ഗൾഫിൽ നിന്നും വന്ന അന്നു രാത്രി ഒരനക്കം കേട്ട് ഞെട്ടിയുണർന്ന ഭാസ്കരേട്ടൻ തൊട്ടപ്പുറത്ത് കിടന്നിരുന്ന  ഭാര്യ ശാരദേടത്തിയെ കാണാതായതോടെ ഒന്ന്  പരിഭ്രമിക്കുകയും, സ്വതവേ സംശയാലുവായ ഭാസ്കരേട്ടന്റെ മനസ്സ് കൂടുതൽ  സംശയാലുവാവുകയും  ചെയ്തു . 

ഈ നട്ടപ്പാതിരാക്ക് ഇവളിത് എവിടെപ്പോയി?.  

ഭാര്യയെ കാണാതായതോടെ അരുതാത്ത ചിന്തകളുടെയൊരു  വേലിയേറ്റം തന്നെ  ഭാസ്കരേട്ടന്റെ ഉള്ളിലേക്ക് തള്ളിക്കയറി വന്നു .

അതോടൊപ്പം ഗൾഫിലുള്ള തമിഴൻ ചെന്തമിഴിന്റെ കാര്യവും ഭാസ്കരേട്ടന് ഓർമ്മ വന്നു . ചെന്തമിഴിന്റെ ഭാര്യ വീട്ടിൽ പണിക്കുവന്ന മരുതിന്റെ കൂടെ ഒളിച്ചോടിപ്പോയി പോകുന്ന പോക്കിൽ അമ്മിക്കല്ലെടുത്ത് ചെന്തമിഴിന്റെ തലക്കിട്ടിട്ടാ പോയത് . ഭാഗ്യത്തിനാ ചെന്തമിഴിന്  ജീവൻ തിരിച്ചു കിട്ടിയത്.

അവള് പോണാ പൊട്ടും എതുക്ക് എന്നുടെ തലയിൽ അമ്മിക്കല്ല് പൊട്ടത് ഭാസ്കർ ചേട്ടാ എന്നും പറഞ്ഞ് ചെന്തമിഴ് വാവിട്ടു കരഞ്ഞത് ഭാസ്കരേട്ടന്റെ മനസ്സിൽ  തെളിഞ്ഞു .

ഗൾഫിൽ നിന്നും വന്ന അന്നു തന്നെയാ ചെന്തമിഴെ കൂട്ടിക്കൊണ്ട് പോയി ഭാര്യ അമ്മിക്കല്ലു വാങ്ങിയത് . ഇതിലും വലിയത് വാങ്ങാമായിരുന്നുവെന്ന്  ഭാര്യ പറഞ്ഞെങ്കിലും  ചെന്തമിഴിന്റെ തല വര ശരിയായത് കൊണ്ട് ഇത് മതിയെന്നും പറഞ്ഞ് പോരുകയായിരുന്നു .

ഏതുക്കെടി ഇപ്പൊ അമ്മിക്കല്ല്? 

ഇഡ്ഡലി കൂടെ ഉങ്കൾക്ക്  നല്ല കാര ചമ്മന്തി പോടറുതൂക്ക് താൻ മാമാ. 

ആരുടെയോ  ഭാഗ്യം, അല്ലെങ്കി  ഇഡ്ഡലിയുടെ കൂടെ ചെന്തമിഴിന്റ്  തല  ചമ്മന്തി ആവേണ്ടതായിരുന്നു.   

ഉയിർ പോകാമെ തപ്പിച്ചത് അപ്പ മുത്തുപ്പാണ്ടിയുടെ അനുഗ്രഹമെന്നും സൊല്ലി ചെന്തമിഴ് അപ്പാവുടെ  ഫൊട്ടോയും  കെട്ടിപ്പിടിച്ച് കുറേ നേരം കരഞ്ഞു . കൂടെ കടവുൾ മുരുകനുടെ  ഫോട്ടോയും പിടിച്ച് അഴുതു. 

ഈ വിഷയം   ഓർമ്മയിൽ തെളിഞ്ഞതോടെ  തന്റെ തലയിലും അമ്മിക്കല്ല്   വീഴുമോയെന്നുള്ള  പേടിയിൽ ഭാസ്കരേട്ടൻ മുൻകരുതലെന്ന നിലയിൽ  ഒരു തലയിണയെടുത്ത്  തന്റെ  തലക്കു മുകളിൽ   വെച്ചു . ഒരു മുടി പോലും ഇല്ലാത്ത തലയായത് കൊണ്ട് അവൾക്ക് എളുപ്പമാവും, അമ്മിക്കല്ലിനും. 

എന്നാലും ഈ പാതിരാത്രിക്ക് അവളിതെവിടെപ്പോയി ? . 

എടീ വഞ്ചകി.. 

ഇന്നത്തോടെ ഞാനെല്ലാം  അവസാനിപ്പിക്കും ഇവളേയും, ഇവളുടെ ജാരനെയും  വെട്ടിനുറുക്കിയിട്ടു തന്നെ കാര്യം.

മുറ്റത്തൊരു അനക്കം കേട്ട ഭാസ്കരേട്ടൻ ഒന്ന് കൂടി  ജാഗരൂഗനായി . 

അതാ ഇരുളിലൊരു  രൂപം..,  

ചാരൻ .., അല്ല ജാരൻ... ഭാസ്കരേട്ടൻ അലറി. 

അടുക്കളയിൽ നിന്നും  വെട്ടുകത്തിയുമെടുത്ത്  ഭാസ്കരേട്ടൻ മുറ്റത്തേക്ക് പാഞ്ഞു   . 

 എടാ നായിന്റെ മോനേ..,നിന്നെ ഞാനിന്ന് കൊല്ലുമെന്ന്  അലറിക്കൊണ്ട് പാഞ്ഞ ഭാസ്കരേട്ടന്റെ  മുന്നിലേക്ക് ആ രൂപം പതിയെ തിരിഞ്ഞു .

 തിരിഞ്ഞ ആ രൂപത്തെക്കണ്ട്  ഞെട്ടിയ ഭാസ്കരേട്ടൻ  ,   അയ്യോ ...ന്ന് ഓളിയിട്ടു കൊണ്ട്  സഡൻ ബ്രെക്കിട്ടെങ്കിലും കിട്ടിയില്ല.  ആ രൂപത്തിനു  തൊട്ടുമുന്നിലെത്തിയാണ് ഭാസ്കരേട്ടന്  അല്പമെങ്കിലും നിക്കാൻ പറ്റിയത്  .

അതുവരെ കാണാത്ത തരത്തിലുള്ളൊരു ജാര രൂപം കണ്ട് ഭാസ്കരേട്ടൻ നടുങ്ങി.

തല മുതൽ അടി വരെ എത്തുന്ന വലിയൊരു  കുപ്പായം അതാണെങ്കിൽ ആകെ കീറിപ്പറിഞ്ഞിരിക്കുന്നു.

 പിച്ചക്കാരനാണോ ഇവളുടെ ജാരൻ?  

അപ്പോഴാണ് ഭാസ്കരേട്ടനത് ശ്രദ്ധിച്ചത്  മുഖത്ത്  വലിയ തേറ്റപ്പല്ലുകൾ , ചോര പോലെ തിളങ്ങുന്ന കണ്ണുകൾ ,   ആ തേറ്റപ്പല്ലുകളിൽ നിന്നും രക്തം ഒഴുകുന്നു .. നീണ്ട കൈയ്യുറകൾ .. മുടി പിന്നിലേക്ക് ചീരി വെച്ചിരിക്കുന്നു . അതോടെ  വെട്ടാനായി  ഉയർത്തിയ വെട്ടുകത്തി പിന്നിലേക്ക് പിടിച്ചുകൊണ്ട് ഭാസ്കരേട്ടൻ  കരഞ്ഞു  .

അയ്യോ...  തവക്കുള ..

അത് കേട്ടാ രൂപം  ഞെട്ടി , ഇവനേത് കണാരനാണപ്പാ  ? ഡ്രാക്കുളയായ തന്നെകേറി തവക്കുളയെന്ന് വിളിക്കുന്നത്  ?. 

