ഞങ്ങളുടെ വലിയൊരു  ഫ്രണ്ടാണ്  അവറാൻ ചേട്ടൻ 

ഒരു എയ്ജ്ഡ്  ഫ്രണ്ടെന്നു വേണമെങ്കിൽ പറയാം .

പിള്ളേരുടെ കൂടെ കൂടാനാണ് പുള്ളിക്ക് കൂടുതൽ താൽപര്യം  പിള്ളേര് എന്ത് കാര്യത്തിനൊക്കെയുണ്ടോ അവിടെയെല്ലായിടത്തും പുള്ളീനേം  കാണാം.

ഏകദേശം അറുപത്  വയസ്സോളം പ്രായമുണ്ട് അവറാൻ ചേട്ടന് കള്ള്  ചെത്തലാണ് പ്രധാന ജോലി  പിന്നെ   അല്ലറ ചില്ലറ മറ്റു പണികൾക്കെല്ലാം പോകും .

രാവിലെ മുതലേ ആള് വെള്ളമടി തുടങ്ങും  തെങ്ങ് ചെത്തി കിട്ടണ കാശ് മുഴുവനും അവറാൻ ചേട്ടന് കുടിക്കാനേ തികയത്തുള്ളൂ .

പക്ഷേ ആരെന്തു ആവശ്യത്തിനു വിളിച്ചാലും ഓടി വരും  .

അവറാൻ ചേട്ടൻ കള്ള് കുടിച്ച് കലപില കൂട്ടാത്ത ഒറ്റ ദിവസം  പോലും  ഉണ്ടാകാറില്ല  കലപില മാത്രമല്ല ആരോടെങ്കിലും തല്ലുകൂടി രണ്ടെണ്ണം വാങ്ങിയിട്ട് വരത്തുള്ളൂ

ഒരു പാവം പിടിച്ച തല്ലുകൊള്ളിയെന്നൊക്കെ വേണമെങ്കിൽ അവറാൻ ചേട്ടനെ വിശേഷിപ്പിക്കാം  .

അങ്ങിനെയിരിക്കെ ഒരു ദിവസം രാവിലെ  സൈക്കിളിൽ നൂറേ നൂറ് സ്പീഡിലാണ്  അവറാൻ ചേട്ടൻ എന്നെ കാണാൻ വന്നത് .

സംഗതി വേറൊന്നുമല്ല അവറാൻ ചേട്ടനും അടുത്തുള്ള തോമാച്ചേട്ടനുമായിട്ടൊന്നുടക്കി എന്തോ നിസ്സാര പ്രശ്നമായിരുന്നു  പക്ഷേ അത്  കൈകാര്യം ചെയ്ത രീതി മാറിപ്പോയി കൂടാതെ അവറാൻ ചേട്ടനല്പം  വെള്ളത്തിലുമായിരുന്നു , അല്പമല്ല നല്ല ഫിറ്റു തന്നെയായിരുന്നു വറീതിന്റെ ഷാപ്പീന്ന് നിന്ന നില്പില് കുടിച്ച മൂന്നുകുപ്പി കള്ള്  അങ്ങനെത്തന്നെ  അവറാൻ ചേട്ടന്റെ വയറ്റിൽ  കിടപ്പുണ്ട് .

ഒന്നും രണ്ടും പറഞ്ഞ്  അവറാൻ ചേട്ടനും തോമാച്ചേട്ടനും തമ്മിൽ ഉന്തും തള്ളുമായി .

കള്ളിന്റെ ധൈര്യത്തില്  ആവേശം മൂത്ത അവറാൻ ചേട്ടൻ അയാളുടെ കരണത്തൊന്ന് പൊട്ടിക്കേം  ചെയ്തു .

അടികൊണ്ടവശം ,  വെട്ടിയിട്ട വാഴത്തടി പോലെ തോമാച്ചേട്ടൻ ഒറ്റ വീഴ്ച്ച,  ഒരു അനക്കവും ഇല്ല,  സംഗതി ഇനിം  അടി കിട്ടാതിരിക്കാൻ ആളങ്ങനെ കിടന്നതാ .

ഇത് കണ്ട് പുള്ളിക്കാരന്റെ പെണ്ണും പിള്ളേം, തള്ളേം
നെഞ്ചത്തടിച്ചോണ്ട്  നിലവിളിയോട് നിലവിളി .

എന്റെ മോനേ, ഈ കാലമാടൻ  കൊന്നേന്നും പറഞ്ഞ് .

