ഹെഡ്  മാഷിന്റെ രണ്ടടിയോടു കൂടി  കാര്യം കഴിഞ്ഞേനേ . ഇത് വീടുവരേക്കും പിള്ളേരുടെ  ഇടിപ്പെരുന്നാളായിരിക്കും എനിക്ക്   കിട്ടാൻ പോണത് . 

 ശിവൻ പറഞ്ഞ പോലെ   എല്ലാവരും ചേർന്നെന്റെ കൈയ്യും കാലും തല്ലിയൊടിക്കോ കർത്താവേ ?.

മിണ്ടാതിരുന്നാ മതിയായിരുന്നു. 

 എനിക്ക് കരയാൻ തോന്നി.

 അമ്മയോട് വരാൻ പറഞ്ഞാലോ ? പക്ഷെ  എങ്ങിനെ ?

കൂട്ട് വരാനായി  ഞാൻ ശങ്കുവിനോട്  പറഞ്ഞെങ്കിലും, കൂട്ടു വന്നാൽ എന്റെ ഇടിയുടെ പാതി  അവനും  കിട്ടുമെന്നുള്ളതു കൊണ്ട് പഠിക്കാനുണ്ടെന്നും പറഞ്ഞ്  ശങ്കു  മുങ്ങി . പോകുന്ന പോക്കിൽ അവൻ എന്നെയൊന്ന് തിരിഞ്ഞു നോക്കി. ഏതാണ്ട്  കൊല്ലാൻ കൊണ്ട് പോകുന്ന  അറവുമാടിനെ നോക്കുന്ന പോലെയാ അവനെന്നെ  നോക്കിയത് , അത് കണ്ട് എനിക്ക് കരച്ചിൽ വന്നു .

അവസാനം പീതാംബരൻ മാഷിന്റെ കൂടെയാ ഞാൻ വീടു വരെ പോയത്.

 പനിയാണെന്ന് നുണ പറഞ്ഞതുകൊണ്ടാ  പീതാംബരൻ മാഷ്ന്നെ കൊണ്ടാവാമെന്ന് സമ്മതിച്ചത് തന്നെ  . കോപ്പി അടിച്ചത് വീട്ടിൽ പറയട്ടെന്ന് മാഷ് ചോദിച്ചപ്പോ പനി മാറിയിട്ട് പറഞ്ഞാ മതിയെന്നാ ഞാൻ പറഞ്ഞത് .

 ഇടക്കിടക്ക് ഞാൻ വറീതിന്റെ വാറ്റ് ആരും അറിയാണ്ട്  പീതാംബരൻ മാഷ്ക്ക് വാങ്ങിക്കൊണ്ട് കൊടുക്കാറുള്ളതാ. അമ്മയോട് പറഞ്ഞാ പിന്നെ ഞാനാ പരിപാടി നിറുത്തൂന്ന് മാഷിന് നന്നായറിയാം . 

വറീതിന്റെവിടെ  പോവാൻ മാഷിന് പേടിയാ .  എന്താന്ന് വെച്ചാ ഒരു പ്രാവശ്യം,  ആരും കാണാതിരിക്കാൻ   ആകെ  മൂടി പുതച്ച്  പോയ മാഷിനെ  അടുത്ത ഗ്രാമത്തിലെ പുഷ്ക്കരൻ എന്തിനാടാ കള്ളനെ പോലെ വന്ന് കുടിക്കണതെന്നും ചോദിച്ച് അടിക്കാൻ ചെന്നതാ അതോടെ പീതാംബരൻ മാഷ്  ഓടി പുഷ്ക്കരൻ കള്ളനെന്നും പറഞ്ഞ് പിന്നാലെയും .

പുഷ്കരന്റെ ഇടി കിട്ടി മാഷ് കരഞ്ഞതോടെയാ നാട്ടുകാർ ഓടിക്കൂടിയത് അതോടെയാ അത് പീതാംബരൻ മാഷാണെന്ന് എല്ലാവരും  അറിഞ്ഞത് . 

എന്റെ പുഷ്‍കരാ, നാണമില്ലേ  നിനക്ക് ഒരു മാഷിനെ തല്ലാനെന്നാ ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ ചോദിച്ചത് ഗുരു ശാപം തലയും കൊണ്ടേ പോകൂന്നു കൂടി പാക്കരൻ ചേട്ടൻ കൈയ്യീന്നെടുത്തു കാച്ചി.   വിശ്വാസിയും അന്ധവിശ്വാസിയും രണ്ടും കൂടി കലർന്ന പുഷ്‍കരൻ അത് കേട്ട് ഞെട്ടി സ്വന്തം തല പിടിച്ച്  കരഞ്ഞു കൂടെ  പീതാംബരൻ മാഷും കരഞ്ഞു .

 മാഷെന്തിനാ കരയണെന്നാ വിറകുവെട്ടുകാരൻ വാസു ചോദിച്ചത് ? ഇടി കൊണ്ടാ  പിന്നെ കരയാതെ  നിന്ന് തൊലിക്കണോന്ന് ചോദിക്കാൻ മാഷിന്റെ നാവ് വളഞ്ഞതാ പിന്നെ വാസുവും  നല്ല ഫിറ്റാ വെറുതെ എന്തിനാ അവനേം  പ്രകോപിപ്പിച്ച് അവിടന്നും ഇടി വാങ്ങി വെക്കണേന്നാ മാഷ് ചിന്തിച്ചത്  ?. ഇന്നത്തെ ദിവസം തനിക്ക്  പൊട്ട ദിവസാന്ന് വിചാരിച്ചാ മതീന്നാ   മാഷ് സ്വയം  പറഞ്ഞത്.

രണ്ടു ദിവസത്തോളം ഉറക്കത്തീന്ന് ഇടക്കിടക്ക്   ഞെട്ടിയുണരുന്ന  പുഷ്ക്കരൻ  സ്വന്തം തല തപ്പി നോക്കി ഉണ്ടെന്ന് ഉറപ്പു വരുത്തിക്കൊണ്ടാ  വീണ്ടും കിടന്നത്  . 

   പുഷ്കരന്റെ ചെക്കൻ സന്തോഷ്, മാഷിന്റെ ക്ലാസിലാ പഠിക്കണത് . ഇതിന്റെ വക ഞാൻ ആ ചെക്കന് കൊടുത്തോളാന്നാ മാഷ് മനസ്സിൽ  പറഞ്ഞത് . ആ കള്ള ചെക്കന്റെ ചന്തി ഞാൻ തല്ലി പൊളിക്കും.

അതേപോലെ തന്നെ ഹോം വർക്ക് ചെയ്തു കൊണ്ട് വന്ന സന്തോഷിനെ വേറെ ഒരു കാരണോം കിട്ടാണ്ട് അതും പറഞ്ഞ് മാഷ് തല്ലി . പാവം സന്തോഷിന് ഒന്നും മനസ്സിലായില്ല . ഞാൻ ഹോം വർക്ക് ചെയ്തില്ലേ മാഷേന്നാ ആ പാവം കരഞ്ഞ് ചോദിച്ചത്  .

അതിനെന്താന്നും  ചോദിച്ച് മാഷ് വീണ്ടും തല്ലി . ഞാൻ അച്ഛനോട് പറയുന്ന് പറഞ്ഞതോടെയാ മാഷ് നിറുത്തിയത്.

നീ പറയെടാ അവനേം ഞാൻ തല്ലും .., പറഞ്ഞു കഴിഞ്ഞതിനു ശേഷാ അത് വേണ്ടായിരുന്നുവെന്ന് മാഷിനു തോന്നിയത്. അതിന്റെ പേരിൽ ഇനി വീണ്ടും അവന്റെ അച്ഛൻ പുഷ്ക്കരൻ വന്ന് തന്നെ  തല്ലുമോന്നും  മാഷിന് പേടിയായി അതോണ്ട് സന്തോഷിനെ ഒന്ന് സമാധാനിപ്പിച്ചാ മാഷ് വിട്ടത് .

നീ ഹോം വർക്ക് ചെയ്തില്ലാന്നല്ലേ പറഞ്ഞത്....? എന്നും ചോദിച്ച് മാഷൊരു നമ്പറിട്ടു പാവം സന്തോഷിന് അത് മനസ്സിലായില്ല . ശരിക്ക് പറയേണ്ടടാ എന്നും ചോദിച്ച് ഭാവിയിൽ  കിട്ടാൻ  വെച്ചിരുന്ന ആ  ഇടിയെ മാഷങ്ങനെ  ബുദ്ധിപൂർവ്വം  ഇല്ലാതാക്കി.     

 എന്റെ മാഷേ  കള്ള് കുടിക്കാൻ വരുമ്പോ എന്തിനാ ഇങ്ങനെ കള്ളനെ പോലെ മൂടിപ്പുതച്ച് വരണത് ?. ധൈര്യമായിട്ട് വന്നൂടെന്നാ  ഗൾഫ്കാരൻ ഭാസ്കരേട്ടൻ  ചോദിച്ചത് . 

 പിള്ളേര് കണ്ടാ മോശല്ലേന്ന്,   അവറാൻ ചേട്ടനാ അതിനു മറുപടി  പറഞ്ഞത്. 

ഞാൻ കുടിക്കാൻ വന്നതല്ല.., വൈദ്യരെ കാണാൻ വന്നതാണെന്നും  പറഞ്ഞ് മാഷൊരു നമ്പറിടാൻ നോക്കിയെങ്കിലും ആരും അത്  വിശ്വസിച്ചില്ല  .

വൈദ്യര് രാഘവേട്ടന്റെ അടുത്തേക്ക് അങ്ങോട്ടല്ലേ പോണ്ടതെന്ന്  അവറാൻ ചേട്ടൻ ചോദിച്ചതിന് പീതാംബരൻ മാഷ് വെറുതെ മാനം  നോക്കി നിന്ന്  പെട്ടെന്നാ പറഞ്ഞത് .

ഞാൻ വന്നത്  രാഘവൻ വൈദ്യരെ കാണാനല്ല സോമൻ വൈദ്യരെ കാണാനാ. 

അത് കേട്ട് എല്ലാവരും അന്തം വിട്ടു . 

