മേരി, നിന്നെ ഞാൻ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ, എന്റെ  ജീവിതം   ശൂന്യമായിപ്പോയേനേ ഓട്ടക്കുടമായിത്തീരുമായിരുന്ന  എന്റെ ജീവിതത്തെ സവിശേഷമാക്കിത്തീർത്തത് നീയാണ്. ജീവിതത്തിന്റെ മനോഹരമായ മുഖം   നീയെനിക്കു കാണിച്ചു തന്നു. മുൾച്ചെടിയിൽ പൂക്കൾ കൂടി വിടരുമെന്ന്  ഞാൻ മനസ്സിലാക്കി.   ചേറിൽ  നിന്നും പ്രകാശത്തെ നോക്കി ഉയരാനാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് നിന്നിലൂടെയാണ്. അവ എന്റെ ജീവിതത്തെ അലങ്കാരമാക്കി. നിന്റെ വാക്കുകൾ എന്നിൽ ഊർജ്ജം നിറച്ചു. ഞാൻ കണ്ട ലോകത്തെ,  നിന്റെ കാഴ്ചപ്പാടുകളിലൂടെ നീ മറ്റൊന്നാക്കി മാറ്റി. എന്നെ ഞാനാക്കിയത് നീയാണ്, ജീവിതത്തെ എങ്ങിനെയാണ് നോക്കിക്കാണേണ്ടതെന്ന് പഠിപ്പിച്ചു തന്നത്  നീയാണ് .   എന്നിൽ സ്നേഹം നിറച്ചത് നീയാണ്,  എന്റെ  ജീവിതത്തെ അർത്ഥപൂണ്ണമാക്കിയത് നീയാണ്, ജീവിതമെന്നാൽ എല്ലാം കൂടിച്ചേർന്നതാണെന്ന് എനിക്ക് മനസ്സിലാക്കി തന്നതും നീയാണ്.

 അയാൾ  മേരിയെ കണ്ടുകഴിഞ്ഞു മേരിയിലേക്ക് അയാൾ  അലിഞ്ഞു ചേരുകയാണ്. 

കടൽ ഒരു സീൽക്കാരത്തോടെ വട്ടം ചുറ്റുന്നു അതൊരു സ്തൂഭം കണക്കെ ആഴങ്ങളിലേക്ക് നൂണ്ടിറങ്ങുകയാണ്.  അതിലൂടെ അയാൾ വട്ടം ചുറ്റുന്നു  അയാളുടെ  കൈയ്യിൽ മേരിയുണ്ട്, മറുകൈയിൽ മകളുണ്ട്. ശ്വാസം കിട്ടാതെ അയാളുടെ ശരീരം വിങ്ങിപ്പൊട്ടുന്നു .  

പക്ഷേ,  അയാൾ ചിരിച്ചു,    എന്തിനും ഏതിനും കൂട്ടായി കൂടെ  മേരിയുള്ളപ്പോൾ താനെന്തിനു  ഭയപ്പെടണം ? 

ഇവിടെ അയാളൊരു ശിശുവായി മാറുകയാണ് . മേരിക്കു മുന്നിൽ മേരിയുടെ  മകനായി 

ഇരുട്ടിനെതിരെയുള്ള ആശ്രയമായി, ഭയത്തിനെതിരെയുള്ള ധൈര്യമായി , ശക്തിയായി,  വിശ്വാസമായി എല്ലാത്തിനേയും  തടഞ്ഞു നിറുത്തുന്ന വലിയൊരു  പോർച്ചട്ടയായി , തന്നോട് ചേർന്ന് മെരിയുണ്ടെന്നുള്ള വിശ്വാസം അയാളെ ഭയപ്പാടുകളിൽ നിന്നും അകറ്റി നിറുത്തി. 

മേരിക്കുള്ളിൽ മേരിയുടെ മകനായി , അലയടിച്ചു വരുന്ന തിരമാലകൾക്കു മുന്നിൽ വന്മതിലായി  മേരിയുള്ളപ്പോൾ ആ പുറകിലൊളിച്ച് അയാൾ തന്റെ ഭയപ്പാടിനെ  തടഞ്ഞു നിറുത്തി.  

ദൊവാസ് ..ദൊവാസ്..,  കാവൽക്കാരനറെ നിലവിളി അങ്ങകലെ നിന്നും ഒരു ചെറിയ മൂളൽ കണക്കെ കാതുകളിൽ വന്നലക്കുന്നു. ഇയാൾ  എന്തിനാണ്  കിടന്നു കാറുന്നത് ? ആരെയാണ് വിളിക്കുന്നത് ? ആരാണ് ദൊവാസ് ?

ദോവസ്..,  അത് താൻ തന്നെയല്ലേ? വന്നു വന്ന് തന്റെ പേരുപോലും താൻ മറന്നുപോയിരിക്കുന്നു വയസ്സായെന്നു കരുതി  ഇത്രക്കധികം മറവി പാടുണ്ടോ ? 

പാടില്ലായിരിക്കാം  

പക്ഷെ തന്റെ പേര്,  അത് താൻ മറന്നുപോയതിൽ അത്ഭുതപ്പെടാനില്ല. കാരണം, ആരാണ്  ആ പേരിൽ തന്നെ വിളിക്കാറ്? മറ്റുള്ളവരുടെ ചുണ്ടുകളിൽ  നിന്നു പോലും  താനതു കേട്ടിട്ട്  കാലങ്ങളായിരിക്കുന്നു.  എന്തിന്,  താൻ പോലും  ആ പേര് മറന്നു തുടങ്ങിയിരിക്കുന്നു.  എല്ലാവരും തന്നെ  വിളിക്കുന്നത് നോട്ടക്കാരനെന്നാണ് , അതെ താൻ നോട്ടക്കാരനാണ് അതിനുള്ളിലേക്ക്  താൻ പരകായ പ്രവേശം നടത്തിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ  തന്റെ പേര് നോട്ടക്കാരൻ എന്നതാണ് ദൊവോസ് അല്ല,  ദൊവോസുമായി തനിക്ക് യാതൊരു ബന്ധവുമില്ല അത് മറ്റാരോ ആണ് അയാളാണ് ദോവസ്, താൻ വെറും നോട്ടക്കാരൻ മാത്രം.  

പക്ഷെ തനിക്ക് അങ്ങിനെയൊരു പേരുണ്ടായിരുന്നു, ആരാണ് ആ പേരിട്ടത്?

അറിയില്ല 

എന്തുകൊണ്ട് ? 

അത് വല്ലാത്തൊരു ചോദ്യമാണ്.  ഇവിടെ ഒരു  ചോദ്യത്തെ മറ്റൊരു  ചോദ്യം കൊണ്ട് എതിരിടുകയല്ല വേണ്ടത്  മറിച്ച് അതിനെ ഉള്ളിലേറ്റി അതിനുത്തരം  തന്നിലില്ല എന്നുള്ള സത്യത്തെ തിരിച്ചറിയുകയാണ് വേണ്ടത്. പക്ഷെ ആ  ചോദ്യം,   അത്  തന്നോട്  തന്നെയുള്ളതാകുമ്പോൾ  ഉത്തരം കാണുവാൻ താൻ ബാധ്യസ്ഥനാകുന്നു.   

എവിടെ നിന്നോ  ആ വിളികൾ കേൾക്കുന്നു . ഗുഹാമുഖത്തു നിന്നും  പ്രതിധ്വനിക്കുന്നതു പോലെ തന്റെയുള്ളിൽ  അതിന്റെ മുഴക്കങ്ങൾ ഉയരുന്നു. ആകാശത്തു ചീറിപ്പായുന്ന ഉൽക്കകൾ കണക്കെ ഓർമ്മയിലേക്ക് ചിലത്  ചാട്ടുളികണക്കെ വീശുകയും, അടുത്ത നിമിഷം മായുകയും  ചെയ്യുന്നു . 

മനസ്സിനുള്ളിൽ  ചിരപരിചിതമായ  രണ്ടു മുഖങ്ങൾ തെളിയുന്നു 

ആരാണത് ?

ആ മുഖങ്ങൾ തനിക്കു  ചിരപരിചതങ്ങൾ  തന്നെ, പക്ഷ  ഓർമ്മിക്കാനാകുന്നില്ല. 

എന്തൊരു കഷ്ട്ടമാണത്?  ചിരപരിചമെന്ന് തനിക്കു തന്നെ തോന്നുകയും എന്നാലവ തന്നിൽ നിന്ന് മറഞ്ഞിരിക്കുകയും  ചെയ്യുന്നു. 

അയാൾ കൂലം കൂഷമായി ചിന്തിച്ചു നോക്കി പക്ഷെ ഒന്നും  പിടി കിട്ടുന്നില്ല തനിക്കുള്ളിലേക്ക് മിന്നായം കണക്കെ ഒരു പ്രകാശം  കടന്നുവരുന്നു അതിൽ പിടിച്ച് കയറുമ്പോഴേക്കും അവയൊരു  പരൽ മീൻ കണക്കെ തന്നിൽ നിന്നും വഴുതിപ്പോകുന്നു .  

എന്താണിങ്ങനെ ?

അറിയില്ല  

അടുത്ത നിമിഷം ഒരു ചെറിയ വെട്ടത്തിന്റെ കീറ്  കണക്കെ തന്റെ  മാതാപിതാക്കളുടെ മുഖം തെളിഞ്ഞു വരുന്നു  . 

എന്തൊരു കഷ്ടം ?  തന്റെ മാതാപിതാക്കളുടെ മുഖമാണോ താനിത്രക്കും തേടിനടന്നത് ? തന്റെ ഓർമ്മകളിൽ  പരതിയത് ? 

ഹാ .. എന്തൊരു ജന്മമാണപ്പാ തന്റേത് ? .

ഇതിൽ താൻ തെറ്റുകാരനല്ലന്ന് അയാൾക്ക് തോന്നി കാരണം പലതും ഇപ്പോൾ തന്റെ ഓർമ്മയിൽ  നിന്നും ഒഴിഞ്ഞു പോയിരിക്കുന്നു. 

അതെ, അവരാണ് ആ പേരിൽ തന്നെ ആദ്യം വിളിച്ചത് 

അവരിൽ നിന്നുമാണ് ദൊവാസ് എന്ന പേർ  താൻ ആദ്യമായി കേട്ടു തുടങ്ങിയത്. അപ്പോൾ ആ പേര് തനിക്കു ചാർത്തി  തന്നതും   അവർ തന്നെയാണ്.  

തീർച്ചയായും അങ്ങനെ തന്നെ.  

എന്താണതിനു കാരണം ?

എന്തൊരു ചോദ്യമാണത് 

ഒരു പേരു നൽകുന്നതിന് പ്രത്യേകിച്ചു  കാരണങ്ങൾ വല്ലതും വേണമോ ? ഒരു വ്യക്തിക്കോ, മൃഗത്തിനോ ,  വസ്തുവിനോ , വസ്തുതക്കോ ?  അല്ലെങ്കിൽ  എന്തിനോ, ഏതിനോ   അവയുടെ   ചുറ്റുപാടുകളിലും, സമൂഹത്തിലും തരം  തിരിച്ചു നിറുത്തുന്നതിനും , നിറുത്തപ്പെടുന്നതിനും  ഒരു ലേബൽ ആവശ്യമാണ്, അത്യാവശ്യവുമാണ് അതിലൂടെയാണ് അവയെല്ലാം  അറിയപ്പെടുന്നത്. 

ദോവസ് എന്നുള്ളതാണ് തന്റെ പേര്, തന്റെ  ലേബൽ.  

താനെന്ന വ്യക്തി, തന്റെ വ്യക്‌തിത്വം, തന്റെ ഉൾക്കാമ്പുകൾ, തന്റെ ആദർശങ്ങൾ, നിരീക്ഷണങ്ങൾ, വീക്ഷണങ്ങൾ, ചിന്തകൾ, തോന്നലുകൾ എല്ലാം  കൂടിച്ചേർന്ന ഒരു സങ്കലനം, അതാണ് അതിന്റെ മൊത്തം ഉൾക്കാമ്പ് ഇതെല്ലാം ദൊവാസ് എന്നതിൽ ഉൾച്ചേർന്നിരിക്കുന്നു .

ഇനി  തന്റെ പേര് ദിമിത്രി എന്നാണെങ്കിൽ  ഇതെല്ലാം  ദിമിത്രിയിലും ഉൾച്ചേർന്നിരിക്കും , ഔസേപ്പ് എന്നാണെങ്കിൽ അതിലും  . 

 ഏതൊന്നും ഇങ്ങനെയൊക്കെത്തന്നെ.

  ഒരു  പേരുകൊണ്ട് ഉദ്ദേശിക്കുന്നതും, ഉദ്ദേശിക്കപ്പെടുന്നതും, ഉദ്ദേശിക്കപ്പെടേണ്ടതും  അതിന്റെ ആന്തരികമായ അർത്ഥം ഉൾപ്പെടുന്നതും, ഉൾക്കൊള്ളുന്നതും ഇവയെല്ലാം തന്നെയാണ്.     അങ്ങിനെ വരുമ്പോൾ ഒരു പേരിന്  പ്രതേകിച്ച് വല്ല അർത്ഥവും വേണമോയെന്നുള്ള തന്റെ  ചോദ്യം തികച്ചും നിരർത്ഥവും , നിരർത്ഥകവും, അനാവശ്യവും ബാലിശവുമാകുന്നു . 

വേണ്ട എന്നുള്ളതാണ് തന്റെ  പക്ഷം, അങ്ങനെ വേണമെന്നുള്ളവർ ഉണ്ടാകാം,അതവരുടെ വീക്ഷണം . ആ പേരിലേക്ക് ചുഴിഞ്ഞു  നോക്കുമ്പോൾ  ദോവസ് എന്നതിന്റെ  അർത്ഥം, സ്വയം പ്രകാശിക്കുന്നവൻ എന്നതാണ് . 

ഹാ.... ഹാ..., താൻ സ്വയം പ്രകാശിക്കുന്നവനാണോ ? 

ഏതുകണ്ടിട്ടാണ് അവർ തനിക്കീ പേരിട്ടത്? 

അല്ലെങ്കിൽ  അവരെ കുറ്റം പറയുന്നതെന്തിന് ? ഏതൊരു മക്കളും  സ്വയം പ്രകാശിക്കുന്നവർ,  പ്രകാശം ദ്യോതിപ്പിക്കുന്നവർ  ആകുവാനാണ് ഏതു   മാതാപിതാക്കളും ആഗ്രഹിക്കുന്നത്, അതിലേക്കുള്ള ആദ്യപടിയാണ് ഒരു പേരിടൽ ചടങ്ങ്. അതവരുടെ വിശ്വാസം അതിനോട് നീതിപുലർത്തേണ്ടത് ആ പേരിന്റെ വക്താക്കൾ തന്നെയാണ് അതിലുപരി അതവരുടെ  കടമയും കൂടിയാണ്  സ്വയം പ്രകാശിപ്പിക്കുന്നവനാകണോ , പ്രകാശം  ദ്യോതിപ്പിക്കുന്നവനാകണമോ ,  ജ്വലിപ്പിക്കുന്നവനാകണമോ  എന്നുള്ളതിന്റെയെല്ലാം   ഉത്തരവാദിത്വം അവരവരിൽ തന്നെ നിഷിപ്തവുമാണ് . അങ്ങിനെ തന്നെയാണ്  ആകേണ്ടതും  അതിന് മറ്റുള്ളവരെ  കുറ്റം പറഞ്ഞിട്ടെന്തു കാര്യം?

പക്ഷെ താൻ അങ്ങനെയായിരുന്നുവോ ? 

ഒരിക്കലുമില്ല  തന്റെ  പേരിനോട്  നീതി പുലർത്താൻ തനിക്കൊരിക്കലും കഴിഞ്ഞില്ല  എന്നുള്ളതാണ് വാസ്തവം . താനൊരു ഇരുണ്ട വൃത്തത്തിനുള്ളിൽ, തനിക്കു വേണ്ടി മാത്രം  ജീവിച്ചു. തന്റെ ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും മാത്രമേ തന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ അല്ലെങ്കിൽ അതിനു മാത്രമേ താൻ പ്രാമുഖ്യം കല്പിച്ചിരുന്നുള്ളൂ അങ്ങിനെവരുമ്പോൾ അത് സ്വയം കൂടാരം പണിത് അതിനുള്ളിൽ മൂടിക്കിടക്കുന്നവന് തുല്യമാണ് അവിടെ അയാൾ ചുറ്റുമുള്ളതൊന്നും കാണുന്നില്ല അങ്ങനെയുള്ളപ്പോൾ താൻ എങ്ങിനെയാണ് പ്രകാശം ദ്യോതിപ്പിക്കുന്നവനാകുന്നത് ?  

അതൊരു വല്ലാത്ത ജന്മം 

 ഈയടുത്ത കാലത്താണ്  എന്താണ് തന്റെ പേരിന്റെ   അർത്ഥമെന്തെന്നുള്ളത് കൂടി താൻ  മനസ്സിലാക്കുന്നത്, പേരുകൾക്ക് അർത്ഥങ്ങൾ ഉണ്ടെന്നും ,  അതും ഒരു പുസ്തകത്തിലൂടെ. 

ഹാ ഹാ.. പ്രകാശം ദ്യോതിപ്പിക്കുന്നവൻ..,   ദോവസ്

എന്തൊരു  വിരോധാഭാസം. 

തന്നെ സംബന്ധിച്ച് അതൊരു അർത്ഥശൂന്യമായ പദമായിരുന്നു ? തീർച്ചയായും അങ്ങിനെ തന്നെ.  പക്ഷെ ആ വാക്കുകളെ  അർത്ഥ ശൂന്യമാക്കിയത് താൻ തന്നെയാണ് തന്റെ പ്രവർത്തികളാണ് . തനിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന പ്രകാശത്തെ താൻ കണ്ടില്ല, തിരിച്ചറിയാൻ ശ്രമിച്ചില്ല . 

ആ ജീവ വെളിച്ചത്തെ  മൂടിവെക്കുന്ന മൂടിയായി, എപ്പോഴും  താൻ വർത്തിച്ചു.

 എന്നാൽ മേരി തന്റെ ജീവിതത്തിലേക്ക്  കടന്നു വന്നതോടു കൂടി  അതിൽ കുറച്ചെങ്കിലും മാറ്റമുണ്ടായി എന്നുള്ളതാണ് സത്യം കുറച്ചെങ്കിലുമല്ല നന്നായിത്തന്നെ. ഒരു വിളക്ക് അതിനു ചുറ്റുമുള്ള ഇരുട്ടിനെ പ്രകാശനമാക്കുമെന്നപോലെ . മേരിയെന്ന പ്രകാശം  തന്നിലേക്ക് കടന്നുവന്നപ്പോൾ താനെന്ന ഇരുട്ടിനെ അത് വെളിച്ചമാക്കി  മാറ്റി . 

അതിനു ശേഷം  ആ  പേരിനോട് കുറച്ചെങ്കിലും നീതിപുലർത്താൻ തനിക്ക് കഴിഞ്ഞുവെന്ന് സ്വയം ആശ്വസിക്കാം.  മേരി വന്നതിനു ശേഷമെന്ന് പ്രത്യേകം  അടിവരയിടേണ്ടിവരും. കാരണം ഉള്ളിലേക്ക് നോക്കുന്നതിനോടൊപ്പം പുറത്തേക്ക് കൂടി നോക്കണമെന്ന് പഠിപ്പിച്ചു തന്നത് അവളാണ്     

അതെല്ലാം കടന്നുപോയിരിക്കുന്നു,  മേരി പോയി മകളും, മനസ്സുകൊണ്ട് താനും.

   തന്റെ പേര് ദോവസ് എന്നതാണ്. അതിന്റെ അർത്ഥത്തിലേക്കൊന്നും താനിപ്പോൾ  കടക്കുന്നില്ല. ചുറ്റുപാടുകളിൽ അറിയപ്പെടാൻ ഒരു അടയാളം അതു മാത്രമേ ഒരു പേരിൽ താൻ കാണുന്നുള്ളൂ. 

 ദോവസ്.. അപ്പോൾ കാവൽക്കാരൻ വിളിക്കുന്നത് തന്നെയാണ്. താനാണ് ദോവസ്, വർഷങ്ങൾക്കപ്പുറത്തു നിന്നും മറ്റൊരു ചുണ്ടിൽ കൂടി താനാ  പേർ കേൾക്കുന്നു. അതെ, അതു താൻ തന്നെയാണ് ഒരു നിമിഷം ഓർമ്മകൾ പുറകോട്ട് പായുന്നു താൻ എന്തിനാണ്  ലൈറ്റ് ഹൗസിൽ നിന്നും ഒരു   ഭ്രാന്തനെപ്പോലെ ഓടിയിറങ്ങിയത് ?  വെള്ളത്തിലേക്ക് കുതിച്ചത്?  താൻ മേരിയേയും മകളേയും കണ്ടിരുന്നുവോ? അവരിലേക്ക് ചേരുവാനാണോ താൻ നടന്നു കയറിയത് അങ്ങിനെയെങ്കിൽ അത് മരിക്കുവാനായിരുന്നില്ലേ  ? 

എന്തിന് ? 

മേരിക്കും മകൾക്കും വേണ്ടി, എന്നുള്ളതാണ് തന്റെ  ഉത്തരം 

ശരി ആയിക്കൊള്ളട്ടെ, പക്ഷെ എന്താണ് പെട്ടെന്നു തന്നെക്കൊണ്ടത്  ചെയ്യിപ്പിച്ച ചേതോവികാരം ? 

അറിയില്ല

 എന്തുകൊണ്ട് അറിയില്ല? 

ആ ചോദ്യത്തിനും ഉത്തരം അറിയില്ലെന്നുള്ളത് തന്നെയാണ്. താൻ മേരിയേയും മകളേയും കണ്ടു. അവർ തന്നെ വിളിച്ചു. 

പക്ഷെ അവർ മരിച്ചു പോയില്ലേ? 

അപ്പോൾ എങ്ങിനെയാണ് തനിക്കവരെ കാണുവാനാവുക ? അതിന്റെ  ഉത്തരവും  തനിക്കറിയില്ല അവരോടുള്ള അഗാധമായ സ്നേഹമായിരിക്കാം തന്നെക്കൊണ്ടിത്  ചെയ്യിച്ചത് അങ്ങിനെയെങ്കിൽ ആ സ്നേഹം മുൻപും ഉണ്ടായിരുന്നതല്ലേ? അന്നെന്തുകൊണ്ട് താനതു  ചെയ്തില്ല?

 പേടി 

തനിക്കോ ? 

എന്തേ തനിക്ക് പേടിയില്ലേ ? ഉണ്ട് തീർച്ചയായും ഉണ്ട് തനിക്ക് പലതിനോടും പേടിയുണ്ട്.

   പക്ഷേ എന്തുകൊണ്ട് താനിത് അന്നു ചെയ്തില്ല?

 മരണത്തെ ഭയമായതുകൊണ്ടായിരിക്കാം ?

 വയ്യ ഇത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരങ്ങൾ തേടുക വയ്യ എന്താണ് തനിക്കു മാത്രം ഇങ്ങനെ?

 തനിക്കുമാത്രമോ ഏതോ എല്ലാവർക്കും  ഇങ്ങനെയാണോ ?

അതും അറിയില്ല 

ദേ വീണ്ടും ചോദ്യങ്ങൾ, ഹോ ഇതിൽ നിന്നും തനിക്കൊരു മോചനമില്ലേ ?

തനിക്ക് പേടി  ആയിരിക്കാം,  അല്ലായിരിക്കാം അല്ലെങ്കിൽ  ഒരു പക്ഷേ തനിക്കിത് അന്ന് ഓർമ്മയിൽ വന്നില്ലായിരിക്കാം. 

അന്നെന്നുള്ളത് എന്നാണ് ?

മേരിയും മകളും തന്നിൽ നിന്നും വിട്ടു പോയ അന്നാണോ ? 

തീർച്ചയായും അന്നു തന്നെ 

ഒരുപക്ഷെ  അവർ  തന്നെക്കാൾ കൂടുതൽ പരസ്പരം  സ്നേഹിച്ചിരുന്നിരിക്കാം അതല്ലേ ഒരു നാളിൽ, ഒരേ സമയം, ഒരുമിച്ച്, എന്നാൽ താൻ മാത്രം 

എന്നുവെച്ച് അവർ തന്നെ സ്നേഹിച്ചിരുന്നില്ലെന്നാണോ ? ഒരിക്കലുമല്ല പിന്നെ എന്തുകൊണ്ട് താൻ മാത്രം ബാക്കിയായി ? തന്റെ പാപങ്ങൾ അതാണോ തന്നെ ആ കണ്ണിയിൽ  നിന്നും വിഘടിപ്പിച്ചു നിറുത്തിയത്? 

ആയിരിക്കാം ? അല്ലായിരിക്കാം 

അതിനും  ഉത്തരം തനിക്കറിയില്ല.  ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങൾ മാത്രമാണോ തനിക്കുള്ളിൽ നിന്നും എപ്പോഴും  ഉയരുന്നത് ?

അതും തനിക്കറിയില്ല 

പക്ഷെ എന്തുകൊണ്ട് താനിതവർക്കു വേണ്ടി അന്നു ചെയ്തില്ല  ?  

 തനിക്കത് ഓർമ്മയില്ല 

പക്ഷെ  ഇപ്പോൾ തനിക്ക് പേടിയില്ല,  മരണത്തെ തനിക്ക് പേടിയില്ല, മരിച്ചു കഴിഞ്ഞാലാണോ അവരിലേക്ക് ചേരുവാൻ പറ്റുക ?

ദേ ..വീണ്ടും ഉത്തരം അറിയാത്ത മറ്റൊരു ചോദ്യം കൂടി ഉയരുന്നു  

ഒരു പക്ഷെ ഇതിനെല്ലാം ഉത്തരങ്ങൾ ഉണ്ടായിരിക്കാം തനിക്കറിയില്ലെന്നു മാത്രം 

 ഇതാണാ സമയം, താനും അവരിലേക്ക് ചേരുന്ന നേരം  മേരി, മകൾ, താൻ, അങ്ങനെ ആ വൃത്തം പൂർത്തിയാകുന്നു. ദോവസ് മൈക്കിൾ ഗിൽബെർട്ട് പ്യൂട്ടോ എന്ന ലൈറ്റ് ഹൌസ്  നോട്ടക്കാരൻ ഇതാ പോകുന്നു, ആ പേരിനിയില്ല അങ്ങനെ അത്  തുടച്ചു നീക്കപ്പെടുന്നു .., 

എവിടെ നിന്നും ..,  എല്ലായിടത്തുനിന്നും..

 പാഠ പുസ്തകങ്ങളിൽ, രജിസ്റ്ററുകളിൽ, മനസ്സുകളിൽ   . രേഖകളിലോ, രഹസ്യങ്ങളിലോ, പരസ്യങ്ങളിലോ, നിഘണ്ടുകളിലോ എവിടെയെല്ലാമോ, അവിടെയെല്ലാം  നിന്നും അത് മായുന്നു,  ഈ  പ്രപഞ്ചത്തിൽ നിന്നും . 

ഒടുവിൽ  ദോവസ് മൈക്കിൾ ഗിൽബെർട്ട്  പുട്ടോ എന്ന  ലൈറ്റ് ഹൌസ് നോട്ടക്കാരൻ ഒരു ഓർമ്മ മാത്രമാകുന്നു. 

ഒരു നോട്ടക്കാരാണെന്നാണോ അതോ ഒരു രാജകുമാരൻ എന്നാണോ തന്നെ വിശേഷിപ്പിക്കേണ്ടത് ?

നോട്ടക്കാരൻ എന്നാണ് വേണ്ടത് ഇവിടെ  പഴയതിനു എന്ത് കാര്യം താനൊരു രാജകുമാരനായി ജനിച്ചു പക്ഷെ മരിക്കുന്നത് ഒരു നോട്ടക്കാരൻ ആയിട്ടാണ് അപ്പോൾ അതാണ് തനിക്കു ചേരുന്നത് 

പാസ്റ്റിലേക്കു കടന്നു ചെല്ലാനാവില്ല വർത്തമാന കാലത്തിനെ പ്രസക്തിയുള്ളൂ ആരാണോ താൻ ഇന്ന് അതാണ് തന്റെ വർത്തമാനകാലം അവിടെ  ഭൂതവും  ഭാവിയും തന്നിൽ നിന്നും  പ്രപഞ്ചത്തിൽ നിന്നും മാറിനിൽക്കുന്നു  

അല്ലെങ്കിലും  ആരാണ് തന്നെ ഓർമ്മിക്കുന്നത് ?

ആരുമില്ല.

താൻ പോലും തന്നെ ഓർക്കാറില്ല എന്നുള്ളതാണ് സത്യം . 

ഇതിലെന്താണ് ഒരു അർത്ഥം ?

 താനെന്തിനാണ് തന്നെ ഓർക്കുന്നത് ? ഓർക്കേണ്ടത്  മറ്റുള്ളവരല്ലേ അങ്ങനെ വരുമ്പോൾ   തന്നെ ഓർക്കുന്നവർ ഓർക്കേണ്ടവർ  എല്ലാവരും  തന്നെ കാലയവനികക്കുള്ളിലേക്ക്  മറഞ്ഞു കഴിഞ്ഞിരിക്കുന്നു.  അതുപോലെ താനും മായുന്നു  തന്റേതായ എല്ലാം തന്നെ  ഈ പ്രപഞ്ചത്തിൽ നിന്നും മാച്ചുകൊണ്ട് , മായ്പ്പിച്ചു കൊണ്ട് .   

 തനിക്കു ശേഷം അവിടെ ഒരു ശൂന്യത മാത്രം, അത്രയേയുള്ളൂ. ലോകം മുന്നോട്ട് ഓടും അപ്പോഴുള്ള ബന്ധങ്ങളിൽ ആളുകൾ ഊഷമളത കണ്ടെത്തും ഒരു  ചങ്ങലയിൽ നിന്നും ഒരു കണ്ണി വേർപെട്ടു പോയാൽ  അത് കൂട്ടിച്ചേർക്കപ്പെടും,. അതിനെക്കുറിച്ച് ആരെങ്കിലും ചിന്താ ചിത്തരാകേണ്ടതുണ്ടോ  ? അല്ലെങ്കിൽ കാലത്തെ പിടിച്ചു നിറുത്തുവാൻ മാത്രം ശക്തി അതിനുണ്ടോ ? ഒരിക്കലുമില്ല കാലം അത് മുന്നോട്ടോടും പ്രപഞ്ചം അത് സഞ്ചരിക്കും, സമയം മുന്നോട്ടോടും  അതാണതിന്റെ ശരി എന്നാലേ അത് .. അത് ... എന്താണ് പറയേണ്ടതെന്ന് തനിക്കറിയില്ല അതാണ് ഓരോരുത്തരുടേയും ഉള്ളിൽ തോന്നുന്ന വാക്കുകൾ എടുത്ത് അത് പൂരിപ്പിക്കാം നിങ്ങൾക്ക് യുക്തമെന്ന് തോന്നുന്നത് എടുത്ത് ചേർക്കാം അത് നിങ്ങൾ ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ് 

ആരാണ് നിങ്ങൾ ?

ഹാ ..ഹാ അറിയില്ല 

ദേ അറിയാത്ത മറ്റൊരു ചോദ്യം കൂടി  

ചിലപ്പോൾ  കുറച്ചുകാലം,  അതും ആ കണ്ണിയോട് ചേർന്നിരുന്ന ചില  കണ്ണികൾ മാത്രം പതിയെ അതും മായും. അതാണ് പ്രപഞ്ചം അനുശാസിക്കുന്ന ജീവ തത്വം  പൊട്ടിപ്പോയ കണ്ണികൾ വിളക്കി ചേർക്കപ്പെടേണ്ടതാണ് അവയുടെ കർമ്മങ്ങൾ അനുസ്യൂതം, അഭംഗരം  തുടരേണ്ടതാണ്, തുടരപ്പെടേണ്ടതാണ്  

ഭാഗ്യം, എന്തോ.. ഇവിടെ തനിക്കൊരു ഉത്തരമുണ്ട്.  

