അസ്ഥികൂടങ്ങൾ
പാൽക്കാരൻ വേണുവേട്ടന്റെ വീടിന്റെ പൊട്ടക്കുളത്തിൽ നാലു അസ്ഥികൂടങ്ങൾ.
ആ വാർത്ത കേട്ട് ഞങ്ങളുടെ ഗ്രാമം ഞെട്ടി .
ഞെട്ടിയവർ, ഞെട്ടിയവർ വേണുവേട്ടന്റെ പറമ്പിലേക്ക് പാഞ്ഞു . വേണുവേട്ടനും ഭാര്യ ശാന്തേടത്തിയും ഒരു മൂലക്ക് വിറച്ചോണ്ട് നിൽപ്പുണ്ട് . തന്റെ കുളത്തിൽ എങ്ങെനെ നാല് അസ്ഥികൂടങ്ങൾ വന്നുവെന്ന് എത്ര ആലോചിച്ചിട്ടും വേണുവേട്ടനും ഭാര്യക്കും മനസ്സിലായില്ല .
വീട്ടിൽ ആകെയുള്ളത് താനും, ഭാര്യയും, ഭാര്യാ പിതാവും, ഭാര്യാ മാതാവുമാണ്. തങ്ങൾ നാലുപേരും വടി പോലെ ഇവിടെ നില്പുണ്ട് .പിന്നെയിത് ഏത് അസ്ഥികൂടങ്ങളാണ് തങ്ങളുടെ കുളത്തിൽ വന്ന് ചാടിയത് ?.
നമുക്ക് മീൻ വളർത്തൽ തുടങ്ങിയാലോ വേണുവേട്ടാ ?, കൂട്ടാനും വെക്കാം, വിൽക്കും ചെയ്യാം നല്ല ലാഭമാണെന്നാ എല്ലാവരും പറയണത്.
ഭാര്യയുടെ ആ വാക്കുകളാണ് മീൻ കൃഷിയെക്കുറിച്ച് ചിന്തിക്കുവാനും അതിലൂടെ താൻ വല്യൊരു മീൻ മുതലാളിയും, എക്സ്‌പോട്ടറുമൊക്കെ ആകുന്നത് വേണുവേട്ടൻ സ്വപ്നം കാണുന്നതും .
എടീ സംഗതി ശരിയാണ്, പക്ഷേ എവിടെയാ മീൻ വളർത്താ ?.
എന്റെ മനുഷ്യാ, നമ്മുടെയാ പൊട്ടക്കുളം വൃത്തിയാക്കിയെടുത്താപ്പോരേ ?.
മീൻകൃഷിയും നടക്കും, കൊതുകിന്റെ ശല്യവും കുറയും.
അതൊരു നല്ല ആശയമാണെന്ന് വേണുവേട്ടന് തോന്നുകയും അഭിനന്ദന രൂപത്തിൽ ഭാര്യ ശാന്തയെ നോക്കുകയും ചെയ്തു.
വേണുവേട്ടന്റെ ആ നോട്ടം കണ്ടതോടെ, ഒന്ന് പോ ചേട്ടായെന്നും പറഞ്ഞ് ശാന്തേടത്തി അകത്തേക്കോടുകയും ചെയ്തു .
അത് കണ്ട് വേണുവേട്ടനും നാണായി.
കുളം വൃത്തിയാക്കാൻ വന്ന തമിഴൻ മാരാണ് ആ നാല് അസ്ഥികൂടങ്ങളും എടുത്ത് പുറത്തിട്ടത്.
ആരാപ്പാ, ഇങ്കെ മാടുടെ എലുമ്പെല്ലാം പോട്ടത് ?.
കുളം വൃത്തിയാക്കാൻ, തമിഴൻ മുരുകൻ കൂട്ടിക്കൊണ്ട് വന്ന മാമാ, മുത്തുപ്പാണ്ടിയാ അത് ചോദിച്ചത്.
അസ്ഥികൂടങ്ങളെ നോക്കിയ മുരുകൻ അതിൽ മനുഷ്യ തല കണ്ട് ഞെട്ടുകയും കൂവുകയും ചെയ്തു.
മാമാ അത് മാടുടെ എലുമ്പ് കിടയാത് മനിതനുടെ താൻ, അതും പറഞ്ഞ് അലറി വിളിച്ചോണ്ട് തമിഴൻ മുരുകൻ വേണുവേട്ടനെ വിളിക്കാൻ പാഞ്ഞു .
മനിതനുടെ എലുമ്പായിത് ? മനിതനുടെ എലുമ്പാ.. താൻ കൈയ്യാലേ തൂക്കിയത് ? എൻ മുരുകാ ...
ആ മുരുകൻ വിളിയോടെ മുത്തുപ്പാണ്ടി തല ചുറ്റി വീണു.
മാമാ ദോ വരുത് .
മാമാ തന്നെയാ കൂപ്പിടുന്നതെന്നും കരുതി ആ ഓട്ടത്തിനിടയിലാ മുരുകൻ വിളിച്ചു പറഞ്ഞത് .
മുത്തുപ്പാണ്ടി ഭഗവാൻ മുരുകനെയാ കൂപ്പിട്ടതെന്ന് മുത്തുപ്പാണ്ടിക്കും, ഭഗവാൻ മുരുകനും മാത്രം മനസ്സിലായി.
വേണു അണ്ണാ ... ...വേണു അണ്ണാ .., ശവം ... ശവം ..., അലറിവിളിച്ചോണ്ട് പാഞ്ഞു വരുന്ന മുരുകനെ കണ്ട് ഉമ്മറത്തിരുന്ന വേണുവേട്ടനും ഭാര്യ ശാന്തേടത്തിയും ഞെട്ടി .
എന്റെ മനുഷ്യാ നിങ്ങളെയവൻ ശവം ..ശവം ന്ന് വിളിച്ചോണ്ടാണല്ലോ വരുന്നത് ? തമിഴൻമാർക്ക് പൈസ കൊടുത്തില്ലേ ? .
പകുതി ഞാൻ കൊടുത്തതാണല്ലോ ?
നിങ്ങളെന്തെങ്കിലും കുരുത്തക്കേടൊപ്പിച്ചോ മനുഷ്യാ ?
ശാന്തേടത്തിയുടെ വാക്കുകൾ കേട്ട് വേണുവേട്ടൻ പതറി , എന്ത് കുരുത്തക്കേട്?.
വേണുവേട്ടനാ ചിന്തിച്ചതിലും കാര്യമുണ്ട് കുരുത്തക്കേട് പോയിട്ട് നല്ല കേട് പോലും ചെയ്യാത്ത ആളാണ് വേണുവേട്ടൻ. ആർക്കും ഒരുപദ്രവും ചെയ്യാത്ത സാധു . ആരെന്തു പറഞാലും തലയാട്ടുന്ന സാധു, ആരോടും ഒന്നും മറുത്തു പറയാത്ത സാധു , സ്വന്തമായി ഒരു അഭിപ്രായവുമില്ലാത്ത സാധു . ഇങ്ങനെ ഒരുപാട് വിശേഷണങ്ങൾ വേണുവേട്ടന്റേതായുണ്ട് .
മുരുകന്റെയാ പാഞ്ഞു വരവ് കണ്ടതോടെ അപകടം മണത്ത ശാന്തേടത്തി അകത്തു കേറി വാതിലടച്ചു.
വേണുവേട്ടനും അകത്തേക്കോടാൻ ചാടിത്തിരിഞ്ഞെങ്കിലും അതിനും മുന്നേ ശാന്തേടത്തി കതകടച്ചു കളഞ്ഞിരുന്നു . ഇവള് ശാന്തയല്ല , താടകയാണെന്നാ വേണുവേട്ടൻ മനസ്സിലോർത്തത് .
വേണുവേട്ടാ കുളത്തിൽ ശവത്തിന്റെ എലുമ്പു.
എന്താണീ തമിഴൻ വിളിച്ചു കൂവുന്നതെന്നറിയാതെ വേണുവേട്ടൻ പകച്ചു . ഏതായാലൂം അക്രമത്തിനല്ലെന്ന് കണ്ടതോടെ ശാന്തേടത്തിയും വാതിൽ തുറന്ന് പുറത്തുവന്നു .
എന്താടാ പ്രശ്നം ?
എന്റെ ചേട്ടാ ഉങ്ക കുളത്തില് ശവത്തിന്റെ എലുമ്പു , പാതി മലയാളത്തിലും പാതി തമിഴിലും മുരുകൻ വെച്ചു കാച്ചി. അത് കൊണ്ട് പാതി വേണുവേട്ടന് മനസ്സിലാവുകയും പാതി മനസ്സിലാവാതിരിക്കുകയും ചെയ്തു .
എടാ കുളത്തില് മനുഷ്യന്റെ അസ്ഥീന്ന് ?.
തമിഴിൽ ജ്ഞാനമുണ്ടായിരുന്ന വേണുവേട്ടന്റെ അമ്മയപ്പനാണ് അത് തർജ്ജമ ചെയ്തു കൊടുത്തത് .
അയ്യോ ..അത് കേട്ട് വേണുവേട്ടനും ശാന്തേടത്തിയും ഞെട്ടി , പറഞ്ഞു കഴിഞ്ഞാ അതിന്റെ ഭീകരത അമ്മായപ്പനും മനസ്സിലായത്, അതോടെ അമ്മായപ്പനും ഞെട്ടി . അപകടം മണത്തത്തോടെ ഇപ്പൊത്തന്നെ ഇവിടെനിന്ന് പോയാലോന്ന് വരെ അങ്ങേരു ചിന്തിച്ചു .
എന്റെ കൃഷ്ണാ... മീൻ കൃഷിയെന്നും പറഞ്ഞ് ഇല്ലാത്ത ഗുലുമാലിലാണോ പോയി തലയിട്ടത് ?
ഓടി വന്ന വേണുവേട്ടനും നാട്ടുകാരും നാലിനു പകരം അഞ്ച് അസ്ഥികൂടങ്ങൾ കണ്ട് ഞെട്ടി.
നിങ്ങളതെടുത്ത് വേഗം കുഴിച്ചു മൂട് മനുഷ്യാ.
അത് പറഞ്ഞ ഭാര്യയെ, വേണുവേട്ടൻ രൂക്ഷമായി നോക്കി . പോലീസിന്റെ ഇടി ഉറപ്പാക്കിയതും പോരാ, ഇവളിനി തനിക്ക് കൊലക്കയറും കൂടി വാങ്ങിച്ചു തരുമെന്നാ തോന്നുന്നത് .
ഒരു കൊലക്കയർ തനിക്കു മുന്നിൽ തൂങ്ങിയാടുന്നത് കണ്ട് വേണുവേട്ടൻ ഉള്ളിൽ കരഞ്ഞു .
ഈ വിവരം കെട്ടവളുടെ ഓരോരോ ഐഡിയകള് ? ഉമ്മറത്ത് ചടഞ്ഞു കൂടിയിരുന്ന തന്നെ, ഒരു കൊലപാതകത്തിലേക്കാ.., ഒന്നല്ല നാലു കൊലപാതകങ്ങളുടെ നാടുവിലേക്കാ ഈ മൂധേവി തള്ളിയിട്ടത്.
തന്നെ തട്ടിക്കളയാൻ ഭാര്യയും, ഭാര്യപിതാവും, ഭാര്യാ മാതാവും കൂടി ചേർന്നു പണിത പണിയാണോയിതെന്ന് പോലും വേണുവേട്ടന് സംശയം തോന്നി.
ആ തന്തയും, തള്ളയും വന്നതിനു ശേഷാ ഈ ആശയം തന്നെ പൊന്തി വന്നതു തന്നെ.
മീൻ വളർത്തൽ, തേങ്ങാക്കൊല, മിണ്ടാതിരുന്നെങ്കി ആ അസ്ഥികൂടങ്ങൾ ഒരു പരിഭവവുമില്ലാതെ കുളത്തിന്റെ അടിയിൽ തന്നെ കിടന്നേനേ.
എന്നുടെ ശേട്ടാ പോലീസിൽ പോയി സൊല്ലു, ഇതെല്ലാം പെരിയ പൊല്ലാപ്പ്.
അതും പറഞ്ഞ് കുളം വൃത്തിയാക്കാൻ വന്ന മുരുകൻ വേഗം തഞ്ചാവൂരിലേക്ക് മുങ്ങി .
അപ്പോഴാ മുരുകൻ കൂടെ വന്ന മുനിയാണ്ടി മാമയെ ഓർത്തത്.
മുനിയാണ്ടി മാമാ എങ്കേ ?
പാവം മുനിയാണ്ടി മാമാ അസ്ഥികൂടങ്ങൾക്കിടയിൽ ബോധം കെട്ട് കിടപ്പുണ്ടായിരുന്നു.
നാലല്ല, അഞ്ചുണ്ടല്ലോയെന്നാ വേണുവേട്ടന്റെ ഭാര്യാ പിതാവ് പുഷകരൻ ചോദിച്ചത് .
എടാ വേണുവേ.., അഞ്ച് അസ്ഥികൂടങ്ങളുണ്ടല്ലോടാ ..?
അത് കേട്ട് വേണുവേട്ടൻ വീണ്ടും ഭഗവാനെ വിളിച്ചു .
കൃഷ്ണാ ..എന്തായിത് ? .
ഇനിയിത് വല്ല സെമിത്തേരിയെങ്ങാനുമാണോന്നാ വേണുവേട്ടന് സംശയം തോന്നിയത് .
ഇതിനിടയിൽ മുരുകൻ ഓടിവന്ന് മുനിയാണ്ടി മാമാവേം വാരിക്കൊണ്ട് ഓടിയിരുന്നു .
എടാ പൈത്യക്കാരാ, അങ്ങ് തഞ്ചാവൂരിൽ ചുമ്മാ ഇരുന്ത എന്നെ ഏതുക്കെടാ ഇന്ത പൊല്ലാപ്പിലേക്ക് കൂട്ടിയിട്ടു വന്തേ ?.
താൻ കേരളാവിൽ പെരിയ വേല പണ്ണറേ... എന്നത് മാമാവുക്ക് തെരിയർതുക്കും, അതിലൂടെ മാമാ പൊണ്ണ് ശെന്താമരയെ തിരുമണം പണ്ണർതും മുരുകനുടെ പെരിയ കനവ് താൻ.
അന്ത കനവ് ഇതോടെ പോച്ച്.
ജനക്കൂട്ടം, ഒരു സമുദ്രമായി രൂപാന്തരം പ്രാപിച്ചു. അതിനു നടുവിൽ വേണുവേട്ടൻ ഒരപരാധിയെപ്പോലെ നിന്നു.
ആരാ വേണുവേട്ടാ ? എന്താ വേണുവേട്ടാ ? ആരാ വേണു ? എന്താ വേണു ഇങ്ങനെ ഒരു പാട് ചോദ്യങ്ങൾ വേണുവേട്ടനു ചുറ്റും വട്ടം കറങ്ങി . ഇനി നാട്ടുകാർ എല്ലാവരും കൂടെ താനാണ് ഇവരെ ഇവിടെ കൊണ്ടുവന്നിട്ടതെന്ന് പറയുമോയെന്ന് പോലും വേണുവേട്ടന് സംശയം തോന്നി .
നല്ല പരിചയമുള്ളത് പോലെ തോന്നുന്നുണ്ടല്ലോയെന്നായിരുന്നു അസ്ഥികൂടങ്ങൾ കണ്ട അവറാൻ ചേട്ടൻ പറഞ്ഞത്.
അത് കേട്ട് വേണുവേട്ടനും , നാട്ടുകാരും പകച്ചു .
