പറഞ്ഞിട്ടില്ല, ഭാസ്കരേട്ടൻ വിക്കിക്കൊണ്ടാ പറഞ്ഞത്.  

അതോടെ ഭാസ്കരേട്ടൻ ജീവനും കൊണ്ട് പാഞ്ഞു . ഒരു മാസത്തെ ലീവിൽ വന്ന ഭാസ്കരേട്ടൻ ഒരാഴ്ചക്കുള്ളിൽ തന്നെ ഗൾഫിലോട്ട്  തിരിച്ചു പോയി. ഭാര്യ ശാരദേടത്തിയോട് പറഞ്ഞത് അറബിക്ക് തന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞതുകൊണ്ടാ തിരിച്ചു പോകുന്നതെന്നാ.

ഇടിയനെ പേടിച്ചിട്ട്  പോണതാണെന്ന് ഭാര്യയറിഞ്ഞാ  നാണക്കേടാവുമല്ലോ എന്നോർത്തിട്ടാണ് ഭാസ്കരേട്ടൻ അത് മറച്ചു വെച്ചത് . 

റിപ്പറെന്ന് കേട്ട്  ആദ്യം ഉള്ള്  കിടുങ്ങിയെങ്കിലും  നാട്ടുകാരും കൂടെയുണ്ടല്ലോയെന്നുള്ള  ധൈര്യത്തിലായിരുന്നു ഇടിയനും, തോമാസേട്ടനും  പാഞ്ഞു വന്നത് .

ദാമു അപ്പോഴും സ്റ്റൂളിന്റെ അടിയിൽ  പ്രാർത്ഥിച്ചു കൊണ്ടിരിക്കായിരുന്നു.

ഏതായാലും ദാമുവിന്റെയാ  പ്രാർത്ഥന ദൈവം കേട്ടു. 

 ഇടിയൻ തന്റെ തോക്കെടുത്ത്  അരയിൽ തിരുകി. 

തോക്കില്ലാത്ത കാരണം കറിക്കരിയണ  ഒരു പിച്ചാത്തിയെടുത്ത് തോമാസേട്ടനും  അരയിൽ തിരുകി .

എന്തിനാടോ പിച്ചാത്തി ?.

അവനെ ഞാനിന്ന് കുത്തിക്കൊല്ലുമെന്നും പറഞ്ഞ് തോമാസേട്ടൻ ചീറി  . അത്  വല്ലാത്തൊരു ചീറൽ പോലെയാണ് ഇടിയന് തോന്നിയത് . ഒന്ന് ഞെട്ടിയ ഇടിയൻ   കുറച്ച് നീങ്ങി നിന്നു.  ഇവനിനി  വല്ല റൗഡിയെങ്ങാനുമായിരുന്നോന്ന്   അതോടൊപ്പമൊരു സംശയം തോന്നുകയും ചെയ്തു . 

പാവം മുത്തുപ്പാണ്ടി ആകെ അന്തം വിട്ട്  നാട്ടുകാർക്ക് നടുവിൽ നിന്ന്  തമിഴിലെന്തൊക്കെയോ വിളിച്ചു പറഞ്ഞു  കരയുന്നുണ്ട്  . 

നാട്ടുകാർ റിപ്പർ... റിപ്പർ ന്ന് ആക്രോശിച്ചുകൊണ്ടിരിക്കുന്നു  .

 താനെന്തോ റിപ്പയർ ചെയ്യാത്തതിനാണ് നാട്ടുകാർ തന്നെ തടഞ്ഞു വെച്ചിരിക്കുന്നതെന്നാ  ആ പാവം കരുതിയത് ..,മാടിനെ മേക്കണ  താനെന്തു റിപ്പയർ ചെയ്യാൻ ? ഇനി മാടുവേ  റിപ്പയർ പണ്ണ മുടിയുമാ  കടവുളേ ?.

എന്തോ മുത്തുപ്പാണ്ടിയുടെയാ സന്ദേഹം  കടവുള് തീർത്തു കൊടുത്തില്ല .

മുത്തുപ്പാണ്ടിയുടെ തമിഴ് മൊഴി  നാട്ടുകാർക്ക് അജ്ഞാതമായതുകൊണ്ട് ആർക്കുമൊന്നും  മനസ്സിലായതുമില്ല. 

പോരാത്തതിന് മുറുക്ക്  ഒരു വീക്ക്നെസ്സായി കൊണ്ട് നടക്കുന്ന മുത്തുപ്പാണ്ടിയുടെ  സഞ്ചിക്കുള്ളിൽ നിന്നും  അടക്കാ തല്ലി  പൊട്ടിക്കുന്ന ഒരു കുഞ്ഞു ചിറ്റികയും കൂടി  കിട്ടിയതോടെ ഇവൻ തന്നെ റിപ്പറെന്ന് നാട്ടുകാർ ഉറപ്പിക്കുകയും ചെയ്തു . 

എടാ കള്ള മാക്രി ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളുടെ തല തല്ലിപ്പൊട്ടിക്കാൻ നോക്കാണോ കഴുവേറിടെ  മോനേന്നും വിളിച്ചോണ്ട്  പ്രേഷിതൻ സുകു ഓടിച്ചെന്ന് മുത്തുപ്പാണ്ടിയുടെ മുഖത്തൊന്ന് പൊട്ടിച്ചു.

അതോടെ മുത്തുപ്പാണ്ടി തമിഴിൽ അലറി.. പൈത്യക്കാരാ ഏതുക്കെടാ എന്നെ അടിക്കറേ   ഞാൻ എന്നെടാ റിപ്പയർ പണ്ണിയത് ?.

സുകു അടിക്കുന്ന കണ്ടതോടെ പാക്കരൻ ചേട്ടന്റെ കൈ തരിച്ചെങ്കിലും പാക്കരൻ ചേട്ടന്റെ ബുദ്ധി കേറി  വട്ടം പിടിച്ചു .ചിലപ്പോ താൻ ചെല്ലുമ്പോഴായിരിക്കും മുത്തുപ്പാണ്ടി ഒരു കീറു വെച്ചു തരുക അതോടെ തന്റെ കാറ്റാവും  പോവാ. ആളെ കണ്ടാ തന്നെ ഒരു ഭീമസേനന്റെ പോലെയുണ്ട്. 

ഏതായാലും ആ  ചുരുട്ടിയ  മുഷ്ടി കൊണ്ട് പാക്കരൻ ചേട്ടൻ വായുവിലൊരു  ഇടി ഇടിച്ച്  ദേഷ്യവും ആശയും  തീർത്തു . ഇതും നോക്കി നിന്ന  അന്നമ്മ ചേടത്തി കഷ്ടം വെച്ചു.

ആരോ പറഞ്ഞറിഞ്ഞാ മുരുകൻ  ഓടി  വരുകയും, നാട്ടുകാരെ സത്യം  പറഞ്ഞു  മനസ്സിലാക്കിക്കുകയും  ചെയ്തത് . 

സംഗതി ആള് മാറിപ്പോയെന്നറിഞ്ഞതോടെ  അവറാൻ ചേട്ടൻ മുങ്ങി . 

പാവം മുത്തുപ്പാണ്ടി വാവിട്ടു  കരഞ്ഞോണ്ട്  അന്നു തന്നെ തഞ്ചാവൂരിലേക്ക്  തിരിയെ പോയി   . ആ പാവം വല്ലാതെ പേടിച്ചു പോയിരുന്നു .

ഇന്ത പൈത്യക്കാർ  ഊരുക്കു  ഞാനിനി വരമാട്ടെ ആണ്ടാവാന്നും   ശൊല്ലിക്കൊണ്ടാ മുത്തുപ്പാണ്ടി  പോയത് .

ഏതാണ്ട്  താൻ വിളിച്ച കാരണമാ  മുത്തുപ്പാണ്ടി വന്നതെന്നു പോലുള്ള  പരിദേവനം കേട്ട് ആണ്ടവനും മൂക്കത്ത് വിരൽ വെച്ചു .

പോകുന്ന പൊക്കിൽ തന്നെ ഇങ്ങോട്ട് ക്ഷണിച്ച അനന്തരവൻ  മുരുകനിട്ട്  രണ്ടു പൊട്ടിച്ചിട്ടാ കൂടിയാ മുത്തുപ്പാണ്ടി  വണ്ടി കയറിയത് .

ഡേയ്  പൊറുക്കി നായെ ഉന്നൈ അന്ത  ഊരു പക്കം പാത്തെ   കൊല പണ്ണിടുവേ തിരുട്ടു മുണ്ടം.

മാമാ എന്നുടെ തിരുമണം എന്നാച്ച് ?...

തിരുമണം ...,ഡേയ്... ഡേയ്... അതിനു  പുറകെ വന്ന കൂറ്റൻ തമിഴ്  തെറികൾ  കേട്ട് മുരുകന്റെ ചെവിട്  അടിച്ചു പോയി .

മുത്തുപ്പാണ്ടി പൊണ്ണ്  ,  ശെന്തമിഴെ മുരുകന് തിരുമണം ചെയ്തു കൊടുക്കാമെന്ന് പേശിയിട്ടുണ്ടായിരുന്നതാ, അതാ മുരുകൻ ചോദിച്ചത്. 

 ചുമ്മാ ഏതോ ഊരുക്ക്  കൂപ്പിട്ടു  റിപ്പറോ .., ഏതോ മൈ .. എന്നെല്ലാമോ പേശി പൈത്യക്കാർ മാതിരി ഉങ്ക അപ്പാവുക്ക്   ഒത വാങ്ങിത്തന്ത  അന്ത നായ് പേര് ഇങ്കെ ശൊന്നാ ഉന്നൈയും ഞാൻ കൊല പണ്ണിടുവേയെന്നും ശൊല്ലി, ശെന്തമിഴേം മുത്തുപ്പാണ്ടി വിരട്ടി വിട്ടു .

ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു, റിപ്പറെക്കുറിച്ചുള്ള പേടി ഒരു വാൾത്തല പോലെ ഗ്രാമത്തിനു മുകളിൽ തൂങ്ങിക്കിടന്നു .  

ഇതിനിടയിലും   റിപ്പറെ   അവിടെക്കണ്ടു, ഇവിടെക്കണ്ടുവെന്നുള്ള  കിംവദന്തികളും അടിക്കടി  ഉയർന്നു വന്നു  കൊണ്ടിരുന്നു .

ആക്രി പെറുക്കാൻ വന്ന തമിഴൻ ശെന്തിലിനെ റിപ്പറാണെന്നും പറഞ്ഞോണ്ട് നാടു മുഴുവൻ , നാട്ടുകാരിട്ട്   ഓടിച്ചു .

അവസാനം കുളത്തിലേക്ക് ചാടി  മുങ്ങിക്കിടന്നാ സെന്തില് രക്ഷപ്പെട്ടത് .

ഒരു ദിവസം രാത്രി  മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങിയ മെമ്പറു സുകേശൻ മുറ്റത്ത് ഒരാളെക്കണ്ട് അയ്യോ റിപ്പറെന്നും അലറിക്കൊണ്ട് ബോധം കെട്ടു വീണു .

സുകേശന്റ അച്ഛൻ രമണനായിരുന്നുവത് . രാത്രി മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങിയതായിരുന്നു  രമണനും. പേടിച്ചു വിറച്ചായിരുന്നു രമണനും  പുറത്തേക്കിറങ്ങിയത് . സുകേശന്റെ അലർച്ച കേട്ടു ഞെട്ടിയ രമണനും ബോധം കെട്ട് വീണു . സുകേശന്റെ  അയൽക്കാരൻ സുധാകരൻ  അടുത്ത വീട്ടിലെ അലർച്ചകൾ  കേട്ട്, അവിടെ റിപ്പറു തലകൾ  തല്ലിപ്പൊട്ടിക്കാണെന്നും കരുതി ഇവിടെ  ബോധം കെട്ട് വീണു. സുകേശന്റെ വീട്ടിലെ തല  പൊട്ടിക്കലുകൾ  കഴിഞ്ഞ് തന്റെ തലയാവും പൊട്ടിക്കായെന്നുള്ള   പേടയിലായിരുന്നുവത് .

അങ്ങനെ റിപ്പറിനെ ചൊല്ലി നാട്ടുകാരുടെ  ബോധം കെടലുകൾ പതിവായി മാറിക്കഴിഞ്ഞിരുന്നു. 

ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും ശക്തനും,  ജിമ്മനുമായ ,  ജിമ്മൻ കുമാറ് ഈ  റിപ്പറെ ഞാൻ പിടിക്കുമെന്നും പറഞ്ഞ് വലിയൊരു ഡംബലുമായി രാത്രീ കാവലിരുന്നു  . 

പിറ്റേ ദിവസം നാട്ടുകാർ ചെന്ന് നോക്കുമ്പോ ഡംബലു മാത്രമുണ്ട് കുമാറിനെ കാണാനില്ല .., 

അയ്യോ കുമാറിനെ കൊന്നു വെന്ന് അലമുറയിട്ടൊണ്ട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വളം കച്ചവടക്കാരൻ  പീതാംബരേട്ടന്റെ  പശുത്തൊഴുത്തിൽ ബോധം കെട്ടു കിടക്കുന്ന കുമാറിനെ കണ്ടത് .

