നമ്മുടെ പ്രേക്ഷിതൻ സുകുവിനെ പാമ്പു കടിച്ചേന്നലറിക്കൊണ്ടായിരുന്നു, ആ ഉച്ച നേരത്ത് മീൻകാരൻ  മമ്മദ് ചായക്കടയിലോട്ട്  പാഞ്ഞു വന്നത്. 

അയ്യോ ..എപ്പോ ?

 ചായക്കൊപ്പം ബോണ്ടായും തിന്നോണ്ടിരിക്കായിരുന്ന മുടിവെട്ടുകാരൻ  വാസു അതും മറന്നോണ്ടായിരുന്നു ആ എപ്പൊയെ പുറത്തേക്കിട്ടത് . അത് ബോണ്ടക്ക് ഇഷ്ട്ടപ്പെടാതാവുകയും ബോണ്ട നേരെ ശ്വാസകോശത്തിലോട്ട് കേറിപ്പോവുകയും ചെയ്തു. 

എന്റെ മുരുകാ .. ന്ന് നിലവിളിച്ചോണ്ട് വാസുവിന്റെ വാ തുറന്ന പടി ഇരിക്കുകയും കണ്ണുകൾ കരയുകയും ചെയ്തു .അപകടം മണത്ത പാക്കരൻ ചേട്ടൻ  വാസുവിന്റെ തലയിലൊരു  കിഴുക്ക് കൊടുത്താ  വഴിതെറ്റിപ്പോയ  ബോണ്ടയെ നേർവഴിക്കു വിട്ടത് .

സോറി പറഞ്ഞ ബോണ്ട, നേരെ ആമാശയത്തിലോട്ട് പോവുകയും  വാസുവിന്റെ വിലങ്ങിയ ശ്വാസം തിരികെ വരുകയും ചെയ്തു.

ജീവൻ തിരിച്ചു കിട്ടിയ വാസു  ഈ മൈ ... കല്ലൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നതെന്നും ചോദിച്ച് ബാക്കി വന്ന ബോണ്ടയെ  ഒരേറ്‌ വെച്ചു കൊടുത്തു.    

തന്റെ ബോണ്ടയെ കല്ലെന്ന് വിളിച്ച് ആക്ഷേപിച്ചത് പാക്കരൻ ചേട്ടനും  ബോണ്ടക്കും  ഇഷ്ടപ്പെട്ടില്ല.  വെറുതെ, തലയിൽ ആ  തട്ട് വെച്ച് കൊടുക്കേണ്ടിയിരുന്നില്ലെന്ന് പാക്കരൻ ചേട്ടന് തോന്നി. 

ബോണ്ടയുടെ കാശ് പോകുമല്ലോ എന്ന് പേടിച്ചിട്ടായിരുന്നു പാക്കരൻ ചേട്ടനാ  ആ കൈക്രിയ ചെയ്തത് എന്നുള്ളത് പാക്കരൻ ചേട്ടന് മാത്രം അറിയാവുന്ന സത്യമായിരുന്നു. 

എന്റെ വാസോ നിനക്കൊന്ന്  പതുക്കെ തിന്നാ പോരേ ? ഇവിടെ ആവശ്യത്തിനുള്ളത് ഉണ്ടല്ലോ എന്നുള്ളൊരു ഉപദേശവും അതോടൊപ്പം  പാക്കരൻ ചേട്ടൻ  കൊടുക്കുകയും ചെയ്തു .

 എനിക്കിനിയത് വേണ്ടായെന്നും പറഞ്ഞ്, വാസു  ഒരു പഴം പൊരിയെടുത്ത്  ബോണ്ടയോടുള്ള ദേഷ്യം തീർക്കാനെന്നവണ്ണം കടിച്ചു മുറിച്ചു  തിന്നു. ഒരു പഴം പൊരിയെ  അങ്ങനെ കടിക്കേണ്ട കാര്യമുണ്ടോയെന്ന് അത് കണ്ട എവർക്കും തോന്നുകേം ചെയ്തു .

എന്റെ സേട്ടാ അത് പഴം താനേ ഇപ്പടി കടിച്ചാ അതുക്കു വലിക്കുമെ .. യെന്നും  പറഞ്ഞ് തമിഴൻ മുരുകൻ ഉറക്കെ  ചിരിച്ചോണ്ട്  ചുറ്റും നോക്കിയെങ്കിലും, ആ ചിരിയിൽ മുരുകന്റെ പങ്കു പറ്റാൻ ആരും ഉണ്ടായിരുന്നില്ല. താനേതോ വലിയ തമാശ പറഞ്ഞ മട്ടിലായിരുന്നു മുരുകന്റെ ഭാവം. ആരും ചിരിക്കാണ്ടായതോടെ മുരുകൻ, ഇതെല്ലാം റൊമ്പ തമാശയായിറുക്കെന്നും  പറഞ്ഞ് സ്വയം ആശ്വാസം കൊണ്ടു.  

അതോടൊപ്പം വാസു രൂക്ഷമായി നോക്കുന്നത് കണ്ടതോടെ മുരുകനൊന്ന്  പരിഭ്രമിച്ചു . 