ഞങ്ങടെ ഗ്രാമത്തിൽ ആകെയുള്ള വൈദ്യര്  രാഘവേട്ടനാ .  

ഇതേതാ ഈ  സോമൻ വൈദ്യരെന്ന് ആലോചിച്ചാ എല്ലാവരും അന്തം  വിട്ടത്.  

സത്യത്തിൽ അങ്ങിനെ ഒരു സോമൻ വൈദ്യര് ഇല്ല .  പലചരക്ക് കടക്കാരൻ  സോമന്റെ പേരാ  മാഷിന്റെ ഓർമ്മയിൽ പെട്ടെന്ന് വന്നത്. അതോടെ സോമനെ, മാഷങ്ങു  വൈദ്യരാക്കി മാറ്റി . 

ഇത് കേട്ട് രാഘവൻ വൈദ്യര്  ഞെട്ടി ഇവനേതാ ഈ സാമൻ തന്റെ കഞ്ഞീല് മണ്ണിടാൻ വന്നവൻ  ?.

ഈ വിവരമറിഞ്ഞ സോമേട്ടൻ അന്നുതൊട്ട് പലചരക്കിന്റെ കൂടെ നാട്ടുവൈദ്യവും തുടങ്ങി താനും ഒരു വൈദ്യരാണെന്ന് തട്ടിവിടേം ചെയ്‌തു.  

ഏതായാലും  അന്നത്തോടെയാ   മാഷ്, വറീതിന്റെ അവിടത്തെ പോക്ക് നിറുത്തിയതും എന്റെ സഹായം തേടിയതും  . ഞാനാവുമ്പോ ആരോടും പറയില്ലാന്ന് മാഷിന് നന്നായറിയാം. പിന്നെ ഓരോ പ്രാവശ്യം പോയി വരുമ്പോ എനിക്ക് രണ്ടു ഉറുപ്പികയും  തരും . ഇടക്ക് , ഞാൻ മൂന്നുറിപ്പിക ചോദിച്ച് മാഷിനെ ഭീഷിണിപ്പെടുത്താൻ നോക്കിയെങ്കിലും നിന്നെ പരീക്ഷക്ക് തോൽപ്പിക്കുമെന്ന് പറഞ്ഞ് മാഷെന്നെ ഭീഷിണിപ്പെടുത്തി .

സൈക്കിളില് പോവുമ്പോ  നിനക്ക്  നന്നായി പഠിച്ചൂടെന്നും പറഞ്ഞ് മാഷ്ന്നെ കുറേ   ഉപദേശിച്ചതാ   പക്ഷെ അടി കിട്ടുമോന്ന പേടിയില് വിറച്ചിരിക്കണ  ഞാൻ അതൊന്നും  കേട്ടില്ല .

വഴീല് വെച്ച് ശിവനും കൂട്ടുകാരും എന്നെ  രൂക്ഷമായി നോക്കണത്  ഞാൻ കണ്ടതാ  .    ഏതായാലും ഇവന്മാരെന്നെ ഇടിച്ചു കൊല്ലും.  ശിവനത് കൈകൊണ്ട്  കാണിക്കേം ചെയ്തു . 

അവന്റെ കൂടെ  മാഷുണ്ടല്ലോന്ന ശിവന്റെ ചോദ്യത്തിന്   മാഷുണ്ടായാലും കുഴപ്പമില്ലെന്നാ സന്തോഷ് പറഞ്ഞത്. വേണങ്കി മാഷിനേം കൂടി  ഇടിക്കാമെന്ന്  ശങ്കരനും പറഞ്ഞു  . അവനാ എന്നോട്  ദേഷ്യം കൂടുതല്  എല്ലാവരും തുണ്ട്  പേപ്പറ് വെച്ച് കോപ്പിയടിച്ചപ്പോ  അവന്റെ അരേന്ന് ഗൈഡാ മാഷ് പിടിച്ചത്  . 

ഞാനാ കൃത്യമായും അത്  പറഞ്ഞ് കൊടുത്തത്. രാജൻ മാഷ് ആദ്യം അവന്റെ ആരേലു തപ്പിയപ്പോ  ട്രൗസറിന്റെ ഉള്ളിലുണ്ടെന്ന് ഞാനാ  വിളിച്ചു പറഞ്ഞത് . ട്രൗസറിന്റെ ഉള്ളില് കൈയ്യിട്ട മാഷ് ആദ്യം ഒന്ന് ഞെട്ടി ശങ്കരൻ  ഇക്കിളി പൂണ്ട് ചിരിക്കണ കണ്ടപ്പൊഴാ പിടിച്ചത് ഗൈഡിലല്ലാന്ന്  മാഷിന് മനസ്സിലായത് .

പിള്ളേര് ചെറുതാണെങ്കിലും ...ന്നാ മാഷ് മനസ്സില് ഓർത്തത്. 

ഏതായാലും  സയൻസ് പരീക്ഷക്ക് അവൻ വെച്ചത് സാമൂഹ്യപാഠത്തിന്റെ ഗൈഡായിരുന്നു  അത്കാരണാ അവനെ തല്ലാതെ വിട്ടത്  .   അത് കണ്ട് ഹെഡ്‌ മാഷ്ക്ക് മാത്രമല്ല എല്ലാവർക്കും ചിരി വന്നു  .തല്ലീട്ടു എന്താ കാര്യന്നാ ഹെഡ് മാഷ് ചോദിച്ചത്  . 

 പാവം പീതാംബരൻ മാഷ് ഈ അപകടം ഒന്നും അറിയാതെയാ എന്നെ സൈക്കിളിൽ കൊണ്ട് വന്നാക്കിയത് . കുട്ടികള് കൂട്ടം കൂടി നിക്കണ കണ്ടപ്പോ മാഷ് ചോദിക്കേം ചെയ്തതാ ഇവർക്കൊന്നും വീട്ടീ പൊക്കൂടെന്ന് . 

എന്നെ തല്ലാനാ അവർ  നിക്കാണെന്ന് ഞാൻ പറഞ്ഞില്ല  മാഷ് ചിലപ്പോ  പേടിച്ച് എന്നെ  അവിടെത്തന്നെ ഇറക്കി വിടാനും മതി  . 

അവസാനം , പെരുന്നാൾക്ക് ജീൻസെടുക്കാൻ  വെച്ച കാശോണ്ട്       എല്ലാവർക്കും ഇറച്ചിയും പൊറോട്ടയും വാങ്ങിക്കൊടുത്താ ഒരു വിധത്തിൽ ഞാനാ  ഇടി പെരുന്നാളിന്ന്  രക്ഷപ്പെട്ടത് .  ഇറച്ചിയും പൊറോട്ടയും ഇനീം  വേണെന്നും പറഞ്ഞ് സന്തോഷ് വീണ്ടുമെന്നെ ഇടിക്കാൻ വന്നതാ  ശിവനാ ഒരു വിധത്തിൽ  അവനെ പിടിച്ചു നിറുത്തിയത് .  പത്ത് പൊറോട്ടയും മൂന്ന് ബീഫും   ഒറ്റ ഇരുപ്പിന് തട്ടിയിട്ടും പറ്റാണ്ടാ  അവൻ  വീണ്ടും വേണന്ന് പറഞ്ഞത്  .

അവൻ പോയിക്കഴിഞ്ഞപ്പോ  അവനെ ഞാൻ  കൊല്ലുമെന്നും  പറഞ്ഞ് ഞാൻ കിടന്ന്  ചീറി  . 

 എനിക്കും ശങ്കൂനും   ഇറച്ചി കിട്ടിയില്ല ചാറ്  മാത്രം കൂട്ടിയാ ഞങ്ങള് പൊറോട്ട   തിന്നത് . എനിക്ക് ഇറച്ചി വാങ്ങി തന്നില്ലെങ്കി ഞാൻ സന്തോഷിനെ കൊല്ലുന്നു പറഞ്ഞത് അവനോട് പറയൂന്നു പറഞ്ഞ് അവൻ എന്നെ പേടിപ്പിക്കാൻ നോക്കി. 

  പാക്കരൻ ചേട്ടന്റെ കടേന്ന്  വാങ്ങിത്തരാമെന്നും  പറഞ്ഞ് ഒരു വിധത്തിലാ ഞാനവനെ  സമാധാനിപ്പിച്ചത്   . പക്ഷേ ഞാൻ  മനസ്സില് പറഞ്ഞത്  നിനക്ക് തേങ്ങാ വാങ്ങിത്തരുമെന്നാ.  

ഈ സംഭവം എല്ലാവരും മറന്നിട്ടും  ശങ്കു മാത്രം മറന്നില്ല എന്നെ കാണുമ്പോഴൊക്കെ   പൊറോട്ട വേണെന്നും പറഞ്ഞ് ഓടി  വരും ഒരു പ്രാവശ്യം ഞാനവന്റെ  പുറത്ത് രണ്ടിടി കൊടുത്ത്  ഓടിച്ചു വിട്ടു . കുറച്ച് കഴിയുമ്പോ നിന്റെ പുറത്ത് നോക്കിയാ മതിന്നും പറഞ്ഞ്. 

അവനപ്പത്തന്നെ  പോയി സന്തോഷിനോട്, ഞാനവനെ കൊല്ലുമെന്ന് പറഞ്ഞത് പറയേം ചെയ്‌തു. നീ ഇതെന്താ അന്ന് പറയാഞ്ഞതെന്നും  ചോദിച്ച് സന്തോഷിന്റെ കൈയ്യീന്നും അവന് പുറത്ത്  ഇടി  കിട്ടി .  അവിടന്നും ഇവിടന്നും ഇടി കിട്ടിയതോടെ കുറച്ചു നാളത്തേക്ക്  പൊറോട്ടന്ന് കേക്കണതു തന്നെ ശങ്കൂന്  പേടിയായിരുന്നു  .

അതോടെ പൊറോട്ട ശങ്കുവെന്നുള്ള വിളിപ്പേരും അവനു കിട്ടി .

ഏതായാലും  അന്നത്തെ  സംഭവത്തോട് കൂടി അനാവശ്യ  കാര്യങ്ങളിലുള്ള  എന്റെ ഉന്മാദം അവസാനിച്ചു എന്നുള്ളതായിരുന്നു സത്യം  .

