എടാ നായിന്റെ മോനേ .., പൊലീസുകാരെ പിടിച്ച് തള്ളാറായോ നീ ? ,

 ആ കയറിങ്ങെടുക്ക്  തോമാസേയെന്നുള്ള ഇടിയന്റെ അലർച്ചയിൽ സ്റ്റേഷൻ   നടുങ്ങി . 

എന്തിനാ സാറേ കയറ് ?

ഇവനെയങ്ങ് കെട്ടിത്തൂക്കാം തോമാസേ.  

 ഇടിയന്റെ മറുപടി കേട്ട് അവറാൻ ചേട്ടൻ ഞെട്ടി. 

കർത്താവേ  തന്നെ തൂക്കിക്കൊല്ലാൻ പോവാണോ ? 

 അതോർത്തതോടെ അവറാൻ ചേട്ടന്റെ ഉള്ളിൽ മറ്റൊരു അവറാൻ ചേട്ടൻ  വാവിട്ടു കരഞ്ഞു . 

ഒരാളെ പിടിച്ച് തള്ളിയതിന് തൂക്കിക്കൊല്ലേ ?. 

അതിന് താൻ ഒരാളെയല്ലല്ലോ പിടിച്ച് തള്ളിയത്?

 ഇടിയനെയല്ലേ ? അപ്പൊ  തീർച്ചയായും തന്നെ തൂക്കിക്കൊല്ലും . 

 അതൊക്കെ കോടതിയല്ലേ തീരുമാനിക്കേണ്ടത് ?.

അവറാൻ ചേട്ടനത് കർത്താവിനോടാണ് ചോദിച്ചതെങ്കിലും കർത്താവതിന്  മറുപടിയൊന്നും  പറഞ്ഞില്ല .  

തന്നെ തൂക്കിക്കൊന്നിട്ട് കോടതിയോട് പറഞ്ഞാൽ  മതിയല്ലോ . ഞങ്ങളവനെ തൂക്കിക്കൊന്നെന്ന് , കോടതിക്ക് സമയം ലാഭാവും, കാശും   .

അവറാൻ ചേട്ടൻ ഒരാശ്വാസത്തിനായി  സെല്ലിൽ കിടക്കുന്ന കള്ളൻ ദാമുവിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു . അത് കണ്ട് പേടിച്ച  കള്ളൻ ദാമു നീങ്ങി നിന്നു .

അവറാൻ ചേട്ടൻ തന്നെ നോക്കി  ചിരിക്കുന്നതെങ്ങാനും ഇടിയൻ കണ്ടാ  തങ്ങൾ പരിചയക്കാരാണോയെന്നും പറഞ്ഞ്  തന്നെക്കൂടി   തൂക്കിക്കൊല്ലുമോയെന്നുള്ള ഭയം  ദാമുവിനുണ്ടായിരുന്നു. അല്ലെങ്കി തന്നെ ആകെ ഭ്രാന്തു പിടിച്ചു നിൽക്കുന്ന ഇടിയനാ .., ഈ അവറാന് വല്ല കാര്യമുണ്ടായിരുന്നോ  ഇടിയനെ പിടിച്ചു തള്ളാൻ ?

ചിലപ്പോ ആളറിയാതെ പറ്റിയതാവും , പേടിച്ചു മുള്ളി നിക്കുന്നത് കണ്ടാ തന്നെ അറിയാം പാവത്തിന് ആളറിയാതെ  പറ്റിയതാണെന്ന് .  അവറാൻചേട്ടൻ ഇനി  തമാശക്ക് പോലും ആരെയും പിടിച്ചു തള്ളത്തില്ല .

പീലിപ്പോസ് മുതലാളിയുടെ പറമ്പിൽ ചക്ക മോഷ്ടിച്ചതിനാ  ദാമുവിനെ പോലീസ്  പൊക്കിയത്. കേസിന് ബലം കിട്ടാൻ വേണ്ടി ആയിരം രൂപാ കൂടി മോഷണം പോയിട്ടുണ്ടെന്നും ചേർത്താ  പീലിപ്പോസ് മുതലാളി പരാതി കൊടുത്തത്  . അത് കേട്ട് ദാമു തല ചുറ്റി വീണില്ലാന്നേ ഉള്ളൂ .

കാരണം, ദാമു ഒരിക്കലും പണം മോഷ്ടിക്കത്തില്ല. ഒരു പ്രാവശ്യം ഞങ്ങളുടെ ഗ്രാമത്തിലെ  മറ്റൊരു മുതലാളിയായ ദാമോദരൻ മുതലാളിയുടെ വീട്ടിൽ വാഴക്കുല മോഷ്ടിക്കാൻ കേറിയ ദാമു മുറ്റത്ത് ഒരു നൂറു രൂപാ കിടക്കുന്നത് കണ്ട്, അത്  മുതലാളിക്ക്  വിളിച്ച് കൊടുത്ത ചരിത്രമുണ്ട്. 

അന്ന്  ദാമുനെ മുതലാളി കുറെ ഇടിച്ചു .., നിനക്ക് കക്കാൻ എന്റെ കുല മാത്രേ  കിട്ടിയുള്ളൂന്നും ചോദിച്ച് ?

മുതലാളിയുടെ കുല കളവു പോകുന്നതോർത്ത്  പണിക്കാരൻ തൊമ്മിക്ക്  അത്ഭുതം . ഇത്രേം വിലയുള്ളതാണോ ആ  കുലയെന്നായിരുന്നു തൊമ്മിയുടെ ചിന്ത. അതോടൊപ്പം കുലയുടെ രൂപം മനസ്സിൽ തെളിഞ്ഞതോടെ  തൊമ്മിക്ക് നാണവും  വന്നു. ഈ കുലയെന്തിനാ കള്ളൻ ദാമുവിനെന്നായിരുന്നു തൊമ്മി ആലോചിച്ചത് ?  

അന്ന്  വാഴക്കുലക്ക് പകരം   കുറെ ഇടിയാ ദാമുവിന്  കിട്ടിയത്. മുതലാളിയുടെ ഭാര്യ ശോശാമ്മ ചേടത്തിക്ക് ചിരിച്ച് ചിരിച്ച് ബോധം പോയി . ഇവനെന്ത് കള്ളനാണെന്ന് ആലോചിച്ചിട്ടാ ചേടത്തിക്ക് ചിരി താങ്ങാൻ പറ്റാണ്ടായത് .

 നൂറു രൂപാ  കൊടുത്ത കാരണാ നിന്നെ കൊല്ലാണ്ട് വിടണതെന്നാ  മുതലാളി ദാമുവിനോട്   പറഞ്ഞത്.

പാക്കരൻ ചേട്ടന്റെ ചായക്കടയിൽ വെച്ച് ഇതും പറഞ്ഞു കരഞ്ഞോണ്ടിരുന്ന  ദാമുനെ  മുട്ടൻ  ചീത്തയാ  പാക്കരൻ ചേട്ടൻ വിളിച്ചത് നിനക്കൊന്നും കക്കാനറിയത്തില്ലാന്നും പറഞ്ഞ്.. ?.

നിങ്ങൾക്കാ  നൂറു രൂപാ എടുത്തോണ്ട്  വരാരുന്നില്ലേ മനുഷ്യാന്നും ചോദിച്ച് ദാമുവിന്റെ ഭാര്യ കുസുമേടത്തിയും  ദാമുനെ  ചീത്ത വിളിച്ചു .

എവിടെടോ കയറ് ?

ഇടിയൻ വീണ്ടും അലറി .

അയ്യോ എന്നെ തൂക്കി കൊല്ലല്ലേ സാറേ  .., അവറാൻ ചേട്ടൻ കൈ കൂപ്പി വാവിട്ടു  കരഞ്ഞു. ഏത് നേരത്തെണാവോ  തനിക്ക്  കമ്മറ്റിയിൽ അംഗമാകാൻ തോന്നിയതെന്നോർത്ത് അവറാൻ ചേട്ടൻ സ്വയം ശപിച്ചു . അതോടൊപ്പം തന്നെ  കമ്മറ്റിയിലെടുത്ത സുകുവിനിട്ട് രണ്ട് പൊട്ടിക്കാനും തോന്നി . താൻ കമ്മറ്റിയിലുള്ള കാരണമല്ലേ അയാളെ പിടിച്ച് തള്ളുവാൻ തോന്നിയത് . തന്നെ കമ്മിറ്റിയിൽ എടുത്ത കാരണമല്ലേ താൻ കമ്മിറ്റിയിൽ ആയത് ?. 

ഒരു പ്രതീക്ഷയോടെ  അവറാൻ ചേട്ടൻ, റൈറ്റർ തോമാസേട്ടനെ നോക്കി എന്താ സാറേ ന്ന്   ആംഗ്യത്തിൽ ചോദിച്ചു  . 

പാക്കരൻ ചേട്ടന്റെ കടയിൽ  ചായകുടിക്കാൻ വരുന്ന  പരിചയം വെച്ചായിരുന്നു  അവറാൻ ചേട്ടനാ ആംഗ്യ പ്രക്ഷേപണം നടത്തിയത്  .  

പക്ഷെ ..  തോമാസേട്ടൻ തിരിച്ചു  കാണിച്ച  ആംഗ്യം  കണ്ട് അവറാൻ ചേട്ടൻ ഞെട്ടി   . 

തോമാസേട്ടൻ കുഴപ്പമില്ലെന്ന്   കാണിച്ചത്  എല്ലാം കഴിഞ്ഞുവെന്നുള്ള അർത്ഥത്തിലായിരുന്നു   അവറാൻ ചേട്ടന്റെ മനസ്സ്  വ്യാഖ്യാനിച്ചെടുത്തത്   . 

കയറെടുത്ത ഇടിയൻ അവറാൻ ചേട്ടനു  മുന്നിൽ നിന്ന് അതിലൊരു  കുരുക്കുണ്ടാക്കി. 

  ആ കാഴ്ച  കാണാൻ കരുത്തില്ലാതെ  ദാമു കണ്ണടച്ചു നിന്നു  .  

ഇതാ തന്റെ കൺമുന്നിൽ  ഒരു മനുഷ്യനെ പച്ചക്ക്  തൂക്കിക്കൊല്ലുവാൻ  പോവുകയാണ്. 

 അതോടെ  ഇനി  തന്നെയും തൂക്കിക്കൊല്ലുമോയെന്നുള്ളൊരു  ഭയവും  ദാമുവിനെ വലയം ചെയ്തു . 

ഒരു ചക്ക മോഷ്ടിച്ചതിനൊക്കെ തൂക്കിക്കൊല്ലോ ?.

ഒന്ന് തള്ളിയതിന് തൂക്കിക്കൊല്ലുമ്പോ ചക്ക മോഷ്ടിച്ചതിനും തൂക്കിക്കൊല്ലും . 

അതിന് വെറുതെ ഒരാളെയല്ലല്ലോ തള്ളിയത് ? ഇടിയൻ  പോലീസിനെയല്ലേ അവറാൻ ചേട്ടൻ പിടിച്ചു തള്ളിയത് ? .

ഇയാൾക്ക് ഇത്രേം ബോധമില്ലാണ്ടായോയെന്നായിരുന്നു ദാമു  പരിഭവം പറഞ്ഞത് .

ചിലപ്പോ അവറാൻ ചേട്ടനെ മാത്രമേ തൂക്കിക്കൊല്ലുള്ളൂ   തന്നെയൊന്നും ചെയ്യത്തില്ല .  

തന്നെ  കൊല്ലില്ലെന്ന്  മനസ്സിന്റെ ഒരു ഭാഗം ദാമുവിനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നെങ്കിലും ചിലപ്പോ കൊന്നെങ്കിലോയെന്ന്  മറു ഭാഗം ആശങ്കപ്പെടുത്തിക്കൊണ്ടിരുന്നു  . 

തൂക്കിക്കൊന്നാ താൻ ചാവുമെന്നും പറഞ്ഞ് ദാമു ഉള്ളിൽ കരഞ്ഞു പക്ഷെ പുറമേക്ക് ധൈര്യം ഭാവിച്ചാ ദാമു നിന്നത് . 

