ഞങ്ങൾ കുട്ടികൾക്കെല്ലാം അന്ന്  ഭയങ്കര സന്തോഷമായിരുന്നു  

കാരണം റോഡിന് വീതി കൂട്ടുകയാണ്  അതിനായി വഴിയോരത്തുള്ള തെങ്ങുകളെല്ലാം മുറിച്ചു മാറ്റിക്കൊണ്ടിരിക്കുകയാണ് ഓരോ തെങ്ങ് വെട്ടുമ്പോഴും ധാരാളം ഇളനീർ കിട്ടും അതാണ് ഞങ്ങളുടെ സന്തോഷത്തിനുള്ള പ്രധാനം കാരണം .

തെങ്ങിന്റെ മണ്ടക്കുള്ളിൽ നല്ല വെളുത്ത നിറത്തിലൊരു  സാധനമുണ്ട്
നല്ല ടേസ്റ്റാണതിന് പൊങ്ങെന്നാണ് വിളിക്കാ   

സാധാരണ മണ്ടക്കുള്ളിൽ ഒന്നും ഇല്ലാത്തോരും അത് തിന്നണത് നല്ലതാണെന്നാ പറച്ചില് .

ഓരോ തെങ്ങിന്റെ ചുറ്റിലും ആർപ്പ് വിളിച്ചിട്ടാ പിള്ളേര് കൂടി നിൽക്കുന്നേ .

ഈ പിള്ളേര്  സംഘത്തിൽ അല്പം മുതിർന്ന ഒരുത്തനുണ്ട്  ശിവൻ  അവനാണ് ഇളനീരെല്ലാം വെട്ടി എല്ലാവർക്കും കുടിക്കാൻ കൊടുക്കുന്നത്.

നല്ല തഴക്കം വന്ന തേങ്ങാ വെട്ടുകാരനെപ്പോലെയാണ് ശിവൻ ഇളനീർ ചെത്തുന്നത് .

ആദ്യം അതിന്റെ മൂന്നു വശങ്ങളും വളരെ  നൈസായിട്ട് ചെത്തിക്കളഞ്ഞ്  ഇളനീരിന്റെ  കൂർത്ത വശം മുകളിലേക്ക് പിടിച്ച് വെട്ടു കത്തികൊണ്ട് ഒറ്റ ചെത്ത്  കറക്ടായി ഒരു രൂപാ വട്ടത്തിൽ തേങ്ങയുടെ മാത്രം  തെറിച്ചു പോകും .

ഇളനീർ കുടിച്ചതിനു ശേഷം അവസാനം വെട്ടു കത്തി കൊണ്ട് ആഞ്ഞൊരു വെട്ടാണ്  ഇളനീർ രണ്ടു കഷ്ണമായി തറയിൽ കിടക്കും .

ഞങ്ങളെല്ലാവരും  അത് സ്പൂണ്‍ കൊണ്ടും ഇളനീരിന്റെ തോടു കൊണ്ടും  മാന്തിക്കോരി തിന്നും  

വളരെ രസകരമായി  ഇതെല്ലാം  ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് എനിക്കൊരു മോഹം , വേണമെങ്കിൽ അതിമോഹമെന്നും വിളിക്കാം  

വേറൊന്നുമല്ല  ഒന്ന് ഇളനീര് വെട്ടണം .

വിനാശകാലേ വിപരീത ബുദ്ധി .

ഞാനത് ശിവനോട് പറഞ്ഞു .

ഡാ .., എനിക്കൊരു ഇളനീര് വെട്ടണം 

വേണെങ്കീ കുടിച്ചിട്ട് പോടാ വെട്ടാൻ തരത്തില്ല 

ഇളനീർ വെട്ടൽ അവന്റെ കുത്തക അവകാശം പോലെയാണ് ശിവനതു  പറഞ്ഞത് 

എനിക്കാണെങ്കീ ഒരു ഇളനീരെങ്കിലും വെട്ടണം,  വെട്ടിയേ തീരു 

പക്ഷേ  ശിവനാണെങ്കി  ഒരു പൊടിക്കും സമ്മതിക്കുന്നില്ല  എനിക്കാണേങ്കി വെട്ടിയെ തീരു  എന്ന പിടിവാശിയും

ഒരാൾ എതിർക്കുമ്പോ നമ്മുടെ വാശിയും കൂടുമല്ലോ  

ശിവനോട്  ദേക്ഷ്യപ്പെടാനുള്ള ചങ്കൂറ്റമൊന്നും  എനിക്കില്ല  ആള് എട്ടിൽ   മൂന്ന് വട്ടം  തോറ്റ്  ട്രിപ്പിൾ അടിച്ചു നിൽക്കുന്നവനാ ഇനി നാലാമത്തെ വട്ടത്തിനും ശിവൻ റെഡിയാണ്  പക്ഷേ  ഇതിന്റെയൊന്നും  യാതൊരു അഹങ്കാരവും  ശിവനില്ല  .

