നമ്മുടെ മിലട്ടറിക്കാരൻ രാജപ്പൻ  ലീവിൽ വന്നേക്കണേലോ  

ചായക്കടയിൽ വെച്ച് പാക്കരൻ ചേട്ടനത് പറഞ്ഞതും  പലചരക്കു കടക്കാരൻ അന്തോണി അയ്യോന്നലറിക്കൊണ്ട് കുടിച്ചോണ്ടിരുന്ന ചായ പകുതിക്ക് വെച്ച്   ചാടിയിറങ്ങി ഓടി .

 പലചരക്കു കട ഒരു വിധത്തിൽ അടച്ച്  ഒരുപാട് പണിയുണ്ടെന്നും  അലമുറയിട്ടോണ്ടാ  അന്തോണി വീട്ടിലേക്ക് പാഞ്ഞത്  

 ഇവനെങ്ങോട്ടാണ് ഈ  കടയും  പൂട്ടി പായണത്  ഇപ്പൊത്തന്നെയല്ലേ തുറന്നത്.

അന്തോണിയുടെ പാച്ചില്  കണ്ട മീൻകാരൻ മമ്മദിന് അത്ഭുതം 

 സാധനങ്ങൾ വാങ്ങാൻ വന്ന രുഗ്മണി ചേടത്തി ചോദിച്ചതാ.,  എന്റെ അന്തോണിയേ അരിയെങ്കിലും താടാ എന്നിട്ട് കട പൂട്ടിക്കോന്ന്  

എന്റെ ചേടത്തി ഒരു ദിവസം അരി കഴിച്ചില്ലാന്നും വെച്ച് ഒന്നും സംഭവിക്കില്ലായെന്നും പറഞ്ഞാ അന്തോണി പാഞ്ഞത് 

ഇവനിപ്പോ എന്താ  പറ്റിയത് ? സൂചി വാങ്ങാൻ വരുന്നവനെക്കൊണ്ട് തൂമ്പാ വാങ്ങിപ്പിക്കുന്നവനാണല്ലോ അന്തോണി.

അന്തോണിയുടെ കടയിൽ തൂമ്പായുമുണ്ടോ? 

മുടിവെട്ടുകാരൻ വാസുവേട്ടനാ അത് ചോദിച്ചത്,  

എന്റെ വാസോ ഞാനൊരു ഉപമ പറഞ്ഞതാടായെന്നും പറഞ്ഞ് രുഗ്മണി ചേടത്തി തടി തപ്പി

മുടിവെട്ടുകാരൻ വാസുവേട്ടന് എന്തും സംശയാ പത്തുപ്രാവശ്യം ചോദിച്ചാലും തീരില്ല സാധാരണ ആരും വാസുവേട്ടനോട് സംസാരിക്കാൻ നിക്കാറില്ലാ ഒന്നിൽ പിടിച്ച് അങ്ങനെ കേറുന്ന സ്വഭാവം . മുടി വെട്ടാൻ വന്ന സുധാകരേട്ടനോട് ചോദിച്ച് ചോദിച്ച് സുധാകരേട്ടൻ അവസാനം വാസുവേട്ടനിട്ട്   ഒന്ന് പൊട്ടിച്ചു അതോടെ സുധാകരേട്ടനോട് മാത്രം വാസുവേട്ടൻ  സംശയം ചോദിക്കാതായി  

അതീപ്പിന്നെ സുധാകരേട്ടൻ  വാസുവേട്ടന്റെ കടയിൽ മുടി വെട്ടാറില്ല 

മുടി വടിക്കുന്ന കത്തികൊണ്ട് തന്റെ കഴുത്ത് വെട്ടുമോന്ന് സുധാകരേട്ടനൊരു പേടി കത്തി തെറ്റി കൊണ്ടാതാണെന്ന് പറഞ്ഞാ തീരില്ലേ   അതോടെ അടുത്ത ഗ്രാമത്തിൽ പോയാ  സുധാകരേട്ടൻ ഇപ്പൊ  മുടി വെട്ടാറ്  സുധാകരേട്ടന്റെ മോൻ എന്റെ ക്ലാസ്സ്മേറ്റ് ശിവനും ഇപ്പൊ അവിടെപ്പോയാ വെട്ടാറ്  അവനും പേടിയാ അപ്പനെ കിട്ടാത്തതിന് തന്നെ വെച്ച്  കാച്ചോന്നുള്ള  പേടിയിലാ ശിവൻ  

സുധാകരേട്ടൻ ഒരു പ്രാവശ്യം ചോദിച്ചതാ നിനക്ക് വാസുവിന്റെ കടയിൽ പോയി മുടി വെട്ടിക്കൂടേയെന്ന് 

അതിലൂടെ വാസുവിന് തന്നോട് ദേഷ്യമുണ്ടോന്ന് ഒരു ടെസ്റ്റ് കൂടി ചെയ്യാം എന്ന്  സുധാകരേട്ടൻ മനസ്സിൽ കണക്ക് കൂട്ടിയത് മാനത്ത് കണ്ട ശിവൻ പറഞ്ഞത് അച്ഛന് പോയി വെട്ടിക്കൂടെയെന്നാ 

നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലെടായെന്നും പറഞ്ഞ് സുധാകരേട്ടൻ പോയി 

അച്ഛൻ തന്നെ കൊലക്ക് കൊടുക്കാൻ വേണ്ടി നടക്കാണെന്നാ ശിവൻ ക്ലാസ്സിൽ വെച്ച് ഞങ്ങളോടും പീതാംബരൻ മാഷിനോടും പറഞ്ഞത് 

എന്റെ ശിവാ അതൊക്കെ നിന്റെ തോന്നലാടായെന്നും പറഞ്ഞ പീതാംബരൻ മാഷിനെ ശിവൻ  രൂക്ഷമായാ  നോക്കിയത്  അതോടെ മാഷ് മിണ്ടാതെയായി

മാഷിനും ശിവനെ പേടിയാ ശിവൻ ഒരു ഒരു പോക്കനാ ചിലപ്പോ വീട്ടിലേക്ക് പോവുമ്പോഴായിരിക്കും അവൻ വല്ലതും ചെയ്യാ വാങ്ങിക്കഴിഞ്ഞിട്ട് ഗുരുവാണ് ശിഷ്യനാണ് എന്നൊക്കെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോയെന്നാ മാഷിന്റെ പക്ഷം 

പരീക്ഷയിൽ തോറ്റതിന് പീതാംബരൻ മാഷ് അവനെയൊന്ന് അടിച്ചതാ മാഷ് വീട്ടിലേക്ക് പോകുന്ന വഴി അവൻ ഒളിച്ചിരുന്ന് പേടിപ്പിച്ചു രണ്ടു ദിവസാ പീതാംബരൻ മാഷ് പനി പിടിച്ചു കിടന്നത് 

അസമയത്ത് ആ വഴീക്കൂടെ ഒന്നും പോകല്ലേന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ തൂങ്ങിച്ചത്ത ആ കറുമ്പൻ വേലായുധൻ നിക്കണിണ്ടാവുന്നാ പീതാംബരൻ മാഷിന്റെ അമ്മ പറഞ്ഞത് 

താൻ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത കറുമ്പൻ വേലായുധന് തന്റെ ചോര എന്തിനാണ് വലിച്ചു കുടിക്കുന്നതെന്നോർത്ത് മാഷിന് ഒരെത്തും പിടിയും കിട്ടിയില്ല പിന്നെ ശങ്കുവാ പറഞ്ഞത് അത് ശിവൻ ഒപ്പിച്ച വേലയാണെന്ന് 

മാഷ് ഹെഡ്‌മാഷുടെ അടുത്ത് പോയി പരാതി കൊടുക്കാൻ നിന്നതാ പിന്നെ അതിനും ശിവൻ പേടിപ്പിക്കുമോയെന്നുള്ള പേടിയിലാ കൊടുക്കാതിരുന്നത് ഇനിയും ചിലപ്പോ താൻ പേടിച്ചാ പിന്നെ മാഷായി ഉണ്ടാവില്ലെന്ന് പീതാംബരൻ മാഷിന്റെ മനസ്സ് മാഷിനോട് പറഞ്ഞു അത് ശരിയാണെന്ന് മാഷിനും തോന്നി. 

ഈ കുരുത്തം കെട്ടവനൊന്നും നന്നാവില്ലെന്നും പറഞ്ഞ് മാഷ് സ്വയം ആശ്വസിക്കാ ചെയ്തത്.  

ഞാനും അവനോട് അങ്ങനെ പറയാൻ നിന്നതാ അതോടെ ഞാനത് വിഴുങ്ങി ആരാണെന്നൊന്നും ശിവൻ നോക്കത്തില്ല മാഷുമാർക്ക് വരെ ശിവനെ പേടിയാ ആകാരം കൊണ്ട് അവനൊരു ആജാനുബാഹുവാ ബുദ്ധിയില്ലായ്മ കൊണ്ടും അവനൊരു ആജാനുബാഹുവാണെന്നാ ഹെഡ്‌ മാഷ് ഒരു പ്രാവശ്യം ഓഫീസ് റൂമിൽ വെച്ച് പറഞ്ഞത് 

മര്യാദക്ക് പഠിക്കാണെങ്കി ഇപ്പൊ ജോലിക്ക് പോകേണ്ടവനാണെന്നാ എല്ലാവരും പറയണത്  പക്ഷേ അതിന്റെ യാതൊരു അഹങ്കാരോം അവനില്ല ഇന്നാള് പുതിയതായി വന്ന സരസ്വതി ടീച്ചറ് ആരാവാനാ ആഗ്രഹന്ന് ചോദിച്ചപ്പോ ശിവൻ പറഞ്ഞത് ഐ പി എസ് കാരനാവാണെന്നാ അത് കേട്ട് ടീച്ചറ് തല ചുറ്റി വീണില്ലായെന്നേയുള്ളൂ അതോടെ ടീച്ചറ് അവനോട് ഒന്നും ചോദിക്കാതെയായി 

ടീച്ചറും ശിവനും തമ്മില് വല്യ പ്രായ വിത്യാസം ഇല്ലാന്നാ ശങ്കു പറഞ്ഞത്

ടീച്ചറെ കാണുമ്പോ എന്താണെന്നറിയില്ല ശിവന് ഭയങ്കര നാണാ ടീച്ചർക്കും അങ്ങിനെത്തന്നെയാ അതോണ്ട് ടീച്ചറ് ശിവനോട് ഒന്നും ചോദിക്കത്തില്ല  

അവനീ വക കാര്യങ്ങളൊക്കെ എവിടെന്നാണാവോ കിട്ടണത് ? കണ്ടാ ഒരു ശങ്കു പോലെയാണെങ്കിലും  ബുദ്ധികൊണ്ട് അവൻ ഭയങ്കരനാ  അതോണ്ട് മാഷു മാർക്കും  ടീച്ചർമാർക്കും ശങ്കൂനെ വല്യ  ഇഷ്ട്ടാ  

എന്താപ്പാ ഇവൻ പെട്ടെന്നിങ്ങനെ ഓടാൻ കാരണം ?

ഏയ് അവറാനെ തനിക്കപ്പോ ഒന്നും അറിയില്ലേ ? പാക്കരൻ ചേട്ടന്റെ ചോദ്യം കേട്ട് അവറാൻ ചേട്ടൻ കണ്ണുമിഴിച്ചു 

താനറിയാതെ ഇവിടെ ഒരു സംഭവം നടക്കേ? അവറാൻ ചേട്ടനത് വല്യ മോശക്കേടായി തോന്നി   

ഒരു പക്ഷെ അവറാൻ  ധ്യാനം കൂടാൻ പോയപ്പോ നടന്നതായിരിക്കും 

മീൻ കാരൻ മമ്മദ് ആ പറഞ്ഞതിൽ കാര്യമുണ്ടെന്ന് അവറാൻ ചേട്ടനും  തോന്നി അത് സത്യവുമായിരുന്നു അവറാൻ ചേട്ടൻ ഒരാഴ്ചയോളം ധ്യാനത്തിന് പോയിരിക്കായിരുന്നു .

നിങ്ങളൊന്ന് ധ്യാനത്തിന് പോ മനുഷ്യാ...മനുഷ്യാ ന്ന്  കുറെ നാളായി  ചേടത്തി മുള്ളുമ്മേ നിന്ന്  പറഞ്ഞിട്ടും അവറാൻ ചേട്ടൻ കേട്ടില്ല. താൻ നല്ലവനാണെന്നാ അവറാൻ ചേട്ടൻ പറയണത്   ഗതി കെട്ട ചേടത്തി അവസാനം പീലിപ്പോസച്ചനേകൊണ്ട് പറയിപ്പിച്ചു നോക്കിയെങ്കിലും അവറാൻ ചേട്ടൻ കേട്ടില്ല നീ നരകത്തിൽ പോകുമെടായെന്നും പറഞ്ഞ് അച്ചൻ പേടിപ്പിച്ചെങ്കിലും അവറാൻ ചേട്ടൻ പേടിച്ചില്ല അവിടെ അച്ചനുണ്ടാവില്ലേന്ന്   ചോദിച്ചതോടെ പീലിപ്പോസച്ചൻ ഞെട്ടുകയും കർത്താവിനെ നോക്കുകയും ചെയ്തു.

അത് ശരിയാണെന്ന് കർത്താവ് തലയാട്ടുന്നത് പോലെയാ അച്ചന് തോന്നിയത് അതോടെ അച്ചൻ കർത്താവിനെ നോക്കി കരഞ്ഞെങ്കിലും ഒരു കാര്യവുമുണ്ടായില്ല താൻ വൈകുന്നേരം രണ്ടെണ്ണം അടിക്കുന്നത് കർത്താവിനെ ഇഷ്ട്ടപ്പെടാണ്ടാവുന്നാ അച്ചൻ കരുതിയത്  .

രണ്ടെണ്ണം അടിച്ചിട്ട്  സ്വർഗ്ഗം അങ്ങട് പോണമെങ്കിൽ പോകട്ടെയെന്നും  പീലിപ്പോസച്ചൻ, കർത്താവിന്റെ മുഖത്ത് നോക്കി പറഞ്ഞു. അത് കേട്ട് കർത്താവ്  ഞെട്ടുകേം ചെയ്തു .

