എടാ നമ്മടെ അവറാനെ രണ്ടു ദിവസായിട്ട് കാണാനില്ലല്ലോ ?

ചായക്കടക്കാരൻ പാക്കരൻ ചേട്ടനായിരുന്നു ആ പരിഭവം പറഞ്ഞത് 

ആയ് ...അപ്പോ ചേട്ടനൊന്നും അറിഞ്ഞില്ലേ?

ഇല്ല സുകു, എന്താ സംഭവം ?  

എന്റെ ചേട്ടാ അവറാൻ ചേട്ടൻ തെങ്ങുമ്മേന്ന് വീണു ?

അയ്യോ എപ്പോ ?

രണ്ടു ദിവസായേക്കണൂന്ന് 

നീ ചുമ്മാ ഓരോന്ന് പറയല്ലേ സുകുവേ .

ചായക്കടക്കാരൻ പാക്കരൻ ചേട്ടനത് കേട്ട്  വിശ്വസിക്കാനേ പറ്റുന്നില്ല   പാക്കരൻ ചേട്ടന് മാത്രല്ല ആർക്കും പറ്റത്തില്ല  .

അവറാൻ ചേട്ടൻ തെങ്ങുമ്മേന്ന് വീഴേ ? ഓന്ത് മരം കേറുമ്പോ വീണൂന്ന് പറഞ്ഞാ പിന്നേം വിശ്വസിക്കാം 

പത്തമ്പത് വർഷത്തെ എക്സ്പീരിയൻസ് ഉള്ളോനാ  അവൻ തെങ്ങുമ്മേന്നു വീണൂന്ന് പറഞ്ഞാ ഞാൻ വിശ്വസിക്കത്തില്ല

സംഗതി ഉന്മ താൻ കാലിൽ ഒരു പ്ലാസ്റ്ററും പോട്ട്  ഞണ്ടി , ഞണ്ടി ചേട്ടാ  നടക്കണ ഞാൻ കണ്ട് 

എന്റെ മുരുകാ  നീ ഇങ്ങനെ തമിഴും മലയാളവും ചേർത്ത് പറയല്ലേ ഞണ്ടിയല്ല  ഞൊണ്ടി ,ഞൊണ്ടി 

ഞണ്ടോ ? അത് വയലിൽ ഇറുക്കറത് താനേ ശാപ്പിടലാം ശേട്ടാ .. അതും പറഞ്ഞോണ്ട്  മുരുകൻ വെറുതേ കിടന്നു ചിരിച്ചു 

ഞണ്ടല്ലടാ പാണ്ടി ..   ഞൊണ്ടി 

ചേട്ടാ പാണ്ടീന്ന്  പേശക്കൂടാത്

തമിഴൻ മുരുകന് ആരെങ്കിലും തന്നെ പാണ്ടീന്ന് വിളിക്കണത് തീരെ ഇഷ്ട്ടമല്ല 

പാണ്ടീനെ.., പാണ്ടീന്നല്ലാണ്ട്  പിന്നെ  തെ..ന്നാ   വിളിക്കാ  പാക്കരൻ ചേട്ടന്റെ വായേല് ഒരു തെറി തിക്കിക്കേറി വന്നതായിരുന്നു  പക്ഷേ  പറഞ്ഞില്ല .

 സത്യത്തില് പാക്കരൻ ചേട്ടന് മുരുകനെ വല്യ പേടിയാ  പാക്കരൻ ചേട്ടന് മാത്രമല്ല പാക്കരൻ ചേട്ടന്റെ ഉള്ളിലുള്ള വലിവിനും മുരുകനെ പേടിയാ

മുരുകൻ ഒരു ഒരു പോക്കനാ  ദേഷ്യം വന്നാ എന്താ ചെയ്യാന്ന് പറയാൻ തന്നെ  പറ്റത്തില്ല   ഒരു പ്രാവശ്യം നമ്മുടെ പ്രേക്ഷിതൻ സുകു മുരുകനെ പാണ്ടീ ന്ന് വിളിച്ചതാ .

എന്നെ പാണ്ടീന്ന് വിളിക്കാതെ അണ്ണാ.. ന്ന് മുരുകൻ മര്യാദക്ക പറഞ്ഞതാ

പക്ഷേ സുകുവിനാണെങ്കി ആകെ വാശി  പാണ്ടീന്നെ വിളിക്കത്തുള്ളൂന്ന് 

മുരുകനെ കണ്ടു കഴിഞ്ഞാ ഒരു പാവം പോലെയാ ആ ധൈര്യം സുകൂനുമുണ്ട്.

പിന്നെ സുകുവാണെങ്കിൽ പഴയൊരു റൗഡി ആയിരുന്നു ഇടിയൻ ജോണീടെ കൈയ്യീന്ന് നല്ല  ഇടി കിട്ടിയതോടെയാ സുകു നന്നായി പ്രേക്ഷിതനായത് 

ഇനീം ഇടിയന്റെ കൈയ്യീന്ന് ഇടി കിട്ടാതിരിക്കുവാനുള്ള സുകുവിന്റെ ഒരു  അടവാന്നാ എല്ലാവരും പറയണത്   പക്ഷേ സുകു പറയുന്നത്  കർത്താവിന്റെ ദർശനം കിട്ടിയതു കൊണ്ടാ താൻ പ്രേക്ഷിതനായി മാറിയതെത്രെ  

ഇടിയന്റെ കൈയ്യീന്ന് ഇടി കിട്ടിയതിന്റെ പിറ്റേന്നാ സുകുന് ദർശനം കിട്ടിയത്  

 സ്വപ്‍നത്തില് കർത്താവ് സുകൂനോട്‌ പറഞ്ഞൂത്രേ .

മോനെ സുകു നീ എന്റെ കൂടെ പോന്നോടാന്ന് 

അത് കേട്ട് സുകു ആദ്യമൊന്ന്  പേടിച്ചു സുകുന്റെ വിചാരം കർത്താവ് അങ്ങ്  പരലോകത്തോട്ട്  വിളിക്കാന്നാ  .

എന്റെ കർത്താവേ ഞാനിപ്പോ ഇല്ലാട്ടാന്ന് സുകു പേടിച്ചിട്ടാ പറഞ്ഞേ  അത് കേട്ട് കർത്താവിനും സംശയായി

ഇവനെങ്ങോട്ടില്ലെന്നാ  ഈ  പറയണത് 

പിന്ന്യാ കർത്താവിന് മനസ്സിലായത് സുകു സ്വർഗ്ഗത്തിലോട്ട്  ഇല്ലെന്നാ പറഞ്ഞേന്ന് 

നല്ല പുള്ളിയേയാ സ്വർഗ്ഗത്തിലോട്ട് കൊണ്ട് വരണത് അവനെ ഇങ്ങോട്ട് കൊണ്ട് വന്നിട്ട് വേണം എന്റെ മനസ്സമാധാനം കൂടി കളയാൻ 

കർത്താവത്  മനസ്സിലാ പറഞ്ഞത് 

പിന്ന്യാ സുകൂന് മനസ്സിലായത് കർത്താവ് തന്നെ പ്രേക്ഷിതനാക്കാനാ  വിളിച്ചതെന്ന്. 