നീയെന്നെ വെട്ടാൻ വന്നതാണോടാ കണാരാ  ?. ആ രൂപം അട്ടഹസിച്ചു  

അല്ല , ഭാസ്കരേട്ടൻ തല വിലങ്ങനെ ആട്ടി. എന്റെ പേര് കണാരൻന്നല്ല

പിന്നെന്താ നിന്റെ പേര് ? 

ഗൾഫ് കാരൻ   ഭാസ്കരൻ ...

ഭാസ്കരേട്ടൻ വിക്കിക്കൊണ്ടാണത്  പറഞ്ഞത്. 

താനൊരു ഗൾഫ്‌കാരനാണെന്ന് അറിഞ്ഞാ ചിലപ്പോ ഡ്രാക്കുള വെറുതെ  വിട്ടെങ്കിലോ എന്നുള്ളതിനാലായിരുന്നു ഭാസ്കരേട്ടനങ്ങനെ പറഞ്ഞത് .

ഇവൻ ശരിക്കുമൊരു കണാരൻ തന്നെയെന്നാ  ഡ്രാക്കുള മനസ്സിൽ  ചിന്തിച്ചത് . 

 പിന്നെന്തിനാടാ  ഈ  വെട്ടുകത്തിയും പിടിച്ചോണ്ട് നിന്ന് തുള്ളുന്നത്  ? 

ഞാൻ തുള്ളുന്നതല്ല വിറക്കുന്നതാണെന്ന് പറയാൻ ഭാസ്കരേട്ടന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പറഞ്ഞില്ല .  

ഞാനൊരു  ഇളനീർ വെട്ടാൻ വന്നതാണെ .., ഒരു വിധത്തിൽ വിക്കിക്കൊണ്ടാണ് ഭാസ്കരേട്ടൻ  പറഞ്ഞൊപ്പിച്ചത്  

ഈ നട്ടപ്പാതിരാക്കാണോ ഇളനീർ വെട്ടാൻ  വരുന്നത് , അതും അലറിക്കൊണ്ട് ?

അങ്ങയെ കണ്ട സന്തോഷത്തിൽ അലറിയതാണ് പ്രഭോ . 

ഭാസ്കരേട്ടന്റെ  ആ  ഒരു പടി മുന്നിൽ കടന്നുള്ള  പ്രഭു വിളി ഡ്രാക്കുളക്ക് വല്ലാതെയങ്ങ്   ഇഷ്ട്ടപ്പെട്ടു . വളരെ നാളുകൾക്ക് ശേഷമാണ് വീണ്ടും  ഒരു പ്രഭു വിളി കേൾക്കാൻ ഭാഗ്യമുണ്ടാകുന്നത്  . എന്നാലും  നല്ല കൊഴുത്തുരുണ്ടിരിക്കുന്ന ഇവന്റെ രക്തം കുടിക്കാതെ എങ്ങിനെയാ വിടുകയെന്നുള്ള ചിന്ത  അതോടൊപ്പം ഉയർന്നു വരുകയും  ഭാസ്കരേട്ടന്റെ കഴുത്തിനെ ലക്ഷ്യമാക്കി ആ പല്ലുകൾ താഴ്ന്നു വരുകയും ചെയ്തു .

എന്റെ മുരുകാന്ന്   അലറിക്കൊണ്ട് ഭാസ്കരേട്ടൻ  ചാടിയെഴുന്നേറ്റു .

ഭാസ്കരേട്ടന്റെയാ കാറൽ  കേട്ടാ ശാരദേടത്തിയും ഞെട്ടിയെഴുന്നേറ്റത്. 

എന്താ മനുഷ്യാ? 

എടീ തവക്കുള .

ഒരു തവളയെ കണ്ടതിനാണോ നിങ്ങളിങ്ങനെ കിടന്നു കാറുന്നത് ?.

തവള നിന്റെ അപ്പനാടി  ..,  എടീ ഡ്രാക്കുള . 

ഡ്രാക്കുളയെന്ന പേര് ജീവിതത്തിൽ കേട്ടിട്ടില്ലാത്ത ശാരദേടത്തി കണ്ണു മിഴിച്ചു. 

നിങ്ങടെ കൂടെ ഗൾഫീന്ന് വന്നതാണോ മനുഷ്യാ ?. 

 ഭാര്യയുടെ ആ  നിഷ്കളങ്ക ചോദ്യം കേട്ട് ഭാസ്കരേട്ടൻ തലയിൽ കൈവെച്ചു. 

ഡ്രാക്കുളയെയും, തവക്കുളയെയും തിരിച്ചറിയാത്ത ഈ മണ്ഡോദരിയോട് പറഞ്ഞിട്ടൊന്നും  യാതൊരു കാര്യവുമില്ല  . 

ഏതായാലും ഗൾഫീന്ന് വന്ന അന്നു രാത്രി ഭാസ്കരേട്ടൻ, സ്വപ്നത്തിൽ  ഡ്രാക്കുളയെ കണ്ട് കിടക്കപ്പായയിൽ   മൂത്രമൊഴിക്കുകയും ആകെ നാറ്റിക്കുകയും ചെയ്തു.

എന്താ ഇവിടെയൊരു  നാറ്റമെന്നുള്ള ശാരദേടത്തിയുടെ ചോദ്യത്തിനു  മുന്നിൽ ഭാസ്കരേട്ടനൊന്ന്  പതറിയെങ്കിലും .., അത്  വിയർപ്പിന്റെയായിരിക്കുമെന്നും  പറഞ്ഞാ  ഒരു വിധത്തിൽ  തടിയൂരിയത്  .

സൂചി പോലും വിറക്കുന്ന ഈ തണുപ്പത്ത് വിയർപ്പോയെന്ന് ശാരദേടത്തിക്ക് സംശയം തോന്നിയെങ്കിലും അതിനും മുന്നെ കൂടുതൽ ചോദ്യങ്ങളിൽ നിന്നും  രക്ഷപ്പെടുന്നതിനായി  ഭാസ്കരേട്ടൻ ആർട്ടിഫിഷ്യലായി കൂർക്കം വലിയെ ഉൽപ്പാദിപ്പിക്കുകയും അതോടെ  ആ  പാവം ഉറങ്ങിപ്പോയെന്ന് ശാരദേടത്തി തെറ്റിദ്ധരിക്കുകയും ചെയ്തു . 

ഒരു പരിചയവുമില്ലാത്ത തന്നെയെന്തിനാണ് ഡ്രാക്കുള  സ്വപ്നത്തിൽ വന്ന് പേടിപ്പിച്ചതെന്ന്  എത്രയാലോചിച്ചിട്ടും  ഭാസ്കരേട്ടനൊരെത്തും പിടിയും കിട്ടിയില്ല.

ഇനി ഇവളുടെ കൂടെ കിടന്ന കാരണമായിരിക്കുമോയെന്ന് സംശയം  തോന്നുകയും, ഒരു ഞെട്ടലോടെ  ഒളികണ്ണിട്ട് ശാരദേടത്തിയെ  നോക്കുകയും ചെയ്തു.   തന്നെ തുറിച്ചു നോക്കി കിടക്കുന്ന ശാരദേടത്തിയെ കണ്ട്  ഭാസ്കരേട്ടൻ ഒന്നുകൂടി ഞെട്ടുകയും വീണ്ടും കണ്ണടച്ച് കിടക്കുകയും ചെയ്തു.

ഇവള് ഡ്രാക്കുളയെക്കാളും വലിയ മൊതലാണെല്ലോയെന്നായിരുന്നു  ഭാസ്കരേട്ടൻ ഓർത്തത് .

