ആയതുകൊണ്ട് സെൽവത്തെ കാണുമ്പോ താനൊരിക്കലും കുരച്ച് അയാളുടെ  ശത്രുത സമ്പാദിക്കില്ലെന്ന് അവൻ മനസ്സിൽ  പറഞ്ഞ് പതം വരുത്തി  .

പാക്കരൻ ചേട്ടന്റെ ചായക്കടയിലും, വറീതിന്റെ കള്ളു ഷാപ്പിലും, സുപ്രുവിന്റെ പലചരക്കു കടയിലും  എന്തിന് നാലാൾ കൂടുന്നിടത്തൊക്കെ സെൽവത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചു. 

എവിടെയും സെൽവത്തിന്റെ വീര സാഹസീക കഥകൾ നിർല്ലോഭമായാണ് പ്രചരിച്ചു കൊണ്ടിരുന്നത്. 

ഗുണ്ടകളുടെയും, റൗഡികളുടേയും പേടിസ്വപ്നമാണ് സെൽവം . ഗുണ്ടകളെ കണ്ടാ ആ സെക്കന്റിൽ തന്നെ  വെടിവെച്ചു കൊല്ലുകയാണ് സെൽവത്തിന്റെ പതിവെന്നാ മെമ്പറ് സുകേശൻ വറീതിന്റെ ഷാപ്പിൽ വെച്ച് പറഞ്ഞത്. അത് കേട്ട്, കള്ളു കുടിക്കാൻ വന്ന വാസുവിന്റെ നെഞ്ചിനുള്ളിലൂടെ ഒരു പടവാൾ പാഞ്ഞുപോയി. 

ഈ ഗ്രാമത്തിലേക്ക് എന്തിനാണ് സെൽവം വന്നതെന്നുള്ള വറീതിന്റെ ചോദ്യത്തിന്, ചിലപ്പോ നമ്മുടെ വാസുവിനെ വെടിവെച്ച് കൊല്ലാനായിരിക്കുമോയെന്നുള്ള   മമ്മദിന്റെ ഉത്തരം,  ഒരു ചോദ്യ രൂപത്തിൽ പുറത്തേക്ക് വന്നതും, വാസു ബെഞ്ചിൽ നിന്ന് താഴെ വീണതും ഒരുമിച്ചായിരുന്നു. 

അതോടെ വാസു അടങ്ങി അതുവരേക്കും രാജാ പോലെ വിലസിയിരുന്ന വാസു , സെൽവത്തിന്റെ വരവോടെ ആകെ  പേടിച്ചു വിറച്ചാ പുറത്തേക്ക് ഇറങ്ങുന്നത് തന്നെ . ഏതു നിമിഷവും തനിക്കു നേരെ പാഞ്ഞു വരുന്ന ഒരു വെടിയുണ്ടയോർത്ത് വാസു ഞെട്ടി വിറച്ചു . തന്റെ ഉറുമി വാസു എന്നുള്ള പേര് മാറി പഴയ ഞൊണ്ടി വാസു എന്നായിരുന്നെങ്കിലെന്ന് വാസു ആശിച്ചു അതിനാൽ  തന്നെപ്പറ്റി ഒരു സിംപതി തോന്നി വെറുതെ വിട്ടെങ്കിലോ എന്നുള്ളതിനാലായിരുന്നു അത് . പക്ഷെ വാസുവിന്റെ ആശയെ ആസ്ഥാനത്താക്കിക്കൊണ്ട് ആരും അങ്ങനെ വിളിച്ചില്ല. 

ഈ പരട്ട നാട്ടുകാർക്ക് തന്നെ ഞൊണ്ടി വാസു എന്നു വിളിച്ചൂടെയെന്ന് വാസു കണ്ണാടി നോക്കി അലറി .   

ആരെങ്കിലും തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടാ  വാസുവിന് കരച്ചില് വരും തന്നെ കൊല്ലുന്നതിന് മുമ്പ് നന്നായി കാണാനായിരിക്കുമെന്നാ വാസുവിനത് കാണുമ്പോൾ തോന്നാ .

ഒരു നാൾ ചായകുടിക്കാനായി പുറത്തേക്കിറങ്ങിയ വാസു ഒരു ജീപ്പ് പാഞ്ഞു വരുന്നത് കണ്ട് അലറിവിളിച്ചോണ്ട് പാടത്തേക്ക്  ചാടി ചാലിൽ മുങ്ങാം കുഴിയിട്ടു കിടന്നു.

 കാൽപാദം മാത്രമുള്ള വെള്ളത്തിൽ വാസു അനങ്ങാതെ കിടന്നു. ആ അര ചാൺ വെള്ളത്തിൽ  ശ്വാസം കിട്ടാതെ വാസു ജീവനുമായി പോരാടി. സെൽവം തന്നെ കാണല്ലേയെന്ന് മുക്കറ്റു മുക്കോടി ദൈവങ്ങളോടും   പ്രാർത്ഥിച്ചു കൊണ്ടായിരുന്നു വാസു കമിഴ്ന്നു കിടന്നത്. ദൈവങ്ങളുടെ പേരും രൂപവും  ഒന്നും മനസ്സിൽ വരാത്തതുകൊണ്ട്, മനസ്സിൽ തോന്നിയവരെ  വരെ  ദൈവത്തിന്റെ രൂപത്തിൽ  നിറുത്തിക്കൊണ്ടായിരുന്നു  വാസു പ്രാർഥിച്ചത്.  അതിൽ  ചായക്കടക്കാരൻ പാക്കരൻ ചേട്ടനും പെട്ടിരുന്നു .

അത് ശങ്കരേട്ടന്റെ ആളെ കൊണ്ടുവരുന്ന ജീപ്പായിരുന്നുവെന്ന് ചാലിലെ വെള്ളം കുടിച്ചു വറ്റിച്ചതിനു ശേഷാ വാസുവിന് മനസ്സിലായത്. അതോടെ ഉള്ളിൽ കരഞ്ഞുകൊണ്ട്  ചായ വേണ്ടെന്നും  വെച്ച് വാസു തിരിയെ  പോയി. 

എന്താ വാസു, ചായ വേണ്ടേയെന്ന ചോദ്യത്തിന് , വേണ്ട ദൈവമേ എന്നുള്ള വാസുവിന്റെ മറുപടി കേട്ട് പാക്കരൻ ചേട്ടൻ അന്തം വിട്ട് കുന്തം വിഴുങ്ങിയമാതിരി നിന്നു .

ചാലിന്റെ വക്കത്തിരുന്ന്  മീൻ പിടിക്കായിരുന്ന  അന്ത്രു,  വാസു പൊടുന്നനേ  പാടത്തേക്ക് ചാടുന്നത് കണ്ട് പേടിച്ച്  ചാലിൽ മുഖം കുത്തി  കിടപ്പുണ്ടായിരുന്നു. അന്ത്രു കരുതിയത്  വാസു തന്നെ തല്ലാനാണ് പാടത്തേക്ക് ചാടിയതെന്നായിരുന്നു. ആ പാവവും  ചാലിലെ വെള്ളം കുറെ കുടിച്ചു വറ്റിച്ചു. മുക്കറ്റു മുക്കോടി ദൈവങ്ങളെ അന്ത്രുവും വിളിച്ചു, വാസു തന്നെ  കാണാല്ലേയെന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

പാട വക്കത്തിരുന്ന്  മീൻ പിടിക്കുന്നതിന് എന്തിനാണ് വാസു  തന്നെ ഇടിക്കാൻ വരുന്നതെന്ന് അന്ത്രുവിന്റെ മനസ്സ് അന്ത്രുവിനോട് ചോദിച്ചെങ്കിലും, റൗഡികൾക്ക് ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഇടിക്കാമെന്നുള്ള തത്വം അന്ത്രുവിന്റെ പേടിച്ച മനസ്സ് അന്ത്രുവിന് പറഞ്ഞു കൊടുത്തതു കേട്ട് അന്ത്രു കരഞ്ഞു.   