ഇനി വേണുവേങ്ങാനും ആണോ ഇവരെയെല്ലാം തല്ലിക്കൊന്ന് കുളത്തിൽ താഴ്ത്തിയത് ?. പാക്കരൻ ചേട്ടനാ ചോദ്യം ചോദിച്ചത് തൊട്ടടുത്ത് നിന്നിരുന്ന വേണുവേട്ടനോട് തന്നെയായിരുന്നു .
അത് വരേക്കും മമ്മദായിരുന്നു, പാക്കരൻ ചേട്ടന്റെ തൊട്ടടുത്ത് നിന്നിരുന്നത്. ആ വിചാരത്തിലായിരുന്നു പാക്കരൻ ചേട്ടനാ സംശയം ചോദിച്ചതും .
അടുത്ത നിമിഷം പടക്കോ ന്നൊരു ശബ്ദം കേട്ട് പാക്കരൻ ചേട്ടനും നാട്ടുകാരും തിരിഞ്ഞു നോക്കി. വടി പോലെ നിന്ന വേണുവേട്ടൻ ആകാശത്തോട്ട് നോക്കി കണ്ണും തുറുപ്പിച്ച് മലർന്നു കിടപ്പുണ്ട് . തന്റെ സംശയം ഒരു കൊലപാതകത്തിലാണോ കലാശിച്ചതെന്നുള്ള വെപ്രാളത്തോടെ പാക്കരൻ ചേട്ടൻ മുങ്ങി .
ആളുകൾ അവരവരുടെ അഭിപ്രായങ്ങളും സംശയങ്ങളും വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു . പ്രതി സ്ഥാനത്തും ഇര സ്ഥാനത്തും ധാരാളം പേരുകൾ വരുകയും പോവുകയും ചെയ്തു .
ഇനിയിത് കുളം വൃത്തിയാക്കാൻ വന്ന തമിഴൻമാരെങ്ങാനും ചെയ്തതാണോ?.
ആ വഴിയിലുള്ള തന്റെ സംശയം പ്രേക്ഷിതൻ സുകു പങ്കുവെച്ചതോടെ തഞ്ചാവൂരിലുള്ള മുരുകനും, മാമയും ഒരുമിച്ച് ഭഗവാൻ മുരുകനെ വിളിച്ചു.
ഇതിനിടയിലാണ് റോമു മണം പിടിച്ച് അങ്ങോട്ടേക്ക് വന്നത് അതോടെ ഏവരുടെയും ശ്രദ്ധ അവനിലേക്കായി.
നായ്ക്കൾക്ക് ഗ്രാണ ശക്തി കൂടുതലാ പ്രത്യേകിച്ചെന്റെ റോമൂന്.
അയലത്തെ സുധാകരന്റെ വീട്ടിൽ മീൻ ചാർ തിളക്കുമ്പോഴേക്കും റൊമൂന്റെ വായീന്ന് വെള്ളം ഒലിക്കുമെന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ റോമൂനെ നോക്കി.
എന്റെ പാക്കരൻ ചേട്ടാ ഇത് വർഷങ്ങളോളം പഴക്കമുള്ള അസ്ഥികൂടങ്ങളാ അവക്ക് മണമൊന്നും ഉണ്ടാകത്തില്ല.
ഇക്കാര്യത്തിലുള്ള തന്റെ അറിവ് മെമ്പറ് സുകേശൻ വ്യക്തമാക്കുകയും , സുകേശന്റെയാ പ്രസ്താവന പാക്കരൻ ചേട്ടനും, റോമുവിനും തീരെ ഇഷ്ടപ്പെടാതാവുകയും ചെയ്തു .
സത്യത്തിൽ റോമു വന്നത് മീൻ കറിയുടെ മണം അടിച്ചതോണ്ട് തന്നെയായിരുന്നു .
ഇതൊരു അസ്ഥികൂടമാണെന്നോ, അത് മനുഷ്യരുടേതാണെന്നോയെന്നുള്ള യാതൊരു ബോധവും ഇല്ലാതെയായിരുന്നു അവനാ അസ്ഥികൂടങ്ങളുടെ ചുറ്റും വട്ടം ചുറ്റിക്കൊണ്ടിരുന്നത്.
ആരെങ്കിലും പോലീസിലറിയിക്ക്.
പ്രേക്ഷതിൻ സുകുവാ പറഞ്ഞതു കേട്ട് വേണുവേട്ടൻ വീണ്ടും ഞെട്ടി. ഒരു വിധത്തിൽ തലകറക്കം മാറി വന്നതായിരുന്നു .
അസ്ഥികൂടങ്ങളെ ചുറ്റിപ്പറ്റി നടന്നോണ്ടിരുന്ന റോമുവിന്, അല്പസമയം കഴിഞ്ഞാണ് തലക്കുള്ളിൽ ബൾബ് കത്തുകയും അത് അസ്ഥികൂടങ്ങളാണെന്ന തിരിച്ചറിവ് ഉണ്ടാവുകയും ചെയ്തത് .
പേടി സ്വപ്നങ്ങളിൽ താൻ കാണുന്ന അസ്ഥികൂടങ്ങളാണോ ഇതെന്ന് തോന്നിയ നിമിഷത്തിൽ റോമു അറിയാതെ മുള്ളുകയും ജീവനും കൊണ്ട് പായുകയും ചെയ്തു .
പോലീസിനെ അറിയിക്കാൻ പോയ പ്രേക്ഷിതൻ സുകുവിനെ കാണാനില്ലല്ലോയെന്ന അവറാൻ ചേട്ടന്റെ സംശയത്തിന് ഗൾഫ്കാരൻ ഭാസ്ക്കരേട്ടനാ പറഞ്ഞത് ഇനി സുകുവിനെയെങ്ങാനും പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുമോയെന്ന് ?.
എന്തിന് ?.
അവറാൻ ചേട്ടനത് ചോദിച്ചെങ്കിലും ആരും ഉത്തരം പറഞ്ഞില്ല അല്പ നിമിഷം കാത്തെങ്കിലും ആരും ഉത്തരം പറയാത്തതുകൊണ്ട് അവറാൻ ചേട്ടൻ തന്നെ അതിനുള്ള മറുപടിയും പറഞ്ഞു.
പറയാൻ പറ്റത്തില്ല നമ്മുടെ ഇടിയനല്ലേ ? അങ്ങിനെയും വരാം.
അവറാൻ ചേട്ടനാ പറഞ്ഞതിലും കാര്യമുണ്ട് ഇടിയനായത് കൊണ്ട് അങ്ങിനെയും സംഭവിക്കാം , സംഭവിച്ചിട്ടുമുണ്ട് . നാട്ടുകാരിൽ പലരും അതിന് ഇരകളുമാണ് . പരാതി പറയാൻ പോകുന്നവരെ ഇട്ട് വിറപ്പിക്കുകയെന്നുള്ളത് ഇടിയന്റെയൊരു ഹരമാണ്. അവസാനം പരാതി പറയാൻ പോയവർ തന്നെ സംശയിച്ചു പോകും താൻ വാദിയാണോ പ്രതിയാണോന്ന് ? .
ഒരു പ്രാവശ്യം പരാതി പറയാൻ ചെന്ന പലചരക്കു കടക്കാരൻ സുപ്രുവിനെ ഇടിയൻ ഇടിച്ചൂത്രേ, എന്നിട്ടാ ചോദിച്ചത് എന്തിനാ വന്നതെന്ന് . പാവം സുപ്രു കരഞ്ഞിട്ടാ പറഞ്ഞത് ഞാൻ പരാതി പറയാൻ വന്നതാ സാറേന്ന് . അത് ആദ്യം പറയേണ്ടെന്നും ചോദിച്ച് വീണ്ടും ഇടിച്ചു. അവസാനം എന്താ പരാതിയെന്നുള്ളത് സുപ്രു മറന്നുപോയി, അതിനു വേറെ ഇടി കിട്ടി . അവസാനം പരാതി പറയാൻ പോയ സുപ്രു ആകെ ഇടി കൊണ്ടാ സ്റ്റേഷനീന്നു പുറത്തേക്ക് വന്നത് .
എന്താ സംഭവിച്ചെന്ന് സുപ്രുവിന് തന്നെ നിശ്ചയമില്ലാണ്ടായി. പലചരക്ക് വാങ്ങിയ കാശ് ചോദിച്ച് കുഴിവെട്ടുകാരൻ മത്തായിയുമായി, സുപ്രു വഴക്കുണ്ടാക്കുകയും മത്തായി, സുപ്രുവിനിട്ട് നല്ല താങ്ങ് കൊടുക്കുകയും ചെയ്തത് പരാതി പറയാൻ പോയതായിരുന്നു സുപ്രു .
അവിടന്നും, ഇവിടന്നും സുപ്രുവിന് ഇടി കിട്ടി . പരാതി കൊടുത്തതിന്റെ പേരിൽ കൊടുക്കാനുള്ള കാശും തരത്തില്ലെന്ന് മത്തായി കട്ടായം പറയേം ചെയ്തു .
പാവം സുപ്രുവിന് കൈയ്യിലുള്ള കാശും പോയി ഇടിയും കിട്ടിയതു മാത്രം മിച്ചം .
ഇത്തരത്തിലുള്ള ധാരാളം അനുഭവ കഥകൾ, നാട്ടുകാരുടെ പലരുടേയും മനസ്സിലുള്ളതുകൊണ്ട് കൂടിയാണ് അവറാൻ ചേട്ടനങ്ങനെ പറഞ്ഞതും .
അതെ നിമിഷത്തിൽ തന്നെ ഇടിയന്റെ ജീപ്പ് ഒരു സംഹാര രുദ്രനെപ്പോലെ പാഞ്ഞുവരുന്നത് കണ്ട് നാട്ടുകാർ ചിതറിയോടി . മുന്നിലെ സീറ്റിൽ ജീപ്പിനേക്കാളും മുന്നിൽ ഓടിയെത്തുമെന്നുള്ള മട്ടിൽ ഇടിയനിരിപ്പുണ്ട് .
നാട്ടുകാരോടോ, അസ്ഥികൂടങ്ങളോടോ ഉള്ള ദേഷ്യം തീർക്കുന്നത് പോലെയാ ജീപ്പും അതിൽ നിന്ന് ഇടിയനും ചാടിയിറങ്ങിയത്.
ജീപ്പിന്റെ പുറകിൽ സുകുവും ഇരിപ്പുണ്ടായിരുന്നു . പരാതി..,പറയാൻ പോയ ആ ആവേശമൊന്നും സുകുവിന്റെ ചലനങ്ങളിൽ കാണാനില്ലായിരുന്നു പാവത്തിന് നല്ല ഇടി കിട്ടിയിട്ടുണ്ടെന്നാ തോന്നണത് .
ആരെങ്കിലും പോയി പരാതി പറയട്ടെ, വല്ലവന്റേയും കുളത്തിൽ, വല്ലവന്റെയും അസ്ഥികൂടം കിടക്കുന്നതിന് താനെന്തിനാ പോയി തല്ലു കൊണ്ടതെന്ന ഭാവം സുകുവിന്റെ മുഖത്ത് എഴുതിവെച്ചിട്ടുണ്ടായിരുന്നു.
മര്യാദക്ക് സ്റ്റേഷനിൽ ഇരുന്ന തങ്ങളെ അനാവശ്യമായി പൊല്ലാപ്പിലേക്ക് വലിച്ചിഴച്ച ഭാവം ഇടിയന്റെ മുഖത്തും എഴുതിവെച്ചിട്ടുണ്ടായിരുന്നു.
എടോ ഇത് ശരിക്കുമുള്ള അസ്ഥികൂടങ്ങളാണോയെന്ന് നോക്ക് അന്ന് പറ്റിയത് പോലെയുള്ള പറ്റ് ഇനി ആവർത്തിക്കരുത് .
രജനി കേസിൽ ഇതുപോലൊരു ആപ്പിൽ ചെന്ന് ചാടിയതായിരുന്നു ഇടിയനും പോലീസും. ആ ഓർമ്മ ഉള്ളതുകൊണ്ടാ ഇടിയൻ , തോമാസേട്ടനോട് അടക്കം പറഞ്ഞത്.
ശരിക്കുള്ള അസ്ഥിയാണോയെന്ന് തനിക്കെങ്ങിനെയാ അറിയാ ? താനെന്താ പട്ടിയാണോ ? ഇടിയന്റെ വിവരക്കേടിൽ തോമാസേട്ടന് അനിഷ്ടം തോന്നിയെങ്കിലും , അതിന്റെ ഭാവഭേദങ്ങൾ പുറത്തുകാണാതിരിക്കാൻ തോമാസേട്ടൻ അശ്രാന്തം പരിശ്രമിച്ചു .
കുറെ നേരം അസ്ഥികൂടങ്ങളെ ചുറ്റിപ്പറ്റി നിന്നെങ്കിലും തോമാസേട്ടന് ഒരു കുന്തവും മനസ്സിലായില്ല.
എന്റെ സാറേ ഇതെങ്ങനെയാണ് ഒർജിനൽ ആണോയെന്ന് തിരിച്ചറിയുക ?.
തന്റെ ബലഹീനത തോമാസേട്ടൻ വെളിവാക്കി .
ഇടിയൻ പുച്ഛത്തോടെ തോമാസേട്ടനെ നോക്കി ഒരു അസ്ഥികൂടം പോലും തിരിച്ചറിയാൻ പറ്റാത്ത കിഴങ്ങനാണോ പോലീസിൽ ? എന്നായിരുന്നു അതിന്റെ അർത്ഥം .
സത്യത്തിൽ, തോമാസേട്ടന്റെയാ ചോദ്യത്തിനുള്ള ഉത്തരം ഇടിയനും അറിയത്തില്ലായിരുന്നു.
ആരെടാ അസ്ഥികൂടങ്ങൾ ആദ്യം കണ്ടത് ?.
ഇടിയൻ ലാത്തി ചുഴറ്റിക്കൊണ്ട് നാട്ടുകാരോടായി ചോദിച്ചു.
അതിന്റെ ഉത്തരം പറയാൻ ആരുമുണ്ടായിരുന്നില്ല . ഇടിയന്റെ വരവോട് കൂടി തന്നെ നാട്ടുകാരിൽ ഭൂരിഭാഗവും ചിതറിയോടിയിരുന്നു . എല്ലാവരും ഇടിയനിൽ നിന്നും കുറച്ചു കൈയ്യകലത്തിലാണ് നിൽക്കുന്നത്.
അതിന് കാരണമുണ്ട്, ചോദിക്കുന്നത് ഇടിയനാണ്, ഉത്തരം പറഞ്ഞില്ലെങ്കിൽ ഏതു നിമിഷവും ഇടി വരാം അതാരാണെന്നും , എന്താണെന്നും ഇടിയൻ നോക്കത്തില്ല. ഇടിയന് ആരെയും ഇടിക്കാം ,എന്തിനേയും ഇടിക്കാം , എപ്പോഴും ഇടിക്കാം . അതുകൊണ്ട് വെറുതെയെന്തിനാ , ഇടിയന്റെ അടുത്തു നിന്ന് ആർക്കോ വെച്ച ഇടി ചോദിച്ചു വാങ്ങുന്നത് ?.
ഒരു അപരാധിയെപ്പോലെ വേണുവേട്ടൻ നിൽപ്പുണ്ട്. അടുത്ത് ഭാര്യാ പിതാവ് പുഷ്ക്കരനും .ആ പാവം, രണ്ടു ദിവസം മോളുടെ അടുത്ത് നിക്കാൻ വേണ്ടി വന്നതായിരുന്നു . താൻ വന്ന സമയത്തു തന്നെ ഇത്രയും കാലം, യാതൊരു പരിഭവങ്ങളുമില്ലാതെ കുളത്തിൽ കിടന്ന അസ്ഥികൂടങ്ങൾ പൊന്തി വന്നതിൽ കാർന്നോർക്ക് നല്ല അമർഷവുമുണ്ടായിരുന്നു . ഇടി കൊള്ളാൻ വേണ്ടീട്ടാണോ ഈ സമയത്തു താൻ മോളുടെ അടുത്തോട്ട് വന്നതെന്ന് ആ പാവം സ്വയം ചോദിക്കേം ചെയ്തു .
