നേരം സന്ധ്യയാവുന്നതിനു മുന്നേ വീടിനു ചുറ്റും ചില  കൂവലുകൾ   കേട്ടു തുടങ്ങും  ഏതോ കിളികളായിരിക്കുമെന്നാ ഞാനാദ്യം കരുതിയത്  

പതുക്കെയത് കൂടി ... കൂടി വരും അവസാനമാകുമ്പോഴേക്കും  ആകെക്കൂടിയൊരു  കൂവൽ സമ്മേളനം  അതിനെ ഏറ്റുപിടിക്കാനെന്ന മട്ടിൽ  നായ്ക്കളുടെ ഓളിയിടലും .       

കേൾക്കുമ്പോ തന്നെ പേടിയാകും 

എല്ലായിടത്തും അരിച്ചു പെറുക്കി നോക്കീട്ടും ഇങ്ങനെ നിലവിളിക്കുന്ന   പക്ഷികളെ മാത്രം കാണാനില്ല .

പാക്കരൻ ചേട്ടന്റെ ചായക്കടയിൽ  വെച്ച് തമിഴൻ മുരുകനാണ്  അതു പറഞ്ഞത് 

സാറേ അത് ആവി

ആവിയോ? ആവി ഓളിയിടോടാ  ? ചൂളമല്ലേയടിക്കാ ?

ശേട്ടാ  ആവിയെന്നാ പുട്ട് ചുടുന്ന  ആവിയല്ല  ഇത് പ്രേതം.. 

അതും പറഞ്ഞ് മുരുകൻ പൊട്ടി പൊട്ടി ചിരിച്ചു

മുരുകന്റെയാ കൊച്ചാക്കൽ തമാശ പാക്കരൻ ചേട്ടന്  തീരെ ഇഷ്ടപ്പെട്ടില്ല

ചായ കുടിച്ചിട്ട് എണീറ്റ് പോടാ പാ ..,

പാണ്ടിന്ന് പറയാനായിരുന്നു  പാക്കരൻ ചേട്ടൻ വാ തുറന്നതെങ്കിലും  .... പക്ഷേ പറഞ്ഞില്ല എന്തുകൊണ്ടെന്നാൽ  മുരുകന് പാണ്ടീന്ന് വിളിക്കുന്നത് തീരെ ഇഷ്ടല്ല അതു കേട്ടാൽ പിന്നെ മുരുകന്റെ രക്തം അവനറിയാതെ തന്നെ തിളച്ചു തുടങ്ങും 

ഒരു പ്രാവശ്യം പ്രേക്ഷിതൻ സുകു എന്തോ കാര്യത്തിന് മുരുകനെ പാണ്ടീന്ന് വിളിച്ചതായിരുന്നു 

അണ്ണാ എന്നെ പാണ്ടീന്ന് വിളിക്ക കൂടാത്....വിളിക്ക കൂടാതെ ... ന്ന്... മുരുകൻ പലപ്രാവശ്യം പറഞ്ഞു  

പക്ഷേ സമയ ദോഷം  സുകു നിറുത്തിയില്ല   

പാണ്ടീ ..,പാണ്ടീ ..ന്ന് ഒരു പാട്ടങ്ങട് -പാടി മൂന്നാമത്തെ പ്രാവശ്യം പാ ..,ന്ന് പറയുവാനായി വാ തുറക്കലും എല്ലാവരേയും ഞെട്ടിച്ചു കൊണ്ട്  ഡും ന്നൊരു  ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു 

പുരപ്പുറത്ത്  തേങ്ങാ വീണതാണെന്നും കരുതി  പാക്കരൻ ചേട്ടൻ പുറത്തോട്ട് പോയി നോക്കി  

ഡും ..,ന്ന് വീണ്ടുമൊരു  ശബ്ദം

ഇനി  അകത്തോട്ടെങ്ങാനുമാണോ തേങ്ങാ വീണതെന്നുള്ള സംശയത്തോടെയാ പാക്കരൻ ചേട്ടൻ പിറുപിറുത്തോണ്ട് വന്നത്  ? 

ഈ അവറാനോട് പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാ സമയത്തിന് തേങ്ങായിട്ടു തരാൻ ഇനി  ചായ കുടിക്കാനായി  അവനിങ്ങോട്ട് വരട്ടെ 

അതും പറഞ്ഞോണ്ട് തിരിഞ്ഞ പാക്കരൻ ചേട്ടൻ കണ്ടത്   കൈയ്യിൽ  ചായഗ്ലാസ്സും പിടിച്ചോണ്ട് എന്തോ കണ്ട് പേടിച്ചതുപോലെ കണ്ണും തുറിപ്പിച്ചിരിക്കുന്ന സുകുവിനെയാണ് .

അവറാനെ പറഞ്ഞതിന് ഇവനെന്തിനാ തന്നെയിങ്ങനെ തുറിച്ചു നോക്കുന്നത്? 

പിന്നെയാണ് പാക്കരൻ ചേട്ടനതു ശ്രദ്ധിച്ചത്  സുകുവിന്റെ മുഖത്ത് മുഴുവൻ  ചോര 

അടുത്ത നിമിഷം  എന്റെ കർത്താവേ ഞാൻ ചത്തേന്നും നിലവിളിച്ചോണ്ട്  സുകു ബോധം കെട്ടു  വീണു 

കാശ് കൊടുത്തതല്ലേന്നും കരുതി ബോധം കെടുന്നതിനും മുന്നേ  സുകു  ആ ചായ കുടിക്കാൻ  നോക്കിതായിരുന്നു  പക്ഷേ പറ്റിയില്ല  .

എനിക്ക് ചായയോന്നും വേണ്ടാന്നും  പറഞ്ഞ് അതിനു മുന്നേ ബോധം പോയി

മുരുകൻ  കൈയ്യിലൊരു  ഇഷ്ടികയും  പിടിച്ചു നിൽപ്പുണ്ട് പാണ്ടീന്ന് വിളിച്ചതു കൊണ്ട്  സുകുന്റെ തലയിൽ  അതും  വെച്ച് ഒരു താങ്ങ് താങ്ങീതായിരുന്നു മുരുകൻ ,  ഒരിടി മുതുകത്തും കൊടുത്തു  ആ ശബ്‌ദമായിരുന്നു  എല്ലാവരും  കേട്ടതതും പഴി തേങ്ങാക്ക് കൊടുത്തതും  .

എന്താ  മുരുകാ നീ സുകുവിനെ ചെയ്തത് ..? 

ആകെ വിറച്ചുകൊണ്ടാണ്  പാക്കരൻ ചേട്ടനതു ചോദിച്ചത് 

അവർക്കിട്ട്  പല വാട്ടി ഞാൻ സൊന്നേ  

എന്ത് ?