മുടി വെട്ടാൻ വാസുവിന്റെ കടയിലോട്ടാ  മുരുകൻ പോകാറുള്ളത്. താൻ പറഞ്ഞത് ഇഷ്ടപ്പെടാത്ത വാസു ഇനി മുടിക്കു പകരം  തന്റെ കഴുത്തെങ്ങാനും വെട്ടുമോയെന്നുള്ള പേടിയും അതോടൊപ്പം  മുരുകനെ വലയം ചെയ്തു .

അന്നത്തോടെ വാസുവിന്റെ കടയിലുള്ള  മുടിവെട്ട് മുരുകൻ നിറുത്തുകയും, ഇനി ഊര്ക്ക് പോകുമ്പോത് മുടി വെട്ടിയാ പോതുമെന്ന് , മനസ്സിൽ സൊല്ലി വെക്കുകയും ചെയ്തു .

എവിടെ വെച്ചിട്ടാടാ അവനെ  പാമ്പു കടിച്ചത് ? 

സുകുവിന്റെ വീട്ടിലോട്ട്  കേറുന്ന ഇടവഴിയില്ലേ അവിടെ  വെച്ചിട്ടാണെന്നാ മെമ്പറ് സുകേശൻ  പറഞ്ഞത്.

പാക്കരൻ ചേട്ടന്റെ ചോദ്യത്തിന് മമ്മദു  തന്നെയാ മറുപടിയും പറഞ്ഞത്.  

എന്റെ മമ്മദേ  താനിന്ന് മീൻ വിക്കാൻ പോയില്ലേ?  

വാസുവിന്റെയാ ആ ചോദ്യം കേട്ട്  മമ്മദ് ഞെട്ടി. 

അപ്പോഴാ,  മമ്മദിനാ സത്യം  ഓർമ്മ വന്നത്. 

അള്ളാ, താൻ മീൻവിക്കാൻ പോയതാണല്ലോ?  അള്ളാ തന്റെ സൈക്കിളെവിടെ? അള്ളാ തന്റെ കുട്ടയെവിടെ ? അള്ളാ തന്റെ മീനെവിടെ ?

മമ്മദിന്റെ ഈ വക  ചോദ്യങ്ങൾക്കൊന്നും അള്ളാ ഉത്തരം പറഞ്ഞില്ല. 

സുകുവിനെ പാമ്പ് കടിച്ചെന്ന്  അറിഞ്ഞതോടെ അതെല്ലാവരേം  അറിയിക്കാനായി പാഞ്ഞു  വരുകയായിരുന്നു മമ്മദ്.

മീൻ വാങ്ങാൻ  നിന്ന ഒറോത ചേടത്തിയോട്, ദേ വരുന്നെന്നും പറഞ്ഞാ മമ്മദ് പാഞ്ഞത്. 

മമ്മദ് പോയതോടെ അനാഥമായ കുട്ടയിൽ നിന്നും ആരും കാണാതെ  നാലഞ്ചു മീനെടുത്ത് പാത്രത്തിലിട്ട് തിരിഞ്ഞു നോക്കിയ ചേടത്തി പിന്നിൽ  വിറകു വെട്ടുകാരൻ മത്തായിയെ കണ്ട്  ഞെട്ടി . ഈ ചാളയൊക്കെ ചത്തതാണോന്ന് നോക്കിയതാടാ  മത്തായിയേന്നും പറഞ്ഞ്  അത് കുട്ടയിലേക്ക് തന്നെ തിരിച്ചിടുകയും ചെയ്തു  .  

സുകുവിനെ  പാമ്പ് കടിച്ച വിവരമറിഞ്ഞ് പറന്നു പോകുന്ന മത്തായി അത് ശ്രദ്ധിച്ചതു കൂടിയില്ല  .

മത്തായി പോയതോടെ, ചേടത്തി വീണ്ടും നാലഞ്ചു മീനെടുത്ത്  തിരിഞ്ഞു നോക്കിയപ്പോൾ,  കണ്ടത് സൈക്കിളിൽ പാഞ്ഞു വരുന്ന പീതാംബരനെയായിരുന്നു. 

ഈ മീനൊക്കെ  ചത്തതാണോന്ന് നോക്കിയതാടാ  പീതാംബരാന്നും പറഞ്ഞ് ചേടത്തി  വീണ്ടും അതെല്ലാം കുട്ടയിലേക്കിട്ടു. 

ഭാര്യക്ക് പ്രസവ വേദനയാണെന്നറിഞ്ഞ  പീതാംബരനത് കേട്ടതു കൂടിയില്ല .

സത്യത്തിൽ കുറേദൂരം പോയതിനു ശേഷാ പീതാംബരന് എന്തോ പന്തികേട് തോന്നിയതും സൈക്കിള്  നിറുത്തിയതും. 

ആയ് താൻ കല്യാണം കഴിച്ചിട്ടില്ലല്ലോ ? പിന്നെ ആരെക്കാണാനാ താൻ പാഞ്ഞത് ? ഞെട്ടിയ പീതാംബരൻ സൈക്കിളിൽ തിരിയെ പാഞ്ഞു വരുമ്പോഴായിരുന്നു  ചേടത്തി  വീണ്ടും  നാലഞ്ചു മീനടുത്ത് ചട്ടിയിലേക്കിട്ടത്. 

