രണ്ടേ രണ്ടു  റിങ്,  അതുമാത്രം മതിയായിരുന്നു ഉറക്കമുണരുവാൻ വിളിച്ചയാളുടെ ലക്ഷ്യവും അതു തന്നെയായിരുന്നിരിക്കണം  അധികം ശല്യപ്പെടുത്താതെയുള്ളൊരു  വേക്കപ്പ്‌ കാൾ.

കണ്ണുകൾ  തിരുമ്മി നോക്കിയെങ്കിലും  ഉറക്കം വിട്ടുമാറുന്നില്ല  പുലർച്ചെ മൂന്നുമണിയോളമായിരിക്കുന്നു സുഖനിദ്രയിലേക്ക് ആണ്ടിറങ്ങിയ സമയം .

പെട്ടെന്ന് എണീറ്റപ്പോൾ ബുദ്ധിക്കത് ഉൾക്കൊള്ളാനാകുന്നില്ല .

ആകെയൊരു മന്ദത വലയം ചെയ്തിരിക്കുന്നു .

ഡേവിഡിന്റെ കാളാണ് അതോടൊപ്പമൊരു  മെസ്സേജും .

ആ  മെസ്സേജ് വായിക്കുവാൻ വേണ്ടി, തന്നെ  ഉണർത്തുകയെന്നുള്ളതാണ് ആ രണ്ടു റിങ്ങുകളുടെ ലക്ഷ്യമെന്നുള്ളത് വളരെ വ്യക്തം.
             
ഒന്നുകൂടി  കണ്ണുകളെ  തിരുമ്മിക്കൊണ്ട്  ഞാനാ  മെസ്സെജിലേക്കുറ്റു നോക്കി.

ഇപ്പോൾ  കണ്ണുകളെ  ആവരണം ചെയ്തിരിക്കുന്ന മൂടൽ നീങ്ങിയിരിക്കുന്നു നല്ല  വ്യക്തതയുണ്ട് .

Dear John, please Contact immediately

                                                    David
                                                    NASA.
                                 
ശല്യം, ഇയാൾക്കെന്താ  ഉറക്കമൊന്നുമില്ലേ ?  ദേഷ്യമാണാദ്യം  തോന്നിയത്. 

എന്നിരുന്നാലും ഈ അസമയത്ത് തന്നെ ഉണർത്തുവാനുള്ളൊരു  ശ്രമം ഇതിലൂടെ ഡേവിഡ്  നടത്തിയിരിക്കുന്നുവെങ്കിൽ, അതിന് അതിന്റെതായ പ്രാധാന്യം ഉണ്ടായിരിക്കാം. അല്ലാതെ വെറുതേയെന്നെ ബുദ്ധിമുട്ടിക്കുന്നതിൽ അയാൾക്കെന്തു  കാര്യം ?

നാസയിൽ നിന്ന് താൻ തിരിച്ചതേ പതിനൊന്നു മണിക്കു ശേഷമാണ്  ഈ നാലു മണിക്കൂറിനുള്ളിൽ  അവിടെ എന്താണ് സംഭവിച്ചിട്ടുണ്ടായിരിക്കുക  ?

ആദ്യ റിങ്ങിനു തന്നെ ഡേവിഡ്‌,  ചടുലമായ ആ നീക്കത്തിൽ അയാൾ  ഫോണ്‍ കൈയ്യിൽ തന്നെ വെച്ചിരിക്കുകയായിരുന്നുവെന്ന് തോന്നി . തീർച്ചയായും അതങ്ങനെ തന്നെ ആയിരുന്നിരിക്കണം. 

''ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം ജോൺ" 

എനിക്കൊരു  മറു ചോദ്യത്തിന്  അവസരം തരാതെ  ഡേവിഡ്  തുടർന്നൂ .

"ജോണ്‍  അത്യാവശ്യമായി ഒന്നിങ്ങോട്ട് വരണം ബാക്കിയെല്ലാം  നേരിൽ കണ്ടതിനു ശേഷം ഞാൻ വിശദമാക്കാം."

ആ സ്വരത്തിൽ  ഉൽക്കണ്ഠയോ , പരിഭ്രമമോ എന്തൊക്കെയോ വലയം ചെയ്തിട്ടുണ്ടെന്ന് തോന്നി.

"അത്യാവശ്യമോ  ഡേവിഡ്"?

"ജോൺ പ്ലീസ്" 

അതിൽ കൂടുതൽ ആരായുന്നതിൽ അർത്ഥമില്ല.  