ഇതേ കാലഘട്ടത്തിലായിരുന്നു  ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും  സുന്ദരിയായ  പാൽക്കാരി രജനിയെ കാണാതാവുകയും അത്  വലിയ കോലാഹലങ്ങൾക്ക്  വഴിവെക്കുകയും ചെയ്തത്. അത് മറ്റൊന്നിൽ  വിശദമായി പറഞ്ഞിട്ടുള്ളത് കൊണ്ട്  വീണ്ടുമൊരു ആവർത്തനത്തിനു ഞാൻ  മുതിരുന്നില്ല.

ആയിടക്കാണ് ഞങ്ങളുടെ ഗ്രാമത്തിൽ  വെറുതെ തേരാ പാരാ നടക്കായിരുന്ന  കുമാറ്,  അർണോൾഡിന്റെ ഏതോ  ഒരു  സിനിമ കാണുന്നതും, ഒരു  അർനോൾഡാവാനുള്ള ആഗ്രഹം  തലയിലേക്ക് അടിച്ചു കേറുന്നതും.

 അതിനുവേണ്ടി, ഞങ്ങളുടെ ഗ്രാമത്തിൽ തന്നെയുള്ള  കുമാരേട്ടന്റെ ജിമ്മിലേക്ക് വരുകയും  ആ വരവ് അങ്ങനെ  മറ്റു പലതിലേക്കും എത്തിച്ചേരുകയായിരുന്നു . 

ഞങ്ങളുടെ ഗ്രാമത്തിലെ ഏക ജിമ്മായ കുമാരേട്ടൻ  ജിമ്മിന്റെ ഓണറായിരുന്നു  കുമാരേട്ടൻ .

എന്താന്നറിയില്ല ജിമ്മ് നടത്തുന്ന എല്ലാവരുടേയും പേര് കുമാറെന്നുള്ളത്  ആ കാലത്തെ എന്റെ വലിയൊരു സംശയമായിരുന്നു?, ഇപ്പോഴും ആ സംശയം ഉണ്ടെന്നുള്ളതാണ് സത്യം .

 അങ്ങനെ കുമാരേട്ടന്റെ  ജിമ്മിലേക്ക് അർണോൾഡ് ആവാനുള്ള ആശയുമായി ഇടിച്ചു കേറിയ കുമാറ് .., കുമാരേട്ടന്റെ സുന്ദരിയായ മകൾ രുഗ്മണിയെ കാണുകയും  അർണോൾഡിനെ പുറത്താക്കി  കുമാറിന്റെ ഉള്ളിലേക്ക് രുഗ്മണി തള്ളിക്കേറി വരുകയും ചെയ്തത്   .

ഇതിനൊരു മറുവശം കൂടി വേണമെങ്കിൽ എടുത്തു  പറയാവുന്നതാണ്.

  ആയതെന്തെന്നാൽ അർനോൾഡാവാനുള്ള ആശയിൽ കുമാറ് ..,  കുമാരേട്ടൻ ജിമ്മിലേക്ക് ഇടിച്ചു  കേറിയെങ്കിലും ഒരാഴ്ച്ചകൊണ്ട് തന്നെ  കുമാറിന് മതിയാവുകയും ,  തന്നെക്കൊണ്ട് അർണോൾഡ് പോയിട്ട് വാർക്കക്കാരൻ ഈനാശു ചേട്ടന്റെ മസിലു പോലും വരുത്താനാകില്ലെന്നുള്ള വിശ്വാസം അലയടിച്ചെത്തുകയും, മനസ്സ് മടുത്ത്  എനിക്ക് അർണോൾഡ് ആവേണ്ട കുമാരനായിത്തന്നെ ജീവിച്ചാൽ  മതിയെന്നുള്ള തീരുമാനം അടിയുറച്ച ആ  നിമിഷത്തിലായിരുന്നു  ജിമ്മിലേക്കു തുറക്കുന്ന  കിളിവാതിലിലൂടെ ആ  കിളി നാദം  ആദ്യമായി കുമാറ്  കേൾക്കുന്നതും ഞെട്ടിത്തിരിഞ്ഞു നോക്കുന്നതും .

ആ കിളി വാതിലിൽ മറ്റൊരു കിളി പോലെ നിന്ന ആ മനോഹര   രൂപം കണ്ട് ഹൃദയമിടിപ്പു കൂടിയ കുമാരൻ വിറച്ചു കൊണ്ടാണ് ചോദിച്ചത്. 

എന്താ..?

അച്ഛനെ ഒന്ന് വിളിക്കോ ? 

അച്ചന്റെ പേരെന്താ ?

കുമാരൻ .. അത്  കേട്ടതോടെ  ഒരു പ്രകമ്പനം കുമാറിനെ അടിമുടി ഉലക്കുകയും ആ  കിളി നാദത്തിൽ കൂടി,  തന്നോട് വളരെയേറെ സാമ്യമുള്ള  കുമാരനെന്നുള്ള പേര്  അന്തരീക്ഷത്തെ വിറ കൊള്ളിച്ചതിനൊപ്പം  കുമാരനും വിറ കൊള്ളുകയും,  ഹൃദയത്തിലേക്ക് രുഗ്മണിയെന്ന  പ്രേമത്തിന്റെ അമ്പ്   തറച്ചു കേറുകയും ചെയ്തത്  ..

എന്റെ പേരും കുമാരനാണെന്നും പറഞ്ഞ് അസ്ഥാനത്ത്   തമാശ പറഞ്ഞ പോങ്ങനെപ്പോലെ കുമാരൻ വെറുതേ  നിന്ന്  ചിരിച്ചു .

എന്തിനിങ്ങനെ പറഞ്ഞുവെന്നോ, താൻ പറയേണ്ട ഉത്തരം അതായിരുന്നില്ലെന്നോ  ഒക്കെ കുമാരന് അറിയാമായിരുന്നുവെങ്കിലും , എന്തോ കുമാരനങ്ങനെ പറഞ്ഞു .

വീണ്ടും ആ കിളി നാദത്തിനായി കുമാർ കാതോർക്കുകയും വീണ്ടും വീണ്ടും അച്ഛൻ കുമാരനെന്ന വ്യാജേനെ കുമാറിനായി   ആ കിളി വാതിലുകൾ  തുറക്കുകയും ചെയ്തു .

 തന്റെ മകൾക്ക് ഒരു ജിമ്മനെയാണ്  വരനായി നല്കുകയുള്ളുവെന്ന് ഡംബൽ സാക്ഷിയായി കുമാരേട്ടൻ പ്രഖ്യാപിച്ചതോടെ , ഒരു വാശിയോടെ  അർണോൾഡിനെ വീണ്ടും മനസ്സിൽ  എടുത്തണിഞ്ഞ കുമാരൻ ഒരു വർഷം കൊണ്ട് മറ്റൊരു അർനോൾഡായില്ലെങ്കിലും വിറകുവെട്ടുകാരൻ ഈനാശു ചേട്ടനേക്കാൾ  മസിലുള്ളവനായി  മാറിക്കഴിഞ്ഞിരുന്നു .

കുമാർ  ജിമ്മനായി മാറിയതോടെ  കുമാരേട്ടൻ  മകളെ കല്യാണം കഴിച്ചു കൊടുക്കുകയും   കുമാരേട്ടൻ ജിമ്മ്.., കുമാർ ജിമ്മായി പുനർനാമകരണം ചെയ്യപ്പെടുകയും കുമാരേട്ടൻ ഒരു മൂലയിലേക്ക് ഒതുക്കപ്പെടുകയും ചെയ്തു .

ഞങ്ങളുടെ ഗ്രാമത്തിൽ അർനോൾഡിന്റെ സിനിമ കണ്ട എല്ലാ യുവാക്കളും , കുട്ടികളും അർനോൾഡാവാൻ കുമാറിന്റെ ജിമ്മിലേക്ക് വലിയ  ആശയും കൊണ്ടെത്തിയിരുന്നു . അതിലൊരാളായിരുന്നു എന്റെ ക്ലാസ് മേറ്റായ ശങ്കുവും .   

ഇതിനിടയിൽ അർണോൾഡ് ആവാൻ ആശ മൂത്ത സൈക്കിള് കടക്കാരൻ അന്തോണി  ചേട്ടൻ വന്ന ഉടനെ തന്നെ  കുമാറ് കാണാതെ വലിയൊരു ഡംബെലെടുത്ത് പൊക്കുകയും എന്റമ്മേ...ന്ന നിലവിളിയോടെ ആ ഡംബല് സ്വന്തം ഞെഞ്ചിലേക്ക് തന്നെയിടുകയും ഡംബലുകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയാവുകയും ചെയ്തത് .

പുറത്ത് പോയി വന്ന കുമാറ് ഡംബെലും നെഞ്ചിലേറ്റി അനക്കമില്ലാതെ കിടക്കുന്ന അന്തോണി  ചേട്ടനെയാണ് കണ്ടത് . അതോടെ ആ കൊലപാതകി  ഡംബല്  കുമാറ് ഒളിച്ചു വെക്കുകയും അതൊരു ഹാർട്ട് അറ്റാക്കായി പ്രഖ്യാപിക്കുകയും ചെയ്തു  . അന്തോണി  ചേട്ടന്റെ മകൻ പൊറിഞ്ചു ഈ വയസ്സുകാലത്ത് എന്തിനാ എന്റെ അപ്പനെ ജിമ്മിലെടുത്തതെന്നും ചോദിച്ച്  വഴക്കിനു വന്നെങ്കിലും, ഈ വയസ്സുകാലത്ത്  നിന്റെ അപ്പന് അർണോൾഡ് ആവാൻ പൂതി എവിടുന്നാ വന്നതെന്ന് പോയി ചോദിക്കേടാന്നും പറഞ്ഞ് കുമാറും ചീറി .

തന്റെ ജീവിത കാലത്ത് അങ്ങനെയൊരു  പേര് കേട്ടിട്ടില്ലാത്ത പൊറിഞ്ചു മാനം നോക്കി നിക്കുകയും ,  ഗൾഫ് കാരൻ ഭാസ്കരേട്ടനത്   അമേരിക്കയിലുള്ളൊരാളെന്നും പറഞ്ഞു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു   . അമേരിക്കയിലുള്ള ഒരാളായിട്ട്  അപ്പനെന്താ ഇടപാടെന്ന്   ആലോചിച്ച് പൊറിഞ്ചു വീണ്ടും മാനം നോക്കി നിന്നതോടെ ഭാസ്കരേട്ടൻ വേഗം അവിടന്നു പോയി.   

