മെമ്പറു സുകേശൻ അതിർത്തീല് മണ്ണിട്ട് അടക്കണൂന്ന് ..കൂടെ കരാട്ടെ വാസുവും ഉണ്ടത്രേ . 

ആ വാർത്ത കേട്ടവർ മൂക്കത്ത് വിരൽ വെച്ചു 

രാവിലെ തന്നെ പ്രേഷിതൻ സുകുവാ ഓടി വന്നത് പറഞ്ഞത്  

അയ്യോ.., കരാട്ടെ വാസു ഉണ്ടോ ? എന്നാലിന്ന്  എന്തെങ്കിലും നടക്കും 

ഭയങ്കര കരാട്ടെക്കാരനാണ്  വാസു  കരാട്ടെയിൽ ബെൽറ്റുകൾ എടുത്തെടുത്ത്  ബ്ലാക്ക് ബെൽറ്റും കഴിഞ്ഞ് പിന്നെ  വേറെന്തൊക്കയോ  ബെൽറ്റും കൂടി  വാസൂന് കിട്ടീട്ടുള്ളതാ .  

വീണ്ടും, വാസു കരാട്ടെ കാണിച്ചു നിന്നപ്പോ  ഇനി വേറേ ബെൽറ്റൊന്നും ഇല്ലെന്നു പറഞ്ഞു  മാസ്റ്ററാ വാസൂനെ നിർബന്ധിച്ച് പറഞ്ഞയച്ചത്, അത്രേം വല്യ അഭ്യാസിയാ .

മാസ്റ്ററേക്കാളും വല്യ അഭ്യാസി ആവൂന്ന് പേടിച്ചിട്ടാ ബെൽറ്റ് തരാഞ്ഞതെന്നും  പറഞ്ഞാ വാസു ഇപ്പൊ നടക്കുന്നത് . 

വാസുവേട്ടന്റെ മാസ്റ്ററ് ഒരു  ചൈനക്കാരനാന്നാ പറഞ്ഞു കേൾവി , ഇനീം ബെൽറ്റ് വേണം വേണമെന്നുള്ള വാസൂവേട്ടന്റെ  നിർബന്ധം സഹിക്കാൻ പറ്റാതായപ്പോ അങ്ങേര്,  അങ്ങേരുടെ ഒരു ചൈനീസ് കോണകമെടുത്ത്  കെട്ടിക്കോളാൻ പറഞ്ഞു കൊടുത്തൂന്നും കേൾക്കുന്നുണ്ട്  .

സംഗതി ഇത് സത്യമാണോ നുണയാണോന്നൊന്നും ആർക്കും അറിയത്തില്ല  . വാസുവേട്ടനോട് അസൂയയുള്ള ഏതോ ദോഷൈദൃക്കുകള് പറഞ്ഞു പരത്തണ ഉണ്ടയില്ലാത്ത വെടിയാന്നാ വാസുവേട്ടന്റെ ആരാധകര് പറയുന്നത്  . 

പക്ഷേ, എന്തൊക്കെത്തന്നെയായാലും  ഞങ്ങടെ ഗ്രാമത്തില് വാസുവേട്ടൻ ഒരു പുലിയാ  വാസുവേട്ടൻ വരുന്ന  കാണുമ്പോൾ  തന്നെ എല്ലാവരും ബഹുമാനം കൊണ്ട്  സലാം വെക്കും .

ഒരു പ്രാവശ്യം തെങ്ങ് ചെത്തണ  അവറാൻ ചേട്ടൻ സൈക്കിളില്   വരുമ്പോഴാ വാസൂനെ  കണ്ടത്  എല്ലാവരും  നോക്കുമ്പോ അവറാൻ ചേട്ടൻ കുളത്തീ കിടന്ന് കൈയ്യും കാലുമിട്ട് അടിക്കുന്നുണ്ട് ചൂണ്ടയിടാൻ വന്ന നാണുവാ വെള്ളത്തിലോട്ട് ചാടി  അവറാൻ ചേട്ടനെ രക്ഷപ്പെടുത്തിയത് പാവം നീന്തലറിയാണ്ട് വെള്ളം കുടിച്ച് ചത്തുപോയേനേ . എന്താ സംഭവന്ന് ആദ്യമൊന്നും ആർക്കും മനസ്സിലായില്ല പിന്നെ  അവറാൻ ചേട്ടൻ തന്ന്യാ വെളിപ്പെടുത്തിയത് വാസൂനോട്   ബഹുമാനം  കാണിച്ചപ്പോ  വെള്ളത്തീ പോയതാന്ന്  

കുളത്തില് ചാടിയിട്ടാണോ  ബഹുമാനം കാണിക്കണെന്ന്  കപ്യാര് ഈനാശുചേട്ടനാ  ചോദിച്ചത്  . 

സത്യത്തില് അവറാൻ ചേട്ടൻ വാസൂനെ കണ്ടതോടെ  സൈക്കിളിലാണെന്ന കാര്യം മറന്നു പോയിട്ടാ  രണ്ടു കൈയ്യും കൂപ്പി ബഹുമാനം കാണിച്ചത്. 

നാണു അവിടെ  ഉണ്ടായിരുന്നത് അവറാൻ ചേട്ടന്റെ ഭാഗ്യം ഇല്ലെങ്കീ ബഹുമാനം കാണിക്കാൻ  പോയി വെള്ളം കുടിച്ച് ചത്തേനേ . 

അവറാൻ ചേട്ടൻ വെള്ളത്തിലോട്ട്  തല കുത്തി വീഴുന്ന  കണ്ടിട്ടും കരാട്ടെ വാസു  മിണ്ടാതെ പോയതില് അവറാൻ ചേട്ടന് വല്യ വിഷമായി ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ അത് വാസൂനോട്  ചോദിക്കേം ചെയ്തു .

എന്റെ വാസോ ആ അവറാൻ വെളളത്തിലോട്ട്  പോയത് കണ്ടിട്ടും ഒന്ന് രക്ഷിക്കാൻ നോക്കാതെ പോയത് ശരിയായില്ലാട്ടാ ഒന്നൂല്ലെങ്കി നിന്നെ കണ്ടിട്ടല്ലേ  അവൻ വെള്ളത്തിലോട്ട് പോയത് .

എന്റെ ചേട്ടാ അതിനെനിക്ക്  നീന്തലറിയില്ല .

അപ്പോ നീ കരാട്ടേയല്ലേ എന്റെ വാസോ  ?

കരാട്ടെയും നീന്തലും തമ്മിലെന്ത്  ബന്ധന്ന് വാസുന്  എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല ഏതായാലും അതിന് ഉത്തരം പറയാതിരിക്കാ നല്ലതെന്നും കരുതി  വാസു മിണ്ടാതെ ചായ കുടിച്ച് എണീറ്റു പോയി 

നീന്തല് പോലും അറിയാത്ത ഇവൻ എന്ത് കരാട്ടെക്കാരനാന്നാ പാക്കരൻ ചേട്ടൻ മനസ്സില് ചോദിച്ചത്  

അതോടെ വാസൂനെ കാണുമ്പോഴുള്ള  ബഹുമാനം കാണിക്കല് അവറാൻ ചേട്ടൻ നിറുത്തി , വെറുതേ ചാവണ്ടല്ലോ ?

അങ്ങേര്  തെങ്ങിന്റെ മോളിലിരിക്കുമ്പോ  വാസൂനെ കാണാഞ്ഞത് ഭാഗ്യായീന്നാ  അവറാൻ ചേട്ടന്റെ ഭാര്യ ഒറോത ചേടത്തി  എല്ലാവരോടും  പറഞ്ഞത് .
               
ഞങ്ങള് ചെന്ന്  നോക്കുമ്പോ മീൻകാരൻ മമ്മദ്,  പലചരക്ക് കടക്കാരൻ സുപ്രു, ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ, എല്ലാവരും സുകേശനൊപ്പം ചേർന്ന്  കൊട്ടേല്  മണ്ണു വാരി റോഡ് അടക്കുന്നുണ്ട്  കൂടെ പാക്കരൻ ചേട്ടന്റെ നായ  റോമുവുമുണ്ട്  ,  അവൻ മണ്ണു വാരി ഇടുന്നൊന്നുമില്ല  കരാട്ടെ വാസുവിന്റെ ഒപ്പം നടക്കാ വാസു അങ്ങോട്ട് നടക്കുമ്പോ റോമു അങ്ങോട്ട് നടക്കും വാസു ഇങ്ങോട്ട് നടക്കുമ്പോ റോമു ഇങ്ങോട്ട് നടക്കും അതിന്റെ എടേല് ആരെങ്കിലും ആ വഴി വന്നാ വാസു ഹാ ..ഹൂ ..ന്ന് വായോണ്ട് കരാട്ടെ കാണിക്കും അതിന്റെ ഒപ്പം റോമുവും,  റോമൂന്  കരാട്ടെ അറിയാത്ത  കാരണം അവൻ കുരക്ക മാത്രേ ചെയ്യുന്നുള്ളൂ.    റോമു കുരക്കുമ്പോ വാസു അവനെ അഭിനന്ദിക്കണ പോലെ നോക്കും അതു കാണുമ്പോ റോമുന് ആവേശം  ആകാശത്തോളം ഉയരും അവൻ വാസുനെ ഒന്നുകൂടി ഇമ്പ്രെസ്സ് ചെയ്യിക്കാനായി തന്റെ പീപ്പി പോലെ വളഞ്ഞ വാലിട്ട് അങ്ങോട്ടുമിങ്ങോട്ടുമിട്ടാട്ടും.