ഇതെല്ലാം സുകു പള്ളീലെ പീലിപ്പോസ്  അച്ചന്റെ  അടുത്ത് പോയി പറഞ്ഞു  

അച്ഛനത്  കേട്ട് കുറേ നേരാ വായും പൊളിച്ചു നിന്നത്  

സുകു പോയിക്കഴഞ്ഞപ്പോ പീലിപ്പോസച്ചൻ കർത്താവിനോട്  പരാതീം പറഞ്ഞു  

ഇത്ര നാളായിട്ടും  എന്നെയൊന്ന്  വന്ന് കാണാൻ  തോന്നീല്ലല്ലോ കർത്താവേ രാവിലെ തൊട്ട് നിന്റെ പേരും പറഞ്ഞ് വാ കീറി അലറുന്നതെല്ലേ ഞാൻ  എന്നിട്ടും ആ റൗഡിയുടെ സ്വപ്നത്തിലല്ലേ പോയി നിന്നത് 

അച്ചന്റെ കരച്ചില് കേട്ടതോടെ കർത്താവിനും  സങ്കടായി ഏതായാലും അന്നു രാത്രി അച്ഛനും കർത്താവിനെ സ്വപ്നം കണ്ടൂത്ര  സംഗതി അച്ചൻ നുണ പറഞ്ഞതായിരുന്നു  പള്ളീലെ അച്ചനായിട്ട് കർത്താവിനെ സ്വപ്നത്തില് പോലും കണ്ടില്ലാന്ന് പറഞ്ഞാ മോശല്ലേന്നാ  കപ്യാര് ജോസേട്ടൻ ചോദിച്ചത്  അതോടെ അന്നത്തെ  പ്രസംഗത്തില് അച്ചൻ ഒരു കാച്ചു  കാച്ചീ

പറഞ്ഞു പറഞ്ഞു കർത്താവുമായി ഒരു മീറ്റിങ്ങു തന്നെ നടത്തീന്ന് പറഞ്ഞു കേട്ട് ഇടവകക്കാര് മൊത്തം ഞെട്ടി   

പോരാത്തതിന്  സുകു കർത്താവിനെ സ്വപ്നം കണ്ടത് ഇടവകേല് മൊത്തം പാട്ടായിരുന്നു  .

അച്ഛൻ കർത്താവിന്റെ രൂപത്തിൽ നോക്കാതേയാ  ആ നുണ പറഞ്ഞത് അതിനു ശേഷം കുറേക്കാലം അച്ചൻ കർത്താവിന്റെ രൂപം കാണുമ്പോ തല കുമ്പിട്ടാ നടക്കാറ് കർത്താവ് കണ്ണുരുട്ടുന്ന പോലെ അച്ചന് ഒരു തോന്നല് 

കൊന്ന പാപം തിന്നാ തീരൂന്ന പറഞ്ഞത് കേട്ട് അച്ചൻ സ്വയം കുമ്പസാരിച്ച് ആ പാപം അങ്ങട് തീർത്തു അച്ചൻ അച്ചനോടെന്നെ പറഞ്ഞു നിന്റെ പാപം പൊറുത്തിരിക്കുന്നുന്ന് 

അച്ചനും കർത്താവിനെ സ്വപ്നത്തില് കണ്ടൂന്ന് പറഞ്ഞു കേട്ടതോടെ  സുകൂനും  ആകെ ദേഷ്യായി ഈ കർത്താവെന്തിനാ എല്ലാവരേം പോയി കാണാൻ നിക്കണേന്നാ സുകു സ്വയം ചോദിച്ചത്  

കർത്താവിനി  സ്വപ്നത്തില് വരുമ്പോ അത് ചോദിക്കാനായിട്ട് സുകു വിചാരിച്ചതായിരുന്നു  പക്ഷേ എന്തുകൊണ്ടോ കർത്താവ് പിന്നെ സ്വപ്നത്തിൽ വന്നില്ല അതു  കാരണം  കർത്താവിന്റെ ഫോട്ടോയിൽ  നോക്കീട്ടാ സുകു  ചോദിച്ചത്  .

രണ്ടു ദിവസം കഴിഞ്ഞ് കപ്യാര് ജോസേട്ടനും കർത്താവിനെ സ്വപ്നം കണ്ടൂത്രെ ഇപ്പോ ഞങ്ങടെ ഇടവകേലെ മൊത്തം ആൾക്കാരും കർത്താവിനെ സ്വപ്നം കണ്ടൂന്നും പറഞ്ഞാ നടക്കണത്  .

അവറാൻ ചേട്ടൻ മാത്രം കണ്ടില്ല ഇനി കർത്താവ് വല്ല പിണക്കോവോന്നും കരുതി രണ്ടു ഞായറാഴ്ച അവറാൻ ചേട്ടൻ അടുപ്പിച്ച് പള്ളീപ്പോയി   എന്നിട്ടും കർത്താവു സ്വപ്നത്തില് വന്നില്ല  അവസാനം അവറാൻ ചേട്ടൻ കർത്താവിന്റെ രൂപോം കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങി നോക്കി  എന്നിട്ടും സ്വപ്നം കണ്ടില്ല  ഇനി പള്ളീലേക്ക് വരത്തില്ലാന്നും  പറഞ്ഞ് അവറാൻ ചേട്ടനിപ്പോ   കർത്താവിനോടും പിണങ്ങി നടപ്പാ.   

ഇടിയന്റെ കൈയ്യീന്ന് വീണ്ടും ഇടി കിട്ടാതിരിക്കാൻ  സുകു പള്ളീലെ അച്ഛനേം കൂട്ടീട്ടാ സ്റ്റേഷനിൽ പോയി പറഞ്ഞത്  ഞാനിപ്പോ പ്രേക്ഷിതനായിരിക്കാന്ന് 

നീ റൗഡിത്തരം നിറുത്തി പ്രേക്ഷിതനായോടായെന്നും  ചോദിച്ച് ഇടിയൻ അലറി 

പ്രേക്ഷതെൻന്നു  പറഞ്ഞാ കർത്താവിന്റെ ദാസനാന്ന്  പീലിപ്പോസ് അച്ചനാ ഇടിയനു പറഞ്ഞു  മനസ്സിലാക്കിക്കൊടുത്തത്
  
മര്യാദക്ക് നടന്നാ കൊള്ളാം ഇല്ലെങ്കീ ഞാൻ  പ്രേക്ഷിതനേം ഇടിക്കും, കർത്താവിനേം ഇടിക്കും .. അത് കേട്ട് അച്ചനും കർത്താവും ഒരുമിച്ചു ഞെട്ടി.
   