ശങ്കുവിന്റെ കൂടെ എന്റെ  മറ്റൊരു കൂട്ടുകാരനായ ശിവനും ജിമ്മാനാവാനുള്ള ആശമൂത്ത് കുമാറ് ജിമ്മിലേക്കുള്ള യാത്ര തുടങ്ങിയതും അക്കാലത്തായിരുന്നു .

  ശിവൻ  എന്റെ ക്ലാസ്സ്മേറ്റൊക്കെയാണെങ്കിലും  മര്യാദക്ക് ജയിച്ചു പോയിരുന്നുന്നെങ്കി ജോലിക്ക് പോകേണ്ടവനായിരുന്നെന്ന് ഞങ്ങളുടെ  ക്ലാസ്സ് മാഷായ പീതാംബരൻ മാഷ് തന്നെ  സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . 

 എന്നേയും കൂട്ട് വിളിച്ചെങ്കിലും ഞാനൊരു അർണോൾഡ് ആയി മാറുമ്പോഴേക്കും  ചിലപ്പോ ലോകാവസാനം വരുമെന്നുള്ളതുകൊണ്ടും അവിടത്തെ ഭാരങ്ങൾ പൊക്കി എല്ലൊടിക്കാൻ എനിക്ക് താല്പര്യമില്ലാത്തതുകൊണ്ടും, ഒരു ഭീകര വാണിംഗായി അന്തോണി  ചേട്ടൻ മുന്നിൽ നില്പുള്ളതുകൊണ്ടും, ചാർളി ചാപ്ലിനായി തുടർന്നാൽ  മതിയെന്നതിലേക്ക് ഞാൻ എത്തിച്ചേരുകയായിരുന്നു  .

കുമാർ ജിമ്മിലേക്ക് കടന്നു ചെന്ന ശിവനേയും, ശങ്കുവിനെയും നോക്കി  ആരെപ്പോലെയാകാനാണ് ആഗ്രഹമെന്ന്  കുമാർ വെറുതെ   ചോദിച്ചതോടെ  ശങ്കുവായിരുന്നു  അർനോൾഡിനേപ്പോലെയാവണമെന്നും  പറഞ്ഞ്  ആവേശത്തോടെ ആദ്യം  കൈപൊക്കിയത് .

അർനോൾഡിനെ  സ്വപ്നത്തിൽ പോലും കേട്ടിട്ടില്ലാത്ത ശിവൻ അവന്റെ മസിലുള്ള  മീൻകാരൻ അമ്മാവൻ  രാഘവൻ ആവണമെന്നും വെച്ച് കാച്ചി.

ഈ രാഘവൻ ആരെന്നറിയാതെ  കുമാർ കണ്ണുമിഴിച്ചപ്പോ അവൻ തന്ന്യാ പറഞ്ഞത് അവന്റെ അമ്മാവനാണെന്ന് . 

നിന്റ മൈ ..അമ്മാവനെന്നാ കുമാറ് മനസ്സില് വിളിച്ചത്. 

കുമാരേട്ടാ രണ്ടു മൂന്ന് മാസം കൊണ്ട് അർണോൾഡ് ആവാൻ പറ്റോന്നുള്ള ശങ്കുവിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് കുമാറും   മറ്റു ജിമ്മൻ മാരും   പൊട്ടിച്ചിരിക്കുകയും. ആ ചിരി രക്തം കുടിക്കാൻ വന്ന പിശാചുക്കളുടെതായി  ശങ്കുവിന് തോന്നുകയും ചെയ്തു.

 കൂട്ടത്തിൽ രുഗ്മണി കൂടി ചിരിച്ചത് കുമാറിനും മറ്റു ജിമ്മന്മാർക്കും ഉത്തേജനമാവുകയും എല്ലാവരും  ഒന്നു കൂടി ഉച്ചത്തിൽ ചിരിക്കുകയും ചെയ്തു. 

തന്റെ ഭാര്യയുടെ കൂടെ  മറ്റുള്ളവർ ചിരിക്കുന്നത്  കുമാറിന് ഇഷ്ട്ടപ്പെടാതാവുകയും കുമാർ കണ്ണുരുട്ടിയതോടെ  രുഗ്മണി പാദസ്വരം കിലുക്കിക്കൊണ്ട് അകത്തേക്കോടുകയും, മറ്റുള്ള ജിമ്മൻ മാർ  ക്ലിപ്പിട്ട പോലെ ചിരി നിറുത്തുകയും ചെയ്തു.

 ഇതിനിടയിൽ  അർനോൾഡാവാൻ സ്വപ്നം കണ്ടു വന്ന കപ്പലണ്ടിക്കാരൻ  സോമൻ  ചിരിച്ചു ചിരിച്ച്  ഡംബലൊന്ന്  കാലിലിടുകയും അതോടെ  ചിരി നിറുത്തി സോമൻ  വാവിട്ട് കരയുകയും ചെയ്തു. പാവത്തിന്റെ കാലിലെ രണ്ടു വിരലുകൾ ചതയുകയും അർണോൾഡ് സ്വപ്നം പാതി വഴിയിൽ ഉപേഷിച്ച്  സോമൻ പോവുകയും ചെയ്തു  .

എന്റെ സോമാ ഈ ഡംബലും കൈയ്യിൽ വെച്ചോണ്ട് ചിരിക്കാൻ നിക്കണോ എന്നായിരുന്നു  കുമാറ് ചോദിച്ചത് . സത്യത്തിൽ രുഗ്മണി ചിരിക്കുന്നത് കണ്ടാ കാര്യമറിയാതെ അപ്പൊ വന്ന സോമൻ ചിരിച്ചത് . പക്ഷെ അത് കുമാറിനോട് പറഞ്ഞാ തന്റെ അടുത്ത കാലും ചിലപ്പോ ജീവൻ തന്നേയും ഡംബല് വീണ് അപകടത്തിലാകുമെന്ന് മനസ്സിലാക്കിയതോടെ സോമൻ വെറുതെ നിന്ന് കരഞ്ഞു .

 അർണോൾഡിന്റെ പടം ചവച്ചരച്ചു തിന്നാൽ രണ്ടു ദിവസം കൊണ്ട് അർണോൾഡ് ആവാമെന്നും പറഞ്ഞ്  കുമാറ് വീണ്ടും  പൊട്ടിച്ചിരിച്ചു കൂടെ മറ്റു  ജിമ്മൻ മാരും . ഭാര്യ രുഗ്മണി ചിരിക്കുന്നുണ്ടോന്ന് കുമാർ ഇടക്ക് ചിരി നിറുത്തി ചെവിടോർത്ത് നോക്കിയെങ്കിലും കേട്ടില്ല അതോടെ കുമാർ വീണ്ടും.., വീണ്ടും  ചിരിച്ചു കൂടെ ജിമ്മൻ മാരും സോമനെ ആശുപത്രിയിൽ കൊണ്ട് പോയതു കൊണ്ട് ആ ചിരിയിൽ സോമന് പങ്കു ചേരാൻ പറ്റിയില്ല .

ഈ തമാശ മറ്റൊരു ദിവസം സോമനോട് പറഞ്ഞ് ചിരിച്ച ജിം മേറ്റ് സുരേഷിനെ സോമൻ രൂക്ഷമായി നോക്കിയതോടെ സുരേഷ് നിറുത്തി . സുരേഷിനേക്കാൾ കൂടുതൽ മസിലുകൾ സോമനുണ്ടായിരുന്നു .

എടാ, അർണോൾഡ് പോലെ മസിലെല്ലാം വരാൻ  ഒരു കാലഘട്ടം തന്നെ  വേണമെന്നും പറഞ്ഞ് കുമാറ് വലിയൊരു തത്വജ്ഞാനം തന്നെ വിളമ്പി. അതോടൊപ്പം  കണ്ടില്ലേയെന്നും പറഞ്ഞ്  നെഞ്ചിലുള്ള  രണ്ടു മാംസഗോളങ്ങളെക്കൊണ്ട് ഡാൻസ് കളിപ്പിക്കുകയും ചെയ്തു .  അത് കാണാൻ രുഗ്മണി ഓടി വന്നു. രുഗ്മണിക്ക് ഏറ്റവും ഇഷ്ടമുള്ളതും വീണ്ടും വീണ്ടും കാണാൻ ആഗ്രഹമുള്ളതുമായിരുന്നു കുമാറിന്റെ  നെഞ്ചിലെ ആ  മസിൽ  വിറപ്പിക്കൽ.

ഇടക്കിടക്ക് രുഗ്മണി പിണങ്ങുമ്പോൾ ഇങ്ങനെ കാണിച്ചാണ് കുമാർ ആ പിണക്കം ഉരുക്കിയെടുക്കുക . 

ഇത് കാണാൻ രുഗ്മണി അച്ഛൻ കുമാരനെ വിളിച്ചെങ്കിലും അവന്റെ മൈ.. ..എന്നും പറഞ്ഞ് കുമാരൻ ചീറി . കല്യാണം കഴിഞ്ഞതോടെ ആ പാവത്തിനെ കുമാറ് ഒതുക്കി. എന്റെ ജിമ്മ് എന്നും പറഞ്ഞ് വന്ന ആ പാവത്തിനെ ഡംബല് കൈയ്യില് എടുത്ത്  തലക്കടിക്കുമെന്നും  പറഞ്ഞ് കുമാറ് പേടിപ്പിച്ചു . താൻ വാങ്ങിവെച്ച ഡംബലോണ്ട് തന്നെ തന്റെ കഥ കഴിയുമെന്ന് പേടിച്ച ആ മനുഷ്യൻ അതോടെ ജിമ്മിലേക്ക് വരാതെയായി .

ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും ശക്തി കൂടിയ വ്യക്തി കൂടിയായിരുന്നു കുമാറ് . കുമാറ് വരുന്നത് കണ്ടാൽ  എല്ലാവരും കൈകൾ കൊണ്ട് അഭിവാദ്യം അർപ്പിക്കുക പതിവായിരുന്നു . മസിലും കുലുക്കി ഏതാണ്ട് ഒറ്റക്കൊമ്പൻ വരുന്നത് പോലെയുള്ള ആ വരവ് കാണാൻ തന്നെ ഒരു രസമുണ്ടായിരുന്നു.

ഇതൊക്കെ കണ്ട് ഞാനും പോയി കുമാർ ജിമ്മിൽ ചേർന്നുവെങ്കിലും ഒരാഴ്ചയോടെ തന്നെ എനിക്ക് മതിയാവുകയും എനിക്ക് പറ്റിയ പണിയല്ല ഇതെന്ന് ബോധ്യപ്പെടുകയും ചെയ്തു . എന്റെ അതേ അവസ്ഥയിൽ തന്നെയായിരുന്നു അർണോൾഡ് ആവാൻ പോയ ശിവനും , ശങ്കുവും  .

കുമാർ ശരിക്കൊന്നും പറഞ്ഞു തരുന്നില്ലെന്നാ ശിവൻ പറഞ്ഞത് . താൻ കുമാറിനേക്കാളും വലിയ ജിമ്മനായി മാറുമെന്ന്  കുമാറിന് പേടിയുള്ളത് കൊണ്ടാത്രേ ഏതായാലും കുമാറ് അതറിയാഞ്ഞത്   അവന്റെ ഭാഗ്യം.

എന്താടാ നീയിപ്പോ ജിമ്മീ പോകാത്തതെന്ന് അച്ഛൻ സുധാകരേട്ടൻ ചോദിച്ചതിന് ഇത് തന്ന്യാ ശിവൻ പറഞ്ഞത്. അതോടെ രണ്ടു കുപ്പി കള്ള് മോന്തിയ സുധാകരേട്ടൻ ആ ആവേശത്തിൽ കുമാറ് ജിമ്മിലേക്ക് പാഞ്ഞു ചെന്നെങ്കിലും കുമാറിനേയും മറ്റു ജിമ്മൻ മാരെയും കണ്ടതോടെ കളം മാറ്റി ചവിട്ടുകയുമായിരുന്നു . എന്തെങ്കിലും പറഞ്ഞാ പിന്നെ തന്റെ എല്ലു പോലും കിട്ടത്തില്ല . 

എന്താ സുധാകരേട്ടാ ഈ വഴിക്കെന്ന് കുമാറ്  ജിമ്മൻ ശബ്ദത്തിൽ ചോദിച്ചതോടെ ചെക്കൻ നന്നായി ചെയ്യുന്നില്ലേ എന്റെ കുമാറേ ..? ഇല്ലെങ്കി നീ രണ്ടെണ്ണം പൊട്ടിച്ചോ ന്നും പറഞ്ഞ് സുധാകരേട്ടൻ തടി തപ്പി .

തിരിച്ചു പോരുന്ന വഴി താൻ എന്ത് അബദ്ധമാ കാണിച്ചതെന്ന്  സുധാകരേട്ടൻ ആലോചിക്കായിരുന്നു.  കള്ള് കുടിച്ചാ ബോധം ഇല്ലാണ്ടാവോന്നായിരുന്നു സുധാകരേട്ടന്റെ സംശയം. പേടികൊണ്ട് അപ്പോഴും സുധാകരേട്ടൻ വിറക്കുന്നുണ്ടായിരുന്നു . 

 എന്താ നിങ്ങള് വിറക്കണെന്ന ഭാര്യ ശാരദയുടെ ചോദ്യത്തിന്  തണുപ്പോണ്ട് വിറക്കാന്ന ആകെ വിയർത്തുകുളിച്ചു  കേറി വന്ന സുധാകരേട്ടൻ  പറഞ്ഞത്. 

അച്ഛൻ , കുമാരനെ തല്ലി വരുന്നതും നോക്കി ഇരിക്കയായിരുന്നു ശിവൻ.  സുധാകരേട്ടന്റെ ഭാര്യ ശാരദേടത്തിക്ക് സംശയം ഉണ്ടായിരുന്നു.

 എന്റെ മോനെ അച്ഛനെ അവര് വല്ലതും ചെയ്യോന്ന്  ? ഒന്നൂല്ല്യമ്മേന്നാ ശിവൻ പറഞ്ഞത് .

ഒന്നുകി , അച്ഛൻ കുമാറിനെ തല്ലും അല്ലെങ്കി കുമാറ്  അച്ഛനെ തട്ടും , അച്ഛനെ തട്ടയാ മതീന്നാ ശിവൻ ആശിച്ചത്  അടുത്ത ആഴ്ച പരീക്ഷാ പേപ്പറ് കിട്ടണതാ  .   

നാട്ടിൽ ആരെങ്കിലും തല്ലു കൂടിയിട്ടുണ്ടെങ്കിൽ കുമാറ് പറയുന്നത്  അവസാന വാക്കായിരുന്നു . അതോടൊപ്പം തന്നെ കുമാറുമായും ആരും തല്ലു കൂടാനും പോകാറില്ല. ഞങ്ങളുടെ നാട്ടിലെ ഊറ്റൻ റൗഡിയായിരുന്ന വെടിക്കെട്ട് വാസുവിനെ ഒറ്റയടിക്ക് , കുമാറ് തലചക്രം വാസുവാക്കി മാറ്റിയതാ .

ആരെയെങ്കിലും തല്ലിക്കഴിഞ്ഞാ  വാസു ഗുണ്ട് കത്തിച്ച്  പോക്കറ്റിലിട്ടു കൊടുക്കാറാ പതിവ് . 

പുതിയതായി കല്യാണം കഴിഞ്ഞു വന്ന മാത്തപ്പനെ കവലയിൽ വെച്ച് അടിക്കുകയും.., ഇടിക്കുകയും ഗുണ്ട്  കത്തിച്ചിടുകയും ചെയ്തത് അക്കാലത്തായിരുന്നു .

മാത്തപ്പനെന്നു  പറഞ്ഞാൽ ഒരു ആജാനുബാഹു തന്നെ ആയിരുന്നു . എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളത് മാത്തപ്പൻ കളരിയാണെന്നായിരുന്നു. അതിന്റെ അഹങ്കാരവും മാത്തപ്പനുണ്ടായിരുന്നു എന്നുള്ളതായിരുന്നു സത്യം.

ആയിടക്കാണ് മാത്തപ്പന്റെ കല്യാണം കഴിഞ്ഞതും ഭാര്യയുടെ മുന്നിൽ വലിയ ആളാവാൻ വേണ്ടി കാണിച്ച ആ ധീര കൃത്യം അവസാനം ദാരുണമായി  കലാശിച്ചതും  . അന്തിക്കള്ളും മോന്തി വരുന്ന വെടി കേട്ട് വാസുവിനോട് എന്താടാ വാസു ഇന്ന് എത്ര കുപ്പി മോന്തിയെന്ന് വെറുതെയൊരു കൊളുത്തിടുകയും ആ കൊളുത്തിൽ വാസു കേറി  കടിക്കുകയും ചെയ്തത്  . 

വെറുതെ വഴീക്കൂടെ പോവായിരുന്ന  ആ ഗുണ്ട് മാത്തപ്പൻ വിളിച്ചു വരുത്തി പോക്കറ്റിലിടുകയായിരുന്നു. 

എന്താടാ നാട്ടുകാര് കഴിക്കുന്നതിന്റെ എണ്ണമെടുക്കലാണോ നിന്റെ പണി  ? പോടാ ചള്ളൂ ചെക്കായെന്നുള്ള വാസുവിന്റെ പുച്ഛത്തിലുള്ള മറുപടി ഒരാവശ്യവുമില്ലാതെ മാത്തപ്പന്റെ രക്തത്തെ ചൂടു പിടിപ്പിക്കുകയും തന്റെ ഭാര്യയുടെ മുന്നിലായതുകൊണ്ട് ആ രക്തം ഒന്ന് കൂടി  തിളച്ചു പൊന്തുകയും ചെയ്തു . താൻ ആജാനുബാഹുവാണെന്നുള്ള വിശ്വാസവും കളരിയാണെന്നുള്ള അതി വിശ്വാസവും ഇത് രണ്ടും കൂടി ചേർന്നുള്ള അമിത വിശ്വാസവും കാരണം വാസു ഒന്നും മിണ്ടാതെ പോയിക്കൊള്ളുമെന്നുള്ള തെറ്റായ കാൽക്കുലേഷനിലേക്ക് മാത്തപ്പനെ കൊണ്ടെത്തിക്കുകയും  നിക്കടാ നായേന്ന്  അലറുകയും ചെയ്തത്  .

ഒരു നിമിഷം ഞങ്ങളുടെ ഗ്രാമം നിശ്ചലമായി. വെടിക്കെട്ട് വാസുവിനെ നായയെന്ന് വിളിച്ച് അധിക്ഷേപിച്ചിരിക്കുന്നു . ഇനി നായരെന്നാണോ വിളിച്ചതെന്ന് ചിലർക്ക് സംശയം തോന്നിയെങ്കിലും അടുത്ത ഏതാനും നിമിഷങ്ങൾക്കുള്ളിൽ അത് മാറി . അതൊരു സാധാരണക്കാരനാണെങ്കിൽ അവൻ ചത്തതു തന്നെ . ഇത് മാത്തപ്പനാണ് വാസുവിനേക്കാൾ ഉയരവും വണ്ണവുമുള്ളവനാണ് ,  കളരിയുമാണ് . 

ചിലപ്പോ വാസു ഒന്നും മിണ്ടാതെ പോകുമെന്നുള്ള നാട്ടുകാരുടെയും മാത്തപ്പന്റെയും മുൻവിധി ആസ്ഥാനഅത്താക്കിക്കൊണ്ട് വാസു ജ്വലിച്ചു.വാസുവിന്റെ ഉള്ളിൽ കിടന്ന റൗഡി വാസുവിനെ ജ്വലിപ്പിച്ചു. 

ജ്വലിച്ച വാസു ഒറ്റ കൈ കൊണ്ട്  സൈക്കിൾ വലിച്ചെറിഞ്ഞു . അത് കണ്ട മാത്തപ്പന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി .ഒന്നും  വേണ്ടിയിരുന്നില്ലെന്ന് മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നു . 