പതിയെ  ആവർത്തനങ്ങളും ചോദ്യങ്ങളും  നിലക്കുന്നു. വെള്ളത്തിന്റെ ഹുങ്കാര ശബ്ദം മാത്രം എങ്ങും  മുഴങ്ങിക്കൊണ്ടിരിക്കുന്നു.  എവിടെ മേരി ? എവിടെ തന്റെ മകൾ ?  അവർ  വീണ്ടും തന്നെ കൈ വിട്ടു പോയോ? താൻ വീണ്ടും പാപിയായോ ?  അയാൾ കൈകളെ തുഴകളാക്കാൻ ശ്രമിച്ചു എന്നാൽ അടുത്ത നിമിഷം അതൊഴിവാക്കി, വേണ്ട  ഇത് വല്ലാത്തൊരു സുഖം തനിക്ക് പകർന്നു തരുന്നു ഈ വീർപ്പുമുട്ടൽ, ഈ വെപ്രാളം തനിക്ക് വല്ലാത്തൊരു അനുഭൂതി പ്രധാനം ചെയ്യുന്നു.   ഞരമ്പുകൾ പൊട്ടിത്തെറിക്കുന്നു ശ്വാസകോശം തകരുന്നു, എല്ലുകൾ നുറുങ്ങുന്നു ഇതിലെല്ലാം  ഒരു ഉന്മാദം താൻ അനുഭവിക്കുന്നു. 

ശരീരത്തിൽ നിന്നും  ജീവൻ വേർപെടുന്ന നിമിഷം സുഖകരമാണോ? 

അറിയില്ല 

പിന്നെ, എന്തുകൊണ്ട് ആ ചോദ്യം തന്റെ ഉള്ളിൽ നിന്നും  തികട്ടി വന്നു ?

അതും അറിയില്ല, പക്ഷെ താനിപ്പോൾ ആ ഒരു അനുഭൂതിയിലൂടെയാണ് കടന്നു പോകുന്നുവെന്നുള്ളത് നേര്.  

അല്ലെങ്കിൽ എന്താണ് ജീവൻ ? അതൊരു വസ്തുവാണോ? ചേതനയാണോ? ആത്‌മാവാണോ? അല്ലെങ്കിൽ ഇതെല്ലാം കൂടിച്ചേർന്ന ഒരു സത്യമാണോ അതോ വസ്തുതയാണോ ?

വസ്തുത,  അതാണോ പരിപാവനമായ ആ വെളിച്ചത്തെ പ്രതിപാദിക്കാനായി  ഉപയോഗിക്കേണ്ടുന്ന വാക്ക്? 

അറിയില്ല , അതിനെക്കുറിച്ചുള്ള  തന്റെ അജ്ഞതയായിരിക്കും അത്തരമൊരു വാക്കിലേക്ക് എത്തിച്ചേർത്തത്  . അതിൽ കുണ്ഠിതപ്പെടേണ്ട കാര്യമില്ല കാരണം  തന്റെ മനസ്സിൽ ആ വസ്തുതയോടുള്ള അളവറ്റ  ആദരമുണ്ട്  അതുമതി കാരണം വാക്കുകളിൽ  വലിയ കാര്യമില്ല എന്നുള്ളതിൽ താൻ വിശ്വസിക്കുന്നു .  തനിക്കത് മനസ്സിലായി തനിക്കാണ് അത് മനസ്സിലാകേണ്ടതും.

  ഇവിടെ മറ്റാരുമില്ല താൻ മാത്രം, അതോടൊപ്പം തന്റെ ജീവൻ കൂടെയുണ്ട് 

താനും, ജീവനും, അത്  രണ്ടും രണ്ടാണോ? അതാണോ തന്നിൽ നിന്നും പറന്നു പോകാനൊരുങ്ങുന്നത് ? അപ്പോൾ  ജീവനില്ലാത്ത താൻ എന്താണ്?

വെറുമൊരു  ജഢം മാത്രം  

തന്നിൽ നിന്നും പറന്നു പോകുന്ന ഈ ജീവൻ എന്ത് ചെയ്യും?

 മറ്റൊരു ശരീരത്തിൽ പ്രവേശിക്കും,  അല്ലെങ്കിൽ അലഞ്ഞു തിരിയും ?  

മറ്റൊരു ശരീരത്തിൽ പ്രവേശിക്കുകയാണെങ്കിൽ, ആ ശരീരം താനായി മാറുകയില്ലേ  ? അങ്ങിനെയാകേണ്ടതല്ലേ ? 

അതാണോ മറുജന്മം എന്നുള്ളതുകൊണ്ട്  ഉദ്ദേശിക്കുന്നത്? 

തന്റെ ഉള്ളിലുള്ള ജീവനാണ് തന്നെ താനാക്കുന്നത്. തന്റെ ചിന്തകൾ, വികാരങ്ങൾ, പ്രവർത്തികൾ,  വീക്ഷണങ്ങൾ, ചേതന , ഓജസ്സ് , ഊർജ്ജം മനസ്സ്  അങ്ങിനെ എല്ലാം അതുമായി ചേർന്നു കിടക്കുന്നു . അങ്ങിനെവരുമ്പോൾ അത് മറ്റൊരു ശരീരത്തിലും അങ്ങിനെ തന്നെയാവുകയില്ലേ ? അപ്പോൾ  തന്റെ ഈ  ജീവനിലൂടെ താൻ തന്നെയല്ലേ ആ ശരീരത്തിലേക്കും  പരകായ പ്രവേശം ചെയ്യപ്പെടുന്നത്  ? 

തീർച്ചയായും അങ്ങനെത്തന്നെ അല്ലെങ്കിൽ അങ്ങിനെത്തന്നെയെന്ന് താൻ ഇപ്പോൾ വിശ്വസിക്കുന്നു.

അപ്പോൾ അതിനെയാണോ ആത്മാവ് എന്ന പേരിട്ടു വിളിക്കേണ്ടത്.  

 മരണ വെപ്രാളത്തിനിടയിലും അയാളുടെ ചിന്തകൾക്ക് വിരാമമുണ്ടായില്ല .  പക്ഷെ അതിനുള്ള  ഉത്തരങ്ങൾ നൽകുവാൻ അയാളുടെ ബുദ്ധിക്കോ, അല്ലെങ്കിൽ  മനസ്സിനോ അതോ ഏതാണോ ചിന്തകളെയും വികാരങ്ങളേയും നിയന്ത്രിക്കുന്നതും ഉരുവാക്കുന്നതും അതിനു  കഴിയുന്നില്ല . എന്നാൽ അതിലയാൾക്ക്  സങ്കടമില്ല കാരണം ഈ അവസ്ഥ അയാൾ ഇഷ്ട്ടപ്പെടുന്നു. തന്റെ കണ്മുന്നിൽ മേരിയും മകളും, മനസ്സിൽ മേരിയും മകളും അവരാണ് തന്റെ ജീവൻ ,  അവർ കൂടിച്ചേർന്നതാണ് തന്റെ പൂർണ്ണത. അവരെ താൻ കാണുന്നു പിന്നെ എന്തിനാണ് പേടിക്കുന്നത്? മരണം അതിലേക്കുള്ള ഒരു വാതായനമാണ്. അപ്പോൾ പേടിയല്ല സന്തോഷമാണ് അവിടെ ഉയർന്നു നിൽക്കപ്പെടുന്നത് എന്നയാൾ തിരിച്ചറിയുന്നു.  

പക്ഷെ തന്റെ ജീവനില്ലാത്ത ശരീരം മേരിയിലേക്കും മകളിലേക്കും ലയിച്ചു ചേരുന്നതുകൊണ്ട് എന്ത് പ്രയോജനം ?

പക്ഷെ ജീവനോടെ തനിക്കവരെ കാണുവാൻ കഴിയുകില്ല കാരണം അവരും ജീവൻ നഷ്ട്ടപ്പെട്ടവരാണ്.  

മേരി..,  മേരി അയാൾ അലറി വിളിച്ചെങ്കിലും അത് അയാളുടെ ഉള്ളിൽ തട്ടി പ്രതിധ്വനിച്ചതു മാത്രമേയുള്ളൂ  

അടുത്ത  നിമിഷം ആ യാഥാർഥ്യം മനസ്സിലേക്ക് തിരിഞ്ഞിറങ്ങുന്നു.

 വെള്ളത്തിന്റെ മർദ്ധം കാതുകളെ തകർക്കുന്നു. ജീവശ്വാസം കിട്ടാതെ നെഞ്ചിൻ  കൂടു തകരുന്നു ഞെരമ്പുകൾ വലിഞ്ഞു മുറുകുന്നു താൻ മരിക്കുകയാണോ?  ആഹാ... അയാൾ മുകളിലേക്ക് കുതിക്കാൻ ആഞ്ഞു അതാ   മുന്നിൽ മേരി.  അയാൾ പതുക്കെ കണ്ണുകളടച്ചു ശരീരത്തിന്റെ ഓരോ ഭാഗങ്ങളും അടർന്നു പോകുന്നു. മാംസങ്ങൾ വെള്ളത്തിൽ ലയിച്ചു ചേരുന്നു എല്ലുകൾ പൊട്ടിത്തകരുന്നു ചിന്തകൾക്കുള്ളിൽ വെള്ളം കയറുന്നു ആത്മാവ് ഉള്ളിൽ നിന്നും പറന്നുയരാൻ വെമ്പുന്നു, ഇതിലെല്ലാത്തിലുമൊരു  സുഖം താൻ അനുഭവിക്കുന്നു.  

അല്ലെങ്കിൽ എന്താണ് ആത്മാവ് ? തന്റെ ഉള്ളിലുള്ള ചേതനയാണോ ? ജീവനാണോ ? അതിനെയാണോ  ആത്മാവ് എന്ന് വിളിക്കുന്നത് ? വിളിക്കപ്പെടേണ്ടത് ? അപ്പോൾ തനിക്കുള്ളിൽ താനെന്ന ജീവൻ കൂടാതെ മറ്റൊരു  ജീവൻ കൂടിയുണ്ടോ? അല്ലെങ്കിൽ ഇതുരണ്ടും കൂടിച്ചേർന്നതാണോ താൻ ? അങ്ങിനെയെങ്കിൽ അതും തന്റെ കൂടെ മരിക്കേണ്ടതല്ലേ ? ആത്മാക്കൾക്കും മരണമുണ്ടോ ? 

എന്തൊക്കെയാണ് തനിക്കുള്ളിൽ തോന്നുന്നത് ? 

 ജീവൻ പോകുന്ന സമയമല്ലേ  അവസാനമെന്നു വിളിക്കേണ്ടത് ? അങ്ങനെ വരുമ്പോൾ  കുറച്ചു മുൻപ് തനിക്ക് തോന്നിയ സംശയം വിഡ്ഢിത്തമാകില്ലേ ? അല്ലെങ്കിൽ ആത്മാവിന്  മരണമില്ലല്ലോ ? ഇല്ലെന്നാണ് താൻ കേട്ടിട്ടുള്ളത്

 എവിടെ നിന്ന് ?

 അതറിയില്ല ആരിൽ നിന്നോ താനത് കേട്ടിട്ടുണ്ട് 

,അവർക്ക് എങ്ങിനെ അറിയാം ? 

അവർക്ക് എങ്ങിനെ അറിയാമെന്ന് തനിക്കറിയില്ല താനത്  ചോദിച്ചില്ല ചോദിച്ചിരുന്നവെങ്കിൽ തന്നെ  അവർക്കത് വിശദീകരിക്കുവാനാകുമായിരുന്നുവോ ? 

അറിയില്ല അതും തനിക്കറിയില്ല 

പിന്നെ എന്താണ് തനിക്കറിയാ ? ജീവിതത്തിൽ അറിയില്ല എന്നുള്ളത് മാത്രമായി താൻ അവസാനിക്കുന്നു. 

ഏയ് അത് തെറ്റാണ് തനിക്കു പലതും അറിയാം സൂര്യൻ കിഴക്ക് ഉദിക്കുന്നു പടിഞ്ഞാറ് അസ്തമിക്കുന്നു , ഭൂമി ഉരുണ്ടതാണ് , തിരി തെളിയിക്കാൻ തീ വേണം, സൂപ്പുണ്ടാക്കാൻ തനിക്കറിയാം, ദിശ നോക്കി സഞ്ചരിക്കാൻ തനിക്കറിയാം ,നായയേയും ചെന്നായയേയും തനിക്ക് തിരിച്ചറിയാൻ കഴിയും , ഭൂമി ഉരുണ്ടതാണെന്നും പ്രപഞ്ചം അതിവിശാലമാമാണെന്നും തനിക്കറിയാം , ഒരു ദിനത്തിൽ ഇരുപത്തിനാലു മണിക്കൂറുകൾ ഉണ്ടെന്നും രാത്രിയും പകലും ഉണ്ടെന്നും തനിക്കറിയാം , ശിശിരവും, വസന്തവും മാറി മാറിവരുന്നത് തനിക്കറിയാം വേലിയേറ്റവും, വേലിയിറക്കവും തനിക്കറിയാം ''ഉനി സെറിസെ'' (uni cerise, ഒരു ഫ്രഞ്ച് പദം, പഴത്തിനെ സൂചിപ്പിക്കുന്നത്  )യിൽ നിന്നും നല്ല  വൈനുണ്ടാക്കുവാൻ  തനിക്കറിയാം.  മനുഷ്യർ...   മനുഷ്യർ ജനിക്കുന്നു മരിക്കുന്നു എന്നുള്ളതും തനിക്കറിയാം  അങ്ങിനെ നോക്കുമ്പോൾ തനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാം പക്ഷെ അറിയാത്ത കാര്യങ്ങളെ മുൻനിറുത്തി താൻ തന്നെ തന്നെ വിലയിരുത്തുന്നു. അതിന്റെ ആകെത്തുക താൻ ശൂന്യമാണെന്ന് കാണിക്കുന്നു പക്ഷെ തനിക്കറിയാവുന്ന കാര്യങ്ങൾ എന്തൊക്കെയുണ്ട്, എത്രയൊക്കെയുണ്ട് അങ്ങനെവരുമ്പോൾ താൻ ശൂന്യമല്ല തന്റെ ഉള്ളിലും പലതുമുണ്ട് , തീർച്ചയായും തന്റെ ഉള്ളിലും പലതുണ്ട്. 

 അയാൾ പതുക്കെ കണ്ണുകൾ അടച്ചു ആ കണ്ണുകൾക്ക് മുന്നിൽ മേരിയും മകളും.

 ദൈവമേ അയാൾ പതുക്കെ മന്ത്രിച്ചു ഇപ്രാവശ്യം അയാൾക്കാ വാക്കിനെ   നിഷേധിക്കുവാൻ തോന്നിയില്ല. 

എങ്ങും പകൽ പോലെ വെളിച്ചം മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ ശരീരത്തെ  തലോടിക്കൊണ്ട് കടന്നുപോകുന്നു . 

മേഘങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിവന്നതാണോ അതോ താൻ മേഘങ്ങളിലൂടെ സഞ്ചരിക്കുകയാണോ?  

ഇതേതാണ് സ്ഥലം?  

താഴ്‌വാരമോ?, സമതലമോ? സ്വർഗ്ഗമോ ?   എങ്ങും പൂക്കൾ,  അവ ലില്ലികൾ ആണെന്നു തോന്നുന്നു. അത് സത്യമാണോ അല്ലയോ  എന്നൊന്നും അയാൾക്കറിയില്ല കാരണം  ലില്ലിപൂക്കളെ മാത്രെമേ അയാൾക്കറിയൂ.  അല്ലെങ്കിൽ എല്ലാ പൂക്കളും അയാൾക്ക് ലില്ലികളാണ്. 

കാരണം? 

അതിനൊരു കാരണം ഇല്ല,  അയാളുടെ കണ്ണുകളിൽ എല്ലാ പൂക്കളും  ലില്ലികളാണ് ഏത് പൂവിന്റെ പേരും അയാൾക്ക് ലില്ലിയെന്നാണ്  .   

 പൂക്കളെ കാണുമ്പോഴെല്ലാം  ആ പേരാണ് അയാൾക്ക് ഓർമ്മയിൽ വരുന്നതും. അയാളുടെ മകളുടെ പേര് ലില്ലി എന്നായിരുന്നു അതുകൊണ്ട് അയാളാ പൂക്കളെ ലില്ലികളെന്നു  വിളിച്ചു. 

അതാ സമതലം മുഴുവനും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു. എങ്ങും വെള്ള നിറം അതിലെങ്ങും പല നിറത്തിലും വലുപ്പത്തിലുമുള്ള ശലഭങ്ങൾ തേൻ നുകരാൻ വന്നുകൊണ്ടിരിക്കുന്നു. അതൊരു ക്യാൻവാസിൽ വിരിഞ്ഞ ചിത്രം കണക്കെ അയാൾക്ക് തോന്നിച്ചു . പ്രപഞ്ചത്തിൽ ഇത്രക്കും മനോഹര സ്ഥലം ഉണ്ടാകുമോ ? ഉണ്ടാകും അതല്ലേ താൻ കണ്ടുകൊണ്ടിരിക്കുന്നത്.

  റാഫേൽ അങ്ങയുടെ കരവിരുതിൽ വിരിഞ്ഞ അത്ഭുതമാണോ ഞാനീ കാണുന്നത്?   

എങ്ങു നിന്നോ  നേർത്ത സംഗീതം അലകളായി കാതുകളിൽ വന്നലക്കുന്നു ആ സംഗീതത്തെ അയാൾക്ക് തിരിച്ചറിയാനാകുന്നില്ല അന്നുവരെ അത്തരമൊരു സംഗീതം അയാൾ ശ്രവിച്ചിരുന്നില്ല.  അതൊരു ദൈവീക നാദം പോലെ ഉള്ളിൽ വന്നലക്കുന്നു മനസ്സിനുള്ളിലേക്ക് ഒഴുകിയറിങ്ങുന്നു ആത്മാവിനെ ലയിപ്പിക്കുന്നു. എല്ലാ ഇന്ദ്രീയങ്ങളേയും പിടിച്ചിരുത്തുന്നു .

ജൂലിയൻ  അങ്ങാണോ ഇത് ? ഇല്ല അയാൾ  മരിച്ചു പോയില്ലേ? അന്റോണിയോ? ഇല്ല അയാളും മരിച്ചു പോയിരിക്കുന്നു.  ഇത് ജൂലിയന്റെയും  അന്റോണിയുടേയും കരവിരുതിനേക്കാളും  മേലെയുള്ള സിംഫണി ആത്മാവിൽ തൊട്ട്  ഹൃദയത്തിലേക്ക്  തറഞ്ഞു കയറുന്ന  മാന്ത്രീകത.  

 മനോഹര  സംഗീതം,  മാസ്മര സംഗീതം, അത്ഭുത സംഗീതം .

 ഭൂമിയിൽ ഇന്നുവരെ ആർക്കും കഴിഞ്ഞിട്ടില്ലാത്ത  , ഇനി ആർക്കും കഴിയാത്ത ,....

 ഭാവിയെ പ്രവചിക്കുവാൻ തനിക്ക് കഴിയുമോ, ഇല്ല പക്ഷെ,  ഇപ്പോൾ താൻ  പ്രവചിക്കുന്നു ഇത്തരമൊരു സംഗീതം ഇനി ആരെക്കൊണ്ടും ഉണ്ടാക്കാനാകില്ല എന്നുള്ളത്.

ആരും കേട്ടിട്ടില്ലാത്ത അത്രക്കും മനോഹര സംഗീതം . 

ആരും കേട്ടിട്ടില്ലാത്ത അപ്പോൾ താൻ കേൾക്കുന്നതോ ?

അങ്ങിനെയെങ്കിൽ മറ്റുള്ളവരും കേട്ടീട്ടുണ്ടാകില്ലേ ?

പിന്നെ എന്തുകൊണ്ടാണ് അത്തരമൊരു ചോദ്യം തന്റെ ഉള്ളിൽ ഉയർന്നത് 

താൻ ഭൂമിയിൽ അല്ലേ ? 

താൻ ഭൂമിയിൽ അല്ലാതെ പിന്നെ എവിടെ ഇരിക്കാനാണ് 

അപ്പോൾ ആ ചോദ്യത്തിന്റെ അർത്ഥം ?

എന്റെ ദൈവമേ ഏന്താണിങ്ങനെ ? ഇപ്രാവശ്യവും അയാൾക്ക് ദൈവത്തെ നിഷേധിക്കുവാൻ തോന്നിയില്ല 

താൻ ഭൂമിയിൽ ആണ് പക്ഷെ എന്തൊക്കെയോ തനിക്കു ചുറ്റും സംഭവിക്കുന്നുണ്ട് ? തനിക്കു തന്നെ വിവേചിച്ചറിയുവാൻ പറ്റാത്ത എന്തൊക്കെയെ വസ്തുതകൾ അതോ നിഗൂഢതകളോ ?

എന്താണത് ?

 അറിയില്ല.  

തനിക്ക് അറിയില്ല എന്നുള്ളതിലേക്ക് മറ്റൊന്നു കൂടി 

എന്താണ് അറിയാത്ത കാര്യങ്ങൾ മാത്രം തന്റെ മനസ്സിലേക്ക്  ചേക്കേറുന്നത്?  അതല്ലെങ്കിലും അങ്ങനെത്തന്നെയാണല്ലോ അറിയാത്ത കാര്യങ്ങളാണല്ലോ ചോദ്യങ്ങളായി നമുക്കുള്ളിൽ ഉയരുന്നത്? അതിൽ യാതൊരു വിധ അതിശയോക്തിയും കാണേണ്ട  കാര്യമില്ല പക്ഷെ എന്തുകൊണ്ടോ തനിക്കിതെല്ലാം അതിശയോക്തിപരമായി തോന്നുന്നതിനു പുറകിലുള്ള ചേതോവികാരമെന്താണ് ? 

ഒരു പക്ഷെ നേരത്തെ തോന്നിയതു  പോലെ താൻ ഭൂമിയിൽ അല്ലായിരിക്കുമോ  ? 

എന്തൊക്കെ  വിഡ്ഢിത്തങ്ങളാണ് താനീ ചിന്തിച്ചു കൂട്ടുന്നത്  ഭൂമിയിൽ അല്ലാതെ പിന്നെ താൻ എവിടെയാണ്?

 അതെല്ലാം പോകട്ടെ സംഗീതത്തിന് ഇങ്ങനേയും കുളിർമ്മയേകാൻ കഴിയുമോ ? തീർച്ചയായും അതല്ലേ താൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.     

ആ സംഗീതത്തിന്റെ ഉത്ഭവം  തേടി അയാളുടെ കണ്ണുകൾ നാലുപാടും പരതി എന്നാലതിന്റെ  ഉറവിടം അദൃശ്യമായിരുന്നു. അല്ലെങ്കിൽ അയാൾക്കത് കണ്ടെത്തുവാനായില്ല.   അയാളാ  വെള്ള പൂക്കൾ നിറഞ്ഞ സമതലത്തിലൂടെ നടന്നു അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. 

എങ്ങും ഒരു സൗര്യഭ്യം പടർന്നു നിൽക്കുന്നു അതാ പൂക്കളുടേതായിരിക്കണം  ലില്ലി പൂക്കളക്ക് മണമുണ്ടോ? 

ഉണ്ടോ? 

അയാൾ സ്വയം ചോദിച്ചു നോക്കിയെങ്കിലും അതിനൊരുത്തരം അയാൾക്ക്  കിട്ടിയില്ല. അയാളുടെ മനസ്സ് അയാളിൽ നിന്നും വേർപ്പെട്ടു കഴിഞ്ഞിരുന്നു  . ഉണ്ടെന്ന് വിശ്വസിക്കാനാണ് അയാൾ ഇഷ്ടപ്പെട്ടത്. കാരണം, അയാളുടെ മകളുടെ പേര് ലില്ലിയെന്നാണ്.  ഇത്രയും  മനോഹര സുഗന്ധത്തോടതു    ചേർത്തു വെക്കുവാൻ അയാൾ  ഇഷ്ട്ടപ്പെട്ടു. 

മേരിക്ക്, ലില്ലിപ്പൂക്കൾ വലിയ ഇഷ്ട്ടമായിരുന്നു അതാണ് അവൾ മകൾക്കുവേണ്ടി  കണ്ടുവെച്ചത്. ലില്ലി, തനിക്കും അതിഷ്ട്ടമായി വീട്ടിൽ ലില്ലികളുടെ ഒരു പൂന്തോട്ടം അവൾ പരിപാലിച്ചു.  ഒരു പൂവ് പോലും അതിൽ നിന്നും പറിക്കാനവൾ ഇഷ്ട്ടപ്പെട്ടില്ല ചെടികളിൽ  നിൽക്കുമ്പോഴാണ് അവയുടെ മനോഹാരിത പറിച്ചാൽ അത്ജീ വനില്ലാത്ത വെറുമൊരു വസ്തു.

 ആത്മാവു നഷ്ടപ്പെട്ട, ഓജസ്സു നശിച്ച ഒന്ന്  അത്രമാത്രം.  എന്തോ തനിക്കാ ലോജിക്ക് മനസ്സിലായില്ല മനസ്സിലാക്കൻ താൻ ശ്രമിച്ചുമില്ല   കാരണം മേരി പറയുമ്പോൾ അതിൽ സത്യമുണ്ടെന്ന് താൻ വിശ്വസിച്ചു .

പക്ഷെ പൂക്കൾ പറിക്കുവാൻ വേണ്ടിയല്ലേ വിരിയുന്നത്? അതാ ഓജസ്സോടെ ഇരിക്കുമ്പോഴല്ലേ പറിക്കേണ്ടത് വാടിയവ എന്തിനു കൊള്ളാം?

 പൂക്കൾ പറിക്കുവാൻ വേണ്ടിയാണ് വിരിയുന്നത് കായ്കൾ പറിക്കുവാൻ വേണ്ടിയാണ് കായ്ക്കുന്നത് അതാണ് അവയുടെ ധർമ്മവും .

 ആ കർമ്മം നിർവ്വഹിക്കപ്പെടണ്ടതാണെന്നുള്ളതാണതിന്റെ ധർമ്മം . അതായിരുന്നു തന്റെ വീക്ഷണം അതിനുമേൽ അവൾ മറ്റൊന്ന് കൊണ്ട് വന്നു ചാർത്തി. താനത് എതിർത്തില്ല അത് മേരിയുടെ വീക്ഷണം, തന്റെ  കാഴ്ചപ്പാടിൽ നിന്നും മാറി  മേരിയുടെ വീക്ഷണത്തിലൂടെ ചരിച്ചപ്പോൾ  അതും ശരിയാണെന്ന് തനിക്ക് തോന്നി.  

അല്ലെങ്കിൽ തെറ്റുകൾ ഉണ്ടോ?

 ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റായി മാറിയേക്കാം, തോന്നിയേക്കാം അത് അവരവർ,  അവരവരുടെ കാഴ്‌ചപ്പാടുകളിലൂടെ അതിനെ വിലയിരുത്തുമ്പോഴാണ് അങ്ങോട്ടും ഇങ്ങോട്ടും മാറി, മാറി  ചിന്തിച്ചാൽ അവിടെ തെറ്റുകൾ ഇല്ലെന്നു തന്നെ കാണാം . എന്നിരുന്നാലും  അതിൽ നിന്നും മനോഹരമായ പൂക്കൾ പറിച്ച്  അവൾ എന്നും  ഡാവിഞ്ചിയുടെ അവസാന അത്താഴ ചിത്രത്തിനു കീഴിൽ വെച്ചു. 

എന്തിനാണ് പൂക്കൾ പറിക്കുന്നത് ? 

അവൾ പറഞ്ഞു സൃഷ്ട്ടാവിന് സൃഷിട്ടിക്കുമേൽ അവകാശമുണ്ടെന്ന്.    

അയാൾ ചുറ്റും നോക്കി മേരിയെവിടെ? മകളെവിടെ? അവരെ കാണുവാനില്ല അയാൾ പരിഭ്രാന്തിയോടെ ഉറക്കെ വിളിച്ചു മേരി മേരി പക്ഷെ ആ സ്വരം അവിടെ തട്ടി  പ്രതിധ്വനിച്ച് അയാളിലേക്ക് തന്നെ തിരിച്ചു വന്നതൊഴിച്ചാൽ മറ്റൊന്നും തന്നെ സംഭവിച്ചില്ല. 

മേരിയെയും മകളേയും അയാൾക്ക് കാണുവാൻ  കഴിയുന്നില്ല അവർ ഇതെവിടെപ്പോയി ഇത്ര നേരം തന്നോടൊത്ത് ഉണ്ടായിരുന്നു?  അതേ..  ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ  എവിടെ? താനൊരു സ്വപ്നത്തിലൂടെ ചരിക്കുകയാണോ? 

അറിയുന്നില്ല അയാൾ തന്റെ ഓർമ്മകളെ കുടഞ്ഞെടുത്തു എന്നാൽ അവിടം ശൂന്യമായിരുന്നു. ഓർമ്മകൾ എന്നുപറയാൻ അയാൾക്ക് ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഉണ്ടെങ്കിൽ തന്നെ അതിലേക്ക് തിരിച്ചിറങ്ങുവാൻ അയാൾക്കാകുന്നില്ല.   

എങ്ങും ശൂന്യത മാത്രം, തിരിച്ചിറങ്ങാൻ ശ്രമിക്കുമ്പോഴും ആ ശൂന്യത മാത്രം അതിനെ തന്നിൽ നിന്നും തട്ടിത്തെറിപ്പിക്കുവാനെന്നവണ്ണം അയാൾ തല കുടഞ്ഞു എന്നിട്ടും ശൂന്യത മാത്രം.

അയാൾ തല കുലുക്കി നോക്കി എന്തെങ്കിലും ഉണ്ടെങ്കിൽ പൊഴിഞ്ഞു വീഴട്ടെ അതിലൂടെ തന്റെ ഭൂതകാലം വിരിയട്ടെ. പക്ഷെ കഴിയുന്നില്ല പൊഴിഞ്ഞു വീഴുവാൻ മാത്രം തന്റെ തലക്കുള്ളിൽ ഒന്നുമില്ലെന്ന് അയാൾക്ക് തോന്നി. അതൊരു ശൂന്യമായ കുടം കണക്കെ തലക്കു മുകളിൽ വെറുതേ ഇരിക്കുന്നു. അതിനുള്ളിൽ ഒന്നുമില്ല. കണ്ണുകൾ കാണുന്നു, കാതുകൾ കേൾക്കുന്നു അതിലുപരി ഒരു മനുഷ്യന്റെ ചിന്തകളെ ഏകോപിപ്പിക്കുന്ന യാതൊന്നും അവിടെയില്ല കുറച്ചു മുമ്പ് ചിലത് ഓർമ്മകളിൽ  ഉണ്ടായിരുന്നു ഇപ്പോൾ അവിടം ശൂന്യമായിരുന്നു . 

 ഇവിടെ താൻ ആരാണെന്നോ,  എന്താണെന്നോ തിരിച്ചറിയുവാനാകുന്നില്ല മേരിയുണ്ട്, മകളുണ്ട്, താനുണ്ട് അത്രമാത്രം. അതുപോലും ഓലക്കീറുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന പ്രകാശം കണക്കെ...,  ചിലപ്പോളതു  മായുന്നു, ചിലപ്പോൾ തെളിയുന്നു   മറ്റൊന്നും ഓർമ്മകളുടെ ആ ശവക്കല്ലറകൾ ഭേദിച്ച് പുറത്തേക്ക് വരുന്നില്ല.

