ആയിടക്കാണ് ഞങ്ങളുടെ ഗ്രാമത്തിൽ ഞൊണ്ടി വാസുവെന്ന വാസു  പ്രത്യക്ഷപ്പെട്ടത് .  

ഒരു സുപ്രഭാതത്തിൽ, ഞൊണ്ടി ഞൊണ്ടി പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് വഴി ചോദിക്കാൻ വന്ന വാസു ചായയും കുടിച്ചോണ്ട് ഞങ്ങളുടെ ഗ്രാമത്തിന്റെ ഭാഗമായി മാറി എന്നുള്ളതായിരുന്നു സത്യം .

വഴി ചോദിക്കാനാണ് വന്നതെങ്കിലും അത് എങ്ങോട്ടേക്കുള്ള വഴിയാണെന്ന് പാക്കരൻ ചേട്ടനും, നാട്ടുകാർക്കും എന്തിന് വാസുവിന് തന്നേയും അജ്ഞാതമായിരുന്നു. കാരണം സത്യത്തിൽ അങ്ങിനെയൊരു വഴി ഉണ്ടായിരുന്നില്ല .

ഒരു ജോലി അന്വേഷിച്ചു വന്നതാണെന്നാ പിന്നെ ഞങ്ങൾ നാട്ടുകാരോട് വാസു  പറഞ്ഞത്. 

ഒരു ജോലി കൊടുക്കാൻ മാത്രം തിരക്കില്ലാത്തതു കൊണ്ടും, ബംഗാളി  മഹ്‌തോ തിന്നുന്നത് തന്നെ ഒരുപാട് അധികമായതുകൊണ്ടും വാസുവിനെ പാക്കരൻ ചേട്ടൻ, വറീതിന്റെ ഷാപ്പിലേക്കാണ് പറഞ്ഞയച്ചത് .

പോകുന്നതിനു മുന്നേ കുടിച്ച ചായയുടെ കാശു ചോദിച്ച പാക്കരൻ ചേട്ടനെ നോക്കി വാസു കരഞ്ഞു. ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് കാലിയായ പോക്കറ്റ് കാണിച്ചു കൊടുത്തു. സത്യത്തിൽ വാസുവിന്റെ മറ്റേ പോക്കറ്റിൽ കാശുണ്ടായിരുന്നു പക്ഷെ തനിക്ക് ജോലിയില്ല എന്നുള്ള പരിതാപകരമായ പ്രസ്താവനയിൽ പാക്കരൻ ചേട്ടന്റെ കണ്ണുകളിൽ സഹതാപം നിറയുന്നത് കണ്ട വാസു അതിൽ ഒരു ചായയുടെ കാശ് പ്രതീക്ഷിച്ചെങ്കിലും കാശ് തന്നിട്ട്  പോയാൽ മതിയെന്ന പാക്കരൻ ചേട്ടന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ ഒടുവിൽ  മുട്ടു മടക്കേണ്ടി വന്നു .

അതുവരേക്കും സഹതാപത്തിന്റെ ദൃഷ്ട്ടാന്തങ്ങളായി പ്രകാശം പൊഴിച്ചിരുന്ന പാക്കരൻ ചേട്ടന്റെ കണ്ണുകൾ ചായയുടെ കാശില്ലെന്ന് കേട്ടതോടെ പതുക്കെ ചുവക്കുകയും അക്രമാസ്‌കതന്റേതു പോലെ ആവുകയും ചെയ്തു .

എന്റെ മനുഷ്യാ ഒരു ചായയല്ലേ പാവത്തിന് കാലിനു സുഖമില്ലാത്തതല്ലേ എന്നുമുള്ള അന്നമ്മ ചേടത്തിയുടെ റെക്കമെന്റും പാക്കരൻ ചേട്ടനെ പിന്തിരിപ്പിച്ചില്ല. എന്നിട്ടും കാശില്ലെന്നും പറഞ്ഞു മോങ്ങിക്കൊണ്ട് നിന്ന വാസുവിനെക്കൊണ്ട് ഒരു പത്തു ഗ്ലാസ്സ് കഴുകിച്ചേ പാക്കരൻ ചേട്ടൻ വറീതിന്റെ അടുത്തേക്ക് വിട്ടുള്ളൂ  . വാസുവിന്റെയാ  കരച്ചിൽ കണ്ട് കൂട്ടിൽ കിടന്ന റോമുവിന് പോലും സങ്കടം വന്നു.  പുതിയ ആളാണെന്നു കണ്ട് അവൻ വാസുവിനെ നോക്കി ആദ്യം കുരച്ചെങ്കിലും കാലിനു സുഖമില്ലെന്ന് കണ്ടതോടെ അത്  സഹതാപമായി മാറുകയും ചെയ്തു. 

അവനപ്പോൾ ഓർമ്മ വന്നത് വാറ്റുകാരൻ റപ്പായിയുടെ നായ സുഗുണനെ  ആയിരുന്നു സുഗുണനും  ഇതു പോലെ കാലിനു വളവുണ്ട്. അതുകൊണ്ട് മറ്റു നായക്കളൊന്നും സുഗുണനെ  കടിക്കാൻ ഓടിക്കാറില്ല. കാരണം ആരെ കാണുമ്പോഴും സുഗുണൻ  ഓടും പക്ഷ അവസാനം ഓടിയിടത്തു തന്നെ തിരിച്ചെത്തും ഇതറിയാവുന്ന മറ്റു നായ്ക്കൾ സുഗുണൻ  ഓടുന്നത് കാണുമ്പോൾ പിന്നാലെ ഓടാറില്ല, കാരണം  സുഗുണൻ  ഒരു വട്ടം പൂർത്തിയാക്കി ഓടിയിടത്തു തന്നെ തിരിച്ചെത്തുമെന്ന് അവർക്കറിയാം. 

അങ്ങനെ പാക്കരൻ ചേട്ടന്റെ റെക്കമെന്റിൽ ഞൊണ്ടി വാസു വറീതിന്റെ ഷാപ്പിൽ ജോലിക്ക് കേറി. 

മുൻ പരിചയമുണ്ടോ എന്നുള്ള വറീതിന്റെ ചോദ്യത്തിന് അല്പം നാണത്തോടെയാ വാസു മറുപടി നൽകിയത്.  

വല്ലപ്പോഴും മാത്രമേ ഉള്ളൂ 

എന്ത് ?

കുടിക്കണതേ ..  

 അത് കേട്ട് വറീത് ഞെട്ടി. 

കുടിക്കാനല്ല  നിന്നെ ഇവിടെ നിറുത്തിയേക്കണത്, പണിയെടുക്കാനാ അതും പറഞ്ഞ് വറീത് തനിയൊരു മുതലാളിയായി മാറി. അതോടൊപ്പം ഇവനെയൊന്ന് സൂക്ഷിക്കണന്ന്  മനസ്സിൽ പറയുകേം ചെയ്തു .

ഏതായാലും മുൻ പരിചയമില്ലാത്തതുകൊണ്ട് ഒരു അപ്രസന്ററ്റീവായാണ് വറീത്, വാസുവിനെ നിയമിച്ചത് ആ പേരിൽ ഒരു നൂറു രൂപാ  ലാഭമുണ്ടാക്കുകയും  ചെയ്തു .

അപ്രസൻേററ്റീവ് എന്നതിന്റെ അർത്ഥം മുതലാളിയാണെന്ന്  വാസുവിന്റെ ബുദ്ധി പറഞ്ഞു കൊടുക്കുകയും വാസു ഓടിച്ചെന്ന് ക്യാഷിൽ ഇരിക്കുകയും ചെയ്തതു കണ്ട് വറീത് വീണ്ടും ഞെട്ടി. 

ഇവനെന്ത് പോക്രിത്തരമാണീ കാണിക്കണത് ? 

നീയെന്തിനാടാ അവിടെപ്പോയിരിക്കണത് ? 

കള്ള് കുടിക്കാൻ വന്ന ഗൾഫ് കാരൻ ഭാസ്കരേട്ടനാണ് അപ്രസന്ററ്റീവിന്റെ  എന്നതിന്റെ അർത്ഥം വാസുവിന് പറഞ്ഞു കൊടുത്തത്. 

ഈ തുക്കടാ ജോലിക്ക്  ഇത്രേം വലിയ പേര് വേണോന്നായിരുന്നു വാസു ചിന്തിച്ചത്. 