തന്നെ എന്തിനാ കൊല്ലുന്നത് ?

 വെറുതേ ?

വെറുതെ ഒരാളെ തൂക്കിക്കൊല്ലേ ?

ചിലപ്പോ അവറാൻ ചേട്ടന് ഒരു കമ്പനിക്കുവേണ്ടി  തന്നേം കൂടി  തൂക്കിക്കൊല്ലും  . 

എന്റെ മുരുകാ ചതിക്കല്ലേന്നും പറഞ്ഞ് .., ദാമു  ഭഗവാൻ മുരുകനെ വിളിച്ചു. 

ഇടിയനാ  കുരുക്ക് അവറാൻ ചേട്ടന്റെ അടുത്തേക്ക് കൊണ്ട് വന്നു  . 

അതോടെ  അവറാൻ ചേട്ടൻ   വാ കീറി കരഞ്ഞോണ്ട് വട്ടം ചുറ്റി , കൂടെ  ദാമുവും വട്ടം ചുറ്റി.

 എന്റെ പൊന്നു  സാറേ..ആളറിയാതെ പറ്റിപ്പോയതാണേ  ...  ഇനി ഞാൻ ആരെയും തള്ളത്തില്ലായേ ... . അത് പറഞ്ഞു തീരലും  അവറാൻ ചേട്ടൻ   മുണ്ടിൽ മുള്ളി അത് കണ്ട് ദാമുവും മുള്ളി .

ഇടിയൻ ഒറ്റ കുതിപ്പിനാ ചാടി മാറിയത് . 

എന്റെ സാറേ ഇപ്രാവശ്യത്തേക്കൊന്ന്   ക്ഷമിച്ചേക്ക്. 

ഇനിയും പേടിപ്പിച്ചാ   അവറാൻ ചേട്ടൻ  സ്റ്റേഷൻ മൊത്തം  വൃത്തികേടാക്കുമെന്ന് തിരിച്ചറിഞ്ഞ  തോമാസേട്ടനാ ഇടക്ക്  കേറി തടസ്സം നിന്നത്  . 

എന്നാ നമുക്കിവനെ  ഉരുട്ടിക്കൊന്നാലോ തോമാസേ ?.

അതോടെ അവറാൻ ചേട്ടൻ വീണ്ടും  മുള്ളി. ദാമു മുക്കിയെങ്കിലും മുള്ളാൻ പറ്റിയില്ല ആ മുക്കലിൽ  ദാമുവിന്റെ  പിന്നാമ്പുറമാണ് ശബ്‌ദിച്ചത് . അപ്രതീക്ഷിതമായ  ആ ശബ്ദത്തിൽ  ദാമുവിനൊപ്പം  ഇടിയനും ഞെട്ടി .

 സ്റ്റേഷൻ വൃത്തികേടാക്കാൻ നോക്കുന്നോ..? ശവം  എന്നലറിക്കൊണ്ട് ഇടിയൻ  ദാമുവിന്റെ വയറിനിട്ട്  ഒരു കുത്ത് കൊടുത്തു. അതോടെ ദാമുവിന്റെ പിന്നാമ്പുറം വീണ്ടും ശബ്‌ദിച്ചു . ഇതിനിടയിൽ താൻ വാ കൊണ്ടാണ് ആ ശബ്ദം ഉണ്ടാക്കിയതെന്ന് കാണിക്കാൻ ദാമു ഒരു പാഴ്ശ്രമം നടത്തിയെങ്കിലും അതിനു മുന്നേ ഇടിയന്റെ കുത്ത് കിട്ടിയതോടെ  അതേറ്റില്ല എന്നുള്ളതായിരുന്നു വാസ്തവം.

   തന്നെ ഉരുട്ടി കൊല്ലുമെന്ന് കേട്ടതോടെ  അവറാൻ ചേട്ടൻ വീണ്ടും ഓളിയിട്ടു കരഞ്ഞു  എന്റെ കർത്താവേ എന്തിനാണ് ഇങ്ങനെയൊരു  പരീക്ഷണം ?. ഞാൻ ധ്യാനത്തിന് വന്നോളാവേ.. 

അവറാൻ ചേട്ടന്റെ  കുടിയൊന്ന് നിറുത്തി കിട്ടാൻ വേണ്ടീട്ട്  ഒറോത ചേടത്തിയാ അവറാൻ ചേട്ടനെ  ധ്യാനത്തിന് വിടാമെന്നും പറഞ്ഞ് നേർന്നത്   പക്ഷെ അവറാൻ ചേട്ടൻ പോവില്ലാന്നും പറഞ്ഞ് പിടിച്ച പിടിയാലേ നിന്നു.

നീ വേണങ്കി ധ്യാനം കൂടെടീന്നും പറഞ്ഞ്  അവറാൻ ചേട്ടൻ ചേടത്തിയെ നോക്കി  ചീറി. 

നിങ്ങള് നരകത്തീ പോവും മനുഷ്യാന്നും പറഞ്ഞ് ചേടത്തി പേടിപ്പിക്കാൻ  നോക്കിയെങ്കിലും അവറാൻ ചേട്ടൻ പേടിച്ചില്ല .

   ധ്യാനം കൂടാത്ത കാരണാ തന്നെ  പോലീസ് പിടിച്ചതെന്ന പേടിയിലാ അവറാൻ ചേട്ടൻ കളം മാറ്റി ചവിട്ടി  കർത്താവിനെ ഒന്ന് തണുപ്പിക്കാൻ വേണ്ടീ ധ്യാനത്തിന് വരാമെന്ന്  പറഞ്ഞത് .

പക്ഷെ കർത്താവത്  കേട്ട ഭാവം കൂടി  കാണിച്ചില്ല . നീ ധ്യാനത്തിന് വരണ്ടടാ  അവറാനെ..,   ഇടിയൻ നിന്നെ   തട്ടിക്കോളുന്ന് കർത്താവ് പറയുന്ന പോലെയാ അവറാൻ ചേട്ടന് തോന്നിയത് . 

അതോടെ  എന്റെ കർത്താവേ ചതിക്കല്ലേന്നും അലമുറയിട്ടോണ്ട്   അവറാൻ ചേട്ടൻ ഇടിയന്റെ കാലിൽ വീണു  . 

ഇതിനിടയിൽ.., വിവരമറിഞ്ഞ്  നെഞ്ചത്തടിച്ച് നിലവിളിച്ചോണ്ട്  ഒറോത ചേടത്തിയും കൂടെ  കുറേ നാട്ടാരും സ്റ്റേഷനിലോട്ട്  ഓടി വന്നു. 

സംഗതി നാട്ടാരെ കൂട്ടാൻ  വേണ്ടീട്ടായിരുന്നു ചേടത്തീടെ ഈ  നെഞ്ചത്തടി ഒറ്റക്ക് പോയാ  തന്നെ കൂടി ഇടിയൻ പിടിക്കുമോയെന്നുള്ള  ഭയം  ചേടത്തിക്കുണ്ടായിരുന്നു .

പള്ളിമേടയിൽ പോയി പീലിപ്പോസച്ചനെ വിളിച്ചതായിരുന്നു. പോലീസ് സ്റ്റേഷനിലേക്കെന്ന്  കേട്ടതോടെ പീലിപ്പോസച്ചൻ നിന്ന നില്പില്  കുമ്പസാരം ഉണ്ടെന്നും പറഞ്ഞ് കളം മാറ്റിചവിട്ടി . ആ സാത്താന്റെ സന്തതിക്ക് നല്ല ഇടി കിട്ടട്ടെയെന്നാ അച്ചൻ മനസ്സിൽ പറഞ്ഞത്. പക്ഷെ ഒറോത ചേടത്തിയോട് പറഞ്ഞത്  ധൈര്യമായിപ്പോയിക്കോ  ഞാൻ വിളിച്ചു പറയാമെന്നായിരുന്നു  പിന്നെ  കർത്താവ് കൂടെയുണ്ടല്ലോന്നും പറഞ്ഞ് സമാധാനിപ്പിച്ചു .

ചേടത്തി  പോയതോടെ  കർത്താവ് തേങ്ങായുണ്ടാവുമെന്നാ അച്ചൻ പറഞ്ഞത് . അതോടൊപ്പം  അവന് രണ്ടടി കൂടുതൽ കിട്ടണേന്നു കൂടി   അച്ചൻ മനസ്സിൽ പ്രാർത്ഥിച്ചു  . 

 താൻ വിളിച്ചു പറയാമെന്നു പറഞ്ഞ  വാക്ക് നിറവേറ്റാൻ വേണ്ടി അച്ചൻ ഫോണെടുത്ത് വെറുതെ ഒന്ന് കറക്കി താഴെവെച്ചു, കർത്താവിനെ രൂപം നോക്കി ഞാൻ വിളിച്ചിട്ട്  കിട്ടിയില്ലെന്നും പറഞ്ഞ് തന്റെ ഭാഗം ന്യായീകരിക്കേം ചെയ്തു .   

ഒറോത ചേടത്തിയെ കണ്ടതോടെ അവറാൻ ചേട്ടൻ ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് കോടിപ്പോയി . 

 പോലീസ് സ്റ്റേഷനിൽ ഇടി കൊണ്ട് ചാവാൻ നിക്കുമ്പോഴാണോ ഈ മനുഷ്യൻ  കൊക്കിരി കാണിക്കാൻ നിക്കണതെന്നാ  ഒറോത ചേടത്തി ചിന്തിച്ചത്.

ഒടുവിൽ.., മെമ്പറു സുകേശന്റെ പേരിലാ  അവറാൻ ചേട്ടന് ജാമ്യം കിട്ടിയത്. 

പോകുന്നതിന് മുന്നേ  സ്റ്റേഷൻ മൊത്തം  കഴുകിച്ചിട്ടാ ഇടിയൻ  വിട്ടത്  .    

എന്തിനാ  സ്റ്റേഷൻ കഴുകിച്ചതെന്ന  ഒറോത ചേടത്തിയുടെ ചോദ്യത്തിന് അവറാൻ ചേട്ടൻ പേടിച്ചിട്ട് ട്രൗസറിൽ  മുള്ളിയതിനാണെന്നാ തോമാസേട്ടൻ പറഞ്ഞത് കേട്ട് ചേട്ടത്തി മൂക്കത്ത് വിരൽ വെച്ചു .

റൗഡി ആണത്രെ?  നാണമില്ലേ മനുഷ്യാ കൊച്ചു കുട്ടികളെപ്പോലെ  ട്രൗസറിൽ  മുള്ളാൻ ? അത് കേട്ട് അവറാൻ ചേട്ടൻ വെറുതെ നിന്ന്  ചിരിച്ചു .

ഒരു സഹായത്തിന് ചേടത്തിയെ കൂടെ അവറാൻ ചേട്ടൻ വിളിച്ചതായിരുന്നു . അത് കേട്ട് ചേട്ടത്തി ചീറി.

മുള്ളിയോര് തന്നെ കഴുകിയാ മതീന്നും പറഞ്ഞ് . 

 അന്ന് രാത്രി കള്ളു കുടിച്ചു വന്ന അവറാൻ ചേട്ടൻ   ചെത്തു കത്തിയെടുത്ത് അലറി. അവനെ ഞാനിന്ന് , വെട്ടി തുണ്ടം തുണ്ടമാക്കും .

ഇതിനിടയിൽ  ഒരു വണ്ടിയുടെ ശബ്ദം കേട്ടതോടെ ചേടത്തി ഓളിയിട്ടു. 

അയ്യോ പോലീസ്.   

അത് കേട്ടതോടെ   തിണ്ണയിലിരുന്ന  അവറാൻ ചേട്ടൻ മൂക്കും  കുത്തി താഴെ  വീണു . ഇടിയൻ ആണെന്ന്  കരുതി  ഓടാൻ നോക്കിയതായിരുന്നു തിണ്ണയിലാണെന്ന വിചാരം ഇല്ലാതെ പോയി .

