ഒരു ഇടിത്തീ കണക്കെയാണ്  ഗ്രാമത്തിലാ വാർത്ത പരന്നത്

 പട്ടാളക്കാരൻ രാജപ്പേട്ടന്റെ മോളെ കാണാനില്ലെന്ന് 

 എങ്ങും  ചർച്ചകൾ ചൂടുപിടിച്ചു ഗ്രാമം മുഴുവൻ രാജപ്പേട്ടന്റെ വീട്ടിലേക്ക് ഒഴുകി .

രാജപ്പേട്ടൻ തോക്കും പിടിച്ച് നിശബ്ദനായി ഉമ്മറത്തിരിപ്പുണ്ട് .

എന്താ സംഭവമെന്ന് ചോദിക്കാനായി അവറാൻ ചേട്ടൻ വാ തുറന്നതും  രാജപ്പേട്ടന്റെ മീശ വിറക്കുന്നത് കണ്ടതോടെ അവറാൻ ചേട്ടനാ ഉദ്യമം ഉപേക്ഷിച്ചു  . രാജപ്പേട്ടനു പകരം മീശയാണ് വിറക്കുന്നത് അതോടൊപ്പം കൈയ്യിലിരിക്കുന്ന  തോക്കും വിറക്കുന്നുണ്ട്. 

ആരാണ്, അവനെ എനിക്ക്  കാട്ടിത്തരൂ ഞാനിന്ന് കൊല്ലുമെന്ന് തോക്ക്  പറയുന്നത് പോലെ തോന്നി അവറാൻ ചേട്ടന് .

അതോടെ എന്താ ചെയ്യാലെയെന്ന് നാട്ടുകാരെ നോക്കി ചോദിച്ചോണ്ട്  അവറാൻ ചേട്ടൻ പതുക്കെ പിന്നോട്ട് വലിഞ്ഞു  .തോക്കും പിടിച്ച്  കോപം കൊണ്ട്  വിറച്ചിരിക്കുന്ന മനുഷ്യനെ  കാഞ്ചി വലിപ്പിക്കാൻ നിക്കേണ്ടന്നു കരുതിയാണ് അവറാൻ ചേട്ടൻ പിന്തിരിഞ്ഞത്  .  

ആരും ഒന്നും മിണ്ടാതായയതോടെ   ചായക്കടക്കാരൻ പാക്കരൻ ചേട്ടനായിരുന്നു   ആ നിശബ്ദയെ  ഭേദിച്ചു കൊണ്ട് ചോദിച്ചത്. 

എന്താ സംഭവം  രാജപ്പാ ?

സംഭവം അറിയാതെയാണോ താനിങ്ങോട്ട് കേറിവന്നത് ? 

അപ്രതീക്ഷിതമായ ആ അലർച്ചയിൽ  പാക്കരൻ ചേട്ടൻ ഞെട്ടി, ഞെട്ടിയ  പാക്കരൻ ചേട്ടൻ വിക്കി, വിക്കിയ പാക്കരൻ ചേട്ടന്റെ വലിവ് കൂടി. ആ അലർച്ചയിൽ  പാക്കരൻ ചേട്ടൻ മാത്രമല്ല നാട്ടുകാരും ഞെട്ടിയിരുന്നു .  

ഇങ്ങനെ  അലറാൻ മാത്രം താനെന്ത് അപരാധമാണ് പറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും പാക്കരൻ ചേട്ടന് പിടിത്തം കിട്ടിയില്ല .

വലിവ് കൂടിയ പാക്കരൻ ചേട്ടന്റെ ശ്വാസം വിലങ്ങി. ശ്വാസം കിട്ടാതെ താനിവിടെ വീണ് ചാവുമോയെന്ന് വരെ  പാക്കരൻ ചേട്ടന് തോന്നി.

എന്റെ കർത്താവേയെന്ന് പാക്കരൻ ചേട്ടൻ കർത്താവിനെ വിളിച്ചെങ്കിലും അത് കർത്താവിന് പോലും കേൾക്കാൻ പറ്റിയില്ല . പേടികൊണ്ട് ആ വിളി പാക്കരൻ ചേട്ടന്റെ തൊണ്ടയിൽ തന്നെ കുടുങ്ങികിടന്നതേ  ഉള്ളൂ . അതോണ്ട് കർത്താവും നിസ്സഹായനായിരുന്നു .

ശബ്ദം പുറത്തേക്ക് വരാതായതോടെ ഞാൻ കർത്താവിനെയാ വിളിച്ചതെന്ന്  ബോധ്യപ്പെടുത്താനായി പാക്കരൻ ചേട്ടൻ മുകളിലോട്ട് നോക്കി.  

മോള് ആരുടെ കൂടെയാ പോയതെന്ന് ചോദിച്ചാ മതിയായിരുന്നു. ഒന്നും  അറിയാത്തത് പോലെ എന്താ ഉണ്ടായതെന്ന് ചോദിക്കേണ്ടിയിരുന്നില്ലെന്ന് പാക്കരൻ ചേട്ടന് തോന്നി. സത്യത്തിൽ  അങ്ങിനെയാണ് ചോദിക്കാൻ വെച്ചിരുന്നതും പക്ഷെ വായീന്ന് പുറത്തേക്ക് വന്നത്  ഇങ്ങിനെയായെന്നു  മാത്രം .

അല്ലെങ്കിലേ അന്നമ്മ പറയാറുള്ളതാ വാ തുറന്നാ  കൊത്രം കൊള്ളിത്തരം മാത്രമേ വരത്തൊള്ളോന്ന്.

അത് തന്റെ കുറ്റമല്ലെന്ന് പറയാൻ  പാക്കരൻ ചേട്ടൻ ആശിച്ചു.   

അന്നമ്മ ചേടത്തിയാ പറഞ്ഞതിലും കാര്യമുണ്ട്. പാക്കരൻ ചേട്ടൻ, വാ തുറന്ന  പ്രകോപിപ്പിക്കുന്ന  തരത്തിലേ  സംസാരിക്കൂ. അതോണ്ട് പാവങ്ങളുടെ അടുത്തും, വരത്തന്മാരുടെ അടുത്തും മാത്രമേ പാക്കരൻ ചേട്ടൻ ഗീർവാണം വിടത്തുള്ളൂ.    

രാജപ്പൻ നല്ല ദേഷ്യത്തിലാണല്ലോയെന്നും... വിക്കിക്കൊണ്ട്  പുറകിലോട്ട് തിരിഞ്ഞ പാക്കരൻ ചേട്ടൻ തനിക്കു  പിന്നിൽ ആരുമില്ലെന്ന് കണ്ട് വീണ്ടും ഞെട്ടി.  രാജപ്പേട്ടന്റെ ആ അലർച്ചയോടെ കൂടി  പാക്കരൻ ചേട്ടന്റെ കൂടെ വന്നവരെല്ലാം പുറത്തേക്ക് ഓടിയിരുന്നു, കൂട്ടത്തിൽ റോമുവും അതുവരെക്കും  അവൻ പാക്കരൻ ചേട്ടന്റെ കൂടെ വാലാട്ടി നിൽപ്പുണ്ടായിരുന്നതായിരുന്നു .  

എന്റെ കർത്താവേ... താൻ ഒറ്റക്കാണോ, നിറതോക്കും പിടിച്ചിരിക്കുന്ന പട്ടാളക്കാരന്റെ മുന്നിലേക്ക് വിവരദോഷോം പറഞ്ഞോണ്ട് കേറി വന്നത്  ?

മോള് വല്ലവന്റേം കൂടെ പോയാ പിന്നെ ദേഷ്യപ്പെടാണ്ട് ചിരിച്ചോണ്ടാ ഇരിക്കാ? ഇവനെന്ത് മണ്ടത്തരമാണീ  ചോദിച്ചത് ? 

ഗൾഫ് കാരൻ  ഭാസ്കരേട്ടൻ അത് മെമ്പറ് സുകേശനെ നോക്കിയാണ് ചോദിച്ചതെങ്കിലും സുകേശനത്  കേട്ടില്ല . തന്റെ ചോദ്യം ഉത്തരമില്ലാതെ അലഞ്ഞു തിരിയേണ്ടെന്നു കരുതി ഭാസ്ക്കരേട്ടൻ തന്നെയാ അതിനുള്ള ഉത്തരവും  പറഞ്ഞത്. 

മണ്ടത്തരം തന്നെ, അല്ലെങ്കിലും  അവനിതു  വേണം.

 ഭാസ്കരേട്ടൻ അങ്ങനെ പറയാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അന്ന് രാവിലെ ചായയുടെ കൂടെ എന്താ കടിയെന്ന്  ചോദിച്ചപ്പോ ഞാൻ കടിച്ചാ മതിയോയെന്ന് പാക്കരൻ ചേട്ടൻ തമാശയായി ചോദിച്ചത് ഭാസ്കരേട്ടന് തീരെ ഇഷ്ടപ്പെട്ടില്ലായിരുന്നു. അറ്റ്‌ലീസ്റ്  താൻ ഗൾഫീന്ന് വന്നതാണെന്നുള്ള ഒരു  മര്യാദയെങ്കിലും തന്നോട് കാണിക്കേണ്ടതായിരുന്നില്ലെന്നായിരുന്നു  ഭാസ്കരേട്ടൻ സ്വയം ചോദിച്ചത്.

ഇനി അവൻ ആരോടും തമാശ പറയരുത്, പ്രത്യേകിച്ചും,  തന്നോട്. 

ആ പാവത്തിനെ ഇന്ന് രാജപ്പൻ വെടി വെച്ച് കൊല്ലും അല്ലെങ്കിൽ തന്നെ ആകെ ഭ്രാന്തു പിടിച്ചു നിൽക്കുന്ന മനുഷ്യനാ. ആ മനുഷ്യനോടാ പോയി എന്താ ഉണ്ടായതെന്ന്  ചോദിച്ചിരിക്കണത്. 

ഭൂലോകം മുഴുവനും അറിഞ്ഞിരിക്കണൂ  രാജപ്പേട്ടന്റെ മോളെ കാണാനില്ലെന്ന് എന്നിട്ട് ഒന്നും അറിയാത്തത് പോലെയല്ലേ പാക്കരൻ പോയി  ചോദിച്ചത്?  

മോളെ തട്ടിക്കൊണ്ടു പോയവനു വെച്ച ഉണ്ട പാക്കരൻ ചേട്ടനായിരിക്കും കിട്ടാ ഇതിന്റെ വല്ല ആവശ്യവുമുണ്ടോ,  ഇവനിത്  മിണ്ടാതിരുന്നാ പോരായിരുന്നോ?

വാറ്റുകാരൻ റപ്പായിയും അങ്ങനെ ഒരു  ചോദ്യം ചോദിച്ചെങ്കിലും, അതും  ആരും  കേട്ടില്ല എന്നുള്ളതായിരുന്നു സത്യം. ഒരു കണക്കിന് വാറ്റുകാരൻ റപ്പായി അത് റപ്പായിയോട് തന്നെയായിരുന്നു ചോദിച്ചതും  . 

നാട്ടുകാർ എല്ലാവരും അസ്തപ്രജ്‌ഞരായി നിൽക്കുകയാണ്. 

അടുത്ത നിമിഷം എന്തും സംഭവിക്കാം, കലി തുള്ളി നിൽക്കുന്ന രാജപ്പേട്ടൻ, മോള് ഒളിച്ചോടിപ്പോയി നിൽക്കുന്ന രാജപ്പേട്ടൻ, കൈയ്യിൽ തോക്കുള്ള രാജപ്പേട്ടൻ,  പോരാത്തതിന് രാജപ്പേട്ടൻ  പട്ടാളത്തിലും. 

പാവം പാക്കരൻ ചേട്ടൻ നാട്ടുകാരുടെ  മുന്നിൽ വല്യ ആളാവാൻ വേണ്ടി ചോദിച്ചതായിരിക്കും അത് കാരണം വെടി കൊണ്ട് ചാവാറായി.

 ഇത്തരത്തിലുള്ള ഒരുപാട് ചിന്തകൾ ഓരോരുത്തരുടേയും ഉള്ളിൽ കൂടി കടന്നു പോയിക്കൊണ്ടിരുന്നു. 

ഉരുണ്ട മതിയാകുമോയെന്നായിരുന്നു  തമിഴൻ മുരുകൻ ചിന്തിച്ചത്? തഞ്ചാവൂരിൽ വെച്ച്  കണ്ട തമിഴ് സിനിമയിലെ പോലെ മെഷീൻ ഗണ്ണായിരിക്കുമോ ഇതെന്നായിരുന്നു മുരുകന്റെ മറ്റൊരു  സംശയം അങ്ങിനെയെങ്കിൽ പാക്കരൻ ചേട്ടന്റെ പൊടി പോലും കാണത്തില്ല.  

 വെടി കൊണ്ടാ പാക്കരൻ ചേട്ടൻ ഓടുമോയെന്നായിരുന്നു മീൻകാരൻ മമ്മദ് ചിന്തിച്ചത്.  പിന്നെ ഓടാണ്ട് അടുത്ത വെടിക്ക് കാത്ത് നിൽക്കുമോയെന്നും ചോദിച്ച്  മമ്മദ് തന്നെ അതിനുള്ള ഉത്തരവും കണ്ടെത്തി.  

പാക്കരൻ ചേട്ടനെ, രാജപ്പേട്ടൻ വെടിവെക്കുന്നത്  കാണാൻ കരുത്തില്ലാതെ നാട്ടുകാർ കണ്ണടച്ചു.

 രാജപ്പൻ അണ്ണാ,  പാക്കരൻ അണ്ണാവെ ശുട്ടു കൊല്ലുമാ ? തമിഴൻ മുരുകൻ  ചോദിച്ചത്  കേട്ട് പാക്കരൻ ചേട്ടൻ ഞെട്ടി കർത്താവേ തന്നെ തീയിലിട്ടു കൊല്ലുമെന്നോ ?.

എന്തിന് ? രാജപ്പന്റെ  മകൾ വല്ലന്റെന്റേം കൂടെ ഒളിച്ചോടി പോയതിന് തന്നെ ചുട്ടു കൊന്നിട്ട് എന്തു കിട്ടാനാ ?.

ഏയ് തീയിലിട്ടു  ചുട്ടു കൊല്ലില്ല വെടി വെച്ചാവും കൊല്ലാ.

വിറകു വെട്ടാൻ പോകുന്ന അന്തോണിയുടെ മറുപടി കേട്ട് മുരുകൻ കഷ്ടം വെച്ചു. തുപ്പാക്കിയിൽ ചുട്ടു കൊല്ലുന്ന കാര്യത്തെ  ഈ വിഡ്ഢി തീയിലിട്ടു ചുടുമെന്നാക്കിയാ മാറ്റിയത്.  

അത് കേട്ട് പാക്കരൻ ചേട്ടൻ വീണ്ടും ഞെട്ടി, തന്നെ  വെടി വെച്ച് കൊല്ലേ എന്തിന് ? 

ഈ പരട്ട  നാട്ടുകാരെന്തിനാ  ഒരു പാപവും ചെയ്യാത്ത തന്നെ കൊല്ലുന്നതിനെപ്പറ്റി മാത്രം  പറയുന്നത് ?. എന്റെ കർത്താവേ എന്തിനാ നീ ഇത് ചോദിക്കാൻ എന്നെ ഉന്തിത്തള്ളി മുന്നോട്ട് വിട്ടത് ?. ഇത്രേം ആൾക്കാര് അവിടെ  ഉണ്ടായിരുന്നതല്ലേ ? അതിലെ ആരെങ്കിലും  വിട്ട്  ചോദിപ്പിച്ചാ മതിയായിരുന്നില്ലോ ? . 

പാക്കരൻ ചേട്ടന്, കർത്താവിനോട് ദേഷ്യം തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല നിറ തോക്കിന്റെ മുന്നിലാണ് നിൽക്കുന്നത്. വെറുതേ  കർത്താവിനെ പ്രകോപിപ്പിച്ച് രാജപ്പനെക്കൊണ്ട് കാഞ്ചി വലിപ്പിക്കാൻ നിക്കേണ്ട . കർത്താവ്  വെറുതെ പറഞ്ഞാ മതി, എടാ രാജപ്പാ വലിച്ചോടായെന്ന് അതോടെ  രാജപ്പന്  ഒരുണ്ടയും തനിക്ക് ജീവനും പോയിക്കിട്ടും .  ആൾക്കൂട്ടത്തിന്റെ കൂടെ നിന്നാ മതിയായിരുന്നു എല്ലാവരുടേം മുന്നിൽ താൻ വലിയ ഒരാളാണെന്ന് കാണിക്കാൻ വേണ്ടി ചെയ്തതാ  അതിപ്പോ തന്റെ കൊലപാതകത്തിലാവും കലാശിക്കാ. 

വെടി വെച്ചാ ഒറ്റയടിക്ക് പരിപാടി തീരും. 

നാട്ടുകാരുടെ വർത്താനം കേട്ട് പാക്കരൻ ചേട്ടൻ ഉള്ളിൽ  കരഞ്ഞു. ഒരു സ്നേഹവുമില്ലാത്ത നാട്ടുകാർ താനെത്ര ചായയും പലഹാരങ്ങളും കൊടുത്തേക്കണതാ.  ജീവനോടെ ഇവിടെനിന്ന് പോയാ എല്ലാത്തിനും  ചായയിൽ വിഷം കലർത്തി  കൊല്ലണമെന്ന് പാക്കരൻ ചേട്ടന് തോന്നി.   

രാജപ്പേട്ടൻ എണീറ്റു,  പാക്കരൻ ചേട്ടന് അവിടെ നിന്ന്  ഓടണമെന്നുണ്ട് പക്ഷെ കാലുകൾ രണ്ടും  കുറ്റിയടിച്ച പോലെ  താഴ്ന്നു നിൽക്കുന്നു . ഈ കാലുകൾ തന്നെ വെടി വെച്ച് കൊല്ലിക്കും. പാക്കരൻ ചേട്ടൻ ഒരു ആശ്രയത്തിനായി ചുറ്റും നോക്കി എല്ലാവരും ഒരു അപരാധിയെ നോക്കുന്ന പോലെയാണ് പാക്കരൻ ചേട്ടനെ  നോക്കുന്നത്. 

താനെന്ത് തെറ്റാ ചെയ്തതെന്ന് പാക്കരൻ ചേട്ടൻ സ്വയം ചോദിച്ചു?.

മോള് ഒളിച്ചോടി പോയ ആളോടാ എന്താ സംഭവന്ന് ചോദിച്ചിരിക്കണത്?  മിണ്ടാതിരുന്നാ മതിയായിരുന്നു . പരിചയമുള്ള ആളല്ലേ,  ദിനവും ചായകുടിക്കാൻ വരുന്ന ആളല്ലേ ? പോരാത്തതിന് താൻ കടവും കൊടുക്കുന്നതല്ലേ?,   ആ ഒരു ധൈര്യത്തിലാ കേറി ചോദിച്ചത്.  