ആദ്യത്തെ രണ്ടു ദിവസം ഞൊണ്ടിക്കൊണ്ട് വാസു പാറി നടന്ന് ജോലികൾ ചെയ്‌തെങ്കിലും പിന്നെ പിന്നെ ആ ചുറു ചുറുക്ക് നഷ്ട്ടപ്പെടുന്നില്ലേയെന്നൊരു സംശയം വറീതിൽ ഉടലെടുത്തു അതോടൊപ്പം വാസുവിൽ എന്തൊക്കെയോ  മാറ്റങ്ങൾ  വറീതിന് തോന്നുകേം ചെയ്തു .

ഞൊണ്ടിക്കാലുള്ള വാസുവിന്, നടക്കുമ്പോൾ ജന്മനായുള്ളൊരു  ആട്ടം സ്വാഭാവികമായും ഉണ്ടായിരുന്നുവെങ്കിലും അതിൽ നിന്നും വ്യത്യസ്തമായി ആട്ടം കൂടുന്നില്ലേയെന്നുള്ളൊരു  സംശയം വറീതിന്റെ ഉള്ളിൽ ബലപ്പെടുകയും , വറീത്, വാസുവിന്റെ വായ മണത്തു നോക്കുകയും ചെയ്‌തെങ്കിലും ആത്യന്തികമായി ഒന്നും തന്നെ വറീതിന്റെ ശ്രദ്ധയിൽ പെട്ടില്ല. 

പക്ഷെ അനുദിനമെന്നോണം വാസുവിന്റെ ആട്ടം കൂടി, കൂടി വരുകയും കുടിക്കാൻ വരുന്നവരോട് വാസു കൂടുതൽ അടുപ്പം കാണിക്കുകയും ചെയ്തു തുടങ്ങിയതോടെയാണ് വറീതിന്,  തന്റെ സംശയം  ഒന്നുകൂടി ബലപ്പെടുകയും ചെയ്തത് . 

സാധാരണ ഉച്ച തിരിഞ്ഞാണ് വാസുവിന്  ആട്ടം കൂടുതലാകുന്നത്.  ഈ സമയത്ത് ഊണ് കഴിഞ്ഞ് വറീത് അല്പ നേരം ഒന്ന് മയങ്ങാറുള്ളത് പതിവാണ് . ഇതേ സമയത്തു തന്നെയാണ്  ലോഡ് വരുന്ന  കള്ള് കന്നാസിൽ നിന്നും കുപ്പികളിലേക്ക് നിറക്കാറുള്ളതും.  

വാസുവിന്റെ ഉത്തരവാദിത്വമാണത്,  

അന്നുച്ചക്ക്  ഉറങ്ങാതെ കിടന്ന വറീത് ആ കാഴ്ച കണ്ട് ഞെട്ടി.  

കുപ്പികളിൽ കള്ള് നിറക്കുന്ന വാസു ഒരു കുപ്പി നിറക്കുകയും അതോടൊപ്പം ഒരു കപ്പ്  തന്റെ വായിലേക്ക് കമിഴ്ത്തുകയും ചെയ്യുന്നു . ഈ പ്രിക്രിയകൾക്കിടയിൽ  വറീത് ഉണരുന്നുണ്ടോയെന്ന് ഇടക്കിടക്ക്  തിരിഞ്ഞു നോക്കുന്നുമുണ്ട്.  

അതോടൊപ്പം, കള്ളിന്റെ അളവിൽ മാറ്റം വരാതിരിക്കാൻ കുടിക്കുന്ന കള്ളിന്റെ അത്രയും  വെള്ളം കള്ളിലേക്ക് ചേർക്കുന്നുമുണ്ട് . 

ഒരു നാള് മീൻ കാരൻ മമ്മദ് വറീതിനോട് ചോദിച്ചതായിരുന്നു..,   എന്റെ വറീതേ കള്ളിനിപ്പോ പഴേ കിക്കില്ലല്ലോയെന്ന് ? 

വറീതത് തമാശയായി എടുക്കുകയും, നല്ല കള്ളിന്  കിക്ക് കുറവായിരിക്കുമെന്ന  മറുപടിയിലൂടെ മമ്മദിന് ആശ്വാസം പകർന്നു നൽകുകയും  ചെയ്‌തെങ്കിലും , വറീത്  പറഞ്ഞതിന്റെ  പൊരുൾ മനസ്സിലാകാതെ മമ്മദ് വീണ്ടും ചോദിക്കാൻ വാ തുറന്നെങ്കിലും  കള്ള് കൊടുക്കാനുണ്ടെന്നും പറഞ്ഞ് വറീതവിടെനിന്ന് മാറിക്കളഞ്ഞു . 

നല്ല കള്ള് കുടിച്ചാൽ കൂടുതൽ കിക്കല്ലേ കിട്ടായെന്ന് മമ്മദ് ആലോച്ചതായിരുന്നു. 

നല്ല കള്ള് കുടിച്ച് കിക്ക് വരുന്നില്ലെങ്കി പിന്നെ പച്ചവെള്ളം കുടിച്ച് വയറു നിറച്ചാപ്പോരേയെന്നായിരുന്നു മമ്മദ് ചോദിച്ചത് അതിനു മറുപടിയായി വറീത് പൊട്ടിച്ചിരിക്കാ ചെയ്തത്. 

പൊട്ടിച്ചിരിക്കാൻ മാത്രം ഇതിലെവിടെയാ തമാശയെന്ന് മമ്മദിന് മനസ്സിലായില്ല.  ആകെ  ചൊറിഞ്ഞു വന്നെങ്കിലും മമ്മദത്  അടക്കി . ഇടക്കിടക്ക് കടം തരുന്നതാ വെറുതേ ഒരു ആവേശത്തിന് വറീതുമായി കോർത്ത് അതില്ലാതാക്കേണ്ടെന്നാ മമ്മദ് മനസ്സിൽ പറഞ്ഞത്. 

മമ്മദ് അന്നു പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് വറീതിന് മനസ്സിലായത്.

എടാ  നായിന്റെ മോനേ ..,  ഉണ്ട ചോറിന് നന്ദികാണിക്കാത്ത ശവമേയെന്നും  അലറിക്കൊണ്ട്  വറീത് ഒറ്റ ചാട്ടമായിരുന്നു.

 ഉറങ്ങിക്കിടന്ന വറീത് പെട്ടെന്ന് ചാടിയെഴുന്നേറ്റതോടെ ഞെട്ടിപ്പോയ വാസുവിന്റെ കൈയ്യീന്ന് ഒരു  കുപ്പി താഴെ വീണ് പൊട്ടുകയും ചെയ്തു. 

എടാ മൈരാണ്ടി മോനെ ഇത്രേം കാലം എന്നെ  പറ്റിക്കായിരുന്നോന്ന് അലറിക്കൊണ്ട്, അടിക്കാനായി പാഞ്ഞു  ചെന്ന വറീതിനെ നോക്കി വാസു ചിരിച്ചു.. പൊട്ടി പൊട്ടിച്ചിരിച്ചു. 

അത് കണ്ട് വറീതിനൊരു സംശയം  കുടിച്ച് കുടിച്ച് ഇവന്  വട്ടായിപ്പോയോ ? ആ ചിരിയുടെ ഒടുവിൽ വാസു അരയിൽ നിന്നും തന്റെ മുണ്ടു പൊക്കി. 

ഇവനിതെന്തു ഭാവിച്ചാണെന്നാണ് വറീത് കരുതിയത്?  രണ്ടു പൊട്ടിക്കണം, കാശു തന്നാലും വാങ്ങേണ്ട. വാസു മുണ്ട് പൊക്കിയത് കണ്ടപ്പോൾ തനിക്ക് കാശു തരാനായിരിക്കുമെന്നാ വറീത് കരുതിയത്. 

പൊക്കിയ മുണ്ടിനുള്ളിൽ നിന്നും വാസു എന്തോ ഒന്ന്  വലിച്ചെടുത്തു . 

അയ്യേ ഇവനെന്താണീ കാണിക്കുന്നത്? 

അടുത്ത നിമിഷം വാസു വലിച്ചെടുത്ത സാധനം കണ്ട് വറീതിന്റെ ഉള്ളിൽ വെള്ളിടി വെട്ടി, ഓടിച്ചെന്ന വറീത് സഡൻ ബ്രെക്കിട്ട പോലെ നിന്നു . 

ഉറുമി പോലെയുള്ളൊരു വസ്തുവായിരുന്നു വാസു അരയിൽ നിന്നും  വലിച്ചെടുത്തത് അതും ചുഴറ്റിക്കൊണ്ട്  വാസു അലറി.

 എന്താടാ തല്ലണോ.., ? വാടാ .., അതോടൊപ്പം വാസു തന്റെ തലയൊന്ന് കുടഞ്ഞു. വാസുവിന്റെ തലയിൽ നിന്നും എന്തോ ഒന്ന് പൊഴിഞ്ഞു വീണതു പോലെ വറീതിനു തോന്നി. അതുവരെ കാണാത്ത മുടി വാസുവിന്റെ തോളറ്റം കഴിഞ്ഞു കിടന്നു.