കുളത്തിൽ അസ്ഥികൂടങ്ങൾ കണ്ടയുടനെ അപകടം മണത്ത് പുഷ്കരൻ തിരിച്ചു പോകാൻ നിന്നെങ്കിലും മോളും മരുമകനും കൂടി ആ പാവത്തിനെ പിടിച്ചു നിറുത്തുകയായിരുന്നു.
അച്ഛനിവിടെയുണ്ടെങ്കിൽ ഞങ്ങൾക്കൊരു ധൈര്യമാവൂന്ന് വേണു മുൻകൂട്ടി എറിഞ്ഞെങ്കിലും, അച്ഛനുണ്ടെങ്കിൽ ഇടി കൊള്ളാൻ ഒരാൾ കൂടി ഉണ്ടാവുമല്ലോ എന്നുള്ളതായിരുന്നു വേണുവിന്റെ മനസ്സിൽ .
ഈ നരിന്തു പോലെയിരിക്കുന്ന താൻ നിന്നാ എന്ത് ധൈര്യമാവും ഉണ്ടാവുകയെന്നുള്ളത് ആ പാവത്തിന് അപ്പോഴും മനസ്സിലായില്ല .
ആരെടാ ആദ്യം കണ്ടത് ? ഇടിയൻ വീണ്ടും ചോദിച്ചു.
ആരും മിണ്ടുന്നില്ല.
ഇടിയൻ, വേണുവിനെ നോക്കി വേണുവേട്ടൻ , പുഷ്കരനെ നോക്കി പുഷ്കരൻ അസ്ഥികൂടങ്ങളെ നോക്കി.
ഇനി അസ്ഥികൂടങ്ങൾ പറയട്ടെയെന്നാണോ ഇവർ പ്രതീക്ഷിക്കുന്നതെന്നാ ഇടിയന് തോന്നിയത് .
ആ നിശബ്ദത ഇടിയനെ പ്രകോപിപ്പിച്ചു. പറയെടാ നായിന്റെ മക്കളെ, ആരെടാ ആദ്യം കണ്ടത് ?.
അലർച്ചയോടൊപ്പം ഇടിയൻ ബൂട്ട്സിട്ട കാൽ നിലത്ത് ആഞ്ഞു ചവിട്ടി എല്ലാവരുടേയും ഉള്ളിൽ കൂടി ഒരാന്തൽ കടന്നുപോയി . പുഷ്ക്കരൻ ഞെട്ടിക്കൊണ്ട് വേണുവേട്ടനേയും , വേണുവേട്ടൻ ഞെട്ടിക്കൊണ്ട് പുഷ്കരനേയും ഒരേസമയം ചൂണ്ടിക്കാണിച്ചു .
ഇടിയന്റെ ആ അലർച്ചയോടു കൂടി നാട്ടുകാർ ഓടി. മാവിൻ കൊമ്പിലിരുന്ന് സംഭവ വികാസങ്ങൾ കണ്ടോണ്ടിരുന്ന സൈക്കിൾ കടക്കാരൻ മൊയ്തു താഴെക്കു വീണു. സത്യത്തിൽ മരത്തിന്റെ മുകളിലാണ് ഇരിക്കുന്നതെന്ന ഓർമ്മയില്ലാതെ മൊയ്തു ഓടിയതായിരുന്നു . പാൽക്കാരൻ ഗോപി പുറകോട്ട് വെച്ച കാൽ തെങ്ങും കുഴിയിലേക്കായിരുന്നു. പക്ഷെ ഗോപി മിണ്ടിയില്ല കാലൊടിഞ്ഞ ഗോപി അവിടെ കിടന്ന് നിശബ്ദമായി കരഞ്ഞു .
ഒരു ധൈര്യത്തിനായി കൂടെ നിറുത്തിയ കിഴവൻ തന്നെ ഒറ്റിക്കൊടുത്തോയെന്നാണ് വേണുവേട്ടന് തോന്നിയത് . ഈ വയസ്സുകാലത്ത് തനിക്ക് ഇടി കൊള്ളാൻ വയ്യ എന്നുള്ള കോൺസെപ്റ്റിലാണ് പുഷ്ക്കരൻ വേണുവേട്ടൻറെ നേർക്ക് കൈ ചൂണ്ടിയത് . ഇടിയന്റെ ആ അലർച്ച വെടി വെക്കുവാൻ ഓർഡർ കൊടുക്കുന്നതിനു മുൻപുള്ള അവസാന വാണിങായിട്ടാണ് പുഷ്ക്കരന് തോന്നിയത് .
നായിന്റെ മോനെ ആംഗ്യം കാണിക്കുന്നോഡാ..?, നിന്റ വായിലെന്താടായെന്ന് ചോദിച്ച ഇടിയൻ മുഷ്ടി ചുരുട്ടിക്കൊണ്ട് വേണുവേട്ടന് നേർക്ക് പാഞ്ഞു ചെന്നു.
ആ വരവു കണ്ടു പേടിച്ച വേണു മുണ്ടിൽ മുള്ളി, ഇത് കണ്ട പുഷ്കരനും മുള്ളി അസ്ഥികൂടങ്ങൾക്ക് മുള്ളാൻ പറ്റാത്ത കാരണം അവറ്റകൾ മുള്ളിയില്ല.
ഇടിയന്റെയാ അലർച്ച കേട്ടതോടെ നാട്ടുകാരിൽ പലരും മുള്ളിയിരുന്നു. മീൻ കാരൻ മമ്മദ് ഒരു കാലെടുത്ത് മറ്റേ കാലിനു മുന്നിൽ ഗുണന ചിഹ്നം വെച്ച് മുന്നിലെ നനവ് മറക്കാൻ ശ്രമിച്ചു .
താനെന്തിനാ മുള്ളിയതെന്നോർത്ത് മീൻ കാരൻ മമ്മദിനൊരെത്തും പിടിയും കിട്ടിയില്ല . താൻ വെറുമൊരു കാഴ്ചക്കാരനല്ലേ .. ? പേടിക്കേണ്ട കാര്യമില്ലല്ലോ ? പക്ഷെ ആരോട് ചോദിക്കാനെന്നും, സ്വയം ചോദിച്ച് , മമ്മദ് മുള്ളിയ ഭാഗത്തേക്ക് ഒളികണ്ണിട്ട് നോക്കി .
പലചരക്കു കടക്കാൻ സുപ്രുവിന്റെ മോൻ സുബ്രമണ്യൻ അമ്മയുടെ ഒക്കത്തിരുന്ന് മുള്ളി. അഞ്ചിൽ പഠിക്കുന്ന സുബ്രമണ്യൻ ഇടിയനെ കാണാൻ വന്നതായിരുന്നു.
തെങ്ങും കുഴിയിലേക്ക് വീണ ഗോപി അവിടെ കിടന്നു മുള്ളി.
പുറത്തു വരാൻ ഗോപിക്ക് പേടി. താനൊരു തെറ്റും ചെയ്തിട്ടില്ല പിന്നെ എന്തിനാണ് പേടിക്കുന്നതെന്ന് ചോദിച്ച്, ഗോപി ധൈര്യം സംഭരിക്കാൻ ശ്രമിച്ചുവെങ്കിലും പറ്റുന്നില്ല . ഇടിയന്റെ മുഖം മനസ്സിൽ തെളിയുന്നതോടെ ധൈര്യം ജീവനും കൊണ്ട് ഓടുന്നു . ഒന്നുകിൽ താനിവിടെ കിടന്ന് ചാവും, അല്ലെങ്കിൽ ഇടിയൻ തന്നെ ചവിട്ടിക്കൂട്ടും . അസ്ഥികൂടം കാണാൻ വന്ന താൻ മറ്റൊരു അസ്ഥികൂടമായി തെങ്ങും കുഴിയിൽ കിടക്കും . ഭാര്യ ജാനകി ഉണ്ടായിരുന്നുവെങ്കിൽ ഒരു ധൈര്യമായിരുന്നേനേ .
സത്യത്തിൽ, ഭാര്യ ജാനകി, ഗോപി കുഴിയിൽ വീഴുന്നത് കണ്ട് തൊട്ടപ്പുറത്ത് ഒളിച്ചു നിപ്പുണ്ടായിരുന്നു.
ആക്രി പെറുക്കാൻ വന്ന തമിഴ് നാട്ടുകാരൻ കപിലൻ ചാക്കിട്ട് തമിഴ്‌നാട്ടിലേക്ക് തിരിച്ചോടി. കപിലൻ ഓടുന്ന കണ്ടതോടെ , പിടിക്കവനെയെന്നും പറഞ്ഞ് ഇടിയൻ അലറി കപിലൻ സ്പീഡ് കൂടിയെങ്കിലും കാര്യമുണ്ടായില്ല.
ഒറ്റ ചാട്ടത്തിന് തോമാസേട്ടൻ, കപിലനെ പൊക്കി.
അവൻ തന്നെയായിരിക്കും ഇതെല്ലാം ചെയ്തതെന്ന് നാട്ടുകാർ അടക്കം പറഞ്ഞു.
കപിലൻ ആകെ വിറച്ചു കൊണ്ടാണ് നിൽക്കുന്നത് കപിലൻ വിറക്കുന്നതിനൊപ്പം കപിലൻറെ കൈയ്യിലുള്ള ആക്രി ചാക്കും വിറക്കുന്നുണ്ട് .
എന്താടാ നിന്റെ പേര്? .
ഇടിയൻ ചീറി .
പേടിച്ച കപിലൻ വിക്കി ...വിക്കി നിന്നു .
പറയെടാ റാസ്കൽ ?
ഇടിയൻ വീണ്ടും അലറി...
പാവം കപിലൻ, ഇടിയന്റെ രൗദ്ര ഭാവത്തിൽ സ്വന്തം പേര് മറന്നു പോയി.
പേര് പറയെടാ നായിന്റെ മോനേയെന്നും പറഞ്ഞോണ്ട് .., ഇടിയന്റെ ലാത്തി ഒരു സീൽക്കാരത്തോടെ കപിലന്റെ അടിവയറ്റിലേക്ക് പാഞ്ഞു കയറി.
ആ ഇടി കണ്ട് വേണുവേട്ടൻ വീണ്ടും മുള്ളി , കൂടെ പുഷ്കരനും മുള്ളി ഇപ്രാവശ്യവും നാട്ടുകാരിൽ പലരും മുള്ളി.
മമ്മദ് അടുത്ത കാലെടുത്ത് ആദ്യം വെച്ച കാലിനു മുന്നിലേക്ക് മാറ്റി വീണ്ടും ഗുണന ചിഹ്‌നം വെച്ചു. ആദ്യം മുള്ളിയതിന്റെ നനവ് മാഞ്ഞു വരികയായിരുന്നു .
താനെന്തിനാ മുള്ളിയതെന്ന് ഇപ്രാവശ്യവും മമ്മദ് സ്വയം ചോദിച്ചു ? താനൊരു കാഴ്ചക്കാരനല്ലേ ..?
ആ ലാത്തി പ്രയോഗത്തോടെ കപിലന് തന്റെ പേരോർമ്മ വന്നു.
കപി.. കപി ...കപിലൻ
ആ പാവം ആകെ വിക്കിക്കൊണ്ടാ, ഒരു വിധത്തിലത് പറഞ്ഞത് .., അതിനിടയിൽ കരയുന്നുമുണ്ടായിരുന്നു . അസ്ഥി കൂടങ്ങൾ പൊങ്ങി വന്നതിന്റെ കൂടെ ആക്രിയും പൊങ്ങിവരുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ചാക്കും പിടിച്ച് നിന്നത് .
കപീഷോ ? അതൊരു കുരങ്ങന്റെ പേരല്ലേ ?
ഇടിയന് അത്ഭുതം, നാട്ടുകാർക്ക് അത്ഭുതം, കപീഷെന്ന പേരുള്ള മനുഷ്യനോ?.
അതോടെ ഇടിയൻ ചിരിച്ചു, തോമാസേട്ടൻ ചിരിച്ചു , നാട്ടുകാർ ചിരിച്ചു , വേണുവേട്ടൻ ചിരിക്കാൻ ശ്രമിച്ചെങ്കിലും ചിരി വന്നില്ല . പുഷ്‍കരൻ താൻ, ഇടിയന്റെ തമാശയിൽ പങ്കു ചേർന്നെന്ന് കാണിക്കാനായി ചുണ്ടുകൾ വക്രിച്ചു.
അത് കണ്ട് ഇടിയൻ അലറി എന്താടാ നിന്ന് കോക്രി കാണിക്കാ ?.
ഇടിയന്റെ അലർച്ച കേട്ട് പുഷ്കരൻ വീണ്ടും മുള്ളി , വേണുവേട്ടന് മുള്ളാൻ ഒന്നും ഇല്ലാത്തതു കൊണ്ട് മുള്ളിയില്ല . തന്റെ ചിരി ഇടിയൻ കൊക്കിരിയായി വ്യാഖ്യാനിച്ചതു കേട്ട് പുഷ്കരനും , ചിരിയും ഞെട്ടി .
താൻ കോക്രി കാണിച്ചതല്ലാ.., സാറേ ചിരിച്ചതാണെന്ന് പുഷ്കരന് പറയണമെന്നുണ്ട്.
ഇയാളെന്ത് വിഡ്ഢിയാ , കോക്രി കാണിക്കാൻ കണ്ട സമയമാണോ ഇതെന്നാ അവറാൻ ചേട്ടൻ ചോദിച്ചത്. കൊച്ച് കുട്ടിയാണോയെന്നാ പാക്കരൻ ചേട്ടൻ ചിന്തിച്ചത് ?.
താനെന്ത് അപരാധമാണ് പറഞ്ഞതെന്നറിയാതെ കപിലൻ പകച്ചു നിന്നു.
ഇത് പൈത്യക്കാർ ഊരെന്ന് അതോടൊപ്പം മനസ്സിൽ പറയേം ചെയ്തു ?.
അതോടെ കപിലന്റെ വിറ ഒന്നുകൂടി കൂടി , കപിലൻ വിറക്കുന്നതിനൊപ്പം തോളിൽ കിടന്ന ചാക്കും വിറക്കുന്നുണ്ട് .
കപീഷല്ല സാറേ, കപിലൻ.., തോമാസേട്ടനാ അത് തിരുത്തിക്കൊടുത്തത്.
എന്താടാ ഓടിയത് ?.
ഭയമാർക്ക് ഏമാനെ.
ആ ഏമാൻ വിളി ഇടിയന് നന്നായി ബോധിച്ചു. സാറെ.., എന്നുള്ള വിളിക്കും മേലെയുള്ള ഒരു ആദരം പോലെയാണ് ഇടിയനത് കേട്ടപ്പോൾ തോന്നിയത്. അതോടെ കപിലനു കിട്ടേണ്ട രണ്ടിടി, ഒരിടിയായി ചുരുങ്ങുവാൻ കാരണമായി .
ആരെടാ ചാക്കിൽ ?.
യാര് ?.
ചാക്കിനുള്ളിൽ ആരെ കൊല്ലാൻ കൊണ്ട് പോവാടാ , അനങ്ങുന്നുണ്ടല്ലോ ?
അയ്യോ ..കടവുളേ ..,
ഇറക്കി വിടെറാ ..,കടവുളേ.
അത് കേട്ട് കപിലൻ പതറി .., എന്നതാ ഇവര് പേശത് .., ഏതുമേ പുരിയില്ലയെ .., കടവുൾ മേലെ താനേ ഇരുപ്പേ ?.