തോൽക്കാൻ ശിവൻ  ഇനിയും തയ്യാറാണെങ്കിലും എങ്ങിനെയെങ്കിലും  ഈ മാരണത്തിനെ പത്താം ക്ലാസ്സിന്ന്  കടത്തി വിട്ടിട്ടു വേണം സ്കൂളിന്റെ മാനം രക്ഷിക്കാനെന്ന്  വ്രതം എടുത്തിരിക്ക്യാ  ഹെഡ് മാഷും ടീച്ചർമാരും .

കാരണം സ്കൂളിന്റെ നൂറു ശതമാനം  ഇവനൊറ്റയാളിൽ  തട്ടിയാണ് പൊട്ടാറ് എങ്ങിനെയെങ്കിലും ഈ പൊല്ലാപ്പൊന്ന്  തലേന്ന് ഒഴിവാക്കാൻ വേണ്ടീട്ടാണ്  സ്കൂൾകാര് കിടന്ന്  നെട്ടോട്ടമോടുന്നത് . 

ഹെഡ് മാഷ്  ഒരു നൂറുവട്ടം അവന്റടുത്ത് പറഞ്ഞു നോക്കീതാ 

നിന്റെ തലക്ക് ഈ ഭാരം താങ്ങാനുള്ള കഴിവൊന്നുമില്ലെങ്കി നിറുത്തിക്കൂടേ മോനേ ന്ന്   

പക്ഷേ ശിവൻ വാശീലാ 

ഒരിക്കൽ  ഗോമതി ടീച്ചർ  ആരാവാനാ   ഇഷ്ട്ടന്ന് ചോദിച്ചപ്പോ  ശിവൻ പറഞ്ഞത്  ഐ പി സ് കാരൻ ആവണന്നാ  

അത് കേട്ടുടനെ  ദേ കിടക്കണൂ ഗോമതി ടീച്ചറ് താഴേ .

ടീച്ചർക്ക് പിന്നെ ഐ പി എസ്ന്ന് കേക്കുമ്പോഴേ  ശിവന്റെ മുഖാ ഓർമ്മേൽ  വരണേ 

ഇത്രയ്ക്കും പരീക്ഷണം എന്നോട് വേണോ എന്റെ ശിവനേ ന്ന്   ടീച്ചർ ഒറിജിനൽ ശിവനോട് വരെ ചോദിച്ചു  

ഒരു പ്രാവശ്യം ഉത്തരം പറയാത്തതിന്  കണക്ക് മാഷ് ചൂരല് ഓങ്ങിയപ്പോ  ശിവൻ തുറിച്ചൊരു നോട്ടം നോക്കി  അതോടെ മാഷ് പേടിച്ചു 

അല്ലെങ്കിലും നിന്നെ തല്ലിയിട്ടൊന്നും ഒരു കാരില്ല്യാന്നും  പറഞ്ഞ് മാഷ് തടി തപ്പി 

ശിവൻ ചിലപ്പോ പോണ വഴിക്ക് കാത്തു നിന്നിട്ട് രണ്ടെണ്ണം തന്നാലോന്ന് മാഷ്ക്ക് ഒരു പേടി,  കിട്ടി  കഴിഞ്ഞിട്ട് മാഷാന്ന് പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ?  ഒരു ഗുരു ഭക്തിയും ഇല്ലാത്തൊനാ ശിവൻ  ആ  ദേഷ്യം മാഷ് അടുത്തിരിക്കയായിരുന്ന ശങ്കൂന്റെ മേത്ത് തീർത്തു  

ശങ്കൂന്റെ ശരീരം ഒരു കുഞ്ഞേ ശരീരമായിരുന്നു , അതിലുള്ള കുഞ്ഞേ വായ വെച്ച് ശങ്കൂ വാവിട്ടു കരഞ്ഞു  കരച്ചിലിനിടയിൽ ശങ്കൂ നിഷ്ക്കളങ്കമായാ ചോദിച്ചത്  

എന്തിനാ മാഷേ എന്നെ തല്ല്യേന്ന് ?

ഉത്തരം അറിഞ്ഞു കൂടേന്നും ചോദിച്ച് വീണ്ടും അടികിട്ടി  

ചോദ്യം ചോദിക്കാതെ എങ്ങിന്യാ മാഷേ ഉത്തരം പറയാന്ന് ശങ്കു കരഞ്ഞോണ്ടാ ചോദിച്ചത് ?

നിനക്കിനി  ചോദ്യം കൂടി വേണല്ലേ ന്നും  ചോദിച്ച് മാഷ് വീണ്ടും ശങ്കൂനെ തല്ലി.

മാഷുടെ ആ ഫിലോസഫി കേട്ട് ശങ്കു കണ്ണു മിഴിച്ചു 

ഒരുത്തനെ  കണ്ടില്ലേ ചോദ്യം കേട്ട്  കുന്തം പോലെ നിൽക്കണത് 

മാഷ് പറഞ്ഞത് സത്യാ ശിവൻ ഏതാണ്ട് ഡോക്ടറ് പരീക്ഷക്കുള്ള ചോദ്യം ഏതാണ്ട് അവനോട് ചോദിച്ച പോലെയാ ആകെ അന്തം വിട്ടു നിൽക്കണത്  

അത് കേട്ട് ശങ്കു പകച്ചു  ആകെ  ഒരു കുഞ്ഞു ബുദ്ധിയാണ് അവന്റെ കുഞ്ഞു തലക്കുള്ളിൽ ഉള്ളത്  പാവം അതിനും  ഒന്നും മനസ്സിലായില്ല.

