എന്റെ ദൈവമേ ..ഇന്നും പരിപ്പാ..?

ഇവൾക്കീ പരിപ്പുകൊണ്ടുള്ള കറികള് മാത്രമേ ഉണ്ടാക്കാനറിയത്തുള്ളൂ   ?

ദിനവും പരിപ്പ് തിന്ന് തിന്ന് ഞാൻ തോറ്റൂ ..

പരിപ്പ് മാങ്ങാക്കറി , പരിപ്പ് മുരിങ്ങക്കാക്കറി, പരിപ്പ് പുളിശ്ശേരി വെച്ചത് , പരിപ്പ് എരിശ്ശേരി വെച്ചത് ..,  അവസാനം പരിപ്പോണ്ട്  ചമ്മന്തിവരെയുണ്ടാക്കി

എന്താന്ന് ചോദിച്ചാ പരിപ്പ് വളരെ നല്ലതാത്രേ

ദൈവം സഹായിച്ച് എനിക്കറിയില്ല .., കാരണം ഞാനിതുവരെ പരിപ്പിന്റെ ഗുണാഗുണങ്ങളെ  കുറിച്ച് കേട്ടിട്ടില്ല  എനിക്ക് ആകെക്കൂടി അറിയാവുന്നത് പരിപ്പ് കഴിച്ചാ ഗ്യാസും , നെഞ്ചെരിച്ചലും വരൂന്നാ .

ദിവസോം പരിപ്പായപ്പോ അവസാനം ഗ്യാസും സ്വയം തോറ്റ് പിന്മാറി 

എടീ നിനക്കീ പരിപ്പോണ്ടുള്ള കറികളല്ലാതെ  വേറൊന്നും അറിയത്തില്ലേ ?

ഗതികെട്ടാ ഞാൻ ചോദിച്ചത് 

ഈ നോർത്ത് ഇന്ത്യൻസിനൊക്കെ   ദിവസവും പരിപ്പ് കറിയാത്രെ  

ദാൽ മക്കാനി  , ദാൽ തട്ക്കാ , ദാൽ മസാലാ ..അങ്ങിനെ  വലിയൊരു ദാൽ  ലിസ്റ്റു തന്നെ ഭാര്യ എന്റെ മുന്നിൽ  നിരത്തി കളഞ്ഞു ..അവസാനം ദാൽ അവയില് വരെ പറഞ്ഞൂ കളഞ്ഞു .

നോർത്ത് ഇന്ത്യക്കാര് കഴിച്ചോട്ടേ ഞാനൊരു സൗത്ത് ഇന്ത്യനാ  ദാലും കഴിച്ച്  വയറും വീർത്ത് തേരാപ്പാരാ എമ്പക്കോം ഇട്ട്  നടക്കാന്നല്ലാണ്ട് എനിക്കിതൊണ്ടൊന്നും  യാതൊരു ഗുണോല്ല്യ .

 പറഞ്ഞാ വല്ലതും മനസ്സിലാവോ ?

ദാല് ആവുമ്പൊ എളുപ്പത്തില് പണി തീരും , അതാണ് പെണ്ണുമ്പിള്ളക്ക് ദാലിനോട് ഇത്ര പെരുത്തിഷ്ടം .

ദാല് കഴിച്ച് കഴിച്ച് എനിക്കാ  പേര് കേൾക്കുമ്പോ തന്നെ പേടിയായിത്തുടങ്ങി .