എന്റെ സാറേ കടവുൾന്ന് പറഞ്ഞാ ദൈവം .. തോമാസേട്ടനാണ് തന്റെ തമിഴ് വൈഭവം ഇടിയനു മുന്നിൽ പ്രദർശിപ്പിച്ചത് . ഏതായാലും തോമാസേട്ടന്റെ ആ അവസരോചിതമായ ഇടപെടൽ , വെറുതെ കിട്ടണ്ട കുറെ ഇടികൾ കപിലന് ഒഴിവായിക്കിട്ടാൻ കാരണമായി .
പോലീസിനെ കാണുമ്പോ ഇനിയൊരിക്കലും ഇത് പോലെ ഓടരുത്.
ഇടിയന്റെയാ വാണിങ്ങും വാങ്ങി, ഇടിയൻ കാണാതെ കപിലൻ ഓടി. ആ ഓട്ടം അങ്ങ് ഗോപിചെട്ടിപ്പാളയംവരെക്കും ഓടി.
അപ്പോഴും കപിലന്റെ വിറ മാറിയിരുന്നില്ല . നൻപൻ പെരുമാൾ പേച്ച് കേട്ടാ ആക്രി പെറുക്കാനായി കപിലൻ ഞങ്ങളുടെ നാട്ടിലെത്തിയത്. എന്നെ കൊല പണ്ണറുതിക്കാ അങ്കെ അമിച്ചു വിട്ടെയെന്നും ശൊല്ലി കപിലൻ, പെരുമാൾക്കിട്ട് രണ്ടു പൊട്ടിക്കേം ചെയ്തു.
സത്യം പറയെടാ നായിന്റെ മക്കളെ, ആരെ കൊന്നാടാ കുളത്തിൽ താഴ്ത്തിയത് ?.
ഇടിയന്റെ ചോദ്യം കേട്ടതോടെ വേണു കരഞ്ഞു, അതോടെ പുഷ്ക്കരനും കരഞ്ഞു . ഇനി വേണു കരഞ്ഞിട്ട് താൻ കരഞ്ഞില്ലെങ്കി താനായിരിക്കും കൊന്നതെന്ന് കരുതി ഇടിയൻ തന്നെ ഇടിക്കുമോയെന്നായിരുന്നു പുഷ്കരന്റെ പേടി . ഇങ്ങേരിതെന്തിനാ താൻ കരയുമ്പോ കൂടെ കരയുന്നതെന്നാ വേണു ചിന്തിച്ചത് .
എന്റെ സാറേ, പേടിപ്പിക്കേണ്ട പാവങ്ങളാ ..,തോമാസേട്ടൻ പറഞ്ഞതുകൊണ്ട് മാത്രം ഇടിയൻ അടങ്ങി .
രണ്ടു പേരും ആകെ വിറച്ചു മുള്ളി നിൽക്കുന്നത് കണ്ടാ തന്നെ അറിയാം, നാലുപേരെ കൊന്ന് താഴ്ത്താൻ മാത്രമുള്ള കപ്പാസിറ്റിയൊന്നും വേണുവിനും, പുഷ്‍കരനുമില്ലെന്ന് അതോടെ ഇടിയൻ ശാന്തനായി .
അപ്പോഴാണ് ഇടിയനത് ശ്രദ്ധിച്ചത് വേണുവിന്റെ മുന്നിലൊരു നനവ് , പുഷ്ക്കരന്റെ മുന്നിലുമുണ്ട് .
പുഷ്ക്കരന്റെ മുന്നിലാണ് കൂടുതൽ നനവ്. ആ പാവങ്ങൾ പേടിച്ച് മൂത്രമൊഴിച്ചതാണെന്ന് അതോടെ ഇടിയന് മനസ്സിലായി ഇനി കൂടുതൽ പേടിപ്പിച്ചാൽ പിന്നാമ്പുറം കൂടി നനച്ചു കളയും.
താനിത്രയും വലിയ സംഭവമാണെന്നോർത്ത് ഇടിയന് അഭിമാനം തോന്നി.
അത്, ഇടിയനെ തന്റെ ചെറുപ്പകാലത്തിലേക്കൊന്ന് കൂട്ടിക്കൊണ്ട് പോയി.
അരക്കൊല്ല പരീക്ഷക്ക് കോപ്പിയടിച്ചതിന്, രാഘവൻ മാഷ് തന്നെ പിടിക്കുകയും ഇനി കോപ്പിയടിക്കോടാ നായിന്റെ മോനെന്നലറിക്കൊണ്ട് ചൂരൽ ഉയർത്തിയതും, താൻ ട്രൗസറിൽ മുള്ളിയതും ഇടിയന് ഓർമ്മവന്നു. അതോടെ തനിക്കൊരു വിളിപ്പേരും കിട്ടി
ഉമ്പുള്ളി ജോണി .
ഇടിയൻ ഞെട്ടിക്കൊണ്ട് ചുറ്റിലും നോക്കി അന്ന് ട്രൗസറിൽ മുള്ളിയ ചെക്കൻ ഇന്ന് നാട്ടുകാരെ മുള്ളിക്കുന്നു . ഇടിയന്റെ അഭിമാനം വാനോളം ഉയർന്നു .
പേടിക്കാതെ പറയെന്റെ വേണു.
തോമാസേട്ടൻ , വേണുവിന് ധൈര്യം കൊടുത്തു.
കുളം വൃത്തിയാക്കാൻ വന്ന തമിഴൻമാരാ സാറേ ആദ്യം കണ്ടത് .
അങ്ങനെ ആദ്യം കണ്ടു എന്നുള്ള മഹാ കുറ്റകൃത്യം വേണു തമിഴൻമാർക്ക്, പതിച്ചു നൽകി.
എന്നിട്ട് അവരവിടെടാ ?.
ഇടിയന്റെയാ അലർച്ച കേട്ട് തഞ്ചാവൂരിലുള്ള മുരുകനും, മുത്തുപ്പാണ്ടിയും ഒരുമിച്ച് ഞെട്ടി.
അവരോട് എന്റെ മുന്നിൽ എത്രയും പെട്ടെന്ന് ഹാജരാകാൻ പറയ്. തോമാസെ ഒരു ഇൻക്വസ്റ് തയ്യാറാക്കി , എഫ് ഐ ആർ രെജിസ്റ്റർ ചെയ്യ് ഡോക്ടറെ അറിയിക്ക്.
പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു .
പിറ്റേ ദിവസത്തെ പത്രത്തിന്റെ ആദ്യ കോളത്തിൽ തന്നെ വാർത്ത പ്രത്യക്ഷപ്പെട്ടു. അസ്ഥികൂടങ്ങളുടെ കൂടെ അപരാധിയെപ്പോലെ വേണുവേട്ടന്റേയും , പുഷ്കരന്റെയും പടവും വന്നു .
അന്വേഷണത്തിന് ഇടിയൻ ജോണിയെ ഏല്പിച്ചു കൊണ്ടുള്ള ഡി ജി പി യുടെ ഉത്തരവും അതോടൊപ്പം ഇറങ്ങി .
അടുത്ത ഏതാനും ദിവസങ്ങൾ ഗ്രാമത്തിലെ മുഴുവൻ സംസാരവിഷയവും ഇതു തന്നെയായിരുന്നു . പാക്കരൻ ചേട്ടന്റെ ചായക്കടയും, വറീതിന്റെ ഷാപ്പും ചൂടുപിടിച്ചു. നാലാൾ കൂടുന്നിടത്തെല്ലാം ഇതു തന്നെയായി ചർച്ച .
ആ ചർച്ചകളുടെ ഫലമായി പാക്കരൻ ചേട്ടന്റെയും, വറീതിന്റെയും കച്ചവടം കുതിച്ചുയർന്നു .
ഈ കൊലപാതകങ്ങളെ കുറിച്ചുള്ള വിവരങ്ങളറിയാൻ അടുത്ത ഗ്രാമത്തിൽ നിന്നുപോലും ആളുകൾ ഞങ്ങളുടെ ഗ്രാമത്തിലേക്ക് ഒഴുകിയെത്തി.
എന്തായി കൊലപാതക കേസ്? എന്തെങ്കിലും തെളിവായോ ? ആരെയെങ്കിലും പിടിച്ചോ ? എന്നെല്ലാം ആളുകൾ പരസ്പരം ചോദിച്ചു.
വഴിയിൽ കാണുന്നവരോട് ചോദിക്കാൻ പറ്റാത്തതുകൊണ്ട് അവർ ചായക്കടയിലും , കള്ളു ഷാപ്പിലും കേറി സംശയങ്ങൾ തീർത്തു .
ചായക്കടയിൽ സീറ്റു കിട്ടാത്ത... ,കള്ളു കുടിക്കാത്ത വേറേ ചിലർ മറ്റു മാർഗ്ഗമില്ലാതെ ഷാപ്പിലെത്തുകയും കറികൾ മാത്രം തിന്നിരുന്നുകൊണ്ട് വിവരങ്ങൾ കേട്ടറിയുകയും, അതവരുടെ ഗ്രാമങ്ങളിൽ കൊണ്ടുപോയി കുറച്ചു കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തു .
ജീവിതത്തിൽ കള്ളു കുടിച്ചിട്ടില്ലാത്ത പച്ചമരുന്ന് കടക്കാരൻ സുമൻ കൊലപാതക വിവരങ്ങൾ അറിയാൻ വേണ്ടി മാത്രം ഷാപ്പിൽ കേറുകയും നല്ലൊരു കള്ള് കുടിയനായി മാറുകയും ചെയ്തത് ഇക്കാലത്തായിരുന്നു .
കറികൾ മാത്രം തിന്ന് വിവരങ്ങൾ കേട്ടറിഞ്ഞിരുന്ന സുമൻ, അന്ന് മീൻ കറി കഴിക്കുകയും ഏരു കൂടുതലായതു കൊണ്ട് വെള്ളം ചോദിക്കുകയും , കുടിക്കാൻ വെള്ളം ഇല്ലാത്തതിനാൽ നീ ഒരു ഗ്ലാസ്സ് കള്ള് കുടിച്ച് ദാഹം മാറ്റിക്കോ എന്റെ സുമാ..ന്ന് പറഞ്ഞോണ്ട് വറീത് ഒരു ഗ്ലാസ്സ് കള്ളു കൊടുക്കുകയും ആ ദാഹം മാറൽ സുമന് വല്ലാതെ ബോധിക്കുകയും . ഇനി ദാഹം വരുമ്പോൾ വെള്ളത്തിനു പകരം കള്ളു മതിയെന്ന് തീരുമാനമെടുക്കുകയും ചെയ്തു .
വാർത്തകൾക്ക് കൂടുതൽ കൊഴുപ്പ് കിട്ടാൻ ഓരോരുത്തരും പുതിയ പുതിയ കഥകൾ മെനഞ്ഞു കൊണ്ടിരുന്നു . ചിലപ്പോ റിപ്പറു കൊണ്ടിട്ടതായിരിക്കുമെന്നാ ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ പറഞ്ഞത്. സുകുമാരക്കുറുപ്പായിരിക്കുമെന്നും പറഞ്ഞ് ഷാപ്പുകാരൻ വറീത് ഒരു പടി കൂടി മുന്നേ എറിഞ്ഞു .
സുകുമാരക്കുറുപ്പിന്റെ പോലെ ഒരാളെ താൻ ചെത്താൻ പോവുമ്പോ കണ്ടൂവെന്നാ അവറാൻ ചേട്ടൻ വെച്ച് കാച്ചിയത്. അങ്ങനെ , കാറ്റുകൊള്ളാൻ വന്ന പാൽക്കാരൻ സുകുമാരേട്ടനെ അവറാൻ ചേട്ടൻ സുകുമാരക്കുറുപ്പാക്കി മാറ്റി. താനാണ് മോഡലെന്ന് പാവം സുകുമാരേട്ടൻ അറിഞ്ഞില്ലെന്ന് മാത്രം. വെറും പേരുകൊണ്ടുള്ള സാമ്യം മാത്രമേ ഈ രണ്ടു സുകുമാരൻമാരും തമ്മിൽ ഉണ്ടായിരുന്നുള്ളൂ . ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആളാ സുകുമാരേട്ടൻ.
ഒരു പ്രാവശ്യം കുളിക്കാൻ പോയ സുകുമാരേട്ടൻ ഒരു ഉറുമ്പ് വെള്ളത്തിൽ നീന്തി തുടിക്കുന്നത് കണ്ട് രക്ഷിക്കാൻ ചാടി വെള്ളം കുടിച്ച് ചാവേണ്ടതായിരുന്നു .
മീൻ പിടിക്കാൻ വന്ന മമ്മദ് തക്ക സമയത്ത് കണ്ടതുകൊണ്ട് മാത്രാ അന്ന് സുകുമാരേട്ടൻ രക്ഷപ്പെട്ടത്. എന്റെ സുകുമാരാ നീയെന്തിനാടാ നീന്തലറിയാണ്ട് കുളത്തിൽ ചാടിയതെന്ന മമ്മദിന്റെ ചോദ്യത്തിന് സുകുമാരേട്ടൻ ഏങ്ങലടിച്ചു കരഞ്ഞു. പാവത്തിനെ അധികം വിഷമിപ്പിക്കേണ്ടെന്നു കരുതി മമ്മദ് പിന്നെയൊന്നും ചോദിച്ചില്ല . താൻ ഉറുമ്പിനെ രക്ഷിക്കാൻ ചാടിയതാണെന്ന് സുകുമാരേട്ടനിട്ടു പറഞ്ഞതുമില്ല.
അത് പറഞ്ഞിരുന്നുവെങ്കിൽ , മമ്മദ് ശരിക്കും കുളത്തിലേക്ക് തള്ളിയിട്ടേനേ .
റിപ്പറിന്റെ പേര് എന്തായിരിക്കുമെന്നാ പ്രേക്ഷിതൻ സുകുവിന് സംശയം തോന്നിയത്. പാക്കരൻ ചേട്ടനോട് ചോദിച്ചെങ്കിലും പാക്കരൻ ചേട്ടനും അതേക്കുറിച്ച് അജ്ഞനായതുകൊണ്ട് റിപ്പറിന്റെ പേര് റിപ്പർ തന്നെയാണെന്നങ്ങട് പറഞ്ഞുവെച്ചു.
റിപ്പറെന്ന പേരോ ?
അത് കേട്ട് എല്ലാവർക്കും ആശ്ചര്യമായിരുന്നു.
ആളുകളെ കൊല്ലുന്നതു കൊണ്ട് ഒരു ഗുമ്മ് കിട്ടാൻ വേണ്ടിയായിരിക്കും റിപ്പറെന്ന പേരിട്ടതെന്നാ പലചരക്ക് കടക്കാരൻ സുപ്രു അഭിപ്രായം പറഞ്ഞത് .
അത് ശരിയായിരിക്കുമെന്ന് എല്ലാവർക്കും തോന്നുകേം ചെയ്തു .
ആളെ കണ്ടാ എങ്ങിനെയിരിക്കുമെന്നാ മീൻകാരൻ മമ്മദ് സംശയം ചോദിച്ചത്. ഇനി കാണുമ്പോ ഓടാല്ലോയെന്നുള്ള മനക്കണ്ണിലായിരുന്നു മമ്മദത് ചോദിച്ചത് .
ഞാൻ കണ്ടിട്ടില്ലെന്നാ പാക്കരൻ ചേട്ടനതിനു മറുപടി പറഞ്ഞത്.