പീതാംബരനെ കണ്ടതോടെ ചേടത്തി ഞെട്ടിക്കൊണ്ട്  മീൻ വീണ്ടും  കുട്ടയിലേക്ക് തിരിച്ചിട്ടു.

നിനക്ക് വേറേ പണിയൊന്നുമില്ലേ  പീതാംബരാ..യെന്ന് അതോടൊപ്പം ചീത്ത വിളിക്കേം ചെയ്തു .

അത് കേട്ട് പീതാംബരൻ  ഞെട്ടി, സൈക്കിളിൽ പോകുന്ന തന്നെയെന്തിനാണ് ഈ കിഴവി വെറുതേ ചീത്ത വിളിക്കുന്നത് ?

ചാട്ടുളി പോലെ പാഞ്ഞു വരുന്ന പീതംബരനെ കണ്ട്  പീലിപ്പോസ് മുതലാളി ചിരിച്ച് താഴെ വീണു. ഇവനെന്ത് പൊട്ടനാണപ്പായെന്ന് മനസ്സിൽ  പറയേം ചെയ്തു. 

പീതാംബരന്റെ ഭാര്യക്ക് പ്രസവ വേദനിയെന്നുള്ള ഫോൺ വന്നതോടെ ഈ പീതാംബരൻ സൈക്കിളെടുത്ത് പായുകയായിരുന്നു .

സത്യത്തിൽ, ഭാര്യയുള്ള  പീതാംബരൻ പകച്ചു കൊണ്ട് അവിടെ നിപ്പുണ്ടായിരുന്നു. അതിനു  പകരമായിരുന്നു കല്യാണം കഴിക്കാത്ത ഈ പീതാംബരൻ പാഞ്ഞത് അത് കണ്ട് പായേണ്ട പീതാംബരൻ ഞെട്ടി തരിച്ചു നിക്കേം ചെയ്തു . അതോടൊപ്പം ആ  പീതാംബരന്റെ മനസ്സിൽ അരുതാത്ത ചിന്തകളുടെ വേലിയേറ്റവും തുടങ്ങി .

തന്റെ ഭാര്യയുടെ പ്രസവ വേദനക്ക് ഇവനെന്തിനാ പായണെന്ന് , സ്വതവേ എല്ലാത്തിനോടും സംശയാലുവായ ആ പീതാംബര ഹൃദയം വിങ്ങി .

ഭാര്യയുടെ  പ്രസവത്തിന് പീതംബരന്റെ മുഖത്ത് തീരെ  തെളിച്ചമില്ലായിരുന്നു. കുട്ടിക്ക് തന്റെ ഛായ ആണോന്ന് പീതാംബരൻ ഇടക്കിടക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു  .  അതോടെ  ഫിലിപ്പോസ് മുതലാളിയുടെ അവിടുത്തെ പണി പീതാംബരൻ  മതിയാക്കി. രണ്ടു പീതാംബർമാരും ഒരു സ്ഥലത്ത് വേണ്ട എന്നുള്ളതായിരുന്നു അതിനു  പീതാംബരൻ കണ്ട ന്യായം. 

ഇനി  ആരു വന്നാലും  മീൻ കുട്ടയിലേക്ക് ഇടുന്നില്ലെന്നും  പറഞ്ഞ് ചേടത്തി  നാലഞ്ചു മീനെടുത്ത് ചട്ടിയിലിട്ടോണ്ട് അകത്തേക്ക് പോയി .

 ഇന്നത്തെ മീൻ ചാറിന്,ഇതൊക്കെ മതി   ഇന്നാടാ നിനക്കെന്നും പറഞ്ഞ് പിന്നാലെ പാഞ്ഞുവന്ന മണികണ്ഠൻ പൂച്ചക്കും ഒന്ന് കൊടുത്തു.

അകത്തേക്ക് കേറുമ്പോ ചേടത്തി കർത്താവിന്റെ രൂപത്തിലോട്ടൊന്ന്  ഒന്ന് ഒളി കണ്ണിട്ട് നോക്കി  . 

ഞാൻ  ദിവസോം, അവന്റെ കൈയ്യീന്ന്  വാങ്ങുന്നതല്ലേ ഒരു ദിവസം ചോദിക്കാണ്ട്  രണ്ടു മീൻ എടുത്താ എന്നാ വരാനായെന്നാ ചേടത്തി കർത്താവിനെ നോക്കി ചോദിച്ചത് ?

 ഇനി കർത്താവെങ്ങാനും  കണ്ടാ വെറുതെ ഒരു പാപം കേറി തലയിൽ വെക്കേണ്ടല്ലോന്നും  കരുതിയാണ് ചേടത്തി അങ്ങനെ പറഞ്ഞത്.  കുമ്പസാര കൂട്ടിൽ പറയാൻ പറ്റാവുന്ന തെറ്റാണോ ഇത് ? ചിലപ്പോ പീലിപ്പോസച്ചൻ ഇത്  മമ്മദിനോട്  പറയേം ചെയ്യും. മമ്മദ്ന്ന്യാ പള്ളിമേടയിലും മീൻ കൊടുക്കണത്. 