ഒരു കുഞ്ഞു ശരീരാ ശങ്കൂന്റെ ഞങ്ങളുടെ ക്ലാസ്സിലെ  ഏറ്റവും ചെറിയ കുട്ടി അവനാ   ശരീരത്തില് ആകെ കൂടി കുറച്ച് വലിപ്പം ഉള്ളത്  അവന്റെ ഉണ്ടക്കണ്ണുകൾക്കാ  അതൊന്നു കൂടി പുറത്തേക്ക് തള്ളി  അത് കണ്ട് മാഷ് വീണ്ടും പേടിച്ചു  

ഈശ്വരാ ഈ പിള്ളേരൊക്കെ ഇങ്ങനെയായ  എന്താ ചെയ്യാ ?

എന്തിനാ അടി കിട്ടിയെന്ന് കൂടി ശങ്കൂന് മനസ്സിലായില്ല ഉത്തരം പറഞ്ഞു കൂടല്ലേടാന്നും ചോദിച്ചാ മാഷ് അടിച്ചത് . 

ചോദ്യം ചോദിക്കാതെ   എങ്ങിന്യാ ഉത്തരം പറയാന്ന് ശങ്കൂന് മനസ്സിലായില്ല  അത് മാഷിനോട് ചോദിക്കാനും പേടി ഏതായാലും കിട്ടേണ്ടത് കിട്ടി  ഇനി ആവശ്യമില്ലാത്ത ചോദ്യം ചോദിച്ച് അതിന് വേറെ അടി കിട്ടിയാലോന്നായിരുന്നു ശങ്കുന്റെ പേടി 

വെറുതെയല്ല തന്റെ പേര് ശങ്കൂന്ന് ഇട്ടിരിക്കുന്നതെന്ന് ശങ്കൂന് ഇപ്പൊ മനസ്സിലായി.

ശിവനാണെങ്കി ശരീരം കൊണ്ട് ആളൊരു ഡിഗ്രീക്കാരനാ  പിന്നെ ഒരു ഒരു പോക്കനും  

ഞാനാണെങ്കി എട്ടിലാണെങ്കിലും  ശരീരം കൊണ്ട് നാലിലാണ് ശരിക്കും പറഞ്ഞാ ഞാനും ശങ്കൂന്റെ ഏകദേശം അടുത്തു  വരും ശരീരം കൊണ്ട് .

അതുകൊണ്ട് അവനോടു ദേക്ഷ്യപ്പെടാൻ പോയാല് ചിലപ്പോ ഞാൻ വിവരമറിയും   അവനെന്നെ  ചുരുട്ടി കൂട്ടി ഒരു  റബ്ബർ പന്താക്കും    പോരാത്തതിന്  കൈയ്യിൽ വെട്ടുകത്തിയുമുണ്ട് .

ഒരു അന്തോം  കുന്തോം  ഇല്ലാത്തോനാണ് അതും വെച്ച് ഒരു കീറ് കീറ്യാ നമ്മടെ പണിക്കുറ്റം തീർന്നു കിട്ടും .

അത് കൊണ്ട് സൂക്ഷിച്ചു ഇടപെടുന്നതായിരിക്കും  നല്ലതെന്ന് എന്റെ  എട്ടാം ക്ലാസ്സുകാരനിലെ കുബുദ്ധി എനിക്ക് വാണിങ്ങ് തന്നു .

ഞാൻ സഹതാപത്തിന്റെ ഒരു തരംഗം സൃഷ്ട്ടിക്കാൻ ശ്രമിച്ചു ..

കൊറേനേരം  നിന്ന് ചിണുങ്ങി  നോക്കിയെങ്കിലും അവന്റെ മനസ്സലിയുന്നില്ല.

ഇളനീർ ബഹിഷ്ക്കരിച്ച്  സിമ്പതി നേടാൻ നോക്കി  ,

എന്നിട്ടും രക്ഷയില്ല .

പിള്ളേരാണെങ്കിൽ ഇളനീർ കുടിച്ച് കഴിക്കുകയാണ് ഇളനീർ കഴിയും തോറും എന്റെ മനസ്സിൽ ആദി കയറിത്തുടങ്ങി  കൊതിയാണെങ്കിൽ അതുക്കും മേലേ .

ഇനിയും വൈകിയാ ഇളനീർ മുഴുവൻ  അവന്മാർ കുടിച്ചു തീർക്കും  എനിക്കാണെങ്കി സങ്കടവും ദേക്ഷ്യവുമൊക്കെ വന്നുതുടങ്ങി .

ഞാൻ വീണ്ടും അവനോട് കെഞ്ചി .

ഡാ വെട്ടുകത്തി താടാ  ഞാനൊരു ഇളനീർ വെട്ടിട്ട്‌ തരാടാ 

അവനാണെങ്കി ആകെ പുച്ഛം  വേണെങ്ങി കുടിച്ചോടാ പക്ഷേ വെട്ടാൻ തരത്തില്ല എന്ന ലൈൻ .

ഇളനീരാണെങ്കി കഴിഞ്ഞു കൊണ്ടിരിക്കുന്നു .