താഴത്തിരുന്ന മണികണ്ഠൻ പൂച്ച  കഷ്ടിച്ചായിരുന്നു  രക്ഷപ്പെട്ടത്. അവറാൻ ചേട്ടന്റെ ആക്രോശം കേട്ട് അവൻ മുകളിലോട്ട് നോക്കി നിന്നതായിരുന്നു . അതോടെ മണികണ്ഠൻ ജീവനും കൊണ്ടോടി .  

ഏതായാലും ആ കൊല്ലത്തെ പൂരത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ  അവറാൻ ചേട്ടൻ ഇന്നും അറിയാതെ മുള്ളും .

പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ  ദാമു  ഒരു ചക്കയുമെടുത്ത് നേരെ  പീലിപ്പോസ് മുതലാളിയുടെ വീടിനു മുന്നിൽ പോയി  ആ ചക്കയെ തലങ്ങും വിലങ്ങും വെട്ടി അലറി .

എടാ  നായിന്റെ മോനെ പീലിപ്പോസേ പുറത്തേക്കിറങ്ങി വാടാ മര മാക്രി . ആയിരം രൂപാ ആരെടാ എടുത്തത്? നിന്റെ തന്തയാണോടാ?

 ആ തന്തക്ക് വിളി കേട്ട് പീലിപ്പോസ് മുതലാളിയുടെ അപ്പൻ അന്തോണി ചേട്ടൻ ഫോട്ടോയിലുരുന്ന് കണ്ണടച്ചു .  

എന്റെ മനുഷ്യാ പോയി  അവന്റെ മുഖത്തൊന്ന്  പൊട്ടിക്കാൻ ഭാര്യ  ശാരദേടത്തി പറഞ്ഞത് പീലിപ്പോസ് മുതലാളി കേട്ടില്ലെന്ന് നടിച്ചു . ഭ്രാന്ത് പിടിച്ചു നിക്കുന്ന കള്ളനാ ചിലപ്പോ തന്റെ മുഖത്താവും പൊട്ടിക്കാ .

എന്നാ  നിങ്ങള് കുന്തം വിഴുങ്ങിയത് പോലെ നിക്കാണ്ട്  അവനെയങ്ങ്   വെടി വെച്ച് കൊല്ല് മനുഷ്യാ  . 

ചുവരിൽ തൂക്കിയിട്ടിരിക്കുന്ന  തോക്ക് ചൂണ്ടി ശാരദേടത്തി അലറി . 

ഒരു തൊരപ്പനെ വെടി വെച്ച്  കൊല്ലാൻ പറയുമ്പോലെയുള്ള ആ  പറച്ചിൽ കേട്ട് മുതലാളി ഞെട്ടി. 

എടി അതിൽ ഉണ്ടയില്ലാ .

എന്നാ  നിങ്ങടെ ഉണ്ടയിട്ട് പൊട്ടിക്ക് മനുഷ്യാന്നും ചീറിക്കൊണ്ട് ശാരദേടത്തി അകത്തേക്ക് പോയി. ഇവിടെ  തൂങ്ങി കിടക്കുന്നതൊണ്ടോന്നും  ഒരു കാര്യവുമില്ലാത്തതാണല്ലോന്നും കൂടി ശാരദേടത്തി കാച്ചി. ആ  പ്രയോഗത്തിന്റ പൊരുൾ മനസ്സിലാകാതെ  മുതലാളി അന്തം വിട്ട് മാനം നോക്കി  നിന്നു.

ശാരദേടത്തി പറഞ്ഞത് കേട്ട്   വേലക്കാരൻ മാഹോതോ അന്തിച്ചു  നിന്നു  പീലിപ്പോസ് മുതലാളിയുടെ ഉണ്ടായിട്ടാ തോക്ക് പൊട്ടോ ?. ബംഗാളിയായ അവന്റെ സംശയം അതായിരുന്നു. 

ചിലപ്പോ പൊട്ടുമായിരിക്കും മുതലാളിമാരുടെ  ഉണ്ട കൊണ്ട് ഇങ്ങനേയും ചില  ഗുണമുണ്ടാകുമായിരിക്കും.   

ദാമുവിന്റെ ചക്ക വെട്ടൽ പരാക്രമം കണ്ട് ഡോബർമാൻ രാജു  ശ്വാസം അടക്കിപ്പിടിച്ചിരുന്നു. തന്നെ തുറന്നു വിടല്ലേയെന്നായിരുന്നു അവന്റെ പ്രാർത്ഥന . 

അതിനിടയിൽ ശാരദേടത്തി മാഹോതോയെ ഉന്തിത്തള്ളി വിടാൻ നോക്കിയെങ്കിലും അത്  മുൻകൂട്ടി കണ്ട മാഹ്തോ  ..,മേം മർ ഗയ എന്നും   പറഞ്ഞോണ്ട് വേഗം അടുക്കളയിലോട്ട് പോയി .

എടാ ബംഗാളി  അവനെ പോയി വെട്ടിക്കൊല്ലടാന്നും  പറഞ്ഞ് ശാരദേടത്തി വെട്ടുകത്തി എടുത്ത്  കൊടുത്തതും  മഹ്‌തോ തല ചുറ്റി  വീണതും ഒരുമിച്ചായിരുന്നു . 

കുറേ നേരത്തെ ആക്രോശങ്ങൾക്ക് ശേഷം ചക്ക വെട്ടി തീർന്നതോടെ ദാമു പോയി . 

ദാമു പോയെന്ന് മനസ്സിലായതോടെ രാജു കൂട്ടിൽ  കിടന്ന് ഗർജ്ജിച്ചു  , എന്നെ  അഴിച്ചുവിടൂ  അവനെ, ഞാനിന്ന്  കടിച്ചു കീറി കൊല്ലും .  

ദാമു മുറ്റത്ത് വെട്ടിയിട്ടു പോയ ചക്ക എടുത്തുകൊണ്ട് വന്ന് ശാരദേടത്തി ചക്കപ്പുഴുക്ക് വെച്ചു .

വീട്ടിൽ പോയി കുറച്ചു കഴിഞ്ഞതിനു   ശേഷാ ദാമുവിന് ആ ബോധോദയം ഉണ്ടായതും ചക്കയെടുക്കാൻ തിരിയെ വന്നതും. കുറെ ഞവുഞ്ഞിയും തോലും  മാത്രം അവിടെയിവിടെ  ചിതറിക്കിടക്കുന്നത് കണ്ട് , ഇവർ  തന്നെക്കാളും വലിയ ദരിദ്രവാസികളാണല്ലോയെന്നായിരുന്നു ദാമു ചിന്തിച്ചത്.

ആ സംഭവത്തിനു ശേഷം  കുറേക്കാലത്തേക്ക്  കാക്കി എവിടെക്കണ്ടാലും , ജീപ്പിന്റെ  ശബ്ദം എവിടെ   കേട്ടാലും ഒളിച്ചിരിക്കുക എന്നുള്ളതായി മാറിക്കഴിഞ്ഞിരുന്നു  അവറാൻ ചേട്ടന്റെ ശീലം .

ഏതാണ്ട് ഇതേ  സമയത്തു തന്നെയായിരുന്നു ഞങ്ങളുടെ ഗ്രാമത്തിലെ   ശക്തിമാനും , ഞങ്ങൾ ഗ്രാമവാസികൾ  ഏറ്റവും  ധൈര്യവാനുമായി കരുതുന്ന പുലി ജോണിയെ പാമ്പ് കടിച്ചത് .

പുലി ജോണിയെ കടിക്കാൻ മാത്രം ധൈര്യമുള്ള പാമ്പോ എന്നതാണ് നാട്ടുകാരെ  ആശ്ചര്യപ്പെടുത്തുകയും ,അത്ഭുതപ്പെടുത്തുകയും ചെയ്തത് . കാരണം അത്രക്കും ഭീകരനാണ്  ജോണി .   പുലിയെ കടലാസ്സ് പോലെ കീറിക്കളഞ്ഞവൻ , പുലിയെ തുണ്ടം , തുണ്ടം തുണ്ടമാക്കിയവൻ , പുലിയെ കൊന്ന് അതിന്റെ നഖം കഴുത്തിലിട്ട് നടക്കുന്നവൻ അങ്ങനെ ഒരുപാടൊരുപാട്  വിശേഷണങ്ങൾക്ക് ഉടമയാണ് ജോണി . 

ജോണിയുടെ  പുലി നഖങ്ങൾ കോർത്തുള്ള മാല കണ്ട് ആശ മൂത്ത  പലചരക്ക് കടക്കാരൻ സുപ്രു ഒരു പ്രാവശ്യം അതിൽ നിന്നും  ഒരു  പുലിനഖം ചോദിച്ചതാ.   അത് കേട്ട് ജോണി ചിരിച്ചു, പൊട്ടി പൊട്ടി ചിരിച്ചു , കൂടെ നാട്ടുകാരും ചിരിച്ചു .

താൻ ഏതോ വലിയ അപരാധം ചെയ്തപോലെ  സുപ്രു തല താഴ്ത്തി നിന്നു.    പുലിയോട് അതിന്റെ നഖം ഊരിക്കൊടുക്കുമോയെന്ന് ചോദിച്ചത് പോലെയാ  സുപ്രുവിനാ ചിരി കേട്ട്  തോന്നിയത്.   ഒരു പുലി നഖം ചോദിച്ചതിന് ഇത്രമാത്രം   ചിരിക്കാനുണ്ടോന്നായിരുന്നു സുപ്രു ചിന്തിച്ചത് ?

ജോണിയുടെ സന്തത സഹചാരിയായ  അന്തോണിയാ  പറഞ്ഞത് പുലിനഖം ചോദിക്കുന്നവരുടെ നഖം  ജോണി പിഴുതെടുക്കാറാണ് പതിവെന്ന്  . അത് കേട്ട് സുപ്രു വീണ്ടും ഞെട്ടി , ഒരു പുലി നഖം ചോദിച്ചതിന് നഖം പിഴുതെടുക്കേ  ? ഇതിലും ഭേദം പുലിയോട് നേരിട്ട്  പോയി ചോദിക്കായിരുന്നുവെന്നാ സുപ്രുവിന്  തോന്നിയത് യാതൊരു പരിഭവവും കൂടാതെ അത് ഊരി തന്നേനേ .

 എന്റെ സുപ്രൊ നീ  എന്ത് അവിവേകാ നീ കാണിച്ചതെന്നാ പാക്കരൻ ചേട്ടൻ  ചോദിച്ചത്? അവൻ  നിന്റെ കൈ വെട്ടാഞ്ഞത്  ഭാഗ്യം .

അത് കേട്ട് സുപ്രു ഉള്ളിൽ കരഞ്ഞു അതോടെ സ്വന്തം നഖത്തിലോട്ട് നോക്കാൻ  പോലും  സുപ്രുവിന് ഭയമായി . 

ആ പേരിൽ  അന്തോണി കുറേ  പലചരക്ക് സാധനങ്ങൾ  സുപ്രുവിന്റെ കടയിൽ നിന്ന് കടം വാങ്ങി  .

സുപ്രുവിന് പുലിയുടെ തല ചോദിക്കാൻ തോന്നാമായിരുന്നില്ലേയെന്നാ  അന്തോണി ചിന്തിച്ചത് എന്നാ ആ കടയങ്ങാട് തന്നെ  എഴുതി വാങ്ങാമായിരുന്നു .

പുലി നഖം വല്യൊരു  സംഭവം ആയിരുന്നെന്നാ  അന്തോണി വറീതിന്റെ ഷാപ്പിൽ വെച്ച് പറഞ്ഞത് . 

വടക്കെങ്ങാട് ഒരു നാട്ടിൽ  പുലിയുടെ  ശല്യം നിമിത്തം  ആളുകൾ പൊറുതിമുട്ടുകയും പുലി ജോണിയെ വിളിക്കുകയും ചെയ്തു .