മൂട്ടീന്ന് തെറിച്ചു പോകുമോയെന്ന് പോലും സംശയം തോന്നിപ്പോകും അമ്മാതിരിയാണ്  ആ  വാലിട്ടാട്ടല് ,  

അങ്ങനെ ആവേശം കൂടി കൂടി അവൻ അങ്ങോട്ട് തിരിഞ്ഞു നിക്കായിരുന്ന  പാക്കരൻ ചേട്ടന്റെ പിന്നാമ്പുറം  നോക്കി കുരച്ചു   അത് കേട്ട് പാക്കരൻ ചേട്ടൻ ഞെട്ടി    കുരച്ചു കഴിഞ്ഞാ റോമു  മുഖത്തോട്ട് നോക്കിയത് അതോടെ അവനും ഞെട്ടി പിന്നാമ്പുറം കണ്ടപ്പോൾ അത്  പാക്കരൻ ചേട്ടന്റെ പരിചയമുള്ള പിന്നാമ്പുറമാണെന്ന്  റോമൂന് മനസ്സിലായില്ല  പാക്കരൻ ചേട്ടൻ തൊഴിക്കാനായി കാലും  പൊക്കിക്കൊണ്ട് ചെന്നതായിരുന്നു  അതോടെ റോമു ഓടിച്ചെന്ന് പാക്കരൻ ചേട്ടന്റെ കാലുമ്മേ നക്കോട് ..നക്ക്  

അന്നദാതാവാണെ  ....

കരാട്ട വാസുവിനെ എല്ലാവർക്കും വല്യ  പേടിയാ .  ഒരു പ്രാവശ്യം മാർക്കറ്റില്  വെച്ച് വാസൂനെ ഏതാണ്ടൊരു  പത്തു പേര് വളഞ്ഞതാ എന്താ സംഭവന്നറിയില്ല ആളു മാറിയതാന്നാ  എല്ലാവരും പറയണേ.  താരാതരക്കാരോട് പോയി കളിക്കടാന്ന് വാസു മര്യാദക്ക് പറഞ്ഞതാ . പക്ഷേ ആരുമത്  കേട്ടില്ല ടൗണിലെ മൂത്ത റൗഡി സുലൈമാൻ കൂടെയുണ്ട് ആ  ധൈര്യത്തിലായിരുന്നു  അവര് വാസുവുമായി കോർത്തത്.

അവനെ ചീവെടാ ന്നും അലറിക്കൊണ്ട്  സുലൈമാൻ  വല്യ ഒരു  കത്തിയെടുത്ത്  പാഞ്ഞു ചെന്നതായിരുന്നു   .    

ഹാ... ഹൂ... ന്ന് ഒരട്ടഹാസം,   പിന്നെയെല്ലാവരും കണ്ടത് ചീവാൻ ഓടിപ്പോയ സുലൈമാൻ കണ്ണും തുറിപ്പിച്ച് ആകാശോം നോക്കി താഴെ കിടക്കുന്നതാണ്  ആർക്കുമൊന്നും  മനസ്സിലായില്ല സുലൈമാന്  പോലും മനസ്സിലായില്ല എന്താ സംഭവിച്ചതെന്ന്.

സുലൈമാന്റെ മേത്തപ്പടി ചോര, എല്ലാവരും കരുതിയത്  അത് വാസൂന്റെ ചോരയാന്നാ സുലൈമാനും അതെന്ന്യാ കരുതിയത്  പക്ഷേ  സുലൈമാന്റെ കൈയ്യിലുള്ള കത്തി ഇപ്പോൾ വാസൂന്റെ കൈയ്യിലിരിപ്പുണ്ട്. 

ചീവിക്കോന്നും പറഞ്ഞ് ചാടി പോയ സുലൈമാനെ വാസുവാ ചീവി വിട്ടത്  ഒരു രണ്ടു മിനിറ്റ് സുലൈമാന്റെ കൂടെ വന്ന  പത്തുപേരും താഴെ വീണു എന്നിട്ടും ദേഷ്യം  തീരാഞ്ഞ് വാസു,  ഇറച്ചി വാങ്ങാൻ വന്ന കാദറിനെ പിടിച്ച് ഇടിച്ചു ആ പാവം അടിപിടി  കണ്ടപ്പോ എന്താ സംഭവന്ന് നോക്കാൻ വന്നുനിന്നതായിരുന്നു .

പോത്തിറച്ചി വാങ്ങാൻ വന്നതാന്നാ ഇടി കിട്ടിയ  കാദർ, വാസൂനോട് കരഞ്ഞു പറഞ്ഞേ  

ഇറച്ചി മാർക്കറ്റിലാണോടാ കിട്ടാന്നും  ചോദിച്ച് വാസു വീണ്ടും ഇടിച്ചു. 

ഇറച്ചി മാർക്കറ്റിലല്ലാതെ വേറെ എവിടേയാ കിട്ടാന്ന് പാവം കാദറിന് എത്ര ആലോചിച്ചിട്ടും  മനസ്സിലായില്ല പക്ഷേ അതും ആലോചിച്ച് നിന്ന്  കൂടുതല് ഇടി വാങ്ങാണ്ട്  കാദറ്  ജീവനും കൊണ്ടോടി .

ഇറച്ചി എവിടേന്ന് ഭാര്യ ചോദിച്ചപ്പോഴാ കാദറിന്  ആ കാര്യം ഓർമ്മ വന്നതെന്നെ   ഇടി കിട്ടിയതോടെ എന്തിനാ വന്നേന്ന കാര്യം പോലും കാദറു മറന്നു പോയിരുന്നു ഇറച്ചി വാങ്ങി വരാത്ത കാരണം  ഭാര്യ ഉമ്മക്കൊലുസൂന്റെ  കൈയ്യീന്നും കാദറിന്  ഇടികിട്ടി .

അന്നത്തെ ദിവസം  എല്ലായിടത്തൂന്നും ആ പാവത്തിന് വെറുതേ  കുറെ ഇടി കിട്ടി.

നിങ്ങളിന്ന് ആരെയാ മനുഷ്യാ കണി കണ്ടേന്നാ ഭാര്യ ഉമ്മക്കൊലുസു കൊലുസും കിലുക്കിക്കൊണ്ട് ചോദിച്ചത്  ?.

ആ  മുഖം ഓർമ്മയിൽ  തെളിഞ്ഞതോടെ കാദർ വീണ്ടും ഞെട്ടി ഭാര്യ ഉമ്മക്കൊലുസൂനെ തന്നെയാ അന്ന്  കണി കണ്ടത്  പക്ഷേ.. അത്  പറയാൻ പോയില്ല  ചിലപ്പോ അതിന് വേറെ   ഇടി കിട്ടോന്ന് കാദറിന് പേടീണ്ടായിരുന്നു  

ഏതായാലും അന്നത്തെ ദിവസം കിട്ടേണ്ടോരുടെ  കൈയ്യീന്നൊക്കെ ആവശ്യത്തിനു  കിട്ടി ഇനി വേറേം വാങ്ങി വെക്കണോ?  അത് കാരണം കാദർ മിണ്ടാതിരുന്നു  ഇനിയാ  മൂധേവിടെ മുഖം കണി കണ്ടാ അന്നത്തെ ദിവസം പുറത്തക്ക് പോയിട്ട് മുറ്റത്തേക്ക് പോലും ഇറങ്ങത്തില്ലാന്നാ   കാദർ മനസ്സില് പറഞ്ഞത്   .

ജീവൻ വേണെങ്കീ എണീറ്റ് ഓടെടാന്നാ വാസു എല്ലാവരോടുമായി  അലറീത്  അതോടെ എല്ലാവരും ഓടി അലഞ്ഞു തിരിഞ്ഞു നടക്കായിരുന്ന ഇറച്ചി വെട്ടുകാരൻ മൊയ്തൂന്റെ നായ രംഗനും ഓടി  . 

സുലൈമാന്  ജീവൻ വേണായിരുന്നു പക്ഷേ ഇടി കൊണ്ട  കാരണം  ഓടാൻ പോയിട്ട് നടക്കാൻ പോലും പറ്റാതേയാ  സുലൈമാൻ കിടക്കുന്നത്.കൂടുതല് ഇടി കിട്ടിയതും  ആ പാവത്തിനു തന്നെയായിരുന്നു അതോടെ  ഓടാൻ പറ്റാത്ത കാരണം സുലൈമാൻ  ജീവനും കൊണ്ട്  ഒളിച്ചിരുന്നു  കഷ്ടകാലത്തിന് അത് വാസൂന്റെ സ്കൂട്ടറിന്റെ പുറകിലായിരുന്നു . വാസു നോക്കുമ്പോൾ  സുലൈമാൻ തന്റെ സ്കൂട്ടറിന്റെ പുറകിൽ  കുനിഞ്ഞിരിക്കുന്നതാണ്.  

സുലൈമാൻ കാറ്റൂരി വിടാന്നാ വാസു കരുതിയത് സത്യത്തില് സുലൈമാൻ , ഇനീം വാസു തന്നെ കാണാതിരിക്കാൻ  കണ്ണടച്ചിരുന്നു ദൈവത്തോട് പ്രാർത്ഥിക്കായിരുന്നു . പക്ഷേ സുലൈമാന്റെ ആ  പ്രാർത്ഥന ദൈവം കേട്ടില്ല  .
 
നിനക്ക് കിട്ടിയത് പോരേയെന്നും  ചോദിച്ചോണ്ട്  വാസു വീണ്ടും പിടിച്ചിടിച്ചു  പാവം വാവിട്ട് കരഞ്ഞിട്ടാ  പറഞ്ഞേ  ഓടാൻ പറ്റാത്ത കാരണം  ഒളിച്ചിരുന്നതാന്ന്

ഇങ്ങിനെയാണോ ഒളിച്ചിരിക്കണതെന്നും ചോദിച്ച് വാസു വീണ്ടും പിടിച്ച്  ഇടിച്ചു , ചെറുപ്പത്തില് ഒളിച്ചുപ്രാന്തി കളിച്ചതാ ഇപ്പൊ മറന്നുപോയീന്നും  പറഞ്ഞു സുലൈമാൻ വീണ്ടും കരഞ്ഞു . അത് വല്ലാത്തൊരു കരച്ചിലായിരുന്നു കേൾക്കുന്നോർക്ക് പോലും സങ്കടം വരും എത്ര പേരുള്ള റൗഡിയായിരുന്നു ചെകുത്താൻ സുലൈമാൻന്ന് കേട്ടാ ചെകുത്താൻ പോലും പേടിക്കുമായിരുന്നു അതൊരു കാലം .അന്നത്തെ ഇടിയോട് കൂടി സുലൈമാൻ നല്ലോനായി മാറി, ചെകുത്താൻന്നുള്ള പേരൊക്കെ ഉപേക്ഷിച്ചു നല്ലവനായീന്ന് കാണിക്കാൻ വേണ്ടി ദൈവത്തിൻറെ പേര് മുന്നില് ചേർത്താലൊന്ന് സുലൈമാൻ ആലോചിച്ചതാ. പക്ഷേ അങ്ങനെ പാടില്ലെന്ന് ആരോ പറഞ്ഞു   ദൈവത്തിന്റെ പേര് ആർക്കെങ്കിലും കൊടുക്കണത് പുള്ളിക്കാരന് ഇഷ്ട്ടപ്പെടില്ലാത്രേ അതിന്റെ ലോജിക് സുലൈമാന്  മനസ്സിലായില്ല . എന്തായാലും സുലൈമാൻ നന്നായി വളരെ വളരെ നന്നായി ഇപ്പൊ ഒരു ഉറുമ്പിനെ പോലും നോവിക്കില്ല.  ഇന്നാള് നടന്നു പോവുമ്പോ സുലൈമാൻ വെള്ളം പോണ ചാലിലേക്ക് ഒറ്റ വീഴ്ച്ച .

