ഗൾഫുകാരൻ ഭാസ്കരേട്ടനും , കറവക്കാരൻ മത്തായിയും
ഗൾഫുകാരൻ ഭാസ്കരേട്ടനും , കറവക്കാരൻ മത്തായിയും തമ്മിൽ പൊരിഞ്ഞ വഴക്കെന്നും അലമുറയിട്ടോണ്ടാ പ്രേക്ഷിതൻ സുകു, പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് ഓടിക്കേറി വന്നത് .
ഭാസ്കരേട്ടന്റെ അയൽക്കാരൻ, ലോനപ്പേട്ടന്റെ വീട്ടിലേക്ക് പ്രാർത്ഥിക്കാനായി പോയതായിരുന്നു സുകു .
ലോനപ്പേട്ടന് എന്നും അസുഖമാണെന്നും പറഞ്ഞ് ഭാര്യ കത്രീനടത്തി സുകുവിന്റെ അടുത്ത് വന്ന് കരഞ്ഞ് പറഞ്ഞിട്ടാ സുകു പ്രാർത്ഥിക്കാൻ ചെന്നത്.
അസുഖമുള്ളിടത്ത് ഞാൻ തൊട്ടു പ്രാർത്ഥിക്കണമെന്നും പറഞ്ഞ് സുകു കണ്ണടച്ചു നിന്നു.
എന്നാ തൊട്ടോളാൻ പറഞ്ഞ് ലോനപ്പേട്ടൻ പശു അമറുന്നത് പോലെ അമറിയപ്പോഴാ സുകു കണ്ണു തുറന്നത് .
രണ്ടു പാറക്കല്ലുകൾ തന്റെ മുഖത്തിനു നേരെ നീണ്ടു നിൽക്കുന്നത് കണ്ട് സുകു ഞെട്ടി. പിന്ന്യാ മനസ്സിലായത് അത് പാറക്കല്ലുകളല്ല , പാറക്കല്ലുകൾ പോലെയുള്ള ലോനപ്പേട്ടന്റെ പ്രിഷ്ട്ടങ്ങളാണ് തന്റെ മുഖത്തിനു നേരെ നിൽക്കുന്നതെന്ന് .
പ്രാർത്ഥനക്കു പകരം മുട്ടൻ തെറിയാ സുകു വിളിച്ചത് ആ തെറിവിളി കേട്ട് ലോനപ്പേട്ടനും, ഭാര്യ കത്രീനേടത്തിയും, ലോനപ്പേട്ടന്റെ പൃഷ്ഠങ്ങളും, അപ്പാപ്പന്റെ കുണ്ടിയുടെ അടുത്ത് വാ പൊളിച്ചു നിന്ന മോളുടെ മോൻ വാറുവും ഞെട്ടി.
എന്ത് വൃത്തികേടാണ് ലോനപ്പേട്ടാ നിങ്ങളീ കാണിക്കണേന്നും ചോദിച്ച് സുകു ചീറി .
നീയല്ലേടാ സുകോ പറഞ്ഞത് തൊട്ടു പ്രാർത്ഥിച്ചാലെ ശരിയാകത്തൊള്ളോന്ന്.
അതിനു നിങ്ങളുടെ ഊരയാണോ കാണിക്കാ ?
ഊരേമ്മേ കുരുവുള്ളതിന് പിന്നെ മോന്തായം കാണിച്ചു തന്നാ മതിയോന്നും ചോദിച്ച് ലോനപ്പേട്ടനും ചീറി .
അത് കേട്ട് സുകു കണ്ണുമിഴിച്ചു , ഇയാളുടെ മുന്നാമ്പുറത്ത് കുരു വരാഞ്ഞത് തന്റെ ഭാഗ്യമെന്നും കരുതിയാ സുകു പോന്നത് .
ആയ് അപ്പൊ നീ പ്രാർത്ഥിക്കണില്ലെടാ ?
നിങ്ങളാ പാറമേ ചന്തിയിട്ട് ഉരച്ചാ മതിയെന്നും പറഞ്ഞു സുകു അലറി .
അവൻ പോണെങ്കീ പോട്ടെ മനുഷ്യാ ഞാൻ പോയി പീലിപ്പോസച്ചനെ വിളിച്ചോണ്ട് വരാം . ഇതിനിടയിൽ അത്ഭുതം മൂത്ത വാറു പോയി അപ്പാപ്പന്റെ കുരുമേ ഒരു ഞെക്ക് കൊടുത്തു .