ഇനി പറഞ്ഞിട്ടെന്ത്  കാര്യം ? വെടി വെക്കുമ്പോ രാജപ്പൻ താൻ കടം കൊടുക്കുന്നതൊന്നും ഓർക്കത്തില്ല അതോർത്താ ചിലപ്പോ ഒരു വെടിക്ക് പകരം രണ്ടു വെടിയാവും വെക്കാ പിന്നെ കാശ് കൊടുക്കേണ്ടല്ലോ. 

അതോടെ  രാജപ്പേട്ടന് അതോർമ്മ വരല്ലേയെന്ന് പാക്കരൻ ചേട്ടൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.  

 അവസാന ആശ്രയത്തിനായി പാക്കരൻ ചേട്ടൻ , റോമുവിനെ നോക്കി. നായ ആണെങ്കിലും അവൻ  കൂടെയുണ്ടെങ്കിൽ  ഒരു ധൈര്യമാകുമല്ലോ  എന്ന് കരുതിയായിരുന്നുവത്.  അവസാന കൈക്ക് ഒരു പക്ഷെ  രാജപ്പൻ വെടി വെക്കുകയാണെങ്കിൽ റോമുവിനെ പിടിച്ച്  മുന്നിൽ നിറുത്താമെന്നും പാക്കരൻ ചേട്ടൻ ആശിച്ചു .  ഇത് മാനത്തു കണ്ട  റോമു നാട്ടുകാരുടെ പുറകിൽ ഒളിച്ചു  നിന്നു.

 പാക്കരൻ ചേട്ടൻ നോക്കുന്ന കണ്ടതോടെ അവനൊന്ന് കൂടി പുറകിലോട്ട്  മാറി.  കിഴവൻ ചിലപ്പോ തന്നെ  വിളിക്കും  വിളിച്ചാൽ പോകാതിരിക്കാനാവില്ല, തിന്നാൻ തരുന്നതല്ലേ ?   താൻ പോയാൽ പാക്കരൻ ചേട്ടനു വെച്ച  ഉണ്ട തനിക്കാവും കിട്ടാ  . ഏതോ മരങ്ങോടൻ അയാളുടെ മോളെ അടിച്ചോണ്ട് പോയതിന് വെച്ച ഉണ്ടയാ .

ഇങ്ങേർക്കിത് ചോദിച്ചു വാങ്ങേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ  ? 

പക്ഷെ തന്റെ യജമാനനാണ്, സഹായിക്കേണ്ട കടമ തനിക്കുണ്ട്. 

എന്ത് കടമ ? എന്ത് യജമാനൻ?  ദിവസവും കഞ്ഞീം പയറും മാത്രേ തരു. മീൻ വെച്ചാ അതിന്റെ മുള്ള് പോലും അയാളുടെ ഭാര്യ കിഴവി  ചവച്ചരച്ച് തിന്നും. ആ  അവർക്കു വേണ്ടി, തന്റെ ജീവിതം ഒരു  വെടിയുണ്ടക്ക് എറിഞ്ഞു കൊടുക്കണോ ?. ഒരു വെടിയുണ്ടക്കൊന്നും താനുണ്ടാവില്ല, അര വെടിയുണ്ട മതിയാവും അത് പോലും വേണ്ട അതീന്നു വരുന്ന കാറ്റ് തന്നെ  മതിയാവും തന്റെ കാറ്റ് പോവാൻ .  താനൊരു നായ ആയതുകൊണ്ട് ഒരു കുഞ്ഞു പോലും ചോദിക്കത്തില്ല. അവർക്കൊരു രക്ത സാക്ഷി ആവും, തന്റെ കൂട്ടിൽ ഒരു പടം വെക്കും ചിലപ്പോ പടം ഇല്ലാത്ത കാരണം സുധാകരന്റെ ചെക്കൻ സുബ്രഹ്മണിയെക്കൊണ്ട് ഒരു പടം വരപ്പിച്ചാവും വെക്കാ.  

യജമാനൻ  തനിക്ക് തിന്നാൻ തരുന്നതല്ലേ, അതോണ്ട് യജമാനനെ  രക്ഷിക്കേണ്ട ഉത്തരവാദിത്വം തനിക്കില്ലേ ? 

റോമുവിന്റെ ഉള്ളിൽ, മറ്റൊരു റോമു അവനുമായി വാഗ്വാവാദത്തിൽ ഏർപ്പെട്ടു. 

 തോക്കില്ലെങ്കിൽ കാണാമായിരുന്നു അവനെ, ഞാൻ  കടിച്ചു കീറിയേനേ..

ആ  ആവേശത്തിൽ അവൻ അടുത്തു നിൽക്കായിരുന്ന മീൻ കാരൻ മമ്മദിന്റെ മൂട്ടിലൊരു  കടി വെച്ചു കൊടുത്തു. 

അപ്രതീക്ഷിതമായ ആ കടിയിൽ, അല്ലെങ്കിലേ ആകെ  പേടിച്ചു വിറച്ചു  നിൽക്കായിരുന്ന മമ്മദ് കൂവി . 

ഈ മൈ ..എന്തിനാ  എന്റെ കുണ്ടിക്ക് കടിച്ചതെന്നും  ചോദിച്ച് മമ്മദ് ഒരു തൊഴിവെച്ച് കൊടുക്കേം ചെയ്തു . 

റോമുവിന്റെ കണ്ണിൽക്കൂടി പൊന്നീച്ച പറന്നു  ചമ്മിയ റോമു മമ്മദിനെ  നോക്കി വാലാട്ടി. 

ഇത് കണ്ട മണികണ്ഠൻ പൂച്ച കഷ്ട്ടം വെച്ചു ഇവനെന്തൊരു മണ്ടനാന്ന്   മനസ്സിൽ പറയേം ചെയ്തു. 

നാട്ടുകാർ സഹായിക്കാൻ വരാതായപ്പോൾ  പാക്കരൻ ചേട്ടൻ മെമ്പറ് സുകേശനെ നോക്കി അതോടെ ദാ ..ദേ വരുന്നൂ എന്നു മാനത്തേക്ക്  നോക്കി പറഞ്ഞ്  സുകേശൻ ഓടി. 

ആരാണ് ഇവനെ മുകളിൽ  നിന്നും വിളിക്കുന്നതെന്നറിയാൻ പാക്കരൻ ചേട്ടനും നാട്ടുകാരും  മാനത്തോട്ട് നോക്കിയെങ്കിലും , ആരേം അവിടെ  കണ്ടില്ല. 

അവസാനമായി, പാക്കരൻ ചേട്ടന്   ഭാര്യ അന്നമ്മ ചേടത്തിയെ ഒന്ന്  കാണണമെന്ന് തോന്നി.

അവളുണ്ടെങ്കിൽ തന്റെ മുന്നിൽ കേറി നിന്നേനേ . പെണ്ണാണെങ്കിലും ആണൊരുത്തന്റെ ധൈര്യാ .

സത്യത്തിൽ അന്നമ്മ ചേടത്തി ഇതെല്ലാം കണ്ട് തെങ്ങിന്റെ മറവിൽ ഒളിച്ചു നിപ്പുണ്ടായിരുന്നു. 

വലിവുള്ള മനുഷ്യനാ, ഇപ്പളെ ആകെ വിറച്ചു മുള്ളിയാ നിപ്പെന്ന് കണ്ടത്തന്നെ അറിയാം. രാജപ്പൻ  വെടി വെക്കുന്നതിനു മുന്നേ ഇങ്ങേരു ആധി കേറി തട്ടിപ്പോവുമല്ലോ എന്റെ കർത്താവേ. വല്യ കുൺസറായി ആണെന്നാ ഭാവം? മിണ്ടാതിരുന്നാ പോരായിരുന്നോ ? .

 രാവിലെ വയറുവേദന ഉണ്ടെന്ന് പറഞ്ഞ് വയറും തിരുമ്മി ഇരുന്ന ആളാ ഇനി പേടിച്ച് രാജപ്പന്റെ മുറ്റം നാശാക്കോ, അപ്പൊ അതിന് വേറെ വെടി കിട്ടും. 

എന്തായാലും ഒരു വെടിയുണ്ട അങ്ങേർക്ക് ഉറപ്പാ .

 ആ തെങ്ങിന്റെ മറവിൽ നിന്ന് അന്നമ്മ ചേടത്തി പാക്കരൻ ചേട്ടനെ  ചീത്ത വിളിച്ചു . 

അന്നമ്മ ചേടത്തി , ചേടത്തി പറഞ്ഞാ രാജപ്പൻ  കേക്കും. 

വക്കാലത്ത് പറയാൻ വന്ന അയൽക്കാരൻ സുധാകരനെ നോക്കി അന്നമ്മ ചേടത്തി ചീറി 

അത്ര മുട്ടുണ്ടെങ്കി  നീ പോയി പറയെടാ സുധാകരാ.  

 ഈ ശല്യവും അതോടെ പോയിക്കിട്ടും, ഒരു വേടിക്ക് രണ്ടു പക്ഷി ആ   മനക്കോട്ടയിലാ സുധാരകരേട്ടൻ വെച്ച് കാച്ചിയത് പക്ഷെ ഏറ്റില്ല. 

അതോടെ, ഞാനൊരു തമാശ  പറഞ്ഞതാണെന്നും പറഞ്ഞ് സുധാകരേട്ടൻ വെറുതേ ചിരിച്ചു നിന്നു.    

രാജപ്പേട്ടൻ എഴുന്നേറ്റതോടെ  പാക്കരൻ ചേട്ടന്റെ വിറ കൂടി, കൂടെ  നാട്ടുകാരുടേയും.  

ദേഷ്യം കൊണ്ടാണ്   രാജപ്പേട്ടൻ വിറക്കുന്നത് , പേടി കൊണ്ട് പാക്കരൻ ചേട്ടനും. 

  രാജപ്പേട്ടൻ വിറക്കുന്നതിനനുസരിച്ച് രാജപ്പേട്ടന്റെ മീശയും വിറക്കുന്നുണ്ട്.  അതോടെ റോമു ഓടി ഇനി പാക്കരൻ ചേട്ടന്റെ കൂടെ വന്നതിന് തന്നേം വെടി വെച്ച് കൊല്ലുമോയെന്നുള്ള പേടിയിലായിരുന്നു അവൻ . മര്യാദക്ക് കൂട്ടിൽ കിടന്നാ മതിയായിരുന്നു . 

ഓടുന്നതിനിടയിലാ അവൻ തെങ്ങിന്റെ പുറകിൽ ഒളിച്ചു നിൽക്കുന്ന അന്നമ്മ ചേടത്തിയെ കണ്ടത് അതോടെ അവൻ അന്നമ്മ ചേടത്തിയെ നോക്കി  വാലാട്ടി നിന്നു.  

പോടാ മരങ്ങോടൻ  നായെ,  അവന് വാലാട്ടാൻ കണ്ട സമയം? 

അന്നമ്മ ചേടത്തി ചീറി.  

ഇനി റോമു വാലാട്ടുന്നത് കണ്ടെങ്ങാനും രാജപ്പേട്ടൻ ഇങ്ങോട്ട് വരുമോയെന്നായിരുന്നു അന്നമ്മ ചേടത്തിയുടെ പേടി . അങ്ങേരുടെ  കാര്യത്തിൽ ഒരു തീരുമാനമായി.  ഭാര്യ ആയതുകൊണ്ട് അങ്ങേർക്ക് വെച്ചതിന്റെ പാതി വെടി  തനിക്കാവും കിട്ടാ. 

രാജപ്പേട്ടൻ അടുത്തെത്തി പാക്കരൻ ചേട്ടൻ വിക്കി,  എടാ രാജപ്പാ ഒരു  ചായ എടുക്കട്ടേടാ   ? 

അത് കേട്ട് രാജപ്പേട്ടൻ കണ്ണു മിഴിച്ചു ഇവനെന്ത് പ്രാന്താണ്  ഈപ്പറയുന്നത് ?

 നാട്ടുകാർ ആകാംഷയുടെ മുൾമുനയിൽ നിന്നു. 

എന്തും സംഭവിക്കാം. 

പാക്കരനെ വെടി വെച്ച് കൊന്നാ ഇനി രാവിലത്തെ  ചായ എവിടെ പോയി  കുടിക്കുമെന്നായിരുന്നു, ആ സമയം പീലിപ്പോസ് മുതലാളി ചിന്തിച്ചത്   . ഏതാണ്ട് അതേ ചിന്ത തന്നെയായിരുന്നു മമ്മദിനും , കുറച്ച്  കടം  കൊടുക്കാനുള്ളതാ അത് ഒഴിവായേനെയെന്ന് മമ്മദ് ഒരു പടി കൂടി കടന്നു ചിന്തിച്ചു .

 എടാ പാക്കരാ ഓടടാന്ന് ..അവറാൻ ചേട്ടൻ പതുക്കെ പറയുന്നുണ്ട്.  

പാക്കരൻ ചേട്ടനും ഓടണമെന്നുണ്ട് പക്ഷെ  പാക്കരൻ ചേട്ടന്റെ കാലുകൾ പാക്കരൻ ചേട്ടനെ കൊലക്ക് കൊടുക്കുമെന്നും പറഞ്ഞാ നിൽക്കുന്നത്. ഒരു സ്നേഹവുമില്ലാത്ത ആ  കാലുകൾക്കിട്ട് ഒരു ചവിട്ട് വെച്ച് കൊടുക്കുവാൻ  പാക്കരൻ ചേട്ടന് തോന്നി. 

 ഒരു ആശ്രയത്തിനായി പാക്കരൻ ചേട്ടൻ  ചുറ്റും നോക്കി എല്ലാവരും പേടിയോടെ നിൽക്കുകയാണ്. പാക്കരൻ ചേട്ടൻ നോക്കുന്ന കണ്ടതോടെ  നാട്ടുകാർ, മൊത്തം താഴോട്ട് നോക്കി നിന്നു .

പാക്കരൻ ചേട്ടന്, ഒരു  സഹായത്തിനായി  ആരെയെങ്കിലും വിളിക്കണമെന്നുണ്ട്. പക്ഷെ, കാലിന്റെ കീഴെ  പൂരം നടക്കുന്ന മാതിരി മുഴുവൻ നാട്ടുകാരും  താഴോട്ട് നോക്കി നിൽക്കുന്ന കണ്ട് പാക്കരൻ ചേട്ടൻ അന്ധാളിച്ചു. ആ സമയത്ത്  പേടി കൊണ്ട് ആരുടേയും പേരു  പോലും ഓർമ്മയിൽ വരുന്നില്ല  .

നാട്ടുകാരുടെ ചിന്ത മറ്റൊന്നായിരുന്നു , പാക്കരൻ ചേട്ടനെ നോക്കിയാലല്ലേ കാണാൻ പറ്റൂ, കണ്ടാലല്ലേ പാക്കരൻ ചേട്ടന് വിളിക്കാൻ പറ്റൂ . 

 രാജപ്പേട്ടനെ നോക്കി പാക്കരൻ ചേട്ടൻ ചിരിക്കാൻ ശ്രമിച്ചു പക്ഷെ പേടി കൊണ്ട് അത് കോടിപ്പോയി. അത് കണ്ട നാട്ടുകാർ വീണ്ടും ഞെട്ടി എന്ത് വിഡ്ഢിത്തമാണ് ഇവനീ  കാണിക്കുന്നത് ജീവനും കൊണ്ട് ഓടാൻ നോക്കാത്തതിന് പകരം നിന്ന് കൊക്കിരി കാണിക്കണൂ . 

എടാ  പാക്കരാ വെടികൊണ്ട് ചാവാൻ നിക്കുമ്പോഴാണോ നിന്ന്   കൊക്കിരി കാണിക്കണത്  ?  

ഞാൻ കൊക്കിരി കാണിച്ചതല്ലാ ചിരിച്ചതാണെന്ന്  പറയണമെന്നുണ്ട് പാക്കരൻ ചേട്ടന്  പക്ഷെ  ചുണ്ടുകൾ  കൊക്കിരി കാണിക്കുന്നത് പോലെ വക്രിച്ചു നിൽക്കാ.  

ഇവറ്റകൾക്കൊന്നും  തന്നോടൊരു  സ്നേഹവുമില്ലേ ? .

അടുത്ത നിമിഷം രാജപ്പേട്ടൻ, പാക്കരൻ ചേട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

 അപ്രതീക്ഷിതമായ ആ നീക്കത്തിൽ പാക്കരൻ ചേട്ടൻ ഞെട്ടി, അയ്യോന്ന്  ഓളിയിട്ടു .

നാട്ടുകാർ കരുതിയത് പാക്കരൻ ചേട്ടനെ, രാജപ്പേട്ടൻ  കഴുത്ത് ഞെരിച്ച് കൊല്ലുകയാണെന്നാണ്.  

അയ്യോ പാക്കരൻ ചേട്ടാവേ  ഞെക്കിക്കൊല്ലുന്നു തമിഴൻ മുരുകൻ വിക്കി.  

കൈയ്യിൽ  തോക്കുണ്ടായിട്ട് വെടി വെക്കാതെ എന്തിനാണ് ഞെക്കിക്കൊല്ലുന്നതെന്നായിരുന്നു  മീൻ കാരൻ മമ്മദ് ചിന്തിച്ചത്  . 

ഉണ്ട പോണത് എങ്ങിനെയാന്ന് കാണാമായിരുന്നു.

 ഇനി ചിലപ്പോ പാക്കരൻ ചേട്ടൻ  ഒരു ഉണ്ടക്കുള്ളത്  ഇല്ലാത്തതു കൊണ്ടാവും  കഴുത്ത് ഞെരിച്ചു കൊല്ലുന്നത് വെറുതേയാ  ഉണ്ട വേസ്റ്റാക്കേണ്ടല്ലോ .

ഇത്രേം ചെറിയ കാര്യത്തിന് ഒരാളെ കൊല്ലേ  ?

പട്ടാളക്കാർക്ക് ആരെ വേണമെങ്കിലും എന്തിനു വേണമെങ്കിലും കൊല്ലാം. 

സൈക്കിളു കടക്കാരൻ പീലിയുടെ സംശയത്തിന് ഗൾഫ്കാരൻ  ഭാസ്കരേട്ടനായിരുന്നു മറുപടി പറഞ്ഞത്. 

പാക്കരൻ ചേട്ടനെ കെട്ടിപ്പിടിച്ച് രാജപ്പേട്ടൻ വാവിട്ടു കരഞ്ഞു. 

ആ കരച്ചിൽ കേട്ട് നാട്ടുകാർ ഞെട്ടി,  പാവം പാക്കരൻ ചേട്ടൻ ജീവനു വേണ്ടി കരയുകയാണ് ആരെങ്കിലും പോയി രക്ഷിക്കുവെന്നും അലമുറയിട്ട്  അവറാൻ ചേട്ടൻ പ്രേക്ഷിതൻ സുകുവിനെ പിടിച്ച് മുന്നോട്ട്  തള്ളി. 

അപ്രതീക്ഷിതമായ ആ തള്ളലിൽ  അയ്യോന്നും നിലവിളിച്ച സുകു മുന്നിലുള്ള തെങ്ങും കുഴിയിലേക്ക് വീണു. 