 ഇതിൽ ആരാണ് തെറ്റുകാർ? ഓർമ്മകൾ മരിച്ചതോ അതോ താൻ മരിച്ചതോ തന്റെ ഓർമ്മകളിൽ മറ്റൊന്നുമില്ല.

 ഒന്നുമില്ല, 

അത് സത്യം 

എന്നാൽ ചോദ്യങ്ങൾ മുഴങ്ങുന്നു  ആരാണ് താൻ  ? എന്താണ് താൻ ? പക്ഷെ ഒന്നിനും ഉത്തരമില്ല  ശൂന്യമായ,  അപ്പൂപ്പൻ താടിയുടെ ലാഘവത്വമുള്ള ഒരു വസ്തുവായി തനിക്കുള്ളിലുള്ള എല്ലാം തന്നെ മാറിയിരിക്കുന്നു.  

അല്ലെങ്കിൽ എന്താണ് അപ്പൂപ്പൻ താടി ?

ഇവിടെ  എഴുത്തുകാരനിൽ നിന്ന് കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശത്തിൽ കഥാപാത്രം ഒരു നിശ്ചേതന  വസ്തുവായി നിന്നാടുമ്പോൾ അത് വായനക്കാരിലേക്ക് പ്രതിഫലിപ്പിക്കാൻ ആ ജഡത്തിൽ നിന്നും ഇറങ്ങിവന്നേ മതിയാകൂ അത് എഴുത്തുകാരന്റെ  ധർമ്മമാണ്, കടമയാണ്, അതയാൾ നിർവ്വഹിച്ചേ മതിയാകൂ  എന്നുള്ള എന്റെ വിശ്വാസം ഇവിടെ മുന്നിൽ നിന്നു നയിക്കുന്നു. അതിൽ യാതൊരു വിധ അഭംഗത്വവും ഞാൻ  കാണുന്നില്ല എന്നുള്ളതാണ് എന്റെ ശരി, അതു  തന്നെയാണ് അതിനു ഞാൻ നൽകുന്ന  വിശദീകരണവും.   

ഇവിടെ ഒന്നും തനിക്കറിയാനാകുന്നില്ല   കുറച്ചു മുമ്പ് വരെ എന്തൊക്കെയോ തോന്നലുകൾ,  ചിന്തകൾ , ഓർമ്മകൾ  തന്നെ വലയം ചെയ്തിരുന്നു.   ഇപ്പോൾ അതുപോലും  തന്നിൽ നിന്നും അകന്നു നിൽക്കുന്നു. ചെറിയ കിരണങ്ങൾ കണക്കെ പ്രകാശം  അരിച്ചിറങ്ങുന്നു. അതിലൂടെ ചില നുറുങ്ങുകൾ തെളിയുന്നു ഓർമ്മകളെ  വലയം ചെയ്യുന്ന ആ നുറുങ്ങുകളിലേക്കെത്തുമ്പോഴേക്കും അവ മായുന്നു. 

എന്താണിതെല്ലാം?   

താൻ തന്നെ ആരാണെന്നും,  എന്താണെന്നും  തിരിച്ചറിയപ്പെടുവാനാകുന്നില്ല 

എന്തൊക്കെയോ തനിക്ക് ചുറ്റുമുണ്ട്.

ഉണ്ട്, പക്ഷെ മനസ്സിലാക്കാനാകുന്നില്ല 

 ആ കാണുന്നത് എന്താണ്? വെളുത്ത നിറത്തിൽ പറക്കുന്നത് എന്താണ് ? ഇവിടെ തനിക്ക് ചുറ്റുമുള്ള വസ്തുക്കളെ തിരിച്ചറിയാനാകുന്നില്ലെങ്കിലും  അവ  കാണുന്ന മാത്രകളിൽ എന്തൊക്കെയോ വാക്കുകളായി അവ തനിക്കുള്ളിൽ രൂപാന്തരം പ്രാപിക്കുന്നു  

എങ്ങിനെയാണത്  സംഭവിക്കുന്നത് ? 

 ഭൂതകാലത്തിലോ, വർത്തമാനകാലത്തിലോ, എവിടെയൊക്കെയോ വെച്ച് താനിവയുമായി   ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്നു, അതാണ് കാണുന്ന മാത്രകളിൽ അവയുടെ പേരുകൾ ചാട്ടുളി കണക്കെ തനിക്കുള്ളിൽ നിന്നും ഉയർന്നു വരുന്നത് 

 ഭൂതകാലം,   വർത്തമാനകാലം .. ഇവ രണ്ടും എന്താണ് ? 

ശരി, എന്തെങ്കിലും ആയിക്കൊള്ളട്ടെ അതിനുള്ളിലേക്ക്  കൂടുതൽ കടക്കുന്നില്ല,  കടക്കാൻ തനിക്കാകുന്നില്ല. അടച്ചിട്ട ഒരു വാതിലിനു  മുന്നിലാണ്  താൻ എത്തിനിൽക്കുന്നത്  മറ്റൊരു വഴിയിലൂടെ  ചെല്ലുമ്പോഴും അടച്ചിട്ട ആ വാതിലിനു  മുന്നിൽ തന്നെ . അതിനപ്പുറത്തേക്കുള്ളൊരു വഴി തനിക്ക് കണ്ടെത്താനാകുന്നില്ല അവിടെ എല്ലാം ശൂന്യമാകുന്നു , മായുന്നു, അവസാനിക്കുന്നു.   

പക്ഷെ ഈ കാണുന്ന, അനുഭവിക്കുന്ന  വസ്തുക്കളെയെല്ലാം  തനിക്കറിയാം,   പക്ഷെ ഇവയെക്കുറിച്ചെല്ലാമുള്ള കൃത്യമായൊരു  നിർവ്വചനം, അവിടെ താൻ നിസ്സഹായനാകുന്നു. 

ശൂന്യമായ ആ കുടവും പേറി അയാൾ യാത്ര തുടർന്നു   

അതങ്ങനെ നീണ്ടു,  

അയാൾ നടന്നുകൊണ്ടേയിരുന്നു  എത്ര നടന്നിട്ടും അയാൾക്ക് ക്ഷീണമോ, ദാഹമോ, വിശപ്പോ ഒന്നും തന്നെ അനുഭവപ്പെട്ടില്ല.  അത് വല്ലാത്തൊരു അത്ഭുതമാണ് അയാളിൽ അവശേഷിപ്പിച്ചത്  .  അങ്ങനെ നടന്നു നടന്ന് അയാൾ ഒരു മലയുടെ താഴ്വാരത്തിലെത്തി അവിടെ  ഒരു മനുഷ്യൻ , അത് കണ്ടപ്പോൾ ആ വാക്കാണ് അയാളുടെ  ഉള്ളിൽ തേട്ടി വന്നത്  . 

 മനുഷ്യൻ  ? 

എന്താണ് മനുഷ്യൻ ? ആരാണ് മനുഷ്യൻ ? അതിനൊരു വിശദീകരണം സാധ്യമാകുന്നില്ല പക്ഷെ  കണ്ട മാത്രയിൽ അങ്ങിനെയൊരു വാക്ക്   തന്റെ ഉള്ളിൽ നിന്നും ഉയർന്നു വന്നിരിക്കുന്നു   ?

താനതുമായി എവിടെയോ,   കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു. 

എവിടെ ?

അതിനൊരു ഉത്തരമില്ല  

പക്ഷെ ഇപ്പോൾ, ഇവിടെ  ആ വാക്കു തന്നെ എടുത്ത് ഉപയോഗിക്കട്ടെ അതാണ് നല്ലത് അല്ലെങ്കിൽ താൻ നിർജ്ജീവമായ ഒരു വസ്തുവായി പരിണമിക്കും.

 ഇവിടെ നിർജ്ജീവത  എന്ന വാക്ക് അസ്ഥപ്രജ്ഞമായി നിൽക്കുന്ന ഒന്നാണ് അതുമായി തന്നെ ചേർത്തുവെക്കേണ്ടതില്ല കാരണം തനിക്കൊരു  ചലനമുണ്ട് അങ്ങനെ നോക്കുമ്പോൾ താൻ പരിണാമമെന്ന പ്രിക്രിയയിലൂടെയാണ് കടന്നു പോകുന്നത് .

 കണ്ണുകൾ കൊണ്ട് താൻ  വസ്തുക്കളെ കാണുന്നു  അത് സത്യമാണ് ഇവിടെ സത്യമെന്ന വാക്ക് ഒരു ചാരൽ മാത്രമാണ് . മേൽപ്പറഞ്ഞ പ്രവർത്തിയെ   അടിവരയിട്ടു ഉറപ്പിക്കുന്ന  ഒന്ന്.  കാരണം ഏതൊരുവനും കണ്ണുകൾ കൊണ്ട് തന്നെയാണ് കാണുന്നത്  എന്നാലിവിടെ അതിന്റെ വിവർത്തനം  സാധ്യമാകുന്നില്ല.

 എന്നിരുന്നാലും ചിലത് കാണുന്ന മാത്രകളിൽ ഒരു  രൂപം, പേര്,  നിഴൽ  അങ്ങിനെ  എന്തൊക്കെയോ  ഉള്ളിൽ തേട്ടുന്നു അത് എന്താണെന്നോ ? എവിടെ നിന്നാണെന്നോയുള്ള വിശദീകരണത്തിനോ.. , പക്ഷെ  കഴിയുന്നില്ല.

 എന്തൊക്കെയോ ദുരൂഹതകൾ തന്നെ വലയം ചെയ്തിരിക്കുന്നു 

അയാൾ തിരിഞ്ഞു നോക്കി. 

 പുറകിൽ ലില്ലികളുടെ  സമുദ്രം  മാത്രം. 

എവിടെ  ദുരൂഹത  ?

ദുരൂഹതയെന്നുള്ളത് കാണുവാൻ കഴിയുന്ന  ഒന്നാണോ ? 

അറിയില്ല   

എന്താണ് ഇതെല്ലാം ?  ഒന്നും മനസ്സിലാകുന്നില്ല, മനസ്സിലാക്കാൻ കഴിയുന്നില്ല   എവിടെ നിന്നാണ് താൻ  വരുന്നത്? എന്താണ് താൻ ? ആരാണ് താൻ ?

ഒന്നിനും ഉത്തരമില്ല , എല്ലാം കിടന്ന് വട്ടം ചുറ്റുന്നു.  

തന്റെ സംശയങ്ങൾ അയാളോട് ചോദിക്കാം അതോടെ മൂടൽ മായും ചിത്രം തെളിയും അയാൾക്ക് സന്തോഷമായി ആദ്യമായാണ്  ഒരു മനുഷ്യനെ കാണുന്നത്.  വല്ലാത്തൊരു തേജസ്സ് അയാളിൽ വലയം ചെയ്തിരിക്കുന്നു.

മനുഷ്യർക്ക് ഇത്രക്കും തേജസ്സുണ്ടാകുമോ ? 

 വല്ലാത്തൊരു ഭാവം 

മനുഷ്യർക്ക് ഇത്തരത്തിൽ  ഭാവങ്ങൾ ഉണ്ടാകുമോ ?

അയാൾ സ്വയം നോക്കാൻ ശ്രമിച്ചു അയാളുടെ പോലെയാണോ താനും തനിക്കും അത്തരം തേജസ്സുണ്ടോ ?അത്തരം ഭാവങ്ങൾ ഉണ്ടോ?.   

അറിയില്ല ഇത്തരം വികാരങ്ങളെ നിർവ്വചിക്കുവാൻ തനിക്കാകുന്നില്ല പക്ഷെ അയാളുടെ പോൽ തനിക്ക് കൈകൾ ഉണ്ട് , കാലുകൾ ഉണ്ട് 

ഇത് കൈകളാണോ ? കാലുകളാണോ ?

എങ്ങിനെയാണ് ആ വാക്കുകൾ കൃത്യമായും തനിക്കുള്ളിൽ ഉയർന്നുവന്നത്  ?

 അറിയില്ല 

ഒന്നിനും, ഒരു ഉത്തരം നൽകുവാൻ തനിക്കാകുന്നില്ല താനെന്ന വ്യക്തി, താനെന്ന ശരീരം, മനസ്സ് , ബുദ്ധി  എല്ലാം ശൂന്യമാണ്. താൻ തന്നെ ശൂന്യം  ശൂന്യമായ കുടത്തിനുള്ളിൽ തപ്പിയിട്ടു കാര്യമില്ല 

അതു വിടാം അസ്ഥിത്വമില്ലാത്ത സംശയങ്ങളിലൂടെ ചരിക്കേണ്ടതില്ല. അത് കൂടുതൽ സംശയങ്ങളിലേക്കെ തന്നെ തള്ളി വിടത്തുള്ളൂ.

 ആ മുഖത്തു കാണപ്പെടുന്ന പ്രകാശം തന്നിലുണ്ടോ? 

അയാൾ ഒരു അവലോകനത്തിനു ശ്രമിച്ചു പക്ഷെ സ്വന്തം മുഖം കാണുവാൻ  മാത്രം തന്റെ  കണ്ണുകൾക്ക് കഴിയുന്നില്ല. എന്തൊരു വിരോധാഭാസം ? കണ്ണുകൾക്ക് സ്ഥലം നൽകിയിരിക്കുന്നത് മുഖത്താണ് പക്ഷെ ആ മുഖം കാണാൻ അവക്ക് കഴിയുന്നില്ല അതിനു മറ്റൊന്നിന്റെ സഹായം ആവശ്യമായി വരുന്നു. വലിയ  വിരോധാഭാസം തന്നെ.

തീർച്ചയായും,  അങ്ങിനെയെങ്കിൽ സ്വയം കുറവുകൾ കണ്ടെത്തുന്നതെങ്ങനെ?

കഴിയില്ല, കണ്ണുകൾക്ക്  സ്വയം കാണുവാനാകുന്നില്ല മറ്റുള്ളവയെ കാണുവാനാകുന്നു അങ്ങിനെയെങ്കിൽ സ്വയം കുറവുകളും, കുറ്റങ്ങളും  എങ്ങിനെ കാണുവാനാകും?  

കാണുവാനാകില്ല , മറ്റുള്ളവരുടെ കുറവുകളും,  കുറ്റങ്ങളും മാത്രെമേ അവക്ക്  കാണുവാനാകൂ. 

 ഹാ.. ഹാ.., അതല്ലേ നമ്മൾ ചെയ്തുകൊണ്ടരിക്കുന്നതും. 

അതൊരു മനുഷ്യനോ, മാലാഖയോ? ദേ ..,  വീണ്ടുമൊരു വാക്ക് ഉള്ളിൽ തേട്ടുന്നു , മാലാഖ എങ്ങിനെയാണ് ആ വാക്ക് തനിക്കുള്ളിലേക്ക്  കടന്നുവന്നത്? വേണ്ട ഇത്തരം ചോദ്യങ്ങളെ  ഒഴിച്ചിടുക അതിലേക്ക് തിരിച്ചിറങ്ങാൻ തനിക്കാകുന്നില്ല. തനിക്കുള്ളിൽ തോന്നുന്നതിൽ കൂടി സഞ്ചരിക്കുക അതു മാത്രമേ ഇവിടെ  ചെയ്യുവാനുള്ളൂ. അല്ലെങ്കിൽ ഇതൊന്നും ഒരു വിശദീകരണം  ആകുന്നില്ല. താൻ തന്നെ ആരാണെന്നുള്ളതിന് പോലും ഉത്തരമില്ലാതിരിക്കുമ്പോൾ ഇത്തരം സംശയങ്ങളെ അവയുടെ പാട്ടിനു വിടുകയാണ് അഭികാമ്യം .

 മനുഷ്യനാണെങ്കിൽ  ഇന്നുവരെ അത്തരത്തിലുള്ളൊരു മനുഷ്യരൂപം അയാൾ  കണ്ടിട്ടുണ്ടായിരുന്നില്ല. നല്ല തേജസ്സുള്ള മുഖം ആ മുഖത്തിന് ചുറ്റും ഒരു തിളക്കം വലയം ചെയ്തിരിക്കുന്നു.  കൈകൾക്കു പുറകിൽ ചിറകുകൾ പോലെ ഒന്ന്. 

ഇനി മാലാഖയാണോ ?

 അതെയെന്നോ അല്ലായെന്നോ ഉറപ്പിച്ചു പറയാൻ അയാൾക്കാകുന്നില്ല കാരണം അയാൾ മാലാഖമാരെ മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല, 

എന്നും പറഞ്ഞു കൂടാ ദേവാലയങ്ങളിൽ  കണ്ടിട്ടുണ്ട് അവിടെയുള്ള  ചിത്രങ്ങളിൽ മാലാഖമാരുടെ രൂപങ്ങൾ ഉണ്ട്, ആ രൂപങ്ങളിൽ അവർക്ക് ചിറകുകൾ ഉണ്ട്. 

 ഒരു കീറ് വെളിച്ചം മിന്നായം പോലെ  തനിക്കുള്ളിലേക്ക് കടന്നുവന്നതു പോലെ  അയാൾക്കു തോന്നി. കുറെ ചിത്രങ്ങൾ അവിടെ മിന്നിമറയുന്നു എവിടേയോ കണ്ടുമറന്ന രൂപങ്ങൾ അയാൾ തല  കുടഞ്ഞു നോക്കി. പക്ഷെ ആ കാലിക്കുടത്തിൽ നിന്നും ഒന്നും പുറത്തേക്ക് വരുന്നില്ല  ചില രൂപങ്ങൾ  ഉള്ളിൽ തെളിയുന്നു, മായുന്നു. ചില ചിത്രങ്ങൾ ഉള്ളിൽ തെളിയുന്നു, മായുന്നു. ചില ഓർമ്മകൾ ഉള്ളിൽ തെളിയുന്നു മായുന്നു ഒന്നിനും സ്ഥിരതയില്ല. 

അയാൾ മനസ്സിനുള്ളിലേക്ക് ആഴത്തിൽ ഇറങ്ങുവാൻ ശ്രമിച്ചു. പക്ഷെ കഴിയുന്നില്ല കടക്കും തോറും എന്തോ തടയുവാൻ ശ്രമിക്കുന്നു .

 മനസ്സാണോ നമ്മുടെ വികാരങ്ങളെയും, വിചാരങ്ങളേയും  നിയന്ത്രിക്കുന്നത്?

  ആ സമയം ആ ചോദ്യം അയാളിൽ ഉയർന്നെങ്കിലും അയാൾ നിഷേധാർത്ഥത്തിൽ  തലകുടഞ്ഞു അതിലേക്ക് കടക്കേണ്ടതില്ല .ഇപ്പോൾ  തന്നെ തനിക്കുമുന്നിൽ മഹാമേരു പോലെ  ചോദ്യങ്ങളുടെ നീണ്ട നിരയുണ്ട്. 

എന്താണ് മനസ്സ് ? ആ വാക്ക് എങ്ങിനെയാണ് തന്റെ ഉള്ളിലേക്ക് കടന്നുവന്നത്? 

ചോദ്യങ്ങളെ അവയുടെ പാട്ടിനു വിടുക,  ഇത്തരം ചിത്രങ്ങൾ താൻ എവിടെയോ കണ്ടിട്ടുണ്ട് അത് ചിത്രങ്ങളാണോ അതോ ജീവനുള്ളതാണോയെന്ന് ഓർമ്മിക്കാനാകുന്നില്ല പക്ഷെ എവിടെയോ താനതു കണ്ടിട്ടുണ്ട്, അതുറപ്പാണ് . 

ഇല്ലാത്ത ഓർമ്മകളെ അയാൾ കുടഞ്ഞെറിഞ്ഞു എന്നിട്ടും അതിനൊരുത്തരം കിട്ടുന്നില്ല പക്ഷെ താൻ കണ്ടിട്ടുണ്ട് എവിടെയോ, എങ്ങോ?

  അവ ചിത്രങ്ങളാണോ? അതോ തന്റെ ഉള്ളിൽ നിന്നും  ഉയർന്നു വരുന്ന ചിന്തകളുടെ പ്രതിബിംബങ്ങളാണോ? 

അറിയില്ല 

പക്ഷെ എവിടെയോ, എന്നോ താനത് കണ്ടിട്ടുണ്ട് 

ചിറകുകൾ ഉള്ള മനുഷ്യർ  എന്നും പറയാനാകില്ല 

 മനുഷ്യർ,  വീണ്ടും  ആ പേർ തനിക്കുള്ളിൽ  തേട്ടുന്നു.

ഒന്നും തീർച്ചപ്പെടുത്തുവാനാകുന്നില്ല. ഓർമ്മകളെ കൂട്ടിയിണക്കുമ്പോൾ  അവ മായുന്നു , ചേർത്തുവെക്കുമ്പോൾ അവ വിഘടിക്കുന്നു.

 എന്താണ് ഇങ്ങനെ ? അതോ ഇങ്ങെനയാണോ താൻ ? തനിക്കുമാത്രമാണോ ഇങ്ങനെ സംഭവിക്കുന്നത് ?

 എന്തൊക്കെയോ തന്നിൽ നിന്നും  കൈമോശം വന്നിരിക്കുന്നു  എന്തൊക്കെയോ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

 എവിടെവെച്ചാണ് അത് സംഭവിച്ചത് ?

അയാളുടെ ഓർമ്മകളിൽ ഒരു കൊള്ളിയാൻ മിന്നി   സമുദ്രത്തിന്റെ അഗാതതയിലേക്ക് ആണ്ടു പോകുന്ന താൻ, അയാളൊന്ന് ഞെട്ടി വിറച്ചു .

   തന്റെ ജീവൻ തന്നെ വിട്ടു പോയിരിക്കുന്നു തന്റെ ആത്‌മാവ്‌ തന്നിൽ നിന്നും കൈമോശം വന്നിരിക്കുന്നു. അതാണോ ഇങ്ങനെ ? എവിടെയാണ് തന്റെ ആത്മാവ് വിട്ട് പോയത് ? എവിടെയാണ് തന്റെ ചേതന കൈമോശം വന്നിരിക്കുന്നത്? 

പുറകിലാണോ?

 അയാൾ തിരിഞ്ഞു നോക്കി അവിടെ ലില്ലികളുടെ സമുദ്രം മാത്രം.   

തനിക്കറിയാത്ത ഈ പേരുകൾ എങ്ങിനെയാണ് തനിക്കുള്ളിലേക്ക് കടന്നുവരുന്നത്? വസ്തുക്കൾ കാണുന്ന മാത്രകളിൽ അവയെക്കുറിച്ചുള്ള  ഇത്തരം വാക്കുകൾ രൂപപ്പെടുമ്പോൾ  അതിനൊരു കാരണം ഉണ്ടാകണം. 

ഉണ്ടായിരിക്കണം,   

അല്ലെങ്കിൽ ഇത്തരം രൂപങ്ങൾ കാണുമ്പോൾ അവ  എങ്ങിനെയാണ് തനിക്കുള്ളിലേക്ക്  കടന്നുവരുന്നത് ? അവ തന്റെ മനസ്സിൻറെ ഭൂതകാലവുമായി ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്നു. പക്ഷെ തനിക്കത് തിരിച്ചറിയുവാനാകുന്നില്ല പൂക്കൾ കണ്ടപ്പോൾ താൻ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞു എന്ന് പറയുന്നത്   ശരിയില്ല ആ വസ്തു കണ്ടപ്പോൾ അത് പൂക്കളാണെന്ന് തന്റെ ഉള്ളിൽ നിന്നും  തേട്ടി വന്നു. അതിന്റെ സുഗന്ധം,  അത് സുഗന്ധമാണെന്ന് തന്നെ മനസ്സിലാക്കിപ്പിച്ചു ,. ഇത് സമതലമാണെന്നും ആ കാണുന്നത് മലനിരകളാണെന്നും അപ്പുറത്തുള്ളത് അരുവിയാണെന്നും അവയെല്ലാം കാണുമ്പോൾ തന്നെ തന്റെ ഉള്ളിൽ എവിടെ നിന്നോ അവക്കൊരു രൂപവും പേരും കടന്നുവന്നുകൊണ്ടിരിക്കുന്നു  അങ്ങനെ വരുമ്പോൾ ഇതെല്ലാം താൻ എവിടെയോ കണ്ടിട്ടുണ്ട്. 

തനിക്കുമുന്നിൽ നിൽക്കുന്ന ആ രൂപം കണ്ടപ്പോൾ അത് മനുഷ്യനാണെന്ന് തന്റെ ഉള്ളിൽ കടന്നുവന്നു. ആ ചിറകുകൾ കണ്ടപ്പോൾ അത് മാലാഖയാണെന്ന് തന്റെ ഉള്ളിൽ കടന്നുവന്നു. 

 ഇതെല്ലാം, എവിടെയോ  താൻ കണ്ടിട്ടുണ്ട്, എവിടെയാണെന്നറിയില്ല ഒരു പക്ഷെ  തന്റെ ജീവിതം ഇതിലൂടെയെല്ലാം  കടന്നുവന്നതായിരിക്കുമോ ?

 ഇതാ  പുതിയൊരു വാക്ക് , 

ജീവിതം  

അതോ ഇതെല്ലാം  സ്വപ്നങ്ങൾ ആണോ ? ഇതാ മറ്റൊന്ന്  

സ്വപ്നം. 

ഒരു കവചം കൊണ്ട് തന്റെ ചിന്തകളെ ബന്ധിക്കപ്പെട്ടിരിക്കുന്നു. പുറത്തു നിന്ന് ഒന്നും  ഉള്ളിലേക്കും  അകത്തു നിന്നും ഒന്നും പുറത്തേക്കും പോകുന്നില്ല.

അങ്ങിനെയെങ്കിൽ ചിറകുകൾ ഉള്ള  ഈ വസ്തുക്കളെ എവിടെയാണ് താൻ കണ്ടിരിക്കുന്നത്?  ചിത്രങ്ങളിലാണോ ? അതാ പുതിയൊരു വാക്ക്,  എന്താണ് ചിത്രങ്ങൾ ?

ഞാൻ അങ്ങനെ കരുതട്ടെ,

 മാഞ്ഞുപോയ ഭൂതകാലത്തിലേക്കോ മറഞ്ഞിരിക്കുന്ന വസ്തുതകളിലേക്ക് തനിക്ക്  കടന്നുചെല്ലാകുന്നില്ല. പക്ഷെ ഈ കാണുന്നതൊക്കെ, താൻ എവിടെയോ കണ്ടിട്ടുണ്ട് അതുറപ്പാണ് അതുകൊണ്ടാണ് ആ മാത്രകളിൽ   അവ വാക്കുകളായി കടന്നുവരുന്നത് അങ്ങനെ വരുമ്പോൾ അവയിൽ   വിശ്വസിച്ചുകൊണ്ട്  മുന്നേറുക മാത്രമേ തനിക്കിപ്പോൾ  ചെയ്യുവാനുള്ളൂ. 

അപ്പോൾ ചിത്രങ്ങളിൽ എന്നു തന്നെ കരുതാം  

അയാൾ കണ്ടിട്ടുള്ള മാലാഖമാരുടെ ചിത്രങ്ങളിൽ  അവക്ക് ചിറകുകൾ ഉണ്ടായിരുന്നു. അങ്ങനെയുള്ളപ്പോൾ ചിറകുകൾ ഉള്ള  ആ രൂപം മനസ്സിൽ തെളിയുമ്പോൾ അത് മാലാഖയെന്നെല്ലാതെ   മറ്റൊരു വിശേഷണവും അതിന് അർഹമാകുന്നില്ല . 

ഇതാ  മറ്റൊന്ന് മനസ്സ്   

എന്താണ് മനസ്സ് ?  

 ഓർമ്മകൾ വീണ്ടും  മായുന്നു ,അടുത്ത നിമിഷം  ഒരു ചെറിയ പ്രകാശം കീറായി ഉള്ളിൽ നിറയുന്നു. 

അപ്പോൾ  ഓർമ്മകളുടെ കുത്തൊഴുക്ക്  നടക്കുന്നു അടുത്ത നിമിഷത്തിൽ അതെല്ലാം മായുന്നു വീണ്ടും ശൂന്യതയിലേക്ക് കൂപ്പുകുത്തുന്നു.  

മാലാഖമാർ എന്നുള്ളതൊക്കെ  വെറും ഭാവനകളല്ലേ, വിശ്വാസങ്ങളല്ലേ?

  വീണ്ടും, വീണ്ടും  പരിചിതമല്ലാത്ത പുതിയ, പുതിയ  വാക്കുകൾ കടന്നുവരുന്നു  . 

അവ പരിചിതങ്ങൾ അല്ലാത്തതാണോ? ഒരിക്കലുമല്ല തനിക്കവ പരിചിതങ്ങളാണ് പക്ഷെ എങ്ങിനെയാണ്  അവയെയോരോന്നും അക്കമിട്ടു   വിശദീകരിക്കുകയെന്നുള്ളത്  കഠിനവും അപ്രാപ്യവുമാണെന്നുള്ളതാണ് സത്യം. അങ്ങനെവരുമ്പോൾ അനുവാചകർ അദൃശ്യമായി കഥാപാത്രത്തിന്റ  വ്യക്തിത്വത്തിനുള്ളിലേക്ക് കടന്നുകയറി ആ ഭാവങ്ങളെ നെഞ്ചേറ്റുക എന്നുള്ളതു മാത്രമേ നിർവാഹമുള്ളൂ   . 

വീണ്ടും, ഒരു പുതിയ വാക്കു കൂടി ഉയരുന്നു  കഥാപാത്രങ്ങൾ, താനൊരു കഥാപാത്രമാണോ? അങ്ങിനെയാണോ വിളിക്കപ്പെടേണ്ടത് ?  

അതെല്ലാം പോട്ടെ ആ വിശ്വാസങ്ങളിലൂടെയും ഭാവനകളിലൂടെയും ഉരുത്തിരിഞ്ഞു വന്ന രൂപങ്ങൾ മാത്രമല്ലേ ഇവയെല്ലാം തനിക്കതിൽ വിശ്വസിക്കുകയോ വിശ്വസികാതിരിക്കുകയോ  ചെയ്യാം അതല്ല ഇപ്പോൾ ആവശ്യം . 

 ആ  കാണുന്നത് എന്താണ്? തനിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാമെന്ന് തോന്നുന്നു. വിശ്വസിക്കാം, അതല്ലാതെ മാർഗ്ഗമില്ല അയാൾ മുകളിൽ നിന്ന് താഴേക്ക് ഒരാവർത്തി കൂടി നോക്കി,  തന്റെ കണ്ണുകളുടെ വിശ്വാസതയെ ഒന്നുകൂടി ഉറപ്പിച്ചു . അതെ തനിക്ക് വിശ്വസിക്കാം തന്റെ കണ്ണുകൾ  കാണുന്നുണ്ട് . അവയുടെ  ധർമ്മം അവ കൃത്യമായും നിർവ്വഹിക്കുന്നുമുണ്ട് അപ്പോൾ ഇനി എന്താണ് അവിശ്വസിക്കേണ്ടത്?

 കണ്ണുകളുടെ ധർമ്മം അവ നിർവ്വഹിച്ചു. തലക്കുള്ളിൽ ഒന്നുമില്ലാതിരിക്കുന്ന താനെങ്ങനെ അവയെ നിർവ്വചിക്കും ? 

തലക്കുള്ളിൽ എല്ലാമുണ്ട് ഓർമ്മകൾ മാത്രമാണ് ഇല്ലാത്തത് . അതും ഇല്ലെന്ന് പറഞ്ഞുകൂടാ എന്നാൽ നിർവ്വചിക്കാൻ മാത്രം അവ അശക്തമാണ്  .  