സംഗതി കൈവിട്ടു പൊയെന്ന് അവറാൻ ചേട്ടന് മനസ്സിലായി 
അതുവരേക്കും ധൈര്യം കൊടുത്ത കള്ള്  അവറാൻ ചേട്ടനെക്കൊണ്ട് ഈ  കൊലച്ചതി ചെയ്യിച്ചിട്ട്  മാറി നിന്നു .

കള്ള് പോയപ്പോ ബോധം വന്നൂ , കൂടെ പേടിം വന്നു   

അതോടെ അവറാൻ ചേട്ടൻ നിന്ന് വിറ തുടങ്ങി .

വീണു കിടക്കുന്ന  തോമാചേട്ടന് ഘടോൽക്കചൻമാരായ മൂന്ന് ആണ്‍ മക്കളുണ്ട് , സത്യത്തിൽ കിക്കിന്റെ പൊറത്ത് അവറാൻ ചേട്ടനത്  മറന്ന് പോയിരുന്നു 

കള്ള് അവറാൻ ചേട്ടനെ ചതിച്ചു .

അവറാൻ ചേട്ടന്റെ നല്ല സമയം  ഈ സംഭവം നടക്കുമ്പോ പിള്ളേര് ആരും അവിടെ ഉണ്ടായിരുന്നില്ല  ഉണ്ടെങ്കില്  അവരപ്പത്തന്നെ  അവറാൻ ചേട്ടനെ പഞ്ഞിക്കിട്ടേനേ .

കുടിച്ച കള്ളിന്റെ കിക്ക് ഇറങ്ങിപ്പോയതോടെ  അവറാൻ ചേട്ടന്റെ മുട്ടുകൾ രണ്ടും കൂട്ടിയിടിക്കാൻ തുടങ്ങി .

പിള്ളേര് വന്നാ  അവറാൻ ചേട്ടനെ തല്ലിക്കൊല്ലൂന്ന് ഏതാണ്ട്  ഉറപ്പായി .

തോമാ ചേട്ടന്റെ ഭാര്യ അത് ഉറക്കെ വിളിച്ചു പറയേം ചെയ്തു .

പിള്ളേര് ഇങ്ങട് വരട്ടെടാ , നിന്റെ കൈയ്യും, കാലും തല്ലിയൊടിക്കും.

ഇത് കൂടി കേട്ടതോടെ  ചെറുതായി വിറച്ചോണ്ടിരുന്ന  അവറാൻ ചേട്ടന്റെ കൈയ്യും,  കാലും കിടു  കിടാന്ന് നല്ല ഉച്ചത്തിൽ വിറക്കാൻ തുടങ്ങി .

അതോടെ പരവേശം, പേടി,  തുള്ളൽ, തലചുറ്റൽ എന്നിങ്ങനെ എല്ലാവരും ഒന്നിച്ചു വന്ന് അവറാൻ ചേട്ടനെ പൊതിഞ്ഞു .

അതാണ്‌ സൈക്കിളെടുത്ത് ആള് നേരെ എന്റെ വീട്ടിലേക്കു വെച്ചു പിടിച്ചത് .

എന്നെ തേടി വന്നതിനൊരു  പ്രധാന കാരണം  ഞാനാ സമയത്ത് കരാട്ടെ പഠിക്കുന്നുണ്ട് .

ബ്രൂസിലിം , ജാക്കി ചാനുമൊക്കെ ഞാനാണെന്ന മട്ടിലാണ് നാട്ടുകാരുടേയും  വീട്ടുകാരുടേയും മുന്നില് എന്റെ ഷൈൻ  ചെയ്യൽ  .

അവറാൻ ചേട്ടൻ ആന പോലിരിക്കുന്ന സംഭവത്തെ എലിയാക്കിയാണ് എന്നോട് പറഞ്ഞത് .

ടാ  ..മോനേ, നമ്മുടെ അയലത്തുള്ളോരായിട്ട്  ചെറിയൊരു പ്രശ്നം  നീയവിടിണ്ടായാ നന്നാവും .

ഞാനാണെങ്കീ ആ സമയത്ത്  ലോകത്തുള്ള സകല പ്രശ്നങ്ങളിലും തലയിടാൻ ചാൻസ്  നോക്കി  നടക്കുന്ന സമയം .

എന്താ പ്രശനം അവറാൻ ചേട്ടാ ?