 ഇതെവിടെ നിന്ന് വന്നു? ഇവനിത്രയും മുടിയുണ്ടായിരുന്നോയെന്നായിരുന്നു വറീത് ചിന്തിച്ചത്.

പാവം പോലിരുന്ന വാസു, പെട്ടെന്ന്  രക്ത രക്ഷസ്സ് വാസുവായി മാറിയതു പോലെയാ  വറീതിന് തോന്നിയത്. 

വാസുവിന്റെ അന്നുവരെ കാണാത്ത മുഖം കണ്ട് വറീത് ഞെട്ടി

കാലനെയാണല്ലോ കർത്താവേ താൻ പണിക്കു വെച്ചത്?  

അതിന്റെ ഉത്തരം കർത്താവ് പറഞ്ഞതുമില്ല വറീതത് പ്രതീക്ഷിച്ചതുമില്ല .

വാസുവിന്റെ കണ്ണുകൾ തിളങ്ങി അതിൽ ഒരു മൃഗീയ ഭാവം വന്നു നിറഞ്ഞു. പഞ്ച പുച്ഛമടക്കി തന്റെ മുന്നിൽ ഓച്ഛാനിച്ചു നിന്നിരുന്ന  വാസു ഒരു കരടി പോലെ ഗർജ്ജിക്കുന്നത് കണ്ടതോടെ വറീതിന്റെ കൈകാലുകൾ തളർന്നു . വെറുതെ എണീറ്റു വന്നു,  ഉറങ്ങിയപോലെ കിടന്നാമതിയായിരുന്നുവെന്നാ വറീത് ഓർത്തത്. ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം ഇത്രേം വലിയ വാക്കത്തിയും അരയിൽ തിരുകിക്കൊണ്ടാണോ ഈ കാലമാടൻ നടക്കുന്നതെന്ന് ആരറിഞ്ഞു?

കുടിച്ചു കൊണ്ടിരുന്ന മത്തായി സംഗതി പന്തികേടാണെന്നു കരുതി എണീറ്റോടി അടുത്ത നിമിഷത്തിനുള്ളിൽ ഇവിടെയൊരു കൊലപാതകം നടക്കും ഒരു കുപ്പി കള്ള് കുടിക്കാൻ വന്നതിന്റെ പേരിൽ അതിനു സാക്ഷിയാകാൻ  തനിക്കു വയ്യ. ചിലപ്പോ വറീതിനെ തട്ടി സാക്ഷിയായ തന്നേയും വാസു തട്ടും. 

സാധാരണ വൈകുന്നേരങ്ങളിൽ  കള്ള് കുടിക്കാൻ വരാറുള്ള മത്തായിക്ക് അന്ന്  ഉച്ചയായപ്പോൾ ഒരു ഉൾവിളി പോലെ  വെള്ളം ദാഹം തോന്നുകയും അത് തീർക്കാൻ കള്ളു ഷാപ്പിലേക്ക് വരുകയുമായിരുന്നു. 

ഒരു നാരങ്ങാ വെള്ളം കുടിച്ച് ദാഹം തീർത്താപ്പോരെയെന്ന്, മത്തായിയുടെ മനസ്സ് മത്തായിയോട് ചോദിച്ചെങ്കിലും കള്ള് കുടിച്ച് ദാഹം തീർത്താ മതിയെന്ന് മറ്റൊരു മനസ്സ് മത്തായിയോട് വാദിക്കുകയും ഒടുവിൽ ജയിക്കുകയും ചെയ്തു.

അതും ഇത്രനാളും പാവം പോലെ കള്ള് കൊണ്ട് വന്ന വാസു ഇത്രേം വലിയ ഭീകരനാണെന്ന് അറിഞ്ഞത് ഓർക്കും തോറും മത്തായി ഞെട്ടിക്കൊണ്ടിരുന്നു, മീൻചാറെന്താ ചുവന്നിരിക്കുന്നതെന്ന് ചോദിച്ച് വാസുവിനെ ഒന്ന് കളിയാക്കാൻ കൂടി മത്തായിയുടെ മനസ്സ് ആഗ്രഹിച്ചതായിരുന്നു, ഭാഗ്യം തന്റെ ചോര ചോദിച്ച് അവൻ ചോദിച്ചേനേ , ഇതിനെന്താ ചുവപ്പു നിറമെന്ന് .

മുടിയഴിച്ചിട്ട വാസുവിനെ കണ്ടതോടെ ഇതെന്ത് ജീവിയാണെന്നാ മത്തായി ഓർത്തത്. ഭാഗ്യം തമാശക്ക് പോലും ഒന്നും പറയാതിരുന്നത് ഒരു കുപ്പി കള്ള് കുടിച്ചു കഴിഞ്ഞാലുള്ള മത്തായിയുടെ സ്വഭാവമാണ് ആരെയെങ്കിലും കളിയാക്കുക എന്നുള്ളത് ഏതായാലും അന്നത്തെ സംഭവത്തോടെ മത്തായി ആ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞു.

കാണുമ്പോലെയല്ലല്ലോ കർത്താവേ ഓരോരുത്തരെന്ന് കർത്താവിനോടൊരു പരിഭവം പറയേം ചെയ്തു.  

ഒരു ആശ്രയത്തിനായി മത്തായിയെ നോക്കിയ വറീതിനോട് , മത്തായിക്ക് കൊടുത്ത മീൻ കഷ്ണം, എന്നെ തിന്നാതെ മത്തായി ജീവനും കൊണ്ടോടിയെന്ന് വറീതിനോട് പറയാതെ പറഞ്ഞു. 

എന്താടാ നിനക്കെന്നെ തല്ലണോ ? വാസു വീണ്ടും അലറി.

 വേണ്ടായെന്ന് വറീത് ചുവലുകൾ കൊണ്ട് ആംഗ്യം കാണിച്ചു.  

എടായെന്നൊക്കെ വിളിക്കുന്ന വാസുവിന്റെ ആ മറു രൂപം വറീത് ആദ്യമായി കാണുകയായിരുന്നു പണിക്കു വന്ന ദിവസം മുതൽ തന്നെ മുതലാളിയെന്നായിരുന്നു വാസു വിളിച്ചോണ്ടിരുന്നത് ആ വിളി കേൾക്കാൻ ഇഷ്ട്ടമുണ്ടായിരുന്നുവെങ്കിലും  മറ്റുള്ളവരുടെ മുന്നിൽ വെച്ച് എന്തോ അർഹതയില്ലാത്തതല്ലേയെന്നുള്ളൊരു തോന്നൽ ഉള്ളിൽ തികട്ടി വരുന്നതുകൊണ്ടാ വറീതന്ന്  പറഞ്ഞത്. 

എന്നെ വറീതേട്ടായെന്ന് വിളിച്ച മതിയെന്റെ വാസോ. 

താൻ എല്ലാവർക്കും  ചേട്ടനാണെന്നുള്ള വലിയൊരു  ആദർശം കൂടി വറീതതിലൂടെ വിളമ്പി. 

ആ വറീതേട്ടായെന്നുള്ള വിളി മാറ്റിയിട്ടാ  വാസു എടാ ..ന്ന് വിളിച്ചത് സത്യത്തിൽ വാസുവും, വറീതും തമ്മിൽ  വലിയ പ്രായവ്യത്യാസമൊന്നുമില്ല. വാസുവിന്റെ ആ എടാ വിളി കേട്ടതോടെ വറീതിന്റെ ഉള്ളിലുള്ള ആദർശവും, ഏട്ടനും, വറീതും എല്ലാവരും ഒരുമിച്ച് ഞെട്ടി.

അയ്യോ പാവം എന്ന പോലെ താഴോട്ട് തൂങ്ങിക്കിടന്ന  മീശ, വാസു മുകളിലോട്ട് പിരിച്ചു വെച്ചു .  അതോടെ വാസു മറ്റൊരു രൂപമായി മാറിയെന്ന്  വറീതിന് തോന്നി. വാസുവിന്റെ കണ്ണുകൾ ചുവന്നു, മീശ വിറച്ചു, ചുരുളഴിഞ്ഞ  മുടി തുള്ളി അതുകണ്ട് വറീത് വിറച്ചു.  അതിനും മീതെ വറീതിന്റെ മുന്നിൽ വെച്ച്  ഒരു കുപ്പി കള്ളെടുത്ത് വാസു മട മടാ കുടിച്ചു എന്നിട്ട് ആ കുപ്പി ഒറ്റ ഏറ് ഏറിഞ്ഞു അത് ഡെസ്കിൽ വീണ് പൊട്ടിച്ചിതറി .