നിന്ന നിൽപ്പിൽ ലോനപ്പേട്ടൻ ഒരു ചാട്ടം ചാടി വാറുവിന്റെ ചന്തിക്കിട്ട് ഒന്നു പൊടിക്കേം ചെയ്തു.
നാശം പിടിച്ച ചെക്കൻ.
അന്നു രാത്രീ പീലിപ്പോസച്ചൻ ഒരു ദുഃസ്വപ്നം കണ്ട് ഞെട്ടിയുണർന്നു . കപ്യാരോട് അതേപ്പറ്റി പറയേം ചെയ്തു .
എന്ത് സ്വപ്നാ അച്ചൻ കണ്ടേ ?
ഒരു മഹാമാരി അലയടിച്ചു വന്ന് എന്നെ കൊണ്ട് പോയെന്നും പറഞ്ഞ് അച്ചൻ വിങ്ങി.
അത് നന്നായൊള്ളോന്ന് കപ്യാര് ഈനാശു ചേട്ടൻ മനസ്സിൽ പറഞ്ഞെങ്കിലും പുറമേക്ക് പറഞ്ഞത് മറ്റൊന്നായിരുന്നു .
അതൊക്കെ ഒരു സ്വപ്നല്ലേ അച്ചോ?
എന്നാലും എന്നോടിത് വേണ്ടായിരുന്നെന്നും പറഞ്ഞ് പീലിപ്പോസച്ചൻ അച്ചൻ കർത്താവിന്റെ രൂപം നോക്കി പരിഭവം പറഞ്ഞു കരഞ്ഞു .
എന്തിനാടാ പീലിപ്പോസെ വെറുതെയെന്നെ കുറ്റം പറയണെന്ന് കർത്താവ് മനസ്സിൽ പറഞ്ഞെങ്കിലും പുറമെ മിണ്ടിയില്ല.
സുകു , അവിടന്ന് പോരുന്ന വഴിക്കാ ഭാസ്കരേട്ടനും, മത്തായിയും തമ്മിലുള്ള വഴക്ക് കണ്ടതും മധ്യസ്ഥം പറയാൻ നിന്നതും . ഇന്ന് ആകെ വഴക്കുകളാണല്ലോയെന്ന് മനസ്സിൽ പറയേം ചെയ്തു .
ഏറെ ശ്രമിച്ചിട്ടും, രണ്ടുപേരും തമ്മിലുള്ള വഴക്ക് തീർക്കാൻ പറ്റാണ്ടായപ്പോഴാ സുകു, കടയിലേക്ക് സഹായത്തിനായി പാഞ്ഞു വന്നത്.
അടി പൊട്ടുന്ന ഘട്ടം വരെ എത്തിയിരിക്കുന്നുവെന്നാ സുകുവിന്റെ ഭാഷ്യം .
എല്ലാവരും ഓടിച്ചെല്ലുമ്പോ സംഗതി സത്യാ. നല്ല പൊരിഞ്ഞ വഴക്ക് രണ്ടുപേരും കത്തിക്കയറിക്കൊണ്ടിരിക്കാ . ആളുകൾ കൂടിയതോടെ ഭാസ്കരേട്ടനും , മത്തായിക്കും വീറും, വാശിയും കൂടി.
എന്റെ നാട്ടാരെ, നിങ്ങളിത് കേക്കണം ഈ നാറി പാലിൽ വെള്ളം ചേർത്താ വിക്കണത് അതിലും ഭേദം കാക്കാൻ പോണതല്ലേ ?.
ഗൾഫ് കാരൻ ഭാസ്കരേട്ടൻ ഒരു കുപ്പി പാല് നാട്ടുകാരുടെ മുന്നിൽ ഉയർത്തിക്കാണിച്ച് എല്ലാവരോടുമായി ചോദിച്ചു.
നാറിയെന്നുള്ള വിളി കേട്ടതോടെ മത്തായിയുടെ രക്തം തിളച്ചു. മത്തായിയെ മാത്രമല്ല മത്തായിയുടെ രക്തത്തേയും കേറിയാണ് ഭാസ്കരേട്ടൻ നാറിയെന്ന് വിളിച്ചതെന്നാ മത്തായിക്കും, രക്തത്തിനും തോന്നിയത് .