ഇതിലൊന്നും യാതൊരു പാപവും ഇല്ലെന്നും  പ്രഖ്യാപിച്ച്,  ആ മനസ്സാക്ഷി കുത്ത് ചേടത്തി അങ്ങട് സ്വയം ഇല്ലാതാക്കേം ചെയ്തു.    

പോയതിനേക്കാൾ വേഗത്തിലാ , സൈക്കിളെടുക്കാനായി മമ്മദ് തിരിഞ്ഞോടിയത്. 

അള്ളാ ആ കിഴവിയെയാണല്ലോ താൻ കൂടക്കടുത്ത് നിറുത്തിയത് ?   അതോടെ മമ്മദിന്റെ ഓട്ടത്തിന്റെ സ്പീഡ് കൂടുകേം ചെയ്തു. 

ആ പാവം ഇന്ന് ഓടി ചാവുന്നാ തോന്നണേന്നാ  പലചരക്ക് കടക്കാരൻ സുപ്രു പറഞ്ഞത് . 

അള്ളാ എന്നെ എന്തിനാണ് ഇങ്ങനെയിട്ടടിക്കുന്നതെന്ന്  മമ്മദ് അള്ളാവിനോട് പരിഭവം പറഞ്ഞെങ്കിലും അള്ളാ അതിനും  മറുപടി കൊടുത്തില്ല  മമ്മദ് അതൊട്ട്  പ്രതീക്ഷിച്ചുമില്ല.

എന്താ  ചേടത്തി ..മീൻ വേണ്ടേയെന്ന് അണച്ചിട്ടാ മമ്മദ് ചോദിച്ചത്.  

നിന്നെ കാണാണ്ടായപ്പോ ഞാനൊരു രണ്ടു  മുട്ടയെടുത്ത് വെച്ചെടാ. 

എന്തോ ..ചേടത്തിയുടെയാ  മറുപടിയിൽ മമ്മദിന് തീരെ  വിശ്വാസം വന്നില്ല.  

മമ്മദ് കുട്ടയിൽ പരതുന്നത് കണ്ട്  ഒറോത ചേടത്തി ഒളിച്ചു നിന്നു   നോക്കി. കർത്താവെ ഈ മാരണം കുട്ടയിൽ  മീൻ എണ്ണിയാണോ ഇടുന്നത്?

അത് കഴിഞ്ഞ് മമ്മദ് മാനത്തോട്ട് നോക്കി അതോടെ ചേടത്തിയും  മാനത്തോട്ട് നോക്കി . മമ്മദ്  അള്ളാനേയും , ചേടത്തി കർത്താവിനെയുമായിരുന്നു വിളിച്ചത് രണ്ടുപേരും ഈ സില്ലി കാര്യങ്ങൾക്ക്  മറുപടി കൊടുത്തതുമില്ല. 

 എത്രാമത്തെ തവണയാ സുകുവിനെ പാമ്പ് കടിക്കണത് ? 

സുപ്രുവാ  ചോദിച്ചതിലും കാര്യമുണ്ട്  ഇതിപ്പോ ആറാമത്തെ തവണയാ സുകുവിനെ  പാമ്പ് കടിച്ചെന്നും പറഞ്ഞ് ആശുപത്രിയിലോട്ട് കൊണ്ട് പോകുന്നത്. 

സുകുവിനെ ഇങ്ങനെ പാമ്പ് കടിക്കുന്നത് കണ്ട പാക്കരൻ ചേട്ടനാ ഒരുപദേശം  കൊടുത്തത്  ആരെയെങ്കിലും പോയി കാണാൻ.

അത് കേട്ട സുകു ആദ്യമൊന്ന് പകച്ചെങ്കിലും പാക്കരൻ ചേട്ടനത്  വിശദീകരിച്ച് കൊടുത്തതോടെയാ മനസ്സിലായി  .

എന്റെ സുകോ നീ ഏതെങ്കിലും കണിയാന്റെ അടുത്തൊന്ന് പോയി പ്രശ്‌നം വെച്ചു നോക്ക്?.   

അതോണ്ടാ  സുകു കണിയാര് വേലായുധേട്ടന്റെ അടുത്ത് പോയി പ്രശ്‌നം വെപ്പിച്ചു നോക്കിയത്.  അത് പാമ്പുകൾ അറിയാഞ്ഞിട്ടാണോ എന്തോ അതോണ്ടൊരു കാര്യവുമുണ്ടായില്ല.   

അതിനും  മുന്നേ സുകു കർത്താവിനോട് ഇതേപ്പറ്റി  ചോദിച്ചു നോക്കിയെങ്കിലും ഇവനെ  മലമ്പാമ്പിനെക്കൊണ്ട് മിഴുങ്ങിച്ചാലോയെന്നാ കർത്താവ്  ചിന്തിച്ചത് ? 

ഞാനൊരു  പ്രേക്ഷിതനല്ലേ കർത്താവേ? ഈ  പാമ്പുകളൊക്കെ എന്നെയിങ്ങനെ  തലങ്ങും വിലങ്ങും  കടിച്ചോണ്ടിരുന്ന എന്താ ചെയ്യാന്നും  ചോദിച്ച് , കുറെ നേരം സുകു , കർത്താവിന്റെ ഫോട്ടോക്ക് മുന്നിൽ ഒരു  ചോദ്യ ചിഹ്‌നം പോലെ നിന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല . 

