ഇറ്റ് ഈസ് വെരി സ്ട്രൈഞ്ച്, എനിക്കിത് വിശ്വസിക്കാനേ കഴിയുന്നില്ല..  ഇങ്ങനെയൊരിക്കലും കാണാൻ പാടില്ലാത്തതാണ് 

സൂര്യന്   അതിന്റെ നൈസർഗ്ഗീഗ സ്ഥാനത്തു നിന്നും വ്യതിചലനം സംഭവിച്ചിരിക്കുന്നുവെന്നു  വെച്ചാൽ ? അതസംഭാവ്യവും നടക്കാൻ പാടില്ലാത്തതും ഒരിക്കലും നടക്കാത്തതുമാണ്.

നടക്കാത്തത് എന്നുള്ളത് ഒരു പക്ഷേ കൂടുതൽ അതിശയോക്തിപരമായൊരു  വിശദീകരണമാവാം . എന്നിരുന്നാലും അങ്ങനെ  സംഭവിച്ചുവോ എന്നുള്ളതാണ് ഇപ്പോൾ  ഉൾക്കൊള്ളാനാകാത്തത്

അല്ലെങ്കിൽ അതും ബാലിശമായൊരു വിശദീകരണമാവാം  പെട്ടെന്നൊരു സുപ്രഭാതത്തിൽ ഈയൊരു പ്രതിഭാസം തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയായിരിക്കണം നമുക്കെങ്ങനെ തോന്നുന്നത്. 

ഇനിയിപ്പോൾ ഗ്രാഫിന്റെ കൃത്യതയിൽ  എന്തെങ്കിലും തരത്തിലുള്ള  പോരായ്മകൾ സംഭവിച്ചിട്ടുണ്ടോ അതിന്റെ ഫലമാണോയിത്  ?

അതിനുള്ള സാധ്യതകൾ  കുറവ് തന്നെയെന്നു  കരുതേണ്ടി വരും   കാരണം ടെലസ്കോപ്പിലൂടെ കണ്ട മെർക്കുറിയുടെ ജ്വലനം,  ഹബിൾ ദൂരദർശിനിയിൽ  നിന്നുമുള്ള  ചിത്രങ്ങളുടെ ആധികാരികത,  ഇതെല്ലാം തന്നെ ഈ നിഗമനങ്ങളെ  ശരിവെക്കുന്ന തരത്തിലുള്ളതാണ്.

സൌരയൂഥത്തിൽ, സൂര്യനു ചുറ്റും ഗ്രഹങ്ങൾ ഭ്രമണം  ചെയ്തുകൊണ്ടിരിക്കുന്നത്  പ്രപഞ്ചോല്പത്തി മുതലേയുള്ളൊരു പ്രതിഭാസമാണ്.അതിൽ നിന്നും പെട്ടെന്നൊരു മാറ്റം  സംഭവിക്കുകയെന്നുവെച്ചാൽ ?

ഇവിടെ വ്യതിചലനം സംഭവിച്ചിരിക്കുന്നുവെന്ന്  തീർത്തുപറയാറായിട്ടില്ലെങ്കിലും തിരിച്ചറിഞ്ഞ സാഹചര്യങ്ങൾ ആ  സാദ്ധ്യതയിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത്  .

അങ്ങിനെയെങ്കിൽ മേൽ വിവിരിച്ച പോലെ അസംഭാവ്യം തന്നെയെന്നതു   പറയേണ്ടി വരുമെങ്കിലും  പൂർണ്ണമായും ഉറപ്പിക്കാനാകുന്നില്ലെന്ന  സ്ഥിതിവിശേഷമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത് .

ഈ ഗ്രാഫുകൾ സൂചിപ്പിക്കുന്നത് ഗ്രഹങ്ങളുടെ സ്ഥാനചലനത്തെയല്ല  മറിച്ച് കേന്ദ്രബിന്ദുവായ സൂര്യനു സംഭവിച്ചിരിക്കുന്ന സ്ഥാനഭ്രംശമാണ്  . ഭീമാകാര നക്ഷത്രമായ സൂര്യനു വരുന്ന ചെറിയൊരു മാറ്റം  പോലും വലിയ ഇമ്പാക്ടാണ് ഈ  സൗരയൂഥത്തിൽ ഉണ്ടാക്കിയെടുക്കുക  അതിന്റെയെല്ലാം പ്രത്യാഘാതങ്ങൾ കണക്കുകൾ കൊണ്ട് അളെന്നെടുക്കുവാൻ കഴിയുകയില്ല എന്നുള്ളതാണ് സത്യം .

ഗ്രഹങ്ങളും, നക്ഷത്രങ്ങളും ഉൾപ്പെടുന്ന സൗരയൂഥമായ  ക്ഷീര പഥത്തിൽ ഒറിയോണ്‍ മേഘപടലത്തിനുള്ളിലാണ് സൂര്യന്റെ സ്ഥാനം എന്നുള്ളതാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്  .

സൂര്യന്റെ,   ഈ ചലനത്തെക്കുറിച്ച് ശാസ്ത്രീയമായൊരു വിലയിരുത്തൽ  ഈ ഘട്ടത്തിൽ സാധ്യമല്ലെങ്കിലും  പ്രപഞ്ചം രൂപീകൃതമായതിനു ശേഷം  കോടിക്കണക്കിനു വർഷങ്ങളിലൂടെ കടന്നുപോകുമ്പോൾ സൂര്യനും അതുൾപ്പെടുന്ന ഗ്രഹകൂട്ടായ്മകളിലും പല തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുമെന്നുള്ളത് നമ്മൾ തിരിച്ചറിഞ്ഞിട്ടുള്ള  യാഥാർഥ്യങ്ങളിൽ ഒന്നുതന്നെയാണ്   .

ഒരു നിശ്ചിത പാതയിൽ കൂടി സൂര്യനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന   ഗ്രഹങ്ങളുടെ സ്വാധീനം ഇത്തരം  സ്ഥാനചലനങ്ങളിൽ  വലിയ പങ്കാണ് നിർവ്വഹിക്കുന്നത് . അല്ലെങ്കിൽ കോടിക്കണക്കിന് വർഷങ്ങളുടെ കാലചക്രത്തിലൂടെ  ഈ പ്രപഞ്ചം കടന്നുപോകുമ്പോൾ ഏതൊരു വസ്തുവിനും സംഭവിക്കാവുന്ന  സ്വാഭാവികമായൊരു  പരിണാമത്തിന്റെ ഫലമായും ഇത്തരത്തിൽ സംഭവിക്കാമെന്ന് കരുതാവുന്നതാണ്,  പക്ഷേ അതിനു വേണ്ട ശാസ്ത്രീയ തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നുള്ളതുകൊണ്ടും അതിനുള്ള അവഗാഹം നമുക്കില്ലാത്തതുകൊണ്ടും തൽക്കാലം മാറ്റിവെക്കാവുന്നതാണ് . എന്നാൽ ഇവിടെ ഈ നിഗമനങ്ങളെയെല്ലാം അപ്പാടെ ഖണ്ഡിച്ചുകൊണ്ട് കാണപ്പെടുന്ന   സൂര്യന്റെ സ്ഥാന  ചലനം   അവിശ്വസനീയമായി തന്നെ  തോന്നുന്നു . കാരണം ഗ്രഹങ്ങളുടെ വലിവു പ്രിക്രിയകൾ കൊണ്ട് സൂര്യനു സംഭവിക്കാവുന്ന ചെറിയ ചില മാറ്റങ്ങളെക്കാൾ  ഉപരിയായി സൂര്യന്റെ വ്യക്തമായ സ്ഥാനഭ്രംശമാണ്  ഇവിടെ തെളിയുന്നത് .

അതിനർത്ഥം വലുതായെന്തോ അവിടെ സംഭവിക്കപ്പെട്ടിരിക്കുന്നു എന്നുള്ളത് തന്നെയാണ്,   എന്തുകൊണ്ടങ്ങനെ സംഭവിച്ചുവെന്നുള്ളതിന്റെ കാരണങ്ങളാണ് കണ്ടെത്തേണ്ടത് . അല്ലാതെ  വെറും വിശദീകരണങ്ങൾ കൊണ്ടും ഊഹാ പോഹങ്ങൾ കൊണ്ടും ഈ പ്രിക്രിയയെ  വിലയിരുത്തുവാൻ ശ്രമിക്കുന്നത് വിഡ്ഢിത്തവും, ഉപകാരപ്രദമല്ലാത്തതുമാകുന്നു . കാരണം ഇതൊന്നും  തന്നെ   പ്രായോഗികമായ സൊലൂഷ്യൻ ആകുന്നില്ല എന്നുള്ളതിനാൽ  അതിനു മുതിരാതിരിക്കുകയാണ് ഉത്തമവും , ബുദ്ധിപരമായതും . ശാസ്ത്രീയമായ തെളിവുകളാണ് ഇവിടെയാവശ്യം അപ്പോഴാണ് അതിനൊരു ബദൽ മാർഗ്ഗം കണ്ടെത്തുവാനുള്ള സാധ്യതകൾക്ക് വഴിതെളിയുക.  

സൂര്യന്റെ സ്ഥാനഭ്രംശം   മറ്റു ഗ്രഹങ്ങളുടെ സ്ഥാന ചലനത്തിനും കൂടി ഹേതുവായിത്തീരുമെന്നുള്ളതും മുൻകൂട്ടി കാണേണ്ടതുണ്ട് .

സൂര്യനിൽ നിന്നും കൃത്യമായ അകലത്തിൽ, ശരിയായ  പാതയിലൂടെ  ഭ്രമണം ചെയ്യേണ്ടുന്ന  ഗ്രഹങ്ങൾക്ക് സ്ഥാനഭ്രംശം സംഭവിച്ചാൽ .?  അതിന്റെ  പ്രത്യാഘാതങ്ങളെന്തൊക്കെയെന്ന്  ഊഹിക്കാൻ പോലും  കഴിയുകയില്ല. അതീ സൌരയൂഥത്തിന്റെ ഘടനയേയും  ആവാസവ്യവസ്ഥയേയും അപ്പാടെ മാറ്റി മറിക്കുകയും, അതിന്റെ നൈസർഗ്ഗീകമായ കണ്ണികൾക്ക്  താളം തെറ്റുകയും അതിലൂടെ  സൗരയൂഥത്തിന്റെ തന്നെ അന്ത്യത്തിനു ഹേതുവായിത്തീരുകയും  ചെയ്യുമെന്നുള്ളതിൽ  യാതൊരു സംശയവുമില്ല .

എന്തൊക്കെയോ കാരണങ്ങൾ കൊണ്ട്   സൂര്യൻ തന്റെ അയൽ ഗ്രഹമായ മെർക്കുറിയോട് കൂടുതൽ അടുക്കുകയും തന്മൂലം  സൂര്യന്റെ ഉഗ്ര താപത്താൽ   അകപ്പെട്ട് മെർക്കുറി നിന്നു  ജ്വലിക്കുകയുമാണ്. അതാണ്   മെർക്കുറിയുടെ ഈ അതീവ തിളക്കത്തിൽ നിന്നും മനസ്സിലാക്കിയെടുക്കേണ്ടത്  .

ഭ്രമണപഥത്തിന്റെ കേന്ദ്ര ബിന്ദുവിൽ നിന്നും  സ്ഥാന ഭ്രംശം സംഭവിക്കപ്പെട്ട  സൂര്യന്റെ  പ്രയാണം  എങ്ങോട്ടെക്കെന്നുള്ള മുൻവിധി ഈ ഘട്ടത്തിൽ   അസാദ്ധ്യമാണ് . അതൊരു പക്ഷേ .., മറ്റു ഗ്രഹങ്ങളുമായി കൂട്ടിയിടിച്ച്  ശൂന്യാകാശത്തിന്റെ ഘടനയേത്തന്നെ മാറ്റി മറിച്ചേക്കാം .. അല്ലെങ്കിൽ കൂട്ടിയിടിയുടെ ഫലമായി  ഉണ്ടായേക്കപ്പെടുന്ന  ശക്തമായ ഘർഷണം നിമിത്തം  ഏതെങ്കിലും തമോഗർത്തത്തിലേക്ക് വീണ് എരിഞ്ഞടങ്ങിയേക്കാം.

ഇവിടെ  ഉയർന്നുവരുന്ന മറ്റൊരു ചോദ്യമെന്തെന്നുള്ളത്, സൂര്യൻ  അതിന്റെ ജീവചക്രത്തിന്റെ അന്ത്യഘട്ടത്തിൽ സംഭവിക്കാവുന്ന  പരിണാമങ്ങളിലൂടെ ഇപ്പോൾ കടന്നുപോവുകയാണോ എന്നുള്ളതാണ് . അങ്ങിനെയെങ്കിൽ സൂര്യൻ ആ  ജീവ ചക്രത്തിന്റെ  അന്തിമത്തിൽ   സംഭവിക്കാവുന്ന സ്വയം  ശോഷിക്കലെന്ന പ്രിക്രിയയിലൂടെ കടന്നുപോയിക്കൊണ്ട്   പലതരത്തിലുള്ള  രൂപമാറ്റങ്ങൾക്ക് വിധേയമായിഅവസാനം ഒരു തമോഗർത്തമായി (black hole ) പരിണാമം ചെയ്യപ്പെട്ട്  അനിവാര്യമായ  ശൂന്യതയിലേക്ക് കൂപ്പുകുത്തിയേക്കുമോ ? .

ഇതുവരേക്കും ശാസ്ത്രലോകത്തിന് അങ്ങനെയൊരു സാദ്ധ്യത അസന്നിഗ്ദ്ധമായി തെളിയിക്കാൻ  കഴിഞ്ഞിട്ടില്ലെങ്കിലും  . വെളിവാക്കപ്പെട്ട  ചില യാഥാർത്ഥ്യങ്ങളിലൂടെ  കടന്നുപോകുമ്പോൾ ഈ   നിരീക്ഷണങ്ങളുടെ സാദ്ധ്യതകളെയും വൃഥാ തള്ളിക്കളയാനാകില്ല.