അന്ന് രാത്രി കർത്താവ് തന്നെ നരകത്തിലേക്ക് തള്ളിയിടുന്നത് സ്വപ്നം കണ്ട്  അച്ചൻ ഞെട്ടിയുണർന്നു 

അയ്യോ കർത്താവേ ...ന്നലറിക്കൊണ്ടായിരുന്നു ആ ചാട്ടം 

 താഴേക്കിടന്നുറങ്ങായിരുന്നു കപ്യാര് ഈനാശു ചേട്ടന്റെ മെത്തേക്കായിരുന്നു നരകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ചാട്ടം അച്ചൻ ചാടിയത് ഭാഗ്യം അല്ലെങ്കി  പാവം ഇനാശു ചേട്ടൻ അതോടെ സ്വർഗ്ഗത്തിലേക്ക് പോയേനേ 

എന്റെ കർത്താവേ ..ന്ന് ഈനാശു ചേട്ടനും അലറി 

തന്നെ കർത്താവ് നരകത്തിലേക്ക് തള്ളിയിടുന്നത് കണ്ടതോടു കൂടി  അച്ചന്റെ ഉറക്കം നഷ്ടപ്പെട്ടു ഇത്രനാളും പീലിപ്പോസച്ചൻ  കരുതിയിരുന്നത്  കർത്താവ് തനിക്ക് സ്വർഗ്ഗം തരുമെന്നായിരുന്നു . അതേക്കുറിച്ചോർത്ത് അച്ചൻ കുറെ സ്വപ്നവും കണ്ടിരുന്നു താൻ കർത്താവിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും എന്ത് കാര്യത്തിനും കർത്താവ് തന്നോട് അഭിപ്രായം ചോദിക്കുന്നതും .

ഒരു പ്രാവശ്യം  കപ്യാര് ഈനാശു ചേട്ടനോട് ഇത്  പങ്കു വെച്ചത് കേട്ട് ഈനാശു ചേട്ടൻ മനസ്സിൽ ഞെട്ടി 

പിന്നെ വിറക് വെട്ടാൻ പോണ വാര്യത്തെ കർത്താവ് പോലും ഇങ്ങേരോട് അഭിപ്രായം ചോദിക്കത്തില്ല പിന്നെയല്ലേ ഒർജിനൽ കർത്താവെന്നും ഉള്ളിൽ പറഞ്ഞ് ഈനാശു ചേട്ടൻ പുറമെ അത്ഭുതം കാണിച്ച് അച്ചനെ സന്തോഷിപ്പിച്ചു  

രണ്ടെണ്ണം കഴിക്കണത്  മാത്രല്ലേ  എന്റെ പാപമുള്ളൂ കർത്താവേ ന്ന് അച്ചൻ കരഞ്ഞു ചോദിച്ചതാ 

ഈ ജന്മം മുഴുവൻ ഞാൻ നിന്നെ സേവിച്ചുകൊണ്ട് ളോഹയിട്ടു നടക്കുന്നത് നീ കാണുന്നില്ലേയെന്നൊക്കെ കർത്താവിന്റെ മുഖത്തുനോക്കി പീലിപ്പോസച്ചൻ കരഞ്ഞു പറഞ്ഞെങ്കിലും കർത്താവ്  മൈൻഡ് ചെയ്തില്ല  

 കഴിഞ്ഞ വാരാന്ത്യ കുർബ്ബാനക്ക്  പിരിഞ്ഞു കിട്ടിയാ ആയിരം രൂപയിൽ അഞ്ഞൂറല്ലേ പീലിപ്പോസേ നീ കണക്കിൽ കാണിച്ചത് എന്ന് കർത്താവ് ചോദിക്കാതെ ചോദിക്കുന്നത് പോലെ പീലിപ്പോസച്ചന് തോന്നുകേം ചെയ്തു. എണ്ണം തെറ്റിയതാ കർത്താവെയെന്നും പറഞ്ഞ് അച്ചനതൊന്ന് സരളമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

കർത്താവിത്  തന്നെ മാത്രാ നോക്കിക്കൊണ്ടരിക്കുന്നതെന്ന് അച്ചന് അതോടൊപ്പം ഒരു സംശയം തോന്നുകേം ചെയ്‌തു

അതൊരു ലൂണാ സ്കൂട്ടർ വാങ്ങാനല്ലേ എന്റെ കർത്താവേ     

ആ സാത്താന്റെ സന്തതിയോട് ഇതേക്കുറിച്ച് ഒന്നും  ചോദിക്കേണ്ടിയിരുന്നില്ലെന്ന് അച്ചന് തോന്നി കർത്താവും ഒന്ന് കണ്ണടച്ചേനേ ഇത്  കർത്താവിനെ വെറുതേ  പ്രകോപിപ്പിക്കേം ചെയ്തു 

അതോടെ ഉറക്കം നഷ്ട്ടപ്പെട്ട അച്ചൻ വേഷം മാറി അടുത്ത ഗ്രാമത്തിലുള്ള  പള്ളിയിൽ പോയി കുമ്പസരിക്കുകയും നഷ്ട്ടപ്പെട്ടു പോയ തന്റെ  ധൈര്യം വീണ്ടെടുക്കുകയും ചെയ്തു താൻ പറഞ്ഞാ ചിലപ്പോ കർത്താവ് ചിലപ്പോ കേട്ടില്ലെങ്കിലോ  എന്ന് കരുതിയാ അച്ചൻ അവിടെ  പോയി പാപങ്ങളെല്ലാം ഏറ്റുപറഞ്ഞത്‌ .

ആ സംഭവത്തോടെ  അവറാൻ ചേട്ടനെ കാണുമ്പോ അച്ചൻ  മിണ്ടാറില്ല ആ സാത്താന്റെ സന്തതി എല്ലാവരേം നാശാക്കുമെന്നാ അച്ചൻ  പറയാറ്. അച്ചൻ പറയുന്നത്  കേൾക്കാത്തോരെല്ലാം അച്ചന് സാത്താന്റെ സന്തതികളാ.

ഇന്നാളു റൗഡി വാസുവിനേയും അച്ചൻ സാത്താന്റെ സന്തതിയെന്ന്  വിളിച്ചതാ  വാസു മുടി അഴിച്ചിട്ട് അച്ചനെ നോക്കിയതോടെ അച്ചൻ വിറച്ചു.  ശരിക്കും ഒരു  സാത്താൻ മുന്നിൽ വന്നു നിൽക്കുന്നത് പോലെയാ  അച്ചന്, അപ്പൊ  വാസൂനെ കണ്ടപ്പോ തോന്നിയത് 

 മോനേ  വാസു നിനക്ക് സുഖം തന്നെയല്ലേടാന്നും ചോദിച്ച് അച്ചൻ വേഗം മുങ്ങി ആൾക്കാര് എന്തിനാ  ഇങ്ങനെ മുടിയും താടിയും വളർത്തി മനുഷ്യന്മാരെ  പേടിപ്പിക്കാൻ നടക്കണേയെന്റെ  കർത്താവേയെന്നാ അച്ചൻ  കർത്താവിനെ നോക്കി ചോദിച്ചത് 

അങ്ങനെ ആരുപറഞ്ഞിട്ടും കേക്കാത്ത അവറാൻ ചേട്ടനെ ചേട്ടത്തി ആങ്ങള തൊമ്മിയെ  വിളിച്ചോണ്ട് വന്നാ പേടിപ്പിച്ചത് ഈ ഭൂമി മലയാളത്തിൽ അവറാൻ ചേട്ടന് തൊമ്മിയെ മാത്രമേ പേടിയുള്ളൂ. തൊമ്മി മുള്ളാൻ പറഞ്ഞാ അവറാൻ ചേട്ടൻ ആ സെക്കൻഡിൽ മുള്ളും നിറുത്താൻ പറഞ്ഞാ ആ സെക്കൻഡിൽ നിറുത്തും .

കല്യാണത്തിനു മുന്നേ അവറാൻ ചേട്ടനും ഒറോത ചേട്ടത്തിയും വലിയ പ്രേമത്തിലായിരുന്നു  . അതറിഞ്ഞ തൊമ്മി അവറാൻ ചേട്ടനെ ഒരു ദിവസം കവലയിൽ വെച്ച് തല്ലി അന്ന് അവറാൻ ചേട്ടൻ നല്ല ജിമ്മനായിരുന്നു . നാട്ടുകാരെല്ലാം കരുതിയത് അവറാൻ ചേട്ടൻ തൊമ്മിയെ കൊന്ന് കൊലവിളിക്കുമെന്നായിരുന്നു. അടി തുടങ്ങുന്ന വരേയ്ക്കും മാത്രമേ അവറാൻ ചേട്ടന്റെ ആ കൊലവിളി നീണ്ടുള്ളൂ .

ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ വിളിച്ചു പറഞ്ഞതാ ആരെങ്കിലും പോയി അവറാനെ പിടിക്കാൻ അവനു ദേഷ്യം വന്നാ കണ്ണ് കാണത്തില്ല അവനാ തൊമ്മിയെ കൊല്ലും അതോടൊപ്പം എന്റെ അവറാനെ അവനെ കൊല്ലല്ലേയെന്ന് വിളിച്ചു പറയേം ചെയ്തു. അത് അവറാൻ ചേട്ടനെ ഒന്നുകൂടി പുളകിതനാക്കി .

തൊമ്മി ഒരു കാറ്റ് പോലെ പാഞ്ഞു വരുന്നത് മാത്രമേ അവറാൻ ചേട്ടനും നാട്ടുകാരും കണ്ടുള്ളൂ പിന്നെ കണ്ടത് അവറാൻ ചേട്ടൻ പമ്പരം പോലെ നിന്നു കറങ്ങുന്നതായിരുന്നു  അത് നിറുത്താൻ ഒടുവിൽ  തൊമ്മി തന്നെ പിടിക്കേണ്ടി വന്നു അതോടെ അവറാൻ ചേട്ടൻ ഓടി .

അതിനു മുന്നേ പാക്കരൻ ചേട്ടനും ഓടി അന്ന്  നാട്ടുകാർക്ക് മനസ്സിലായി അവറാൻ ചേട്ടന്റെ ശരീരം മാത്രമേ ജിമ്മന്റെതായുള്ളൂ മനസ്സ് ഒരു കുരുവിയുടേതാണെന്നും   . അതിനു ശേഷം ഒറോത ചേടത്തി അവറാൻ ചേട്ടന്റ ഒപ്പം ഒളിച്ചോടുകയും  അവറാൻ ചേട്ടനും ഒറോത ചേട്ടത്തിയും തൊമ്മിയെ പേടിച്ച് ആ  ഗ്രാമത്തിൽ നിന്നേ  ഒളിച്ചോടുകയും ചെയ്തു. ചേടത്തിക്ക് തൊമ്മിയെ പേടിയില്ലായിരുന്നുവെങ്കിലും അവറാൻ ചേട്ടൻ  തൊമ്മിയെന്ന് കേൾക്കുമ്പോഴേക്കും മുള്ളുമായിരുന്നു.  തൊമ്മി വന്ന് തന്നെ തട്ടിക്കളയുമോയെന്നുള്ള പേടിയിൽ അവറാൻ ചേട്ടൻ ഒറോത ചേടത്തിയോട് കുറേ നുണകൾ പറഞ്ഞ് പ്രേമം പൊളിക്കാൻ നോക്കിയെങ്കിലും ചേടത്തി പിടിച്ച പിടിയാലേ നിന്നു.

ഇവൾ തന്നെ കൊലക്ക് കൊടുത്തേ അടങ്ങൂവെന്ന്  അവറാൻ ചേട്ടന് അതോടെ  ബോധ്യമാവുകയും ചെയ്തു അതിനു ശേഷം ആരെങ്കിലും വീട്ടി വരുമ്പോഴും മറ്റും അവറാൻ ചേട്ടൻ വളരെ ശ്രദ്ധിച്ചേ നീങ്ങാറുള്ളു പിന്നേം കുറെ കാലത്തിനു ശേഷാ  ചേടത്തിയുടെ വീട്ടുകാരുമായി അവറാൻ ചേട്ടൻ  രമ്യതയിലെത്തിയത് .

 രമ്യതക്കു വന്ന തൊമ്മിയെ  കണ്ട് അവറാൻ ചേട്ടൻ പേടിച്ച്  തെങ്ങിന്റെ മോളിലേക്ക് ഓടിക്കയറുകയും തൊമ്മി എത്ര വിളിച്ചു പറഞ്ഞിട്ടും അവറാൻ ചേട്ടന് വിശ്വാസം വരാതാവുകയും അവസാനം ചേടത്തിയുടെ അപ്പൻ വറീത് വന്ന് ആണയിട്ടു പറഞ്ഞിട്ടാ ഒടുവിൽ  അവറാൻ ചേട്ടൻ താഴെ  ഇറങ്ങി വരാൻ തായാറാവുകയും ചെയ്തത് .

എന്തിനാ പേടിക്കുന്നതെന്ന് ചോദിച്ചതിന് അവറാൻ ചേട്ടൻ പറഞ്ഞത് തൊമ്മിക്ക് കുടിക്കാൻ ഇളനീർ വെട്ടാൻ വേണ്ടി തെങ്ങിൽ കേറിയതാണെന്നാ ആ  തെങ്ങിലേക്ക് നോക്കിയ നാട്ടുകാരും തൊമ്മിയും ഞെട്ടി അത് തല പോയ തെങ്ങായിരുന്നു . 

ധ്യാനം കൂടി വന്ന അവറാൻ ചേട്ടൻ കുറച്ചു നാള് ബൈബിളും കക്ഷത്തിൽ വെച്ച് കർത്താവേ കർത്താവേ ന്ന് അലറിക്കൊണ്ട് നടന്നത് കർത്താവിന് പോലും അലസോരമുണ്ടാക്കി എന്നുള്ളതായിരുന്നു സത്യം .  ഇവനെ വെറുതെ ധ്യാനം കൂടിപ്പിച്ചുവെന്നാ കർത്താവിനും തോന്നിയത് . പള്ളിയിൽ പോയി പീലിപ്പോസച്ചനേയും അവറാൻ ചേട്ടൻ ഉപദേശിച്ചു  .

 ഇറങ്ങിപ്പോടാ സാത്താന്റെ സന്തതിയെന്നും പറഞ്ഞ്  പീലിപ്പോസച്ചൻ അലറി. 

തന്നെ  കർത്താവുമായി തെറ്റിക്കാൻ വീണ്ടും വന്നേക്കാസാത്താന്റെ സന്തതി  ഒരു വിധത്തിലാ സ്വർഗ്ഗം തിരികെ വാങ്ങിയത് .അന്നത്തെ കുമ്പസാരത്തിനു ശേഷം അച്ചൻ പിന്നെ അങ്ങനത്തെ സ്വപ്നങ്ങളൊന്നും കണ്ടിരുന്നില്ല.   