അത് കണ്ട്  വറീത് ഞെട്ടിപ്പോയി.

 കള്ളു കുടിച്ചോണ്ടിരുന്ന കപ്യാര് ഈനാശു ചേട്ടൻ എന്റെ കർത്താവെന്നും നിലവിളിച്ചോണ്ട് ചാടി  ഇറങ്ങിയോടി . 

ഉച്ചക്ക് പള്ളിമണിയടിക്കുന്നതിനു മുന്നേ ഒരു കുപ്പി മോന്താൻ വന്നതായിരുന്നു ഈനാശു ചേട്ടൻ . അതിപ്പോ തന്റെ  മരണമണിയായേനെന്നോർത്ത്  ഈനാശു ചേട്ടൻ വിറച്ചു.   

കള്ള് കുടിക്കാൻ വന്ന രാമേട്ടൻ ഷാപ്പിനുള്ളിൽ നിന്നൊരു  കുപ്പി പറന്നു വരുന്നത് കണ്ട് കുഴപ്പമെന്ന് തിരിച്ചറിയുകയും അന്നത്തെ കള്ളു കുടി ക്യാൻസൽ ചെയ്യുകയും  ചെയ്തു. 

ഇന്ന് കള്ള് കുടിക്കുന്നത്  തന്റെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് തിരിച്ചറിഞ്ഞതോടെ രാമേട്ടൻ മുങ്ങി. 

ആരെങ്കിലും ഷാപ്പിലേക്ക് വരണേയെന്ന വറീതിന്റെ പ്രാർത്ഥനയെ  അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു രാമേട്ടന്റെ മുങ്ങൽ. 

സൈക്കിളിൽ തന്റെ വരവറിയിച്ചു കൊണ്ട് മുഴുനീളെ ബെല്ലടിച്ചു  വന്ന രാമേട്ടൻ, സൈക്കിൾ ചവിട്ടുന്നതിലും സ്പീഡിലാണ് ഉന്തിക്കൊണ്ട്  തിരിയെ  പാഞ്ഞു പോയത് . അതിനിടയിൽ പിന്നോട്ട് നോക്കി, വാസു വരുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനിടയിൽ സൈക്കിളിൽ കാലുടക്കി താഴെ വീഴുകയും  ചെയ്തു. 

എന്തിനാ രാമാ ഇങ്ങനെ പേടിക്കണേയെന്ന് സ്വന്തം മനസ്സ് രാമേട്ടനോട് ചോദിച്ചെങ്കിലും .., കത്തിയുമായി കുത്താൻ വരുമ്പോ പിന്നെ  പേടിക്കേണ്ടെന്നും  ചോദിച്ചാ രാമേട്ടൻ പാഞ്ഞത്. 

അടുത്ത നിമിഷം, വാസു അരയിൽ നിന്നും മറ്റൊരു  കത്തി കൂടി  വലിച്ചൂരി അത് കണ്ട് വറീത് വീണ്ടും  ഞെട്ടി.  

ഇത്രക്കധികം കത്തികൾക്കൊന്നും താനില്ലായെന്നും പറഞ്ഞ് വറീത് ഉള്ളിൽ കരഞ്ഞു. 

എന്റെ  കർത്താവേ, ഇത്രയും നാളൊരു   മൂർഖൻ പാമ്പായിരുന്നോ തന്റെ പിന്നാലെ ചേട്ടാ.. ചേട്ടായെന്നും വിളിച്ചോണ്ട് നടന്നിരുന്നത് ?  ആ കള്ള്,  വാസു  കുടിച്ചോട്ടേയെന്നും കരുതി  കണ്ണടച്ച് കിടന്നാമതിയായിരുന്നു. ഇനിയിപ്പോ പറഞ്ഞിട്ടെന്തു  കാര്യം ?  ഇത്രേം വലിയ പിശാചായിരുന്നു വാസു എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ലല്ലോ ? തന്റെ  ഭാഗ്യം, ആദ്യം തന്നെ അവനിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നാഞ്ഞിരുന്നത്  എന്നാ, പിന്നെ  അവൻ തന്നെ കത്തിയിൽ കോർത്തേനേ. 

എന്തെങ്കിലും തിന്നാൻ  കിട്ടുമെന്ന് കരുതി വാസുവിന്റെ കാല്  നക്കാൻ വന്ന മണികണ്ഠൻ പൂച്ച കത്തി കണ്ടതോടെ അത് പിന്നത്തേക്ക് മാറ്റി വെച്ചു. സാധാരണ വാസുവിന്റെ കാലിൽ മുട്ടിയുരുമ്മി നിൽക്കുമ്പോഴൊക്കെ വാസു മീന്റെ തലയും മറ്റുമൊക്കെ  ഇട്ട് കൊടുക്കാറുള്ളതാ, ആ പ്രതീക്ഷയിലായിരുന്നു മണികണ്ഠൻ വന്നത്. പക്ഷെ സംഗതി പന്തികേടാണെന്ന്  മനസ്സിലായതോടെയാണ്  ആ നക്കൽ പരിപാടി മണികണ്ഠൻ മാറ്റിവെച്ചത്. 

മീന്റെ തല പ്രതീക്ഷിച്ച് അവസാനം തന്റെ തല പോകുമോയെന്ന് മണികണ്ഠനു പേടിയുണ്ടായിരുന്നു. 

കൈയ്യിലുള്ള ഉറുമി,  വാസു അന്തരീക്ഷത്തിൽ ഒരു വീശുവീശി.. ഒരു ശീൽക്കാരം .  അതോടെ  എന്റെ കർത്താവെയെന്നും നിലവിളിച്ചോണ്ട് വറീത് പുറത്തേക്കോടി  .

 ഞങ്ങളുടെ ഗ്രാമത്തിലെ  പുതിയൊരു റൗഡിയുടെ ഉദയമായിരുന്നൂവത്..

 ഉറുമി വാസു .

ഞൊണ്ടിക്കാലൻ വാസു,  അന്നു മുതൽ  ഉറുമി വാസുവായി മാറി . 

അന്നുമുതൽ  വാസുവിന് എന്തും ഫ്രീയായി,  അല്ലെങ്കി വാസു കൊടുക്കാറില്ല കാശ് ചോദിക്കുന്നവർ വാസുവിന്റെ കൈയ്യുടെ ചൂടറിഞ്ഞു. പലചരക്കു കടക്കാരൻ സുപ്രു ഒരു പ്രാവശ്യം,  കാശു ചോദിച്ചത് മാത്രമേ ഓർമ്മയുണ്ടായുള്ളൂ  പടക്കം പൊട്ടുന്നൊരു  ശബ്ദം  കേട്ട് എല്ലാവരും ഞെട്ടി. 

ആരെടാ കടയ്ക്കു പുറത്ത് പടക്കം പൊട്ടിക്കുന്നതെന്ന് ? സുപ്രുവും  അലറി. 

എല്ലാവരും സുപ്രുവിനെ നോക്കി, അതോടെ  സുപ്രു എല്ലാവരേയും നോക്കി കരഞ്ഞു. അത്രക്കും വലിയ അടിയായിരുന്നുവത് .  ആ അടിയിൽ സുപ്രു കുറച്ചു നേരം പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞു നിന്നു . പിന്നെ വാസുവിനോട് കാശ് വേണ്ടാന്ന് പറഞ്ഞു, പിന്നെ വാസുവിനെ നോക്കി ചിരിച്ചു.  

വാസു തന്റെ ഷർട്ടൊന്ന്  പൊക്കി.., അതോടെ  ആരോ അലറി

 വാസു ഉറുമിയെടുത്തു ..  

അതുകേട്ട്, സുപ്രു ബോധം കെട്ടു വീണു. കടയിൽ പൊതിഞ്ഞു കൊടുക്കാൻ നിക്കുന്ന മത്തായി ചാടിയിറങ്ങി ഓടി. സാമാനം വാങ്ങാൻ വന്ന, സൈക്കിളു കടക്കാരൻ അന്തോണി പാടത്തേക്ക് ചാടി തിരിഞ്ഞു നോക്കാതെ സ്വന്തം വീടും കടന്നോടി .  സൈക്കിളെടുക്കാൻ പോലും നിക്കാതെയാണ് അന്തോണിയാ ആ പാച്ചിലു  പാഞ്ഞത് .

സത്യത്തിൽ വാസു ബീഡി എടുക്കാൻ മടിയിൽ തപ്പിയതായിരുന്നു. 

നിനക്കിതിന്റെ വല്ല ആവശ്യമുണ്ടായിരുന്നോ എന്റെ സുപ്രൊ..?