പതിയെയാണ്  ആ സത്യം ഏവർക്കും  മനസ്സിലായത് രാജപ്പേട്ടൻ കരയുകയാണ്  . 

ഒരു  പട്ടാളക്കാരൻ കരയുന്നു ..അതും ഏങ്ങലടിച്ച് കരയുന്നു. 

അതോടെ പാക്കരൻ ചേട്ടനും കരഞ്ഞു. 

ജീവൻ രക്ഷപ്പെട്ടല്ലോ എന്നോർത്തിട്ടായിരുന്നു പാക്കരൻ ചേട്ടൻ കരഞ്ഞത്. ഇനി ജീവിതത്തിൽ , ഇതുപോലത്തെ ഏടാകൂടങ്ങളിൽ പോയി തലയിടില്ലാന്ന് പ്രതിജ്ഞയും ചെയ്തു.

 ആരുടെ മോളോ,  മോനോ,  ഓടിപ്പൂവേ, ചാടിപ്പൂവേ, ഉരുണ്ടു പോവേ  എന്തെങ്കിലും ആയിക്കൊള്ളട്ടെ താനെന്തിനാണ് വല്ലവന്റേം തോക്കിന്റെ മുന്നിൽ ചെന്ന് വെടിയുണ്ട ചോദിച്ചു വാങ്ങുന്നത് ?

എടാ, അവളു പോയെന്നും പറഞ്ഞ് രാജപ്പേട്ടൻ വിങ്ങി 

നമുക്ക് പോലീസിലൊരു കംപ്ലൈന്റ്റ് കൊടുത്താലോയെന്ന്   മെമ്പറ്  സുകേശനാ ചോദിച്ചത്. 

അപ്പോഴാണ് ഒരു അലറിക്കരച്ചിൽ അകത്തു നിന്നും കേട്ടത്. 

 ഓടിവരണേ..  

അയ്യോ,  രാജപ്പേട്ടന്റെ ഭാര്യ രാജമ്മേടത്തി  ചത്തു.

പലചരക്കു കടക്കാരൻ സുപ്രു  ഒളിയിട്ടു.  

അത് കേട്ട് രാജപ്പേട്ടൻ ഞെട്ടി , രാജപ്പേട്ടന്റെ  മീശ ഞെട്ടി, തോക്ക് ഞെട്ടി , നാട്ടുകാർ ഞെട്ടി.  

ഞെട്ടിയ തോക്കിനുള്ളിൽ നിന്നും ഒരുണ്ട ആകാശത്തോട്ട് പാഞ്ഞു.

 വെടി ശബ്ദം കേട്ട് നാട്ടുകാർ ചിതറിയോടി. 

എന്താ താഴെ  കാഴ്ചകളെന്നറിയാൻ രാജപ്പേട്ടന്റെ തലക്കു മുകളിൽ വന്നിരുന്ന കാക്ക,  കാഴ്ചകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. അത്രനേരം തൊട്ടപ്പുറത്തെ പ്ലാവിൻറെ  കൊമ്പിലിരുന്നതയായിരുന്നു. കാഴ്ചക്ക്  ഒന്നുകൂടി വ്യക്തത കിട്ടാൻ വേണ്ടീട്ടായിരുന്നു രാജപ്പേട്ടന്റെ തോക്കിന്റെ  മുകളിലുള്ള  മാവിന്റെ കൊമ്പിൽ  വന്നിരുന്നത്. 

അലറിക്കരഞ്ഞു കൊണ്ട് രാജപ്പേട്ടൻ പുറത്തു നിന്ന്  അകത്തേക്കും,  രാജമ്മേടത്തി അകത്തു നിന്ന്  പുറത്തേക്കും, ഒരേസമയം  പാഞ്ഞു വന്നു.  

അയ്യോ..,  എന്തിനാടി നീ ചത്തത് ? രാജപ്പേട്ടൻ രാജമ്മേടത്തിയെ നോക്കി നെഞ്ചത്തടിച്ചു.. 

എന്ത് വിവരദോഷാ  പറയണേ മനുഷ്യാ ?

ആയ്..,  അപ്പൊ നീ ചത്തില്ലേ ?

നിങ്ങളെ കൊന്നിട്ടാവും ഞാൻ ചാവാ.

 ആരാ അപ്പൊ നീ ചത്തെന്നും പറഞ്ഞ് വിളിച്ചു കൂവിയത് ?. രാജപ്പേട്ടന്റെ മുഖം മങ്ങിയിരുന്നു .

അത് കേട്ടതോടെ പലചരക്ക് കടക്കാരൻ സുപ്രു വേഗം മുങ്ങി . കരച്ചിൽ കേട്ടപ്പോ സുപ്രുവാ പറഞ്ഞത് രാജമ്മേടത്തി ചത്തൂന്ന്. സാധാരണ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അങ്ങനെയാണല്ലോ സംഭവിക്കാന്നാ ഓടിക്കൊണ്ടിരിക്കുമ്പോ സുപ്രു  സ്വയം പറഞ്ഞ് സമാധാനിച്ചത് . 

 ഓടിയത് ഭാഗ്യമായി  ഇല്ലെങ്കി  ആർക്കോ വെച്ച വെടിയുണ്ട തനിക്കു കിട്ടിയേനേയെന്നാ ആ ഓട്ടത്തിനിടയിലും  സുപ്രു മനസ്സിൽ ഓർത്തത് അതോടെ സുപ്രുവിന്റെ ഓട്ടത്തിന്റെ വേഗവും  കൂടി. 

ദേ  മനുഷ്യാ,  അവളൊരു എഴുത്ത് എഴുതി വെച്ചിരിക്കുണൂ . 

 അവറാൻ ചേട്ടനത്  ചാടിപ്പിടിക്കാൻ നോക്കിയെങ്കിലും രാജപ്പേട്ടൻ രൂക്ഷമായി നോക്കിയതോടെ വേഗം പിന്നാക്കം നിന്നു. 

ഞാൻ പോകുന്നു എന്റെ സുമേഷേട്ടന്റെയൊപ്പം  .

സുമേഷോ ? ഏത് സുമേഷ് ? നാട്ടുകാർ പരസ്പ്പരം പിറുപിറുത്തു .

നമ്മുടെ  വിറകുവെട്ടാൻ പോകുന്ന സുമേഷാണോ ? അവറാൻ ചേട്ടൻ പതുക്കെയാണത് ചോദിച്ചത്.  

ആയ്  അവന്റെ  കല്യാണം കഴിഞ്ഞതല്ലേ  ? ആ നാറിയുടെ കൂടെയാണോ  അവൾക്ക്  പോകാൻ തോന്നിയത് ? പാക്കരൻ ചേട്ടനും പതുക്കെയാണ് മറുപടി പറഞ്ഞത്. 

നാട്ടുകാർ  പരസ്പരം നോക്കി അഭിപ്രായ പ്രകടനങ്ങൾ നടത്തി. 

രാജമ്മേടത്തി നെഞ്ചത്തടിച്ച് അലമുറയിട്ടു .

ഇനി നമ്മുടെ ചട്ടുകാലൻ സുമേഷാണോ ? അവൻ തന്നെയായിരിക്കുമെന്നാ എനിക്ക് തോന്നുന്നത്   

മുടിവെട്ടുകാരൻ വാസുവായിരുന്നു  ആ സംശയം ഉന്നയിച്ചത് . 

അവനെ ഞാനിന്ന് കൊല്ലുമെന്നലറിക്കൊണ്ട്  രാജപ്പേട്ടൻ തോക്കുമെടുത്ത് പാഞ്ഞു, പിന്നാലെ നാട്ടുകാരും.

വാറ്റുകാരൻ റപ്പായിയുടെ കൂടെ വന്ന  നായ സുഗുണൻ  കുറെ ദൂരം ഓടി  തിരിഞ്ഞു നോക്കിയപ്പോഴാ ഞെട്ടിയത് തന്റെ പിന്നിൽ  ആരുമില്ല  പാവം കാലിന് വളവുള്ളത് കൊണ്ട് നാട്ടുകാർ ഓടിയതിന്റെ എതിർദിശയിലേക്കാ എത്തിയത്  .

  തിരിച്ച് എതിർ ദിശയിലേക്ക്   ഓടിയപ്പോഴാ അവൻ കൂട്ടത്തിൽ എത്തിയത്. അവൻ ഓടുന്ന കണ്ട് റപ്പായി വിളിച്ചു പറയേം ചെയ്തതാ 

ഡാ  മോനെ സുഗുണാ അങ്ങോട്ടല്ല .., ഇങ്ങോട്ടാന്ന് .

 സത്യത്തിൽ സുഗുണന്റെ കാലുകൾക്ക് ജന്മനാ വളവുള്ളതിനാൽ സുഗുണൻ എങ്ങോട്ട് ഓടിയാലും അതിന്റെ  നേരെ  എതിർ ദിശയിലേക്കായിരിക്കും എത്തുക . 

 തനിക്കിതിരെ ഒരു പട പാഞ്ഞു വരുന്നതറിയാതെ സുമേഷ്, പശുവിനെ  കറന്ന പാലുമായി കവലയിലേക്ക് പോവാൻ നിൽക്കായിരുന്നു .

നിക്കെടാ നായിന്റെ മോനേന്നലറിക്കൊണ്ട് രാജപ്പേട്ടൻ ആകാശത്തോട്ട്  വെടിവെച്ചു.

 മുരുകാന്നു നിലവിളിച്ചോണ്ട് സൈക്കിളെടുക്കാൻ പോലും നിക്കാതെ  ചട്ടു കാലും വെച്ച് സുമേഷ് ഓടി.  എന്തിനാണ് തന്നെ നാട്ടുകാർ വെടി വെച്ച് കൊല്ലാൻ പോകുന്നതെന്ന് സുമേഷിന്  മനസ്സിലായില്ല. 

എന്റെ രാജപ്പാ അവിവേകം കാണിക്കല്ലേ ?

ഗൾഫ് കാരൻ ഭാസ്ക്കരേട്ടൻ അലറി .., 

 വാവിട്ടു കരഞ്ഞുകൊണ്ട് സുമേഷ് ഓടി സുമേഷിന്റെ നായ ചന്തു യജമാനനെ വിട്ട് എതിർദിശയിലേക്കോടി തനി ചന്തുവിന്റെ സ്വാഭാവം കാണിച്ചു.  ആ പാവത്തിനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആദ്യമൊന്ന് കുരച്ചു നോക്കിയെങ്കിലും ഒരു പട പോലെ വരുന്ന നാട്ടുകാരുടെ മുന്നിൽ എന്തു ചെയ്യാൻ? . 

നാട്ടുകാർ മുഴുവൻ ചേർന്ന്  തല്ലിക്കൊല്ലാൻ മാത്രം തന്റെ യജമാനൻ എന്ത് പാതകമാണ് ചെയ്തതെന്നോർത്താ ചന്തു ചിന്തിച്ചു നിന്നത് .   അതിന്റെ പങ്കു പറ്റാൻ നിൽക്കേണ്ടെന്നു കരുതിയാ പിന്നെ ജീവനും കൊണ്ട് പാഞ്ഞത്.  

നിന്നെ ഞാനിന്ന് കൊല്ലുമെടാ പട്ടി രാജപ്പേട്ടൻ തോക്ക് ചൂണ്ടി അലറി. 

ആ പട്ടി വിളി ആർക്കിട്ടാണെന്നറിയാതെ സുമേഷും,  ചന്തുവും കരഞ്ഞു. 

എന്റെ ദൈവമേ ,  നീ എനിക്ക് ചട്ടുകാല് തന്നതും പോരാഞ്ഞ് എന്തിനാ  വെടി വെച്ച് കൊല്ലാനും ആളെ ഏർപ്പാടാക്കിയിരിക്കുന്നത് ?. 

 ഓട്ടത്തിനിടയിലും സുമേഷ് പരിഭവം പറഞ്ഞു . പക്ഷെ നല്ല കാലിനേക്കാളും വേഗത്തിലോടി  ചട്ടുകാൽ സുമേഷിനോട് കൂറു കാണിച്ചു .

എന്തിനാണ് പട്ടാളക്കാരൻ രാജപ്പേട്ടൻ  തന്നെ വെടി വെച്ച് കൊല്ലാൻ വരണത് ?  താനിന്നലെ കൂടി പാല് കൊടുത്തതാണല്ലോ ഇനി  വെള്ളം കൂടിയതുകൊണ്ടെങ്ങാനുമാവോ ?

കുറച്ച് വെള്ളം കൂടിയതിന് ആളെ  വെടി വെച്ച് കൊല്ലേ ? ഇതെവിടത്തെ നിയമം ? എവിടത്തെ നീതി ?  പട്ടാളക്കാർക്ക് എന്തും ആവാലോ ? 

 ഓട്ടത്തിനിടയിലും സുമേഷ് വാ കീറി കരഞ്ഞു.

 ഇവനിതെന്ത്  പാച്ചിലാണപ്പാ ? പിന്നാലെയോടി  രാജപ്പേട്ടൻ കിതച്ചു, നാട്ടുകാർ കിതച്ചു.

 അവനെ ഞാനിപ്പോ വെടി വെച്ച് വീഴ്ത്തുമെന്ന്  രാജപ്പേട്ടനലറി. 

രാജപ്പാ അവിവേകം കാണിക്കല്ലേയെന്നു.., നാട്ടുകാർ വിളിച്ചു പറയുന്നതിനു മുന്നേ ഉണ്ട പോയി. 

ആരെയെങ്കിലും കാട്ടിത്തരൂ .. ഞാൻ വെടി വെക്കട്ടെ എന്നലറിക്കൊണ്ടിരുന്ന  തോക്കായിരുന്നൂവത്. 

അടുത്ത നിമിഷം അയ്യോ ...ന്ന് നിലവിളിച്ചോണ്ട്  സുമേഷ് താഴെ വീണു. 

 സുമേഷ് ചത്തു .. 

പാക്കരൻ ചേട്ടൻ വിറച്ചു കൊണ്ട് ഓളിയിട്ടു. 

അത് കേട്ട് രാജപ്പേട്ടൻ ഞെട്ടി, തോക്ക് ഞെട്ടി,  വെടിയായി പോയതു കാരണം ഉണ്ടക്ക് ഞെട്ടാൻ പറ്റിയില്ല . 

മുരുകാ... താനവന്റെ കാലിനിട്ടാണല്ലോ വെടി വെച്ചത്   ? ഇനി ഉണ്ട വളഞ്ഞെങ്ങാനും പോയി മുതുകത്തു കൊണ്ടോ  കൊണ്ടോ ?

രാജപ്പേട്ടൻ സംശയത്തോടെ തോക്കിനെ നോക്കി. 

തനിക്കൊന്നുമറിയില്ലായെന്ന  മട്ടിൽ തോക്ക് നിന്നു .

ഭാഗ്യം, ചട്ടുകാലിന്റെ ഒരു വശത്തൂടെ ചെറുതായൊന്ന്  ഉരുമ്മിക്കൊണ്ടായിരുന്നു  ആ ഉണ്ട  പാഞ്ഞു പോയത്. 

വെടി ശബ്ദം കേട്ടതോടെ ഒന്ന് കൂവിക്കൊണ്ട് ചന്തുവും  ബോധം കെട്ടു വീണു. 

ആ പാവത്തിന്റെ വിചാരം തനിക്കിട്ടാണ് വെടി കൊണ്ടതെന്നായിരുന്നു.

എടാ സുമേഷേ .., സുമേഷേ..   നാട്ടുകാർ വിളിച്ചു.

ചത്തുപോയെന്ന പേടിയിൽ കണ്ണടച്ചു കിടന്ന സുമേഷിന് കണ്ണു തുറക്കാൻ പേടി. കണ്ണ്  തുറക്കുന്ന കണ്ടാ  രാജപ്പേട്ടൻ വീണ്ടും  വെടി വെച്ചാലോ? 

എടാ ഒന്നും പറ്റിയിട്ടില്ല എഴുന്നേൽക്ക്. 

 പീലിപ്പോസ് മുതലാളിയാ കുലുക്കി വിളിച്ചത്. 

അതിനിടയിൽ സുമേഷിന്റെ അച്ഛൻ സുധാകരേട്ടൻ കിണറ്റിൽ വീണെന്നും  ഓളിയിട്ടുകൊണ്ട് വിറകു വെട്ടുകാരൻ വാസു ഓടിവന്നു. 

അയ്യോ .. എല്ലാവരും അലറിക്കരഞ്ഞുകൊണ്ട് അങ്ങോട്ടേക്കോടി . 

സുമേഷിനെ വെടി വെക്കാൻ നോക്കിയതിന്  അവന്റെ, അച്ഛൻ സുധാകരേട്ടൻ  കിണറ്റിൽ പോയി  ചാടിയതെന്തിനാണെന്നായിരുന്നു  ഏവരുടേയും  സംശയം ?

 അങ്ങേര് എന്തിനാ  പോയി കിണറ്റിൽ ചാടിയത് ?

നാട്ടുകാർ പരസ്പരം ചോദിച്ചു? 

 തോക്കും കൊണ്ട് രാജപ്പേട്ടനും, നാട്ടുകാരും വീട്ടിലേക്ക് പാഞ്ഞു വരുന്നത് കണ്ട ആ പാവം പേടിച്ച്  എങ്ങോട്ടെന്നില്ലാതെ ജീവനും കൊണ്ട്   ഓടിയതായിരുന്നു, ആരെ കൊല്ലാനാ ഈ വരവെന്ന് അറിയത്തില്ലല്ലോ ?

വീടിന്റെ മുന്നിലുള്ള കിണറ്റിൽ തന്നെയാണ് വീണത്. 

അത് ഭാഗ്യമായിപ്പോയെന്നാ എല്ലാവരും പറഞ്ഞത് കാരണം അറിയാൻ പറ്റിയല്ലോ അതിരിലുള്ള പൊട്ടക്കിണറ്റിലെങ്ങാനുമാണ്  വീണിരുന്നെങ്കിൽ?

നാട്ടുകാരുടെ  ആത്മഗതം  കേട്ട് സുധാകരേട്ടൻ ഉള്ളിൽ ഞെട്ടി, 

എന്റെ  ഭഗവാനെ കാത്തുവെന്ന് മുരുകന്റെ ഫോട്ടോ നോക്കി സുധാകരേട്ടൻ നന്ദി പറഞ്ഞു .

എന്റെ സുധാകരാ നീയെങ്ങനെയാ കിണറ്റിൽ വീണത് ?

വാറ്റുകാരൻ റപ്പായിയുടെ ചോദ്യം കേട്ട്  സുധാകരേട്ടൻ വെറുതെ ചിരിച്ചു എന്തോ .., രാജപ്പൻ തോക്കും കൊണ്ട് വരണ  കണ്ടപ്പോ ഓടാൻ തോന്നിയെന്നാ സുധാകരേട്ടൻ പറഞ്ഞത്  വെറുതേ ഒരു ഭാഗ്യ പരീക്ഷണത്തിന് നിക്കണ്ടല്ലോ?. 