എടാ പരനാറി , പട്ടി കുശവാ , നായിന്റെ മോനെ .., മൈത്താണ്ടി കുംഭവയറാ, തണ്ണിമത്തമോറാ , പുണ്ടെ .., കുറച്ചു നാൾ തമിഴ്‌നാട്ടിൽ ജീവിച്ച പരിചയത്തിൽ തമിഴ് തെറികൾ കൂടി മത്തായി വെച്ചു കാച്ചി . നിഘണ്ടുവിൽ ഉള്ളതും ഇല്ലാത്തതുമായ തെറികളുടെ കെട്ടഴിച്ചതോടെ പകച്ചുപോയ ഭാസ്കരേട്ടൻ അതിലും വലിയ വാക്കുകൾക്കായി പരതിയെങ്കിലും പെട്ടെന്നുള്ള ആ ആക്രമണത്തിൽ ഒന്നും കണ്ടെത്താനാകാതെ വരുകയും ഭാര്യ ശാരദേടത്തിയെ നോക്കുകയും ചെയ്തു .
ഗൾഫിലുള്ള ഭാസ്കരേട്ടന് പെട്ടെന്ന് നാട്ടിലെ തെറികൾ ഒന്നും ഓർമ്മ വരുന്നില്ല, എന്നാ ഗൾഫിലെ തെറികൾ പറയാമെന്ന് വെച്ചാ അതും ഓർമ്മ വരുന്നില്ല .
അവസാനം ഭാസ്കരേട്ടൻ പല്ലും നാവും കടിച്ച് അറബി തന്നെ വിളിച്ച തെറി ഹിന്ദിയിലും, മലയാളത്തിലും വെച്ചു കാച്ചി .
എടാ... ഭാസ്കരാ ..,നായെ തും .., ബാപ്പ് .., ഉല്ലൂ കെ മൈരേ ...പട്ടീ .., ഭാസ്കരാ..
അതു കേട്ട് നാട്ടുകാരും , മത്തായിയും ഞെട്ടി ഇയാളെന്തിനാ സ്വയം തെറി വിളിക്കണത് . അബദ്ധം മനസ്സിലായ ഭാസ്കരേട്ടൻ ഒന്ന് പതറി ദേഷ്യത്തിൽ മത്തായിക്ക് പകരം തന്റെ പേരിൽ തെറി ചേർത്താ വിളിച്ചോണ്ടിരുന്നത്.
പൊട്ടൻ.., ഭാര്യ ശാരദേടത്തി പിറുപിറുത്തു.
വീണ്ടും വാക്കുകൾക്കായി ഭാസ്കരേട്ടൻ വിക്കിയെങ്കിലും .. രക്ഷയില്ലാതെ പതറി മുഖത്ത് ചേഷ്ടകൾ മാത്രമേ ഭാസ്കരേട്ടന് വരുന്നുള്ളു.
മത്തായിയുടെ വായിൽ നിന്ന് പ്രവഹിക്കുന്ന പോലെ അനർഘളം .., നിർഘളം തെറികളുടെ ഒഴുക്കുണ്ടാക്കാൻ ഭാസ്കരേട്ടന് കഴിയുന്നില്ല .
ഇയാളിത് എന്താണ് വിളിച്ചു കൂവുന്നതെന്നാ എല്ലാവർക്കും സംശയം തോന്നിയത് .
ഇതിലും നല്ല തെറികള് താൻ പറഞ്ഞു കൊടുത്തെനെല്ലോയെന്നാ അവറാൻ ചേട്ടൻ ചിന്തിച്ചത് .
ആ പെട്ടത്തലയന്റെ വാക്ക് കേട്ട് നിക്കാതെ നിങ്ങളാ പട്ടിയെ അഴിച്ചു വിട് മനുഷ്യാ അവനെ കടിച്ചു കൊല്ലട്ടെ . ഇങ്ങേരെക്കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് മനസ്സിലായതോടെയാ ശാരദേടത്തി ഇടപെട്ടത് .
തനിക്കും പെട്ടയുണ്ട്, മത്തായിക്കും പെട്ടയുണ്ട് ഇതിലേത് പെട്ടയുടെ കാര്യമാ ഇവള് ഉദ്ദേശിച്ചതെന്ന് ഒരു നിമിഷം ഭാസ്കരേട്ടന് സംശയം തോന്നിയെങ്കിലും പിന്നെയത് മാറി .
ശാരദേടത്തിയുടെ ആക്രോശം കേട്ട് മത്തായിയും ഡോബർമാൻ ഡിങ്കുവും ഒരുമിച്ച് ഞെട്ടി.
ഇങ്ങനെയൊരു ആക്രമണം മത്തായി പ്രതീക്ഷിച്ചിരുന്നതല്ല .