 ചായ കുടിക്കാൻ വന്ന സുപ്രുവിനോട് പാക്കരൻ ചേട്ടൻ  ചോദിച്ചതോടെ  സുപ്രു വീണ്ടും കരഞ്ഞു.

ഇനി അവനെ കണ്ടാ ഞാൻ കൊല്ലുമെന്ന് മത്തായി സുപ്രുവിന്റെ മുന്നിൽ വെച്ച് അലറി. അവന്റെ ആത്മാർത്ഥത  കണ്ട സുപ്രു വീണ്ടും കരഞ്ഞു.

എന്നിട്ടെന്താടാ വായുഗുളിക മേടിക്കാൻ പായുന്ന പോലെ അപ്പൊ ഓടിയത് ?

ഞാൻ കത്തിയെടുക്കാൻ ഓടിയതാണെന്നാ മത്തായി പറഞ്ഞത്. 

ഒരു കയറിൽ, നൂറു കത്തികൾ തൂക്കിയിട്ടട്ടുള്ള കടയിൽ നിന്ന്, മത്തായി കത്തിയെടുക്കാനാണ്  ഓടിയതെന്നു പറഞ്ഞതിന്റെ പൊരുൾ സത്യത്തിൽ സുപ്രുവിന് മനസ്സിലായില്ലെങ്കിലും, മത്തായിയെ കൂടുതൽ വിഷമിപ്പിക്കേണ്ടന്നു കരുതി പിന്നെ മറ്റുള്ളവരൊന്നും ചോദിച്ചില്ല. 

പാവം ആത്മാർത്ഥത കൊണ്ട് പറയുന്നതല്ലേയെന്ന് കരുതി എല്ലാവരും  മിണ്ടാതിരുന്നു.  

നിങ്ങൾക്ക് അവനിട്ട് രണ്ടു പൊട്ടിക്കാമായിരുന്നില്ലേയെന്നാ ഭാര്യ ശാരദ സുപ്രുവിനോട് ചോദിച്ചത്.   

മൂധേവി, തല്ലും കൊണ്ട് വന്ന തന്നെ ആവേശം കൊള്ളിച്ച് കൊലക്ക് കൊടുക്കാൻ നടക്കാണെന്നാ സുപ്രു മനസ്സിൽ പറഞ്ഞത്. 

പണ്ട്,  വാസുവിനെക്കൊണ്ട് ചായ ഗ്ലാസ്സ് കഴുകിച്ചതോർത്ത് പാക്കരൻ ചേട്ടൻ ഇപ്പോ ഞെട്ടാറാണ് പതിവ്. 

അന്നുതൊട്ട് ഞങ്ങളുടെ ഗ്രാമത്തെ വിറപ്പിച്ചുകൊണ്ട് വാസുവിന്റെ തേർവാഴ്ചയായിരുന്നു. ഇപ്പൊ വാസു ചായകുടിക്കാൻ വരുന്നത് കാണുമ്പോഴേക്കും പാക്കരൻ ചേട്ടൻ എണീറ്റ്  ചായയുമായി  റെഡിയായി നിൽക്കും. റോമുവാണെങ്കിൽ എപ്പോഴും വാസുവിനെ നോക്കി വാലാട്ടിക്കൊണ്ടിരിക്കും. ഇതിൽ പാക്കരൻ ചേട്ടന് നല്ല എതിർപ്പുണ്ടെങ്കിലും എതിർപക്ഷത്ത് വാസുവായതുകൊണ്ട് കണ്ണടക്കും.  

വാസുവിനാണെങ്കിൽ ഇതൊക്കെ കാണുമ്പോൾ പെരുത്ത സന്തോഷവും. 

ഒരു പ്രാവശ്യം വാറ്റുകാരൻ റപ്പായിയുടെ നായ സുഗുണനെ, വാസു ഉറുമിയെടുത്ത് വീശിയതായിരുന്നു .

വാസുവിനെ ദൂരെ നിന്ന് കണ്ടതോടെ  ഓടി ചെന്നതായിരുന്നു സുഗുണൻ .  ആരെക്കണ്ടാലും അവനിതു പതിവാ . വരുന്നവർ  എന്തെങ്കിലുമൊക്കെ തിന്നാൻ കൊടുക്കുന്നത്  കിട്ടാൻ വേണ്ടിയുള്ള സുഗുണന്റെ സോപ്പിടലാണത്.

കാലുകൾക്ക് ജന്മനാ വളവുള്ള സുഗുണൻ ഞൊണ്ടിക്കൊണ്ട് ഓടി വരുന്നത് കണ്ടപ്പോ  തന്നെ അനുകരിക്കുന്നത് പോലെയാ വാസുവിന് തോന്നിയത്.

 പരട്ടു നായേ  കളിയാക്കുന്നോ ? എന്നലറിക്കൊണ്ട് വാസു ഉറുമിയെടുത്തു വീശി . അതോടെ വന്നതിനേക്കാൾ വേഗത്തിൽ സുഗുണൻ തിരിഞ്ഞോടി. 

ഒരു വട്ടം ഓടിത്തീർത്തതിനു ശേഷം, സുഗുണൻ ആശ്വാസത്തോടെ കണ്ണു തുറന്നു നോക്കിയപ്പോൾ അതാ  വാസു വീണ്ടും മുന്നിൽ, അതോടെ ആ പാവം തല ചുറ്റി വീണു.

കാലുകൾക്ക് വളവുള്ള കാരണം സുഗുണൻ നേരെ ഓടിയാലും വളഞ്ഞേ എത്തത്തുള്ളൂ . ഭൂമി ഉരുണ്ട കാരണാ അങ്ങനേന്നാ റപ്പായി പറയാറ്.   

എന്റെ വാസോ അത് നമ്മടെ നായാടാ , വാറ്റുകാരൻ വറീത് വിറച്ചുകൊണ്ടാ പറഞ്ഞത്. 

ആരുടെ നായ ആയാലെന്താ ആളെ കളിയാക്കുന്നോ? 

വാസു പറഞ്ഞതുകേട്ട് റപ്പായി കണ്ണു മിഴിച്ചു. 

ഈ പാവം പിടിച്ച നായ വാസുവിനെ എന്ത് കളിയാക്കിയെന്നാ  ?

അവൻ ഞൊണ്ടിക്കൊണ്ട് വന്നത് താൻ കണ്ടില്ലേ? 

എന്റെ വാസോ, അതവനു ജന്മനായുള്ള ഞൊണ്ടലാടാ . 

അതൊന്നും എനിക്കറിയില്ല ഞാൻ വരുമ്പോ ആരും ഞൊണ്ടരുത്.

അതീപ്പിന്നെ ,വാസു വരുന്നത് കാണുമ്പോ ആരും ഞൊണ്ടാറില്ല.

ഒരു പ്രാവശ്യം പലചരക്കു കടക്കാരൻ ,സുധാകരേട്ടന്റെ ചെക്കൻ സുബ്രമണ്യൻ കാലിൽ മുള്ളു കുത്തി ഞൊണ്ടിക്കൊണ്ട് വരുമ്പോ വാസുവിനെ കണ്ടതും കുറ്റി നാട്ടിയിട്ടതു പോലെ അവിടെ നിന്നു സ്വന്തം സുരക്ഷ ഉറപ്പാക്കി .

പിന്നെ പിന്നെ വാസൂനെ കാണുമ്പോഴൊക്കെ സുഗുണൻ മിണ്ടാതെ കിടക്കാറാണ് പതിവ് താൻ നടന്നാലല്ലേ പ്രശ്നമുള്ളൂ. 

കുറച്ചു നാളുകൾക്ക് ശേഷമുള്ള ഒരു അന്നായിരുന്നു ഞങ്ങളുടെ ഗ്രാമത്തിൽ തന്നെയുള്ള സോമേട്ടനും , വാസുവിന്റെ കൈയ്യീന്ന് തല്ലു കൊള്ളാൻ ഭാഗ്യമുണ്ടായത്. 

കാലിനു മുടന്തുള്ള, ഞങ്ങളുടെ ഗ്രാമത്തിലെ ഏക വ്യക്തി കൂടിയായിരുന്നു സോമേട്ടൻ. (സുഗുണനെ കൂട്ടാതെ )

അന്ന് സോമേട്ടനെ സംബന്ധിച്ചോരു  കരി ദിനമായിരുന്നുമെന്ന് വിലയിരുത്താം.  

ദിവസവും രാവിലെ പത്തുമണിക്ക്, ഒരു ചായയും  കുടിച്ച് പേപ്പറും വായിക്കാൻ പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് പോകുമായിരുന്ന  സോമേട്ടൻ അന്നെണീറ്റപ്പോൾ കണി കണ്ടത് ഭാര്യ ശാന്തയുടെ മുഖമായിരുന്നു. 