 ചില നിഴലുകൾ,  രൂപങ്ങൾ,  കൃത്യമല്ലാത്ത വരകൾ അവ ഓർമ്മകളുടെ രൂപവും, ഭാവവും  പേറി കടന്നുവരുന്നു.  എവിടെയെക്കൊയോ എന്തോ ചലിക്കുന്നു, തെളിയുന്നു  അതിലൂടെ ചൂഴ്ന്നിറങ്ങാനുള്ള തന്റെ ശ്രമം പാളുന്നു. 

രൂപങ്ങൾ ഇല്ലാത്ത, വ്യക്തിത്വങ്ങൾ ഇല്ലാത്ത  നിഴലുകൾ കണക്കെ എന്തൊക്കെയോ ചുറ്റിപ്പിണയുന്നു അവക്ക് രൂപങ്ങൾ മെനയുവാനുള്ള തന്റെ ശ്രമങ്ങൾ  തട്ടിത്തകരുന്നു. 

എന്താണിങ്ങനെ?  അറിയില്ല അയാളോട് ചോദിക്കാം കുറെയൊക്കെ തന്നോട് സാമ്യം ആകാരത്തിൽ കാണുന്നു, ഇല്ല ആ രൂപവുമായി തന്നെ താരതമ്യപ്പെടുത്തുവാൻ എന്തോ  തനിക്ക് കഴിയുന്നില്ല അങ്ങനെ ചിന്തിക്കുമ്പോൾ  ഉള്ളിൽ നിന്നും  ഒരു വിമ്മിട്ടം ഉയരുന്നു. അർഹതയില്ലാത്തതിലേക്ക് എത്തിനോക്കുന്നത് പോലെ ഒരു വൈക്ലബ്യം വലയം ചെയ്യുന്നു  , എന്നുള്ളതാണോ  അത്  അർത്ഥമാക്കേണ്ടത് ?

ആയിരിക്കാം, അല്ലായിരിക്കാം  താനതിലേക്ക് കടക്കുന്നില്ല തനിക്കുള്ളിൽ തന്നെ ഒരു എതിർപ്പ് ഉയരുമ്പോൾ അതിൽ എന്തോ കാര്യമുണ്ട് എന്നുള്ളതിൽ വിശ്വസിച്ചു കൊണ്ട് തന്നെ തന്നെ മതിക്കുക അല്ലെങ്കിൽ അങ്ങനെ തോന്നേണ്ട കാര്യമില്ലല്ലോ 

 എന്താണത്?  

എതിർപ്പല്ല ഒരു  വിസമ്മതം

എന്ത് തന്നെയായാലും 

 രണ്ടും ഒന്നുതന്നെയല്ലേ  എതിർപ്പ് എന്നതിന്റെ മറ്റൊരു വാക്കല്ലേ വിസമ്മതം . അത്ഭുതം തനിക്ക് വാക്കുകളുടെ അർത്ഥങ്ങളെ  നിർവ്വചിക്കുവാൻ കഴിയുന്നു ,അവ മനസ്സിലാക്കുവാൻ  കഴിയുന്നു. 

ഒരു വാക്കിന് മറ്റൊരു അർത്ഥമുണ്ടോ?  

ഉണ്ട്, അതാണല്ലോ തനിക്ക് തോന്നിയത് 

എന്തിനാണത്?

 ഒരു വസ്തുവിനെ നിർവ്വചിക്കാൻ ഒരു വാക്ക് പോരെ എന്തിനാണ് മറ്റൊരു വാക്ക് അപ്പോൾ ഏതാണ് സത്യം? ഏതാണ് നിഴൽ?

 വാക്കുകൾക്ക് നിഴലും സത്യവുമുണ്ടോ ?

 ഉണ്ടായിരിക്കാം 

ഒരു  വസ്തുവിന് രണ്ടോ അതിൽ കൂടുതലോ അർത്ഥങ്ങളും അതിനെ നിർവ്വചിക്കാൻ ഒരുപാട് വാക്കുകളുമുണ്ട്, താനത് തിരിച്ചറിഞ്ഞിട്ടുണ്ട് പഠിച്ചിട്ടുണ്ട് പക്ഷെ എവിടെയാണെന്ന് അറിയില്ല  അതുറപ്പാണ് അതുകൊണ്ടാണ് ആ വാക്കുകൾ തന്റെ ഉള്ളിൽ അവയുടെ  ഉത്തരവാദിത്വം നിറവേറ്റപ്പെടുത്തുന്നതിനായി  കടന്നുവരുന്നത്.       

ഞാനിത് എവിടെയാണ്? എനിക്കൊന്നും തിരിച്ചറിയാനാകുന്നില്ല എനിക്കെന്താണ് സംഭവിച്ചിരിക്കുന്നത് നിങ്ങൾ ആരാണ്? അയാൾ ചോദിച്ചു 

ആ രൂപം, മനുഷ്യൻ  അല്ലെങ്കിൽ അയാളുടെ ഭാഷ്യത്തിൽ മാലാഖ ഒന്ന് പുഞ്ചിരിച്ചു പിന്നെ പറഞ്ഞു  ഞാനെല്ലാം പറയാം അതാണ് എന്റെ ദൗത്യവും   നിങ്ങൾക്കു വേണ്ടിയാണ് ഞാനിവിടെ കാത്തു നിൽക്കുന്നത്.

എനിക്കു വേണ്ടി കാത്തുനിൽക്കുന്നുവെന്നോ? എന്തിന്?   അതിന് നമ്മൾ  തമ്മിൽ അറിയില്ലല്ലോ?

ആരുപറഞ്ഞു അറിയില്ലെന്ന് താങ്കൾക്ക് എന്നെ അറിയില്ലായിരിക്കാം, പക്ഷെ എനിക്ക് താങ്കളെ നന്നായി അറിയാം താങ്കൾ ദൊവാസല്ലേ ?

ഒരു മിന്നായം കണക്കെ ഓർമ്മകളുടെ  വാതിൽ തുറന്ന് അല്പം വെളിച്ചം തന്നിലേക്ക് വീശിയത് അയാൾ അറിഞ്ഞു. തന്റെ പേര് ദോവസ് എവിടെയൊക്കെയോ ആ പേരുകൾ മുഴങ്ങുന്നു. അതിലേക്ക് അയാൾ ആഴ്ന്നിറങ്ങുവാൻ ശ്രമിച്ചു പക്ഷെ കഴിയുന്നില്ല നിഴലുകൾ മുറിയുന്നു, ചിത്രങ്ങൾ ചലിക്കുന്നു  രൂപങ്ങളില്ലാത്ത നിഴലുകൾ പറക്കുന്നു  പക്ഷെ ഒന്ന് മനസ്സിനുള്ളിൽ ഉറക്കുന്നു അതെ താൻ ദോവസ്.  കാലങ്ങൾക്കു പുറകിൽ നിന്നും, റതുഭേദങ്ങൾക്കപ്പുറത്തു നിന്നും ആ പേർ ഉയരുന്നു. അതിനുമപ്പുറത്തേക്കുള്ള  വഴികൾ മൂടൽ മഞ്ഞു കണക്കെ  മങ്ങി നിൽക്കുന്നു.  

നിങ്ങൾ വല്ലാതെ ആലോചിച്ച് തല പുണ്ണാക്കേണ്ട എന്റെ സുഹൃത്തേ, അതിൽ കാര്യമില്ല നിങ്ങൾക്കൊരിക്കലും നിങ്ങളുടെ ഭൂതവും, ഭാവിയും ഈ വർത്തമാനകാലത്തിൽ നിന്നും വിഘടിപ്പിച്ചെടുക്കാനാകില്ല. കാരണം അത് രണ്ടും നിങ്ങൾക്ക് കൈമോശം വന്നിരിക്കുന്നു. അതിലുപരി ഒന്നുമില്ല എന്നുവെച്ചാൽ പൂർണ്ണമായും കൈമോശം വന്നിരിക്കുന്നുവെന്നും അതിനർത്ഥമില്ല.  

നിങ്ങൾക്കെന്നെ ദൂതൻ എന്നു വിളിക്കാം, അല്ലെങ്കിൽ മനുഷ്യൻ എന്ന് വിളിച്ചോളൂ പക്ഷെ അത് സത്യമല്ല കാരണം ഞങ്ങൾ മനുഷ്യരല്ല എന്നതുതന്നെ ,  ഞാനിവിടെ കാത്തു നിൽക്കുന്നത് നിങ്ങൾക്കു വേണ്ടിയാണ്. നിങ്ങളെ കാണുക, നിങ്ങളെ  മനസ്സിലാക്കിപ്പിക്കുക നിങ്ങളിലെ നിങ്ങളെ, നിങ്ങൾക്കു  കാണിച്ചു തരുക എന്നുള്ളതെല്ലാമാണ് എന്റെ ദൗത്യം. 

ഞാനപ്പോൾ ആരാണ്? എന്താണ് ?എവിടെയാണ് ?

 വിഷമിക്കേണ്ട സുഹൃത്തേ  ഇവിടെ ചോദ്യങ്ങളുടെ ആവശ്യമില്ല എല്ലാം ഉത്തരങ്ങളാണ്,  തിരിച്ചറിയലുകളാണ് അതിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അപ്പോൾ ഓരോ  ചോദ്യങ്ങൾക്കും  ഉത്തരങ്ങൾ ലഭ്യമാകും. അല്ലെങ്കിൽ ചോദ്യങ്ങളില്ല  എല്ലാം തിരിച്ചറിയലുകളാണ്, ഏറ്റവും  ഒടുവിൽ   നിങ്ങൾ, നിങ്ങളെത്തന്നെ തിരിച്ചറിയും അതിലൂടെ നിങ്ങളുടെ സംശയങ്ങൾ മറനീക്കപ്പെടും. എന്നിരുന്നാലും ഒരു സത്യം മനസ്സിലാക്കൂ   നിങ്ങൾ മരിച്ചു കഴിഞ്ഞവനാണ് .    

 ഞാനിപ്പോൾ ഒരു വാതിൽ നിങ്ങൾക്കു മുന്നിൽ തുറന്നു കാണിക്കും  അതിലൂടെ നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് നോക്കിക്കാണാം. കാരണം നിങ്ങളിപ്പോൾ മരിച്ചു കഴിഞ്ഞവനാണ്. നിങ്ങൾ ജീവിച്ചു പോന്ന  ലോകത്തിലേക്കുള്ള ഒരു കിളിവാതിലാണ് ഞാൻ നിങ്ങൾക്കു മുന്നിൽ  തുറന്നു കാണിക്കുന്നത് . അതിലൂടെ  നിങ്ങളുടെ ജനനം മുതൽ മരണം വരെയുളള കാര്യങ്ങൾ നിങ്ങൾക്കു ഒരാവർത്തി കാണാം.  അതു  കഴിയുമ്പോൾ  നിങ്ങളുടെ  ഓർമ്മകൾ നിങ്ങളിലേക്ക്  തിരികെ വരും.

അയാൾ ആശ്ചര്യപ്പെട്ടു, ഞാൻ മരിച്ചു കഴിഞ്ഞെന്നോ? എന്താണ് മരണം?

അത് വല്ലാത്തൊരു ചോദ്യമാണല്ലോ സുഹൃത്തേ  മരണം എന്നുള്ളത് നിങ്ങളിട്ട പേരല്ലേ ? 

ശരി ആയിക്കോട്ടെ ഓരോന്നിനും ഓരോ പേര് വേണമല്ലോ അവ   തിരിച്ചറിയപ്പെടുവാൻ.  നല്ല കാര്യം, പക്ഷെ എന്തുകൊണ്ടാണ് നിങ്ങൾ  മരണത്തെ, മരണമെന്നും ജനനത്തെ, ജനനമെന്നും  വിളിക്കുന്നത് ? മരണത്തെ ലോനപ്പനെന്നും ജനനത്തെ ഔസേപ്പെന്നും വിളിച്ചാൽ പോരെ ?

ശരി അതെല്ലാം  പോട്ടെ ഈ പേരുകളൊന്നും  താങ്കൾ ഇട്ടതല്ലല്ലോ അല്ലേ ?

അയാൾ ഒരു വിഡ്ഢിയെപ്പോലെ തലയാട്ടി 

നിങ്ങളുടെ ഓർമ്മകളിൽ നിന്നും ഇതെല്ലാം അപ്രത്യക്ഷ്യമായി കഴിഞ്ഞിരിക്കുന്നുവല്ലേ  അതിൽ അത്ഭുതപ്പെടുവാനില്ല കാരണം അതങ്ങനെയാണ് വഴിയേ നിങ്ങൾക്കത് മനസ്സിലാകും . എന്നിരുന്നാൽ കൂടി ഇപ്പോൾ കുറച്ചു നേരത്തേക്ക് നിങ്ങളുടെ ഓർമ്മകളുടെ വാതായനങ്ങൾ നിങ്ങൾക്കു മുന്നിൽ  തുറക്കപ്പെടുവാൻ പോവുകയാണ്, അത്  വീണ്ടും  മറയും പിന്നെ തിരിച്ചുവരും .

ഇപ്പോൾ നിങ്ങളുടെ ഓർമ്മകൾ തിരികെ വന്നിരിക്കുന്നു താങ്കൾ എന്നോട് ചോദിച്ച ചോദ്യം ഞാൻ തിരിച്ചു ചോദിക്കട്ടെ 

എന്താണതിനുള്ള താങ്കളുടെ ഉത്തരം?  

അയാൾ നിശ്ശബ്ദനായിരുന്നു , ഈ നിശബ്ദത ആ വിഷയത്തെക്കുറിച്ചുള്ള തൻറെ അജ്ഞത വെളിവാക്കിക്കോട്ടെയെന്നയാൾ കരുതി അല്ലാതെ മറ്റെന്തു ചെയ്യാൻ ?

ആട്ടെ താങ്കളുടെ സംശയത്തിലേക്ക് വരാം..  ഹാ.. ഹാ.., അതിനെന്താണ് വിശദീകരണം ? 

ജനനം, എന്താണതിനൊരു   വിശദീകരണം ? 

മരണം, എന്താണതിനൊരു വിശദീകരണം ?  

ദോവാസ്, അതിനെന്താണ് വിശദീകരണം ? 

നിങ്ങൾ ഓരോന്നിനും ഓരോ പേരിട്ടിരിക്കുന്നുവെന്നുള്ളത്  ശരി അത് പേരിൽ മാത്രം.എനിക്ക് അറിയേണ്ടത് അതിന്റെ ആന്തരാർത്ഥങ്ങളാണ് . 

ദൂതന്റെ അത്തരമൊരു ചോദ്യം അയാൾ പ്രതീക്ഷിച്ചിരുന്നില്ല. വെറുതെ ആ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്നയാൾക്ക് തോന്നി. ഒരു ഉത്തരത്തിനു പകരം മൂന്ന് ചോദ്യങ്ങൾ അതിലൂടെ തന്നെ തിരിഞ്ഞു നോക്കുന്നു.

ഈ മൂന്ന് ചോദ്യങ്ങളുടേയും  ഉത്തരങ്ങൾ തനിക്കറിയില്ല  അല്ലെങ്കിൽ തനിക്കറിയാവുന്ന ഉത്തരങ്ങൾ ഇവിടെ  ബാലിശമാകുമോയെന്ന സംശയം തന്നെ പുറകോട്ട് വലിക്കുന്നു. വേണ്ട തന്റെ സംശയങ്ങൾ അങ്ങനെ തന്നെ  ഇരുന്നോട്ടെ വെറുതേ ആവശ്യമില്ലാത്ത കാര്യങ്ങൾ അറിയേണ്ട അയാൾ തല കുനിച്ചു. 

ഒരു നിമിഷം അയാൾ ഞെട്ടി ഇതാ തന്റെ ഓർമ്മകൾ തന്നിലേക്ക് തിരിച്ചിറങ്ങിയിരിക്കുന്നു തനിക്ക് ചിന്തിക്കാൻ കഴിയുന്നു, വിവരിക്കാൻ കഴിയുന്നു, അത്ഭുതം 

സുഹൃത്തേ ഇതിൽ നാണിക്കേണ്ട കാര്യമില്ല ധൈര്യമായി പറയൂ. 

അയാൾ വിക്കി  മരണം .. അത് ..അത് 

എന്തിനാണ് വിക്കുന്നത് ധൈര്യമായി പറയൂ എല്ലാത്തിനേയും കുറിച്ച് എല്ലാം  അറിയണമെന്ന് യാതൊരു നിയമവുമില്ല, അങ്ങിനെയാരുമില്ല , അതൊരു കുറവുമില്ല. 

ഒരു മനുഷ്യൻ മരിക്കുന്നു  അത്രയേ എനിക്കറിയൂ.. അയാൾ വീണ്ടും വിക്കി  

അതാണല്ലോ ആ വാക്ക്, എനിക്കറിയേണ്ടത് അതിന്റെ അർത്ഥമെന്താണെന്നാണ്   ?  

അയാൾ നിസ്സഹായനായി തല കുനിച്ചു 

ശരി,  എന്നാൽ ജനനത്തെക്കുറിച്ച് പറയൂ 

അതിനെക്കുറിച്ചും അയാൾക്ക്  അറിവുണ്ടായിരുന്നില്ല 

സത്യത്തിൽ എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ്  ജനനം,  ദിനം പ്രതി എണ്ണിയാൽ ഒടുങ്ങാത്ത അത്രയും പ്രതിഭാസങ്ങൾ നടക്കപ്പെടുന്നു. എന്നിട്ടും തനിക്കറിയില്ല എന്താണ് ആ വാക്കിനു പുറകിലുള്ള ആന്തരാർത്ഥമെന്ന് ? ജനനത്തിന് എന്താണ് അർത്ഥം ? അതിന് പത്യേകിച്ച് അർത്ഥം വല്ലതുമുണ്ടോ?  മനുഷ്യർ, മൃഗങ്ങൾ ജീവനുള്ള എല്ലാം തന്നെ ജനിക്കുന്നു , മരിക്കുന്നു. 

 മനുഷ്യരെ ജനിക്കുന്നു, മരിക്കുന്നു എന്ന് പറയും ജീവികളെ പെറുന്നു, ചാവുന്നു, അങ്ങനെയൊക്കെ പറയും അതിൽ കൂടുതൽ എന്താണ് ഇവക്കൊക്കെ  അർത്ഥമുള്ളത്  ? ഇതാണ് തനിക്കറിയാവുന്നത്  എല്ലാവർക്കും ഇങ്ങിനെയാണോ ? ആയിരിക്കും. 

എന്ത് ആയിരിക്കുമെന്ന്  ? 

ഇതേക്കുറിച്ച് അജ്ഞരായിരിക്കും  താനിതുവരെ അതിനൊരു വിശദീകരണം കേട്ടിട്ടില്ല.

പക്ഷെ ഈ ചോദ്യത്തിനൊരു  ഉത്തരം പറയണമല്ലോ  

അയാൾ വിക്കി .. ഒരു മനുഷ്യൻ ജനിക്കുന്നു

അതാണല്ലോ ചോദ്യം  

ശരി അടുത്തതിന് ഉത്തരം പറയൂ 

എന്റെ ദൈവമേ .., അയാൾ വിളിച്ചു 

വീണ്ടും എന്റെ ഉള്ളിൽ ഒരു വാക്ക് തേട്ടി വന്നിരിക്കുന്നു ദൈവം 

എന്താ ഇപ്രാവശ്യം ദൈവത്തെ നിഷേധിക്കുവാൻ തോന്നുന്നില്ലേ ?

ദൂതന്റെ ചോദ്യം അയാളെ ഞെട്ടിപ്പിച്ചു കളഞ്ഞു.  ഓർമ്മകളുടെ ആഴങ്ങളിലേക്കുള്ള വാതായനങ്ങൾ തുറക്കപ്പെടുന്നു  അതിലൂടെ ഒരു കുത്തൊഴുക്ക് നടക്കുന്നു.

 ഒരു പാട് പ്രാവശ്യം ദൈവത്തെ നിഷേധിക്കുന്ന താൻ,  അതെങ്ങെനെ ഇയാൾക്കറിയാം?

അയ്യോ.. ഇയാളെന്നോ ? അങ്ങനെ വിളിക്കാൻ പാടില്ല .. ദൂതൻ എന്നാണ് വിളിക്കേണ്ടത് അയാൾ മനസ്സിൽ പറഞ്ഞു. 

എന്നോട് ക്ഷമ ചോദിക്കേണ്ട കാര്യമില്ല ,  കാരണം  അത് നിങ്ങളിൽ അലിഞ്ഞു ചേർന്നിരിക്കുന്ന വിത്താണ് അത് മുള പൊട്ടുകയും വളർന്നു വരികയും ചെയ്യും. ഇത്തരം വിത്തുകൾ  മനുഷ്യകുലത്തിൽ മുഴുവൻ  അലിഞ്ഞു ചേർന്നിരിക്കുന്ന ഒന്നാണ്. അത് പൂർണ്ണമായും പറിച്ചെറിയാൻ  ആ ഇരുകാലി വർഗ്ഗത്തിന് ആകില്ല. 

എന്നാൽ ചിലരിതിനെ മുളയിലേ നുള്ളിക്കളയുന്നു, 

വളരെ അപൂർവ്വം.

 മറ്റു ചിലർ  അതൊരു വൃക്ഷമാകാൻ  അനുവദിക്കുന്നില്ല, 

വീണ്ടും കുറച്ചു പേർ.  

എന്നാൽ  ചിലർ അതിനെ വെള്ളമൊഴിച്ച് വളർത്തുന്നു, വളരെയധികം പേർ .

ആട്ടെ  ഞാൻ ചോദിച്ച മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം എന്താണ് 

ഏതാണാ ആ ചോദ്യം 

എന്താണ് ദൊവാസ്? 

അത് ഞാനല്ലേ ? 

ഹാ.. ഹാ.., അത് താങ്കൾ തന്നെ പക്ഷെ എന്താണ് അതിന്റെ അർത്ഥമെന്നാണ് എന്റെ ചോദ്യം  ? എന്താണ് അതിന്റെ ഉൾക്കാമ്പ് ?

 ദോവസ് എന്നതിന്റെ അർത്ഥം ?, അയാൾ ആലോചിച്ചു തന്റെ മാതാപിതാക്കൾ പറഞ്ഞ കാര്യം അയാൾക്ക് അപ്പോൾ  ഓർമ്മ വന്നു ദോവാസ് എന്നുള്ളതിന്റെ അർത്ഥം  സ്വയം പ്രകാശിക്കുന്നവൻ എന്നതാണ് ?  

ദൊവാസ് സ്വയം പ്രകാശിക്കുന്നവൻ.. അയാൾ പതുക്കെ പറഞ്ഞു . ഉൾക്കാമ്പ് എന്നാൽ  എന്താണ്? 

ഹാ ഹാ...,  സുഹൃത്തേ താങ്കളിൽ ഒരു നിഷ്ക്കളങ്കനുണ്ട്, തീർച്ചയായും ഉണ്ട് അതാണ് താങ്കൾ ഇവിടേക്ക് എത്തിയതും താങ്കളെ എന്നിൽ നിഷിപ്തനാക്കിയതും.

എന്താണ് ഇങ്ങനെ ? തനിക്ക് ചിലപ്പോൾ എല്ലാം ഓർമ്മിക്കാൻ കഴിയുന്നു ചിലപ്പോൾ എല്ലാം മാഞ്ഞ് അവിടം ശൂന്യമാകുന്നു.  ചില സമയങ്ങളിൽ ഓർമ്മകളുടെ  ചെപ്പിൽ എല്ലാം കാണപ്പെടുന്നു മറ്റു ചിലപ്പോൾ , അവയെല്ലാം  അപ്രത്യക്ഷ്യമാകുന്നു.   

ശരി, ഞാൻ താങ്കളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നില്ല. 

ഞാൻ തന്നെ അത് വിശദീകരിക്കാം എങ്കിലും  അത് എത്രമാത്രം താങ്കൾക്ക് ഉൾക്കൊള്ളാൻ കഴിയുമെന്നുള്ള സത്യവും അതോടൊപ്പം എനിക്കറിയാം എന്നിരുന്നാൽ കൂടി  ഞാനത് ഇവിടെ  വിശദീകരിക്കുന്നത്, മനസ്സിലാക്കാൻ ശ്രമിക്കുന്നതിനുള്ള  നിങ്ങളുടെ അവകാശവും അത് നിങ്ങൾക്ക് വിശദീകരിച്ചു നൽകുക എന്നുള്ള എന്റെ ഉത്തരവാദിത്വവും നിറവേറ്റപ്പെടുന്നതിനു വേണ്ടിയാണ് .  നിങ്ങളുടെ ഉള്ളിൽ ദൈവീകമായൊരു  ചേതന ഉണ്ടെങ്കിൽ അതിന്റെ ചെറിയൊരു അംശം നിങ്ങൾക്ക് ഉൾച്ചേർക്കാൻ കഴിയും . അതൊരു വശം മാത്രം  എന്നിരുന്നാലും  സത്യത്തിൽ എനിക്ക് ഉറപ്പുണ്ട് താങ്കളെക്കൊണ്ടത് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുകയില്ലെന്ന്.

 താങ്കളെക്കൊണ്ട് മാത്രമല്ല മനുഷ്യകുലത്തിന് മുഴുവനായും അതിനു കഴിയുകയില്ല . എന്നിട്ടും ഇവിടെ അത് വിശദീകരിക്കപ്പെടുന്നത്   ഓരോ മനുഷ്യ ജീവനും ആ പ്രിക്രിയയുടെ  ഏറ്റവും ഉദാത്ത തലങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നുള്ളത് മനസ്സിലാക്കപ്പെടുന്നതിനു വേണ്ടിയാണ് അതിലൂടെ മഹത്തായ ആ  കർമ്മം പൂർത്തീകരിക്കപ്പെടേണ്ടതിനും  കൂടിയാണ് .  

 ജീവാംശം ഉള്ളിൽ പേറുന്ന ഏതൊരു വ്യക്തിയും  സ്വന്തം ജനനത്തിന്റെയും,  മരണത്തിന്റെയും അർത്ഥം അറിയപ്പെടേണ്ടതു തന്നെയാണ്. എന്നാൽ അതോടൊപ്പം  അവ പൂർണ്ണമായും മനസ്സിലാക്കാനുള്ള  ഉൾക്കാമ്പ് മനുഷ്യ മനസ്സുകൾക്കില്ല എന്നുള്ളതിലൂടെ  വെളിവാക്കപ്പെടുന്നത് സൃഷ്ടിയുടെ  മഹത്വത്തെ തന്നെയാണ് .

കാരണം സൃഷ്ടിയുടെ രഹസ്യം അത്ര ഉദാത്തമാണ്  പക്ഷെ ജീവകുലം അതൊരിക്കലും  മനസ്സിലാക്കുന്നില്ല, അതേപ്പറ്റി ചിന്തിക്കുന്നില്ല 

ഞാൻ പറയട്ടെ അതൊരു വലിയ കഷ്ടമെന്ന് 

 ഒന്ന് ചിന്തിച്ചു നോക്കൂ സ്വന്തം ജനനത്തിന്റെയും മരണത്തന്റെയും അർത്ഥം  അറിയാതെ ഒരു മനുഷ്യായുസ്സ് മുഴുവൻ  ജീവിച്ചു തീർക്കുന്നവരെ എന്താണ് വിളിക്കേണ്ടത്?  

ദൂതന്റെ ആ ചോദ്യത്തിനു മുന്നിൽ അയാൾ വീണ്ടും  തലകുനിച്ചു സത്യത്തിൽ അത് ശരിയല്ലേ താൻ കൂടി ഇപ്പോഴാണ് അതേപ്പറ്റി ചിന്തിക്കുന്നത് എല്ലാവരും അങ്ങിനെയൊക്കെത്തന്നെയല്ലേ സ്വന്ത ജീവിതത്തിന്റെ മഹത്തായ കാമ്പ് മനസ്സിലാക്കാതെ ജീവിച്ചു പോകുന്നു .എന്തിന് വേണ്ടി ഏതിനു വേണ്ടിയെന്ന് പോലും അറിയാതെ അയാൾക്ക് സ്വയം മ്ലേച്ഛത തോന്നി. 

 അവരെ ചാട്ടവാറു കൊണ്ട് അടിക്കണം അല്ലേ ?

ദൂതന്റെ ആ ചോദ്യം അയാളെ ഞെട്ടിപ്പിച്ചു  

ഇതിൽ കുണ്ഠിതപ്പെടേണ്ട കാര്യമില്ല, താങ്കൾ അതേക്കുറിച്ച്  ചിന്തിച്ചാലും, അതിലൂടെ അനേകായിരം കാതം നടന്നാലും  അതിന്റെ ശരിയായ ഉത്തരം ലഭ്യമാകുകയില്ല  അതൊരു  ജീവ രഹസ്യമാണ്, പക്ഷെ നിങ്ങൾക്കതിനെ ഇഴ കീറി പരിശോധിക്കാം അതിന്റെ അകക്കാമ്പിലൂടെ ബുദ്ധികൊണ്ട് സഞ്ചരിച്ചു നോക്കാം  നിങ്ങളുടേതായ തരത്തിലുള്ള  വ്യാഖ്യാനങ്ങളും  ചമക്കാം.    

 ചില ബുദ്ധിശാലികൾ അതേറ്റപ്പറ്റി  ചിന്തിക്കാറുണ്ട് അവരവരുടേതായ രീതിയിൽ കണ്ടെത്തലുകൾ  ചമക്കാറുമുണ്ട് അത് ശരിയല്ലെങ്കിൽ കൂടി ഒരു വിധത്തിൽ  നമുക്കവരെ  അഭിനന്ദിക്കാം കാരണം അത്തരമൊരു ചിന്താശകലത്തിൽകൂടി കടന്നു പോകുവാനുള്ള ഒരു മാനസീക ഉല്പതൃക്ഷണ അവർ കാണിച്ചുവല്ലോ എന്നോർത്ത് , ഒരുപാട് പേരിൽ നിന്നും വ്യത്യസ്തരാകുന്ന ചിലർ  പക്ഷെ പലരും അത് അവരവർക്കു വേണ്ടി വളച്ചൊടിക്കുന്നതോട് കൂടി അവയുടെ  മൂല്യം അവിടെ  അവസാനിക്കുകയും ചെയ്യുന്നു .

ഞാൻ കൂടുതൽ ഫിലോസഫി പറയുന്നില്ല എന്താ അങ്ങനെ തോന്നുന്നുണ്ടോ ?

ഇല്ലെന്ന് അയാൾ ചുമലുകൾ കൊണ്ട് പറഞ്ഞു 

തോന്നിയാലും സാരമില്ല ഫിലോസഫി എനിക്ക്  വളരെ ഇഷ്ട്ടമാണ്.

 ശരി നമുക്ക് വീണ്ടും നമ്മുടെ വിഷയത്തിലേക്ക് കടക്കാം  ജനനം , മരണം ഇവ രണ്ടിനേയും  ഒരു വാക്കിലോ, വാചകത്തിലോ , ഖണ്ഡികയിലോ,  പ്രബന്ധത്തിലോ,  യുഗത്തിലോ ഒതുക്കാവുന്നതല്ല , ഒതുങ്ങുന്നതുമല്ല.  പക്ഷെ നിങ്ങൾ അതിനെ ഒരു വാക്കിലേക്ക് ചുരുക്കിയിരിക്കുന്നു അതിൽ തെറ്റില്ല കാരണം ഏതൊരു വസ്തുവിനെ പ്രതിഫലിപ്പിക്കാനും അതിനെ ഉൾക്കൊള്ളുവാനും,  അതാവശ്യവും, അത്യാവശ്യവും തന്നെയെന്നുള്ളതാണ്  വസ്തുത. 