നിലാവിൽ, വാഴയുടെ നിഴലു കണ്ട് അത് റിപ്പറാണെന്ന് തെറ്റിദ്ധരിക്കുകയും ഡംബലുമിട്ട്, ജീവനും കൊണ്ട് കുമാറ്  ഓടുകയുമായിരുന്നു .

 ഒരു രക്ഷക്കായിട്ട് വീടെന്നും കരുതി പീതാംബരേട്ടന്റെ  പശുത്തൊഴുത്തിലേക്കായിരുന്നു ആ പാവം  ഓടിക്കയറിയത് .

 പശുവിന്റെ കാൽക്കീഴിൽ ഒളിച്ചിരുന്ന കുമാറിനെ എന്തോ മോഷ്ട്ടിക്കാൻ വന്നതെന്നും  കരുതി പശു ഒരു തൊഴി കൊടുക്കുകയും കുമാറ് ബോധം കെട്ട് വീഴുകയുമായിരുന്നു .

ഒരാഴ്ചയോളം കുമാറ്, ജിമ്മ് തുറന്നില്ല. പനിയാണെന്നായിരുന്നു  എല്ലാവരോടും പറഞ്ഞത്. പക്ഷെ കുമാറ് പശുത്തൊഴുത്തിൽ കേറി പേടിച്ച് തൂറി പശുത്തൊഴുത്ത് നാശമാക്കിയത്   നാട്ടിലൊക്കെ പാട്ടായിരുന്നു .

 ഇതിനിടയിൽ  രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങുന്നവരെയാണ്  റിപ്പറു നോട്ടമിടുന്നതെന്ന കിംവദന്തി പരന്നതോടെ ആളുകൾ മൂത്രമൊഴിക്കാൻ പോലും പുറത്തേക്കിറങ്ങാതായി .

ഇടിയ്ക്കിടക്ക് മൂത്രമൊഴിക്കുന്ന  സംശയമുള്ള പലചരക്ക് കടക്കാരൻ സുപ്രുവിന് അതോടെ  മൂത്ര ശങ്ക അധികരിച്ചു. പോംവഴിയായി സുപ്രു  പുറത്തേക്കിറങ്ങാതെ അകത്തുനിന്നും ജനൽ വഴി ആ കൃത്യം നടത്തിക്കൊണ്ടായിരുന്നു   തന്റെയാ  ബുദ്ധിമുട്ടിനെ  മറികടന്നത്  . എങ്കിലും  പേടിച്ചു വിറച്ചോണ്ടായിരുന്നു  സുപ്രുവാ  കൃത്യം നടത്തിക്കൊണ്ടിരുന്നത്  . 

തന്റെ തല കിട്ടിയില്ലെങ്കി ജനലിക്കൂടി കൈയ്യിട്ട് തന്റെ തലയേക്കാൾ വിലപിടിപ്പുള്ളത് തല്ലിപ്പൊട്ടിക്കുമോയെന്ന ഭീതിയും ഇതിനിടയിൽ  ഉടലെടുത്തതോടെ സുപ്രു  തന്റെ മൂത്രമൊഴിക്കൽ പരിപാടി കോളാമ്പിയിലേക്ക് മാറ്റി . 

റിപ്പറിന്റെ ശല്യം പൊറുതി മുട്ടിയതോടെ പോലീസ് സ്റ്റേഷനിലേക്ക് ദിനവും  പരാതികളുടെ  പ്രളയമാവുകയും ഇടിയന് ഇരിക്കപ്പൊറുതിയില്ലാതാവുകയും   ചെയ്തു   . 

എസ് പി ഓഫീസിൽ നിന്നുമാണെങ്കിൽ  വിളിയോട് വിളി ..,

 എന്തായി റിപ്പറിനെ  കണ്ടോ ? റിപ്പറിനെ പിടിച്ചോ എന്നെല്ലാം  ചോദിച്ച് . 

ഫോൺ വെച്ച് കഴിഞ്ഞാ ഇടിയൻ, എസ് പി യെ തെറി വിളിക്കും . 

ഇയാൾക്കെന്താ വട്ടാണോ?  റിപ്പറെ പിടിക്ക് റിപ്പറെ പിടിക്കെന്നും പറഞ്ഞ് അലമുറയിട്ടുണ്ടിരുന്നാ എങ്ങിനെ പിടിക്കാനാണ് ?. റിപ്പറിനു പകരം ചുറ്റികയുമായി നടക്കുന്ന ആരെയെങ്കിലും പിടിച്ചാ മതിയോ ?. അതോ  റിപ്പറെന്താ എന്നെ പിടിച്ചോളാൻ പറഞ്ഞ് ചുറ്റികയും തോളിൽ വെച്ച് മുന്നിൽ വന്ന്  നിക്കോ  ? ഇയാളെന്തൊരു യൂസ്‌ലെസ്സ് ആണെന്നാ  ഇടിയൻ  തോമാസേട്ടനോട് ചോദിച്ചത്  .

ഈ  പണ്ടാരം ഇവിടെ ഇരിക്കണ കാരണല്ലേ അയാൾ വിളിക്കുന്നതെന്നും ചോദിച്ച് നിരപരാധിയായ ആ ഫോണെടുത്ത് ഇടിയനൊരേറു വെച്ചു കൊടുത്തു . ആ പാവം ചുവരിൽ പോയി ഇടിച്ചു വീണ് ഇടിയനെ നോക്കിക്കിടന്നു .

അപ്പോഴാണ് ഇടിയന് ആ സത്യം ഓർമ്മയിൽ തെളിഞ്ഞത്, ഭാര്യ രാധാമണി വിളിക്കാൻ പറഞ്ഞിരുന്ന കാര്യം അതോടെ ഇടിയൻ ഞെട്ടുകയും ഫോണിനടുത്തേക്ക് ഓടുകയും  ചെയ്തു .

അവളെ വിളിച്ചില്ലെങ്കിൽ റിപ്പറായിരിക്കില്ല തന്റെ തല തല്ലിപ്പൊട്ടിക്കാന്ന് ബോധ്യമുള്ളതുകൊണ്ട് ഇടിയൻ ഓടിപ്പോയി ഫോണെടുത്ത് കൊണ്ട് വന്ന് ഒന്ന്  തലോടി മേശപ്പുറത്ത് വെച്ചു  . 

ഇയാൾക്കിതെന്താ  വട്ടായിപ്പോയോയെന്നായിരുന്നു  തോമാസേട്ടൻ ചിന്തിച്ചത് .

സാധാരണ എസ് പി വിളിച്ചു ചീത്ത പറയുന്ന ദേഷ്യം ഇടിയൻ, കള്ളൻ ദാമുവിനോടാ  തീർക്കാറ് . സെല്ലിൽ കയറി   ആ പാവത്തിനെ രണ്ടിടി ഇടിച്ച് കൈത്തരിപ്പും, ദേഷ്യവും മാറ്റും .

രാത്രി സെമിത്തേരിപ്പടിയിലിരുന്ന് ബീഡി വലിക്കുന്ന കപ്യാര്, ഈനാശു ചേട്ടനെ കണ്ട് റിപ്പറാണോന്ന് തെറ്റിദ്ധരിച്ച പീലിപ്പോസച്ഛന്റെ ഉള്ളൊന്ന്  ആന്തി . 

എന്റെ  കർത്താവേ, ഈ മാരണത്തിനെ കണ്ട്  പേടിച്ച് ഇപ്പൊത്തന്നെ താൻ  തട്ടിപ്പോയെനെല്ലോയെന്നായിരുന്നു അച്ഛൻ മനസ്സിൽ പറഞ്ഞത് . ആ ദേഷ്യത്തില് ഈനാശു ചേട്ടനെ വിളിച്ച് ചീത്ത പറയേം ചെയ്തു .

എത്ര ആലോചിച്ചിട്ടും ചീത്ത പറഞ്ഞതിന്റെ കാരണം മാത്രം , എന്താണെന്ന്   ഈനാശു ചേട്ടനു മനസ്സിലായില്ല .

 വലിയവർക്ക് ചീത്ത പറയാൻ  എന്തെങ്കിലും കാരണം വേണോയെന്നുള്ള   ത്വത്തീകമായൊരു വിലയിരുത്തലിലൂടെ  ഈനാശു ചേട്ടൻ തന്നെ അതിനൊരു ഉത്തരം കണ്ടെത്തുകയും  ചെയ്തു . 

ഏതായാലും തന്റെ ദേഷ്യം തീർക്കാൻ ആരേയും കിട്ടാത്തതിൽ ഈനാശു ചേട്ടൻ അപ്പൻ അന്തോണിയെ ചീത്ത വിളിച്ചു . ആ പാവം  കാര്യമറിയാതെ ഫോട്ടോയിലിരുന്ന്  മകന്റെ  ചീത്ത മുഴുവൻ കേൾക്കുകയും എന്റെ മോനെ ..ന്ന് നീട്ടിയൊരു വിളി വിളിക്കുകയും ചെയ്തു . 

റിപ്പർ പേടി അനു നിമിഷം വർദ്ധിച്ചു കൊണ്ടേയിരുന്നു . രാത്രിയായാൽ മുറ്റത്തേക്കിറങ്ങാൻ പോലും പേടി . 

എന്റെ ക്ലാസ്സ്മേറ്റ് ശിവൻ രാത്രി വീട്ടിലേക്ക് വന്ന അച്ഛൻ സുധാകരേട്ടനെ കണ്ട് റിപ്പറെന്നും വിളിച്ചു കൂവി ഓടിയതും ഇക്കാലത്തായിരുന്നു . ചെക്കന്റെ കാറൽ കേട്ട്  പേടിച്ച സുധാകരേട്ടനും  അകത്തേക്കു ഓടിക്കയറി .

പലചരക്ക് കടക്കാരൻ സുപ്രുവിന്റെ  ചെക്കൻ സുബ്രമണിയെ, ചോറുണ്ടില്ലെങ്കി  റിപ്പറിന് ഇട്ട് കൊടുക്കുമെന്ന് പറഞ്ഞതോടെ  ചെക്കൻ ഒന്ന് ഞെട്ടിക്കൊണ്ട്  ചോറ് വാരി വലിച്ചു തിന്നു .

അതീപ്പിന്നെ കുസുമേടത്തി പറയാതെ തന്നെ സുബ്രമണ്യൻ ചോറ് സ്വയം  വാരി കഴിച്ചു തുടങ്ങി .അല്ലെങ്കി ഒരു മണിക്കൂറ് പിന്നാലെ നടന്നാ  ഒരു ഉരുള ചോറ് തിന്നുന്ന സുബ്രമണി ഒരു നിമിഷം കൊണ്ട് തന്റെ  ചോറ് പാത്രം കാലിയാക്കി റിപ്പറിനോടുള്ള വിധേയത്വം കാണിച്ചു. ഇപ്പൊ സുബ്രമണിക്ക് ചോറുണ്ണാൻ   കൂട്ടാൻ പോലും വേണ്ട . അല്ലെങ്കി സാമ്പാറ് വെച്ചാ പരിപ്പ് കൂട്ടാൻ ചോദിക്കുകയും കോഴി വെച്ചാ മീൻ ചോദിക്കുകയും ചെയ്തോണ്ട് വിലസിയിരുന്ന സുബ്രമണിയായിരുന്നുവത് . 

അന്ന് രാത്രി ഉറങ്ങാൻ കിടന്ന ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ രാത്രിയുടെ ഏതോ യാമത്തിൽ അയ്യോ റിപ്പറെന്നും അലറിക്കൊണ്ട് ചാടിയെഴുന്നേറ്റ് പുറത്തേക്കോടി . പാക്കരൻ ചേട്ടന്റെ അലർച്ച കേട്ട അന്നമ്മ ചേട്ടത്തിയും എന്റെ കർത്താവേ കാത്തോളണേയെന്ന് നിലവിളിച്ചോണ്ട് പുറത്തേക്കോടി . രണ്ടുപേരും പുറത്തേക്ക് പായുന്ന കണ്ടതോടെ ബെഞ്ചിൽ ഉറങ്ങിക്കിടന്ന വറീതും  കൂട്ടിൽ പേടിച്ചു കിടന്നിരുന്ന റോമുവും  എഴുന്നേറ്റോടി . 

ഈ കൂട്ടയോട്ടം കണ്ട് ആദ്യമൊന്ന് അമാന്തിച്ചു കിടന്ന മണികണ്ഠന്റെ മനസ്സിലേക്ക്  ഒരു ചുറ്റികയുമായി റിപ്പർ കടന്നു  വന്നതോടെയാണ് മണികണ്ഠനും എണീറ്റോടിയത് . അവസാനമാണ് അതൊരു സ്വപ്‌നമായിരുന്നുവെന്ന്  പാക്കരൻ ചേട്ടന് മനസ്സിലായത് .