നീയിങ്ങനെ  ഓടാൻ നിന്നാ ഓടാനേ സമയം തികയത്തുള്ളുവെന്നാ പൂക്കാരി നാണി ത്തള്ള പറഞ്ഞത്.  പണ്ടേ അവനൊരു പേടിത്തൂറിയാണെന്ന്  അതോടൊപ്പം പറയേം  ചെയ്തു. അത് കേട്ട് സുധാകരേട്ടൻ ഞെളിപിരി കൊണ്ടു ഇതിലും ഭേദം വെടി  കൊണ്ട് ചാവുന്നതായിരുന്നു നല്ലതെന്നാ  സുധാകരേട്ടന് തോന്നിയത്. 

മിനിഞ്ഞാന്ന് കള്ളുഷാപ്പിൽ വെച്ച് വഴക്കുണ്ടായപ്പോ റൗഡി തോമായെ അടിച്ചുവെന്നാ ഭാര്യ അമ്മിണിയോട്, സുധാകരേട്ടൻ വന്ന് വീമ്പ് പറഞ്ഞത്. സത്യത്തിൽ തോമായുടെ കൈയ്യീന്ന് സുധാകരേട്ടനാ കിട്ടിയത്. പക്ഷെ സ്വന്തം  മനസ്സിനെ സമാധാനിപ്പിക്കാൻ വേണ്ടിയാ സുധാകരേട്ടൻ അമ്മിണി ചേച്ചിയോട് അങ്ങനെ പറഞ്ഞത്. 

അല്ലെങ്കി പ്രലോഭനം സഹിക്കാൻ വയ്യാതെ താൻ തോമാ ആയിട്ട് വീണ്ടും വഴക്കിന് പോകുമെന്നും അടി കൂടുതൽ കിട്ടുമെന്നും സുധാകരേട്ടന് നല്ല  പേടിയുണ്ടായിരുന്നു .

നിനക്ക് കണ്ണു കണ്ടുകൂടെ സുധാകരാ നിന്റെ വീടിന്റെ മുന്നിൽ തന്നെയുള്ള  കിണറല്ലേ ഇത്  ?. 

പാക്കരൻ ചേട്ടന് ആകെ ആശ്ച്യര്യം , എത്ര വർഷായിട്ട് സുധാകരൻ ജീവിക്കുന്ന വീടാ ഇത് ആ കിണറും, അത്ര വർഷായിട്ട് അവിടെയുണ്ട്. 

പേടിച്ചതോടെ ചിലപ്പോ കണ്ണു കാണാതായിക്കാണുമെന്നാ അവറാൻ ചേട്ടൻ പറഞ്ഞത്.  അത് കേട്ട് സുധാകരേട്ടൻ ഒരു വളിഞ്ഞ ചിരി ചിരിച്ചു .

രണ്ടു ദിവസം അതീന്ന് വെള്ളമെടുക്കേണ്ടെന്നാ സുധാകരേട്ടൻ ഭാര്യ അമ്മിണിയേടത്തിയോട്  രഹസ്യമായി പറഞ്ഞത്. പാവം പേടിച്ച് വിറച്ച്  അതിൽത്തന്നെ എന്തൊക്കെയോ നടത്തിയിരിക്കണൂ.  

പിന്നെയും ഒരു കൂവൽ കേട്ടാ നാട്ടുകാർ കിണറ്റിലേക്ക് എത്തിനോക്കിയത് ചന്തുവിന്റെ കൂവലായിരുന്നൂവത്. സുധാകരേട്ടൻ കിണറ്റിൽ വീഴുന്ന  കണ്ടതോടെ രക്ഷപ്പെടാൻ വേണ്ടി അവനും ചാടിയതാ, ആ  പാവത്തിനേം നാട്ടുകാർ  വലിച്ചു കേറ്റി. 

ആ ചാവാലി അതിൽ തന്നെ കിടന്നോട്ടെയെന്ന് അമ്മിണി ചേടത്തി പറഞ്ഞതാ അത് കേട്ട് ചന്തു വാ കീറി ഓളിയിട്ടു . 

തോക്ക് ചൂണ്ടി സുമേഷിനെ നോക്കി രാജപ്പേട്ടൻ അലറി..,  

എവിടെടാ എന്റെ മോള് ? ഇല്ലെങ്കി നിന്റെ മറ്റേ  കാലും ഞാൻ  വെടി വെച്ച്  ചട്ടുകാലാക്കും. 

അതോടെ സുമേഷ് തന്റെ നല്ല കാലെടുത്ത് പുറകിലോട്ട്  വെച്ചു. 

ഇയാളുടെ മോളെ കാണാതായതിന് തന്നെ വെടി വെച്ച് കൊല്ലുന്നത് എന്തിനെന്നറിയാതെ  സുമേഷ് മേലോട്ട് നോക്കി. അതോടൊപ്പം ആയിരം വർണ്ണങ്ങൾ സുമേഷിന്റെ  ഉള്ളിൽ വിരിഞ്ഞു. നാണം കൊണ്ട് സുമേഷിന്റെ കവിളുകൾ ആ പേടിക്കിടയിലും വിറച്ചു, ഹൃദയം പെരുമ്പറ മുഴക്കി. പാല് കൊടുക്കുമ്പോൾ ഒരു  മിന്നായം പോലെ  കാണാറുള്ളതാ രാജപ്പേട്ടന്റെ മോള് സുന്ദരിയെ. ഒരു വേള, ദിനവും അവളെ കാണാൻ വേണ്ടി കൂടിയാ സുമേഷ്  പാൽക്കാരനായതും  .

സുന്ദരിയോട്  തന്റെ ആഗ്രഹം തുറന്നു പറയാൻ സുമേഷ് കുറെ ശ്രമിച്ചെങ്കിലും ഉമ്മറത്തിരിക്കുന്ന രാജപ്പേട്ടന്റെ പട്ടാള ഫോട്ടോ കാണുമ്പോഴേ, വിറച്ചു കൊണ്ട് പറയാൻ വന്നത്  മറക്കും.  അവസാനം ഒരു എഴുത്തിലൂടെയെങ്കിലും  തന്റെ പ്രണയം പൂവിടീക്കാമെന്ന്  കരുതിയെങ്കിലും  എഴുതാനറിയാത്തത് കൊണ്ട് അതിനും നിർവ്വാഹമില്ലായിരുന്നു .  അവസാനം പ്രേമത്തിന്റെയൊരു ചിഹ്നം വരച്ച് കൊടുക്കാമെന്ന് നിനച്ചെങ്കിലും ആ ചിഹ്‌നം കണ്ട സുമേഷ് തന്നെ ഞെട്ടിപ്പോയി എന്നുള്ളതായിരുന്നു സത്യം . 

ചിരിക്കുന്ന കുട്ടിച്ചാത്തന്റെ മുഖത്ത് അമ്പ് തറച്ചത് പോലെ ഉണ്ടായിരുന്നൂവത്. 

 അത് കൊടുത്താ പ്രേമ സാഫല്യത്തിനു പകരം പ്രേമ ഛേദമായിരിക്കും ഉണ്ടാവുക . അവസാനം എന്റെ ക്ലാസ്സ് മേറ്റ് ചന്തുവിനെക്കൊണ്ട് ഒരു പ്രേമ ലേഖനം എഴുതിച്ചെങ്കിലും അതും  കൊടുക്കുന്നതിനു മുന്നെയാണ് ഈ സംഭവവികാസങ്ങളെല്ലാം  അരങ്ങേറിയത് .   

സാധാരണ, മറ്റു സ്ഥലങ്ങളിലേക്ക്  പാല് കൊണ്ട് കൊടുക്കാൻ പറഞ്ഞാൽ  തന്റെ കാലിനെ പ്രതിസ്ഥാനത്തു നിറുത്തുന്ന സുമേഷ് , രാജപ്പേട്ടന്റെ വീട്ടിലേക്ക് പാല് കൊടുക്കാൻ കുതിക്കുന്നതിന്റെ  രഹസ്യം ഇപ്പോഴാണ് അമ്മിണിച്ചേടത്തിക്കും സുധാകരേട്ടനും മനസ്സിലായത്. 

ആദ്യം കരുതിയത് സുമേഷിന് പട്ടാളക്കാരോടുള്ള ആരാധന  കൊണ്ടായിരുന്നു പാലുമായുള്ള ഈ  പാച്ചിലെന്നായിരുന്നു. 

സുമേഷും അതു തന്നെയാണ്  പറഞ്ഞിരുന്നതും.

 ചട്ടു കാലായത് കൊണ്ട് പട്ടാളക്കാരനാകാൻ  പറ്റില്ലെന്നുള്ള മനസ്സിന്റെ നിരാശ മറികടക്കുന്നതിന്റെ ഭാഗമായിരിക്കും, ഒരു പട്ടാളക്കാരന്റെ വീട്ടിലേക്കുള്ള യാത്രയെന്നാണ് നാട്ടുകാരും ചിന്തിച്ചത് . ഇത് പട്ടാളക്കാരനെയല്ല പട്ടാളക്കാരന്റെ മോളെ കാണാനുള്ള ആഗ്രഹമാണ് . 

എവിടെടാ നായിന്റെ മോനെ എന്റെ മോള് ?

എന്റെ രാജപ്പാ അവൻ അന്തം വിട്ട് നിൽക്കുന്ന കണ്ടില്ലേ ? ഈ സുമേഷാവില്ല വേറെ ആരെങ്കിലും ആയിരിക്കും. 

അത് കേട്ട് സുമേഷ് തളർന്നു,  ഉള്ളിലൊരു സ്വപ്‍ന  ഗോപുരം തകർന്നു വീഴുന്നു. 

വേറെ ഏത് സുമേഷ് ? 

ആ  സുമേഷ് താൻ  തന്നെയാണെന്ന് പറയാൻ ഈ സുമേഷ് ആഗ്രഹിച്ചു . ആ  വെടിയുണ്ട ഏറ്റുവാങ്ങാൻ അവന്റെ ഹൃദയം തരിച്ചു.  ചാവണമെങ്കിൽ ചാവട്ടെ , തന്റെ പ്രണയ സാക്ഷാൽക്കാരത്തിനു  വേണ്ടി രക്ത സാക്ഷി ആവാനും സുമേഷ്  തയ്യാറായിരുന്നു. 

പക്ഷേ ഇത് വേറേതോ സുമേഷാണ് അവനു വെച്ച വെടിയുണ്ട താനെന്തിനു വാങ്ങണം ? 

നമ്മുടെ പഞ്ചായത്തിൽ ആകെ കൂടി മൂന്ന് സുമേഷ് മാരേയുള്ളൂ  അതിലൊന്നിനെയാണ് നമ്മൾ ഓടിച്ചിട്ട്  പിടിച്ചത് ഇനിയൊന്ന് വിറകു വെട്ടാൻ പോകുന്ന സുമേഷാണ്. 

അവന്റെ കല്യാണം കഴിഞ്ഞതല്ലേ ?

കല്യാണം കഴിഞ്ഞവനെയാണോ ഇവൾക്ക് കിട്ടിയത് ? 

അത് കേട്ട് ഈ സുമേഷ് തല ചുറ്റി വീണു.   

നമുക്കാ സുമേഷിനെ പോയി  നോക്കാം രാജപ്പേട്ടൻ അലറി. 

അതിനുമുന്നേ തോക്കുമായി രാജപ്പേട്ടൻ സുമേഷുമാരെ തപ്പിയിറങ്ങിയ വിവരം അറിഞ്ഞ വിറകു വെട്ടാൻ പോകുന്ന  സുമേഷ് മുങ്ങിയിരുന്നു.

എന്റെ മനുഷ്യാ നിങ്ങളെന്തിനാണ്  ഓടുന്നത് ഞാനില്ലേ ഇവിടെ ?.

സുമേഷ് പേടിച്ചു നിൽക്കുന്നത് കണ്ട്  ഭാര്യ രാധാമണി ധൈര്യം കൊടുത്തെങ്കിലും സുമേഷ് ചീറി ..,  

നീ  പോടീ മൂധേവി, ആകെ  വെറി പിടിച്ചു വരുന്ന പട്ടാളക്കാരനാ. 

താനൊന്നും   ചെയ്തിട്ടില്ലെങ്കിലും സുമേഷേന്ന പേരുള്ളത് കൊണ്ട് വെടി വെച്ച് കൊന്നാലോയെന്ന് പേടിച്ചാ ആ പാവം ജീവനും കൊണ്ട് ഓടിയത്.

ഓട്ടത്തിനിടയിലും പട്ടാളക്കാരൻ രാജപ്പേട്ടന്റെ മോള് എങ്ങിനെയുണ്ടാവുമെന്നാ സുമേഷ് ചിന്തിച്ചത്?  ഈ രാധാമണിയെ കൊണ്ട് കളയാമായിരുന്നുവെന്നു കൂടി സുമേഷ് ഓർത്തു.  

മൂന്നാമത്തെ സുമേഷ് അങ്ങ്  ഗൾഫിലാണെന്നാ പാക്കരൻ ചേട്ടൻ  പറഞ്ഞത്.  

അന്നാ നമുക്ക് ഗൾഫിലേക്ക് പോയാലോ?

മീൻ കാരൻ മമ്മദായിരുന്നൂവത്. 

അതേ..,  നമുക്ക് പോയാലോയെന്ന് അവറാൻ ചേട്ടനും ചോദിച്ചു. 

എന്റെ അവറാനെ, ഗൾഫെന്ന് പറയണത് നമ്മുടെ കവലയുടെ അപ്പുറത്തുള്ള സ്ഥലമല്ല.  

തന്റെ ഗൾഫ് ജ്ഞാനം വെളിവാക്കാൻ വേണ്ടിയാണ് ഭാസ്കരേട്ടനത്  പറഞ്ഞതെങ്കിലും,  അതെനിക്കറിയാമെന്നും  പറഞ്ഞ് അവറാൻ ചേട്ടൻ സൂക്ഷിച്ച് നോക്കിയതോടെ ഭാസ്കരേട്ടൻ പതുക്കെ പുറകിലോട്ട്  വലിഞ്ഞു. 

ആ നിമിഷം തന്നെയാണ് പ്രേക്ഷിതൻ സുകു സൈക്കിളിൽ പാഞ്ഞു വന്ന് ഓളിയിട്ടത് .

എന്റെ നാട്ടാരെ ..  മറ്റൊരു സുമേഷ് കൂടിയുണ്ട്. 

എവിടെ  ? രാജപ്പേട്ടന്റെ രക്തം തിളച്ചു... 

ഞാനറിയാത്ത സുമേഷാ ? 

എന്റെ അവറാനെ തനിക്കെത്ര സുമേഷുമാരെ അറിയാം ? അവറാൻ ചേട്ടന്റെയാ  ചോദ്യത്തിന് പാക്കരൻ ചേട്ടൻ മറു ചോദ്യമെറിഞ്ഞു. 

എവിടെയെടാ ? രാജപ്പേട്ടൻ പാമ്പ് ചീറ്റുന്നത് പോലെ ചീറ്റി . 

നമ്മുടെ വായനശാലയുടെ  അടുത്ത് വാടകക്ക് താമസിക്കുന്നവരാ അവനെ കണ്ടാ തന്നെ ഒരു കള്ള ലക്ഷണമുണ്ട് ഒറ്റ ശ്വാസത്തിലായിരുന്നു സുകു ഇത്രയും  വിളിച്ചു പറഞ്ഞത്. 

നീ കണ്ടോ സുകുവേ ?

പീലിപ്പോസ് മുതലാളിയുടെ ആ ചോദ്യത്തിന് സുകു മിണ്ടിയില്ല.

 ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് താനൊരു ചോദ്യം ചോദിച്ചിട്ട്  സുകു ഒന്നും മിണ്ടാതെ നിന്നതോടെ  ഇനി കേൾക്കാഞ്ഞിട്ടാണെന്നു കരുതി മുതലാളി ഒന്നുകൂടി ഉറക്കെ ചോദിച്ചു, പക്ഷെ  അതിനും സുകു മിണ്ടിയില്ല.

ചിലപ്പോ കണ്ടിരിക്കും ? അതല്ലേ ഓടി വന്നത് .  

ചമ്മിയ മുതലാളി , തോട്ടപ്പുറത്ത് നിന്ന വെളിച്ചപ്പാട് രാവുണ്ണിയോടാ അത്  പറഞ്ഞത്.   

അത് കേട്ട രാവുണ്ണി  തന്റെ തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു . അതെന്തിനാണെന്ന്  പീലിപ്പോസ് മുതലാളിക്ക്  മനസ്സിലായില്ല . താൻ പറഞ്ഞത് ശരി വെച്ചു കൊണ്ട് തലയാട്ടിയതാണോ അതോ ശരിയല്ലെന്നത് കൊണ്ട് തലയാട്ടിയതാണോ ? .

പീലിപ്പോസ്  മുതലാളിയോട് സുകു  കുറച്ച് കാശ് കടം ചോദിച്ചിരുന്നു. അത് കൊടുക്കാത്ത ദേഷ്യം സുകുവിന്റെ മനസ്സിൽ കിടന്ന് തിളക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാ , ഈ പരട്ടു മുതലാളിയുടെ ചോദ്യത്തിന് താനെന്തിനു മറുപടി പറയണമെന്നുള്ള  മറു ചോദ്യം  സുകുവിന്റെ മനസ്സിൽ ഉദിച്ചത് . 

മുതലാളിയുടെ വീട്ടിൽ സുകു പ്രാർത്ഥിക്കാൻ പോയിരുന്നു. അതുകാരണം താൻ കാശ്  ചോദിച്ചാ മുതലാളി തരുമെന്നായിരുന്നു സുകുവിന്റെ കണക്കുകൂട്ടൽ. കണ്ണടച്ച് പ്രാർത്ഥിച്ചു  നിൽക്കുന്ന മുതലാളിയെ കർത്താവ് അനുഗ്രഹിക്കുമെന്നു  പറഞ്ഞായിരുന്നു സുകു കാശ് ചോദിച്ചത്. 

അതിൽ ആദ്യത്തെ ഭാഗം മാത്രമേ പീലിപ്പോസ് മുതലാളി കേട്ടുള്ളൂ. സുകു രണ്ടുമൂന്നാവർത്തി   ചോദിച്ചെങ്കിലും ആദ്യ  ഭാഗം മാത്രമേ താൻ  കേൾക്കൂ എന്ന  പോലെ പീലിപ്പോസ് മുതലാളി കണ്ണടച്ചു നിന്നു. 

ഒടുവിൽ , കർത്താവ് തന്നെ തേങ്ങാ അനുഗ്രഹിക്കുമെന്നും  പറഞ്ഞാ സുകു പോയത്  . 

വെറുതെ തന്റെ തൊണ്ടയിലെ വെള്ളം വറ്റിക്കേണ്ടിയിരുന്നില്ലെന്ന് സുകുവിന് തോന്നി. പരട്ട ..മുതലാളി അനുഗ്രഹം വാങ്ങാൻ  നടക്കണൂ,  പീലിപ്പോസ് മുതലാളിയെ നരകത്തിൽ ഇടണമെന്ന്  പ്രാർത്ഥിച്ചിട്ടു കൂടിയാ സുകു  പോയത് .