ഒന്നൂല്ലടാ  , ചെറിയൊരു പ്രശ്നം നീയവിടെ ഉണ്ടെങ്കി കാര്യങ്ങൾ പറയാനും  പിന്നെ എനിക്കൊരു ധൈര്യാവും. 

സംഗതി അതീവ ഗുരുതരാവസ്ഥയിലാണെന്നും  അവറാൻ ചേട്ടൻ അയാൾക്കിട്ട്  ഒന്ന് പൊട്ടിച്ചിട്ടുണ്ടെന്നും, തോമാച്ചേട്ടന്  ഘടോൽക്കചൻമാരായ മൂന്ന് ആണ്‍ മക്കളുണ്ടെന്നും  ഒന്നും അവറാൻ ചേട്ടൻ എന്നോട് പറഞ്ഞില്ല .

പറഞ്ഞിരുന്നെങ്കി ആ നിമിഷം തന്നെ ഞാൻ  എസ്കേപ് ആയേനെ .

അതിനെന്താ അവറാൻ ചേട്ടാ  ഞാൻ വരാലോ.

 അവറാൻ ചേട്ടൻ എന്നെ ഒരു ബ്രൂസിലി ആക്കിയ പോലെ എനിക്കെന്നെയൊരു തോന്നല്.  

ഞാൻ കരാട്ടെ പഠിച്ചത് കൊണ്ടല്ലേ  അവറാൻ ചേട്ടൻ ഒരു ധൈര്യത്തിന് എന്നെ വിളിക്കുന്നത്‌ .

എന്തിനാ പേടിക്കണേ,  ഇതൊരു  ചീള് കേസല്ലേ അവറാൻ ചേട്ടാ ഞാൻ  വരാം 

അത് കേട്ടതോടെ  അവറാൻ ചേട്ടനും ധൈര്യായി എന്നാലുമൊരു സംശയം  

എടാ നമുക്ക് ആ സുകൂനേം, സുകേശനേം കൂടി വിളിച്ചാലോ  

ഇത് കേട്ടതോടെ എന്നിലെ ബ്രൂസിലി ആത്മരോക്ഷം കൊണ്ടു

എന്റെ കഴിവ് ചെറുതായതു പോലെ

എന്തിന്?  

ഞാൻ ഗർജ്ജിച്ചു .

അല്ലേടാ,  ഒരു സഹായത്തിന് 

എന്താ അവറാൻ ചേട്ടന് എന്നെ വിശ്വാസമില്ലേ ?

ഞാനപ്പോഴേക്കും ചക്ക് നോറിസിനെ എതിരിടാൻ പോകുന്ന ബ്രൂസിലിയായി   മാറിക്കഴിഞ്ഞിരുന്നു .

എന്റെ ഭാവമാറ്റം കണ്ടതോടെ അവറാൻ ചേട്ടൻ പിന്നെയൊന്നും പറഞ്ഞില്ല .

എന്നാ അവറാൻ ചേട്ടൻ വിട്ടോ ഞാൻ പിന്നാലെ വരാം.

പക്ഷേ , അവറാൻ ചേട്ടന് ഒറ്റക്ക് പോകാനൊരു പേടി  ഇനി വഴില് വെച്ചെങ്ങാനും  അവരുടെ മുന്നില്  പെട്ടാലോ.?

വേണ്ടാ , നമുക്കൊരുമിച്ച് പോവാടാ മോനേ 

എന്നാ അവറാൻ ചേട്ടനൊന്ന് നിക്ക് ഞാനെന്റെ നെഞ്ചാക്ക് എടുത്തിട്ട് വരാം 

അതെന്തിനാടാ ചാക്ക്  ?

അവരെ ചാക്കിലാക്കാൻ,  എന്റെ അവറാൻ ചേട്ടാ അതൊരു ആയുധമാണ് .

എന്തിനാടാ,  അതൊക്കെ വേണോ ?

ഇരുന്നോട്ടെ  ചിലപ്പോ ആവശ്യം വരും.
   
സത്യത്തിലാ  നെഞ്ചാക്ക്  മര്യാദക്കൊന്ന്  പിടിക്കാൻ പോലും എനിക്കറിയത്തില്ല .

അങ്ങിനെ നെഞ്ചാക്കും അരേല് വെച്ച്  ഞാനും അവറാൻ ചേട്ടനും, അവറാൻ ചേട്ടന്റെ സൈക്കിളിൽ അവറാൻ ചേട്ടന്റെ വീട്ടിലേക്ക് .