എന്റെ സുലൈമാനേ നിങ്ങൾക്ക് കണ്ണ് കണ്ടൂടെ ?

എന്റെ ചേട്ടാ   ഒരു ഉറുമ്പ് പോവുന്നുണ്ടായിരുന്നൂ അതിനെ   ചവിട്ടാതിരിക്കാൻ   മാറിയപ്പോ കാലു തെറ്റി വീണതാ 

അതുകേട്ട് അയാൾ മൂക്കത്ത് വിരൽ വെച്ചു 

സുലൈമാന്റെ സ്നേഹത്തിന്റെ കാഠിന്യം കണ്ട് ഉറുമ്പു പോലും കരഞ്ഞു പോയി  പാവം സുലൈമാൻ  അന്നത്തെ അടി കഴിഞ്ഞതോടെ ഡീസെന്റാവാൻ കഴിയാത്ത അത്രയും  ഡീസെന്റായി മാറി സത്യത്തിലേത് പേടികൊണ്ടുളള മാറ്റമായിരുന്നു.

ഇപ്പൊ സ്വപ്നത്തിൽ  അടിപിടി കണ്ടാലും ഞെട്ടി ട്രൗസറിൽ  മുള്ളും  ചുരുക്കിപ്പറഞ്ഞാ  ചെറിയ കുട്ടികള് തല്ലു കൂടുന്നത്  കാണുമ്പോൾ  വരെ സുലൈമാൻ  ഒളിച്ചിരിക്കും അത്രക്കും പേടിത്തൊണ്ടനായി മാറിയിരിക്കുന്നു ആ പാവം.

എന്നെ കരാട്ടെ പഠിപ്പിക്കുന്ന  തമ്പി മാസ്റ്റർക്കും വല്യ ബഹുമാനാ വാസൂനോട് ഒരു പ്രാവശ്യം വാസൂനെ വഴീല് വെച്ച് കണ്ടപ്പോ തമ്പി മാസ്റ്റർ ബഹുമാനം കാണിക്കാൻ വേണ്ടി തല കുമ്പിട്ടതായിരുന്നു  , ഞങ്ങൾ നോക്കുമ്പോൾ   തമ്പി മാഷ് വാസൂന്റെ കാൽക്കല് കമിഴ്ന്നു കിടപ്പുണ്ട് , കൂടെ ഒരു കരച്ചിലും 

സത്യത്തിൽ ആ കരച്ചിൽ കേട്ടപ്പോൾ  ഏതോ പട്ടി കരയുന്നതാണെന്നാ ഞങ്ങളെല്ലാം കരുതിയത്  പിന്ന്യാ അത് തമ്പി മാഷുടെ വായിൽനിന്നുമാണെന്ന്  മനസ്സിലായത് 

കരഞ്ഞിട്ടാണോ  ബഹുമാനം കാണിക്കുന്നത്?  

കാൽക്കൽ വീണ  തമ്പി മാഷ്  കുറേ നേരം കഴിഞ്ഞിട്ടും എണീക്കാതായപ്പോഴാ  എല്ലാവരും ചേർന്ന്  എടുത്ത് പൊക്കിയത് തമ്പി മാഷുടെ  മുഖത്തപ്പടി ചോര,  അതിനിടയിൽക്കൂടി പാവം വേദന കൊണ്ട് കരയുന്നുമുണ്ട്  

വാസു ഇനി തമ്പിമാഷേ പിടിച്ച് ഇടിച്ചോന്നായിരുന്നു  എല്ലാവരും സംശയിച്ചത്
 
ബഹുമാനം കാണിച്ചതിന് ആരെങ്കിലും   ഇടിക്കോ ?

ആർക്കാണ് തന്നോട് ഇത്രേം ബഹുമാനമെന്നും  ആലോചിച്ച്   ആകെ  ഞെട്ടിത്തരിച്ചാ നിക്കാണ്  വാസു .

ജീവിതത്തില് ആദ്യായിട്ടായിരുന്നു  വാസൂന്റെ കാലിൽ  വീണ് ഒരാള് ബഹുമാനം കാണിക്കുന്നത് .  

കരാട്ടെയിൽ ''ഹാ ..ശൂ ..''വെന്നും കാണിച്ച് തല കുമ്പിട്ട് വളഞ്ഞ് ബഹുമാനം കാണിക്കുന്ന ഒരു പരിപാടിയുണ്ട്  സത്യത്തില് അതായിരുന്നു  തമ്പി മാഷ് ഉദ്ദേശിച്ചതെങ്കിലും  ബഹുമാനപുരസ്സത്താൽ വളഞ്ഞത് അല്പം കൂടിപ്പോയി

തമ്പി മാഷുടെ മനസ്സിനേക്കാളും ബഹുമാനം കാണിച്ചത് ശരീരമായിരുന്നു  

വാസൂനെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാമെന്ന് പ്രതീക്ഷിച്ചു കൂടിയായിരുന്നു ആ വല്യ വളച്ചില് പക്ഷേ പ്രതീക്ഷിച്ചതു  പോലെ നിൽക്കാൻ പറ്റിയില്ല  ബാലൻസ്  തെറ്റി  മൂക്കും കുത്തി താഴെ വീണു .  

വീഴ്ചയുടെ കാഠിന്യത്തില്  പാവത്തിന്റെ മൂക്കിന്റെ പാലം തകർന്നു പോയി, ബഹുമാനത്തിന്റെ കാഠിന്യത്തിലെന്നു കൂടി വേണമെങ്കിൽ  പറയാം
 
പ്രാണൻ പോയ വേദനകൊണ്ടുള്ള തമ്പിമാഷുടെ ആ  കരച്ചിലായിരുന്നു  എല്ലാവരും  കേട്ടത്,  കുറേനാള് തമ്പി മാഷ് വർത്താനം പറയുമ്പോ  പൂച്ച കരയുന്ന പോലെ ആയിരുന്നു .

എനിക്ക് വല്യ ആരാധനയാ വാസൂനോട് .

വാസൂവേട്ടന്റെ കരാട്ടെ കാണാൻ ഇഷ്ട്ടമായിട്ട് ഞാനൊരു പ്രാവശ്യം  വാസുവേട്ടന്റെ  വീട്ടിലേക്ക് ഒളിഞ്ഞു നോക്കീതായിരുന്നു പക്ഷേ എന്റെ കഷ്ടകാലത്തിന് വാസുവേട്ടന്റെ ഭാര്യ കുസുമേടത്തി  തുണി ഉണക്കാനിടുന്നുണ്ടായിരുന്നു ആ സമയത്ത്              .
വാസുവേട്ടനാണെങ്കീ  കടേല് പോയിട്ട് വരായിരുന്നു
 എന്തെടാന്ന് ചോദിക്കലും ഞാൻ ജീവനും കൊണ്ട് പാഞ്ഞതും  ഒരുമിച്ചായിരുന്നു.  വാസുവേട്ടന്റെ  വിചാരം ഞാൻ   ഒളിഞ്ഞു നോക്കീതാന്നാ

അന്ന് വീട്ടീപ്പോയിട്ടും  പേടി കാരണം ഞാൻ  നിന്ന് വിറക്കായിരുന്നു . അതീപ്പിന്നെ വാസൂനെ കാണുമ്പോ ഞാൻ ഒളിച്ചു നിക്കാറാ പതിവ് പത്തുപേരെ ഒരു നിമിഷം കൊണ്ട് വീഴ്ത്തിയ ആളാ എന്നെ നോക്കി ഒന്ന് ഊതിയാ മതി . നീയും കരാട്ടയല്ലേ എന്തിനാ വാസൂനെ കാണുമ്പോ പേടിക്കണേന്നും ചോദിച്ച് എന്റെ മനസ്സ് എനിക്ക് ഇടക്കിടക്ക്  ധൈര്യം തരാറുള്ളതാ .., ദുഷ്ടൻ എന്നെ  കൊലക്ക് കൊടുക്കാൻ നോക്കണതാ  .

അല്ലെങ്കി തന്നെ വാസൂന് ഭാര്യയെ ഭയങ്കര സംശയാ ഒരു പ്രാവശ്യം തെങ്ങു കേറണ ശിവനെ  കുറെ തല്ലീതാ  ശിവൻ തെങ്ങ് കേറിക്കൊണ്ടിരിക്കുമ്പോഴാ കുസുമേടത്തി അതിന്റെ ചോട്ടില്  ആടിനെ കെട്ടാൻ കൊണ്ടുവന്നത് സത്യത്തില്  തെങ്ങിൻറെ മോളില് ശിവനുള്ള കാര്യം കുസുമേടത്തിക്കും  താഴെ കുസുമേടത്തിയുള്ള കാര്യം ശിവനും അറിയത്തില്ലായിരുന്നു  .

ഈ സമയത്തെന്ന്യായിരുന്നു വാസുവേട്ടന്റെ രംഗപ്രവേശവും 

തെങ്ങിന്റെ മുകളിൽ  ശിവൻ താഴെ കുസുമം അത് കണ്ട് വാസുന്റെ ഉള്ളിൽ സംശയങ്ങളുടെ പെരുമ്പറ  

നിന്നെയിന്ന്  കൊല്ലുടാ റാസ്ക്കൽന്നും അലറിക്കൊണ്ടാ വാസുപാഞ്ഞു ചെന്നത്   .  