കർത്താവ്, എന്തെങ്കിലും  അടയാളത്തിലൂടെ തന്നോട്  മറുപടി പറയുമെന്നാ സുകു പ്രതീക്ഷിച്ചത്.  നിന്ന്, നിന്ന് കൈയ്യും കാലും കഴച്ചതോടെ സുകുവിന്റെ ഉള്ളിൽ നിന്ന് പഴേ റൗഡി  എത്തിനോക്കുകയും  ഒരു തെറി ഉരുണ്ടു കേറി തൊണ്ടയോളം എത്തുകയും ചെയ്‌തെങ്കിലും സുകുവത് വിഴുങ്ങി . 

താനീ ദിവസം മുഴുവൻ കൈ കൂപ്പി നിന്നാലും കർത്താവ് മറുപടിയൊന്നും പറയാൻ പോകുന്നില്ലെന്ന്  സുകുവിന് തോന്നി.  

ഞാൻ  പ്രേഷിത പ്രവർത്തകനല്ലേ?  അതോണ്ട് കർത്താവിന് തന്നോട് വല്യ  കാര്യമായിരിക്കും ,  കർത്താവ് പ്രത്യക്ഷപ്പെട്ട് തന്നെ  സഹായിക്കുമെന്നൊക്കെയാ  സുകു പ്രതീക്ഷിച്ചിരുന്നത് . പക്ഷെ  കർത്താവ് ഒന്നും മിണ്ടാതെ നിക്കുന്നത് കണ്ടപ്പോ സുകു, കർത്താവിനെ ഉള്ളിൽ ചീത്ത വിളിക്കേം ചെയ്തു. 

അതിനടുത്ത ദിവസം സുകുവിനെ വീണ്ടും പാമ്പു കടിച്ചു.

പാമ്പ് പോണത് കണ്ടപ്പോ സുകു നീങ്ങി നിന്നതാ എന്നിട്ടും കാര്യമുണ്ടായില്ല അങ്ങോട്ട് പോയ പാമ്പ് ഏതാണ്ട് സുകു വിളിച്ചപോലെ തിരിയെ വന്നിട്ടാ കടിച്ചത് .  

താൻ ചീത്ത വിളിച്ചതിന്  കർത്താവ് തന്നോട് പ്രതികാരം ചെയ്തതാണോയെന്നാ  സുകുവിനതു കണ്ട്  സംശയം തോന്നിയത്   .

അതോണ്ട് ആശുപത്രിയിൽ എത്തുന്നത് വരെ സുകു  കർത്താവിനെപ്പറ്റി  ഒന്നും പറഞ്ഞില്ല.  വെറുതെ വീണ്ടും  പ്രകോപിപ്പിച്ച് കൂടുതൽ കുഴപ്പങ്ങൾ വരുത്തിവെക്കേണ്ടന്ന വിചാരിച്ചു.   

 നീർക്കോലി കടിച്ചതെങ്ങാനും  കർത്താവ് പിടിച്ച്  മൂർഖനാക്കിയാലോന്നുള്ള പേടിയില്.  

ഡോക്ടർ വന്ന് കുഴപ്പമില്ലെന്ന് അടിവരയിട്ടതിനു ശേഷാ സുകുവിന്റെ രോഷം അണപൊട്ടിയത് . താനിനി  പ്രേഷിത പ്രവർത്തനം നടത്തുന്നില്ലാന്ന് പോലും സുകു പറഞ്ഞു കളഞ്ഞു .

അതാ നല്ലതെന്നാ കർത്താവും പറഞ്ഞത്.  

എന്തൊക്കെ വിഡ്ഢിത്തങ്ങളാ ഇവൻ വിളിച്ചു കൂവുന്നത്  ? താനൊരിക്കലും  ചെയ്യാത്ത കാര്യങ്ങളൊക്കെയാ പ്രേഷിത പ്രവർത്താനോം ന്നും പറഞ്ഞ്  സുകു പടച്ചു വിടുന്നത് .

കർത്താവിന് പതിനാലു ശിക്ഷ്യൻമാരുണ്ടെന്നും  അതിലൊരാൾ താനാണെന്നും വരെ  സുകു പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇത് കേട്ട  കപ്യാര് ഈനാശു ചേട്ടൻ പീലിപ്പോസച്ചനോട് പോയി പറഞ്ഞതോടെ , അച്ചൻ, സുകുവിനെ മുട്ടൻ തെറിയാ വിളിച്ചത്. അവൻ തേങ്ങാക്കൊലയാണെന്നാ ഈനാശു ചേട്ടന്റെ മുന്നിൽ വെച്ച് അച്ചൻ  പറഞ്ഞത് . എന്നിട്ട് ഈനാശു ചേട്ടൻ പോയപ്പോ  കർത്താവിന്റെ മുന്നിൽ പോയിരുന്നു കരഞ്ഞു,  എന്നെ നിനക്ക്  ശിഷ്യനാക്കാൻ തോന്നിയില്ലല്ലോയെന്നും പറഞ്ഞ്.  