നേവി യാർഡ് കഴിഞ്ഞ്,  എന്റെ പോർഷെ ബൊക്സ്സ്റ്റെർ ഒരു ചെറിയ മൂളലോടെ  കുതിച്ചു പാഞ്ഞു  .
             
ഒരിക്കലും വിജനമാകാത്ത നഗരം,  രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ  നിറഞ്ഞൊഴുകുന്നു. 

ഏകദേശം  ഇരുപത് വർഷത്തോളമായിരിക്കുന്നു ഞാൻ നാസയിൽ എത്തിയിട്ട്.

സതീഷ് ധവാൻ സ്പേസ് സെന്ററിൽ ജൂനിയർ സയന്റിസ്റ്റായി  ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ്  നാസയിലേക്കുള്ള ആ വലിയ ഓഫർ വരുന്നത് .

ബാല്യം മുതലേ  ഗ്യാലക്സിയും,  ആകാശവും , നക്ഷത്രങ്ങളും, സൂര്യനും ചന്ദ്രനുമെല്ലാം എനിക്കേറ്റവും പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു .

മണിക്കൂറുകളോളം  ആകാശത്ത്‌ കണ്ണും നട്ടിരിക്കുന്ന എന്റെ ഉത്സുകത കണ്ടിട്ടാണ്  അപ്പൻ  ആദ്യമായി എനിക്കൊരു  ഒരു ബൈനോക്കുലർ വാങ്ങിത്തരുന്നത് .

നക്ഷത്രം പോയിട്ട്  ആകാശത്തിലൂടെ  പറക്കുന്ന ഒരു വീമാനം പോലും അതിലൂടെ  വ്യക്തമായി കാണാനാകുമായിരുന്നില്ല .

തീരെ  പാങ്ങില്ലാതിരുന്നിട്ടും  അപ്പൻ  തന്റെ  തുച്ഛ വരുമാനത്തിൽ നിന്ന്  തനിക്കായി അത്  ചെയ്തുവല്ലോ ?. 

അപ്പന്റെ കൊക്കിൽ ഒതുങ്ങാത്ത ഒന്നായിരുന്നിട്ടും മകന്റ ആഗ്രഹത്തിനു വേണ്ടി അപ്പനാ ത്യാഗം ഏറ്റെടുത്തുവെന്നുള്ളതായിരുന്നു സത്യം  .  രണ്ടുനേരം  ചോറെന്നുള്ളത് പോലും  അത്യാഢംഭരമായിരുന്ന ഒരു  കാലഘട്ടമായിരുന്നൂവത്.

ആ ബൈനോക്കുലറിലൂടെ ഏതുനേരവും  ആകാശത്തേക്ക്  നോക്കിക്കൊണ്ടിരിക്കുകയെന്നുള്ളത് എന്റെ വലിയൊരു ഹരമായിരുന്നു. 

വലുതായതിനു ശേഷം  വീടിനടുത്തുള്ള വാന നിരീക്ഷണ കേന്ദ്രത്തിലെ ഒരു സ്ഥിരം സന്ദർശകനായി ഞാൻ മാറി.

അവിടെയുള്ള  ദൂരദർശിനിയിലൂടെ   ഞാനാദ്യമായി നക്ഷത്രങ്ങളെ വ്യക്തമായി  കണ്ടു , ഗ്രഹങ്ങളെ കണ്ടു , ചന്ദ്രന്റെ വരണ്ട സമതലം കണ്ടു , ആകാശത്തുള്ള എണ്ണിയാലൊടുങ്ങാത്ത  ഒരു പാടൊരുപാട് വിസ്മയങ്ങൾ കണ്ടു .

അറിയും തോറും, കൂടുതൽ, കൂടുതൽ  അറിയുവാനുള്ള  ആകാംഷയും, അതിന്റെ ആഴങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുവാനുള്ള  ഉൽക്കടമായ അഭിവാഞ്ജയും  അതോടൊപ്പം  എന്നിൽ അലയടിച്ചു കൊണ്ടിരുന്നു .

അറിവാകുന്ന കടലിനെ ഉള്ളിലേക്ക് ആവാഹിച്ചെടുക്കുവാനുള്ള  ഭ്രാന്തമായൊരു  അഭിനിവേശം . പട്ടിണി ഒരു   മനുഷ്യനിൽ ഉരുവാക്കുന്ന അതിജീവനത്തിന്റെ ആവേശമാണോ അതെന്നെനിക്കറിഞ്ഞുകൂടാ . പക്ഷേ എന്നെ സംബന്ധിച്ചിടത്തോളമത്  ജീവിതത്തിൽ വിജയിക്കുവാൻ വേണ്ടി ഞാൻ സ്വയം ആവാഹിച്ചെടുത്ത ശക്തിയായിരുന്നു ,  ഊർജ്ജമായിരുന്നു, മന്ത്രമായിരുന്നു .