വെട്ടു കത്തി താടാ പട്ടി    

ഞാനൊറ്റ  അലർച്ചയായിരുന്നു , ഇളനീർ കഴിയുമോയെന്നുള്ള എന്റെ കൊതി എന്നെ കണ്ണു കാണാത്തവനാക്കി  .

ഒരു നിമിഷം എല്ലാവരും പകച്ചു .

പറഞ്ഞു കഴിഞ്ഞതിനു ശേഷമായിരുന്നു അതിന്റെ ഭീകരമായ പ്രത്യാഘാതങ്ങൾ എന്റെ മനസ്സിലൂടെ റീല് റീലായി ഓടിക്കൊണ്ടിരുന്നത് 

ശിവന്റെ മുഖ ഭാവം കണ്ടതോടെ അത് വേണ്ടായിരുന്നുവെന്ന് എനിക്ക് തോന്നി അവൻ വെട്ടിത്തരുന്ന ഇളനീരും കുടിച്ച് മിണ്ടാതിരുന്നാ മതിയായിരുന്നു

ഇനിയിപ്പോ പറഞ്ഞിട്ടു കാര്യമില്ല ഇളനീരിന്റെ ഒപ്പം അവന്റെ ഇടി കൂടി വെറുതേ ചോദിച്ചു വാങ്ങി  

ഇറച്ചി തിന്നുന്ന നായേടെ പാത്രത്തിൽ തലിടാൻ പോയ പൂച്ചേനെ കണ്ട ഭാവമായിരുന്നു ശിവന്റെ മുഖത്തപ്പോൾ .

എനിക്കാണേങ്കി അവിടന്നു ഓടി രക്ഷപ്പെടണമെന്നുണ്ട്  പക്ഷേ  ശരീരം ഒരിഞ്ചു പോലും അനങ്ങുന്നില്ല .

ഒരു ആവേശത്തില് ഇളനീർ കഴിയുലോയെന്ന കൊതി കൊണ്ട് പറഞ്ഞു പോയതായിരുന്നു  . 

എന്റെ കൊതി എന്നെ കൊലക്ക് കൊടുത്തു ഞാൻ കൂടി കരുതിയതല്ല  ഇത്രേം വല്യ ശബ്ദം എന്റെ വായേക്കൂടെ വരോന്ന്  

സത്യത്തിൽ ആ എന്റെ അലർച്ച കേട്ട്  ഞാൻ തന്നെ  പേടിച്ചു പോയിരുന്നു .

എനിക്ക് എങ്ങിനെയെങ്കിലും അവിടന്ന്   ഓടി ഒളിക്കണമെന്നുണ്ട് .

പക്ഷേ കാലുകൾ അനങ്ങുന്നില്ല കൂച്ചു വിലങ്ങിട്ട മാതിരി.

പിന്നെ ഓടിയാൽ അത്  മറ്റുള്ളവരുടെ മുന്നിൽ എന്റെ ആത്മാഭിമാനത്തിന് വലിയൊരു ക്ഷതമാകും ..

നിൽക്കാൻ അതിലും പേടി 

അവിടെ നിന്നാ അവൻ ശരിക്കും എന്നെ കീച്ചും  അവന്റെ പൊന്തൻ കൈ വെറുതേയൊന്ന് എന്റെ മേത്തു വീണാ മാത്രം മതി എന്റെ കാറ്റു പോവാൻ  .

ശിവന്റെ മുഖഭാവം അനുനിമിഷം മാറിക്കൊണ്ടിരുന്നു 
ഓടാൻ മനസ്സു മന്ത്രിക്കുന്നു  പക്ഷേ ദുരഭിമാനം എന്നെ തല്ല് കൊള്ളിച്ചേ അടങ്ങൂ എന്ന മട്ടിൽ പിടിവാശി കാണിക്കുന്നു .

ഇന്ന് നിന്നെ  കൊല്ലുടാ ..പട്ടീ ന്നും  ആക്രോശിച്ചോണ്ട് ശിവൻ  ആ വെട്ടുകത്തിയുമായി  എന്റെ നേർക്ക് ചാടിയത് മാത്രം എനിക്കോർമ്മയുണ്ട് 

ഞാൻ നിന്ന നിൽപ്പിൽ ഒരു പൂഴിക്കടകൻ അടിച്ചു  രണ്ടു നിമിഷം കൊണ്ട് ഞാൻ എന്റെ വീടിന്റെ ഉമ്മറത്ത്  എത്തി  അത്രയും സ്പീഡില്  ഞാനെന്റെ  ജീവിതത്തിൽ   ഓടിയിട്ടില്ല .

വല്ലതും തിന്നാൻ കിട്ടുമോന്നും കരുതി അവിടെ ചുറ്റിപ്പറ്റി നിന്നോണ്ടിരുന്ന സുധാകരേട്ടന്റെ പട്ടി രാമു  അവനെയാണ് ശിവൻ പട്ടിയെന്നും വിളിച്ചതെന്നും കരുതി വാലും ചുരുട്ടി  ജീവനും കൊണ്ടോടി,  ഓടിയോടി  സുധാകരേട്ടന്റെ  വീടും കഴിഞ്ഞ് അവനോടി  .., പിന്ന്യാ  അബദ്ധം മനസ്സിലായത്.