അന്ന്  ഭാഗ്യം കൊണ്ടായിരുന്നു  രണ്ടുപേരും കഷ്ടിച്ചു രക്ഷപ്പെട്ടത്. ഇല്ലെങ്കി ശങ്കരേട്ടന്റെ ജീപ്പ് രണ്ടു പേരുടെയും ജീവനും എടുത്തോണ്ട് പോയേനേ. 

തന്നെ വെടിവെച്ച് കൊല്ലാനായിരിക്കും സെൽവത്തിന്റെ വരവെന്ന ഭീതിയിൽ  ദുഃസ്വപ്നങ്ങൾ വാസുവിനെ വേട്ടയാടി.  സെൽവം ഒരു  തുപ്പാക്കിയുമായി  വരുന്നു തന്നെ വെടിവെച്ച് കൊല്ലുന്നു.

 ഉറക്കം നഷ്ട്ടപ്പെട്ട വാസു  ചാരായം വെട്ടി വിഴുങ്ങി, എന്നിട്ടും  ഉറക്കം കിട്ടുന്നില്ല  കണ്ണടച്ചാൽ മുന്നിൽ സെൽവം തുപ്പാക്കിയുമായി നിൽക്കുന്നു.

സെൽവത്തിന്റെ കാലിൽ പോയി വീണാലോയെന്ന്  പോലും ഒരു വേള  വാസു ആലോചിച്ചതാ. പിന്നെ അത് സെൽവത്തിന് വെടി വെക്കാൻ കൂടുതൽ  എളുപ്പമാകും എന്നുള്ളത് കൊണ്ട് മാത്രാ വാസു പിന്നോക്കം നിന്നത് . 

വെടിവെച്ച് കൊല്ലാൻ മാത്രം താനത്രക്കും വലിയ  ഭീകരനാണോയെന്നറിയാൻ  വാസു കണ്ണാടി നോക്കി, എന്നിട്ട് താനത്രക്ക് വലിയ  ഭീകരനൊന്നുമല്ലെന്നും പറഞ്ഞ് വാവിട്ടു കരഞ്ഞു.    

അന്നു  രാത്രി ശെൽവം തോക്കുമായി വാസുവിന്റെ മുന്നിൽ വന്നു  . ഞാൻ നന്നായി സാറെയെന്നു  പറയുന്നതിന് മുന്നേ ശെൽവത്തിന്റെ  തുപ്പാക്കി തീ തുപ്പി. 

അയ്യോന്നലറിക്കൊണ്ട് വാസു ചാടിയെഴുന്നേറ്റു. പായയിൽ ആകെ വെള്ളം ഈശ്വരാ..,  ആരാണിവിടെ വെള്ളം കൊണ്ട് വന്നൊഴിച്ചത്?. പിന്നെയാണ് ഒരു ഞെട്ടലോടെ വാസു ആ സത്യം തിരിച്ചറിഞ്ഞത് താൻ പായയിൽ മൂത്രമൊഴിച്ചിരിക്കുന്നു.  ഒരു ടാങ്കർ ലോറി ചരിഞ്ഞ അത്രക്കും വെള്ളം, അതൊരു നിലക്കാത്ത പ്രവാഹമായിരുന്നു .  അതോടെ വാസു ഒരു  ഉറച്ച  തീരുമാനമെടുത്തു, നാടുവിടുക .

ശെൽവത്തിന്റെ, തുപ്പാക്കി കൊണ്ടുള്ള വെടിയേറ്റ്  ചാവാൻ തനിക്കു വയ്യ.

രണ്ടും കാലും നന്നായുള്ള എത്രയോ റൗഡികളുണ്ടീ ലോകത്ത് ? എന്നിട്ടും ഈ   ഓണം കേറാമൂലയിലുള്ള  ചട്ടുകാലനായ തന്നെ വെടി വെച്ച് കൊല്ലാനാണോ ഏവർക്കും ധൃതി ? എന്തൊരു ലോകമാ കർത്താവേ  ഇത് ? 

കണ്ണെത്താ ദൂരത്തുള്ള വേറെയേതെങ്കിലുമൊരു കുഗ്രാമത്തിൽ പോയി കൂലിപ്പണിയെടുത്ത്  ജീവിക്കാ ഇനി തന്റെ ജീവന് നല്ലത്. 

അന്ന് പുലർച്ചെ കെട്ടും ഭാണ്ഡവുമായി ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും അതിലുപരി, തുപ്പാക്കി ശെൽവത്തിന്റെ തുപ്പാക്കിയിൽ  നിന്നും രക്ഷപ്പെടാൻ ശ്രമിച്ച വാസു ഒരു വാഹനം വരുന്നത് കണ്ട് കൈകാണിച്ചു നിറുത്തുകയും അതിൽ ചാടിക്കേറുകയും ചെയ്തു .  സാക്ഷാൽ തുപ്പാക്കി ശെൽവമാണ് അതിനുള്ളിൽ  ഉണ്ടായിരുന്നതെന്ന് പാവം വാസു അറിഞ്ഞില്ല. 

ആരാ, എന്താന്നുള്ള ശെൽവത്തിന്റെ ചോദ്യത്തിന് , എന്തായാലും ഈ നാട് വിട്ട് പോവല്ലേ, അവസാനമായി ഇവനെക്കൂടി ഒന്ന് പേടിപ്പിച്ചു കളയാമെന്ന് ഉള്ളിലുള്ള റൗഡി വാസുവിനോട് ആവശ്യപ്പെടുകയും ആ പിൻബലത്തിൽ   വാസു അയാളെ നോക്കി അലറുകയും ചെയ്തു .

 ഞാൻ വാസു, ഉറുമി വാസുവെന്ന് നാട്ടുകാർ വിളിക്കും മര്യാദക്ക്, ഞാൻ പറയുന്നിടത്ത് എന്നെ കൊണ്ടുപോയി വിടുന്നതാണ് നല്ലത്. 

പേടിച്ചു വിറച്ചിരിക്കുന്ന, അല്ലെങ്കിൽ അങ്ങനെ വാസുവിന് തോന്നിയ  അയാളെ  കണ്ടതോടെ വാസുവിലെ റൗഡി ഒന്നുകൂടി കരുത്തനായി. പാവം തന്നെ കണ്ടതേ പേടിച്ചു വിറച്ചിരിക്കുന്നു ടൌൺ വരേയ്ക്കും  ഇവനേം കൊണ്ട് പോയാൽ ബസ്സു കൂലി കൂടി  ലാഭിക്കാം.

ഞാൻ ഉറുമിയെടുക്കണോ ?  

വേണ്ട സാറേ .., 

അയാൾ വിറക്കുന്നത് പോലെയാണ് വാസുവിന് തോന്നിയത് .