നമുക്ക് അങ്ങോട്ട് പോയി നോക്കാം ആ ജാഥ അങ്ങനെ ക്ലബ്ബിനടുത്തേക്ക് പാഞ്ഞു. 

ഒരാൾക്കൂട്ടം വീട്ടിലേക്ക് പാഞ്ഞു വരുന്നത് കണ്ട വീട്ടുകാർ ഞെട്ടി, വീട്ടുകാരൻ ഞെട്ടി, വീട്ടുകാരി ഞെട്ടി .   ഈശ്വരാ ഇതെന്താണപ്പാ മാരണം ? വന്നിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ  അതിനു മുന്നേ നാട്ടുകാർ മുഴുവൻ ഇങ്ങോട്ട് വരുന്നുണ്ടല്ലോ ?  ഇനി തന്നെ  പരിചയപ്പെടാനാവോ ? എന്നായിരുന്നു വീട്ടുകാരൻ ബാലന്റെ സംശയം.

എന്റെ മനുഷ്യാ നിങ്ങള് വല്ല കൊത്രം കൊള്ളിത്തരം ഒപ്പിച്ചിട്ടുണ്ടോ ?

ഭർത്താവിന്റെ ഗുണവതിയാരം നന്നായി അറിയാവുന്ന ഭാര്യ കുസുമമാ  ചോദിച്ചത് . 

എടീ, ഇനി നമ്മളെ  പരിചയപ്പെടാനാവോ ? 

 നാട്ടുകാര് മുഴുവൻ ഇങ്ങോട്ട് വന്ന്  പരിചയപ്പെടാൻ നിങ്ങൾ ബാലൻ കെ നായരൊന്നുമല്ലല്ലോ മനുഷ്യാ ?. 

അത് ശരിയാണെന്ന് ബാലനും തോന്നി .., താൻ ബാലൻ കെ നായരൊന്നുമല്ലല്ലോ ?.

 എന്തെങ്കിലുമുണ്ടെങ്കി, തല്ലു  കിട്ടുന്നതിനു മുന്നേ  തുറന്നു പറയ് മനുഷ്യാ,   അല്ലെങ്കിലും പാപി ചെല്ലുന്നിടം പാതാളമാ . എന്റെ ഭഗവാനെ ഇങ്ങേരുടെ കൂടെ കൂടിയതിൽ പിന്നെ ഇതാണല്ലോ ഗതി. ബാലന്റെ ഭാര്യ കുസുമം നെഞ്ചത്തടിച്ചു കരഞ്ഞു. അത്രക്കും നല്ല കൈയ്യിലിരിപ്പാണ്  ബാലന്റെ.

ഇവളിതെന്താണീ  പറയണത് പാപീ .., പാതാളന്നൊക്കെ?

പഴഞ്ചൊല്ലിൽ പതിരില്ലെങ്കിലും അത് മനസ്സിലാവാത്ത ബാലൻ മാനം നോക്കി നിന്നു . 

ആ ജനക്കൂട്ടം അടുത്തെത്തി.

തോക്ക് കണ്ടതോടെ കുസുമം അലറി , തോക്കുണ്ടല്ലോ മനുഷ്യാ? 

ഇത് ചെറിയ ഇടപാടല്ലാന്ന് മനസ്സിലായതോടെ കുസുമം പിന്നാമ്പുറത്തേക്ക് ഓടി. ബാലൻ ഓടാൻ നോക്കിയെങ്കിലും അതിനുള്ള സമയം അതിക്രമിച്ചിരുന്നു. ഇനിയിപ്പോ ഓടിയാ ഒറ്റ വെടിക്ക് താൻ വീഴും .     

രാജപ്പേട്ടൻ തോക്ക് ചൂണ്ടി അലറി വിളിക്കെടാ സുമേഷിനെ.. 

എന്തിനാ? ബാലൻ വിക്കിക്കൊണ്ടാ ചോദിച്ചത് എത്ര ആലോചിച്ചിട്ടും വെടി വെക്കാൻ മാത്രം താനെന്ത് കൊത്രം കൊള്ളിയാ ഒപ്പിച്ചതെന്ന് ബാലന് മനസ്സിലായില്ല .

അതൊക്കെ അവനോട് പറയാം വിളിക്കെടാ ഇല്ലെങ്കി ഞാൻ വെടി വെച്ച് കൊല്ലും 

അയ്യോ ..,ഞാൻ വിളിക്കാവേ ..  ബാലൻ അലറി വിളിച്ചു. 

സുമേഷേ എടാ സുമേഷേ .. ഒരു കുട്ടി അകത്തു നിന്നും പാഞ്ഞു വന്നു. 

ഇത് സുമേഷിന്റെ കുട്ടിയായിരിക്കും പ്രേക്ഷിതൻ സുകുവാ അത്  പറഞ്ഞത് . 

കുട്ടിയെ വിളിക്കാനല്ല പറഞ്ഞത്, സുമേഷിനെ വിളിക്കെടാ . 

ഇവനാണ് , എന്റെ മോൻ  സുമേഷ്  .., നാട്ടാരെ  ബാലൻ വിക്കി .  

അത് കേട്ട് രാജപ്പേട്ടൻ ഞെട്ടി, അതിനുമുന്നെ സുകു ഞെട്ടി. ഞെട്ടിയ സുകു രാജപ്പേട്ടൻ കാണാതെ മുങ്ങി ഇല്ലെങ്കി ആ  സുമേഷിന് വെച്ച ഉണ്ട തന്റെ നെഞ്ചത്തോട്ട് ആയിരിക്കുമെന്ന് സുകു തിരിച്ചറിഞ്ഞു. 

അങ്ങനെ സുമേഷിനെ തേടി നടന്നു കാലു കഴഞ്ഞപ്പോഴാണ് പലചരക്കു കടക്കാരൻ സുധാകരേട്ടൻ ആ ഐഡിയ പറഞ്ഞത്. 

എന്റെ രാജപ്പാ ഈ കുന്ത്രാണ്ടവും ചുമന്ന് നാടു നീളെ ഓടിനടന്നിട്ട് ഒരു കാര്യവുമില്ല നമുക്ക് പോലീസിൽ ഒരു പരാതി കൊടുത്താലോ ?.

തന്നെ കുന്ത്രാണ്ടം എന്ന് വിളിച്ചത് തോക്കിന് തീരെ  ഇഷ്ടപ്പെട്ടില്ല ഇറങ്ങിപ്പോയി ഈ മരങ്ങോടനെ  വെടി വെച്ച് കൊന്നാലോയെന്ന് വരെ  തോക്ക് ആലോചിച്ചതാ.

തന്റെ തോക്കിനെ കുന്ത്രാണ്ടം എന്ന് വിളിച്ചത് രാജപ്പേട്ടനും ഇഷ്ടപ്പെട്ടില്ല . 

ഇത് തോക്കാണ് സുധാകരാ. 

രാജപ്പേട്ടൻ പിറുപിറുത്തു. 

ആ കുന്ത്രാണ്ടം എന്തെങ്കിലും ആയിക്കോട്ടെ രാജപ്പാ അതല്ലല്ലോ കാര്യം. 

സുധാകരേട്ടൻ, തന്റെ കുന്ത്രാണ്ടത്തിൽ തന്നെ ഉറച്ചു നിന്നു.

സുധാകരേട്ടന്റെ കുന്ത്രാണ്ടം വിളി കേട്ട്  തോക്ക് വീണ്ടും ഞെട്ടി , ഉറപ്പായിട്ടും ഇവനെ ഞാൻ കൊല്ലും . 

വേണ്ട സുധാകരാ.. നാട്ടുകാരറിയും . 

രാജപ്പേട്ടൻ പറഞ്ഞതു കേട്ട്  സുധാകരേട്ടൻ അന്തം വിട്ടു നിന്നു. 

 കൂട്ടയോട്ടം പോലെ നാട്ടുകാര് മുഴുവൻ നമ്മുടെ കൂടെത്തന്നെയല്ലേ ഓടിക്കൊണ്ടിരിക്കണത് ഇനി ആരറിയാനാ രാജപ്പാ ? 

എന്നാലും വേണ്ടാ സുധാകരാ പോലീസിൽ അറിയിച്ചാൽ എനിക്കവനെ വെടി വെച്ച് കൊല്ലാൻ പറ്റത്തില്ല. അത് ശരിയെന്ന തരത്തിൽ തോക്കും ഒന്ന് ആടി .  സത്യത്തിൽ തോക്ക് ആടിയതല്ല രാജപ്പേട്ടൻ ആട്ടിയതായിരുന്നു. 

എന്നാ നമുക്ക് മന്ത്രവാദി ഭാർഗ്ഗവനെ ഒന്ന് കണ്ട് നോക്കിയാലോ ?

അവറാൻ ചേട്ടനായിരുന്നു ആ ആശയം മുന്നോട്ട് വെച്ചത്. 

എന്തിന് ?

രക്ഷസ്സിനെ പിടിക്കാനല്ലല്ലോ നമ്മൾ പോകുന്നത് ആളെവിടെയെന്ന് അറിയാനല്ലേ ?

മെമ്പറ് സുകേശന്റെ ആ മറുപടി അവറാൻ ചേട്ടന് തീരെ ഇഷ്ടപ്പെട്ടില്ല എങ്കിലും ചോദിച്ചത് മെമ്പറായതുകൊണ്ട് മാത്രം അവറാൻ ചേട്ടൻ ക്ഷമിച്ചു  .

നമുക്ക് ഭാർഗ്ഗവനെക്കൊണ്ട്  ഒന്ന് മഷി നോക്കിക്കാം അതിലറിയാലോ സുമേഷ് എവിടെയുണ്ടെന്ന് ?.

ആ ആശയം ഏവർക്കും  സ്വീകാര്യമായി തോന്നുകയും ചെയ്തു . 

അങ്ങനെ ആ ജാഥ ഭാർഗ്ഗവന്റെ വീട്ടിലേക്ക് തിരിച്ചു. 

ഏറെ  നേരത്തെ വിളികൾക്കൊടുവിലാണ് ഭാർഗ്ഗവൻ പുറത്തേക്കിറങ്ങി വന്നതു തന്നെ . 

വന്നപാടെ ,  എന്റെ ഭാർഗ്ഗവാ ഞങ്ങൾക്കൊന്ന് മഷി നോക്കണമെന്ന്  പാക്കരൻ ചേട്ടൻ പറയുകയും ,  ഭാർഗ്ഗവൻ ഉത്തരത്തിലിരിക്കുന്ന ഒരു മഷിക്കുപ്പിയെടുത്ത്, പാക്കരൻ ചേട്ടനു നേരെ നീട്ടുകയും ചെയ്തു .

അത് കണ്ട പാക്കരൻ ചേട്ടൻ ചമ്മി .., 

എന്റെ ഭാർഗ്ഗവാ വെറ്റിലയിലൊന്ന്  മഷി നോക്കണം .

അങ്ങനെ വ്യക്തമായി പറയണം . 

ആൾക്കൂട്ടത്തിനു നടുവിൽ വെച്ച് തന്നെ കൊച്ചാക്കിയത് പാക്കരൻ ചേട്ടന് തീരെ ഇഷ്ടപ്പെട്ടില്ല . പക്ഷെ ഒന്നും പറഞ്ഞില്ല, ഇനി ചായകുടിക്കാൻ വാടാ തെണ്ടിയെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പാക്കരൻ ചേട്ടനാ  ആ അരിശത്തെ ഒതുക്കിക്കളഞ്ഞു . 

സത്യത്തിൽ ഭാർഗ്ഗവൻ ആൾക്കൂട്ടത്തെ കണ്ട് വീട്ടിൽ ഒളിച്ചിരിക്കായിരുന്നു. കൊല്ലാനാണോ വളർത്താനാണോ  വരുന്നതെന്ന് ആർക്കറിയാം ? വല്ല പ്രശ്ന പരിഹാരത്തിനുമാണെങ്കിൽ തോക്കുമായി വരേണ്ട കാര്യമില്ലല്ലോ? 

 മഷി നോട്ടത്തിനാണ് വന്നിരിക്കുന്നതെന്നറിഞ്ഞതോടെ ഒടുവിൽ വാതിൽ തുറന്ന്  പുറത്തേക്ക് വരുകയായിരുന്നു. 

എന്റെ ഭാർഗ്ഗവാ എന്തോരം നേരായി ഞങ്ങൾ വിളിക്കുന്നു ?

എന്റെ സുകുവേ ഞാനൊരു യക്ഷിയെ കുപ്പിയിലാക്കുകയായിരുന്നു വെന്നും പറഞ്ഞ് ഭാർഗ്ഗവനൊരു  കുപ്പി ഉയർത്തിക്കാണിച്ചു .യക്ഷിയെ കാണാനുള്ള  ആകാംഷയിൽ  എല്ലാ കണ്ണുകളും കുപ്പിയിലേക്ക് തിരിഞ്ഞെങ്കിലും ഒന്നും കണ്ടില്ല .

ഞാൻ ഭാർഗ്ഗവന്റെ ശരീരത്തിൽ പിടിച്ചൊന്ന്   നോക്കട്ടെ ? പാക്കരൻ ചേട്ടൻ വിക്കിക്കൊണ്ടാണത്  ചോദിച്ചത്. 

ചില പുസ്തകങ്ങളിൽ പാക്കരൻ ചേട്ടൻ വായിച്ചിട്ടുള്ളതാ, മന്ത്രവാദിയുടെ ശരീരത്തിൽ പിടിച്ച് യക്ഷിയെ നോക്കിയാൽ അവ  ദൃഷ്ടി ഗോചരങ്ങളാകുമെന്ന് . 

അത് കേട്ട് ഭാർഗ്ഗവൻ പൊട്ടിച്ചിരിച്ചു, കൂടെ സുകുവും. നാട്ടുകാർക്ക് മുഴുവൻ ചിരിവന്നു. രാജപ്പേട്ടനും ചിരി വന്നെങ്കിലും അടക്കി, ചിരിക്കാനുള്ള സന്ദർഭം ഇതല്ലല്ലോ ,  അങ്ങനെ വരുമ്പോൾ ചിരിക്കാമെന്നും പറഞ്ഞ് രാജപ്പേട്ടൻ സ്വന്തം ചിരിയെ ശകാരിച്ചുകൊണ്ട്  ഉള്ളിൽ ഒളിപ്പിച്ചു.   

പാക്കരൻ ചേട്ടൻ കാര്യമറിയാതെ പകച്ചു. 

എന്റെ പാക്കരാ  വലിവിന്റെ കൂടെ യക്ഷിയെ കാണാനുള്ള ആരോഗ്യമൊക്കെയുണ്ടോ  ?

അത് കേട്ട് പാക്കരൻ ചേട്ടൻ വീണ്ടും ചമ്മി. 

യക്ഷിയെ കാണാൻ നടക്കുന്നു...?  താൻ തന്നെ കണ്ടിട്ടില്ല യക്ഷിയെ .

 ഭാർഗ്ഗവൻ പിറുപിറുത്തു.

എന്റെ പാക്കരാ.., ഇങ്ങോട്ട്  പോര് യക്ഷിയെ കാണാനൊന്നും നിക്കേണ്ടാ. 

 അവറാൻ ചേട്ടനാ  വിളിച്ചു പറഞ്ഞത് .  

ശരി എന്നാ എന്റെ ശരീരത്തിൽ തൊട്ട് കുപ്പിയിലോട്ട് നോക്കിക്കോ 

ഭാർഗ്ഗവൻ പറഞ്ഞത് കേട്ട് പാക്കരൻ ചേട്ടൻ ആകാശത്തോളം പൊങ്ങി ഇതാ യക്ഷിയെ കാണാനുളള അസുലഭ അവസരം കൈവന്നിരിക്കുന്നു. 

ആ ചോദ്യം മുന്നേ ചോദിക്കാമായിരുന്നെന്ന് സുകുവിനും, നാട്ടുകാർക്കും തോന്നി, ഇനി പറഞ്ഞിട്ടെന്തു കാര്യം? 

ഭാർഗ്ഗവന്റെ ശരീരത്തിൽ പിടിച്ച് പാക്കരൻ ചേട്ടൻ ആകാംഷാപൂർവ്വം കുപ്പിയിലോട്ട്  നോക്കി. നാട്ടുകാർ ആകാംഷയോടെ പാക്കരൻ ചേട്ടനെ നോക്കി . പാക്കരൻ ചേട്ടൻ ഞെട്ടിയാൽ യക്ഷിയെ കണ്ടെന്നു സാരം. അവറാൻ ചേട്ടൻ,  കാലുകൊണ്ട് പാക്കരൻ ചേട്ടന്റെ കാലിൽ തൊട്ട് നിന്ന് കുപ്പിയിലേക്ക് എത്തി  നോക്കി. 

ഞെട്ടാൻ പോകുന്ന പാക്കരൻ ചേട്ടനെ കണ്ട്  ഞെട്ടാൻ റെഡിയായി നാട്ടുകാർ നിന്നു. ഇതിനിടയിൽ പാക്കരൻ ചേട്ടൻ ഞെട്ടുന്നതിനു മുന്നേ ചിലർ ഞെട്ടുകയും ചെയ്തു. ഞെട്ടാൻ വേണ്ടി ബലം പിടിച്ചു നിന്ന മമ്മദിന്റെ ശരീരം  ഞെട്ടുന്നതിനു മുന്നേ മൂട് ഞെട്ടി . അത് കേട്ട് ഞെട്ടിക്കൊണ്ട് പുറകിൽ  നിന്ന തമിഴൻ മുരുകൻ ചാടി മാറി .. മുണ്ടമെന്ന് ഉള്ളിൽ പറഞ്ഞു . 

യക്ഷിയെങ്ങാനും  പുറത്തേക്ക് ചാടിയാൽ വെടി വെക്കാൻ തയ്യാറായി രാജപ്പേട്ടൻ തോക്കും ചൂണ്ടി നിന്നു.

യക്ഷിയെ കാണാനുള്ള മോഹമുണ്ടെങ്കിലും പാക്കരൻ ചേട്ടന് ഉള്ളിൽ നല്ല പേടിയുണ്ടായിരുന്നു.  യക്ഷിയെ കാണാനുള്ള കരുത്ത് തനിക്കുണ്ടോയെന്നുള്ള സംശയവും അതോടൊപ്പം തോന്നുകേം ചെയ്തു .  വലിവിന്റെ അസുഖമുള്ളതു കൊണ്ട്  യക്ഷിയെ കാണുന്ന മാത്രയിൽ ശ്വാസം വിലങ്ങി  താൻ തട്ടിപ്പോകുംയോയെന്നുള്ള ഭയവും ഉള്ളിലുണ്ട് . അതുകൊണ്ട് കർത്താവിനെ മനസ്സിൽ വിളിച്ചാ പാക്കാരൻ ചേട്ടൻ കുപ്പിക്കുള്ളിലേക്ക്  എത്തി നോക്കിയത്. 