എന്നെ പാണ്ടീന്ന് വിളിക്ക കൂടാത്  വിളിക്കക്കൂടാതെന്ന്   

തിരുട്ട് പയലേന്നും അലറിക്കൊണ്ട് മുരുകൻ വീണ്ടും ഇഷ്ടിക  ഓങ്ങി   

മുരുകന്റെ ആ ഓങ്ങലു കൂടി കണ്ടതോടെ  അയ്യോ ..,ന്നും നിലവിളിച്ചോണ്ട് പാക്കരൻ ചേട്ടനും ബോധം കെട്ടു വീണു.

പാക്കരൻ ചേട്ടൻ കരുതിയത്  മുരുകൻ ഇഷ്ടിക ഓങ്ങിയത് തനിക്കു നേരെയാണെന്നാ 

അതോടെ പാക്കരൻ ചേട്ടന്റെ വലിവും കൂടി .

ബോധം ഇല്ലെങ്കിലും വിസില് അടിക്കുന്ന  പോലെയാ  പാക്കരൻ ചേട്ടൻ  ശ്വാസം വലിച്ചു കേറ്റണത്  

മുരുകൻ  വീണ്ടും ഇഷ്ടിക ഓങ്ങിയത് സുകു അറിഞ്ഞില്ലെന്നുള്ളതാണ് സത്യം ഇല്ലെങ്കി  അതോടെ സുകു  ചത്തുപോയേനെ .

പാക്കരൻ ചേട്ടൻ ശ്വാസം വലിക്കുന്ന  ശബ്ദം കേട്ടാ റോമു അകത്തോട്ട് ഓടിവന്നത്.

അവൻ കരുതിയത്  എന്തെങ്കിലും തിന്നാൻ തരുന്നതിനായി പാക്കരൻ ചേട്ടൻ വിസിലടിക്കുന്നതാണെന്നാ 

മുരുകന്റെ ഓങ്ങല് കണ്ട് പാക്കരൻ ചേട്ടൻ ബോധം കെട്ടു  കിടക്കുന്നതാണെന്ന് റോമുവിന്  മനസ്സിലായതുമില്ല  

മുരുകനെ കണ്ടതോടെ റോമു  കുരക്കാനായി  വാ തുറന്നതായിരുന്നു അപ്പോഴാണ്   മുരുകന്റെ കൈയ്യിലുള്ള  ഇഷ്ടിക കണ്ടത് അതോടെ റോമു മുരുകനെ നോക്കി വാലാട്ടി നിന്നു .

ഈ സമയത്തായിരുന്നു  അവറാൻ ചേട്ടൻ  ചായ കുടിക്കാനായി അങ്ങോട്ടേക്ക്   വന്നത്

എന്താടാ സുകുവേ നീ  താഴേക്കിടക്കുന്നത് അല്ല ഇവന്റെ  തലയില് അപ്പടി പെയിന്റാണല്ലോ  ? 

അവറാൻ ചേട്ടന്റെ വിചാരം സുകു എങ്ങാണ്ടോ പെയിന്റ് പണിക്ക് പോയിട്ട് വന്നതാണെന്നാ

ചേട്ടാ അത് പെയിന്റ് കെടയാത് ,   രത്തം താൻ  അവരെ ഞാൻ കൊലപണ്ണിയിട്ടേൻ

മുരുകനാ പറഞ്ഞതു കേട്ട്  അവറാൻ ചേട്ടൻ ഞെട്ടിപ്പോയി 

അപ്പോഴാണ് അവറാൻ ചേട്ടൻ മുരുകനെ ശ്രദ്ധിച്ചത്   മുരുകന്റെ കൈയ്യിൽ ഒരു  ഇഷ്ട്ടിക അതിലപ്പിടി  ചോര 

ഈശ്വരാ  സുകുവിന്റെ മുഖത്തുള്ളത് പെയിന്റല്ല ചോരയാണെന്ന് അപ്പോഴാണ് അവറാൻ ചേട്ടന് മനസ്സിലായത് 

എന്തിനാടാ അവനെ കൊന്നത് ?

അവറാൻ ചേട്ടൻ വിക്കിക്കൊണ്ടാണത്  ചോദിച്ചത് 

അവരെന്നെ പാണ്ടീന്ന് വിളിച്ചു..ശേട്ടാ 

പാണ്ടീന്ന് വിളിച്ചേന് ഒരാളെ കൊല്ല്യേ ?

അപ്പഴാണ്  അവറാൻ ചേട്ടൻ പാക്കരൻ ചേട്ടനും  വീണു കിടക്കണത് കണ്ടത്

അയ്യോ  പാക്കരനേം നീ കൊന്നോ ?

അവര് ഭയന്ന് ശത്തു പോയിട്ടേ

അത് കൂടി  കേട്ടതോടെ അവറാൻ ചേട്ടൻ വീണ്ടും ഞെട്ടി  പാക്കരൻ ചേട്ടൻ തട്ടിപ്പോയെന്നു കേട്ട് അതോടൊപ്പം റോമുവും  ഞെട്ടി  

അതോടെ റോമു ഓടിപ്പോയി മുരുകന്റെ കാലുമ്മേ രണ്ടു നക്ക്  

റോമു കടിക്കാൻ വരുന്നാതാണെന്നും കരുതി  മുരുകൻ ആ ഇഷ്ടിക കൊണ്ട് റോമുന്റെ മണ്ടക്കിട്ടും  ഒരു കൊട്ട് കൊടുത്തു

അതോടെ റോമുവിന്റെ ബോധവും പോയി 

പാക്കരൻ ചേട്ടനെ  തട്ടിയതോടെ ഇനി തന്നേം തട്ടാതിരിക്കുവാനുള്ള ഒരു മുൻകരുതലെന്ന നിലയിലായിരുന്നു റോമു പോയി മുരുകനെ നക്കിയത് പക്ഷേ പണി പാളിപ്പോയി  

എന്റെ കർത്താവേ ഈ നരനായാട്ട് നടക്കുന്നതിന്റെ  ഇടയിലോട്ടാണോ  നീയെന്നെ ചായകുടിക്കാനായി  കൊണ്ടു വന്നത് 

അവറാൻ ചേട്ടന് കർത്താവിനോടും അതോടൊപ്പം ഭാര്യ ഒറോതയോടും  കലശലായ ദേഷ്യം തോന്നി വീട്ടിൽ ചായ കുടിക്കാൻ ഇരിക്കായിരുന്ന അവറാൻ ചേട്ടനോട് പാക്കരൻ ചേട്ടന്റെ കടേന്ന് ചായയും പരിപ്പുവടയും വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞ് ഉന്തിത്തള്ളി വിട്ടത് ചേടത്തിയായിരുന്നു  

ഓടിവായോ  നാട്ടാരേ  നമ്മടെ സുകൂനെ തമിഴൻ  മുരുകൻ കൊന്നേന്നും അലറി വിളിച്ചോണ്ട്  അവറാൻ ചേട്ടൻ പുറത്തേക്കോടി

ഇതിനിടയിൽ  സുകുവിന്  ബോധം തിരിച്ചു വന്നെങ്കിലും  മുരുകന്റെ കൈയ്യീന്ന് ഇനിയും  ഇടി കിട്ടോന്ന് പേടിച്ച്  സുകു മിണ്ടാതെ  കണ്ണടച്ച്  കിടന്നു 

ഇനിയും ഇടി കിട്ടിയാ തന്റെ  ജീവനാവും പോവാന്ന് സുകൂന് നന്നായി അറിയാമായിരുന്നു  .