 അന്ന്  ധ്യാനത്തിനു പോയതോണ്ടായിരിക്കും  താനിതൊന്നും അറിയാതെ പോയതെന്ന് മമ്മദ് പറഞ്ഞതിൽ കാര്യമുണ്ടെന്ന് അവറാൻ ചേട്ടനും തോന്നി 

എന്താ സംഭവം എന്റെ പാക്കരാ ? കണ്ണു മിഴിച്ചോണ്ടാ അവറാൻ ചേട്ടനത് ചോദിച്ചത് 

കഴിഞ്ഞ പ്രാവശ്യം ലീവിൽ വന്നപ്പോഴല്ലേ രാജപ്പനും, അന്തോണിയും തമ്മിൽ വഴക്കുണ്ടായത് .

ഉവ്വോ ?

ഉണ്ടെന്നേ അങ്ങിനെ ഒരു സംഭവം ഉണ്ടായി 

രാജപ്പേട്ടൻ  പ്രാവശ്യം ലീവിൽ വന്നപ്പോഴാണ് ആ വലിയ സംഭവം നടന്നത് പലചരക്ക് സാധനം വാങ്ങാനായി കവലയിലെത്തിയ രാജപ്പേട്ടൻ പൈസ എടുക്കാൻ മറന്നു പോയിരുന്നു .

താൻ വൈകുന്നേരം കൊണ്ട് വന്ന് തരാമെന്ന് പറഞ്ഞിട്ടും  അന്തോണി ഒരു  പൊടിക്ക്  സമ്മതിച്ചില്ല. 

വൈകുന്നേരം വന്ന് സാധനം വാങ്ങിയാൽ മതിയെന്നും പറഞ്ഞ് അന്തോണി ചീറി. പോരാത്തേന് , പട്ടാളക്കാരനായാലും പ്രധാനമന്ത്രി ആയാലും കാശില്ലെങ്കി  തരത്തില്ലെന്നും പറഞ്ഞ് അന്തോണി ചീത്ത വിളിക്കേം ചെയ്തു.

 പ്രധാനമന്ത്രിയൊക്കെ നമ്മുടെ  അന്തോണിയുടെ കടയിൽ നിന്ന്  സാധനം വാങ്ങോയെന്ന് വാസുവേട്ടന് സംശയം തോന്നിയെങ്കിലും ആരും അടുത്തില്ലാത്തതിനാൽ ആ  സംശയം തീർക്കാൻ പറ്റാതാവുകയും ചിലപ്പോ വാങ്ങാൻ വന്നിരിക്കുമെന്ന് പറഞ്ഞ് സ്വയം ആശ്വാസം കൊള്ളുകയും ചെയ്തു.

രാജപ്പേട്ടനോട് ചോദിക്കാൻ ആശയുണ്ടായിരുന്നുവെങ്കിലും വിറളി പിടിച്ചു നിൽക്കുന്ന പട്ടാളക്കാരനോട്  വെറുതെ ഒരു വെടി ചോദിച്ചു വാങ്ങേണ്ട എന്നുകരുതി കൂടിയാ വാസു സ്വയം പറഞ്ഞ് ആശ്വസിച്ചത് . 

 ഒരു പട്ടാളക്കാരനായ തന്നെ നാട്ടുകാരുടെ മുന്നിൽ വെച്ച്  ചീത്ത പറഞ്ഞതിൽ രാജപ്പേട്ടന് ആകെ നാണക്കേടായി. അതോടെ കോപം  കൊണ്ട് പട്ടാളക്കാരനായ രാജപ്പേട്ടൻ വിറച്ചു   ആകെ വിറച്ചു രാജപ്പേട്ടന്റെ പട്ടാളക്കാരനായ  മീശ വിറച്ചു പട്ടാളക്കാരനായ തോക്ക് വിറച്ചു .

ആ വിറയലോട് കൂടി രാജപ്പേട്ടൻ തിരിച്ചു പോവുകയും  മിലിട്ടറി രണ്ടെണ്ണം  വീശുകയും ചെയ്തു  അതോടെ തനി മിലിട്ടറിക്കാരനായി മാറിയ  രാജപ്പേട്ടൻ അന്തോണിയെ തെറി വിളിക്കുകയും ചെയ്തു .

ഈ സംഭവം മറന്ന് ,  രാജപ്പേട്ടൻ  മിലിട്ടറി പൊട്ടിക്കുന്ന വിവരമറിഞ്ഞ് പാഞ്ഞു വരുകയായിരുന്ന അന്തോണി,  രാജപ്പേട്ടന്റെ കൂറ്റൻ തെറികൾ കേട്ട് കാത് അടിച്ചു പോവുകയും . ടാ ..നായിന്റെ മോനേ ന്നലറിക്കൊണ്ട് രാജപ്പേട്ടന്റെ മുണ്ടിൽ പിടിച്ചു കുലുക്കുകയും  ചെയ്തു .

ആ കുലുക്കലിന്റെ ശക്തി ഒത്തിരി കൂടിപ്പോവുകയും  തന്നെ ആരോ വിളിക്കാണെന്നു കരുതി രാജപ്പേട്ടന്റെ മുണ്ട് രാജപ്പേട്ടന്റെ മേത്തൂന്ന് ഇറങ്ങിപ്പോവുകയും ചെയ്തു .

മുണ്ടിന്റെയും , അന്തോണിയുടെയും ആ  അപ്രതീക്ഷിത ചതിയിൽ നാട്ടുകാർ മാത്രമല്ല അന്തോണിയും ഞെട്ടിപ്പോയിരുന്നു . വീടിന്റെ പുറകിലുള്ള പാടമല്ലേ അതിനാൽ ഒരു ട്രൗസറിന്റെ ആവശ്യമില്ലെന്നായിരുന്നു രാജപ്പേട്ടനും മുണ്ടും കരുതിയത് .

അന്തോണി ഇങ്ങോട്ട് പാഞ്ഞുവന്ന് തന്റെ മുണ്ട് പറിച്ചെടുക്കുമെന്ന് രാജപ്പേട്ടനും മുണ്ടും സ്വപ്നത്തിൽ പോലും കരുതിയിരുന്നതല്ല  .

കൈയ്യിൽ തോക്കുമായി നിൽക്കുന്ന രാജപ്പേട്ടന്റെ ജനിച്ച രൂപം കണ്ട്  വേലുമായി വന്ന വെളിച്ചപ്പാട് വേലായുധൻ ഞെട്ടിക്കൊണ്ട് തിരിച്ചോടി  നാട്ടുകാർ  ഞെട്ടി , സ്ത്രീകൾ ഓടിയൊളിച്ചു കുട്ടികൾ വാവിട്ടു ചിരിച്ചു രാജപ്പേട്ടൻ തോക്ക് കൊണ്ട് നാണം മറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല . തന്നെക്കൊണ്ട് കഴിയുന്നപോലെ താൻ തന്റെ യജമാനന്റെ നാണം മറക്കുമെന്നും പറഞ്ഞ് തോക്ക് നിന്നു .

രാജപ്പേട്ടൻ,  സുപ്രുവിന്റെ മുണ്ട് പറിച്ചെടുക്കാൻ നോക്കിയെങ്കിലും അപകടം മണത്ത സുപ്രു ഓടി രക്ഷപ്പെട്ടു തന്റെ മുണ്ട് പറിച്ചെടുത്താൽ സംഭവിക്കുന്ന ഭീകര ദൃശ്യം ഓർത്ത് സുപ്രു ഞെട്ടി, കവലയിലുള്ള  തന്റെ മുട്ട  കട അതോടെ പൂട്ടേണ്ടി വരും.

നാണം മറക്കാനായി രാജപ്പേട്ടൻ വളർത്തു നായ  റോമുവിനെ വിളിച്ചെങ്കിലും അവനും കണ്ണു മിഴിച്ച് നിൽപ്പായിരുന്നു. എന്തെങ്കിലും തിന്നാൻ കിട്ടുമെന്ന് പ്രതീക്ഷിച്ചു വന്ന മണികണ്ഠൻ പൂച്ച ആശ്ചര്യത്തോടെ രാജപ്പേട്ടനെ നോക്കി കരഞ്ഞു ..ങ്യാവൂ ... . 

അവസാനം രാജപ്പേട്ടൻ തോക്ക് പിന്നിലും ഒരു കൈ മുന്നിലും മറച്ചുകൊണ്ട് ഓടി ആ ഓട്ടത്തിനിടയിൽ അറിയാതെ  കാഞ്ചിയിൽ വിരലമരുകയും വെടി പൊട്ടുകയും ചെയ്തു . ആ വെടി ശബ്ദം കേട്ട് നാട്ടുകാർ ഞെട്ടി മുണ്ടു പറിച്ചെടുത്ത അന്തോണി ജീവനും കൊണ്ട് പാഞ്ഞു .

അടുത്ത നിമിഷം ഒരു മുഴുനീള കരച്ചിൽ നാട്ടുകാർ മൊത്തം കേട്ടു 

രാജപ്പേട്ടൻ ആരെയോ വെടി വെച്ചിരിക്കുന്നു  ആരാണാ ഹതഭാഗ്യൻ ? 

അന്തോണിയാണോ ?

എന്നാലാ  ഹതഭാഗ്യൻ രാജപ്പേട്ടൻ തന്നെയായിരുന്നു നാണം മറക്കാനായി പിന്നിൽ പിടിച്ചിരുന്ന തോക്ക് അറിയാതെ പൊട്ടുകയും രാജപ്പേട്ടന്റെ  കുണ്ടിയുടെ ഒരു ഭാഗം തെറിച്ചു പോവുകയും ചെയ്തു . താനിത്  മനപ്പൂർവ്വം ചെയ്തതല്ലായെന്നും പറഞ്ഞ് തോക്ക് തലതാഴ്ത്തി  നിന്നു  

തോക്ക് മുന്നിൽ പിടിക്കാൻ തോന്നാതിരുന്നതോർത്ത് രാജപ്പേട്ടനും, ഭാര്യ ശാന്തമ്മേടത്തിയും  നാട്ടുകാരും തോക്കും ആശ്വാസം കൊണ്ടു  . ഒരാഴ്ചയോളം രാജപ്പേട്ടൻ നിന്നാണ് ഉറങ്ങിയത് അതിനിടയിൽ പട്ടാളത്തീന്ന് വിളി വരുകയും രാജപ്പേട്ടൻ തിരിച്ചു പോവുകയും ചെയ്തു .

 അന്ന് കവലയിൽ വെച്ച് ബസ്സ് വരുന്നതിനു മുന്നേ തോക്ക് ആകാശത്തേക്കുയർത്തി രാജപ്പേട്ടൻ അലറി 

അടുത്ത ലീവിന് വരുന്ന അന്ന് അന്തോണിയെ ഞാൻ വെടിവെച്ച് കൊല്ലും അത് കേട്ട് അന്തോണി വിറച്ചു 

ആ ഉഗ്ര പ്രതിജ്ഞ കേട്ട്  വിറകുവെട്ടാൻ പോകുന്ന  മറ്റൊരു അന്തോണി  ഞങ്ങളുടെ ഗ്രാമത്തിലെ പൊറുതി അവസാനിപ്പിച്ച് അന്നുതന്നെ അടുത്ത ഗ്രാമത്തിലുള്ള  ഭാര്യ വീട്ടിലേക്ക് താമസം മാറ്റി  

ആളു മാറി വെടി വെച്ചാ എന്താ ചെയ്യാന്നും ചോദിച്ചാ  അന്തോണി മാറിയത് 

അവൻ ഉണ്ടായിരുന്നെങ്കി തനിക്കുള്ള വെടി മാറിപ്പോകാനൊരു സാധ്യത ഉണ്ടായിരുന്നുവെന്ന് പലചരക്കു കടക്കാരൻ അന്തോണിക്കും തോന്നി 

എന്റെ കർത്താവേ അന്തോണിയെ അവൻ കൊല്ലോ ? വിറച്ചു കൊണ്ടാണ് അവറാൻ ചേട്ടനത്  ചോദിച്ചത് 

ഇതിനിടയിൽ പ്രേക്ഷിതൻ സുകു പാഞ്ഞു വന്നു 

ദേ ..രാജപ്പേട്ടൻ തോക്കുമായി പുറത്തേക്കിറങ്ങിയിരിക്കുന്നു അന്തോണിയെ കൊല്ലാനാവും 

ആരെങ്കിലും രാജപ്പനെ ഒന്ന് തടയൂ .., പാക്കരൻ ചേട്ടൻ കരഞ്ഞുകൊണ്ടാണത് പറഞ്ഞത് . എല്ലാവരും അന്തോണിയുടെ വീട്ടിലേക്ക് പാഞ്ഞു അവിടെ ആരും ഉണ്ടായിരുന്നില്ല . ഒരു ദുരന്തത്തിനു രക്ത സാക്ഷിയാകാൻ വേണ്ടി അന്തോണിയുടെ നായ രുക്കു മാത്രം അവിടെ വിറച്ചു നിൽപ്പുണ്ടായിരുന്നു . അന്തോണിയെ കിട്ടിയില്ലെങ്കിൽ അവൻ ഈ പാവത്തിനെ കൊല്ലും അത് കേട്ട് രുക്കു ബോധം കെട്ടു വീണു . ആരോ ചെയ്ത പാതകത്തിന് താനിതാ  രക്ത സാക്ഷിയാകാൻ പോകുന്നു 

അന്തോണിയെവിടെ ? അന്തോണിയെവിടെ ?

എല്ലാവരും ഒരേ സ്വരത്തിൽ വീട്ടിലേക്ക് നോക്കി ചോദിച്ചു 

ഉത്തരം പറയാനാകാതെ വീട് നിന്നു 

ഇവിടെ ആരുമില്ലല്ലോ ഇനി അകത്തു ഒളിച്ചിരിപ്പുണ്ടാവോ ? അന്തോണിയുടെ ഭാര്യയെ പോലും കാണാനില്ലല്ലോ ?

അന്തോണിയുടെ ഭാര്യ ഇവിടെ ഇല്ലെന്ന് അന്തോണിയുടെ ഭാര്യ ശാരദേടത്തി ശബ്ദം മാറ്റിപ്പറഞ്ഞു 

നിങ്ങളാരാ 

ആ നിങ്ങളാരാ.... ഉത്തരമില്ലാതെ പാക്കരൻ ചേട്ടനിലേക്ക് തന്നെ തിരിച്ചു വന്നു 

 അതിനിടയിൽ ആരോ പറഞ്ഞു അന്തോണി സൈക്കിളിൽ പാഞ്ഞു പോകുന്നത് ഒരു മിന്നായം പോലെ  കണ്ടെന്ന്.