ഇവിടേയും, മുൻപ്  ഉന്നയിക്കപ്പെട്ട പോലെ,   ഇത്രയും പെട്ടെന്നോ? എന്നുള്ള ചോദ്യം  ഉയർന്നു വരുന്നു  .

ഇത്രയും പെട്ടെന്ന് എന്നുള്ളത് ആ പ്രയോഗത്തെ  നമ്മുടെ ബുദ്ധിക്ക് ഒരു  പക്ഷേ  ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നുള്ളത് കൊണ്ട്  തന്നെയാണ് ഇവിടെ  ആവർത്തിക്കപ്പെടുന്നതും  .

അല്ലെങ്കിൽ ചിലപ്പോൾ സൂര്യന്റ ആയുർ ദൈർഘ്യത്തെക്കുറിച്ചുള്ള നമ്മുടെ കണക്കു കൂട്ടലുകളെല്ലാം തെറ്റായിരുന്നിരിക്കാം .
                       
ഈയൊരു കാഴ്ചപ്പാടിൽ കൂടി ഈ ഘടകങ്ങളെയെല്ലാം അനലൈസ് ചെയ്തെടുക്കുമ്പോൾ   ഈ നിഗമനങ്ങളെല്ലാം ശരിയാകാനുള്ള സാദ്ധ്യത വളരെയധികം തന്നെയാണ് എന്നിരുന്നാലും  ഇതെല്ലാം പമ്പര വിഡ്ഢിത്തങ്ങളായ ചിന്താഗതികളാണോ  എന്നുള്ള മറു ചോദ്യവും  അതോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ്.

നമ്മൾ തിരിച്ചറിഞ്ഞിട്ടുള്ളതും  മനസ്സിലാക്കിയെടുത്തീട്ടുള്ളതുമായ സത്യങ്ങൾക്ക് പുതിയ മാനങ്ങൾ നല്കി അതിനെ  ശാസ്ത്രീയവൽക്കരിച്ച്  വിശദീകരിക്കുമ്പോൾ അതുതന്നെ അന്തിമമായത് എന്നുള്ള മുൻവിധിയെ,  പലപ്പോഴും പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ പിന്നീട്     തിരുത്തേണ്ടതായി  വരുന്നു . കാരണം ശാസ്ത്രം എന്നുള്ളത് നമ്മൾ കണ്ടെത്തിയ നിഗമനങ്ങളെ ആധികാരികമായി ഉറപ്പിച്ച്  അടിത്തറയിട്ട് അതിനൊരു മൂല്യം നൽകി സത്യമായി തീർച്ചപ്പെടുത്തിയ ലേബൽ പതിച്ചു നൽകുമ്പോഴാണ് അവ ശാസ്ത്ര സത്യമെന്നുള്ള  നിർവ്വചനത്തിന്റെ കീഴിൽ വരുന്നത്   . എന്നാൽ മറ്റു ചിലപ്പോൾ കണ്ടെത്തിയ  സത്യങ്ങളെക്കാൾ ഉപരിയായി വീണ്ടും ചില സത്യങ്ങളെ കൂടുതൽ വ്യക്തതയോടേയും , ആധികാരികതയോടെയും തിരിച്ചറിയുമ്പോൾ  ആയതിന്റെ വെളിച്ചത്തിൽ  വീണ്ടും നിഗമനങ്ങളെ  മാറ്റേണ്ടിവരുന്നു . അങ്ങനെ വരുമ്പോൾ ആദ്യ  കണ്ടെത്തലുകളേയും തീർച്ചപ്പെടുത്തലുകളേയും ഖണ്ഡിക്കേണ്ടി വരുകയും പുതിയ തീരുമാനങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യപ്പെടുന്നു. തെളിവുകൾ കൈമുതലാവുന്ന മുറക്ക്  വീണ്ടുമതിനു  മാറ്റങ്ങൾ സംഭവിക്കാം  പ്രപഞ്ചത്തിലെ അടിക്കടി മാറുന്ന സാഹചര്യങ്ങളും അതിനു വഴിവെക്കുന്നു എന്നുള്ളതും ഇതിനു ഉപോൽഭലകമായി എടുത്തു പറയേണ്ടുന്ന ഒരു വസ്തുത തന്നെയാണ്.


അപ്പോൾ ഇന്ന്  യാഥാർത്യമെന്ന് നമ്മൾ കരുതപ്പെടുന്ന ചില സത്യങ്ങളെ മുൻനിറുത്തി അതിലൂടെ   ചരിക്കുമ്പോൾ  സൂര്യൻ എന്നുള്ള നക്ഷത്രത്തിന് ഒരു കാലയളവ് ഉണ്ടെന്നും, എന്നാൽ   മറ്റു ഭീമാകാര നക്ഷത്രങ്ങളെപ്പോലെ   അന്ത്യ ഘട്ടത്തിൽ  ഒരു സൂപ്പർ നോവയായി അത്യധികം പ്രകാശമാനത്തോടു കൂടി  പൊട്ടിത്തെറിക്കുന്നത് പോലെ സൂര്യനൊരിക്കലും സംഭവിക്കുന്നില്ലെന്നും മനസ്സിലാക്കുവാനാകുന്നു  അതിനു വേണ്ട  പിണ്ഡം (മാസ്സ്)  സൂര്യനിലുണ്ടാകുന്നില്ല  എന്നുള്ളതാണ് സത്യം. മറിച്ച്  സൂര്യന്റെ കാമ്പിലുള്ള  ഹൈഡ്രജൻ ഇന്ധനം തീരുമ്പോൾ കാമ്പു ചുരുങ്ങുകയും പുറം പാളികൾ വികസിച്ച് ഭീമാകാരമായിത്തീരുകയും അതിനുശേഷം പല അവസ്ഥാന്തരങ്ങളിലൂടെ സഞ്ചരിച്ച്  വെള്ളക്കുള്ളൻ , കറുപ്പുകുള്ളൻ എന്നീ  തലങ്ങളിലേക്ക്  എത്തിച്ചേരുകയും  ചെയ്യപ്പെടുന്നു.  (ഇതുവരെ  ലഭ്യമായിട്ടുള്ള തിരിച്ചറിവുകളുടെ വെളിച്ചത്തിൽ  നമ്മൾ മെനഞ്ഞെടുത്ത  നിഗമനങ്ങളാണിതെല്ലാം) ഇതിന്റെയെല്ലാം വിശ്വാസ്യതക്ക്  എന്തുമാത്രം ആധികാരികത അവകാശപ്പെടാനാകുമെന്നുള്ളതു വലിയൊരു ചോദ്യം  തന്നെയാണ് ഇവിടെ  ഉയർത്തുന്നതും .

എന്നുവെച്ച് മറിച്ചുള്ള സാദ്ധ്യതകളേയും  തള്ളിക്കളയാനാകില്ല എന്നുള്ളതും മേൽപ്പറഞ്ഞ ഘടകങ്ങൾ വെച്ച് അനുമാനിക്കാവുന്നത് തന്നെയാണ് . കാരണം ശാസ്ത്ര നിഗമനങ്ങൾ എന്നുള്ളത് ഇന്നത്തെ  കണ്ടെത്തലുകളുടെ ചുവടുപിടിച്ചാണ്  നാളെ  വിശ്വാസയോഗ്യമായ മറ്റു  തിരിച്ചറിവുകൾ  നേടുമ്പോൾ ഇന്നത്തെ വിശ്വാസങ്ങളിൽ  മാറ്റങ്ങൾ വരുന്നു   .

കേന്ദ്രീകൃത സ്ഥാനത്തു നിലകൊള്ളുന്ന  സൂര്യന് സംഭവിക്കുന്ന  ചെറിയൊരു  മാറ്റം  പോലും അതി ഭീതീതമായ വ്യതിയാനങ്ങളും  ഭവിഷ്യത്തുകളാണ്   ഈ സൗരയൂഥത്തിൽ  വരുത്തിവെക്കുക എന്നുള്ളതിൽ യാതൊരു തർക്കവുമില്ല.

അങ്ങിനെ സംഭവിച്ചാൽ  ഭൂമിയടക്കം എല്ലാം തന്നെ നിത്യാന്ധകാരത്തിലേക്ക് കൂപ്പു കുത്തുകയും  ഈ ഗാലക്സിയുടെ  നിലനിൽപ്പിനു തന്നെ അതവസാനം   കുറിക്കുകയും ചെയ്യും 

സൂര്യനില്ലെങ്കിൽ  ഭൂമിക്കെന്നല്ല മറ്റു  ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും  എന്തിന് ഈ  സൌരയൂഥത്തിനു തന്നേയും നിലനില്പില്ല  .

സൂര്യന്റെ അഭാവം മൂലം ഭൂമിയിലെ ജീവജാലങ്ങൾ നാമാവിശേഷമാവുകയും ഊർജ്ജസ്രോതസ്സില്ലാതെ  ഒരു ലോകം മുഴുവൻ നിർജ്ജീവമായിത്തീരുകയും,   അതിശൈത്യത്താൽ  ജീവന്റെ തുടിപ്പുകൾ നിഷ്കാഷിതമാവുകയും ചെയ്യപ്പെടും അതോടൊപ്പം ജലസ്രോതസ്സുകൾ തണുത്തുറയുകയും  ഹരിതവാതകങ്ങളാൽ ഭൂമി നിറയുകയും ജീവൻ നിലനിൽക്കാത്ത ഗ്രഹങ്ങളുടെ ഗണത്തിലേക്ക് ഭൂമിയും ചേർക്കപ്പെടുകയും ചെയ്യപ്പെടും.

ഇപ്പോൾ ജീവൻ നിലനിൽക്കാത്ത ചില ഗ്രഹങ്ങളിൽ ഖരാവസ്ഥയിലുള്ള ജല  സാന്നിദ്ധ്യം   കണ്ടെത്തിയിട്ടുള്ളത്  ഇതുമായി ചേർത്തു വായിക്കുമ്പോൾ  ചില സംശയങ്ങളിലേക്കോ അതിലുപരി ചില  സത്യങ്ങളിലേക്കോ അത് വിരൽ ചൂണ്ടപ്പെടുന്നു എന്നുള്ളത് ഈ അവസരത്തിൽ വളരെയധികം  പ്രാധാന്യം അർഹിക്കുന്ന ഒന്നു  തന്നെയാണ് 

ഖരാവസ്ഥയിലുള്ള ജലസാന്നിദ്ധ്യം ഒരിക്കലവിടെ  ജല സ്രോതസ്സുകൾ സജീവമായിരുന്നുവെന്നുള്ളതിന്റെ തെളിവുകൾ തന്നെയാണ് നിരത്തുന്നത് .  അതിനർത്ഥം ആ കാലഘട്ടത്തിൽ അവിടെ  ജീവൻ നിലനിൽക്കുന്നതിനാവശ്യമായ എല്ലാം ഉണ്ടായിരുന്നുവെന്നോ , ജീവൻ തന്നെ നിലനിന്നിരുന്നുവെന്നോ  ഉറപ്പിക്കുന്നില്ലെങ്കിൽ കൂടി, അങ്ങിനേയും അനുമാനിക്കേണ്ടതായി വരും. കാരണം ജലസാന്നിദ്ധ്യം തന്നെയാണ് ജീവവംശത്തിന്റെ നിലനില്പിനുള്ള അടിസ്ഥാന ഘടകം എന്നുള്ളതുകൊണ്ടുതന്നെ  .

പിന്നെയെങ്ങനെ അവ അപ്രത്യക്ഷ്യമായി ? 

സജീവമായിരുന്ന ജലസ്രോതസ്സുകൾ  ഉറഞ്ഞു പോയതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്   ? 

സൂര്യന്റെ ഈ പ്രതിഭാസം തന്നെയാണോ ആ മാറ്റങ്ങൾക്കും കാരണഭൂതമായിട്ടുള്ളത്  ? 

ഇപ്പോൾ സംജാതമായിരിക്കുന്ന സ്ഥിതിവിശേഷ ഫലമായാണോ ഒരു കാലഘട്ടത്തിൽ ജീവൻ നിലനിന്നിരുന്നെന്ന് അനുമാനിക്കപ്പെടുന്ന ആ ഗ്രഹങ്ങളിൽ അതിന്റെ അവസാനത്തിന് കാരണമായിട്ടുള്ളത്?  

അങ്ങിനെയെങ്കിൽ അതിന്റെയൊരു  ആവർത്തനമാണോ  ഇപ്പോൾ നടക്കുവാൻ പോകുന്നത്?

അതായത് പരിണാമത്തിന്റെ ഏതോ ചില ഘട്ടങ്ങളിൽ സൂര്യൻ  അതിന്റെ കേന്ദ്ര സ്ഥാനത്തു നിന്നു വലിയ തോതിൽ വ്യതിചലിക്കുകയും മറ്റു ഗൃഹങ്ങളിലേക്ക് കൂടുതൽ  അടുക്കുകയൂം തന്മൂലം  ആ ഗ്രഹങ്ങളിലൊരുപക്ഷേ  ജീവൻ നിലനിന്നിരുന്നുവെങ്കിൽ സൂര്യന്റ ഈ ചലന പ്രതിഭാസം മൂലം  അപ്രത്യക്ഷ്യമാവുകയും ജീവസാധ്യമായ എല്ലാ ഘടകങ്ങളും നിഷ്കാഷിതമാവുകയും ചെയ്തിരിക്കാം.

പരിണാമത്തിന്റെ മറ്റൊരു ഘട്ടത്തിൽ മറ്റൊരു ഗ്രഹത്തിൽ ജീവന്റെ പുതുനാമ്പുകൾ അതുപോലെ തന്നെ ഉറവെടുക്കുകയും ചെയ്തിരിക്കാം

അതുമല്ലെങ്കിൽ മുമ്പേ വെളിവാക്കിയത്  പോലെ ചില സൂപ്പർ നോവകളുടെ ഫലമായുണ്ടാകുന്ന വിഷകാരികൾ മൂലമോ ഇത്തരുണത്തിലുള്ള പ്രതിഭാസങ്ങൾക്ക് കാരണമായേക്കാം .