എങ്ങിനെയാണ്  .., അങ്ങിനെ ഓടാൻ പറ്റീന്ന്  ഇനിക്ക് ഇപ്പഴും ഓർമ്മയില്ല
ഏത് ജീവിക്കും സ്വന്തം ജീവനല്ലേ വലുത്  സത്യത്തിൽ ഞാൻ ജീവനും കൊണ്ട്  ഓടിയില്ലെങ്കി  ജീവൻ എന്നെ വിട്ട് ഓടിയേനേ .

വീട്ടിലെത്തിയിട്ടും പേടി മാറുന്നില്ല 

ശിവൻ  പിന്നാലെങ്ങാനും വരുന്നുണ്ടോയെന്ന ഓർമ്മയിൽ  

കുറച്ചു കഴിഞ്ഞ് വാതിലിലൊരു  മുട്ട്  അപ്പോഴേക്കും ഞാനതെല്ലാം മറന്നു കഴിഞ്ഞിരുന്നു .

വാതിൽ തുറന്ന ഞാൻ ഞെട്ടി  മുന്നിൽ വെട്ടുകത്തിയുമായി ശിവൻ  കൂടെ കുറച്ചു പിള്ളേരും  വീട്ടിലാണെങ്കി ആരുമില്ല 

ഈശ്വരാ... ഇവന്മാര്  ഇവിടെയിട്ടെന്നെ  ചവിട്ടിക്കൂട്ടും എന്നെനിക്കൊറപ്പായി 

പിടിച്ചു മാറ്റാൻ അമ്മ പോലുമില്ലല്ലോ..

ഇനി ഓടാൻ യാതൊരു വഴിയുമില്ല  അകത്തേക്ക് ഓടിയാ ഒറ്റ ചാട്ടത്തിന് ശിവൻ എന്നെ പൊക്കും  അപ്പൊ  ഇടി കൂടുതൽ കിട്ടും 

ഇല്ലാത്ത ധൈര്യം കാണിച്ച് ഒരു ചപ്പടാച്ചി കാണിച്ചു നോക്കിയാലോ  ?

അയ്യോ എനിക്ക് വയ്യാന്നും പറഞ്ഞു ധൈര്യം അപ്പത്തന്നെ എന്റെ മേത്തൂന്നും  ഇറങ്ങിയോടി  .

ഓളിയിട്ട് കരഞ്ഞാലോ ..? 

പക്ഷേ ആര് കേക്കാൻ 

വെറുതെയാ  എനർജി കളയണ്ട  അത് കൂടി ഇടി കൊള്ളാൻ ഉപയോഗിക്കാം  മര്യാദക്ക് ഇളനീരും കുടിച്ച് നിന്നാ മതിയായിരുന്നു .

ശരീരത്തിനുള്ളിൽ നിന്നും ഇടി  കൊണ്ട പോലെ പല തരത്തിലുള്ള കരച്ചിലുകൾ  ശിവൻ ഇടിക്ക മാത്ര ചെയ്യാ .. അതോ ചവിട്ടോ?  അവന്റെ ഇടി   കൊള്ളാൻ തന്നെ  എനിക്കാവുധില്ല  ഇനി ചവിട്ടും കൂടി ചെയ്താ ഞാൻ ചമ്മന്തി ആയിപ്പോകും  ഇനിയാ  കത്തിയെങ്ങാനും  വെച്ച് വെട്ടോ?

ഈശ്വരാ ഇടിച്ചാലും, ചവിട്ടിയാലും  കുഴപ്പമില്ല വെട്ടുകത്തി കൊണ്ട് ഇളനീര് പോലെ  വെട്ടാതിരുന്നാ  മതിയായിരുന്നു .

നേർച്ച നേരാൻ നോക്കീട്ട് ഒറ്റ പുണ്യാളൻമാരുടേയും മുഖം ഓർമ്മേല് വരുന്നില്ല  അവസാനം പീലിപ്പോസ് പുണ്യാളനെ  വിളിച്ചു  പിന്ന്യാ ഓർമ്മ വന്നത് പീലിപ്പോസ്.., പുണ്യാളൻ അല്ല  അപ്പറത്തെ വീട്ടിലെ ശോശാമ്മ ചേടത്തീടെ ഗൾഫിലുള്ള ഭർത്താവ്  പീലിപ്പോസ് ചേട്ടനാന്ന് 

പേടില് അങ്ങേരുടെ  മുഖാ എന്റെ ഓർമ്മേല് വന്നത് പ്രാത്ഥിക്കേം ചെയ്തു അതോടെ  എനിക്കും നാണായി  പുണ്യാളനും നാണായി .