പക്ഷെ അത് പുറത്തുപറഞ്ഞാലുള്ള ഭവിഷ്യത്തുകൾ ഗുരുതരമായിരിക്കുമെന്ന് അറിവുള്ളത്കൊണ്ട് ഒരു നിഴൽ കണ്ട് അത് റിപ്പറാണെന്ന് സംശയം തോന്നി ഓടിയതാണെന്നാ പാക്കരൻ ചേട്ടൻ എല്ലാവരോടും  പറഞ്ഞത് എന്നാലാവിഷയത്തിൽ അന്നമ്മ ചേടത്തിക്ക് മാത്രം   സംശയം തോന്നിയിരുന്നു .

റിപ്പറിനെ കണ്ടാ ഓടാനുള്ള ധൈര്യമൊന്നും ഇങ്ങേർക്കില്ല, പേടിച്ച് അതോടെ തട്ടിപ്പോയേനേ. ഏതായാലും ഇനി കൂടുതൽ പേടിപ്പിക്കേണ്ടെന്നും കരുതി അന്നമ്മ ചേടത്തി പിന്നെയൊന്നും  പറഞ്ഞില്ല . 

അന്നത്തോടു കൂടി  റോമു, തന്റെ  കൂട്ടിലുള്ള  കിടപ്പ് വറീതിന്റെ ബെഞ്ചിന്റെ അടിയിലേക്ക് മാറ്റി . 

വറീതിനും അതൊരു ആശ്വാസമായിരുന്നു .റിപ്പറു വന്ന ഈ പരട്ട നായയുടെ തല ആദ്യം അടിച്ചു പൊട്ടിച്ചോട്ടെ . 

അതേ  വിശ്വാസത്തിൽ തന്നെയായിരിന്നു  റോമു ബെഞ്ചിന്റെ അടിയിൽ കിടന്നതും, റിപ്പറു വന്ന  ഇങ്ങേരുടെ തലക്ക് ആദ്യ അടി കിട്ടിക്കോട്ടെന്നും .

റിപ്പറിനെക്കൊണ്ടുള്ള പേടി ഗ്രാമവാസികളുടെ ഉറക്കം കളഞ്ഞു.

 ആയിടക്ക്  മീൻകാരൻ മമ്മദിന്റെ തല, സൈക്കളീന്ന് വീണ് പൊട്ടിയിരുന്നു.

 വൈകുന്നേരം ആറുമണിയായതോടെ അന്നത്തെ മീൻകച്ചോടം അവസാനിപ്പിച്ച് റിപ്പർ പേടിയില് വീട്ടിലേക്ക് പാഞ്ഞുപോകുന്ന മമ്മദിനോട് അവറാൻ ചേട്ടനെ ഭാര്യ ഒറോത ചേടത്തി എന്ത് മീനാ മമ്മദേന്ന് വിളിച്ചു ചോദിക്കുകയും, മീൻ കഴിഞ്ഞുവെന്ന് നുണ പറയാൻ തിരിഞ്ഞ മമ്മദിന്റെ സൈക്കിളിന്റെ ബാലൻസ് തെറ്റുകയും യാതൊരു തെറ്റും ചെയ്യാതെ അടയാള കുറ്റിയായി നിന്ന സർവ്വേരി കല്ലുമ്മേ പോയിടിച്ച് മമ്മദും, സൈക്കിളും   താഴെ വീണതും  .

മീനില്ലെന്നും പറഞ്ഞ മമ്മദിന്റെ കൂടേല് നിറയെ മീൻ കണ്ട ഒറോത ചേടത്തി നിനക്ക് ഇങ്ങനെ തന്നെ വേണമെന്നും പ്രാകിയിട്ടാ ചോദിച്ചത്  .

എടാ മമ്മദേ ഇത് മുഴുവൻ  മീനല്ലേ ? ഞാൻ നിന്നോട് മീൻ തന്നെയല്ലേ ചോദിച്ചത് ?. എന്നിട്ടെന്താ  നീ ഇല്ലാന്ന് പറഞ്ഞത് ?.

 എന്റെ പൊന്നു ചേടത്തി റിപ്പറു വരണ സമയമായതോണ്ട്  എങ്ങിനെയെങ്കിലും  വീടു പറ്റാൻ നോക്കിയതാ ഞാൻ  .  

റിപ്പറെന്ന് കേട്ടയുടനെ അന്നാ നീ വേഗം പൊക്കോളാൻ പറഞ്ഞ് തട്ടമെടുത്ത് തലമേലെ പുതച്ചു കൊണ്ട് അന്നമ്മ ചേടത്തിയും   അകത്തേക്കോടിക്കേറി.

 എന്റെ കർത്താവേ.. എന്ത് പണിയാ നീ എന്നോട് കാണിച്ചേന്നും  പരാതി പറഞ്ഞാ അന്നമ്മ ചേടത്തി വാതിലടച്ചത് . ഏതാണ്ട് തന്നെ ചീത്ത വിളിച്ചത് പോലെയാ കർത്താവിനത് കേട്ട് തോന്നിയത് .

തലയില് രക്തം ഒലിപ്പിച്ചു വന്ന മമ്മദിനോട് എന്നാ പറ്റിയതാണെന്ന് ചോദിച്ചതോടെ  റിപ്പറു അടിച്ചു പൊട്ടിച്ചതാന്നാ മമ്മദ് പറഞ്ഞത്.  അത് കേട്ട് ഞെട്ടിയ  നഴ്‌സ് കുമാരി വേഗം മരുന്ന്‌ കൊടുത്ത് വിടുകയും ചെയ്തു .

സംഗതി ഒന്ന് പൊങ്ങിക്കിട്ടാൻ വേണ്ടിയാണ് മമ്മദങ്ങനെ  പറഞ്ഞത്. അതൊരു പുലിവാലായി മാറിയെന്ന് കുറച്ചു നേരം കഴിഞ്ഞ്  ഇടിയന്റെ ജീപ്പ് അലറിക്കൊണ്ട് മുറ്റത്തു വന്നു നിന്നപ്പോഴായിരുന്നു മമ്മദിന് ബോധ്യമായതും.  

റിപ്പറ്  എങ്ങിനെയുണ്ടായിരുന്നെടായെന്ന ചോദ്യത്തിനു മുന്നിൽ മമ്മദൊന്ന്  പതറി  .  ആ ചോദ്യത്തിന്റെ പൊരുൾ  മമ്മദിനൊട്ട്  മനസ്സിലായതുമില്ല.

 മിഴിച്ചു നിൽക്കുന്ന മമ്മദിനെ നോക്കി ഇടിയൻ വീണ്ടും അലറി .

റിപ്പറു കാണാനെങ്ങിനെയുണ്ടെടാ  ?. 

അതോടെ മമ്മദു നിന്നു പരുങ്ങി .

നേഴ്സ് കുമാരിയാ ഇടിയനോടിത് പറയുകയും റിപ്പറിന്റെ ഏകദേശ രൂപം കിട്ടാൻ വേണ്ടി മമ്മദിന്റെ അടുത്ത് പറന്നെത്തുകയും ചെയ്തത്. 

താൻ റിപ്പറിനെ കണ്ടില്ലെന്ന് പറഞ്ഞാ, നുണ പറഞ്ഞതിന് ഇടിയന്റെ ഇടി കൊള്ളേണ്ടി വരും  . കണ്ടുവെന്ന് പറഞ്ഞാ റിപ്പറിനെ കുറിച്ച് കൂടുതൽ  പറയേണ്ടി വരും . ഏതായാലും തനിക്കുള്ള  ഇടി ഇതോടെ  തീരുമാനമായെന്ന് മമ്മദിന് ഉറപ്പായി   . 

താഴത്തു വീണു തല പൊട്ടിയതാണെന്ന സത്യം  പറഞ്ഞാ മതിയായിരുന്നുവെന്ന് മമ്മദിനപ്പോൾ തോന്നി .വെറുതേ ആളാവാൻ വേണ്ടി പറഞ്ഞതായിരുന്നു. റിപ്പറിനു പകരം ഇടിയനായിരിക്കും തന്റെ തല തല്ലിപ്പൊട്ടിക്കാൻ പോണത്  .

മിഴിച്ചു നിൽക്കാതെ വാ തുറന്ന്  പറയെടാ റാസ്കൽ.

ഇടിയന്റെയാ അലർച്ചയോടെ മമ്മദ് ഞെട്ടുകയും ഭാര്യ സുഹറേടത്തിയെ   നോക്കുകയും ചെയ്തു . ഇടിയന്റെ ആക്രോശത്തിൽ   മമ്മദിനൊപ്പം ഞെട്ടിയ സുഹറേടത്തി അയ്യോ എന്റെ  ഉമ്മാ ന്നും കാറിക്കൊണ്ട്  അകത്തേക്കോടി . 

മമ്മദിന്റെ വളർത്തു  നായ സുലൈമാൻ കൂട്ടിൽ നിന്നും  ഇറങ്ങിയോടി .

ഒരു മുസൽമാനായ തനിക്ക് കറകളഞ്ഞ മുസൽമാൻ പേര് തന്നെ തന്റെ നായക്കും  വേണമെന്നുള്ളത് കൊണ്ടാണ് ഭാര്യയുടെ എതിർപ്പിനെ  മറികടന്ന് നായക്ക് സുലൈമാനെന്ന് മമ്മദ്  പേരിട്ടത് .

 ആ പാവത്തിന്  തന്റെ പേര് വിളിക്കുമ്പോ അത്  തന്നെയാണെന്ന് പോലും  അറിയത്തില്ല . 

അയലത്തുള്ള മുഹമ്മദിന്റെ മോൻ സുലൈമാൻ എന്താ എന്നും ചോദിച്ച് മമ്മദിന്റെ മുന്നിൽ  വന്നു നിക്കേം ചെയ്യും .

ആരുടെയെങ്കിലും ഛായ പറഞ്ഞില്ലെങ്കി ഇടിയൻ തന്നെ ഇടിച്ചു കൊല്ലും. റിപ്പറിന്റെ മുഖച്ഛായയുള്ള ഒരു പാട് പേര് മമ്മദിന്റെ മനസ്സിലൂടെ തേരോട്ടം നടത്തി . ആദ്യം തെളിഞ്ഞു വന്നത് ചായക്കടക്കാരൻ പാക്കരൻ ചേട്ടന്റെ മുഖമായിരുന്നു . വേണ്ട ആ പാവത്തിനെ കൊലക്ക് കൊടുക്കേണ്ട അല്ലെങ്കി തന്നെ വലിവിന്റെ അസുഖമുള്ളതാ . മിനിഞ്ഞാന്ന് കള്ള് കടം ചോദിച്ചപ്പോ തരാഞ്ഞ വറീതിന്റെ മുഖമായിരുന്നു അടുത്തതായി മമ്മദിന്റെ മനോമുകരത്തിൽ തെളിഞ്ഞത് .., വേണ്ട ഇനിയും അവന്റെ അടുത്ത് കള്ള് കുടിക്കാൻ പോകേണ്ടതാ .

അടുത്ത മുഖം തെളിഞ്ഞതോടെ മമ്മദ് ശരിക്കും ഞെട്ടി , അത് സ്വന്തം മുഖം തന്നെ ആയിരുന്നു ..

ഛീ റാസ്കൽ ആലോചിച്ച് നിക്കുന്നോയെന്നും ചോദിച്ച് ഇടിയൻ മുഷ്ടി ചുരുട്ടി.

 അതൊരു അവസാന വാണിംഗ്‌ ആണെന്ന്  തിരിച്ചറിഞ്ഞ മമ്മദ് പറഞ്ഞ  അടയാളം കേട്ട് ദേവലോകത്തിരുന്ന  ഘടോക്കചൻ ഞെട്ടി .

ഏതാണ്ട് ആറ് ആറരയടി പൊക്കവും,  വണ്ണവും, കറുത്ത നിറവും കുറ്റിത്തലമുടിയും കപ്പടാ മീശയും ഗദ പോലത്തെ ചുറ്റികയുമുള്ള ആജാനു ബാഹുവിന്റെ ചിത്രം മനസ്സിൽ കണ്ടതോടെ ഇടിയന്റെ ഉള്ള് കിടുങ്ങി .

ചോദിക്കേണ്ടിയിരുന്നില്ലെന്നായിരുന്നു ഇടിയനാ വിവരണം കേട്ടപ്പോ തോന്നിയത് . 

മമ്മദിനെ കാണാൻ പോയ സ്പീഡ് തിരിച്ച് സ്റ്റേഷനിലേക്ക് പോകുമ്പോ ഇടിയാണുണ്ടായിരുന്നില്ല  എന്നുള്ളതായിരുന്നു സത്യം . അത് തോമാസേട്ടന് മനസ്സിലാവുകേം ചെയ്തു . വിവരണം കേട്ട്  പേടിച്ചതാണെന്ന് .

 ഇങ്ങെരുടെ കാര്യത്തിലൊരു  തീരുമാനമായെന്നാ  തോമാസേട്ടൻ മനസ്സിൽ പറഞ്ഞത് .