ആ ഗ്രഹത്തിൽ തന്നെ കോടിക്കണക്കിന് വർഷങ്ങളുടെ  ഫലമായി പല കാരണങ്ങൾ കൊണ്ടും രൂപം കൊള്ളപ്പെടുന്ന വിഷകാരികൾ മൂലമോ ഇത്തരത്തിലുള്ള സാധ്യതകൾ ഉണ്ടാക്കപ്പെടാം.
 
ഉൽക്കാ വർഷങ്ങൾ,  സജീവമായ അഗ്നിപർവ്വതങ്ങൾ മൂലമുണ്ടാകുന്ന   മലിനീകരണങ്ങൾ , കാലകൃമേണ ചില വസ്തുക്കൾക്ക് സംഭവിക്കാവുന്ന  പരിണാമങ്ങൾ അങ്ങനെ പലതും ഇതിനോട് അനുബന്ധമായി ചേർന്നു നിൽക്കുന്ന വസ്തുതകളാണ് .

ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ ഈ ഘട്ടത്തിൽ ഞാൻ തള്ളിക്കളയുകയാണ് കാരണം എനിക്കത് ശരിയെന്ന്  തോന്നുന്നില്ല.വർഷങ്ങളുടെ കാലപ്പഴക്കം ചില പരിണാമങ്ങൾക്ക് കാരണമായേക്കാമെങ്കിലും  പരിണാമ പ്രിക്രിയയിലൂടെ ഒരു വസ്തു  പൂർണ്ണമായും മറ്റൊന്നായി മാറുകയെന്നുവെച്ചാൽ ? അതസംഭാവ്യവും , വിഡ്ഢിത്തവും  തന്നെയെന്നു കരുതേണ്ടി വരും അതിനുള്ള ഏറ്റവും വലിയ ഉദാഹരണം മനുഷ്യവർഗ്ഗം തന്നെ   ദശലക്ഷക്കണക്കിന് വർഷം പാരമ്പര്യമുള്ള  മനുഷ്യർ, അവന്റെ ജീവയാത്രയുടെ വലിയ സർക്കിളിൽ എന്തുകൊണ്ട് രൂപപരിണാമം സംഭവിച്ച് മറ്റൊന്നായിത്തീരുന്നില്ല ? 

ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന്റെ വിശ്വാസതയിലേക്കാണത്  വിരൽ ചൂണ്ടുന്നത് )

ഇവിടെ,  ഇതൊരു അനുബന്ധ വിഷയമല്ലെങ്കിലും പരിണാമ സിദ്ധാന്തത്തെ അടിവരയിട്ടുകൊണ്ട്  പറഞ്ഞുവെച്ചുവെന്നേയുള്ളൂ .

ഇങ്ങിനെ വ്യത്യസ്ഥങ്ങളായ , പരസ്പരം  കൂടിച്ചേരാൻ പാടില്ലാത്ത മൂലകങ്ങളുടെ സംയോജനം ഉണ്ടാവുകയും അതിനോട് ചേർന്ന്  പുതിയ ചില സംയുക്തങ്ങൾ  ഉരുവാകുകയും ചെയ്തിരിക്കാം . 


മറ്റൊന്ന്, ഭീമാകാരങ്ങളായ  നക്ഷത്രങ്ങൾ അവയുടെ ജീവചക്രത്തിന്റെ  അവസാനഘട്ടത്തിൽ  സൂപ്പർ നോവയായി പൊട്ടിത്തെറിക്കുന്നതിന്റെ പരിണിതഫലമായി അവയിൽ  നിന്നും ബഹിർഗ്ഗമിക്കുന്ന ഗാമ കിരണങ്ങൾ ഒരു പക്ഷേ ജീവന്റെ അംശം നിലനിന്നിരുന്ന  ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലേക്ക് കടന്നുകയറുകയും  ശക്തമായ രാസപരിവർത്തനങ്ങൾക്ക് ആ ഗ്രഹങ്ങളെ   വിധേയമാക്കുകയും അതുമൂലം  ജീവൻ നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങൾ എല്ലാം തന്നെ അപ്രത്യക്ഷ്യമാവുകയോ ,  ജീവൻ തന്നെ  പൂർണ്ണമായും തുടച്ചു നീക്കപ്പെടുകയോ  ചെയ്തേക്കാം .

ഇങ്ങനെ പലകാരണങ്ങൾ കൊണ്ടും രൂപം കൊള്ളപ്പെടുന്ന ഘടകങ്ങൾ  കാലക്രിമേണെ ആ ഗ്രഹങ്ങളുടെ അന്തരീക്ഷഘടനയിൽ വലിയ  മാറ്റങ്ങൾക്കിടയാക്കുകയും  സൂര്യപ്രകാശത്തെ നിരാകരിക്കുകയോ , സൂര്യ രശ്മികൾക്ക് കടന്നു ചെല്ലാൻ പറ്റാത്ത തരത്തിൽ അന്തരീക്ഷത്തെ രൂപപ്പെടുത്തിയെടുക്കുകയോ ചെയ്തിരിക്കാം  ഇതിന്റെയെല്ലാം ഫലമായി  അതിശൈത്യം രൂപീകൃതമാവുകയും , ജീവന്റെ അംശം തുടച്ചു നീക്കപ്പെടുകയും  ദ്രാവക രൂപത്തിലുള്ള ജല സ്രോതസ്സുകൾ ഖരരൂപത്തിലേക്ക് മാറ്റപ്പെടുകയും ചെയ്യപ്പെട്ടിരിക്കാം. അതോടൊപ്പം തന്നെ ഹരിതവാതകങ്ങളുടെ ധാരാളിത്തം മൂലവും ഓക്സിജൻ പോലെ ജീവൻ നിലനിറുത്തുന്നതിനാവശ്യമായ വാതകങ്ങൾ അന്തരീക്ഷത്തിനു വെളിയിലേക്ക് പുറംതള്ളപ്പെട്ടിരിക്കുകയും ചെയ്യപ്പെട്ടിരിക്കാം .

ഭൂമിയിൽ ജീവിക്കുന്ന ജീവികളുടെ ജീവചക്രത്തിന്റെ ചുവടുപിടിച്ചാണ് ഈ ഒരു വിശദീകരണം നൽകിയിരിക്കുന്നത്  കാരണം ഇവിടെ ഓക്സിജൻ ആണ് ജീവവായു ആയി കണക്കാക്കുന്നതും സത്യവും  . എന്നാൽ മറ്റു ഗ്രഹങ്ങളിൽ ഒരു പക്ഷേ ജീവൻ നിലനിന്നിരുന്നുവെങ്കിൽ തന്നെ അവിടെയും ഈ പ്രോസസ്സ് തന്നെയാണ് ജീവികൾ അനുവർത്തിച്ചിരുന്നത് എന്നുള്ള മുൻ കൂട്ടിയുള്ള നിഗമനം അടിസ്ഥാനരഹിതവും, ഒരുപക്ഷേ വിഡ്ഢിത്തവുമായി മാറുമായിരിക്കാം കാരണം നമ്മുടെ ജീവശൈലിവെച്ചുള്ള അളവുകോലുകളാണ് നമ്മളിവിടെ പ്രയോഗിക്കുന്നത് എന്നുള്ളതു കൊണ്ടുതന്നെയാണത് . കാരണം ഓക്സിജൻ ശ്വസിക്കാതെ ജീവിക്കുന്ന ജീവവംശങ്ങളെ  ഭൂമിയിൽ തന്നെയും  നമ്മൾ കണ്ടെത്തിയിട്ടുമുണ്ട്  ആ ഒരു കാഴ്ചപ്പാടിൽ കൂടി നോക്കുമ്പോൾ  ഓക്സിജനെ മാത്രം അടിവരയിട്ടുകൊണ്ട് ഒരു ജീവവംശത്തിന്റെ അടിസ്ഥാനം വരച്ചു കാട്ടുന്നത് ഒരു പക്ഷേ ഭോഷത്തമായിരിക്കാം.

എന്നാൽ  ഇതെല്ലാം അക്കമിട്ടു നിർത്തുവാൻ  തക്കവണ്ണം തെളിവുകൾ ഒന്നുമില്ല എന്നുള്ളതാണ് സത്യം  . എങ്കിലും  മേല്പറഞ്ഞ പോലെ ചില തെളിവുകളുടേയും ഊഹങ്ങളുടേയും  അടിസ്ഥാനത്തിൽ നമ്മൾ നടത്തുന്ന ചില നിഗമനങ്ങൾ മാത്രമായി ഇതിനെയെല്ലാം കണ്ടാൽ മതി .

ഇനി ഇതിനേക്കാളെല്ലാം ഉപരിയായി ഉന്നയിക്കപ്പെടുന്ന അല്ലെങ്കിൽ ഉയർന്നുവരുന്ന   മറ്റൊരു  സംശയമെന്തെന്നുള്ളത്   ഇവിടെയെല്ലാം   കണ്ടെത്തിയിട്ടുള്ളത് ജല സാന്നിദ്ധ്യം തന്നെയാണോ അതോ  മറ്റു വല്ലതുമാണോ  എന്നുള്ളതാണ്. ജലത്തെപ്പോലെ റിഫ്ലെക്ട് ചെയ്യുന്ന  പദാർത്ഥങ്ങൾ ആയിക്കൂടെ എന്നുള്ളതും സംശയത്തിനിട നൽകുന്നതു  തന്നെയാണ് . ഇതിന്റെ ഉത്തരവും മേല്പറഞ്ഞതുമായി ചേർത്തുവായിക്കേണ്ടതു തന്നെ.  അതായത് ശാസ്ത്ര സത്യങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു  ഇന്നിന്റെ തെളിവുകളുടെ വെളിച്ചത്തിൽ തീർച്ചപ്പെടുത്തുന്ന പലതും പിന്നീട് ലഭ്യമാകുന്നവയുടെ അടിസ്ഥാനത്തിൽ തിരുത്തേണ്ടി വരുന്നു എന്നുള്ള യാഥാർഥ്യം  അപ്പോളൊരിക്കലും ശ്വാശതമായ സത്യങ്ങളില്ല അടിക്കടി മാറിക്കൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങളേയുള്ളൂ .

കോടിക്കണക്കിന് താരാപഥങ്ങൾ നിലനിൽക്കുന്ന  ഈ പ്രപഞ്ചത്തിൽ വേറെ എവിടെയെങ്കിലും ജീവന്റെ അംശം നിലനിൽക്കുന്നുണ്ടോ  ?, അവിടേയും ഇതുപോലെയുള്ള മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ ? ഇതുപോലെ ഉത്തരമില്ലാത്ത ഒരുപാടൊരുപാടു ചോദ്യങ്ങൾ നമ്മുടെ മുന്നിലുണ്ടെങ്കിലും ഇവയെക്കുറിച്ചൊന്നും  തന്നെ വ്യക്തമായൊരു  വിശദീകരണം നൽകുവാൻ നമുക്കിതുവരെ  കഴിഞ്ഞിട്ടില്ലെന്നുള്ളതും നമ്മുടെ  പരിമിതി മാത്രമായി കണക്കാക്കിയാൽ മതി  .

നമ്മൾ ജീവിക്കുന്ന  സൗരയൂധത്തെക്കുറിച്ചു പോലും വളരെ കുറച്ചു അറിവുകൾ മാത്രമേ  നമുക്ക് കൈമുതലായുള്ളൂ   

മറ്റൊരു തരത്തിൽ കൂടി നോക്കിക്കാണുകയാണെങ്കിൽ   ഒരു സൈക്ലിങ് പ്രതിഭാസമായിരിക്കും ചിലപ്പോൾ പ്രപഞ്ചം അനുവർത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് സംശയിക്കപ്പെടുന്നു ? 

ഒരു കാലഘട്ടം പൂർത്തിയാകുമ്പോൾ ഒരു സൗരയൂഥമോ അല്ലെങ്കിൽ അതുൾക്കൊള്ളുന്ന ക്ഷീരപഥമോ പൂർണ്ണമായും നശിച്ച്,  അത് പലവിധത്തിലാകാം  സൂര്യൻ തന്റെ അവസാന ഘട്ടത്തിൽ ഭീമാകാരമായിത്തീരുകയും  തന്നെ വലയം ചെയ്തുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളെയെല്ലാം തന്നിലേക്ക് ആവാഹിച്ചെടുക്കുകയും ചെയ്തുകൊണ്ട്  അനിവാര്യമായ പ്രകാശ ശോഷീകരണത്തിലൂടെ എല്ലാത്തിനേയും ഉൾക്കൊണ്ട് കൊണ്ട്  സ്വയം  ഏരിഞ്ഞടങ്ങിയേക്കാം.

അതുമല്ലെങ്കിൽ വ്യത്യസ്ഥ താരാപഥങ്ങൾ തമ്മിലുള്ള കൂട്ടിയിടിമൂലം വ്യാസാർദ്ധം കുറഞ്ഞ താരാപഥങ്ങൾ വലുതിൽ ലയിച്ചു ചേർന്നേക്കാം.

ഇതിലാദ്യത്തേതാണെങ്കിൽ  പ്രപഞ്ചത്തിലെ  സൗരയൂഥങ്ങൾക്കും ക്ഷീരപഥങ്ങൾക്കും ഓരോ ആയുസ്സ് നാം കണക്കാക്കേണ്ടി വരും . ആ ആയൂർദൈർഘ്യം പൂർത്തിയാകുന്നതോടെ  സൂര്യനും  അല്ലെങ്കിൽ സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങളും അതുൾപ്പെടുന്ന  ഗ്രഹസമൂഹങ്ങളും ചേരുന്ന സൗരയൂധം  നാശോന്മുഖമാവുകയും , എല്ലാംതന്നെ  നിർജ്ജീവങ്ങളായി മാറുകയോ ഗതിവിഗതികളിൽ വ്യതിയാനം സംഭവിച്ച്  പരസ്പ്പരം കൂട്ടിയിടിക്കപ്പെട്ട് ചിതറുകയോ സ്വയം  ശോഷീകരണം സംഭവിച്ച് വിഘടിക്കുകയോ, അതുമല്ലെങ്കിൽ  തമോഗർത്തം പോലെയുള്ള പ്രതിഭാസങ്ങളിലൂടെ അപ്രത്യക്ഷ്യമാവുകയോ ചെയ്തേക്കാം .