ഈ കണിയിലും, രാശിയിലുമൊക്കെ വല്യ വിശ്വാസമുള്ള ആളാണ് സോമേട്ടൻ. പുറത്തേക്കിറങ്ങുമ്പോൾ കണി നിർബന്ധമാണെന്നതും അത് സ്വന്തം മുഖം തന്നെയായിരിക്കണമെന്നുള്ളത്  അതീവ നിർബന്ധമാണെന്നുള്ളതും വെച്ചു പുലർത്തുന്ന മനുഷ്യൻ . 

 നിങ്ങൾക്കൊരു പ്രാവശ്യം എന്റെ മുഖം കണ്ടു പോയാലെന്താ മനുഷ്യാന്ന്   ഒരു വട്ടം ശാന്തേടത്തി, ശ്രിങ്കാരലോലുപയായി ചിരിച്ചു കൊണ്ട്  സോമേട്ടനോട് ചോദിക്കുകയും , നിങ്ങൾക്ക് ഭാഗ്യങ്ങളുടെ കുത്തൊഴുക്കായിരിക്കുമെന്ന്  പ്രലോഭിപ്പിക്കുകയും ചെയ്തു .  

ശരിയാണോടി എന്ന് ചോദ്യഭാവത്തിൽ സോമേട്ടൻ, ശാന്തേടത്തിയെ നോക്കിയെങ്കിലും , നിങ്ങള് നോക്കിക്കോ സോമേട്ടാ  അത്രക്കും രാശിയുള്ള മുഖമാ എന്റേതെന്നും പറഞ്ഞ് ശാന്തേടത്തി ഒന്ന് കൂടി  ശ്രിങ്കാരം  കൂട്ടി ചിരിക്കുകയും അതിലൂടെ സോമേട്ടന്റെ ആത്മവിശ്വാസത്തെ  വർദ്ധിപ്പിക്കുകയും ചെയ്തു . 

സത്യത്തിൽ ശാന്തടത്തി പിറന്ന അന്ന്, ശാന്തേടത്തിയുടെ അച്ഛൻ  വാസുപ്പണിക്കര് കവടി നിരത്തുന്നതിനിടയിൽ ഒരു കവടിയെടുത്ത് വായിൽ വെക്കുകയും, തനിക്കൊരു മോളാണ് പിറന്നതെന്ന വാർത്തയറിഞ്ഞ്  എനെറെ മോളെന്ന് .. ആഘോഷപൂർവ്വം  വിളിക്കുകയും ആ വിളിയോടെ വായിലിരുന്ന കവടി അങ്ങ് ശ്വാസകോശത്തിലോട്ട് കേറിപ്പോയി കവടി നിരത്തുകയും ചെയ്തതോടെ  കവടികൾ ഇല്ലാത്ത ലോകത്തേക്ക് വാസുപ്പണിക്കർ പോയത് പാവം  സോമേട്ടൻ  അറിയാത്ത ഒരു സത്യമായിരുന്നു .

അന്നുവരേക്കും സ്വന്തം മുഖം കണ്ണാടിയിൽ നോക്കി കണി കണ്ട് യാത്ര പോയിരുന്ന സോമേട്ടൻ അന്നാദ്യമായി, സ്വന്തം ഭാര്യയുടെ മുഖം കണ്ടാണ് യാത്ര പോയത്. അന്ന് ഭാഗ്യത്തിന്റെ കുത്തൊഴുക്കായിരിക്കുമെന്ന ശാന്തേടത്തിയുടെ  വാക്കുകളും കേട്ട് സൈക്കിളിൽ പണിക്കുപോയ സോമേട്ടന്റെ മെത്തേക്ക് ഒരു കാര്യവുമില്ലാതെ ഒരു ഓട്ടോറിക്ഷ പാഞ്ഞു വരുകയും,  

എന്നെ ഇടിക്കല്ലേയെന്ന് സോമേട്ടൻ വിളിച്ചു പറയുന്നതിനു മുന്നേ ഇടിച്ചു വീഴ്ത്തുകയും ചെയ്തു  . വേദനകൊണ്ട് വാവിട്ടു കരഞ്ഞ സോമേട്ടന്..ഇന്ന് നിങ്ങൾക്ക് ഭാഗ്യങ്ങളുടെ കുത്തൊഴുക്കായിരിക്കും മനുഷ്യാ ..ന്നും   പറഞ്ഞ ശാന്തേടത്തിയുടെ വാക്കുകളാ കാതുകളിൽ മുഴങ്ങിയത് .

അതീപ്പിന്നെ  ശാന്തേടത്തിയുടെ മുഖം യാദൃശ്ചികമായെങ്കിലും കാണാതിരിക്കാൻ സോമേട്ടൻ പരമാവധി ശ്രദ്ധിച്ചിരുന്നു.

അന്ന് കണ്ണാടി നോക്കുന്നതിനു മുന്നേ ശാന്തേടത്തിയുടെ മുഖം  കണ്ടതോടെ സോമേട്ടന്റെ ഇടനെഞ്ചിലൂടൊരു ഇടിവാൾ പാഞ്ഞുപോവുകയും, എന്റെ ഭഗവാനെ ഇന്നെന്തൊക്കെ അനർത്ഥങ്ങളാണാവോ  നേരിടേണ്ടിവരുകയെന്ന് മനസ്സിൽ പ്രാവുകയും ചെയ്തത് .  അതിൽ ആദ്യത്തെ അനർത്ഥമായിരുന്നു ചായക്കടയിലേക്കുള്ള ആ യാത്രയിൽ സോമേട്ടന്  നേരിടേണ്ടി വന്നത്. 

ആ അനർത്ഥം വന്നതാണെങ്കിൽ  ഉറുമി വാസുവിന്റെ രൂപത്തിലും. 

ഒരു കാലിന് ജന്മനാ സ്വാധീനക്കുറവുള്ള സോമേട്ടൻ സാധാരണ സൈക്കിളിലാണ്  ചായ കുടിക്കാൻ  വരാറുള്ളതെങ്കിലും , അന്ന്  ശരീരത്തിനൊരു  എക്സർസൈസ്  ആയിക്കോട്ടേന്നു കരുതി  നടന്നു പോകാമെന്നു തീരുമാനിക്കുകയും, നടന്നുപോവുകയുമായിരുന്നു . 

കഷ്ടകാലമെന്നല്ലാതെന്തു  പറയാൻ ? അല്ലെങ്കിൽ ശാന്തേടത്തിയെ കണി കണ്ട  ദിവസം സോമേട്ടന്  ലോട്ടറി അടിച്ചതായിരിക്കും.  സോമേട്ടന്റെ പുറകിലായി   ഉറുമി വാസുവും ചായ കുടിക്കാനായി വരുന്നുണ്ടായിരുന്നു. 

സാധാരണ ഉറുമി വാസുവും സൈക്കിളിലാണ് വരാറുള്ളതെങ്കിലും, അന്ന് ഉറുമി വാസുവിന്റെ സൈക്കിൾ പഞ്ചറായിരുന്നു.  പ്രപഞ്ചം പോലും സോമേട്ടന്  എതിരായിരുന്നു .  മുന്നിൽ ഒരുത്തൻ ഞൊണ്ടിക്കൊണ്ട് പോകുന്നത് കണ്ടപ്പോൾ തന്നെ കളിയാക്കുന്നതു പോലെയാണ് ഉറുമി വാസുവിനു  തോന്നിയത്. 

എടാ... ന്നലറിക്കൊണ്ട് ഉറുമിവാസു പാഞ്ഞു വരുന്നത് കണ്ടപ്പോഴും സോമേട്ടന് അപകടമൊന്നും  തോന്നിയില്ല. കാരണം ഒരു ശത്രുതയുമില്ലാത്ത തന്നെ പിടിച്ച്  ഉറുമി  വാസുവിന് ഇടിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇടി കിട്ടുന്ന വരേയ്ക്കും സോമേട്ടന്റെ ചിന്ത. അതോടൊപ്പം ഇന്നേത് പാവത്തിനാണോ വാസുവിന്റെ ഇടി  കിട്ടാൻ പോകുന്നതെന്നുള്ള  സന്തോഷവും സോമേട്ടനുള്ളിൽ  വലയം ചെയ്തു .  അതുകാരണം  ഇന്നത്തെ ചായക്ക്  കടിയും  ആവശ്യവുമില്ല , കാശും ലാഭായി . 