ഫോറെസ്റ്കാര്  പോലും തോറ്റ് തുന്നം പാടിയിടത്തായിരുന്നു  ജോണി വന്ന്   പുലിയെ പൂട്ടിയത്. ഇനി നീ നാട്ടിലേക്ക് ഇറങ്ങുമോന്നും ചോദിച്ചാ  പുലിയുടെ നഖങ്ങൾ  ജോണി  ഊരിയെടുത്തതത്രെ . 

ആരോട് ചോദിച്ചെന്നാ കേട്ടു നിന്ന തമിഴൻ മുരുകൻ സംശയം ചോദിച്ചത്. 

അത് കേട്ട അന്തോണി രൂക്ഷമായി മുരുകനെ  നോക്കി ഒരു പുലി നോക്കുന്നത് പോലെയാ മുരുകന് തോന്നിയത്. അതോടെ ബാക്കി കേൾക്കാൻ നിക്കാതെ മുരുകൻ വേഗം മുങ്ങി .

ആ സംഭവത്തിന്റെ  ഓർമ്മക്കായാണ്  ജോണി പുലി നഖങ്ങൾ അണിയുന്നത്. ഏത് പുലിയെ കൊന്നാലും പേടിപ്പിച്ചാലും അതിന്റെ ഒരു നഖം ഊരി എടുത്ത് കഴുത്തിൽ അണിയുന്നതാണ് പുലി ജോണിയുടെ ശീലം.

ചില പുലികൾ ജോണി ചോദിക്കുന്നതിന് മുന്നേ നഖം ഊരിക്കൊടുത്ത് രക്ഷപ്പെടാറുണ്ടെന്ന് വരെ അന്തോണി ആവേശത്തിൽ വെച്ചു കാച്ചി. പുലി പുരാണത്തിൽ മയങ്ങിയിരുന്ന നാട്ടുകാർക്ക് അതൊട്ടും മനസ്സിലായില്ല എന്നുള്ളതായിരുന്നു സത്യം .  

  ജോണി, പുലിയെ  കീറിക്കളയുന്നത് താൻ  നേരിട്ട്  കണ്ടിട്ടുണ്ടെന്നാ   പാക്കരൻ ചേട്ടൻ വെച്ചു കാച്ചിയത് . അത് കേട്ട് പുലി ജോണിയുടെ  ഒപ്പം അന്തോണിയും ഞെട്ടി . 

ഏതായാലും വെറുതെ കിട്ടിയ ആ അവാർഡ് ജോണി എടുത്തണിയുകയും പാക്കരൻ ചേട്ടൻ തന്റെ  സുഹൃത്താണെന്ന് കാച്ചുകയും, അത് കേട്ടതോടെ  പാക്കരൻ ചേട്ടൻ അങ്ങ് ആകാശത്തോളം ഉയരുകയും ചെയ്തു.  ജോണിയുടെ പ്രീതി സമ്പാദിക്കാൻ  വേണ്ടി പാക്കരൻ ചേട്ടൻ മനഃപൂർവ്വം കാച്ചിയത്  തന്നെയായിരുന്നൂവത്   . ഏതായാലും  ജോണിക്കത് നന്നായി സുഖിക്കേം ചെയ്തു .

ഇതിനിടയിൽ  അത്  കടലാസ്സ് പുലിയെ ആവൂമെന്നും  പറഞ്ഞ് വാ കീറി  ചിരിച്ച മമ്മദിനെ പുലിജോണി കുമ്പിട്ട് നിറുത്തി ഇടിക്കുകയും മമ്മദിന്റെ മുണ്ടിൽ കുത്തിപ്പിടിച്ച്  ഞാനിവനെ കീറിക്കളയെട്ടെയെന്ന് നാട്ടുകാരോട്   ചോദിക്കുകയും ചെയ്തു . അതോടെ  മുണ്ട്   വേണങ്കി കീറിക്കളഞ്ഞോളാൻ പറഞ്ഞ് മമ്മദ്  സ്വന്തം സന്തത സഹചാരിയായ മുണ്ടുപേഷിച്ച്  ജീവനും കൊണ്ടോടി . 

മമ്മദിനെ കീറിക്കളഞ്ഞോളാൻ പറയണമെന്ന് വിറകുവെട്ടുകാരൻ വാസുവിനും  ആശയുണ്ടായിരുന്നു .അന്ന് രാവിലെ മീൻ കടം ചോദിച്ചപ്പോ മമ്മദ് കൊടുത്തില്ല .മീൻ കറിക്ക് പകരം മീനിന്റ പടം നോക്കി ചോറുണ്ടാ മതിയെന്നാ മമ്മദ് പറഞ്ഞത് . 

മൂട് മുഴുവൻ ഓട്ടകളുള്ള  ട്രൗസറിന്റെ ഓർമ്മ ഇല്ലാതായിരുന്നു മമ്മദ് ആ കടും കൈ ചെയ്തത്  . 

മമ്മദിന്റെ  ട്രൗസറിന്റെ  മുമ്പിലുള്ള കവചം പുറകിൽ   ഉണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം . അത് കണ്ട് പുലി ജോണിയും, നാട്ടുകാരും അന്തിച്ചു നിന്നു, കുട്ടികൾ വാ കീറി ചിരിച്ചു , സ്ത്രീകൾ നാണത്താൽ മുഖം പൊത്തി  . 

 ഇവനൊരു കോണകമെങ്കിലും ഉടുത്തൂടെയെന്നായിരുന്നു അവറാൻ ചേട്ടൻ കഷ്ടം വെച്ച് ചോദിച്ചത് . മമ്മദിന്റെ ആ പിന്നാം പുറം കാണിച്ചുള്ള പാച്ചിൽ നാട്ടുകാർ മുഴുവൻ കണ്ടു . നിങ്ങൾക്ക് നാണമില്ലേ മനുഷ്യാന്നായിരുന്നു, മമ്മദിന്റെ ഭാര്യ  സുഹ്‌റ ചേടത്തി ചോദിച്ചത്.

പൂക്കാരി നാണിത്തള്ളയാ ഈ വിവരം സുഹറേടത്തിയോട് പറഞ്ഞത്. എന്ത് കരിഞ്ഞ കുണ്ടിയാടി നിന്റെ ഭർത്താവിന്റേതെന്നും ചോദിച്ച്  നാണിത്തള്ള തല തല്ലി ചിരിച്ചു .  

നാണത്തേക്കാളും  വലുതല്ലേടി  ജീവനെന്നും ചോദിച്ച് മമ്മദ് ഭാര്യയുടെ മുന്നിൽ നിന്ന്  കരഞ്ഞു . 

ഏതായാലും നാണിത്തള്ള പറഞ്ഞത് സത്യമാണോന്നറിയാൻ അന്ന് രാത്രി  മമ്മദിന്റെ പിന്നാമ്പുറം സുഹറേടത്തി പരിശോദിക്കേം ചെയ്തു .മമ്മദ് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സുഹറേടത്തി ആ പരിശോധന നടത്തിയത്  പത്തു നാപ്പത് വർഷായിട്ട് താൻ കാണാത്തതാ ഈ കരിഞ്ഞ കുണ്ടി . അതാ  ഈ മനുഷ്യൻ നാട്ടുകാരെ മുഴുവൻ കാണിച്ചിട്ട് ഓടിവന്നതെന്നും പറഞ്ഞ് ഒരു കുത്ത് കൂടി കൊടുത്തു . ഉറക്കത്തിൽ  മമ്മദ്  ഒരു ചാട്ടം ചാടിപ്പോയി .

സത്യത്തിൽ  അടുത്ത മുറിയിൽ  പുലി  ജോണിയുള്ളത്  അറിയാതെയായിരുന്നു  മമ്മദ് അടി കിട്ടാൻ കാരണമായ ആ  തമാശ വെച്ചു കാച്ചിയത് .

ഏതായാലും   ജോണി പുലിയെ കീറിക്കളഞ്ഞുവെന്നുള്ളത് വലിയൊരു സംഭവമായി മാറി. നാട്ടുകാരിൽ  പകുതി പേർ ജോണിയെ പേടിച്ച് വിശ്വസിക്കുന്നതും പകുതി പേർ വിശ്വസിക്കാത്തതും ആയ സംഭവം .

പാക്കരൻ ചേട്ടൻ തന്നെയായിരുന്നു പൊടിപ്പും തൊങ്ങലും വെച്ച് ആ സംഭവം വിവരിച്ചതും .

വഴിതെറ്റിയ പുലി  നാട്ടിലേക്കിറങ്ങുകയും  പലരുടേയും ആടുകളെയും കോഴികളെയു പിടിച്ചു തിന്നാൻ തുടങ്ങുകയും ചെയ്തതോടെ  നാട്ടുകാരുടെ സമാധാനം പോയെന്നുള്ളതായിരുന്നു സത്യം  . 

എന്തിന്, മനുഷ്യരെ വരെ പുലി പിടിക്കാൻ  ശ്രമിച്ചോണ്ടിരുന്നു. 

 സെക്കൻഡ് ഷോ കഴിഞ്ഞു വരുകയായിരുന്ന   തമിഴൻ മുരുകനെ പുലി പിടിക്കാൻ  വന്നെങ്കിലും പുലിയെക്കാൾ വേഗത്തിൽ മുരുകൻ ഓടിയത് കൊണ്ട്  പുലിക്ക് പിടിക്കാൻ പറ്റിയില്ല   മാത്രമല്ല  ആ പാച്ചിലിൽ ,  മുരുകൻ പിന്നാലെ വരുന്ന പുലിയെ നാറ്റിച്ചുവെന്നും ഒരു കിംവദന്തിയുണ്ട് .

അത്  താങ്ങാനാവാതെയാണ്  പുലി, മുരുകനെ വിട്ട് പോയത് . അത് സത്യമോ മിഥ്യയോ എന്തോ   മുരുകൻ  ആ ഓട്ടം അങ്ങ് തഞ്ചാവൂര് വരേക്കും  ഓടി . അതിനുശേഷം ഏറെ  നാളുകൾക്ക് ശേഷമാണ് മുരുകൻ ഞങ്ങളുടെ  ഗ്രാമത്തിലേക്ക്  തിരിയെ വന്നത് .

സത്യത്തിൽ അത് പുലിയായിരുന്നില്ല , പാക്കരൻ ചേട്ടന്റെ നായ  റോമുവായിരുന്നു  പുലിപ്പേടിയിൽ വരുകയായിരുന്ന   മുരുകൻ പൊന്തക്കാട് അനങ്ങുന്ന കണ്ടതോടെ അയ്യോ  പുലിയെന്നും അലറിവിളിച്ചോണ്ട്  ചീറിപ്പായുകയായിരുന്നു . മുരുകന്റെയാ  പാച്ചിൽ കണ്ടതോടെ റോമുവും പാഞ്ഞു  . 

ഒരു നാൾ  രാത്രി കൃത്യത്തിനായി  പറമ്പിലേക്കിറങ്ങിയ മമ്മദ് അതെ കൃത്യത്തിന് തന്നെ അപ്പറത്തുണ്ടായിരുന്ന, അയൽക്കാരൻ സുധാകരേട്ടൻ ഏമ്പക്കം വിട്ടത് കേട്ട് അയ്യോ പുലിയെന്നും അലറിക്കൊണ്ട് തെങ്ങും കുഴിയിലേക്ക് വീണതും ഇതേ കാലയളവിൽ തന്നെയായിരുന്നു . മമ്മദിന്റെയാ ഓളി  കേട്ട് പേടിച്ച സൂധാകരേട്ടനും അയ്യോ പുലിയെന്നലറിക്കൊണ്ട് വീടിനകത്തേക്ക് ഓടിക്കയറി. 

ഊരി വെച്ച കളസം പോലും  ഇടാൻ സമയം കിട്ടാതെ  ജനിച്ച അതേ  വേഷത്തിലായിരുന്നു സുധാകരേട്ടൻ  വീടിനകത്തേക്ക് പാഞ്ഞു  കയറിയത്  .  ഉമ്മറത്ത് ഇരുന്ന് പഠിക്കായിരുന്ന സുധാകരേട്ടന്റെ മോൻ  എന്റെ ക്ലാസ്മേറ്റ് ശിവൻ  അയ്യോ അമ്മേ  പ്രേതമെന്ന് അലറിക്കൊണ്ട് അതോടെ  പുറത്തേക്ക് പാഞ്ഞു   .