എണീറ്റ് പോയി അവനെ കൊല്ലെടാന്നും പറഞ്ഞോണ്ട്  സുകുവിന്റെ ഉള്ളിൽ  മറ്റൊരു സുകു കിടന്ന്  അലറുന്നുണ്ട്  കൊല്ലാൻ പോയി അവസാനം തല്ല് കൊണ്ട് ചാവാൻ വയ്യാത്തതു കൊണ്ട്   സുകു മിണ്ടാതെ തന്നെ  കിടന്നു

അവറാൻ ചേട്ടൻ  ആളെ കൂട്ടി വരുമ്പോഴേക്കും മുരുകൻ പോയിക്കഴിഞ്ഞിരുന്നു .

സുകു  കൈയ്യിലൊരു പിച്ചാത്തീയും  പിടിച്ച് അവനെ ഞാനിന്ന് കൊല്ലും , കൊല്ലുമെന്നും പറഞ്ഞ്  അലറുന്നുണ്ട്  സത്യത്തിൽ  മുരുകൻ പോകുന്നതു  കണ്ടപ്പൊഴായിരുന്നു  സുകു അലറുവാൻ തുടങ്ങിയത് 

മുരുകൻ കേക്കത്തില്ലാന്ന് നല്ല ഉറപ്പിന്റെ പുറത്താണ്  സുകുവിന്റെ ഈ അഭ്യാസം 
 
പക്ഷെ  അപ്പഴും സുകു  കിടന്ന് വിറക്കുന്നുണ്ടായിരുന്നു

 ദേഷ്യം കൊണ്ട് വിറക്കുന്നതാണെന്നാ  സുകു പറഞ്ഞത്.

പക്ഷേ  പേടികൊണ്ടാണെന്ന് എല്ലാവർക്കും മനസ്സിലായി

സംസാരിക്കുമ്പോഴും സുകു കിടന്ന് വിക്കുന്നുണ്ടായിരുന്നു അതും പേടികൊണ്ടാന്ന് എല്ലാവർക്കും മനസ്സിലായി 

സുകു പറഞ്ഞത് വാക്കുകൾ കിട്ടാത്തതു കൊണ്ടാണെന്ന  

സത്യത്തിൽ  മുരുകന്റെ കൈയ്യീന്ന് ഇടി കിട്ടിയപ്പോ തൊട്ട് തുടങ്ങിയ വിറയായിരുന്നുവത്  .

അവനെ, ഞാനിന്ന്  കൊല്ലുമെന്നും പറഞ്ഞ് സുകു സൈക്കിളുമെടുത്ത്  പാഞ്ഞു പോയി.

ഞങ്ങളെല്ലാം കരുതിയത്  സുകു മുരുകനെ തല്ലാനായി  വീട്ടിലേക്ക്  പോയതാന്നാ പക്ഷേ സുകു , സുകൂന്റെ വീട്ടിലേക്കാ പോയത് വീട്ടിപ്പോയി സുകു  വാതിലടച്ചിരുന്നു കുറേനേരം വാവിട്ടു  കരഞ്ഞു .

അവനെ ഞാനിന്ന് കൊല്ലും , കൊല്ലുമെന്നും പറഞ്ഞോണ്ട് നിരപരാധിയായ വാതിലിനിട്ട്  രണ്ടു കുത്തും കൊടുത്ത് മുരുകനോടുള്ള അരിശം തീർത്തു.

വാതിലിന് ജീവനില്ലാത്ത കാരണം സുകുവിന്റെ കുത്തും കൊണ്ട്  മിണ്ടാതെ  നിന്നു .

വെള്ളം മുഖത്ത് തെളിച്ചതിനു ശേഷമാ  പാക്കരൻ ചേട്ടൻ കണ്ണു തുറന്നത്  അപ്പോഴും  റോമു നക്കിക്കൊണ്ട് നിൽപ്പുണ്ട്  പേടിച്ച കാരണം പാക്കരൻ ചേട്ടന്റെ വലിവ് അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു അതിനിടയിൽ കൂടിയാ  സ്നേഹം പ്രകടിപ്പിച്ചു കൊണ്ടുള്ള റോമുവിന്റെ നക്കലും .

ഒന്ന് പോ ശവമേ .. മനുഷ്യന് ശ്വാസം കിട്ടാതിരിക്കുമ്പോഴാ അവന്റെയൊരു സ്‌നേഹമെന്നും പറഞ്ഞോണ്ട്  പാക്കരൻ ചേട്ടൻ റോമുന്റെ മൂട്ടില്  ഒറ്റ ചവിട്ടു കൊടുത്തു  .

അതും വാങ്ങി അവൻ  വേഗം കൂട്ടിലേക്ക് ഓടിപ്പോയി റോമുവിന്റെ  വിചാരം  പാക്കരൻ ചേട്ടൻ ചവിട്ടിയത്  ആരും കണ്ടത്തില്ലാന്നായിരുന്നു  പക്ഷേ മണികണ്ഠൻ പൂച്ച ഇതെല്ലാം നോക്കിക്കൊണ്ട് കിടപ്പുണ്ടായിരുന്നു  .

കഷ്ടം ഇവനൊരു വിഡ്ഢിയാട്ടാന്ന്  മണികണ്ഠൻ  മനസ്സിലാ പറഞ്ഞത്  

മണികണ്ഠൻ നോക്കണൂന്ന് മനസ്സിലായതോടെ  റോമുന് ആകെ നാണക്കേടായി അതു മറക്കാനായി അവൻ പുറത്തോട്ട് നോക്കി വെറുതേ  നാലു കുര കുരച്ചു  
                   
ഈയൊരു സംഭവം ഓർമ്മയിലുള്ള കാരണംകൊണ്ട് കൂടിയാണ് പാക്കരൻ ചേട്ടൻ പാണ്ടീടെ പാ ..യില് വെച്ച് നിറുത്തീത്.

പ്രേതം മട്ടും താൻ ഇന്തമാതിരി സത്തം പോടുവേ

പ്രേതമെന്ന്  കേട്ടതോടെ കുടിച്ച ചായ ഒരു ബോളായിട്ട് എന്റെ തൊണ്ടയിൽ   തടഞ്ഞു എനിക്കു മാത്രമല്ല ചായക്കും പേടിയാ  പ്രേതത്തിനെ .