ആകാരം കൊണ്ടും ശക്തി കൊണ്ടും ഇത്രയേറെ   മുന്നിൽ നിൽക്കുന്ന ആ റിപ്പറിനെ താനെങ്ങനെ കൈകാര്യം ചെയ്യാനാണെന്നാ ഇടിയൻ  സംശയിച്ചത്   അതോടൊപ്പം  തന്റെ തല റിപ്പറിനുള്ളതാണെന്ന് തോന്നുകയും ചെയ്തു.   

ആറ്‌ അടി ഉയരമുള്ള ആജാനുബാഹുവാണ് റിപ്പറെന്ന് നാട്ടുകാർക്കിടയിൽ പരന്നതോടെ  സാധാരണ ശരീരമുള്ളവർക്കെല്ലാം ആശ്വാസമായി .

 ഈ സമയത്തായിരുന്നു  ജോലി അന്വേഷിച്ച് തമിഴ് നാട്ടിൽ നിന്നും ആണ്ടിപ്പെരുമാൾ ഞങ്ങളുടെ  ഗ്രാമത്തിലേക്ക് വരുന്നതും  .

തമിഴൻ മുരുകന്റെ മറ്റൊരു  അകന്ന ബന്ധു കൂടിയായിരുന്നു  പെരുമാൾ.

 ആ പാവത്തിന്റെ സമയദോഷം, മുരുകനോട് ഒരു  ജോലി അന്വേഷിച്ചു  കൊണ്ട് ഒരു ഘടിതമെഴുതാൻ തോന്നുകയും  അത് കൃത്യമായും മുരുകന്റെ കൈയ്യിൽ തന്നെ  കിട്ടുകയും ചെയ്തത്. 

മുത്തുപ്പാണ്ടിക്കു ബദൽ ആണ്ടിപ്പെരുമാൾ മാമാവെന്ന്  മുരുകനും  തീരുമാനിച്ചു . 

ആണ്ടിപ്പെരുമാൾക്കും ഒരു പൊണ്ണ് ഇറുക്ക്,   മോഹന റാണി.

 ശെന്തമിഴ് പോണാ പോട്ടും തനിക്ക് മോഹന റാണി പോതുമെന്നും ശൊല്ലിയാ മുരുകൻ ആണ്ടിപ്പെരുമാളെ വിളിച്ചത് .

 ആറടിയിലധികം ഉയരമുള്ള എന്നാലതിൽ ഒരു കുഞ്ഞ് മനസ്സ് ഒളിപ്പിച്ചു വെച്ചിരുന്ന ആണ്ടിപ്പെരുമാൾ ഒരുപാട് സ്വപ്നങ്ങളുമായാണ് ഞങ്ങളുടെ  ഗ്രാമത്തിൽ വണ്ടിയിറങ്ങിയത് .

മുരുകന്റെ വീട്ടിലേക്കുള്ള വഴി ചോദിക്കാനായി ആണ്ടിപ്പെരുമാൾ പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക്  കയറുകയും,  ആറടിയിലധികം  ഉയരമുള്ള ഒരു  റിപ്പറു പട്ടാപ്പകൽ തനിക്കു നേരെ നടന്നു വരുന്നത്  കണ്ട പാക്കരൻ ചേട്ടൻ ഞെട്ടുകയും , ഒരു അപകടം മനസ്സിലാക്കിയ   അന്നമ്മ ചേടത്തി പാടത്തേക്ക് ഓടുകയും ചെയ്തത് എല്ലാം നിമിഷ നേരത്തിനുള്ളിലായിരുന്നു  . 

ചായകുടിക്കാൻ വന്ന ഞൊണ്ടിക്കാലൻ മൊയ്തു ഞൊണ്ടി ഞൊണ്ടി ജീവനും കൊണ്ടോടി .

 ജീവിതത്തിൽ ഒരിക്കൽ പോലും ആ സമയത്ത്  ചായ കുടിക്കാൻ തോന്നാത്ത   മൊയ്തൂന് പെട്ടെന്നൊരു  ഉൾവിളിയുണ്ടാവുകയും ചായ കുടിക്കാൻ വരുകയുമായിരുന്നു .ചായക്കൊപ്പം പരിപ്പു വടയും പറഞ്ഞ മൊയ്തു അത് രണ്ടും ഉപേക്ഷിച്ചാണ് പാഞ്ഞത് .

ഇത് രണ്ടിനേക്കാളും വില ഞൊണ്ടിക്കാലനാണെങ്കിലും തന്റെ ജീവനുണ്ടെന്ന് മൊയ്തുവിന് ഉറപ്പായിരുന്നു. അതോടൊപ്പം  പരിപ്പു വട ഉപേക്ഷിച്ചു പോരുന്നതിൽ വിഷമവും ഉണ്ടായിരുന്നു . 

എന്തു വന്നാലും  പരിപ്പു വട തിന്നിട്ട് പോയാ മതിയെന്ന്  മൊയ്തുവിനെ  അടി കൊള്ളിക്കാൻ തയ്യാറായി നിൽക്കുന്ന മനസ്സ് മൊയ്തുവിനോട് പറഞ്ഞെങ്കിലും ജീവനിൽ കൊതിയുള്ള ബുദ്ധി മൊയ്തുവിനെയും കൊണ്ട് ഓടുകയുമായിരുന്നു  .

തന്റെ  ഞൊണ്ടിക്കാലും വെച്ച് ഓടിയിട്ടും ഓടിയിട്ടും നീങ്ങാത്തത് പോലെയാ മൊയ്തുവിന് തോന്നിയത്. അതോടെ തനിക്ക് ഞൊണ്ടിക്കാല് തന്ന  ഭൂലോകത്തുള്ള എല്ലാ ദൈവങ്ങളേയും മൊയ്തു ചീത്ത വിളിക്കുകയും ചെയ്തു .

മൊയ്തുവിന്റെ പിന്നാലെ  നായ രാജവും ഉണ്ടായിരുന്നു.  ഞൊണ്ടി ഞൊണ്ടി രണ്ടു കാലിൽ  പറക്കുന്ന മുതലാളിയുടെ ഒപ്പമെത്താൻ, നാലുകാലിൽ  ആ പാവം കണ്ണും പൂട്ടി പായുകയും  വാക്കില്ലാത്ത വറീതിന്റെ കിണറ്റിൽ വീഴുകയും ചെയ്തു . അവിടെ കിടന്ന് വാ കീറി  കരഞ്ഞെങ്കിലും മൊയ്‌തുവത്  കേക്കാത്ത പോലെയാ പാഞ്ഞത് . 

റിപ്പറു, തന്റെ  പിന്നാലെയുണ്ടോന്ന് തിരിഞ്ഞു നോക്കാൻ പോലും  മൊയ്തുവിന് പേടിയായിരുന്നു . ചിലപ്പോ താനൊരു ഞൊണ്ടിക്കാലനായത് കൊണ്ട് റിപ്പറു വെറുതെ വിട്ടാലോയെന്ന്  മൊയ്തുവിന് തോന്നിയെങ്കിലും തലയല്ലേ റിപ്പറിന് വേണ്ടതെന്നുള്ള ചിന്ത വന്നതോടെ ഒന്ന് കൂടി സ്പീഡ് കൂട്ടുകയും ചെയ്തു . ഈ ഞൊണ്ടി തന്റെ തലക്കാണെങ്കിൽ രക്ഷപ്പെടാമായിരുന്നുവെന്നാ മൊയ്തുവിന് വിചാരിച്ചത്  .

താൻ ഞൊണ്ടി ഞൊണ്ടി ഓടുന്നതിനിടയിൽ റിപ്പറു ഒറ്റ ചാട്ടത്തിന് പിടിക്കുമെന്ന പേടിയിൽ  മൊയ്തുവൊരു  തെങ്ങിന്റെ മോളിലേക്ക് കേറാൻ നോക്കിയെങ്കിലും കാലു വഴുതി വീണു അതോടെ മൊയ്തു തെങ്ങിന്റെ പുറകിൽ ഒളിച്ചു നിന്നു .

മൊയ്തൂന്റെ കഷ്ടകാലത്തിന് കരാട്ടേ തമ്പിയുടെ  ഭാര്യ കുസുമേടത്തി ആടിനെ കെട്ടാൻ വന്നപ്പോഴായിരുന്നു ആ സംഭവം , കൂടെ കരാട്ടെ തമ്പിയും  ഉണ്ടായിരുന്നു . അല്ലെങ്കിലേ സംശയത്തിന്റെ കൂടാരമായ തമ്പിക്ക്  തെങ്ങിന്റെ മറവിൽ ഒളിച്ചു നിക്കുന്ന മൊയ്തുവിനെ കണ്ടതോടെ സംശയം ഒന്ന് കൂടി അധികരിക്കുകയും ചെയ്തു .

ഈ ഞൊണ്ടിക്കാലും വെച്ചിട്ടാണോ ഇവൻ ഒളിച്ചു നിക്കുന്നതെന്നായിരുന്നു തമ്പി  ചിന്തിച്ചത് .

എടാ നായിന്റെ മോനെന്ന് അലറിക്കൊണ്ട് തമ്പി  കുറച്ചു കരാട്ടെ മൊയ്തുവിന്റെ മേത്തു പ്രയോഗിക്കുകയും അതോടെ മൊയ്തുവിന്റെ രണ്ടു കാലും ഞൊണ്ടിയാവുകയും ചെയ്തു .

കിണറ്റിന്ന് ഒരു വിധത്തിൽ കേറിയ രാജു തന്റെ മുതലാളിയുടെ മേത്തു കരാട്ടെ തമ്പി  പ്രയോഗിക്കുന്ന കരാട്ടെ കണ്ട് കണ്ണടച്ചു നിന്നു. ഇപ്പൊ തന്ന്യാ ഒരു ആപത്തിൽ നിന്ന് കഷ്ടിച്ച്  രക്ഷപ്പെട്ടത്. 

മൊയ്തുവും കൂടി  ഓടിയതോടെ ഒരു ധൈര്യത്തിനായി പാക്കരൻ ചേട്ടൻ ചുറ്റും നോക്കി. ആകെയുള്ള ആശ്വാസം മൊയ്തുവിലായിരുന്നു. കാലിന് ബലഹീനതയുള്ളവനായത് കൊണ്ട് അവനെക്കാൾ എളുപ്പത്തിൽ തനിക്ക് ഓടാൻ കഴിയുമെന്നും റിപ്പറു അവന്റെ തല അടിച്ചു പൊട്ടിക്കുന്ന സമയം കൊണ്ട് തനിക്ക് രക്ഷപ്പെടാൻ കഴിയുമെന്നായിരുന്നു പാക്കരൻ ചേട്ടന്റെ  കണക്ക് കൂട്ടൽ  . എന്നാൽ  രണ്ടു കാലും ശരിയായുള്ളവരേക്കാൾ വേഗത്തിൽ മൊയ്തു ജീവനും കൊണ്ട് പായുന്നത് കണ്ടതോടെ പാക്കരൻ ചേട്ടന്റെ മനസ്സിൽ വെള്ളിടി വെട്ടുകയും ആ പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു .

അതിനിടയിലാണ് ഭാര്യ  അന്നമ്മയെ നോക്കിയത്. ഇത്രനേരം അരി ആട്ടിക്കൊണ്ടിരിക്കായിരുന്ന അന്നമ്മ ചേടത്തിയുടെ അടയാളം പോലും അവിടെയെങ്ങുമുണ്ടായിരുന്നില്ല  . അവസാനം പാക്കരൻ ചേട്ടൻ റോമുവിനെ നോക്കി . ആ ആറടിക്കാരനെ കണ്ടതോടെ അവൻ  പേടിച്ച് രണ്ടു പ്രാവശ്യം  കൂടിനുള്ളിൽ മൂത്രമൊഴിച്ചു കഴിഞ്ഞിരുന്നു. അതോടെ അവൻ  യാതൊരു പരിചയുവുമില്ലാത്ത അയാളെ നോക്കി വാലാട്ടി നിന്നു .

കൂട് തുറന്നിട്ടിരുന്നെങ്കിൽ ഓടി രക്ഷപ്പെടാമെങ്കിലും ചെയ്യാമായിരുന്നുവെന്നായിരുന്നു അവൻ ആലോചിച്ചോണ്ട് നിന്നിരുന്നത് . പക്ഷെ ആ കിഴവി പുറത്തു നിന്നും കൂട്  പൂട്ടിയിട്ടിരിക്കാ,തന്നെ  കൊല്ലാനായി.

 റോമു മനസ്സിൽ അന്നമ്മ ചേടത്തിയെ പ്രാവി  . 

ഇതിനിടയിൽ ചായകുടിക്കാൻ വന്ന ഔസേപ്പേട്ടൻ  ഒരു അലുമിനിയ കലം എടുത്ത് തലയിൽ വെച്ച് നിന്നു. അതോടെയാ ആ ബുദ്ധി പാക്കരൻ ചേട്ടന് തോന്നിയത് . എന്റെ കലം  താടാ ന്ന് പാക്കരൻ ചേട്ടൻ വിക്കിക്കൊണ്ട് പറഞ്ഞെങ്കിലും ഔസേപ്പേട്ടൻ അതും തലയിൽ വെച്ച്   ഓടി.