അതോടെ  സുകു നല്ല പുള്ളിയായാണ്  നടക്കുന്നതെങ്കിലും ഇടിക്കിടക്ക് സുകുന്റെ ഉള്ളിന്ന്  ആ പഴയ റൗഡി തല പൊക്കും

ആ റൗഡിയായിരുന്നു മുരുകനെ കേറി പാണ്ടീന്ന് വിളിച്ചത്

വീണ്ടും  പാണ്ടീന്ന് വിളിക്കാനായി ''പാ'' .., ന്ന് വാ തുറന്നത്  മാത്രേ സുകൂന്  ഓർമ്മയുണ്ടായുള്ളൂ

''ഡേയ്'' ..,തമിഴിൽ   മുരുകൻ ഒറ്റ അലർച്ചയായിരുന്നു 

ഏതാണ്ട് പാണ്ടി ലോറി തൊട്ടടുത്ത് വന്ന്  സഡൻ ബ്രേക്കിട്ട പോലെയാ സുകുവിന് ആ അലർച്ച കേട്ടപ്പോ  തോന്നിയത് സുകുവിന്റെ ഉള്ളിലെ റൗഡിയും പ്രേക്ഷിതനും ഒരു പോലെ  ഞെട്ടിപ്പോയി .. മുരുകന്റെ രോമം മുഴുവൻ  മുള്ളൻ പന്നീടെ മുള്ള് പോലെ അറ്റൻഷനായി നിൽപ്പുണ്ട്  മുരുകൻ ദേഷ്യം കൊണ്ട് കൈയ്യിലുള്ള ചായ ഗ്ലാസ്സ് ഒറ്റ ഞെക്ക്  അത് പപ്പടം പോലെ പൊടിഞ്ഞു പോയി.

അത് കണ്ട്  പേടിച്ച്  സുകുന് നെഞ്ചു വേദനവന്നു

ഏലി പോലെ ഇരുന്നവൻ പെട്ടെന്ന് പുലിയായതു പോലെ

മുരുകന്റെ കൈയ്യുമ്മേ  അപ്പടി ചോര  ചായ കുടിക്കാൻ വന്ന ഈനാശു ചേട്ടൻ ഇത്  കണ്ട്  അയ്യോ ചോരാന്നും പറഞ്ഞു തലചുറ്റി വീണു.

സൂചികുത്തുമ്പോ വരുന്ന  ചോരകണ്ടാലെ കൈയ്യും കാലും വിറക്കുന്ന  ഈനാശു ചേട്ടനാ
ആ ഇനാശു ചേട്ടന്യാ ഒരു പ്രാവശ്യം ഭാര്യ  ശോശാമ്മ ചേടത്തി ഇറച്ചി വാങ്ങാൻ വിട്ടത്  ഈനാശു ചേട്ടൻ കരഞ്ഞു പറഞ്ഞതായിരുന്നു ഞാൻ പോണില്ലാന്ന്

എടീ നിനക്ക് അറിയാവുന്നതല്ലേ എനിക്ക് ചോര കണ്ടാ തല കറങ്ങുന്ന് .

എന്റെ മനുഷ്യാ നിങ്ങളൊന്ന് പോയി വാങ്ങീട്ട് വാ ചോര കാണുമ്പോ അങ്ങോട്ട് നോക്കാതിരുന്നാ മതി.  എങ്ങോട്ടേക്ക് നോക്കണ്ടാന്ന് വിചാരിച്ചോ   അങ്ങോട്ടേക്കാദ്യം  നോക്കാനേ  ഈനാശു ചേട്ടന് തോന്നത്തുള്ളൂ 

ഇറച്ചിക്കട കണ്ടതുമുതലേ  ഇനാശു ചേട്ടൻ വിറച്ചു തൊടങ്ങി ഈനാശു  ചേട്ടന്റെ തല അതിനേക്കാളും മുന്നേ  വിറ തൊടങ്ങി.

ഇറച്ചിവെട്ടുകാരൻ പത്രോസ്,  ''മാപ്ലാക്ക് എത്ര കിലോയാ വേണ്ടേ , എത്ര കിലോയാ വേണ്ടേ ന്ന് മൂന്നുപ്രാവശ്യം ചോദിച്ചട്ടും ഇനാശു ചേട്ടൻ മിണ്ടാതെ അവിടെയുള്ള പോത്തിന്റെ തലയും നോക്കി  കണ്ണും തുറുപ്പിച്ച് നിൽക്കായിരുന്നു  

ഈ പോത്തിനി ഇയാൾക്ക് വല്ല കാശും കൊടുക്കാനുണ്ടോ ഇത്രേം സൂക്ഷിച്ച് നോക്കാൻ  

പിന്ന്യാ പത്രോസിന് മനസ്സിലായത് ഇനാശു ചേട്ടൻ കണ്ണും തുറുപ്പിച്ച് ബോധം കെട്ട് നിൽക്കാന്ന് ചോര കണ്ടതോടെ ബോധം പോയതാ പാവത്തിന് കണ്ണടക്കാൻ കൂടി സമയം കിട്ടിയില്ല .

വീടിന്റെ മുറ്റത്ത് ഓട്ടോറിക്ഷ വന്നു  നിൽക്കുന്ന കണ്ടപ്പോഴാ  ശോശമ്മ  ചേടത്തി ഓടിപ്പോയി നോക്കീത് ഇറച്ചിക്ക് പകരം ഈനാശു ചേട്ടനെയാ എല്ലാവരും താങ്ങിക്കൊണ്ടുവന്ന് ഉമ്മറത്ത് കിടത്തീത് .

ഇനാശു ചേട്ടന്റെ കാറ്റു പോയീന്നും കരുതി  ചേട്ടത്തി ഓളിയിടാൻ തൊടങ്ങീതായിരുന്നു  അപ്പോഴാ  പത്രോസേട്ടൻ പറഞ്ഞത് ..

കാറ്റ് പോയതല്ല  ചേട്ടത്തി  ബോധം  പോയതാന്ന്  

ഇമ്മാതിരി പേടിത്തൂറികളയൊന്നും ഇറച്ചി വാങ്ങാൻ  ഇനി കടേലിക്ക്  അയക്കല്ലേ എന്റെ പൊന്നു ചേടത്തി കൊലപാതകത്തിന് സമാധാനം പറയാൻ എനിക്ക് വയ്യ 

പേടിത്തൂറികളിലെ അവസാന രണ്ടക്ഷരാ ചേടത്തി കേട്ടത് 

ഈ മനുഷ്യൻ മുണ്ട് നാശാക്കിയോന്നും ചോദിച്ച്  ചേടത്തി ഒരു ചവിട്ടും കൊടുത്തു ബോധമില്ലാതെ കിടക്കുന്ന ഈനാശു ചേട്ടന് ആ ചവിട്ടോടെ ശരിക്കും അതു സംഭവിച്ചു 

 അത്രേം പേടീള്ള ആളാണ്  ഈനാശു ചേട്ടൻ .