എന്റെ മുന്നിലിരിക്കുന്ന  ബോണ്ടക്ക് പോലും അത് കേട്ട് പേടിയായതു പോലെ   അത് വരേക്കും ഗുണ്ട പോലെ ഗുണ്ട്  ആയിട്ടിരുന്ന ബോണ്ട അതോടെ ഏതാണ്ട് വെള്ളത്തില് വീണ  ഗുണ്ട് പോലെ ആയി

റോമു എഴുന്നേറ്റ് എന്നെയൊന്ന് നോക്കി  പ്രേതത്തെ കണ്ടപോലെ ഒറ്റ ഓളി  അത് കേട്ടതോടെ അയ്യോ  പ്രേതന്നും പറഞ്ഞോണ്ട്  മുരുകൻ ഒറ്റ  അലർച്ച.

എന്റെ കർത്താവെന്നും നില വിളിച്ചോണ്ട്  പാക്കരൻ ചേട്ടൻ അടുക്കളയിലോട്ട് ഓടി അവിടെ അന്നമ്മ ചേടത്തിയുണ്ട്  അത് കൊണ്ട്  പ്രേതം അടുക്കളയിലോട്ടൊന്നും വരത്തില്ലാന്ന് പാക്കരൻ ചേട്ടന് നന്നായറിയാം .

തന്റെ ചോര പ്രേതത്തിന് വെറുതേ കുടിക്കാൻ കൊടുക്കണ്ടാന്നും കരുതി  റോമു വേഗം കൂട്ടിൽപ്പോയി കിടന്നു.

       
എന്റെ മുരുകാ.. ചുമ്മാ  തമാശ പറഞ്ഞ് പേടിപ്പിക്കാതെ

ഇത് തമാശയല്ല ., ഉന്മ താൻ , എന്നുടെ പക്കത്തെ വീട്ടിലും ഇത് പോലെ ഓളി കേട്ടത് അവർ നിനച്ചു അത് ഏതോ പറവ  ആയിരിക്കുമെന്ന് അത്കൊണ്ട് മൈൻഡ് ചെയ്തില്ല . ഒരു നാൾ അന്ത ഓണർ പ്രേതത്തെ നേരിൽ പാത്താച്ച്  അന്ത സ്പോട്ടിലെ അവർ സത്തു പോയിട്ടേ

എന്നിട്ട് ?

പാക്കരൻ ചേട്ടൻ ആകെ വിറച്ചോണ്ടാണതു   ചോദിച്ചത്   .

എന്നിട്ടെന്നാ..,  അവർ സത്തു പോയാച്ച് അവളോ താൻ അവർ ഒടമ്പില് ഒരു തുള്ളി രത്തം പോലുമില്ല എല്ലാമേ അന്ത പ്രേതം ശാപ്പിട്ടാച്ച്

മുരുകന്റെ വർത്താനം കേട്ടാ  പ്രേതം ഏതാണ്ട്  സൂപ്പ് കുടിച്ച പോല്യാ പറയുന്നത് 

പാക്കരൻ ചേട്ടൻ വിറക്കുന്നതിന്റെ ഒപ്പം  ആറ്റിക്കൊണ്ടിരുന്ന  ചായഗ്ലാസ്സും വിറക്കുന്നുണ്ട്  വിറച്ച് വിറച്ച് പകുതി ചായ താഴെപ്പോയി , എന്തെങ്കിലും തിന്നാൻ കിട്ടുമോയെന്നും കരുതി മണികണ്ഠൻ പൂച്ച ഈ സമയം  പാക്കരൻ ചേട്ടന്റെ കാലിൽ  നക്കിക്കൊണ്ട്  നിൽപ്പുണ്ടായിരുന്നു  ചൂട് ചായ വീണത് മണികണ്ഠന്റെ തലേലിക്കായിരുന്നു   അലറിക്കൊണ്ട് മണികണ്ഠൻ ജീവനും കൊണ്ടോടി  ഓടുന്ന ഓട്ടത്തില് പാക്കരൻ ചേട്ടന്റെ കാലുമ്മേ ഒരു കടിയും കൂടി  കൊടുത്തിട്ടാ മണികണ്ഠൻ  പാഞ്ഞത്.

കിഴവൻ ചൂടുചായ ഒഴിച്ച് കൊന്നേനേ
               
മണികണ്ഠന്റെ പാച്ചല് കണ്ടതോടെ  റോമു കരുതിയത്  മണികണ്ഠനെ പ്രേതം പിടിക്കാൻ വരുന്നതു കൊണ്ടെന്നാ അതു  കാണാൻ കരുത്തില്ലാതെ  അവൻ  കണ്ണടച്ചു കിടന്നു .

അല്ലെങ്കി തന്നെ പ്രേതത്തിന്റെ ..പ്രേ ..ന്ന്  കേട്ടാ തന്നെ എനിക്ക് പനി വരുന്നതാ അതിനിടയിൽ കൂടി  വലിയൊരു  ബോംബും കൂടിയാണ് മുരുകൻ ഇട്ടു തന്നിരിക്കുന്നത്

അമ്മയാണെങ്കി ... അമ്മ വീട്ടിലേക്ക് പോയിരിക്കാ എന്നേം വിളിച്ചതായിരുന്നു  കൂടെ പോയാ മതിയായിരിന്നു  

ഈ മുരുകനെ കണ്ടതാ പ്രശ്നം ആയത് പ്രേതത്തിന്റെ ഒരു സങ്കൽപ്പോം ഇല്ലാതിരുന്നതായിരുന്നു   ഇപ്പൊ പ്രേതങ്ങളുടെ മുഖം മാത്രമേ  ഓർമ്മയിൽ  വരുന്നുള്ളൂ.

രാത്രിയാവും തോറും ഓളി കൂടി കൂടി വരുന്നു  ആരെയാണിപ്പോ ഒരു  ധൈര്യത്തിന് വിളിക്കാ ?  പ്രേക്ഷിതൻ സുകുവിനെ വിളിച്ചാലോ ?

സത്യം പറഞ്ഞാ സുകു വരത്തില്ല  അതോണ്ട് എന്തെങ്കിലും നുണ പറയാം.

കേൾക്കേണ്ട  താമസം സുകു ചാടിയാ സമ്മതം പറഞ്ഞത് , അമ്മയില്ലെന്ന്  കേട്ടപ്പോ സുകുന്  പെരുത്ത് സന്തോഷം ഒരു  കുപ്പി കള്ള് കൂടി വാങ്ങിത്തരാന്ന് പറഞ്ഞതോടെ  സന്തോഷം കൊണ്ട് സുകൂന്റെ കണ്ണീന്ന് വെള്ളം  വന്നു .