ഗാലക്സി, അതെന്നും അത്ഭുതങ്ങളുടെ ഒരു  ലോകം തന്നെയാണ് നമുക്ക് മുന്നിൽ തുറന്നു തരുന്നത് .

താരാപഥങ്ങൾ , ഗ്രഹങ്ങൾ , നക്ഷത്രങ്ങൾ , സൂര്യൻ ,ചന്ദ്രൻ ,  ഉൽക്കകൾ  തമോഗർത്തങ്ങൾ  അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത  വിസ്മയങ്ങൾ  നിറച്ച ഒരു മാന്ത്രീക ലോകം.

എന്ത് കൊണ്ടാണ് ഗ്രഹങ്ങളെല്ലാം ഉരുണ്ടിരിക്കുന്നത് .?, സൌരയൂഥത്തിൽ എങ്ങിനെയാണ് ഗ്രഹങ്ങൾ ചലിച്ചു കൊണ്ടിരിക്കുന്നത് ?   സൂര്യനു ചുറ്റും അവയെങ്ങനെ ഭ്രമണം ചെയ്യുന്നു ? മറ്റു താരാപഥങ്ങളിലെ വിസ്മയങ്ങൾ എന്തൊക്കെയാണ് ?

സംശയങ്ങൾ വിട്ടൊഴിയാത്ത  മനസ്സുമായി ഞാൻ വായനയിലൂടെ അലഞ്ഞു  ചിലത് തിരിച്ചറിയുമ്പോൾ   മറ്റു ചിലത് മനസ്സിലേക്ക്   ഉരുണ്ടു കയറി.

വിസ്മയങ്ങളുടെ ആ വാനത്തിലൂടെ ചിറകു വിരിച്ചു പറക്കുവാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു.

വാന നിരീക്ഷണത്തിൽ ഉന്നത പഠനം നടത്താനുള്ള എന്റെ ആഗ്രഹത്തെ വീട്ടുകാർ എതിർത്തെങ്കിലും അപ്പൻ മാത്രം സപ്പോട്ടീവായി നിന്നു .

നിനക്ക് നിന്റേതായ ഒരു വഴിയുണ്ട് .. അത് നിന്റെ മാത്രം വഴിയാണ്. ഏതു തിരഞ്ഞെടുത്താലും  അതിന്റെ ഏറ്റവും ഉന്നതിയിൽ എത്തിച്ചേരുവാൻ  പരിശ്രമിക്കുക. 

നിങ്ങൾക്ക് അവന് നേർവഴി ചൊല്ലിക്കൊടുത്തുകൂടെ എന്നുള്ള മാലോകരുടെ ചോദ്യത്തെ അപ്പൻ മറു ശരം കൊണ്ട് പ്രതിരോധിച്ചു 

എന്റെ ജീവിതത്തിൽ ഞാനൊരു പരാജയമാണ്, ഒരു പരാജയിക്ക്  എങ്ങിനെയാണ് മറ്റൊരാൾക്ക് വഴികാട്ടിയാനാവുക ?   

ആ വാക്കുകൾ എന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു .

ബിരുദവും , ബിരുദാനന്തര ബിരുദവും ഉള്ള എനിക്ക്  ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ ജൂനിയർ സയന്റിസ്റ്റായി ജോലി കിട്ടി .

ഏകദേശം ഇരുപത്  വർഷങ്ങൾക്ക്  മുൻപ്  ലോകവ്യാപകമായി ജൂനിയർ ശാസ്ത്രന്ജർക്ക് വാന നിരീക്ഷണത്തിൽ  തങ്ങളുടെ പ്രാവീണ്യം        പ്രകടമാക്കുന്നതിനുള്ള   ഒരു കാമ്പയിൻ നാസ സംഘടിപ്പിച്ചിരുന്നു .

വാന നിരീക്ഷണത്തെക്കുറിച്ചും  ഗാലക്സിയെക്കുറിച്ചുമുള്ള പുത്തൻ ആശയങ്ങൾ  അവതരിപ്പിക്കാനുള്ള  ഒരു അവസരം നൽകുക എന്നുള്ളതാണ് നാസ അതിലൂടെ ലക്ഷ്യമിട്ടിരുന്നത് .