 ഭാസ്കരേട്ടൻ  ഗൾഫിൽ നിന്നും വന്നതറിഞ്ഞ്  നാട്ടുകാർ മുഴുവനും  ഭാസ്കരേട്ടന്റെ വീട്ടിലേക്ക് ചെല്ലുകയും..എന്നത്തേയും പോലെ  സിഗരറ്റ് , ലൈറ്റർ , സെന്റ് ഇത്യാദി വസ്തുക്കൾ ഭാസ്കരേട്ടൻ  നാട്ടുകാർക്ക് വിതരണം ചെയ്യുകയും ചെയ്തു . കൂട്ടത്തിൽ ഞാനും ശിവനും ചേർന്ന്  പോവുകയും ഞങ്ങൾക്ക്   ഓരോ ഷർട്ടിന്റെ തുണി തരുകയും ചെയ്തു . 

 ഞങ്ങൾക്ക് ഷർട്ട് കിട്ടിയതറിഞ്ഞ് ഓടിയെത്തിയ  ഞങ്ങളുടെ ക്ലസ്സ്‌മേറ്റായ ശങ്കുവിനെ  ഭാസ്കരേട്ടൻ ഓടിച്ചു വിട്ടു . സത്യത്തിൽ അവനെ  ഭാസ്കരേട്ടന്  അറിയുക പോലുമില്ല . ശിവൻ പറഞ്ഞതു കേട്ട് അവൻ ആദ്യം ഓടിച്ചെന്നത് വെളിച്ചെണ്ണ ആട്ടുന്ന ഭാസ്കരേട്ടന്റെ വീട്ടിലേക്കായിരുന്നു . പോയി കാശ് കൊടുത്ത് വാങ്ങേടാ ന്നും പറഞ്ഞ് വെളിച്ചെണ്ണ ആട്ടുന്ന ഭാസ്കരേട്ടൻ പുലി പോലെ ചീറി .

താൻ തന്നെ ഷർട്ട് ഇടാറില്ല . 

ഏതായാലൂം  ഭാസ്കരേട്ടൻ ഗൾഫിൽ നിന്നും ലീവിൽ വന്നതിൽ ഏറ്റവും   സന്തോഷം ഭാസ്കരേട്ടന്റെ നായ  ഡോബർമാൻ ഡിങ്കുവിനായിരുന്നു. അവനായി ഭാസ്കരേട്ടൻ ഗൾഫിൽ നിന്നും  നായ്ക്കൾക്കു മാത്രം കൊടുക്കുന്ന പെഡിഗ്രിയും  കൊണ്ടുവന്നിട്ടുണ്ടായിരുന്നു .

ഡിങ്കു പെഡിഗ്രി തിന്നുന്നത് കണ്ട് അന്തം വിട്ട് റോമുവും , ഗ്രാമത്തിലെ മറ്റു  ചാവാലിപ്പട്ടികൾ മുഴുവനും വെള്ളമിറക്കി നിന്നു .

ഡിങ്കുവിന്റെ ആർത്തിപിടിച്ചുള്ള തീറ്റ കണ്ട്  ഇവനെന്താ ഭ്രാന്തെങ്ങാനും  പിടിച്ചോന്നായിരുന്നു  റോമു ചിന്തിച്ചത് . മറ്റുള്ളവർ നോക്കി നിൽക്കുന്നത് കണ്ടതോടെ  ഈ അലവലാതികളുടെയല്ലാം കൊതി തനിക്ക്  കിട്ടുമോയെന്ന്  പേടിച്ച ഡിങ്കു  പുച്ഛത്തോടെ  എല്ലാവരേയും നോക്കുകയും തിരിഞ്ഞു നിന്ന് പെഡിഗ്രി തിന്നുകയും  ചെയ്തു .

ഇത് നിങ്ങളെപ്പോലുള്ള ചാവാലികൾക്ക് തിന്നാനുള്ളതല്ല  . ഡോബർമാനുകൾക്ക് മാത്രം തിന്നാനുള്ളതാണെന്ന് ഡിങ്കുവിന്റെ നെറ്റിയിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു .  

ഡിങ്കു പെഡിഗ്രി തിന്നുന്നത് കണ്ട് വെള്ളമിറക്കി നിന്ന മണികണ്ഠൻ പൂച്ച കൊതി താങ്ങാനാകാതെ ഒരു കഷണമെങ്കിലും  തിന്നാൻ പാഞ്ഞു ചെല്ലുകയും  ഡിങ്കുവിന്റെ പാത്രത്തിൽ തലയിടുകയും, ഡിങ്കു ചീറിക്കൊണ്ട് മണികണ്ഠന്റെ നേർക്ക് ചാടുകയും ചെയ്തു .  ഡിങ്കുവിന്റെ ആ  കടിയിൽ നിന്നും കഷ്ടിച്ചാ  മണികണ്ഠന്റെ തല  രക്ഷപ്പെട്ടത്  .

അവന്റെയാ  പരാക്രമം കണ്ട്  മണികണ്ഠന്റെ ഉള്ളൊന്ന് കാളി . അതുവരേക്കും തന്നെക്കണ്ടാ ഒന്നും മിണ്ടാതിരിക്കുമായിരുന്ന ഈ  പരട്ടു നായ ഇപ്പൊ   തന്നെ കൊല്ലാൻ ചീറിയതു  കണ്ട് മണികണ്ഠൻ അറിയാതെ മുള്ളി .

ആ കൊതിയൻ പൂച്ച  ഇപ്പൊ കടി കൊണ്ട് ചത്തേനെയെന്നാ  റോമു ഉള്ളിൽ പറഞ്ഞത് .

താൻ പേടിച്ചു മുള്ളിയത് മറ്റുള്ളവർ  കാണാതിരിക്കാൻ മണികണ്ഠൻ ആ വഴി അപ്പുറത്തോട്ട് ഓടി . ഓടുന്ന ഓട്ടത്തിനിടയിലും പേടികൊണ്ട്  അവൻ ഒരു ചാലുപോലെ അപ്പിയും ഇട്ടോണ്ടിരുന്നു . 

ഡിങ്കു, പെഡിഗ്രി  തിന്നുന്ന തീറ്റ കണ്ട്  കൊതി സഹിക്കാനാവാതെ റോമു ഓടി  പോയി അന്നമ്മ ചേടത്തി ഉണക്കാനിട്ടിരുന്ന കുറെ  കുന്നിക്കുരു, പെഡിഗ്രി ആണെന്നും  പറഞ്ഞ് തിന്നു    . 

എന്തോ, പെഡിഗ്രി വയറിനു പിടിക്കാഞ്ഞതുകൊണ്ടോ മറ്റുള്ളവരുടെ കൊതികൊണ്ടോ ആണോന്നറിയില്ല ഡിങ്കുവിന്  വയറിളക്കം പിടിപെടുകയും അതൊരു നിലക്കാത്ത പ്രവാഹമായി മാറുകയും ചെയ്തു .

ലാളിക്കാൻ വന്ന ഭാസ്കരേട്ടന്റെ സ്നേഹപ്രകടനങ്ങൾക്കിടയിൽ ഭാസ്കരേട്ടന്റെ മേത്തും അവൻ അപ്പിയിട്ടു നാശമാക്കി . സത്യത്തിൽ അവൻ കുതറിയോടാൻ  ശ്രമിച്ചുവെങ്കിലും , ഭാസ്കരേട്ടൻ അതവന്റെ കളിയാണെന്ന്  തെറ്റിദ്ധരിക്കുകയും തന്നോട് കൂടുതൽ  ചേർത്തു നിറുത്തുകയും ചെയ്തു .

കൺട്രോൾ നഷ്ടപ്പെട്ട ഡിങ്കുവിന്റെ മൂട്ടിൽ നിന്ന് പൈപ്പിൽ നിന്നും വെള്ളം ചീറ്റുന്നത് പോലെ ആ അത്യാഹിതം സംഭവിച്ചു   . അതോടെ പോ... ശവമെന്നും പറഞ്ഞ് ഭാസ്കരേട്ടൻ ഒരു ചവിട്ടു വെച്ചു  കൊടുക്കുകയും അതിന്റെ ആഘാതത്തിൽ ബാക്കിയുണ്ടായിരുന്നതു കൂടി നോൺസ്റ്റോപ്പായി പുറത്തേക്ക് പ്രവഹിക്കുകയും ചെയ്തു ..