എന്തിനാടാ ഇത്രയൊക്കെയെന്ന്  കരഞ്ഞോണ്ടായിരുന്നു  സുകു ചോദിച്ചത്

രാത്രി വളരും തോറും  ഓളികളുടെ  ശക്തിയും കൂടിത്തുടങ്ങി  ആദ്യമൊന്നും സുകുവിന് യാതൊരു സംശയം തോന്നിയില്ല , പിന്നെ.., എന്റെ പരാക്രമവും കൂടി കണ്ടതോടെ എന്തോ ഒരു പന്തികേട്  മണത്തു   

എന്താത് ?

പ്രേതംന്ന് ഞാൻ പറയുമ്പോഴേക്കും പുറത്തൂന്ന് ഒരലർച്ച ഞാനും സുകുവും ഒരുമിച്ച് ഞെട്ടിപ്പോയി

കാറ്റത്ത് തേങ്ങാ വീണതായിരുന്നു  

പ്രേതം.., ഞാൻ വന്നിട്ടുണ്ടെന്ന് അറിയിക്കാൻ വേണ്ടി അലറിയതു  പോലെയാ ഞങ്ങൾക്ക് തോന്നിയത് .

അതോടെ  കുടിച്ച കള്ളിന്റെ ലഹരിയെല്ലാം സുകുവിൽ നിന്നും നിന്നും  ആവിയായിപ്പോയി 

എടാ മഹാപാപി...   ഇതിനാണോ നീ  എന്നെ കൂട്ട് വിളിച്ചത്?  ഞാൻ പോവാന്നും പറഞ്ഞ് സുകു പുറത്തേക്ക്  കാല് വെച്ചതായിരുന്നു   

അപ്പോഴാണ്  ഇരുട്ടിൽ  ഒരു രൂപം നിൽക്കുന്ന കണ്ടത്

മറുത ... ഞാൻ വിറച്ചിട്ടാണതു   പറഞ്ഞത്

ആരാ നിന്റെ ബന്ധുവാ എന്നാ വിളിക്ക്

എന്റെ സുകുവേട്ടാ അത് പ്രേതത്തിന്റെ പേരാ
                   
അതോടെ  പുറത്തേക്ക് വെച്ച കാലുമായി  സുകു അകത്തോട്ടൊരു ചാട്ടം.

തെങ്ങുമ്മേ ചാരിവെച്ച കോലത്തെ കണ്ടായിരുന്നു ഞാനും സുകുവും ഒരുമിച്ച് ഞെട്ടിയത് 

ഈശ്വരാ പ്രേതങ്ങൾക്ക്  പേരൊക്കെയുണ്ടോ ? എന്തിനാടാ കള്ള് വാങ്ങിത്തന്ന്  എന്നെ പ്രേതത്തേക്കൊണ്ട്  പിടിപ്പിക്കുന്നത് ?

എന്റെ സുകുവേട്ടാ  ഞാനൊരു തമാശ പറഞ്ഞതല്ലേ ?

ഞാൻ വിക്കിക്കൊണ്ടാണ് അങ്ങനെ പറഞ്ഞത്  

അതോടെ സംഗതിയാകെ  പന്തികേടാണെന്നു സുകുവിന്  മനസ്സിലാവുകയും  ഒരു ധൈര്യത്തിനായി  കർത്താവിന്റെ ഫോട്ടോയുടെ അടുത്തേക്ക് കൂടുതൽ  നീങ്ങി നിൽക്കുകയും ചെയ്തു  

അതു കണ്ടതോടെ ഞാനും കർത്താവിന്റെ അടുത്തേക്ക് നീങ്ങി  നിന്നു

ഇന്ന് വെള്ളിയാഴ്ചയല്ലേ ?

അതിന് ?

അതിനോ ?, എടാ വെള്ളിയാഴ്ചയാണ് പ്രേതങ്ങളുടെ ഇഷ്ട്ട ദിവസം  അന്നാണ് എല്ലാം കൂടി ഒരുമിച്ച് പുറത്തേക്കിറങ്ങാ ?

അതെനിക്കൊരു പുതിയ അറിവായിരുന്നു  ചിലപ്പോ ശനിയും , ഞായറും ലീവായതു കാരണം വെള്ളിയാഴ്ച്ച ദിവസങ്ങളിൽ വയറു നിറയെ ചോര കുടിച്ചിട്ട് പ്രേതത്തിന് സുഖമായി  കിടന്നുറങ്ങാനാവും .

എനിക്ക് മുരുകനെ  ഒരു ചവിട്ട് വെച്ച് കൊടുക്കാൻ തോന്നി  പ്രേതത്തിന്റെ ഒരു വിചാരോം ഇല്ലാണ്ടിരുന്ന ഞാനാ 

പക്ഷിയാണെന്നും കരുതി മനസ്സമാധാനമായി  ഇരുന്നേതായിരുന്നു   ഇപ്പോ ശരിക്കുമുള്ള  പക്ഷികളുടെ  ഓളി കേൾക്കുമ്പോഴും പ്രേതം കൂവുന്നതാണെന്നാ തോന്നുന്നത്

ഇവറ്റകളെന്തിനാവോ..,  ഇങ്ങനെ ഓളിയിട്ടു പേടിപ്പിക്കുന്നത് .

നാളെ ഞാനൊരു മന്ത്രവാദിനെ കൊണ്ടുവരാം 

അത് നാളെയല്ലേ സുകുവേട്ടാ അതുവരേക്കും പ്രേതം നമ്മളെ പിടിക്കാതിരുന്നാ മതിയായിരുന്നു 

നീയൊറ്റ ഒരുത്തനാ ഇതിനെല്ലാം കാരണമെന്നും പറഞ്ഞ്  സുകു കരഞ്ഞോണ്ട്  കർത്താവിനെ നോക്കി  സുകു കരയുന്ന കണ്ടതോടെ  ഞാനും കർത്താവിനെ നോക്കി ഒറ്റക്കരച്ചില്

എന്റെ പെട്ടെന്നുള്ള കരച്ചില് കേട്ടതോടെ സുകു ഞെട്ടിപ്പോയി എന്തിന് കർത്താവുവരെ  എന്റെയാ  കരച്ചിൽ  കേട്ട്  ഞെട്ടിപ്പോയി . 

സുകു കരുതിയത് ഞാൻ  പ്രേതത്തെ കണ്ടതോടെ  കരഞ്ഞതാണെന്നാ 

സുകുന്റെയാ  ചാട്ടം കണ്ടതോടെ  ഞാനും അങ്ങനെ തന്നെയാ കരുതിയത് 

പേടിച്ചേനേലോ? അതും പറഞ്ഞാ സുകു എന്നെ നോക്കിയത് 

സുകുവേട്ടാ നിങ്ങളൊരു  പ്രേക്ഷിതനല്ലേ ? ഇങ്ങനെ പേടിക്കാൻ പാടുണ്ടോ ?