 കുപ്പിയിൽ ഒന്നും കണ്ടില്ല  ഭാർഗ്ഗവന്റെ  കൈയ്യിൽ ഒന്നുകൂടി മുറുക്കി  പിടിച്ചുകൊണ്ട് പാക്കാരൻ ചേട്ടൻ നന്നായി  എത്തി നോക്കി  എന്നിട്ടും  ഒന്നും കണ്ടില്ല , അതോടെ പാക്കരൻ ചേട്ടൻ കുപ്പിയൊന്ന് കുലുക്കി നോക്കി. 

എന്നിട്ടും കണ്ടില്ല. 

എന്താ കണ്ടില്ലേ? ഭാർഗ്ഗവൻ ചോദിച്ചു.   

പാക്കരൻ ചേട്ടൻ തല ആട്ടിപ്പറഞ്ഞു  ഇല്ല. 

അതിനിതിൽ  യക്ഷിയില്ല. 

അതും പറഞ്ഞ് ഭാർഗ്ഗവൻ അലറിച്ചിരിച്ചു..,  കൂടെ നാട്ടുകാരും, ഇപ്രാവശ്യവും രാജപ്പേട്ടൻ ചിരിയെ  ശാസിച്ചു എന്നിട്ടും സഹിക്കാഞ്ഞ് മീശ വിറപ്പിച്ച് അതൊരു ചിരിയായിരുന്നുവെന്ന്  സ്വയം വിശ്വസിപ്പിച്ചു. 

 അവറാൻ ചേട്ടൻ പതുക്കെ കാലുകൾ പിൻവലിച്ചു. 

പാക്കരൻ ചേട്ടന്റെ മുഖം വിവർണ്ണമായി മാറി .  ഒരു തെറി ഉരുണ്ടു കേറി വന്ന് തൊണ്ടയോളമെത്തിയെങ്കിലും കടിച്ചമർത്തി. 

ഭാർഗ്ഗൻ, മന്ത്രവാദിയാണ്  വേറെ വല്ലവരും ആയിരുന്നെങ്കിൽ ഒറ്റയടിക്ക് ഞാൻ  കൊന്നേനെയെന്ന് വിറച്ചു കൊണ്ട് പാക്കരൻ ചേട്ടൻ മനസ്സിൽ പറഞ്ഞു. ഏതായാലും ഇവൻ ചായ കുടിക്കാൻ വരട്ടെ വിഷം ഒഴിക്കും ഞാൻ . 

അങ്ങനെ മഷിനോട്ടം ആരംഭിച്ചു. 

വെറ്റിലയിൽ മഷി ഒഴിച്ച് ഭാർഗ്ഗവൻ അതിലേക്ക് നോക്കിയിരുന്നു കൂടെ നാട്ടുകാരും. 

മണിക്കൂറൊന്നായി.., നോക്കി നോക്കി കണ്ണ് കഴച്ച്  രാജപ്പേട്ടൻ ചോദിച്ചു., 

എന്തായി ?

എന്ത് ? ഭാർഗ്ഗവൻ തിരിച്ചു ചോദിച്ചു. 

സുമേഷ് ?

എന്റെ രാജപ്പാ, മഷി ഒഴിച്ച ഉടനെ മാവിന്റെ കൊമ്പത്ത് കാക്ക വന്നിരിക്കുന്നത് പോലെ  സുമേഷ് വന്നിരിക്കത്തില്ല. 

മണിക്കൂറ് ഒന്നായല്ലോയെന്ന് രാജപ്പേട്ടന്റെ ഉള്ളിലൊരു  മറുചോദ്യം തിക്കി വന്നെങ്കിലും ചോദിച്ചില്ല.  

അടുത്ത നിമിഷം  വെറ്റിലയിലൊരനക്കം കണ്ട്  ഭാർഗ്ഗവൻ അലറി. 

ദേ ... വന്നു .

എവിടെ? 

ഇവിടെ .

കൊല്ലും ഞാനെന്ന് , ആക്രോശിച്ചുകൊണ്ട്  രാജപ്പേട്ടൻ കാഞ്ചി വലിച്ചു. 

'' ട്ടോ'' തോക്കിൽ നിന്നും ഉണ്ട ചീറിപ്പാഞ്ഞു. 

ദിഗന്തങ്ങൾ നടുങ്ങി, ഭാർഗ്ഗവൻ അലറിക്കൊണ്ട് ഓടി, നാട്ടുകാർ ചിതറിയോടി.  

രാജപ്പേട്ടൻ നിന്ന് വിറക്കുന്നുണ്ട് റപ്പായിയുടെ നായ സുഗുണൻ ജീവനും കൊണ്ടോടി കിണറ്റിൽ വീണു. സത്യത്തിലവൻ പാടത്തേക്ക്  ഓടിയതായിരുന്നു പക്ഷെ വളഞ്ഞ കാലുകൾ ആ പാവത്തിനെ വഴിയരികിലെ  കിണറ്റിലേക്കാണ് എത്തിച്ചത്.  

രാജപ്പേട്ടൻ, ഭാർഗ്ഗവനെ വെടിവെച്ചു  കൊന്നു. അത് കേട്ട് ഭാർഗ്ഗവൻ ഉള്ളിൽ ഞെട്ടി ഭാർഗ്ഗൻ കൂട്ടിലടച്ച യക്ഷികൾ ജീവനും കൊണ്ട് പാഞ്ഞു. 

എന്ത് പോക്രിത്തരമാണ് താനീ  കാണിച്ചത് മണ്ടാ ? ഭാർഗ്ഗവൻ, രാജപ്പേട്ടനെ നോക്കി ചീറി . 

സുമേഷ് വന്നുവെന്ന് കേട്ടയുടനെയായിരുന്നു  രാജപ്പേട്ടൻ വെറ്റിലയിലേക്ക് വെടി വെച്ചത്.  

സത്യത്തിൽ  അതൊരു ഉറുമ്പായിരുന്നു. 

ഇവനെ ഞാനൊരു കോഴിയാക്കി  യക്ഷിക്കിട്ട് കൊടുക്കും അത് കേട്ട് രാജപ്പേട്ടൻ ഉള്ളിൽ കരഞ്ഞു പക്ഷെ പുറത്ത് കാണിച്ചില്ല.

ഒരാളെ കൊഴിയാക്കേ ..ആ വിദ്യ അറിഞ്ഞിരുന്നെങ്കി നാട്ടുകാരെ മുഴുവൻ കോഴികളാക്കി കൊന്നു തിന്നാമായിരുന്നുവെന്നാ മീൻകാരൻ മമ്മദ് ആലോചിച്ചത് . 

എന്റെ ഭാർഗ്ഗവാ ക്ഷമിക്ക് രാജപ്പന് അറിയാതെ പറ്റിയതല്ലേ ? മെമ്പറ്  സുകേശൻ ആശ്വസിപ്പിച്ചു . 

അതിനിടയിൽ, എന്റെ ക്ലാസ്സ്മേറ്റ്  ശിവന്റെ അച്ഛൻ സുധാകരേട്ടൻ  എന്റെ നായ പോയല്ലോയെന്നും അലമുറയിട്ടോണ്ട് പാഞ്ഞുവന്നു. സുധാകരേട്ടന്റെ  നായയയുടെ പേര് സുമേഷെന്നായിരുന്നു .

രാജപ്പേട്ടൻ, തോക്കുമായി സുമേഷിനെ കൊല്ലാൻ നടക്കുന്നെന്ന് കേട്ടതോടെ ആ പാവം രണ്ടു ദിവസം പനി പിടിച്ച് കിടക്കുകയും മൂന്നാം ദിവസം തട്ടിപ്പോവുകയുമായിരുന്നു .

തന്നെയെന്തിനു, പട്ടാളത്തീന്നു വന്ന രാജപ്പേട്ടൻ  വെടി വെച്ച് കൊല്ലാൻ നടക്കുന്നതെന്നോർത്ത് സുമേഷിനൊരെത്തും പിടിയും  കിട്ടിയില്ല . എന്തായാലൂം ആ  ഒരു പേര്  പാവത്തിന്റെ കാറ്റെടുക്കാൻ കാരണമായി .

സുമേഷെന്ന പേരിനോട് സുമേഷിന് വല്ലാത്തൊരു എതിർപ്പായിരുന്നു.

 വല്ലവരും നായക്ക് സുമേഷേന്ന പേരിടുമോ ?

സുധാകരേട്ടന്റെ അച്ഛന്റെ പേര് മോഹനനെന്നും  അമ്മയുടെ പേര് സുഷമയെന്നുമായിരുന്നു . ആ പേരുകളിൽ നിന്നുമാണ്  സുമേഷേന്ന പേരുണ്ടായത്. സത്യത്തിൽ സുധാകരേട്ടന് മകൻ ശിവനെ അങ്ങനെ വിളിക്കാനായിരുന്നു ഇഷ്ട്ടം. പക്ഷെ സുധാകരേട്ടന്റെ ഭാര്യ രുഗ്മണി ചേച്ചി ഒരു പൊടിക്ക് സമ്മതിച്ചില്ല .

നിങ്ങളുടെ പരട്ടു തള്ളയുടെ  പേര് എന്റെ മോനിടേണ്ട ആ മൂധേവി കുറച്ചൊന്നുമല്ല എന്നോട് പോരെടുത്തിട്ടുള്ളത് . നീയും മോശമല്ലല്ലോയെന്ന്  സുധാകരേട്ടൻ ഉള്ളിൽ ചിന്തിച്ചെങ്കിലും  ചോദിച്ചില്ല. അമ്മയെ പോരെടുത്ത്  കൊന്നത് ഇവളാ . അതൊരു പാവം സുഷമേടത്തി ആയിരുന്നു വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത സ്വഭാവം. ആ പാവത്തിനെ, ഈ മൂധേവി  വന്ന് ഒരു വർഷത്തിനുള്ളിൽ ഒന്നും കടിക്കാൻ പറ്റാത്ത ലോകത്തിലേക്ക്  യാത്രയാക്കിയത്  .

എന്റെ മോന് ഭഗവാന്റെ  പേരുവേണം അവൻ ജ്വലിക്കണമെന്നും പറഞ്ഞ് രുഗ്മണി ചേടത്തി ഇട്ട പേരാ  ശിവനെന്ന്.  

സുമേഷേന്നു പേരുള്ള ഭഗവാന്റെ പേരുണ്ടോന്നറിയാൻ സുധാകരേട്ടൻ രാമായണവും മഹാഭാരതവും മുഴുവൻഅരിച്ചു പെറുക്കിയിട്ടും കിട്ടാഞ്ഞ് അവസാനം  പീതാംബരൻ മാഷോട് ചോദിക്കുകയും പീതാംബരൻ മാഷ് കൈമലർത്തുകയും ചെയ്തു .

എന്റെ മാഷെ, എന്റെ അച്ഛന്റേം അമ്മേടേം ഓർമ്മക്ക് മകന്  പേരിടാന്ന്  വെച്ചാ അവള്  സമ്മതിക്കണില്ല. അവൾക്ക് ഭഗവാന്റെ പേരിടണത്രെ, ചെക്കൻ  ജ്വലിക്കണത്രെ. ഈ സുമേഷെന്ന്  പേരുള്ള വല്ല ഭഗവാന്മാരും ഉണ്ടോ മാഷേ ?  അതും പറഞ്ഞ് സുധാകരേട്ടൻ  കരഞ്ഞു .

ആ പാവത്തിന്റെ കരച്ചില് കണ്ട് സഹതാപം തോന്നിയിട്ടാ പീതാംബരൻ മാഷ് പറഞ്ഞത്. 

എന്റെ സുധാകരാ, അന്നാ നിനക്ക്  സുമേഷെന്ന് പേരുള്ളൊരു  ഭഗവാൻ ഉണ്ടെന്നെങ്ങട് പറഞ്ഞാപ്പോരേ.  

അങ്ങിനെയൊരു ഭഗവാൻ ഉണ്ടോ മാഷേ ?

എന്റെ സുധാകരാ ഇതൊക്കെ ആരാ നോക്കണേ  ?.. നമ്മളങ്ങട്  പറയുന്നു . ഈ മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെ പേരൊക്കെ ആരെങ്കിലും ഓർത്ത് വെക്കോ ?

അതുമായി വീട്ടിച്ചെന്ന സുധാകരേട്ടനെ, ഉലക്ക വെച്ച് തല്ലിയില്ലന്നേയുള്ളൂ രുഗ്മണി ചേച്ചി.  അതോടൊപ്പം പീതാംബരൻ മാഷിനെ വഴിയിൽ വെച്ചു  കണ്ടപ്പോ ചീത്ത വിളിക്കേം ചെയ്തു. 

എന്ത് പോക്രിത്തരാ മാഷെ  ഈ  പറയണത് ? സുമേഷേന്നു പറഞ്ഞ ഭഗവാനുണ്ടോ ? വെറുതേ ഇല്ലാത്തത് പറഞ്ഞാ മാഷിന്റെ  തല  പൊട്ടിത്തെറിക്കും . അത് കേട്ട് പീതാംബരൻ മാഷ് ഞെട്ടി, പീതാംബരൻ മാഷുടെ പൊട്ടിത്തെറിക്കാൻ പോകുന്ന തല ഞെട്ടി . വെറുതെ കഴുത്തിനുമുകളിൽ ഇരുന്ന തന്നെ, കൊലക്ക് കൊടുത്ത മാഷിനൊട് തലക്ക് ദേഷ്യം തോന്നി . 

അന്നത്തോടെ,  ആ തല പൊട്ടിത്തെറിക്കൽ ഒരു ഭാരമായി മാഷുടെ തലക്കുള്ളിൽ കിടന്ന് വിങ്ങി .

ഇനി വിങ്ങി, വിങ്ങി തന്റെ തല സ്വയം പൊട്ടിത്തെറിച്ച് പോകുമോയെന്നു പോലും മാഷുക്ക്  തോന്നി. വെറുതെ ആവശ്യമില്ലാത്തത് പറയാൻ പോയതാ ആ ചെക്കന്റെ പേര് ശിവനെന്നോ കൃഷ്ണനെന്നോ എന്തു മാങ്ങാത്തൊലിയെന്നു  വേണമെങ്കിലും ഇട്ടോട്ടെയെന്ന് വിചാരിച്ച മതിയായിരുന്നു .വെറുതേ പൊല്ലാപ്പ് എടുത്ത് തലയിൽ വെച്ച കാരണം തന്റെ തലയാണ് പൊട്ടിത്തെറിക്കാൻ പോകുന്നത് .

ഇത്രക്കും  ചെറിയ പാപം ചെയ്തതിന് അത്രക്കും വലിയൊരു  ഒരു ശിക്ഷ തരല്ലേ ന്റെ ഭഗവാന്മാരെയെന്നും പറഞ്ഞ് പീതാംബരൻ മാഷ് വാവിട്ടു കരഞ്ഞു .

ഏതായാലും പഴനിയിൽ പോയി തല മൊട്ടയടിച്ചപ്പോഴാണ് ആ പാപ ഭാരവും, പേടിയും മാഷുടെ മനസ്സിൽ നിന്ന് മാഞ്ഞത്. തല മൊട്ടയടിക്കാൻ കത്തിയെടുത്ത വെട്ടുകാരൻ മുത്തു  ആ തരിശു ഭൂമി കണ്ട് ഞെട്ടി. എന്നാച്ച്  ഇങ്കെ മൊട്ട പോടറുതുക്ക് ഏതുമേ ഇല്ലയേ  ?. എന്നാലും പീതാംബരൻ മാഷ് വിട്ടില്ല അവസാനം കത്തികൊണ്ട് മുടിയില്ലാത്ത തലയിൽ വെറുതെ  ചാല് കോറിക്കുകയും ആ പാപ ഭാരം ഒഴിവാക്കുകയും ചെയ്തു . മുത്തു ഒന്ന് അമർത്തി ചാല് കീറിയതോടെ പീതാംബരൻ മാഷ് നിന്ന് തുള്ളി.   അതോടൊപ്പം യാതൊരു പാപവും ചെയ്യാത്ത മീശയെ ബലികൊടുക്കുകയൂം ചെയ്തിട്ടാണ് പീതാംബരൻ മാഷ് പഴനിയിൽ നിന്നും  വണ്ടി കയറിയത്. 

സ്‌കൂളിലേക്കെത്തിയ പീതാംബരൻ മാഷെ , ആരെടാ നീയെന്നും ചോദിച്ച്   ഹെഡ് മാഷ് കടത്തിവിട്ടില്ല .

ഞാൻ പീതാംബരൻ മാഷാ..,  മാഷേ ന്നും പറഞ്ഞ് ചിരിച്ച്  തന്റെ സ്വർണ്ണ  പല്ല്  കാണിച്ചപ്പോഴാ ഹെഡ് മാഷ് വിശ്വസിച്ചതും അകത്തേക്ക് കേറ്റിവിട്ടതും. 

എന്തു പറ്റിയതാ മാഷേ.., തനിക്കെന്നാ  ഹെഡ് മാഷ് ആശ്വര്യ പൂർവ്വം ചോദിച്ചത്.

 പീതാംബരൻ മാഷുടെ തലയും, മീശയില്ലാത്ത മുഖം  കണ്ട് മലയാളം പഠിപ്പിക്കുന്ന സാവിത്രി ടീച്ചറ്  നാണം കൊണ്ട്, എന്തൂട്ടാ മാഷേ  ഈ കാണിച്ചേന്നും ചോദിച്ച് ഓടിപ്പോയി  അത് കേട്ട് പീതാംബരൻ മാഷിനും നാണായി .

ഒന്നൂല്ല്യ ടീച്ചറേന്നും പറഞ്ഞ് പീതാംബരൻ മാഷ് ഒരു ചമ്മിയ ചിരി ചിരിക്കേം ചെയ്തു. 

ഒരു വാക്കിന്റെ പുറത്ത് എന്തൊക്കെ നഷ്ട്ടങ്ങളാ തനിക്കുണ്ടായേന്നാ പീതാംബരൻ മാഷ് ആലോചിച്ചത്. അതോടെ  ശിവനെ കാണുമ്പോഴേ മാഷിക്ക് കലിയിളകും  .

പിന്നെ പിന്നെ  സുധാകരേട്ടനെ കാണുമ്പോ മാഷ് ഒളിച്ചിരിക്കാറാ പതിവ്. തല പൊട്ടിച്ചു കളയാൻ ഓരോരോ മാരണങ്ങള് നടക്കണൂന്നും പറഞ്ഞ് .  

ഒരു പ്രാവശ്യം, സുധാകരേട്ടൻ വഴിയിൽ  വെച്ച്, നമ്മുടെ   പീതാംബരൻ മാഷിനെ കണ്ടോന്ന്  മൊട്ടയടിച്ചു വന്ന  പീതാംബരൻ മാഷിനോടെന്ന്യാ ചോദിച്ചത് .

മാഷ് സ്ഥലം മാറിപ്പോയെന്നും പറഞ്ഞ് പീതാംബരൻ മാഷ് മുങ്ങി. 

ഏതായാലും രുഗ്മണി ചേച്ചിയുടെ ആ  ആശ സത്യമായി.