തനിക്കിട്ടാണ് ആ ഇടി, ഓടി വരുന്നതെന്നുള്ള  ചെറിയൊരു സൂചനയെങ്കിലും കിട്ടിയിരുന്നുവെങ്കിൽ  സോമേട്ടൻ ജീവനും കൊണ്ട് പാഞ്ഞേനേ . 

പിന്നെ ശാന്തേടത്തി പറഞ്ഞതു പോലെ ഇന്ന് നിങ്ങൾക്ക് ഭാഗ്യങ്ങളുടെ കുത്തൊഴുക്കായിരിക്കും  മനുഷ്യാന്നുള്ള വാക്കുകളും സംശയലേശയമെന്യേ സോമേട്ടനെ  അവിടെത്തന്നെ പിടിച്ചു നിറുത്താനുള്ള കാരണമായി.  

 സോമേട്ടന്റെ ബുദ്ധിയും  അത് തന്ന്യാ  സോമേട്ടന് പറഞ്ഞു കൊടുത്തതും , സോമാ ആ വരുന്നത് ഭാഗ്യാട്ടാ ന്ന് . 

 പക്ഷെ വാസു, സോമേട്ടന്റെ നേർക്ക് പാഞ്ഞു വരുന്നത് കണ്ട പാക്കരൻ ചേട്ടന് അപകടം മനസ്സിലാവുകയും  സോമേട്ടനോട് ഓടിക്കൊള്ളാൻ അലമുറയിടുകയും ചെയ്തു. 

ഈ ഞൊണ്ടിക്കാലും വെച്ച് അവനെങ്ങനെ ഓടാനാ പാക്കരായെന്ന് മീൻകാരൻ മമ്മദ് ചോദിച്ചതാ .

വാസുവിനും ഞൊണ്ടിക്കാലായതു കൊണ്ട്  സോമനെ പിടിക്കാൻ പറ്റില്ലെന്നായിരുന്നു പാക്കരൻ ചേട്ടന്റെ കണ്ടെത്തൽ . 

വാസു പാഞ്ഞു വരുന്നത്, പാക്കരൻ ചേട്ടനെ അടിക്കാനായിരിക്കും എന്നുള്ള ധാരണയിൽ സോമേട്ടൻ,  പാക്കരൻ ചേട്ടനെ നോക്കി ഓടാനായി കൂവിയെങ്കിലും അതിന്റെ പൊരുൾ പാക്കരൻ ചേട്ടനും മനസ്സിലായില്ല. 

ഇവനെന്തിനാ തന്നെ നോക്കി കൂവുന്നതെന്നായിരുന്നു പാക്കരൻ ചേട്ടന്റെ സംശയം.  ഇനി രക്ഷിക്കാൻ വേണ്ടി വിളിക്കായിരിക്കോ എന്നുള്ള  ചിന്തയിൽ  പാക്കരൻ ചേട്ടൻ വേഗം അകത്തേക്ക് മുങ്ങി.  സംഗതി പന്തികേടാണെന്ന് കണ്ടതോടെ മമ്മദും മുങ്ങി. 

എടാ മമ്മദേ കാശ് നാളെ തന്നാ മതിയെട്ടാന്ന് പാക്കരൻ ചേട്ടൻ ഉള്ളിൽ നിന്ന് വിളിച്ചു പറയേം ചെയ്തു .

പാഞ്ഞു വരുന്ന അപകടം മനസ്സിലാവാതെ നിന്ന സോമേട്ടനെ, വാസു ഇടിച്ചു ചമ്മന്തിയാക്കി.  എന്നെ കൊല്ലല്ലേയെന്നുള്ള സോമേട്ടന്റെ കരച്ചിലു  കേട്ടാ നാട്ടുകാരെല്ലാം ഓടിക്കൂടിയത് . 

എന്റെ  വാസു, എന്തിനാടാ  ആ പാവത്തിനെ ഇങ്ങനെയിട്ട്  ഇടിക്കുന്നേ ? ഓടിവന്ന അവറാൻ ചേട്ടനാ അത്  ചോദിച്ചത്. 

ഇവനെന്നെ കളിയാക്കാൻ  ഞൊണ്ടി നടന്നെന്നും പറഞ്ഞ് വാസു ചീറി.

അതുകേട്ട് സോമേട്ടനും, സോമേട്ടന്റെ കാലും , നാട്ടുകാരും ഞെട്ടി.

ഞൊണ്ടുള്ള കാലുകൊണ്ട് ഞൊണ്ടാതെ എങ്ങിനെയാ നടക്കായെന്നും ചോദിച്ച്  സോമേട്ടൻ വാ കീറി കരഞ്ഞു . 

എന്റെ വാസോ ഇതവന് ജന്മനായുള്ളതാടാന്നും  പറഞ്ഞ് പാക്കരൻ ചേട്ടനാ  ഒരു വിധത്തിൽ വാസുവിനെ സമാധാനിപ്പിച്ചത്. അതോടൊപ്പം നീയൊന്ന്  നടന്നു  കാണിച്ചേടാ സോമായെന്ന് പറയേം ചെയ്തു. 

 ഇടി കിട്ടിയ ആഘാതത്തിൽ തന്റെ മുടന്തുള്ള കാല് ഏതാണെന്നു കൂടി സോമേട്ടൻ  മറന്നു രണ്ടു കാലുകൊണ്ടും ഞൊണ്ടി ഞൊണ്ടി നടന്നു.  അതോടെ മനസ്സലിഞ്ഞ വാസു ബോണ്ടയും ചായയും വാങ്ങിക്കൊടുത്തെങ്കിലും പിണങ്ങിയ സോമേട്ടൻ കുടിച്ചില്ല കുടിച്ചോളാൻ സോമേട്ടന്റെ മനസ്സിന്റെ  ഒരു ഭാഗം പറഞ്ഞെങ്കിലും അതും സോമേട്ടൻ കേട്ടില്ല. 

എന്റെ സോമാ നീ അവന്റെ കൈയ്യീന്ന് ഇനീം തല്ലു വാങ്ങാൻ നിക്കാതെ വേഗം  കുടിച്ചോളാൻ പാക്കരൻ ചേട്ടൻ പറഞ്ഞതോടെ സോമേട്ടൻ വേഗം കുടിച്ചു ഇനി ഇവൻ തല്ലിയാ, അവനെ ഞാൻ കൊല്ലുമെന്ന് അതോടൊപ്പം മനസ്സിൽ പറയേം ചെയ്തു. 

വാസുവിന്  ഒരു നന്ദി കൂടി പറഞ്ഞിട്ടാ സോമേട്ടൻ വീട്ടിലേക്ക് പോയത് ആ നന്ദി എന്തിനായിരുന്നുവെന്ന് വാസുവിനും നാട്ടുകാർക്കും അജ്ഞാതമായിരുന്നു. തല്ലു കിട്ടിയതോടെ പാവത്തിന്റെ സ്വബോധം പോയിരിക്കുമെന്നാ പാക്കരൻ ചേട്ടൻ മനസ്സിൽ പറഞ്ഞത് .

വീട്ടിൽ ചെന്നു കേറിയ വശം ഭാര്യ ശാരദക്കിട്ട്, സോമേട്ടൻ രണ്ടു പൊട്ടിക്കേം ചെയ്തു. 

ഇനി മേലാൽ, ഞാൻ പുറത്തേക്കിറങ്ങുമ്പോ  എന്റെ മുന്നിൽ വന്നുപോയാ മൂധേവി നിന്നെ ഞാൻ കൊല്ലുമെന്നും പറഞ്ഞാ സോമേട്ടൻ താങ്ങിയത്. 

ഈ മനുഷ്യന് വട്ടായിപ്പോയെന്നും പറഞ്ഞ് ശാന്തേടത്തി ഓടി.

അന്നുമുതൽ സുരക്ഷയുടെ  ഭാഗമായി, കിടക്കുമ്പോൾ  ഒരു കണ്ണാടി കൂടി  നെഞ്ചോട് ചേർത്തുപിടിച്ചാണ് സോമേട്ടൻ ഉറങ്ങാറുള്ളത്. മൂത്രമൊഴിക്കാൻ പോകുമ്പോൾ പോലും ആദ്യം അതിൽ നോക്കിയാണ് എഴുന്നേൽക്കാറ്. സ്വന്തം മുഖം ഒഴികെ മറ്റൊരു മുഖത്തിലും സോമേട്ടന് അന്നത്തെ സംഭവത്തോടെ വിശ്വാസം നഷ്ടപ്പെട്ടു.  

ഒരു ഞൊണ്ടിക്കാലൻ കേറി റൗഡിയായതിൽ ഞങ്ങളുടെ ഗ്രാമത്തിലെ ആസ്ഥാന അലമ്പായ സുകുവിന് വലിയ ആത്മരോക്ഷമുണ്ടായിരുന്നു.