അവശനായ ഡിങ്കുവിനെ രാഘവേട്ടന്റെ  ഓട്ടോറിക്ഷ വിളിച്ചാണ് ഭാസ്കരേട്ടൻ  ആശുപത്രിയിലോട്ട് കൊണ്ട് പോയത് .  ആ ശവം  അവിടെ കിടന്ന് ചത്തോട്ടെയെന്ന്  ശാരദേടത്തി വിളിച്ചു പറഞ്ഞത്  കേട്ട് ഡിങ്കു പേടിച്ചു കൂവാൻ നോക്കിയെങ്കിലും  ശബ്ധം മൂട്ടിൽ നിന്നുമാണ് പോയത് അതോടെ അവൻ കണ്ണടച്ചു കിടന്നു .

ഈ ശവത്തിനെ ഇവിടെ നിന്നും  കൊണ്ട് പോയില്ലെങ്കിൽ തൂറി നാറ്റിക്കുമെന്നും പറഞ്ഞാ ഭാസ്കരേട്ടൻ വാരിയെടുത്തോണ്ട്  പോയത് .

 അത് കണ്ട്  റോമുവിനും , മണികണ്ഠനും വല്ലാത്ത  സന്തോഷം തോന്നി . ഡിങ്കു പോയ തക്കത്തിന് അവന്റെ പാത്രത്തിൽ ബാക്കിയുണ്ടായിരുന്ന പെഡിഗ്രി മണികണ്ഠൻ ആർത്തിപ്പിടിച്ച് അകത്താക്കുകയും അവനും തൂറിക്കൊണ്ട് നടക്കുകയും ചെയ്തു .

തൂറി, തൂറി അവശനായ  മണികണ്ഠൻ പൂച്ച തല കറങ്ങി വീണു. എന്നെ ആരെങ്കിലുമൊന്ന് ആശുപത്രിയിൽ കൊണ്ട് പോകണേയെന്ന് അവൻ അലറി വിളിച്ചെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല എന്നുള്ളതായിരുന്നു   സത്യം . പാക്കരൻ ചേട്ടന്റെ ഭാര്യ അന്നമ്മ ചേടത്തി അവനെ ചീത്ത വിളിക്കുകയും ചെയ്തു .

കള്ള പൂച്ച എവിടെ നിന്നോ മൂക്ക് മുട്ടെ  കട്ടു തിന്നോണ്ട് വന്നു കിടന്ന് മോങ്ങാ . ഏതായാലും ഇനി പോകാൻ ഒന്നും ഇല്ലാത്തതുകൊണ്ടും  കൊണ്ടും, പെഡിഗ്രിയുടെ പ്രതിഭാസം അവസാനിച്ചതുകൊണ്ടും മാത്രമാ   മണികണ്ഠനന്ന് തൂറി ചാവാഞ്ഞതിൽ നിന്നും  രക്ഷപ്പെട്ടത് . ഇല്ലെങ്കിൽ തൂറി ചത്ത ലോകത്തിലെ  ആദ്യത്തെ  പൂച്ചയായി മാറിയേനേ അവൻ .

ഇത് തിന്നാനുള്ള സാധനമാണോ  അതോ തൂറി ചാവാനുള്ള സാധനമാണോയെന്ന്  റോമുവിന് സംശയം തോന്നിയത്. ഏതായാലും   താനത് തിന്നാഞ്ഞതിൽ അവന്  സ്വയം അഭിമാനം തോന്നി  . 

തനിക്ക് കൊതിയൊന്നുമില്ലെന്നാ റോമു മമനസ്സിൽ പറഞ്ഞത് . പെഡിഗ്രിയല്ല ചിക്കൻ കൊണ്ട് വെച്ചാലും താൻ തിന്നത്തില്ലെന്നും പറഞ്ഞ് അവൻ ഒളികണ്ണിട്ട് പെഡിഗ്രിയെ  നോക്കുകയും ചെയ്തു.  

അന്ന് തൊട്ട് പെഡിഗ്രി കാണുന്നത് തന്നെ ഡിങ്കുവിനൊരു പേടിസ്വപ്നമായി മാറുകയും ബാക്കിയുള്ള പെഡിഗ്രി കൊടുക്കാൻ വിളിക്കുമ്പോഴേക്കും അവൻ ജീവനും കൊണ്ടോടുകയും  ചെയ്തു .

എന്റെ മനുഷ്യാ നിങ്ങളതാ നായക്ക് മുഴുവൻ കൊടുത്തത് കൊണ്ടാ അതിവിടെ  തൂറി നാറ്റിച്ചതെന്നും പറഞ്ഞ്  ശാരദേടത്തി, ഭാസ്കരേട്ടനെ മുട്ടൻ  ചീത്ത വിളിച്ചു .

 നായക്ക് തൂറാനുള്ള മരുന്നാ ഈ മനുഷ്യൻ ഗൾഫീന്ന്  കെട്ടി വലിച്ചു കൊണ്ടു വന്നതെന്ന ശാരദേടത്തി പറഞ്ഞത് . അല്ലെങ്കി തന്നെ തിന്നാ അപ്പൊ തൂറുന്ന ശവം പിടിച്ച  നായാ ഇത്  .

ഡോബർമാനായ  തന്നെ വെറുമൊരു  തൂറ്റക്കാടിയാക്കിയതിൽ ഡിങ്കുവിന് കടുത്ത അമർഷം തോന്നിയെങ്കിലും അവനൊന്നും മിണ്ടിയില്ല .

എടീ ഞാൻ കൊടുത്തതല്ല ഈ ചാവാലി വാരി വലിച്ച്  തിന്നതല്ലേയെന്നാ  ഭാസ്കരേട്ടനതിനു  മറുപടി പറഞ്ഞത്.   

ഈ സാധനത്തിന് ഇത്രേം  രസമുണ്ടോന്നറിയാൻ  ശാരദേടത്തിയും  ആരും കാണാതെ രണ്ടു കഷ്ണം പെഡിഗ്രി  എടുത്ത് വായിലിട്ട്  കടിച്ചിറക്കുകയും ഇത് നമുക്കും തിന്നാലോന്ന്  മനസ്സിൽ പറയേം ചെയ്തു.

എന്റെ മനുഷ്യാ ഇത് അവിടന്ന് കെട്ടിവലിച്ചു കൊണ്ട് വന്നതല്ലേ വെറുതേ കളയാൻ പറ്റോ നിങ്ങടെയാ മരങ്ങോടൻ നായ  തിന്നുന്നുമില്ല ഇത്  കാണുമ്പോഴേക്കും ആ ശവം പേടിച്ചിട്ട്  മുറ്റത്ത് തൂറാ  .

ബാക്കിവന്ന ഈ  സാധനം എന്തോ ചെയ്യാനെന്ന ശാരദേടത്തിയുടെ ചോദ്യത്തിന് ആ സാധനം ഏതാണെന്നറിയാൻ  ഭാസ്കരേട്ടൻ സൂക്ഷിച്ചു നോക്കുകയും ഏതെന്ന് ആംഗ്യത്തിൽ ചോദിക്കുകയും ചെയ്തിട്ടും ശാരദേടത്തി മറുപടി പറഞ്ഞില്ല .

എന്തോ  അതിന്റെ പേര്  വായിൽ വരാത്തതുകൊണ്ടും ഇനിയാ  പേര് പറയാൻ പോയി അത്  മറ്റു വല്ലതുമായാണ് പുറത്തു വരികയെന്ന പേടിയുള്ളതുകൊണ്ടും കൂടിയാ ശാരദേടത്തി മറ്റൊരു പ്രയോഗത്തലൂടെ അതിനെ വിശദീകരിച്ചു കൊടുത്തത്  .

എന്റെ മനുഷ്യാ ആ കൊതിയൻ നായ ആർത്തി പിടിച്ച് തിന്ന് തൂറി  ചാവാറായില്ലേ ആ സാധനം തന്നെ . 