 സാറേ എന്റെ വീട്ടിലൊന്ന് പറഞ്ഞിട്ട് പോകാം എന്നുള്ള ആ  പാവത്തിന്റെ വാക്കുകളിൽ   അനർത്ഥമായി വാസു  ഒന്നും കണ്ടതു കൂടിയില്ല,  മറിച്ച് അതൊരു സന്തോഷമായി തോന്നുകേം ചെയ്തു. പാവത്തിനെ പേടിപ്പിച്ചതുപോലെ വീട്ടുകാരേം പേടിപ്പിച്ച് എന്തെങ്കിലും കഴിക്കാം  ആ കാശു കൂടി ലാഭാവും.

 താനൊരു വലിയ സംഭവം തന്നെ ആ പരട്ട ശെൽവം വന്നില്ലായിരുന്നുവെങ്കി കുറച്ചു കാലം കൂടി ഇവിടെ വിലസാമായിരുന്നു.

സാറിന് എങ്ങോട്ടാ പോകേണ്ടത് ?

ആ സാറുവിളി വാസുവിനെ ഒന്നുകൂടി വളർത്തി എങ്കിലും ഞെട്ടിത്തിരിഞ്ഞു ചുറ്റും നോക്കിയെങ്കിലും വേറെ ആരേയും കാണാത്തതുകൊണ്ട് ആ ആദരം തനിക്കിട്ടാണെന്നു മനസ്സിലാക്കിയ  വാസുവിലെ റൗഡി ഒന്നുകൂടി പൊങ്ങുകയും ചെയ്തു .

നീ വണ്ടി വിടെടാ  ഞാൻ പറയാം. 

ശരി സാറേ .

നല്ല പരിചയമുള്ള വഴികളിൽ കൂടി വണ്ടി പാഞ്ഞു ഒടുവിൽ സഡൻ ബ്രെക്കിട്ടു . 

ഇത്രയും പെട്ടെന്ന് വീടെത്തിയോ? 

ഇല്ല സാറേ സ്റ്റേഷനാണ് എത്തിയത്. 

റയിൽവേ സ്റ്റേഷനിൽ എത്തിച്ചോ നീ കൊള്ളാലോ.

 ജീപ്പിന്റെ മറയുള്ള കാരണം സ്റ്റേഷൻ എന്നുള്ളത് മാത്രമേ വാസു കണ്ടുള്ളൂ പാവം അത് റെയിൽവേ സ്റ്റേഷനാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു .

ഇങ്ങോട്ട്  ഇറങ്ങെടാ  റാസ്‌ക്കലേന്നുള്ള അലർച്ച കേട്ട് വാസു ഞെട്ടിത്തരിച്ചു.

എന്താ ഇവന്റെ സ്വരത്തിനൊരു മാറ്റം ഉറുമിയെടുത്ത് ഒന്ന് വീശിയാലോ?   

 അപ്പോഴാണ് സ്റ്റേഷന്റെ മുന്നിലുള്ള മറ്റേ  പദം കൂടി വാസു കണ്ടതും ഞെട്ടിയതും. 

പോലീസ് സ്റ്റേഷൻ .

 ജീപ്പ്  നിന്നതോടെ പോലീസുകാർ അറ്റൻഷനായി അതോടെ  വാസു ഓടാൻ ശ്രമിച്ചെങ്കിലും സെൽവം  ഒറ്റ ചാട്ടത്തിന്  പൊക്കി .  

എന്റെ കർത്താവേ നാടു വിട്ടു പോവാന്നും പറഞ്ഞ് ജീവനും കൊണ്ടോടിയ  എനിക്ക് ലിഫ്റ്റും തന്ന്  പുലിമടയിലേക്കുള്ള ജീപ്പിലാണോ നീ കേറ്റിക്കൊണ്ട് വന്നത്  ? ഒന്നെന്നോട്  പറയാമായിരുന്നു .

ഏത് കാലമാടനിൽ നിന്ന് രക്ഷപ്പെടുവാൻ ശ്രമിച്ചുവോ ആ കാലമാടന്റെ മുന്നിലേക്ക് തന്നെ നീയെന്നെ കൊണ്ട്  വന്നാക്കിയല്ലേ ? എന്നോടെന്തിനീ  ചതി ചെയ്തു ഞാൻ ദിവസവും നേർച്ചയിടുന്നതല്ലേ? 

അത് സത്യമായിരുന്നു എല്ലാവരേം പേടിപ്പിക്കുമെങ്കിലും വാസു കറ തീർന്നൊരു വിശ്വാസിയായിരുന്നു .

ജീപ്പിൽ കേറിയപ്പോഴെങ്കിലും മിണ്ടാതിരുന്നാ മതിയായിരുന്നു .

സ്റ്റേഷനിൽ കേറിയ ഉടൻ തന്നെ  സെൽവം തന്നെ  വെടി വെച്ച് കൊല്ലും. ഒരു വെടിക്കുള്ളതൊന്നും താനില്ലെന്നും പറഞ്ഞ് വാസു അലമുറയിട്ട്  കരഞ്ഞു. 

കേറെടാ റാസ്‌ക്കൽ അകത്തോട്ട് , സെൽവം അലറി 

എന്നെ വെടിവെച്ച് കൊല്ലല്ലേ സാറെയെന്നും നിലവിളിച്ചോണ്ട്  വാസു, സെൽവത്തിന്റെ കാലിൽ വീണു. 

പിറ്റേ ദിവസം ആ വാർത്ത കേട്ടാണ്  ഗ്രാമം ഞെട്ടിയുണർന്നത്.

ഉറുമി വാസുവിനെ, തുപ്പാക്കി ശെൽവം പൊക്കിയിരിക്കുന്നു അതിനു ശേഷം എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് ആർക്കും, ഒന്നും  അറിയത്തില്ല. 

പല തരത്തിലുള്ള കിംവദന്തികൾ നാട്ടിൽ പ്രചരിച്ചു കൊണ്ടിരുന്നു.

ചിലപ്പോ വാസുവിനെ, തുപ്പാക്കി ശെൽവം ചുട്ടു കൊന്നിട്ടുണ്ടായിരിക്കുമെന്ന് തമിഴൻ മുരുകൻ പറഞ്ഞതു കേട്ട് ചായ കുടിക്കാൻ വന്നവരും പാക്കരൻ ചേട്ടനും ഒരുമിച്ച് ഞെട്ടി. 

ഈശ്വരാ വാസുവിനെ തീയിൽ ചുട്ടു കൊന്നെന്നോ  ? 

വാസുവിനെ എന്തിനാ മുരുകാ ശെൽവം തീയിലിട്ടത്?

പാക്കരൻ ചേട്ടൻ വിറച്ചുകൊണ്ടായിരുന്നുവത്  ചോദിച്ചത് 

ഇപ്പ്രാവശ്യം  ഞെട്ടിയത് മുരുകനായിരുന്നു, വാസുവിനെ  തീയിലിട്ടെന്നോ? 

എന്തിന് ?

അതൊരു മറുചോദ്യമായാണ് മുരുകനിൽ നിന്ന് ശ്രോതാക്കളിലേക്ക് ബഹിർഗ്ഗമിച്ചത്. 

പക്ഷെ അതിന്റെ ഉത്തരം ശ്രോതാക്കൾക്കു വേണ്ടി പാക്കരൻ ചേട്ടനാണ് ചോദിച്ചത്.  നീയല്ലേ  മുരുകാ പറഞ്ഞത് വാസുവിനെ ശെൽവം ചുട്ടുകൊന്നിട്ടുണ്ടാവൂന്ന് ?  