കൂട്ടില് ഉറങ്ങിക്കിടക്കായിരുന്ന റോമു മുരുകന്റെയാ  അലർച്ച കേട്ട് ഭൂമികുലുക്കമാണെന്നും കരുതി  ഞെട്ടിപ്പിടഞെഴുന്നറ്റ് ഒറ്റ ഓട്ടമായിരുന്നു   കൂട്ടില് കിടക്കാന്ന ഓർമ്മ ഇല്ലാണ്ടായിരുന്നു പാവം ജീവനും കൊണ്ട് പാഞ്ഞത്

ഇരുമ്പു കൂട്ടിൽ പോയി തലയിടിച്ച്  റോമുന്റെ കണ്ണീന്ന് പൊന്നീച്ച പോയി  കുറച്ചു നേരത്തേക്ക് ആ പാവം വെറുതേ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കുരക്കായിരുന്നു

ചായ ആറ്റിക്കൊണ്ടിരുന്ന പാക്കരൻ ചേട്ടൻ നിന്ന നില്പിലൊറ്റ  ഞെട്ട്  പാക്കരൻ ചേട്ടന്റെയൊപ്പം പാക്കരൻ ചേട്ടന്റെ കൈയ്യിലിരുന്ന  ചായ ഗ്ലാസ്സും ഞെട്ടി അതോടെ ആ പാവം താഴെ  വീണ് പൊട്ടി

ഒരു കൈയ്യിൽ  ചായ ഗ്ലാസ് ഇല്ലാണ്ടായിരുന്നു  പാക്കരൻ ചേട്ടന്റെ മറ്റേ കൈയ്യീന്ന് ചായ താഴോട്ട് വന്നത് ഈ സമയത്താ  മണികണ്ഠൻ പൂച്ച എന്തെങ്കിലും തിന്നാൻ കിട്ടുമെന്നും കരുതി  പാക്കരൻ ചേട്ടന്റെ കാലുമ്മേ നക്കിക്കൊണ്ട്  നിൽപ്പുണ്ടായിരുന്നത്   അവന്റെ തലേലിക്കായിരുന്നു  പാക്കരൻ ചേട്ടനാ  ചായ ആറ്റിവിട്ടത് 

പാവം അലറിക്കരഞ്ഞോണ്ടാ ഓടിയത് 

മുരുകൻ ചോരയൊലിക്കുന്ന കൈയ്യും നീട്ടിപ്പിടിച്ചോണ്ടാ സുകുവിനടുത്തേക്ക്  ചെന്നത്  

സുകുവിന്  എങ്ങിനെയെങ്കിലും എണീറ്റ് ഓടണന്നുണ്ട് പക്ഷേ കാലുകൾ  വിറക്കുന്ന കാരണം പറ്റുന്നില്ല 

വിറക്കുന്ന കാലുകളേയും വലിച്ചോണ്ട് ഓടാൻ നോക്കിയാൽ  മുരുകൻ ഒറ്റ ചാട്ടത്തിന് തന്നെ പൊക്കും അപ്പൊ  ഇടി കൂടുതൽ കിട്ടും.

സുകുവിനെക്കാളും പേടിയിലാ സുകുവിന്റെ കാലുകള് കിടന്ന് വിറക്കുന്നത്  

ഏതോ രക്ത രക്ഷസ്സ് ചോര കുടിക്കാൻ വരുന്നതു  പോല്യയാ  മുരുകനെ  കണ്ടപ്പോൾ സുകുവിന് തോന്നിയത്  .

കാലുകൾ വിറക്കുന്നതിന്റെയൊപ്പം സുകുവിന്റെ  ശരീരവും കിടന്ന്  വിറക്കുന്നുണ്ട്  വിറച്ചു വിറച്ചു കൈയ്യിലുണ്ടായിരുന്ന പകുതി ചായ  താഴെപ്പോയി.

മുഖത്ത് ധൈര്യം വരുത്തി മുരുകനെ പേടിപ്പിക്കാൻ സുകുവൊരു  പാഴ്ശ്രമം നടത്തി പക്ഷേ പറ്റുന്നില്ല ധൈര്യം കാണിക്കാൻ ശ്രമിക്കുമ്പോ പേടികൊണ്ട് കരച്ചിലാണ് വരുന്നത് .

പാക്കരൻ ചേട്ടൻ സുകൂനെ നോക്കി ഓടാൻ കണ്ണ് കൊണ്ട്  ആംഗ്യം കാണിക്കുന്നുണ്ട്  സുകുവിനും  ഓടണമെന്ന് ആശയുണ്ട്  പക്ഷേ പേടി കൊണ്ട് അനങ്ങാൻ പോലും പറ്റുന്നില്ല.

സുകു  പല്ലുകള്  കിട് ..കിട് ..,ന്നും പറഞ്ഞ് കൂട്ടിക്കടിക്കുന്നുണ്ട്  ഞങ്ങളാദ്യം  കരുതിയത്  സുകു ദേഷ്യം കൊണ്ട് പല്ലുകൾ കൂട്ടി കടിക്കുന്നതാണെന്നാ പിന്ന്യാ മനസ്സിലായത്  പേടികൊണ്ട് പല്ലുകള് തനിയെ കൂട്ടിയിടിക്കുന്നതാണെന്ന്  

സുകു ഒരു ആശ്രയത്തിനായി  എന്നെ നോക്കി,  ഞാൻ വേഗം ഫോൺ വന്നതു  പോലെ ഹലോ ..ഹലോ.. ന്നും പറഞ്ഞോണ്ട്  പുറത്തേക്കിറങ്ങി

പുറത്തിറങ്ങിക്കഴിഞ്ഞാ ഫോണിലേക്ക് നോക്കീത് , ഈശ്വരാ ഫോണാണെന്നും കരുതി പഴം പൊരിയും  എടുത്തോണ്ടാ പുറത്തോട്ട് വന്നത്.

എല്ലാവരും കണ്ടിട്ടുണ്ടാവും, എനിക്കാണെങ്കി ആകെ നാണക്കേടായി

ഫോണെടുക്കാൻ തിരികെ പോയാ പോയാ വെറുതേ മുരുകന്റെ ഇടി കൊള്ളേണ്ട വരും  ആ സമയത്ത് മുരുകനെ കണ്ടാ ഭീമസേനൻ ദുര്യോധനന്റെ തുട അടിച്ചു പൊളിക്കാൻ നിൽക്കുന്ന പോലെയാണ് അതിന്റെ ഇടയിൽ പോയി വെറുതേ തന്റെ  പുറം ഇടിച്ചു പൊളിക്കണോ? ഫോൺ പിന്നെ  പോയി എടുക്കാം ജീവനെക്കാളും വലുതല്ലല്ലോ  ഫോൺ 

മുരുകൻ ഓടി വന്ന് മുഷ്ടി ചുരുട്ടി  സുകുവിന്റെ തലയിൽ ഒറ്റയിടി  സുകൂന്റെ വായ്ക്കുള്ളിൽ നിന്നും  ആട് കരയുന്ന  പോലെ ''അമ്മാ ന്നൊരു  പകുതി നിലവിളി പുറത്തേക്ക് വന്നു .  

അടി കിട്ടുമ്പോ കരയാൻ വേണ്ടി സുകുവത്  പിടിച്ചു വെച്ചിരിക്കായിരുന്നു.