തൊണ്ട കീറി കർത്താവേ, കർത്താവേ ന്ന് അലറിവിളിച്ചിട്ടും കർത്താവ് സഹായിക്കാതായപ്പോഴാണ്  സുകു കണിയാൻ വേലായുധേട്ടനെ  കാണാൻ പോയത് . 

ഏതോ പാമ്പിന്  സുകുവിനോട് വലിയ കോപമുണ്ടെന്ന്  പ്രശ്നത്തിൽ തെളിഞ്ഞെന്നാ  വേലായുധേട്ടൻ പറഞ്ഞത്. 

അത് കേട്ട് ഞെട്ടിക്കൊണ്ടാ സുകു ചോദിച്ചത് , ഏത് പാമ്പിന്   ? .

കണാരൻ പാമ്പെന്ന്  ..,  വേലായുധേട്ടന്റെ വായിൽ വന്നതായിരുന്നു . പിന്ന്യാ ഓർത്തത്  കണാരൻ തന്റെ അയൽക്കാരനല്ലേന്ന്.   

അതോടെ മൂർഖനെന്ന് തിരുത്തി .

അത് കേട്ട് സുകു ഞെട്ടി, അത് പറഞ്ഞ വേലായുധേട്ടന്റെ മുഖം ഒരു മൂർഖന്റെ മുഖം പോലെയാ സുകുവിന് തോന്നിയത്. 

മൂർഖനെ പടത്തിൽ  പോലും കണ്ടിട്ടില്ലാത്ത തന്നോടെന്തിനാണ്  മൂർഖന് വൈര്യാഗ്യമെന്നാ സുകു ചിന്തിച്ചത്. 

മുൻ വൈര്യാഗ്യം. 

എന്തിന് ? 

ചവിട്ടിയതിന്. 

ആര് ?

നീ .

എപ്പോ? 

വീട്ടിലേക്ക് പോവുമ്പോ? 

 അപ്പൊ എനിക്ക്  വീട്ടിലേക്ക് പോവണ്ടേ ?

പാമ്പിന്റെ മേത്തു ചവിട്ടിയാണോ വീട്ടിലേക്ക് പോണത് ?  വേലായുധേട്ടൻ മറ്റൊരു പാമ്പായി നിന്ന്  ചീറി. 

ഇയാളിത് പാമ്പൻറെ സൈഡു പറയാനാണോ തന്റെ കൈയ്യീന്ന് പണം വാങ്ങിയതെന്നാ സുകുവിന് സംശയം തോന്നിയത്.  

അതോടെ  സുകുവിന്റെ ഉള്ളിലെയാ പഴയ റൗഡി രക്തം തിളച്ചെങ്കിലും സുകു അടക്കി പിടിച്ചു.   

എടൊ താനല്ല. 

പിന്നെ. 

നിന്റ അച്ചന്റെ അച്ചൻ   ഒരു പാമ്പിനെ ചവിട്ടി കൊന്നീട്ടുണ്ടെത്രെ .

പാമ്പിനെ ചവിട്ടി കൊല്ലേ ? 

 ഉറുമ്പാണോ ചവിട്ടിക്കൊല്ലാനെന്ന് , സുകുവിന്റെ ഉള്ളിലൊരു  സംശയം തിക്കി വന്നെങ്കിലും സുകുവത് ചോദിച്ചില്ല.   

തന്റെ മുതുമുത്തപ്പൻ പാമ്പിനെ ചവിട്ടിക്കൊന്നതിന്  തന്നെയെന്തിനാണ്  പാമ്പുകള്  പിടിച്ച് കടിക്കുന്നതെന്ന്  സുകു ചോദിച്ചെങ്കിലും അത് പാമ്പിനോട് പോയി ചോദിക്കെന്നും പറഞ്ഞ് വേലായുധേട്ടൻ ചീറി.

പിന്നെ നിന്റെ മുത്ത് മുത്തപ്പന്റെ ശവക്കല്ലറയിൽ പോയി കടിക്കാൻ പറ്റോ ?  

അതോടൊപ്പം തന്റെ  മുത്തപ്പന്റെ കാലത്തുള്ള പാമ്പ് ജീവിച്ചിരിപ്പുണ്ടോയെന്നുള്ളൊരു  സംശയവും സുകുവിനുള്ളിൽ  ചേക്കേറിയെങ്കിലും . ഇനി വേലായുധൻ  മറ്റൊരു പാമ്പായി തന്നെ കൊത്തേണ്ടന്നു കരുതി സുകു മിണ്ടാതിരുന്നു .

പ്രശ്ന പരിഹാരത്തിന് നൂറു മുട്ടയും, ഒരു കുപ്പി ബ്രാണ്ടിയുമാ വേലായുധൻ  ചോദിച്ചത്. അത് രണ്ടും വേലായുധൻ  വീട്ടി കൊണ്ട് പോയി തട്ടി. 

നിങ്ങൾക്കൊരു ഇരുന്നൂറ്  മുട്ട ചോദിക്കാമായിരുന്നില്ലെന്നാ വേലായുധേട്ടന്റെ ഭാര്യ തങ്കമണി ചോദിച്ചത്? 