 മുരുകനിപ്പോ കാര്യം  മനസ്സിലായി തമിഴിലുള്ള പാക്കരൻ ചേട്ടന്റെ അജ്ഞതയാണ് ഈ വിവരക്കേടിനു കാരണമെന്ന്.

 അതോടൊപ്പം ഇയാളൊരു വിഡ്ഢിയാണല്ലോയെന്ന് മനസ്സിൽ പറയേം ചെയ്തു. പക്ഷെ പുറത്തേക്കത്  കാണിച്ചില്ല . കാരണം പാക്കരൻ ചേട്ടനാണെങ്കിൽ  മുരുകന്റെ വർത്താനം കേൾക്കാനുള്ള ഉഷാറിൽ പൊറോട്ടക്കുള്ള  ചാറിന്റെ കൂടെ  രണ്ടുമൂന്നു ബീഫിന്റെ കഷ്ണങ്ങൾ കൂടി ഒരു പ്രതിഫലം കണക്കെ   മുരുകന്റെ പാത്രത്തിലോട്ട്  തട്ടിയിരുന്നു. ഇനിയും ഇത്പോലെയുള്ള കഷ്ണങ്ങൾ ചാടിവന്നാലോയെന്നുള്ള  പ്രതീക്ഷയിലായിരുന്നു മുരുകൻ. 

സാധാരണയായി  പാക്കരൻ ചേട്ടൻ പൊറോട്ടയും,  ചാറും കഴിക്കുന്നവർക്ക് അരിപ്പയെടുത്ത് വെച്ചാണ് ചാറൊഴിച്ചു കൊടുക്കാറ്.  ബീഫിന്റെ ഒരു ചെറിയ കഷ്ണം  പോലും അതിൽ  പെട്ടു പോകരുതെന്ന് പാക്കരൻ ചേട്ടനും, അതിലുപരി ബീഫിനും  നിർബന്ധമുണ്ട്.   ഇനി ഏതെങ്കിലുമൊരു  കഷ്ണം അറിയാതെയെങ്ങാനും ചാടിവീണാ പാക്കരൻ ചേട്ടൻ തന്നെ കൈകൊണ്ട് അതെടുത്ത് തിരിച്ച് പാത്രത്തിലേക്കിടും. അങ്ങിനെയുള്ള പാക്കരൻ ചേട്ടനാണ് മുരുകന് മൂന്നു നാലു കഷ്ണം ബീഫോളം ഫ്രീയായിട്ടു കൊടുത്തത്. 

എന്റെ ചേട്ടാ,  ചുടുക എന്നാൽ തീയിൽ ചുട്ടെടുക്കലല്ല  വെടി വെക്കുകാന്നാണ്  .

 അത് കേട്ട് മീൻ കാരൻ മമ്മദ് വാ പൊത്തി ചിരിച്ചു. 

വാസുവിന്റെ തിരോധാനത്തെക്കുറിച്ചുള്ള കഥകൾ പൊടിപ്പും, തൊങ്ങലും വെച്ച് പ്രചരിച്ചു കൊണ്ടിരുന്നു. വാസുവിനെ കൊല്ലാൻ വേണ്ടിയാണ് ശെൽവം  വന്നതെന്നും വാസുവിനെ ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും വരെ അഭിപ്രായ പ്രകടനങ്ങളുണ്ടായി. വാസുവൊരു തീവ്രവാദി ആയിരിക്കുമെന്നാ ഗൾഫുകാരൻ ഭാസ്കരേട്ടൻ പറഞ്ഞത്. വാസുവിന്റെ കൈയ്യിൽ മെഷീൻ ഗൺ വരെ ഉണ്ടാകാമെത്രെ  . ഭാസ്കരേട്ടൻ പറയുന്നത് കേട്ട് നാട്ടുകാർ അത്ഭുതം കൊണ്ട് വാ പൊളിച്ചു നിന്നു. 

എന്താ അങ്ങനെ തോന്നാനെന്നുള്ള മീൻ കാരൻ മമ്മദിന്റെ ചോദ്യത്തിനു മുന്നിൽ  ഭാസ്കരേട്ടൻ ഒന്ന് പതറിയെങ്കിലും വെറുതേ അങ്ങനെ തോന്നിയാതാണെന്നും പറഞ്ഞ് തടി തപ്പി. 

ഒരു മനുഷ്യൻ തീവ്രവാദി ആണെന്ന് വെറുതേ അങ്ങനെ തോന്നേ ? മമ്മദിനതിന്റെ  ലോജിക്ക് പിടികിട്ടിയില്ല. പിന്നെ അത് തന്റെ തലക്കുള്ളിൽ ഒതുങ്ങുന്ന വിഷയമല്ലാത്തതുകൊണ്ടും വെറുതേ തല പുണ്ണാക്കി തലവേദന വരുത്തി വെക്കെണ്ടാന്ന് കരുതിയതുകൊണ്ടും മമ്മദ് മിണ്ടാതിരുന്നു . മാത്രവുമല്ല  ഭാസ്ക്കരേട്ടൻ, ഗൾഫിലൊക്കെ തീവ്രവാദികളെ കണ്ട് പരിചയമുള്ള ആളായിരിക്കണം അതുകൊണ്ടായിരിക്കണം ഭാസ്കരന്  വെറുതെയങ്ങനെ  തോന്നിയതെന്നും പറഞ്ഞ് മമ്മദ് സ്വയം ആശ്വസിച്ചു  .

ഇനി ആരെയാണാവോ ശെൽവം കൊല്ലാൻ പോകുന്നത് ? വാസുവിന്റെ സന്തത സഹചാരിയായിരുന്ന അന്തോണിയെ നോക്കിയായിരുന്നു പാക്കരൻ ചേട്ടനത്  ചോദിച്ചത് . അത് പറയലും ചായ കുടിക്കാൻ വന്ന ഡ്രൈവർ തോമായെ കണ്ട് എന്റെ കർത്താവേയെന്ന് നിലവിളിച്ചോണ്ട് അന്തോണി  ബോധം കെട്ട് വീണതും ഒരുമിച്ചായിരുന്നു . കാക്കി കണ്ടതോടെ അത് പാക്കരൻ ചേട്ടൻ പറഞ്ഞതുപോലെ ശെൽവം ആയിരിക്കുമെന്ന് കരുതി ഒരു ആന്തലോടെയാണ് അന്തോണിയുടെ ബോധം അന്തോണിയെ വിട്ടു പോയത് .

കാക്കിയിട്ടു വന്ന ആ രൂപത്തെ ഒന്ന് മുഴുനീളെ കാണുവാനുള്ള സമയം പോലും  അന്തോണിയുടെ ബോധം  അന്തോണിക്ക് കൊടുത്തില്ല എന്നുള്ളതാണ് സത്യം .

അതോടെ അന്തോണി ബോംബയിലുള്ള  അമ്മാവന്റെ അടുത്തേക്ക് കരിക്ക് വിക്കുവാൻ പോയി. വെറുതെ തുപ്പാക്കി ശെൽവത്തിന്റെ മുന്നിലകപ്പെട്ട് ആ തോക്കിൽ നിന്നുള്ള ഉണ്ട കൊണ്ട് ജീവൻ കളയേണ്ട എന്ന് അന്തോണിക്ക് തോന്നിക്കാണും . വെടിയുണ്ടക്ക് അറിയത്തില്ലല്ലോ താൻ വാസുവിന്റെ കൂടെ വെറുതെ നടക്കുക മാത്രമേ ചെയ്തീട്ടുള്ളൂവെന്ന് ?