കൈയ്യിൽ പിടിച്ച ആ ചായഗ്ളാസ്സോടു കൂടിത്തന്നെ സുകു തലയും കുത്തി താഴെ വീണു അതിനുമുന്നെ എല്ലാവരേയും നോക്കി സുകുവൊന്ന്  ചിരിച്ചു. അതോടെ  സുകുവിന്റെ ബോധം പോയി  ബോധം പോവുന്നതിനു മുന്നേ  സുകു അവസാനമായി  ടാറ്റാ കൊടുത്തു 

അടി കിട്ടുമ്പോ ഇവനെന്തിനാ  ടാറ്റാ കൊടുക്കുന്നതെന്നാ വാറ്റുകാരൻ റപ്പായി ചേട്ടൻ  ചോദിച്ചത്  ?

ടാറ്റാ കൊടുത്തതായിരിക്കില്ല  ഇനി അടിക്കല്ലെന്ന് പറഞ്ഞതാവൂന്നാ വറീതേട്ടൻ മറുപടി പറഞ്ഞത് 

സുകൂനെ ഇടിക്കുന്നതു  കണ്ടതോടെ റോമു ഓടിവന്ന് കുരക്കാനായി വാ തുറന്നതായിരുന്നു  പക്ഷേ മുരുകന്റെ നിൽപ്പും ഭാവവും കണ്ടതോടെ അവനതങ്ങു   വിഴുങ്ങി മുരുകനെ നോക്കി  വാലാട്ടി നിന്നു .

തമിഴൻ ചിലപ്പോ താൻ ഒരു പട്ടിയാണോന്നൊന്നും നോക്കത്തില്ല വെറുതേ സുകൂന്റെ സൈഡ് പിടിച്ച് കുരച്ച്  മുരുകന്റെ ഇടി കൊണ്ട്  ചാവാൻ നിക്കണ്ട.

കൈകളിൽ  അപ്പടി ചോരയുമായി ആരെ വേണമെങ്കിലും  ഇടിക്കുന്നും പറഞ്ഞാ മുരുകൻ നിൽക്കുന്നത്

പാണ്ടിയെന്നു വിളിച്ചത് മുരുകനെ അത്രക്കും പ്രകോപിപ്പിച്ചിരുന്നു 

ഒരാളെ ഇടിച്ചു ബോധം കെടുത്താൻ മാത്രം അതൊരു തെറിയാണോ എന്നായിരുന്നു പലചരക്കു കടക്കാരൻ സുപ്രു ആലോചിച്ചത് ആ സംശയം മുരുകനോട് ചോദിച്ച് ഉത്തരം വാങ്ങിയാലോ എന്ന് പലയാവർത്തി സുപ്രുവിന്റെ മനസ്സ് ആഞ്ഞതാ പക്ഷേ സുപ്രുവിന്റെ ബുദ്ധി അതിനെ പിടിച്ചു നിറുത്തി മദം പൊട്ടിയതു പോലെ വിറച്ചു നിൽക്കുന്ന മുരുകന്റെ അടുത്തൂന്ന് ചിലപ്പോ ഉത്തരമാവില്ല ഇടിയാവും കിട്ടാന്നാ സുപ്രുവിന്റെ ബുദ്ധി പറഞ്ഞു കൊടുത്തത് 

തമിഴിൽ അതൊരു തെറിയായിരിക്കും എന്ന് സ്വയം പറഞ്ഞ് സുപ്രു ആശ്വസിച്ചെങ്കിലും വീണ്ടും മനസ്സിന്റെ ചോദിക്കെന്നുള്ള പ്രേരണ കാരണം ചായ പോലും കുടിച്ചു തീർക്കാതെ സുപ്രു എണീറ്റു പോയി മനസ്സ് തന്നെ കൊലക്ക് കൊടുക്കുമെന്നും പറഞ്ഞാ സുപ്രു പോയത് 

ചിലപ്പോ ഏതെങ്കിലും ഒരു ദുർബ്ബല നിമിഷത്തിൽ താനത് ചോദിച്ചു പോയേക്കുമെന്ന് സുപ്രുവിന് നല്ല പേടിയുണ്ട് 

എന്താടോ ചായ കുടിക്കാതെ പോകുന്നതിനുള്ള അവറാൻ ചേട്ടന്റെ ചോദ്യത്തിന് ഞാൻ പിന്നെ വന്ന്  കുടിച്ചോളാമെന്നും പറഞ്ഞാ സുപ്രു  മുങ്ങിയത്  

സുകുവിനെ മുരുകൻ ഇടിക്കുന്നത് കണ്ട  പാക്കരൻ ചേട്ടന് പോയി തടുക്കണമെന്നുണ്ട്  പക്ഷേ അന്നമ്മ  ചേട്ടത്തി പാക്കരൻ ചേട്ടനെ പിന്നിൽ നിന്ന് പിടിച്ചു വലിച്ചു

എന്റെ മനുഷ്യാ..,  നിങ്ങള്  അതിന്റെ എടേ പോയി വെറുതേ  അവന്റെ ഇടി കൊണ്ട് ചാവാൻ നിക്കണ്ട
 
സുകുവാണെങ്കിൽ  ചത്ത പോലെ കണ്ണടച്ചു കിടപ്പുണ്ട്  ആദ്യത്തെ ഇടിയോട് കൂടി തന്നെ  സുകൂന്റെ ബോധം പോയിരുന്നു  അത് കാരണം മുരുകൻ പിന്നെ  ഇടിക്കുന്നതൊന്നും സുകു അറിഞ്ഞില്ല.

മുരുകൻ,  സുകുവിനെ  ഇടിക്കുന്ന  ഇടിയുടെ വലുപ്പം  കണ്ടതോടെ  പാക്കരൻ ചേട്ടന് നെഞ്ചു വേദന വന്നു അതോടെ വലിവും  കൂടി.

കർത്താവേ....   സു ..,സുകൂ ..നെ ..മുരുകൻ കൊന്നു.

വലിവ് കാരണം വിക്കിക്കൊണ്ടാ പാക്കരൻ ചേട്ടനതു വിളിച്ചു പറഞ്ഞത് 

അത് കേട്ടതോടെ  മുരുകൻ പേടിച്ചു .

സുകുവാണെങ്കിൽ  മിണ്ടുന്നുമില്ല  

കടവുളേ  സുകു ശത്തിട്ടാങ്കളാ..?,  ഇവളോം ശക്തിയാ എനക്ക്

മുരുകൻ സ്വന്തം കൈയ്യുമ്മെക്ക്  നോക്കി  ഇനി താൻ അറിയാണ്ട് കൈയ്യെങ്ങാനും പോയി സുകൂനോ കൊന്നോന്ന് മുരുകനൊരു സംശയം .

അപ്പൊ..  ഓടിയതാ മുരുകൻ പിന്നെ  രണ്ടാഴ്ച്ച കഴിഞ്ഞാ  തിരിച്ചു വന്നത്   അമ്മേനെ കാണാൻ കാഞ്ചിപുരത്തിന്  പോയതാന്നാ ഞങ്ങളോട് പറഞ്ഞത്.