ഞെട്ടിപ്പോയ  ശിവൻ ചാവാൻ ഇഷ്ടമില്ലാത്ത  കാരണം പേടിച്ച്  തെങ്ങിൽ തന്നെയിരുന്നു  ഏതാണ്ട് പാതിയോളം  ഇറങ്ങിവന്ന സമയത്തായിരുന്നു  വാസുന്റെ അലർച്ച കേട്ടതും ഞെട്ടിയതും  

അതോടെ കൈയ്യും കാലും വിറച്ചു തുടങ്ങിയ  ശിവന്  മേലോട്ട് കേറാനും താഴോട്ട് ഇറങ്ങാനും പറ്റാതായി മേലോട്ട് കേറിയാൽ കൈയ്യും കാലും വിറക്കുന്ന കാരണം കൈവിട്ട് താഴോട്ട് പോരും താഴോട്ടിറങ്ങിയാൽ  കാര്യമറിയാതെ അലറിക്കൊണ്ടിരിക്കുന്ന വാസുവിന്റെ വായിലോട്ടാവും 

ദേവിയേ കാത്തോണേന്നും പറഞ്ഞ് ശിവൻ തെങ്ങും കെട്ടിപ്പിടിച്ചിരുന്ന്  കരഞ്ഞു ആകെയുള്ള ആശ്രയം തളപ്പാണ് അതിന്റെ ബലത്തിലാണ് ഒരു വിധത്തില് തെങ്ങുമ്മേ നിൽക്കണത് പക്ഷേ വാസുവിനെ കണ്ടതോടെ തളപ്പും കിടന്നു വിറക്കുന്നുണ്ട്  

വാസുവേട്ടാ,  ഞാൻ വാസുവേട്ടന്റെ തെങ്ങ് കേറാൻ വന്നതല്ലേ ,  എന്നെയെന്തിനാ  കൊല്ലുന്നേ? നിഷ്ക്കളങ്കമായിട്ടായിരുന്നു ശിവന്റെ ആ ചോദ്യം 

തെങ്ങ് കേറാൻ വന്ന തെങ്ങു തന്നെ കേറണം .. വാസു വീണ്ടും അലറി 

അത് കേട്ട് ശിവൻ ഞെട്ടി ഈശ്വരാ ഞാൻ തെങ്ങു തന്നെയല്ലേ ഇത്രനേരം കേറിയത് ഇനി കവുങ്ങ് എങ്ങാനുമാണോ ? സംശയ നിവാരണത്തിനായി ആ കരച്ചിലിനിടയിലും ശിവൻ തെങ്ങു തന്നെയെന്ന് ഉറപ്പു വരുത്തി 

സത്യത്തില് ആ പാവത്തിനൊന്നും  മനസ്സിലായില്ല.

കരാട്ടെ പഠിച്ചു..,  പഠിച്ചു ഇയാൾക്കു ഭ്രാന്തായിപ്പോയോന്നായിരുന്നു  ശിവന്റെ സംശയം  ഇവിടെ നിന്നും ജീവനോടെ രക്ഷപ്പെട്ടാ ഈ ഭ്രാന്തന്റെ തെങ്ങ് കേറാൻ വരത്തില്ലാന്നും അതോടൊപ്പം തെങ്ങു കയറ്റം തന്നെ നിറുത്തുമെന്നും ശിവൻ  മനസ്സില് ആണയിട്ടു  ദേവിക്ക് ഒരു പറ..യും നേർന്നു 

നീ തെങ്ങിന്റെ മോളി കേറണത് തേങ്ങയിടാൻ മാത്രല്ലാന്ന് എനിക്കറിയാടാ നായിന്റെ മോനേ , ഇങ്ങോട്ട് ഇറങ്ങിവാടാ  നിന്നെ ഞാനിന്ന് കൊല്ലും .

അയ്യോ ആരെങ്കിലും ഓടിവന്ന്  എന്നെയൊന്ന്  രക്ഷിക്കണേ ? ശിവന്റെ ആ കരളിലയിക്കുന്ന രോദനം കേട്ടാ നാട്ടുകാര് മുഴുവൻ ഓടിക്കൂടിയത്

കുസുമേടത്തിക്കും  ഒന്നും മനസ്സിലായില്ല എടീ നിനക്ക് ഈ തെങ്ങുമ്മേ തന്നെ  ആടിനെ കെട്ടണം അല്ലേടി .., എടാ നിനക്ക് ഈ തെങ്ങിന്റെ മണ്ടക്ക് തന്നെ കേറണം അല്ലേടാ അപ്പഴാ ശിവൻ താഴോട്ട് നോക്കിയത് അയ്യോ കുസുമേടത്തി , ഈ മാരണം എപ്പോഴാ തെങ്ങിന്റെ കീഴേ വന്നത്?  എന്റെ ദേവിയേ ?  

ആ സമയത്തു തന്ന്യാ കുസുമേടത്തി തെങ്ങിന്റെ മണ്ടയിലോട്ട് നോക്കിയതും കുസുമേടത്തി നോക്കുന്ന കണ്ടതോടെ ആ പേടിയിലും ശിവന് ആകെ നാണായി ആകെക്കൂടി അരച്ചാൺ തോർത്തുമുണ്ടുടുത്താ തെങ്ങുമ്മേ കേറിയത് ട്രൗസറാണെങ്കി പേരിനു മാത്രമേയുള്ളൂ അതിലാകെ  തുളകളാ... അരിപ്പക്ക് സമാനം . 

അതിടണതും  ഇടാത്തതും കണക്കാ  ആരേല് തോർത്തുമുണ്ട് ഉറപ്പിച്ചു നിറുത്താൻ ഉപയോഗിക്കാമെന്നു മാത്രം ഈശ്വരാ  ജിംഗിൾ ബെൽസ് നാട്ടുകാര് മുഴുവനും കാണും,  നാണം മറക്കാൻ നോക്കി കൈവിട്ടാ നേരേ താഴോട്ട് പോരും

കുസുമേടത്തി മുകളിലോട്ട് നോക്കി നിൽക്കുന്ന കണ്ടതോടെ വാസുവിന്  ഒന്ന് കൂടി ദേഷ്യം കൂടി 

ഇവളെന്താ  തേങ്ങാക്കൊല നോക്കി നിക്കുവാണോ ... കേറിപ്പൊടി അകത്തോട്ട്.. വാസു ചീറി 

ഇങ്ങേർക്ക് പ്രാന്താണെന്നും പറഞ്ഞ് കുസുമേടത്തി ആടിനേം കൊണ്ട് പോയി  

ശിവനെ കിട്ടാത്ത ദേഷ്യത്തിന് വാസു ആകെ കലിതുള്ളി നിൽക്കാ ഇടക്കിടക്ക് കൈയ്യൊണ്ടും , കാലോണ്ടും , വാ കൊണ്ടും കരാട്ടേ കാണിക്കുന്നുണ്ട് . 

അത് കാണുമ്പോ ശിവന്റെ പേടി കൂടും അതോടൊപ്പം കരച്ചില് കൂടും അതിന്റെ പ്രതിഫലനമായി ശിവൻ ഉറക്കെ കരയും  നാട്ടുകാർക്കാണെങ്കിൽ  വാസൂനോട്  സംസാരിക്കാൻ തന്നെ പേടി ചിലപ്പോ ശിവന് വെച്ച കരാട്ടേ തങ്ങൾക്ക് കിട്ടിയാലോന്നും പേടിച്ച് ?

ഹാ ..ഹൂ...  ന്നും അലറിക്കൊണ്ട് വാസു പാഞ്ഞു ചെന്ന്  തെങ്ങുമ്മേ കൈകൊണ്ട്  ഒരു വെട്ട് തെങ്ങടക്കം വീഴ്ത്താമെന്നോർത്തിട്ടോ അതോ കോപം കൊണ്ട് കണ്ണും ബുദ്ധിയും മരവിച്ചതു കൊണ്ടോ വാസു അങ്ങനെ ചെയ്തതെന്ന് ആർക്കും അറിയത്തില്ല 

ഏറു കൊണ്ട പട്ടി കരയുന്ന പോലൊരു  ഓളി അതോടൊപ്പം തന്നെ എല്ലാവരും കേട്ടു   കരാട്ടെയുടെ മറ്റൊരു മുഖമാണെന്നാ എല്ലാവരും കരുതിയത് പക്ഷെ വാസുവിന്റെ മറ്റൊരു മുഖമായിരുന്നുവത്.

ശിവനെ മനസ്സില് ഓർത്തിട്ടാ തെങ്ങിനിട്ട് കാച്ചിയത് പക്ഷേ സ്വന്തം കൈകൊണ്ടായിരുന്നു അതെന്ന് ആ സമയത്തെ  ആവേശത്തില് വാസുവിന്റെ ഓർമ്മയിൽ തെളിഞ്ഞില്ല പാവത്തിന്റെ കണ്ണീന്ന് പൊന്നീച്ചകൾ പറന്നു  

സത്യത്തിൽ  അത് കരാട്ടെ ശബ്ദമല്ലായിരുന്നു, വേദനകൊണ്ട് വാസുവിന്റെ ഉള്ളിൽ നിന്നും വന്ന രോദനമായിരുന്നു അതോടെ തെങ്ങിന്റെ അടുത്തുള്ള  കരാട്ടെ കാണിക്കൽ  വാസു നിറുത്തി.

എന്റെ കർത്താവേ...  ഇവനാ തെങ്ങ്  കൈകൊണ്ടെങ്ങാനും  വെട്ടിയിടോന്നാ ചായക്കടക്കാരൻ പാക്കരൻ ചേട്ടനിത് കണ്ട് ചോദിച്ചത് .

വല്യ, വല്യ  അഭ്യാസികള് സ്വന്തം കൈകൊണ്ടാ  മരങ്ങളൊക്കെ വെട്ടിയിടാറ് അതും പറഞ്ഞ് വല്യ ഒരു അറിവ് പകർന്നു കൊടുത്ത മാതിരി പ്രേക്ഷിതൻ സുകു പാക്കരൻ ചേട്ടനെ നോക്കി  പക്ഷേ പാക്കരൻ ചേട്ടനത്  ശ്രദ്ധിക്കുവാനുള്ള മാനസീകാവസ്ഥയിൽ അല്ലായിരുന്നു .