ശാരദേടത്തിയോട് അവൻ വിറച്ചിട്ടാ ചോദിച്ചത് അകത്തേക്ക് പോയ പ്രേതം എന്തിയേ അമ്മേന്ന്? 

 അതിനെ ഓടിച്ച് വിട്ടൂന്നാ  ശാരദേടത്തി അവനോട്  പറഞ്ഞത് . സുധാകരേട്ടനെ വെറുതെ നാറ്റിക്കണ്ടാന്നു കരുതിയാ ശാരദേടത്തി അങ്ങനെ പറഞ്ഞത് .

 സുധാകരേട്ടൻ ഭയങ്കര ധൈര്യവാനാണെന്നാ ശിവന്റെ അഭിപ്രായം അതിന്, എന്തിനാ  വെറുതെ കോട്ടം തട്ടിക്കേണെന്നു  കരുതി കൂടിയാ ശാരദേടത്തി അങ്ങനെ പറഞ്ഞത് .

ആ  പ്രേതത്തിന് അച്ഛന്റെ ഛായ ഉണ്ടെല്ലോന്നാ അവൻ സംശയം ചോദിച്ചത്?

അത് നിനക്ക്  തോന്നിയതാവുടാന്നും പറഞ്ഞ്  ശാരദേടത്തി അവനെ സമാധാനിപ്പിച്ചു . 

അതോടെ  സുധാകരേട്ടനെ  രണ്ട് ചീത്തയും ശാരദേടത്തി  വിളിച്ചു. പുലിയെ  കണ്ട് പേടിച്ച് മുള്ളി വന്ന് നിക്കാൻ നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ ന്നും ചോദിച്ച്.

ഞാൻ പുലിയെ കണ്ടത് അല്ലാതെ എലിയെ അല്ല എന്നും പറഞ്ഞ് സുധാകരേട്ടൻ ചീറി . ഇവളെന്ത് വിവരദോഷിയാണെന്നാ സുധാകരേട്ടൻ ആലോചിച്ചത്.  

പുലിയെ  കണ്ടാ പിന്നെ പേടിക്കാതെ, അതിന്  തിന്നാൻ നിന്ന് കൊടക്കണോന്നായിരുന്നു സുധാകരേട്ടൻ ചിന്തിച്ചത്. വിഷ വിത്തുകളെയാണല്ലോഭഗവാനേ താൻ തീറ്റ കൊടുത്ത് വളർത്തണത്? .  

 പേടിച്ച്  പനി പിടിച്ച ശിവൻ  മൂന്ന് ദിവസം  ക്ലാസ്സിലേക്ക്  വന്നില്ല . 

ഒരു ഭൂതം നഗ്നനായി തന്റെ  വീട്ടിലേക്ക് ഓടിക്കയറി വന്നുവെന്നാ പീതാംബരൻ മാഷിനോട് ശിവൻ   പറഞ്ഞത് . ഭൂതങ്ങൾ നഗ്നരായി വരുമോയെന്നായിരുന്നു പീതാംബരൻ മാഷിന്റെ ശങ്ക . ഇത് കേട്ട സുമതി ടീച്ചർ ചിരിച്ചു ചിരിച്ചു ഡെസ്ക്കിൽ തലവെച്ച് കരഞ്ഞു. ആ ഭൂതത്തിന്  തന്റെ വീട്ടിലേക്ക്  ഓടിക്കയറി വരാമായിരുന്നില്ലേന്നാ  ടീച്ചറ്  ചിന്തിച്ചത്. അതോടെ സുമതി ടീച്ചർക്ക് നാണായി .

അങ്ങനെ പുലി ഒരു  പേടി സ്വപ്നമായി  നാട്ടുകാർക്കും, മൃഗങ്ങൾക്കും  മാറുകയും  പുലിപ്പേടി മൂലം ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാതാവുകയും ചെയ്തതതുകൊണ്ട്  . മെമ്പർ സുകേശന്റെ നേത്രത്വത്തിൽ ജനങ്ങൾ വനം വകുപ്പുകാർക്ക് പരാതി കൊടുക്കുകയും  അവർ എന്നത്തേയും പോലെ കൂട് കൊണ്ട് വന്നു വെക്കുകയും അതിൽ പുലിക്ക് പകരം നായ്ക്കൾ വന്ന്  കേറുകയും  ചെയ്തു കൊണ്ടിരുന്നു   

  ഇപ്രാവശ്യവും റോമുവായിരുന്നു  മുൻപന്തിയിൽ .  

സഹികെട്ട്,  ഇവനെ നമുക്ക് വെടി വെച്ച് കൊന്നാലോയെന്ന്,  വനം വകുപ്പുകാർ  ചോദിച്ചതു കേട്ട് റോമു കൂട്ടിൽ തല ചുറ്റി വീണു . 

 എന്തിനാടാ നാട്ടുകാരുടെ  വെടി കൊണ്ട് ചാവാൻ നിക്കുന്നതെന്നും  ചോദിച്ചാ പാക്കരൻ ചേട്ടൻ വന്ന് അവനെ എടുത്തോണ്ട് പോയത് . 

 ഈ  ശവത്തിനെ  പുലിക്ക് തിന്നാൻ കൊടുത്തൂടെയെന്നാ? ഇത് കണ്ട  അന്നമ്മ ചേടത്തി ചോദിച്ചത്  അത് കേട്ട് റോമു വീണ്ടും തല ചുറ്റി വീണു. 

കാക്കാശിനു കൊള്ളാത്ത ശവമെന്നു കൂടി അന്നമ്മ ചേടത്തി വിളിച്ചു പറഞ്ഞു.  അത് തനിക്കിട്ടാണോയെന്നാ പാക്കരൻ ചേട്ടന് സംശയം തോന്നിയത്. 

എന്നത്തേയും  പോലെ  പുലി ഭയങ്കര  ബുദ്ധിമാനാണെന്നും  പറഞ്ഞു കൊണ്ട് വനം വകുപ്പുകാർ  കൂട് എടുത്തുകൊണ്ട് പോയി .

മനുഷ്യനെക്കാളും ബുദ്ധി പുലിക്ക്  ഉണ്ടോയെന്നായിരുന്നു  മമ്മദിന്റെ സംശയം . 

മനുഷ്യനെക്കാളും ബുദ്ധി  പുലികൾക്കുണ്ടെന്നാ ഭാസ്കരേട്ടൻ പറഞ്ഞത് .  

ഗതി കെട്ട  ജനങ്ങൾ ഒടുവിൽ  പോലീസിനെ ശരണം പ്രാപിച്ചെങ്കിലും പുലിയെ പിടിക്കാൻ  വകുപ്പില്ലെന്നും പറഞ്ഞ്  ഇടിയൻ വിദഗ്‌ധമായി കൈകഴുകി .  

വേണമെങ്കിൽ നമുക്ക്  പ്രഭാകരനെ  പിടിക്കാമെന്നും പറഞ്ഞ് പാലു കൊണ്ട് വന്ന പ്രഭാകരന്  രണ്ടിടിയും കൊടുത്ത്   ഇടിയൻ  ഓടിച്ചു വിട്ടു  .

പാല് കൊണ്ട് വന്ന എന്നെ  എന്തിനാ സാറേ ഇടിച്ചതെന്ന് പാൽക്കാരൻ  പ്രഭാകരൻ കരഞ്ഞോണ്ട്   ചോദിച്ചെങ്കിലും ഇടിയൻ കണ്ണുരുട്ടിയതോടെ ആ പാവം ക്ലിപ്പിട്ട പോലെ വാ മൂടി നിന്നു. 

പാലിന്റെ കാശ് ചോദിക്കണോ വേണ്ടയോ എന്ന് പേടിച്ച് പേടിച്ച് നിന്നതായിരുന്നു പ്രഭാകരൻ. ആ ഇടിയോടെ ഇനി കൂടുതൽ ഇടി വാങ്ങി വെക്കേണ്ടെന്നും കരുതി പ്രഭാകരൻ ജീവനും കൊണ്ടോടി  . 

നീ കൊടുത്ത പാലല്ലേ? കാശ് ചോദിക്കാൻ എന്തിനാ പേടിക്കണേ? എന്നൊക്കെ ഇടി കിട്ടുന്നതിന് തൊട്ടു മുമ്പു വരെ പ്രഭാകരന്റെ മനസ്സ് പ്രഭാകരനോട് ചോദിച്ചിരുന്നു  . 

പുലിയെ പിടിക്കാൻ വകുപ്പില്ല പക്ഷേ .., പ്രഭാകരനെ പിടിക്കാൻ വകുപ്പുണ്ടെന്ന് നാട്ടുകാർക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയാടാ നിന്നെ ഇടിച്ചതെന്നുള്ള ഇടിയന്റെ വിശദീകരണം കേട്ട് ഒന്നും മനസ്സിലാകാതെ പ്രഭാകരൻ  വായും പൊളിച്ചു നിൽക്കുകയും , അത് വീണ്ടും ഇടിക്കുള്ള കോപ്പ് കൂട്ടുമെന്ന് മനസ്സിലാക്കിയതോടെ ഇറങ്ങിയോടുകയുമായിരുന്നു   . 

അങ്ങനെ പോലീസും, വനം വകുപ്പും കൈയൊഴിഞ്ഞ് നാട്ടുകാർ നട്ടം തിരിയുന്ന നേരത്താണ് രക്ഷകനായി പുലി ജോണി അവതരിച്ചത്  . 

ആ പുലിയെ ഞാൻ രണ്ടായി വലിച്ചു കീറുമെന്നുള്ള ജോണിയുടെ   ഉഗ്ര പ്രഖ്യാപനം കേട്ട്  നാട്ടുകാർക്കൊപ്പം പുലിയും ഞെട്ടി .

അതോടെ മണികണ്ഠൻ പൂച്ച രായ്ക്കു രാമാനം  സ്ഥലം വിട്ടു  . പുലിയെ വലിച്ചു കീറുന്നതിനു മുന്നേ   ഒരു പരിശീലനത്തിന് തന്നെ വലിച്ചു കീറുമോയെന്നുള്ള പേടി കൊണ്ടായിരുന്നു  മണികണ്ഠൻ രായ്ക്കു രാമാനം സ്ഥലം കാലിയാക്കിയത്  .

കീറിക്കളഞ്ഞ ശേഷം താൻ പുലിയല്ല പൂച്ചയായിരുന്നു എന്ന് പറഞ്ഞിട്ടെന്തു കാര്യം ?. പുലി ജോണിയുടെ അടുത്ത് ആരും  ചോദിക്കാൻ പോലും നിക്കത്തില്ല . തന്നെ വലിച്ചു കീറുന്ന രംഗം മനസ്സിൽ  ആലോചിച്ചതോടെ മണികണ്ഠൻ സ്വയം ഞെട്ടി . 

കവലയിൽ വെച്ച് ഇടിയൻ ജോണി നടത്തിയ  ആ ഉഗ്ര പ്രഖ്യാപനത്തിനു ശേഷം പിന്നെ  പുലി ശല്യം നാട്ടുകാർക്ക് ഉണ്ടായില്ല എന്നുള്ളതായിരുന്നു  സത്യം . 

 ജോണി, പുലിയെ രണ്ടായി  വലിച്ചു കീറിയെന്നു തന്നെ നാട്ടുകാർ വിശ്വസിച്ചു  , ആ വിശ്വാസതക്ക് ബലമേകാനെന്നവണ്ണം  നാടൊട്ടുക്ക് അന്തോണി  അത് പാടി നടക്കുകയും ചെയ്തു . ഇതിൽ വിശ്വസിക്കാത്ത രണ്ടുമൂന്നു പേർ ആ ചോദ്യം ചോദിക്കുകയും, പുലി ജോണി അവരെ  കുനിച്ചു നിറുത്തി ഇടിക്കുകയും ചെയ്തതോടെ എതിർപ്പു സ്വരങ്ങൾ പതിയെ കെട്ടടങ്ങി . 