പക്ഷെ അതിനു പുറകിലേക്ക്,  അതിനുള്ളിലേക്ക് കടന്നുചെന്നാൽ അവിടെ തിരിച്ചറിയപ്പെടുന്നത്   അത് പ്രപഞ്ചത്തിലെ ഏറ്റവും ഉദാത്തവും, മനോഹരവും,  വിശദീകരിക്കാനാകാത്തതും,   വിശദീകരിക്കാനാകുന്നതുമായൊരു പ്രഹേളികയെന്നുള്ളതാണ് .

അതേക്കുറിച്ചറിഞ്ഞാൽ  ജനനത്തോളം സന്തോഷം തരുന്ന ഒന്നുണ്ടോ? മരണത്തോളം സന്തോഷം തരുന്ന ഒന്നുണ്ടോ എന്ന് ചോദിക്കേണ്ടതായി വരും.

നിങ്ങൾ അത്ഭുതപ്പെടേണ്ട,  മരണത്തോളം സന്തോഷമുള്ള എന്നോ  എന്നുള്ളത് കേട്ട് ഞെട്ടേണ്ട, വഴിയേ മനസ്സിലാകും ഇപ്പോൾ നിങ്ങൾക്ക് ചിന്തിക്കാനും മനസ്സിലാക്കാനും കഴിയുന്നു.  നിങ്ങളുടെ ഓർമ്മകൾ നിങ്ങളിലേക്ക് തിരിച്ചിറങ്ങിയിരിക്കുന്നു . നിങ്ങളുടെ ഭൂതകാലം , വർത്തമാനകാലവുമായി ഇഴചേർന്നിരിക്കുന്നു.  

നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ  , ഞാൻ ചിലപ്പോൾ  സാഹിത്യം പ്രയോഗിക്കുന്നു അല്ലെ  ഭൂതകാലം വർത്തമാനകാലം, ഭാവികാലം എന്നൊക്കെ പറഞ്ഞുകൊണ്ട് .. ?

അതോ എനിക്ക് തെറ്റിപ്പോയോ ഇത് സാഹിത്യം തന്നെയാണോ ? അറിയില്ല അതുകൊണ്ട് ചോദിച്ചതാണ് ഞാൻ കേട്ടീട്ടുണ്ട് നിങ്ങളിലുള്ള കുറേപ്പേർ സാഹിത്യ ഭാഷാ മാത്രമേ പ്രയോഗിക്കൂവെന്ന്  അത് സാധാരണ ഗണത്തിലുള്ള സാധാരണക്കാരായ ഒട്ടുമിക്ക  ആളുകൾക്കും മനസ്സിലാക്കാൻ കഴിയാത്ത തരത്തിലുള്ളവ . 

 എന്തിന് അത് പ്രയോഗിക്കുന്ന ആ ഭാഷാ പണ്ഡിതർക്ക്  പോലും അറിയില്ല പലപ്പോഴും അതിന്റെ ഉദ്ദേശ ശുദ്ധി 

മാമ്പഴ തൊലി കൊണ്ട് അച്ചാറിട്ടു എന്ന് പറയുന്നതിനു പകരം അമരഫലത്തിൻ കായാൽ കൊണ്ട് ഇട്ടു ഞാനിന്നൊരു കുംഭഭരണിക്കുള്ളിലൊരു രുചി ഭേദ്യം   

   ഞാനിത് പറയുവാൻ കാരണം നിങ്ങളുടെ ലോകം വാഴ്ത്തുന്ന വലിയൊരു സാഹിത്യകാരനെ ഞാനിവിടെ കണ്ടു. 

ഞാനയാളോട്  ചോദിച്ചു  എന്തിനാണ് നിങ്ങൾ ഇത്തരം ഭാഷകൾ പ്രയോഗിക്കുന്നതെന്ന് സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചാൽ പോരെ 

അതും തലയിലേറ്റി നടക്കുന്ന ചില വിഡ്ഢികൾ ഉണ്ട് എന്നാണയാൾ പറഞ്ഞത് അവർക്ക് അത് മാത്രമേ പിടിക്കൂ. എന്താണ് അവയുടെ ഉൾക്കാമ്പെന്ന് അവർക്കും എന്തിന് എഴുതുന്ന എനിക്ക് പോലും അറിയത്തില്ല  എന്നുള്ളതാണ് വസ്തുത. അത്തരം വിഡ്ഢികളെ തൃപ്തിപ്പെടുത്തുവാൻ എഴുതുന്നു എന്ന് മാത്രം .

എന്തിനാണ് അത്തരം വ്യക്തികളെ തൃപ്തിപ്പെടുത്തുന്നത് ? ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് വേണ്ടി എഴുതിയാൽ പോരെ 

എന്റെ സാറേ.., 

അയ്യോ ക്ഷമിക്കണം 

ഭൂമിയിലാണെന്നുള്ള ഓർമ്മ കൊണ്ടാണ് സാറേ എന്ന് വിളിച്ചത് ഇവിടെ ബഹുമാനംപുരസ്സം എന്താണ് വിളിക്കേണ്ടത് 

സത്യത്തിൽ എനിക്കത് കേട്ടപ്പോൾ ചിരിയാണ് വന്നത്

ഞാൻ അയാളോട് പറഞ്ഞു എന്നെ സാറെ എന്നൊന്നും വിളിക്കേണ്ട ഇവിടെ അങ്ങനെ വിളിച്ചിട്ടും യാതൊന്നും നിങ്ങൾക്ക് നേടാനും പറ്റത്തില്ല ദൂതൻ എന്ന് വിളിച്ചോളൂ 

അത് സാരമില്ല സാറേ..,  അയ്യോ ദേ വീണ്ടും സാറ് എന്നുള്ളത് വന്നു 

സാരമില്ല അതിൽ ചുറ്റി സമയം കളയേണ്ട സാറേ എന്ന് തന്നെ വിളിച്ചോളൂ 

സാറേ  ലോകത്തിൽ നമുക്ക് എന്തെങ്കിലും കിട്ടണമെങ്കിൽ നമ്മൾ മനസ്സിലാകാത്ത തരത്തിലുള്ള കാര്യങ്ങൾ പറയണം എഴുതണം അങ്ങനെ വരുമ്പോൾ നമ്മൾ ഒരു ബുദ്ധിജീവിയുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുകയും അവാർഡ് തേങ്ങാ മാങ്ങാ ചക്ക എന്നുള്ളതൊക്കെ നമുക്ക് വാരിക്കോരി തരുകയും ചെയ്യും അങ്ങനെ സാധാരണക്കാരേക്കാൾ ഉയരത്തിലാണ് നമ്മളെന്നുള്ളത് വരുത്തി തീർക്കുകയും ചെയ്യും 

ഭയങ്കരാ ..

എന്തായാലും അയാളൊരു സരസൻ തന്നെയായിരുന്നു നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ജീവിക്കാൻ പഠിച്ചവൻ പക്ഷെ ആ ജീവതം തുടർന്ന് കൊണ്ട് പോകുവാനുള്ള ജ്ഞാനം അയാൾക്കില്ലെന്ന് പറയില്ല അയാളുടെ ചില പോരായ്മകൾ കൊണ്ട് ജീവിതത്തിന്റെ കുറച്ചു സമയം അയാൾക്ക് നഷ്ടപ്പെട്ടു എന്ന് മാത്രമേയുള്ളൂ . പക്ഷെ മറ്റുള്ളവരുമായി തട്ടിച്ചു നോക്കുമ്പോൾ അയാൾ അത്ര വലിയ കള്ളനൊന്നുമല്ല. 

ശരി നമുക്ക് നമ്മിലേക്ക് തന്നെ തിരിച്ചുവരാം   

എങ്കിലും 

ചില സമയങ്ങളിൽ സാഹിത്യ ഭാഷാ എന്നത്  സാധാരണ ഭാഷയേക്കാൾ സരളമായിരിക്കുമെന്നാണ്  എനിക്ക് തോന്നുന്നത്  . 

 കടിച്ചാൽ പൊട്ടാത്ത വാക്കുകളും, പറഞ്ഞാൽ  മനസ്സിലാകാത്ത വിശദീകരണങ്ങളും തന്ന് നിങ്ങളെ ഞാൻ കുഴപ്പിക്കുന്നില്ല. കാരണം മനുഷ്യ മനസ്സിനോ അല്ലെങ്കിൽ നിങ്ങൾ അവകാശപ്പെടുന്ന ബുദ്ധിക്കോ അതിനുള്ളിലേക്ക് ആഴത്തിൽ കടന്നുചെല്ലുവാനുള്ള കെല്പില്ല. അത് നിങ്ങളുടെ കുറ്റമോ അപരാധമോ അല്ല. അതിനുള്ളിലേക്ക്  കടന്നുചെല്ലണമെങ്കിൽ പ്രപഞ്ചത്തെ അറിയണം, പ്രപഞ്ച  സൃഷ്ടിയെ അറിയണം , മനസ്സിനെയും ശരീരത്തേയും ഉരുവാക്കപ്പെടുത്തിയ അതിന്റെ ആദ്യ  കണികയിലേക്ക് സമന്വയിപ്പിച്ച് നമ്മുടെ  ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന തീക്ഷണങ്ങളായ വൈര്യവും ,  ക്രോധവും , കാമവും , അസൂയയും എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന  അതിശക്ത  കവചം പൊളിച്ചെറിയുമ്പോൾ അവിടെ, ഉള്ളിനുള്ളിലേക്ക്  ഒരു പ്രകാശ കിരണം കടന്നുവരുകയും   നിങ്ങൾ നിങ്ങളെത്തന്നെ തൊട്ടറിയുകയും ചെയ്യുന്നു അപ്പോൾ  എന്താണ് താനെന്നും ആരാണ് താനെന്നുമുള്ള വലിയൊരു ചോദ്യത്തിനുള്ള  ഉത്തരം ലഭിക്കുന്നു അതൊരു താക്കോലാണ്  ആ വാതിൽ തുറന്ന്  കടന്നുചെല്ലുമ്പോൾ   ജീവ സങ്കീർത്തനം എന്തെന്നുള്ളത് ഓരോരുത്തരും അനുഭവിച്ചറിയുന്നു  .

അങ്ങനെ  ജീവോല്പത്തിയുടെ  ആഴങ്ങളിലേക്ക് കടന്നുചെന്ന്  പ്രപഞ്ചത്തിലെ ഏറ്റവും ഉദാത്ത സൃഷ്ടിയായ മനുഷ്യകുലത്തിന്റെ കണികയെ തൊട്ടറിഞ്ഞു കൊണ്ട്  നിങ്ങളുടെ രൂപം രൂപം പ്രാപിച്ച അണുവിന്റെ അന്തർധാരയിലേക്ക്   കടന്നുചെല്ലുമ്പോൾ ,  ഞാനെന്ന ഞാൻ രൂപം കൊണ്ടതിന്റെ രഹസ്യമായ ആത്മാവിനെ തൊട്ടറിയുന്നു. അവിടെ നിങ്ങൾ ആ ജീവരഹസ്യം തിരിച്ചറിയുന്നു ആരാണ് താനെന്നും , എന്താണ് താനെന്നുമുള്ള  ബോധോദയം ഉണ്ടാകുന്നു അവിടെ ജീവന്റെയും , ജനനത്തിന്റെയും , മരണത്തിന്റെയും , സൃഷ്ട്ടിയുടെയും രഹസ്യം അനാവരണമാകുന്നു. അതാണ് ജ്ഞാനോദയം സ്വയം തന്നെ തന്നെ തിരിച്ചറിയുന്നിടത്ത് അത് ഉറവ പൊട്ടുന്നു അതിലൂടെ ആത്മാവിന്റെ സ്പർശം നമ്മിൽ ചേരുന്നു  

എന്റെ സുഹൃത്തേ, ഞാൻ തുറന്നു പറയട്ടെ അങ്ങനെ കണ്ടെത്തിയവർ  ആരുമില്ല, അങ്ങനെ പോയവരും ആരുമില്ല .  ഞാൻ കണ്ടിട്ടില്ല ആ ജീവ സങ്കീർത്തനം ഒരു പ്രപഞ്ച രഹസ്യമാണ് അനേകായിരം യുഗങ്ങൾ ഈ  പ്രപഞ്ചത്തിലൂടെ അതിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞു കൊണ്ട് സഞ്ചരിച്ചു കഴിയുമ്പോൾ അവിടെ ശരീരവും മനസ്സും ആത്മാവും ഒന്നു ചേരുന്ന ഒരു ദൈവീക മുഹൂർത്തത്തിൽ  നിങ്ങളൊരു അത്ഭുത ലോകത്തിലേക്ക് കടന്നുചെല്ലും അവിടെ എന്നേപ്പോലെ  ആയിരമായിരം പേരെ കാണും ആ തലത്തിലേക്ക്  മനസ്സുകൊണ്ട് എത്തിച്ചേരാൻ കഴിഞ്ഞാൽ അവിടെ നിങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ ഒരു താക്കോൽ കാണപ്പെടും  അത് നിങ്ങൾക്ക് മാത്രം അനാവരണമാകുന്ന  ജീവ രഹസ്യമാണ് . അത് പൂർണ്ണവും മുഴുവനുമാണ് ആദിയും അവസാനവുമാണ് , ഒന്നും പതിനായിരവുമാണ് 

ആ ജീവ രഹസ്യത്തിലേക്ക്  കടന്നു ചെല്ലുന്നതോടെ  ജനനവും, മരണവും എന്താണെന്നുള്ളതിന്റെ  ആന്തരാർത്ഥങ്ങൾ തിരിച്ചറിയപ്പെടും. ആ സത്യം തിരിച്ചറിയപ്പെടുന്നതോടെ  അവർ ഉയർത്തപ്പെടുന്നു, പൂർണ്ണരാകുന്നു

പൂർണ്ണരാകുന്നു എന്നുള്ളത് , പൂർണ്ണമായും പൂർണ്ണരാകുന്നു എന്നുള്ളതല്ല  അതിന്  കടമ്പകൾ ഒരു പാട്  കടക്കേണ്ടിയിരിക്കുന്നു ഒരു മനുഷ്യ ജന്മത്തിന് അത് അസാദ്ധ്യമാണ് ആയിരമായിരം മനുഷ്യ പിറവികളിലൂടെ യുഗങ്ങളിൽ ഒന്ന് എന്ന കണക്കിൽ അത് നേടിയെടുക്കുന്നവരുമുണ്ട് എന്നിരുന്നാലും ആ ലോകത്തിലേക്ക് ഒരുമാതിരി എല്ലാവരും  അപ്രാപ്യരാണ്  സുഹ്രത്തേ .

ആ തിരിച്ചറിവ് നേടിയെടുക്കുന്നതിലൂടെ  മേൽപ്പറഞ്ഞ  സന്തോഷം അവരെ  വലയം ചെയ്യുന്നു , അവിടെ ജീവ രഹസ്യത്തിന്റെ വെളിച്ചം അനാവരണമാക്കപ്പെടുന്നു . ജനനത്തിന്റെയും , മരണത്തിന്റെയും, ഒരു യുഗത്തിലെ  ആ  രണ്ടു വാതിലുകളുടെ ആന്തരാർത്ഥങ്ങൾ  വെളിവാക്കപ്പെടുന്നു, അത് നിങ്ങളെ ആനന്ദത്തിൽ ആറാടിക്കുന്നു, വിസ്‌മയത്താൽ പുളകം കൊള്ളിക്കുന്നു അവിടെ ഓരോരുത്തരും  അവന്റെ ജീവനെ തിരിച്ചറിയുന്നു  എന്താണ് സ്വയമെന്നുള്ളത്  കാണുന്നു, തിരിച്ചറിയുന്നു അതിന്റെ മഹത്വം അനുഭവിച്ചറിയുന്നു . 

അങ്ങനെ വരുമ്പോൾ ഈ ലോകം, ഈ ജീവിതം, അവയുടെ  വിശാലമായ കാഴ്ചപ്പാടുകൾ അവർക്ക് മുന്നിൽ അനാവരണമാവുകയും ജീവിതത്തിൽ അന്നുവരെ  നോക്കിക്കണ്ട തലത്തിൽ  നിന്നും മറ്റൊരു കോണിലൂടെ  അതിന്റെ അന്തഃസത്തയെ ഉൾക്കൊള്ളുവാനും എന്താണ് താനെന്നതിൽ ഉൾക്കൊണ്ട, ഉൾച്ചേർന്ന  ഓരോ പരമാണുവിന്റെയും ലക്ഷ്യമെന്തെന്നും ഉൾക്കാഴ്ചയെന്തെന്നും തിരിച്ചറിയുകയും എന്താണ് പരമമായ ജീവിതമെന്നും മനസ്സിലാക്കപ്പെടുന്നു . 

പക്ഷെ, മേൽപ്പറഞ്ഞ പോലെ  ഇന്നുവരേക്കും അങ്ങിനെയാരാളെ  ഞാൻ  കണ്ടിട്ടില്ല എന്നുള്ളതാണ് ശരി .

ആ കർമ്മ കാണ്ഡത്തിലാണ് മരണമെന്ന വാതായനത്തിലൂടെ നിങ്ങളിപ്പോൾ  എത്തിച്ചർന്നിരിക്കുന്നത്   . നിങ്ങൾ മരണപ്പെട്ടതുകൊണ്ട് മാത്രം നിങ്ങൾക്ക് ലഭ്യമായ  അവസരം അത് ഓരോരുത്തരിലും എഴുതിവെച്ചിരിക്കുന്ന കർമ്മമാണ്  പക്ഷെ ജീവിച്ചിരിക്കുമ്പോൾ തന്നെ മനസ്സുകൊണ്ട്   ഇവിടേക്ക്  എത്തിച്ചേരണമെങ്കിൽ , ഞാൻ പറഞ്ഞതുപോലെ പ്രപഞ്ചത്തിലൂടെ ആ  ജീവ രഹസ്യം തേടി നിങ്ങൾ യുഗങ്ങൾ, യുഗാന്തരങ്ങൾ നിങ്ങളിൽ അലംകൃതമായിരിക്കുന്ന അല്ലെങ്കിൽ നിങ്ങളിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ശക്തി കൊണ്ട് അലയേണ്ടി വരും .

അത്രക്കും എബിലിറ്റി, മനുഷ്യജന്മങ്ങളിൽ  ഇനിയും കാണേണ്ടിയിരിക്കുന്നു .

എന്നുവെച്ച് അത് അത്രക്കും വലിയ ബാലികേറാമലയൊന്നുമല്ല. സ്വയം തിരിച്ചറിയുക അതിലൂടെ സ്വന്തം ആത്മാവിനെ തൊട്ടറിഞ്ഞുകൊണ്ട്  സഞ്ചരിക്കുക  പ്രപഞ്ചത്തിലെ ഓരോ കണികയിലും ഒളിഞ്ഞിരിക്കുന്ന  ജീവസ്പന്ദനം തിരിച്ചറിയുക അങ്ങനെ, ഈ പ്രപഞ്ചത്തിൽ മനസ്സും ശരീരവും അർപ്പിക്കപ്പെടുമ്പോൾ അവിടെ പ്രകാശത്തിന്റെ ഒരു വെള്ളി വെളിച്ചം തെളിയുന്നു അതിലൂടെ വീണ്ടും സഞ്ചരിക്കുക അവിടെ  ഞാൻ പറഞ്ഞിടത്ത് എത്തിച്ചേരുന്നു .

 നമുക്കുള്ളിൽ തോന്നുന്ന, നമ്മളെ വലയം ചെയ്യുന്ന  ചില സത്യസന്ധമായ ചിന്തകൾ,  തോന്നലുകൾ എന്നിവയുടെ സപന്ദനങ്ങൾ  ഉണ്ടാകും എത്ര ദുഷ്ടനായാലും, ശിഷ്ടനായാലും  അതുണ്ടാവും മനുഷ്യ ജീവിതമെന്ന മഹത്തായ ജീവിതത്തിലെ  ഏറ്റവും അമൂല്യമായ ഒന്ന് പക്ഷെ, പലപ്പോഴും  അതിനാരും ചെവി കൊടുക്കാറില്ല. അത്തരം നല്ല ചിന്തകളെ അല്ലെങ്കിൽ തോന്നലുകളെ  നിങ്ങൾ തന്നെ  നിങ്ങളുടെ തന്നെ  ഏറ്റവും അടിത്തട്ടിൽ മൂടിവെക്കുന്നു  എന്നിട്ട്  ലൗകീക ആവശ്യങ്ങൾക്കു വേണ്ടിയുള്ള കൂവലുകൾക്ക് കാതോർക്കുകയും അവയുടെ പുറകെ പായുകയും  ചെയ്യുന്നു അവിടെ നിങ്ങൾ മൂടിവെക്കുന്നത് നിങ്ങളുടെ ആത്മാവിന്റെ ശബ്ദമാണ്, നിങ്ങളുടെ ചേതനയുടെ സ്വരമാണ് , നിങ്ങളെ തന്നെയാണ്.

 അങ്ങിനെ വരുമ്പോൾ എങ്ങിനെയാണ് ഞാനീപ്പറഞ്ഞ ലോകത്തിലേക്ക് എത്തിച്ചേരുവാൻ കഴിയുന്നത് ? അസാദ്ധ്യം , അസാദ്ധ്യങ്ങളിൽ അസാധ്യം  

 ഒന്നും മനസ്സിലായില്ല അല്ലേ , എനിക്കറിയാം അതിൽ  അത്ഭുതമില്ല  ഞാനൊന്ന് ലളിതവൽക്കരിക്കാം കാരണം അതെന്നിൽ നിഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വമാണ്

 മരണം എന്നാൽ, അത്  പുതിയൊരു വാതിലാണ് , ക്ഷമിക്കണം പുതിയൊരു വാതിലല്ല , പുതിയൊരു ലോകത്തിലേക്കുള്ള വാതിലാണ് എന്നാണ് തിരുത്തേണ്ടത്.

 ചില സമയത്ത് ദൂതൻ മാർക്കും തെറ്റു പറ്റും, പറ്റാം അല്ലേ ?

അതായാൾക്ക് ആശ്വാസം പകർന്നൊരു  വാക്കായിരുന്നു. ദൂതൻമാർക്കും  തെറ്റു പറ്റുമ്പോൾ തനിക്കു തെറ്റു പറ്റുന്നതിൽ കുഴപ്പമില്ല എന്നയാൾ ചിന്തിച്ചു 

താങ്കൾ അങ്ങനെ ചിന്തിക്കരുത് 

ദൂതൻ പറഞ്ഞതു കേട്ട് അയാൾ ഞെട്ടി 

താങ്കൾക്ക് മനസ്സും വായിക്കാൻ കഴിയുമോ ?

എന്തൊരു ചോദ്യമാ എന്റെ സുഹൃത്തെ ഇത്. താങ്കൾ നിഷ്ക്കളങ്കനാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു  അത് വളരെ നല്ലതാണ് കാരണം നിഷ്ക്കളങ്കരെ വളരെ അപൂർവ്വമായേ നിങ്ങളുടെ  ഭൂമുഖത്തു കാണപ്പെടാറുള്ളൂ  അവരുടെ ഹൃദയത്തിൽ ദൈവീകതയുടെ ഒരംശം അലിഞ്ഞു ചേർന്നിരിക്കുന്നു അതുകൊണ്ടാണ് അവർ അങ്ങനെ അതിൽ അഭിമാനിക്കൂ ആഹ്ളാദിക്കൂ  മറ്റുള്ളവർ നിങ്ങളെ കളിയാക്കിയാലും നിങ്ങൾക്ക് ഒന്നുമില്ല കാരണം നിങ്ങൾ നിഷ്ക്കളങ്കരാണ് എന്നുള്ളത് തന്നെ .

അത് വല്ലത്തൊരു മനസ്സാണ് 

ഞാൻ തിരിച്ചു വരാം 

ഒരു കാലഘട്ടത്തിൽ നിന്നും അടുത്ത കാലഘട്ടത്തിലേക്ക് , ഒരു ലോകത്തുനിന്നും അടുത്ത ലോകത്തിലേക്ക്, ഒരു യുഗത്തിൽ നിന്നും അടുത്ത യുഗത്തിലേക്ക്,  ഒരു മിനിറ്റിൽ നിന്നും അടുത്ത മിനിറ്റിലേക്കുള്ള  കടന്നുപോക്കാണ് ..,  ഓരോ ജനനവും .

 ഒരു കാലഘട്ടത്തിൽ നിന്നും അടുത്ത കാലഘട്ടത്തിലേക്ക് , ഒരു ലോകത്തുനിന്നും അടുത്ത ലോകത്തിലേക്ക്, ഒരു യുഗത്തിൽ നിന്നും അടുത്ത യുഗത്തിലേക്ക് ഒരു മിനിറ്റിൽ നിന്നും അടുത്ത മിനിറ്റിലേക്കുള്ള കടന്നുപോക്കുകളാണ്  .., ഓരോ  മരണവും .

അത്രയേയുള്ളൂ 

ഒന്നുകൂടി വിശദമാക്കിയാൽ ഒന്നിൽ നിന്നും രണ്ടിലേക്കുള്ള , ഒരു കാലഘട്ടത്തിൽ നിന്നും അടുത്ത കാലഘട്ടത്തിലേക്കുള്ള , ഒരു യുഗത്തിൽ നിന്നും അടുത്ത യുഗത്തിലേക്കുള്ള തുടർച്ചയായ യാത്രകളുടെ , യാത്രകൾക്ക് വേണ്ടിയുള്ള  വാതിലുകളാണ് ഇവയോരോന്നും ,.

അവിടെ ആർക്കും ഒന്നും നഷ്ടപ്പെടുന്നില്ല, ആരും ഒന്നും പുറകിൽ ഉപേക്ഷിക്കുന്നുമില്ല.

പഴകിയ കാഴ്ചകളിൽ നിന്നും , പഴകിയ  ശരീരത്തിൽ നിന്നും,പഴകിയ  മനസ്സിൽ നിന്നും, ബന്ധങ്ങളിൽ നിന്നുമുള്ള താൽക്കാലികമായൊരു  വിടുതൽ അതിനു ശേഷം  പുതിയ മനസ്സോടെ, പുതിയ ചിന്തയോടെ  പുതിയ ഉത്സാഹത്തോടെ വീണ്ടും അതിലേക്കു തന്നെ പ്രവേശിക്കുക .

 ഒരു റീ യൂണിയൻ... അവിടെ ഒരു  ശിശുവായി, ബാലനായി , യുവാവായി , വൃദ്ധനായി  പുതിയ ഉത്സാഹത്തോടെ വീണ്ടുമൊരു ജീവിത ആരംഭത്തിലെക്കുള്ള തുടർച്ചയും. ആ വൃത്തം പൂർത്തിയാകുമ്പോൾ അവസാനം അങ്ങനെ അവസാനമില്ലാതെ തുടർന്നുകൊണ്ടരിക്കുന്ന   പ്രതിഭാസങ്ങൾ ..ഒരിക്കലും അവസാനമില്ലെന്ന് പറഞ്ഞുകൂടാ ഉണ്ട് അത് മേല്പറഞ്ഞതിന് സമം .  

 പിന്നെ താങ്കളുടെ പേര്  ദോവാസ്,  അതിന് യാതൊരു അർത്ഥവുമില്ല സുഹൃത്തേ.  താങ്കൾ എന്താണ് പറഞ്ഞത് സ്വയം പ്രകാശിക്കുന്നവനെന്നോ? എന്നിട്ടെവിടെ ആ പ്രകാശം ? ഏതോ ഒരു വിഡ്ഢിയുടെ  തലയിൽ ഉരുത്തിരിഞ്ഞ വാക്ക്, അതിനെ നിങ്ങൾ നെഞ്ചേറ്റി.  അത് സൃഷ്ടിച്ചവനെ ഞാൻ കാണിച്ചു തരാം ദൂതൻ കൈ ചൂണ്ടിയിടത്തേക്ക് അയാൾ ആകാംഷയോടെ നോക്കി ആൾക്കൂട്ടത്തിൽ   ഒരു പേപ്പറും പിടിച്ച് അയാൾ നിൽക്കുന്നു. 

താങ്കൾക്കറിയോ അയാൾ എന്തിനാണ് അവിടെ നിൽക്കുന്നതെന്ന് ?

ദൂതന്റെ ചോദ്യത്തിന് അയാൾ അറിയില്ലെന്ന് തലയാട്ടി  

അതൊന്ന് പൂരിപ്പിക്കാൻ വേണ്ടി. കണ്ടോ അയാളാണ് താങ്കളുടെ  പേരിന്റെ നിർവ്വചനത്തിന്റെ ഉപജ്ഞാതാവ് ഇപ്പോൾ പാമരൻ ആയിരിക്കുന്നു. അതയാളുടെ ജീവ ചക്രത്തിന്റെ ഒരു ഭാഗമാണ്   അതയാൾ ജീവിച്ചു തീർത്തേ ,മതിയാകൂ.., പണ്ഡിതനായും, പാമരനായും , ധനവാനായും ദരിദ്രനായും , പ്രശസ്തനായും, അപ്രശസ്തനായും അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ജന്മങ്ങൾ ജീവിച്ചു തീർന്നാലെ ഒരു ജീവിത വൃത്തം പൂർത്തിയാവുകയുള്ളൂ  അതിനെക്കുറിച്ചെല്ലാം ഞാൻ  പതിയെ വിശദമാക്കാം താങ്കൾ ഇപ്പോൾ വന്നതല്ലേയുള്ളൂ  

അതുകൊണ്ട് ദൊവാസ് , ആദ്യത്തേതിലേക്ക് കടന്നുവരികയാണെങ്കിൽ

എന്താണ് മരണം ? 

അതിനൊരു വിശദീകരണമില്ല എന്നിരുന്നാലും അത് നിങ്ങളിട്ട പേരാണ് അതുകൊണ്ട് തന്നെയാണ് ഞാനത് പറഞ്ഞതും. അതിനെ വേണമെങ്കിൽ ഒരു കാലഘട്ടമായോ ഒരു ജീവ ചക്രമായോ കണക്കാക്കാം അതുമല്ലെങ്കിൽ ഒരു വൃത്തം, ഒരു ടാർജറ്റ് എന്നൊക്കെ തരത്തിലുള്ള  ആയിരം വിശേഷണങ്ങൾ ചാർത്തപ്പെടുത്താമെങ്കിലും ആത്യന്തികമായി ഞാൻ പറഞ്ഞതുപോലെ അതൊരു യാത്രയാണ് , വലിയൊരു യാത്ര അതിനൊരു അവസാനമില്ല പക്ഷെ റീഫ്രസ്മെന്റ് പോയിന്റുകളുണ്ട്. അതിൽ നിന്നും നിങ്ങൾക്ക് പുതിയ ഊർജ്ജം സംഭരിക്കാം. പുതിയ കാഴ്ച്ചപ്പാടുകൾ നേടാം പുതിയ വീക്ഷണങ്ങളിലൂടെ  ആ യാത്രയുടെ ഗതിവിഗതികൾ മാറ്റിമറിക്കാം. എല്ലാം നിങ്ങൾ  തന്നെയാണ് ചെയ്യേണ്ടത്.

 ചിലരതിനെ സങ്കോചത്തോടെ കാണുന്നു, ചിലരതിനെ ദുഃഖത്തോടെ  കാണുന്നു, ചിലരതിനെ സന്തോഷത്തോടെ കാണുന്നു, അതാണ് ആ യാത്രയെ സുഖകരവും  ദുരിതതരവുമാക്കുന്നതും. ഇതെല്ലാം നിങ്ങളിൽ തന്നെയാണ് ഉരുവെടുക്കുന്നതും. അല്ലെങ്കിൽ ഇതിന്റെയെല്ലാം ഉപജ്ഞാതാക്കളും നിങ്ങൾ തന്നെയാണ് എന്നുള്ളതാണ്  ശരി.  

മനസ്സിലാകുന്നില്ല. 