ആരെങ്കിലും ആ നായയെ തുറന്നു വിടു  പാവം അത് രക്ഷപ്പെട്ടോട്ടെ ഗൾഫ് കാരൻ ഭാസ്ക്കരേട്ടൻ പറഞ്ഞതു കേട്ട് രുക്കു ഭാസ്ക്കരേട്ടനെ നോക്കി വാലാട്ടി 

വേണ്ട ഇതിവിടെയുണ്ടെങ്കിൽ  അന്തോണിക്ക് ഒരു ധൈര്യമാവുന്നാ  മീൻ കാരൻ മമ്മദ് പറഞ്ഞത് 

അല്ലെങ്കിലേ വിറച്ചു മുള്ളി നിൽക്കുന്ന ഈ ചാവാലിക്കോ ധൈര്യം ? അത് പറഞ്ഞ സുകുവിനെ രുക്കു രൂക്ഷമായി നോക്കി അല്ലെങ്കിലും സുകു പറഞ്ഞതിലും കാര്യമുണ്ട് ഇതിനിടയിൽ കുറഞ്ഞത് മൂന്ന് പ്രാവശ്യമെങ്കിലും രുക്കു അപ്പിയിട്ടിരിന്നു ഇതിനു മാത്രം താനൊന്നും തിന്നില്ലല്ലോ എന്നാ അവൻ ചിന്തിച്ചത് . അല്ലെങ്കിലേ മൂന്നു നേരം കഞ്ഞിയാ അന്തോണി കൊടുക്കാറ് അപ്പിയിടാൻ പോയിട്ട് മൂത്രമൊഴിക്കാൻ പോലും അതുണ്ടാവാറില്ല .

തുറന്നുവിട്ട രുക്കു ജീവനും കൊണ്ട് പാഞ്ഞു വഴി നീളെ ഒരു ചാലു പോലെ അപ്പിയിട്ടുകൊണ്ടായിരുന്നു അവൻ പാഞ്ഞത് .ആ ഓട്ടം അവൻ രണ്ടു ഗ്രാമങ്ങൾ വരേയ്ക്കും കടന്നു .

അതിനിടയിൽ തന്റെ യജമാനനും ഇത് പോലെ അപ്പിയിട്ടുകൊണ്ട് പായുന്നത് അവൻ മനസ്സിൽ കണ്ടു .

തോക്കുമായി അന്തോണിയെ കൊല്ലാൻ വരുന്ന രാജപ്പേട്ടനെ കാത്ത് നാട്ടുകാർ അന്തോണിയുടെ വീടിനു മുന്നിൽ വിറച്ചു നിന്നു .

ഇതിനിടയിൽ രാജപ്പേട്ടനെ സമാധാനിപ്പിക്കാൻ കപ്യാര് ഈനാശു ചേട്ടൻ പോയി പീലിപ്പോസച്ചനെ കൂട്ടിക്കൊണ്ട് വന്നു .കപ്യാര് തന്നെ കൊലക്ക് കൊടുക്കാനാണോ കർത്താവേ കൊണ്ട് പോകുന്നത് ?

അച്ചൻ വരില്ലെന്ന് കട്ടായം പറഞ്ഞെങ്കിലും നാട്ടുകാരുടെ നിർബന്ധത്തിനു വാഴങ്ങി പോരുകയായിരുന്നു . ഈ നാട്ടുകാർ തന്നെ കൊല്ലിക്കും വെട്ടാൻ പോകുന്ന പോത്തിനോട് വേദം ഓതാൻ നിന്നിട്ട് കാര്യമുണ്ടോ കർത്താവേ?  ഒരു പോംവഴി കാണിച്ചു തരണമേയെന്ന് അച്ചൻ മനമുരുകി പ്രാർത്ഥിച്ചെങ്കിലും കർത്താവ് ഒരു പോംവഴിയും കൊടുത്തില്ല . ഈ മരണത്തിന്റെ ശല്യം ഇതോടെ തീർന്നു കിട്ടിക്കോട്ടെയെന്ന് കർത്താവും കരുതിക്കാണും .

രാജപ്പേട്ടൻ തോക്കുമായി വരുന്നുവെന്നറിഞ്ഞ് അന്തോണിയുടെ ഭാര്യ പിന്നാമ്പുറത്തൂടെ  മുങ്ങി പാടത്ത് പോയി ഒളിച്ചിരിപ്പുണ്ടായിരുന്നു  .

അങ്ങനെ രാജപ്പേട്ടന്റെ വരവിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീണ്ടു .

നാട്ടുകാർ അക്ഷമരായി എന്താ രാജപ്പൻ വരാത്തെയെന്നും ചോദിച്ച മത്തായിയെ അവറാൻ ചേട്ടൻ രൂക്ഷമായി നോക്കി 

മത്തായിക്ക് ജോലിക്ക് പോകാനുള്ളതാ എന്താ സംഭവമെന്ന് അറിഞ്ഞ് ഒരു തീരുമാനമായിട്ടുവേണമെന്നു കരുതിയാ മത്തായി മുള്ളിന്മേൽ നിൽക്കുന്ന പോലെ നിക്കുന്നത് അവറാൻ ചേട്ടന്റെ നോട്ടം കണ്ടതോടെ മത്തായി നീങ്ങി നിന്നു .

സമയം നീങ്ങിക്കൊണ്ടിരുന്നു തോക്കുമായി പുറത്തേക്കിറങ്ങിയ രാജപ്പേട്ടനെ കാണാനില്ല . രാജപ്പേട്ടൻ എവിടെപ്പോയെന്ന് നോക്കുവാൻ നാട്ടുകാർക്കും പേടി ആകെ കലി തുള്ളിയാണ് പോയിരിക്കുന്നത് കൈയ്യിൽ തോക്കുമുണ്ട്. വേറെ വല്ലതും  ആണെങ്കിൽ കുറച്ചു നീങ്ങി നിന്ന് കാര്യങ്ങൾ പറയാമായിരുന്നു  പക്ഷെ ഇത് തോക്കാണ് പോരാത്തതിന് രാജപ്പേട്ടൻ പട്ടാളക്കാരനും .

പട്ടാളക്കാർക്ക് ആരെ വേണമെങ്കിലും കൊല്ലാമെന്നാ ഗൾഫ്‌കാരൻ ഭാസ്കരേട്ടൻ പറഞ്ഞത് . അത് കേട്ട് തമിഴൻ  മുരുകന് ആശ്ചര്യം  

ആരെ വേണമെങ്കിലും കൊല്ലാമെന്നോ ? മുരുകന്റെ അപ്പുറത്ത് നിൽക്കായിരുന്ന മമ്മദും അതു തന്നെ ചോദിച്ചു 

ആരേയും കൊല്ലാം  

പട്ടാളക്കാർക്ക് ആരേയും വെടി വെച്ച് കൊല്ലാൻ പറ്റുമോ ? ഇപ്രാവശ്യം  സുധാകരേട്ടനാണത്  ചോദിച്ചത് 

അത് കേട്ടതോടെ  ഭാസ്ക്കരേട്ടൻ നീങ്ങി നിന്നു, ഇല്ലെങ്കിൽ ഈ വിവരം കെട്ട നാട്ടുകാരോട് ഓരോരുത്തരോടായി താനിതു  പറയാൻ നിക്കണം  

പട്ടാളക്കാർക്ക് മാത്രമല്ല  പിന്നെ ഒരാൾക്ക് കൂടി കൊല്ലാം 

അതാരാണ്   ഭാസ്ക്കരേട്ടാ ? 

ആകാംഷ അടക്കാനാവാതെ തമിഴൻ മുരുകനാണ്  ചോദിച്ചത് 

ജെയിംസ് ബോണ്ടിന്    

അതാരാ ഭാസ്കരേട്ടാ 

എന്റെ സുഹൃത്താ 

വിഡ്ഢികളായ നാട്ടുകാർക്ക് ഇരിക്കട്ടെ ഒരു വെടി എന്നുകരുതി ഭാസ്കരേട്ടൻ ഞെളിഞ്ഞു നിന്നു.

മുരുകനും , നാട്ടുകാരും അത്ഭുതത്തോടെ ഭാസ്കരേട്ടനെ നോക്കി വാ പൊളിച്ചു നിന്നു  

ഇതിനിടെ അന്തോണി സൈക്കിളിൽ അമ്പലക്കുളത്തിനടുത്തൂടെ  പാഞ്ഞു പോകുന്നത്  കണ്ടെന്ന് സൈക്കിളു കടക്കാരൻ നാരായണേട്ടൻ ഓടി വന്നു  പറഞ്ഞു  

പാവം ജീവനും കൊണ്ട് ഓടായിരിക്കും 

ഇവനെന്തിനാ ഇങ്ങനെ പരക്കം പായുന്നത് എവിടെയെങ്കിലും ഒളിച്ചിരുന്നാ പോരേ ഈ പാച്ചിലിൽ അവന്റെ മുന്നിലാവും ചെന്ന് പെടാ 

സത്യത്തിൽ അന്തോണിക്ക് എങ്ങോട്ടാ പോകേണ്ടതെന്ന് ഒരെത്തും പിടിയുമില്ലായിരുന്നു താനന്നാ  മുണ്ട് പറിച്ചു കളയേണ്ടിയിരുന്നില്ലെന്ന് അന്തോണിക്ക് തോന്നി പക്ഷെ പറിച്ചു കളയാൻ വേണ്ടി വലിച്ചതല്ലല്ലോ ഏതാണ്ട് താൻ വിളിക്കാൻ കാത്തു നിന്നതുപോലെയാ മുണ്ട് അഴിഞ്ഞു പോന്നത്  

തനിക്കറിയോ ഇയാള്  വെറും മുണ്ട് മാത്രമാ ഉടുത്തു നിക്കുന്നതെന്ന്  ? ഒരു പട്ടാളക്കാരനല്ലേ ? പടച്ചട്ടയൊന്നും ഇടാതെ നിൽക്കുമെന്ന് കരുതിയില്ല  വേണ്ടിയിരുന്നില്ല പോയ ബുദ്ധി ആന പിടിച്ചാലും കിട്ടുമോ ?  ഇനിയിപ്പോ  പറഞ്ഞിട്ടെന്താ കാര്യം 

പോലീസ് സ്റ്റേഷനിൽ പോയി സംരക്ഷണം തേടാമെന്നും കരുതിയാണ് അന്തോണി  പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞത് പക്ഷെ പാതി വഴി എത്തിയപ്പോഴാ ആ കാര്യം ഓർമ്മ വന്നത് അവിടെ  ഇടിയനുണ്ട് , ഇടിയൻ ചിലപ്പോ തനിക്കിട്ടാവും  താങ്ങാ .

 പിന്നെ  ഓർമ്മ വന്നത് ഭാര്യയുടെ ആങ്ങള റൗഡി കൊച്ചു പൈലിയെയാണ് സംഗതി അറിഞ്ഞതോടെ താൻ നന്നായി അളിയായെന്നും  പറഞ്ഞ് കൊച്ചു പൈലി കളം മാറ്റിചവിട്ടി

എപ്പോ 

ഒരു മിനിറ്റായിട്ടേയുള്ളൂ  എന്നും പറഞ്ഞ് കൊച്ചു പൈലി വേഗം അകത്തേക്കോടി  

തോക്കുള്ളവനു മുന്നിലേക്കാ ഈ മാക്രി തന്നെ പറഞ്ഞു വിടാൻ നോക്കുന്നത്  റൗഡിത്തരം കാണിക്കാൻ.  അതും അളിയനെ തട്ടുമെന്ന് പറഞ്ഞു നടക്കുന്ന പട്ടാളക്കാരനും ചിലപ്പോ തന്നേക്കൂടി തട്ടും ഒരു വെടിക്ക് രണ്ടു അളിയന്മാർ 

അതോടെ അടുത്ത ഒരാഴ്ച താൻ റൗഡിയല്ലെന്നും പ്രഖ്യാപിച്ചു കൊണ്ട് കൊച്ചു പൈലി നല്ലവനായി മാറി അളിയനെ വേണമെങ്കിൽ വെടി വെച്ച് കൊന്നോട്ടെ താനൊരു നൂറു രൂപാ ചോദിച്ചപ്പോ പോയി പണിയെടുക്കെന്നും  പറഞ്ഞ് ഇറക്കി വിട്ടവനാ പെങ്ങളെ കെട്ടിയവനായിപ്പോയി അല്ലെങ്കി അന്ന് വിവരമറിഞ്ഞേനെ ഏതായാലും പട്ടാളക്കാരൻ തനിക്കുപകരം അത് ചെയ്തോളും 

ഗതികെട്ട്  അവസാനം വീട്ടിലേക്ക് പാഞ്ഞു വരുമ്പോഴാണ് അന്തോണി നാട്ടുകാരെ കാണുന്നത് എന്നെ രക്ഷിക്കണേയെന്ന് അലറിക്കൊണ്ട് അന്തോണി കരഞ്ഞു അതൊരു വല്ലാത്ത കരച്ചിലായിരുന്നു അത് കണ്ട് സുധാകരേട്ടന്റെ മോൻ സുബ്രമണ്യൻ ചിരിച്ചു അതോടെ ശാരദേടത്തി വാ പൊത്തി 

നീയിങ്ങനെ പേടിക്കാതെ അന്തോണി ഞങ്ങളൊക്കെയില്ലേ അവറാൻ ചേട്ടനാ അത് പറഞ്ഞത് 

അത് കേട്ടതോടെ  അന്തോണിക്ക് ധൈര്യമായി അവറാൻ ചേട്ടൻ പഴേ കളരിയാ അവനിങ്ങു വരട്ടെ  ഒരു നിസ്സാര കാര്യത്തിന് വെറുതേ  ഒരാളെ കൊല്ലേ ഇതെന്താ വെള്ളരിക്കാപട്ടണാ ?