കണ്ടിരുന്നെങ്കി, ചായ തരാൻ പാക്കരൻ ചേട്ടൻ ഉണ്ടായേനില്ലെന്നും പറഞ്ഞ്, വിറകു വെട്ടുകാരൻ അന്തോണിക്ക് ചിരിയോട് ചിരി. സത്യത്തിൽ അന്തോണി മാത്രമേ ചിരിച്ചുള്ളൂ. പാക്കരൻ ചേട്ടൻ രൂക്ഷമായി നോക്കിയതോടെ വിറക് വെട്ടാനുണ്ടെന്നും പറഞ്ഞ് ചായക്ക് പോലും നിക്കാതെ അന്തോണി പോയി . പാക്കരൻ ചേട്ടൻ ഒരു റിപ്പറായി മാറിയത് പോലെയാ അന്തോണിക്കാ നോട്ടം കണ്ട് തോന്നിയത് .
അവനിട്ട് ഒന്ന് പൊട്ടിച്ചേനെയെന്നാ അന്തോണി പോയിക്കഴിഞ്ഞപ്പോ പാക്കരൻ ചേട്ടൻ പറഞ്ഞത് .
ചുറ്റിക കൊണ്ടാ റിപ്പർ തലക്കടിച്ചു കൊല്ലാത്രെ .
അത് കേട്ട് പലചരക്കു കടക്കാരൻ സുപ്രു ഞെട്ടി. അതോടെ സുപ്രുവിന്റെ ഉറക്കം നഷ്ട്ടപ്പെട്ടു ഏതു സമയത്തും തന്റെ തല അടിച്ചു പൊട്ടിക്കാൻ വരുന്ന റിപ്പറെ ഓർത്ത് സുപ്രു ഞെട്ടി വിറച്ചു. വെറുതെ ആ വാർത്ത കേൾക്കേണ്ടിയിരുന്നില്ലെന്ന് സുപ്രുവിന് തോന്നി .
വീട്ടിലുള്ള ചുറ്റികയെല്ലാമെടുത്ത് സുപ്രു കുഴിച്ചിട്ടു.
അല്ലെങ്കിലേ സുപ്രുവിന് എന്ത് കേട്ടാലും സംശയാ. ആന ഇടഞ്ഞു എന്ന് കേട്ടാ തന്റെ പിന്നാലെ എപ്പോഴും ആനയുണ്ടെന്ന് സംശയം . പുലി ഇറങ്ങി എന്ന് കേട്ടാ പുലി പിടിക്കാൻ വരുന്നുണ്ടെന്ന സംശയം . പിശാചുക്കളെന്ന് കേട്ടാ പിശാചുക്കളെ കുറിച്ചുള്ള സംശയം .
അന്ന് രാത്രീ ഭാര്യ കുസുമം വെള്ളം കുടിക്കാൻ പോയി വരുന്നത് കണ്ട സുപ്രു അലറി ...
അയ്യോ റിപ്പർ ...
അതോടെ കുസുമേടത്തി മറ്റൊരു റിപ്പറായി മാറേണ്ടതായിരുന്നു.
ദിനങ്ങൾ കഴിയും തോറും കൊലപാതകങ്ങളെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച വാർത്തകൾ നാട്ടുകാർക്കിടയിൽ അധികരിച്ചു കൊണ്ടിരുന്നു .
ഉറക്കത്തിൽ സ്ഥിരമായി അസ്ഥികൂടങ്ങളെ സ്വപ്നം കണ്ട് വേണുവേട്ടൻ ഞെട്ടിയുണർന്നു . കണ്ണടച്ചാൽ നാല് അസ്ഥികൂടങ്ങൾ മുന്നിൽ വന്നു നിൽക്കുന്നു . എന്തിനാണ് തങ്ങളെ കുളത്തിൽ കൊണ്ടിട്ടതെന്ന് അവറ്റകൾ ചോദിക്കുമ്പോലെ വേണുവേട്ടന് തോന്നി .
ഞാനല്ലാ ..ഞാനല്ലായെന്ന് വേണുവേട്ടൻ ആണയിട്ടു .
ഇതിനിടയിൽ പുഷ്ക്കരൻ വീണ്ടും മുങ്ങാൻ നോക്കിയെങ്കിലും വേണുവേട്ടൻ വിട്ടില്ല . ഇത് പോലത്തെ കഷ്ടകാലം നേരത്തല്ലെ കൂടെ നിക്കേണ്ടതെന്നും ചോദിച്ച് വേണുവേട്ടൻ, അമ്മായപ്പനെ നോക്കി ചീറി .
എന്തിന് ? മോളുടെ വീട്ടിൽ രണ്ടു ദിവസം നിക്കാൻ വന്നതിന് എന്തിനാ എന്നെ ഇങ്ങനെ ക്രൂശിക്കണതെന്നാ ആ പാവം തിരിച്ചു ചോദിച്ചത്.
ഏത് കഷ്ടകാലം നേരത്തെണാവോ ഈ മരങ്ങോടന്റെ വീട്ടിലേക്ക് ഇറങ്ങി പുറപ്പെടാൻ തോന്നിയതെന്നോർത്ത് പുഷ്ക്കരൻ നെടുവീർപ്പിട്ടു .
ഇല്ലാത്ത കോഴിക്ക് തീറ്റ കൊടുത്തിട്ട് വരാമെന്ന് പുഷ്കരൻ പറഞ്ഞു നോക്കിയെങ്കിലും വേണുവേട്ടൻ വിട്ടില്ല . ആർക്കോ വെച്ച ഒരു കൊലക്കയർ തന്റെ കഴുത്തിൽ മുരുകുന്നത് കണ്ട് പുഷ്‍കരൻ കരഞ്ഞു .
ഇതിനിടയിൽ തഞ്ചാവൂരിൽ നിന്ന് മുരുകനും, മുനിയാണ്ടിയും എത്തി. ഇല്ലെങ്കിൽ തഞ്ചാവൂരിൽ വന്ന് ഇടിക്കുമെന്നുള്ള ഇടിയന്റെ ഭീക്ഷിണിയോടെയാണ് രണ്ടുപേരും രായ്ക്കു രാമാനം പാഞ്ഞെത്തിയത് .
അനാവശ്യമായി തന്നെ ഈ പൊല്ലാപ്പിൽ കൊണ്ട് ചാടിച്ച മുരുകനോട് മുനിയാണ്ടിക്ക് കടുത്ത നീരസവും ദേഷ്യവും തോന്നി . തന്റെ ഓർമ്മയിൽ യാതൊന്നും അവനെതിരായി ചെയ്തിട്ടില്ല , പിന്നെ എന്തിനാണ് മല്ലിക്കട വെച്ചിരുന്ന തന്നെ രണ്ടു ദിവസത്തെ പണിയേ ഉള്ളൂ മാമാ, കൈ നിറയെ കാശ് കിട്ടും മാമാ എന്നൊക്കെ മോഹിപ്പിച്ച് കൂട്ടിക്കൊണ്ട് വന്നത് ? കൈ നിറയെ കാശല്ല, ഇടിയാണ് കിട്ടാൻ പോകുന്നത് .
മുനിയാണ്ടിയുടെ ഭാര്യ രത്‌നമ്മാൾ ചീറി, ഉനക്കെന്നാ പൈത്യമാർക്കും അന്ത പൊടിപ്പയ്യൻ പേശേ കേട്ട് കുളം വൃത്തിയാക്കാൻ പോയിരിക്കണൂ പോയി ഇടി വാങ്ങി വാങ്കോ.
ഏതാണ്ട് ട്രോഫി വാങ്ങി വായോ എന്ന പോലെയുള്ള ഭാര്യയുടെ പറച്ചിൽ കേട്ട് ആശയറ്റവനെപ്പോലെയാണ് മുനിയാണ്ടി പോയത്.
രത്നമ്മ നാക്ക് കരിനാക്ക്, ശൊന്ന ശൊന്ന പടിയെ നടക്കും ഒരു നാൾ സ്വന്തം അമ്മ വെളിയിൽ പോകാൻ നിൽക്കുമ്പോത് മഴ വരുതമ്മാ ഇടി വെട്ട പോകുത് എന്ന് പറയലും ഇടി വെട്ടിയതും അമ്മ അർപുതമ്മാളുടെ കാറ്റ് പോയതും ഒരുമിച്ചായിരുന്നു അകത്തേക്ക് ഓടാൻ പോലും ആ പാവത്തിന് സമയം കിട്ടിയില്ല .
അപ്പാ വിറക് വെട്ട പോകുമ്പോതും രത്‌നമ്മ ഇന്ത മാതിരി താൻ ശൊന്നേ .
അപ്പാ, പാത്ത് പോങ്കോ അങ്കെ നിറയെ പാമ്പിറുക്ക് .
എന്ത പാമ്പും ഇന്ത മാണിക്യത്തെ തൊടമാട്ടേയെന്നും ശൊല്ലി പോയ അപ്പാവെ പാമ്പ് കടിച്ചെന്നും ശൊല്ലിയാ തൂക്കിയിട്ടു വന്തത് .
അതും മൂർഖൻ പാമ്പ്.
അങ്കെ എന്ത പാമ്പും ഇറുക്കമാട്ടെടാ , പിന്നെ എപ്പടി വന്തതെന്ന് തെരിയില്ലയെന്നും ശൊല്ലി തന്നെ പാത്ത് അഴുതിട്ടാണ് അപ്പ കണ്ണ് മൂടിയത്. നീ ഉങ്ക പൊണ്ടാട്ടിക്കിട്ട് നല്ല ഗൗനമാരുന്തിക്കോന്ന് ഒരു വാണിംഗും കൂടി തന്നിട്ടാ അപ്പാ പോയത്.
ഞാൻ അങ്കെ വരമാട്ടെയെന്ന് ശൊല്ലി മുനിയാണ്ടി കുറെ കടും പിടുത്തും പിടിച്ചെങ്കിലും മുരുകൻ പിടിച്ച പിടിയാലേ നിന്നു. ഇല്ലെങ്കി തനിക്ക് മുനിയാണ്ടിയുടെ ഇടി കൂടി കൊള്ളേണ്ടി വരുമെന്ന് മുരുകന് നല്ല ബോധ്യം ഉണ്ടായിരുന്നു .
മാമാവുക്ക് വെച്ച ഇടി താനെതുക്ക് വാങ്ങവേണ്ടിയത് ?.
എന്നുടെ പൊണ്ണേ കെട്ടിത്തരമാട്ടെന്ന് മുനിയാണ്ടി അവസാന കൈ പ്രയോഗിച്ചെങ്കിലും , ഉയിരോടെ തിരുമ്പി വന്നിട്ടു താനേ മാമാ തിരുമണമെന്നാ മുരുകൻ മനസ്സിൽ ചോദിച്ചത് .
ആരെടാ ആദ്യം കണ്ടത് ?
ഇടിയന്റെ അലർച്ച കേട്ട് മുനിയാണ്ടിയുടേയും മുരുകന്റേയും കണ്ണു മിഴിഞ്ഞു. തമിഴിൽ അവഗാഹമില്ലാത്ത ഇടിയൻ വീണ്ടും അലറി, ആരെടാ ആദ്യം കണ്ടത് ? അപ്പോഴും മുനിയാണ്ടിയും, മുരുകനും മാനം നോക്കി നിന്നു. പാവങ്ങൾക്ക് അടുത്തത് ഇടിയായിരിക്കും കിട്ടുകയെന്ന് മനസ്സിലാക്കിയ തോമാസേട്ടനാണ് തമിഴിലുള്ള തന്റെ അവഗാഹം വീണ്ടും വെളിവാക്കിയത്.
യാര് ആദ്യം പാത്താച്ച് ?.
തോമാസേട്ടന്റെ ആ തർജ്ജമ ഇടിയന് തീരെ ഇഷ്ടപ്പെട്ടില്ല. തമിഴ് അറിയാത്തതു കൊണ്ട് തന്നെ കൊച്ചാക്കിയത് പോലെയാണ് ഇടിയന് അതിലൂടെ തോന്നിയത് .
ഒരേസമയം മുനിയാണ്ടി മുരുകന് നേർക്കും മുരുകൻ മുനിയാണ്ടിക്കു നേർക്കും കൈചൂണ്ടി .
കളിയാക്കുന്നോ നായിന്റെ മക്കളെ എന്നലറിക്കൊണ്ട് ഇടിയന്റെ മുട്ടുകൈ മുരുകന്റെ മുതുകത്ത് പതിഞ്ഞു.
അമ്മാ... മുരുകൻ അലറിക്കരഞ്ഞു .
മുരുകന് കിട്ടിയ ഇടി കണ്ട് മുനിയാണ്ടിയും വാ കീറി കരഞ്ഞു .
അമ്മ, അർപുതമ്മാൾ ചത്തു പോയതുകൊണ്ട് മുനിയാണ്ടി ഭഗവാൻ മുരുകനെയാ കൂപ്പിട്ടത്.
മുരുകാ ...
എതുക്ക് മാമാ ഇപ്പൊ കൂപ്പിടറെ ? ഇടി കൊണ്ട മുതുക് ഉഴിയുന്നതിനിടയിൽ കരഞ്ഞു കൊണ്ടായിരുന്നു മുരുകനത് ചോദിച്ചത് .
ആണ്ടവൻ മുരുകനാ ഇത് ?. മുനിയാണ്ടി ആശ്ചര്യപൂർവ്വമാ ചോദിച്ചത് .
ഇല്ലൈ മാമാ ഉന്നുടെ മരുമകൻ മുരുകൻ .
പോടാ പൈത്യക്കാരാന്നും ..ചീറിക്കൊണ്ട് , മുനിയാണ്ടി വീണ്ടും ഭഗവാൻ മുരുകനെ വിളിച്ചു.
ഭാര്യയെ കൂപ്പിടാനായി ആഞ്ഞെങ്കിലും അത് ചിലപ്പോ തന്റെ കൊലപാതകത്തിലാവും കലാശിക്കാ എന്നുള്ള പേടിയിലായിരുന്നു ഒഴിവാക്കിയത് .
സാറേ.. കുളം ക്ളീൻ പണ്ണുമ്പോത് താൻ അന്ത എലുമ്പു പാത്താച്ച് വേറെ ഏതുമേ തെരിയാത് ...സാർ ..
മുരുകൻ കരഞ്ഞുകൊണ്ട് തമിഴിലും മലയാളത്തിലും തന്റെ നിസ്സഹായാവസ്ഥ ഇടിയനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു .
പാവങ്ങൾ, ഏതോ അസ്ഥി കൂടങ്ങളുടെ പേരിൽ വെറുതേ ഇടി കൊള്ളുകയാണെന്ന് തോമാസേട്ടന് മനസ്സിലായി. തഞ്ചാവൂരിന്ന് ഇടിയന്റെ ഇടി കൊള്ളാൻ വേണ്ടി മാത്രമാണ് അവറ്റകൾ ഈ ഓണം കേറാമൂലയിലുള്ള കുളം വൃത്തിയാക്കാൻ ഇറങ്ങിത്തിരിച്ചത്. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ?. ഏതായാലും ഇടിയന്റെ ഇടി വാങ്ങി കരഞ്ഞു കൊണ്ടായിരുന്നു രണ്ടുപേരും തിരിയെ തഞ്ചാവൂരിലോട്ട് പോയത്.
മുനിയാണ്ടി തനി ബസ്സിലും മുരുകൻ തനി ബസ്സിലുമാണ് തഞ്ചാവൂരിലേക്ക് പോയത്. എതുക്ക് മാമാ തനിയെപ്പോറേയെന്ന് മുരുകൻ ചോദിച്ചെങ്കിലും മുനിയാണ്ടി ചീറി. പോയി..ഉന്നുടെ വേലയെ പാറെടാ പൈത്യക്കാരാ.., അതിനു ശേഷം പ്രയോഗിക്കപ്പെട്ട ആ തമിഴ് തെറി കേട്ട് മുരുകന്റെ മാത്രമല്ല കണ്ടു നിന്നവരുടെ വരെ ഫ്യൂസ് അടിച്ചു പോയി . ഇന്ത, പൈത്യം മാമ്മാവുക്ക് ഇനിയും നല്ല ഒത കിട്ടണമെന്ന് അതോടെ മുരുകൻ പ്രാർത്ഥിക്കേം ചെയ്തു .