പെണ്ണുമ്പിള്ള പറഞ്ഞപോലെ നായയെ അഴിച്ചുവിട്ട് തന്നെ കടിപ്പിച്ച് കൊല്ലോ എന്നുള്ള ശങ്ക കൂടി ആ സമയം തന്നെ മത്തായിയുടെ ഉള്ളിൽ കൂടി കടന്നു പോയെങ്കിലും അതിന്റെ പ്രതിഫലനം മുഖത്തു കാണാതിരിക്കാൻ മത്തായി പല്ലു രണ്ടും കൂട്ടി കടിച്ചു .
പാവം പല്ലുകൾക്ക് മത്തായിയുടെ ആ കൂട്ടിക്കടി താങ്ങാനുള്ള ബലമില്ലാത്തതുകൊണ്ട് അതിലൊന്ന് പുറത്തേക്ക് ചാടുകയും ചെയ്തു .
ഈ വഴക്കിനടയിൽ ഇവനെന്താ കപ്പലണ്ടി തിന്നാണോയെന്നാ പാക്കരൻ ചേട്ടനതു കണ്ട് സംശയമായത് .
രണ്ടു പേരുടെയും വഴക്ക് കണ്ട് ആകെ ഭയന്നു വിറച്ചു നിൽപ്പായിരുന്ന ഡിങ്കുവിന്, ശാരദേടത്തിയുടെ ആക്രോശം കൂടി കേട്ടതോടെ വിറ ഒന്നു കൂടി..., കൂടി .
കൂട് തുറന്നുവിട്ടാ താൻ പോയി കടിക്കേണ്ടി വരും . മത്തായിയുടെ അരയിൽ തൂക്കിയിട്ടിരിക്കുന്ന പിച്ചാത്തിയിലായിരുന്നു ഡിങ്കുവിന്റെ കണ്ണ് . മത്തായതെടുത്ത് ഒരു താങ്ങു താങ്ങിയാൽ തന്റെ ഡോബർമാൻ ജീവിതം അതോടെ തീരും . പോയി കടിച്ചില്ലെങ്കിൽ അതോടെ ഇവിടത്തെ സുഖവാസവും തീരും .
സുഖവാസത്തേക്കാളും വലുതല്ലേ സ്വന്തം ജീവൻ ? മത്തായിയുടെ കുത്ത് കൊണ്ട് ചാവുന്നതിനേക്കാളും ഭേദം കൂട് തുറന്നവശം ഇറങ്ങി ഓടാം . എവിടെയെങ്കിലും തെണ്ടിത്തിരിഞ്ഞെങ്കിലും ജീവിക്കാം .
കൂട് തുറന്ന് വിടല്ലേയെന്നുള്ള ഡിങ്കുവിന്റെ പ്രാർത്ഥനക്ക് ഒരു വിലയും കൽപ്പിക്കാതെ ഭാസ്കരേട്ടൻ കൂടു തുറന്നു വിടാൻ വന്നതോടെ മത്തായി അരയിൽ നിന്നും പിച്ചാത്തിയൂരി .
എന്നാലും ഓടാൻ റെഡിയായിട്ടായിരുന്നു മത്തായി നിന്നിരുന്നത് . അത് മനസ്സിൽ പറയേം ചെയ്തു , നായയെ തുറന്നു വിട്ടാ ഞാൻ ഓടും..
മത്തായി, കത്തി ഊരിയതോടെ ഭാസ്കരേട്ടൻ മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കുകയും ഒരു ധൈര്യത്തിനായി ശാരദേടത്തിയെ നോക്കുകയും ചെയ്തു പക്ഷേ അതിനുള്ളിൽ ശാരദേടത്തി അകത്തു കയറി വാതിലടച്ചു കളഞ്ഞു .
ഭഗവാനേ .., ഈ മൂധേവി തന്നെ ഒറ്റക്കാക്കി വാതിലടച്ചോ ?
സപ്പോസ്..., മത്തായി കുത്താൻ വന്നാ വീടിനകത്തേക്കോടാനുള്ള, ഒരു പ്ലാൻ ബി കൂടി ഭാസ്കരേട്ടൻ മനസ്സിൽ കണ്ടിരുന്നു .
ഇനി പ്ലാൻ സി മാത്രമേയുള്ളൂ അത് എന്താന്ന് ഭാസ്കരേട്ടൻ ആലോചിച്ചു ,
പ്ലാൻ.., സി, അത് താൻ കുത്ത് കൊണ്ട് ചാവും .