മെമ്പറ് സുകേശൻ പറഞ്ഞത്, നമുക്കൊന്ന് പോയി അന്വേഷിച്ചാലോയെന്നാ. അത് കേട്ട് എല്ലാവരും മുങ്ങി ഐക്യദാർഢ്യം പ്രതീക്ഷിച്ച്  ആ ചോദ്യം ചോദിച്ച സുകേശൻ ഏകനായി.  വെറുതേ തുപ്പാക്കി ശെൽവത്തിന്റെ തോക്കിന്റെ മുന്നിലേക്ക് എന്നെ വെടിവെക്കൂവെന്ന് പറഞ്ഞ് ചെന്ന് കേറണോ എന്റെ സുകേശാ ? ശെൽവത്തിന് ആരെ വേണമെങ്കിലും കൊല്ലാൻ സർക്കാർ  ലൈസെൻസുണ്ടെന്നാ കേട്ടത്.

അവറാൻ ചേട്ടൻ  പറഞ്ഞതു കേട്ട് എല്ലാവരും അത്ഭുതത്തോടെ നോക്കി.  

എന്റെ സുഹൃത്തിനും ഇതുപോലെ ആരെ വേണമെങ്കിലും കൊല്ലാനുള്ള ലൈസെൻസുണ്ടെന്ന്  മിലിട്ടറിക്കാരൻ രാജപ്പേട്ടനും പറഞ്ഞു .

അതോടെ നാട്ടുകാർ അത്ഭുതത്തോടെ രാജപ്പേട്ടനെയും നോക്കി.  

 എന്താ പേര് ? 

പാക്കരൻ ചേട്ടൻ അതീവ ബഹുമാനത്തോടെയാ ചോദിച്ചത്. 

രാജപ്പൻ. 

എന്റെ രാജപ്പാ തന്റെ പേരല്ല അയാളുടെ പേര് ?

അതൊന്നും അങ്ങനെ പറയാൻ പാടില്ല രാജ്യ രഹസ്യമാണ് .

എന്നാലും പറയെന്റെ  രാജപ്പാ. 

ആരോടും പറയില്ലെങ്കി ഞാനത് പറയാം രഹസ്യമായിരിക്കണം ഇല്ലെങ്കിൽ ആ തോക്കിന്റെ  അടുത്ത ഇര നിങ്ങളായിരിക്കും.  

ആരാ? 

എല്ലാ കണ്ഠങ്ങളിൽ നിന്നും ഒരേ സമയം ആ ചോദ്യം പുറത്തേക്ക് ചാടി. 

 ജെയിംസ് ബോണ്ട്.

അതും പറഞ്ഞ് രാജപ്പേട്ടൻ ചിരിച്ചു. 

അതൊരു വല്ലാത്ത ചിരിയായിട്ടാണ് നാട്ടുകാർക്ക് തോന്നിയത്.  

നമ്മുടെ നാണപ്പന്റെ മോൻ ചെറുപ്പത്തിൽ നാടുവിട്ടുപോയ ജെയിംസുട്ടിയാണോ ?

മീൻകാരൻ മമ്മദിന്റെ ആ ചോദ്യം കേട്ട രാജപ്പേട്ടൻ പുച്ഛത്തോടെ നോക്കി. അത് നാണപ്പന്റെ മകൻ ജെയിംസുട്ടി അവനു വെടിവയ്ക്കാനുള്ള ലൈസെൻസ് പോയിട്ട് പട്ടിയെ പിടിക്കാനുള്ള ലൈസെൻസ് പോലുമില്ല. ഇത് ജെയിംസ് ബോണ്ട് അതും പറഞ്ഞ് രാജപ്പേട്ടൻ പൊട്ടിച്ചിരിച്ചു കൊണ്ട്  പുറത്തേക്ക് പോയി. 

മമ്മദിന്, രാജപ്പേട്ടന്റയാ  പൊട്ടിച്ചിരി തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും മറുത്തൊന്നും പറഞ്ഞില്ല. രാജപ്പേട്ടന്റെ കൈയ്യിൽ തോക്കുണ്ട്, പക്ഷെ ഉണ്ടയിടാറില്ലെന്നാ പറഞ്ഞു കേട്ടിട്ടുള്ളത്. വെറുതെ ഉണ്ടയിണ്ടോന്നറിയുവാനുള്ള ഒരു പരീക്ഷണവസ്തുവായി  സ്വയം മാറണോയെന്നു കരുതി മമ്മദൊന്നും മിണ്ടാതെ ചായ കുടിച്ചു എണീറ്റു പോയി.

 മനുഷ്യൻമാരെ കൊല്ലാനുള്ള ലൈസെൻസൊക്കെ കൊടുക്കേ?  അവറാൻ ചേട്ടന് അടുത്ത ജന്മത്തിലെങ്കിലും താനൊരു ജെയിംസ് ബോണ്ടായി ജനിച്ചാൽ മതിയായിരുന്നെന്ന് തോന്നി.

ആ രഹസ്യം, തന്റെ ഭാര്യയോടെങ്കിലുമൊന്ന് പറയാൻ  പലചരക്ക് കടക്കാരൻ സുപ്രു വീർപ്പുമുട്ടി. പലവട്ടം വാ തുറന്നെങ്കിലും ജെയിംസ് ബോണ്ട് തോക്കുമായി തന്റെ മുന്നിൽ നിൽക്കുന്നത് പോലെ സുപ്രുവിന് തോന്നി. വെറുതേ ആ രഹസ്യം അറിയേണ്ടിയിരുന്നില്ല.  ഇതൊന്നും മനസ്സിൽ ഒളിപ്പിച്ചു വെക്കാനുള്ള ശക്തിയൊന്നും തനിക്കില്ല. 

രാജപ്പേട്ടനോട് പോയി, ഈ ജെയിംസ് ബോണ്ടിനോട് തന്റെ ഭാര്യയോടെങ്കിലും ഒന്ന് പറഞ്ഞോട്ടെ എന്ന് ചോദിച്ചാലോയെന്നുവരെ സുപ്രു ആലോചിച്ചു  ചിലപ്പോ തന്റെ കരച്ചില് കേട്ട് മനസ്സലിഞ്ഞാലോ ? 

മനസ്സല്ല അലിയാ..,   വെടിവെച്ച് കൊല്ലുമെന്നാ രാജപ്പേട്ടൻ പറഞ്ഞത്.

 സുപ്രുവിന്റെ വിറച്ചു മുള്ളിയുള്ള നിപ്പ് കണ്ടപ്പൊഴാ,  ഏതായാലും ഞാനൊന്ന് പറഞ്ഞു നോക്കട്ടെന്ന് രാജപ്പേട്ടൻ സുപ്രുവിന് വാക്കു കൊടുത്തത്.  ദൈവം തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടതു പോലെയാ സുപ്രുവിനത് കേട്ട്  തോന്നിയത്. ആ പേരിൽ കുറച്ചു നാളത്തേക്ക് രാജപ്പേട്ടൻ സുപ്രുവിന്റെ കടയിൽ നിന്ന്  കടം വാങ്ങി നടന്നു  . 