വിളിക്കുമ്പോൾ വരണം എന്നുളള ഇടിയന്റെ അലറൽ കേട്ട് മുനിയാണ്ടി അഴുതുകൊണ്ടാ പറഞ്ഞത്.
എതുക്ക് സാറേ..? എനിക്ക് അങ്കെ നിറയെ വേലയിറുക്ക്.
വേലിയിൽ ഇരിക്കുകയോ നിക്കുകയോ ചെയ്തോ വിളിച്ചാ വന്നില്ലെങ്കി ഉന്നെ ഞാൻ കൊല്ലും. ആ കൊല വിളി കേട്ട് മുനിയാണ്ടി ഒന്നുകൂടി ഉച്ചത്തിൽ കരഞ്ഞു.
ഭാര്യ രത്നമ്മ ചോദിച്ചപ്പോ കൊല പണ്ണുവേ ന്ന് മട്ടും മുനിയാണ്ടി പറഞ്ഞില്ല. ഇനി അവളെങ്ങാനും, എന്തെങ്കിലും മൊഴിഞ്ഞാ, അതോടെ തന്റെ കഥ തീരുമെന്ന് പേടിയുള്ളതുകൊണ്ട് ഏതുമേ പേശാമെയാ മുനിയാണ്ടി അകത്തേക്ക് കേറിപ്പോയത് .
ഞാൻ ഏതോ കേക്കറെ... നീ ഏതുമേ പേശാമേ ഉള്ളേപ്പോറേ?.
ഇതിനിടയിൽ മുരുകൻ വന്ത്, എനിക്ക് എപ്പോ മാമാ തീരുമണമെന്ന് ചോദിച്ചതും ....
ഡേയ്... ഡേയ്... ഉന്നെ നാൻ..,കൊല പണ്ണുവേടാ...തിരുട്ടു മുണ്ടം .., മുനിയാണ്ടി കൈ ചൂണ്ടി അലറികുതിച്ചു വന്നതോടെ മാമാക്ക് പൈത്യമെന്നും ശൊല്ലി മുരുകൻ ജീവനും കൊണ്ടോടി.
ഡി ജി പി യുടെ പ്രെഷർ അധികരിച്ചതോടെ , ഇടിയന്റെ ജീപ്പ് വേണുവേട്ടന്റെ വീട്ടിലേക്ക് പാഞ്ഞു . പിന്നാമ്പുറത്ത് വിറക് വെട്ടിക്കൊണ്ടിരുന്ന വേണുവേട്ടൻ ആ ജീപ്പിന്റെ ഇരമ്പൽ കേട്ട് മുങ്ങാൻ നോക്കിയെങ്കിലും പുഷ്ക്കരൻ ഉടുമ്പടക്കം കേറി പിടിച്ചു .
സത്യം പറഞ്ഞോ .., എന്തിനാടാ അവരെ കൊന്നത് ?
ഇടിയന്റെ ചോദ്യം കേട്ട് വേണുവേട്ടന് വാക്കുകൾ നഷ്ടപ്പെട്ടു . കൊലപാതകോ ? ഒരു ഉറുമ്പിനെപ്പോലും കൊല്ലാൻ പറ്റാത്ത തന്നെ നാലു കൊലപാതകങ്ങളുടെ സൃഷ്ട്ടാവാക്കിയതോടെ വേണുവേട്ടന്റെ ശ്വാസം മുട്ടി.
പറയെടാ, എന്തിനാ അവരെ കൊന്ന് കുളത്തിൽ താഴ്ത്തിയത് ?
വേണുവേട്ടൻ അങ്കലാപ്പോടെ മുകളിലേക്ക് നോക്കി, താഴേക്ക് നോക്കി, ഭിത്തിയിൽ വെച്ച ഭഗവാൻ മുരുകനെ നോക്കി, പുഷ്കരനെ നോക്കി . പുഷ്കരനെ നോക്കിയെങ്കിലും കണ്ടില്ല ഇടിയന്റെ ആദ്യ ചോദ്യത്തിൽ തന്നെ അപായ സൂചന മണത്ത പുഷ്ക്കരൻ ഓടി രക്ഷപ്പെട്ടിരുന്നു . ഒരിടിക്കു മാത്രമല്ല ഒരുപാട് ഇടികൾക്കുള്ള സ്കോപ്പുണ്ടെന്ന് പുഷ്‍കരന് മനസ്സിലായി . മകളായി.., മകളുടെ ഭർത്താവായി, ജന്മം കൊടുത്തു എന്ന ഒറ്റ കുറ്റത്തിന് തന്റെ ജീവൻ ബലിയാടാക്കണോ?.
മകളല്ലേ.., കൂടെ നിക്കേണ്ടേയെന്നുള്ള മനഃസാക്ഷിയുടെ ചോദ്യത്തിന് കല്യാണം കഴിച്ച് അയച്ചതോടെ തന്റെ ഉത്തരവാദിത്വം പൂർത്തിയാക്കിയെന്നുള്ള മറുപടിയിലൂടെ പുഷ്ക്കരൻ സ്വയം ആശ്വാസം കണ്ടെത്തി.
പുഷ്‍കരൻ, ഭാര്യ അമ്മിണിയെ വിളിച്ചെങ്കിലും മകളുടെ കൂടെ നിൽക്കുന്നുവെന്ന് പറഞ്ഞ് അമ്മിണി തന്റെ മാതൃത്വത്തോട് കൂറു കാണിച്ചു . എന്തെങ്കിലും ചെയ്യെന്നും പറഞ്ഞ് പുഷ്ക്കരൻ ഓടി. പാവം ബസ്സിനു പോലും നിൽക്കാതെ ശുഷ്ക്കമായ തന്റെ കാലുകളും നീട്ടി വലിച്ചു കൊണ്ടാ ഓടിയത് .
ഇനി ബസ്സിന് കാത്തു നിൽക്കുമ്പോൾ ഇടിയനെങ്ങാനും വന്നു പിടിച്ചാലോയെന്നുള്ള ഭീതിയാണ് അതിലേക്ക് ആക്കം കൂട്ടിയത് .
ഇടിയന്റെ ചോദ്യത്തിനു മുന്നിൽ വേണു നിന്നുരുകി . പേടി വരുമ്പോൾ കൂടെ വിക്കും വരുന്ന വേണു ആകെ വിക്കിക്കൊണ്ടാ പറഞ്ഞത്.. അതോടൊപ്പം വിക്കിക്കൊണ്ട് കരയുന്നുമുണ്ടായിരുന്നു.
സാ..., സാ ... സാ റേ എനിക്കറിയില്ല, ഈ മൂധേവി പറഞ്ഞിട്ടാ കുളം വൃത്തിയാക്കിയത്.
പകുതി ഇടി ഭാര്യക്കും കൂടി ഇരുന്നോട്ടെ എന്ന് കരുതിയാ വേണു അങ്ങനെ പറഞ്ഞത്.
എടാ നിന്റെ പറമ്പ് , നിന്റെ കുളം, അതിൽ അസ്ഥികൂടങ്ങൾ.., അപ്പോൾ ആരാണ് അതിനുത്തരവാദി ? . ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ. ആ ഒരു ഉദാഹരണം കൂടി ഇടിയൻ എടുത്ത് പ്രയോഗിച്ചു .
അത് കേട്ട് വേണു ഒന്നുകൂടി ഞെട്ടി, ആരാണ് കീചകൻ? ആരാണ് ഭീമൻ? അവരാണോ ചത്തത് ?.
എന്റെ സാറേ ഞാനിവരെയൊന്നും അറിയുകപോലുമില്ല.
ഇപ്പൊ ഞെട്ടിയത് ഇടിയനായിരുന്നു.
ആരെ ?.
ഭീമനേം , കീചകനേം.
അതോടെ, ഒരിടി അവനെ പോയി ഇടിക്കെന്നും പറഞ്ഞ് ഇടിയന്റെ കൈയ്യിലേക്ക് ഉരുണ്ടു കേറി.
എന്താണതിന് മറുപടി പറയേണ്ടതെന്നറിയാതെ ഇടിയൻ മിഴിഞ്ഞു .
ഏതായാലും വേണു നിരപരാധിയാണെന്ന് ഇടിയന് ബോധ്യമായി.
എന്താണൊരു വഴി തോമാസേ ? .
ആ ചോദ്യത്തിനു മുന്നിൽ തോമാസേട്ടനും നിശബ്ദനായിരുന്നു .
എന്ത് വഴി?
തലക്കുള്ളിൽ ആൾതാമസമുള്ളവർക്ക് പറഞ്ഞ പണിയാണ് കേസ് അന്വേഷണവും മറ്റും.
തോമാസേട്ടനത് മനസ്സിലാണ് പറഞ്ഞതെങ്കിലും അതിന്റെ പ്രതിഫലനങ്ങൾ ഇടിയന്റെ കാതിലും എത്തിച്ചേർന്നു.
സാറേ, നമുക്ക് പോലീസ് നായയെ കൊണ്ട് വന്നാലോ ?.
എടോ, ഒരു പ്രാവശ്യം പോലീസ് നായയെ കൊണ്ട് വന്ന പൊല്ലാപ്പൊക്കെ തനിക്കറിയാവുന്നതല്ലേ ?.
രജനി തിരോധാനത്തിന്റെ (രജനി തിരോധാനം ഗ്രാമത്തിൽ നടന്ന വലിയൊരു സംഭവമായിരുന്നു ) തുമ്പു തേടി ഇടിയൻ പോലീസ് നായ വാണിയെ കൊണ്ടുവരുകയും വാണി വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുകയും ചെയ്തതിൽ ഉപരി വേറൊന്നും തന്നെ ഉണ്ടായില്ല .
അതല്ലാതെ എന്താണൊരു വഴി ?.
തോമാസേട്ടൻ ആ ചോദ്യം ഇടിയനോട് തിരിച്ചു ചോദിച്ചു ?.
ഇവനെന്തൊരു വട്ടനാണ്? താൻ ചോദിച്ച ചോദ്യം തന്നോട് തന്നെ തിരിച്ചു ചോദിക്കുന്നത് ? ഈ വിഡ്ഢിയുടെ അടുത്ത് സംശയം ചോദിച്ച തന്നെ വേണം തല്ലാൻ .
ഭയന്നോടിയ പുഷ്ക്കരൻ അന്ന് തന്നെ കാശിക്കു പോയി . ഇടിയനെക്കുറിച്ചുള്ള പേടിയും ഇടി കിട്ടുമെന്നുള്ള പേടിയും ഉറക്കത്തിൽ അസ്ഥികൂടങ്ങൾ സ്ഥിരമായി കാണുന്നതും പുഷ്കരനെ വല്ലാത്തൊരു അവസ്ഥയിലേക്കെത്തിച്ചിരുന്നു . ജീവിതത്തിൽ ഒരിക്കൽ പോലും അസ്ഥികൂടങ്ങൾ കണ്ടിട്ടില്ലാത്ത പുഷ്ക്കരൻ സ്വപ്നങ്ങളിൽ, അസ്ഥികൂടങ്ങളുടെ ഘോഷയാത്ര കണ്ട് ഞെട്ടി വിറച്ചു .
ഏത് കഷ്ടകാലം നേരത്താണാവോ തനിക്കങ്ങോട്ട് പോകാൻ തോന്നിയതെന്നോർത്ത് പുഷ്ക്കരൻ സ്വയം തലക്കടിച്ചു . ഒരു ലോല ഹൃദയനായ തനിക്കിതൊന്നും താങ്ങാനുള്ള കരുത്തില്ലെന്ന് പുഷ്ക്കരൻ തിരിച്ചറിയുകയും, ഇനിയും നിന്നാൽ താനും ഒരു അസ്ഥികൂടമായി രൂപാന്തരം പ്രാപിക്കുമെന്നുള്ള ഭീതി ഉള്ളിലുള്ളതുകൊണ്ടു കൂടിയും , ഒരു ആശ്വാസത്തിനായാണ് മന്ത്രവാദി ധർമ്മനെ ചെന്നു കണ്ടത് .
മുജ്ജന്മ പാപങ്ങളാണ് ഈ ദുസ്വപനങ്ങൾക്ക് പുറകിലെന്ന് കേട്ട് പുഷ്ക്കരൻ ഉള്ളിൽ കരഞ്ഞു.
നിങ്ങൾ നാല് കൊലപാതകങ്ങൾ ചെയ്തിരിക്കുന്നു .
എപ്പോ?.
കഴിഞ്ഞ ജന്മത്തിൽ , അതിന്റെ തുടർച്ചയാണ് ഇതെല്ലാം.
ധർമ്മന്റെ വാക്കുകൾ കേട്ട പുഷ്കരൻ വിറച്ചു.
ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത താൻ നാല് കൊലപാതകങ്ങൾ നടത്തിയ ഭീകരനാണെന്ന് അറിഞ്ഞതോടു കൂടി പുഷ്ക്കരന്റെ പേടി വീണ്ടും കൂടി . കൊന്നത് കഴിഞ്ഞ ജന്മത്തിൽ ആണെങ്കിലും അതിനും കൂടി താൻ ഇടിയനു മുന്നിൽ ഉത്തരം പറയേണ്ടി വരുമെന്നോർത്ത് ആ പാവം ഹൃദയം അതിന്റെ ആമ്പിയറും വിട്ട് ഇടിക്കാൻ തുടങ്ങി . അടുത്ത് നിൽക്കുന്നവർക്കും അത് വ്യക്തമായി കേൾക്കാമായിരുന്നു .
ദേ കൊട്ട് കേട്ടാ സത്യം ..
ആ നെഞ്ചിടിപ്പ് കേട്ട , മന്ത്രവാദി ധർമ്മൻ തന്റെ വാചകത്തെ ഒന്നുകൂടി അച്ചിട്ടുറപ്പിച്ചു .
വെളുക്കാൻ തേച്ചത് പാണ്ടായിപ്പോയല്ലോ എന്റെ മുരുകാ എന്നും പരിഭവം പറഞ്ഞാണ് പുഷ്ക്കരൻ അവിടന്നും പടിയിറങ്ങിയത്. ഒരു ആശ്വാസത്തിനായാണ് മന്ത്രവാദിയെ കാണാൻ പോയത് ഇപ്പോ ഇല്ലാത്ത നാല് കൊലപാതകങ്ങളുടെ ഉത്തരാവാദിത്വം കൂടി തന്റെ ചുമലിൽ വന്നു വീണിരിക്കുന്നു.
നാല് കൊലപാതകങ്ങൾ നടത്തിയെന്നോ ?.
താനോ ?.
പുഷ്ക്കരന് എത്രയൊക്കെ ശ്രമിച്ചിട്ടും, വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രക്കും ഭീകരനായിരുന്നോ താൻ ?.
ഒരാളൊന്ന് തുറിച്ചു നോക്കിയാ മതി തല ചുറ്റി വീഴുന്നവനാ , ആ താൻ നാല് കൊലപാതകങ്ങളുടെ ഉപജ്ഞാതാവോ ? ചിന്തിക്കും തോറും പുഷ്കരന് ആശ്ച്ചര്യം അടക്കാനാവുന്നില്ല.
കഴിഞ്ഞ ജന്മത്തിൽ താൻ ചാൾസ് ശോഭരാജെങ്ങാനും ആയിരുന്നോന്നാ പുഷ്കരന് സംശയം തോന്നിയത് ?.