ചില ശാസ്ത്ര ശാഖകൾ സൂര്യനും , ഗ്രഹങ്ങൾക്കും , നക്ഷത്രങ്ങൾക്കും, സൗരയൂഥങ്ങൾക്കും അതുൾകൊള്ളുന്ന ക്ഷീരപഥങ്ങൾക്കും അങ്ങനെ  പ്രപഞ്ചത്തിലെ ഓരോ ഘടകങ്ങൾക്കും  ആയുർ  ദൈർഘ്യം നിശ്ചയിച്ചിട്ടുണ്ട് ഈയൊരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണുമ്പോൾ ഈ നിഗമനങ്ങളെല്ലാം ശരിയാണെന്നു തന്നെ കണക്കാക്കേണ്ടി വരും .

അല്ലെങ്കിൽ കേന്ദ്രീകൃത നക്ഷത്രത്തിന്  , അതായത് സൂര്യനു മാത്രം സംഭവിക്കാവുന്ന  ഒരു പ്രത്യേക പ്രതിഭാസമായി ഇതിനെ കാണേണ്ടി വരും.  അതായത് സൂര്യനു ചുറ്റും ഭ്രമണ പഥത്തിൽ   വലയം ചെയ്തുകൊണ്ടിരിക്കുന്ന  ഗ്രഹങ്ങളെ സൂര്യൻ അതിന്റെ അകക്കാമ്പിലേക്ക് ആവാഹിച്ചെടുക്കുന്നൊരു  പ്രതിഭാസം. ഒന്നുകൂടി വിശദമാക്കിയാൽ  സൂര്യൻ അതിന്റെ അവസാന ഘട്ടത്തിൽ എത്തുന്നതിന് മുൻപുള്ള അസിംപ്റ്റോട്ടിക്ക് ജെയിന്റ് ബ്രാഞ്ച് (Asymptotic giant branch ) എന്നുള്ള ഘട്ടത്തിൽ  ഇങ്ങനെ സംഭവിക്കാമെന്ന് കരുതാവുന്നതാണ്   . എന്നാൽ അതിന്റെ വിപുലമായ ആഴങ്ങളിലേക്ക്  ഇതുവരേക്കും ശാസ്ത്രം   എത്തിനോക്കിയിട്ടില്ല എന്നുള്ളത് നമ്മുടെ പരിമിതിയുടെ തലം  മാത്രമായി വിലയിരുത്തിയാൽ മതി.   സൂര്യനെന്ന ഭീമാകാരമായ  നക്ഷത്രത്തിന് അതിന്റെ  അവസാന ഘട്ടത്തിൽ  സംഭവിക്കാവുന്ന  ചില പരിവർത്തനങ്ങളിലൂടെ കടന്നുപോകുന്നതിന്റെ  ഫലമായി ഇങ്ങനേയും  സംഭവിക്കാം എന്നുള്ളതിന്റെ  സാദ്ധ്യതകളിലേക്ക്  ചില പഠനങ്ങൾ വിരൽ ചൂണ്ടുന്നുവെങ്കിലും അതിനെ സ്ഥിതീകരിക്കാൻ മാത്രം  നമ്മുടെ ശാസ്ത്രം വളർന്നിട്ടില്ല  ആ  നിഗമനത്തെ സാധൂകരിക്കുവാൻ മാത്രം  വേണ്ടത്ര തെളിവുകളുമില്ല .

സൂര്യന് അതിന്റെ ജീവചക്രത്തിന്റെ പരിസമാപ്തി ഘട്ടത്തിൽ   ഇങ്ങനെയും സംഭവിക്കാം എന്നുള്ളത് ഭാവനയിലൂടെ മാത്രം  നാം ധരിച്ചു വെച്ചിരിക്കുന്ന ഒന്നാണ് അല്ലെങ്കിൽ അതിശയോക്തിപരമായി നമ്മൾ അങ്ങനെ ചിന്തിക്കുന്നു എന്നുള്ളതാണ്.   ഈ  നിഗമനങ്ങൾ തെറ്റായിക്കൂടെന്നില്ല , അതിശക്തമായ കാന്തീകപ്രഭാവമുള്ള സൂര്യൻ ചിലപ്പോൾ അതിന്റെ ജീവാവസ്ഥയിൽ തന്നെ അതിനു ചുറ്റുമുള്ള ഗ്രഹങ്ങളെ  ആവാഹിച്ചെടുത്തേക്കാം.

അല്ലെങ്കിൽ തന്നെ  എല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാനാവില്ലല്ലോ ?  മനുഷ്യ ബുദ്ധിക്ക് യുക്തമെന്ന് തോന്നുന്നതിലൂടെ അവൻ ചരിക്കുന്നു . ചില ശാസ്ത്രീയ വശങ്ങൾ അതിന് അടിത്തറ പാകുന്നു  പക്ഷേ ആ ശാസ്ത്രീയ വശങ്ങളിലേക്ക് അവൻ എത്തിച്ചേരുന്നതും  അവന്റെ യുക്തിയിലൂടെ തന്നെയാണ്  എന്നുള്ളതാണ് ഏറ്റവും രസകരമായ വസ്തുത . അത് ചിലപ്പോൾ വിഡ്ഢിത്തരമായ  ഒരു ആശയമായിരിക്കാം, അല്ലെങ്കിൽ ഒരു ഭാവനയായിരിക്കാം  അതിലൂടെ ഒരുപാടുദൂരം സഞ്ചരിക്കുമ്പോൾ  അതൊരുപക്ഷേ വലിയൊരു കണ്ടുപിടുത്തത്തിലേക്ക് നയിക്കുന്നു  അതിനോട്  അനുബന്ധമായുള്ള  തെളിവുകളെ  വിളക്കിച്ചേർക്കുമ്പോൾ അത് മറ്റൊരു  ശാസ്ത്ര സത്യമായിത്തീരുന്നു .

അടിസ്ഥാനപരമായി ഇതിനേയൊന്നും   ശാസ്ത്രീയമായി  അടിവരയിടാനാകില്ലെങ്കിലും , ഊഹങ്ങളിലൂടയും ഭാവനകളിലൂടേയും അതിലേക്കുള്ള സാധ്യതകളിലേക്കും  സാധ്യതയില്ലായ്മകളിലേക്കും വിരൽ ചൂണ്ടുന്നുവെന്നുള്ളതാണ് വസ്തുത.  

അതാണ്  നമ്മുടെ കീഴ്വഴക്കവും നാം അനുവർത്തിച്ചുകൊണ്ടിരിക്കുന്നതും. 

ഇപ്പോഴത്തെ  അവസ്ഥയിൽ ഈ  ആശങ്കകൾക്കൊന്നും  അടിസ്ഥാനമില്ലെന്നുള്ളതാണ് വാസ്തവം കാരണം  ഗ്രഹങ്ങൾക്കോ അവയുടെ  ഭ്രമണ പഥങ്ങൾക്കോ എന്തെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങൾ സംഭവിച്ചിട്ടുള്ളതായി ഇപ്പോൾ തിരിച്ചറിയുവാൻ  കഴിഞ്ഞിട്ടില്ല  അവ,  അവയുടെ സ്വാഭാവിക പ്രിക്രിയക്കനുസരണമായി തന്നെ സൂര്യനെ വലയം ചെയ്തുകൊണ്ടിരിക്കുന്നു  അതോടൊപ്പം  സൂര്യന്റെ  സ്ഥാനചലനത്തിൽ  ഗുരുതരമായ മാറ്റങ്ങൾ സൗരയൂഥത്തിൽ  പ്രത്യക്ഷത്തിൽ കണ്ടെത്തുവാനും  കഴിഞ്ഞട്ടില്ല  അങ്ങിനെ വരുമ്പോൾ  മേൽ പ്പറഞ്ഞ സംശയങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്നു അടിവരയിട്ടുറപ്പിക്കേണ്ടതായി വരുന്നു  .

ഇവിടെ സംശയിക്കേണ്ട മറ്റൊന്ന്,   എന്തെങ്കിലും തരത്തിലുള്ള സഡൻ ഇമ്പാക്റ്റുകൾക്ക് മെർക്കുറി വിധേയമായിട്ടുണ്ടോയെന്നുള്ളതാണ്  ?   

അത് പലതരത്തിലുള്ളതാകാം ..ആ ഗ്രഹത്തിൽ തന്നെ രൂപം കൊണ്ടിട്ടുള്ള വ്യത്യസ്ഥ മൂലകങ്ങളുടെ പരസ്പരമുള്ള പ്രതി പ്രവർത്തനങ്ങൾ  മൂലം ഇത്തരത്തിൽ സംഭവിക്കാവുന്നതാണ് അതെന്തൊക്കെയാണെന്നുള്ള നിർവ്വചനം ഈ ഘട്ടത്തിൽ അസാധ്യമാണ് അതിനുള്ള സാധ്യതകൾ ഉണ്ടെന്നുമാത്രമാണ് വിലയിരുത്തുന്നത്. 

സൂര്യനോട് ഏറ്റവും അടുത്തുകിടക്കുന്ന ഗ്രഹമാണ് മെർക്കുറിയെന്നുള്ളത്  കൊണ്ട് തന്നെ  സൂര്യന്റെ വലിവു പ്രിക്രിയകൾക്ക്  ഏറ്റവുമധികം  വിധേയമാക്കപ്പെടുന്നതും  മെർക്കുറി തന്നെയാണ്. 

സൂര്യനിൽ നിന്നുമുള്ള  താപ പ്രസരണം  ഏറ്റവും ശക്തിയായി ഏൽക്കപ്പെടുന്നതിനാലും  അതോടൊപ്പം അന്തരീക്ഷത്തിന്റെ അഭാവം മൂലവും താപവും അതോടൊപ്പം വിനാശകാരികളായ മറ്റു പല ഘടകങ്ങളും ആ ഗ്രഹത്തിലേക്കെത്തിച്ചേരുന്നതിന്റെ ഫലമായും പലതരത്തിലുള്ള പ്രത്യാഘാതങ്ങൾക്കത്  കാരണഭൂതമായിത്തീരുകയും ചെയ്തേക്കാം.

അതിലേക്ക് എത്തിച്ചേരുന്നതിനു മുൻപ് സൂര്യന്റെ ഈ സ്ഥാനചലനം ഭൂമിയെ എങ്ങിനെയൊക്കെ ബാധിക്കുമെന്നുള്ളതാണ് ഇവിടെ പ്രധാന വിഷയമാക്കേണ്ടത് 

സൂര്യൻ അതിന്റെ സ്ഥാനചലനം തുടർന്നു കൊണ്ട് മേൽ പ്രതിപാദിച്ചതിന് അനുസരണമായി അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തുകഴിഞ്ഞാൽ... സൂര്യന്റെ അഭാവത്തിലുള്ള അതിശൈത്യം ഭൂമിയെന്ന ഗ്രഹത്തെ വാസയോഗ്യമല്ലാതാക്കിത്തീർക്കും . 

അത് പോലെ തന്നെയുള്ള മറ്റൊരു വലിയ അപകടമാണ്  സ്ഥാനഭ്രംശം സംഭവിച്ച സൂര്യൻ ഭൂമിയോട് അടുത്താൽ.?

ഒരു ഞെട്ടലോടെ ഞാൻ ഏവരുടെയും മുഖത്തേക്ക് നോക്കി .

ഞാൻ എത്തിയിടത്തേക്ക്  എനിക്കു മുന്നേ അവർ  എത്തിച്ചേർന്നിരിക്കുന്നുവെന്ന് ആ മുഖഭാവങ്ങൾ വിളിച്ചോതി 
 
ജോണ്‍ പ്ലീസ് കം......  

വിശാലമായ ആ ഇടനാഴി പിന്നിട്ട് ഞങ്ങൾ  ഡയറക്ടറുടെ  ക്യാബിനിലേക്കു നടന്നു .

ഉത്കണ്ഠയും, അവിശ്വസനീയതയും  നിറഞ്ഞു നിൽക്കുന്ന നിശ്ശബ്ദതക്കു വിരാമമിട്ടുകൊണ്ട് ഞാൻ തുടർന്നു  .

സർ ..,കാര്യങ്ങൾ വളരെ സങ്കീർണ്ണമാകുന്നു...  

തീർച്ചയായും ജോൺ,  അതു  തന്നെയാണ് സത്യം  വളരെ യാദൃശ്ചികമായാണ് നമ്മളിത്  തിരിച്ചറിഞ്ഞത്  മെർക്കുറിയുടെ തിളക്കം സ്വാഭാവികമാണ്  പക്ഷേ സൂര്യന്റെ സ്ഥാന ചലനം ? 

സ്ഥാനചലനം എന്നുള്ളത് വളരെ മൈന്യൂട്ട് ആയി മാത്രം ഡേവിഡ് അതെടുത്തു പറഞ്ഞു 

അത് മതിയല്ലോ .., സൂര്യനെപ്പോലെ ഭീമാകാരനായൊരു  നക്ഷത്രത്തിന്റെ ചെറിയൊരു  ചലനത്തിന് പോലും വലിയ മാനങ്ങൾ നൽകേണ്ടതുണ്ട്.