ഗൾഫിലുള്ള അറബിയാണ് ഭാസ്കരേട്ടനെ പ്ലാൻ എ യും , ബിയും , സി യുമെല്ലാം പഠിപ്പിച്ചു കൊടുത്തത് .
കൂട് തുറക്കാൻ പോയ ഭാസ്കരേട്ടനോട് , എടാ ഭാസ്കരാ..അവിവേകം കാണിക്കല്ലടായെന്ന് പാക്കരൻ ചേട്ടൻ വിളിച്ചു പറയേം ചെയ്തു .
മത്തായിയെ കടിക്കുന്നതിലുപരി , തന്നെ കടിക്കുമോയെന്നുള്ള പേടിയിലായിരുന്നു പാക്കരൻ ചേട്ടൻ അങ്ങനെ പറഞ്ഞത് . എല്ലാവരും ഓടും തനിക്ക് ഈ വലിവും വെച്ച് ഓടാൻ പറ്റത്തില്ല. ഓടാൻ പറ്റാത്ത കാരണം തന്നെയാവും ആദ്യം കടിക്കാ . വെറുതെ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലായിരുന്നുവെന്ന് പാക്കരൻ ചേട്ടന് തോന്നി .
പക്ഷെ വഴക്കെന്ന് കേട്ടപ്പോ അത് കാണാൻ ഉള്ളിലൊരു തള്ളല് പക്ഷെ ഇങ്ങനെയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടോന്ന് വല്ലോർക്കും അറിയോ ?
ആ നായയെ കണ്ടാ തന്നെ പേടിയാകും, ഒരു പുലിയുടെ അത്രേം വലിപ്പമുള്ള നായ . പക്ഷെ അതിലും പേടിച്ചു വിറച്ചാ ഡിങ്കു നിക്കണത് . അവന്റെ ശരീരം മാത്രേമേ ഒരു ഡോബർമാന്റെതായുള്ളൂ, മനസ്സ് ഒരു അണ്ണാറകണ്ണെന്റെതായിരുന്നു .
കൂടു തുറന്നു വിട്ട് ഭാസ്കരേട്ടൻ അലറി, കടിച്ചു കൊല്ലെടാ ആ നായിന്റെ മോനെ .
അതോടെ നാട്ടുകാർ ഓടി പാക്കരൻ ചേട്ടൻ, അവറാൻ ചേട്ടന്റെ പുറകിലൊളിച്ചു. ഓടാൻ തിരിഞ്ഞ അവറാൻ ചേട്ടൻ തന്റെ പുറകിൽ മറ്റൊരാളെ കണ്ട് അലറി വിളിച്ചു .. അയ്യോ അത് കേട്ട് പാക്കരൻ ചേട്ടനും അലറി വിളിച്ചു അയ്യോ ..
ഡിങ്കു, വിറച്ചോണ്ട് നിൽക്കുകയാണ് .
ആകെയൊരു പരാക്രമം .., ഇതിനിടയിൽ ഡോബർമാനെ കണ്ട് പേടിച്ചോടിയ കപ്യാര് ഈനാശുച്ചേട്ടൻ വക്കില്ലാത്ത കിണറ്റിൽ വീണു .
എന്റെ കർത്താവേന്ന് ഈനാശു ചേട്ടൻ കിണറ്റിൽ കിടന്ന് ഓളിയിട്ടു.
കർത്താവേ .. കർത്താവേ ന്നുള്ള.. നിലവിളി കേട്ടാ പാക്കരൻ ചേട്ടൻ കിണറ്റിലേക്ക് എത്തിനോക്കിയത്.
അയ്യോ ദേ.., നമ്മുടെ ഈനാശു കിണറ്റിൽ വീണെന്നും പറഞ്ഞ്, പിന്നോട്ട് വെക്കുന്നതിനു പകരം തന്റെ കാലുകളെ മുന്നോട്ട് വെച്ച പാക്കരൻ ചേട്ടനും കിണറ്റിലേക്ക് വീണു .
എന്തിനാടാ പാക്കരാ നീ കിണറ്റിലേക്ക് ചാടിയത് ?
നിന്നെ രക്ഷിക്കാൻ വേണ്ടി ചാടിയതാടാ ഈനാശോ ?