 ഏതായാലും അതിനു ശേഷം പുലിയെ ആരും കാണാത്തതുകൊണ്ട് ആ സംഭവത്തിന് വിശ്വാസ്യത ഏറി എന്നുള്ളതായിരുന്നു സത്യം  . 

മീൻകാരൻ മമ്മദും വാറ്റുകാരൻ വറീതും  പുലിയെ കീറിക്കളഞ്ഞു വെന്ന് പറഞ്ഞ  സ്ഥലത്ത് പോയി നോക്കിയെങ്കിലും ഒന്നും  കണ്ടെത്തിയില്ല .. 

പുലി കിടന്നിടത്ത് പൂട പോലുമില്ലേ എന്ന സംശയം ചോദിച്ചവർക്ക് നേരെ ജോണി കണ്ണുരുട്ടുകയും , പുലിയെ മാത്രമല്ല വേണമെങ്കിൽ  മനുഷ്യരെ  വരെ ഞാൻ കീറിക്കളയാറുണ്ടെന്ന്  പറഞ്ഞതോടെ പേടികൊണ്ട് മമ്മദിന്റേയും വറീതിന്റേയും ഉള്ളിൽ നിന്ന്  ഒരു ആന്തൽ ബഹിർഗ്ഗമിക്കുകയും ചെയ്തു .

പുലിയെ കീറിക്കളഞ്ഞത് നോക്കി നടക്കുന്നുവെന്നും ചോദിച്ച്  ജോണി അട്ടഹസിച്ചു  . ഇതേ ചോദ്യം ചോദിക്കാനായി ആഞ്ഞു നിന്ന ഞൊള്ളി പീലി  അതോടെ ആ ചോദ്യം  വിഴുങ്ങി  . 

മമ്മദിനേം, വറീതിനേം  കീറിക്കളയുമ്പോ അല്പം കനമെങ്കിലും ഉണ്ടാവും അപ്പൂപ്പൻ താടിപോലെയിരിക്കുന്ന തന്നെ ഒരു ഇല  കീറുന്ന ലാഘവത്തോടയാവും ജോണി കീറിക്കളയാ  .

ആ സംഭവത്തിനു ശേഷം  പുലി ജോണിയെ കാണുമ്പോ റോമു കുരക്കാറില്ല മറിച്ച്  ജോണി അകലെ നിന്ന് വരുന്നത് കാണുമ്പോ  തന്നെ  വാലാട്ടിക്കൊണ്ട്  തന്റെ വിധേയത്വം പ്രകടിപ്പിക്കാറാണ് പതിവ്  . പിന്നേയും കുറെ നാളുകൾക്ക് ശേഷാ മണികണ്ഠൻ പൂച്ച തിരിയെ വന്നത് .

 പരിചയമുള്ളവരേയും ,പരിചയമില്ലാത്തവരേയും കാണുമ്പോൾ മ്യാവൂ .., മ്യാവൂ ന്നും പറഞ്ഞ് കരഞ്ഞോണ്ട് ചെന്ന് സ്നേഹം പ്രകടിപ്പിക്കുന്ന മണികണ്ഠൻ പൂച്ച , പുലി ജോണി വരുമ്പോൾ മാത്രം ജീവനും കൊണ്ട് ഓടിഒളിക്കും  . എന്തോ.. എപ്പോ പുലി ജോണിയെ കണ്ടാലും തന്നെ കീറിക്കളയാൻ വരുന്നത് പോലെയാണ് മണികണ്ഠന് തോന്നാറ് .

ആരെക്കാണുമ്പോഴും സ്നേഹം പ്രകടിപ്പിക്കുന്നത് മണികണ്ഠന്റെ   ഒരു അടവായിരുന്നു . 

 ഒരു പൂച്ച വന്ന് സ്നേഹം പ്രകടിപ്പിക്കുന്നതോടെ എല്ലാവരും എന്തെങ്കിലും  മണികണ്ഠനു തിന്നാൻ  കൊടുക്കും . ഒന്നും തരാത്തവരെ മണികണ്ഠൻ ശ്രദ്ധിക്ക പോലുമില്ല .

രാത്രിയാവുമ്പോ ചായക്കടയിൽ നിന്ന് ഷാപ്പിലേക്ക് പോവും. പിന്നെ അവിടെയാവും ഈ  സ്നേഹം പ്രകടിപ്പിക്കൽ . 

മണികണ്ഠന്റെ ഈ എച്ചിത്തരത്തിൽ  റോമുവിന് അതിയായ  അമർഷമുണ്ട് . ഇത് മണികണ്ഠനും നന്നായറിയാം. പാവം കൊതിച്ച്.., കൊതിച്ച്  ചാവുമെന്നാ മണികണ്ഠൻ മനസ്സിൽ പറയാ .

ഇത്രയും ധീരനായ  പുലി  ജോണിയെ പാമ്പു കടിച്ചെന്നുള്ള വാർത്ത  കേട്ട് നാട്ടുകാർ ഞെട്ടി .

ഞെട്ടിയവർ .., ഞെട്ടാത്തവർക്കായി പറഞ്ഞു..,അത് കേട്ട് ഞെട്ടാത്തവരും ഞെട്ടി . 

മെമ്പറു സുകേശൻ , അവറാൻ ചേട്ടൻ, പ്രേക്ഷിതൻ സുകു, പാക്കരൻ ചേട്ടൻ, മമ്മദ് എല്ലാവരും ചേർന്നാ ആശുപത്രിയിലോട്ട് പോയത് അപ്പോഴും ജോണിക്ക് ബോധം വന്നിട്ടുണ്ടായിരുന്നില്ല .

പാമ്പ്  വിഷത്തിന്റെതായ  യാതൊന്നും തന്നെ  ശരീരത്തിൽ കാണാനില്ലെന്ന ഡോക്‌ടർ പറഞ്ഞത്  . 

എന്നിട്ടെന്താ ബോധം വരാത്തതെന്നാ അവറാൻ ചേട്ടന്റെ ചോദ്യത്തിന് ഡോക്‌ടർ കൈമലർത്തി , ചിലപ്പോ പേടിച്ചിട്ടായിരിക്കുമെന്നാ പറഞ്ഞത് .

പേടിയോ ? ജോണിക്കോ  എന്റെ ഡോക്ടറെ പുലിയെ വരെ വലിച്ചു കീറിയവനാ ജോണി  . പുലി ജോണി അത് കേൾക്കാൻ വേണ്ടി കൂടിയാ അവറാൻ ചേട്ടൻ അത് പറഞ്ഞതെങ്കിലും ബോധമില്ലാത്ത ജോണി അത് കേട്ടില്ല. 

പുലിയെ ആവില്ല വല്ല  എലിയെയായിരിക്കുമെന്നും  പറഞ്ഞ് ഡോക്ടർ പോയി . 

നേരത്തോട് നേരം കഴിഞ്ഞ്  ബോധം വന്ന പുലി ജോണി വിറച്ചു കൊണ്ടാ   ചോദിച്ചത് താൻ ചത്തില്ലേന്ന് ?.

ചത്തെങ്കി  പിന്നെ മിണ്ടാൻ പറ്റോ ജോണീന്ന് , മമ്മദിന്റെ വായിൽ തിക്കി വന്നെങ്കിലും ഒരു വിധത്തിലാ മമ്മദത് അടക്കിയത് . ആദ്യം കിട്ടിയ അടിയുടെ ചൂട് മാറി വരുന്നേയുള്ളുന്നാ മമ്മദ് ഓർത്തത്. അതോടെ മമ്മദ് അവിടെ നിന്നും മാറി നിന്നു. തന്റെ നാക്കിനെ  തനിക്കു തന്നെ വിശ്വാസമില്ലെന്നും പറഞ്ഞായിരുന്നു അത്  . താനെന്തെങ്കിലും കൊത്തും ജോണി തനിക്കിട്ട് തരും .., വെറുതെയെന്തിനാ ...യെന്നും പറഞ്ഞായിരുന്നു മമ്മദ് നീങ്ങി  നിന്നത്. 

 അന്ന് പുലി ജോണിയുടെ കൂടെയുണ്ടായിരുന്ന സുധാകരനാ പിന്നീട് ആ സത്യം പറഞ്ഞത്. ഒരു  ചേര പാമ്പിനെ കണ്ടായിരുന്നു പുലി ജോണി ബോധം കെട്ട് വീണതെന്ന്  പാമ്പ് അടുത്തൂടെ പോയതേയുണ്ടായിരുന്നുള്ളൂ . ആ പേടിയിലാ  പുലി ജോണിക്ക് ബോധം നഷ്ടപ്പെട്ട് വെട്ടിയിട്ട പോലെ വീണത്. 

അതോടെ  ജോണി, പുലിയെ   കീറിക്കളഞ്ഞുവെന്നുള്ളത് ഒരു വലിയ നുണയായി നാട്ടുകാർ വ്യാഖ്യാനിച്ചു ..

എന്നാൽ ജീവിതത്തിൽ തനിക്ക് പാമ്പിനെ മാത്രമേ പേടിയുള്ളൂവെന്ന് പറഞ്ഞ് ജോണി തടിയൂരി . പാമ്പിനെ വലിച്ചു കീറാനുള്ളത്  ഇല്ലത്രെ എന്നുകൂടി അതിന് അനുബന്ധമായി  ജോണി പറഞ്ഞു വെച്ചു  . 

സംഗതി എന്താണ് സത്യമെന്ന്  ജോണിക്കും, പുലിക്കും  മാത്രമേ അറിയാമായിരുന്നുള്ളൂ .

ആയിടക്കാണ് വനം വകുപ്പ് കാര് പുലി ജോണിക്കെതിരെ കേസ് കൊടുത്തത്. ആനയെ വലിച്ചു കീറിയെന്നും പറഞ്ഞായിരുന്നുവത്  . 

അത് കേട്ട പുലി ജോണി ഉള്ളിൽ ഞെട്ടിയെങ്കിലും  അതൊരു അവാർഡ് പോലെ തലയിലേറ്റിക്കൊണ്ട് പ്രഖ്യാപിച്ചു .., .., ഞാൻ വലിച്ചു കീറാൻ നോക്കിയതാ പക്ഷെ വഴുതി പ്പോയി  .

വഴുതിപ്പോവാൻ ഇതെന്താ ഉണക്കമീൻ ആണോയെന്നായിരുന്നു  പാക്കരൻ ചേട്ടൻ ചോദിച്ചത് ?

ഏതായാലൂം കുഴിയാനയെ വലിച്ചു കീറിയതിന് കേസെടുക്കാനാവില്ലെന്നും പറഞ്ഞ് ഇടിയൻ വനം വകുപ്പുകാരെ ഇറക്കി വിട്ടു . പിന്നെയാണ് ആനയുടെ ശവം ഉൾക്കാട്ടിൽ കണ്ടെത്തിയതും അതിനു പുറകിൽ വേട്ടക്കാരാണെന്നും തിരിച്ചറിഞ്ഞത് . പോലീസ് അവരെ പിടിക്കാൻ നാട് മുഴുവൻ അലറിപ്പാഞ്ഞു . ഞങ്ങളുടെ ഗ്രാമത്തിലെ തോക്കുള്ള വേട്ടക്കാരെല്ലാം രായ്ക്കു രാമാനം സ്ഥലം വിട്ടു അക്കൂട്ടത്തിൽ തവള പിടുത്തക്കാരനായ കുട്ടനും ഉണ്ടായിരുന്നു .

നീയും, ഒരു വേട്ടക്കാരനല്ലേ ..,പോലീസ് പിടിക്കുന്നതിനു മുന്നേ ജീവൻ വേണമെങ്കിൽ ഓടിക്കോയെന്നാ അവറാൻ ചേട്ടൻ കുട്ടനോട് പറഞ്ഞത് .

എന്തിന് ?