അവറാൻ ചേട്ടനത്  പറഞ്ഞതോടെ പാക്കരൻ ചേട്ടനും  ധൈര്യമായി ഇതിനിടയിൽ കാര്യമറിയാതെ അങ്ങോട്ട് വന്ന കരാട്ടെ വാസുവിനെ എല്ലാവരും ചേർന്ന് മുന്നിൽ നിറുത്തി.  നാട്ടുകാർ തന്നെ  ബഹുമാനിക്കുന്ന കണ്ടതോടെ വാസു ഉള്ളിൽ കരഞ്ഞു 

എന്താ സംഭവം 

ആ രാജപ്പൻ തോക്കുമായി ഇങ്ങോട്ട്  വരുന്നെണ്ടെന്ന് നമ്മുടെ അന്തോണിയെ കൊല്ലാൻ വാസു ഇവിടെ ഉണ്ടെങ്കിൽ എല്ലാവർക്കും ഒരു ധൈര്യാവും  അത് കേട്ട് വാസു ഞെട്ടി പരട്ട നാട്ടുകാര് തന്നെ കൊലക്ക് കൊടുക്കാനാണോ മുന്നിൽ നിറുത്തിയിരിക്കുന്നത്. താൻ  കരാട്ടെ ആണെന്നൊന്നും  വെടിയുണ്ടക്ക് അറിയില്ലല്ലോ അതോടെ ഇന്നൊരു ടെസ്റ്റ് ഉണ്ടെന്നും പറഞ്ഞ് വാസു മുങ്ങി  

ഇതിനിടയിൽ ആരോ വിളിച്ചു പറഞ്ഞു 

ദേ .. രാജപ്പേട്ടൻ വരുന്നു അത് കേട്ട് നാട്ടുകാർ ഞെട്ടി അന്തോണി ആശ്രയത്തിനായി അവറാൻ ചേട്ടനെ നോക്കി അവറാൻ ചേട്ടന്റെ മുണ്ട് മാത്രം ഒരു മിന്നായം പോലെ മാറുന്നത് കണ്ടു . പാക്കരൻ  ചേട്ടൻ  തനിക്ക് ഇല്ലാത്ത പശുവിനെ  കറക്കാനുണ്ടെന്നും പറഞ്ഞ് ഓടി  .

നാട്ടുകാർ ചിതറി  അതാ കൈയ്യിൽ തോക്കുമായി രാജപ്പേട്ടൻ വരുന്നു. അടുത്ത നിമിഷം  അതിൽ നിന്നുമൊരു ഉണ്ട ചീറി  പായും അതോടെ പാവം അന്തോണിയുടെ കാര്യത്തിലൊരു  തീരുമാനമാവും .

പട്ടാളക്കാർക്ക് ആരേയും കൊല്ലാം അതുകൊണ്ട്  രാജപ്പേട്ടന് ഒന്നും സംഭവിക്കില്ല ചിലപ്പോ  അതിർത്തിയിലേക്ക് നുഴഞ്ഞു കയറിയ ചാരനെ വെടിവെച്ചു  എന്നാവും പറയാ.  

 കോഴിക്കൂടിനുള്ളിലേക്ക് പോലും നുഴഞ്ഞു കയറാത്ത തന്നെ അങ്ങനെ ഒരു നുഴഞ്ഞു കയറ്റക്കാരനാക്കി  കൊല്ലും അതോടെ  അന്തോണിയുടെ ആധി  കൂടി 

രക്ഷ തേടി വീട്ടിലേക്ക് വന്നത് മണ്ടത്തരമായിപ്പോയെന്ന് അന്തോണിക്ക് തോന്നി വേറെ എവിടേക്കെങ്കിലും പോയാ മതിയായിരുന്നു ജീവനെങ്കിലും കിട്ടിയേനേ പോയാ കാലിൽ വീണു കരഞ്ഞാലോ ? വേണ്ട അത് ചിലപ്പോ സൗകര്യമാവും അല്ലെങ്കിൽ തന്റെ  മുണ്ടൂരിക്കാണിച്ചു കൊടുത്താലോ പകരത്തിനു പകരം ചെയ്തെന്നു തോന്നിയാ ചിലപ്പോ വെറുതേ വിട്ടാലോ ?

രാജപ്പേട്ടൻ അടുത്തെത്തിയതും അന്തോണി മുണ്ടൂരിക്കാണിച്ചു അതുകണ്ട്  നാട്ടുകാർ ഞെട്ടി കുട്ടികൾ കണ്ണു പൊത്തി സ്ത്രീകൾ ആകാംഷയോടെ നോക്കി രാജപ്പേട്ടൻ വിറച്ചു ഇവനെന്ത് തോന്നിവാസമാണ് ഈ കാണിക്കുന്നത് ? 

ഒരു പട്ടാളക്കാരന്റെ നേർക്ക് നോക്കി മുണ്ടൂരിക്കാണിക്കേ ? 

കീഴടങ്ങിയെന്നു കാണിക്കാൻ പട്ടാളക്കാർ തുണി വീശിക്കാണിക്കാറുണ്ട്  പക്ഷെ  ഇവനെന്തിനാണ് തന്റെ മുന്നിൽ മുണ്ടൂരിക്കാണിക്കുന്നത്  ?

പാവം അന്തോണി വാ കീറി കരഞ്ഞുകൊണ്ട് രാജപ്പേട്ടന്റെ കാലിൽ വീണു

 എന്നെ കൊല്ലരുത് വേണമെങ്കിൽ പ്രതികാരം ചെയ്തോ 

അപ്രതീക്ഷിതമായ ആ പ്രവർത്തിയിൽ രാജപ്പേട്ടൻ പകച്ചു 

ഇവനെന്താണ് ഈ കാണിക്കുന്നത് എന്ത് പ്രതികാരം ഏത് പ്രതികാരം 

ആയ് എന്തൂട്ടാ അന്തോണ്യേ ഈ കാണിക്കണേ ? ഇവിടെ എന്താ പ്രശ്‌നം ?

അത് കേട്ട് നാട്ടുകാർ കണ്ണുമിഴിച്ചു അന്തോണി കണ്ണുമിഴിച്ചു 

മിഴിച്ച കണ്ണുകൾ കൊണ്ട് അന്തോണി രാജപ്പേട്ടന്റെ കാലിൽ കിടന്ന് മുകളിലോട്ട് നോക്കി അത് കണ്ട് അന്തോണി ഞെട്ടി രാജപ്പേട്ടനായിരുന്നില്ല അത് ഇയാളിത് എന്ത് ഭാവിച്ചാണെന്നാണ് അന്തോണി ഓർത്തത് 

ദേ .. പഴയതിന്റെ തനിയാവർത്തനം 

അന്തോണി മുകളിലോട്ട് നോക്കി ഞെട്ടിത്തരിച്ചു നിൽക്കുന്നത് കണ്ട രാജപ്പേട്ടൻ പിന്നോക്കം ചാടി . 

ഇവനെന്ത് വൃത്തികേടാണ് ഈ കാണിക്കുന്നത് ? മനുഷ്യന്റെ കാലിൽ വീണ് മുകളിലോട്ട് നോക്കേ ? രാജപ്പേട്ടന് നാണമായി 

രാജപ്പേട്ടൻ പറയുന്നതിന്റെ കാരണമറിയാതെ നാട്ടുകാർ പകച്ചു അന്തോണി പകച്ചു 

 ഇയാളപ്പോ  തന്നെ വെടി വെച്ചു കൊല്ലാൻ വന്നതല്ലേ ? 

 ഇവിടെ എന്താ പ്രശ്‌നം ? നാട്ടുകാർ മുഴുവൻ കൂടിയിട്ടുണ്ടല്ലോ ? 

ഇയാളെന്താ ഈ പറയുന്നത് ? ഇനി തന്നെ എഴുന്നേൽപ്പിക്കാൻ വേണ്ടി പറയുന്നതാണോ  ? വെടി വെച്ച് കൊല്ലാൻ എളുപ്പത്തിന് നിറുത്തുന്നതാവും , കുനിഞ്ഞ് വെടി വെക്കേണ്ടല്ലോ ?

പരാജിതരെ പട്ടാളക്കാർ വെടി വെച്ച് കൊല്ലാറില്ലെന്ന്  എവിടേയോ വായിച്ചതോ ആരോ പറഞ്ഞതോ അന്തോണിക്ക് അപ്പൊ ഓർമ്മ വന്നു കൈകൾ മുകളിലേക്ക് പൊക്കിപ്പിടിച്ചാ മതിയെന്നും അന്തോണിക്ക് ഓർമ്മ വന്നു അതോടെ അന്തോണി കൈകൾ  രണ്ടും പൊക്കിപ്പിടിച്ചു .

എന്നാ പറ്റിയെടാ നിന്റെ കൈക്ക് ഉളുക്കിയോ ? സത്യത്തിൽ രാജപ്പേട്ടന് ഇവിടെ നടക്കുന്ന പൂരമൊന്നും അറിയില്ലായിരുന്നു .

അന്തോണിയുടെ വീട്ടിലേക്ക് നാട്ടുകാർ ഓടുന്നുണ്ടെന്നുള്ളത് അറിഞ്ഞാ തോക്കുമായി പാഞ്ഞു വന്നത്  . പഴയ കാര്യങ്ങളൊക്കെ നാട്ടുകാരും അന്തോണിയും മറന്നില്ലെങ്കിലും രാജപ്പേട്ടൻ മറന്നിരുന്നു അതോടെ രാജപ്പേട്ടനെ നോക്കി അന്തോണി കരഞ്ഞു എത്ര നാളായെടാ കണ്ടിട്ടെന്നും പറഞ്ഞ് വീണ്ടും വീണ്ടും കരഞ്ഞു .

ഉളുക്ക് മാറിയെന്നും പറഞ്ഞ് ചാടിക്കൊണ്ട് കൈകൾ മുകളിലേക്കും താഴേക്കും ഉയർത്തിയും, താഴ്ത്തിയും ചെയ്തുകൊണ്ട് കസർത്ത്  കാണിച്ചു.

നാട്ടുകാർ സമാധാനത്തോടെ തിരിച്ചു പോയി രുക്കു തിരിയെ വന്നു രുഗ്മണി ചേച്ചി പാടം വിട്ട് വീട്ടിലേക്ക് പോന്നു 

ഒരു വെടി വെപ്പ് കാണുമെന്ന് പ്രതീക്ഷിച്ച മുരുകൻ നിരാശനായി .

വെറുതേ നേരം കളഞ്ഞു , മത്തായി പിറുപിറുത്തു 

ആയിടക്ക് കല്യാണം കൂടാൻ അടുത്ത ഗ്രാമത്തിലേക്ക് പോയ അവറാൻ ചേട്ടൻ ആരുമായോ കശപിശ ഉണ്ടാക്കുകയും അതൊടുക്കം അടിയിലെത്തുകയും ചെയ്തു . 

അവരെ  തല്ലാൻ കൂടെ വരാൻ വേണ്ടി  ഷാപ്പിൽ വന്നിരുന്ന് കുറേ നേരം മോങ്ങിയെങ്കിലും ആരും ഒന്നും പറഞ്ഞില്ല കാരണം അവറാൻ ചേട്ടന്റെ സ്വാഭാവം എല്ലാവർക്കും  അറിയാവുന്നതാ.  

അവറാനായിരിക്കും, പ്രശ്‌നമുണ്ടാക്കിയതെന്നാ പാക്കരൻ ചേട്ടൻ പറഞ്ഞത് .

അത് സത്യവുമായിരുന്നു . 

ഏകദേശം  രണ്ടു ദിവസം കഴിഞ്ഞാ, നാട്ടുകാർ  അതിന്റെ സത്യാവസ്ഥ  അറിഞ്ഞത്  .

അവറാൻ ചേട്ടൻ വിളിച്ച കല്യാണത്തിനല്ല പോയത് സദ്യക്ക് എന്താ പച്ചക്കറിയെന്നും തനിക്ക് ഇറച്ചിയും മീനും വേണമെന്നും പറഞ്ഞ് അവിടെ  വഴക്കുണ്ടാക്കുകയും സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്തു .

ഹിന്ദുക്കളുടെ കല്യാണത്തിന് എവിടെയാ ഇറച്ചി വിളമ്പാ മരങ്ങോടാന്ന് ചോദിച്ച് അവര് അവറാൻ ചേട്ടനെ നിലം തൊടാതെ പൂശി . വല്ല മുള്ളിയാ തെറിച്ച ബന്ധുവാണോന്ന് അറിയാൻ ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടിലെ  കാർന്നോന്മാർ പ്രശ്‌നം വെച്ച് നോക്കിയിട്ട് പോലും അവറാൻ ചേട്ടനുള്ള ബന്ധം കണ്ടുപിടിക്കാൻ സാധിക്കാതെ വരുകയും ഇവൻ മനഃപൂർവം കല്യാണം കല്യാണം കലക്കാൻ വന്നതാണെന്ന നിഗമനത്തിലേക്ക്  എത്തിച്ചേരുകയും അവറാൻ ചേട്ടനെ പൊതിരെ തല്ലുകയുമായിരുന്നു .

കള്ളുഷാപ്പിൽ വെച്ച് വാ കീറി കരഞ്ഞിട്ടും ആരും വരാതായപ്പോ അവരെ ഞാൻ ഒറ്റക്ക് പോയി കൊല്ലുമെന്നും  അലറിക്കൊണ്ട് വാക്കത്തി ഊരി പാഞ്ഞു പോയ അവറാൻ ചേട്ടൻ വീട്ടിൽ പോയി കിടന്നുറങ്ങി . 

നിങ്ങളവരെ കൊല്ലാൻ പോയില്ലേ മനുഷ്യാ  ? 

ഒറോത ചേടത്തിയുടെ ചോദ്യത്തിന് അവറാൻ ചേട്ടൻ ചീറി, എന്നിട്ട് വേണോടി അവരെന്നെ  തല്ലിക്കൊല്ലാൻ? 

അല്ല, നമ്മുടെ അന്നമ്മ പറഞ്ഞേ , നിങ്ങള് ഷാപ്പിൽ വെച്ച് പ്രതിജ്ഞയെടുത്തെന്ന്, അവരെ കൊന്നിട്ടേ ഇനി കള്ളു കുടിക്കത്തുള്ളൂവെന്ന്. 

അത് കേട്ട് അവറാൻ ചേട്ടൻ വെറുതെ ചിരിച്ചു ഇത് പോലത്തെ  എത്രയെത്രെ  പ്രതിജ്ഞകൾ താനെടുത്തിരിക്കുന്നു  .

ആയിടക്ക് അന്നമ്മ ചേടത്തി വെച്ച ബിരിയാണി തിന്ന് പാക്കരൻ ചേട്ടനും വളർത്തു നായ  റോമുവിനും, മണികണ്ഠൻ പൂച്ചക്കും  വയറിളക്കം പിടിപെട്ടു . ഏറെ നാളത്തെ പാക്കരൻ ചേട്ടന്റെ ആഗ്രഹമായിരുന്നു ബിരിയാണി ഉണ്ടാക്കണമെന്ന് അതിനായി വീട്ടിൽ വളർത്തിയ ചിഞ്ചു പൂവനെയാ തട്ടിയത്  .