തന്നെ കൊതിയൻ നായ എന്നു വിളിച്ചാക്ഷേപിച്ചതിലും  തൂറി ചാവാറായെന്നു പറഞ്ഞതിലും  ഡിങ്കുവിന് അതിയായ അപമാനം തോന്നി . 

അതോടെ  അവന്റെ രക്തം തിളക്കുകയും , തിളക്കുന്നതിനനുസരിച്ച് വയറിനുള്ളിൽ നിന്നും  പ്രകമ്പനങ്ങൾ പുറത്തു വരുകയും ചെയ്തതോടെ ഡിങ്കു കണ്ണടച്ചു കിടന്നു കൊണ്ട്  കോപത്തെ  നുറുക്കിക്കളഞ്ഞു ഇനി തൂറാൻ തനിക്കു  വയ്യാ . ഡോബർമാനായ താൻ തൂറി തൂറി ഒരു ചാവാലി പട്ടിയായി  മാറിയത് പോലെയാ അവന് തോന്നിയത്. 

ശരീരം ബലം പിടിക്കുമ്പോ മൂട്ടിൽ നിന്നുമാ  അപശബ്ദങ്ങൾ വരുന്നത്. ഇനിയും ഇത്  പോലെ  തൂറിക്കൊണ്ട് നടന്നാ  താൻ ചത്തു പോവുമെന്നുള്ള പേടികൊണ്ടായിരുന്നു ഡിങ്കു കണ്ണടച്ച് കിടന്നത് . 

അന്നത്തെയാ  സംഭവത്തോടെ ഭാസ്കരേട്ടന്റെ വീട്ടിലേക്ക് പേടിയോടെ മാത്രമേ മണികണ്ഠൻ പൂച്ച  നോക്കാറുള്ളൂ  . ആ അതിർത്തി കാണുമ്പോഴേക്കും  തന്നെ ആരോ  കൊല്ലാൻ വരുന്നത് പോലെയാ  അവന് തോന്നാറ് , ഭാസ്കരേട്ടനെ കണ്ടാ ഒരു കുട്ടിച്ചാത്തന്റെ പോലേയും .

 അല്ലെങ്കി അവൻ ഇടക്കിടക്ക് ഭാസ്കരേട്ടന്റെ കാലിൽ പോയി മുട്ടി ഉരുമ്മി നിക്കാറുള്ളതാ . ഈ സംഭവത്തിനു ശേഷം അവനാ പരിപാടി നിറുത്തി . കഞ്ഞിയാണെങ്കിലും ആവശ്യത്തിനു തൂറിയാ മതിയല്ലോ എന്നാണവന് തോന്നിയത് . രണ്ടു ദിവസത്തോളം മണികണ്ഠൻ മൂഡ് പൊക്കിപ്പിടിച്ചാണ് ഉറങ്ങിയത് . അവന്റെയാ  അവസ്ഥകണ്ട് റോമുവിന് സഹതാപം തോന്നി  . 

അന്ന് ആരുടെയോ ഭാഗ്യം കൊണ്ടാണ്  മണികണ്ഠൻ തൂറി ചാവാഞ്ഞതിൽ നിന്നും കഷ്ടിച്ചു  രക്ഷപ്പെട്ടത് . ജീവ  പരാക്രമത്തിൽ  ഏതൊക്കെയോ  പുല്ലുകൾ   കടിച്ചു തിന്നുകയും  ദൈവാധീനം കൊണ്ട് അതിൽ  വയറിളക്കം നിക്കാനുള്ള മരുന്നുള്ളതുകൊണ്ടും  മാത്രമായിരുന്നു ആ  രക്ഷപ്പെടൽ  . 

രണ്ടുപേരുടെയും ദാരുണമായ ഈ  അവസ്ഥ കണ്ടതോടെ  പെഡിഗ്രി തിന്നാനുള്ള  മോഹം റോമു എന്നന്നേക്കുമായി   ഉപേക്ഷിക്കുകയും ചെയ്തു . .

മണികണ്ഠനും , ഡിങ്കുവും വെള്ളം പോലെ  അപ്പിയിടുന്നത് കണ്ട വിറകുവെട്ടുകാരൻ ലോനപ്പേട്ടന്റെ നായ  രാജന്  അസൂയ തോന്നി . അവനാണെങ്കിൽ ദിവസത്തിൽ ഒരു നേരം മാത്രമേ ഈ കൃത്യം നിർവ്വഹിക്കാറുള്ളൂ അതാണെങ്കിൽ  ഒരു മണിക്കൂറോളം നിന്ന് കിതച്ചും മുക്കിയുമൊക്കെയാ  കാര്യം സാധിച്ചെടുക്കുന്നത്  . ഇത് കണ്ട് ലോനപ്പേട്ടൻ സഹതാപത്തോട് കൂടിയാ അവനെ നോക്കാറ് നിനക്ക് അപ്പിയിടാൻ പറ്റുന്നില്ലെങ്കിൽ കുറച്ച് തിന്നാപ്പോരേ എന്റെ രാജാ എന്നാ പലപ്പോഴും ലോനപ്പേട്ടൻ ചോദിക്കാറുള്ളതും . പക്ഷെ എന്ത് കിട്ടിയാലും അത് മുഴുവൻ അകത്താക്കിയിട്ടേ രാജൻ ഉറങ്ങാറുള്ളൂ എന്നുള്ളതാ സത്യം . ഈ പെഡിഗ്രി  കുറച്ച് കിട്ടിയിരുന്നെങ്കിൽ തനിക്കൊരു പരിഹാരമായേനെയെന്നാ അവൻ ഓർത്തത് അതിനു വേണ്ടി അവൻ ചുറ്റിപ്പറ്റി നിന്നെങ്കിലും ഒരു കഷ്ണം പോലും കിട്ടിയില്ല . 

എന്റെ മനുഷ്യാ  അത്  പണിക്കാർക്കെങ്ങാനും കൊടുത്താലോയെന്ന് ശാരദേടത്തിയാ ആ   അഭിപ്രായം ഭാസ്കരേട്ടനോട് പറഞ്ഞത്  .

എടീ  നായക്കൾക്ക്  കൊടുക്കുന്ന സാധനമാണോ പണിക്കാർക്ക് തിന്നാൻ  കൊടുക്കണത് ? .

അത്  മനുഷ്യർക്കും തിന്നാം ഒന്നും സംഭവിക്കില്ലെന്നാ ശാരദേടത്തി മറുപടി  പറഞ്ഞത് .

ഇവൾക്കിതെവിടാന്നാ ഇത്രേം വല്യ പരിജ്ഞാനമെന്നാ  ഭാസ്കരേട്ടൻ ആലോചിച്ചത്  .   

നമ്മുടെ  കൊപ്ര പൊതിക്കാൻ  വരുന്ന മുരുകന്റെ അമ്മാവൻ മുത്തുപ്പാണ്ടിക്ക് കൊടുത്താലോയെന്നുള്ള ശാരദേടത്തിയുടെ ആ ആശയത്തെ   ഭാസ്കരേട്ടൻ മുളയിലേ നുള്ളി . 

 മുത്തുപ്പാണ്ടിയെ കണ്ടാ തന്നെ പേടിയാവും,  ഒരു ആറ് ആറരയടി പൊക്കമുള്ള  ആജാനുബാഹു മീശയുടെ രണ്ടറ്റവും കൃതാവുമായി കെട്ടിപ്പിണഞ്ഞ് തലയിലോട്ട് കേറിപ്പോയിരിക്കുന്നു. രണ്ട് വലിയ  ഉണ്ട കണ്ണുകൾ അതാണെങ്കിൽ എപ്പോഴും ചുവന്നിരിക്കും  . 

 തമിഴൻമാരല്ലേ പറഞ്ഞ കൂലിയുടെ പകുതി പറഞ്ഞാ മതിയെന്നും തീരുമാനിച്ച് പുറത്തേക്ക് പോയ ഭാസ്കരേട്ടൻ മുത്തുപ്പാണ്ടിയെ കണ്ടതോടെ ഒന്നും മിണ്ടാൻ നിക്കാതെ മുത്തുപ്പാണ്ടി  ചോദിച്ച കൂലിക്ക് സമ്മതിക്കുകയായിരുന്നു .