ഞാൻ റോമുന്റെ കൂട്ടിലേക്ക് ഒരു ആശ്രയത്തിനായി നോക്കി  റോമു എന്നെക്കാളും പേടിച്ചാ  നിൽക്കണത്  പരട്ട നായക്കൊന്ന് കുരച്ചൂടെ   

ഇനി കുരച്ചാ ശിവന്റെ കൈയ്യീന്ന് വെട്ടു കിട്ടുമോന്ന് റോമുനും പേടിയുണ്ടെന്ന് അവന്റെ നിൽപ്പു കണ്ടാ അറിയാം  

ഞാൻ നോക്കുണൂന്ന് മനസ്സിലായതോടെ  അവൻ  കുരക്കുന്ന പോലെ അഭിനയിച്ചു 

വാ തുറക്കുന്നുണ്ട് പക്ഷേ ശബ്ദം മാത്രം പുറത്തേക്ക് വരുന്നില്ല  രണ്ട് ദിവസം പച്ചവെള്ളം കൊടുക്കരുത് പരട്ട  നായക്ക് വല്ല കോഴിയോ പൂച്ചയോ ഒക്കെ വരുന്ന കാണുമ്പോ അവന്റെ കുരയും ധൈര്യവും കാണണം കടിച്ചു കീറുന്ന പോലെയാ നിക്കാ 

എന്റെ  ഹൃദയമാണെങ്കി  അമ്പു പെരുന്നാൾക്ക്  ഡ്രംസ് അടിക്കുന്ന പോല്യാ പെരുമ്പറ മുഴക്കിക്കൊണ്ടിരിക്കുന്നത്  .

ഏതായാലും അടി ഉറപ്പായി  ഞാൻ കണ്ണടച്ചു നിന്നു .

അടുത്ത നിമിഷം ശിവന്റെ ഉരുക്കു മുഷ്ടി എന്റെ കൂമ്പിൽ പതിക്കും 

അമ്മേ ഞാൻ ഞെരങ്ങി .

ഡാ .., ഇന്നാടാ  തേങ്ങ വെട്ടിക്കോ  ശിവന്റെ ശബ്ദം .

ആയ്  ശിവൻ എന്നെ അടിച്ചില്ലേ ?

ഞാൻ കണ്ണു തുറന്നു 

അപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത്  ശിവന്റെ മറ്റേ കൈയ്യിൽ ഒരു  ഇളനീര് .

അവനത് എനിക്കു  നേർക്ക് നീട്ടിപ്പിടിച്ചിരിക്കുന്നു .

ഇന്നാടാ .., വെട്ടിക്കോ

എന്റെ ദൈവമേ  ഇത്രയും നല്ല ശിവനോ ..? 

എനിക്ക് കണ്ണീന്ന് വെള്ളം വന്നു  ഇത്രയും നല്ലവനെയല്ലേ  ഞാൻ ചീത്ത വിളിച്ചത്  

അങ്ങിനെ  ശിവനെ അനുകരിച്ച് ഞാൻ ഇളനീർ വെട്ടാൻ തുടങ്ങി  വെട്ടി വെട്ടി ഞാൻ തോറ്റു  ഒരു വെട്ട് ഒരു സ്ഥലത്താണെങ്കീ അടുത്ത വെട്ട് വേറേ സ്ഥലത്താവും .

അവസാനം  ഇളനീര് വരെ  തന്നെ എന്നെ ചീത്ത വിളിക്കാൻ തുടങ്ങി  എങ്ങനെ കുട്ടപ്പനായിട്ട് ഇരുന്ന ഇളനീരാ  ഇപ്പ അതിനെ കണ്ടാ പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെയായി  ഇളനീര് കുടിക്കാൻ നോക്കിയിരുന്നോരുടെ ക്ഷമ കെട്ടു.

ഡാ ശിവാ നീ അത് വാങ്ങി വെട്ട്യേ

വാറ്റുകാരൻ റപ്പായി ചേട്ടന്റെ മോൻ സ്റ്റീഫനാ അത് പറഞ്ഞത് 

ഞാൻ രൂക്ഷമായിട്ടാ സ്റ്റീഫനെ നോക്കീത് അവൻ എന്നെക്കാളും ചെറുതാ അതുകൊണ്ട് ഒരു അറ്റാക്ക് പ്രതീക്ഷിക്കേണ്ടാ ആ ഒരു ധൈര്യത്തിലാ ഞാൻ കണ്ണു തുറിപ്പിച്ചത്  

 ദേ ഇപ്പ ശരിയാക്കിത്തരാമെന്നും പറഞ്ഞ്   ഒരു വിധത്തിൽ  ഞാൻ..,ഇളനീരിന്റെ കുറെ ഭാഗം  പിച്ചി പൊളിച്ചെടുത്തു  ഇനിയാണ് അടുത്ത പടി  ശിവൻ കാണിക്കുന്ന  പോലെ കൂർത്ത ഭാഗം മുകളിലേക്ക് പിടിച്ച്  ആഞ്ഞൊരു ചെത്ത്  അടുത്ത് നിന്ന  ശിവൻ ആമ്മേന്ന് വിളിച്ചോണ്ട്  ഒറ്റ ചാട്ടം 

ഭാഗ്യം... ശിവന്റെ കഴുത്ത്  പോവാഞ്ഞത് 

വെട്ടി വെട്ടി ഞാൻ തോറ്റു .

ഡാ ഞാൻ വെട്ടണാ  ..?

