സഹനത്തിന്റെ ശക്തിയും,പ്രത്യാശയുടെ പൊൻവെളിച്ചവും ഉയിർപ്പിന്റെ പ്രതീക്ഷയും  പകർന്നു നൽകിക്കൊണ്ട് ഇതാ വീണ്ടും ഒരു ഈസ്റ്റർ .

  നോയമ്പെന്ന  സഹനത്തിന്റെ ചെറിയൊരു കുരിശുമെടുത്ത് കടന്നു വന്ന  ഈ വിശുദ്ധ ദിനങ്ങളെ വീണ്ടും മറവിയിലേക്ക് തള്ളിക്കളഞ്ഞാൽ  അനുവർത്തിച്ച ഈ വിശുദ്ധ വാരങ്ങൾക്ക്  എന്ത് പ്രസക്തി?

   പാപത്തിന്റെ അവസാനവും  ഉയർപ്പിന്റെ വിശുദ്ധിയും  ഓരോ ഉള്ളങ്ങളിലും നിറയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് .


                         ''Wish you all  a HAPPY EASTER''
           
എന്തേ എന്നെ തുറക്കാത്തൂ , തുറക്കാത്തൂ എന്ന് അക്ഷമരായി ചോദിച്ചു കൊണ്ട് ബോട്ടിലുകൾ എന്നെ നോക്കുന്നു , ഇനിയും തുറന്നില്ലെങ്കിൽ ഞാൻ തന്നെത്താൻ തന്നെ തുറന്നു വരും എന്നെന്നെ ഭീക്ഷിണിപ്പെടുത്തുന്നു .

     ചിക്കനും മീനും  മസാലയിൽ കിടന്ന് തിളച്ച് വെന്തു വരുന്ന മണം മൂക്കിലൂടെ തുളച്ചു കയറി നാവിന്റെ രസമുകുളങ്ങളെ ഉദ്ധീപിപ്പിക്കുന്നു .

    നല്ല കുത്തരി ചോറ്  പുളിയൻ മാങ്ങ ഇട്ട് നാളികേരപ്പാലിൽ കുറു കുറാ ഇരിക്കുന്ന മീൻകറി , വറുത്ത്  വറുത്ത് രൂപം തന്നെ  മാറിപ്പോയ ഞാൻ തന്നെയാണോ ബീഫ് , എന്ന് സ്വയം ചോദിക്കുന്ന ബീഫ് .

    ഈസ്റ്റർ ആയിട്ട് എന്തിനാ നീ കടല ഉപ്പേരി വെച്ചതെന്ന് ഞാൻ ഭാര്യയോട് ചോദിച്ചതാ , അവളാ പറഞ്ഞത് സ്‌പെഷൽ ആയിട്ട് ഉണ്ടാക്കിയ ബീഫ് ആണെന്ന്

                     ഈശ്വരാ ബീഫാണോ ഇത് ?

    ഇന്നലെ തൊട്ട് വീട്ടില് വളർത്തണ പൂവനെ കാണാനില്ല , ഈസ്റ്ററാന്ന് മനസ്സിലായി ആള് മുങ്ങിയതാണോന്ന് ഒരു സംശയം അല്ലെങ്കീ രാവിലെ തന്നെ വീടിന്റ ഉമ്മറത്ത് വന്ന് പീപ്പി വിളിക്കുന്നോനാ , ഈസ്റ്ററായിട്ട് വെറുതെ പോയി കൂട്ടാൻ ചട്ടീല് കിടക്കണ്ടാന്ന് അവൻ വിചാരിച്ചു കാണും

   രാവിലെ തൊട്ടേ കൂട്ടിൽ കിടന്ന് നൃത്തം ചവിട്ടുന്ന റോമു   .ഇന്നെന്നെ കാണുമ്പോഴൊക്കെ അവന് വല്ലാത്ത സ്നേഹപ്രകടനം   ഓടി വന്ന് നക്കോട് നക്ക്  അത്  കാണുമ്പോ എനിക്ക് കരച്ചിൽ വരുന്നു  .ഇത്രയൂം ദിവസം  അവനും വെജിറ്റെറിയൻ ആയിരുന്നു .

   ഇങ്ങോട്ട് വിളിച്ചാ അങ്ങോട്ട് ഓടുന്നവനാ  ഇപ്പോ വിളിക്കാണ്ടെന്നെ ഓടിവരും .

   ഉച്ചക്ക് ചോറ് കൊടുത്തപ്പോ ഓടി വന്ന് പാത്രത്തിലേക്ക് ഒറ്റ ഇടിയാ   ഞാൻ അവന്റെ തല   പൊളിഞ്ഞുന്ന് വിചാരിച്ചു. സംഗതി അവൻ പ്രതീക്ഷിച്ചത് കിട്ടാണ്ടായപ്പോ എന്നെ രൂക്ഷമായൊന്ന് നോക്കി.
                   
                      ഒരു ദിവസം കൂടി ക്ഷമിക്കെടാ .

         മണികണ്ഠൻ പൂച്ച നോയമ്പു പിടിക്കുന്നതിന്റെ  തലേന്ന് സ്ഥലം വിട്ടതാ , നോയ്മ്പ് കഴിയണ വരേക്കും അവൻ അപ്പുറത്തെ നാരായണേട്ടന്റെ വീട്ടിലെ പൂച്ചയാവും. ആളും രാവിലെ തന്നെ എത്തീട്ടുണ്ട്

         വീട്ടിലെ കുട്ടികൾ ഇറച്ചിക്കലത്തിനു ചുറ്റിലും റോന്തു ചുറ്റുന്നു

        ആളുകളുടെ ധൃതി കണ്ടാൽ  ഇപ്പോഴേ കർത്താവിനെ വിളിച്ച് എഴുന്നേൽപ്പിച്ച് ഉയർപ്പു   നടത്തുമോയെന്ന്  സംശയം .

           ആരെങ്കിലും എന്തെങ്കിലും പറയട്ടെ  ..

   ആഘോഷങ്ങൾ ആഘോഷിക്കുവാനുള്ളതാണ്  അത് കൊണ്ട് തന്നെയാണ് അവയെ ആഘോഷങ്ങൾ എന്ന് പറയുന്നതും അതിലെ ഏറ്റവും പ്രധാനം തന്നെയാണ് .., ഈസ്റ്റർ  എന്ന ..ഉയിർപ്പിന്റെ ഈ വലിയ ആഘോഷം .

                 

                  

0 അഭിപ്രായങ്ങള്‍