സംഗതി പെഡിഗ്രി തിന്ന് മുത്തുപ്പാണ്ടിക്ക്   എന്തെങ്കിലും  പറ്റിയാ മുത്തുപ്പാണ്ടിയുടെ ഇടി കൊണ്ട് താൻ ചാവും.  മുത്തുപ്പാണ്ടി കൊപ്രക്ക് പകരം തന്നെയാവും  പൊതിക്കാ.  ഇവൾക്കൊന്നും  പേടിക്കാനില്ല പെഡിഗ്രി കൊണ്ടുവന്നത് താനാണെന്ന് ഇവൾ പറയേം ചെയ്യും.

ഇനിയെങ്ങാനും മുത്തുപ്പാണ്ടി പെഡിഗ്രി തിന്ന് തൂറാൻ നിന്നാ.., ആ ശരീരത്തിന്റ വലിപ്പം വെച്ച് നോക്കിയാ  ഇവിടെയൊരു  പ്രളയമാവും സംഭവിക്കാ  ആവശ്യമില്ലാത്ത പൊല്ലാപ്പ് എടുത്ത് തലയിൽ വെക്കണോ ? 

അത് വേണ്ടടി തമിഴന്മാർക്കത്  വയറിനു പിടിക്കത്തില്ലെന്നും പറഞ്ഞ് ഭാസ്ക്കരേട്ടനാ ആശയത്തെ  തന്ത്രപൂർവ്വം ഒഴിവാക്കി സ്വന്തം സുരക്ഷിത്വത്വം ഉറപ്പാക്കി .

എന്നാ നമുക്കത്  തടം കോരാൻ വരുന്ന  കണാരനു കൊടുക്കാമെന്ന് ശാരദേടത്തി  പറയുകയും ഭാസ്കരേട്ടനത്  സ്വീകാര്യമായി തോന്നുകയും  ചെയ്തു 

ഇനിയെങ്ങാനും  കണാരനൊരു  അക്രമത്തിന് മുതിർന്നാലും തനിക്കു പിടിച്ചു നിൽക്കാമെന്നുളള ഒരു വിശ്വാസം ഭാസ്കരേട്ടന് ഉണ്ടായിരുന്നു . 

 അതുവരെ കഞ്ഞിമാത്രം കുടിച്ചിരുന്ന  കണാരൻ ആ  പെഡിഗ്രി സന്തോഷ പൂർവ്വം  തിന്നുകയും , തനിക്ക് ഗൾഫിൽ നിന്നും കൊണ്ട് വന്ന ആ  വിശിഷ്ട ഭോജനം തന്നതിന്റെ  സന്തോഷ സൂചകമായി രണ്ടു തെങ്ങിന്റെ തടം ഫ്രീയായി കോരിക്കൊടുക്കുകയും ചെയ്തു . 

കണാരന്റെ ആ തീറ്റ കണ്ട് ഡിങ്കു കണ്ണടച്ചു കിടക്കുകയും   ഇവനൊരു കണാരൻ തന്നെയെന്ന് ഉള്ളിൽ  പറയുകയും ചെയ്തു . പെഡിഗ്രി തിന്ന അടുത്ത നിമിഷം  കണാരൻ തൂറി ചാവുമെന്നുള്ള പ്രതീക്ഷയിൽ മണികണ്ഠൻ പൂച്ച ഏറെ  നേരം കാത്തു നിന്നെങ്കിലും ഒന്നും സംഭവിച്ചില്ല . ഇവനൊരു സംഭവം തന്നെയെന്ന് അതോടെ  മണികണ്ഠനും  ആശ്ചര്യം തോന്നി. 

അതോടൊപ്പം  ആ പാവത്തിനെ രക്ഷിച്ചുകൊള്ളണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കേം ചെയ്തു .

റോമു കുറെ നേരം കണാരന്റെ മൂടിന്റെ ഭാഗത്തേക്ക് ശ്രദ്ധിച്ചു നിന്നു  അവിടെ നിന്നും  അപ്രതീക്ഷിത സംഭവ വികാസങ്ങൾ എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ചു കൊണ്ടാ അവൻ  കിടന്നത് 

എന്റെ മനുഷ്യാ, ആ കണാരൻ അത്  മുഴുവനും അടിച്ചു കേറ്റിയല്ലോ? 

എന്തെങ്കിലും പറ്റോയെന്ന പേടിയിൽ ശാരദേടത്തിയും ഇടക്കിടക്ക് എത്തി നോക്കിയെങ്കിലും കണാരന് ഒന്നും തന്നെ സംഭവിച്ചില്ല.  ഇനീം വരുമ്പോ ഇത്  കൊണ്ട് വരണേ ഭാസ്‌കരേട്ടായെന്ന് കണാരൻ പറഞ്ഞതു കേട്ട് ഭാസ്കരേട്ടനും , ശാരദേടത്തിയും ഞെട്ടുകയും ചെയ്തു .

ഇവൻ ശരിക്കുമൊരു   കണാരൻ തന്നെയെന്നാ ഭാസ്കരേട്ടൻ മനസ്സിൽ പറഞ്ഞത് . അതോടൊപ്പം സ്വപ്നത്തിൽ ഡ്രാക്കുള തന്നെ വിളിച്ചതും ഭാസ്കരേട്ടന് ഓർമ്മ വന്നു. 

ഏതായാലും ഒന്നും സംഭവിക്കാതെ  അടുത്ത ദിവസവും കണാരൻ ജോലിക്ക് വരുകയും പതിവിലധികം ഉന്മേഷത്തോടെ തെങ്ങിൻെറയും കവുങ്ങിൻറെയും തടം കോരുകയും ചെയ്തു . 

ചേടത്തി ഇന്നലത്തെ ആ  സാധനമുണ്ടോ അത് കഴിച്ചപ്പോ നല്ല ഉഷാറുണ്ടെന്നാ കണാരൻ പറഞ്ഞത് . ഏതായാലും ഡിങ്കുവിന് കൊണ്ടുവന്ന പെഡിഗ്രി മുഴുവൻ കണാരൻ തിന്നു തീർക്കുകയും ഒരു അത്ഭുത മനുഷ്യനെന്ന പോലെ  ഡിങ്കു ആശ്ചര്യത്തോടെ കണാരനെ നോക്കുകയും ചെയ്തു . ഇനിയിത് തൂറാത്ത മനുഷ്യനെങ്ങാനും ആണൊന്നായിരുന്നു ഡിങ്കുവിന്റെ സംശയം .

തനിക്ക് പ്രത്യേക ശാപ്പാട് ഭാസ്കരേട്ടന്റെ വീട്ടിൽ നിന്നും തന്നുവെന്നുള്ളത് കണാരൻ ലോകം മുഴുവൻ വിളിച്ചു പറഞ്ഞു  . ഒരു മൈക്കുണ്ടായിരുന്നുവെങ്കിൽ അവൻ  അടുത്ത ഗ്രാമത്തിലേക്കും അതിന്റെ ഖ്യാതി കണാരൻ എത്തിച്ചേനേ .

എന്റെ  ഭാസ്കരാ എന്തൂട്ടാ നീ കണാരന് കൊടുത്തേ  ആയിരം നാവിലാണല്ലോ അവനത് പറഞ്ഞു നടക്കണേ ? . 

പാക്കാരൻ ചേട്ടന്റെയാ  ചോദ്യത്തിന് കോൺഫ്ലെക്‌സാണെന്നാ ഭാസ്കരേട്ടൻ മറുപടി  പറഞ്ഞത് .

അതെന്തൂട്ടാ സാധനം ഭാസ്കരാ?.

അതൊരു ഭക്ഷണാ. 

അതൊരു ഭക്ഷണമാണെന്ന് എനിക്കറിയാം അല്ലാതെ നീയവന് ചിരട്ട  കൊടുക്കില്ലല്ലോ.  പാക്കരൻ ചേട്ടന്റെയാ  മറുപടി ഭാസ്കരേട്ടന് തീരെ ഇഷ്ടപ്പെട്ടില്ല . 