മനസ്സിലാകില്ല, കാരണം അത് വല്ലാത്തൊരു പ്രഹേളികയാണ് മനുഷ്യബുദ്ധി കൊണ്ട്  മനസ്സിലാക്കാൻ പറ്റാത്തത്രയും  വലിയ പ്രഹേളിക എന്നിട്ടും ഇവിടെ നിങ്ങൾക്കത് വിശദീകരിക്കപ്പെടുന്നത് നിങ്ങൾ  മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെയല്ല. കാരണം നിങ്ങൾക്കത് ഒരിക്കലും മനസ്സിലാക്കാനാവില്ല. എന്നിരുന്നാലും അതൊരു നിമിത്തമാണ്  ഏതൊരു മനുഷ്യനും  അറിഞ്ഞിരിക്കേണ്ട തന്റെ ജീവിത വൃത്തം. പക്ഷെ ഇവിടെനിന്നും നീങ്ങുന്നതോടുകൂടി അതെല്ലാം മായുന്നു, മറയുന്നു . രണ്ടു തരത്തിൽ നിങ്ങൾക്കതിനെ കാണാം ഒന്ന് ഇത് നിങ്ങൾക്കുള്ള വരദാനം, രണ്ട്  ഒരു ജന്മമെന്നാൽ അതൊരു  അവസാനമല്ല എന്നുള്ളതും.

ഞാൻ തുടരട്ടെ... , ഈ ലോകം ,   നിങ്ങളുടെയൊരു  റിഫ്രഷിങ് പോയിന്റാണ് ഇവിടെ നിന്നുമാണ് നിങ്ങൾ അടുത്ത യാത്ര തുടങ്ങേണ്ടത്. ആ യാത്രയിലും ഇനിയുള്ള യാത്രകളിലും നിങ്ങളുടെ ഓർമ്മകളും ചിന്തകളും എല്ലാം തന്നെ വാനിഷ് ചെയ്യപ്പെടുന്നു. പക്ഷെ എന്തോ ചില വെളിച്ചങ്ങൾ, എന്തോ ചില തോന്നലുകൾ, എന്തോ ചില സ്വപ്നങ്ങൾ,  ചിലതു കാണുമ്പോൾ നിങ്ങളിലേക്ക് തിരിച്ചറങ്ങുന്നു. 

അതൊരു നിമിത്തമാണ് നമ്മൾ എവിടെയൊക്കെയോ കണക്ട് ചെയ്യപ്പെട്ടിരിക്കുന്നുവെന്നുള്ളതിന്  ചില  വെളിപ്പെടുത്തലുകളായി നമുക്കുള്ളിലേക്ക് തിരിഞ്ഞിറങ്ങുന്നു. അത് ജീവിതമെന്ന മഹത്തായ പ്രെഹേളിക വരച്ചു വെച്ചവന്റെ ഓർമ്മപ്പെടുത്തലാണ്. ഓരോ ജീവിതത്തിലും അത് തിരിച്ചറിയണം.

 എന്നുവെച്ച് ഇവിടെ നടന്ന സംഭവങ്ങൾ ഒന്നും തന്നെ  അടുത്ത വാതിലിൽ കൂടി അടുത്ത  ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ  അവിടെ  നിങ്ങളിലുണ്ടാകുന്നില്ല ഒഴിഞ്ഞ പാത്രം കണക്കെ നിങ്ങൾ  ശൂന്യമാകുന്നു , അവിടെ പുതിയ ചിന്തകൾ വന്നു നിറയുന്നു പുതിയ വീക്ഷണങ്ങൾ വന്നു നിറയുന്നു പക്ഷെ ഒരിക്കലും തിരിച്ചറിയുന്നില്ല  ഇതെല്ലാം നമ്മൾ കടന്നുപോന്ന വഴികളായിരുന്നുവെന്ന് ഇനിയും കടന്നുപോകേണ്ട വഴികളാണ് ഇതെന്നുള്ളതും .

അതാണ് സൃഷ്ടിയുടെ ഉൽകൃഷ്ടത അങ്ങിനെയാണ് അതിനെ വരച്ചു വെച്ചിരിക്കുന്നത്. 

അത്  ജീവിതമെന്ന, ഉദാത്തമായ, മനോഹരമായ ഒരു വസ്തുതയെ ഉരുവാക്കിയെടുത്ത സൃഷ്ട്ടാവിന്റെ കരവിരുത്.  

  മനസ്സിലാകുന്നില്ല അല്ലേ 

അയാൾ ഒരു വിഡ്ഢിയെപ്പോലെ വീണ്ടും തലയാട്ടി

ഉണ്ടെന്നോ ഇല്ലെന്നോ ?

ദൂതന്റെ ചോദ്യത്തിന് അയാൾ വീണ്ടും തലയാട്ടി .  സ്വന്തം മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും അയാൾ അകന്നു കഴിഞ്ഞിരുന്നു. അയാളുടെ  ചിന്തകൾ ഒരു പട്ടം പോലെ ആകാശത്തു  വട്ടമിട്ടു പറക്കുന്നു. 

മനസ്സും, ശരീരവും, ചിന്തകളും എല്ലാം വിഘടിച്ചു നിൽക്കുന്നു. താനല്ലാത്ത താൻ തനിക്കു ചുറ്റും കറങ്ങുന്നു . അതോ താനാകുന്ന താൻ തനിക്കുള്ളിൽ കേറാൻ നിവൃത്തിയില്ലാതെ ചുറ്റുന്നുവോ ? ദൂതൻ പറയുന്നത് മനസ്സിലാക്കുവാനായി  തന്റെ ബുദ്ധി കൈമോശം വന്നിരിക്കുന്നു. അതോ തന്റെ ബുദ്ധിക്ക് ഉൾക്കൊള്ളാവുന്നതിലും വലുതായ കാര്യങ്ങളാണോ താൻ ശ്രവിച്ചു കൊണ്ടിരിക്കുന്നത്? . താൻ ശ്രമിക്കുന്നു പക്ഷെ, ഓട്ടയുള്ള ഒരു കുടത്തിൽ എങ്ങിനെയാണ് വെള്ളം നിറക്കുവാനാവുക  ?

സ്വയം  തിരിച്ചറിങ്ങാനുള്ള തന്റെ  ശ്രമം വിഫലമാകുന്നു.

 എന്താണിങ്ങനെ ?  

 താങ്കൾ ബുദ്ധിമുട്ടേണ്ട സുഹൃത്തേ ഇതിൽ  അത്ഭുതമല്ലെന്ന് ഞാൻ  മുമ്പേ പറഞ്ഞുവല്ലോ ഇതെല്ലാം ഒന്നുകൂടി സരളമായി പ്രതിപാദിക്കാൻ ഞാൻ ശ്രമിക്കാം. 

ഒന്നിൽ നിന്നും ആയിരമോ പതിനായിരമോ എന്നു കരുതുക . അല്ലെങ്കി വേണ്ട കുഴപ്പത്തിലിരിക്കുന്ന താങ്കളെ ഞാൻ കൂടുതൽ കുഴപ്പത്തിലേക്ക് ചാടിക്കുന്നില്ല. ഒന്നിൽ നിന്ന് പതിനായിരം എന്നു തന്നെ  കരുതുക. അതിൽ ഓരോ നൂറിലും ഓരോ റിഫ്രഷ്മെന്റ് പോയിന്റുകൾ ഉണ്ടെന്നും കരുതുക .

 നൂറെന്നുള്ളത് ആലങ്കാരികമായി പറഞ്ഞതാണ് സുഹൃത്തേ അതിൽ പിടിച്ച് അടുത്ത ചോദ്യങ്ങൾ ചോദിക്കരുത്. ആ നൂറിൽ എത്തുന്നതാണ് മരണം വീണ്ടും ഇരുന്നൂറിലോട്ട് ഉള്ള യാത്ര, അങ്ങനെ ആ യാത്ര നിർബാധം തുടർന്നു കൊണ്ട് ഒടുവിൽ  പതിനായിരത്തിൽ എത്തുമ്പോൾ അവിടെ ആ കാല ദൈർഘ്യം അവസാനിക്കപ്പെടുന്നു. 

അവിടെ ഒരു റീഫ്രഷ് പോയിന്റ് ഉണ്ടാകുന്നില്ല, മറിച്ച് അവിടെ പുതിയൊരു യാത്രയുടെ സ്റ്റാർട്ടിങ് പോയിന്റാണ് തുറക്കപ്പെടുന്നത്. വീണ്ടും ഒന്നിൽ നിന്നും പതിനായിരത്തിലേക്കുള്ള  യാത്ര , അതാണ് ജീവിതം . ഓരോ മരണവും ഓരോ റിഫ്രഷിങ് പോയിന്റുകളാണ് ഒരിക്കലും അവസാനമില്ലാതെ  തുടർന്നുകൊണ്ടിരിക്കുന്ന യാത്രകളാണ് അത്.  ഒരിക്കലും അവസാനമില്ലെന്ന് പറഞ്ഞു കൂടാ, ഉണ്ട് അതാ പതിനായിരത്തിൽ എത്തുമ്പോൾ. 

ഇവിടെ പതിനായിരം നിങ്ങളുടെ യാത്രയുടെ അവസാനമെന്ന് ഞാൻ പറഞ്ഞുകഴിഞ്ഞു. അവിടെ നിന്നും പുതിയൊരു യാത്രയിലേക്ക് തുടക്കാം കുറിക്കപ്പെടുന്നത്‌ നിങ്ങളിൽ നിന്നും തന്നെയാണ് അല്ലെങ്കിൽ നിങ്ങൾ തന്നെയാണ് അതിനുള്ള അവകാശം സംരക്ഷിക്കുന്നത് . അതായത് അതുവരെയുള്ള നിങ്ങൾ ആരായിരുന്നുവോ അതാണ് നിങ്ങളെ വീണ്ടും ഒരു മനുഷ്യനായി ജനിക്കാൻ അവകാശിയാക്കുന്നതെന്നു സാരം .  

അതിനർത്ഥം നിങ്ങൾ പതിയെ മനസ്സിലാക്കും .  

പെട്ടെന്നല്ല, പതിയെ..,  പതിയ കാരണം നിങ്ങൾ ആകെ ചേതനയറ്റു നിൽക്കുന്നു ആ ചേതനകൾ  നിങ്ങളിലേക്ക് തിരിച്ചിറങ്ങുമ്പോൾ നിങ്ങളുടെ ഓർമ്മകളുടെ വാതായനങ്ങൾ നിങ്ങൾക്ക് മുന്നിൽ വീണ്ടും  തുറക്കപ്പെടും. എന്നാൽ  ഇവിടെ നിന്ന് യാത്രയാകുന്ന ആ നിമിഷം ഓർമ്മകൾ വീണ്ടും   തുടച്ചു നീക്കപ്പെടും.  

 ഞാനിപ്പോൾ  നിറുത്തുന്നു കാരണം നിങ്ങൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടും അതിലേറെ വൈമനസ്യവുമുണ്ട് . കാരണം നിങ്ങൾ മനുഷ്യനാണ് എന്നുള്ളത് തന്നെ. എന്നിരുന്നാൽ കൂടി ഒരുമാതിരി എല്ലാ കാര്യങ്ങളും ഒരു വിധത്തിൽ നിങ്ങൾക്ക് മനസ്സിലാകുമെന്നു തന്നെ കരുതാം അതാണ് ശരി, അതാണ് ഓരോരുത്തരുടെയും  നിയോഗവും .  

 നിങ്ങൾ വീണ്ടും ജനിക്കുമ്പോൾ അവിടെ  നിങ്ങളുടെ പുറകിലുള്ള ലോകം, അതായത് നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ നിങ്ങൾ ആരായിരുന്നുവെന്നോ എന്തായിരുന്നുവെന്നോ ഒരിക്കലും നിങ്ങൾ  അറിയുന്നില്ല.  അതേ അവസ്ഥ തന്നെയാണ് ഇവിടേയും . അതായത് ഇതൊരു റിഫ്രഷിങ്  പോയിന്റാണെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു. നിങ്ങളുടെ ജീവിത കാലത്തെ  നിങ്ങളെ, നിങ്ങൾക്കു തന്നെ  മനസ്സിലാക്കാനുള്ള ഒരു  അനലൈസിങ് പോയിന്റുകൂടിയാണ് ഇവിടം. 

 ഓരോ മരണത്തിന്റെ അവസാനവും പുതിയൊരു ജനനത്തിലേക്ക്  നിങ്ങൾ.., നിങ്ങൾ മാത്രമല്ല ഓരോരുത്തരും ഇതിലൂടെ  കടന്നു പോയേ  തീരൂ .  ഇതാണ് ഓരോരുത്തരുടേയും ജീവ വ്യക്ഷവുമായി ബന്ധപ്പെടുത്തുന്ന വാതിൽ   . 

 എന്നാൽ ഒന്നോർക്കണം എല്ലാവർക്കും  നിങ്ങൾക്ക് ലഭിച്ചതു പോലെ  നല്ല സ്വാഗതങ്ങളല്ല ലഭ്യമാവുക അത് തീരുമാനിക്കപ്പെടുന്നത് നിങ്ങളുടെ ജീവിതമാണ് , അതിൽ നിങ്ങൾ അനുവർത്തിച്ച രീതികളാണ് 

ഇവിടെ വെച്ച്  നിങ്ങൾക്ക് എല്ലാം മനസ്സിലാക്കുവാനും കാണുവാനും കഴിയുന്നു എന്നാൽ  ഇവിടെ നിന്നും പോകുന്നതോട് കൂടി അതെല്ലാം മറയുകയും ചെയ്യുന്നു .   

അയാളുടെ അന്ധാളിപ്പു കണ്ട ദൂതൻ ഒന്നു കൂടി വിശദമാക്കി  

പരിഭ്രമിക്കേണ്ട സുഹൃത്തേ, താങ്കളിങ്ങനെ കുന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിൽക്കാതെ. പതിയെ എല്ലാം വ്യക്തമാകുമെന്ന് ഞാൻ പറഞ്ഞുവല്ലോ  ഒന്ന് പുറകിലോട്ട് നോക്കൂ 

അയാൾ തിരിഞ്ഞു നോക്കി അടുത്ത നിമിഷം ഒരു ചുഴലി  തന്നെ വലയം ചെയ്യുന്നത് അയാൾ തിരിച്ചറിഞ്ഞു അതിലൂടെ തന്നെ, തന്നെ അയാൾ കാണുന്നു തന്റെ രൂപം, തന്റെ ഭാവം, തന്റെ മനസ്സ്, തന്റെ ചിന്തകൾ പതിയെ എല്ലാം അയാളിലേക്ക് പൂർണ്ണമായും തിരിച്ചറങ്ങുന്നു. അതെ താൻ ദോവസ് അതോടൊപ്പം മറ്റു ചില പേരുകളും ഉയരുന്നു അലക്‌സാണ്ടർ , വിക്ടർ, ഹാക്കർ,  ലോനപ്പൻ , വാസു  ആരാണ് ഇവരെല്ലാം ?

 എല്ലാം താൻ തന്നെയല്ലേ?  അതെ എല്ലാം താൻ തന്നെ.

പേരുകൾ , വേഷവിധാനങ്ങൾ മാറുന്നു എന്നാൽ എല്ലാം താൻ തന്നെ 

എന്തൊരത്ഭുതം ? എന്താണാണിത് മായാ ലോകമോ ?

പല രൂപങ്ങളിൽ പല ഭാവങ്ങളിൽ താൻ, തന്റെ മാതാപിതാക്കൾ തന്റെ മകൾ തന്റെ ഭാര്യ എല്ലാവർക്കും ഒരേ മുഖച്ഛായ എല്ലാവരും അവരവർ തന്നെ പക്ഷെ  വേഷങ്ങളിൽ ഭൂഷങ്ങളിൽ പെരുമാറ്റങ്ങളിൽ മാറ്റങ്ങൾ പല കോണുകളിൽ പല ലോകങ്ങളിൽ പല രീതികളിൽ തന്റെ കുടുംബം .

കാല ചക്രങ്ങൾ തിരിയുന്നു ജീവിതം ഒരു വൃത്തത്തിൽ എന്ന പോൽ ചുറ്റുന്നു ജനനം , ബാല്യം, യൗവ്വനം, വാർദ്ധക്യം , മരണം , സമ്പന്നത , പീഢകൾ , വീണ്ടും ജനനം അതങ്ങനെ തിരിയുന്നു 

 എന്താണിങ്ങനെ  ? 

അതാണ് ജീവിതം ദൊവാസ് ..,ഇതാണ് അത്യുന്നതമായ ജീവിതത്തിന്റെ പരമമായ രഹസ്യം അത് തിരിച്ചറിയുന്ന ഓരോ ജന്മവും പുണ്യം ചെയ്തിരിക്കുന്നു ഞാൻ ആദ്യമേ പറഞ്ഞുവല്ലോ ചില രഹസ്യങ്ങൾ നിങ്ങളുടെ മുന്നിൽ അനാവരണമാക്കപ്പെടുമ്പോൾ ജനനത്തെക്കാൾ സന്തോഷം തരുന്ന മറ്റൊന്നുണ്ടോ മരണത്തെക്കാൾ സന്തോഷം തരുന്ന മറ്റൊന്നുണ്ടോ  നിങ്ങൾക്ക് കിട്ടിയ സൗഭാഗ്യമാണത് നിങ്ങൾക്ക് മാത്രമല്ല മനുഷ്യജന്മനത്തിന് മുഴുവൻ കിട്ടിയ മഹത്തായ വരദാനം  പക്ഷെ നിങ്ങൾ എങ്ങിനെയാണത് ജീവിച്ചു തീർക്കുന്നത് എന്താണ്  കാണിച്ചു കൂട്ടുന്നത്?

കഷ്ടം അല്ലേ ? നൈമിഷികമായ സുഖങ്ങൾക്കു വേണ്ടി പടപൊരുതുമ്പോൾ അതിനായി ആർത്തിപ്പിടിച്ച് പായുമ്പോൾ നിങ്ങൾ നഷ്ടപ്പെടുത്തുന്നത് അതിനേക്കാൾ വലിയ സൗഭാഗ്യമല്ലേ ? ആയുസ്സിന്റെ ഒരു എട് അതിൽ നിന്നും നിങ്ങൾ തന്നെ വലിച്ചു കീറിക്കളയുന്നു .

ആയിരമായിരം ജന്മങ്ങൾ ഒരേ കുടുംബങ്ങളായി ജീവിക്കാനുള്ള അവകാശവും അനുവാദവുമല്ലേ ഏറ്റവും സന്തോഷപ്രദമായിട്ടുള്ളത് ?

എന്നാൽ ആ ജീവ ചക്രം ഇവിടെ നിന്ന് തിരിച്ചു കാണുമ്പോൾ നിങ്ങൾക്കു തന്നെ മ്ലേച്ഛത തോന്നുന്നില്ലേ ? എന്നാൽ  ചിലത് കാണുമ്പോൾ സന്തോഷവും  തോന്നുന്നു  

ഉണ്ട് .., അയാൾ പിറുപിറുത്തു 

എങ്കിൽ പിന്നെ സന്തോഷം തരുന്നത് ചെയ്‌താൽ പോരെ പക്ഷെ അതിൽ ഒരു മാറ്റമുണ്ട് ഇവിടെ നിന്ന് കഴിഞ്ഞ കാലഘട്ടത്തിലേക്ക് നിങ്ങൾ നോക്കുമ്പോൾ സന്തോഷം തരുന്നത് ആ കാലഘട്ടത്തിൽ നിങ്ങൾക്ക് അവിടെ നിങ്ങൾ സന്തോഷമെന്ന് കരുതിയതിനേക്കാൾ ശരിയായ സന്തോഷം തരുന്നു അല്ലേ ദോവസ് 

അയാൾ തലയാട്ടി 

അപ്പോൾ ജീവിത കാലത്ത് സന്തോഷം എന്നുള്ളത് പലതുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നാലത്  കാലഘട്ടങ്ങൾക്ക് അനുസ്രതമായി മാറിക്കൊണ്ടിരിക്കുന്നുവെന്നുള്ളത് സത്യം തന്നെ  പക്ഷെ യഥാർത്ഥ സന്തോഷം, അത് എന്നും ഒന്ന് തന്നെയാണ് അതിലേക്കാണ് കണ്ണ് തുറക്കേണ്ടത് അതിലേക്കാണ് മനസ്സുകൊണ്ടും ശരീരം കൊണ്ടും ഓരോരുത്തരും  എത്തിച്ചേരേണ്ടത് അതിനു വേണ്ടത് , സ്വന്തം  ആത്മാവിലേക്ക് നോക്കുക എന്നുള്ളത് തന്നെയാണ് ദൊവാസ്.  

മനസ്സിലാകുന്നുണ്ടോ  ദൊവോസ് 

ഉണ്ട് , എന്നാലും ഒരു സംശയം 

എന്താണ് ?

അയാൾ വിക്കി 

സംശയം ചോദിക്കുന്നതിന് എന്തിനാണ്  സംശയിക്കുന്നത് ദൊവാസ് ? സംശയങ്ങൾ  തീർക്കപ്പെടേണ്ടതാണ് ധൈര്യമായി തന്നെ  ചോദിച്ചോളൂ 

 അങ്ങ്  പറയുന്നു ഞാൻ  മരിച്ചു പോയെന്ന്, മരിച്ചു പോയെങ്കിൽ പിന്നെ ഞാനീ   കാണുന്നതെല്ലാം എന്താണ്? 

അങ്ങെന്നോട് കള്ളം പറയുന്നു  

ഞാനെന്തിനാണ് താങ്കളോട് കള്ളം പറയുന്നത് ദൊവാസ് ? താങ്കളെ എല്ലാം മനസ്സിലാക്കിക്കുക എന്നുള്ളതാണ് എന്റെ ദൗത്യം 

പക്ഷെ എന്റെ ശരീരം അതുപോലെ തന്നെ ഉണ്ടല്ലോ 

ഉണ്ടാവണമല്ലോ ?

പക്ഷെ ഞാൻ മരിച്ചവനാണെന്ന് അങ്ങ് പറയുകയും ചെയ്യുന്നു  

അപ്പോൾ ഞാൻ ഇത്ര നേരം വിശദീകരിച്ചതൊന്നും താങ്കൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേ ദോവസ് ?

അയാൾ കുറ്റാരോപിതനെപ്പോലെ നിശബ്ദനായി തല കുമ്പിട്ടു  

ഞാൻ വെറുതെ പറഞ്ഞതാണ് ദോവസ് എനിക്കറിയാം..,  താങ്കൾക്ക് മാത്രമല്ല എല്ലാവർക്കും ഇങ്ങനെ തന്നെയാണ്

ആ കാണുന്നത് പൂക്കളെന്ന് താങ്കൾ തിരിച്ചറിയുന്നുണ്ടോ ?

അയാൾ തലയാട്ടി   

 എങ്കിൽ  തീർച്ചയായും താങ്കൾ  മരിച്ചു കഴിഞ്ഞു, അതു  സത്യം 

മരിച്ചു കഴിഞ്ഞാൽ പിന്നെ എങ്ങിനെയാണ് ശരീരം അതുപോലെ തന്നെ ഉണ്ടാകുന്നത്? 

വിക്കിക്കൊണ്ടാണ് അയാളത് ചോദിച്ചത് എന്തോ  താൻ ചോദിക്കുന്നത് വലിയൊരു അപരാധമാകുമോ എന്നുള്ളൊരു  സംശയം ആ വാക്കുകളോടൊപ്പം അയാളുടെ  മുഖത്തും നിഴലിച്ചിരുന്നു അതോടൊപ്പം അടിമുതൽ മുകളിലോട്ട് നോക്കി,  താൻ പറഞ്ഞ വാക്കുകളുടെ അല്ലെങ്കിൽ ആ ചോദ്യത്തിന്റെ ആധികാരികത സത്യം തന്നെയെന്ന് ഒന്ന് കൂടി  ഉറപ്പിക്കാനൊരു പാഴ്ശ്രമം നടത്തുകയും ചെയ്തു . 

മരിച്ചു കഴിഞ്ഞാൽ ശരീരം പിന്നെ  എങ്ങിനെയാകുമെന്നാണ് നിങ്ങൾ മനസ്സിലാക്കി വെച്ചിരിക്കുന്നത് ? 

അയാളുടെ ചോദ്യത്തിന് പകരമായി  ദൂതൻ ഒരു മറുചോദ്യമെറിഞ്ഞു, 

അതിനയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല എന്നിട്ടും അയാൾ വിക്കി 

പക്ഷേ ..ആ പക്ഷെയിൽ എല്ലാം  അയാൾ അവസാനിപ്പിച്ചു അതിനു മുന്നോട്ട് കടന്നു  പോകാനുള്ള മാർഗ്ഗം അയാൾക്ക് അജ്ഞാതമായിരുന്നു 

ധൈര്യമായി പറഞ്ഞോളൂ 

മരിച്ചു കഴിഞ്ഞാൽ  മണ്ണിലേക്ക് ലയിക്കുന്നു എന്നാണ് ഞാൻ കേട്ടീട്ടുള്ളതും കണ്ടിട്ടുള്ളതും. 

താങ്കൾ കേട്ടീട്ടുള്ളതും കണ്ടിട്ടുള്ളതും ശരിതന്നെയാണ് ഓജസ്സും , മാംസവും ചേതനയും   നഷ്ട്ടപ്പെട്ടു കഴിഞ്ഞ താങ്കളെ പിന്നെ  എന്തിനാണ്  എടുത്തു വെക്കുന്നത് ?

അപ്പോൾ ഞാൻ പറഞ്ഞത് ശരിയല്ലേ ? അയാൾ ദൂതനോട് ചോദിച്ചു 

എന്ത്? 

മരിച്ചു കഴിഞ്ഞാൽ നമ്മൾ മണ്ണായി മാറുന്നു അങ്ങിനെയെങ്കിൽ ഞാനിപ്പോൾ ഇവിടെ പൂർണ്ണ ആകാരത്തോടെ നിൽക്കുന്നത് എങ്ങിനെയാണ്? അപ്പോൾ താങ്കൾ എന്നോട് നുണ പറയുന്നതല്ലേ  ?

ഒരിക്കലുമല്ല സുഹൃത്തെ താങ്കൾ പറഞ്ഞതും ശരിയാണ് ഞാൻ പറയുന്നതും ശരിയാണ് പുതിയൊരു ലോകത്തിലേക്ക് കടക്കുമ്പോൾ എല്ലാം പുതിയതു തന്നെയാണ് പഴയതെല്ലാം ആ പഴയ ലോകത്തിൽ  ഉപേക്ഷിക്കപ്പെടുന്നു. ബന്ധങ്ങൾ, ഓർമ്മകൾ, ചിന്തകൾ,  ശരീരം അങ്ങനെ എല്ലാം തന്നെ.

ഒരു റിഫ്രഷിങ്ങിനു വേണ്ടി ,  അതിവിടെയാണ് അതിനു ശേഷം വീണ്ടും  ജനനം..  ആകാരത്തിലും, രൂപത്തിലും, ഭാവത്തിലും, ചിന്തകളിലും , ബന്ധങ്ങളിലും  എല്ലാം മാറ്റമില്ലാത്ത ... പക്ഷെ പുതിയ കർമ്മ കാണ്ഡത്തിലേക്ക് , പുതിയ ഭാവത്തിലേക്ക് പുതിയ ജീവിത തലത്തിലേക്ക് , ചിന്തകളിൽ നിന്നും ഓർമ്മകളിൽ നിന്നും മുക്തി നേടി പുതിയൊരു പ്രകാശത്തോടെ  പുതിയൊരു നിറത്തോടെ മറ്റൊന്നിലേക്ക് 

പുതിയ ലോകത്തിലേക്ക്, പുതിയ മനസ്സോടെ, പുതിയ ഉത്സാഹത്തോടെ  പ്രവേശിക്കുമ്പോൾ അവിടെ  എന്തിനാണ് പഴയത് ? അതെല്ലാം പുറകിൽ ഉപേക്ഷിക്കുന്നതിനെയാണ് നമ്മൾ  റിഫ്രഷ്മെന്റ് എന്ന് വിളിക്കുന്നത്  , അതായത് ഇവിടെ.

 എല്ലാം പുറകിൽ ഉപേക്ഷിച്ചാണ് താങ്കൾ വന്നിരിക്കുന്നത് ഇനി പുതിയ ഒന്നിലേക്കാണ് പ്രവേശിക്കേണ്ടത്. പുതിയ ഒന്നിലേക്ക് എന്ന് പറയുമ്പോൾ എല്ലാം പഴയതു തന്നെ 

എന്താ കൺഫ്യുഷൻ ആകുന്നുണ്ടോ ?

അയാൾ ഒരു വിഡ്ഢിയെപ്പോലെ തലയാട്ടി 

ഇതിൽ അത്ര അതിശയോക്തിപരമായി ഒന്നുമില്ല പുതിയ ഉണർവ്വോടെ..പുതിയ  ഊർജ്ജത്തോടെ പുതിയ ജീവിതത്തിലേക്ക്  പ്രവേശിക്കുന്നു എന്നു മാത്രം മനസ്സിലാക്കുക  

താങ്കൾ കരുതുന്നത് എല്ലാം ശരിയല്ല പക്ഷെ താങ്കൾ പറയുന്നത് പലതും  ശരിയാണ് താനും അതാണ് മനുഷ്യനും അവന്റെ അജ്ഞതയും..,  യഥാർത്ഥ ജ്ഞാനവും, ദൈവീകതയും തമ്മിലുള്ള അന്തരവും .

നിങ്ങൾ മാനുഷീകമായ കണ്ണുകളിലൂടെ, ആ വൈദഗ്ധ്യത്തിലൂടെ സമസ്യകൾക്ക് വിശദീകരണങ്ങൾ ചമക്കുന്നു അതിൽ വിശ്വസിക്കുന്നു പക്ഷെ അതൊരു വൈദഗ്ധ്യമാണോ? ഒരു കണക്കിന് വൈദഗ്ധ്യം തന്നെ എന്തിനുള്ളത് നിങ്ങളുടെ വിശ്വാസങ്ങളെ പൂർണ്ണതയിൽ എത്തിക്കാനും അതിനെ വിശ്വാസയോഗ്യമാക്കിത്തീർക്കാനും നിങ്ങൾ നടത്തുന്ന പരിശ്രമത്തിന്റെ വൈദഗ്ധ്യം . അതൊരിക്കലും ശരിയല്ലല്ലോ ?

നിങ്ങൾ അതിൽ നിന്നും മാറി മറ്റൊരു തലത്തിലൂടെ ചരിക്കുമ്പോൾ അവിടെ നിങ്ങൾ കാണുന്ന സത്യങ്ങളെ, നിങ്ങളുടെ ഉള്ളിൽ മഥിക്കുന്ന ചിന്തകളെ ,  നിങ്ങളെ നിയന്ത്രിക്കുന്ന മാനുഷീകമായ സങ്കല്പങ്ങളെ ഒഴിവാക്കിക്കൊണ്ട് എന്താണ് യഥാർത്ഥ ജ്ഞാനം എന്നുള്ളതിലേക്ക്  ആഴത്തിൽ കടന്നു ചെല്ലുമ്പോൾ കാണപ്പെടുന്ന വെളിച്ചത്തെയാണ് അടിവരയിടേണ്ടതും ഉള്ളെറ്റേണ്ടതും  

താങ്കൾ പറഞ്ഞതുപോലെ  ശരീരം മണ്ണിലേക്ക് ലയിക്കുന്നു എന്നുള്ളത് വാസ്തവം തന്നെയാണ്  . അതൊരു പ്രോസസ്സാണ് ആവശ്യമില്ലാത്ത ഒരു വസ്തുവിനെ  എന്തിനാണ് കൂടെ കൂട്ടുന്നത്?  അതിന്റെ ഉപയോഗം ആ ജന്മത്തോടെ അവസാനിക്കുന്നു.  ഇനി പുതിയതൊന്ന്,  പുതിയതൊന്ന് എന്ന് പറയുമ്പോൾ ആ ശരീരവും മനസ്സും തന്നെ പക്ഷെ ഒന്നിൽ നിന്ന് അത്  വീണ്ടും തുടങ്ങുന്നു ഒരു ശിശുവായി, ബാലനായി, യുവാവായി അങ്ങനെ..,  അങ്ങനെ ഒരു ജന്മം  വീണ്ടും മുള പൊട്ടുകയും ആ കാലഘട്ടം അവസാനിക്കുമ്പോൾ  വാടുകയും ചെയ്യുന്നു .