ലോകത്താകമാനം നിന്നും 200ലധികം  യുവ ശാസ്ത്രജ്ഞർ  പങ്കെടുത്ത ആ മേളയിൽ  ഞാനവതരിപ്പിച്ച  
സൂര്യൻ അതിനു  ചുറ്റുമുള്ള ഗ്രഹങ്ങളെ എങ്ങിനെയതിന്റെ  സ്വാധീന വലയത്തിൽ നില നിറുത്തുന്നുവെന്നുള്ള   പ്രബന്ധം ഗോൾഡ്‌ മെഡലോടെ ഒന്നാമതെത്തിയതാണ്  എനിക്ക് നാസയിലേക്കുള്ള വഴി തെളിയിച്ചത് .

ഒരു മുരൾച്ചയോടെ എന്റെ പോർഷേ   നാസയുടെ സെക്യൂരിറ്റി ചെക്ക് കടന്ന്  അകത്തേക്ക് പ്രവേശിച്ചു .

നാസ

'National Aeronautics and Space Administration'
   

ഗേറ്റിൽ എനിക്കുള്ള കുറിപ്പ് കാത്തു കിടന്നിരുന്നു .
               
ധാരാളം  സെക്യുരിറ്റി കടമ്പകൾക്ക് ശേഷമാണ് ലാബിനുള്ളിലേക്കുള്ള പ്രവേശനം സാദ്ധ്യമാവുക .
       
സീക്രട്ട് കോഡിനൊപ്പം തന്നെ  ഫിംഗർ പ്രിൻറും  റെറ്റിനാ  സ്കാനിങ്ങും  വോയിസ് അനലൈസിങ്ങിനും ശേഷമാണ് ഓരോ ഡോറും നമുക്കായി തുറക്കുക . അവസാന വാതിലും  തുറന്ന്  വിശാലമായ ആ ഹാളിലേക്ക് പ്രവേശിക്കുമ്പോൾ  എനിക്കായി കാത്തിരിക്കുന്ന പരിഭ്രാന്തി നിറഞ്ഞ മൂന്നു  മുഖങ്ങൾ ഞാൻ കണ്ടു .

നാസാ ഡയറക്ടർ ജാക്ക് ഗാർഡൻ , പ്രൊഫസ്സർ ചാൾസ് പിന്നെ എന്റെ  ടീം മേറ്റ്‌ ഡേവിഡ്‌ .

എന്റെ ആകാംക്ഷ അതിന്റെ അതിർ വരമ്പുകൾ ഭേദിച്ചിരുന്നു .

ഈ സമയത്ത് താങ്കളെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു മിസ്റ്റർ ജോൺ .

എന്റെ കരം ഗ്രഹിച്ചു കൊണ്ടാണ് ഡയറക്ടർ  ജാക്കത് പറഞ്ഞത്  .

എന്താണ് സർ  പ്രശ്നം ?

ദയവു ചെയ്ത്  ജോണ്‍ ആദ്യം ഈ കാഴ്ച്ചകൾ കാണുക .

ഹൈ പവ്വർ ടെലസ്കോപ്പിലൂടെ ഞാൻ ഗാലക്സിയിലേക്ക്  നോക്കി എനിക്കത് വിശ്വസിക്കാനായില്ല   അതിതീവ്ര  ജ്വലനത്തോടെ  ചില വസ്തുക്കൾ , അങ്ങിനെയൊരു കാഴ്ച അവിടെ പാടില്ലാത്തതാണ്  .

സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്ന  ഗ്രഹങ്ങളാണ്  മെർക്കുറിയും, വീനസും .

അതിൽ മെർക്കുറിയിലാണ്  ആ അമിത പ്രകാശം ദൃശ്യമാകുന്നത്  അത് ജ്വലനമാണോ അതോ  മറ്റെന്തെങ്കിലുമാണോയെന്നുള്ളത്   തിരിച്ചറിയാനാകുന്നില്ല .

ലുക്ക് അറ്റ് ദിസ് ജോൺ ഹബ്ബിൾ ടെലിസ്കോപ്പിൽ നിന്നുമുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണിത് . ഡേവിഡ് എനിക്കു നേരെ നീട്ടിയ ആ ചിത്രങ്ങളിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി  സ്പേസിൽ സൂര്യന്റെ  നേർരേഖയിൽ തന്നെയാണ്  ആ ജ്വലനം വ്യക്തമാകുന്നത്.

പക്ഷേ  എന്താണതിനു കാരണം?  അത്യുഗ്രസ്ഫോടനങ്ങൾ  എന്തെങ്കിലും മെർക്കുറിയിൽ നടന്നുവോ ? സ്വതവേ തിളക്കമാർന്ന ഗ്രഹമാണ് മെർക്കുറിയെങ്കിലും  ഇത് ആ തിളക്കത്തിനോട് സമാനമായുള്ളതല്ല  മറിച്ച് ഒരു  ജ്വലനം പോലെയെന്നുള്ളതാണ് ഇതിൽ നിന്നും  മനസ്സിലാക്കാനാകുന്നത് .