മുൻപുന്നയിച്ചവ കൂടാതെ മറ്റു ചില സംശയങ്ങൾ കൂടി ഈ ഘട്ടത്തിൽ  ഉയർന്നുവരുന്നുണ്ട്  .., എന്തെങ്കിലും തരത്തിലുള്ള അതിശക്ത സ്ഫോടനങ്ങളോ മറ്റോ ഗാലക്സിയിൽ നടന്നിട്ടുണ്ടോ ? അതാണോ ഈ സ്ഥാനചലനത്തിനു കാരണം?  അതുമല്ലെങ്കിൽ  ഏതെങ്കിലും  ഗ്രഹങ്ങളോ മറ്റു   ഭീമാകാരങ്ങളായ  വസ്തുക്കളോ അതൊരുപക്ഷേ മറ്റു താരാപഥങ്ങളിൽ നിന്നുകൂടിയുള്ളതാകാം , സൂര്യനിൽ ശക്തമായ ആഘാതം ഏൽക്കുവാൻ  ഇടയായിട്ടുണ്ടോ ? അങ്ങിനേയും സംഭവിക്കാവുന്നതാണ്.

സൂര്യനു ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന  ഗ്രഹങ്ങളുടെ സ്വാധീനഫലമാണോ ഇത്തരത്തിലുള്ളൊരു  സ്ഥാനഭ്രംശത്തിനു കാരണമായിത്തീർന്നിട്ടുള്ളത്  ? പക്ഷെ അതിനുള്ള  സാദ്ധ്യതകൾ  വളരെ കുറവാണ് ഗ്രഹങ്ങളുടെ സ്വാധീനം സൂര്യനിൽ  ചെറിയ ചില മാറ്റങ്ങൾക്ക് വഴിവെക്കുമെങ്കിലും അതൊരിക്കലും ഒരു സ്ഥാനചലനത്തിലേക്കു നയിക്കുകയില്ല  . 

ഇവിടെ പ്രത്യക്ഷത്തിൽ തന്നെ ആ മാറ്റം തിരിച്ചറിയാൻ കഴിയുന്നുവെന്നുള്ളത്  വലിയൊരു സ്ഥാനഭ്രംശം അവിടെ സംഭവിച്ചിരിക്കുന്നു എന്നുള്ളതിന്റെ  സൂചന തന്നെയായി വിലയിരുത്തേണ്ടി വരും അങ്ങിനെയാണെങ്കിൽ ചെറിയൊരു സ്ഥാനചലനമെന്നുള്ള ഡേവിഡിന്റെ നിഗമനം തെറ്റാകും 

അല്ലെങ്കിൽ  പ്രപഞ്ചം അതിന്റെ കാലചക്രത്തിന്റെ ഏതോ ഘട്ടത്തിൽ അനുവർത്തിക്കുന്ന ഒരു  സാധാരണ പ്രതിഭാസം മാത്രമാണോ ഇത് ? 

കോടിക്കണക്കിനു വർഷങ്ങളുടെ തുടർ  യാത്രയിൽ പ്രപഞ്ചത്തിനു  സംഭവിച്ചുകൊണ്ടിരിക്കുന്ന  സ്വാഭാവികമായ പരിണാമത്തിന്റെ ഫലയായാണോ ഈ സ്ഥാനചലനം?  അങ്ങിനെയെങ്കിൽ നമ്മളീ പ്രതിഭാസത്തെ അത്രക്കും  കാര്യമായി എടുക്കേണ്ടതുണ്ടോ  .?

ഡയറക്ടർ ജാക്കിന്റെ  ആ സംശയം തികച്ചും ന്യായം തന്നെയാണ്   

പക്ഷേ .., ഇത്രയും നാളില്ലാത്ത ഈയൊരു  പ്രതിഭാസം അസാധാരണം തന്നെയെന്നു  കരുതേണ്ടി വരുകയില്ലേ ?

ഇത്രയും നാൾ നമ്മളത് തിരിച്ചറിയാതിരുന്നത് കൊണ്ടാണെങ്കിലോ?

ഡേവിഡിന്റെ  ആ ചോദ്യത്തിനു മുന്നിൽ എല്ലാവരും നിശബ്ധരായി

കോടിക്കണക്കിന്  വർഷങ്ങളിലൂടെ ഈ പ്രപഞ്ചം കടന്നുപോകുമ്പോൾ ഗ്രഹങ്ങൾ അതതിന്റെ പരിക്രമണ പാതകളിൽ നിന്ന്   അൽപസ്വൽപം വ്യതി ചലിക്കുന്നതിൽ എന്തെങ്കിലും അസ്വാഭാവികത നമ്മൾ കാണേണ്ടതുണ്ടോ ? യഥാർത്ഥത്തിൽ അങ്ങിനെ സംഭവിക്കുന്നുമുണ്ട്

സർ, താങ്കൾ ഉദ്ദേശിച്ചത്  ക്രാന്തിവൃത്ത (Ecliptic )മെന്ന പ്രതിഭാസമാണോ  ?

നോ .., ജോൺ തീർച്ചയായും അല്ല,   ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട്  സൂര്യനും അതുൾപ്പെടുന്ന കൂട്ടായ്മകൾക്കും  സ്വാഭാവികമായി  സംഭവിക്കാവുന്ന ഒരു പരിണാമത്തിന്റെ പ്രതിഫലനമായിക്കൂടേ ഈ സ്ഥാനചലനം  എന്നാണ്  ഞാനുദ്ദേശിച്ചത് .

ഞാനും അതു  ശരിവെക്കുന്നു സർ , ദശ ലക്ഷക്കണക്കിന് വർഷങ്ങളുടെ കടന്നുപോക്കിൽ സൂര്യനും അതുൾപ്പടുന്ന ഗ്രഹ സമുച്ചയങ്ങളിലും ഭ്രമണ പഥങ്ങളിലുമെല്ലാം  തന്നെ  ചെറിയ,  ചെറിയ വ്യതിയാനങ്ങൾ സ്വാഭാവികം തന്നെയാണ്  എന്നാലിവിടെ  ഗ്രഹങ്ങളുടെ ഭ്രമണ പഥങ്ങളിലോ അല്ലെങ്കിൽ  ഗ്രഹങ്ങളിലോ അല്ല  വ്യതിയാനം സംഭവിച്ചിട്ടുള്ളതെന്നാണ്,   സ്വാഭാവികമായുണ്ടാകുന്ന വ്യതിയാനം എല്ലാം തലങ്ങളിലേക്കും കടന്നു ചെല്ലേണ്ടതല്ലേ? ഇവിടെ  കേന്ദ്രബിന്ദുവായ സൂര്യനു മാത്രമാണ്  സ്ഥാനഭ്രംശം സംഭവിക്കപ്പെട്ടിരിക്കുന്നത് .

അതു തന്നെയാണ് ജോൺ ഞാനും ഉദ്ദേശിച്ചത്   ദശലക്ഷക്കണക്കിനു വർഷങ്ങളിൽ ഗ്രഹങ്ങൾക്കും  അതുൾപ്പെടുന്ന  കൂട്ടായ്‌മക്കും സംഭവിക്കുന്ന  മാറ്റം സൂര്യനും കൂടി ബാധകമാവുകയില്ലേ .?

തീർച്ചയായും ..,ബാധകമാണ്  സർ, അങ്ങിനെ ഉണ്ടാകുന്നുമുണ്ട്  ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് മറ്റു ഗ്രഹങ്ങളുടെ സ്വാധീന ഫലമായി സൂര്യനിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്  അതായത് സൂര്യൻ നിലകൊള്ളുന്ന സാങ്കല്പീക കേന്ദ്ര ബിന്ദുവിൽ നിന്നും  ചെറിയ ചില വ്യതിയാനങ്ങൾ സംഭവിക്കുന്നുവെന്നുള്ളത് നമ്മൾ തിരിച്ചറിഞ്ഞിട്ടുള്ളതു തന്നെയാണ്   എന്നാലിത് വ്യത്യസ്ഥമായിട്ടുള്ളൊരു  ചലനഗതിയായിട്ടാണ് എനിക്ക് തോന്നുന്നത് 

എന്താണതിനു കാരണം ജോൺ ?

ഒരു നിശ്ചിത പാതയിലൂടെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഗ്രഹങ്ങൾക്കും  സൂര്യനുമിടയിലുള്ള  ഇന്റർ ലോക്കിങ് സിസ്റ്റം മൂലമുള്ള വലിവു  പ്രിക്രിയകളാൽ  കാലക്രിമേണെ ചില മാറ്റങ്ങൾ സൂര്യനു സംഭവിക്കുന്നുവെന്നുള്ളത് സത്യമാണ് എന്നാലത് കോടിക്കണക്കനു വർഷങ്ങൾകൊണ്ട് സംഭവിക്കപ്പെടുന്ന മൈന്യൂട്ടായിട്ടുള്ളൊരു  സ്ഥാനഭ്രംശമായാണ് വിലയിരുത്തപ്പെടുന്നത്  

ഇവിടെ തിരിച്ചറിഞ്ഞിട്ടുള്ളതിൽ  നിന്നും വ്യത്യസ്തമായിട്ടുള്ളൊരു  ചലന ഗതിയായാണ് അത്തരം പ്രതിഭാസത്തിലൂടെ അനുവർത്തിക്കപ്പെടുക എന്നാലിവിടെ   അതിൽ നിന്നും വ്യത്യസ്ഥമായി പെട്ടെന്നു സംഭവിക്കപ്പെട്ട ഒരു സ്ഥാനഭ്രംശമായാണ് ഗ്രാഫുകളുടെ വിശ്വാസതയെ  ഉദ്ധരിച്ചു കൊണ്ട് വിലയിരുത്തുവാനാവുക.

സൂര്യൻ അവസാനഘട്ടമായ ചുവപ്പു ഭീമൻ ( red giant ) എന്ന അവസ്ഥയിലേക്ക് പ്രവേശിച്ചുവെന്നാണോ നാം  അനുമാനിക്കേണ്ടത്   ?

അങ്ങനെ കരുതുവാനാകില്ല  സർ , ചുവപ്പു ഭീമനെന്ന  ഘട്ടത്തിൽ സൂര്യന്റെ വ്യാസമാണ് വർദ്ധിക്കുന്നത്  തൽഫലമായി ഗ്രഹങ്ങൾ,  ഭൂമിയടക്കം അതിന്റെ ഭ്രമണപഥങ്ങളിൽ നിന്നും മാറ്റപ്പെടുന്നു  ആ സമയത്ത്  സൂര്യതാപനില അതി ശക്തമായിത്തീരുകയും സൂര്യന്റെ അകക്കാമ്പു ചുരുങ്ങുകയും പുറംപാളികൾ വലിയതോതിൽ വികസിക്കുകയും   ചെയ്യപ്പെടും   എന്നാലിപ്പോൾ  അങ്ങനെ കണക്കാക്കാവുന്ന  തരത്തിൽ യാതൊരു വിധ തെളിവുകളുമില്ല ആയതുകൊണ്ട് തന്നെ  ഇതാ  ഗണത്തിൽപ്പെടുത്താവുന്നതല്ല എന്നു തന്നെയാണ് അനുമാനിക്കേണ്ടത്  അതിനെ അടിവരയിട്ടുറപ്പിക്കാവുന്ന തരത്തിൽ  സൂര്യ വ്യാസത്തിൽ യാതൊരു വിധ മാറ്റങ്ങളും സംഭവിച്ചിട്ടില്ലെന്നു തന്നെയാണ് ഈ തെളിവുകളും  സൂചിപ്പിക്കുന്നത് .

മറിച്ച്  സൂര്യന് സംഭവിച്ചിരിക്കുന്നത് സ്ഥാന ചലനം തന്നെയാണ്.
   
ആ സ്ഥാനചലനത്തിന്റെ വ്യാപ്തിയാണ്  നമ്മളെ കുഴക്കുന്നുത് , ചെറുതാണെന്ന് വിലയിരുത്തപ്പെടുമ്പോൾ തന്നെ കൃത്യമായി അത്  തിരിച്ചറിയുവാൻ  കഴിയുന്നുവെന്നുള്ളതാണ്..

സൂര്യന്റെ ഭീമാകാരത തന്നെയായിരിക്കണം അതിനു കാരണം 

മറ്റൊന്ന്,   ഇതിനു പുറകിലുള്ള കാരണങ്ങൾ, നമ്മുടെ നിഗമനങ്ങളെക്കാൾ ഉപരി മറ്റെന്തിങ്കിലും ഘടകങ്ങൾ കൊണ്ടാണോ എന്നുള്ളതും നാം മനസ്സിലാക്കേണ്ടതുണ്ട് .

ഈ സ്ഥാനഭ്രംശം മൂലം ഭൂമിക്ക് എന്തെങ്കിലും തരത്തിലുള്ള  അപകട ഭീക്ഷിണികളുണ്ടോ  ?,ഇപ്പോൾ നാം നേരിട്ടു  കൊണ്ടിരിക്കുന്ന ഗ്ലോബൽ വാമിംഗിന് ഇതുമായി എന്തെങ്കിലും തരത്തിലുള്ള കണക്ടിവിറ്റിയുണ്ടോ  ? സൂര്യന്റ ഈ സ്ഥാനചലനമാണോ  ഗ്ലോബൽവാമിങ്ങെന്ന പ്രതിഭാസത്തിനു  കാരണം എന്നുള്ളതെല്ലാം വിശദമായ പഠനത്തിനു വിധേയമാക്കപ്പെടേണ്ടതായുണ്ട്,  അതോടൊപ്പം തന്നെ സൂര്യൻ അതിന്റെ  ഈ ചലനാത്മകസമീപനം ഇനിയും  തുടരുമോയെന്നുള്ളതും തിരിച്ചറിയേണ്ടതായുണ്ട് .

ഒരു നിമിഷം നിറുത്തിക്കൊണ്ട് ഞാനദ്ദേഹത്തോട്  ചോദിച്ചു .

മിസ്റ്റർ പ്രസിഡണ്ടിന് ഇതേപ്പറ്റി  അറിയാമോ .?