നിങ്ങൾ ഇപ്പോൾ കാണുന്നത് നിങ്ങളുടെ ആകാരം തന്നെ , എപ്പോഴും നിങ്ങളുടെ ഈ പ്രായത്തിലുള്ള  ആകാരം ഇതു തന്നെ ആയിരിക്കുകയും ചെയ്യും അതിൽ സംശയമില്ല ഇത് തന്നെയാണ് നിങ്ങളുടെ ആകാരവും. 

ദോവസ്,  ജീവിതമെന്നുള്ള യാത്രയിൽ എല്ലാം നിങ്ങളുടെ കൈകളിലാണ് ഉള്ളത് നിങ്ങളാണ് അതിന്റെ സാരഥിയും യാത്രക്കാരനും അതിനെ നേർവഴിക്ക് നടത്തുമ്പോൾ ഉന്നതിയിൽ എത്തിച്ചേരുന്നു അല്ലെങ്കിൽ ശരിയായ രീതിയിലുള്ള യാത്ര അതിന്റെ ഡെസ്റ്റിനിയെ പുൽകുന്നു .  വഴിതെറ്റിപ്പോയ യാത്ര ലക്ഷ്യമില്ലാത്ത യാത്ര ലക്ഷ്യമില്ലാത്ത അവസാനവുമായിത്തീരുന്നു . 

ഈ പതിനായിരം വർഷങ്ങളും താങ്കൾ മനുഷ്യനായി ജീവിക്കുന്നു.  ജനിക്കുന്നു, മരിക്കുന്നു അവിടെ താങ്കളുടെ ചിന്തകളും, മനസ്സും, മാതാപിതാക്കളും ബന്ധങ്ങളും  എല്ലാം  ഒന്ന് തന്നെ. പക്ഷെ നിങ്ങൾ അനുവർത്തിക്കേണ്ട ജീവിതങ്ങളുടെ തലങ്ങൾ മാത്രം മാറിക്കൊണ്ടിരിക്കുന്നു. അത് ഏതൊരു മനുഷ്യനിലും ഉൾക്കൊണ്ടിരിക്കുന്ന , അവൻ ചെയ്തു തീർക്കേണ്ട കർമ്മമാണ്.  മറ്റൊന്ന് കൂടിയുണ്ട് ഒരു ജന്മത്തിൽ താങ്കളിലെ ശരി,  സത്യം അതിന്റെ പ്രതിഫലങ്ങൾ, ഗുണങ്ങൾ  അടുത്ത ജന്മത്തിലും ഒരു ബോണസായി നിങ്ങളുടെ  കൂടെയുണ്ടാകുമെന്നുള്ളത്. 

 ഈ പതിനായിരം വർഷങ്ങളുടെ അവസാനം ഓരോ ജീവിത ചക്രത്തിലും നിങ്ങളുടെ ശരികളും, സത്യങ്ങളും വലിയൊരു പ്രതിഫലമാണ്  നിങ്ങൾക്കു നൽകുക  അതാണ് അടുത്ത പതിനായിരം വർഷങ്ങളിലേക്കുള്ള  നിങ്ങളുടെ യാത്രയുടെ ഗതികളെ  നിർണ്ണയിക്കുന്നത്. 

പക്ഷെ ഇതാർക്കും അറിയില്ലല്ലോ ?

അയാൾ ഒരു വിഡ്ഢിയെപ്പോലെ ചോദിച്ചു 

അറിയുമെങ്കിൽ നല്ലവരെക്കൊണ്ട് ലോകം നിറയുമല്ലോ എന്റെ സുഹൃത്തേ ദൂതൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.  

ഇപ്പോൾ താങ്കൾക്ക് മനസ്സിലായോ?

 ദൂതന്റെ ചോദ്യത്തിന് അയാൾ  തലയാട്ടി 

ഇതു തന്നെയാണ് ഞാൻ അല്പം മുമ്പ് പറഞ്ഞതിന്റെ സാരാംശവും  

ഞാൻ മുമ്പേ വിശദീകരിച്ചതുപോലെ ചില വാതിലുകൾ ഇവിടെ നിങ്ങൾക്കായി തുറക്കപ്പെടും 

ഇത് നിങ്ങളുടെ വിധി നിർണ്ണയിക്കുന്ന സ്ഥലമാണ് നിങ്ങളുടെ ഓർമ്മകൾ നിങ്ങളിലേക്ക് തിരിച്ചിറങ്ങുമ്പോൾ ഞാൻ കുറച്ച് ചോദ്യങ്ങൾ തരും അത് നിങ്ങൾക്കുള്ള വാതായനമാണ്,  അത് ഏതിലേക്കുള്ളത് എന്നു ഞാൻ പറയുന്നില്ല അത് നിങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ് നിങ്ങളുടെ ജീവിതത്തിന്റെ ആകെ ഉത്തരങ്ങൾ അതിലൂടെ കാണപ്പെടുവാനാകും  

ഞാനിപ്പോൾ നിങ്ങൾക്ക് ഒരു കിളിവാതിൽ കാണിച്ചു തരുകയാണ്  അത് മറ്റൊരു ലോകമാണ് അവിടെ നിങ്ങൾക്ക് നിങ്ങളുടെ മകളെ കാണാം മേരിയെ കാണാം 

ഒരു  കിളിവാതിൽ കൂടി ഞാൻ കാണിച്ചു തരും  അത് മറ്റൊരു ലോകമാണ് ആരും കാണാൻ ഇഷ്ട്ടപ്പെടാത്ത ലോകം അതും കണ്ടു നോക്കൂ 

കാണുക,   മനസ്സിലാക്കുവാൻ ശ്രമിക്കുക  പതിയെ നിങ്ങൾക്ക് എല്ലാത്തിനേയും കുറിച്ച്  വിശദീകരിക്കപ്പെടും  

എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് ?

ഇത് ഇവിടത്തെ  നിയമമാണ്, നിങ്ങൾ പറയുന്ന പ്രകാരം,  മരിച്ച  ഓരോ വ്യക്തികളും ഇതിലൂടെ കടന്നുവന്നേ തീരൂ. 

അപ്പോൾ ഇതാണോ സ്വർഗ്ഗം ?

ഇത് സ്വർഗ്ഗമല്ല സ്വർഗ്ഗത്തിലേക്കുള്ള ഒരു പോയിൻറ്റാണ് അതും പറഞ്ഞ് ആ ദൂതൻ ചിരിച്ചു സ്വർഗ്ഗത്തെ കുറച്ച് ധാരാളം  കേട്ടിട്ടുണ്ടല്ലേ?

അയാൾ നാണത്തോടെ തലകുലുക്കി  

എങ്ങിനെ 

ആ ചോദ്യത്തിന് അയാളൊന്ന് വിക്കി 

മടിക്കേണ്ട പറഞ്ഞോളൂ 

വായിച്ചിട്ടുണ്ട് 

ഓഹോ എന്താണ് വായിച്ചിട്ടുള്ളത് 

സ്വർഗ്ഗം ഉണ്ട് അതിലേക്ക് പ്രവേശനവും 

ആരുപറഞ്ഞു 

അതിനൊരു ഉത്തരമില്ലാതെ അയാൾ അമ്പരപ്പോടെ ദൂതനെ നോക്കി 

പേടിക്കേണ്ട താൻ പറഞ്ഞതൊക്കെ ശരിയാണ് സ്വർഗ്ഗം പോലെ ഒന്നുണ്ട് 

വേറെ ഒന്ന് കൂടിയുണ്ടല്ലോ 

നരകം 

മടിച്ചു മടിച്ചാണ് അയാൾ അതും പറഞ്ഞത് 

എന്തിനാണ് മടിക്കുന്നത്  സ്വർഗ്ഗമെന്ന് ആവേശത്തോടെ പറഞ്ഞുവല്ലോ 

എന്റെ സുഹൃത്തേ ഇതൊക്കെ ആരുടെ മനോമുകുരങ്ങളിൽ തെളിഞ്ഞ വസ്തുതകൾ ആണെന്നെനിക്കറിയില്ല .  സ്വർഗ്ഗവും, നരകവും,  അത് നിങ്ങളിലാണ് ഉള്ളത്. ധൃതി  വെക്കേണ്ട എല്ലാം പതുക്കെ മനസ്സിലാക്കിത്തരാം  അതാണ് എന്റെ ദൗത്യവും. കാരണം ഓരോ വ്യക്തിയും അവന്റെ ജീവ രഹസ്യത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട് അവനിൽ ഉൾക്കൊള്ളുന്ന ചേതനയെപ്പറ്റി മനസ്സിലാക്കേണ്ടതുണ്ട് . ഇവിടെ വെച്ചാണതിനുള്ള സന്ദർഭം കാരണം ഭൂലോകത്തിൽ വെച്ചാണ് നിങ്ങളത് തിരിച്ചറിയുന്നതെങ്കിൽ അതിന്റെ മഹത്വം ഇല്ലാതാകുന്നു. അതൊരു ദിനചര്യയുടെ ഭാഗമായി മാറുകയും ചെയ്യുന്നു ഒരു ജീവ രഹസ്യത്തിന്റെ മഹ്വത്വം അത്തരമൊരു ചിന്താശകലത്തിൽ ഒതുങ്ങണ്ടതല്ലല്ലോ ? 

എന്നിരുന്നാലും  നിങ്ങളിൽ ചില വ്യക്തിത്വങ്ങൾക്ക്, അപൂർവ്വങ്ങളിൽ അപൂർവ്വം എന്നു തന്നെ ഞാനത് അടിവരയിടട്ടെ  അതിന്റെ ചില നാളങ്ങൾ ഊട്ടിയുറപ്പിക്കുവാനും മനസ്സിലാക്കുവാനും കഴിയുന്നു അതവരുടെ ആത്യന്തികമായ കർമ്മ രീതികളിലൂടെയും പ്രവർത്തികളിലൂടെയും സ്വായത്തമാക്കുന്ന, അതിലുപരി അവരുടെ കർമ്മഫലത്തിലൂടെ  അവരിലേക്ക് എത്തിച്ചേരുന്ന  ദൈവീകതയുടെ മഹത്തായ ഒരു കണികയാണ്   അതുകൊണ്ട് ലോകം, അല്ലെങ്കിൽ നിങ്ങൾ അവരെ മഹാന്മാരെന്ന് വിളിക്കുന്നു .

എന്നാൽ നിങ്ങളെപ്പോലെയുള്ളവർ അധികവും, നിങ്ങളിൽ മാത്രം  ജീവിക്കുന്നു. നിങ്ങളിൽ...,  നിങ്ങളെ മാത്രം കാണുന്നവരാകുന്നു അതാണ് മൂഢൻമാരുടെ ഭാഷ്യം  എന്നാൽ  അതിനെ അതിജീവിക്കുന്നവർ ബുദ്ധിമാന്മാരെന്ന വാക്കിനെ അന്വർത്ഥമാക്കുന്നുവെങ്കിലും അതിലുപരി അതിനെ മഹത്തരമാക്കുന്നത് ആ ദൈവീക സ്പർശം കൂടി നേടിയെടുക്കുമ്പോഴാണ്  .

എന്നാലത് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നും ഞാൻ പറഞ്ഞു കഴിഞ്ഞു .

എങ്ങിനെയാണത് കൈവരുന്നത്  ?

അത് കൈവരുന്നതല്ല നമ്മൾ  കണ്ടെത്തുന്നതാണ്.  ഓരോ ജീവിയും, ജീവനും ജനിക്കുന്നതോ ഒരുവാക്കപ്പെടുന്നതോ ആയ എന്തും  ആ കണികയോട് കൂടിത്തന്നെയാണ് . ആ കണിക ഓരോ ജീവന്റേയും  ഉള്ളിൽ  തന്നെയുണ്ട്. അതു  കണ്ടെത്തേണ്ടത് അവരവർ തന്നെയാണ് എന്നാൽ നിർഭാഗ്യവശാൽ അത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.

അതൊക്കെ എത്തിക്കിപ്പിടിക്കുവാൻ സാധാരണ മനുഷ്യരെക്കൊണ്ട് കഴിയുമോ ?

കഴിയും സാധാരണ മനുഷ്യർ എന്ന് പറഞ്ഞ് മഹത്തായ ഒരു ക്രിയേഷനെ നിസ്സാരവൽക്കരിക്കാതെ ദോവസ്സ് . ഏതൊരു മനുഷ്യനും എത്തിപ്പിടിക്കാവുന്ന ഉയരങ്ങളേ ആ ലോകത്തുള്ളൂ അതിനു കഴിവുള്ളവരുമാണ് ആ കാലിബർ ഓരോ വ്യക്തിയിലും ഉൾക്കൊണ്ടിരിക്കുന്നു ചിലരതിനെ മാത്രമാക്കി മാറ്റുന്നു മറ്റു ചിലർ മുളയിലേ വാട്ടിക്കളയുന്നു .  

നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളിലേക്ക് നോക്കിയിട്ടുണ്ടോ ദോവസ് ?

ദൂതൻ ചോദിച്ച ചോദ്യത്തിന്റെ പൊരുൾ മനസ്സിലാകാതെ അയാൾ മിഴിച്ചു 

 ഞാൻ കണ്ണാടി നോക്കി മുഖത്തു ഛായം പൂശുന്നതിനെക്കുറിച്ചല്ല ചോദിച്ചത് 

അന്ധാളിക്കേണ്ട  ഞാനൊരു തമാശ പറഞ്ഞതാണ്  

 ദോവസെന്ന പ്രതിബിംബം ദൊവാസിനു കണ്ണാടിയിൽ കാണാം എന്നാൽ ദോവാസെന്ന വ്യക്തിക്കുള്ളിലുള്ള  ദൊവാസിനെ കാണേണ്ട ഉൾക്കാഴ്ച ദൊവാസിനുണ്ടോ?

അയാൾ വിലങ്ങനെ തലയാട്ടി 

 എന്നാൽ  അതാണ് ദൊവാസ് ആദ്യം അറിയേണ്ടത്,ആരാണ് ദോവസ് ? എന്താണ് ദോവസ് ?  ആരാണ് ദൊവാസിനുള്ളിലെ ദോവാസ് ? ആ  ഉത്തരം കണ്ടെത്തുമ്പോൾ  അവിടെ ദോവസ് മാത്രമല്ല ഏതൊരുവനും അവനെത്തന്നെ തിരിച്ചറിയുന്നു .

 ജീവന്റെ അംശം കുടികൊള്ളുന്ന എല്ലാവരും  അറിഞ്ഞിരിക്കേണ്ട ആദ്യ പാഠം. എന്താണ് താനെന്നുള്ളത് ? എന്താണ് തന്റെ അന്തഃസത്തയെന്നുള്ളത് ? എന്താണ് തന്റെ ചേതനയെന്നുള്ളത് ?  പക്ഷെ..എന്തുകൊണ്ടോ ഒരു ജീവിത വൃത്തം പൂർത്തിയാകുന്ന അവസാന ഘട്ടത്തിൽ പോലും  ആരുമത്  തിരിച്ചറിയുന്നില്ലയെന്നുള്ളതാണ് വാസ്തവം. 

എന്താണിങ്ങനെ ? 

ഒരു സാധനം വാങ്ങുമ്പോൾ എന്താണ് അതിന്റെ മൂല്യമെന്ന്  നിങ്ങൾ നോക്കുന്നു ഒരു വസ്തുവിനു വിലയിടുമ്പോൾ  എന്താണതിന്റെ ഉൾക്കാമ്പെന്നതിനെക്കുറിച്ച് നിങ്ങൾ തല പുകക്കുന്നു.   എന്നാൽ പരിതാപകരമെന്നു പറയട്ടെ നിസ്സാരങ്ങളിൽ നിസ്സാരങ്ങളായ ഇവക്കെല്ലാം മൂല്യവും വിലയും നിർണ്ണയിക്കാൻ നിങ്ങൾ തലപുകക്കുമ്പോൾ ഇവക്കെല്ലാം മേലെ നിൽക്കുന്ന സ്വയമെന്ന മൂല്യത്തെ നിർണ്ണയിക്കുന്നതിൽ നിങ്ങൾ പരാജിതരാകുന്നു അങ്ങിനെയെങ്കിൽ ...  സ്വന്തം മൂല്യം പോലും  തിരിച്ചറിയാതെ നിങ്ങൾ  നടത്തുന്ന മൂല്യനിർണ്ണയത്തിന് എന്ത് അർത്ഥവ്യാപ്തിയാണുള്ളത് ? എന്ത് സത്യസന്ധതയാണുള്ളത് ? എന്ത് പ്രാധാന്യമാണുള്ളത് ? 

എല്ലാവരും അങ്ങനെയൊക്കെത്തന്നെ, എന്നാലതിനെ അതിജീവിക്കുന്നവർ അപൂർവ്വങ്ങളിൽ അപൂർവ്വം  അല്ലേ ?

അയാൾ നിശബ്ദനായി മൂളി. 

ജീവിച്ചിരിക്കുമ്പോൾ ഒന്ന് ചിന്തിക്ക പോലും ചെയ്യാത്ത കാര്യങ്ങൾ ആണല്ലേ ഇപ്പോൾ തിരിച്ചറിയാൻ ഭാഗ്യമുണ്ടാകുന്നത് ? ഇതെല്ലാം വളരെ അടിസ്ഥാനപരമായ കാര്യങ്ങൾ ആണ് ദൊവാസ് എന്നാൽ ജീവിച്ചിരിക്കുമ്പോൾ നിങ്ങളുടെ ലോകത്ത് അടിസ്ഥാന പരമായ കാര്യങ്ങൾ മറ്റു പലതും  ആയിരുന്നിരിക്കാം.. അല്ലെ?  

ആദ്യം സ്വയം തിരിച്ചറിയേണ്ടതുണ്ട്. 

ലോകം നശ്വരവും , ജീവൻ അനശ്വരവുമാണ്  പക്ഷെ അതിനെ അനശ്വരമാക്കി മാറ്റേണ്ടത് ഓരോരുത്തരുടേയും ധർമ്മമാണ് ഇല്ലെങ്കിലത് നശ്വരമാകുന്നു  ഉപയോഗശൂന്യമായൊരു  പാഴ്വസ്തുവായി മാറ്റപ്പെടുന്നു .

നിങ്ങൾക്ക് തീരുമാനിക്കാം മഹത്തായ ജന്മത്തെ അനശ്വരമാക്കണോയെന്ന് 

ഒറ്റയടിക്ക് ഒന്നും ഞാൻ നിങ്ങളിൽ കുത്തി നിറക്കുന്നില്ല, എല്ലാം പതിയെ പതിയെ  മനസ്സിലാക്കാം. എത്ര നിറച്ചാലും തുളുമ്പാത്ത ഒന്നാണ് മനസ്സ് , ബുദ്ധി പക്ഷെ നമ്മൾ അതിനു ലിമിറ്റേഷൻസ് നൽകുന്നു അപ്പോൾ അതിനനുസരിച്ചു മാത്രമേ അത് വർത്തിക്കയുള്ളൂ .       

ഇവിടെ  നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾ കരുതുന്ന,അല്ലെങ്കിൽ  വിശ്വസിക്കുന്ന സ്വർഗ്ഗവും നരകവും നിങ്ങൾക്ക് ഞാൻ കാണിച്ചു തരാം.  

ഭാഗ്യമുണ്ടെങ്കിൽ മാത്രം 

എപ്പോഴാണ് എനിക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാനാവുക? 

ഹാ.. ഹാ..,  എന്റെ സുഹൃത്തെ എത്ര ബാലിശമായാണ് ആ ചോദ്യം താങ്കൾ ചോദിച്ചത് ? ഒരു കിണറ്റിൽ നിന്ന് വെള്ളം കോരുന്നതാണോ എളുപ്പം?   തൊട്ടി കിണറ്റിലേക്ക് ഇടുന്നതാണോ എളുപ്പം ? നമ്മിൽ, നമ്മെ  തന്നെ നിറക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്നാൽ നമ്മിൽ നിന്നും നമ്മെ ചോർത്തിക്കളയാൻ  നിമിഷത്തിന്റെ ആയിരത്തിലൊരു അംശം മാത്രം മതി ? അതുപോലെയാണ്  സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനവും അത് നിങ്ങളിൽ, നിങ്ങളെ  തന്നെ  നിറക്കുന്നതാണ്. അതിനു  ജന്മാന്തരങ്ങളുടെ പുണ്യം നേടേണ്ടത്  അനിവാര്യം എന്നാലത് നേടിയെടുക്കുന്നതോ  അതിലേറെ കഠിനവും എന്നാലത്  നഷ്ട്ടപ്പെടുത്തുവാൻ നിങ്ങൾക്ക് വേണ്ടത് ഒരു  തൊട്ടി കിണറ്റിൽ ഇടുന്നത് പോലെ ആയാസരഹിതമായൊരു പ്രിക്രിയ തന്നെ. 

 ഒട്ടകം സൂചിക്കുഴലിലൂടെ കടന്നു പോകുന്നതിന്  തുല്യമാണത് . എൻറെ സുഹൃത്തേ  ഈ വാക്യവും നിങ്ങൾ വായിച്ചിരിക്കണമല്ലോ? 

തീർച്ചയായും  അയാൾക്ക് അപ്പോഴതും ഓർമ്മയിൽ  വന്നു 

ഞാൻ കേട്ടീട്ടുള്ളത് നല്ലത് ചെയ്യുന്നവരെല്ലാം സ്വർഗ്ഗത്തിൽ എത്തിച്ചേരുമെന്നാണ്.

താങ്കൾ ആളു കൊള്ളാമല്ലോ ദോവസ്  അങ്ങിനെയെങ്കിൽ താങ്കൾ എവിടെയാണ് എത്തിച്ചേരേണ്ടത് ?

ദൂതന്റെ, ആ  അപ്രതീക്ഷിത ചോദ്യത്തിൽ അയാളൊന്നു പകച്ചു 

പറയൂ 

അയാൾ തല കുനിച്ചു 

ഇത്ര ആവേശത്തോടെ പറഞ്ഞിട്ടും താങ്കൾക്ക്  പ്രതീക്ഷ ഇല്ല അല്ലേ ? ഇതിൽ താങ്കൾ മാത്രമല്ല ഭൂരിഭാഗം ആളുകളും ഇതുപോലെ തന്നെ അവർ ഒന്നും ചെയ്യില്ല പക്ഷെ പ്രതീക്ഷ വെച്ചു പുലർത്തും എന്തൊരു വിഡ്ഢിത്തം അല്ലേ ? 

വിതക്കുന്നവനേ കൊയ്യാൻ അർഹതയുള്ളൂ എല്ലു മുറിയെ പണിയെടുക്കുന്നവൻ പല്ലുമുറിയെ തിന്നുന്നു ത്യാഗം ചെയ്യുന്നവൻ സന്തോഷം നേടുന്നു എന്നാൽ ഇതൊന്നും ചെയ്യാത്ത മൂഡ്ഡർ വൃഥാ സ്വപ്നം കാണുന്നു എന്നാലത് വെറും സ്വപ്നം മാത്രമായിത്തന്നെ അവശേഷിക്കുകയുള്ളൂ എന്നുള്ളത് മനസ്സിലാക്കാൻ പോലും സാധിക്കാത്ത വിഡ്ഢികളാണവർ. 

അയാൾ നിരാശനായി 

താങ്കൾ  ഇങ്ങനെ തല കുനിക്കേണ്ട കാര്യമില്ല ദോവസ്  തെറ്റിലേക്കുള്ള യാത്ര ആരും നിർബന്ധിക്കുന്നതല്ലല്ലോ 

 എന്നിരുന്നാലും തനിക്ക് അല്പം ആശ്വസിക്കാം കാരണം താനത്ര വലിയ പാപി ഒന്നുമല്ല.  

അയാൾ പ്രതീക്ഷയുടെ  തിരിനാളം എരിയുന്ന കണ്ണുകളോടെ ദൂതനെ നോക്കി.  

തന്റെ സംശയങ്ങളിൽ കുറെയൊക്കെ വിഡ്ഢിത്തങ്ങളാണ് പക്ഷെ കുറച്ച്  സത്യവുമുണ്ട്. സ്വർഗ്ഗം എന്നുള്ളത് ഒരു  ലോകമല്ല. അങ്ങിനെയെങ്കിൽ  ഉലകത്തിലെ  നല്ലവരെല്ലാം സ്വർഗ്ഗത്തിലേക്ക് വന്നുകൊണ്ടരിക്കുകയാണെങ്കിൽ   ഈ  സ്വർഗ്ഗം നിറഞ്ഞു കവിയുമല്ലോ ?

ഞാനൊരു രഹസ്യം പറയാം അങ്ങനെ നല്ലവരായി ലോകത്തിൽ ആരുമില്ല ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും പാപികൾ തന്നെയാണ് പക്ഷെ ഒരു തിരിച്ചറിവ് നേടി അതിനെ അതിജീവിക്കുമ്പോൾ അവരെ നല്ലവരെന്ന് പദം നൽകി ആചരിക്കാൻ കഴിയില്ലെങ്കിൽ കൂടി തന്റെ തെറ്റിനെ തെറ്റെന്നു തന്നെ മനസ്സിലാക്കി അതിനെ അതിജീവിക്കുവാനുള്ള മനസ്സ്, ആ പ്രവർത്തി ശ്ലാഘനീയവും നല്ലതിലേക്കുള്ള പാത വെട്ടി തുറക്കലുമാണ് .

നിരാശനാകേണ്ട ദോവസ്  എല്ലാം നിങ്ങൾക്കു ഞാൻ പറഞ്ഞു തരാം,  അത് മരിച്ചു വരുന്ന ഓരോരുത്തരുടേയും നിയോഗമാണ്. അവർക്കെല്ലാം ഇവിടെ വിശദീകരിക്കപ്പെടും,  കാണിക്കപ്പെടും.

 ഇവിടെ ധാരാളം  കിളിവാതിലുകളുണ്ട് അത് ഓരോ കണ്ണാടികളാണ് നിങ്ങളുടെ കഴിഞ്ഞ ജീവിതത്തിലേക്കുള്ള  വാതിലുകളാണ് അവയിലൂടെ   എല്ലാം കാണപ്പെടും, തിരിച്ചറിയപ്പെടും   ഒടുവിൽ  നിങ്ങൾ കണ്ടതും അറിഞ്ഞതുമെല്ലാം മറഞ്ഞു  പോകും പിന്നെ ഒന്നും തന്നെ  നിങ്ങൾക്ക് ഓർമ്മയുണ്ടാകില്ല. 

വീണ്ടും എല്ലാം പുതിയതിൽ നിന്നും തുടങ്ങപ്പെടും.  

 അതിനു ശേഷമായിരിക്കും നിങ്ങൾക്കുള്ള ചോദ്യങ്ങൾ ആ    ഉത്തരങ്ങളാണ്  നിങ്ങളുടെ  ആനുകൂല്യങ്ങളുടെ  വിധി നിർണ്ണയിക്കുക. 

ഞാൻ  വിശദമാക്കാം ഇവിടെ കാണുന്ന കിളിവാതിലുകളിലൂടെ നിങ്ങളുടെ  ജീവിതങ്ങൾ മുഴുവനും കാണപ്പെടുന്നു. അതിലൂടെ നിങ്ങൾ എന്തായിരുന്നുവെന്നോ, ആരായിരുന്നുവെന്നോ ഒരു കോണിൽ നിന്നുകൊണ്ട് നിങ്ങൾക്ക് മനസ്സിലാക്കുവാനും, നോക്കിക്കാണുവാനും  അവസരമൊരുങ്ങുന്നു അതിനു ശേഷം ചില ചോദ്യങ്ങൾ നിങ്ങൾക്കായി ഉയർന്നുവരുന്നു.  

ഇവിടെ  ആദ്യം നിങ്ങൾ ആരായിരുന്നു എന്നുള്ളതിലേക്കുള്ള കിളിവാതിലാണ് ഞാൻ  തുറക്കുവാൻ പോകുന്നത്  അതിലൂടെ ഇതുവരേക്കും, ഇത്രനാളും നിങ്ങൾ  ആരായിരുന്നുവെന്നുള്ളത്  മറ്റൊരു വ്യക്തിയായി നിന്നുകൊണ്ട്   കാണുവാനും അറിയുവാനും  പോവുകയാണ്. 

 അതിന്റെ സാരാംശം എന്നുള്ളത്  നിങ്ങൾ, നിങ്ങളുടെ നിഴൽ കാണുന്നുവെന്നുള്ളത്  തന്നെയാണ്.  ഞാനിവിടെ നിഴൽ എന്നുദ്ദേശിച്ചത് നിങ്ങളുടെ പ്രതിബിംബത്തെയാണ്.  ആരാണോ കഴിഞ്ഞു പോയ ദോവാസ് ആ ദൊവാസിനെ ഇപ്പോഴത്തെ  ദൊവാസ് നോക്കിക്കാണുന്നു.

 അങ്ങിനെ , നിങ്ങൾ നിങ്ങളെ തന്നെ വിലയിരുത്തുന്നു  അതിനുള്ള അവസരമാണിത്. 

അതോടൊപ്പം ഒരു  കിളിവാതിൽ അയാൾക്കായി തുറക്കപ്പെട്ടു.  

തന്റെ കഴിഞ്ഞകാല  ജീവിതം  അയാൾ കാണുകയാണ്  

തന്റെ  ജനനം , ബാലനിലേക്കുള്ള വളർച്ച,  ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ,  യൗവ്വനം 

ചെറുപ്പത്തിൽ താൻ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങൾ. മദ്യവും മദിരാശികളും  ആ കാഴ്ചകൾ അയാളെ ലജ്ജിതനാക്കി, ഉള്ളിൽ   കുറ്റബോധം നിറച്ചു  ഛെ.... ഇതാണോ താൻ ? അയാൾ വെറുപ്പോടെ  കണ്ണുകൾ തിരിച്ചു 

ദൂതൻ അയാളെ തടഞ്ഞു എല്ലാം കാണൂ ..,  കാണണം അത്  നിങ്ങൾ ജീവിച്ചു തീർത്ത ജീവിതമാണ്  അതെല്ലാം കണ്ടുതന്നെ തീരണം  നിയോഗമാണത്   .

അയാൾക്ക് , സ്വയം  പുച്ഛവും, വെറുപ്പും, ലജ്ജയും,  ചില സമയങ്ങളിൽ സന്തോഷവും തോന്നി.. പക്ഷെ അത് വളരെ അപൂർവ്വമായിരുന്നു. 

അന്നിതെല്ലാം ചെയ്യുമ്പോൾ താങ്കൾക്ക് വലിയ  ആഹ്ളാദമായിരുന്നുവല്ലേ ? പക്ഷെ ഇപ്പോഴാ തെറ്റുകൾ തെറ്റു തന്നെയാണെന്ന് തിരിച്ചറിയുന്നു  മനസ്സിലാക്കുന്നു  അതാണ് വലിയ തിരിച്ചറിവ്. പക്ഷെ, അന്ന് ഭാവിയിലേക്ക് നിങ്ങൾക്കൊരു  കണ്ണുണ്ടായിരുന്നുവെങ്കിൽ നിങ്ങളത് തിരിച്ചറിഞ്ഞേനേ ആ തിരിച്ചറിവാണ് ജീവിതത്തിൽ ഓരോ വ്യക്തിയും നേടേണ്ടത് ..പക്ഷെ അതാരും ചിന്തിക്കുന്നില്ല അല്ലേ ?