ഞാനാണെങ്കീ  ഇപ്പൊ ഒരു പത്തു പേര് വന്നാ , ആ പത്തു പേരേം അടിച്ചിട്ടും  എന്ന മട്ടിലാണ് സൈക്കിളിൽ വിരിഞ്ഞിരിക്കുന്നത് .

അങ്ങിനെ അവറാൻ ചേട്ടന്റെ വീടിന്റെ മുന്നില് , ഞാൻ അവറാൻ ചേട്ടന്റെ ബോഡി ഗാർഡ് ആയിട്ട് നിന്നു  ഉലാത്തി അവറാൻ ചേട്ടനാണെങ്കി എന്റെ ധൈര്യത്തിൽ  നെഞ്ചും തള്ളി നിപ്പുണ്ട് .

സമയം കഴിയും തോറും ഒരു പ്രശ്നവുമില്ല  അപ്പോൾ അവറാൻ ചേട്ടന് ബഹുത്ത്  ധൈര്യം എനിക്കാണെങ്കിൽ എന്റെ കഴിവിലും പേരിലും ഓവർ  കോണ്‍ഫിഡനസ് .

കാരണം ഞാനിവിടെ നിൽക്കുന്നത് കാരണമാണ് അവരെല്ലാം പേടിച്ച് ഇങ്ങോട്ടേക്ക്  വരാത്തത് എന്നൊരു അമിത ആത്മവിശ്വാസം എന്റെ ഉള്ളിൽ കേറി .

അവറാൻ ചേട്ടന്റെ കണ്ണുകളിൽ എന്നോടുള്ള ആരാധന അങ്ങിനെ നിറഞ്ഞു കത്തുന്നു .

ഇതു കൂടി കണ്ടതോടെ ഞാൻ ഒന്നു കൂടി മുകളിലേക്ക് പൊങ്ങി ഞാനെന്തോ  ഒരു വലിയ  സംഭവം തന്നെയെന്ന് എനിക്കു  തന്നെയൊരു തോന്നല്  .

ഏകദേശം  ഒരു മണിക്കൂർ കഴിഞ്ഞു കാണും,  ഇടവഴിയിൽ നിന്നും ചെറിയൊരു  ആരവം അതിങ്ങോട്ട് അടുത്തടുത്ത് വരുന്നു .

ഞാൻ നോക്കിയപ്പോ  അവറാൻ ചേട്ടൻ നിന്ന് വിറക്കുന്നുണ്ട്

ഇത് കണ്ടതോടെ എന്റെ മുട്ടും വിറച്ചു  തുടങ്ങി . 

ആരവം അടുത്തു വരുംതോറും  എന്റെ മുട്ടുകളും  അവറാൻ ചേട്ടന്റെ മുട്ടുകളും  മത്സരിച്ച് വിറ തുടങ്ങി  

സത്യത്തിൽ എന്റെ മുട്ടുകള്  അവറാൻ ചേട്ടനെ ഓവർ ടേക്ക് ചെയ്ത് തുടങ്ങി .

എന്റെ ശരീരത്തിൽ നിന്നും  ബ്രൂസിലിയും  , ജാക്കിച്ചാനുമെല്ലാം ഇറങ്ങിയോടി.

ഞാൻ വീണ്ടും നോക്കി ആ ആരവം അടുത്തടുത്ത് വരുകയാണ്  അവറാൻ ചേട്ടൻ  തല്ലിയ തോമാചേട്ടനേം പൊക്കിപ്പിടിച്ചു  കൊണ്ടാണ് ആ ആരവത്തിന്റെ വരവ്  മുന്നിൽ  മൂന്ന് ഘടോൽക്കചൻമാരായ മക്കളും , വേറെ ഒരു നാലഞ്ചു പേരും .

ഇതോടെ അവറാൻ ചേട്ടന്റെ മുട്ടിന്റെ വിറ ശരീരം മൊത്തം ഏറ്റെടുത്തു  പൂക്കുല പോലെയാണ്  ഇപ്പൊ നിന്ന് വിറക്കുന്നത്  .

ഇനി  വിറച്ചു വിറച്ചു  അവറാൻ ചേട്ടൻ ഇവിടെത്തന്നെ വീണ്  മയ്യത്താവോയെന്നെനിക്ക്  തോന്നി .