പെണ്ണ് കാണാൻ പോയപ്പോ അവളുടെ 'അമ്മ പറഞ്ഞത് കുക്കിങ്ങാണ്  അവളുടെ ഹോബിന്നാ  അതുംപോരാഞ്ഞ് കുക്കിങ്ങിലൊക്കെ കൊറേ സമ്മാനോം കിട്ടീട്ടുണ്ടത്രെ

എന്റെ അയലത്തുള്ള നാരായണേട്ടനും ഭാര്യേം  ഒരു പ്രാവശ്യം ഇവളുടെ കൈപ്പുണ്യം അറിയാൻ വേണ്ടി വന്നതാ

അവിയല്  സൂപ്പറായിണ്ടാന്ന്  നാരായണേട്ടൻ പറഞ്ഞത് കേട്ട്  ഞാനും ഞെട്ടി അവിയലും ഞെട്ടി...  സത്യത്തിലത്  സാമ്പാറായിരുന്നു 

ഭാര്യയുണ്ടാക്കിയ സ്‌പെഷൽ മെഴുക്ക് പിരട്ടി കഴിച്ച് നാരായണേട്ടന്റെ കണ്ണീന്ന് വെള്ളം വന്നു എന്റെ  ഭാര്യ കരുതിയത് സന്തോഷം കൊണ്ടാന്നാ പാവം എരുവ്  സഹിക്കാൻ പറ്റാണ്ട് കരഞ്ഞതായിരുന്നു 

അത് മെഴുക്കുപുരട്ടിയല്ല മുളക് പുരട്ടി ആയിരുന്നു

രണ്ട് ദിവസം നാരായണേട്ടൻ ചെമ്പില് വെള്ളം നിറച്ച് അതിലിറങ്ങി ഇരിപ്പായിരുന്നു  അതീപ്പിന്നെ എന്തെങ്കിലും വിശേഷത്തിന് വിളിച്ചാ കൂടി നാരായണേട്ടൻ വരത്തില്ല ബന്ധുവീട്ടില് പോകണമെന്നും പറഞ്ഞ് മുങ്ങും 

വീട്ടില് പണിക്കു വന്ന ബംഗാളിക്ക് ഒരു പ്രാവശ്യം ദാൽ മക്കാനി കൊടുത്തപ്പോ അവൻ ചിരിച്ച് ചിരിച്ച് ദാൽ മക്കാനിയിലേക്ക്  തലേം കുത്തി വീണു

അവൻ പറഞ്ഞത് ഇത്  ദാൽ മക്കാനിയല്ല.. വേറെ ഏതാണ്ടൊക്കെയാന്നാ 

ഞാൻ ഇങ്ങനെയല്ലാന്ന് ആ ദാലും പറഞ്ഞതാ  ... പക്ഷേ ആരു കേൾക്കാൻ     

എന്നാ നീയിനിയിത്  തിന്നണ്ടാന്നും പറഞ്ഞ് ഭാര്യ അതെടുത്തോണ്ട് പോയി പാവം ബംഗാളി അതൊരിക്കലും പ്രതീക്ഷിക്കാതായിരുന്നു അവസാനം വെള്ളം ഒഴിച്ച് ഒരു പച്ചമുളകും കൂട്ടിയാ അവനാ ചോറുണ്ട് തീർത്തത് 

അതീപ്പിന്നെ  എന്ത് കൊടുത്താലും മിണ്ടാതിരുന്ന് കഴിച്ച് എണീറ്റു പൊക്കോളും 

ഞാനും ഇത്രനാളും അത് ദാൽ മക്കാനിയാണെന്നാ കരുതിയിരുന്നത് നമ്മളീ മക്കാനിയൊന്നും കഴിക്കാത്തതുകൊണ്ട് മനസ്സിലായത്തുമില്ല 

അമ്മ കുത്തിപ്പൊടിച്ച് കാച്ചി തരുന്ന പരിപ്പു കൂട്ടാൻ മാത്രേ ഞാൻ എന്റെ  ജീവിതത്തില് കണ്ടിട്ടുള്ളൂ അങ്ങിനെയുള്ള ഞാൻ ദാൽ മക്കാനിയെ എങ്ങനെ തിരിച്ചറിയാനാ? 