ബ്ബ ..ബ്ബാ ...ന്ന് വിളിച്ചപ്പോ ചതി മനസ്സിലാക്കാതെ തീറ്റ കൊടുക്കാനായിരിക്കും വിളിക്കുന്നതെന്ന് കരുതി  പാഞ്ഞു വന്ന ചിഞ്ചു  പൂവൻ അങ്ങനെ ബിരിയാണി  കലത്തിലായി 

താൻ വല്യ ബിരിയാണി വെപ്പുകാരിയാണെന്നും പറഞ്ഞാ അന്നമ്മ ചേടത്തി തുടങ്ങിയത് കോഴിയെ നുറുക്കി വന്നപ്പോഴേക്കും ബിരിയാണി എങ്ങിനെയാ ഉണ്ടാക്കാന്ന് അന്നമ്മ ചേടത്തി മറന്നു പോയിരുന്നു .

ബിരിയാണി ഉണ്ടാക്കുന്നതിന്റെ മണം പുറത്തേക്ക് വരാതിരിക്കാൻ അന്നമ്മ ചേടത്തി ജനലും വാതിലും അടച്ചിട്ടാ തുടങ്ങിയത് അടുത്ത വീട്ടിലെ സുധാകരേട്ടന്റെ മോൻ സുബ്രമണ്യൻ ഇപ്പുറത്ത് എന്തൂട്ടാ ഉണ്ടാക്കാണെന്ന് മണം പിടിച്ചു നിൽക്കാണെന്ന് ചേടത്തിക്കറിയാം  ആ ചെക്കൻ വന്നാ  പിന്നെ അതിനു കൊടുക്കാനേ തികയത്തുള്ളൂ ചെക്കന്റെ വാലും പിടിച്ച് ചിലപ്പോ സുധാകരേട്ടനും ഭാര്യ ശാരദേടത്തിയും വരും ഇതൊഴിവാക്കാനായിരുന്നു ചേടത്തി ആ അതി ബുദ്ധി കാണിച്ചത് എന്നിട്ടും ഇടക്കിടക്ക് വാതിൽ പഴുതിലൂടെ പുറത്തോട്ട് നോക്കുന്നുമുണ്ടായിരുന്നു .

അന്നമ്മ ചേടത്തി വാതിലും ജനലും ആകെ  അടച്ചതു കണ്ട് എന്തോ പന്തികേട് സുബ്രഹ്മണ്യന് തോന്നിയെങ്കിലും ബിരിയാണി വരേയ്ക്കും അവൻ കടന്നു ചിന്തിച്ചില്ല എന്നുള്ളതായിരുന്നു സത്യം അല്ലെങ്കി അവൻ വാതില് ചവിട്ടിപ്പൊളിച്ച്  അകത്തു കേറിയേനേ 

ഒരു വിധത്തിൽ  തട്ടിക്കൂട്ട് നടത്തിയാ അവസാനം ചേടത്തി ബിരിയാണി ഒപ്പിച്ചെടുത്തത് അത് കണ്ട ബിരിയാണി പോലും ചോദിച്ചു പോവും  ഇത് ഞാൻ തന്നെയാണോന്ന്. എന്നെ ചതിയിലൂടെ കൊന്ന നിങ്ങൾക്ക് ഇങ്ങനെ തന്നെ വേണമെന്നും പറഞ്ഞ് ചിഞ്ചു  പൂവൻ കിടന്നു .

ബിരിയാണി നന്നായി തിന്നാൻ  വേണ്ടി ഒരു  കുപ്പി ബ്രാണ്ടി കൂടി പാക്കരൻ ചേട്ടൻ വാങ്ങി വെച്ചിരുന്നു റോമു തലേ ദിവസം തൊട്ട് ബിരിയാണി സ്വപ്നം കണ്ടാ കിടന്നുറങ്ങിയത് സുധാകരേട്ടന്റെ വീട്ടീന്ന് മീൻ പൊരിക്കണ മണം കിട്ടിയ മണികണ്ഠൻ പൂച്ച മീൻ തിന്നണോ അതോ  ബിരിയാണി തിന്നണോ എന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാച്ചിലായിരിന്നു .

മീനിന്റെ മണം വരുമ്പോ അവൻ  അലറിക്കരഞ്ഞു കൊണ്ട്  അങ്ങോട്ടോടും  പാക്കരൻ ചേട്ടന്റെ വീട്ടീന്ന് ബിരിയാണിയുടെ മണം കിട്ടുമ്പോ കരഞ്ഞു കൊണ്ട് ഇങ്ങോട്ടോടും അവസാനം മീനും ബിരിയാണിയും തീരുന്നത് വരെ പാവം അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു . രണ്ടു സ്ഥലത്തും രണ്ടും തീരുന്നത് വരെ മണികണ്ഠന് ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല.

അവസാനം പാക്കരൻ ചേട്ടന്റെ മുന്നിൽ വാ കീറി കരഞ്ഞ മണികണ്ഠന്, രാത്രീ കഴിക്കാൻ എടുത്തു വെച്ചതിൽ നിന്നും കുറച്ചെടുത്താ കൊടുത്തത്.   ആർത്തി പിടിച്ചാ അവനതു  തിന്നു തീർത്തത് .

ഏതാണ്ട് ഉച്ച തിരിഞ്ഞപ്പോഴേക്കും  പാക്കരൻ ചേട്ടന് വയറിനുള്ളിൽ നിന്നും പടക്കങ്ങൾ പൊട്ടുന്നത് പോലെ തോന്നുകയും,  വൈകുന്നേരത്തോടെ അത്  ബോംബുകളാവുകയും അവസാനം അതൊരു പ്രളയ മായി മാറുകയും ചെയ്തു. 

ഒരു മിനിട്ടു പോലും ബാത്തുറൂമിനുള്ളിൽ നിന്നും മാറി നിൽക്കാൻ പറ്റാത്തതുകൊണ്ട് പാക്കരൻ ചേട്ടൻ അവിടെത്തന്നെയിരുന്നു .

ഈ മൂധേവി ബിരിയാണി തന്ന് തന്നെ കൊല്ലാൻ നോക്കിയതാണോയെന്നായിരുന്നു പാക്കരൻ ചേട്ടന് സംശയം  തോന്നിയത്. റോമുവിന്റെ അവസ്ഥയും ഏതാണ്ട് സമാനമായിരുന്നു ആദ്യത്തെ രണ്ടു മൂന്നു പ്രാവശ്യം അവൻ കൂട്ടിൽ നിന്നിറങ്ങിയോടി കാര്യം സാധിച്ചുവെങ്കിലും പിന്നെ അത് നോൺസ്റ്റോപ്പായതോടെ അവൻ കൂട്ടിൽ തന്നെ  വീണു റോമുവിന്റെ അവസ്ഥ കണ്ട് മണികണ്ഠൻ ഞെട്ടി . ഇവനെവിടുന്നാണ് ഇത്രമാത്രം അപ്പിയെന്നാണവൻ ചിന്തിച്ചത്.

എന്തോ മണികണ്ഠനും അന്നമ്മ ചേടത്തിക്കും മാത്രം ഒന്നും സംഭവിച്ചില്ല  

ശവം എന്തു കിട്ടിയാലും വലിച്ചു വാരിത്തിന്നും അവസാനം റോമു കൂട്ടിലും പാക്കരൻ ചേട്ടൻ വീട്ടിലും  തളർന്നു വീണു . അപശബ്ദങ്ങൾ കേട്ട് ഞെട്ടിക്കൊണ്ടിരുന്ന മണികണ്ഠൻ റോമുവിന്റെ കൂട്ടിനു മുകളിൽ നിന്നും മാറി അപ്പി മാത്രമല്ല ഇവനൊരു ഗ്യാസ് ബോംബും കൂടി കൊണ്ടു  നടക്കുന്നതെന്നാ മണികണ്ഠൻ ചിന്തിച്ചത് ആദ്യമൊക്കെ, മൂട്ടിൽ നിന്ന്  ശബ്ദം വരുമ്പോ ഒന്ന് മുരളിക്കൊണ്ട് അത് താൻ കുരക്കുന്നതാണെന്ന് വരുത്തിത്തീർക്കാൻ റോമു ശ്രമിച്ചിരുന്നുവെങ്കിലും പിന്നെ പിന്നെ അവൻ ആകെ തളർന്നു അവൻ പോലും അറിയാതെയായിരുന്നു ആ പ്രിക്രിയകൾ നടന്നു കൊണ്ടിരുന്നത് .

സുബ്രഹ്മണ്യന്റെ കൊതി പറ്റിയതാണെന്നാ അന്നമ്മ ചേടത്തി പറഞ്ഞത് എന്റെ അപ്പൻ എന്റെ ബിരിയാണി പത്ത് പറ തിന്നുമെന്നാ അന്നമ്മ ചേടത്തി അവകാശ വാദം ഉന്നയിച്ചത് .

അത് കേട്ട പാക്കരൻ ചേട്ടന്റെ വായിൽ ഒരു തെറി ഉരുണ്ടു കൂടി വന്നെങ്കിലും കടിപ്പിച്ചു പറയാനായി വാ തുറന്നാ അതോടെ മറ്റു പലതും തുറക്കുമെന്നുള്ള പേടിയിൽ മിണ്ടാതിരുന്നു .

അങ്ങേര് വെറുതെയല്ല  നേരത്തെ പോയതെന്ന് മനസ്സിൽ പറഞ്ഞ് ആശ്വാസം കൊണ്ടു 

അന്നത്തോടെ  പാക്കരൻ ചേട്ടനും റോമുവിനും ബിരിയാണിയൊരു  പേടിസ്വപ്നമായി മാറുകയും ചെയ്തു  .

പാക്കരൻ ചേട്ടന്റെ അവസ്ഥയറിഞ്ഞ്  സുധാകരേട്ടൻ ഞെട്ടി, പാക്കരൻ ചേട്ടൻ മനസ്സില്ലാ മനസ്സോടെ  ബിരിയാണി തിന്നാൻ  വിളിച്ചതായിരുന്നു .

അതിനു കാരണം ചെക്കൻ സുബ്രമണ്യനായിരുന്നു. ബിരിയാണി മണം , ബിരിയാണി മണന്ന് ചെക്കൻ വാ കീറി കരഞ്ഞത് കേട്ടാ,  ഗതികെട്ട് പാക്കരൻ ചേട്ടൻ വിളിച്ചത് . വീട്ടില് മീൻ വറുത്തതുണ്ടെന്നും പറഞ്ഞാ  സുധാകരേട്ടൻ ചെക്കനെ ഒരു വിധത്തില്  സമാധാനിപ്പിച്ച് നിറുത്തിയത്. അതിന്റെ പേരില് സുധാകരേട്ടന്റെ മീൻ വറുത്തത് കൂടി ചെക്കനു കൊടുക്കേണ്ടി വന്നു 

എന്നാലും  ബിരിയാണി തിന്നാൻ പോകാഞ്ഞത് നന്നായെന്നാ സുധാകരേട്ടൻ പറഞ്ഞത് .

 തനിക്ക് ബിരിയാണി തന്ന് ആ തള്ള കൊന്നേനേ 

 സുധാകരേട്ടൻ പിന്നെ കുറച്ചു നാളത്തേക്ക് പാക്കരൻ ചേട്ടനുമായി സംസാരിക്കാറില്ലായിരുന്നു .

എന്താ സംഭവെന്ന് ചോദിച്ച പാക്കരൻ ചേട്ടനോട് ബിരിയാണി തന്ന് കൊല്ലാനല്ലേ നിങ്ങളെന്നെ വിളിച്ചതെന്നും ചോദിച്ച് സുധാകരേട്ടൻ കരഞ്ഞു .

അത് കേട്ട് പാക്കരൻ ചേട്ടൻ കണ്ണുമിഴിച്ചു .

എന്റെ സുധാകരാ അതെനിക്ക് വയറിന് പിടിക്കാഞ്ഞിട്ടല്ലേ അന്നമ്മക്ക് ഒരു കുഴപ്പവുമുണ്ടായില്ലല്ലോ  ? 

സത്യത്തിൽ എല്ലാവരും അപ്പോഴാണ് ആ കാര്യം ഓർത്തത് തന്നെ . 

അത് ശരിയാണല്ലോ, അന്നമ്മ ചേടത്തിയും  നമ്മോടൊപ്പം ബിരിയാണി തിന്നതല്ലേ അങ്ങിനെയെങ്കിൽ അന്നമ്മ ചേടത്തിക്കും വരേണ്ടതല്ലേ ?

അത് സത്യമാണെന്ന് തോന്നിയതോടെ ആ  ബിരിയാണി തിന്നാമായിരുന്നുവെന്ന് സുധാകരേട്ടന് തോന്നി.  ഇനി ബിരിയാണി ഉണ്ടാക്കുമ്പോ വിളിക്ക് പാക്കരാ എന്നും പറഞ്ഞ്  അടുത്ത ബിരിയാണിക്ക് ഒരു മുൻ‌കൂർ അഡ്വാൻസും എറിഞ്ഞു, അതോടെ സുധാകരേട്ടൻ 

ഇനി നിന്നെ ഞാൻ തേങ്ങാ വിളിക്കുമെന്നാ  പാക്കരൻ ചേട്ടൻ മനസ്സിൽ പറഞ്ഞത്  .

ഇനിയും ബിരിയാണി ഉണ്ടാക്കുന്നുവെന്ന് കേട്ടതോടെ റോമു കൂട്ടിൽ ബോധം കെട്ടു വീണു. ഇനീം താൻ അതുപോലെ അപ്പിയിട്ടാൽ ചത്തുപോകും. ബിരിയാണിയെന്ന വാക്ക്  കേട്ടതോടെ മണികണ്ഠൻ പൂച്ച  എണീറ്റോടി. അതോടെ ,  അവൻ രണ്ടു വീടുകൾ  അപ്പുറത്തുള്ള കുമാരേട്ടന്റെ വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു.  

ബിരിയാണിയുടെ മണമടിച്ച്  ഏതെങ്കിലുമൊരു   ദുർബ്ബല നിമിഷത്തിൽ താൻ പോയി അത് കഴിക്കുമോയെന്നുള്ള ഭയം കൂടി മണികണ്ഠനുണ്ടായിരുന്നു അതുകൊണ്ട് കൂടിയാണ് അവൻ  സുധാകരേട്ടന്റെ വീട് ഒഴിവാക്കി താരതമെന്യേ പരിചയയക്കുറവുള്ള കുമാരേട്ടന്റെ വീട്ടിലേക്ക്  ചേക്കേറിയത്.