അത്  ചോദിക്കായിരുന്നുവെന്ന് വേലായുധേട്ടനും  തോന്നി. അതോടെ  സുകുവിനെ വീണ്ടും പാമ്പു കടിക്കാൻ  വേലായുധൻ  പ്രാർത്ഥിക്കേം ചെയ്തു. 

അതിന്റെ പിറ്റേ ദിവസം സുകുവിനെ വീണ്ടും പാമ്പ് കടിച്ചു. 

അലറിക്കൊണ്ടാ സുകു ആശുപത്രീന്ന് വേലായുധൻറെ  വീട്ടിലേക്ക് പാഞ്ഞു ചെന്നത് .  ഇരുന്നൂറു മുട്ട ചോദിക്കാൻ വേലായുധേട്ടന്റെ നാവ് വളഞ്ഞെങ്കിലും സുകുവിന്റെ ഭാവം കണ്ടതോടെ ചിലപ്പോ ആ മുട്ട ചോദ്യം തന്റെ കൊലപാതകത്തിലാവും കലാശിക്കായെന്ന്  തോന്നിയതോടെ വേലായുധേട്ടനതു   വിഴുങ്ങി. 

ഭാര്യ തങ്കമണി അപ്പുറത്ത് നിന്ന് കണ്ണും കൈയ്യും കാണിച്ചത് വേലായുധേട്ടൻ കണ്ടില്ലെന്ന് നടിച്ചു. സുകുവിന്റെ കൈയ്യീന്ന് തല്ലു കിട്ടുന്നത് തനിക്കാവും ഭാര്യ തങ്കമണിക്കല്ല .  

മുട്ടയും ബ്രാണ്ടിയും കൊടുത്ത വിവരം പാമ്പ് അറിഞ്ഞില്ലെന്നാ  വേലായുധേട്ടൻ, സുകുവിനോട്  പറഞ്ഞത് ഇന്ന് എന്തായാലും അറിയുമെന്നും  പറഞ്ഞു. 

എങ്ങിനെയുണ്ട് നമ്മ  സുകു ചെട്ടയ്ക്ക്  ഇപ്പൊ യെന്ന തമിഴൻ മുരുകന്റെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല. തന്റെ ചോദ്യം വെറുതെ ഉത്തരമില്ലാതെ തിരിഞ്ഞു കളിക്കേണ്ടെന്നു കരുതി മുരുകൻ തന്നെ അതിനു മറുപടിയും പറഞ്ഞു. 

ചിലപ്പോ സത്തു പോയിരിക്കും  അല്ലേ?  

അതും പറഞ്ഞ് മുരുകൻ ചിരിച്ചു. 

പാക്കരൻ ചേട്ടൻ  കണ്ണുരുട്ടി നോക്കിയതോടെ  മുരുകൻ വേഗം എണീറ്റ് പോയി. 

സുകു കേക്കേണ്ടാ നിന്നെ കൊല്ലും അവറാൻ ചേട്ടനുമതു  പറഞ്ഞതോടെ മുരുകൻ നന്നായി  പേടിച്ചു . 

ഇവനെയങ് തട്ടിയാലോന്ന് വാസു ചിന്തിച്ചതാ. വായെടുത്താ അശ്രീകരമേ വരൂ. 

ഇതിനിടയിലാ മീൻകാരൻ മമ്മദ് വീണ്ടും കേറി  വന്നത്. 

എങ്ങിനെയുണ്ട് മമ്മദേ ,സുകുവിന്   ?

ഏയ് ഇപ്പൊ പേടിക്കാനൊന്നുമില്ലെന്നാ കേട്ടത് നമ്മുടെ കണാരേട്ടന്റെ ഓട്ടോ റിക്ഷയിലാ കൊണ്ട് പോയത് ഒരു ചെറിയ മുറിവ് അത്രെയേ ഉള്ളൂ. 

പാമ്പ് കടിച്ചാ പിന്നെ  പുലി കടിച്ചത് പോലെ ഉണ്ടാവോ ?

അതും പറഞ്ഞ് സുപ്രു ചിരിച്ചെങ്കിലും ആരും അതിൽ പങ്കാളിയായില്ല. 

മമ്മദ് രൂക്ഷമായി നോക്കിയതോടെ സുപ്രു വേഗം എണീറ്റു പോവേം ചെയ്തു. 

അസ്ഥാനത്തുള്ള ആ തമാശ പറയേണ്ടിയിരുന്നില്ലെന്ന് സുപ്രുവിന് തോന്നി മാമ്മദിന്റെ കൈയ്യീന്ന് ഒന്ന് കിട്ടിയേനേ. 

തമാശ പറഞ്ഞ്  അടി വാങ്ങിയ ആദ്യ ആളായേനേ താൻ.    

അല്ല ഏത് പാമ്പാവും അവനെ കടിച്ചത് ?

ഭാസ്കരൻന്നാ പറഞ്ഞത്. 

അത് കേട്ട് എല്ലാവരും ഞെട്ടി ഭാസ്ക്കരൻന്ന് പേരുള്ള പാമ്പോ ?