അവറാൻ ചേട്ടനെക്കാളും കൂടുതലായിട്ടാണ് ഞാൻ വിറച്ചു കൊണ്ടിരിക്കുന്നത്,  എങ്കിലും അത് അവറാൻ ചേട്ടൻ അറിയാതിരിക്കാൻ ഞാനൊരു പാഴ്ശ്രമം നടത്തുന്നുണ്ടായിരുന്നു.

ഇവരുടെ അടുത്ത് കരാട്ടെ കാണിക്കാൻ പോയാൽ ഇവരെന്നെ ഇടിച്ച് പൊറോട്ടയാക്കും എന്നെനിക്കുറപ്പായിരുന്നു .

കുത്തിപ്പൊരിക്ക് പൊറോട്ട ചീന്തുന്ന പോലെ അവരെന്നെ കൈവെള്ളയിലിട്ട് പിച്ചി ച്ചീന്തും .

ഓടാനാണെങ്കിൽ ആത്മാഭിമാനം സമ്മതിക്കുന്നില്ല  തൊട്ടപ്പുറത്ത് അവറാൻ ചേട്ടൻ  എന്റെ ധൈര്യത്തിൽ വിറച്ചു കൊണ്ടാണെങ്കിലും നിൽപ്പുണ്ട് .

അടുത്ത ഏതു നിമിഷത്തിലും ഞാൻ ബ്രൂസിലിയും   ജാക്കിച്ചാനുമൊക്കെയായി  മാറി  അവരെയെല്ലാം ഇടിച്ചു നിരപ്പാക്കുമെന്ന് അവറാൻ ചേട്ടൻ വിചാരിക്കുന്നുണ്ടാകും .

ഞാനൊരു അഭ്യാസിയായി മാറി അവരെയൊക്കെ ഓടിപ്പിക്കുന്നത്  കാണാൻ അവറാൻ  ചേട്ടന്റെ ഭാര്യ ഒറോത ചേടത്തി  ഉമ്മറത്ത് വന്നിരിപ്പുണ്ട് , എന്നാലും അവർക്ക് ഒരു പേടി

ന്റെ മോനെ നിന്നെക്കൊണ്ട്  കഴിയോ ?

പേടിച്ച് വിറച്ച് നിൽക്കുമ്പോഴാ കിഴവിയുടെ  സംശയം ?

ഒരു ധൈര്യത്തിന് ഞാൻ  നെഞ്ചാക്ക് എടുത്തു , അത് കണ്ടപ്പോ അവറാൻ ചേട്ടന് എന്നിൽ ഒന്നുകൂടി വിശ്വാസം കൂടി  കൂടെ  ഒരു  ഡയലോഗും .

ഡാ ..,കൊല്ലണ്ടാട്ടാ   

ആദ്യം ഞാൻ മര്യാദക്ക് സംസാരിക്കും , പിന്ന്യാ എന്റെ സ്വഭാവം അവരറിയാ.  ഒരു വിധത്തിൽ ഞാൻ വിക്കി വിക്ക്യാ അങ്ങനെ  പറഞ്ഞത്  എന്റെ വിക്കൽ  പുറത്ത് കാണാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചെങ്കിലും അവറാൻ ചേട്ടനൊരു  സംശയം .

ഡാ മോനേ എന്തെങ്കിലും കുഴപ്പം  ?

പേടികൊണ്ട് എനിക്ക് മിണ്ടാൻ തന്നെ പറ്റുന്നില്ല  ശബ്ദമെല്ലാം എങ്ങോ പോയി ഒളിച്ചു  മിണ്ടാൻ പറ്റാതെ ഞാൻ നെഞ്ചാക്ക് ഉയർത്തിക്കാണിച്ചു 

എന്റെ അവസ്ഥ അത്രക്കും  ഭീകരം ഞാനിപ്പോ തല ചുറ്റി വീഴും എന്നെനിക്കുറപ്പായി ഇല്ലെങ്കിൽ അവരെന്നെ കൂറക്കിടും .

ഏത് നേരത്തെണാവോ  ഇയാളുടെ വാക്ക് കേട്ട് വരാൻ തോന്നിയത് ?

ഞാൻ അവറാൻ ചേട്ടന്റെ മുഖത്തേക്ക് ദയനീയമായി നോക്കി എന്റെ മുഖഭാവം കണ്ടപ്പോൾ  അവറാൻ ചേട്ടന് വീണ്ടും സംശയം  .

ആ ആരവം അടുത്തെത്തി അവറാൻ ചേട്ടനെ കണ്ടതും അവരലറി .
   