പോകുന്ന പോക്കിൽ  അവൻ കണ്ണും മിഴിച്ചിരിക്കുന്ന റോമുവിനെ സഹതാപത്തോടെ നോക്കി ഇവന്റെ  കാര്യം പോക്കാണെന്ന് മനസ്സിൽ പറയേം ചെയ്തു ബിരിയാണി തിന്ന് ചാവാനായിരിക്കും  ഈ പാവത്തിന്റെ വിധി .

മണികണ്ഠന്റെ മനസ്സിലിരിപ്പ് വ്യക്തമായ റോമു താനിനി  ബിരിയാണി  തിന്നില്ലെന്നും പറഞ്ഞ് തന്റെ തീറ്റ  പാത്രം കാലുകൊണ്ട് ചവിട്ടത്തെറിപ്പിച്ചു. എന്നാലും അവൻ  ഉള്ളിൽ  കരഞ്ഞു ബിരിയാണി കൊണ്ട് വന്ന് വെച്ചാ താനത്,താൻ പോലും അറിയാതെ തിന്നും .

ആരുടെ ഭാഗ്യം കൊണ്ടാണാവോ പിന്നെ കുറെ നാളത്തേക്ക് അന്നമ്മ ചേടത്തി ബിരിയാണി ഉണ്ടാക്കിയില്ല . നല്ല ഇറച്ചിക്കറിയുടെ  മണം വരുമ്പോഴൊക്കെ സുധാകരേട്ടൻ വിളിച്ചു ചോദിക്കുന്നതും പതിവാക്കി 

ഇന്ന് ബിരിയാണിയാ പാക്കരാ  ?

അല്ലെൻറെ  സുധാകരാ

ഇത് വല്യ ശല്യമായല്ലോയെന്നാ പാക്കരൻ ചേട്ടൻ മനസ്സിലോർത്തത് 

ഇവർക്ക് ബിരിയാണി ഉണ്ടാക്കിയാലെന്തെന്ന് സുധാകരേട്ടനും

മനസ്സിലോർത്തു  

ഇറച്ചിക്കറിയുടെ മണം അടിക്കുമ്പോഴേക്കും  ചാഞ്ചാടുന്ന തന്റെ ലോല  മനസ്സുമായി മണികണ്ഠൻ പൂച്ച  ജീവനും കൊണ്ടോടിയെങ്കിലും പാതി മണികണ്ഠൻ കൊതി കൊണ്ട് തിരിച്ചു വന്നു . അവസാനം അവനൊരു ഉറച്ച  തീരുമാനമെടുത്തു ഇനി ഇറച്ചി തിന്ന് താൻ ചത്താലും വേണ്ടില്ലായെന്ന് അതോടെ അവൻ വീണ്ടും റോമുവിന്റെ കൂടിനു മുകളിൽ താമസമാക്കി . 

അതിനിടയിൽ ഒരു പ്രാവശ്യം അന്നമ്മ ചേടത്തി വെജിറ്റബിൾ ബിരിയാണി വെക്കുകയും സുധാകരേട്ടനെ വിളിക്കുകയും ചെയ്തു പാഞ്ഞു വന്ന സുധാകരേട്ടൻ സോയ കൊണ്ട് ഉണ്ടാക്കിയ ബിരിയാണി ഒരു കിണ്ണം അടിച്ചു കേറ്റി നല്ല ബീഫ് ബിരിയാണിയെന്നും പറഞ്ഞ്  പാക്കരൻ ചേട്ടന്റെ മുന്നിൽ കണ്ണു നിറഞ്ഞ് നന്ദി അറിയിച്ച് പോവുകേം ചെയ്തു  പാക്കരൻ ചേട്ടനത്  തിരുത്തുവാനും  പോയില്ല പാവം ബീഫ് ആണെന്നും കരുതി മനസ്സ് നിറഞ്ഞ് പോയേക്കണതാ  ഇനി വിഷമിപ്പിക്കണ്ട . 

റോമുവിന്റെ മുന്നിൽ വെച്ച ബിരിയാണി കണ്ട് അവൻ കഴിഞ്ഞതെല്ലാം മറക്കുകയും മുഴുവൻ അകത്താക്കുകയും ചെയ്തു മണം കേട്ട് പാഞ്ഞു വന്ന മണികണ്ഠൻ എത്തുന്നതിനു മുൻപേ എല്ലാം അവസാനിച്ചിരുന്നു അതോടെ അവൻ എല്ലാവരേം നോക്കി ചീറിക്കൊണ്ട് തലങ്ങും വിലങ്ങും ഓടി .

രാവിലെ കുമാരേട്ടന്റെ വീട്ടീന്ന് മീൻകറിയുടെ  മണം കിട്ടിയപ്പോ അങ്ങോട്ട് പാഞ്ഞു പോയതായിരുന്നു അവൻ,  ഇതിനെക്കുറിച്ച് ഒരു സൂചനപോലും മണികണ്ഠന്  കിട്ടിയിരുന്നില്ല .രാവിലെ പാക്കരൻ ചേട്ടൻ  മാർക്കറ്റിലേക്ക് പോകുന്നതും  അവൻ കണ്ടിരുന്നില്ല.

ഏതായാലും  ബിരിയാണിയെക്കുറിച്ചുള്ള  റോമുവിന്റെയും  പാക്കരൻ ചേട്ടന്റെയും പേടി  മാറി എന്നുള്ളതായിരുന്നു സത്യം. അന്നത്തെ ബിരിയാണിയുടെ കുഴപ്പം അന്നമ്മ ചേടത്തി , സുബ്രഹ്മണ്യന്റെ തലയിൽ വെച്ചു കെട്ടുകയും ചെയ്തു .

ആയിടക്കാണ് ഞങ്ങളുടെ ഗ്രാമത്തിൽ  തിരഞ്ഞെടുപ്പ് വന്നത്. വീണ്ടും  മെമ്പർ സ്ഥാനത്തിനായി സുകേശൻ ചരടു വലിക്കാൻ തുടങ്ങി അതുപോലെ തന്നെ പീലിപ്പോസ് മുതലാളിയും . കഴിഞ്ഞ പ്രാവശ്യം സുകേശന് എതിരായി നിന്നത് ഗൾഫ്കാരൻ ഭാസ്കരേട്ടനായിരുന്നു . എട്ടു നിലയിലാ അന്ന് ഭാസ്കരേട്ടൻ പൊട്ടിയത് ഒരു വോട്ട് പോലും കിട്ടിയില്ല തന്റെ വോട്ട് പോലും എങ്ങോട്ടാ പോയതെന്ന് ഭാസ്ക്കരേട്ടന് ഒരെത്തും പിടിയും കിട്ടിയില്ല . പിന്ന്യാ ഓർമ്മ വന്നത് 

എല്ലാ പ്രാവശ്യവും  കുത്തുന്നത് സുകേശനായിരുന്നു ആ ഓർമ്മയിൽ  സുകേശന്റെ ചിഹ്നത്തിനിട്ടാ  കുത്തി പോന്നത്. താൻ സ്ഥാനാർത്ഥിയാണെന്ന കാര്യം ഭാസ്കരേട്ടൻ മറന്നു പോയിരുന്നു 

വീട്ടീ വന്ന് , എവിടെപ്പോയി നിന്റെ വോട്ടെന്നും ചോദിച്ച് ഭാസ്ക്കരേട്ടൻ ശാരദേടത്തിക്കിട്ട് ഒന്ന് പൊട്ടിക്കേം ചെയ്തു .  നിങ്ങളുടെ വോട്ട് എവിടെപ്പോയി മനുഷ്യായെന്നും ചോദിച്ച് ശാരദേടത്തിയും  ചീറി. ആ  ചീറലിനു മുന്നിൽ ഭാസ്‌ക്കരേട്ടൻ പതറി . ഒരു പാമ്പ് ചീറ്റുന്നത് പോലെയാണ് ഭാസ്ക്കരേട്ടനതു കണ്ട്  തോന്നിയത്.

ആ തോൽവിക്ക് ശേഷം അടുത്ത ഇലക്ഷനും കൂടി  ഭാസ്കരേട്ടനെ മത്സരിപ്പിക്കാൻ കുറേപ്പേർ ശ്രമിച്ചെങ്കിലും ശാരദേടത്തി ഉന്തിത്തള്ളി ഗൾഫിലേക്ക് വിട്ടു .

അതിനു ശേഷമുള്ള ഈ  തിരഞ്ഞെടുപ്പിൽ പീലിപ്പോസ് മുതലാളിയാണ് സുകേശനെതിരായി  മത്സരിക്കുന്നത് .

ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പ് ചൂടു പിടിക്കും സുകേശൻ ഒന്ന് വിയർക്കും അമ്മാതിരി കാശല്ലേ പീലിപ്പോസ് മുതലാളി ഒഴുക്കുന്നത് . ചായക്കടയിൽ വെച്ച് മീൻകാരൻ മമ്മദത് പറഞ്ഞതിലും കാര്യമുണ്ടായിരുന്നു 

പീലിപ്പോസ് മുതലാളി ധാരാളം പേർക്ക്  കാശ് കൊടുക്കുകയും, മറ്റു ചിലർക്ക്  ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്തു കൊടുത്തോണ്ടിരുന്നു . കുടിയൻമാർക്കാണെങ്കിൽ  വാറ്റുകാരൻ റപ്പായിയുടെ അടുത്തൂന്ന് ആവശ്യമുള്ളത്ര കുടിച്ചോളാനും ശട്ടം കെട്ടി ഏർപ്പാടാക്കി .

റപ്പായിയുടെ ചാരായം കുടിക്കാത്തവർക്ക് വറീതിന്റെ കള്ളുഷാപ്പിലും ശട്ടം കെട്ടി . 

പീലിപ്പോസ് മുതലാളിയുടെ പേരും പറഞ്ഞ് ഷാപ്പിൽ പോയി കപ്പേം മീനും തിന്നാൻ നോക്കിയ എന്റെ ക്‌ളാസ്സ്‌മേറ്റ്  ശിവനെ വറീത് കണ്ണുരുട്ടി പേടിപ്പിച്ചു  . ആ  കണ്ണുകൾ രണ്ടും താഴേക്ക് വീഴുന്ന പോലെയാ  ശിവനു തോന്നിയത്  അത്രക്കും വലിയ ഉരുട്ടലായിരുന്നൂവത്. എന്നേം കൂട്ട് വിളിച്ചതായിരുന്നു.  എന്തോ  ഭാഗ്യം കൊണ്ടാ ഞാൻ  പോവാതിരുന്നത് കുറേ പ്രാവശ്യം പോവായിരുന്നു.. പോവായിരുന്നെന്ന്  മനസ്സ് ആക്കം കൂട്ടിയതാ നന്നായി പോവാഞ്ഞത് 








കള്ള് ഷാപ്പിന്റെ മുന്നീക്കൂടെ പോയപ്പോൾ വറീത് തല്ലിയെന്നും നുണ പറഞ്ഞ് ശിവൻ അച്ഛൻ സുധാകരേട്ടന്റെ അടുത്ത് പോയി പറഞ്ഞതും സുധാകരേട്ടൻ ഷാപ്പിലേക്ക് പാഞ്ഞതും ഒരുമിച്ചായിരുന്നു .

എന്തിനാടാ എന്റെ ചെക്കനെ തല്ലിയതെന്നും ചോദിച്ച് അലറിയ സുധാകരേട്ടനെ കണ്ട് വറീത് പിന്നാമ്പുറത്തൂടെ പാടത്തേക്ക് ചാടി രക്ഷപ്പെട്ടു .

എന്റെ വറീതേ നിന്റെ ചെക്കൻ കള്ള് കുടിക്കാൻ വന്നപ്പോ തിരിച്ചയച്ചതാന്ന് വറീത് ആണയിട്ട് പറഞ്ഞിട്ടും സുധാകരേട്ടന് വിശ്വാസം വന്നില്ല അവസാനം പ്രേക്ഷിതൻ സുകു പറഞ്ഞിട്ടാ വിശ്വസിച്ചത് സുകു ആ സമയത്ത് അവിടെ ഉണ്ടായിരുന്നത് കൊണ്ട് വറീത് രക്ഷപ്പെട്ടു ആ കലിയിൽ സുധാകരേട്ടൻ വീട്ടിലേക്ക് പാഞ്ഞു ശിവനെ രണ്ടു പൊട്ടിച്ചു .

വറീതിനെ തല്ലി നിലം പരിശാക്കി സുധാകരേട്ടൻ വരുന്നത്  കാണാൻ മുറ്റത്തു തന്നെ നിൽപ്പുണ്ടായിരുന്നതാ ശിവൻ അത് കാരണം  സുധാകരേട്ടന് എളുപ്പത്തിൽ കാര്യം നടത്താൻ പറ്റി . 

ചിലപ്പോ തനിക്ക് ബിരിയാണി കൊണ്ടുവരുമെന്നും ശിവൻ പ്രതീക്ഷിച്ചിരുന്നു അതുകൊണ്ട് കൂടിയാ അവൻ ഓടാതിരുന്നത് 

അങ്ങനെ ഓരോ ദിവസവും കഴിയുംതോറും ഇലക്ഷൻ ചൂടു പിടിച്ചോണ്ടിരുന്നു പീലിപ്പോസ് മുതലാളിയുടെ പാളയത്തിൽ ആളു കൂടുന്നത് കണ്ട് സുകേശന്റെ ചങ്കിടിപ്പു കൂടി .

എന്റെ സുകേശാ ഇപ്രാവശ്യം പീലിപ്പോസ് മുതലാളി കൊണ്ട് പോവോ എന്ന് പാക്കരൻ ചേട്ടൻ ചോദിച്ചതിന് സുകേശൻ കണ്ണുരുട്ടി .