അവസാനം മന്ത്രവാദി ധർമ്മൻ പറഞ്ഞിട്ടാ പുഷ്ക്കരൻ കാശിക്കു പോയത് . ഇതുപോലത്തെ കടുത്ത സ്വപ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കാശിയാ നല്ലതെന്നാ ധർമ്മൻ പറഞ്ഞത് .
ഏതായാലും അന്നു തന്നെ പുഷ്‍കരൻ കാശിക്കു വണ്ടി കയറി. ഇടിയന്റെ ഇടിയോടുള്ള പേടിയും അതിലുണ്ടായിരുന്നു എന്നുള്ളതാണ് മറ്റൊരു സത്യം .
അസ്ഥികൂടങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ ഇടിയൻ വീർപ്പുമുട്ടി. എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നൊന്നും അറിയാനാവാത്ത അവസ്ഥ . തന്റെ ഉറക്കം കളയാനാണ് ആ അസ്ഥികൂടങ്ങൾ പൊന്തിവന്നതെന്ന് ഇടിയനു തോന്നി . ആ വേണുവിന് രണ്ടിടി കൊടുത്ത് കേസ് ക്ളോസ് ചെയ്താലോയെന്നു വരെ ഇടിയൻ ചിന്തിച്ചതാ .
അവന്റെ കുളത്തീന്നല്ലേ കിട്ടിയത് ? അപ്പോ അവൻ തന്നെയായിരിക്കും പ്രതി. പക്ഷെ ആ പാവത്തിന്റെ മുഖം കാണുമ്പോ ... താനാണ് പ്രതിയെന്ന് പറഞ്ഞാ ആ സെക്കന്റിൽ തട്ടിപ്പോകുന്ന പോലെയാണ് നിൽപ് . കുളത്തീന്ന് അസ്ഥികൂടങ്ങൾ കിട്ടിയതോടെ തന്നെ ആ പാവം ആകെ ജീവൻ പോയപോലെയാ നിൽക്കുന്നത്. ഇനി പ്രതിയെന്നു പറഞ്ഞാ പിന്നെ ജീവനോടെ കോടതിയിലേക്കെത്തില്ല .
ഇടിയന് തല പുകഞ്ഞ്..പുകഞ്ഞ് ., തീ പിടിക്കുന്നതു പോലെ തോന്നി. ഡി ജി പി യുടെ പ്രെഷർ ഒരു വശത്ത്, കൊലപാതകങ്ങൾ തെളിയിക്കേണ്ട ഉത്തരവാദിത്വം മറുവശത്ത് .
എന്തായെടോ? എന്തായെടോ എന്നുള്ള ചോദ്യങ്ങളാണ് ഫോണെടുത്താലുടനെ . നാടും നാട്ടാരും അറിഞ്ഞിരുന്നില്ലെങ്കി ആ അസ്ഥികൂടങ്ങൾ എവിടെയെങ്കിലും കൊണ്ട് കളയാമായിരുന്നു . അല്ലെങ്കി ആ പരട്ട വേണുവിന് ഇതെല്ലാം കൊണ്ട് കളയാമായിരുന്നില്ലേ? മനുഷ്യനെ കുഴപ്പത്തിൽ ചാടിക്കാൻ ? അവനെ പിടിച്ചു തന്നെ പ്രതിയാക്കണം നാശം രണ്ടിടി കൊടുത്താ മതി, അതും വേണ്ടാ വെറുതെയൊന്ന് ഓങ്ങിയാ മതി എല്ലാം സമ്മതിച്ചോളും .
രാത്രിയുടെ രണ്ടാം യാമം.
തന്റെ നേർക്ക് താണുവരുന്ന രണ്ടു ദൃഷ്ടങ്ങൾ കണ്ട് ഇടിയൻ ഞെട്ടിയെഴുന്നേറ്റു .
അതിനിടയിൽ ഫോറൻസിക് റിപ്പോർട്ടും വന്നു. ഏകദേശം പതിനഞ്ചു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടങ്ങളാണ് അവയെന്നാണ് ശാസ്ത്ര പരിശോധനയിൽ തെളിഞ്ഞത് .
പതിനഞ്ചു വർഷം പഴക്കമുള്ള അസ്ഥികൂടങ്ങളുടെ ഉടമസ്ഥരെ താനെവിടെപോയി കണ്ടുപിടിക്കുമെന്നോർത്ത് ഇടിയൻ നിന്നരുകി .
ഇടിയന്റെ അവസ്ഥ കണ്ട് പാവം തോന്നിയ തോമാസേട്ടനാ പറഞ്ഞത്.
എന്റെ സാറേ , സാറ് പോയി ആ പണിക്കരെയൊന്ന് കണ്ടു നോക്ക് ചിലപ്പോ എന്തെങ്കിലുമൊരു തുമ്പ് കിട്ടിയാലോ ?.
ഇടിയന്റെ ആവശ്യം കേട്ട പണിക്കർ ഗോപാലേട്ടൻ ഞെട്ടി. പക്ഷെ അത് പുറത്തു കാണിച്ചില്ല . ഇങ്ങനെ കവിടി നിരത്തി കേസ് തെളിയിക്കാനാണെങ്കിൽ പിന്നെ പോലീസിന്റെ ആവശ്യമുണ്ടോ?. പക്ഷെ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ തനിക്ക് പണിയാകും, കാരണം മുന്നിലിരിക്കുന്നത് ഇടിയനാണ് . മറ്റുള്ളവരെ ഇടിക്കാ എന്നതിലുപരി ഇടിയന്റെ തലയിൽ ഒന്നുമില്ല. വെറുതെ അറിയില്ലെന്നും പറഞ്ഞ് ഇടിയന്റെ ഇടി വാങ്ങി വെക്കണോ ? .
ആ അസ്ഥികൂടങ്ങൾ കടൽ കടന്ന് വന്നിരിക്കുന്നവരുടേതാണ് .
അത് കേട്ട് ഇടിയന്റെയുള്ളിൽ ഒരു വെള്ളിടി വെട്ടുകയും, അതോടൊപ്പം കുളിർമഴ പെയ്യുകയും ചെയ്തു .
കടൽ കടന്നുവന്ന മരങ്ങോടന്മാരെ എങ്ങിനെ കണ്ടുപിടിക്കാനാണ് എന്നോർത്തിട്ടാണ് വെള്ളിടി വെട്ടിയത് . അതിനുവേണ്ടി വിദേശത്തോട്ട് പോകാൻ അവസരം കിട്ടുമോ എന്നുള്ള ചിന്തയിലാണ് കുളിർ മഴ പെയ്തതും .
താനിന്നുവരെ കടൽ കടന്നൊരു രാജ്യവും കണ്ടിട്ടില്ല. ഭാര്യ വീടിനടുത്തുള്ള ജോത്സ്യനൊരിക്കൽ പറഞ്ഞതാ കടൽ കടക്കാനുള്ള ഭാഗ്യം ഉണ്ടെന്ന് .
തന്നെ ഈ നാട്ടിൽ നിന്നും ഓടിക്കാനെന്നും കരുതി ആ ജോത്സ്യനിട്ട് അന്ന് രണ്ടിടിയാ കൊടുത്തത് . ആ പാവം അതും വാങ്ങി കടലും കടന്ന് ഓടി.
ഇതിലൂടെ ആയിരിക്കുമോ ആ ഭാഗ്യം തന്നെ തേടിയെത്തുക ?.
ഈ മാരണം തന്റെ മുന്നീന്ന് ഒഴിഞ്ഞു പോയിക്കോട്ടേന്നും കരുതിയാണ് പണിക്കര് അങ്ങനെ പറഞ്ഞത് . കടൽ കടന്നുള്ളതായതു കൊണ്ട് ഇനി ഈ പേരും പറഞ്ഞ് തന്റെ അടുക്കൽ വരരുതെന്നും പണിക്കര് മുൻകൂട്ടി എറിഞ്ഞു . വേണമെങ്കിൽ വല്ല കടൽ കടന്നുള്ള പണിക്കന്മാരെയും പോയി കാണട്ടെ .
ഇടിയൻ പറഞ്ഞതു കേട്ട് ഡി ജി പി ചാടി.
എന്ത് പോഴത്തരമാണെടോ ഈ പറയുന്നത് ? തന്നെയൊക്കെ ആരാടോ പോലീസിൽ എടുത്തത് ?.
തന്റെ തന്തയാടോയെന്ന് ഇടിയൻ മനസ്സിൽ പറഞ്ഞുവെങ്കിലും അതിന്റെ പ്രതിഫലനങ്ങൾ മുഖത്തു കാണാതിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചു .
കേസ് അനേഷിക്കാൻ, പണിക്കരുടെ അടുത്തു പോയിരിക്കുന്നു? നാണമില്ലെടോ തനിക്കിതു പറയാൻ ?. എന്നാ പിന്നെ പോലീസ് ജോലിയെല്ലാം പണിക്കന്മാരെ ഏൽപ്പിച്ചാൽ പോരെ ?.
ഇയാളിതെന്തിനാണ് ചൊറിയൻ ഇല തടവിയത് പോലെ ഇങ്ങനെ ചാടി ചാടി കടിക്കണതെന്ന് എത്ര ആലോചിച്ചിട്ടും ഇടിയനു മനസ്സിലായില്ല താനീ പറഞ്ഞതിൽ എന്താണ് തെറ്റ് ?.
എടോ മര്യാദക്ക് അന്വേഷിച്ചോ അല്ലെങ്കിൽ ഞാൻ വേറെ ആമ്പിള്ളേരെ വെക്കും.
താൻ ആരെയെങ്കിലും വെക്കേടോ മൈ ..യെന്ന് ഇടിയൻ മനസ്സിൽ പറഞ്ഞു .
ആകെ നിരാശനായാണ് ഇടിയൻ തിരിച്ചു പോന്നത്.
എടോ തോമാസേ താനാ അസ്ഥികൂടങ്ങളുടെ ഡി എൻ എ പരിശോധന നോക്ക്.
ഇടിയൻ പറഞ്ഞതു കേട്ട് തോമാസേട്ടന്റെ കണ്ണ് മിഴിഞ്ഞു തന്റെ സർവീസ് ജീവിതത്തിനിടക്ക് ആദ്യമായിട്ടായിരുന്നു തോമാസേട്ടൻ അങ്ങിനെയൊരു വാക്ക് കേക്കുന്നത് .
അതെന്താ സാറെ ? തോമാസേട്ടന്റെ സംശയം കേട്ട് ഇടിയന്റെ കണ്ണ് മിഴിഞ്ഞു
എന്ത് ?
അല്ല , സാറെന്തൊ പറഞ്ഞല്ലോ ഡി എൻ എ.. ന്നോ മറ്റോ അതെവിടെയാണ് പരിശോധിക്കാ ?
വല്ല വർക്ക്ഷോപ്പിലും കൊണ്ട് പോയി കാണിക്കെടോ വിഡ്ഡീ ..
അലറിക്കൊണ്ട് അതും പറഞ്ഞാ ഇടിയൻ പോയത് ,ഈ വിഡ്ഢികളെയൊക്കെ ആരാണ് കർത്താവേ പോലീസിലെടുത്തതെന്ന് അതോടൊപ്പം കർത്താവിനോട് ചോദിക്കേം ചെയ്തു .
ഡി എൻ എ എവിടെ പരിശോധിക്കും എന്നോർത്ത് തോമാസേട്ടന്റെ തല പെരുത്തു ആരോടാണ് ഇതൊന്ന് ചോദിക്കാ ?. ഇടിയൻ അതും പറഞ്ഞ് പാഞ്ഞു പോയിരിക്കുന്നു . എങ്ങോട്ടാണെന്ന് ഒരെത്തും പിടിയുമില്ല.
ഇനി വല്ല വർക്ഷോപ്പിലെങ്ങാനുമാണോ സാറേ ഈ പറഞ്ഞത് പരിശോധിക്കാ? അല്ലാതെ എസ് ഐ സാറ് അങ്ങനെ പറയില്ലല്ലോ ? ഡ്രൈവർ രാജനായിരുന്നു ആ സംശയം ഉന്നയിച്ചത് .
രാജൻ ആ പറഞ്ഞതിലും കാര്യമില്ലാതില്ലെന്ന് തോമാസേട്ടന് തോന്നി.
എടോ താൻ പോയി നമ്മുടെ വർഷോപ്പ്കാരൻ കുമാരനെ വിളിച്ചോണ്ട് വാ.
കേട്ടപാതി കേൾക്കാത്ത പാതി കുമാരൻ വന്നു.
ആ പാവം ആകെ പേടിച്ചു വിറച്ചാണ് നിൽക്കുന്നത്. പോലീസ് സ്റ്റേഷനിൽ കേറാൻ പാകത്തിൽ താനൊന്നും ചെയ്തതായി കുമാരന്റെ ഓർമ്മയിലില്ല . ഇനി ആരെങ്കിലും തന്നെ കള്ളക്കേസിൽ കുടുക്കിയതായിരിക്കുമോ ? അതോ ഭാര്യ വല്ല പരാതിയും ? രാവിലെ വീട്ടിൽ വെച്ച് ഭാര്യ മണിയുമായി കുമാരൻ വഴക്കുണ്ടാക്കുകയും മണിക്കിട്ട് ഒന്ന് പൊട്ടിക്കുകയും ചെയ്തിരുന്നു അതോടെ മണി , മണി കിലുങ്ങുന്ന പോലെ കരഞ്ഞുകൊണ്ട് നിങ്ങളെ ഞാനൊരു പാഠം പഠിപ്പിക്കും മനുഷ്യാന്ന് വെല്ലു വിളിക്കുകയും ചെയ്തു . ഇനി അവളെങ്ങാനും ..?. അങ്ങനെ ഒരുപാട് സംശയങ്ങൾ കുമാരനറെ മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു .
എടോ അതിന്റെ ഡി എൻ എ ഒന്ന് പരിശോധിച്ചെ ?
തന്റെ മുന്നിലുള്ള അസ്ഥികൂടങ്ങളെ കണ്ട കുമാരൻ തലചുറ്റി വീണു.
ഇടിയൻ വരുമ്പോൾ ബോധം കെട്ടു കിടക്കുന്ന കുമാരനേയും പരിഭ്രമിച്ചു നിൽക്കുന്ന പൊലീസുകാരേയും കണ്ട് അന്തം വിട്ടു.
എന്താടോ ഇത് ?
സാറല്ലേ, പരിശോധിക്കണന്ന് പറഞ്ഞത് അതോണ്ട് നമ്മുടെ കുമാരനെയൊന്ന് വിളിച്ചോണ്ട് വന്നതാ .
തന്റെ സ്റ്റേഷനിലെ പോലീസുകാരുടെ അജ്ഞതയോർത്ത് ഇടിയനു നാണം വന്നു.
ഈ വക പോങ്ങന്മാരെ വെച്ച് താനെങ്ങിനെയാണ് കർത്താവേ കേസ് ?.
അന്വേഷിക്കുക ?
എടൊ മരമണ്ടൻമാരെ .. ഇവനിവിടെക്കിടന്ന് പേടിച്ചു ചാവുന്നതിന് മുമ്പ് വല്ല ആശുപത്രിയിലും കൊണ്ട് പോകാൻ നോക്ക് .
അന്ന് അസ്ഥികൂടങ്ങളുടെ ഫോറൻസിക് പരിശോധന നടത്തിയില്ലേ അതിന്റെ ഡി എൻ എ റിപ്പോർട്ട് വന്നോ എന്നാണ് ഞാൻ ചോദിച്ചത്?
എന്റെ സാറേ ഒരു കവറ് വന്നിട്ടുണ്ടായിരുന്നു.