 കണ്ണ് കാണാൻ പറ്റാതായതോടെ  എല്ലായിടത്തും ഇടിച്ചും, വീണുമാ ആ പാവം  ഓടിക്കൊണ്ടിരുന്നത്.

 എന്റെ ഔസേപ്പേ  അവിടെ കിണറുണ്ടേടാ ന്ന്  വിളിച്ചു പറയുന്നതിന് മുന്നേ തന്നെ ഔസേപ്പേട്ടൻ  കിണറ്റിൽ വീണു .

താൻ  ഒരു തൂവല് കണക്കെ പറക്കുന്നത് പോലെയാ ഔസേപ്പേട്ടന്  തോന്നിയത്. 

അതാ ആ ആറടിക്കാരൻ പാക്കരൻ ചേട്ടന്റെ കടയിലേക്ക് കയറുന്നു .അടുത്ത നിമിഷം അവിടെ നിന്നുമൊരു  നിലവിളി കേൾക്കും. തല തല്ലിപ്പൊട്ടിക്കുമ്പോൾ പാക്കരൻ ചേട്ടൻ വേദന കൊണ്ട് കരയുന്നതായിരിക്കും.

അത് കഴിഞ്ഞ് റിപ്പറു  വന്ന് തന്നെ  പിടിക്കും തന്റെ തലയും തല്ലിപ്പൊട്ടിക്കും.

പാക്കരൻ ചേട്ടന്റെ അത്രേം ബലം വേണ്ടി വരില്ല തന്റെ തല തല്ലി പൊട്ടിക്കാൻ.  അതോർത്തതോടെ റോമു  മൂന്നാമതും മുള്ളി . ഈ മൂത്രമെല്ലാം ചെന്ന് വീഴുന്നത് കൂടിനു താഴെ കിടപ്പായിരുന്ന മണികണ്ഠന്റെ തലയിലേക്കായിരുന്നു  അവനതും കൊണ്ട് പേടിച്ചു വിറച്ച്  മിണ്ടാതെ കിടന്നു .

അവനും ആ ആറടിക്കാരനെ കണ്ടിരുന്നു . ഇത്രനാളും മണികണ്ഠൻ കൂട്ടിനു മുകളിലായിരുന്നു കിടപ്പ്. റിപ്പർ ഇറങ്ങിയെന്ന് അറിഞ്ഞതോടെയാ അവൻ താമസം കീഴിലേക്ക് മാറ്റിയത് . റിപ്പറു വരികയാണെങ്കിൽ ആദ്യം റോമുവിന്റെ തല തല്ലിപ്പൊട്ടിക്കട്ടെ എന്നതായിരുന്നു ആ മാറ്റത്തിനു പിന്നിൽ. ആ സമയം കൊണ്ട്  തനിക്ക് തന്റെ തലയും കൊണ്ട് ഓടി രക്ഷപ്പെടാം .

പേടിച്ച റോമു ഇനി മൂത്രത്തിന്റെ കൂടെ അപ്പിയും തന്റെ മേത്തയ്ക്കിടുമോയെന്ന് മണികണ്ഠന് സംശയം തോന്നിയെങ്കിലും, എന്നാലും സാരമില്ലെന്ന് കരുതി അവനനങ്ങാതെ കിടന്നു .

ഈ സമയത്താണ് റൈറ്റർ തോമാസേട്ടൻ പോലീസ് സ്റ്റേഷനിലേക്കുള്ള ചായ വാങ്ങുവാനായി പാക്കരൻ ചേട്ടന്റെ കടയിലേക്ക് വന്നത് . ഇത് കണ്ടതോടെ പാക്കരൻ ചേട്ടനും, ചേടത്തിക്കും, റോമുവിനും, മണികണ്ഠനും ആശ്വാസമായി.

പോലീസ് വരുന്നുണ്ട് റിപ്പർ ഇനി ഒന്നും ചെയ്യത്തില്ല പക്ഷെ അവരുടെ ആ പ്രതീക്ഷകളെ ആസ്ഥാനത്താക്കിക്കൊണ്ട് പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് കയറാതെ തോമാസേട്ടൻ തിരിച്ചുപോയി .

അപ്പോഴാ സൈക്കിളിന് വേഗത കൂടുതലില്ലെയെന്നുള്ളൊരു സംശയം പാക്കരൻ ചേട്ടനുണ്ടായിരുന്നു . സത്യത്തിലത് ശരിയുമായിരുന്നു .ഒരു ആറടി പൊക്കക്കാരൻ പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് കേറുന്നത് കണ്ട തോമാസേട്ടന്റെ ഉള്ളു കുടുങ്ങുകയും വെറുതെ സിംഹ കൂട്ടിലേക്ക് ചാടി കേറേണ്ടെന്നു കരുതി പാഞ്ഞു പോവുകയുമായിരുന്നു . 

ആ ആറടി ഉയരക്കാരൻ പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് കയറുകയും ബെഞ്ചിൽ ഇരുന്നു കൊണ്ട് തന്റെ തോൾ സഞ്ചി തുറന്നു .

അതോടെ  പാക്കരൻ ചേട്ടൻ അയ്യോ ന്ന് ഓളിയിട്ടു. അത് കേട്ട് റോമുവും, മണികണ്ഠനും   കണ്ണടച്ചു കിടന്നു .

പാക്കരൻ ചേട്ടൻ കരുതിയത് അയാൾ ചുറ്റികയെടുക്കുകയാണെന്നായിരുന്നു. പക്ഷെ ചുറ്റികക്ക് പകരം അയാളൊരു ഘടിതമെടുത്ത് പാക്കരൻ ചേട്ടനു നേർക്കു നീട്ടി . വിറച്ചുകൊണ്ട് പാക്കരൻ ചേട്ടനാ എഴുത്ത് തുറന്നു .

അടുത്ത നിമിഷം ഒരു   വെടിയൊച്ച കേട്ട് എല്ലാവരും ഞെട്ടി .

 ഞാൻ  ജോണി ഈ ചായക്കട ഞങ്ങൾ വളഞ്ഞിരിക്കുന്നു ആയുധം താഴെയിട്ട് പുറത്തേക്കിറങ്ങുക ഇല്ലെങ്കിൽ ഞങ്ങൾ വെടി വെച്ച് കൊല്ലും .

ജോലി അന്വേഷിച്ചു വന്ന തന്നെ എന്തിനാ വെറുതെ പോലീസുകാർ വെടി വെച്ചു കൊല്ലുന്നതെന്നോർത്ത് ആണ്ടിപ്പെരുമാൾ ഞെട്ടി .

 പോലീസുകാരെക്കൊണ്ട് വെടി വെച്ച് കൊല്ലിക്കാനാണോ അനന്തിരവൻ  മുരുകൻ ജോലി തരാമെന്നും പറഞ്ഞ് തന്നെ വിളിച്ചോണ്ട് വന്നത് ?.

ആണ്ടിപ്പെരുമാൾ മനസ്സറിഞ്ഞ് ആണ്ടാവാ ന്ന് ഉറക്കെ വിളിച്ചു .

ആകെ വിറച്ചുകൊണ്ടാണ്  ആണ്ടിപ്പെരുമാൾ പുറത്തേക്കിറങ്ങി വന്നത്. തന്നെ വളഞ്ഞിരിക്കുന്ന പോലീസുകാർ, അതെന്തിനാണെന്ന് ആണ്ടിപ്പെരുമാളിന് മനസ്സിലായില്ല .

റിപ്പർ അന്തോണി  മര്യാദക്ക് ആയുധം വെച്ച് കീഴടങ്ങു .. 

ഇടിയൻ അലറി.

റിപ്പറിന്റെ... റി പോലും  എന്താണെന്നറിയാത്ത ആണ്ടിപ്പെരുമാൾ അത് കേട്ട് വിറങ്ങലിച്ചു  നിന്നു . 

ഏതായാലും തോക്ക് കണ്ടതോടെ കൈകൾ രണ്ടും ഉയർത്തി ഹാൻസ് അപ്പ് സിംബൽ  കാണിച്ചിട്ടാ ആണ്ടിപ്പെരുമാൾ പുറത്തേക്കിറങ്ങി വന്നത്   .

ഏതോ സിനിമയിൽ കണ്ട ഓർമ്മയിലാ  ആണ്ടിപ്പെരുമാളങ്ങനെ ചെയ്തത് .

എതുക്ക് സാർ തുപ്പാക്കി എടുത്ത് ശുട പാക്കറെ ? .

ആ സ്വരം കേട്ട് ഇടിയൻ ചുറ്റും നോക്കി. പിന്നെയാണ്  മനസ്സിലായത്  അത് ആണ്ടിപ്പെരുമാളിന്റെ സ്വരമാണെന്ന് . ആജാനുബാഹുവായ ആ ശരീരത്തിൽ നിന്ന് ഇത്തരമൊരു കിളി നാദം ഇടിയൻ പ്രതീക്ഷിച്ചില്ല എന്നുള്ളതായിരുന്നു  സത്യം . 

ഇനി ഇയാൾ റിപ്പറല്ലേ ?. 

എതുക്ക് സാർ എന്നെ ശുടപ്പോറേ ? വേല തേടി വന്തിറക്കറുതുക്കാ ? അത് തമിഴിൽ പേശി  ആണ്ടിപ്പെരുമാൾ തമിഴിൽ തന്നെ വാവിട്ടു കരഞ്ഞു . പീപ്പി ഊതുന്നത് പോലെയാണ് ഇടിയന് അത് കേട്ട് തോന്നിയത് .

ആരാണ് ഈ  വാദ്യ സ്വരക്കാരനെന്ന് റോമു ചുറ്റിലും പകച്ചു നോക്കി .

റിപ്പറു തല തല്ലിപ്പൊട്ടിക്കുന്നതിന് മുന്നോടിയായി ഇനി  പീപ്പിയും ഊതുമോ? എന്നതായിരുന്നു അവന്റെ സംശയം .

പേടിപ്പിക്കുന്ന രൂപത്തിനുള്ളിൽ ഒരു കിളി നാദം  വെച്ചു കൊടുത്ത് സൃഷ്ടിയുടെ വികൃതി കാട്ടിയ ദൈവത്തിന്റെ തമാശയോർത്ത്  ഇടിയന് ഉള്ളിൽ ചിരി പൊട്ടി . അതോടൊപ്പം ഈ പൊല്ലാപ്പെല്ലാം ഒപ്പിച്ച റൈറ്റർ തോമാസേട്ടനോട് ദേഷ്യവും. 

ഈ വിഡ്ഢിയാണ്  കുഴപ്പങ്ങൾക്കെല്ലാം കാരണം . ചായ വാങ്ങാൻ  പോയ തോമാസേട്ടൻ, പറന്നുകൊണ്ടാണ് സൈക്കിളിൽ  സ്റ്റേഷനിലേക്ക് ചെല്ലുന്നതും റിപ്പർ... റിപ്പറെന്ന് അലമുറയിടുന്നതും . കേട്ടപ്പാതി കേൾക്കാത്ത പാതി ഇടിയൻ  ജീപ്പുമെടുത്ത് പാഞ്ഞു വരുകയായിരുന്നു .

എന്താടോ തന്റെ  പേര് ?.

ഇപ്പൊ ആണ്ടിപ്പെരുമാളാ ഞെട്ടിയത് തന്റെ പോലത്തെ സ്വരം ? ഇടിയന്റെ ആ സ്വരം കേട്ട് ഇടിയനും തോമാസേട്ടനും ഒരു പോലെ അന്തിച്ചു നിന്നു . ആണ്ടിപ്പെരുമാളിന്റെ കിളി നാദം കേട്ടതോടെ ഇടിയന്റെ വായിൽ നിന്നും അറിയാതെ അങ്ങനെ വന്നതായിരുന്നു .

ഒന്ന് മുരടനക്കിക്കൊണ്ട് ഇടിയൻ ചീറി 

എന്തെടാ നിന്റെ പേര് ?

ആണ്ടിപ്പെരുമാൾ വിക്കിക്കൊണ്ടായിരുന്നു പേര് പറഞ്ഞത്. 

ആ സംഭവത്തോടെ ആണ്ടിപ്പെരുമാൾ ജോലിയന്വേഷണം മതിയാക്കി അന്നു തന്നെ തിരിച്ചു പോയി . മുരുകന് ഒന്ന് പൊട്ടിച്ചിട്ടാ അങ്ങേരും  തിരിച്ചു പോയത് . തന്നെ അടിക്കാനാണോ ഇവരെല്ലാം  ഇങ്ങോട്ട് വരുന്നതെന്നോർത്ത് മുരുകൻ മിഴിച്ചു നിന്നു .