എന്റെ ചേട്ടാ ഇതൊക്കെ പീലിപ്പോസിന്റെ നമ്പറല്ലേ 

എന്തൂട്ടായാലും ഞാൻ നിനക്കെ കുത്തത്തുള്ളൂവെന്നും പറഞ്ഞ് ആണയിട്ട പാക്കരൻ ചേട്ടനെ പിറ്റേ ദിവസം പീലിപ്പോസ് മുതലാളിയുടെ ജാഥയിൽ കണ്ട് സുകേശൻ ഞെട്ടി 

ആഴ്ചയിൽ ഓരോ കുപ്പി ബ്രാണ്ടിയുടെ പുറത്തായിരുന്നു പാക്കരൻ ചേട്ടന്റെ ആ മറിച്ചിൽ ചായക്കടയിൽ വരുന്നവരോട് തനിക്ക് വോട്ട് ചെയ്യാൻ വേണ്ടി പീലിപ്പോസ് മുതലാളി ശട്ടം കെട്ടി അതോടൊപ്പം ചായ ഫ്രീ കൊടുക്കാനും ഉത്തരവിട്ടു .

ആ പേരിൽ ഇല്ലാത്ത ആളുകളുടെ പേരും ചേർത്ത് പാക്കരൻ ചേട്ടൻ നല്ലൊരു തുക തട്ടിയെടുക്കേം ചെയ്തു .പേരുകൾ കിട്ടാത്ത കാരണം  റോമുവിന്റെയും മണികണ്ഠന്റെയും  പേര് വരെ എഴുതി ചേർത്തിട്ടായിരുന്നു പാക്കരൻ ചേട്ടൻ ആ പണി പറ്റിച്ചത്.

 നാലു പേര് വരുന്നിടത്ത് പാക്കരൻ ചേട്ടൻ കാണിച്ച നാലായിരം പേരുടെ  കണക്ക് കണ്ട് പീലിപ്പോസ് മുതലാളി ഞെട്ടി ഏതാണ്ട് ഇന്ത്യാ മാഹാരാജ്യത്തുള്ള മുഴുവൻ ആൾക്കാരും പാക്കരൻ ചേട്ടന്റെ കടയിലേക്ക് എത്തുന്നുണ്ടോയെന്നുള്ള സംശയവും അതോടൊപ്പം തോന്നി . ഈ ഇലക്ഷൻ കഴിയുമ്പോഴേക്കും തന്റെ മുതലാളി പദം മാറുമോയെന്ന് പോലും പീലിപ്പോസ് മുതലാളിക്ക് സംശയം തോന്നി .

അന്നമ്മ ചേടത്തിയുടെ അഭിപ്രായം മാനിച്ച് പരിപ്പു വടയും കൂടി പാക്കരൻ ചേട്ടൻ എഴുതിച്ചേർത്തു 

എന്റെ പാക്കരാ നമ്മുടെ ഗ്രാമത്തിലെ ജനസംഖ്യാ ആകെ നൂറിൽ താഴെയല്ലേ വരൂവെന്നുള്ള പീലിപ്പോസ് മുതലാളിയുടെ ആക്കിയ ചോദ്യം പാക്കരൻ ചേട്ടൻ കണ്ടില്ലെന്നു നടിച്ചു 

എന്റെ മുതലാളി മുതലാളിക്ക് വിശ്വാസമില്ലെങ്കിൽ വേണ്ടായെന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ തന്റെ സത്യസന്ധത ഊട്ടിയുറപ്പിക്കാൻ പിണങ്ങിയതു പോലെ അഭിനയിച്ചു അതോടെ ഞാൻ തമാശ പറഞ്ഞതാണെന്നും പറഞ്ഞ് പീലിപ്പോസ് മുതലാളി അടവുമാറ്റി 

ഇലക്ഷൻ കഴിയട്ടെ നിന്റ കട ഞാ പൂട്ടിച്ചു തരാമെന്ന് മനസ്സിൽ പറയേം ചെയ്തു 

അന്നു രാത്രി വീട്ടിലേക്ക് പോകുന്ന വഴി മെമ്പറ് സുകേശനെ ആരോ തല്ലി 

പിറ്റേ ദിവസം ആ വാർത്ത കെട്ടാണ് ഗ്രാമം ഉണർന്നത് പാവം ബോധമില്ലാതെ കിടക്കായിരുന്ന സുകേശനെ നാട്ടുകാരാണ് പൊക്കിക്കൊണ്ട് വന്ന് ആശുപത്രിയിലാക്കിയത് 

മൊഴിയെടുക്കാൻ വന്ന ഇടിയനോട് സുകേശൻ ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞു തന്നെ തല്ലിയത് പീലിപ്പോസ് മുതലാളിയുടെ ഗുണ്ടകളാണെന്ന് അത് കേട്ട് ഇടിയനും നാട്ടുകാരും ഞെട്ടി 

പാഞ്ഞു വന്ന ഇടിയൻ പീലിപ്പോസ് മുതലാളിയെ നോക്കി അലറി എവിടെടാ ഗുണ്ടകൾ ?

പാവം പീലിപ്പോസ് മുതലാളി വിറച്ചുകൊണ്ട് അട്ടത്തു നിന്നും അവലോസുണ്ട എടുത്തോണ്ട് വന്ന് ഇടിയനു മുന്നിൽ വിനയാനിത്വാനായി നിന്നു ഉണ്ടക്കു വേണ്ടി ഇങ്ങനെ അലറി മനുഷ്യനെ പേടിപ്പിക്കേണ്ട കാര്യമുണ്ടോ സാറേ ? സാറിന് അത്രക്ക് ഇഷ്ടാമാണെങ്കി ഞാൻ സ്റ്റേഷനിലേക്ക് കൊണ്ട് വന്ന് തന്നേനെയെലൊന്ന് ഉറക്കെ പറയേം ചെയ്തു 

ഗുണ്ടകളെ തേടി വന്ന തന്റെ മുന്നിൽ ഉണ്ടയെടുത്തു വെച്ചത് കണ്ട് ഇടിയൻ അന്ധാളിച്ചു 

ചിലപ്പോ തന്നെ സൽക്കരിക്കാനായിരിക്കും ഇതെന്ന വിചാരത്തോടെ ഒരു ഉണ്ടയെടുത്ത് ഇടിയൻ ബോണ്ടാ മാതിരി കടിച്ചു . ക്ടിം എന്നുള്ള ശബ്ദം കേട്ട് ഇടിയനും പോലീസും പീലിപ്പോസ് മുതലാളിയും ഞെട്ടി ഉണ്ടയിൽ  അപ്പടി ചോര ഇടിയന്റെ ഒരു പല്ല് ഉണ്ടയിൽ ഞാനിവിടെയുണ്ട് എന്നും പറഞ്ഞ് എഴുന്നു നിന്നു 

പല്ലല്ല ബുൾഡോസർ  ഇടിച്ചാൽ പോലും പൊട്ടാൻ തയ്യാറല്ലെന്ന മട്ടിൽ ഉണ്ട നിന്നു. ചോര കണ്ട് ഇടിയൻ ഞെട്ടി, താൻ കടിച്ചത് അവലോസുണ്ടയോ അതോ വെടിയുണ്ടയോ ? 

എടാ നായിന്റെ മോനേന്നലറിക്കൊണ്ട് ആ ഉണ്ട ഒരേറു വെച്ചു കൊടുത്തു 

ജസ്റ്റ് മിസ്സ് .., പീലിപ്പോസ് മുതലാളി നിന്ന  നിൽപ്പിൽ ഒന്ന് ചാടിയതു കൊണ്ട് രക്ഷപ്പെട്ടു ഇല്ലെങ്കി ഇലക്ഷനു വേണ്ടി കാത്തു നിൽക്കാതെ പീലിപ്പോസ് മുതലാളി പോയേനേ. 

ഗുണ്ടയെ തേടി വന്ന തന്നെ ഉണ്ട തന്ന് കൊല്ലാൻ നോക്കിയതോർത്ത് ഇടിയൻ വിറച്ചു, ഇടിയന്റെ മീശ വിറച്ചു, ലാത്തി വിറച്ചു. തന്റെ യജമാനന്റെ പല്ല് കൊഴിച്ച അവനെ ഞാൻ വെടി വെച്ച് കൊല്ലട്ടെയെന്ന് ചോദിച്ച് തോക്ക് വിറച്ചു. 

ഇടിയന്റെ വായിൽ നിന്ന് ചോര വരുന്നത് കണ്ട് പീലിപ്പോസ് മുതലാളിയുടെ ഭാര്യ അന്നമ്മ ചേടത്തി പുറകു വശത്തൂടെ ജീവനും കൊണ്ട് പാഞ്ഞു. 

പീലിപ്പോസ് മുതലാളി വിറച്ചു നിന്നു താൻ കൊടുത്ത ഉണ്ട തിന്ന് ഇടിയന്റെ പല്ലാണ് താഴെ കിടക്കുന്നത് ഇന്ന് തന്റെ അവസാന മാകും. 

ഇയാൾക്ക്  ഒന്ന് പതുക്കെ കടിച്ചാൽ പോരായിരുന്നോ ബോണ്ട കടിക്കുന്നത് പോലെയാണോ ഉണ്ട കടിക്കുന്നത് ?  

ഭാര്യ ഉണ്ടാക്കിയതാ തനിക്കിതിൽ പങ്കില്ലെന്ന് പറഞ്ഞാലോ?  ആ മൂധേവിയെ വേണമെങ്കിൽ കൊണ്ട് പോയിക്കോട്ടെ. 

ഇത് മാനത്ത് കണ്ടാ ചേടത്തി ആദ്യമേ തന്നെ ഇറങ്ങിയോടിയത് .

ഇത് കരിങ്കല്ല് കൊണ്ടാണോടാ ഉണ്ടാക്കിയിരിക്കുന്നത് ?

ഇടിയൻ ചീറി  

ഭാര്യ ഉണ്ടാക്കിയതാ സാറെന്നും  പറഞ്ഞോണ്ട് പീലിപ്പോസ് മുതലാളി, ഇടിയനു മുന്നിൽ  കൈ കൂപ്പി വളഞ്ഞു നിന്നു. 

എന്റെ സാറെ ഇളകി നിൽക്കുന്ന പല്ലല്ലേ, ഡോക്ടറുടെ അടുത്ത് പോയാ ഒരു നൂറു രൂപാ ചിലവു വരും, വേദനയും വരും ഇത് രണ്ടും ഒരു ഉണ്ടയിൽ കഴിഞ്ഞില്ലേ? 

തോമാസേട്ടന്റെ അവസരോചിതമായ ആ ഇടപെടൽ  ഇടിയന്റെ കോപത്തെ  അല്പം ശമിപ്പിച്ചു.  

എന്താ സാറേ പ്രശ്നം ? പീലിപ്പോസ് മുതലാളി തല ഉയർത്താതെയാണ് അത് ചോദിച്ചത് 

നീ ഗുണ്ടകളെ വിട്ട് മെമ്പറെ കൊല്ലിക്കും അല്ലേടാ റാസ്‌ക്കൽ എന്നലറിക്കൊണ്ട് ഇടിയന്റെ മുട്ടുകാൽ ഒരു ശീൽക്കാരത്തോടെ പീലിപ്പോസ് മുതലാളിയുടെ അടിവയർ നോക്കി പാഞ്ഞു 

എന്റെ കർത്താവേന്നൊരു നിലവിളിയോടെ പീലിപ്പോസ് മുതലാളി മൂക്കു കുത്തി വീണു. 

വിളിക്കെടാ നിന്റെ ഗുണ്ടകളെ. 

ഇയാളെന്തിനാണ് വീണ്ടും  ഉണ്ട ചോദിക്കുന്നത് ? ഉരുണ്ട തിന്ന് മതിയായില്ലേ?  ഗുണ്ടകളെ കുറിച്ച് സ്വപ്നത്തിൽ പോലും വിചാരമില്ലാതിരുന്ന പീലിപ്പോസ് മുതലാളി കരച്ചിലിനിടയിലും അതാ ചോദിച്ചത്. 

എന്റെ സാറേ ഇനിയും ഉണ്ട വേണോ ?

അത് കേട്ട് ഇടിയൻ വീണ്ടും ഞെട്ടി ഇവനിത് തന്റെ പല്ല് മുഴുവനും കളയാനുള്ള പരിപാടിയാണോ ?

എടാ നായിന്റെ മോനെ ഉണ്ടയല്ല ഗുണ്ടാ 

അത് കേട്ടതോടെ ബംഗാളി വേലക്കാരൻ മഹ്‌തോ ജീവനും കൊണ്ടോടി തന്നെയായിരിക്കും ചോദിച്ചതെന്നാ ആ പാവം കരുതിയത്. ഉണ്ട ഉണ്ടാക്കിയതിനായിരിക്കും മുതലാളിയെ അയാൾ താങ്ങിയത്. ഭാര്യയെ രക്ഷിക്കാൻ വേണ്ടി  ചിലപ്പോ തന്നെയായിരിക്കും മുതലാളി ചൂണ്ടിക്കാണിക്കാ ഉണ്ടയും താനും തമ്മിൽ ബംഗാളും കേരളവും തമ്മിലുള്ള അന്തരമുണ്ട്.

ഇവനെങ്ങോട്ടാണ് ഈ പായുന്നതെന്നറിയാതെ  പീലിപ്പോസ് മുതലാളി കണ്ണു മിഴിച്ചു 

പിടിക്കവനെ ഇടിയൻ അലറി 

അതോടെ മാഹോതോ സ്പ്രിന്റോടി 

പറമ്പിൽ  ഒളിച്ചു നിന്നിരുന്ന ചേട്ടത്തിയും, ആ അലർച്ച കേട്ട് പാഞ്ഞു  അവലോസുണ്ടയുടെ പേരിൽ താൻ രക്ത സാക്ഷിയാവുമോന്നായിരുന്നു ആ പാവത്തിന്റെ പേടി . 

ഏതായാലും ആ സഹതാപ തരംഗത്തിൽ സുകേശൻ വീണ്ടും ജയിച്ചു കയറി മെമ്പറായി.

  സത്യത്തിൽ സുകേശന്റെയൊരു  നാടകമായിരുന്നൂവത്. 

പാക്കരൻ ചേട്ടൻ, വീണ്ടും സുകേശനെ പൊക്കിക്കൊണ്ട് സംസാരിച്ചു തുടങ്ങി. 

ഉണ്ടയുണ്ടാക്കി തന്നെ തല്ലുകൊള്ളിച്ച അന്നമ്മ ചേടത്തിയുടെ മുതുകിനിട്ട് പീലിപ്പോസ് മുതലാളി രണ്ടു കുത്തു കൊടുത്തു അതോടെ അവലോസുണ്ട മുതലാളിയുടെ വീട്ടിൽ നിന്നും പുറത്താവുകയും ചെയ്തു . 

മഹ്‌തോ, ആ ഓട്ടം അങ്ങ് ബംഗാള് വരേയ്ക്കും ഓടി  . 

    

 

















0 അഭിപ്രായങ്ങള്‍