പിടിക്കവനെന്ന് പറയലും ഞാൻ അടുത്ത പറമ്പിലേക്ക് മൂന്നടി ഉയരമുള്ള വേലിക്കു  മുകളിലൂടെ ഒരു സമ്മർ സാൾട്ട് .

ഒറോത ചേടത്തി  അയ്യോ ന്ന് നിലവിളിച്ചോണ്ട് പര്യേപ്പുറം വഴി പാടത്തേക്ക് ഓടി .

എന്റെ എസ്കേപ് കണ്ടൊടനെ അവറാൻ ചേട്ടൻ രക്ഷപ്പെടാനായി വീട്ടിലേക്ക് ഓടിക്കേറാൻ  ഒരു അവസാന ശ്രമം നടത്തിനോക്കിയെങ്കിലും   അതിനു മുന്നേ അവരുടെ പിടി വീണു കഴിഞ്ഞിരുന്നു.

പിന്നെ  എനിക്കൊന്നും ഓർമ്മയില്ല  അവറാൻ ചേട്ടന്റെ ദീന ദയനീയ രോദനങ്ങൾ  പല ശബ്ദങ്ങളിൽ അവിടെ നിന്നും ഉയർന്നു കേട്ടോണ്ടിരുന്നു.

ഇടക്ക് ,മോനേ ഓടിവാടാന്നുള്ള നിലവിളിയും .

ഇയാളെന്തിനാണിപ്പോ  എന്നെ വിളിക്കുന്നത് ?

ഞാനാണേങ്കീ  അപ്പുറത്തെ പറമ്പിൽ  ശ്വാസം പോലും വിടാൻ പേടിച്ച് ഒളിച്ചു കിടന്നോണ്ട്  അവറാൻ ചേട്ടന്റെ മേൽ അവർ നടത്തുന്ന കലാ പരിപാടികൾ കാണുകയായിരുന്നു .

അവറാൻ ചേട്ടന്റെ രോദനം നേർത്തു നേർത്തു വന്ന് അവസാനം  അത്  മീൻ കിട്ടാത്ത പൂച്ച കുറുകുന്നതു പോലെയായി .

അവറാൻ ചേട്ടനെ അവര് കൊല്ലോ . അത് കഴിഞ്ഞ് എന്നെ  പിടിക്കും  എന്നെയും കൊല്ലും

തേങ്ങാ പെറുക്കാൻ വന്നതാന്ന് പറഞ്ഞാലോ ?

അവര് വിശ്വസിക്കോ   ?  ഞാൻ തലതിരിച്ചു മുകളിലേക്ക് നോക്കി  ഞാൻ കിടക്കുന്നത്  പ്ലാവിന്റെ ചോട്ടിലാ , ചക്ക പറക്കാൻ വന്നതാണെന്ന്  പറയാം.

എന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ കിടന്നോടുത്തു കിടന്ന് എന്റെ നമ്പർ വൺ റിലീസായി  സത്യത്തിൽ ഞാനത് അറിഞ്ഞില്ല ഞാനപ്പൊഴും  വിറച്ചു കൊണ്ടിരിക്കുകയായിരുന്നു .

ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല  എന്നെ കണ്ടാ എനിക്കും കിട്ടും,  മര്യാദക്ക് വീട്ടിൽ  ചായ കുടിച്ചിരുന്നാ മതിയായിരുന്നു .

അവറാൻ ചേട്ടനെ അവര് വട്ടം കൂടി നിന്നാണ് പൂശിക്കൊണ്ടിരുന്നത്  ഞാൻ കൊണ്ട് പോയ  നെഞ്ചാക്ക് എടുത്തായിരുന്നു അവറാച്ചന്റെ പുറത്ത് അവര് കോൽക്കളി നടത്തിയത് .

ഒരു വിധത്തിലാ ഞാൻ അവിടന്ന് രക്ഷപ്പെട്ടത് .

അതിനു ശേഷം രണ്ട് മാസത്തോളം അവറാൻ ചേട്ടൻ എന്നോട് മിണ്ടാതെ  നടന്നു .

അവസാനം രണ്ടു കുപ്പി കള്ളിന്റെ പുറത്താ അത് സോൾവായത്  മറ്റൊരു രണ്ടു കുപ്പി  എന്റെ ധൈര്യത്തെപ്പറ്റി ആരോടും പറയാതിരിക്കാനും .

       

0 അഭിപ്രായങ്ങള്‍