ഏത് സുകു ? 

സുകു വിറച്ചിട്ടാണത്  ചോദിച്ചത്

എന്റെ സുകുവേട്ടാ  നിങ്ങള് നിങ്ങടെ പേരും മറന്നോ  ?

പാവം  പേടിയില്  സ്വന്തം പേര് പോലും മറന്നിട്ടാണ്  നിൽക്കുന്നത് 

നിങ്ങളീ ബാധകളെയൊക്കെ ഒഴിപ്പിക്കുന്നതല്ലേ ?

എടാ അത് ബാധ..,  ഇത് പ്രേതം .

ഇതു  രണ്ടും തമ്മില് എന്താ വ്യത്യാസമെന്ന് എനിക്കൊട്ടും  മനസ്സിലായില്ല പിന്നെ അതിപ്പോ തിരിച്ചറിഞ്ഞിട്ട് വല്യ കാര്യമൊന്നുമില്ല രണ്ടായാലും നമ്മുടെ ചോരയുടെ കാര്യം പോക്കാ .

എന്റെ സുകുവേട്ടാ നിങ്ങള് കർത്താവിനോടൊന്ന് പ്രാർത്ഥിക്ക്

എടാ ഞാൻ പ്രാർത്ഥിച്ചാ കർത്താവ് കേൾക്കോ ?

നിങ്ങളൊരു   പ്രേക്ഷിതനല്ലേ സുകുവേട്ടാ  ?

ഞാനത് പറഞ്ഞു തീരലും  സുകു കർത്താവിനെ നോക്കി നെഞ്ചത്ത് രണ്ടിടീം  എന്റെ കർത്താവേന്ന് ഒറ്റ അലർച്ചയും  .

ആ അലർച്ച കേട്ട് കർത്താവ് മാത്രമല്ല തൊട്ടപ്പുറത്ത് നിൽക്കുന്ന  പുണ്യാളൻമാര്  വരെ ഞെട്ടിപ്പോയി
 
എന്റെ സുകുവേട്ടാ.. നിങ്ങളോട്  കർത്താവിനെ പേടിപ്പിക്കാനല്ല പറഞ്ഞത് 

സുകു എത്ര കരഞ്ഞ് പ്രാർത്ഥിച്ചിട്ടും ഓളിക്ക്  ഒരു കുറവുമില്ല  സുകുന്റെ കരച്ചില് കണ്ടതോടെ  ഞാനും കർത്താവിനെ നോക്കി കരഞ്ഞ് പ്രാർത്ഥിക്കാൻ തുടങ്ങി 

രണ്ടുപേരും വാ കീറി കരഞ്ഞിട്ടും  കർത്താവിനൊരു കുലുക്കവുമില്ല    

നിങ്ങൾക്ക് അങ്ങനെത്തന്നെ  വേണം ഞായറാഴ്ച പോലും  പള്ളീ വരാത്തൊരാല്ലേന്ന് കർത്താവ് ചോദിക്കുന്ന പോലെയാ എനിക്ക് ഫോട്ടോയിലേക്ക് നോക്കിയപ്പോ തോന്നിയത് 

എന്റെ  കർത്താവേ നാളെത്തൊട്ട് ഞാൻ  പള്ളീ വന്നോളാവേ 

പെട്ടെന്ന് പുറത്തൊരു  ചിലങ്കയുടെ ശബ്ദം അതങ്ങനെ അടുത്തടുത്ത് വന്നു കൊണ്ടിരിക്കുന്നു  സുകൂന്റെ പ്രാർത്ഥന ഉച്ചസ്ഥായിലായി എനിക്കും ഉറക്കെ പ്രാർത്ഥിക്കണമെന്നുണ്ട്  പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല  ശബ്ദത്തിനും പേടി പുറത്തേക്ക് വന്നാൽ പ്രേതം പിടിച്ചാലോന്ന്  ?

എന്റെ തൊണ്ടയിൽ  ആകെയൊരു  കുറുങ്ങൽ  മാത്രം . 

അതുകൂടി കണ്ടതോടെ സുകുവിന് കൂടുതൽ പേടിയായി 

പ്രേതം വരുന്നതിനു മുമ്പേ പേടികൊണ്ട്  ഞാൻ ഇവിടെത്തന്നെ വീണ് ചാവുമൊന്ന് സുകുവിനൊരു സംശയം അപ്പോപ്പിന്നെ അവൻ ഒറ്റക്കാവൂല്ലേ

ബോധം ഇല്ലാത്തതുകൊണ്ട് പ്രേതം ചിലപ്പോ എന്നെ വെറുതേ വിടും കാരണം ബോധം ഇല്ലാത്തവരുടെ  ചോര കുടിക്കാൻ പ്രേതത്തിന് ഇഷ്ടമുണ്ടാവില്ല

ടേസ്റ്റുണ്ടാവില്ല....

അതാ ചങ്ങലക്കിലുക്കം അടുത്തെത്തിക്കൊണ്ടിരിക്കുന്നു  എന്റെ ബോധം എന്നെവിട്ട് ഓടാനിതാ  റെഡിയായി നിൽക്കുന്നു

ബോധം പോയാ പ്രേതത്തിനെ കാണാതെ  കഴിക്കാം  അല്ലെങ്കിൽ ചിലപ്പോ ജീവനാകും പോവാ 

കർത്താവ് സുകൂന്റെ  രോദനം കേൾക്കാണ്ടായതോടെ   പിന്നെ പുണ്യാളൻമാരെ നോക്കിയായി സുകുവിന്റെ കരച്ചില്. 

പുണ്യാളൻമാർക്ക് അപ്പോഴും ഞെട്ടല് മാറിയിട്ടുണ്ടായിരുന്നില്ല .

ചങ്ങല കിലുക്കം വാതിലിന്റെ തൊട്ടടുത്തെത്തി  ഓളികൾക്ക് കനം കൂടി  എല്ലാവരും കൂടി ഒരുമിച്ച് എന്തോ വാശിയോടെ കൂവുന്ന പോലെ .

സന്തോഷം കൊണ്ട് കൂവുന്നതാവും  രണ്ടു പേരുടെ ചോരയല്ലേ ഫ്രീയായിട്ട്  മോന്താൻ  കിട്ടിയിരിക്കുന്നത്  .