വാസു അരയിൽ നിന്നും പിച്ചാത്തി വലിച്ചൂരി അതോടെ മാത്തപ്പന്റെ  ഭാര്യ ഓമന മാത്തപ്പന്റെ അടുത്തൂന്ന് ഓടിമാറി . മാത്തപ്പന്റെ ഉള്ളിൽ നിന്ന് ഒരു കിളി ചിലച്ചു കൊണ്ട് പറന്നു പോയി . ഓടിയാലോയെന്ന് മാത്തപ്പൻ ചിന്തിച്ചു.

പക്ഷെ പുതുപ്പെണ്ണിന്റെ മുന്നിൽ കൂടി എങ്ങിനെയാണ് ഓടുക ? നീ എന്തിനാ പേടിക്കണേ   കളരിയെല്ലേന്ന് മാത്തപ്പന്റെ മനസ്സ് ചോദിച്ചു  പക്ഷെ ഞാൻ റൗഡി അല്ലല്ലോന്ന് കരഞ്ഞു കൊണ്ട് മാത്തപ്പനതിനു  മറുപടി പറഞ്ഞു .

ഭാര്യ ഓമന ഓടിക്കോ ചേട്ടാന്ന് വിളിച്ചു പറഞ്ഞങ്കിലെന്ന്  മാത്തപ്പൻ വെറുതേ  ആശിച്ചു. എങ്കിൽ ആ പേരും പറഞ്ഞ് ഓടാമായിരുന്നു . ഭാര്യ ഓമന  തന്റെ അഭ്യാസം കാണാൻ വേണ്ടിയാണ്  നിൽക്കുന്നത് . എന്ത് അഭ്യാസം ? കളരിയുടെ ബാലപാഠം പോലും സൈക്കിൾ എറിഞ്ഞതോടെ  മറന്നു പോയിരിക്കുന്നു .

എന്ത് ഏറാണ് എന്റെ കർത്താവേ അത് ?

ഒന്നും മിണ്ടാതെ പോയാ മതിയായിരുന്നു ഭാര്യയുടെ മുന്നിൽ വലിയ ആളാവാൻ വേണ്ടി കാണിച്ചതായിരുന്നു വേറെ  വല്ല ഉണ്ണാക്കൻ മാരൊടും ചോദിച്ചാ മതിയായിരുന്നു . 

കത്തിയുമായി വരുന്ന അക്രമിയെ എങ്ങിനെയാണ് എതിരിടേണ്ടതെന്ന് മാത്തപ്പൻ കൂലം കൂക്ഷമായി ആലോചിച്ചു നോക്കിയെങ്കിലും ആകെ ശൂന്യമായിരുന്നു . 

നീ എന്നെ നായേ ന്ന് വിളിച്ചു അല്ലേടാ ? വാസു അലറി 

ഞാൻ നായേ എന്നല്ല ... നായരേ എന്നാ വിളിച്ചത് വാസു ചേട്ടാ എന്ന് പറയാൻ മാത്തപ്പൻ ആഗ്രഹിച്ചു പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല. 

വാസു അടുത്തെത്തി. 

 മാത്തപ്പൻ എന്തൊക്കെയോ അഭ്യാസം  കാണിച്ചു അത് കണ്ട് ഓമന കണ്ണടച്ചു . വാസു  ഒറ്റയടി മാത്തപ്പൻ വട്ടം കറങ്ങി വീണു , ഓമന ഞെട്ടി. 

അപ്പൊ കളരി ഓർമ്മ വന്നതു കൊണ്ട് രണ്ടു വട്ടം കറങ്ങിയാണ് മാത്തപ്പൻ വീണത് വാസു ഒരു ഗുണ്ട് കത്തിച്ച് മാത്തപ്പന്റെ ട്രൗസർ തപ്പി . 

മാത്തപ്പന്റെ കഷ്ടകാലം ആധുനികനായ മാത്തപ്പൻ ജെട്ടിയായിരുന്നു ഉപയോഗിച്ചിരുന്നത് .

ട്രൗസർ കാണാത്ത ദേഷ്യത്തിൽ മാത്തപ്പന്റെ ജെട്ടിക്കുള്ളിലേക്ക് വാസു ഗുണ്ട് കത്തിച്ചിട്ടു നാട്ടുകാർ കണ്ണു പൊത്തി, ഓമന തല ചുറ്റി വീണു . 

അരുത് വാസുവെട്ടാന്ന് മാത്തപ്പൻ കരഞ്ഞു പറഞ്ഞെങ്കിലും വാസുവും, ഗുണ്ടും കേട്ടില്ല .

കുട്ടികൾ ആകാംഷാ ഭരിതരായി പക്ഷെ ഓമന തലചുറ്റി വീണതുകൊണ്ടോ മാത്തപ്പൻ കരഞ്ഞതുകൊണ്ടോ എന്തോ  ഗുണ്ട് പൊട്ടിയില്ല. പേടിച്ച  മാത്തപ്പൻ മൂത്രമൊഴിച്ചിരുന്നു .  വാസു മാത്തപ്പന്റെ ജെട്ടിക്കുള്ളിലേക്ക് കൈയ്യിട്ട് ഗുണ്ട് വലിച്ചെടുത്തു മാത്തപ്പൻ അലറിക്കരഞ്ഞു.., അത് ഗുണ്ടല്ല വാസുവേട്ടാ . വാസു ഞെട്ടി കൈകൾ പിൻവലിച്ചു . 

മാത്തപ്പന്റെ കരച്ചിൽ കേൾക്കാത്ത വാസു അടുത്ത ഗുണ്ട് കത്തിച്ചിട്ടു. ഈ ഗുണ്ട് വാസുവിനോട് ആത്മാർത്ഥത കാണിച്ചു അത് മാത്തപ്പന്റെ ജെട്ടിക്കുള്ളിൽ കിടന്ന് പൊട്ടി. അതോടൊപ്പം പലതും പൊട്ടുകയും കത്തുകയും ചെയ്തു . ഒരു പാട് ഉണ്ടകളും അതിന്റെ കൂടെ  പൊട്ടി. അതോടെ  മാത്തപ്പന്റെ ജീവിതവും പൊട്ടി. അതിനു ശേഷം ഓമന,  മാത്തപ്പനെ  ഉപേക്ഷിച്ചു പോയി. നനഞ്ഞ പടക്കം കൊണ്ട് ഇനി  കാര്യമില്ലെന്ന് ഓമന തിരിച്ചറിഞ്ഞിരുന്നു .

ആ നനഞ്ഞ പടക്കവുമായി മാത്തപ്പൻ ഇപ്പോഴും നനഞ്ഞു പോകുന്നത് കാണാം. വടി കൊടുത്ത് വാങ്ങിയ അടിയെന്ന് മാത്തപ്പന്റെ  നെറ്റിയിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു. 

ആ വാസുവിനെ ഒറ്റയടിക്കാണ് കുമാറ് വട്ടം തിരിച്ചത് . ഒരു ഗുണ്ട് കത്തിച്ച് വാസുവിന്റെ ട്രൗസറിന്റെ ഉള്ളിലേക്ക് കുമാറിട്ടു പക്ഷെ അതിനു മുന്നേ പേടി കൊണ്ട് വാസു മുള്ളിയതു കാരണം അത് പൊട്ടിയില്ല . അതോടെ വാസു ഞങ്ങളുടെ ഗ്രാമത്തീന്നേ  പോയി .

ഇപ്പൊ ബോംബെയിലൊരു കടയിൽ ഇളനീർ വിക്കാണെന്നാ കേട്ടത് . 

അത്രക്കും ഭീകരനായ  വാസുവിനെ പോലും ഓടിച്ചവനാണ്  കുമാറ്.

 പത്തുപേരെ ഒറ്റക്ക് നിന്ന് തല്ലിയവനാണ്  കുമാറ്. 

 അങ്ങനെ ഒരു പാട് കഥകൾ ഉള്ളതും ഇല്ലാത്തതുമായി  കുമാറിനെ പറ്റി  പ്രചരിച്ചു കൊണ്ടിരുന്നു . 

ഒരു പ്രാവശ്യം ചായ കുടിക്കാൻ വന്ന കുമാറിനെ കണ്ട് എന്തെങ്കിലും പറയേണ്ടെന്നു കരുതി പാക്കരൻ ചേട്ടനും പുകഴ്ത്തി  പറഞ്ഞു .

പൂരത്തിന് ഉടുമ്പു ജോണിയേയും കൂട്ടാളികളേയും  കുമാറ് ഒറ്റക്കു നിന്ന് തല്ലി തകർത്തു വെന്ന് .  ചായ കുടിക്കായിരുന്ന കുമാറ് അത് കേട്ട്  ഞെട്ടുകയും കുറച്ചു ചായ ശ്വാസ കോശത്തിലേക്ക് കേറിപ്പോവുകയും  ചെയ്തു . 

താനിതെപ്പോ ചെയ്‌തെന്നായിരുന്നു  കുമാറ് ചിന്തിച്ചത്?. 

സത്യത്തിൽ ഉടുമ്പുജോണി  അതിലെ വന്നാൽ ഇതിലെ പോകുന്നതാണ് കുമാറിന്റെ സ്വഭാവം . അത്രക്കും ഭീകരനാണ് ഉടുമ്പു ജോണി .

ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് കഴുത്തിറുക്കി കൊല്ലും. കഴുത്തിൽ ജോണി പിടുത്തമിട്ടു കഴിഞ്ഞാൽ പിന്നെ അവൻ ചത്തിട്ടേ പിടി വിടത്തുള്ളൂ . അതുകൊണ്ടാണ് ഉടുമ്പു ജോണിയെന്ന വിളിപ്പേര് വന്നത് . 

നുണയാണെങ്കിലും ആ ക്രെഡിറ്റ് തനിക്കിരുന്നോട്ടെ  എന്ന് കരുതി കുമാറ് മിണ്ടാതിരുന്നു .ചായ കുടിക്കാൻ വന്ന നാട്ടുകാർ ആരാധനയോടെ കുമാറിനെ നോക്കി , റോമു വാലാട്ടി, എന്നാലും അവൻ കുറച്ച് നീങ്ങിയാണ് നിന്നത് . അത് കണ്ട  മണികണ്ഠൻ പൂച്ച പുച്ഛത്തോടെ റോമുവിനെ നോക്കി ...പേടിത്തൂറനെന്ന് മനസ്സിൽ പറയേം ചെയ്തു.