ഏതായാലും അടി കിട്ടിയതോടെ മുരുകന്റെ കൈ തരിച്ചെങ്കിലും ആണ്ടിപ്പെരുമാളിന്റെ അടുത്തൂന്ന് വീണ്ടും കിട്ടാതിരിക്കാൻ അതടക്കി ചിരിച്ചോണ്ട്  നിന്നു.

അതോടെ തിരുമണ മോഹം മുരുകൻ മതിയാക്കുകയും ഇനി തന്റെ ഊരിൽ നിന്ന് ആർക്കുമേ ഇങ്കെ വേല കൊടുക്ക മാട്ടേന്ന് തീരുമാനമെടുക്കുകയും  ചെയ്തു .

സ്റ്റേഷനിലേക്ക് തിരിച്ചെത്തിയ ഇടിയൻ ശരിക്കും ഞെട്ടി. തോക്കിന്റെ  ഉണ്ട മേശപ്പുറത്തിരിക്കുന്നു . റിപ്പറെന്നു കേട്ട ധൃതിയിൽ തോക്ക് മാത്രമെടുത്താ ഓടിയത്. ഈശ്വരാ അത് ഒർജിനൽ റിപ്പറയായിരുന്നുവെങ്കിൽ അതോർത്തതും ഇടിയൻ വീണ്ടും ഞെട്ടി .

ഇടിയന്റ തുടർ ഞെട്ടലുകളുടെ കാരണമന്വേഷിച്ച തോമാസേട്ടനും ഞെട്ടി . ഈ വിഡ്ഢി ഉണ്ടയെടുക്കാതെയാണോ പാഞ്ഞത് ?.

തോക്കുള്ള ധൈര്യത്തിലായിരുന്നല്ലോ കർത്താവേ താനും കൂടെ പോയത് . അതെങ്ങാനും ഒർജിനൽ റിപ്പർ ആയിരുന്നെങ്കിൽ അതോർത്തതോടെ തോമാസേട്ടനും ഞെട്ടലുകളുടെ പരമ്പര കാഴ്ചവെച്ചു .

റിപ്പറെ കുറിച്ചുള്ള പേടി അനുനിമിഷം അധികരിച്ചു കൊണ്ടിരുന്നു. വെറുതെ വീണ് തല പൊട്ടിയവരും ഭാര്യ അടിച്ചു തല പൊട്ടിച്ചവരും തല്ലു കൂടി  തല പൊട്ടിയവരും, എല്ലാവരും ഉത്തരവാദിത്വം റിപ്പറിനു മേൽ വെച്ചു കെട്ടി .

ഇവരുടെയെല്ലാം വിവരണങ്ങൾ കേട്ട് ഇടിയൻ പൊറുതിമുട്ടി . ഡി ജി പി യിൽ നിന്നും ദിവസവും അന്വേഷണം കൂടി ആയതോടെ ഇടിയന്റെ ഉറക്കം നഷ്ടപ്പെട്ടു . സൂത്രത്തിൽ ഒരു സ്ഥലം മാറ്റത്തിന് ഇടിയൻ ശ്രമിച്ചെങ്കിലും ഡി ജി പി കണ്ണുരുട്ടിക്കൊണ്ട് അത് കീറിക്കളഞ്ഞു .

ഡിപ്പാർട്ട്മെന്റിൽ സ്വതവേ ഒരു തലക്കനമുള്ള ഇടിയന്റെ തല റിപ്പറായിട്ട് പൊട്ടിക്കുകയാണെങ്കിൽ ഒരു തലവേദന ഒഴിഞ്ഞു കിട്ടുമോയെന്നുള്ള ഒരു ഗൂഢ ചിന്ത കൂടി ഡി ജി പി ക്ക് ഉണ്ടായിരുന്നതു കൊണ്ട് കൂടിയാണ് അത് കീറിക്കളഞ്ഞത് . ഒന്നുകിൽ റിപ്പറു ഇയാളെ തട്ടും അല്ലെങ്കിൽ റിപ്പറെ ഇയാള് പിടിക്കും രണ്ടായാലും  നല്ലതു തന്നെയെന്നാണ് ഡി ജി പി , എസ് പി യോട് പറഞ്ഞത് .

 അന്ന് വൈകുന്നേരം.  

വാറ്റുകാരൻ റപ്പായിയുടെ അടുത്തേക്ക് തോളിലൊരു സഞ്ചിയും തൂക്കി ഒരു അപരിചിതൻ വന്നു . 

ഏതോ ഒരു വരത്താനായിരിക്കുമെന്ന്  മനസ്സിൽ പറഞ്ഞ റപ്പായി കുപ്പിക്ക് ഇരുപത് രൂപാ കൂടുതൽ വാങ്ങിക്കാമെന്ന് മനക്കോട്ട കെട്ടി .

വരത്താനാണെന്ന് കണ്ടതോടെ ഒന്ന് പേടിപ്പിക്കാനായി ഞൊണ്ടിക്കാലുമായി പാഞ്ഞു  വന്ന റപ്പായിയുടെ നായ  സുഗുണനെ നോക്കി അയാൾ കുരച്ചു . അത് കണ്ട്  സുഗുണൻ തിരിഞ്ഞോടി അയ്യോ മനുഷ്യ പട്ടിയോയെന്നാണവൻ മനസ്സിൽ പറഞ്ഞത്  . സുഗുണന്റെ ജീവിതത്തിലെ ആദ്യ സംഭവമായിരുന്നു അത് ഒരു മനുഷ്യൻ കുരക്കണത്. ഭാഗ്യത്തിനാ ഓടി രക്ഷപ്പെട്ടത് ഇല്ലെങ്കി തന്നെ പിടിച്ച് കടിച്ചേനെല്ലോന്നു കൂടി സുഗുണൻ ഓർത്തു . 

സാധാരണ നാട്ടുകാരൊന്നും സുഗുണനെ കണ്ടാ പേടിക്കാറില്ല കാരണം എല്ലാവരേയും നോക്കി വാലാട്ടി നിൽക്കാറാ സുഗുണന്റെ പതിവ് . ആദ്യമൊക്കെ നാട്ടുകാര് വാറ്റടിക്കാൻ  വരുമ്പോ സുഗുണൻ കുരച്ചു കൊണ്ട് ചെല്ലാറുള്ളതാ പക്ഷെ ഞൊണ്ടി ഞൊണ്ടി ചെല്ലുന്ന സുഗുണനെ  കാണുമ്പോ തന്നെ  നാട്ടുകാർക്ക് തമാശയാ, അതോടെ സുഗുണന്റെ ഫ്യൂസ്  പോവും . 

പോകെ പോകെ താനെന്തിനാ ഇത്രേം  കഷ്ട്ടപ്പെട്ട്  കുരക്കണേന്ന് സുഗുണന്  തിരിച്ചറിവുണ്ടാവുകയും  താരതമെന്യേ അതിനേക്കാൾ ആയാസ്സം കുറവുള്ള  പരിപാടിയായ വാലാട്ടാൽ  തുടങ്ങുകയും ചെയ്തത് . അതോടെ വരുന്നവർ റപ്പായിയുടെ അടുത്തൂന്ന് വാറ്റു വാങ്ങി പോകുമ്പോൾ സുഗുണനും   വല്ലതും തിന്നാൻ കൊടുക്കുന്നതും പതിവാക്കി .

അതോടെ ഇതാണ്  തനിക്കും ഗുണകരമെന്ന്  മനസ്സിലാക്കുകയും   വരുന്നവരെ മുഴുവൻ   നോക്കി സുഗുണൻ വാലാട്ടാൻ തുടങ്ങുകയും ചെയ്തത്  . എന്നാലും തീരെ പരിചയമില്ലാത്തവരെ കാണുമ്പോൾ സുഗുണന്റെ ഉള്ളിലെ ആ പഴയ  സിങ്കം സടകുടഞ്ഞ്  ഉയരുകയും കുരക്കുകയും ചെയ്യാറുണ്ട്  . 

നാട്ടുകാരെ എല്ലാവരേയും നോക്കി വാലാട്ടി വാലാട്ടി  ഇപ്പോഴത് ഫുൾടൈം ആടിക്കൊണ്ടിരിക്കണ ഒരു വാലായി മാറിയെന്നുള്ളതാണ് സത്യം.

 ഉറക്കത്തിൽ പോലും ആ വാലുകൾ സുഗുണന്റേ അനുവാദമില്ലാതെ ആടിക്കൊണ്ടിരിക്കും.

മൂന്നു കുപ്പി നിന്ന നില്പിൽ തട്ടിയ ആ അപരിചതനെ കണ്ട് വറീത് ഉള്ളിൽ ചിരിച്ചു . ഒരു കുപ്പിക്ക് ഇരുപത് രൂപാ അധികം വാങ്ങിയാൽ അറുപത് രൂപാ, ആ പണം ഭാര്യക്ക് കൊടുത്ത് തനിക്കും അടിക്കാം . ആ സന്തോഷത്തിൽ വറീതിന്റെ കണ്ണുകൾ തിളങ്ങി. ഭാര്യ ശാരദയെ ഒളിഞ്ഞു നോക്കിയ വറീത് അവർ  അടുക്കളയിലില്ലെന്ന് ഉറപ്പു വരുത്തി . അവള് വന്നാ മുഴുവൻ കാശും വാങ്ങും ഇതാവുമ്പോ വേറെ  ആർക്കെന്നും  പറഞ്ഞ് കുപ്പിയും കൊണ്ട്  പാടത്ത് പോയിരുന്ന് അടിക്കാം .

ആ പ്രതീക്ഷയോടെ അപരിചതനെ നോക്കിയ വറീത് അയാളുടെ കൈ സഞ്ചിയിലേക്ക് നീങ്ങിയതോടെ  ഒന്ന്കൂടി ആവേശത്തിലായി . എന്നാലാ സഞ്ചിയിൽ നിന്നും ഉയർന്നുവന്ന കൈയ്യിൽ ഒരു ചുറ്റിക. കാശ് പ്രതീഷിച്ച് ചിരിച്ചു കൊണ്ട് നിന്ന വറീതിന്റെ തലയിൽ ആ ചുറ്റിക ആഞ്ഞു പതിച്ചു .

ദിഗന്തങ്ങളെ നടുക്കുമാറ് ഒരു അലർച്ച വറീതിൽ നിന്നും ഉയർന്നു. കണ്ണടച്ച് കിടക്കായിരുന്ന സുഗുണൻ അത് കേട്ട് ഞെട്ടി കണ്ണു തുറന്നു . ചോരയിൽ കുളിച്ച് വറീത്, അടുത്ത് പൈശാചികമായി ചിരിച്ചു നിൽക്കുന്ന റിപ്പറ്.  

അതോടെ  സുഗുണൻ ജീവനും കൊണ്ട്  പാഞ്ഞു ഇയാളെയാണോ താൻ പേടിപ്പിക്കാൻ നോക്കിയത്  ? തന്റെ തല അടിച്ചു പൊട്ടിച്ചെനെല്ലോയെന്നോർത്തതോടെ അവൻ പറ പറന്നു . 

കാലിന്റെ വയ്യായ്ക പോലും  മറന്ന് മൂന്നു കാലിലാണ് സുഗുണൻ പാഞ്ഞത് . അലർച്ച കേട്ട് ഓടി വന്ന ശാരദേടത്തി ചുറ്റികയുമായി നിൽക്കുന്ന റിപ്പറെ കണ്ടതോടെ എന്റെ കർത്താവേയെന്നും നിലവിളിച്ചോണ്ട് അകത്തേക്കോടി . അകത്തേക്ക് ഓടിക്കേറിയതിനു ശേഷാ അടുക്കളവാതിൽ പുറത്തുനിന്നും കുറ്റിയിട്ടിരിക്കാനെന്നു ഓർമ്മവന്നതും വീണ്ടും കർത്താവേ ന്നും നിലവിളിച്ചോണ്ട് പുറത്തേക്കോടിയതും . 

ഇതാരാ സൈറൺ വിളിക്കുന്ന പോലെ തന്നെ വിളിച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും പായുന്നതെന്നാ  കർത്താവ് ചിന്തിച്ചത്  ?  .

എന്നെ രക്ഷിക്കടീയെന്ന  വറീതിന്റെ അലർച്ച ശാരദേടത്തി കേട്ടില്ല. സ്വന്തം ജീവൻ രക്ഷിക്കാനായി അവർ പാഞ്ഞു . ഓട്ടത്തിനിടയിലും റിപ്പറു കുടിച്ചതിന്റെ കാശ് വാങ്ങീട്ടുണ്ടാവോന്നായിരുന്നു ശാരദേടത്തി ആലോചിച്ചോണ്ടിരുന്നത് . 

നാടുമുഴുവൻ  ക്ഷണ നേരം കൊണ്ട് ആ വർത്ത  പരന്നു .

വറീതിനെ റിപ്പറു തലക്കടിച്ചു കൊന്നു . ശാരദേടത്തിയേം കൊന്നുവെന്നും കൂടി  പറഞ്ഞത് കേട്ട് ചത്ത  ശാരദേടത്തിയും  ബോധം കെട്ട് വീണു .