ശിവൻ ആവശ്യമില്ലാത്ത കാര്യത്തിനും, ഉള്ളതിനുമെല്ലാം  നിന്ന്  ജ്വലിക്കാൻ തുടങ്ങി. കഴിഞ്ഞ പ്രാവശ്യം മാർക്ക് കുറഞ്ഞത് ചോദിച്ചപ്പോ ശിവൻ നിന്ന് ജ്വലിച്ചു. അതോടെ രുഗ്മണി ചേച്ചിയും, സുധാകരേട്ടനും പേടിച്ച് അകത്തേക്ക് കേറിപ്പോയി  .

പീതാംബരൻ മാഷ് ചീത്ത പറഞ്ഞതിനും ശിവൻ നിന്ന് ജ്വലിച്ചു. 

എന്റെ സുധാകരേട്ടാ ചെക്കനെ കാണുമ്പോ എനിക്ക്  പേടിയാവണൂന്നാ  രുഗ്മണി ചേച്ചി പറഞ്ഞത്. 

നീയല്ലേ പറഞ്ഞത് നിനക്ക് ജ്വലിക്കുന്ന പേര് വേണമെന്ന്.  അതും പറഞ്ഞ്  സുധാകരേട്ടൻ മനസ്സിൽ ആശ്വാസം കൊണ്ടു അങ്ങനെ തന്റെ അച്ഛനോടും അമ്മയോടുമുള്ള വിധേയത്വം പ്രകടമാക്കുന്നതിനു വേണ്ടിയാണ് സുധാകരേട്ടൻ നായക്ക് സുമേഷേന്ന പേരിടുകയും ആ പേരിന്റെ പുറത്ത് ആ പാവത്തിന്റെ കാറ്റ് പോകാൻ കാരണമാവുകയും  ചെയ്തത് .

എന്തായി ഭാർഗ്ഗവാ ? നാട്ടുകാർ അക്ഷമരായി, സത്യത്തിൽ വെറ്റിലയിൽ വരുന്ന സുമേഷിനെ നോക്കിയിരുന്ന്  നാട്ടുകാർക്കും ഭാർഗ്ഗവനും ഉറക്കം വരുവാൻ തുടങ്ങിയിരുന്നു. 

ഓ വന്നു .. ഭാർഗവൻ അലറി,  നാട്ടുകാർ ഞെട്ടി. 

എവിടെ ? 

ദേ നോക്ക്..,  ഭാർഗ്ഗവൻ വെറ്റിലയിലേക്ക് കൈ ചൂണ്ടി എല്ലാവരും നോക്കി നോക്കാൻ പറ്റാത്തവർ അടുത്ത ആൾക്ക് മുകളിൽ നിന്ന് എത്തിനോക്കി . അങ്ങനെ നോക്കിയ പാക്കരൻ ചേട്ടൻ മറ്റുള്ളവരുടെ മുകളിക്കൂടി മൂക്കും  കുത്തി താഴെ വീണു, അയ്യോന്നലറി. എന്റെ പാക്കരാ എന്തിനാ ഇങ്ങനെ തിരക്ക് പിടിക്കുന്നത് ? കാണാലോ? 

എവിടെ അവൻ? രാജപ്പേട്ടൻ അലറി. 

വെറ്റിലയിൽ ഉണ്ട്, അത് പറഞ്ഞു തീരാലും രാജപ്പേട്ടൻ വെറ്റിലയിലേക്ക് വീണ്ടും വെടി വെച്ചു.  

ഇപ്രാവശ്യവും  ഭാർഗ്ഗവൻ ഞെട്ടി, യക്ഷികൾ ഞെട്ടി, നാട്ടുകാർ ഞെട്ടി   ഞെട്ടിയ എല്ലാവരും പുറത്തേക്കോടി. കിണറ്റിൽ നിന്ന് ഒരു വിധത്തിൽ കയറി വന്ന സുഗുണൻ വീണ്ടും ഓടി അതെ കിണറ്റിൽ തന്നെ വീണു . അതോടെ സുഗുണൻ  വളഞ്ഞിരിക്കുന്ന സ്വന്തം കാലിൽ  ഒരു കടി കൊടുത്തു.

ഈ നായിന്റെ മോനെ ഇന്ന് ഞാൻ കൊല്ലുമെന്നും പറഞ്ഞ് ഭാർഗ്ഗവൻ ഉത്തരത്തിൽ നിന്ന് വെട്ടുകത്തി വലിച്ചെടുത്തു .

അയ്യോ ഭാർഗ്ഗവൻ ദേ യക്ഷിയെ എടുക്കുന്നു  ..,അതും പറഞ്ഞ് അവറാൻ ചേട്ടൻ ഓടി , രാജപ്പേട്ടൻ ഓടി ..,നാട്ടുകാർ ഓടി . കിണറ്റിൽ നിന്ന് കേറി വന്ന  സുഗുണൻ  ഓടി വീണ്ടും  കിണറ്റിൽ വീണു . താനീ കിണറ്റിൽ കിടന്ന് ചാവുമെന്നോർത്ത് അവൻ കരഞ്ഞു .

വേണ്ട ഭാർഗ്ഗവാ .. ഓടാൻ പറ്റാതെ, വലിവും കൊണ്ട്  നിന്ന പാക്കരൻ ചേട്ടൻ അവിടെയിരുന്നു കരഞ്ഞു . ഇനീം ഓടിയാ യക്ഷി പിടിക്കുന്നതിനു മുന്നേ തന്റെ കാറ്റു പോവും .

ഇവനെന്ത് കിഴങ്ങാനാണപ്പാ വെറ്റിലയിലേക്ക് നോക്കി വെടി വെക്കുന്നത് താനെന്ത് കോത്താഴത്തെ വെടി വെപ്പുകാരനാടോ ? വെറ്റിലയിലാണോ വെടി വെക്കുന്നത് ? ഇറങ്ങിപ്പോ നായിന്റെ മക്കളെ 

രാജപ്പേട്ടനെ ചൂണ്ടി  ഭാർഗ്ഗവൻ അലറി 

വെടി ശബ്ദം കേട്ട് എന്റെ യക്ഷികളെല്ലാം പറന്നു  പോയിരിക്കുന്നു. അത് കേട്ട് നാട്ടുകാർ പേടിച്ചു. 

 പറന്നു പോയ യക്ഷികൾ ഇനി തങ്ങളുടെ ചോര കുടിക്കാൻ തിരിച്ചു വരുമൊന്നായിരുന്നു എല്ലാവരുടേയും പേടി. 

അങ്ങനെ രാജപ്പേട്ടന്റെ മോളെ കാണാതായിട്ട് ദിവസം മൂന്ന് കഴിഞ്ഞിരിക്കുന്നു. അവനെ കണ്ടാ ഞാൻ  കൊല്ലുമെന്നും  അലറിക്കൊണ്ട് രാജപ്പേട്ടൻ അങ്ങോട്ടും ഇങ്ങോട്ടും പായും നാട്ടുകാർ കൂടെ പായും . തോക്കിന്  അലറാൻ പറ്റാത്തതുകൊണ്ടത്  മിണ്ടാതിരുന്നു. എന്നാലും, ആരെയെങ്കിലും എനിക്ക് കാട്ടിത്തരു ഞാൻ  കൊല്ലാമെന്ന്  പറയാതെ പറഞ്ഞു .

 ഒരാഴ്ച കഴിഞ്ഞതോടെ ആവേശം നഷ്ടപെട്ട രാജപ്പേട്ടൻ ഇരുന്ന് കരഞ്ഞു  നാട്ടുകാർ കഷ്ട്ടം വെച്ചു.

എന്റെ മനുഷ്യാ, നിങ്ങളിരുന്ന് മോങ്ങാതെ ആ  പോലീസിൽ പോയൊരു പരാതി കൊടുക്കെന്നും പറഞ്ഞ് രാജപ്പേട്ടന്റെ ഭാര്യ രാജമ്മേടത്തി ചീറിക്കൊണ്ട് പാഞ്ഞുവന്നതോടെ രാജപ്പേട്ടൻ പുറത്തേക്ക് ചാടി .

രാജപ്പേട്ടന് നാട്ടുകാരെ പേടിയില്ലെങ്കിലും രാജമ്മേടത്തിയെ ഭയങ്കര പേടിയാ . തന്റെ പേരിനോട് ചേർച്ചയുള്ള ഒരു പേര് തേടി കുറേക്കാലം അലഞ്ഞതിനു ശേഷമാ രാജമ്മേടത്തി  ഒത്തുവന്നത് . പട്ടാളത്തീന്നു വരുന്ന ഇടവേളകളിൽ പെണ്ണന്വേഷിച്ചു നടക്കുന്നത് മാത്രമായിരുന്നു രാജപ്പേട്ടന് പണി . 

കുറേ നല്ല ആലോചനകൾ ഒത്തു വന്നെങ്കിലും പേര് ചേർന്നതായിരിക്കണമെന്ന രാജപ്പേട്ടന്റെ നിർബന്ധത്തിൽ അതെല്ലാം ഒഴിഞ്ഞു പോയി . ബ്രോക്കറ് നാണപ്പൻ ചീത്തപറയുകേം ചെയ്തു എന്റെ രാജപ്പാ പെണ്ണിനെ നോക്കിയാപ്പോരേ പെണ്ണിന്റെ പേരിലെന്തിരിക്കുന്നു ?

രാജപ്പേട്ടന്റെ, അമ്മ വിലാസിനി  ചേച്ചിയും ഇതു തന്നെയായിരുന്നു രാജപ്പേട്ടനോട് ചോദിച്ചത്? 

എന്റെ അമ്മേ മനഃപൊരുത്തം പോലെത്തന്നെയാണ്, പേരു പൊരുത്തവും  അത് രണ്ടും കൂടിച്ചേർന്നാ പിന്നെ സ്വർഗ്ഗമാണ്..., സ്വർഗ്ഗം . മേഡ് ഫോർ ഈച്ച് അദർ .  പട്ടാളത്തിലെ  മേജർ എന്നോ പറഞ്ഞ ആ വക്ക് കടമെടുത്ത്  രാജപ്പേട്ടൻ അമ്മയുടെ മുന്നിൽ തട്ടിവിട്ടു. 

 ഒരു ബോംബ് മുന്നിൽ വീണ് പൊട്ടിയപോലെയാണ്  വിലാസിനി  ചേച്ചിക്ക് അത് കേട്ട് തോന്നിയത് . അതോടൊപ്പം മനസ്സിൽ അഭിമാനം തോന്നുകേം  ചെയ്തു .

ഇംഗ്ലീഷ് എഴുതാൻ പറ്റാണ്ട് ഇറങ്ങി ഓടിയ ചെക്കനാ. 

ഏതായാലും മേഡ് ഫോർ ഈച്ച് അദർ എന്ന പേരിനെ അന്വർത്ഥമാക്കിയതു പോലെ രാജപ്പേട്ടനു വേണ്ടി ദൈവം കരുതിയ പെണ്ണായിരുന്നു രാജമ്മ . എന്നാൽ മേഡ് ഫോർ ഈച്ച് അദർ അല്ല രാജമ്മ എന്ന് രാജപ്പേട്ടന് കല്യാണം കഴിഞ്ഞ്  രണ്ടു ദിനങ്ങൾക്കുള്ളിൽ തന്നെ ബോധ്യമായി  . 

രാജമ്മ വന്നതോടെ വിലാസിനി  ചേച്ചിയുടെ പത്തിമടങ്ങി . രണ്ട് നാക്കുള്ള ആളാണ് വിലാസിനി  ചേച്ചിയെന്നായിരുന്നു നാട്ടുകാരുടെ അടക്കം പറച്ചിൽ എന്നാൽ പത്തു നാക്കുമായി രാജമ്മേടത്തി  വന്നു കയറിയതോടെ ആ പാവത്തിന്റെ കട്ടയും പടവും മടങ്ങുകയും എത്രയും പെട്ടെന്നു തന്നെ ഭഗവാനിലേക്ക് അഭയം പ്രാപിക്കുകയും ചെയ്തു .

അവിടെപ്പോയിരുന്നു കുറേനേരം കരഞ്ഞെങ്കിലും ഭഗവാന്മാരും ഗൗനിച്ചില്ല . അവർക്കും വിലാസിനി ചേച്ചിയെ നല്ല പോലെ അറിയാമായിരുന്നു . എല്ലാ കൊത്രം കൊള്ളിത്തരവും ഒപ്പിച്ചിട്ട്  ഇവിടെ വന്നിരുന്ന് കരയുന്നത് കണ്ടില്ലേയെന്നാ ഭഗവാൻമാരും അടക്കം പറഞ്ഞത്. 

ഏതായാലും രാജമ്മേടത്തിയുടേയും നാട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി പരാതി കൊടുക്കാൻ രാജപ്പേട്ടൻ സ്റ്റേഷനിലേക്ക് പുറപ്പെട്ടു  . 

 അപ്പോഴും തോക്ക് കൂടെ കരുതിയിരുന്നു രാജപ്പേട്ടൻ. 

എന്റെ രാജപ്പാ നമ്മള് സ്റ്റേഷനിലേക്കല്ലേ പോണത് നായാട്ടിനല്ലല്ലോയെന്ന്   അവറാൻ ചേട്ടൻ ചോദിച്ചെങ്കിലും ഒരു ധൈര്യത്തിന് ഇതും കൂടി ഇരുന്നോട്ടെയെന്നാ രാജപ്പേട്ടൻ പറഞ്ഞത്. 

പോലീസ് സ്റ്റേഷനിൽ വെച്ച്   ഇടിയൻ  ആ തോക്ക്  വാങ്ങി തങ്ങളെ വെടി വെക്കുമോയെന്നായിരുന്നു അവറാൻ ചേട്ടന്റെ പേടി  .

 മോളെ കാണാനില്ലെന്നും പറഞ്ഞ് വാവിട്ടു കരഞ്ഞ രാജപ്പേട്ടനോട് ഇടിയൻ പരാതി എഴുതിക്കൊടുക്കാൻ പറയുകയും രാജപ്പേട്ടൻ എഴുതുകയും ചെയ്തു .

എന്റെ മോളെ, ആ സുമേഷേന്നു പറയുന്ന തെണ്ടി തട്ടിക്കൊണ്ട് പോയി സാറേ, സാറവനെ  കണ്ടുപിടിച്ചു തരണം,  ഞാനവനെ വെടി വെച്ചു കൊല്ലും കണ്ടു പിടിച്ചു തന്നില്ലെങ്കിൽ ...?.

എന്ന് രാജപ്പൻ, 

പട്ടാളം. 

 ഒപ്പായി ഒരു തോക്കിന്റെ പടവും  വരച്ചു വെച്ചു. 

പരാതി വായിച്ച ഇടിയൻ ദേഷ്യം കൊണ്ട്  വിറച്ചു കണ്ടു പിടിച്ചു തന്നില്ലെങ്കിൽ തന്നെ വെടി വെച്ചു കൊല്ലുമെന്ന് എഴുതാതെ എഴുതിയത് പോലെയാണ് ഇടിയനത് കണ്ട്  തോന്നിയത് .

എടോ മരമണ്ടാ ഇങ്ങിനെയാണോ പരാതി എഴുതുന്നത് ? ഇടിയൻ അലറി അപ്രതീക്ഷിതമായ ആ അലർച്ചയിൽ രാജപ്പേട്ടൻ ഞെട്ടി, കൈയ്യിലുള്ള  തോക്ക് ഞെട്ടി, നാട്ടുകാർ ഞെട്ടി. 

ഇടിയനെ പ്രകോപിക്കാൻ മാത്രം  ഇവനെന്ത് പരാതിയാ എഴുതിക്കൊടുത്തതെന്നാ നാട്ടുകാർ ചിന്തിച്ചത്.  

എന്റെ തോമാസേ ഇയാൾക്കൊന്ന് പറഞ്ഞു കൊടുക്ക് എങ്ങിനെയാ പരാതി എഴുതേണ്ടതെന്ന് ?.  വകതിരിവില്ലാത്ത ഇതിനെയൊക്കെ ആരാണാവോ പട്ടാളത്തിലെടുത്തതെന്നാ  ഇടിയൻ സ്വയം ചോദിച്ചത്  .

താനെഴുതിക്കൊടുത്ത പരാതിക്ക് എന്താ കുഴപ്പമെന്ന് എത്ര ആലോചിച്ചിട്ടും രാജപ്പേട്ടന് മനസ്സിലായില്ല.

എന്റെ മോളെ കാണാനില്ല , സുമേഷാണ് തട്ടിക്കൊണ്ട് പോയത് അവനെ കണ്ടാ ഞാൻ  തട്ടും ഇതിലെന്താണ് തെറ്റ് ?. ഇനി ഞാനവനെ കൊണ്ട് വന്ന് പൂജിക്കണമെന്ന് എഴുതണമായിരുന്നോ ?

എന്റെ  സാറേ ചിലപ്പോ അറിവില്ലായ്മ  കൊണ്ട് എഴുതിയതായിരിക്കും  എന്നും  പറഞ്ഞ് തോമാസേട്ടനൊരു  സമവായം ചെയ്തു .

പട്ടാളക്കാരനായിപ്പോയി.. ഇല്ലെങ്കി..,  ഇടിയൻ അമറി .

പട്ടാളക്കാരനല്ലെങ്കി ഇയാള് ഒലത്തും. മീൻ കാരൻ മമ്മദത് മനസ്സിലാ പറഞ്ഞത്. പക്ഷെ  ഇടിയൻ നോക്കുന്ന കണ്ടതോടെ മമ്മദ് , ഇടിയനെ നോക്കി ചിരിച്ചു .

ഇവനേതാ ഈ മാക്രി തന്നെ നോക്കി ചിരിക്കുന്നതെന്നായിരുന്നു ഇടിയൻ ചിന്തിച്ചത്. ഏതായാലും ഒന്ന് പേടിപ്പിക്കാം എന്ന് കരുതി ഇടിയൻ കണ്ണുരുട്ടിയതോടെ മമ്മദ് ശരിക്കും പേടിച്ചു. താൻ മനസ്സിൽ പറഞ്ഞത് ഇടിയൻ കേട്ടു കാണുമോയെന്നായിരുന്നു മമ്മദിന്റെ പേടി . ഇപ്പോ പോലീസ് സ്റ്റേഷനിലൊക്കെ അങ്ങനത്തെ സാധനങ്ങള് ഉണ്ടാവൂല്ലോ ? അതോടെ മമ്മദ് പതുക്കെ പുറത്തേക്കിറങ്ങി നിന്നു .  

അങ്ങനെ സുമേഷിനേയും രാജപ്പേട്ടന്റെ മോളായ സുന്ദരിയേയും തേടി ഇടിയന്റെ ജീപ്പ് ഗ്രാമത്തിന്റെ വഴികളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞെങ്കിലും ആരെയും  കണ്ടെത്താനായില്ല .

എല്ലാ ദിവസവും തോക്കുമായി വന്ന്,  എന്തായി സാറേ എന്തായി സാറേയെന്ന് ശല്യം ചെയ്യുന്ന രാജപ്പേട്ടനെ ഇടിയൻ വിറപ്പിച്ചു വിട്ടു. 

എന്റെ രാജപ്പാ, താനിങ്ങനെ ഇടക്കിടക്ക് വരണ്ടാ  എന്തെങ്കിലും വിവരം കിട്ടിയാൽ ഞങ്ങൾ അറിയിക്കാം . 