ആനയെ വെടിവെച്ച് കൊന്നതിനെന്നുള്ള അവറാൻ ചേട്ടന്റെ ഉത്തരം കേട്ട് , കുട്ടൻ മുഖത്തേക്ക് ടോർച്ചടിച്ച തവള പോലെ അവറാൻ ചേട്ടനെ തുറിച്ചു നോക്കി . ആ നോട്ടം കണ്ട് അവറാൻ ചേട്ടൻ വേഗം എണീറ്റു പോവുകയും ചെയ്തു .

ഏതായാലും അതോടെ കോഴിയെ പിടിക്കുന്നവനും, നരിയെ പിടിക്കുന്നവനും  എലിയെ പിടിക്കുന്നവനുമെല്ലാം ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് ജീവ രക്ഷാർത്ഥം പാലായനം ചെയ്തു .ആനയെ ജീവിതത്തിൽ കണ്ടിട്ടു പോലുമില്ലാത്ത വറീതേട്ടനും അക്കൂട്ടത്തിലുണ്ടായിരുന്നു  എന്നുള്ളതായിരുന്നു സത്യം . 

ആ വേട്ടക്കാരനെ തേടി ഇടിയന്റെ ജീപ്പ് സൈറൺ മുഴക്കിക്കൊണ്ട് ഗ്രാമ വഴികളിലൂടെ എവിടെയവൻ.., എവിടെയവൻ..?  എന്ന് ഗർജ്ജിച്ചു കൊണ്ട് അലറിപ്പാഞ്ഞു .

ആരായിരിക്കും ആനയെ വെടി വെച്ചു കൊന്നതെന്ന ചർച്ച പാക്കരൻ ചേട്ടന്റെ ചായക്കടയിലും, വറീതിന്റെ കള്ളു ഷാപ്പിലും, കവലയിലും എന്തിന് നാലാൾ കൂടുന്നിടത്തുമെല്ലാം ചർച്ചാ വിഷയമായി .

ഇനി പീലിപ്പോസ് മുതലാളിയായിരിക്കുമോ എന്നുള്ള വറീതിന്റെ സംശയം കേട്ട് ഒരു കുപ്പി അന്തിക്കള്ള് മോന്താൻ വന്ന ഫിലിപ്പോസ് മുതലാളി ഞെട്ടിക്കൊണ്ട് ആമാശയത്തിലേക്ക് പോകേണ്ട കള്ള് നേരെ ശ്വാസ കോശത്തിലേക്ക് വിട്ടു .

അതെന്നാ വറീതേ അങ്ങനെ ചോദിച്ചത് ? താനെന്തെങ്കിലും കണ്ടോ ? അവറാൻ ചേട്ടന്റെയാ ചോദ്യത്തിന് വറീത് തലയാട്ടിക്കൊണ്ടാ മറുപടി പറഞ്ഞത് .

ഞാൻ കണ്ടിട്ടൊന്നുമില്ല പക്ഷെ പീലിപ്പോസ് മുതലാളിയുടെ കൈയ്യിൽ തോക്കുണ്ടല്ലോ , അത് കേട്ട് അവറാൻ ചേട്ടൻ ശരിയെന്ന അർത്ഥത്തിലും പീലിപ്പോസ് മുതലാളി നിഷേധാർത്ഥത്തിലും തലയാട്ടി .

ഒരു തോക്കുള്ളതിന്റെ പേരിൽ തന്നെ പിടിച്ച് ആനക്കൊള്ളക്കാരനാക്കോ എന്നുള്ള പേടിയും അതോടെ മുതലാളിയെ വലയം ചെയ്തു . ആനയെ പോയിട്ട് ഒരു കോഴിയെ പോലും ആ തോക്കൊണ്ട് വെടി വെച്ച് കൊല്ലാൻ പറ്റില്ലെന്ന് തനിക്കു മാത്രം അറിയാം.  ശരിക്ക് പൊട്ടത്ത് പോലുമില്ല അതോണ്ട് കുഴിയാനയെ വേണമെങ്കിൽ കുത്തിക്കൊല്ലാം എന്നുള്ളതിൽ കവിഞ്ഞ് യാതൊരു ഗുണവുമില്ല .

തന്റെ അപ്പൻ അതിൽ നിന്നുമുള്ള വെടി കൊണ്ടാ ചത്തത് . മുയലിനെ വെടി വെച്ചതായിരുന്നു . ഉണ്ട സ്വന്തം മെത്താ വന്ന് കൊണ്ടത് . അതെങ്ങനെയെന്ന് അപ്പനും തോക്കിനും ഉണ്ടക്കും അറിയത്തില്ലായിരുന്നു . ഏതായാലും ആ രഹസ്യം നിഗൂഡമാക്കി വെച്ച് കൊണ്ടാ   അപ്പന്റെ കാറ്റ് പോയത്  . 

ആ ഓർമ്മക്കാണ് അവനെ ചുവരിൽ  പ്രതിഷ്ഠിച്ചത്. പിന്നെ നാട്ടുകാർ കാണുമ്പോ  ഒരു ഗമയും ആയല്ലോ ?. മുതലാളിമാരുടെ കൈയ്യിലെല്ലാം തോക്കുണ്ടെന്നുളളത് ഒരു അഭിമാന സ്തംഭമായിരുന്നു . തോക്കില്ലെങ്കിൽ അവൻ മുതലാളിയല്ല എന്നുള്ളത് കൂടിയായിരുന്നു വെപ്പ് . 

ഒരു ദിവസം വേട്ടക്കെന്നും പറഞ്ഞു പോയ അപ്പനെ, നാട്ടുകാർ  താങ്ങി എടുത്തോണ്ട് വരുന്നതാ കണ്ടത് . മുയലിനെ വെടി വെച്ചതാത്രേ . ഉണ്ട മുയലിന്റെ നേർക്ക് പോകാതെ അവിടുള്ള ഇരുമ്പ് ഗേറ്റിൽ തട്ടുകയും അത് അപ്പന്റെ മണ്ടക്കു തന്നെ വന്ന്  കൊള്ളുകയും ചെയ്തതാ  .മുയൽ വെടി കൊണ്ട് വീഴുന്നതും   നോക്കിയിരുന്ന നാട്ടുകാരുടെ മുന്നിലേക്ക് എന്റെ കർത്താവേ ന്നുള്ള നിലവിളിയോടെ  അപ്പൻ വീഴുന്നതാ എല്ലാവരും  കണ്ടത് . 

ആർക്കും ഒന്നും മനസ്സിലായില്ല പിന്ന്യാ ഉണ്ട പണി പറ്റിച്ചതാന്ന് മനസ്സിലായത് . ആ ഓർമ്മ സൂചകമായാണ് പീലിപ്പോസ് മുതലാളി തോക്ക് സൂക്ഷിച്ചിരിക്കുന്നത് .

നീ കണ്ടോടാ നായിന്റെ മോനെ ഞാൻ ആനയെ കൊല്ലുന്നത് എന്നും ചോദിച്ച്  മുതലാളി, വറീതിന്റെ മുന്നിലോട്ട് ചാടി . ഒരു ആന മദിച്ചു വരുന്നത് പോലെയാ വറീതിനതു കണ്ട്  തോന്നിയത് . 

മുതലാളി ഇവിടെ ഉണ്ടായിരുന്നോന്നാ വറീത് വിക്കിക്കൊണ്ട്  ചോദിച്ചത് .

അല്ലേടാ,  ഞാൻ മാനത്തൂന്നും  പൊട്ടി വീണതാടാ നായിന്റെ മോനേ  ..,നിന്റെ കൈയ്യിൽ തോക്കുണ്ടെന്ന് ഞാൻ പറഞ്ഞാലോ എന്നും പറഞ്ഞ്  പീലിപ്പോസ് മുതലാളി ചാടി കടിച്ചു .

തന്റെ കൈയ്യിൽ തോക്കോ ?

വറീത് അന്ധം വിട്ടാ താഴോട്ട് നോക്കിയത്. 

ആ തോക്കല്ലായെന്നും പറഞ്ഞ് പീലിപ്പോസ് മുതലാളി വീണ്ടും ചീറി .

ആ പ്രയോഗം കേട്ട് വറീത് നാണിച്ചു നിന്നു കള്ള് കുടിച്ചോണ്ടിരുന്ന കപ്യാര് ഈനാശു ചേട്ടൻ ചിരിച്ചു ചിരിച്ചു താഴെ വീണു .

ഏതായാലും ഇതിവിടെയിരുന്നാൽ ഇടിയന്റെ ഇടി കൊണ്ട് താൻ ചാവേണ്ടി വരുമെന്നുള്ളത് തിരിച്ചറിഞ്ഞ പീലിപ്പോസ് മുതലാളി തോക്കെടുത്ത് കണ്ടം തുണ്ടമായി വെട്ടിക്കളഞ്ഞു  ..

 ആന കൊലപാതകിയെ  തേടി ഇടിയനും, ഫോറെസ്റ്റുകാരും പരക്കം പായുന്നതിനിടയിലാണ് നാടൻ തോക്കുമായി തഞ്ചാവൂരിന്ന് വന്ന മുരുകന്റെ മാമൻ പിടിയിലാവുന്നത് . 

കിളിയേയും മറ്റും വെടി വെച്ച് കൊല്ലുന്നത് മുത്തുപ്പാണ്ടിയുടെ വലിയ ഇഷ്ടമായിരുന്നു .  മുരുകനാ.., മുത്തുപ്പാണ്ടിയോട് പറഞ്ഞത് മാമാ.., നീങ്കെ  ഇങ്കേവാങ്കോ..,   ഇങ്കെ ഊരിൽ  കിളകളിറുക്കിറുതെന്ന് . .

അന്ത കിളികളെ പിടിക്കാൻ വന്ന മുത്തുപ്പാണ്ടിയെ കണ്ടാ പ്രേക്ഷിതൻ സുകു സ്റ്റേഷനിലേക്ക് പാഞ്ഞത് .

സാറേ തോക്കുമായി ഒരുത്തൻ ബസ്സിറങ്ങിയിട്ടുണ്ട് അവനായിരിക്കും ചിലപ്പോ ആനയെ വെടി വെച്ചു കൊന്നത് അതിനു ശേഷം സുകു ഫോറെസ്റ്റ് ഓഫീസിലേക്കും പാഞ്ഞു . ഈ ന്യൂസ് ആദ്യമെത്തിച്ചാൽ തനിക്കെന്തോ അവാർഡ് കിട്ടുമെന്നുള്ളത് പോലെയായിരുന്നു സുകുവിന്റെ പാച്ചിൽ .  

തലങ്ങും വിലങ്ങും ആർത്തലച്ചുകൊണ്ട് തനിക്കു ചുറ്റും ജീപ്പ് പാഞ്ഞു വന്നു നിന്നതോടെ മുത്തുപ്പാണ്ടി മുരുകാ ന്ന് വിളിച്ച് ഓടാൻ നോക്കി  . 

ഇടിയൻ തോക്ക് ചൂണ്ടി അലറി.. 

ആയുധം താഴെയിടെടാ , അതോടെ  മുത്തുപ്പാണ്ടി എല്ലാം താഴെയിട്ടു .

എതുക്ക് തന്നെ പിടിക്കറെ? എന്ന് മുത്തുപ്പാണ്ടി സ്വയം ചോദിച്ചെങ്കിലും അതിനുള്ള ഉത്തരം മുത്തുപ്പാണ്ടിക്ക് അറിയാത്തതുകൊണ്ട്  മറുപടിയുണ്ടായില്ല.

അത്  ചോദിക്കാനും മുത്തുപ്പാണ്ടിക്ക് ഭയമായിരുന്നു.

 മുരുകാ.. ഇതുക്ക് താനാ  കിളിയെ വെടി വെക്കറുതക്ക് ഇന്ത പൈത്യക്കാരൻ പേച്ചെ കേട്ട് വന്തത് ?

എവിടെയെടാ  ആനക്കൊമ്പ് ?

ആനക്കൊമ്പ് ആനയുടെ മുഖത്തല്ലേ ഉണ്ടാവാ എന്തിനാ തന്നോട് ചോദിക്കുന്നതെന്നായിരുന്നു മുത്തുപാണ്ടിയുടെ സംശയം .