 അതുവരേക്കും ഒരു  റൗഡിയെന്ന് പേരെടുത്തിട്ടില്ലെങ്കിലും ആ പേരിലേക്കുള്ള വളർച്ചയുടെ പാതയിൽ ആയിരുന്നു സുകു. പക്ഷെ വാസുവിന്റെ വരവോടെ അത് മുരടിച്ചു പോയി. 

ഒരു ദിവസം ഷാപ്പുകാരൻ വറീതാ ചോദിച്ചത്  എന്റെ സുകോ നിന്റെ പേരിലൊന്നും ഒരു കാര്യവുമില്ല, ഇപ്പോ എല്ലാം വാസുവല്ലേ ?.

 വാസുവിനോടുള്ള ചൊരുക്ക് തീർക്കാൻ വറീത് കണ്ടെത്തിയ ഒരു മാർഗ്ഗമായിരുന്നു സുകുവിനെ പിരികേറ്റുക എന്നുള്ളത്. 

അത് കേട്ട് സുകുവിന്റെ രക്തം തിളച്ചു മറിഞ്ഞു. ആ സമയത്തു തന്നെയായിരുന്നു വാസു കള്ളു കുടിക്കാനായി ഷാപ്പിലേക്ക് വന്നതും. ഇന്നിവിടെ എന്തെങ്കിലും നടക്കുമെന്ന് വറീത് കണക്കുകൂട്ടി. 

സുകു, വാസുവിനെ ഇടിച്ചിട്ടു വേണം അതിന്റെ പുറകെ ചെന്ന്  വാസുവിനിട്ട് ഒരു താങ്ങു കൊടുക്കാമെന്നുള്ള  പ്രതീക്ഷയിൽ മുഷ്ടി ചുരുട്ടി നിന്നിരുന്ന  വറീതിന്റെ ആവേശം പതിന്മടങ്ങായി മാറി.  ഏതെങ്കിലും ദുർബ്ബല നിമിഷത്തിൽ  താൻ സുകുവിനെക്കാൾ മുന്നേ പോയി ഇടിക്കുമോയെന്നുള്ള പേടിയിൽ വറീത് ഒരു കൈ ഡെസ്ക്കിൽ പിടിച്ചിട്ടാണ് നിന്നിരുന്നത് .

അതുവരെക്കും  എവിടെ വാസു? എവിടെ വാസുവെന്ന് അലറിക്കൊണ്ടിരുന്ന സുകുവിന്റെ രക്തം  വാസുവിനെ കണ്ടതോടെ തണുത്തു, അതോടെ സുകുവും തണുത്തു. 

അതോടെ  തനിക്ക്  അന്തോണിച്ചേട്ടനെ കാണുവാനുണ്ടെന്നും പറഞ്ഞ് സുകു  മുങ്ങി . ഞങ്ങളുടെ ഗ്രാമത്തിൽ ആകെക്കൂടി ഒരു അന്തോണിയെ ഉള്ളൂ. ആ അന്തോണിയാണെങ്കിൽ രണ്ടുവർഷം മുന്നേ കർത്താവിന്റെ അടുത്തേക്ക് പോയവനാ  . കർത്താവിന്റെ അടുത്തുള്ള അന്തോണിയെ കാണാൻ ഇവനെങ്ങനെയാ  പോകുന്നതെന്നോർത്ത് വറീതിനും   മനസ്സിലായില്ല. 

പിന്ന്യാ, വാസുവിനെ കണ്ട് സുകു മുങ്ങിയതാണെന്ന തിരിച്ചറിവിലേക്ക് വറീത് എത്തിയത്. അതോടെ വറീതിന്റെ ആവേശവും തണുത്തു. അതുവരെ ആവേശം കൊണ്ട്  വിറച്ചു കൊണ്ടിരുന്ന മുഷ്ടിയുടെ വിറ, പേടികൊണ്ട് വറീതിന്റെ മനസ്സിലേക്ക് മാറി. ഭാഗ്യം താൻ അവിവേകമൊന്നും കാണിക്കാതിരുന്നത് ? വാസു തന്നെ ഉറുമി കൊണ്ട് ചീവിയേനേ അതോടെ  വറീതിന്റെ വിറ ഒന്നുകൂടി കൂടി .

ആയിടക്കാണ് ഇടിയൻ ജോണിക്ക് പകരമായി തുപ്പാക്കി ശെൽവം ഞങ്ങളുടെ ഗ്രാമത്തിൽ ഇൻസ്പെക്ടറായി  ചാർജ്ജെടുക്കുന്നത്. തമിഴ് വേരുകളുള്ള ശെൽവം എന്തിനിവിടെ ഇൻസ്പെക്ടറായി ചാർജ്ജെടുത്തുവെന്നുള്ളത് ഏവർക്കും അജ്ഞാതമായിരുന്നു . തുപ്പാക്കി സെൽവം എന്നാൽ പോലീസുകാർക്കിടയിലെ സിംഹമാണെന്നാണ് റൈറ്റർ തോമാസേട്ടൻ , പാക്കരൻ ചേട്ടന്റെ ചായക്കടയിൽ വെച്ച് പറഞ്ഞത്. 

മൂത്ത റൗഡികളെയെല്ലാം ഒതുക്കുന്നതിനായി തുപ്പാക്കി സെൽവത്തെയാണ്  അധികാരികൾ നിയോഗിച്ചിരുന്നത്  . പുലിയെ അതിന്റെ മടയിൽ ചെന്ന് വേട്ടയാടുന്നതാ സെൽവത്തിന്റെ രീതിയെന്നാ തോമാസേട്ടൻ പറഞ്ഞത്. 

അതിന് ഇവിടെ എവിടെ പുലിയെന്നാ പാക്കരൻ ചേട്ടൻ  ചോദിച്ചത് .

അതുകേട്ട് തോമാസേട്ടനൊന്നും മിണ്ടാതെ ചായ കുടിച്ച് എണീറ്റു പോയി . 

 പക്ഷെ ഇതു കേട്ട്  ഞെട്ടിയ മണികണ്ഠൻ പൂച്ച രായ്ക്കു രാമാനം നാടുവിട്ടു. പുലിയെ കിട്ടിയില്ലെങ്കിൽ പൂച്ചയെ വെടിവെച്ചു കൊല്ലുന്ന കാലമാണ് കലികാലമെന്നും പറഞ്ഞാ മണികണ്ഠൻ രായ്ക്കു രാമാനം സ്ഥലം കാലിയാക്കിയത്. 

വെടി കൊണ്ട് ചത്തുകഴിഞ്ഞ് താനൊരു പൂച്ചയാണെന്നു തിരിച്ചറിഞ്ഞിട്ട് വല്യ കാര്യണ്ടോ? ചിലപ്പോ താനൊരു കുഞ്യ പുലിയാണെന്നായിരിക്കും സെൽവം പറയുക പേടിച്ച നാട്ടുകാരും അതുതന്നെയാവും  പറയാ . വെറുതേ സെൽവത്തിന്റെ തോക്കിനു പണിയുണ്ടാക്കേണ്ടന്നു കരുതിയാണ് മണികണ്ഠൻ രായ്ക്കു രാമാനം സ്ഥലം കാലിയാക്കിയത്. പോകുന്നതിനു മുൻപ് മമ്മദിന്റെ വീട്ടിലെ കിങ്ങിണിയോട് പറയണമെന്ന് മണികണ്ഠന് ആശയുണ്ടായിരുന്നുവെങ്കിലും വേണ്ടെന്നു വെച്ചു. 

ചിലപ്പോ കിങ്ങിണിയോട് യാത്രപറയാൻ പോകുമ്പോഴായിരിക്കും സെൽവത്തിന്റെ മുന്നിൽ പെടുന്നത്. അത് ചിലപ്പോ തന്റെ അവസാന യാത്ര ആവാനും വഴിയുണ്ട് കിങ്ങിണി പോയാ വേറൊരു കിങ്ങിണി വരും ജീവൻ പോയാ പോയതു തന്നെയാ .

മണികണ്ഠൻ പേടിച്ച് സ്ഥലം വിട്ടതാണെന്ന് റോമുവിന് മനസ്സിലായി. പട്ടിയും പുലിയും തമ്മിൽ അജഗജാന്തരം വ്യത്യാസം ഉള്ളത്കൊണ്ട് റോമുവിന് ആശ്വാസമുണ്ടായിരുന്നുവെങ്കിലും  ഉള്ളിലെവിടെയോ ഒരു പേടി വലയം ചെയ്തു കിടന്നിരുന്നു. 
















 

0 അഭിപ്രായങ്ങള്‍