അവനെ കിട്ടിയാൽ ഞാൻ വെടി വെച്ച് കൊല്ലും രാജപ്പേട്ടൻ ചീറി .

ഇടിയൻ രൂക്ഷമായി നോക്കിയതോടെ ഞാൻ വെറുതേ പറഞ്ഞതാണെന്നും പറഞ്ഞ് രാജപ്പേട്ടൻ മുങ്ങി . 

അതിനിടയിൽ അയൽ ഗ്രാമത്തിലൊരു സുമേഷുണ്ടെന്ന് കേട്ട് രാജപ്പേട്ടൻ തോക്കുമായി ചാടിപ്പുറപ്പെട്ടെങ്കിലും സുമേഷല്ല, സുമനെന്നാണ് ആ പാവത്തിന്റെ പേരെന്ന് കേട്ട്  തിരിച്ചു പോന്നു . 

ഇതും പ്രേക്ഷിതൻ  സുകുവായിരുന്നു ചെവിയിലെത്തിച്ചത് .

സുകു, പ്രേഷിത പ്രവർത്തനം നടത്താൻ പോയപ്പോൾ പ്രാർത്ഥിക്കാൻ വന്നതായിരുന്നു സുമൻ . എന്നെ അനുഗ്രഹിക്കണമെന്നും പറഞ്ഞ് തല കുമ്പിട്ടു നിന്ന സുമനോട് പേര് ചോദിച്ച സുകു സുമയെന്ന് കേൾക്കുമ്പോഴേക്കും സൈക്കിളെടുത്ത് പാഞ്ഞു വരുകയായിരുന്നു .

അനുഗ്രഹം ഇപ്പൊ കിട്ടുമെന്ന പ്രതീക്ഷയിൽ ആ പാവം കുറേ നേരം തല കുമ്പിട്ട് നിന്നെങ്കിലും ഒന്നുമുണ്ടായില്ല. 

എന്റെ രാജപ്പേട്ടാ, അവിടെയൊരു സുമേഷ്.... അലറിക്കുതിച്ച് പാഞ്ഞു വന്ന സുകുവും, രാജപ്പേട്ടനും നാട്ടുകാരും വേലായുധേട്ടന്റെ ജീപ്പിൽ പാഞ്ഞു . വിവരങ്ങൾ അറിഞ്ഞ് ഓടിയെത്തിയ പാക്കരൻ ചേട്ടൻ ജീപ്പിൽ കേറുന്നതിനു മുന്നേ ജീപ്പ് പോയിരുന്നു കുറച്ചു ദൂരം പിന്നാലെ ഓടിയെങ്കിലും പറ്റിയില്ല അതിനിടയിലാണ്  ജീപ്പ് എവിടെയെന്നും ചോദിച്ച് അവറാൻ ചേട്ടൻ പാഞ്ഞു വരുന്ന കണ്ടത്.

എന്റെ അവറാനെ നമുക്ക് സൈക്കിളിൽ പോയാലോയെന്നുള്ള പാക്കരൻ ചേട്ടന്റെ ചോദ്യത്തിൽ നിന്നാണ് താൻ സൈക്കിളെടുക്കാതെയാണ് പാഞ്ഞു വന്നതെന്ന തിരിച്ചറിവ് അവറാൻ ചേട്ടനുണ്ടായത്. 

എന്റെ സൈക്കിളെവിടെയെന്ന ചോദ്യത്തിന് പാക്കരൻ ചേട്ടൻ കൈമലർത്തി നിന്നു . .

കർത്താവേയെന്നും വിളിച്ച് അവറാൻ ചേട്ടൻ തിരിഞ്ഞോടി. ഷാപ്പിനുള്ളിൽ ഒരു കുപ്പി മോന്തി നിൽക്കുമ്പോഴാണ് വിവരമറിയുന്നതും പാഞ്ഞു വരുന്നതും.

ഇത്ര നേരം  സൈക്കിളിൽ ആണെന്നായിരുന്നു അവറാൻ ചേട്ടൻ കരുതിയിരുന്നത്  . ഭാഗ്യം, വിവരമറിഞ്ഞപ്പോ താൻ  തെങ്ങിന്റെ മുകളിൽ ആകാതിരുന്നതെന്ന് ആ ഓട്ടത്തിനിടയിൽ അവറാൻ ചേട്ടൻ പറയേം ചെയ്തു . 

ഒരു ജീപ്പ് നിറയെ ആൾക്കാരുമായി തന്റെ വീടിനു മുന്നിലേക്ക് പ്രേക്ഷിതൻ സുകു വരുന്നത് കണ്ട സുമൻ ആദ്യമൊന്ന് അന്ധാളിച്ചു. ഇത്രേം പേരെക്കൊണ്ട് തന്നെ അനുഗ്രഹിക്കാനാണോയെന്നായിരുന്നു ആ പാവം ആദ്യം  കരുതിയത് .

നായിന്റെ മോനേ ന്ന് അലറിക്കൊണ്ട്  തോക്കുമായി ചാടിയിറങ്ങിയ രാജപ്പേട്ടനെ കണ്ട് സുമൻ ഓടി . 

ഇത് അനുഗ്രഹത്തിനല്ല തന്റെ അവസാനത്തിനാണെന്ന് ആ പാവത്തിന് മനസ്സിലായി . എന്നാലും വെടി വെച്ച് കൊല്ലാൻ മാത്രം താനെന്ത് പാതകമാണ് ചെയ്തതെന്ന് ആ പാവത്തിന് മനസ്സിലായില്ല . ചോദിക്കാനും പേടിയായിരുന്നു ഇനി അതിന്റെ പേരിൽ വെടി കൂടുതൽ കിട്ടുമോയെന്ന് . 

എടീ ഓടിക്കൊടീയെന്നും, ഭാര്യ ശകുന്തളയോട് വിളിച്ചു പറഞ്ഞിട്ടാ സുമൻ ഓടിയത് . 

അത് കേട്ടതോടെ  ഭാര്യ ശകുന്തള മറുവശത്തുകൂടെ  ഓടി എന്തിനാന്ന് ചോദിക്കാൻ കൂടി ആ പാവം നിന്നില്ല. 

 വെടി കൊള്ളാതിരിക്കാൻ വളഞ്ഞു പുളഞ്ഞായിരുന്നു സുമൻ പാഞ്ഞു കൊണ്ടിരുന്നത്  . ഭാര്യ ശകുന്തള ചാടി ചാടിയും .സുമന്റെ നായ വാറു ആദ്യം തമാശയാണെന്നും കരുതി നിന്നെങ്കിലും അപകടം മണത്തത്തോടെ ചത്ത പോലെ കണ്ണടച്ചു കിടന്നു .

എടാ നായിന്റെ മോനെയെന്നലറിക്കൊണ്ട് രാജപ്പേട്ടൻ ആകാശത്തേക്ക് വെടി വെച്ചു. 

എവിടെടാ എന്റെ മോള് ? രാജപ്പേട്ടൻ അലറി 

ഇയാളുടെ മോളെ  തന്നോട് എന്തിനാണ്  ചോദിക്കുന്നതെന്ന് മനസ്സിലാവാത്ത സുമൻ വാ പൊളിച്ചു. വെടിയൊച്ച കേട്ടതോടെ റാവു അറിയാതെ അപ്പിയിട്ടു എന്നിട്ടും അവൻ കണ്ണു തുറന്നില്ല .തോക്ക് കണ്ടാ താൻ വെടി കൊള്ളുന്നതിനു മുന്നേ തന്നെ തട്ടിപ്പോവുമെന്ന്  ആ പാവം പേടിച്ചിട്ടാ കിടന്നത് . 

ഒരു വേള  എണീറ്റ് ഓടിയാലോയെന്നവൻ ചിന്തിച്ചതാ, വൈകിപ്പോയി ഇനി  ഓടിയാൽ ശരിക്കും വെടി കൊള്ളും ആദ്യം ഓടേണ്ടതായിരുന്നു ഇനി പറഞ്ഞിട്ടെന്താ കാര്യം?.

നായ്ക്കളെ വെടി വെക്കോ ?

നായ ആയാലും നായര് ആയാലും അയാള് വെടിവെക്കും പക്ഷെ താൻ റാവു അല്ലേ ?

നായ ആയ കാരണം ചിലപ്പോ തന്നെയാവും ആദ്യം വെടി വെക്കാ അടുത്ത ജന്മത്തിൽ ഒരു മനുഷ്യനായി പിറന്നാ മതിയായിരുന്നു എന്നും പറഞ്ഞ് ആ പാവം കണ്ണടച്ചു കിടന്നു കരഞ്ഞു. 

എന്തൂട്ടാ  സുമേട്ടാ പ്രശ്നം ? ശകുന്തള അലറിക്കരഞ്ഞു. 

അറിയില്ല ഏതോ ഭ്രാന്തൻ തോക്കും കൊണ്ട് എന്നെ കൊല്ലാൻ വരുന്നു  ?

എന്തിന് ?

അയാളോട് പോയി ചോദിക്കടി മരുതേ മനുഷ്യൻ രക്ഷപ്പെടാൻ നിക്കുമ്പോഴാ അവളുടെ കഥ കേൾക്കല് . ഇവളിനി , തന്നെ പിടിച്ചു നിറുത്തി വെടി വെച്ച് കൊല്ലിക്കാനായിരിക്കുമോയെന്ന് കൂടി സുമന് സംശയം തോന്നി .

എന്താഡാ നിന്റെ  പേര് ?

രാജപ്പേട്ടൻ അലറി ?

സു..സു ...  പേടിയിൽ, ബാക്കി സുമൻ മറന്നു 

പേര് പറയെടാ റാസ്‌ക്കൽ? 

രാജപ്പേട്ടൻ തോക്ക് ചൂണ്ടി. 

അതിനിടയിൽ പേടി കൊണ്ട് സുമന്റെ ഉള്ളിൽ നിന്നും ഒരു ഗ്യാസ് വഴിയറിയാതെ മാ .. ന്ന് മൂളിക്കൊണ്ട് പുറകുവശത്തൂടെ  പോവുകയും ആ സു..വേ സുമനെ..ന്ന്  പൂരിപ്പിക്കുകയും ചെയ്തു .

അത് കേട്ട് ഭാര്യ ശകുന്തള ഞെട്ടി കല്യാണം കഴിഞ്ഞ് അധിക നാളായിട്ടില്ലാത്ത സുമൻ ഭാര്യയുടെ മുന്നിൽ നീറി നിന്നു . കുറെയധികം പൊങ്ങച്ചങ്ങൾ  കല്യാണ രാത്രികളിൽ സുമൻ , ശകുന്തളയോട്  പറഞ്ഞിരുന്നു. അതിലൊന്നായിരുന്നു താൻ കരാട്ടെയാണെന്ന് പറഞ്ഞത് . പത്ത് പേര് വന്നാലും താൻ നിന്ന് തല്ലുമെന്നായിരുന്നു സുമൻ പറഞ്ഞത് . തല്ലിക്കൊ പക്ഷെ, ആരേം  കൊല്ലരുതെന്നായിരുന്നു അന്ന്  ഭാര്യ ശകുന്തള പറഞ്ഞത്.

 അതെല്ലാം പൊളിഞ്ഞു തോക്ക് കാണിച്ചപ്പോഴേക്കും പേടികൊണ്ട് മൂട് വിറപ്പിച്ച ആളാണ് കൂടെയുള്ളതെന്ന്  ശകുന്തള മനസ്സിലാക്കുകയും സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു.

ഇനി അങ്ങനെ സംഭവിക്കില്ലെന്ന്  രണ്ടു മദ്യസ്ഥന്മാരുടെ നടുവിൽ ആണയിട്ടതിനു ശേഷമാണ് അവസാനം ശകുന്തള തിരിയെ വന്നതും.

ഇതിനൊക്കെ മധ്യസ്ഥമോയെന്ന് കേട്ടവർക്ക് ആശ്ചര്യം . 

അവന്റെ പേര് സുമനാ ..ന്ന്  ഇതിനിടയിൽ ആരോ വിളിച്ചു പറയേം ചെയ്തു. 

ഇപ്രാവശ്യവും , രാജപ്പേട്ടൻ സുകുവിനെ നോക്കിയെങ്കിലും  അതിനുള്ളിൽ സുകു മുങ്ങിയിരുന്നു .

ഒരു കാരണവുമില്ലാതെ തന്നെ വെടി വെച്ച് കൊല്ലാൻ നോക്കിയെന്നും പറഞ്ഞ് സുമൻ ഇടിയാനൊരു പരാതി കൊടുത്ത., തന്റെ ഭാര്യ പിണങ്ങി പോയെന്നും കൂടി ചേർത്തായിരുന്നു അത്  .

ഇതിനിടയിൽ പേടിച്ചു കണ്ണടച്ചു കിടന്ന റാവു പിന്നെ കണ്ണ് തുറന്നതേയില്ല ആ പാവം പേടികൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി . 

ഇവനെക്കൊണ്ട്‌ വല്യ ശല്യമായല്ലോ തോമാസേ ?

എന്റെ സാറേ  മോളെക്കാണാത്ത വിഷമത്തിലായിരിക്കും . 

എന്നു വെച്ച്  കാണുന്നവരെയൊക്കെ വെടി വെച്ച് കൊല്ലാൻ നിക്കാ  ? 

അവനെ ഞാനിന്ന് കൊല്ലുമെന്ന്  അലറിക്കൊണ്ട് ഇടിയൻ സ്റ്റേഷനിൽ നിന്ന് പാഞ്ഞു. 

ഒരു ജീപ്പ് തന്റെ വീടിന്റെ മുന്നിൽ വന്ന് നിൽക്കുന്നത് കണ്ടാ രാജപ്പേട്ടൻ ഓടിച്ചെന്നത്. 

ചിലപ്പോ മോളെ കണ്ടൂന്ന് പറയാനായിരിക്കും ഇടിയന്റെ ആ വരവെന്നാ രാജപ്പേട്ടൻ വിചാരിച്ചത് . 

എവിടെടെ നിന്റ തോക്ക് ?.

ഇടിയൻ അലറി. 

നായിന്റെ മോനെ തോക്കുണ്ടെന്ന് കരുതി അഭ്യാസം കാണിക്കാൻ നിക്കുന്നോ. 

എവിടെടാ തോക്ക് ?

രാജപ്പേട്ടൻ ഉത്തരത്തിലേക്ക്  കൈ ചൂണ്ടി. 

അത് കണ്ട് തോക്ക് ഞെട്ടി, രാജപ്പേട്ടൻ തന്നെ ഒറ്റിക്കൊടുത്തിരിക്കുന്നു .

ഏതായാലും തോക്ക് ഇനി കൈ കൊണ്ട് തൊടത്തില്ലായെന്നും പറഞ്ഞ് എഴുതി ഒപ്പിട്ട് വാങ്ങിയിട്ടാ  ഇടിയൻ വിട്ടത് . തോക്ക് കൈകൊണ്ടല്ലാതെ പിന്നെ കാലു കൊണ്ട് തൊടാൻ പറ്റോന്ന് രാജപ്പേട്ടൻ മനസ്സിൽ ചോദിച്ചിട്ടാ ഒപ്പിട്ട് കൊടുത്തത്. 

അതിനടുത്ത ദിവസം സുമേഷേന്ന് പേരുള്ള ഒരാൾ പാക്കരൻ  ചേട്ടന്റെ ചായക്കടയിൽ ചായകുടിക്കാൻ വന്നുവെന്ന് കേട്ട് രാജപ്പേട്ടൻ ഓടി ചെന്നു .

 തോക്കെടുക്കാൻ പേടി ആയതു കാരണം ഒരു വേലിപ്പത്തല് കൈയ്യിലും വെച്ചായിരുന്നു രാജപ്പേട്ടൻ ചെന്നത്. 

അതിനിടയിൽ ആ പാവം ജീവനും കൊണ്ട് രക്ഷപ്പെട്ടു. 

ബാങ്കിലെ പ്യുൺ, വാസവന്റെ അടുത്ത ഒരു ലോൺ കിട്ടുമോ എന്നറിയാൻ വേണ്ടി വന്നതായിരുന്നു. ലോൺ എടുക്കാൻ താൻ ഉണ്ടാവില്ലെന്ന് മനസ്സിലായതോടെ ജീവനും കൊണ്ട് ഓടുകയായിരുന്നു .

അടുത്ത ദിവസം രാവിലെ പാക്കരൻ ചേട്ടന്റെ ചായക്കടക്കു മുന്നിൽ ഒരു കാറ് വന്നു നിന്നു അതിൽനിന്നും സുമേഷും രാജപ്പേട്ടന്റെ മോളും പുറത്തേക്കിറങ്ങി. 

തോക്കുമായി രാജപ്പേട്ടൻ ഓടിക്കിതച്ച് വന്നെങ്കിലും സുമേഷ് പട്ടാളത്തിലാണെന്നറിഞ്ഞതോടെ  രാജപ്പേട്ടനും തോക്കും അറ്റൻഷനായി.

എന്നിട്ടും രാജപ്പേട്ടനും രാജമ്മേടത്തിയും കരഞ്ഞു,  തനിക്ക് ആരേയും  വെടി വെച്ച് കൊല്ലാൻ പറ്റിയില്ലല്ലോ എന്നോർത്ത് തോക്കും കരഞ്ഞു. 

എന്റെ രാജപ്പാ, ഏതായാലും സംഭവിക്കാനുള്ളത് സംഭവിച്ചു ഇനി നീയതങ്ങട് നടത്തിക്കൊടുക്ക് പാക്കരൻ ചേട്ടൻ ആ പറഞ്ഞതിനോട്  ഭൂരിഭാഗം നാട്ടുകാരും അനുകൂലിച്ചു .

ഒടുവിൽ രാജപ്പേട്ടൻ ആകാശത്തേക്ക് ഒരു വെടി വെച്ച് തന്റെ സമ്മതം മനസ്സില്ലാ മനസ്സോടെ വെളിവാക്കി. 

 അതോടെ, നാടിനേയും ,നാട്ടാരേയും ,സുമേഷുമാരേയും മുൾമുനയിൽ നിറുത്തിയ  ആ ഒളിച്ചോട്ടം ശുഭകരമായി പര്യവസാനിച്ചു. 

 പഠിക്കുമ്പോളുള്ള  പ്രേമമായിരുന്നു രണ്ടുപേരുടേതും.  

 അതോടെ ഞങ്ങളുടെ ഗ്രാമത്തിലെ സുമേഷുമാരും സുമൻമാരും,  സ... വെച്ച് തുടങ്ങുന്ന പേരുള്ളവരെല്ലാവരും ആശ്വാസം കൊണ്ടു.

പാൽക്കാരൻ സുമേഷ്,  ബോംബെയിലുള്ള  മാമന്റെടുത്തേക്ക്  തന്റെ നഷ്ട സ്വപ്നങ്ങളും ഒരു ഭാണ്ഡത്തിലാക്കി യാത്രയായി.    


0 അഭിപ്രായങ്ങള്‍