നമ്മൾ നാലുപേർക്കുമല്ലാതെ മറ്റൊരാൾക്കും  ഇതേപ്പറ്റി യാതൊരു അറിവുമില്ല  എല്ലാം വളരെ വിശദമായി പഠിച്ചതിനു ശേഷം മാത്രം മതി മിസ്റ്റർ പ്രസിഡണ്ടിനെ അറിയിക്കുന്നത് എന്നുള്ളതാണ്  ഉചിതമെന്നെനിക്ക് തോന്നുന്നത്.

എല്ലാം വിശദമായി എന്നുള്ളത്കൊണ്ട് താങ്കൾ എന്താണ് ഉദേശിക്കുന്നത്?

പ്രോഫെസർ ചാൾസായിരുന്നൂവത്.

എന്നെ ഒന്ന് നോക്കിയ ശേഷം ഡയറക്ടർ ജാക്ക് ,   പ്രൊഫസ്സറോടായി  തുടർന്നു

നമുക്ക് മുന്നിലുള്ള സംശയങ്ങൾ  തന്നെ,  ഊഹങ്ങളും, ഭാവനകളും കൊണ്ട്  അമേരിക്കൻ പ്രസിഡണ്ടിനോട് വിശദീകരിക്കാനാകുമോ ? .

അതായത് സൂര്യനെന്തുകൊണ്ട്  തൽ സ്ഥാനത്തു നിന്നും വ്യതി ചലിക്കുവാൻ ഇടയായി ? ഏതെങ്കിലും തരത്തിലുള്ള ബാഹ്യശക്തികൾ അതിന് കാരണമായിട്ടുണ്ടോ  ? അതുമല്ലെങ്കിൽ  ദശലക്ഷക്കണക്കിന് വർഷങ്ങളുടെ ഫലമായി സൂര്യനു സംഭവിക്കാവുന്ന  നൈസർഗ്ഗീഗമായ ചലനത്തിന്റെ പരിണിതഫലമാണോ ഇത് ? ഈ ചലനം തുടരുകയായെങ്കിൽ സൂര്യന്റെ പ്രയാണം എങ്ങോട്ടെക്കാണ് ?  ഇനിയൊരുപക്ഷേ   ഇപ്പോൾ സ്ഥിതി ചെയ്യുന്ന  സ്ഥലത്തു തന്നെ സൂര്യൻ തുടരുമോ ?, അല്ലെങ്കിൽ ഈ ചലനാത്മക സമീപനം തുടർന്നും  സ്വീകരിച്ചു കൊണ്ടിരിക്കുമോ  ?

ഇനിയൊരു  പക്ഷേ  ഈ സ്ഥാനഭ്രംശം  തുടരുകയാണെങ്കിൽ  തന്നെ സൂര്യന്റെ  പ്രയാണം എങ്ങോട്ടേക്കായിരിക്കും അതീ ഗാലക്സിയുടെ നാശത്തിനു  കാരണമായിത്തീരുമോ?

ഈ ഇമ്പാക്ട് മൂലം  ഗ്രഹങ്ങളും , ഉപഗ്രഹങ്ങളും ഭ്രമണപഥങ്ങൾ  ഭേദിക്കുമോ ? അങ്ങിനെയെങ്കിൽ അവ പരസ്പരം കൂട്ടിയിടിച്ച്  ഈ സൗരയൂധത്തിന്റെ നിലനിൽപ്പിനു ഭീക്ഷിണിയായിത്തീരുമോ ?

സൂര്യൻ  ഈ ചലനാത്മക സമീപനം തുടരുന്നതിന്റെ  ഫലമായി  ഭൂമിയോട് കൂടുതൽ അടുക്കുകയാണെങ്കിൽ അതെന്ത്‌ തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് നമുക്കു  വരുത്തിവെക്കുക ?  അങ്ങിനെ സംഭവിച്ചാൽ സൂര്യന്റെ  അത്യുഗ്ര താപത്തെ  അതിജീവിക്കുവാൻ  ഭൂമിക്കും അതിലെ ജീവജാലങ്ങൾക്കും കഴിയുമോ ?
അതൊരു ഭോഷത്തരമായ  ചോദ്യം തന്നെയെന്ന് തിരിച്ചറിയുന്നുവെങ്കിലും എന്തുകൊണ്ടോ  ഈ സന്ദർഭത്തിൽ ഞാൻ അങ്ങനെ  ചോദിച്ചു പോകുന്നു.

ഇനിയൊരു പക്ഷേ,  സൂര്യൻ ഈ ചലനം  തുടരുകയാണെങ്കിൽ ആ ഗതിയെ നിയന്ത്രിക്കുവാൻ  മാനുഷീകമായ കഴിവുകൾ കൊണ്ട് സാധ്യമാകുമോ ? അതോടൊപ്പം തന്നെ  സൂര്യനെ വീണ്ടും  അതിന്റെ കേന്ദ്ര ബിന്ദുവിലേക്ക്   തിരിച്ചെത്തിക്കുവാൻ  കഴിയുമോ ? അതിന്  എന്തെങ്കിലും തരത്തിലുള്ള പോംവഴികളുണ്ടോ ?ഭൂമിക്ക് ഈ അപകടത്തെ  അതിജീവിക്കാൻ കഴിയുമോ?

ചിലപ്പോൾ  അപഹാസ്യമായ തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ തേടുകയെന്ന വിഡ്ഢിത്തത്തെ പിന്തുടരുകയായിരിക്കാം എങ്കിലും ഉത്തരങ്ങൾ തേടുകയെന്നുള്ളത് നമ്മൾ ശാസ്ത്രജ്ഞരുടെ കടമയും അതിലുപരി ഉത്തരവാദിത്വവുമാണ് അവിടെ ചോദ്യങ്ങളുടെ വിശ്വാസ്യതകൾക്ക് വലിയ  പ്രസക്തി കൊടുക്കേണ്ടതില്ല എന്നുള്ളതാണ് എന്റെ അഭിപ്രായം.

ഇനി സൂര്യൻ അവിടെത്തന്നെ നിൽക്കുകയാണെങ്കിൽ പിന്നെ പ്രശ്നമൊന്നുമില്ല അല്ലേ .?

താമാശരൂപത്തിലാണ് അദ്ദേഹമത് പറഞ്ഞതെങ്കിലും  ആരും  അതാസ്വാദിക്കാനുള്ള മാനസീകാവസ്ഥയിൽ ആയിരുന്നില്ല എന്നുള്ളതാണ് സത്യം  .

ഇതിനെല്ലാമുള്ള പ്രതിവിധികളും  ആശയങ്ങളും  കണ്ടെത്തിയിട്ടാകാം   പ്രസിഡണ്ടിനെ കാണുന്നത്  കുറച്ചു ദിവസം കൂടി  ഈ നിരീക്ഷണം തുടർന്നാൽ അതിനുള്ള ഉത്തരം  കിട്ടുമെന്നു തന്നെ  ഞാൻ വിശ്വസിക്കുന്നു.

തീർച്ചയായും അദ്ദേഹത്തിന്റെ വിലയിരുത്തൽ കൃത്യമായിരുന്നു 

വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ അതിനുള്ള ഉത്തരം   ഞങ്ങൾക്ക്  ലഭ്യമായി  ഒരു പക്ഷേ  പ്രകൃതി തന്നെ  അതിനുള്ള തയ്യാറെടുപ്പിലായിരുന്നിരിക്കാം .

സർ .., കഴിഞ്ഞ പത്തു പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ അസാധാരണമായ പ്രതിഭാസങ്ങൾ  ലോകത്തിന്റെ പലഭാഗങ്ങളിൽ  നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്  ഒരു പക്ഷേ ഇതെല്ലാം  സാധാരണങ്ങൾ  തന്നെയായിരിക്കാം , എന്നാൽ ഈ  സംഭവവികാസങ്ങളിലൂടെ  ചുഴിഞ്ഞു നോക്കുമ്പോളാണ്  ഇതിനെല്ലാം  അസാധാരണത്വം കൈവരുന്നത് .

എന്തെല്ലാമാണത്   ജോൺ

ലേസർ പോയിന്ററിൽ നിന്നുമുള്ള  പച്ച വെളിച്ചം സ്‌ക്രീനിൽ പതിക്കുന്നതിനനുസ്രതമായി ഞാനത് വിശദീകരിച്ചു കൊണ്ടിരുന്നു  .

സർ അന്റാർട്ടിക്കയുടെ ഈ ഭാഗം നോക്കൂ  താരതമേന്യ വളരെ അപകടകരമായ രീതിയിലുള്ള  മഞ്ഞു പാളികളാണ്  പടിഞ്ഞാറു ഭാഗത്തുള്ളത് അതായത് വളരെ ദുർബ്ബലമായവ വീക്ക് സോൺ എന്ന്  വിളിച്ചിരുന്ന ഇവിടെയിപ്പോൾ  ഹിമ പാളികളേ ഇല്ലാതായിരിക്കുന്നു എല്ലാം  സമുദ്രത്തിൽ ലയിച്ചിരിക്കുന്നു എന്നർത്ഥം .

വളരെ കുറച്ചു നാളുകളായി ഈ സോൺ നമ്മുടെ പ്രത്യേക നിരീക്ഷണത്തിൽ തന്നെയായിരുന്നു ഗ്ലോബൽവാമിങ്ങെന്ന് നമ്മൾ വിളിക്കുന്ന പ്രതിഭാസംമൂലം മറ്റുള്ള ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടത്തെ ബാഷ്പീകരണ തോത് സാധാരണ ഗതിയിയെ അപേക്ഷിച്ച്  വളരെ കൂടുതൽ തന്നെ ആയിരുന്നു.

കഴിഞ്ഞ ഒരു വർഷത്തെ കാലാവസ്ഥ മാറ്റങ്ങളുടെ വിശദമായ ഗ്രാഫാണിത്   ഈ കാണുന്നത് മഞ്ഞുപാളികളെ സൂചിപ്പിക്കുന്നു  ദിനം പ്രതി അതിനു ചുറ്റുമുള്ള സമുദ്രത്തിന്റെ അളവ് വർദ്ധിക്കുന്നതും നമുക്കിതിലൂടെ തിരിച്ചറിയാം
 
എന്നാലിവിടെ നോക്കൂ ഈ ഭാഗത്തെ ഏറ്റവും പുതിയ സാറ്റ്ലൈറ്റ് ചിത്രങ്ങളാണിത്  ഇതിൽ പടിഞ്ഞാറ് വശം മുഴുവൻ  സമുദ്രത്താൽ മൂടപ്പെട്ടു കഴിഞ്ഞിരിക്കുന്നു അതാത്  അന്റാർട്ടിക്കയുടെ ഒരു ഭാഗം  സമുദ്രത്തിനടിയിൽ മറഞ്ഞിരിക്കുന്നുവെന്ന് സാരം .

മറ്റൊന്ന് നോർത്ത് , സൗത്ത് പോളാർ റീജിയണുകളിൽ കണ്ടുവരുന്ന  ഹിമക്കരടികളും , പെൻഗ്വിനുകളും അസാധാരണമായ തോതിൽ  ചത്തൊടുങ്ങുന്നവെന്നുള്ള റിപ്പോർട്ടുകളും നമുക്ക് ലഭ്യമായിട്ടുണ്ട്.  കാലാവസ്ഥയിൽ പൊടുന്നനെയുണ്ടായ  മാറ്റങ്ങളുമായി അവക്കു  പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടുണ്ടായിരിക്കുകയില്ല എന്നു തന്നെ കരുതേണ്ടി വരും മറിച്ച് ചിന്തിക്കാവുന്ന തരത്തിൽ യാതൊരു അപകടസാദ്ധ്യതകളും ഈ പ്രതിഭാസത്തിനു പിന്നിൽ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.  

മറ്റൊന്ന്  വളരെ അപകടകരമായ വിധത്തിൽ ഹിമ പാളികളുടെ സാന്ദ്രത കുറഞ്ഞിരിക്കുന്നുവെന്നുള്ളതാണ്  ഏറ്റവും പുതിയ കണക്കനുസരിച്ച്  ഒന്നര കിലോമീറ്ററിൽ നിന്നും വെറും അര  കിലോമീറ്ററായത് ചുരുങ്ങിയിരിക്കുന്നു  വെറും  അറുപത് ദിവസങ്ങൾ  കൊണ്ടാണ് ഇത് സംഭവിച്ചരിക്കുന്നത് എന്നുള്ളതും ഇതോടൊപ്പം  ഓർക്കേണ്ടതാണ്. 

ഇത്രയും പെട്ടെന്ന് സംഭവിക്കപ്പെട്ട ഈ ബാഷ്പപീകരണ തോത് സൂര്യന്റെ  സ്ഥാനചലനവുമായി ബന്ധപ്പെട്ട് തന്നെയാണെന്നുള്ളത്  തെളിഞ്ഞുവരുന്ന സത്യമായി കണക്കാക്കാം .  ഈ രീതിയിലുള്ള മെൽട്ടിങ് പ്രോസ്സെസ്  തുടരുകയാണെങ്കിൽ ലോകം മുഴുവനും വെള്ളത്താൽ മൂടപ്പെടും  എന്നുള്ള മറ്റൊരു വലിയ   അപകടം കൂടി ഈ ഘട്ടത്തിൽ നമ്മളെ തുറിച്ചു നോക്കുന്നു. 

നമ്മൾ കരുതിയതിലും വളരെ പെട്ടെന്നാണല്ലോ കാര്യങ്ങൾ പോകുന്നത് , പക്ഷേ .., ജോൺ അന്റാർട്ടിക്ക ഭൂഖണ്ഡത്തിലെ മഞ്ഞിന്റെ അനുപാതം ഒന്നര കിലോമീറ്ററിൽ നിന്ന്  കുറഞ്ഞിട്ടുണ്ടെങ്കിൽ സമുദ്ര ജലത്തിന്റെ അളവ് വല്ലാതെ ഉയർന്നിരിക്കണമല്ലോ അത് പല തീരപ്രദേശങ്ങളേയും  വെള്ളത്തിനടിയിലേക്ക് ആഴ്ത്തിയിരിക്കും അങ്ങിനെയെന്തെങ്കിലും റിപ്പോർട്ടുകൾ ?