  നമ്മുടെ ഗൾഫ്കാരൻ ഭാസ്കരനാ പറഞ്ഞത് അത് മൂർഖനാണെന്ന് 

അത് കേട്ട്, സുകുവിനെ കടിച്ച നീർക്കോലി ഞെട്ടി.

പാമ്പിന്റെ കടി കൊണ്ട  സുകുവിന്റെ കരച്ചില് കേട്ട് ഓടി വന്ന ഗൾഫ് കാരൻ ഭാസ്കരേട്ടനാ പറഞ്ഞത്, മുറിവ് കണ്ടാ മൂർഖൻ കടിച്ചത് പോലെ ഉണ്ടല്ലോന്ന് . 

മൂ ...ന്ന് കേൾക്കുന്നതിനു മുന്നേ തന്നെ, എന്റെ കർത്താവേ എന്നോട് പ്രതികാരം ചെയ്തതല്ലേ  ന്നും അലറി വിളിച്ചോണ്ട്  സുകുവിന്റെ ബോധം പോയി. 

ഇത് പാമ്പ് കടിച്ചതൊന്നുമല്ല മുള്ള് കൊണ്ടതാണെന്ന് ഡോക്ടറ് പറഞ്ഞട്ടും   എന്തോ  സുകുവിന് വിശ്വാസം വരണില്ല.

 ഇതിപ്പോ അഞ്ചാം തവണയാണ് പാമ്പ് കടിച്ചെന്നും പറഞ്ഞ് സുകുവിനെ കൊണ്ട് വരുന്നത്.

 ഏതോ ഒരു കാലത്ത് സുകുവിന്റെ വീട്ടിലേക്കുള്ള ഇടവഴിയിൽ വെച്ച് സുകു ഒരു ചീറ്റൽ കേൾക്കുകയും പാമ്പിനെ കാണുകയും ചെയ്തിരുന്നു. അതോടെ അവിടെയെത്തുമ്പോ പാമ്പുകളുടെ ഒരു മാർച്ച് പാസ്റ്റ് സുകുവിന്റെ ഉള്ളിലേക്ക് കടന്നുവരികയും ചുറ്റും പാമ്പുകളാണെന്നുള്ള ഒരു ധാരണ വളർന്നു വരുകയും ചെയ്തു .

അതുകൊണ്ട് തൊട്ടാവാടിയുടെ മുള്ള് കൊള്ളുമ്പോൾ പോലും എന്നെ പാമ്പ് കടിച്ചെയെന്നും  അലറി വിളിച്ച് നാട്ടുകാരെയും കൂട്ടി  ആശുപത്രിയിലോട്ട് ഓടും.  

ഇനി ഇയാളെ ഇങ്ങോട്ട് കൊണ്ട് വന്നാ ഒർജിനൽ പാമ്പിനെക്കൊണ്ട്  കൊത്തിക്കുമെന്നാ ഡോക്ടറ് പറഞ്ഞത്.

ഇപ്പോഴും, പാമ്പ് പേടി മാറാത്ത സുകു അവിടെയെത്തുമ്പോ മുട്ടിനൊപ്പമുള്ള ഷൂ എടുത്തിട്ടട്ടാ  വീട്ടിലേക്ക് പോകാറ്. ഷൂവിനുള്ളിൽ കൈയ്യിട്ടു  അതിനുള്ളിൽ പാമ്പ് ഇല്ലെന്ന് കൂടി ഉറപ്പു വരുത്തിയിട്ടു കൂടിയേ  സുകു അത് അണിയാറുളളൂവെന്നുള്ളത് മറ്റൊരു സത്യം.

ഇനി കൈയ്യിട്ടു നോക്കുമ്പോ പാമ്പ് കടിച്ചാലോയെന്ന് മെമ്പറ് സുകേശൻ ചോദിച്ചതു കേട്ട് അത് ശരിയാണല്ലോയെന്ന് സുകുവിന് തോന്നി . അന്ന് തൊട്ട്  കൈയിടുന്നതിനു പകരം ,  കുടഞ്ഞു നോക്കിയിട്ടാ ഷൂ ഇടാറ് പതിവ് . 

ഏത് പാമ്പാ കടിച്ചതെന്നാ അവറാൻ ചേട്ടൻ ചോദിച്ചതിന്, താൻ   മുഖം കണ്ടില്ലാന്നാ ആശുപത്രിയിൽ നിന്നും തിരിച്ചു വന്ന  സുകു പറഞ്ഞത്.

എന്നാ നിനക്ക് മുഖം നോക്കായിരുന്നില്ലെന്ന് അവറാൻ ചേട്ടൻ തിരിച്ചു ചോദിച്ചു .

ഗൾഫ് കാരൻ ഭാസ്കരേട്ടനെ സുകു അന്വേഷിച്ചു ചെന്നെങ്കിലും അകത്ത് ഒളിച്ചിരിക്കുന്ന ഭാസ്കരേട്ടനെ കൊലക്ക് കൊടുക്കാതെ  ഗൾഫിലേക്ക് തിരിച്ചു പോയെന്നാ ഭാര്യ ശാരദേടത്തി സുകുവിനോട് പറഞ്ഞത്.   





















0 അഭിപ്രായങ്ങള്‍