എന്നെക്കണ്ടാ പ്രേതത്തിന്  അത്ര വല്യ സന്തോഷമൊന്നും തോന്നാൻ വഴിയില്ല 

ഞെക്കിപ്പിഴിഞ്ഞാ പോലും അര ലിറ്ററ് ചോര തികച്ച് എന്റെ മേത്തൂന്ന് കിട്ടത്തില്ല  ചോര കിട്ടാത്ത ദേഷ്യത്തിന് പ്രേതം എന്നെ വല്ലാതെ ഉപദ്രവിക്കും  ചിലപ്പോ ഇടിയൻ ജോണി ഇടിക്കുന്ന പോലെ ഇടിക്കും  എന്താടാ ചോരയില്ലാത്തതെന്നും ചോദിച്ച് മാന്തും

ചെറുപ്പം തൊട്ടേ ചോര കുറവാന്ന് പറഞ്ഞാലും വിടത്തില്ല .

പക്ഷേ സുകൂന്റെ മേത്ത് ഒരു മൂന്നു നാലു പ്രേതങ്ങൾക്ക് വയറു നിറച്ച് കുടിക്കുവാനുള്ള ചോരയുണ്ട്   ഈശ്വരാ ആദ്യം സുകുവിനെ പിടിച്ചാ മത്യാരുന്നു 

എന്റെ പ്രാർത്ഥന സുകു കേട്ടോ എന്തോ ? 

പ്രേതം വരുമ്പോ സുകൂനെ ചൂണ്ടിക്കാണിക്കാം

സുകൂന്റെ ചോര കുടിച്ച് മതിയായിട്ട് പ്രേതങ്ങള് പോയാലോ ?

അല്ലെങ്കീ പ്രേതം വരുമ്പോ പാവം പോലെ ഒന്ന്  നിന്ന് നോക്കിയാലോ  ഞാൻ തീരെ ചോരയില്ലാത്ത പോലെ ഒന്നുകൂടി കുനിഞ്ഞു  നിന്നു .

സുകുവാണെങ്കിൽ  പ്രാർത്ഥനയോട് പ്രാർത്ഥന  നേർച്ചകളോട് നേർച്ച  പക്ഷേ ഒരു പുണ്യാളൻമാരും മൈൻഡ് ചെയ്യുന്നില്ല  സുകൂന്റെ  നമ്പറാ ഇതെന്ന് എല്ലാ  പുണ്യാളൻമാർക്കും  നന്നായറിയാം കാര്യം കഴിഞ്ഞാ സുകു ഇതൊക്കെ മറക്കും .

സുകൂന് ഇറങ്ങി ഓടണമെന്നുണ്ട്  പക്ഷേ പുറത്തേക്കിറങ്ങാൻ പേടി   ഇവിടെ കർത്താവിന്റെ ഫോട്ടോയെങ്കിലും കൂട്ടിനുണ്ട്  അത് കണ്ട് ചിലപ്പോ പ്രേതം പേടിച്ച് പോയാലോ  

പുറത്തേക്കിറങ്ങ്യ  ചിലപ്പോ പ്രേതത്തിന്റെ വായിലേക്കാവും ചെന്ന് ചാടാ .

ചങ്ങലക്കിലുക്കം വാതിലിന്റെ തൊട്ടടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു അത് വാതിലിന്മേൽ മുട്ടുന്നു ഏതോ ഡീസന്റ് പ്രേതമാണെന്നാ തോന്നുന്നത്   നേർവഴിക്കാണ് ചോര കുടിക്കാൻ വരുന്നത് .

അതാ വാതിൽ പതിയെ തുറക്കുന്നു  തുറന്ന വാതിലിൽ കൂടെ എന്തോ ഒന്ന് അകത്തേക്ക് ചാടി

അമ്മേ ..പ്രേതം  

ഞാനൊറ്റ  അലർച്ച  

എന്റെയാ  അലർച്ചയോട് കൂടി സുകുവിന്റെ ബോധം പോയി

എന്നെ കൊല്ലരുതേയെന്നും കരഞ്ഞോണ്ട്  സുകു വെട്ടിയിട്ട പോലെ താഴെ  

വാതിൽ തുറന്നു വന്ന  ആളെക്കണ്ട് ഞാൻ ഞെട്ടി  സുകുവിന് ബോധം ഇല്ലാത്തതുകൊണ്ട് ഞെട്ടിയില്ല  

മ്മടെ റോമു ചങ്ങലയോടെ വന്ന് നിൽക്കണൂ .

റോമൂന് ആകെ സ്നേഹം  ഞങ്ങളെ നക്കോട് നക്ക്  

എനിക്ക് ഒരു ചവിട്ട് വെച്ച് കൊടുക്കാനാ ആദ്യം തോന്നിയത്  പിന്നെ പ്രേതത്തിന് ചോരകുടിക്കാൻ ഒരാളും കൂടി ആയല്ലോ എന്ന സന്തോഷം കാരണം ഒന്നും ചെയ്തില്ല

സത്യത്തില് റോമു വല്ലതും തിന്നാൻ കിട്ടൂന്ന് വിചാരിച്ച് കേറി വന്നതായിരുന്നു

എന്തിനാടാ റോമു ഞങ്ങളെ പേടിപ്പിച്ചത് ?,

റോമു പോയി സുകുവിനെ നക്കോട് നക്ക്

സുകുവാണെങ്കിൽ ബോധം ഇല്ലാണ്ടും കിടന്നു കരയുന്നുണ്ടായിരുന്നു   

എന്നെ കൊല്ലരുത് പ്രേതമേ...ന്നും പറഞ്ഞോണ്ട് 

സുകൂന്റെ വിചാരം പ്രേതമാ  നക്കുന്നതെന്നാ ചോര കുടിക്കുന്നതിനു മുൻപായി ക്ലീൻ ചെയ്യുന്നതായിരിക്കും 

പിറ്റേ ദിവസം സുകുവിന്  ആകെ പനി 

പേടിച്ചു വിറച്ചിരിക്കുന്ന സുകുവിനെ കണ്ടാ മറ്റൊരു പ്രേതം പോലെ തോന്നി 

എന്നിട്ടും സുകു  എവിടെന്നോ ഒരു മന്ത്രവാദിനെ തപ്പിയെടുത്തോണ്ട് വന്നു 

പേര്  കണാരൻ

കണാരൻ മന്ത്രവാദി ചുട്ട കോഴീനെ വരെ പറപ്പിക്കൂത്രേ പക്ഷേ ആളെക്കണ്ടാ അങ്ങനെ  തോന്നത്തില്ല  കോഴി ചിലപ്പോ ഇയാളെയാവും  പറപ്പിക്കാന്നാ എനിക്ക് തോന്നിയത് .