സൂര്യന്റെ ഉഗ്രതാപനം മൂലം  കാന്തീക തരംഗങ്ങൾക്ക് ചൂട് പിടിക്കുകയും അതൊരു  വിസ്ഫോടനമായി മെർക്കുറിയിലേക്ക് കടന്നുകയറുകയും അതിന്റെ പ്രത്യാഘാത ഫലമായി  മെർക്കുറി നിന്ന് ജ്വലിക്കുകയുമാണോ  ?

പക്ഷേ , ഇത്രയും നാളില്ലാത്ത ഈയൊരു  പ്രതിഭാസം ഇപ്പോൾ   പെട്ടെന്നെങ്ങിനെ രൂപം കൊണ്ടു ?

കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപേ രൂപീകൃതമായ  പ്രപഞ്ചത്തിന്റെ  നൈസർഗ്ഗീക ഭാവത്തിൽ  നിന്നുമെങ്ങനെയാണ്  പെട്ടെന്നിങ്ങനെയൊരു  മാറ്റത്തിനു സാദ്ധ്യത .?

ഏതെങ്കിലും ഭീമാകാരങ്ങളായ  ഗ്രഹങ്ങളുമായോ ,നക്ഷത്രങ്ങളുമായോ   അതോ മറ്റു   വസ്തുക്കളുമായോ  കൂട്ടിയിടിക്കപ്പെട്ടതിന്റെ  ഫലമായി  രൂപം കൊള്ളപ്പെട്ട  അതിശക്തമായ താപപ്രസരണമാണോ ഈ ജ്വലനത്തിനു കാരണം ?

രണ്ടിനും സാദ്ധ്യതകൾ കൽപിക്കപ്പെടാം അങ്ങിനെയെങ്കിൽ അതോടൊപ്പം മറ്റു ചില സംശയങ്ങൾ   കൂടി ഇവിടെ  ഉയർന്നു വരുന്നു .

ആദ്യത്തെ പ്രതിഭാസം  മൂലമുള്ള ജ്വലനമാണ്‌ മെർക്കുറിയിലുണ്ടായിട്ടുള്ളതെങ്കിൽ 
എങ്ങിനെയാണ്  സൂര്യനിൽ നിന്നും പെട്ടെന്ന്  ഇത്ര വലിയ   താപ പ്രസരണമുണ്ടായിരിക്കുന്നത്   ? അതിലേക്ക് നയിച്ച കാരണങ്ങൾ എന്തെല്ലാമാണ് അല്ലെങ്കിൽ എന്തെല്ലാമായിരിക്കാം  ?

രണ്ടാമത്തെ സംശയത്തിന്  എനിക്ക് ഉത്തരമില്ലായിരുന്നു  അങ്ങിനെയും സംഭവിക്കാം എന്നുള്ളത് മാത്രമേ ഇപ്പോളിതിനൊരു വിശദീകരണമായി  നൽകുവാനാകൂ  .

സൂര്യന്റേയും  മെർക്കുറിയുടേയും ഏറ്റവും പുതിയ ഗ്രാഫുകളെവിടെ ? 

ടെലസ്കോപ്പിൽ നിന്നും കണ്ണുകളെടുക്കാതെ  ഞാൻ ഡേവിഡിനോട്‌ ചോദിച്ചു .

അടുത്ത നിമിഷത്തിൽ   തന്നെ ഡേവിഡതെനിക്കു എടുത്തു  തന്നു .

തീർച്ചയായും ഞാനിത് ചോദിക്കുമെന്ന് അവർ മുൻകൂട്ടി കണ്ടിരുന്നിരിക്കണം  . ഒറ്റ നോട്ടത്തിൽ തന്നെ ഒരു ഞെട്ടലോടെ ഞാനാ സത്യം തിരിച്ചറിഞ്ഞു .

സൂര്യന്  അതിന്റെ നൈസർഗ്ഗീഗ സ്ഥാനത്തു നിന്നും സ്ഥാനഭ്രംശം സംഭവിക്കപ്പെട്ടിരിക്കുന്നു .

അതുൾക്കൊള്ളാനാകാതെ ഞാനേവരേയും നോക്കി

എന്റെയതേ  വികാരം തന്നെയായിരുന്നു അവർ മൂവർക്കും.


                                        Click here- A journey to esthiya - part 2