വീട്ടിലുള്ള  മണികണ്ഠൻ പൂച്ച  ഭക്ഷണം  കൊണ്ട് വന്ന് വെച്ചാ ഏതാണ്ട്  വിഷം കൊണ്ട് വന്ന് വെച്ചേക്കുന്ന മാതിരി എന്റെ മുഖത്തോട്ടൊന്ന് നോക്കി കോട്ടുവായിട്ട്  വീണ്ടും പോയി കിടന്നൊറങ്ങും 

പാവം ഇയാളുടെ കാര്യം പോക്കാന്ന് ..  അവൻ മനസ്സില് പറയേം ചെയ്യും 

മണികണ്ഠന് കുഴപ്പമില്ല അപ്പുറത്തെ  നാരായണേട്ടന്റെ വീട്ടില് പോയി ഒന്ന് നീട്ടി കരഞ്ഞാ മതി നല്ല  മീന്തല  കൂട്ടി ചോറ് കിട്ടും  അറ്റ്ലീസ്റ്റ് മീഞ്ചാറെങ്കിലും കിട്ടും .

പക്ഷേ .., എനിക്ക് പോയി  നാരായണേട്ടന്റെ വീട്ടീന്ന് മീന്തല കൂട്ടി ചോറുണ്ണാൻ  പറ്റോ ? ഡെയ്‌ലി .., ഡിഫറൻറ് ..,ഡിഫെറെൻറ് മണാ അവിടന്ന് വരാ ..,മീൻ പൊരിക്കുന്ന  മണം , വെക്കുന്ന  മണം .., നാരായണേട്ടന്റെ ഭാര്യേനെ കല്യാണം കഴിച്ചാ മതിയായിരുന്നു.

ആ മണം വലിച്ചു കേറ്റി വെള്ളമിറക്കിയിരിക്കാനായിരിക്കും  .. എന്റെ വിധി 

ഞങ്ങളുടെ വളർത്തു നായ റോമു ഇപ്പൊ നാരായണേട്ടന്റെ വീട്ടിലെ കാവൽക്കാരനായി മാറി  ഞാൻ കൊണ്ട് വന്ന്  വളർത്തിയോനാ  പാവം അവനേം കുറ്റം പറഞ്ഞിട്ട് കാരില്ല്യാ , എത്ര നാളാ ഈ ദാല് മാത്രം കഴിച്ച്  ജീവിക്കാ ? 

ആകെ മടുത്തിട്ടാ അവൻ  നാരായണേട്ടന്റെ വീട്ടിലേക്ക്  അതിക്രമിച്ചു കയറി അവിടത്തെ കാവൽക്കാരനായി മാറിയത് 

ഇപ്പൊ എന്നെ കാണുമ്പോ അവന് പരമ പുച്ഛം  ഏതാണ്ട് കളിയാക്കുന്ന പോലെ ഒരു പാട്ടും പാടി അവിടെത്തന്നെ കിടക്കും  ഒരു ബഹുമാനോം കാണിക്കത്തില്ല 

പണ്ട്  എന്നെ കാണുമ്പോഴേക്കും  സ്നേഹം കൊണ്ട്  ചാടി മറിഞ്ഞ് ഉരുണ്ട്  എനിക്കുവേണ്ടി  ആത്മഹത്യ വരെ ചെയ്തു കളയുന്നോനായിരുന്നു .

അപ്പോഴത്തെ അവന്റെയാ  സ്നേഹ പ്രകടനം കണ്ട് എനിക്കെന്നെ കരച്ചില് വരാറുള്ളതാ 

ഇപ്പോ അവനും മനസ്സിലായി ഈ ഉണ്ണാക്കനെക്കൊണ്ട് യാതൊരു കാര്യവും ഇല്ലെന്ന്  അവനിപ്പോ നാരായണേട്ടനെ കാണുമ്പോഴാ ഇജ്‌ജാതി പ്രകടനം

ഇയാളുടെ ജീവിതോ ദാലില് തീർന്നു  എന്റെതും കൂടി  ഹോമിക്കണോ എന്ന ലൈനായി ഇപ്പോ അവന്റേത്.