എന്റെ തമ്പിയേ .., നിങ്ങള് കരാട്ടേ മാഷല്ലേ ഒന്ന്  പോയി പറഞ്ഞൂടേ? അവിടെ വന്ന തമ്പി മാഷോട്  അവറാൻ ചേട്ടനത് പറയലും, എനിക്കിന്ന്   ക്ലാസ്സുണ്ടെന്നും പറഞ്ഞ് തമ്പി മാഷ് മുങ്ങിയതും ഒരുമിച്ചായിരുന്നു  അല്ലെങ്കി തന്നെ പൂച്ച കരയുന്ന പോലത്തെ ശബ്ദം മാറി വരുന്നതേയുള്ളൂ  ഇനി പട്ടി കരയുന്നത് പോലെ ആവണോന്ന് സ്വയം ഒരു താക്കീത് നല്കിക്കൊണ്ടായിരുന്നു ആ ഇല്ലാത്ത ക്ലാസ്സിനായി തമ്പി മാഷ് പോയത്.

അയ്യോ.. ആരെങ്കിലും എന്നെയൊന്ന് രക്ഷിക്കണേ .., ആ കാട്ടാളനെയൊന്ന്  പിടിച്ചു കൊണ്ട് പോയേ... എന്റെ ദേവിയേ  എന്റെ കാലു കഴച്ചേ ഞാനിപ്പോ താഴേക്ക് വീഴുവേ.. പരിഭവം പറഞ്ഞു കൊണ്ട്  ശിവൻ തെങ്ങിൻ മുകളിലിരുന്ന്  വാവിട്ട് കരയുന്നുണ്ട്  .
                   
ആരെങ്കിലും ഒന്ന് പോയി സംസാരിക്ക് ഇല്ലെങ്കീ ആ പാവം തെങ്ങിന്റെ മോളീന്ന് താഴെ വീണു ചത്തുപോകും 

പലചരക്കു കടക്കാരൻ സുപ്രുവിന്റെ അഭിപ്രായമായിരുന്നുവത് 

ആരും അതിനൊട്ട് പ്രതികരിക്കാനില്ലാത്തതുകൊണ്ടും ഈ പറഞ്ഞത് സ്വയം ചെയ്യുവാൻ ധൈര്യം അനുവദിക്കാത്തതുകൊണ്ടും ആ പാവത്തിനെ ദേവി കാക്കട്ടേയെന്നുമൊരു ആത്മഗതവും പൊഴിച്ച് സുപ്രുവും നിശ്ശബ്ദനായി 

എന്റെ മെമ്പറെ നിങ്ങളൊന്ന് പോയി സംസാരിക്ക്

എന്റെ ചേട്ടാ ഭ്രാന്തൻ നായയുടെ അടുത്ത് പോയി വേദം ഓതിയിട്ട് വല്ല കാര്യവുമുണ്ടോ ?

ആയ് പോത്തിന്റെ ചെവിട്ടില് വേദം ഓതിയിട്ട് കാര്യമുണ്ടോന്നല്ലേ പറയാറ്

അങ്ങിനെയാണോ ?

ആണോ ?  

ഗൾഫ് കാരൻ  ഭാസ്കരേട്ടനും മെമ്പറു സുകേശനുമത്  പരസ്പരം ചോദിച്ചു 

 
എന്നാ ഞാൻ  പോയി അവനോടൊന്ന് സംസാരിക്കാമെന്നും  പറഞ്ഞ് ഭാസ്ക്കരേട്ടൻ മുന്നോട്ട് ആഞ്ഞതായിരുന്നു  അപ്പഴേക്കും ഭാസ്കരേട്ടന്റെ ഭാര്യ ശാന്തേടത്തി ഓടിവന്ന് നിങ്ങളിങ്ങട് വന്നേ മനുഷ്യനേന്നും പറഞ്ഞോണ്ട്  ഭാസ്ക്കരേട്ടനെ പിടിച്ചു വലിച്ചോണ്ട്  പോയി. 

ഭാസ്ക്കരേട്ടൻ അന്ന്  പുലർച്ചക്കാ ഗൾഫീന്ന് വന്നതെന്നെ  വന്ന അന്നെന്നെ ആശുപത്രീലോട്ട്  പോയി കിടക്കണോന്നും ചോദിച്ചോണ്ടായിരുന്നു ശാന്തേടത്തി വലിച്ചോണ്ട് പോയത് , ആലോചിച്ചപ്പോഴാ ആ പോയിന്റ് ഭാസ്ക്കരേട്ടന് മനസ്സിലായത് ഭാസ്ക്കരേട്ടൻ ശാന്തേടത്തീനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു  അത് കണ്ടതോടെ ശാന്തേടത്തിക്ക് ആകെ നാണം.

വാസൂനോട് ഒരു സന്ധിസംഭാക്ഷണത്തിന് മുതിരാൻ  ആർക്കും ധൈര്യമില്ല ശിവനാണെങ്കീ എന്നെ രക്ഷിക്കണേ ..,  പോലീസിനെ വിളിക്കണെന്നും പറഞ്ഞോണ്ട്  അലമുറയിടുന്നുണ്ട്  രക്ഷിക്കാൻ ദേവിയും  നാട്ടുകാരും  വരാണ്ടായപ്പോഴാ ശിവൻ അവസാനം പോലീസിനെ വിളിക്കാൻ പറഞ്ഞ് ഓളിയിടാൻ തുടങ്ങീത് .

ആരെങ്കിലും വാസുവിന്റെ ഭാര്യയോടൊന്ന്  പോയി പറയ് ചിലപ്പോ അവര് പറഞ്ഞാ വാസു കേക്കും .  മീൻകാരൻ മമ്മദാ ആ ഐഡിയ  വിളിച്ചു പറഞ്ഞത്   അത് കേട്ടവശം പ്രേക്ഷിതൻ സുകു ഓടാൻ നിന്നതാ പിന്ന്യാ വാസുവിനെ ഓർത്തത് അതോടെ സുകു സഡൻ ബ്രെക്കിട്ടു . വെറുതേ ഓടിപ്പോയി വാസൂന്റെ ഇടി വാങ്ങണോ കുസുമേടത്തി കാരണം ഒരുത്തൻ അലറിവിളിച്ചോണ്ട് തെങ്ങിന്റെ മോളിലിരിപ്പുണ്ട്  ഒരു അന്തോം കുന്തോം ബോധോം  ഇല്ലാത്തോനാ അവസാനം വാസൂന്റെ ഇടികൊണ്ട് ചാവാൻ തനിക്കു വയ്യ.

ആരും പോവാതായപ്പോ  അവസാനം പാക്കരൻ ചേട്ടനായിരുന്നു  പോയി പറഞ്ഞത് എങ്കിലും  പാക്കരൻ ചേട്ടനും  ഉള്ളിൽ  നല്ല പേടിയുണ്ടായിരുന്നു പിന്നെ പ്രായത്തിന്റെ ആനുകൂല്യം വാസു തനിക്ക് തരും എന്നുള്ള ഒരു  ചെറിയ ധൈര്യം

അങ്ങേർക്ക് കരാട്ടെ പഠിച്ച്, പഠിച്ച്  വട്ടായിപ്പോയതാ  ഞാൻ പറഞ്ഞാലൊന്നും  കേക്കത്തില്ലാന്നും പറഞ്ഞ് കുസുമേടത്തി ചീറിക്കൊണ്ട്  അകത്തോട്ട്  കേറിപ്പോയി .  

അവസാനം ശിവന്റെ കരിച്ചില് സഹിക്കാൻ പറ്റാതെ  റൈറ്റർ തോമാസേട്ടനെ കൊണ്ട് വന്നാ വാസൂനെ സമാധാനിപ്പിച്ചത്  റൈറ്ററ്  തോമാസേട്ടനും ആദ്യം പേടിയായിരുന്നു അത് കാരണം ഞാൻ യൂണിഫോമിട്ട് വന്നാ മതിയോന്നാ ഞങ്ങളോട് ചോദിച്ചത് . എന്റെ സാറേ അതിനുള്ള സമയമൊന്നുമില്ല ആ പാവം തെങ്ങിന്റെ മോളീന്ന് താഴോട്ട് വീഴും  എന്നിട്ടും ഒരു ധൈര്യത്തിന് ഉടുത്ത കൈലിയുടെ കൂടെ പോലീസിന്റെ തൊപ്പി കൂടി  വെച്ചിട്ടാ തോമാസേട്ടൻ വന്നത്.

എന്റെ വാസു നീയൊന്ന് ക്ഷമിക്ക്  ആ പാവം തെങ്ങിന്റെ മോളീന്ന് താഴെ വീഴും .

അവൻ വീണില്ലെങ്കി ഞാൻ തെങ്ങ് വെട്ടിയിടുന്നും പറഞ്ഞ് വാസു വീണ്ടും ഒരു ചവിട്ട്  ഞങ്ങള് വിചാരിച്ചത് തെങ്ങ് വീഴൂന്നാ  പക്ഷെ ഇപ്രാവശ്യം  വാസു ബുദ്ധിപൂർവ്വമാ പെരുമാറിയത് വെറുതേ കാലോങ്ങിയത് മാത്രേയുള്ളൂ ചവിട്ടിയില്ല ഒരു  ആക്ഷൻ മാത്രം .