ഒരു വിധത്തിലാ, നാട്ടുകാർ രണ്ടു പേരെയും വലിച്ചു കയറ്റിയത് . കയറു പൊട്ടുമോയെന്നുള്ള പേടിയിൽ പാക്കരൻ ചേട്ടനെയാ ആദ്യം ഈനാശു ചേട്ടൻ കേറ്റി വിട്ടത് . നീയല്ലേ ആദ്യം വീണത് നീ കേറിക്കോ ന്ന് പാക്കരൻ ചേട്ടൻ പറഞ്ഞെങ്കിലും, വേണ്ട പാക്കരാ നിനക്ക് വലിവുള്ളതല്ലേയെന്നും സ്നേഹത്തിൽ പറഞ്ഞാ ഈനാശു ചേട്ടൻ , പാക്കരൻ ചേട്ടനെ കേറ്റി വിട്ടത് .
ഇതിനിടയിൽ ഭാസ്കരേട്ടൻ കാണാതെ ഡിങ്കു പുറം തിരിഞ്ഞു നിൽക്കുന്ന മത്തായിയുടെ മൂട്ടിൽ രണ്ടു നക്ക്, നക്കിക്കൊടുത്തു . ഇനി തെറ്റിദ്ധരിച്ച് തന്നെ കുത്തിക്കൊല്ലേണ്ടെന്നു കരുതിയാണ് അവനാ സ്നേഹം പ്രകടിപ്പിച്ചത് , താൻ ശത്രുപക്ഷത്തല്ലെന്നു കാണിക്കുവാനും .
ഒരാഴ്ചയായിട്ടും കഴുകാത്ത ആ മുണ്ടിന്റെ മണം , ഡിങ്കുവിന് ശർദ്ധിക്കാൻ വന്നുവെങ്കിലും അതിലും വലുതല്ലേ ജീവനെന്നുള്ള ഒറ്റ പോയിന്റിൽ അവനതു കണ്ണടച്ചു സഹിച്ചു .
സാധാരണ മത്തായി കറക്കാൻ പോകുമ്പോ, അതിനു മാത്രമുള്ള മുണ്ടും ഷർട്ടുമാ ഇടാറ്. അതാണെങ്കിൽ ആഴ്ചയിൽ ഒരിക്കൽ കഴുകുന്നതും. മത്തായിയോട് സ്നേഹം പ്രകടിപ്പിക്കാനുള്ള തന്റെ മൂന്നാമത്തെ നക്കലോട് കൂടി ഡിങ്കു ബോധം കെട്ട് വീഴുകയും അത് ഭാസ്കരേട്ടൻ കാണുകയും ചെയ്തു .
ഭാസ്കരേട്ടൻ കരുതിയത് ഡിങ്കുവിനെ മത്തായി കുത്തിയതാണെന്നാ .
ഭാസ്കരൻ അണ്ണാ നായയെ മത്തായി അണ്ണാ കൊന്നു ..
തമിഴൻ മുരുകൻ നിലവിളിച്ചു വിളിച്ചു പറഞ്ഞതു കേട്ട് ഭാസ്കരേട്ടൻ നിന്ന നില്പിൽ വെട്ടി വിയർത്തു .
ഡിങ്കുവിനെ മത്തായി കുത്തിക്കൊന്നു അടുത്തത് തന്നെയാവും . ആരെങ്കിലും ഇടയിൽ കേറി സമാധാനം പറയാൻ വന്നിരുന്നെങ്കി നിരുപാധികം കീഴടങ്ങാമായിരുന്നു , പക്ഷെ ഒരാളും വരുന്നില്ല .
ഇത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് താൻ പെട്ടെന്ന് അടിയറവു പറഞ്ഞാ അത് വല്യ ക്ഷീണമാവും . ആ പാല് വാങ്ങി ചായ ഉണ്ടാക്കി കുടിച്ച് മിണ്ടാതിരുന്നാ മതിയായിരുന്നു . ആ മൂധേവിയുടെ വാക്ക് കേട്ടാ മത്തായിയുടെ മുന്നിൽ മൊട കാണിക്കാൻ ഇറങ്ങിയത് .
കണ്ട ഒരു പാവം പോലെയിരുന്ന ഇവനെങ്ങിനെയാ ഇത്ര പെട്ടെന്ന് ഒരു കാട്ടു പുലിയായി മാറിയതെന്നോർത്ത് ഭാസ്കരേട്ടന് ഒരെത്തും പിടിയും കിട്ടിയില്ല . ആരേല് പിച്ചാത്തിയുള്ളതും ഇപ്പോഴാണ് കാണുന്നത് .