അത് കേട്ടതോടെ ഞാൻ  ശിവനെ രൂക്ഷമായി നോക്കി എന്തായാലും ശിവൻ  തല്ലില്ലാന്ന് എനിക്കുറപ്പായി  ആളൊരു  നിഷ്ക്കളങ്കനാണ്  ആ വലിയ ശരീരം മാത്രമേയുള്ളൂ അതിനുള്ളിൽ ഒരു പാവം മനസ്സാണ് അതെനിക്കു മനസ്സിലായി അതോടെ എനിക്ക് ധൈര്യം കൂടി   

അങ്ങനെ ഒരു വിധത്തില് അതും കഴിഞ്ഞു  ഇനിയാണ് അവസാന ഘട്ടം

ഇളനീർ രണ്ടായി വെട്ടാനായി ഞാൻ വെട്ടുകത്തി ആഞ്ഞ് മുകളിലേക്ക് ഉയർത്തിയത് മാത്രം എനിക്കോർമ്മയുണ്ട്

അയ്യോ  ന്നലറിക്കൊണ്ട്   ദാ .., കിടക്കണൂ  ഞാൻ മലർന്നടിച്ച്‌ താഴെ 

എന്റെയാ ദിഗന്തങ്ങളെ നടുക്കുമാറുള്ള അലർച്ച കേട്ട് എല്ലാവരും ഞെട്ടി  ഒരു ഇളനീര് വെട്ടാൻ  ഇത്രക്കും വല്യ അലർച്ചയോ ?

ആർക്കും ഒന്നും മനസ്സിലായില്ല  അവർ  പകച്ചു നിൽക്കുകയാണ് .

ഒരു വിധത്തിൽ എല്ലാവരും ചേർന്നെന്നെ  എടുത്തു പൊക്കി  എനിക്കാണേങ്കീ മിണ്ടാൻ പോലും  പറ്റുന്നില്ല  പേടികൊണ്ട് എന്റെ കൈയ്യും  കാലും കിടന്ന് വിറച്ചു കൊണ്ടിരിക്കുന്നു 

എന്റെ മുഖത്തപ്പിടി  ചോര അത് കണ്ട് ശിവൻ തലചുറ്റി വീണു 

റോമു .., കൂട്ടില് കൈയ്യും കാലും വിറച്ചു നിപ്പുണ്ട് ചോര കണ്ടു പേടിച്ച്  അവൻ കൂട്ടില് മൂത്രം  ഒഴിച്ചു അവൻ കരുതിയത് ശിവൻ ആ വെട്ടുകത്തികൊണ്ട് എന്നെ വെട്ടിയതാന്നാ അടുത്ത വെട്ടു ചിലപ്പോ അവനിട്ടാകും എന്നുള്ള പേടിയും കൂടി അവനുണ്ട് .

കൂടി തുറന്നിട്ടിട്ടുണ്ടോയെന്ന് അവൻ മൂടുകൊണ്ട് തിക്കി നോക്കി 

സംഗതി ആദ്യമൊന്നും ആർക്കും മനസ്സിലായില്ല  എനിക്കും മനസ്സിലായില്ല എന്താ സംഭവിച്ചതെന്ന് 

അയ്യോ ചോര  ചോരയെന്നും പറഞ്ഞ്  എല്ലാവരുടേയും മുഖത്ത് നോക്കി ഞാൻ കരയുന്നുണ്ട് 

അവസാനം അവർക്ക്  കാര്യം പിടികിട്ടി എന്റെ നെറ്റിയുടെ കൃത്യം നടുക്കു തന്നെ ഒരിഞ്ചു നീളത്തില് ഒരു കീറല് .

തേങ്ങാ വെട്ടാനായി  വെട്ടുകത്തി രണ്ടു കൈയ്യോണ്ടും ചേർത്തു പിടിച്ച്  ആഞ്ഞൊരു പൊക്കലായിരുന്നു ഞാൻ .

സാധാരണ  വെട്ടുകത്തി പതുക്കെ  മുകളിലേക്ക് ഉയർത്തി ആഞ്ഞാണ് വെട്ടുക  എന്നാൽ ഞാനത് തിരിച്ചാണ് ചെയ്തത് .

കൃത്യം വെട്ടുകത്തിയുടെ പിറകു ഭാഗം എന്റെ നെറ്റിയുടെ മധ്യത്തിൽ ഇളനീരിനു പകരം എന്റെ തല  ഞാൻ തന്നെ വെട്ടിപ്പൊളിച്ചേനെ.

തേങ്ങാ വെട്ടാനുള്ള എന്റെ ആശ അതോടെ തീർന്നു  

എന്തിനാണ് ശിവൻ  ഇളനീർ  വെട്ടാൻ തരാതെ ഇരുന്നതിനുള്ള കാരണം എനിക്ക് അപ്പൊ ബോധ്യമായി .