മുരുകൻ പോയ വശം  അവനെ ഞാനിന്ന് കൊല്ലുംന്ന് പറഞ്ഞ് സുകു  ചാടി എണീറ്റതായിരുന്നു 

മിണ്ടാണ്ടിരുന്നോ നീയ്യ്  വെറുതേ അവന്റെ കൈയ്യോണ്ട്  ചാവാൻ നിൽക്കണ്ടാന്നാ അന്നമ്മ ചേടത്തി സുകൂനോട്‌ വിളിച്ചു പറഞ്ഞത് 

ആ ദേഷ്യം സുകു ഡെസ്ക്കുമ്മേലാ തീർത്തത് 

മുഷ്ടി ചുരുട്ടി ഒരു നാലടി പാവം ഡെസ്ക്കിന്റെ കാല്  ഒടിഞ്ഞു  .

മുരുകൻ പോയീന്ന് അറിഞ്ഞതോടെ സുകുവിന്റെ ദേഷ്യം കൂടി ഏതായാലും മുരുകന്റെ കൈയ്യീന്ന് ഇനി ഇടി കിട്ടത്തില്ല എന്നുള്ള ധൈര്യത്തിലാ സുകു ഡെസ്ക്ക്മ്മേ ഇട്ടു താങ്ങുന്നത് .

എന്റെ സുകുവേ  നീ ആ ഡെസ്ക്ക് ഇടിച്ച് പൊളിക്കല്ലേ..?

അവനെ ഞാനിന്ന് കൊല്ലുംന്നും പറഞ്ഞു  സുകു നിന്ന് തുള്ളുന്നുണ്ട്

എന്തിനാടാ സുകുവേ അവനില്ലാത്തപ്പോ നീയി ദേഷ്യം കാണിക്കുന്നേ  അവന്റെ ഒറ്റയിടിക്ക് തലയും കുത്തി വീണപ്പോ കാണിക്കേണ്ടതല്ലേ ഇതെല്ലാം?

ഞാൻ വീണതല്ല ഒഴിഞ്ഞു മാറീതാ 

ഒഴിഞ്ഞു മാറീട്ടാണോ നിന്റെ ബോധം പോയത്?

എന്റെ ചേട്ടാ തമാശ പറയല്ലേ  അവനെ ഞാൻ  പൊക്കിക്കൊള്ളാം

എടാ സുകുവേ നീ ആവശ്യമില്ലാത്ത പണിക്കൊന്നും  പോവണ്ടാട്ടാ അവനെ പൊക്കാൻ പോയി അവസാനം നിന്നെ പൊക്കിക്കൊണ്ട് വരേണ്ടി വരും . അവനൊരു അന്തോം കുന്തോം ഇല്ലാത്തോനാ 

അതീപ്പിന്നെ  ആരും മുരുകനെ പാണ്ടീന്ന് വിളിക്കത്തില്ല

മുരുകൻ, കാഞ്ചീപുരത്തൂന്ന്  തിരിച്ചു വന്നപ്പോ സുകു പോയി പ്രതികാരം ചെയ്യൂന്നാ  ഞങ്ങളെല്ലാം വിചാരിച്ചത് 

ചായക്കടേല് വെച്ച്  പാക്കരൻ ചേട്ടനാ  സുകുവിനോടത്  പറഞ്ഞത് എടാ മുരുകൻ തിരിച്ചു വന്നൂട്ടാ..

അത് കേട്ടൊടനെ സുകു സൈക്കിളുമെടുത്ത്  ഒറ്റ പാച്ചിലായിരുന്നു  , 

എടാ അവൻ പോയി ആ തമിഴനെ കൊല്ലൂട്ടാന്ന് അവറാൻ ചേട്ടനാ വിളിച്ചു പറഞ്ഞത് .

ഞങ്ങളും  പിന്നാലെ പാഞ്ഞു മുരുകന്റെ വീടെത്തിയിട്ടും കൊല്ലാൻ പോയ സുകുവിനെ  കാണാനില്ല. 

അവൻ കത്തി എടുക്കാൻ പോയതായിരിക്കൂന്നാ അവറാൻ ചേട്ടൻ  പറഞ്ഞത്  മണിക്കൂറ് ഒന്നായിട്ടും കത്തിയെടുക്കാൻ പോയ സുകു വരുന്നില്ല മുരുകൻ അകത്തുകേറി വാതിലടച്ചിരിപ്പുണ്ട്   പിന്ന്യാ മനസ്സിലായത് സുകു വീട്ടിപ്പോയി കിടന്ന് ഒറങ്ങാന്ന് സുകു അവിടെ ബുദ്ധിപൂർവ്വം പ്രവർത്തിച്ചു വെന്ന് ഞങ്ങൾക്ക് മനസ്സിലായി 

അല്ലെങ്കിലും ആരും  തല്ല് ചോദിച്ചു വാങ്ങാൻ പോവാറില്ലല്ലോന്നാ തല്ല് കാണാൻ വന്ന മീൻകാരൻ മമ്മദ് ആത്മഗതം പറഞ്ഞത്    

പിന്നീടാ  സുകു  പറഞ്ഞത് മുരുകനോട്  ക്ഷമിച്ചൂന്ന്   

അതേതായാലും നന്നായി ഇല്ലെങ്കീ  മുരുകന്റെ ഇടി കൊണ്ട് സുകു ചത്തേനെ

എന്തൂട്ടാ ഉണ്ടായേ എന്റെ സുകു ?

എന്റെ ചേട്ടാ,  മിനിഞ്ഞാന്ന് മ്മടെ മീൻകാരൻ മമ്മദും  അവറാൻ ചേട്ടനും അടിച്ചു നല്ല പൂക്കുറ്റി ആയിരുന്നു.

ഇനിം ചോദിച്ചപ്പോ തരാൻ പറ്റില്ലാന്നും പറഞ്ഞ്  വറീത്  ഷാപ്പീന്ന് ഇറക്കി വിട്ടൂത്രെ

അപ്പൊ അവറാന്റെ വീട്ടില് ഒറോതയില്ലേ ?

ചേടത്തീ ,  ചേടത്തീടെ വീട്ടീ പോയിരിക്കാ ആ സന്തോഷത്തിലാ അവറാൻ ചേട്ടൻ പിമ്പിരിയായത്.

അന്നാ നിന്റെ കള്ള് ഇനി വേണ്ടെടാ തെണ്ടീന്നും പറഞ്ഞ് രണ്ടുപേരും അവിടന്ന് ഇറങ്ങീതാ 

ബാറീ പോവാൻ വിചാരിച്ചതായിരുന്നു  പക്ഷേ ഒരു പ്രാവശ്യം ഇടിയന്റെ ഇടി കിട്ടിയതു   കാരണം പേടി   ഇനീം ഞാൻ നിങ്ങളെ പിടിച്ചാ അവറാൻ ചേട്ടന്റെ ലൈസൻസ് കട്ട് ചെയ്യൂന്നും പറഞ്ഞ് ഇടിയൻ  വാണിംഗ് കൊടുത്തീട്ടുള്ളതാ

അതിന് സൈക്കിളോടിക്കാൻ  ലൈസൻസ് വേണോടാ  ? 