ഇടിയൻ പാഞ്ഞു വരുമ്പോൾ വറീത് ബോധമില്ലാതെ കിടപ്പുണ്ട്. ഭാഗ്യത്തിന്  ജീവൻ പോയിട്ടില്ല., റിപ്പറില്ല, റിപ്പറിന്റെ പൊടി പോലുമില്ല  .

സാറേ അവൻ ചിലപ്പോ അകത്ത് ഒളിച്ചിരിപ്പുണ്ടാവും ഒന്ന് കേറി നോക്കെന്ന് പറഞ്ഞ മീൻകാരൻ മമ്മദിനെ ഇടിയൻ വിരട്ടിക്കൊണ്ട് നീ  കേറി നോക്കെടാ റാസ്‌ക്കലെന്നും  അലറി  അകത്തേക്ക് കേറ്റി വിട്ടു . 

പേടിച്ചു വിറച്ച മമ്മദ് ഓളിയിട്ടു  അകത്തേക്ക് കേറിയാ റിപ്പറു തലക്കടിച്ചു കൊല്ലും കേറിയില്ലെങ്കി ഇടിയൻ ഉരുട്ടി കൊല്ലും ആവശ്യമില്ലാത്തത് വിളിച്ചു പറയാൻ പോയിട്ടല്ലേ ന്ന് മമ്മദ് സ്വയം പുലമ്പി  .

ആ പരിസരം മുഴുവനും നാട്ടുകാരും പോലീസും  അരിച്ചു പെറുക്കിയിട്ടും റിപ്പറെ കണ്ടില്ല . 

അകത്തേക്ക് കേറിപ്പോയ  മമ്മദിനെ കുറെ നേരമായിട്ടും കാണാഞ്ഞാ നാട്ടുകാർ  കേറി നോക്കിയത്. 

പേടിച്ചു വിറച്ച് അകത്തേക്ക് കേറിയ  മമ്മദ് ഉള്ളിൽ ഒളിച്ചിരുന്ന വറീതിന്റെ  അളിയൻ മാത്തപ്പനെ  കണ്ട് റി ..എന്ന് പറയലും ബോധം കെട്ട് വീണതും ഒരുമിച്ചായിരുന്നു. മാത്തപ്പനും ..,  റിപ്പ ..എന്നും പറഞ്ഞോണ്ട് ബോധം കേട്ടതും ഇതേ സമയം തന്നെയായിരുന്നു . 

രണ്ടു പേരുടെയും മുഖത്ത് വെള്ളം തെളിച്ച്  കണ്ണ് തുറന്നതോടെയാ നാട്ടുകാർക്കും സമാധാനമായത് .

 വറീതിനേം കൊണ്ട് എല്ലാവരും  ആശുപത്രിയിലോട്ട് പാഞ്ഞു . 

ഇതിനിടയിൽ ആശുപത്രിയിലോട്ട് നെഞ്ചത്തടിച്ചു പാഞ്ഞു വന്ന ശാരദേടത്തിയെ നോക്കി  വറീത് അലറി.

 എടീ മൂധേവി ഭർത്താവിന്റെ തല തല്ലിപ്പൊട്ടിക്കുന്നത് കണ്ട് ഓടിപ്പോയിരിക്കുന്നു പാമ്പിനെയാണല്ലോ  താനിത്ര നാളും വളർത്തിക്കൊണ്ടിരുന്നത ? .

റിപ്പറിനെ അടിക്കാൻ ഉലക്ക എടുക്കാൻ ഓടിയതാണെന്നാ  ശാരദേടത്തി പറഞ്ഞത്  . 

ഉരല്  ഇല്ലാത്ത വീട്ടിന്ന് എങ്ങനെ  ഉലക്ക എടുക്കാനാണെന്ന്  ആലോചിച്ച്  വറീതിനൊരെത്തും  പിടിയും കിട്ടിയില്ല .

അന്നോടിയാ വറീതിന്റെ നായ  സുഗുണൻ രണ്ടു ദിവസം കഴിഞ്ഞാ തിരിച്ചു വന്നത്. 

റിപ്പറ് എങ്ങിനെയിരിക്കുന്നുവെന്ന് അറിയുവാനുള്ള ആകാംക്ഷയിൽ നാട്ടുകാർ  കാതു കൂർപ്പിച്ചു . 

പോലീസുകാർ ശ്രദ്ധിച്ചു നിന്നു . റപ്പായി മാത്രമേ റിപ്പറെ നേരിട്ടു കണ്ടിട്ടുള്ളൂ 

ഒരു അയ്യോ പാവം എന്നുള്ളതാണ്  റിപ്പറിനെ കുറിച്ചുള്ള വറീതിന്റെ വിവരണം കേട്ടാൽ തോന്നുക. സത്യത്തിൽ വറീതിനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

ഒരു സാധു  പോലെയായിരുന്നു അയാളെ കണ്ടാൽ തോന്നുക . അതുകൊണ്ടാണ് വറീത് അങ്ങനെ പറഞ്ഞതും അതും  പോരാഞ്ഞ് താൻ വല്ലതുമൊക്കെ വിളിച്ചു  പറഞ്ഞു അത്  റിപ്പറിനെ കൂടുതൽ  പ്രകോപിപ്പിച്ച്  ഇനിയും  വന്ന് തന്റെ തല അടിച്ചു പൊളിക്കുമോയെന്നുള്ള ഭയം കൂടി വറീതിനുണ്ടായിരുന്നു ഏതായാലും തനിക്ക്  കിട്ടാനുള്ളത് കിട്ടി . ഇനിയും  തന്റെ തലക്കടി കിട്ട്യാ  ജീവനാവും പോവാ   .

എന്റെ വറീതേ, അയാൾ  ചുറ്റികയെടുത്തപ്പോൾ തനിക്ക് ഓടാമായിരുന്നില്ലേ ?

 ഇടിയന്റെയാ  ചോദ്യം കേട്ടാപ്പോഴായിരുന്നു വറീതിന് അങ്ങിനെയൊരു ആശയം തോന്നിയത് . അതെ തനിക്ക് ഓടാമായിരുന്നല്ലേ ? പിന്നെ  താനെന്തുകൊണ്ട് ഓടിയില്ല ? ആ  ചോദ്യം വറീത് സ്വയം ചോദിച്ചെങ്കിലും  ഉത്തരം കിട്ടിയില്ല . 

എടൊ തനിക്ക് ഓടാമായിരുന്നില്ലേയെന്നാ സാറ് ചോദിച്ചത് ?റിപ്പറു ചുറ്റികയെടുത്തപ്പോ, തന്റെ  തല അതിനു  മുന്നിൽ കൊണ്ട് വന്ന് വെക്കണമായിരുന്നോ ?. 

ഇടിയന്റെയാ ചോദ്യത്തെ ഒന്നുകൂടി വിശദീകരിച്ചാ  തോമാസേട്ടൻ പൂർത്തിയാക്കിയത്  .

എന്റെ സാറേ അയാള് റിപ്പറായിരുന്നെന്നോ? സഞ്ചിയിൽ കൈയ്യിട്ടത് ചുറ്റിക എടുക്കാനായിരുന്നെന്നോ എനിക്ക് അറിയത്തില്ലായിരുന്നെന്നും പറഞ്ഞ് വറീത്  കരഞ്ഞു . ഇനി താൻ  ഓടാത്തതിന്റെ  പേരിൽ തന്റെ പേരിലും  പോലീസ്  കേസെടുക്കുമോന്നായിരുന്നു വറീതിന്റെ പേടി . 

 ഏതായാലും  തന്റെ  തല അടിച്ചു പൊട്ടിച്ചു. 

വറീതിന്റെ ആ കരച്ചിൽ കണ്ട് ശാരദേടത്തിയും കൂടെ  കരഞ്ഞു .അത് കണ്ട് വറീതിന് ചൊറിഞ്ഞു വന്നതാ .., മൂധേവി ഇപ്പൊ നിന്ന് മോങ്ങാ തന്റെ തല അടിച്ചു പൊട്ടിക്കുന്നത് കണ്ട് ജീവനും കൊണ്ട് ഓടിയ സാധനാ.., 

വറീതിന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതോടെ ഞാൻ കാപ്പി വാങ്ങി വരാമെന്നും പറഞ്ഞ് ശാരദേടത്തി ഫ്‌ളാസ്‌ക്കുമെടുത്ത്  മുങ്ങി .

വീട്ടിലേക്ക്  തിരിച്ചു വന്ന റപ്പായിയെ കണ്ട്  സ്നേഹം പ്രകടിപ്പിക്കാനായി സുഗുണൻ ഓടി വന്നതായിരുന്നു . കാലുയർത്തി റപ്പായി ഒരു തൊഴി കൊടുത്തതോടെ സുഗുണൻ ജീവനും കൊണ്ടോടി . തലക്കടി കിട്ടിയതോടു കൂടി  ഇയാൾക്ക് വട്ടായിപ്പോയെന്നായിരുന്നു അവൻ സംശയിച്ചത്  . 

പരട്ടു നായക്ക്  തിന്നാനും തൂറാനും മാത്രം അറിയാം  തീറ്റ കൊടുക്കുന്ന തന്റെ തല അടിച്ചു പൊട്ടിക്കുന്നതും കണ്ട് ഓടിപ്പോയിരിക്കുന്നു .  താൻ തീറ്റ കൊടുത്ത് വളർത്തുന്നതെല്ലാം ഒരു കൂട്ടം പാമ്പുകളാണല്ലോയെന്നായിരുന്നു റപ്പായി ഓർത്തത് .

റപ്പായിയുടെ തല അടിച്ചു പൊട്ടിച്ചു എന്നു കേട്ടതിനു പുറകെ ഷാപ്പുകാരൻ വറീത് അപരിചിതർക്ക് പ്രവേശനമില്ലെന്നൊരു ബോർഡ് കള്ളു ഷാപ്പിനു മുന്നിൽ തൂക്കിയിട്ടു .

റപ്പായിയുടെ തല പൊട്ടിച്ചതു കാരണം റിപ്പറിന്റെ അടുത്ത ലക്ഷ്യം താനായിരിക്കുമെന്ന് ഒരു ഉൾവിളി വറീതിനുണ്ടാവുകയും അതിനൊരു മുൻകരുതലെന്ന നിലയിലായി ആ  ബോർഡ്  തൂക്കിയിടുകയും ചെയ്തത് .

കൂടാതെ  ഒരു വലിയ ചുറ്റികയും വറീത് വാങ്ങി വെച്ചു . 

അവൻ ഇങ്ങോട്ട് വന്നാ അവന്റെ  തല താൻ അടിച്ചു പൊട്ടിക്കുമെന്നും പറഞ്ഞ് രണ്ടു  കുടം കള്ള്  വറീത് നിന്ന നിൽപ്പിൽ അടിക്കുകയും ഒരു ഉന്മാദം ബാധിച്ചവനെപ്പോലെ ആ കുടങ്ങൾ  അടിച്ചു പൊടിക്കേം ചെയ്തു.

അവൻ റിപ്പറാണെങ്കി ഞാൻ വറീതാന്നും പറഞ്ഞു വറീത് അലറി . 

അതോടെ  കുറച്ച്  ആത്മ വിശ്വാസം കൂടിയത് പോലെയാ വറീതിന്  തോന്നിയത് .

പാതിരാത്രി മൂത്രമൊഴിക്കാൻ പുറത്തേക്ക്  വന്ന പലചരക്കു കടക്കാരൻ സുപ്രു മുറ്റത്തൊരു രൂപം കണ്ട് പേടിച്ചു വിറച്ചു മുറ്റത്തെത്തുന്നതിനു മുന്നേ മൂത്രമൊഴിച്ചു കളഞ്ഞു .പിന്നെയാ മനസ്സിലായത് അത് വീട്ടുമുറ്റത്തുള്ള  വാഴയായിരുന്നുവെന്ന് .

തെങ്ങു ചെത്താൻ പോയ അവറാൻ ചേട്ടൻ തെങ്ങിന്റെ മുകളിൽ ഇരിക്കുമ്പോഴാണ്  താഴെയൊരാൾ ചുറ്റികയുമായി നിൽക്കുന്നത് കണ്ടത് .

എന്റെ കർത്താവേന്ന് നിലവിളിച്ചോണ്ട് ഒരു മിസൈല് പോലെ അവറാൻ ചേട്ടൻ താഴേക്ക് പോന്നു . ഭാഗ്യത്തിന് ചെന്തെങ്ങുമ്മേലായിരുന്നു തേങ്ങയിടാനായി അവറാൻ ചേട്ടൻ കയറിയിരുന്നത് .. ഇല്ലെങ്കി റിപ്പറിന് തലക്കടിക്കേണ്ടി തന്നെ വരത്തില്ലായിരുന്നു .