താൻ പറഞ്ഞത് അല്പം ഗർവ്വുത്തരമായോ എന്നുള്ളത് ഭാസ്കരേട്ടന്റെ മുഖം കണ്ടതോടെ പാക്കരൻ ചേട്ടന് തോന്നുകയും  അതൊരുപക്ഷേ തനിക്ക് ഭാസ്കരൻ  തരുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണെങ്കിൽ അതിനു വിലങ്ങു തടിയായി മാറുകയും ചെയ്യുമെന്ന  പേടിയുള്ളതു കൊണ്ടും  ഞാനൊരു തമാശ പറഞ്ഞതാണെന്നും പറഞ്ഞ്, പാക്കരൻ ചേട്ടൻ  തമാശയല്ലാത്ത ആ  തമാശയെ തമാശയാക്കി മാറ്റി . അതോടൊപ്പം അലമാരയുടെ  അടിയിൽ നിന്നും ഒരു  വടയെടുത്ത് ഭാസ്കരേട്ടന്  കൊടുക്കുകയും ചെയ്തു .

സാധാരണ പാക്കരൻ ചേട്ടൻ അടിയിലിടുന്ന വടകൾ പുതിയതും മുകളിലുള്ളത് പഴയതുമായിരിക്കും . ഇത് പാക്കരൻ ചേട്ടനും വടകൾക്കും മാത്രമറിയാവുന്ന രഹസ്യമാണ്.

ഏതായാലും പാക്കരൻ ചേട്ടന്റെ പ്രതീക്ഷയെ ആസ്ഥാനത്താക്കിക്കൊണ്ട് ഒന്നും പറയാതെ  ഭാസ്ക്കരേട്ടൻ എണീറ്റു പോയതോടെ അടിയിലുള്ള ആ വട കൊടുക്കേണ്ടിയില്ലായിരുന്നുവെന്ന് പാക്കരൻ ചേട്ടന് തോന്നി . 

ഈ കാലഘട്ടത്തിലായിരുന്നു ഞങ്ങളുടെ ഗ്രാമത്തിൽ  പൂരം വരുന്നതും അവറാൻ ചേട്ടനെ പോലീസ് പൊക്കുന്നതും . പൂരം ആഘോഷ കമ്മിറ്റിയിലെ അംഗമായിരുന്ന അവറാൻ ചേട്ടൻ രാവിലെ തൊട്ട് തന്നെ ആഘോഷ പരിപാടികൾ ആരംഭിക്കുകയും ഏതാണ്ട് ഉച്ചയോടെ അത്  മൂർദ്ധന്യത്തിൽ എത്തുകയും ഒരു വരത്തനുമായി തല്ലുണ്ടാക്കുകയും ചെയ്തു . 

ആ പാവം ഒരു ഓരത്തിരുന്ന് പൂരം കാണുമ്പോൾ യാതൊരു പ്രകോപനവുമില്ലാതെ അവറാൻ ചേട്ടൻ അങ്ങോട്ട് അതിക്രമിച്ചു കയറുകയായിരുന്നു എന്നുള്ളതായിരുന്നു സത്യം . 

എന്തോ,  അയാളെ കണ്ടപ്പോ അവറാൻ ചേട്ടനേക്കാളുപരി അവറാൻ ചേട്ടന്റെ ഉള്ളിൽ കിടക്കുന്ന കള്ളിന് പിടിക്കാതാവുകയും , വെറുതേ പോയി ഇവിടെ നിക്കാൻ പാടില്ലെന്ന് അലറുകയും, അയാളുമായി  കോർക്കുകയുമായിരുന്നു .

അതെന്താ ഇവിടെ നിന്നാലെന്നുള്ള അയാളുടെ മറു ചോദ്യം കേട്ട് അവറാൻ ചേട്ടനേക്കാൾ അധികമായി  കള്ളിനു ദേഷ്യം വരുകയും അത് അവറാൻ ചേട്ടനോട് ആക്രോശിക്കാൻ പറയുകയുമായിരുന്നു . 

 ഇവിടെ നിക്കാൻ പാടില്ല .

അത് പറയാൻ നിങ്ങളാരാ? 

ആ നിങ്ങളാരാ എന്നുള്ള ചോദ്യം അവറാൻ ചേട്ടനേയും അതിലുപരി അവറാൻ ചേട്ടന്റെ ഉള്ളിൽ കിടക്കുന്ന കള്ളിനേയും പ്രകോപിപ്പിച്ചു.

ഞാൻ കമ്മിറ്റിയാടാ നായിന്റെ മോനേന്ന് അലറിക്കൊണ്ട് അവറാൻ ചേട്ടൻ അയാളെ പിടിച്ച് ഒറ്റ തള്ളായിരുന്നു.  

എടാ.., നിനക്കെന്നെ മനസ്സിലായോ ? 

അയാൾ അലറി 

ആ അലർച്ച അവറാൻ ചേട്ടനെ പ്രകോപിപ്പിച്ചു  നിനക്ക് എന്നെ മനസ്സിലായോടാ നായിന്റെ മോനേന്ന്  അവറാൻ ചേട്ടൻ തിരിച്ചലറി. 

എടാ റാസ്‌ക്കൽ .. അതൊരു ഗർജ്ജനമായിരുന്നു 

ആ ഗർജ്ജനം  കേട്ട് പൂരപ്പറമ്പ് വിറച്ചു , അവറാൻ ചേട്ടൻ നിന്ന നില്പിൽ ഒന്ന് ഞെട്ടി. ഇത്രേം വലിയ അലർച്ച അവറാൻ ചേട്ടൻ പ്രതീക്ഷിച്ചില്ലായിരുന്നു. അടുത്ത നിമിഷം അയാൾ തന്റെ തലേക്കെട്ട് അഴിച്ചു മാറ്റി പാവം പോലെ കിടന്ന മീശയെ മുകളിലേക്ക് തിരിച്ചു വെച്ചു  ആ ഭാവമാറ്റം കണ്ട് അവറാൻ ചേട്ടൻ വിറച്ചു. 

എന്നെ മനസ്സിലായോടെ നായിന്റെ മോനെ?

സൂക്ഷിച്ചു നോക്കിയ അവറാൻ ചേട്ടൻ ഉള്ളിൽ കരഞ്ഞു ഇടിയൻ ജോണിയുടെ ഛായ 

കർത്താവേ ഇടിയാൻ ജോണി ...

മനസ്സിലായില്ല ...,സാറേ ..,

 സംഗതി കൈയ്യീന്ന് പോയെന്ന് മനസ്സിലായതോടെ അവറാൻ ചേട്ടനെ അവറാൻ ചേട്ടന്റെ ഉള്ളിലുള്ള കള്ള് കൈയ്യൊഴിഞ്ഞു അതോടെ അവറാൻ ചേട്ടൻ വിക്കി.  

 ചുറ്റിലും  വിസിലടി കേട്ട് അവറാൻ ചേട്ടൻ നിന്ന് വിറച്ചു . 

അടുത്ത നിമിഷം താഴേക്കിടന്നയാൾ അലറി ..,പിടിക്കവനെ . 

വെറുതെയിരുന്ന് പൂരം കണ്ട സിംഹത്തിന്റെ വായിലാണ്  താൻ കോലിട്ട് കുത്തിയതെന്ന്  തിരിച്ചറിഞ്ഞ  അവറാൻ ചേട്ടൻ സ്പ്രിന്റോടി   .

എന്റെ കർത്താവേ താൻ തള്ളിയിട്ടത് ഇടിയന്റെ ഛായ ഉള്ള ആരെങ്കിലും ആയിരിക്കണമേയെന്ന് അവറാൻ ചേട്ടൻ ആ ഓട്ടത്തിനിടയിലും  ഉള്ളുരുകി പ്രാർത്ഥിച്ചു .

അത് ഇടിയനല്ല.

പിന്നെ ആര്?   