പാക്കരൻ ചേട്ടനത് വലിയ അത്ഭുതമായിട്ട് തോന്നി 

എന്റെ ചേട്ടാ സൈക്കിള്  ഓടിക്കാനുള്ള ലൈസൻസല്ല  കട്ട് ചെയ്യൂന്ന് പറഞ്ഞത്  അവറാൻ ചേട്ടന്റെ ജീവന്റെ ലൈസൻസ്  അവറാൻ ചേട്ടനെ  ഉരുട്ടി കൊന്ന് കെട്ടിത്തൂക്കൂന്നാ ഇടിയൻ പറഞ്ഞേക്കണത്  

അതീപ്പിന്നെ ബാറ്ന്ന്  പോയിട്ട് ഭാര്യാന്ന് കേട്ടാവരെ അവറാൻ ചേട്ടന് പേടിച്ച് പനിവരും  

നമ്മടെ ഗൾഫ്കാരൻ ഭാസ്കരേട്ടന്റെ  പാടത്തെ  തെങ്ങുമ്മേ അവറാൻ ചേട്ടൻ കള്ളു ചെത്തുന്നുണ്ടല്ലോ  അവിടന്ന് എടുത്ത് കുടിക്കാന്നും പറഞ്ഞാ  രണ്ടുപേരും കൂടി അങ്ങോട്ട് പോയത്

പക്ഷേ ഇരുട്ടായിരുന്ന കാരണം തെങ്ങു മാറിപ്പോയി കേറി കേറി അവറാൻ ചേട്ടൻ തെങ്ങിന്റെ മണ്ടയും കഴിഞ്ഞ്  വായുവിലോട്ട്  കേറിയിപ്പോയത്രേ

അയ്യോ അതെന്താ ?

എന്റെ ചേട്ടാ മണ്ട പോയ തെങ്ങിന്റെ മുകളിലേക്കാ അവറാൻ ചേട്ടൻ കേറിപ്പോയത്

എന്റെ അന്തോണീസേ....  ന്നൊരു അലർച്ച  മമ്മദ് കേട്ടു 
           
ഈ അവറാനെന്തിനാ അന്തോണീസിനെ കൂടി വിളിക്കണത്  രണ്ടു പേർക്കേ  കുടിക്കാനുള്ളതേ  കഷ്ടിയാ

അവറാൻ ചേട്ടൻ കറവക്കാരൻ അന്തോണീസിനെ വിളിക്കാന്നാ മമ്മദ് കരുതിയത് 

മമ്മദ് ഓടിച്ചെന്ന് നോക്കുമ്പോ അവറാൻ ചേട്ടൻ  ചെളീല് പൂണ്ട് കിടക്കാത്രെ  മമ്മദിന് ഒരു എത്തും പിടിയും കിട്ടിയില്ല ആള് തെങ്ങുമ്മേ കേറി പോണത് കണ്ടതാണല്ലോ ? അവറാൻ ചേട്ടനിനി ഡബിളായോ    

എവിടെ.. എവിടെ..? 

എന്തൂട്ടാ മമ്മദേ ..,?

കള്ള് 

എടാ ഞാൻ തെങ്ങുമ്മേന്ന് വീണൂടാ  എന്നെ ആശുപത്രീലോട്ട്  കൊണ്ട്പോടാന്നും പറഞ്ഞ് അവറാൻ ചേട്ടൻ കരഞ്ഞൂ

മമ്മദിന്റെ വിചാരം അത്  കള്ള് കൊടുക്കാതിരിക്കാനുള്ള അവറാൻ ചേട്ടന്റെ അടവാണെന്നാ  

മറ്റെയാളെവിടെ ..?

ആര് ?

അന്തോണീസ് 

എടാ..മഹാപാപി ..,  അത് പുണ്യാളാനാടാ ഞാൻ തെങ്ങുമ്മേന്ന് വീണപ്പോ വിളിച്ചതാടാ 

പുണ്യാളനും കുടിക്കോ ?

എടാ മമ്മദേ.. ഞാൻ പള്ളീലെ പുണ്യാളനെ വിളിച്ചതാടാ  

 അവറാനെ നീ  മുഴുവൻ കള്ളും കുടിച്ചൂലേ? 

എടാ മമ്മദേ..  ഞാൻ വീണതാടാ എന്നെ വേഗം ആശുപത്രീലേക്ക് കൊണ്ട് പോടാ ഞാനിപ്പോ ചാവൂടാ 

അപ്പഴും മമ്മദ് ചുറ്റും പരതി നോക്കാത്രെ

എന്തൂട്ടാ  എന്റെ മമ്മദേ നീ തപ്പണെ ?

ഞാൻ കള്ളും കുടം നോക്കാ 

എടാ മൈ ..,   അവറാൻ ചേട്ടന്റെ വായേല് ഒരു മുത്തൻ തെറി ഉരുണ്ടു കേറി  വന്നതായിരുന്നു   പക്ഷേ വിളിച്ചില്ല  മമ്മദ് ആശുപത്രീല് കൊണ്ട് പോയില്ലെങ്കിലോന്നും പേടിച്ച് 

എടാ മണ്ട പോയ തെങ്ങിലാടാ ഞാൻ കേറീത് 

മണ്ടയില്ലാത്ത അവറാൻ മണ്ടപോയ തെങ്ങുമ്മേ കേറി അതും പറഞ്ഞ് പാക്കരൻ ചേട്ടൻ ചിരിയോട് ചിരി  പാക്കരൻ ചേട്ടന്റെ ഒപ്പം പാക്കരൻ ചേട്ടന്റെ വലിവിനും ചിരിക്കണന്നുണ്ട് പക്ഷേ പറ്റുന്നില്ല  വലിവ് ചിരിക്കുമ്പോ ഒരു വിസിൽ ശബ്ദം മാത്രേ പുറത്തേക്ക്  വരുന്നുള്ളൂ .

അത് കേട്ടാ പാക്കരൻ ചേട്ടൻ കരയാണന്നേ  തോന്നു  തമിഴൻ  മുരുകൻ അത് ചോദിക്കേം ചെയ്‌തു

അയ്യോ ചേട്ടാ കരയണു

എടാ ഞാൻ കരയല്ലാ ചിരിക്കാണ് അത് കേട്ട് മുരുകൻ പകച്ചു  മുരുകൻ ആദ്യമായിട്ടാ ഒരാൾ ഇങ്ങനെ ചിരിക്കുന്നത് കാണണത്

ആവുതില്ലാണ്ട്  വെറുതേ ചിരിച്ച് ചാവാൻ നിൽക്കേണ്ടാ 

അന്നമ്മ ചേടത്തിയുടെ ചീത്ത കേട്ടതോടെയാ പാക്കരൻ ചേട്ടനാ പ്രിക്രിയ നിറുത്തിയത് 

ചെളിലേക്ക് വീണത് അവറാൻ ചേട്ടന്റെ ഭാഗ്യം ഇല്ലെങ്കി  അതോടെ  അവറാൻ ചേട്ടന് ഫോട്ടോല് കേറിയിരിക്കേണ്ടി വന്നേനേ  

ആ വീഴ്ചയില് കാല് ചെറുതായിട്ടൊന്ന്  ഉളുക്കീത് മാത്രേ ഉണ്ടായുള്ളൂ 

ഈ സമയത്താ മണികണ്ഠൻ പൂച്ച ഞൊണ്ടി ഞൊണ്ടി അങ്ങോട്ടേക്ക്  വന്നത്

ഇവനെന്തു പറ്റി  കാല്  ആരെങ്കിലും  തല്ലിയൊടിച്ചോ  ?