അങ്ങനെ അനശ്ചിതത്വങ്ങളുടെ കുറച്ചു  ദിവസങ്ങൾക്കു ശേഷം ഒരു രൂപം പതിയെ  സ്റ്റേഷനീന്ന് പുറത്തേക്കിറങ്ങി.  ഞൊണ്ടിയിറങ്ങിയ ആ രൂപം വേച്ചു വേച്ചു കൊണ്ട് പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് വന്നു. ഒരു ചായ താരോ ന്ന്..., പൊട്ടിക്കരഞ്ഞു കൊണ്ട് ആ രൂപം പാക്കരൻ ചേട്ടനോട് ചോദിച്ചു. 

വാസു ..പാക്കരൻ ചേട്ടൻ പിറുപിറുത്തു.

 ഇവനിതെന്നാ പറ്റി ? സാധാരണ ചായ ചോദിച്ചോണ്ട് അലറുന്ന വാസുവിന്റെ ഒരു പ്രേതം. പോരാത്തതിന് വാസു കരയുന്നു. 

നിന്റെ ഉറുമിയെവിടെ വാസു ?

ഉറുമി ..., വാസുവിന്റെ ഉള്ളിൽ ഒരു മുട്ടൻ തെറിയാണ്  ഉരുണ്ടു കേറി വന്നത്. പക്ഷെ അത് പറയുവാനുള്ള സന്ദർഭം ഇതല്ല. ഒരു ഇടിപ്പെരുന്നാൾ കഴിഞ്ഞ് ഇറങ്ങിയതേയുള്ളൂ ജീവനോടെ ആ സിംഹത്തിന്റെ കൂട്ടീന്ന് പുറത്തിറങ്ങയതേ ഭാഗ്യം.  ഉറുമി ചോദിക്കാൻ നിക്കണൂ ഇയാൾക്കിപ്പോ അതുകണ്ടിട്ട് എന്തുകിട്ടാനാ ? 

എവിടെ വാസു നിന്റെ ഉറുമി ? 

പാക്കരൻ ചേട്ടനത് വീണ്ടും ചോദിച്ചു.

 അതോടെ വാസു മുണ്ടു പൊക്കിക്കാണിച്ചു. അയ്യേ എന്ത് വൃത്തികേടാ ഇവൻ കാണിക്കുന്നേ, ഉറുമി ചോദിച്ചതിന് മുണ്ടു പൊക്കിക്കാണിക്കേ ?

വാസു വൃത്തികേട് കാണിക്കരുത്.

 പാക്കരൻ ചേട്ടൻ ചീറി, വാസു ഒന്ന് ഒതുങ്ങിയതോടെ പാക്കരൻ ചേട്ടൻ ധൈര്യവാനായി മാറി. 

താനെന്ത് വൃത്തികേടാ കാണിച്ചത് ? ഉറുമി കാണിച്ചു കൊടുക്കാനല്ലേ മുണ്ട് പൊക്കിയത്  ഇയാളെന്തിനാ തന്റെ വൃത്തികേടിലേക്ക് നോക്കുന്നത് ഉറുമിയിലേക്ക് നോക്കിയാൽ പോരേ ? 

അപ്പോഴാണ് പാക്കരൻ ചേട്ടനും, നാട്ടുകാരും ആ കാഴ്ച കണ്ടത്. വാസുവിന്റെ അരയും, തുടയും  മൊത്തം ചാലു കീറിയതു പോലെയുള്ള പാടുകൾ.

 ഉറുമി അവര് വലിച്ചെടുത്തു ചേട്ടായെന്നും പറഞ്ഞ് വാസു പൊട്ടി പൊട്ടിക്കരഞ്ഞു.

 ഉറുമി വലിച്ചെടുത്തതിന്റെ പാടുകളായിരുന്നു വാസുവിന്റെ അരക്കു ചുറ്റും. 

ഉറുമി ഞാൻ ഊരിത്തരാമെന്നു പറഞ്ഞതാ..,ചേട്ടാ  പക്ഷെ കണ്ണീ ചോരയില്ലാത്തവന്മാര്  വലിച്ചെടുത്തു .

ഉറുമി വലിച്ചെടുക്കുമ്പോൾ അല്പമൊന്ന്  തെറ്റിയിരുന്നെങ്കിൽ  ? അല്പം കടന്നു ചിന്തിച്ച മമ്മദ് അതോർത്ത് ഞെട്ടി, വാസുവിന്റെ ഭാഗ്യം.  പാവത്തിന്റെ ജീവിതം അതോടെ നിരർത്ഥകമായേനെ.  അതോർത്ത്   മമ്മദിന് ചിരിയും വന്നു. ഈ അവസരത്തിൽ ചിരിക്കുന്നത് അനുചിതമാണെങ്കിലും ചിരി  പിടിച്ചു നിറുത്താനാകാതെ മമ്മദ് പൊട്ടിച്ചിരിച്ചു. താഴെ വീണു പിടക്കുന്ന പരൽ മീനെയോർത്തോർത്ത്   മമ്മദ്  പൊട്ടി പൊട്ടിചിരിച്ചു .  മമ്മദിന്റെ ചിന്ത എല്ലാവരിലേക്കും വ്യാപിച്ചതോടെ അവിടെയൊരു കൂട്ടച്ചിരി ഉയർന്നു .

വാസുവിന് അപ്പോഴാണ് അതിന്റെ പൊരുൾ  മനസ്സിലായത് അതോർത്തതോടെ ഒരു ആന്തൽ വാസുവിന്റെ ഉള്ളിലൂടെ കടന്നുപോയി .

 ആ സംഭവത്തോടെ വാസു നന്നായി, ഇപ്പോ പലചരക്ക് കടക്കാരൻ സുപ്രുവിന്റെ കടയിൽ പൊതിയാൻ നിക്കാ. ഒരു പ്രാവശ്യം സുപ്രുവിനെ വഴിനീളെ അടിച്ചോടിച്ച വാസുവാണ്.  അതിന്റെ പ്രതികാരമായി ഇപ്പൊ  വാസുവിന്റെ മുതുകത്ത് സുപ്രു  ഇടക്കിടക്ക്  കുത്തും. 

അങ്ങനെയിരിക്കെയാണ് ആ വാർത്ത നാടു മുഴുവൻ പരന്നത് അത്  കിംവദന്തിയോ, സത്യമോയെന്ന് ആർക്കും തീർച്ചയില്ല . തുപ്പാക്കി ശെൽവം വന്നിരിക്കുന്നത്  ഗൾഫിൽ നിന്നും വന്ന ഏതോ തീവ്രവാദിയെ  വെടിവെച്ചു കൊല്ലാനാണെന്ന്.

 അത് കേട്ടതോടെ ഗൾഫ്കാരൻ ഭാസ്ക്കരേട്ടൻ ലീവ് ക്യാൻസൽ ചെയ്ത് അന്നുതന്നെ ഗൾഫിലേക്ക് തിരിച്ചു പോയി. ഭാര്യ ശാരദേടത്തി തടസ്സം പറഞ്ഞെങ്കിലും ഭാസ്ക്കരേട്ടൻ നിന്നില്ല. 