കാക്കിഷർട്ടിട്ട ഏതെങ്കിലും ബാന്റ് സെറ്റുകാരായിരിക്കുമെന്ന്  അവറാൻ ചേട്ടൻ സ്വയം സമാധാനിപ്പിച്ചു .

ബാന്റു സെറ്റുകാർക്ക് കാക്കി ഷർട്ടുണ്ടോ ? 

അതെന്താ ബാന്റ് സെറ്റ്കാർക്ക് കാക്കി ഷർട്ടിട്ടൂടെ ? അങ്ങനെ സ്വയം  ആശ്വസിച്ച് അവറാൻ ചേട്ടൻ ഓടിയെങ്കിലും ആ ആശ്വാസം അധികനേരം നീണ്ടു നിന്നില്ലെന്നുള്ളതായിരുന്നു സത്യം .

ചായക്കടയിൽ ഒളിച്ചിരിക്കായിരുന്ന അവറാൻ ചേട്ടനെ തേടി പ്രേക്ഷിതൻ സുകു എത്തുകയും എന്റെ ചേട്ടാ എന്ത് പോക്രിത്തരമാണ് കാണിച്ചതെന്ന് ചോദിക്കുകയും ചെയ്തത്   .

എന്റെ ചേട്ടാ  ഇടിയൻ ജോണിയെയാ   നിങ്ങൾ  തള്ളിയിട്ടത്  വേഷം മാറി വന്നതായിരുന്നു . ഇന്ന് അവറാൻ ചേട്ടനെ അയാള് ഉരുട്ടിക്കൊല്ലും.

സുകുവത് പറഞ്ഞു തീരലും  ഏറു കൊണ്ട പട്ടി കൂവുന്നത്പോലൊരു കൂവൽ കേട്ട് എല്ലാവരും ഞെട്ടുകയും ചെയ്തു  . 

അവറാൻ ചേട്ടൻ കരഞ്ഞാതായിരുന്നൂവത് .

എന്റെ അവറാനെ എനിക്ക് കട അടക്കണം . ഇടിയനെ തള്ളിയിട്ടാണ് അവറാൻ ചേട്ടൻ തന്റെ കടയിലേക്ക്  ഓടിക്കേറി വന്നിരിക്കുന്നതെന്നറിഞ്ഞതോടെ പാക്കരൻ ചേട്ടന്റെ വലിവ് കൂടുകയും വിറ അധികരിക്കുകയും ചെയ്തു . . അവറാനെ പൊക്കുന്ന കൂട്ടത്തിൽ അവറാനെ ഒളിപ്പിച്ചു എന്ന കുറ്റത്തിന്  തനിക്കും കുറേ ഇടി ഞാന്നു കിടക്കുന്നത് പാക്കരൻ ചേട്ടൻ മനക്കണ്ണിൽ കണ്ടു .

അത്രേം ഇടി കൊള്ളാനുള്ള കെൽപൊന്നും തനിക്കില്ല .

താൻ ഒളിപ്പിച്ചതല്ല എന്ന് പറഞ്ഞാലൊന്നും ഇടിയൻ വിശ്വസിക്കത്തില്ല .

എന്റെ അവറാനെ എനിക്ക് കട അടക്കണം .

എന്നാ  ഞാൻ വറീതിന്റെ ഷാപ്പിലോട്ട് പോകാമെന്നും  പറഞ്ഞ് അവറാൻ ചേട്ടൻ അകത്തേക്കോടിയതും പാക്കരൻ ചേട്ടൻ പുറത്തേക്കോടിയതും ഒരുമിച്ചായിരുന്നു . 

അല്ല താനെന്തിനാ ഓടുന്നത് ?

ആ ..നാ ..., നാ .. നാ ... വിക്കുകൊണ്ടും വിറ കൊണ്ടും നായിന്റെ മോനേന്നുള്ള ഫുൾ രൂപം പുറത്തേക്ക് വിടാനാകാതെ പാക്കരൻ ചേട്ടൻ കിതച്ചു . നായെന്നുള്ള വിളി തന്നോടായിരിക്കുമെന്നുള്ള സംശയത്തിൽ റോമു ഓടിച്ചെല്ലുകയും. . പെട്ടെന്ന് തനിക്ക് തിന്നാൻ എന്തെങ്കിലും തരൂന്നുള്ള പാക്കരൻ ചേട്ടന്റെ മനസ്സിനെ സന്തോഷിപ്പിക്കാനായി രണ്ടു നക്കു നക്കുകയും ചെയ്തു .

പോ ശവമേ ... സ്നേഹം പ്രകടിപ്പിക്കാൻ കണ്ട സമയമെന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ ഒരു തൊഴി വെച്ചു കൊടുക്കുകയും ചെയ്തു . ഈ സമയത്താണ് ഡിങ്കുവുമായി ഭാസ്കരേട്ടൻ അങ്ങോട്ട് വരുന്നതും . 

മണികണ്ഠനു , ഡിങ്കുവിനെ കണ്ടതോടെ അപ്പിയിടാൻ മുട്ടുകയും ഓടുകയും ചെയ്തു .

പൂരത്തിന്റെ അന്ന്  ഡിങ്കുവിനെയും  പിടിച്ച് നാലാളുകൾ കാൺകെ ഭാസ്കരേട്ടൻ നടക്കാറുള്ളത് പതിവാ . ഏതാണ്ട് ഇതേ സമയത്തു തന്നെയായിരുന്നു എവിടെ അവറാൻ എന്ന് അട്ടഹസിച്ചു കൊണ്ട് ഇടിയന്റെ ജീപ്പ്,  പാക്കരൻ ചേട്ടന്റെ കടക്കു മുന്നിൽ ആർത്തലച്ചു വന്നു നിന്നത് .  

എവിടെ അവറാൻ ?

ഇടിയന്റെ ആ അലർച്ച കേട്ടതോടെ  പാക്കരൻ ചേട്ടനും, അവറാൻ ചേട്ടനും ഒരുമിച്ച് മുള്ളി.

പാക്കരൻ ചേട്ടന്റെ കൈകൾ പാക്കരൻ ചേട്ടന്റെ അനുവാദത്തിനു മുന്നേ തന്നേ അകത്തേക്ക് കൈ ചൂണ്ടി . വലിവു കൂടിയ പാക്കരൻ ചേട്ടൻ കൈ ഉയർത്തുന്നതിനു മുന്നേ ഇടിയന്റെ ഇടി വന്നാലോന്നുള്ള പേടിയിലാണ് കൈകൾ താനേ പൊന്തിയത് ..

എടാ...ന്നാലറിക്കൊണ്ട് ഇടിയൻ അകത്തേക്കോടിയതും  അയ്യോ ന്നലറിക്കൊണ്ട് അവറാൻ ചേട്ടൻ പുറത്തേക്കോടിയതും ഒരുമിച്ചായിരുന്നു .

സംഗതി പന്തികേടാണെന്ന് മനസ്സിലായ ഭാസ്കരേട്ടൻ പതുക്കെ ഡിങ്കുവിനെയും വലിച്ചു കൊണ്ട് ഒന്നു മറിയാത്ത പോലെ നടന്നു . ചായ കുടിക്കാൻ വന്ന ഭാസ്കരേട്ടൻ ഒന്നും കഴിക്കാതെ തിരിച്ചു പോകുന്നത് കണ്ട് ഡിങ്കു  ഒന്ന് മസം പിടിച്ചു നിന്നെങ്കിലും പരട്ടു നായയെന്നും പറഞ്ഞ് ഭാസ്കരേട്ടൻ ഒരു ചവിട്ട്  കൊടുത്തതോടെ ഡിങ്കു ഓടി .

ഒരു പരിപ്പുവട കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവൻ ബലം പിടിച്ചു  നിന്നത് .

അങ്ങനെ ആ ഓട്ട പ്രദക്ഷിണത്തിനൊടുവിൽ അവറാൻ ചേട്ടനെ പോലീസുകാർ പോക്കുകയും, സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു .



     




















  

0 അഭിപ്രായങ്ങള്‍