ആടിനെ കെട്ടാൻ കുറ്റിയടിക്കാൻ ചുറ്റികയുമായി വന്ന പീതാംബരനായിരുന്നൂവത്. മിസൈല് പോലെ ആരോ മുകളിൽ നിന്നും വരുന്നത് കണ്ട പീതാംബരൻ ആടിനേയും ചുറ്റികയുമിട്ട് ജീവനും കൊണ്ടോടി . പിന്ന്യാ മനസ്സിലായത് അത് അവറാൻ ചേട്ടനായിരുന്നുവെന്ന് .

എന്ത് പറ്റി അവറാനെ തെങ്ങിൽ വഴുക്കലുണ്ടോയെന്ന് ചോദിച്ചു ചെന്ന പീതാംബരന്റെ മുഖത്തൊന്ന് പൊട്ടിച്ചിട്ടാ അവറാൻ ചേട്ടൻ അലറിയത് , മനുഷ്യനെ പേടിപ്പിക്കാൻ ചുറ്റികയുമായി നടക്കുന്നോടാ തെണ്ടി  ? . 

അടി വാങ്ങിയ പീതാംബരൻ കവിളും തിരുമ്മി താഴോട്ട് നോക്കി  നിന്നു .

തന്റെ പറമ്പില് ചുറ്റികയുമായി നടക്കാൻ, തനിക്കു പാടില്ലെന്ന് ആ പാവം മനസ്സിൽ   ചോദിച്ചു . അത്  അവറാൻ ചേട്ടനോട് ചോദിക്കാനായി നാവു വളച്ചെങ്കിലും, അത്  ഇനിയും അടി കിട്ടാൻ കാരണമാകുമോയെന്നുള്ള  പേടിയിൽ സ്വയം അടക്കി   .

ഇതെന്ത് ലോകം? സ്വന്തം പറമ്പില് പോലും മനുഷ്യന് സമാധാനമില്ലെന്ന് വെച്ചാ എന്താ ചെയ്യാന്ന് സ്വയം ചോദിച്ചോണ്ടാ  പീതാംബരൻ പോയത്  .  

എവിടെ മനുഷ്യാ കൂടെ കൊണ്ട് പോയ ആടെന്ന് ഭാര്യ കുസുമം ചോദിച്ചപ്പോഴാ പീതാംബരൻ ശരിക്കും ഞെട്ടിയത് അല്ല തന്റെ കൂടെ വന്ന ആടെവിടെ ? അല്ല തന്റെ കൂടെ വന്ന ചുറ്റികയെവിടെ ? ആകെ തല തിരിഞ്ഞതു  പോലെ ആയിരുന്നു പീതാംബരൻ .

അന്നുച്ചക്ക് പ്രേഷിത പ്രവർത്തനം കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയാ അമ്പലപ്പറമ്പിനു പുറകിലുള്ള കുറ്റിക്കാട്ടിൽ മൂത്രമൊഴിക്കാൻ കേറിയ പ്രേഷിതൻ സുകു ആ കാഴ്ച കണ്ടത്. ഒരാൾ കൂർക്കം വലിച്ചുറങ്ങുന്നു  തല ഭാഗത്ത് ഒരു ചുറ്റികയും  ചാരി വെച്ചിരിക്കുന്നു .., 

റിപ്പർ.. അത്  സ്വയം പറഞ്ഞ് സുകു ഞെട്ടി. 

മൂത്രമൊഴിക്കാൻ വന്ന സുകു അത് മറന്നുകൊണ്ട് സൈക്കിള് പോലും ഉപേഷിച്ചാ  പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞത്  . തന്നെ റിപ്പറിന് ഇട്ടു  കൊടുത്ത്   പാഞ്ഞു പോകുന്ന സുകുവിനെ നോക്കി സൈക്കിൾ തരിച്ചു നിന്നു.

സാറേ റിപ്പറ്.., സാറേ റിപ്പറ് ..,

 കൂവിക്കൊണ്ടായിരുന്നു  സുകു പാഞ്ഞു ചെന്നത്.

എന്നാലത്  കേട്ട് ഇടിയന് വല്യ കുലുക്കമൊന്നും ഉണ്ടായില്ല . ദിവസവും ഇത്പോലെ  ഓരോരുത്തരൻമാര്  പാഞ്ഞു വരുന്നതാ അവസാനം ഏതെങ്കിലും ഒരു നിരപരാധി തന്റെ ഇടി കൊണ്ട് കരയും . ഇതും, അത് പോലെ എന്തെങ്കിലുമൊക്കെതന്നയാവും  .

എന്റെ സാറേ അവനാ അമ്പലപ്പറമ്പിന്റെ പുറകിലുള്ള കുറ്റിക്കാട്ടിൽ കിടന്നുറങ്ങുന്നുണ്ട് . എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാ. 

കണ്ണുകൾ കൊണ്ടല്ലാതെ, പിന്നെ  കാലുകൾ കൊണ്ട് കാണാൻ പറ്റോ ? അസ്ഥാനത്തുള്ള ആ തമാശ പറഞ്ഞ് ഇടിയൻ പൊട്ടിച്ചിരിച്ചു . ഇടിയൻ ചിരിച്ച്  താൻ കൂടെ  ചിരിച്ചില്ലെങ്കി അത് പൊല്ലാപ്പാകുമോയെന്നുള്ള പേടിയിൽ  തോമാസേട്ടനും കൂടെ ചിരിച്ചു . 

സെല്ലിൽ കിടക്കുന്ന കള്ളൻ ദാമുവും കൂടി  ചിരിച്ചപ്പോ  അതൊരു കൂട്ടച്ചിരിയായി മാറി  .

ഇതെല്ലാം കണ്ട്  സുകു ആകെ  വിഷ്ണനായി നിന്നു .

എന്റെ സാറേ ഏതായാലും  ഒന്ന് പോയി നോക്കാം ..ഇനി ചിലപ്പോ അത് ഒർജിനൽ റിപ്പറെങ്ങാനും  ആണെങ്കിലോ ? .

റിപ്പറ് അമ്പലപ്പറമ്പിന്റെ പുറകിലെണ്ടെന്ന വിവരം കാട്ടുതീ പോലെ പടർന്നു. പോലീസ് അമ്പലപ്പറമ്പ് വളഞ്ഞു. തോക്ക് ചൂണ്ടി ഇടിയൻ, റിപ്പറിനെ പൊക്കി തെളിവായി ചുറ്റികയും കണ്ടെടുത്തു . അതോടെ നാടിനെ വിറപ്പിച്ച റിപ്പർ കാലഘട്ടത്തിന് അവസാനമാവുകയായിരുന്നു  .

എല്ലാവരും സമാധാനത്തോടെ പുറത്തേക്കിറങ്ങാൻ ആരംഭിച്ചു  .- 

 വറീതിന്റെ കള്ളു ഷാപ്പ് ആറുമണിക്ക് ശേഷവും തുറന്ന് പ്രവർത്തിക്കുകയും അപരിചിതർക്ക് പ്രവേശനം നൽകുകയും ചെയ്തു .

അടികൊണ്ട റപ്പായിയെ കുറെ  നാളത്തേക്ക് ഉറക്കത്തിൽ റിപ്പറു വന്നു ശല്യം ചെയ്‌തെങ്കിലും പതിയെ പതിയെ അതു  മാറി .പലചരക്കു കടക്കാരൻ സുപ്രു ഹെൽമെറ്റ് തലയിൽ നിന്നും ഊരിമാറ്റി . അങ്ങനെ ഞങ്ങളുടെ ഗ്രാമം സാധാരണ നിലയിലേക്ക് മടങ്ങി . 

സത്യത്തിൽ കിണറുകൾ വൃത്തിയാക്കാൻ തമിഴ്‌നാട്ടിൽ നിന്നും ജോലി അന്വേഷിച്ചു വന്ന മറുതായിരുന്നുവത് .മൂന്നു ദിവസം നീ റിപ്പറല്ലെടാന്നും ചോദിച്ച്  ഇടിയൻ, മരുതിനെ  ഇടിച്ചു അവസാനം മരുത്  ആ ചുറ്റികഎടുത്ത് സ്വന്തം തലക്കടിച്ചു കൊണ്ട് അലറി .. 

ഞാൻ  റിപ്പറല്ല 

പിന്നെ.. ആരാടാ നീ  ?  

ഞാൻ  ശോഭരാജ്.., ചാൾസ് ശോഭരാജ്

 അതും പറഞ്ഞ് മരുത് ചിരിച്ചു..,  പൊട്ടി പൊട്ടി ചിരിച്ചു .  

 ഞെട്ടിയ ഇടിയൻ ഉടൻ തന്നെ ഡി ജി പി ക്ക് ഫോൺ ചെയ്തു. 

ഇതിനിടയിൽ ചാൾസ് ശോഭരാജിനെയാണ് തങ്ങൾ  പിടിച്ചതെന്നറിഞ്ഞതോടെ റൈറ്റർ തോമാസേട്ടൻ ജീവനും കൊണ്ട് സ്റ്റേഷൻ വിട്ടോടി . റിപ്പറാണെങ്കിൽ ചുറ്റിക വെച്ചായിരിക്കും താങ്ങുക ഇവൻ തോക്കായിരിക്കും തീർക്കാ .

 ഇടിയന്റെ കാര്യം പോക്കാണെന്ന തോമാസേട്ടൻ ഓട്ടത്തിനിടയിൽ  ഓർത്തത്  . 

എന്റെ കർത്താവേ  എങ്ങിനെയൊക്കെയാ ഓരോരുത്തര് ആളുകളെ  കൊല്ലുന്നതെന്നോർത്ത് തോമാസേട്ടൻ ആ ഓട്ടം ഓടിക്കൊണ്ടിരുന്നു .

ഡി ജി പി മറുതലക്കൽ വന്നതോടെ ഇടിയൻ അലറി സാറേ ഞാൻ ശോഭരാജിനെ പിടിച്ചു .

ഏത് ശോഭരാജാ ഡോ   വിഡ്ഢി  ? ഡി ജി പി അന്തം വിട്ടാ  ചോദിച്ചത് .

തന്റെ തന്ത ശോഭദരാജെന്ന് ഇടിയന്  വായിൽ തിക്കി വന്നെങ്കിലും പറഞ്ഞത് മറ്റൊന്നായിരുന്നു എന്റെ സാറേ പിടികിട്ടാ പുള്ളി ചാൾസ്  ശോഭരാജ്. 

അയാളെ  കണ്ട ഡി ജി പി തലക്ക് കൈവെച്ചു . 

പാവം മരുത് കിണറ്റിൽ വീണ കോഴി കണക്കെ കൂനി കൂടി ഇരിക്കുന്നു . 

ചാൾസ് ശോഭരാജ് നിന്റെ തന്തായാടാന്നാ ഡി ജി പി മനസ്സിൽ പറഞ്ഞത് .

ഞാനിവനെ എന്താ ചെയ്യേണ്ടേ സാറേ ?

കൊണ്ട് പോയി പുഴുങ്ങി തിന്നടോന്നും  പറഞ്ഞ് ഡി ജി പി ചാടിത്തുള്ളി  . 

പാവം മരുത് അത് കേട്ട് ഉച്ചത്തിൽ കരഞ്ഞു.., ഇനി  തന്നെ പുഴുങ്ങി തിന്നോ മുരുകാ  ?.

 ആ പാവത്തിന്റെ സംശയം അതായിരുന്നു .

ഏതായാലും ഏതാനും നാളുകൾക്കുള്ളിൽ റിപ്പറെ വേറെ എങ്ങാണ്ടോ നിന്ന് പിടികൂടിയെന്ന വാർത്ത നാട്ടുകാർ പാക്കരൻ ചേട്ടന്റെ ചായക്കടയിലെ പാത്രത്തിൽ വായിച്ചു . നിഷ്കളങ്കനായ മരുത് ഇപ്പോൾ താനാണ് ചാൾസ് ശോഭരാജെന്നും പറഞ്ഞ് തമിഴ്‌നാട്ടിലെ തെരുവീഥികളിലൂടെ കിളി പോയി  നടക്കുന്നു .

ഞങ്ങളുടെ ഗ്രാമം വീണ്ടും നിശ്ശബ്ദതയിലേക്ക് ഊളയിട്ടു . എന്നാൽ അടുത്ത  സംഭവബഹുലമായ കാര്യങ്ങൾക്ക്  മുൻപുള്ള ഒരു ചെറിയ  നിശ്ശബ്ദതയായിരുന്നുവത്. 

ഇതിനിടയിൽ വറീതിനെ അന്ന് റിപ്പറിന്റെ പേരിൽ തലക്കടിച്ചത് അടുത്ത ഗ്രാമത്തിലെ അന്തപ്പനായിരുന്നു . കുടിക്കാൻ കാശില്ലാതിരുന്ന അന്തപ്പൻ ചെയ്ത ചെയ്ത്തായിരിന്നൂവത് . 

ഇതിന് തിരിച്ചു വറീതും ചെയ്തു അത് പിന്നെയൊരിക്കൽ . 

ഒരു ഗ്രാമ പുരാണം കൂടി അവസാനിക്കുന്നു 






















0 അഭിപ്രായങ്ങള്‍