ഇല്ല സർ , ഇവിടെയാണ് സൂര്യന്റെ സ്ഥാനചലനം മൂലമുണ്ടായ താപനില ചർച്ച ചെയ്യപ്പെടേണ്ടത്  . അതായത് ശക്തമായ  ബാഷ്പീകരണ തോതാണ് ഈ പ്രതിഭാസം മൂലം  നടക്കപ്പെടുന്നത്  അതായത് നമ്മൾ തിരിച്ചറിഞ്ഞിട്ടുള്ളത് പോലെ സൂര്യന്റെ സ്ഥാനചലനം എന്നുള്ളത്  സത്യമാണ് അതോടൊപ്പം ....  

ഒന്നു നിറുത്തി കൊണ്ട്  ഞാൻ തുടർന്നു

ആ ചലനം ഭൂമിയുടെ നേർക്കു തന്നെയാണ് എന്നുള്ളതാണ്

ആശ്ചര്യ സൂചക പ്രതിഫലനം എല്ലാ കണ്ഠങ്ങളിൽ നിന്നും ഒരേസമയം പുറത്തേക്കുതിർന്നു 

അതിശക്തമായ താപപ്രസരണമാണ് അതുമൂലം ഭൂമിയിപ്പോൾ  നേരിട്ടുകൊണ്ടിരിക്കുന്നത്  ഈ നില തുടർന്നാൽ  അതായത് സൂര്യൻ ഇനിയും ഭൂമിയോട് അടുത്താൽ  അന്റാർട്ടിക്ക ദിവസങ്ങൾ കൊണ്ട് സമുദ്രത്തിൽ ലയിച്ചു ചേരുമെന്നതിനേക്കാൾ ഉപരി ഭൂമിയുടെ ഭാവി എന്തെന്നുള്ളത്  വലിയൊരു ചോദ്യചിഹ്നമായിത്തീരുകയും ചെയ്യപ്പെടും.

മേൽപ്പറഞ്ഞ പോലെ മറ്റനേകം അസാധാരണ പ്രതിഭാസങ്ങളും  റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു ഇതെല്ലാം പരസ്പരം കണക്റ്റഡായി മാറുന്നു  

അതോടൊപ്പം പല സ്ഥലങ്ങളിലും സമുദ്രങ്ങൾ തീരത്തു നിന്നും വല്ലാതെ ഉൾവലിഞ്ഞിരിക്കുന്നു .

ഈ മാറ്റങ്ങളെല്ലാം  ജനങ്ങളെ വളരെയധികം പരിഭ്രാന്തരാക്കിമാറ്റിക്കൊണ്ടിരിക്കുകയാണ് സുനാമിയുടെ   മുന്നോടിയായി  അവരിതിനെ വിലയിരുത്തുകയാണ്. 

പസഫിക് സമുദ്രത്തിന്റെ  പലഭാഗങ്ങളിലും  അസാധാരണമായ വിധത്തിൽ ജലം  തിളച്ചു പൊങ്ങുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്  ആക്റ്റീവായിട്ടുള്ള  അഗ്നി പർവ്വതങ്ങളുടെ പ്രതിഫലനമാണ് ഇതെന്നാണ് ചില സമുദ്ര ഗവേഷകരുടെ വിശദീകരണം (oceanographers) .

മറ്റൊന്ന് ചാവുകടലിൽ ക്രിസ്റ്റലിന്റെ അളവ് വല്ലാതെ ഉയർന്നിരിക്കുന്നു    അമിതമായ  ബാഷ്പീകരണ തോത് തന്നെയായിരിക്കാം ഇതിനും കാരണമെന്ന്  നിസ്സംശയം പറയാവുന്നതാണ്  അതുപോലെ തന്നെ  ലാറ്റിനമേരിക്കയുടെയും ഏഷ്യയുടെ പല ഭാഗങ്ങളിലും കാട്ടു തീ പടർന്നു പിടിക്കുന്ന വിവരങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു  .

ഇതിനെയെല്ലാം  ഈ പ്രതിഭാസവുമായി കൂട്ടി വായിക്കേണ്ടതുണ്ടോ? സാധാരണഗതിയിൽ ഇതൊക്കെ സംഭവിക്കുന്നതു തന്നെയല്ലേ?

പ്രൊഫസ്സർ ചാൾസിന്റെ ആ ചോദ്യത്തിന് മറുപടിയായി ഞാൻ തുടർന്നു .

വേണമെങ്കിൽ  സാധാരണമെന്നു കരുതി നിസ്സാരവൽക്കരിക്കാവുന്നതാണ്  എന്നാൽ  സൂര്യന്റെ സ്ഥാനചലനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് നോക്കുമ്പോഴാണ് ഇവക്കെല്ലാം അസാധാരണത്വവും അതീവ പ്രാധാന്യവും  കൈവരുന്നത് ആയതിനാൽ  തന്നെ ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ ആയി കാണാൻ  കഴിയില്ല എന്നുള്ളതാണ് സത്യം.
 
അപകടത്തിന്റെ തോത് വല്ലാതെ വർദ്ധിച്ചു കഴിഞ്ഞിരിക്കുന്നുവല്ലേ  ജോൺ ?

ഇതെല്ലാം കൂട്ടി  വായിക്കുമ്പോൾ അങ്ങിനെ തന്നെയെന്നു  വേണം അനുമാനിക്കുവാൻ സർ  

എന്തൊക്കയോ മാറ്റങ്ങൾ ഈ പ്രപഞ്ചത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നുള്ളതിന്റെ സൂചനകൾ തന്നെയാണ് ഇവയെല്ലാം.

കാര്യങ്ങൾ ശരിയായ ദിശയിലല്ല പോകുന്നത് എന്നുള്ളതിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്  ഭൂമിയിലെ താപനില അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നത്  എടുത്തുകാണിക്കുന്നത്  സൂര്യന്റെ സ്ഥാനചലനത്തെ ശരിവെക്കുന്നതിനെയാണ്  ആയതിനാൽ എത്രയും പെട്ടെന്നു തന്നെ   അതിന്റെ കാരണങ്ങൾ കണ്ടെത്തുകയും  ഒരു പരിഹാരമാർഗ്ഗത്തിലേക്ക് എത്തിച്ചേരുകയും വേണം .

എന്നു വെച്ച് അതിനുവേണ്ട  ദീർഘമായ കാലയളവും നമ്മുടെ മുന്നിലില്ല എന്നുള്ളതാണ് സത്യം  ഇവിടെ വേണ്ടത് എത്രയും പെട്ടെന്നുള്ള     വിശകലനങ്ങളും തീരുമാനങ്ങളുമാണ് 

സൂര്യന്റെ ഗ്രാഫിൽ പിന്നേയും മാറ്റം സംഭവിച്ചിരിക്കുന്നുവെന്നുള്ളത്  കാണിക്കുന്നത്  സൂര്യന് സ്ഥാനഭ്രംശം സംഭവച്ചു കൊണ്ടിരിക്കുന്നുവെന്നുള്ളത്  തന്നെയാണ് അതായത് സൂര്യൻ ഒരു  ചലനാത്മക സമീപനം തുടർന്നുകൊണ്ടിരിക്കുന്നുവെന്നു സാരം ഏറ്റവും    ഭീതിതമായത് ആ ചലനം  ഭൂമിക്കു നേരെയാണെന്നുള്ളതാണ്  ഈ  കാലാവസ്ഥാ വ്യതിയാനങ്ങളും അതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്  

വല്ലാത്തൊരു  നിശബ്ദത അവിടെ വലയം ചെയ്യപ്പെട്ടു . 

ഭയപ്പെട്ടത് സംഭവിക്കുവാൻ പോകുന്നു  സൂര്യൻ ഭൂമിയോട് അടുത്താൽ എന്തു സംഭവിക്കുമെന്നുള്ള  വിശദീകരണം  മഠയത്തരമാണ് .

അന്റാർട്ടിക്കയിലെ  താപനില -60 ഡിഗ്രിയിൽ നിന്നും  -8  ലേക്ക് മാറിയിരിക്കുന്നു  അതിന്റെ പ്രതിഫലനങ്ങളാണ്  നമ്മളവിടെ  കണ്ടത്  മറ്റ് ഭൂഖണ്ഡങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല  അതെല്ലാം വിരൽ ചൂണ്ടുന്നത്  ഈ സൗരയൂഥത്തിൽ എന്തോ ഒന്ന് സംഭവിച്ചിരിക്കുന്നുവെന്നുള്ളതാണ് അതിന്റെ  പ്രത്യാഘാതം ഏറ്റവും കൂടുതൽ നേരിടുവാൻ പോകുന്നത് ഭൂമിയെന്ന നമ്മുടെ  വാസ ഗ്രഹവും .

സൂര്യനിൽ സംഭവിക്കപ്പെടുന്ന ഓരോ  ചെറിയ മാറ്റങ്ങളുടേയും പ്രതിഫലനങ്ങൾ  അതിനോട് അനുബന്ധമായി കിടക്കുന്ന ഗ്രഹങ്ങളിൽ വരുത്തിവെക്കുന്ന പ്രതിസന്ധികൾ വളരെ  വലുതായിരിക്കും .

സൂര്യന്റെ ചലനം ഭൂമിയുടെ നേർക്കാണ് എന്നുള്ളത് വളരെയധികം വ്യക്തമായിരിക്കുന്നു   ഭ്രമണപഥത്തിന്റെ വ്യാസം കുറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഫലമായി  സമയ ക്രമങ്ങളിലും അത് മാറ്റങ്ങൾ  വരുത്തിയിരിക്കുന്നു , പകലിന്റേയും രാത്രിയുടെയും ദൈർഘ്യം കുറഞ്ഞുവെന്നുള്ളത് എടുത്തു  കാണിക്കുന്നത്  ഭ്രമണപഥത്തിലൂടെയുള്ള നമ്മുടെ വേഗത്തിനും  മാറ്റം വന്നിരിക്കുന്നുവെന്നുള്ളതാണ് .

ഈ മാറ്റങ്ങളുടെയെല്ലാം തീവ്രത  വളരെ വ്യക്തമായിതന്നെ നാം  അനുഭവിച്ചു കൊണ്ടിരിക്കുകയാണ്  ഭൂമി ചുട്ടു പൊള്ളുകയാണ്  അനുനിമിഷം എന്നപോലെയാണ്  താപനിലയിൽ വർദ്ധന കാണപ്പെടുന്നത് 

ഐ സ് ആർ ഓ യിൽ നിന്നും , സി എൻ എസ് എ യിൽ നിന്നും ഉള്ള ശാസ്ത്രജ്ഞരുമായി  ഞാൻ സംസാരിച്ചിരുന്നു . അസാധാരണമായ ഈ താപനില അവരും ശരിവെക്കുന്നുണ്ട്   പക്ഷേ അതെന്തുകൊണ്ടാണ് എന്നുള്ളതിനൊരു  വ്യക്തമായ  വിശദീകരണം നൽകുവാൻ അവർക്കും   കഴിയുന്നില്ല .

എന്നിരുന്നാലും  അപൂർവ്വമായ ഈ  സംഭവവികാസങ്ങൾ ഭീതിതമായ ഒന്നിലേക്കാണ് തന്നെയാണ് വിരൽ ചൂണ്ടുന്നതെന്ന് അവരും സമ്മതിക്കുന്നു.

കോടിക്കണക്കിനു വർഷങ്ങളിലൂടെ കടന്നുപോകുമ്പോൾ പ്രപഞ്ചത്തിനു  സംഭവിക്കാവുന്ന നൈസർഗ്ഗീകമായ മാറ്റങ്ങളുടെ  അനന്തരഫലമാണിതെങ്കിൽ  നമുക്കിവിടെയൊന്നും  ചെയ്യുവാനില്ല  അതല്ല മറ്റെന്തെങ്കിലും  കാരണങ്ങൾ  കൊണ്ടാണ് ഇത്തരത്തിലുള്ളൊരു പ്രതിഭാസം രൂപം കൊള്ളപ്പെട്ടതെങ്കിൽ  അതിനെതിരെ അതിജീവനം നാം കണ്ടെത്തിയേ തീരൂ ഇല്ലെങ്കിലത്‌ ഭൂമിയുടെ നാശത്തിലേ കലാശിക്കൂ 
   
ഡൂ ഓർ ഡൈ  വന്നു കൊണ്ടിരിക്കുന്ന വിനാശത്തിന്റെ വ്യാപ്തി അത്രയും  വലുതാണ്‌.  

ഈ ഘട്ടത്തിൽ ജനങ്ങളോരിക്കലും  ഇതറിയാൻ  ഇടവരരുത്  അതവരെ ഭയവിഹ്വലരാക്കുക്കയും അതുമൂലം  ധാരാളം പ്രശ്നങ്ങൾക്കത്  വഴിവെക്കുകയും ചെയ്തേക്കാം  ഒരു പക്ഷേ  ലോകം മുഴുവനും  കലുഷിതമായൊരന്തരീക്ഷം  രൂപപ്പെട്ടേക്കാം ഈ ഘട്ടത്തിലത്  കൂടുതൽ ബുദ്ധിമുട്ടുകൾ ആണ് ഉളവാക്കുക  ആയതുകൊണ്ട് ഒരു പരിഹാരം കണ്ടത്തുന്നതുവരെ ഇതത്രയും  രഹസ്യസ്വാഭാവത്തോട് കൂടെയുള്ളത് തന്നെയായിരിക്കട്ടെ .

ആദ്യം ഉന്നയിച്ചതു  പോലെ  എന്തെങ്കിലും തരത്തിലുള്ള ബാഹ്യ സമ്മർദ്ധമാണ്  സൂര്യന്റെ ഈ സ്ഥാനചലനത്തിനു ഹേതുവെങ്കിൽ കൂടി  അതിനെതിരേ നമുക്കെന്തു  ചെയ്യുവാൻ കഴിയും ? അത്രയും വലിയൊരു നക്ഷത്രത്തിന്റെ ചലനം തടയുവാൻ  നമുക്കാകുമോ ? ഭൂമിയെക്കാൾ നൂറ് മടങ്ങോളം വ്യാസമുള്ള ഒരു നക്ഷത്രത്തിന്റെ  ചലനത്തെ എങ്ങിനെ മാനുഷീകമായ ശക്തികൊണ്ട്  നിയന്ത്രിക്കുവാൻ  കഴിയും ?