എന്റെ നെറ്റിയിൽ  ഒരു നാല് സ്റ്റിച്ച്  പാവം ശിവന് ഒരു മണിക്കൂർ കഴിഞ്ഞാ  ബോധം വന്നത് 

അല്ലെങ്കിലും കണ്ടറിഞ്ഞില്ലെങ്കി കൊണ്ടറിയുമെന്നുള്ള ഒരു ചൊല്ലില്ലേ
 
ഞങ്ങളുടെ നാട്ടിൽ കള്ള് ചെത്താൻ പോകുന്ന അവറാൻ ചേട്ടനും ഇതുപോലെ ഒരു  പറ്റു പറ്റിയതാ

ഒരു ദിവസം അവറാൻ ചേട്ടൻ നല്ല ഫോമില്  സൈക്കിളിൽ ഇങ്ങനെ ലെഫ്റ്റ്  റൈറ്റ് അടിച്ച് പോവാ  

ആളുടെ ആ  പോക്ക് കണ്ടാ റോഡ്‌ മൊത്തം അങ്ങേരുടെ  സ്വന്തം പോലെയാ .

നേരെ ചവിട്ടാൻ അവറാൻ ചേട്ടൻ ശ്രമിക്കുന്നുണ്ട്  പക്ഷെ   ഉള്ളിൽ കിടക്കുന്ന  കള്ള് സമ്മതിക്കുന്നില്ല എന്റെ അവറാനെ നീ ഇങ്ങനെ പോയാ മതീന്നും പറഞ്ഞ് കള്ളാണ് അവറാൻ ചേട്ടനെകൊണ്ട് ഡാൻസ് കളിപ്പിക്കുന്നത് 

പക്ഷേ അവറാൻ ചേട്ടന്റെ വിചാരം  മറ്റുള്ളവരാണ് റോങ്ങ്‌ സൈഡീക്കൂടെ   വരുന്നതെന്നാ അതോണ്ട് കാണുന്നവരെയൊക്കെ  ആള് നല്ല  തെറിം വിളിക്കുന്നുണ്ട്

അവറാൻ ചേട്ടൻ  ഇങ്ങനെ ആടി , ആടി പോകുന്നതിനിടയിലാ ലോഡ് കയറ്റി പോകുന്ന പാണ്ടി ലോറി ചെറുതായി ഒന്ന് തട്ടിയത്  .

അവറാൻ ചേട്ടന്റെ  ഭാഗ്യം

ഇല്ലെങ്കി.... അന്ന് അവറാൻ ചേട്ടന് ചിരിച്ചൊരു പടമായിട്ട്  ചുമരിലിരിക്കേണ്ടി വന്നേനേ .

ഭാഗ്യത്തിന് ആൾക്കൊന്നും പറ്റിയില്ല   അന്നാ പിന്നെ മിണ്ടാതെ ‌ പോയാ മതി  പക്ഷേ അവറാൻ ചേട്ടൻ നിന്ന്  കലിതുള്ളി .

എടാ നായിന്റെ മോനേ  നിന്നെ ഇന്ന്  ശര്യാക്കിത്തരാടാ  ന്നും അലറിക്കൊണ്ട്  കള്ള് ചെത്താൻ കൊണ്ടു നടക്കുന്ന ചെത്തു  കത്തിയെടുത്ത് ആ  പാണ്ടി ലോറിടെ  മത്തങ്ങ പോലിരിക്കണ ടയറുമ്മേ  ആഞ്ഞൊരു വെട്ടാ .

കർത്താവേ ന്നൊരു മുഴുനീള കരച്ചില്  നാട്ടുകാര് മൊത്തം കേട്ടു  

എല്ലാവരും ഓടിച്ചെന്ന് നോക്കുമ്പോ അവറാൻ ചേട്ടൻ ഒരു കൈയ്യില് വെട്ടുകത്തിം  മറു കൈയ്യോണ്ട്  തലയും  പൊത്തിപ്പിടിച്ച് താഴെ  ഇരിപ്പുണ്ട്.

വെള്ളം തായോ  വെള്ളം തായോന്നും  പറഞ്ഞ് ആളു കിടന്ന് കരയുന്നുണ്ട്  

ഇത് കണ്ടതോടെ പാണ്ടി ലോറിയുടെ ഡ്രൈവർ മുത്തുപ്പാണ്ടി ജീവനും കൊണ്ട് ഓടി ആ പാവത്തിന് ഒന്നും മനസ്സിലായില്ല ഒരുത്തൻ വന്ന് കത്തിയെടുത്ത് ടയറുമ്മെ വെട്ടി സ്വയം കൊല്ലാൻ ശ്രമിക്കുന്നു 

പൈത്യക്കാരൻ എന്നും വിളിച്ചോണ്ടാ മുത്തുപ്പാണ്ടി പാഞ്ഞത് 

കാറ്റ് നിറഞ്ഞിരിക്കുന്ന  നല്ല മുത്തൻ പാണ്ടി ലോറിടെ ടയറുമ്മേ  വെട്ടുകത്തി കൊണ്ട് ആഞ്ഞ് വെട്ടിയാ എന്താ സംഭവിക്കാന്ന് നാട്ടുകാർക്ക്  മൊത്തം അറിയാമെങ്കിലും എന്തുകൊണ്ടോ  അവറാൻ ചേട്ടന് മാത്രം അത് മനസ്സിലാക്കാൻ പറ്റാതെ പോയി .

പാവം... പിന്നെ സൈക്കിളിൽ പോകുന്ന കാണണം

എന്തൊരു  ഡീസന്റായിട്ടാണെന്നോ.



                                 

0 അഭിപ്രായങ്ങള്‍