തനിക്കും ഒരു പിച്ചാത്തി അരയിൽ തൂക്കിയിട്ടൊണ്ട് നടന്നാ മതിയായിരുന്നെന്നാ ഭാസ്കരേട്ടൻ ചിന്തിച്ചത്.
തന്റെ അരയിലും ഒരു പിച്ചാത്തിയുണ്ടല്ലോയെന്നാ ഭാസ്കരേട്ടൻ പിന്നെ ഓർത്തത് . ആ പിച്ചാത്തിയുടെ രൂപം മനസ്സിൽ തെളിഞ്ഞതോടെ ഭാസ്കരേട്ടന് നാണം വന്നു .
അത് പിച്ചാത്തിയല്ല പേനാക്കത്തിയാ.
താൻ ഗൾഫീന്ന് വന്നതല്ലേ എന്തെങ്കിലും പറഞ്ഞാ മത്തായി ബഹുമാന പുരസ്സം കേൾക്കുമെന്നാ കരുതിയത് . നാട്ടുകാരുടെ മുന്നിൽ തനിക്കതൊരു അഭിമാനവും ആയേനേ . ഇതിപ്പോ ഗൾഫീന്ന് വന്ന താൻ അവന്റെ അടികൊണ്ട് തല കറങ്ങി വീഴും . ഇവനിനി റൗഡിയായെങ്ങാനും മാറിയോ ?
ഇതെല്ലാം ഒപ്പിച്ച് വെച്ച് ശാരദേടത്തി അകത്തേക്ക് മുങ്ങുകയും ചെയ്തു .
തന്റെ മൂട്ടിൽ എന്തോ സംഭവിക്കുന്നത് പോലെ തോന്നിയാണ് മത്തായി ഞെട്ടിത്തിരിഞ്ഞു നോക്കിയത് . ഡിങ്കുവിനെ പിന്നിൽ കണ്ട മത്തായി നിന്ന നില്പിൽ ഒരു ചാട്ടം ചാടി ഈ പോങ്ങൻ നായ തന്റെ മൂട്ടിൽ വന്ന് എന്ത് കാണിക്കാന്നാ മത്തായി ചിന്തിച്ചത്.
ഈ സമയത്താണ്, പലചരക്കു കടക്കാരൻ സുധാകരേട്ടൻ ഒരു ദൈവദൂതനെപ്പോലെ കേറി വന്നത്.
എന്റെ മത്തായേ നീയൊന്നടങ്ങ് എന്തൂട്ടാണെങ്കിലും നമുക്കൊരു പോംവഴി ഉണ്ടാക്കാം . സുധാകരേട്ടൻ കേറി വന്നതോടെ അതിനു പുറകേ പിടിച്ച് പ്രേക്ഷിതൻ സുകുവും മുന്നോട്ട് വന്നു . സത്യത്തിൽ മത്തായിയുടെ കത്തി കണ്ടതോടെ സുകു മാറി നിക്കായിരുന്നു .
മത്തായിയെ പരിചയമുണ്ടെങ്കിലും കത്തിക്ക് തന്നെ പരിചയമില്ലാത്ത കാരണം വെറുതേ പോയി അതിന്റെ കുത്ത് വാങ്ങി വെക്കേണ്ടല്ലോ എന്ന് കരുതിയാണ് സുകു പിന്നോക്കം നിന്നത് .
എന്റെ സുധാകരാ ഞാൻ നല്ല പാലാ ഇവിടെ കൊടക്കണത് എന്നിട്ടും ഈ മരങ്ങോടൻ വെറുതെ കുത്തിത്തിരിപ്പുണ്ടാക്കാ .
ആ മരങ്ങോടൻ വിളി കേട്ടതോടെ ഭാസ്കരേട്ടന്റെ രക്തം തിളക്കുകയും കുംഭ വിറക്കുകയും ചെയ്തു . അത് തനിക്ക് കുത്ത് കൊള്ളാനുള്ള വിറയലാണെന്ന് മനസ്സിലായതോടെ ഭാസ്കരേട്ടന്റെ ബുദ്ധി ഭാസ്കരേട്ടനെ കേറി വട്ടം പിടിച്ചു .
ഭാസ്കരാ,. ഗൾഫീന്ന് വന്ന് ഒരാഴ്ചയേ ആയുള്ളൂ അതിനു മുന്നേ കുത്ത് കൊണ്ട് ചാവണോ ? അതോടെ ഭാസ്കരേട്ടന്റെയും കുംഭയുടേയും തുള്ളൽ നിൽക്കുകയും, ഭാസ്കരേട്ടൻ അകത്തേക്ക് കേറി പോവുകയും ചെയ്തു .