അതിനിടയിൽ  ഞാൻ "പരിപ്പുവട" എന്ന്  അഹങ്കാരത്തോടെ കുമാറിന്റെ  പ്ളേറ്റിൽ കിടന്ന പരിപ്പു വട, ഇത് കേട്ടതോടെ  വിനയാന്വിത്വനായി മനസ്സിൽ പറഞ്ഞു ..,ഞാൻ  പരിപ്പുവടയെന്ന് . മുമ്പ് പരിപ്പു വടയെന്ന് കറുമുറ ശബ്ദത്തിൽ പറഞ്ഞിരുന്നത് ഇപ്പൊ നനഞ്ഞതു പോലെ ആയിരുന്നു .

അതെങ്ങിന്യാ കുമാരേട്ടാ ?

മീൻകാരൻ മമ്മദ്  ആ അത്ഭുത കഥ കേൾക്കാനുള്ള ആഗ്രഹത്തിലാ ചോദിച്ചത്  . സത്യത്തിൽ മമ്മദിനെക്കാളും പ്രായം വളരെ കുറവാണ് കുമാറിനെങ്കിലും ആ ചേട്ടാ വിളിയിലൂടെ തന്റെ ബഹുമാനം കുമാറിന് സമർപ്പിക്കുകയായിരുന്നു മമ്മദ് .

കുമാറ് ഒരു നിമിഷം ആലോചിച്ചു, പക്ഷെ അത് നാട്ടുകാർക്ക് മനസ്സിലാവാതിരിക്കാനായി പരിപ്പു വടയെടുത്ത് കടിച്ചു.

 ആ കടിച്ചു തിന്നലിന് സമയം ദീർഘമായിരുന്നുവെന്ന് കേൾവിക്കാർക്കും പരിപ്പുവടക്കും തോന്നി . അതിനുള്ളിൽ കുമാറ് ഒരു  സംഭവത്തെ ഉള്ളിൽ വരച്ചെടുത്തിരുന്നു .

പാക്കരൻ ചേട്ടന് അത്ഭുതം താൻ വെറുതെ ഒന്ന് പൊക്കാൻ വേണ്ടി പറഞ്ഞത്  സത്യമായിരുന്നോ ? എന്തായാലും അത് കുമാറിന് സുഖിച്ചു എന്ന് മനസ്സിലായതോടെ പാക്കരൻ ചേട്ടനും ഉഷാറിലായി .

അതൊന്നുമില്ല ചേട്ടാ .., അവൻ കുടിച്ചിട്ട്  അലമ്പുണ്ടാക്കായിരുന്നു  ഞാൻ മര്യാദക്ക് പറഞ്ഞതാ, നിറുത്താൻ  . 

അവൻ ഉടുമ്പാണെങ്കി ഞാൻ സിംഹമാ .. അതും പറഞ്ഞ് കുമാറാന്ന് മുക്രയിട്ടു. അതൊരു സിംഹത്തിന്റെ അലർച്ച പോലെ എല്ലാവർക്കും തോന്നി . റോമു അത്  കേട്ട്  എണീറ്റോടി. ഇനി കുമാറോരു സിംഹമായി മാറി തന്നെ പിടിച്ചു തിന്നുമോയെന്ന് അവന് ഭയമുണ്ടായിരുന്നു .

ഇത് എരുമ അമരുന്നത് പോലെ ഉണ്ടല്ലോ എന്നായിരുന്നു മമ്മദ് ചിന്തിച്ചത് സിംഹം ഇങ്ങനെയാണോ അലറുന്നതെന്ന്  അതോടൊപ്പം ഒരു സംശയം തോന്നിയെങ്കിലും ചോദിച്ചില്ല . 

വെറുതെ എന്തിനാ കുമാറിന്റെ അപ്രീതി സമ്പാധിക്കണേ അത് ചോദിച്ചതുകൊണ്ട് തനിക്ക്  പ്രത്യേകിച്ചോരു  കാര്യവുമില്ല .

ഒറ്റ ഇടിയായിരുന്നു ഈ കൈയ്യോണ്ട് അതും പറഞ്ഞ് കുമാറ് ഉരുക്ക് പോലെയുള്ള ആ കൈകൾ ഉയർത്തിക്കാണിച്ചു . മമ്മദ് ആദരപൂർവ്വം അതിൽ പിടിച്ചു . ഇത്  ഇരുമ്പാണ്  ഉറക്കെ പറയേം  ചെയ്തു . അതൊന്നുകൂടി കാണിക്കാൻ കുമാറ് വീണ്ടും  കൈ ഇറുക്കിപ്പിടിച്ചു .

പരിപ്പുവട കണ്ണടച്ചു . 

ഞാൻ  ഒറ്റയടിയായിരുന്നു  ഉടുമ്പു ജോണി കരഞ്ഞു കൊണ്ടോടി കൂടെ കൂട്ടാളികളും, കുമാറ് ഒന്നുകൂടി മുക്രയിട്ടു .

വീണ്ടും ഒരു സിംഹം അലറുന്നത് പോലെ നാട്ടുകാർക്ക് തോന്നി .

ആരെയാടാ നീ തല്ലിയത് ? പിന്നിൽ നിന്നുമുള്ള ആ ചോദ്യം കേട്ട് കൈയ്യിൽ പരിപ്പുവടയുമായി കുമാറ് തിരിഞ്ഞു . ആ ആളെ കണ്ട് പരിപ്പുവട കുമാറിന്റെ കൈയ്യിൽ നിന്നും താഴെ വീണു .

ഉടുമ്പ് ജോണി.

ഭഗവാനെ ഇവൻ ഇതെവിടെന്ന് പൊട്ടി വീണുവെന്നായിരുന്നു കുമാറ് ചിന്തിച്ചത്. 

നാട്ടുകാർ അക്ഷമരായി, വീണ്ടുമൊരു സംഘട്ടനത്തിനുള്ള കോപ്പ് കൂട്ടിയിരിക്കുന്നു . 

ഒരിക്കൽ കുമാറ് അടിച്ചിട്ടതാണ് നിനക്ക് മതിയായില്ലേ ?

കുമാറിന്റെ ധൈര്യത്തിൽ മമ്മദ് ചീറി . 

അത് കേട്ട കുമാറ് ഒന്നുകൂടി ഞെട്ടി . ഈ നായിന്റെ മോൻ, ജോണിയെ   കൂടുതൽ പ്രകോപിപ്പിക്കുകയാണ്. ചിലപ്പോ രണ്ടു ചീത്തയിൽ കഴിയേണ്ട കാര്യം , തന്നെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിലാവും  അവസാനിക്കാ . .

മമ്മദിനെ നോക്കി മിണ്ടാതിരിക്കാൻ പറയണമെന്ന് കുമാറിന് ആഗ്രഹമുണ്ടായിരുന്നു . പക്ഷെ വായിക്കുള്ളിലെ പരിപ്പുവട അങ്ങനെത്തന്നെ ഇരിക്കുന്ന കാരണം മിണ്ടാനായില്ല, ഇറക്കാൻ  കുമാറിനും . എങ്ങോട്ടാണ് താൻ  പോകേണ്ടതെന്നറിയാതെ പരിപ്പുവടയും പകച്ചു . 

ഡാ മോനേ ജോണി .. നീ കുമാറിന്റെ കൈയ്യീന്ന് തല്ലു കൊള്ളാതെ പോയെടാ..,

 പാക്കരൻ ചേട്ടനും കത്തിക്കയറി . 

ഏതായാലും കുമാറ് ഒരിക്കൽ തല്ലി ഓടിച്ചതാണല്ലോ ഇനിയും കുമാറ് തല്ലി ഓടിക്കും എന്നുള്ളതായിരുന്നു  പാക്കരൻ ചേട്ടന്റേം, എന്തിന് അവിടെ കൂടിയിരിക്കുന്നവരുടേയും മുഴുവൻ വിശ്വാസവും , വിചാരവും .

ആ ധൈര്യം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു . പക്ഷെ കുമാറിന്റെ ഉള്ളിൽ മറ്റൊരു കുമാറ് വാവിട്ടു കരയുന്നത് ആരും കണ്ടില്ല  .

 ആവശ്യമില്ലാത്ത കാര്യങ്ങളാണ് താൻ പറഞ്ഞു വെച്ചത് . അതോടൊപ്പം സിംഹം അമറുന്നത് പോലെ ചുമ്മാ  മുക്രയിടുകയും ചെയ്തു. ഒന്ന് കൊഴുപ്പ് കൂട്ടാൻ വേണ്ടിയായിരുന്നു  ചെയ്തത് . ഇനിയിപ്പോ ജോണിയുടെ  തല്ലുകൊണ്ട് താൻ  മുക്രയിടേണ്ടി വരും .

നാട്ടുകാരുടെ ചാഞ്ചല്യമില്ലായ്മ ഉടുമ്പു ജോണിയെ   പ്രകോപിപ്പിച്ചു . തന്നെ കാണുമ്പോഴേക്കും നടു വളഞ്ഞ് മൂക്ക് നിലത്തു മുട്ടിക്കുന്ന നരിന്തുകളാ ഇപ്പൊ കിടന്ന് കാറുന്നത് .

ഇവനേതാ ഈ പോങ്ങൻ താനൊരിക്കലും കണ്ടിട്ടില്ലല്ലോയെന്നായിരുന്നു കുമാറിനെക്കുറിച്ച്, ഉടുമ്പ് ചിന്തിച്ചത് .

കുമാറ് നിന്നെ കൊല്ലുന്നതിനു മുന്നേ ഇറങ്ങിപ്പോടാ നായിന്റെ മോനേയെന്നുള്ള ആ അപ്രതീക്ഷിത അലർച്ച കേട്ട് എല്ലാവരും ഞെട്ടിക്കൊണ്ട്  തിരിഞ്ഞു നോക്കി . 

പലചരക്കു കടക്കാരൻ സുപ്രുവായിരുന്നുവത്  .