മീൻചാർ കൂട്ടി അവൻ വെട്ടുന്ന  വെട്ട് കണ്ട്  എന്റെ വായെന്ന് വരെ വെള്ളം വരും..,  പോയി അവന്റെ പാത്രത്തിന്ന്   തലയിട്ട് തിന്നാലോന്ന് വരെ ഞാൻ ആലോചിക്കാറുള്ളതാ .

ഇപ്പൊ ഞാൻ നോക്കി നിക്കുന്ന കാണുമ്പോ അവൻ അങ്ങോട്ട് തിരിഞ്ഞിരുന്നാ കഴിക്കാറ്  

ഓഫിസിലാണെങ്കിൽ ..,  ഉച്ചക്ക് ഊണിന് ഒരോരുത്തരുടെ പാത്രത്തിലും ദിവസോം ഓരോ വിഭവായിരിക്കും , എന്റെ പാത്രത്തില് മാത്രം ദിവസോം ദാല് , അവസാനം അവിടെയുള്ളോരു എന്നെ ദാൽ മാൻ , ദാൽ മാൻന്ന് വരെ വിളിച്ചൊടങ്ങി  ഈ പേപ്പർ മാൻ , മിൽക്ക് മാൻന്നൊക്കെ പറയണ കൂട്ട് .

ഒരു ദിവസം അവളുടെ അപ്പൻ വീട്ടി വന്നതാ  ആ പാവത്തിനും  ദിവസോം  പരിപ്പ് കഴിച്ച് ഗ്യാസ് കേറി  ഹാർട്ട് അറ്റാക്കാന്നും പറഞ്ഞു രാത്രിക്ക് രാത്രി തന്നെ  വണ്ടി വിളിച്ച് ആശുപത്രീലോട്ട്  കൊണ്ട് പോയി  

പുള്ളിക്കാരൻ അന്നത്തോടെ  പെട്ടിയും പൂട്ടി സ്ഥലം വിട്ടു  മോളുടെ വീട്ടില് ഒരാഴ്ച്ച നിക്കാൻ ആശിച്ച് വന്നതായിരുന്നു ആ പാവം 

ഒരാഴ്ച്ച കഴിഞ്ഞാ ചിലപ്പോ  ആംബുലൻസിലാവും  പോവേണ്ടി വരാന്ന് മനസ്സിലായതോടെ പുള്ളിക്കാരൻ എസ്കേപ് .

പോവുമ്പോ പുള്ളിക്കാരൻ എന്നെ നിഷ്ക്കളങ്കായിട്ട് നോക്കി .., '

പാവം ദാല് തിന്ന് തിന്ന് ഇവന്റെ കാര്യം പോക്കാ 

സിക്സ് പാക്ക് ആയിരുന്ന  ഞാൻ ദിവസോം  ദാല് കഴിച്ച് കഴിച്ച് സിംഗിൾ  പാക്കായി  ആ പാക്കിലാണെങ്കി ഫുൾ  ഗ്യാസും .

ഒരു ദിവസം ദാല് കഴിക്കലും ഞാൻ തലചുറ്റി വീഴലും ഒരുമിച്ചായിരുന്നു  എല്ലാവരും കൂടി  ഒരു വിധത്തിലാ എന്നെ വലിച്ചു വാരി  ആശുപത്രീല് എത്തിച്ചത് .

ഗ്യാസ്  തലക്ക് കേറി അടിച്ചതാന്നാ ഡോക്ടറ് പറഞ്ഞത്  

ഭാഗ്യം തല പൊട്ടിത്തെറിക്കാഞ്ഞത് 

അതീപ്പിന്നെ ഭാര്യ ഒന്ന് മാറ്റി പിടിച്ചു

മോര് കറി .., അതും എളുപ്പമാണല്ലോ..യേത് ..? 

മോരെങ്കി മോര്  ഒരു  ഡിഫറന്റായല്ലോ
 
പക്ഷേ ..അതീപ്പിന്നെ  എന്നും മോരായിന്നു മാത്രം .

               

0 അഭിപ്രായങ്ങള്‍