ഒരു വിധത്തിലായിരുന്നു  തോമാസേട്ടൻ അന്ന് വാസൂനെ സമാധാനിപ്പിച്ചു വിട്ടത് ആ സന്ധി സംഭാക്ഷണത്തിലും തോമാസേട്ടൻ ഒരു കൈ അകലം വാസുവുമായി  സൂക്ഷിച്ചിരുന്നു  

വാസു പോയ ഉടനെ  ശിവൻ മിസൈല് പോല്യാ തെങ്ങിന്റെ മോളീന്ന് താഴോട്ട് വന്നത്  തൊടേലത്തെ തൊലി മുഴുവൻ തെങ്ങുമ്മേ ഇരുപ്പുണ്ട് എന്നിട്ടും പാഞ്ഞിട്ടാ വീട്ടിലേക്കോടിയത്  പാവം ജീവനും കൊണ്ട് ഓടിയ ഓട്ടത്തില്  സൈക്കിളെടുക്കാൻ പോലും മറന്നു

ആ സംഭവത്തോടെ  ശിവൻ തെങ്ങു കയറ്റം  അവസാനിപ്പിച്ചു ഇപ്പൊ മീൻ വിക്കാൻ നടക്കാ കുറേ നാള് ദേവിയുമായി പിണക്കമായിരുന്നു സ്വപ്നത്തില് വന്ന് ദേവി തനിക്ക് പറഞ്ഞ ''പറ'' ചോദിച്ചെങ്കിലും ശിവൻ കൊടുത്തില്ല  

എന്താ ശിവാ .. ഇപ്പൊ തെങ്ങ് കേറാൻ പോവാറില്ലേന്ന് ചോദിച്ചാ .., ഇത്പോലെ ഭ്രാന്തന്മാരുള്ള ലോകത്തില്  എങ്ങിന്യാ ധൈര്യത്തോടെ തെങ്ങിന്റെ മോളില് കേറാന്നാ ശിവൻ ചോദിക്കണത്  ഇതാവുമ്പോ ഭൂമിയിലാണല്ലോ..എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാലോന്നും  പറഞ്ഞു കരയും

എല്ലാവരും നല്ല സ്പീഡിലാ അതിർത്തി അടക്കാൻ മണ്ണ് വാരി ഇട്ടോണ്ടിരിക്കുന്നത്  വാസുവാണെങ്കി  രണ്ടു കൈയ്യും പിന്നില് കെട്ടി അങ്ങോട്ടും ഇങ്ങോട്ടും നടപ്പുണ്ട്  ഒപ്പം  റോമുവും, അവനിപ്പോ ആകെ  നെഞ്ചു വിരിച്ചാ നടക്കണതെന്നെ  ഏതാണ്ടിപ്പോ വാസൂന്റെ സ്വന്തം ആളായ പോല്യാ അവന്റെ പെരുമാറ്റം . ഇത് പാക്കരൻ ചേട്ടന്  തീരെ ഇഷ്ട്ടപ്പെടുന്നില്ല  പക്ഷേ വാസു ഉള്ള  കാരണം പാക്കരൻ ചേട്ടന് റോമുനെ ചീത്ത വിളിക്കാനൊരു പേടി, പരട്ടു നായ രാത്രി തിന്നാൻ വരട്ടെ പച്ച വെള്ളം കൊടുക്കത്തില്ലാന്നാ  പാക്കരൻ ചേട്ടൻ  മനസ്സിൽ  പറഞ്ഞത് .

വാസു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിന്റെ  ഒപ്പം കൈകൾ കൊണ്ടും  , കാലുകൾ കൊണ്ടും  ഇടക്കിടക്ക് അന്തരീക്ഷത്തിലിട്ടു  ഇടിക്കുന്നുണ്ട്  കരാട്ടെ കാണിക്കുന്നതാ  അതിനിടയിൽ  എന്തോ ചോദിക്കുവാനായി  സുകേശൻ, വാസൂന്റെ അടുത്തോട്ട് ചെന്നതായിരുന്നു  പക്ഷേ കൈയ്യിൻറേം , കാലിന്റേം  ഈ വഴിവിട്ടുള്ള കരാട്ടെ  കണ്ടതോടെ  പിന്നെ ചോദിക്കുന്നതായിരുക്കും തന്റെ ആരോഗ്യത്തിനു  നല്ലതെന്നും കരുതി    സുകേശൻ  വേഗം തിരിച്ചു പോന്നു.

റോഡ് മണ്ണിട്ട് അടക്കുമ്പോ ആരെങ്കിലും പ്രശ്നം ഉണ്ടാക്കാൻ വന്നാ  പിടിച്ച് ഇടിക്കാനാണ് വാസുവിനെ  കൊണ്ട് വന്ന് നിറുത്തിയിരിക്കുന്നത്  വാസൂനെ കണ്ടാ ആരും ഒന്നും  ചോദിക്കാനും വരത്തില്ലെന്ന ധൈര്യം സുകേശനുമുണ്ട് .

ഇതിനിടയിലാ വാറ്റുകാരൻ റപ്പായി ആരെടാ  അവിടെ റോഡ് അടക്കുന്നതെന്നും  ചോദിച്ചോണ്ട്  അലറിക്കൊണ്ട് വന്നത്   . 

റപ്പായി വാറ്റുന്ന  സ്ഥലത്തേക്ക് അതിലൂടെയാണ് പോവുക  വാസൂനെ കണ്ടതോടെ റപ്പായി അലർച്ചയുടെ  പകുതിയങ്ങു വിഴുങ്ങി ..., എന്റെ മക്കളെ എന്തൂട്ടാ നിങ്ങളീ കാണിക്കണേ ...ന്നാക്കി മാറ്റി അതോടൊപ്പം വാസുവിനെ നോക്കിയൊരു സല്യൂട്ടും.

സാധാരണ പട്ടാളക്കാർ പോലും അത്രയും കൃത്യതയുള്ള സല്യൂട്ട് കാണിക്കാറില്ല 

വാറ്റുകാരൻ റപ്പായിയുടെ കൂടെ റപ്പായിയുടെ  നായ സുഗുണനും ഉണ്ടായിരുന്നു  അവൻ റോമൂനെ നോക്കി പല്ലിളിച്ചെങ്കിലും റോമുവത്  മൈൻഡ് ചെയ്തില്ല സുഗുണൻ ആകെ ചമ്മി അത് മറക്കാനായി  അവൻ വാസൂനെ നോക്കി ഒറ്റ കുര അത് കേട്ട് ഞെട്ടിയത് റപ്പായി ആയിരുന്നു  സുഗുണൻ കുരച്ചതിന് വാസു തന്നെ പിടിച്ച് ഇടിക്കോന്നായിരുന്നു   റപ്പായിയുടെ  പേടി .

ഛീ മിണ്ടാതിരിക്കെടാ നായെന്നും പറഞ്ഞ് റപ്പായി സുഗുണനെ  ചീത്ത വിളിച്ചു  .

ചൈനേല് പോയിട്ടാ വാസു കരാട്ടേ പഠിച്ചേക്കണെന്നാ എല്ലാവരും പറയണത്  ചൈനേല് എവിടെയാന്ന്  ചോദിച്ചാ വാസുവത്  പറയത്തില്ല,  വല്യ രഹസ്യാത്രെ  .  ജാക്കിചാൻ  വാസൂന്റെ ക്ലാസ്സ് മേറ്റായിരുന്നുന്നാ വാസു പറയാറ്  വാസൂന്റെ  കരാട്ടേ കണ്ടിട്ട്   ജാക്കീച്ചാൻ ഷേക്കന്റെ വരെ  കൊടുത്തീട്ടുള്ളതാത്രെ .

എന്തിനാ സുകേശാ.., നിങ്ങളീ  അതിർത്തി അടക്കണേ?

എന്റെ അവറാൻ ചേട്ടാ  ഈ കൊറോണ ഇങ്ങോട്ട്   വരാണ്ടിരിക്കാനാ ഞാനീ ചെയ്യണതെല്ലാം   .

എന്റെ സുകേശാ ആൾക്കാർക്ക് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ  പോവണ്ടേ ? കൊറോണാ വരാതിരിക്കാൻ സർക്കാര് വേണ്ടതു ചെയ്യുന്നില്ലേ അതിനനുസരിച്ച് പ്രവർത്തിച്ചാ പോരേ ഇങ്ങനെ തന്നിഷ്ടം കാണിക്കണോ? കൂടുതല് പ്രശ്നം ഉള്ള സ്ഥങ്ങളില്,  അതിനനുസരിച്ച് സർക്കാരു തന്നെ മുൻകരുതലുകളെടുക്കുന്നുണ്ടല്ലോ നമ്മളതുനുസരിച്ചാ പോരേ ?

എന്റെ ചേട്ടാ, അപ്പൊ  ചേട്ടൻ പത്രമൊന്നും വായിക്കാറില്ലേ  ?
 കർണ്ണാടകം വരെ  അതിർത്തി അടച്ചു കളഞ്ഞില്ലേ ?

എന്റെ സുകേശാ മറ്റുള്ളോര് എന്തെങ്കിലും മനുഷ്വത്വല്ല്യായമ കാണിച്ചൂന്നും  വെച്ച് നമ്മളത് അനുകരിക്കണ്ട വല്ല കാര്യവുമുണ്ടോ ? ഇതൊറ്റ  രാജ്യമല്ലേ... നിയന്ത്രണങ്ങൾ ആവാന്ന് വെച്ച് ഇങ്ങനെത്തെ കടുംപിടുത്തം പാടുണ്ടോ ? പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ എല്ലാവരും ഈ സമയത്ത് ഒത്തുചേർന്ന്  പ്രവർത്തിക്കേണ്ടതിനു പകരം ഇങ്ങനെയൊക്കെയാണോ  ചെയ്യേണ്ടത് ?

എന്ത് പറഞ്ഞിട്ടും സുകേശൻ ഒരു പൊടിക്കും സമ്മതിക്കുന്നില്ല 

ഹോയ്...  ന്ന് പെട്ടെന്നൊരു ഓളി കേട്ടാ എല്ലാവരും ഞെട്ടിത്തിരിഞ്ഞത്  കരാട്ടേ വാസു വായൊണ്ട്‌ കരാട്ടെ കാണിച്ചതാ

കൊറോണയല്ല അവന്റെ അപ്പൂപ്പൻ വന്നാവരെ  ദേ ഇങ്ങന്യാക്കൂന്നും പറഞ്ഞ്  അതുവഴി പോയൊരു  ഉറുമ്പിനെ വാസു തള്ള വിരലോണ്ട്  ഒറ്റ ഞെക്ക്,  ആ പാവത്തിന്റെ കാറ്റ് അതോടെ പോയി കൊറോണാ എന്താന്ന് ജീവിതത്തിലൊരിക്കൽ പോലും  കേക്കാത്തൊരു  ഉറുമ്പായിരുന്നു കൂട്ടുകാരൊക്ക ഭക്ഷണം കൊണ്ട് ജാഥയായി പോയപ്പോ പുള്ളി എൻ വഴി തനി വഴീന്നും പറഞ്ഞ്  വേറേ വഴീക്കൂടെ പോയതാ.