മൂധേവി തന്നെ കൊലക്ക് കൊടുക്കാനുള്ള പരിപാടിയാണെന്നും പറഞ്ഞ് ഒരു പെടയും കൊടുത്തിട്ടാ ഭാസ്ക്കരേട്ടൻ രായ്ക്കു രാമാനം ഗൾഫിലോട്ട് വിമാനം പിടിച്ചത്. തീവ്രവാദിയാണെന്നും പറഞ്ഞ് തന്നെയെങ്ങാനും  വെടിവെച്ച് കൊല്ലുമോയെന്നായിരുന്നു ഭാസ്കരേട്ടന്റെ പേടി. കൊന്നു കഴിഞ്ഞ്  താൻ തീവ്രവാദി അല്ലായെന്ന് മനസ്സിലായിട്ട് വല്ല കാര്യവുമുണ്ടോ ? 

ഏതാണാ തീവ്രവാദിയെന്നുള്ള ചിന്തകൾ ചൂടുപിടിച്ചു. ഓരോരുത്തരുടെയും മനസ്സിൽ ഓരോരോ  മുഖങ്ങൾ  തെളിഞ്ഞു. പാക്കരൻ ചേട്ടന്റെ മനസ്സിൽ തെളിഞ്ഞ രൂപം ഭാര്യ അന്നമ്മയുടേതായിരുന്നു  . 

പാക്കരൻ ചേട്ടന്റെ ഭാഗ്യം അന്നമ്മ ചേടത്തിയത് കേട്ടില്ല.

 അന്നൊരു ദിവസം, പനിച്ചു വിറച്ച് ആശുപത്രിയിൽ പോകാനായി  മൂടിപ്പുതച്ചിറങ്ങിയ വിറകു വെട്ടുകാരൻ രാമനെ കണ്ട്, തീവ്ര വാദിയെന്നും  അലറി വിളിച്ചോണ്ട്, മീൻ കാരൻ മമ്മദ് സ്റ്റേഷനിലേക്ക് പാഞ്ഞു  . 

 ദേ..സാറേ ഒരു  തീവ്രവാദി മൂടിപ്പുതച്ചോണ്ട് പോണു .

 അപ്രതീക്ഷിതമായുള്ള മമ്മദിന്റെ ആ അലർച്ചയിൽ തോക്ക് തുടച്ചുകൊണ്ടരിക്കായിരുന്ന തുപ്പാക്കി ശെൽവം ഞെട്ടുകയും അറിയാതെ കാഞ്ചിയിൽ വിരലമർത്തുകയും ചെയ്തു. ഒരു  ഉണ്ട മമ്മദിനെ തൊട്ടു തൊട്ടില്ലാന്നാ മട്ടിൽ കടന്നു പോയി .

 അള്ളാ ..,ന്നും നിലവിളിച്ചോണ്ട് മമ്മദ് തിരിഞ്ഞോടി. സത്യം പറയാൻ ചെന്ന തന്നെയെന്തിനാണ് ശെൽവം വെടിവെച്ച് കൊല്ലാൻ നോക്കിയതെന്നോർത്ത് മമ്മദ് വിറച്ചു . ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്, ആ വെടിയുണ്ട  ഒരിഞ്ചു   മാറിയിരുന്നെങ്കിൽ? അതോർത്തതോടെ മമ്മദിന്റെ ഓട്ടത്തിന്റെ സ്പീഡ് വല്ലാതെ കൂടി. ഒളിമ്പിക്സിൽ സ്വർണ്ണത്തിനായി പായുന്നത്   പോലെയായിരുന്നു  മമ്മദന്ന്  ജീവനും കൊണ്ട് പാഞ്ഞത്. 

പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് വെടിച്ചില്ലു പോലെ പാഞ്ഞു വരുന്ന മമ്മദിനെ കണ്ട് എല്ലാവരും പകച്ചു .

എന്റെ സാറേ എന്തിനാ അയാളെ  വെടി വെച്ചത് ? 

റൈറ്റർ തോമാസേട്ടൻ ആകെ  വിറച്ചുകൊണ്ടാണത്  ശെൽവത്തോട്  ചോദിച്ചത്. 

അറിയാതെ കാഞ്ചി വലിച്ച ഞെട്ടൽ ശെൽവത്തിന്റെ ഉള്ളിൽ നിന്ന് അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല. പക്ഷെ അത് പുറത്തു കാണിക്കാതെയാ ശെൽവം പറഞ്ഞത്. 

സ്റ്റേഷനിലേക്ക് അലറിക്കൊണ്ടാണോ വരാ ? ഞാൻ കരുതി വല്ല തീവ്രവാദികളും സ്റ്റേഷൻ ആക്രമിക്കാൻ വരുന്നതാണെന്ന്. 

ഭാഗ്യം കൊണ്ടാ  മമ്മദ് രക്ഷപ്പെട്ടത് മീൻ വാങ്ങാൻ  വേറെ ആളെ നോക്കേണ്ടി വന്നേനെയെന്നാ തോമാസേട്ടൻ മനസ്സിലോർത്തത്. അതോടൊപ്പം സ്റ്റേഷനിലേക്ക് വരുമ്പോ ഇനി  ഒന്ന്  സൂക്ഷിക്കണമെന്നുകൂടി തോമാസേട്ടൻ തീരുമാനിച്ചു . 

സാധാരണഗതിയിൽ വളരെ  വേഗത്തിലാണ് തോമാസേട്ടൻ സ്റ്റേഷനകത്തോട്ട് വരിക പതിവ്. ഇനിയാ വരവ് ഒന്ന് പതുക്കെയാക്കുന്നതാണ്  തന്റെ ജീവന് നല്ലതാന്നാ തോമാസേട്ടനോർത്തത്  . 

ശെൽവം, ജീപ്പെടുത്ത് കുറെ ചുറ്റിയെങ്കിലും സംശയകരമായ തരത്തിൽ  ഒന്നും  കണ്ടില്ല . ആ മമ്മദ്  ചിലപ്പോ വല്ലവരേയും കണ്ട് തെറ്റിദ്ധരിച്ചതായിരിക്കാമെന്നാ തോമാസേട്ടൻ പറഞ്ഞത് . എന്നാ നമുക്ക് അവനെ പൊക്കിയാലോയെന്ന് സെൽവം ചോദിച്ചതാ .

വേണ്ട സാറേ പോയിക്കോട്ടെയെന്ന് തോമാസേട്ടനാ സമാധാനിപ്പിച്ചത്. 

ആയിടക്ക് ബീഹാറിൽ നിന്നും പണിയന്വേഷിച്ചു വന്ന റാം സിങ്ങിനെ നാട്ടുകാർ തടഞ്ഞു വെക്കുകയും ശെൽവത്തെ  ഏൽപ്പിക്കുകയും ചെയ്തു . പാവം, റാം സിങ് എന്തുകണ്ടിട്ടാണ് ഈ  ഇന്ത്യാ മഹാരാജ്യത്തിന്റെ ഭൂപടത്തിൽ പോലും ഇല്ലാത്ത ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലേക്ക് പണിയന്വേഷിച്ചു വന്നതെന്നോർത്ത്  ആർക്കും  മനസ്സിലായില്ല, പാവത്തിന്റെ സമയ ദോഷം.  

നാട്ടുകാർ തടഞ്ഞുവെച്ച റാം സിങ്, ഹിന്ദിയിൽ .., താൻ പണിയന്വേഷിച്ചു വന്നതാണെന്ന് പറയുന്നുണ്ടെങ്കിലും അത് മനസ്സിലാക്കുവാനുള്ള ബുദ്ധി നാട്ടുകാർക്ക് ഇല്ലാതെ പോയതാണ് വിനയായത് .