ഇതെല്ലാം അസംഭാവ്യംതന്നെയാണെന്നാണ് എനിക്കു തോന്നുന്നത് യാതൊരു പ്രതി വിധിയുമില്ലാത്ത ഘോര വിപത്ത്  എത്രയും പെട്ടെന്നു തന്നെ മിസ്റ്റർ പ്രസിഡണ്ടിനെ വിവരമറിയിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി അനിവാര്യമായ ദുരന്തത്തെ  നേരിടാൻ അവരെ പ്രാപ്തരാക്കുകയുമാണ് നല്ലത്.

പ്രൊഫെസ്സർ ചാൾസ് തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞു

എന്ത് വിഡ്ഢിത്തമാണ്  നിങ്ങളീ പുലമ്പുന്നത് മിസ്റ്റർ  ചാൾസ് ?

മിസ്റ്റർ ഡയറക്ടർ  ഐ ആം എ പ്രൊഫസ്സർ 

ഒഫ് കോഴ്സ് യു ആർ എ പ്രൊഫസ്സർ, അത് നിങ്ങൾ തന്നെയാണ് ഓർമ്മയിൽ വെക്കേണ്ടത് 

എന്താണ് ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് ? 

ലോകം അവസാനിക്കാൻ പോവുകയാണെന്നോ? സൂര്യൻ  ഇടിത്തീ പോലെ വന്ന് ഭൂമിയെ ചാമ്പലാക്കുമെന്നോ ? നമ്മളെല്ലാം  തന്നെ ഈയ്യാം പാറ്റകളെപ്പോലെ കരിഞ്ഞു വീഴുമെന്നോ ?

അത് തന്നെയല്ലേ സംഭവിക്കാൻ പോകുന്നത്  സൂര്യന്റെ ഉഗ്ര താപം ആ രീതിയിൽ തന്നെ ഭൂമിയെ ഇല്ലായ്‌മ ചെയ്യും  അത് ജനങ്ങളിൽ നിന്നും നാമെന്തിന് മറച്ചു വെക്കണം ? അനിവാര്യമായ ദുരന്തം  അത് മുൻകൂട്ടി അറിയിക്കുകയല്ലേ നല്ലത് ? പ്രകൃതി ക്ഷോഭങ്ങളായ സുനാമികൾ , സൈക്ളോണുകൾ , ഭൂമികുലുക്കം എന്നിവയിൽ നിന്നെല്ലാം മുൻകരുതലുകളെടുക്കാം  അല്ലെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാം  പക്ഷേ ഇതങ്ങനെയല്ലല്ലോ  ഭൂമിയെ മൊത്തം വിഴുങ്ങാൻ തയാറെടുക്കുന്ന സൂര്യനിൽ നിന്ന് എവിടേക്കാണ് ഒളിച്ചോടുക ? അതാണ് ഞാൻ മുമ്പേ പറഞ്ഞത് അനിവാര്യമായ ഈ ദുരന്തത്തെക്കുറിച്ച് എല്ലാവരേയും  ബോധവൽക്കരിക്കുക  അതല്ലാതെ മറ്റു മാർഗ്ഗം ഒന്നും തന്നെയില്ലെന്ന് .

മിസ്റ്റർ ചാൾസ്,  നിങ്ങളീ പറഞ്ഞത് എനിക്കും  ഇവിടെ കൂടിയിരിക്കുന്നവർക്കുമറിയാം  എന്നു കരുതി  വരാൻ പോകുന്ന വിപത്തിനെതിരെ ഒന്നും തന്നെ ചെയ്യാതെ   കൈ നീട്ടി സ്വീകരിക്കണമെന്നാണോ നിങ്ങളീ പറയുന്നത് ?

ഡയറക്ടറുടെ വാക്കുകളിലെ രോക്ഷം ഞങ്ങൾ തിരിച്ചറിഞ്ഞു .

അദ്ദേഹം തുടർന്നു .....

നമ്മൾ ശാസ്ത്രജ്ഞൻമാരാണ്  അല്ലാതെ  കുഴലീക്കൂടെ മാനം നോക്കി വെറുതേ തീരുമാനങ്ങൾ എടുക്കുന്നവരല്ലാ  അതു താങ്കൾ  മറക്കരുത് ഇതേക്കുറിച്ച് ഞാൻ പ്രത്യേകം ബോധവാനാക്കേണ്ടതില്ല കാരണം താങ്കളും ആ ഗണത്തിൽ തന്നെയുള്ളവനായതുകൊണ്ട് തന്നെ   ഏത് പ്രശ്‌നത്തിനുമൊരു  പരിഹാരമുണ്ട്  നമ്മളത് കണ്ടെത്തണം  ഇല്ലെങ്കിൽ  കണ്ടെത്താനായി പരിശ്രമിക്കണം അപ്പോഴാണ്  മാർഗ്ഗങ്ങൾ മുന്നിൽ തെളിയുന്നത് അതിലൂടെ നമുക്കൊന്ന് പോയിനോക്കാം  ഇത് വിജയിക്കും എന്നുള്ള മുൻ തീർപ്പോടുകൂടി ഒരാൾക്കും മുന്നോട്ട് പോകുവാൻ കഴിയുകയില്ല അങ്ങിനെയായിരുന്നുവെങ്കിൽ ഈ ലോകം ഇന്നുള്ള  പുരോഗതിയിൽ എത്തുമായിരുന്നില്ല .

പരാജയങ്ങളിലൂടെയാണ് വിജയങ്ങളെ  എത്തിപ്പിടിക്കാൻ കഴിയുകയുള്ളൂ , പരിശ്രമങ്ങളാണ് വിജയത്തിലേക്കുള്ള വഴികൾ.

ഭാരം നീക്കാൻ കഷ്ട്ടപ്പെട്ട ആദിമമനുഷ്യൻ ഉരുളുന്ന വസ്തുക്കളിലൂടെ അതിന് ആയാസം കണ്ടെത്തി അത് വലിയൊരു മാറ്റത്തിനു വഴിയൊരുക്കി ആ ഉരുളുന്ന വസ്തുക്കളുടെ ഇന്നത്തെ പ്രാധാന്യം ഞാൻ വിവരിക്കേണ്ടതില്ല പച്ച മാംസം ഭക്ഷിച്ചു പോന്ന  മനുഷ്യർ തീയുടെ കണ്ടുപിടുത്തത്തോടെ മറ്റൊരു ചുവടുവെപ്പു നടത്തി അതിന്റെയെല്ലാം പല വകഭേദങ്ങൾ ഇന്ന് മനുഷ്യകുലത്തിന്റെ മുന്നേറ്റത്തിന് നിർണ്ണായക സ്വാധീനം വഹിക്കുന്നു 

ഇതെല്ലാം എനിക്കും അറിയാവുന്ന കാര്യങ്ങളാണ് മിസ്റ്റർ ജാക്ക് 

ഇല്ലെന്ന് ഞാൻ നിഷേധിക്കുന്നില്ല ഏതൊരാളുടെയും ഉള്ളിൽ പ്രകാശമുണ്ട് പക്ഷേ ചിലർ ഇരുട്ടിൽ അടയിരിക്കുവാൻ ഇഷ്ട്ടപ്പെടുന്നു അതിലേക്ക് വെളിച്ചമെത്തിക്കുവാനാണ് ഞാൻ ശ്രമിച്ചത് 

മറ്റുള്ളവരെ തിരുത്താൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത്  സ്വയം തിരുത്തുകയാണ് 

നമ്മുടെ സിദ്ധാന്തങ്ങൾ ,  ആശയങ്ങൾ  ചിലർ ഒരിക്കലും അംഗീകരിച്ചെന്നു വരില്ല  അതവരുടെ തെറ്റല്ല കാരണം അവരുടെ ബുദ്ധിക്ക് അതുൾക്കൊള്ളാനുള്ള കഴിവോ അല്ലെങ്കിൽ ആ തലത്തിലേക്ക് എത്തിച്ചേരാനുള്ളത്ര വൈദഗ്ധ്യമോ  ഇല്ല  എന്നുള്ളതാണ് സത്യം . അത്തരത്തിലുള്ളവരെ  ബോദ്ധ്യപ്പെടുത്തുവാൻ  നമ്മൾ  നമ്മുടെ  ഊർജ്ജവും, സമയവും  പാഴാക്കിക്കളയുന്നതിൽ യാതൊരു അർത്ഥവുമില്ല  അവർ അവരിൽ മാത്രം ഒതുങ്ങി നിൽക്കുന്നു  അവർ അവരുടെ ചെറിയ ലോകത്തു മാത്രം നിന്ന് കൊണ്ട് മാത്രം  കാര്യങ്ങളെ നോക്കികാണുന്നു .

മിസ്റ്റർ ചാൾസ് , ഇവിടെ നിങ്ങളുടെ എതിർപ്പുകളല്ല ആവശ്യം ഒരു പ്രശ്‌നം പരിഹരിക്കാനുള്ള ആശയങ്ങളോ  അതിനുള്ള മാർഗ്ഗങ്ങളോ  ആണ്  വേണ്ടത് . അതിനുവേണ്ടി  നിങ്ങൾക്ക് സഹകരിക്കാമെങ്കിൽ സഹകരിക്കാം.

ഒറ്റക്ക് ചെയ്യുന്നതിനേക്കാൾ ഫലം ഒരു  കൂട്ടായ്മ തരും 

ഒരു കാലത്ത് ഭൂമിയിൽ നിന്നു കൊണ്ടു  മാത്രം  ആസ്വദിച്ചിരുന്ന ചന്ദ്രന്റെ ഉപരിതലത്തിലേക്ക് എത്രയോ  പരിവേഷണ യാത്രകൾ നടത്തിയിരിക്കുന്നു  ഒടുവിൽ മനുഷ്യസ്പർശമേറ്റ് അവിടം പുളകം കൊണ്ടിരിക്കുന്നു 

അത് പോലെ ചൊവ്വയിലേക്കും  മറ്റ് ഗ്രഹങ്ങളിലേക്കും  ഉപഗ്രഹങ്ങളിലേക്കും എത്രയോ പരിവേഷണ വാഹനങ്ങൾ അയച്ചിരിക്കുന്നു  അവയിലേക്കുള്ള മനുഷ്യയാത്രകളും വിദൂരങ്ങളല്ല.

എങ്ങിനെ  ?   

ഒരു പാടൊരുപാട് പേരുടെ ആശയങ്ങൾ,  അവരുടെ ചിന്തകൾ, വീക്ഷണങ്ങൾ, സ്വപ്നങ്ങൾ അതിനു വേണ്ടിയുള്ള  അക്ഷീണ പ്രിയത്നങ്ങൾ, പരീക്ഷണങ്ങൾ   അങ്ങിനെ കാലത്തിനു മുന്നിലൂടെ ശാസ്ത്രം സഞ്ചരിച്ചതു കൊണ്ടു മാത്രമാണ്  നമ്മളിന്നിതെല്ലാം നേടിയെടുത്തിരിക്കുന്നത്  .

ദുരന്തങ്ങളെ അതിജീവിച്ചവരാണ് മനുഷ്യർ

അരിസ്റ്റാർക്കിസ്സിന്റെ  ചിന്താശകലമായ കാലഘട്ടത്തിൽ നിന്ന്  കോപ്പർ നിക്കസ്സിന്റേയും , ഗലീലിയുടേയും  ശാസ്ത്രീയ കണ്ടെത്തലുകൾക്കും വിശദീകരണങ്ങൾക്കും എത്രയോ കാതം മുന്നിലാണ് നാമിപ്പോൾ നിലകൊള്ളുന്നത്  .

ഒരു കാലത്ത് ബഹിരാകാശ യാത്രകളെക്കുറിച്ചുള്ള  ചിന്തകൾ പോലും അസംഭ്യാവ്യമായി കരുതപ്പെട്ടിരുന്നു  ആയിരുന്നു എന്നാലിന്നത് ‌  ന്യുയോർക്കിൽ നിന്നും  ന്യുജേർസിയിലേക്കുള്ള യാത്രകൾ  പോലെ ചുരുങ്ങിയിരിക്കുന്നു .

ബഹിരാകാശത്ത്‌ സ്പേസ് സ്റ്റേഷനുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു .

പ്രതിസന്ധികൾക്കും, പ്രശ്നങ്ങൾക്കും  പരിഹാരം ഉണ്ടാക്കുവാനാണ്  നമ്മൾ ശ്രമിക്കേണ്ടത്  അതിനായി തല പുകക്കണം  അല്ലാതെ  മുന്നിൽ നിൽക്കുന്ന ദുരന്തത്തെ  വിധിയെന്ന് കരുതി വെറുതെ കയ്യും കെട്ടി  നോക്കി നിൽക്കുകയല്ല വേണ്ടത് . 

അത് കൊണ്ടാണ് ലോകം നമ്മളെ  ശാസ്ത്രജ്ഞരെന്നു  വിളിക്കുന്നത്‌.

അദ്ദേഹം എന്നോടായി ചോദിച്ചു

ജോണ്‍ എന്തു പറയുന്നു ?

ഞാൻ അവിടെയുള്ള  കോഫീ മേക്കറിൽ നിന്നും  നാല്  ചൂടു കാപ്പി പകർന്ന് എല്ലാവർക്കുമായി വീതിച്ചു .

അത് സിരകൾക്കും ബുദ്ധിക്കും നല്ലൊരു നവോന്മേഷം  പകർന്നു നൽകി .




                                      Click here - A journey to esthiya - part 3
   
                               

0 അഭിപ്രായങ്ങള്‍