ഈ സമയത്തായിരുന്നു ഞങ്ങളുടെ ഗ്രാമത്തിൽ ജിമ്മ് നടത്തുന്ന, ആ ജിമ്മിന്റെ പേര് തന്റെ മുന്നിൽ ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന ജിമ്മൻ കുമാറ് അതു വഴി വന്നത്.

എന്തിനാ സുകേശാ നീ ഈ റോഡ് അടക്കുന്നത് ആൾക്കാർക്ക്  വീട്ടീപ്പോവേണ്ട ? 

ജിമ്മൻ കുമാറിന്റെ വീട് ഞങ്ങടെ അതിർത്തിക്ക് തൊട്ടപ്പുറത്താ

ഇനി മുതല് നീ നിന്റെ വീട്ടിലിരുന്ന്  ജിമ്മ് കാണിച്ചാ മതീട്ടാ അതും കൊണ്ട് ഈ അതിർത്തിയിലോട്ട് വരണ്ടാ

എന്റെ സുകേശാ മര്യാദക്ക് റോഡീന്ന് മണ്ണ് മാറ്റ്

നീ പോടാ മണ്ണുണ്ണീ ജിമ്മാ ..

വാസു കൂടെയുള്ള  ധൈര്യത്തിലായിരുന്നു  സുകേശൻ കുമാറിനെ കേറി മണ്ണുണ്ണീന്ന് വിളിച്ചത് . മീൻകാരൻ മമ്മദത്  കേട്ട് ചിരിയോട് ചിരി ,  ചിരിച്ച് ചിരിച്ച് അവസാനം മമ്മദ്  മൂക്കും കുത്തി താഴെ  വീണു വായേല് കുറെ മണ്ണ് പോയതോടെ മമ്മദിന്റെ  ചിരീം നിന്നു.

തന്റെ ജിമ്മിനെ മണ്ണുണ്ണിയെന്ന് വിളിച്ച് അപമാനിച്ചതോടെ കുമാറിന്റെ ശരീരം വിറഞ്ഞു കയറി 

എല്ലാരും മാറിക്കോന്നും പറഞ്ഞ്  കുമാറ് സ്വയം മണ്ണ് മാറ്റി തുടങ്ങി 

ടാ ..നായിന്റെ മോനേ ..ന്നൊരലർച്ച  

ദിഗന്തങ്ങൾ പൊട്ടുമാറുള്ള ആ അലർച്ച കേട്ട് ഞങ്ങളെല്ലാവരും  ഞെട്ടി റോമു പേടിച്ച്  ഒരു ഓട്ടം വെച്ചു കൊടുത്തു പിന്ന്യാ അവന് അമളി മനസ്സിലായത് അതോടെ ഏതോ  പൂച്ചയെ ഓടിക്കുന്ന പോലെ അവനൊന്ന് അഭിനയിച്ചെങ്കിലും  ഞങ്ങള് നോക്കണൂന്ന്  മനസ്സിലായതോടെ ആകെ  ചമ്മലോടെ തല കുമ്പിട്ടാ അവൻ തിരിച്ചു വന്നത് എന്നാലും ഇടക്കിടക്ക് ഇട കണ്ണിട്ട്  നോക്കുന്നുണ്ടായിരുന്നു.

റോമു ഓടുന്ന കണ്ടതോടെ സുഗുണനും ഓടി കാര്യമറിയാതെ ആയിരുന്നു അവന്റെ ഓട്ടം,  എന്നാലും ഓടി  സുഗുണൻ ഓടുന്ന കണ്ടതോടെ കൂടെ   റപ്പായിയും ഓടി. 

വാസൂന്റെ കണ്ണ് വെട്ടിച്ച് എങ്ങിനെയാ  മുങ്ങാന്ന് ആലോചിച്ചിരിക്കുകയായിരുന്നു  റപ്പായി ഓടുന്ന ഓട്ടത്തിനിടയിൽ കാലുളുക്കിയെങ്കിലും റപ്പായി നിന്നില്ല  ഉളുക്കിയ കാലും വെച്ചായിരുന്നു  ജീവനും കൊണ്ടുള്ള ആ പാച്ചിൽ 

മര്യാദക്ക് വീട്ടീപ്പോടാ നായിന്റെ മോനെന്നും ആക്രോശിച്ചു കൊണ്ടായിരുന്നു  വാസു,  കുമാറിന്റെയടുത്തേക്ക് ചെന്നത്  .

ഇന്നിവിടെ എന്തെങ്കിലും നടക്കും കരാട്ടെ വാസുവും,  ജിമ്മൻ കുമാറും രണ്ടുപേരും വ്യത്യസ്ത തലങ്ങളിൽ മുദ്ര പതിപ്പിച്ചവർ  വാസു കരാട്ടെ കാണിക്കുന്നതിനു മുന്നേ വാസുവിന്റെ കൈയ്യും കാലും കരാട്ടെ കാണിച്ചു തുടങ്ങിയിരുന്നു പട്ടി കുരക്കുന്ന പോലെ എന്തൊക്കെയോ ശബ്ദവും വാസു ഉണ്ടാക്കുന്നുണ്ട് .

വാസു അടുത്തെത്തിയതും കുമാറ് ഷർട്ടൂരി  .

എന്തൊക്കെയോ സാധനങ്ങള് കുമാറിന്റെ ഉള്ളീന്നും പുറത്തേക്ക് തെറിച്ചു വീണു, പെട്ടെന്ന്  ആർക്കുമൊന്നും  മനസ്സിലായില്ല  അത് കുമാറിന്റെ  മസിലുകളായിരുന്നു  ഒരു  കുമാറ് പെട്ടെന്ന് മൂന്ന് കുമാറായി  മാറിയ പോലെ ശരീരം മൊത്തം  മസിലുകള് അത്കണ്ട്  വാസുവൊന്ന്  ഞെട്ടി പക്ഷേ അത് മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാൻ  വാസു കഴുത്ത്  അങ്ങോട്ടും,മിങ്ങോട്ടും   വെറുതെ വെട്ടിച്ചു . 

ഷർട്ട് ഇട്ടിരുന്നിരുന്ന  കാരണം കുമാറിന്റെ ഒർജിനൽ സൈസ് വാസൂന് മനസ്സിലായുണ്ടായിരുന്നില്ല  കുമാറ്  പെട്ടെന്ന് ഒരു അർണോൾഡ് ആയി മാറിയ പോലെ   മസിലുകളൊക്കെ ഏതാണ്ട് കുടം കമഴ്ത്തി വെച്ച പോലെയാണ് കുമാറിന്റെ മേത്ത് പറ്റിപ്പിടിച്ചിരിക്കുന്നത് , അതിട്ട് കുമാർ ഇടക്കിടക്ക്  വിറപ്പിക്കുന്നുമുണ്ട്   .

അതെങ്ങാനും താഴെ വീഴോന്നാ ക്ലാസ്സ്മേറ്റ് ശിവൻ  ചോദിച്ചത്  എനിക്കും അങ്ങനെ തന്നെയാ തോന്നിയത് 

ദേഷ്യം കൊണ്ട്  ആകെ ചുവന്നിട്ടാണ് കുമാർ ഇരിക്കുന്നത്  കുമാറിന്റെ മസിലുകളും  ചുവന്നിട്ടുണ്ട് അതിനും നല്ല ദേഷ്യമുണ്ട് 

സംഗതി കൈയ്യീന്ന് പോയീന്ന് വാസൂന് മനസ്സിലായി കുമാറിന്റെ ഈ രൂപമാറ്റം കണ്ടതോടെ വാസു ഞെട്ടിത്തരിച്ചു നിൽക്കാണ്    

ഒരു കൈയ്യും കാലും അന്തരീക്ഷത്തില് അങ്ങനെത്തന്നെ നിപ്പുണ്ട് കുമാറിന്റെ ഭാവമാറ്റം കണ്ടതോടെ അത് തിരിച്ചെടുക്കാൻ വാസു മറന്നു, അതോടൊപ്പം കരാട്ടെയും  മറന്നു  ഞങ്ങളുടെ  വിചാരം വാസു ഇപ്പൊ ഒരു ജാക്കീച്ചാനായി മാറി കുമാറിന്റെ മസിലൊക്കെ ഇടിച്ച് പൊട്ടിക്കൂന്നായിരുന്നു 

എന്റെ മുരുകാ...  ഇവനാ ഷർട്ട് കുറച്ചു മുമ്പേ  ഊരാമായിരുന്നില്ലേ.. ന്നാ വാസു ഉള്ളിൽ കരഞ്ഞോണ്ട്  ഭഗവാൻ മുരുകനോട് ചോദിച്ചത്  ആളുടെ വലുപ്പം അറിയാതെ എന്തൊക്കെയോ വിളിച്ചു പറയുകേം  ചെയ്തു .

ഞങ്ങളെല്ലാവരും  ആകാംഷയോടെ നോക്കി നിൽക്കുകയാണ്

വാസു ആകാശത്തോട്ട്  നോക്കി നിൽപ്പുണ്ട്  ഏത് അടവാണ്  പ്രയോഗിക്കണ്ടതെന്ന്  ആലോചിക്കുകയായിരിക്കും എന്നാണ്  ഞങ്ങള് കരുതിയത്  സത്യത്തില് വാസു പേടികൊണ്ട്  മുരുകനോട് പ്രാർത്ഥിക്കുകയായിരുന്നു 

രാക്ഷസൻ പോലയിരിക്കുന്ന കുമാറിന്റെ  അടുത്ത് കരാട്ടെ കാണിക്കാൻ പോയാൽ  തന്നെ ഒടിച്ചു നുറുക്കി കുട്ടയിലാക്കും, പിന്നെ ദേഷ്യം കൊണ്ട് വിറച്ചിരിക്കുകയുമാണ് ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട  

എന്തെങ്കിലും ചപ്പടാച്ചി കാണിച്ചോന്ന്   പേടിപ്പിച്ചാലോയെന്ന് വാസു തോന്നിയതാ  പക്ഷേ കുമാറിനെ  കണ്ടിട്ട് പേടിക്കുന്ന പോലെ തോന്നണില്ലാന്നാ വാസൂന്റെ മനസ്സ് വാസൂനോട് പറഞ്ഞത്

വാസു..,  അവന്റെ കൈയ്യും കാലും ഓടിച്ചേക്ക്.. ന്നാ  സുകേശൻ വിളിച്ചു പറഞ്ഞത് 

ഒന്ന് പോടാ  മൈഗുണാ.. മനുഷ്യൻ പേടിച്ച് വിറച്ച് നിക്കുമ്പോഴാ അവന്റെയൊരു ഉപദേശം ?