എന്നിട്ട് താനത് പുഴുങ്ങി തിന്നോ ?.
പുഴുങ്ങി തിന്നാനുള്ളതാണോ കവറിൽ വന്നത് ?.
അപ്പോഴും തോമാസേട്ടന് കാര്യം മനസ്സിലായില്ല, ഇയാളെന്തിനാണ് വെറുതെ കിടന്നു തുള്ളുന്നത് ?. അയാൾക്കൊരു കവറു വന്നു താനതെടുത്ത് മേശപ്പുറത്ത് വെച്ചിട്ടുണ്ട്. ഇനി അതെടുത്ത് ഇയാളുടെ അണ്ണാക്കിലോട്ട് തള്ളിക്കൊടുക്കണോ ?.
ഉള്ളിൽ തികട്ടി വന്ന ചോദ്യങ്ങൾ തോമാസേട്ടൻ ഉള്ളിലിട്ടു തന്നെ പൊട്ടിച്ചു കളഞ്ഞു.
ഒരു കുടുംബത്തിൽ പെട്ട നാലുപേരുടേതാണ് ആ അസ്ഥികൂടങ്ങൾ എന്ന് ബോധ്യമായി. ഇനി ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നുളളതാണ് ?. കൊലപാതകമാണെങ്കിൽ ആര് ? എന്തിന് ? എങ്ങനെ ? ആത്മഹത്യയാണെങ്കിൽ അത് എന്തിന് ? ചോദ്യങ്ങൾ സ്വയം ചോദിച്ചു കൊണ്ട് ഇടിയന്റെ തല പെരുത്തു. ഒന്നുമില്ലാത്തിടത്തു നിന്നു വേണം എല്ലാം തുടങ്ങുവാൻ . ഈ അസ്ഥികൂടങ്ങൾ കണ്ട വേണുവിനെ വെടിവെച്ചു കൊന്നാലോയെന്ന് വരെ ഇടിയനു തോന്നി .
പരട്ട വിഡ്ഢിക്ക് മീൻ വളർത്തൽ തുടങ്ങാൻ കണ്ട സമയം? ഇയാൾക്ക് വല്ല കടേന്നും വാങ്ങിച്ചു തിന്നാ പോരായിരുന്നോ ?.
തലക്ക് പുറകിലുള്ള മുറിവുകൾ കൊലപാതകത്തിലേക്കാണോ അതോ ആത്മഹത്യയിലേക്കാണോ വിരൽ ചൂണ്ടുന്നത് ? ഇരുമ്പു വടി കൊണ്ട് സ്വന്തം തലക്കു പുറകിലടിച്ച് സ്വയം തല്ലിക്കൊല്ലാൻ പറ്റോ ?.
എന്റെ സാറേ നമുക്കാ കുളമൊന്ന് വറ്റിച്ചു നോക്കിയാലോ ?.
തോമാസേട്ടനാ പറഞ്ഞ ആശയം ഇടിയന് സ്വീകാര്യമായി തോന്നി. വിഡ്ഢിയാണെങ്കിലും ഇടക്കൊക്കെ ഇതുപോലത്തെ നല്ല കാര്യങ്ങൾ ഇയാൾ പറയുന്നുണ്ട് . ഒരു അഭിനന്ദനത്തിനായി തോമാസേട്ടൻ ഇടിയനെ നോക്കിയെങ്കിലും ഇടിയൻ പറഞ്ഞില്ല . ഇനി ഇതുപോലത്തെ ഐഡിയകൾ താൻ പറഞ്ഞു കൊടുക്കത്തില്ലെന്ന് അതോടെ തോമാസേട്ടൻ മനസ്സിൽ ഉറപ്പിച്ചു .
ഒരു പട തന്റെ വീടിനെ ലക്ഷ്യമാക്കി വരുന്നത് കണ്ട വേണുവേട്ടൻ വീണ്ടും ഞെട്ടി. ഈ മാരണം അടുത്തൊന്നും തന്നെ വിട്ടു പോകത്തില്ലെന്ന് അതോടെ വേണുവേട്ടന് മനസ്സിലായി . ഈ മൂധേവി കാരണമാ എല്ലാം, വേണുവേട്ടന് ഭാര്യക്കിട്ടൊരു ചവിട്ട് വെച്ചു കൊടുക്കാൻ തോന്നിയെങ്കിലും, അടക്കി .
എടോ , നമുക്കീ കുളം വറ്റിക്കാം ഇടിയന്റെ അലർച്ചക്കു മുന്നിൽ വേണുവേട്ടൻ പഞ്ച പുച്ഛമടക്കി നിന്നു .
ഒന്നും പറയാനില്ല എന്തു വേണമെങ്കിലും ചെയ്തോട്ടെ, തന്നെ പ്രതിയാക്കി തൂക്കി കൊല്ലാതിരുന്നാ മാത്രം മതിയായിരുന്നു . വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് കോണകത്തിൽ വെച്ചതു പോലെയായി അവസ്ഥ .
വേണുവേട്ടന്റെ അയൽക്കാരനായ കുമാരേട്ടന്, വേണുവേട്ടന്റെ ഈ അവസ്ഥയിൽ സന്തോഷം തോന്നി. അവനോ നൂറുടൊരു രൂപാ ചോദിച്ചതായിരുന്നു , പന്നി തന്നില്ല ഇപ്പൊ അനുഭവിക്കട്ടെ. പക്ഷെ, മുഖത്ത് വിഷാദം വരുത്തിയാണ് കുമാരേട്ടൻ വേണുവേട്ടനെ നോക്കിയത്. അതിനുള്ളിൽ മറ്റൊരു കുമാരൻ തുള്ളി ചാടുന്നുണ്ടെന്ന് വേണുവേട്ടന് തോന്നി .
കുളം വറ്റിക്കൊണ്ടിരുന്നു ഇനിയും അതിൽ നിന്നും അസ്ഥികൂടങ്ങളൊന്നും പൊന്തിവരല്ലേന്ന് വേണുവേട്ടൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു . ഈ നാല് അസ്ഥികൂടങ്ങൾക്കേ തന്റെ ജന്മം മതിയാകത്തില്ല . അടി മാത്രമായ കുളത്തിൽ നിന്ന് കുറെ വരാലുകളേയും , മുശുക്കളേയും കിട്ടി .
ഇതെല്ലാം തൊണ്ടിയാണ് എടുത്തുവെക്കെന്നും പറഞ്ഞ് ഇടിയൻ അലറി .
ഒരാഴ്ചക്കുള്ള മീൻ കറിയായിരുന്നു ഇടിയന്റെ മനസ്സിൽ, തോമാസേട്ടന്റെ മനസ്സിലും അതു തന്നെയായിരുന്നു . വരാൽ കണ്ട വേണുവേട്ടൻ അതെടുക്കാൻ ചാടിയതോടെ ഇടിയൻ അലറി, അത് തൊണ്ടിയാണ് തൊടരുത് . അത് കേട്ട് വേണുവിന്റെ ഒപ്പം വരാലും ഞെട്ടി .
തന്നെ എന്തിനാണ്, ഇയാൾ തെണ്ടിയെന്ന് വിളിച്ചതെന്നോർത്ത് വേണുവേട്ടൻ അന്തം വിട്ടു നിന്നു . തന്റെ കുളം, തന്റെ മീൻ അതെടുക്കാനിറങ്ങിയ തന്നെ തെണ്ടിയെന്നു വിളിച്ചു അധിക്ഷേപിച്ചിരിക്കുന്നു .
എന്റെ വേണു, അതെല്ലാം തൊണ്ടി മുതലുകളാണ് എടുക്കാൻ പാടില്ല . അതോടെ വേണുവേട്ടന് ആശ്വാസമായി തെണ്ടിയെന്നല്ല, തൊണ്ടിയെന്നാണ് വിളിച്ചത് ഇല്ലെങ്കി താൻ കാണിച്ചു കൊടുത്തേനെ .
അപ്പോഴും വേണുവേട്ടന് മനസ്സിലാകാത്ത ഒന്നുണ്ടായിരുന്നു തന്റെ കുളത്തീന്ന് കിട്ടിയ അസ്ഥികൂടങ്ങൾ തന്റെതാന്ന് പറയണൂ , പക്ഷെ മീൻ തൊണ്ടിയാണെന്നും പറഞ്ഞ് എടുത്തോണ്ട് പോയിരിക്കുന്നു .
എന്റെ സാറേ.., ദേ ഒരു അടിവസ്ത്രം .
എല്ലാവരും അങ്ങോട്ട് നോക്കി വെള്ളയിൽ നീല വരകളുള്ള ഒരു ട്രൗസർ തോമാസേട്ടൻ ഉയർത്തി പിടിച്ചിരിക്കുന്നു . അത് കണ്ട് മീൻ കാരൻ മമ്മദ് ഞെട്ടി. മമ്മദിന് രാത്രികാലങ്ങളിൽ വേണുവേട്ടൻറെ കുളത്തിലിറങ്ങി മീൻ പിടിക്കുന്ന പരിപാടിയുണ്ടായിരുന്നു .
കഴിഞ്ഞ പ്രാവശ്യം ഇറങ്ങിയപ്പോ ഊരിപ്പോയതാ, അല്ലെങ്കി തന്നെ ഒരു കുരുത്തിപോലെയായി അതുകൊണ്ടാ പോകട്ടെയെന്നും വെച്ചത് . ഇനി അതിന്റെ മണം പിടിച്ചെങ്ങാനും തന്നെ പിടിക്കോ?.
ആ അസ്ഥികൂടങ്ങളുടെ ഉത്തരവാദിത്വം തന്റെ തലയിൽ വന്നു വീഴുമോയെന്നുള്ള പേടിയിൽ മമ്മദ് നിന്ന് വിറച്ചു.
കുളത്തിൽ നിന്ന് കനമുള്ള ഒരു ഇരുമ്പു വസ്തു കൂടി കിട്ടി .
അതുടൻ ലാബിലേക്കയച്ചു.
എന്റെ സാറേ ചിലപ്പോ അതോണ്ടായിരിക്കും തലക്കടിച്ചിരിക്കുന്നത് .
ഡി ജി പി യുടെ അടുത്ത് അതുവരെയുള്ള പുരോഗതി ഇടിയൻ സമർപ്പിച്ചു .
ആ ഇരുമ്പ് വസ്തു എന്താണെന്ന് മനസ്സിലായോ ?
സാറേ.. അത് കല്ലു വെട്ടുന്നവർ കല്ലുകളെ തരം തിരിക്കാനുപയോഗിക്കുന്ന ഒരു തരം ആയുധമാണ് .
ഗുഡ് , ഏതായാലും താനാ വഴിക്കൊന്ന് നീങ്ങ് .
ആ ഗുഡ് വിളി തനിക്കുള്ള അംഗീകാരമായി ഇടിയനു തോന്നി .ഒപ്പം ഒരു വെളിച്ചം തെളിഞ്ഞു വരുന്നത് പോലെ.
വർഷങ്ങൾക്ക് മുൻപ് നാട്ടിൽ നിലവിലുണ്ടായിരുന്ന കല്ലു വെട്ട് മടകളെ കുറിച്ചും കല്ല് വെട്ടുന്നവരെ കുറിച്ചും അന്വേഷിക്കാൻ ഇടിയൻ റൈറ്റർ തോമാസേട്ടനേം, കോൺസ്റ്റബിൾ പീതാംബരനെയും ശട്ടം കെട്ടി .
ആ അന്വേഷണം ചെന്നു നിന്നത് ദുബായിയിൽ സ്ഥിര താമസമാക്കിയിരുന്ന പീലിപ്പോസിന്റെ വീട്ടിലായിരുന്നു. അവിടെയിപ്പോൾ താമസിക്കുന്നത് പീലിപ്പോസിന്റെ അകന്ന ബന്ധുവായ ജോണിയും കുടുംബവുമാണ് .
പീലിപ്പോസ് മുതലാളിയും, കുടുംബവും ഗൾഫിൽ തന്നെ താമസമാക്കുകയും ചെയ്തിരിക്കുന്നു . ജോണിയുടെ വാക്കുകളിൽ സംശായാലുവായ ഇടിയൻ രഹസ്യമായി ഡി ജി പി മുഖാന്തിരം ഗൾഫിൽ അന്വേഷിക്കുകയും ഇരുപത് വർഷങ്ങൾക്ക് മുൻപ് നാട്ടിലേക്ക് പോയ പീലിപ്പോസ് തിരിച്ചു വന്നിട്ടില്ലെന്ന് തെളിയുകയും ചെയ്തു .
ആ പേരും പറഞ്ഞ് ഒന്ന് ഗൾഫിൽ പോയി വരാൻ ഇടിയൻ ശ്രമിച്ചെങ്കിലും ഡി ജി പി അനുവദിച്ചില്ല .
അവസാനം ജോണിയെ ഇടിയൻ പൊക്കി .
ഇടിയൻ തന്റെ പോലീസ് മുറ പുറത്തെടുത്തു .
മൂന്ന് ദിവസം ജോണിയെ നിലം തൊടാതെയാ ഇട്ട് ഇടിച്ചത് പോരാഞ്ഞ് വരുന്നവർക്കും പോകുന്നവർക്കും ഇടിക്കാൻ കൊടുത്തു. കള്ളൻ ദാമുവും കേറി രണ്ടിടി ഇടിച്ചു . ഒരു ദിവസം ജോണിയുടെ വീട്ടിൽ ചക്ക പറിക്കാൻ കേറിയ ദാമു കാശ് മോഷ്ടിച്ചെന്നും പറഞ്ഞ് ജോണി പരാതി കൊടുക്കുകയും പോലീസ് ഇടിക്കുകയും ചെയ്തിരുന്നു . ആ ചൊരുക്ക് ഇതിലൂടെ കള്ളൻ ദാമു വീട്ടി .
മൂന്നാം ദിവസം ജോണി വാവിട്ടു കരഞ്ഞുകൊണ്ടാ ആ സത്യം വിളിച്ചു പറഞ്ഞത്.
എന്നെ കൊല്ലല്ലേ സാറേ.., പീലിപ്പോസിനേയും കുടുംബത്തേയും കൊന്നത് ഞാനാ എന്നിട്ട് ശവം വേണുവിന്റെ കുളത്തിൽ താഴ്ത്തുകയും, നാട്ടുകാരെ പീലിപ്പോസും കുടുംബവും ഗൾഫിലാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു .
പീലിപ്പോസിന്റെ പറമ്പിലെ കല്ലു വെട്ടുന്ന കോൺട്രാക്റ്റ് ജോണിക്കാണ് നൽകിയിരുന്നത് . അളവറ്റ ഭൂ സ്വത്തിന് ഉടമയായ പീലിപ്പോസിൽ നിന്നും എല്ലാം കൈക്കലാക്കാൻ വേണ്ടി ജോണി നടത്തിയ കൊടൂരതയായിരുന്നു ആ കൊലപാതകങ്ങൾ .
അങ്ങനെ പ്രമാദമായ ഒരു കേസിന് തുമ്പുണ്ടാക്കുകയും കുറ്റവാളികളെ പിടിക്കുകയും ചെയ്ത ഇടിയനെയും കൂട്ടാളികളെയും ഡി ജി പി അനുമോദിക്കുകയും പ്രശസ്തി പത്രം നല്കി ആദരിക്കുകയും ചെയ്തു .
വേണുവിനു സമാധാനമായി, വേണുവിന്റെ അമ്മായപ്പൻ പുഷ്ക്കരൻ കാശിയിൽ നിന്നും തിരിച്ചു വന്നു. എല്ലാവരും ചേർന്ന് ആ കുളത്തിൽ നല്ലൊരു മീൻ വളർത്തൽ കേന്ദ്രം തുടങ്ങി .
0 അഭിപ്രായങ്ങള്‍