ആരെങ്കിലും പോയി ഭാസ്കരനെ  വിളിച്ചോണ്ട് വായോ എന്നുള്ള അവറാൻ ചേട്ടന്റെ ചോദ്യത്തിന് ആരും പ്രതികരിക്കാതായതോടെ അവസാനം അവറാൻ ചേട്ടൻ തന്നെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ഭാസ്കരേട്ടന്റെ വീട്ടിലേക്ക് പായുകയും ചെയ്തു. പാതിദൂരം സൈക്കിൾ ചവിട്ടിയപ്പോഴാണ് ഭാസ്ക്കരേട്ടൻ ഗൾഫിലേക്ക് തിരിച്ചു പോയെന്നുള്ള ഓർമ്മ  വരുകയും എന്തൊരു മറവിയെന്നും പറഞ്ഞ് അവറാൻ ചേട്ടൻ തിരിച്ചു വരുകയും ചെയ്തത്. 

പണി അന്വേഷിച്ചു വന്ന തന്നെ നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുന്നതിന്റെ പൊരുൾ മനസ്സിലാകാതെ റാം സിങ് ഏങ്ങിയേങ്ങി കരഞ്ഞു. ഈ സമയത്താണ് ആരോ അറിയിച്ചതനുസരിച്ച് തുപ്പാക്കി ശെൽവം പാഞ്ഞു വന്നത്. 

ഏതുക്കെടാ നീ ഇങ്കെ വന്തതെന്ന്  തമിഴിൽ അലറിയ ശെൽവത്തെ നോക്കി,  ഈ ഭൂലോകത്തിൽ ഹിന്ദിയല്ലാതെ  മറ്റൊരു ഭാഷയും ഇല്ലായെന്ന് വിശ്വസിച്ചിരുന്ന റാം സിങ് മാനത്തോട്ട് നോക്കി വാവിട്ടു കരഞ്ഞു. 

ശെൽവം വീണ്ടും അലറി ഏതുക്കെടാ ഇങ്കെ വന്തേ ? 

എതുക്ക് നീങ്ക ഇങ്കെ വന്തത്? റാം സിങ്  ഭാഷയറിയാതെ വിഷമിക്കുകയാണെന്ന് മനസ്സിലായ മുരുകനാണ് അത് തർജ്ജമ ചെയ്ത് കൊടുക്കാൻ ശ്രമിച്ചത് . 

ഇവനേതാ ഈ വേട്ടാ വിളയൻ എന്ന കണ്ണുകളോടെ ശെൽവം, മുരുകനെ ഒന്ന്  നോക്കി.

താൻ പറയുന്നത് അത്പോലെ തന്നെ പറയണത്?  ഏതായാലും തമിഴനെന്നുള്ള ഒറ്റക്കാരണം കൊണ്ടാ  മുരുകനന്ന് രക്ഷപ്പെട്ടത് . 

നീ  തമിഴാ ..ന്നുള്ള സെൽവത്തിന്റെ ചോദ്യത്തിന് കണ്ണു നിറഞ്ഞാ മുരുകൻ മറുപടി പറഞ്ഞത്. 

ആമാ സാർ .. അതോടൊപ്പം അഭിമാന പൂർവ്വം നാട്ടുകാരെ നോക്കുകയും ചെയ്തു . ഇത് നമ്മ ആള് എന്നുള്ളത് മുരുകന്റെ കണ്ണിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു .

മുണ്ടം പേശാമേ തള്ളി നില്ലെടാ .. അത് കേട്ടതോടെ പെട്ടെന്ന് ഫ്യുസായ ബൾബ് പോലെ മുരുകന്റെ മുഖം കറുത്തു .

തന്നെ, ചീത്ത പറഞ്ഞത് നാട്ടുകാർക്ക് മനസ്സിലാവാതിരിക്കാൻ സരി.. സാർ എന്ന് ചിരിച്ചു പറഞ്ഞുകൊണ്ട് മുരുകൻ ഒറ്റച്ചാട്ടത്തിന്  മാറിനിന്നു  .

ഹിന്ദിയിൽ അല്പം പരിജ്ഞാനമുണ്ടായിരുന്ന തോമാസേട്ടനാണ് രാം സിംഗിന്റെ ഹിന്ദി തർജ്ജമപെടുത്തി കൊടുത്ത് പാവം ഒരു  പണി അന്വേഷിച്ചു വന്നതാണെന്ന് ശെൽവത്തെ ബോധ്യപ്പെടുത്തിക്കൊടുത്തത്. 

അന്നു തന്നെ രാംസിംഗ് ബീഹാറിലേക്ക് തിരിച്ചു പോവുകയും  ബീഹാറിലുള്ള പണി മതിയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.

അതോടൊപ്പം തന്നെ ഈ കാട്ടു മൂലയിലേക്ക് റെഫർ ചെയ്ത മാഹോതോക്കിട്ട് രണ്ടു പൊടിക്കേം ചെയ്തു. 

ഏതായാലും, സംഭവ ബഹുലമായ കുറച്ചു കാലത്തിനു ശേഷം തീവ്രവാദിയെ പിടിക്കാതെ തന്നെ ശെൽവം  തിരുനെൽവേലിയിലേക്ക് തിരിച്ചു പോയി. 

തോമാസേട്ടനാണ് പറഞ്ഞത്  ഇടിയൻ കുറച്ചു നാൾ ഡെപ്യുട്ടേഷനിൽ പോയതുകൊണ്ട് പകരം വന്നതാണ് തുപ്പാക്കി സെൽവമെന്ന് . 

ഇതിനിടയിൽ തീവ്രവാദിയെ അവിടെ കണ്ടു ഇവിടെ കണ്ടുവെന്ന് പറഞ്ഞ് അതിന്റെ പേരിൽ നിരപരാധികളായ കുറെപ്പേർക്ക് ആവശ്യമില്ലാതെ  ഇടി കിട്ടുകയും ചെയ്തു. അതിൽ ഏറ്റവും മുൻപന്തിയിൽ നിന്നത് ഇറച്ചിവെട്ടുക്കാരൻ അന്തോണിയുടെ അനിയൻ തൊമ്മനായിരുന്നു. തൊമ്മന് ഒരു തീവ്ര വാദിയുടെ ഛായ ഉണ്ടെന്നായിരുന്നു തുപ്പാക്കി ശെൽവത്തിന്റെ വാദം. 

അവസാനം ശെൽവത്തിന്റെ ശല്യം സഹിക്ക വയ്യാതെ തൊമ്മൻ ശരിക്കുമൊരു  തീവ്രവാദിയായി മാറുകയും ചെയ്തു .

സംഭവബഹുലമല്ലാത്ത ദിനങ്ങൾ  പിന്നെയും കടന്നു പോയിക്കൊണ്ടിരുന്നു. പാക്കരൻ ചേട്ടന്റെ ചായക്കടയും, വറീതിന്റെ കള്ളു ഷാപ്പും നിശബ്ദമായി  ആശയ ദാരിദ്രം മൂലം ജനങ്ങൾ വീർപ്പുമുട്ടാൻ തുടങ്ങി  .

പുതിയൊരു സംഭവവികാസത്തിനായി ഞങ്ങൾ ഗ്രാമവാസികൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.     


























0 അഭിപ്രായങ്ങള്‍