എവിടെടാ ആനക്കൊമ്പ് ? ഇടിയൻ വീണ്ടും  അലറി. 

എന്ത ആനക്കൊമ്പ് സാറേ ? മുത്തുപ്പാണ്ടി ഒരു വിധത്തിലാണ് വാക്കുകൾ പുറത്തേക്ക് വലിച്ചിട്ടത് ഇനിയും മറുപടി പറഞ്ഞില്ലെങ്കിൽ ഇടിയൻ തന്നെ വെടി വെച്ച് കൊല്ലുമോയെന്ന് പോലും മുത്തുപ്പാണ്ടിക്ക് തോന്നി .

മുത്തുപാണ്ടിക്കു വേണ്ടി ഇടിയനും ഫോറെസ്റ്റ് കാരും വാഗ്വവാദത്തിൽ ഏർപ്പെട്ടെങ്കിലും അവസാനം ഇടിയന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞ് ഫോറെസ്റ്റ് കാർക്ക് വിട്ടു കൊടുക്കാമെന്നുള്ള ധാരണയിൽ തീരുമാനമായി  . 

ഈ അടുത്ത കാലത്തൊന്നും തനിക്ക് കിളിയെ വെടി വെക്കാൻ പറ്റത്തില്ലെന്ന് അതോടെ മുത്തുപാണ്ടിക്ക് ബോധ്യമായി . തഞ്ചാവൂരിലുള്ള വല്ല കുരുവിയെയും പാറ്റയേയുമൊക്കെ വെടി വെച്ചു കൊന്നാ  മതിയായിരുന്നു . . ഇവിടെ കഴുകനുണ്ട് ,പരുന്തുണ്ട് എന്നൊക്കെ പറഞ്ഞ് ആ പാവത്തിനെ  പ്രലോഭിപ്പിച്ചായിരുന്നു  മുരുകൻ കൊണ്ട് വന്നത് .

ആദ്യം ഇന്ത  പൈത്യകാരനെ വെടി വെച്ച് കൊല്ല വേണ്ടും, ഇതിനിടയിൽ പോലീസ് ജീപ്പ് കണ്ടതോടെ  മുരുകൻ മുങ്ങിയിരുന്നു . 

ഏതായാലും രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ മുത്തുപ്പാണ്ടി സിനിമയിലല്ലാതെ ജീവിതത്തിൽ ആനയെ കണ്ടിട്ടില്ലെന്ന്  മനസ്സിലായതോടെ ഇടിയൻ വെറുതെ വിട്ടു .

ഇന്ത പൈത്യക്കാർ ഊരിലേക്ക് ഇനി  വരമാട്ടെയെന്നും ശൊല്ലി  അഴുതുകൊണ്ടാണ് മുത്തുപ്പാണ്ടി പോയത് . 

അന്ത പൈത്യക്കാരൻ മുരുകനെ ഞാനിന്ന് കൊല്ലാതെ വിടമാട്ടേയെന്ന്  അലറിക്കൊണ്ട് പാഞ്ഞു വരുന്ന മുത്തുപ്പാണ്ടിയെ കണ്ട്..., മാമായെന്ന്.., മുരുകൻ  വാ കീറി കരഞ്ഞു     

ആരെടാ ഉങ്ക മാമാ ? എന്നൈ കൊല പണ്ണി എന്നുടെ സ്വത്തും പൊണ്ണയും തട്ടിയെടുക്കറുതുക്കാകെയാടാ  ഇന്ത നാടകം ?

താൻ ചെയ്ത നല്ല ഉദ്ദേശത്തിനു പുറകിൽ കേറിപ്പിടിച്ച ദുരുദ്ദേശങ്ങളുടെ ലിസ്റ്റ് കണ്ട് മുരുകന് തല ചുറ്റി . ഇതെല്ലാം വിശദീകരിച്ചു വരുമ്പോഴേക്കും ഒന്നല്ല പത്തുണ്ടകൾ കിളികൾക്ക് പകരം തന്റെ ശരീരത്തിലാവും കേറുകയെന്ന  പേടിയുള്ളതുകൊണ്ട് .., ഓടിക്കോളാനുള്ള കാലുകളുടെ ആജ്ഞക്ക് ചുവടു പിടിച്ച് മുരുകൻ ജീവനും കൊണ്ടോടി. .

ഉന്നൈ ഞാൻ ചുട്ടുടുവേ മുരുകായെന്നുള്ള മുത്തുപാണ്ടിയുടെ അലർച്ച കേട്ട് സാക്ഷാൽ മുരുകനും ഒന്ന് ഞെട്ടി.

മുരുകനെ കിട്ടാത്ത ദേഷ്യത്തിന് മുത്തുപ്പാണ്ടി പ്രേക്ഷിതൻ സുകുവിനെ തേടി ചെന്നെങ്കിലും ധ്യാനമുണ്ടെന്ന്  പറയാനേല്പിച്ചും സുകു പാക്കരൻ ചേട്ടന്റെ ചായക്കടയിൽ ഒളിച്ചിരുന്നു . 

ഏതായാലും ആരെയും വെടി വെക്കാൻ പറ്റാത്ത ദേഷ്യത്തിന് മുത്തുപ്പാണ്ടി ആ തോക്ക് ആകാശത്തേക്ക് ചൂണ്ടി ആരെയോ പേടിപ്പിക്കാനെന്ന മട്ടിൽ രണ്ട് വെടി പൊട്ടിക്കുകയും അത് കേട്ട സുധാകരന്റെ ചെക്കൻ സുധാകരന്റെ ഒക്കത്തിരുന്ന് ട്രൗസറിൽ മുള്ളുകയും ചെയ്തു അതിനു മുന്നേ സുധാകരനും ട്രൗസറിൽ മുള്ളിയിരുന്നു .

ഇങ്ങനെയൊന്നും പേടിക്കല്ലേ കുട്ടാ .. സുധാകരൻ ചെക്കനെ ശാസിക്കുകയും ചെയ്തു അച്ഛനില്ലേ കൂടെ ? അത് പറഞ്ഞു തീരാലും സുധാകരേട്ടൻ വീണ്ടും മുള്ളി. 

കരഞ്ഞു കൊണ്ടായിരുന്നു മുത്തുപ്പാണ്ടി ഞങ്ങളുടെ ഗ്രാമം വിട്ടത് .., പൈത്യക്കാരുടെ ഊരെന്ന് പത്തുവാട്ടി പുലമ്പുകയും ചെയ്തു .

അതിനുശേഷം കുറേക്കാലത്തോളം മുത്തുപ്പാണ്ടി ഉറക്കത്തിൽ പോലും ആനയെക്കണ്ട് ഞെട്ടിയുണരുന്നുണ്ടായിരുന്നു .

അവസാനം അമ്മയുടെ കാലു പിടിച്ച് കരഞ്ഞു പറഞ്ഞ് ഒരു വിധത്തിലാ മുരുകൻ< മാമയെ സമാധാനിപ്പിച്ചെടുത്തത്  .

അങ്ങനെ പതിയെ പതിയെ ആന വേട്ടക്കാരനെക്കുറിച്ച് എല്ലാവരും മറക്കുകയും വേറെ ആനകളൊന്നും വീണ്ടും വെടി കൊണ്ടോ മറ്റു കാരണങ്ങൾകൊണ്ടും ചെരിയാത്തതുകൊണ്ടും അതിനെക്കുറിച്ചുള്ള ഉത്തരം ഇന്നും അജ്ഞാതമായി റിക്കോർഡ് രേഖകളിൽ ഉറങ്ങുന്നു .

വെട്ടി നുറുക്കിയ തോക്കെടുത്ത് പീലിപ്പോസ് മുതലാളി ഒട്ടിച്ചു  വെക്കാൻ നോക്കിയെങ്കിലും ഒട്ടാൻ  എനിക്ക് മനസ്സില്ലായെന്നും പറഞ്ഞ് തോക്ക് അങ്ങിനെത്തന്നെ കിടന്നു . ആ തോക്കുമായി അപ്പൻ കുഞ്ചെറിയായുടെ ഫോട്ടോയുടെ മുന്നിൽ പോയി നിന്ന് പീലിപ്പോസ് മുതലാളി അപ്പാ മാപ്പെന്നും പറഞ്ഞ് കുറേനേരം തൊണ്ട കീറി കരഞ്ഞെങ്കിലും കുഞ്ചെറിയാച്ചൻ ഒന്ന് നോക്കുക പോലും ചെയ്തില്ല .

പോടാ.., കോപ്പേ ന്നും പറഞ്ഞ് കണ്ണടച്ചിരുന്നു . ആയ കാലമായിരുന്നെങ്കിൽ ആ തോക്കെടുത്ത് അവന്റെ നെഞ്ചത്തോട്ട് രണ്ട് വെടി പൊട്ടിക്കായിരുന്നുവെന്നാ അങ്ങേര് ആലോചിച്ചത് . 

അവസാനം പീലിപ്പോസ് മുതലാളി അപ്പന്റെ ഫോട്ടോ നോക്കി ചിരിച്ചു , അപ്പനതാ പുഞ്ചിരിക്കുന്നുവെന്നും പറഞ്ഞ് ആ കോപത്തെ സ്വയം അങ്ങട്  അലിയിച്ചു കളഞ്ഞു .

ഞാനെപ്പൊ പുഞ്ചിരിച്ചെന്ന് കുഞ്ചെറിയ  സ്വയം ചോദിച്ചത്  ..

ആ കൊല്ലത്തെ അരക്കൊല്ല പരീക്ഷക്ക് കോപ്പിയടിച്ച എന്നെ പീതാംബരൻ മാഷ് കൈയ്യോടെ പൊക്കുകയും കുട്ടികളെല്ലാം ഏതോ കൊലപാതകം ചെയ്ത മാതിരി എന്നെ തുറിച്ചു നോക്കുകയും ചെയ്തു .

ഗൈഡെടുത്ത് എഴുതുന്ന വില്ലൻമാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു . അതെന്നെയൊരു ഭ്രാന്തനാക്കി മാറ്റുകയും ഉന്മാദം ബാധിച്ചവനെപ്പോലെ ഞാൻ എല്ലാവരേയും ചൂണ്ടിക്കാണിക്കുകയും ചെയ്തു . . തുണ്ടു പേപ്പറുകൾ അരയിൽ വെച്ചെഴുതുന്നതിൽ പ്രഗത്ഭനായ ഉണ്ണിയും ചെരുപ്പുകളിൽ കോപ്പിയടിയുടെ കുറിപ്പുകൾ കുറിച്ചിടുന്ന രാമനും ഒരു പുസ്തകം തന്നെ തന്റെ ശരീരത്തിൽ കൊണ്ട് നടക്കുന്ന കിട്ടുണ്ണിയും എന്തിന് ആ  ക്ലാസ്സിലെ മുഴുവൻ കുട്ടികളുടേയും വിദ്യ കണ്ടതോടെ പീതാംബരൻ മാഷും ഹെഡ് മാഷും ഞെട്ടിത്തരിക്കുകയും ചെയ്തു .

ക്ലാസ്സ് കഴിയുമ്പോൾ എന്നെ തല്ലാൻ കുട്ടികൾ ആക്കം കൂട്ടുന്നുണ്ടെന്നറിഞ്ഞതോടെ എന്റെ ഉന്മാദം അവസാനിക്കുകയും അത് പേടിയായി മാറുകയും ചെയ്തു .

അവനെ നമുക്ക് തല്ലിക്കൊന്നാലോയെന്നാ കിട്ടുണ്ണി ചോദിച്ചത് . വേണ്ട.. അവന്റെ  കൈയ്യും കാലും തല്ലി  ഒടിക്കാമെന്നാ ശിവൻ പറഞ്ഞത് .

എന്നെ തല്ലാനായുള്ള വട്ടം കൂട്ടൽ കണ്ടതോടെ  ആ ഉന്മാദം വേണ്ടിയിരുന്നില്ലായിരുന്നുവെന്ന് എനിക്ക്  തോന്നി . 





















0 അഭിപ്രായങ്ങള്‍