ആ മരങ്ങോടൻ വിളി കേട്ട് നാട്ടുകാർ മൊത്തം ചിരിച്ചു എന്തിന് ശാരദേടത്തിക്കടക്കം ചിരി വന്നു .
സുധാകരൻ പറഞ്ഞതുകൊണ്ട് മാത്രം നിന്നെ ഞാൻ വെറുതേ വിടുന്നെന്നും പറഞ്ഞാ ഭാസ്കരേട്ടൻ അകത്തേക്കോടിയത് . ചെന്ന വശം ശാരദേടത്തിക്കിട്ട് ഒന്ന് പൊടിക്കേം ചെയ്തു .
ആളെ കൊലക്ക് കൊടുത്ത് ഒളിച്ചു നിക്കാണോന്നും ചോദിച്ചാ പൊട്ടിച്ചത് .
ഞാൻ ഒളിച്ചു നിന്നതല്ലാ ഭാസ്കരേട്ടാ വെട്ടു കത്തി എടുക്കാൻ പോയതാ .
ഈശ്വരാ, ഇവൾ മനഃപൂർവ്വം തന്നെ കൊലക്ക് കൊടുക്കാനുള്ള പരിപാടിയുമായി നടക്കാണോന്നാ ഭാസ്കരേട്ടൻ മനസ്സിൽ പറഞ്ഞത് . പേടിച്ചു തൂറിയിരിക്കണ താൻ വെട്ടു കത്തി കൊണ്ട് എന്ത് കാട്ടാൻ ? അത് വാങ്ങി മത്തായി തന്നെ വെട്ടിയേനേ പിച്ചാത്തി കൊണ്ടാണെങ്കിൽ ചെറിയൊരു കുത്താവും കിട്ടാ വെട്ടുകത്തി ആണെങ്കി .., അതോർത്തതോടെ ഭാസ്കരേട്ടൻ അറിയാതെ അയ്യോ ..ന്ന് ഓളിയിട്ടു .
വെട്ടുകത്തിയുമായി തന്നെ കണ്ടിരുന്നെങ്കി മത്തായിയുടെ കോപം ഇരട്ടിക്കുകയും ചെയ്തേനേ . ഭാഗ്യം ഈ മൂധേവി അതെടുത്തു വരുന്നതിനുമുന്നെ അകത്തേക്ക് കേറിപ്പോരാൻ തോന്നിയത് .
അതീപ്പിന്നെ ഭാസ്കരേട്ടന്റെ വീട്ടിൽ പാൽ കൊടുക്കുന്ന പരിപാടി മത്തായി നിറുത്തി .
ഏകദേശം ഒരു മണിക്കൂറിനു ശേഷാ ഡിങ്കു കണ്ണു തുറന്നുത്. ചുറ്റും നോക്കി ആരെയും കാണാതായതോടെ അവൻ വേഗം കൂട്ടിലേക്ക് കേറി പോയി. മത്തായിയെ താൻ കടിച്ചു കൊന്നേനേയെന്ന് കാണിക്കാനായി അവൻ രണ്ടു കുര കുരച്ചു ഭാസ്കരേട്ടനെ അറിയിച്ചു .
നീ ചത്തിട്ടില്ലെന്ന് മനസ്സിലായെടാന്നാ ഭാസ്കരേട്ടൻ വിളിച്ചു കൂവിയത്.
ഈ മരങ്ങോടനെ വല്ലോടുത്തും കൊണ്ടോയി കളയാ നല്ലതെന്ന് ശാരദേടത്തി പറയണ കേട്ട് ഭാസ്കരേട്ടനും, ഡിങ്കുവും ഒരുമിച്ച് ഞെട്ടി.
ആ മരങ്ങോടൻ വിളി ആർക്കാണെന്ന് രണ്ടു പേർക്കും മനസ്സിലായില്ല .
നിങ്ങളെയല്ലാ മനുഷ്യാന്നും പറഞ്ഞ് ശാരദേടത്തി, ഭാസ്കരേട്ടന്റെ മൊട്ടത്തല തടവി . അത് കേട്ട് ഭാസ്കരേട്ടൻ ഉള്ളിൽ കരഞ്ഞു , പിന്നെ ചിരിച്ചു.
0 അഭിപ്രായങ്ങള്‍