സുപ്രുവിനെ ഒരിക്കൽ ഉടുമ്പ് രണ്ട് പൊട്ടിച്ചിട്ടുണ്ട് . പലചരക്കു കടയിൽ നിന്ന് സാധനം വാങ്ങി കാശ് കൊടുക്കാതെ പോയ ഉടുമ്പിനോട് കാശ് വെച്ചിട്ട് സാധനം എടുത്താൽ മതിയെന്ന് സുപ്രു പറഞ്ഞതും ഒരു പടക്കം പൊട്ടിയതും ഒരുമിച്ചായിരുന്നു .അടുത്ത നിമിഷം സുപ്രു കടയിൽ നിന്നും  ഇറങ്ങിയോടി . കുറേദൂരം ഓടിയതിനു ശേഷാ സുപ്രുവിന് സ്ഥലകാലബോധമുണ്ടാവുകയും താനെന്തിനാണ് ഓടിയതെന്ന് സ്വയം ചോദിക്കുകയും ചെയ്തത് .

അത് തന്റെ കടയല്ലേ ? തന്നെയല്ലേ അടിച്ചത് ? ഏതായാലും അതിനുള്ള ഉത്തരങ്ങളൊന്നും സ്വന്തം  കൈയ്യിൽ ഇല്ലാത്തതുകൊണ്ടും  അത് ചോദിക്കുവനിട്ട് ധൈര്യമില്ലാത്തതുകൊണ്ടും സുപ്രു മിണ്ടാതിരുന്നു .

അതിനു ശേഷം ഉടുമ്പ് വരുമ്പോഴൊക്കെ കാശ് ചോദിക്കുന്ന പരിപാടിയെ സുപ്രു നിറുത്തി . 

ആ ദേഷ്യം അതാണ് സുപ്രുവിനെ അലറിപ്പിച്ചത് .

ഉടുമ്പിന്റെ മുഖം ചുവന്നു , മീശ വിറച്ചു , ഉടുമ്പിനുള്ളിൽ മറ്റൊരു ഉടുമ്പ് അവനെ കൊല്ലെന്ന് അലറി .

കുമാറേ കൊല്ലണ്ടാ .., മമ്മദ് ചീറി .അത് കേട്ട് കുമാറ് വീണ്ടും ഞെട്ടി ഈ മഹാപാപികൾ തന്നെ കൊലക്ക് കൊടുക്കും. ഉടുമ്പിന്റെ മുഖം വിറച്ചു മീശ വിറച്ചു കഴുത്ത് ഞെരിക്കാനായി കൈകൾ വിറച്ചു .

കുമാറും വിറച്ചു. 

കുമാറിന് ദേഷ്യം വന്നു .., ആ വിറ കണ്ട്  സുപ്രു അടക്കം പറഞ്ഞു.

 സത്യത്തിൽ പേടിച്ചിട്ടായിരുന്നു  കുമാറ് വിറച്ചോണ്ടിരുന്നത്.

 നായിന്റെ മക്കളെ എന്നാലറിക്കൊണ്ട് ഉടുമ്പ് മുന്നോട്ട് ചാടി ഒറ്റയടി . കുമാറ് നിന്ന നില്പിൽ ഒന്ന് വിറച്ചു പിന്നെ പമ്പരം പോലെ കറങ്ങി അതിനുള്ളിൽ കുമാറിന്റെ കഴുത്ത് ഉടുമ്പിന്റെ കൈയ്യിലായി .

കണ്ണ് തുറിച്ച കുമാറിന്റെ വായിൽ നിന്ന് പരിപ്പുവട പുറത്തേക്ക് ചാടി .

കുമാറിന്റെ അടവാണിതെന്ന് പാക്കരൻ ചേട്ടൻ പറഞ്ഞു . അല്ല കുമാറ് ചാവാൻ പോവുകയാണെന്ന് മമ്മദ് പറഞ്ഞു. 

അത് കേട്ട് കുമാറിന്റെ ചങ്കിടിച്ചു . താൻ ചാവാൻ പോവാണോ ? കുമാറ്  കരയാൻ ശ്രമിച്ചെങ്കിലും ഉടുമ്പിന്റെ കൈകൾ കഴുത്തിൽ അമർന്നിരിക്കുന്നത് കൊണ്ട് കീ എന്നുള്ള ശബ്ദം മാത്രമേ പുറത്തേക്ക് വന്നുള്ളൂ .

എന്തിനാടാ നായിന്റെ മോനെ നിനക്ക്  കീ..? 

 ജോണി അലറി ..

സംഗതി കാറ്റ് മാറി വീശിയത് കണ്ട് മമ്മദും , സുപ്രുവും, പാക്കരൻ ചേട്ടനും ജീവനും കൊണ്ട്  പാഞ്ഞു .

എന്ത് അബദ്ധമാ  താൻ കാണിച്ചതെന്ന്, ആ ഓട്ടത്തിനിടയിലും സുകു ചോദിച്ചോണ്ടിരുന്നു . ഒരു കനത്ത സംഘട്ടനം പ്രതീക്ഷിച്ച നാട്ടുകാരുടെ മുന്നിൽ ഏറുകൊണ്ട പട്ടിയെപ്പോലെ കുമാറ് കരഞ്ഞു . കുറച്ചു മുമ്പ് സിംഹം പോലെ ഗർജ്ജിച്ചതായിരുന്നു . 

പാവം അവസാനം മെമ്പറു സുകേശനും മറ്റുള്ളവരും  പിടിച്ചു മാറ്റിയതുകൊണ്ടാ കുമാറിന് ജീവൻ തിരിച്ചു കിട്ടിയത് . എന്നോട് ക്ഷമിക്ക് ഉടുമ്പേട്ടാന്നും പറഞ്ഞ് കുമാറ് കൊച്ചു കുട്ടികളെപ്പോലെ വാവിട്ടു കരഞ്ഞു . 

നാട്ടുകാർക്ക് അതൊരു അത്ഭുതമായിരുന്നു . കുമാറ് ഇതാ കരയുന്നു.., ഒരു ജിമ്മൻ ഇതാ കരയുന്നു. 

ശരീരവും ആകാരവും മാത്രമേയുള്ളൂ ഉള്ളിൽ ഒരു പേടിത്തൊണ്ടനാണെന്ന് കുമാറെന്ന്  നാട്ടുകാർക്ക് അതോടെ  ബോദ്ധ്യമായി . ഏതോ ഭാഗ്യം കൊണ്ടാ അന്ന് വാസുവിനെ ഇടിച്ചത് . അതോടെ കുമാറെന്നുള്ള  ആ വലിയ വിഗ്രഹം നാട്ടുകാരുടെ മുന്നിൽ തകർന്നു വീണു . 

ഇത്രയും പേടിത്തൊണ്ടനായവന്റെ അടികൊണ്ടാണോ താൻ പേടിച്ചോടിയതെന്നോർത്ത് വെടിക്കെട്ട് വാസു തിരിയെ  വന്നു വീണ്ടും റൗഡിയുടെ വേഷം എടുത്തണിഞ്ഞു . 

ശരീരത്തിലല്ല കാര്യം  മനസ്സിലാണെന്ന് നാട്ടുകാർക്കും മനസ്സിലായി . അന്നോടിയ സുകു കട പൂട്ടി ഒരു മാസത്തോളം ഭാര്യ വീട്ടിൽ പോയി നിന്നു  പരിചയമില്ലാത്ത ആരെയെങ്കിലും കാണുമ്പോൾ ഓടി അകത്തൊളിക്കും .

മമ്മദ് ടൗണിൽ പോയി ഒരു കുപ്പി ബ്രാണ്ടിയുമായി വന്ന് ഉടുമ്പു ജോണിയുടെ കാലിൽ വീണ് കെട്ടിപ്പിടിച്ച് കരഞ്ഞു . ഒരു കുപ്പി ബ്രാണ്ടി കൂടി കൊടുത്താ താൻ  ക്ഷമിക്കാമെന്നാ  ഉടുമ്പ് പറഞ്ഞത് . 

കുമാറ് വേറെ നാട്ടിലേക്ക് ഭാര്യയുമായി താമസം മാറി ..,കുമാറ് ജിമ്മ് വീണ്ടും കുമാരേട്ടൻ ജിമ്മായി പുനർനാമകരണം ചെയ്യപ്പെട്ടു .

 ഇടിയൻ ജോണി ഞങ്ങളുടെ  ഗ്രാമത്തിലെ ഇൻസ്പെക്ടറായി ചാർജ്ജെടുത്തതോടെ എല്ലാവരും ഒതുങ്ങി. ഇല്ലെങ്കിൽ ഇടിയൻ  ഒതുക്കി എന്നുള്ളതായിരുന്നു സത്യം. കുത്തഴിഞ്ഞ ഗ്രാമം ഇടിയന്റെ വരവോടെ  അടുക്കും ചിട്ടയുമുള്ളതായി മാറി  . 

റൗഡികളെല്ലാം നാട്ടിൽ നിന്നും  പാലായനം ചെയ്തു. പാലായനം ചെയ്യാത്തവരെ ഇടിയൻ ഇടിച്ചു നന്നാക്കി .  ഭാസ്കരേട്ടൻ വീണ്ടും  ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നു.  തനിക്കുള്ള സ്‌പെഷൽ ഫുഡായ പെഡിഗ്രി കണ്ട് ഡിങ്കു തല ചുറ്റി വീണു . കൊതി മൂത്ത് താൻപോലുമറിയാതെ, താനത് എടുത്ത് തിന്നുമോയെന്നുള്ള ഭയം ഡിങ്കുവിനുണ്ടായിരുന്നു. . ആ പാത്രം അവൻ പതുക്കെ കൂടിനടിയിലേക്ക് തട്ടിക്കളയുകയും മണികണ്ഠൻ എടുത്ത് തിന്നുകയും ഒരു ഞെട്ടലോടെ സത്യം മനസ്സിലാക്കുകയും ഓളിയിട്ടുകൊണ്ട് പായുകയും ചെയ്തു .

അങ്ങനെ ഒരു ഗ്രാമ പുരാണം കൂടി  ഇവിടെ അവസാനിക്കുന്നു .             




















 

0 അഭിപ്രായങ്ങള്‍