എന്തെങ്കിലും കാണിച്ചില്ലെങ്കീ നാട്ടുകാരുടെ മുന്നില് നാണം കെടും, കുമാറിന്റെ ഇടി കിട്ടി  ഓടിയാ അതിലും വല്യ  നാണക്കേടാവും ഓടിയില്ലെങ്കി കൈയ്യും കാലും ഒടിയും  അപ്പോപ്പിന്നെ ഓടാനും പറ്റത്തില്ല.

ഇവന്റെയടുത്ത് കരാട്ടെയൊന്നും വിലപ്പോവത്തില്ല

കുമാറതാ മുന്നോട്ട്  വരുന്നു അതോടൊപ്പം മസിലുകളൊക്കെ ചാഞ്ചാടുന്നു  ചാഞ്ചാടാത്ത മസിലുകളെ കുമാറിട്ട്  ഇളക്കുന്നു. അത് കണ്ടാ   മസിലുകളാദ്യം ചാടിയിറങ്ങി  വന്ന് വാസൂനെ ഇടിക്കുമെന്നാ തോന്നുന്നത് 

വാസു നിന്ന് വിറക്കുന്നൂ

വാസു ഇപ്പൊൾ  ഒരു ജാക്കീച്ചാനായി മാറും  അതിന്റെ സിഗ്‌നലാ ആ വിറ . എല്ലാവരും അക്ഷമരായി നിൽക്കുകയാണ്  വാസു പെട്ടെന്ന് പട്ടി കരയുന്ന  പോലെ ഒറ്റ ഓളി അത് കേട്ട് പാക്കരൻ ചേട്ടൻ ഞെട്ടിപ്പോയി  അതോടെ പാക്കരൻ ചേട്ടൻറെ വലിവ് കൂടി അല്ലെങ്കീ തന്നെ പാക്കരൻ ചേട്ടൻ  പേടിച്ച് വിറച്ച് നിക്കായിരുന്നു അതിന്റെ എടെക്കൂടെയാ വാസൂന്റെ ഒളി ഏതോ നായ കടിക്കാൻ വരുന്നതാണെന്നാ പാക്കരൻ ചേട്ടനാദ്യം  വിചാരിച്ചത്  പാക്കരൻ ചേട്ടൻ മാത്രമല്ല എല്ലാവരും ഞെട്ടിപ്പോയി .

ഇടിയിപ്പോൾ   തുടങ്ങും .. സുകേശൻ കൈ രണ്ടും കെട്ടി നിപ്പുണ്ട് കരാട്ടെ വാസു,.  കുമാറിനെ  ഇടിച്ച് പൊടിയാക്കൂന്നും പറഞ്ഞ്

എല്ലാവരും അക്ഷമരായി

നീണ്ട ആ  ഓളിയുടെ അവസാനം വാസൂനെ എങ്ങും കാണാനില്ല  നിഴല് പോലെ ആരോ പാടത്തൂടെ പായുന്നു .

വാസൂന്റെ ജീവനും കൊണ്ടുള്ള ആ പാച്ചില് കണ്ടപ്പോ വാസൂന്റെ സൈക്കിള് ഞെട്ടി ആ പാവത്തിനെ പോലും എടുക്കാതെയായിരുന്നു വാസു പാഞ്ഞത് . വാസു പാഞ്ഞതോടെ സുകേശൻ മുങ്ങാൻ നോക്കി പക്ഷെ പറ്റിയില്ല  ഞങ്ങള് നോക്കുമ്പോ കുമാറിന്റെ ഒരു കൈയ്യില് സുകേശനും മറ്റേകൈയ്യില് മീൻകാരൻ മമ്മദും തൂങ്ങി കിടപ്പുണ്ട് രണ്ടു പേരേം നിലം തൊടാതെയാ  തൂക്കിപ്പിടിച്ചിരിക്കുന്നത്.

ലെസ്സി ഗ്ളാസ്സിലിട്ട് കുലുക്കും  പോലെ ഒരു നാലു കുലുക്ക് അതോടെ സുകേശന്റെം മമ്മദിന്റെം ഉള്ളീ കിടക്കുന്ന  എല്ലാം മിക്‌സായി അതോടുകൂടി മമ്മദിന്റെ ബോധം പോയി .

റോമു വേഗം പാക്കരൻ ചേട്ടന്റെ അടുത്തേക്ക് നീങ്ങി നിന്നു ഇപ്പൊ അവൻ പാക്കരൻ ചേട്ടന്റെ ആളായി മാറി 

പാവം സുകേശൻ മണ്ണ് മുഴുവൻ ഒറ്റക്കാ മാറ്റിയത് ശിവനും സഹായിക്കാൻ പോയതായിരുന്നു  ഓടെടാ ന്നും പറഞ്ഞ് കുമാർ ഒറ്റ അലർച്ച അതോടെ ശിവൻ ഓടി എന്നോട് ഓടാൻ പറഞ്ഞില്ലെങ്കിലും ഞാനും ഓടി ഇനി നിന്നോട് പ്രത്യേകിച്ച് പറയണോ എന്നും ചോദിച്ച് കുമാർ എന്നെ  പിടിച്ച് ഇടിച്ചാലോ എന്നായിരുന്നു എന്റെ പേടി ഞാനായിട്ട് ആ അവസരം ഉണ്ടാക്കി കൊടുക്കേണ്ടാ . കുമാറിന് ഞങ്ങളെ ഇടിക്കേണ്ട ആവശ്യമേ വരത്തില്ല ഇതേ പോലെ ഒരു പ്രാവശ്യം ഓടാൻ പറഞ്ഞാ മതി ആ കാറ്റൊണ്ടെന്നേ ഞങ്ങളുടെ  ബോധം പോവും . 

എന്തിനാ സുകേശാ നീ അതിർത്തിയൊക്കെ അടക്കാൻ പോയത്?

ദിവസങ്ങൾക്ക് ശേഷം  ഷാപ്പിൽ  വെച്ച്  ചെത്തുകാരൻ അവറാൻ ചേട്ടനാ സുകേശനോടത്  ചോദിച്ചത് .

എന്റെ ചേട്ടാ  കർണ്ണാടകക്കാര്  ചെയ്ത കാരണാ ഞാനിത്  ചെയ്‌തതെന്നും  പറഞ്ഞ് സുകേശൻ ഒറ്റ കരച്ചില് പാവത്തിന്റെ ആ കരച്ചില് കണ്ട് ഞങ്ങൾക്കും കണ്ണീന്ന് വെള്ളം വന്നു  കൊച്ചു കുട്ടികള് വാവിട്ട് കരയുന്ന പോലെ ആയിരുന്നു സുകേശനന്ന് കരഞ്ഞത്.

എന്റെ സുകേശാ കർണ്ണാടകക്കാര് എന്തോ വിവരക്കേട് കാണിച്ചെന്നും വെച്ച്  നമ്മളത് അനുകരിക്കാൻ പാടുണ്ടോ?  ഇന്ത്യ എന്ന മഹാരാജ്യത്തെ ഭരണ സൗകര്യങ്ങൾക്കായി വിഭജിച്ചതൊഴിച്ചാൽ നമ്മളെല്ലാം ഒരമ്മയുടെ മക്കളാണ് ഒരു തട്ടു കേട് വരുമ്പോ ഒരുമിച്ച് നിന്ന് മറികടക്കുന്നതിനെ വിളിക്കുന്ന പേരാണ് സാഹോദര്യ സ്‌നേഹമെന്ന് . പുഴുക്കുത്തുകളെ  മറികടക്കേണ്ടത് നമ്മുടെ കടമയാണ് കുട്ടികൾ തെറ്റു ചെയ്താൽ അതു തിരുത്തിക്കൊടുക്കേണ്ടത്  കാർന്നൊൻമാരുടെ കടമയാണ്  അല്ലാതെ ഒരു രോഗം വരുമെന്ന്  കരുതി അതിർത്തികൾ അടക്കലല്ല പരിഹാരം  രോഗം പടരാതിരിക്കാനാണോ  അവരത് ചെയ്തതതെന്ന് എനിക്കറിയത്തില്ല എന്തായാലും ഒരു കഷ്ടതയെ മറികടക്കാൻ  ഒന്നിച്ചാണ് നിൽക്കേണ്ടതെന്ന സത്യം കള്ള് ചെത്താൻ പോവുന്നവനാണെങ്കിലും എനിക്കറിയാം അതിനുവേണ്ടത് ഓരോ പൗരനും  ഒരു രാജ്യവും,  ഒരു ജനതയുമെന്ന മനസ്സാണ്.  

പക്ഷേ ഒരു പ്രശ്‍നവുമില്ലാത്ത നമ്മുടെ ഗ്രാമത്തിലെന്തിനാ നീ മണ്ണിട്ട് റോഡ് അടച്ചത് എന്റെ സുകേശാ ?

ഷാപ്പ്കാരൻ വറീതിന്റെ ആ ചോദ്യത്തിന് ഉത്തരമില്ലാതെ സുകേശൻ താഴോട്ട് നോക്കി  ജീവിതത്തില് ഇനി  തടം പോലും കോരത്തില്ലെന്ന് അന്നത്തോടെ  സുകേശൻ മനസ്സിലൊരു  പ്രതിജ്ഞയെടുത്തു. 



0 അഭിപ്രായങ്ങള്‍