പൂജ നടത്തി  കണാരൻ  പറഞ്ഞത്  ഇത് പ്രേതം തന്ന്യാ ന്നാ  

നൂറ് വർഷങ്ങൾക്ക് മുമ്പ് ചത്തുപോയ  കോമരന്റെ പ്രേതം .. കോമരൻ വിശന്നിട്ടാ ചത്തേത്രെ ആ വിശപ്പ്  വരുമ്പോഴാണ് കോമരൻ ഓളിയിടുന്നത് 

പക്ഷേ .., ഇത്രനാളും ഇല്ലാത്തത് എങ്ങിന്യാ  കുറച്ച് ദിവസായിട്ട് കേക്കുന്നത് 

ഇപ്പഴാണ്  കോമരൻ പ്രേതമായി മാറീത് 
                 
കോമരന് പ്രേതമായി മാറാൻ കണ്ട സമയം  ഈശ്വരാ എല്ലാ മാരണങ്ങളും ഇങ്ങോട്ടേക്കാണല്ലോ കേറി വരുന്നത്  

എങ്ങിന്യാ ഇതിനെയൊന്ന് ഒഴിപ്പിക്കാ ?

ചോര കൊടുത്താ മതി  ചോര കൊടുത്ത് അതിന്റെ വിശപ്പു മാറ്റണം  
ആ ആക്രാന്തം മാറുമ്പോ കോമരൻ പോയ്‌ക്കൊള്ളും

മന്ത്രവാദിടെ  പേര് കണാരൻ  പ്രേതത്തിന്റെ പേര് കോമരൻ .

ഇനിയിപ്പോ  പ്രേതത്തിന്റെ ആക്രാന്തം മാറ്റാനുള്ള ചോര എവിടന്ന് കിട്ടും  ബ്ലഡ് ബാങ്കീന്ന് വാങ്ങിക്കൊടുത്താ മതിയോ ?

അത് പറ്റില്ല നല്ല ചൂട് ചോര ഫ്രഷ് ആയിട്ട് തന്നെ വേണം .., നല്ല കൊഴിന്റെ ചോര 

അത് കേട്ടതോടെ  മുറ്റത്ത് നെല്ല് കൊത്തിത്തിന്നു കൊണ്ടിരിക്കയായിരുന്ന ചന്ദ്രേട്ടന്റെ പൂവൻ ചിന്നൻ ഒറ്റ ഞെട്ടും പിന്നെ ഒറ്റ   കൂവലും.  

ചിന്നൻ അപ്പോത്തന്നെ  ചന്ദ്രേട്ടന്റെ  വീട്ടിലേക്ക് പാഞ്ഞു  ഇനീം കൊത്തി  തിന്നാൻ നിന്നാല് ചോര ചിലപ്പോ പ്രേതത്തിനാവും പോവാ അതീപ്പിന്നെ ചിന്നൻ  ഞങ്ങടെ ഏരിയേലേ  കാല് കുത്തിയിട്ടില്ല .

ഇപ്പൊ  എന്നെ കാണുമ്പോ ഒരു ജാതി നോട്ടാ  മഹാപാപി എന്റെ ചോര പ്രേതത്തിന് കൊടുക്കാൻ  നോക്കിയോനെല്ലേടാ നീ 

സുകുവാ ആ ഐഡിയ പറഞ്ഞത് .. എടാ ചോര നമുക്ക് പരമേട്ടന്റെ കോഴിക്കടെന്ന്  വാങ്ങാന്ന് 

ചോര മാത്രമായിട്ട് തരത്തില്ലെന്ന് പരമേട്ടൻ പറഞ്ഞതോടെ അതിന്റെ കൂടെ ഒരു കോഴിയേയും വാങ്ങി ചോര പ്രേതത്തിന് കൊടുത്ത് കോഴിയെ തട്ടാലോ എന്നായിരുന്നു സുകുവിന്റെ ചിന്ത 

ചോരയും  എടുത്ത് വെച്ച്  മന്ത്രവാദി കോമരനെ വിളിച്ചോണ്ടിരിക്കാ  മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും കോമരൻ വന്നില്ല  

വിശന്ന് ചത്ത പ്രേതാന്നല്ലേ മന്ത്രവാദി പറഞ്ഞത്

സുകുവാണെങ്കിൽ  ആകെ അക്ഷമനായിട്ട് ഇരിക്കാ .., പ്രേതം വന്ന് ചോരകുടിച്ച് പോയിട്ട് വേണം ആ കോഴീനെ പൊരിച്ച് തിന്നാനെന്നും പറഞ്ഞാ  സുകു നിൽക്കണത്

എവിടെ പ്രേതന്ന് ചോദിക്കുമ്പോഴെക്കെ മന്ത്രവാദി പറയും ദാ ..ഇപ്പ വരും .., ദാ ഇപ്പ വരുന്ന്  ചിലപ്പോ രാത്രീ മുഴുവൻ ഇരുന്ന് കൂവിയ കാരണം  ഉറങ്ങാവും .

അവസാനം കോമരൻ വന്നില്ല  ചിലപ്പോ കോഴീന്റെ ചോര കോമരൻ പ്രേതത്തിന് ഇഷ്ട്ടായിരിക്കില്ല 

കോഴീനേം  ചോരേം കൊണ്ട് മന്ത്രവാദി പോയി  കോഴീനെ കിട്ടാൻ സുകു കുറേ  ഗുസ്തി കാണിച്ചു നോക്കിയെങ്കിലും മന്ത്രവാദി കൊടുത്തില്ല കൂടുതല് പ്രശ്‌നം ഉണ്ടാക്കിയാ സുകുവിനെ ഒരു  കോഴിയാക്കി മാറ്റി പ്രേതത്തിന് ഇട്ട് കൊടുക്കുമെന്ന് പറഞ്ഞതോടെ  സുകു പേടിച്ചു . 

അന്ന് രാത്രി  കോമരന് വെച്ച കോഴി മന്ത്രവാദി കണാരൻ തട്ടി .

പിറ്റേ ദിവസം പാക്കരൻ ചേട്ടന്റെ  ചായക്കടയിൽ  ഇരിക്കുമ്പോ  വാസുവേട്ടനാ പറഞ്ഞത് 

എടാ അത് ദേശാടന പക്ഷികളാ  ചില സീസണില് അവ കൂട്ടമായി  വരും രാത്രി മുഴുവൻ ഇങ്ങനെ കൂവിക്കൊണ്ടിരിക്കും  സീസൺ കഴിയുമ്പോ  അവറ്റ വേറെ ഇടത്തേക്ക് പോയിക്കൊള്ളും  അല്ലാതെയിത്  പ്രേതങ്ങളുടെ ഓളിയൊന്നുമല്ല  

ഞാൻ മുരുകനെ നോക്കിയെങ്കിലും   മുരുകൻ തഞ്ചാവൂരിലേക്ക് അമ്മേ  കാണാൻ പോയിരുന്നു  മുരുകന്റെ ഭാഗ്യം  ഇല്ലെങ്കീ ഞങ്ങള് മുരുകനെ തല്ലിക്കൊന്ന് പ്രേതമാക്കിയേനേ .




           
                   

     


                           

                             

0 അഭിപ്രായങ്ങള്‍