ഞങ്ങളെ കണ്ടതോടെ  മണികണ്ഠന് ആകെ സങ്കടം   കരച്ചിലോട് കരച്ചില്  ഏതാണ്ട്  ഞങ്ങളാ അവന്റെ കാല്  തല്ലിയൊടിച്ചേന്ന് തോന്നും അവന്റെയാ  കാറൽ  കേട്ടാല്

മണികണ്ഠന്റെ അലറി  കരച്ചില്  കേട്ടാ റോമു കൂട്ടീന്ന് എത്തി നോക്കീത്

 ഇവനെന്തിനാ ഇങ്ങനെ  കിടന്ന് കാറുന്നത്   ? രാവിലെ തന്നെ വല്ലോടുത്തൂന്നും  നല്ല പൊതുക്ക്  കിട്ടീട്ടുണ്ടാവും.

മണികണ്ഠൻ ഞൊണ്ടി ഞൊണ്ടി നടക്കുന്നത് അപ്പോഴാണ്  റോമു  കണ്ടത്

അയ്യോ ഇവന്റെ കാലു  തല്ലിയൊടിച്ചോ?   

റോമു നോക്കാണൂന്നു മനസ്സിലായതോടെ മണികണ്ഠൻ കരച്ചില് നിറുത്തി .

 അവനാകെ  ഷെയിമായി

റോമൂനാണെങ്കീ ഇത് കണ്ടതോടെ   ആകെ സന്തോഷം  അവനിതു  പാകാ കുറേ  കാലം ഞൊണ്ടി ഞൊണ്ടി നടക്കട്ടെ  .

ഗൾഫ്കാരൻ ഭാസ്കരേട്ടന്റെ  വീട്ടിലൊരു  പൂച്ചയുണ്ട് തുളസി രാത്രിയായ മണികണ്ഠനങ്ങോട്ടൊരു  ഇറക്കം പതിവുള്ളതാ .

അന്ന് തുളസീയെ കാണാൻ പാടം വഴി ഷോർട്ട് കട്ടിലൂടെ  പോയപ്പോഴായിരുന്നു അവറാൻ ചേട്ടൻ ഉന്നം  തെറ്റിയ മിസൈല് മാതിരി താഴോട്ട് വന്നത്.

കഷ്ടിച്ചാ  മണികണ്ഠൻ രക്ഷപ്പെട്ടത്  ഇല്ലെങ്കീ മണികണ്ഠന്റെ ജീവനും കൊണ്ട് അവറാൻ ചേട്ടൻ പോയേനേ

 ഭൂമികുലുക്കമാണെന്നും കരുതി  മണികണ്ഠൻ ജീവനും കൊണ്ട് ഓടി   പരാക്രമത്തില് ഓടിയോടി മണികണ്ഠൻ പോയി വീണത് ഭാസ്ക്കരേട്ടന്റെ വക്കില്ലാത്ത കിണറ്റില്  വെള്ളം ഇല്ലാഞ്ഞത്  മണികണ്ഠന്റെ ഭാഗ്യം .

അലർച്ച കേട്ടതോടെ മണികണ്ഠനെ കാത്തു നിന്ന  തുളസി വേഗം അകത്തേക്കോടി  .

തുളസീടെ വിചാരം മണികണ്ഠനെ ആരോ തല്ലിക്കൊല്ലുന്നതാന്നാ .

താൻ വാവിട്ട് കരഞ്ഞിട്ടും  തുളസി വരാത്തേല് മണികണ്ഠനു കൂടുതല് വിഷമമായി

തുളസി ആകെ പേടിച്ചു വിറച്ചിരിക്കായിരുന്നു  മണികണ്ഠൻ പോയാ വേറേ മണികണ്ഠൻ വരും  ജീവൻ പോയാ അതോടെ പോയതാ 

അല്ലെങ്കീ തന്നെ അവനൊരു  പോങ്ങനാന്നാ തുളസി മനസ്സില് പറഞ്ഞത് .

ഞങ്ങള് കാണാൻ ചെല്ലുമ്പോ അവറാൻ ചേട്ടൻ ഓറഞ്ചും  തിന്നോണ്ടിരിക്കാ ഞങ്ങളെ കണ്ടോടനെ ഒറോത ചേടത്തി  ഓറഞ്ചും എടുത്തോണ്ട്  അകത്തേക്കോടി .

ചെന്നിരുന്ന വശം തന്നെ  സുകു താഴോട്ട് നോക്കുന്നുണ്ടായിരുന്നു

എന്തൂട്ടാ സുകു നീ  നോക്കണേ  ?

അല്ല ഓറഞ്ചിന്റെ തൊലി കിടപ്പുണ്ടല്ലോ ഓറഞ്ചുണ്ടോ ചേട്ടാ ?

എടാ അത് നമ്മടെ  മണികണ്ഠൻ പൂച്ച എവിടന്നോ കൊണ്ട് വന്നിട്ടതാ 

മണികണ്ഠൻ  ചോറ് തീറ്റ നിറുത്തി ഇപ്പൊ ഓറഞ്ചിന്റെ തൊലിയാണോ തിന്നുന്നത്  ? ഇയാളുടെ രണ്ടു കാലും ഒടിയണ്ടതായിരുന്നുവെന്ന്  സുകു മനസ്സിലാ പറഞ്ഞത്.

ഇപ്പൊ കാലിന്  എങ്ങിനെയുണ്ട് ചേട്ടാ ?

ആ കള്ള മമ്മദ് കൊണ്ട് പോയി തട്ടിയിട്ടതാടാ ഇനി അവൻ മീനും കൊണ്ട് ഇങ്ങോട്ട് വരട്ടെ  

ഒറോത  ചേടത്ത്യാ അത് പറഞ്ഞത്   

ചേടത്തിയോട് നുണ പറഞ്ഞതാ അവറാൻ ചേട്ടൻ  

കള്ള് കുടിക്കാൻ വേണ്ടി  തെങ്ങുമ്മേ കേറീ വീണിട്ട് കാലൊടിഞ്ഞതാന്ന് പറഞ്ഞാ  അവറാൻ ചേട്ടന്റെ മറ്റേ  കാലും ചേടത്തി തല്ലിയൊടിക്കും.

ഇതറിഞ്ഞ  മമ്മദ്  ഒരാഴ്ച്ചയോളം  വേറെ വഴിയിൽ കൂടിയാ മീൻ വിൽക്കാൻ പോയിക്കൊണ്ടിരുന്നത് 


               

0 അഭിപ്രായങ്ങള്‍