അയാൾ ഒരു വിഡ്ഢിയെപ്പോലെ തലയാട്ടി 

ചിലർ ചിന്തിക്കുന്നു, ഭാവിയിലേക്ക് കണ്ണു നടുന്നു.. ഭാവിയെ ഞാൻ വ്യഖ്യാനം ചെയ്തത് ഇന്നിൽ നിന്നും നാളേക്കുള്ള കാഴ്ചയല്ല, അതെല്ലാവരും ചെയ്യുന്നു ആ  ബോധോദയം തന്നെയാണ് കുറേപ്പേരും തെറ്റിലേക്ക് ഊളയിടുന്നതിനുള്ള ഒരു മുഖ്യ ഘടകവും. അതിനെക്കുറിച്ചല്ല ഞാൻ  വിശദീകരിച്ചത്   ജന്മാന്തരങ്ങൾ നീളുന്ന  മഹത്തായ ഭാവിയിലേക്കുള്ളൊരു  കണ്ണു നടലാണത് . എന്നാൽ അങ്ങനെയുള്ളവർ .., നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ലക്ഷത്തിൽ അല്ലെങ്കിൽ കോടിയിൽ അല്ലെങ്കിൽ പരകോടിയിൽ  ഒരുവൻ പോലുമില്ല ..,  കഷ്ടം 

വാട്ടെവെർ 

ഹാ.. ഹാ ഞാൻ വല്ലാതെ മോഡേണാകുന്നുണ്ടോ?

ആകുന്നുണ്ട്, ഞങ്ങളും അപ്‌ഡേറ്റ് ആകണമല്ലോ അന്നാലല്ലേ നിങ്ങളെപ്പോലെയുള്ള മോഡേൺ ആളുകളുടെ അടുത്ത് പിടിച്ചു നിക്കാൻ പറ്റൂ. 

ഞാനൊരു തമാശ പറഞ്ഞതാണ് ദോവസ് . എപ്പോഴും സീരിയസ്സ് ആയിരുന്നാൽ അതിനെന്താണൊരു  രസം അല്ലെങ്കിൽ തന്നെ സീരിയസ്സ് ആയിരിക്കുന്നതു കൊണ്ട് എന്താണൊരു ഗുണം  പ്രത്യേകിച്ചും  ഇത്തരം സന്ദർഭങ്ങളിൽ ? 

താങ്കൾക്കറിയോ ഞാനീപ്പറയാൻ പോകുന്നത്  വെറുമൊരു ലോജിക്കാണ്.., അതായത്  സരസമായി ജീവിക്കുന്നവരാണ് കൂടുതൽ ജന്മങ്ങൾക്ക് അവസരം നേടിയെടുക്കുന്നത് എന്നുള്ളതാണ്  ഞാൻ കണ്ടിട്ടുളളത് എന്നുവെച്ച് സീരിയസ്സായി ജീവിക്കുന്നത് അത്രയും വലിയ തെറ്റൊന്നുമല്ല കേട്ടോ 

 താങ്കൾ തുടർന്നു  കണ്ടോളൂ ഇപ്പോഴെങ്കിലും തന്റെ തെറ്റുകളെക്കുറിച്ച് പരിതപിക്കുന്നുവെങ്കിൽ  അത് നല്ലതു തന്നെ.

ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതെല്ലാം താങ്കളെ മഥിച്ചിരുന്നുവെങ്കിൽ അത് വലിയ ഗുണഫലങ്ങൾ നൽകുന്ന ഒന്നായി പരിണമിക്കുമായിരുന്നു. 

നോക്കിക്കോളൂ.   

അയാൾ തുടർന്നും തന്റെ ജീവിതത്തിലേക്ക് നോക്കി മാതാപിതാക്കളുടെ മരണം. ഒഴുകിപ്പോകുന്ന സമ്പത്ത്, സുഹൃത്തുക്കൾ കൈയ്യൊഴിയുന്നു എല്ലാവരാലും  ആട്ടിപ്പുറത്താക്കപ്പെടുന്ന താൻ.  

സമ്പന്നതയിൽ കൂടെ നിന്നവർ ആപത്തിൽ കൈയൊഴിയുന്നു . തന്റെ സുഹൃത്തുക്കൾ തന്നെ ഒഴിവാക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നത് അയാൾ കാണുന്നു ഇത്രയും കാലം അയാളത് തിരിച്ചറിഞ്ഞിരുന്നില്ല. തന്റെ പണപ്പെട്ടികൾ മോഷ്ട്ടിക്കപ്പെടുന്നത് അയാൾ കാണുന്നു ഇത്രയും കാലം അയാളത് കണ്ടിരുന്നില്ല.  തന്റെ വീട്ടു വസ്തുക്കൾ ദുരുപയോഗം  ചെയ്യപ്പെടുന്നത് അയാൾ കാണുന്നു ഇത്രയും കാലം അയാളത് ശ്രദ്ധിച്ചിരുന്നില്ല.  തന്നെ നോക്കി ചിരിക്കുന്നവർ അങ്ങോട്ട് തിരിഞ്ഞ് പുച്ഛിക്കുന്നത് അയാൾ കാണുന്നു ഇത്രയും കാലം അയാളത് തിരിച്ചറിഞ്ഞിരുന്നില്ല. 

നാടുകൾ കടന്നുള്ള തന്റെ ദേശാടനം .. താൻ തന്നെത്തന്നെ തിരിച്ചറിയുന്ന നാളുകൾ,  ആദ്യമായി പ്രാർത്ഥിക്കുന്ന നാളുകൾ, അവശരെ സഹായിക്കുന്നു. അത് കണ്ടപ്പോൾ അയാൾക്ക് സന്തോഷം തോന്നി അയാൾ ചിരിച്ചു കൊണ്ട് ദൂതനെ നോക്കി. 

കണ്ടോളൂ ദൂതൻ അങ്ങോട്ട് നോക്കി കൈചൂണ്ടി 

 വീണ്ടും അയാളാ   കാഴ്ചകളിലേക്ക് ഊളയിട്ടു. 

 മേരിയെ കാണുന്നു തങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുന്നു  തങ്ങൾക്ക് ഒരു മകൾ പിറക്കുന്നു. ജീവിതത്തിന്റെ അർത്ഥമറിഞ്ഞ നാളുകൾ സന്തോഷത്തിന്റെ ആ ദിനങ്ങൾ ഇതാ  വീണ്ടും കണ്മുന്നിൽ  ഒരു മന്ദഹാസം അയാളുടെ ചുണ്ടുകളിൽ തത്തിക്കളിച്ചു. 

 ഫ്രാൻസ് മുഴുവൻ പടർന്നു പിടിക്കുന്ന ദീനം.  ജനങ്ങൾ മരിച്ചു വീഴുന്നു അതിൽപ്പെട്ട് മേരിയും,  മകളും ആ കാഴ്‌ച കാണാൻ കരുത്തില്ലാതെ അയാൾ കരഞ്ഞു തുടങ്ങി. ദൂതൻ ആശ്വസിപ്പിച്ചു, കാണൂ നിങ്ങൾക്കുള്ള കാഴ്ചകളാണ് ഇതെല്ലാം . അയാൾ വീണ്ടും തന്നിലേക്ക് തന്നെ നോക്കി കാലത്തിന്റെ കൈയ്യൊപ്പിൽ  വൃദ്ധ വേഷം കെട്ടിയാടുന്ന താനെന്ന ദൊവാസ് . തന്നിലേക്ക് ഒതുങ്ങി കൂടി കഴിയുന്ന താൻ. അവസാനം ആ യാത്ര  ഇതാ ഇവിടെയെത്തി നിൽക്കുന്നു ഒരു ഉന്മാദത്തോടെ സമുദ്രത്തിലേക്ക് ഓടിയിറങ്ങുന്നതു വരെ മാത്രം തെളിഞ്ഞു നിൽക്കുന്നു അതിനു ശേഷം എല്ലാം  ശൂന്യം. 

ഇപ്പോൾ എന്തു തോന്നുന്നു മൂന്നാമതൊരു കണ്ണിൽ കൂടി നിങ്ങൾ, നിങ്ങളുടെ ജീവിതത്തെ നോക്കിക്കണ്ടു അതിൽ നിങ്ങളനുഭവിച്ച, നിങ്ങൾ പ്രവർത്തിച്ച തെറ്റുകളും, കുറ്റങ്ങളും, നന്മകളും, തിന്മകളും എല്ലാത്തിനേയും കുറിച്ച്   നിങ്ങൾക്കിപ്പോൾ മനസ്സിലായി കാണുമായിരിക്കും, നിങ്ങൾക്ക് ഒരു അവബോധം കിട്ടിയിരിക്കും.  

അയാൾ നിശബ്ദമായി തലയാട്ടി. അല്ലെങ്കിൽ അയാൾക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല അതുമല്ലെങ്കിൽ അതിനെ വിശദീകരിക്കാൻ അയാൾക്ക് ആകുമായിരുന്നുമില്ല എന്നുള്ളതായിരുന്നു അതിന്റെ പൊരുൾ .

നിങ്ങളെക്കുറിച്ചോർത്ത് നിങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച ദുഃഖം നിങ്ങൾ കണ്ടു കഴിഞ്ഞു. എത്രയോ ലാളിച്ചു വളർത്തിയ നിങ്ങൾ അവർക്കെന്ത് തിരിച്ചു കൊടുത്തു? നിങ്ങളെ അവർ എത്ര അധികമാണ് സ്നേഹിച്ചരുന്നതെന്ന് നിങ്ങൾ കണ്ടു കഴിഞ്ഞു. അവർ നിങ്ങൾക്കായി താരാട്ടു പാട്ടു പാടി സ്നേഹ സമ്മാനങ്ങൾ വാങ്ങിത്തന്നു നിങ്ങളെന്ന ശിശുവിനേയും , ബാലനെയും , യുവാവിനേയും  കണ്ണിൽ എണ്ണയൊഴിച്ചു പരിപാലിച്ചു, സ്നേഹിച്ചു. എന്നിട്ടും നിങ്ങൾ അവർക്കെന്തു തിരിച്ചു നൽകി?

കാലചക്രം തിരിഞ്ഞ്..,  ഉത്തരവാദിത്വങ്ങൾ നിങ്ങളിലേക്ക് കടന്നിറങ്ങിയപ്പോൾ നിങ്ങളുടെ ധർമ്മം  നിങ്ങൾ ശരിയാം വണ്ണം   പാലിച്ചുവോ ?  

 നിങ്ങൾ നിങ്ങളുടെ കൂട്ടുകാരൊത്ത് ഉന്മത്തനായി. പണം ധൂർത്തടിച്ച് മദ്യത്തിലും മദിരാശിയിലും രമിച്ചു നടന്നു. നിങ്ങളുടെ കുത്തഴിഞ്ഞ ജീവിതത്തിലുള്ള  മാതാപിതാക്കളുടെ വേദന നിങ്ങൾ കണ്ടില്ലെന്ന് നടിച്ചു. 

ഇപ്പോൾ അതെല്ലാം തെറ്റാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? 

ഉണ്ടെന്ന് അയാൾ നിശബ്ദം തലയാട്ടി. 

ആ തെറ്റുകളെ കുറിച്ചോർത്ത് അയാൾ പച്ഛാത്തപിച്ചു.

 വാർദ്ധ്യക്യത്തിലും ,   മേരിയോടൊത്തുള്ള കാലഘട്ടത്തിലും അയാൾ തന്റെ കുത്തഴിഞ്ഞ കഴഞ്ഞ കാല  ജീവിതത്തെക്കുറിച്ചോർത്ത് വളരെയധികം  പച്ഛാത്തപിച്ചിരുന്നു. മരിച്ചു പോയ തന്റെ  മാതാപിതാക്കളോട് അനേകം തവണ മാപ്പു ചോദിച്ചിരുന്നു. 

അതിന്റെ ആവർത്തനമായി , അയാൾ അല്പനിമിഷം കണ്ണുകളടച്ചു 

നിങ്ങളുടെ തെറ്റുകളാണത് അതിനുശേഷം നിങ്ങൾ മാനസീകമായ പരിവർത്തനങ്ങളിലൂടെ ധാരാളം സഞ്ചരിച്ചു അതോടൊപ്പം വളരെയധികം  നന്മകളും  നിങ്ങൾ ചെയ്തിരിക്കുന്നു. അത് ജീവിതത്തിൽ നിങ്ങൾക്കുള്ള ബോണസാണ് എന്നിരുന്നാലും  തെറ്റുകൾ തെറ്റുകൾ തന്നെയാണ് അല്ലേ സുഹൃത്തേ? 

അയാൾ തലയാട്ടി 

ഇക്കണ്ടത് നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ കാഴ്ചകൾ ഇനി അതിനും മുൻപുണ്ടായിരുന്ന..,  നിങ്ങൾ ജീവിച്ചു തീർത്ത അഞ്ചു ജന്മങ്ങളിലെ കാഴ്ചകൾ കൂടി നിങ്ങൾക്കു കാണാം. 

അയാൾ അത്ഭുതം കൂറി ഈ കഴിഞ്ഞ ജന്മത്തിനേക്കാളും മുന്നേ തനിക്ക് വീണ്ടും  ജന്മങ്ങളുണ്ടായിരുന്നുവെന്നോ  ? അയാളത് ചോദിച്ചു 

തീർച്ചയായും, അതല്ലേ ഞാൻ കുറച്ചു മുൻപ് വിശദമാക്കിയത്, 

സാരമില്ല,  ഒരു മനുഷ്യമനസ്സുകൊണ്ട് ഇതെല്ലാം  മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നും ഞാൻ പറഞ്ഞു കഴിഞ്ഞു എന്നിരുന്നാലും കാണുന്നതെല്ലാം മനസ്സിലാക്കുക ഇത് അതിനുള്ള സമയമാണ് ഇപ്പോഴുള്ള  തിരിച്ചറിവുകളുടെ ഒരു തരി പോലും, നിങ്ങളുടെ അടുത്ത യാത്രയിൽ നിങ്ങളെ അനുഗമിക്കില്ല കാരണം അതാണ് ജീവ  രഹസ്യം.  തന്റെ ജീവിത യാത്ര എന്താണെന്നുള്ളത് തിരിച്ചറിയേണ്ടത് ഒരു ജീവ വ്യക്തിയുടെയും ദൗത്യവും  കടമയുമാണ്  .  

അങ്ങിനെയെങ്കിൽ ഓരോ ജന്മത്തിലും ഇങ്ങിനെയൊക്കെ തന്നെയാണോ  ഞാൻ കടന്നു പോയിരിക്കുന്നത് ? 

തീർച്ചയായും, എല്ലാം താങ്കൾക്കു കാണാം .  താങ്കൾ മാത്രമല്ല ഓരോ മനുഷ്യ ജീവിതവും  ഇങ്ങിനെയൊക്കെത്തന്നെയാണ് കടന്നുപോകുന്നതും ഒരു ജീവിത വൃത്തം പൂർത്തിയാകുന്നതുവരെ കടന്നുപോകേണ്ടതും. 

അയാൾക്കതൊരു പുതിയ അറിവായിരുന്നു ഒരു മനുഷ്യന്റെ ജീവിതം ഒരു ജന്മം  കൊണ്ട് തീരുന്നു എന്നുള്ളതായിരുന്നു അയാൾ കരുതിപ്പോന്നിരുന്നതും വിശ്വസിച്ചിരുന്നതും. എന്നാൽ ജന്മങ്ങൾ തുടർക്കഥകൾ പോലെ നീണ്ടു കിടക്കുമെന്നുള്ളത് അയാൾക്ക് അവിശ്വസനീയമായി തോന്നി. 

വലിയ അത്ഭുതം തോന്നുന്നു 

എന്തിന് ?

ജന്മങ്ങൾ ഇനിയും നീണ്ടു കിടക്കുന്നു എന്നുള്ള തിരിച്ചറിവിൽ 

പിന്നെ എന്താണ് താങ്കൾ കരുതിയിരുന്നത് ?

ദൂതന്റെ ചോദ്യത്തിനു മുന്നിൽ അയാൾ പകച്ചു 

പറഞ്ഞോളൂ 

എനിക്ക് ...എനിക്ക് ... അയാൾ വിക്കി ഒരു മനുഷ്യന്റെ ജീവിതം അയാൾ ജനിക്കുന്നു മരിക്കുന്നു അതോടെ തീരുന്നു 

എല്ലാത്തിനും ഒരു കാരണം വേണമല്ലോ വെറുതെ ഒരാൾ ജനിക്കുന്നു മരിക്കുന്നു.. എന്നുള്ളതിൽ എന്താണൊരു ലോജിക്ക് ?  എന്തിനു വേണ്ടി ഏതിനു വേണ്ടി അല്ലെങ്കിൽ വെറുതെ ജീവിച്ചു മരിക്കാൻ ഇതെന്താ ഒരു കളിയാണോ ? ഒരു അർത്ഥവും ഇല്ലാതെയാണോ ഒരു വ്യക്തി ജനിക്കുന്നതും അവന്റെ ജീവിത വൃത്തം പൂർത്തിയാക്കുന്നതും എന്നാണ് നിങ്ങൾ കരുതിയിരിക്കുന്നതെങ്കിൽ അത് വലിയ തെറ്റ്.  ഒരുപാട് അർത്ഥതലങ്ങൾ ഓരോ ജന്മത്തിനുമുണ്ട് അല്ലാതെ വെറുതെ ഒരു നീർക്കുമിള പോലെയാകുവാനുള്ളതല്ല  ഓരോ ജന്മങ്ങളും. 

ഓരോന്നിനും ഓരോ കർമ്മവും നിമിത്തവുമുണ്ട് അത് പൂർത്തീകരിക്കുകയും ഫലവത്താക്കുകയുമാണ് ഓരോ ജന്മവും  ആ ഉത്തരവാദിത്വങ്ങൾ നിറവേറ്റപ്പെടുന്നില്ലെങ്കിൽ അർഹരായവരിലേക്ക് മാറ്റപ്പെടും ,  അല്ലെങ്കിൽ അതെടുത്ത് മറ്റൊന്നിന് ചാർത്തപ്പെടും. 

എല്ലാ മനുഷ്യരുടെയും ജീവിതവും  ജന്മാന്തരങ്ങൾ നീളുന്നതാണോ?

 അയാൾ ദൂതനോട് ചോദിച്ചു 

 എല്ലാം കാണു അതിലൂടെ മനസ്സിലാക്കു ഞാൻ ആദ്യമേ പറഞ്ഞുവല്ലോ ഈ കാണപ്പെടുന്നതിലൂടെ താങ്കളുടെ  എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ ലഭ്യമാകും, അതാണാ മാജിക്ക്.

 ഓരോ ജന്മങ്ങളും താങ്കൾ  കണ്ടുകൊണ്ടിരിക്കുന്നു. എന്റെ ദൗത്യമാണത്,  ഓരോ ജന്മങ്ങളും  താങ്കളെ കാണിക്കുകയെന്നുള്ളത് ഓരോ മനുഷ്യന്റെയും നിമിത്തമാണത് അതിനുവേണ്ടിയാണ് ഞങ്ങൾ ഇവിടെ കാത്തുനിൽക്കുന്നതും.  

അഞ്ചു ജന്മങ്ങൾക്കു മുന്നിലുള്ള നിങ്ങൾ ആരായിരുന്നുവെന്നും ഞാൻ  കാണിച്ചു തരാം. 

ഏതൊരു മനുഷ്യനും ഇങ്ങിനെയൊക്കെ തന്നെയാണോ കടന്നുപോകുന്നത് 

 വിശ്വസിക്കാനാകാതെ  അയാൾ വീണ്ടും ചോദിച്ചു 

 എന്താണതിൽ സംശയം ? ഏതൊരു ജന്മവും ഒരു വൃത്തം പൂർത്തിയാകുമ്പോൾ ഈ വഴിയിലൂടെ കടന്നുപോയെ തീരൂ . ഇതാണാ ജീവന്റെ താക്കോൽ    

ഓരോ മനുഷ്യന്റെയും നിയോഗമെന്നുള്ളത് ഒരു പാടു ജന്മങ്ങൾ ജീവിച്ചു തീർക്കുക എന്നുള്ളത് തന്നെയാണ് .  ഓരോ ജന്മത്തിലും അവന്റെ ചെയ്തികൾ തന്നെയാണ് അടുത്ത ജന്മത്തിലേക്കുള്ള ഗതികൾ നിർണ്ണയിക്കുന്നതിൽ വലിയൊരു ഘടകമാകുന്നതും.

അടുത്ത ജന്മം എന്ന് ഞാൻ ഉദ്ദേശിക്കുന്നത്  ഈ ഒരു  ജീവിത വൃത്തം പൂർത്തിയാക്കിയതിനു ശേഷമുള്ള ജന്മം.   

നിങ്ങൾ ഇവിടെ വരുവാനുള്ള കാരണം നിങ്ങൾ കുറച്ചു പാപങ്ങളെ ചെയ്തീട്ടുള്ളൂ എന്നുള്ളത് തന്നെയാണ് മറ്റൊന്ന് നിങ്ങൾ ചെയ്ത പുണ്യ പ്രവർത്തികൾ നിങ്ങളുടെ പാപങ്ങളുടെ കാഠിന്യത്തെ ലഘൂകരിച്ചിരിക്കുന്നു ആയതുകൊണ്ട് തന്നെയാണ് നിങ്ങൾക്ക് ഇങ്ങെനയൊരു അവസരം കൈവന്നിരിക്കുന്നത് നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഇന്റർവ്യൂ .

ഇതിലുള്ള നിങ്ങളുടെ പെർഫോമൻസ് വിലയിരിത്തിക്കൊണ്ടാണ് നിങ്ങൾക്കുള്ള ശിക്ഷയുടെ തോത് നിർണ്ണയിക്കപ്പെടുന്നത്.  

ജീവിതത്തിൽ പാപങ്ങളും,. ക്രൂരതകളും  മാത്രം ചെയ്യുന്നവരെ, ഞാൻ മുമ്പ് പറഞ്ഞതു പോലെ മറ്റൊരു കിളിവാതിലിലൂടെ കാണിച്ചു തരാം.  ഭീതിതമായ ആ കാഴ്ച കാണാനുള്ള കരളുറപ്പ് നിങ്ങൾ ആർജ്ജിച്ചോളൂ മേൽപ്പറഞ്ഞ പോലെ ജീവിതത്തെ ദുഷിപ്പിച്ചവർക്കുള്ള ശിക്ഷയാണത്. അതിൽ നിന്നൊരു മോചനം നൂറ്റാണ്ടുകൾ, ഒരു പക്ഷെ സഹസ്രാബ്ദങ്ങൾ വരെ നീണ്ടേക്കും  ആരുടേയും കാരുണ്യം അവർക്കുണ്ടാകില്ല അവർ ചെയ്തുകൂട്ടിയ  പാപങ്ങൾ അവർക്കുള്ള ശിക്ഷയുടെ കാലാവധി നിർണ്ണയിക്കും. അവിടെ, അവരുടെ കരച്ചിലുകൾ  കേൾക്കാൻ ആരുമുണ്ടാകില്ല. 

അതൊരു വല്ലാത്ത ലോകമാണ് എന്റെ സുഹൃത്തേ  

അവർക്ക് ഇത്തരത്തിലൊരു  ഇന്റർവ്യൂവിനുള്ള സാധ്യത പോലും നല്കപ്പെടുന്നില്ല . ആ ദുഷിച്ച ലോകത്തിലേക്ക് അവർ അടക്കപ്പെടുന്നു.  

ഓരോ മനുഷ്യന്റെയും ജീവിത നിയോഗം എന്നു പറയുന്നത് ഒരു പാട് ജന്മങ്ങൾ നന്മയോടെ ജീവിച്ചു തീർക്കുക എന്നുള്ളത്  തന്നെയാണ് എന്നിരുന്നാൽ കൂടി ഓരോ ജന്മത്തിന്റെയും അവസാനം ഈയൊരു കടമ്പയിൽ കൂടി ഏതൊരുവനും കടന്നുപോയേ തീരൂ. 

ഇതെന്തിനെന്നു വെച്ചാൽ മൂന്നാമതൊരു കണ്ണിൽ കൂടി ഒരുവന്  അവന്റെ ചെയ്തികളെ നോക്കിക്കാണുന്നതിനുള്ള ഒരവസരം  ലഭ്യമാകുന്നുവെന്നുള്ളതിനാണ് . ഇതിലൂടെ ഒരു  വ്യക്തിക്ക് തന്നെത്തന്നെ  തിരിച്ചറിയാൻ കഴിയുന്നു, ഒരു വിലയിരുത്തലിന് അവസരമുണ്ടാകുന്നു.  അന്ന് ചെയ്ത പലതും ഈ കോണിലൂടെ  നോക്കിക്കാണുമ്പോൾ  ശരിയല്ലെന്ന് തോന്നുന്നു അതു കൊണ്ട് ഇപ്പോൾ പ്രേത്യേകിച്ച് ഒരു കാര്യവും ഉണ്ടെന്നല്ല മറിച്ച് ആ തെറ്റുകൾ വേണ്ടിയിരുന്നില്ല എന്നുള്ള ഒരു പശ്ചാതാപത്തിന് അതിലൂടെ  അവസരമൊരുങ്ങുകയും അതൊരു പ്രായിശ്ചിത്തമായി കണക്കാക്കപ്പെടുകയും ചെയ്യപ്പെടുന്നു. 

താങ്കൾക്ക് ഇനി താങ്കളുടെ കഴിഞ്ഞ ജന്മത്തിനു മുന്നേയുള്ള ജന്മങ്ങളുടെ കാഴ്ചകൾ കാണേണ്ടേ?

 അയാൾ അതിനു മറുപടി പറഞ്ഞില്ല

 പക്ഷെ അതിനു മുൻപ് നിങ്ങൾ അൽപനേരം വിശ്രമിച്ചോളൂ 

വിശ്രമം എന്ന് ഞാൻ വെറുതെ പറഞ്ഞതാണ് ഇവിടെ നിങ്ങൾക്ക് ക്ഷീണം ഉണ്ടാവുകയില്ല. വിശ്രമം എന്നുള്ളതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് നിങ്ങൾ കണ്ട കാഴ്ചകളെ നിങ്ങൾക്കുള്ളിലിട്ട് ഒരു അവലോകനത്തിന് വേണ്ടി തരുന്ന സമയത്തെയാണ് . 

ഇവിടെ നിങ്ങൾക്ക് നല്ല ഫലങ്ങൾ കിട്ടും വയറുനിറയെ കഴിക്കാം എന്റെ കൂടെ വരൂ ഞാൻ നിങ്ങൾക്ക് താമസിക്കുവാനുള്ള ഇടം കാണിച്ചു തരാം. 

അയാൾ ആ ദൂതന്റെ കൈപിടിച്ചു നടന്നു, അല്ല ഒഴുകി. എങ്ങും   തൊടാതെയുള്ള ഒരു പറക്കൽ ആയിരുന്നൂവത്.   പുഷ്പ്പങ്ങൾ പൂത്തു നിൽക്കുന്നു പേരറിയാത്ത വിവിധതരം ഫലങ്ങൾ കായ്ച്ചു നിൽക്കുന്നു. മേഘങ്ങൾ പോലെയുള്ള എന്തോ ഒന്ന് പഞ്ഞിത്തുണ്ടുകൾ കണക്കെ തലോടിക്കൊണ്ട് കടന്നുപോകുന്നു അയാൾ ചുറ്റുപാടും നോക്കി തന്നെപ്പോലെ പലരുടേയും  കൈകൾ പിടിച്ചു  പറക്കുന്ന ദൂതന്മാർ എല്ലാ മുഖങ്ങളിലും ദൈവീക തേജസ്സ്. 

ഇവർ മാലാഖാമാരാണോ 

നിങ്ങൾ മാലാഖമാരാണോ?

അയാളുടെ ചോദ്യത്തിന്  ഉത്തരം പറയാതെ ദൂതൻ  ചിരിച്ചു 

മാലാഖമാർ സ്ത്രീകളല്ലേ എന്നെ കണ്ടാൽ പുരുഷനല്ലേ പിന്നെ എന്തിനാണ് എന്നെ മാലാഖയെന്നു വിളിക്കുന്നത് ഞാൻ ദൂതനാണ് 

അമളി പിണഞ്ഞതു പോലെ അയാൾ തന്റെ വിരലുകൾ കടിച്ചു 

നിങ്ങൾ നാണിക്കേണ്ട മാലാഖമാരെ ഞാൻ, നിങ്ങൾക്കു   കാണിച്ചു തരാം അത് പിന്നെ 

അങ്ങനെ ഒഴുകിയൊഴുകി അവർ വലിയൊരു കൊട്ടാരത്തിലെത്തി അത് സ്വർണ്ണം കൊണ്ടുള്ളതായിരുന്നു. അതോ അതിനേക്കാൾ വിലകൂടിയതോ  പക്ഷെ അയാൾ  കരുതിയത് അത് സ്വർണ്ണം കൊണ്ടുള്ളതെന്നുള്ളത്  തന്നെയെന്നായിരുന്നു . അല്ലെങ്കിൽ അതിനേക്കാൾ മേലെ നിൽക്കുന്ന ഒന്നിനെക്കറിയിച്ചയാൾ അജ്ഞനായിരുന്നു.  

ദൂതൻ അയാളുടെ കൈപിടിച്ച് ആനയിച്ചു കൊണ്ട് പറഞ്ഞു ഇന്ന് നിങ്ങൾക്കിവിടെ താമസിക്കാം 

ഇതൊരു  അത്ഭുത കൊട്ടാരമാണ്  പതിയെ നിങ്ങൾക്കത്  മനസ്സിലാകും

  എന്റെ ആദ്യ ചോദ്യം ഇതാണ് 

അയാൾ ആകാംഷാപൂർവ്വം ദൂതനെ ഉറ്റു നോക്കി 

ദൂതൻ അയാളെ നോക്കി തുടർന്നു  

 ഇവിടെ  നിങ്ങൾ  നിങ്ങളുടെ പല ജന്മങ്ങളും , ജീവിതങ്ങളും  കണ്ടു കഴിഞ്ഞു അതിനെ വിലയിരുത്തേണ്ടത് നിങ്ങൾ തന്നെയാണ്  എന്റെ ചോദ്യം ഇതാണ്  

ഒരു മനുഷ്യനെന്ന ലേബലിൽ നിങ്ങൾ വിജയമോ പരാജയമോ ?

 അയാൾ വാ തുറന്നു ഇത്രയും നിസ്സാരമായൊരു ചോദ്യത്തിനുള്ള ഉത്തരമാണോ ദൂതന് അറിയേണ്ടത്? താനത് ഇപ്പൊൾ തന്നെ പറയാമല്ലോ   

വേണ്ട നാളെവരെ സമയമുണ്ട് 

അയാൾ തലകുലുക്കി  

കൊട്ടാരത്തിനകത്തേക്കു  കടന്ന അയാൾ ആദ്യ അത്ഭുതം കണ്ട്   വാ പൊളിച്ച് നിന്നുപോയി. അവിടെയുള്ള ഒരു നിലക്കണ്ണാടിയിൽ കണ്ട തന്റെ  പ്രതിബിംബത്തിൽ  അയാൾക്ക് വിശ്വസിക്കാനായില്ല. മറ്റാരോ തനിക്കു പിന്നിലുണ്ടോ ? അയാൾ തിരിഞ്ഞു നോക്കി  ആരുമില്ല ദൂതൻ അപ്രത്യക്ഷ്യനായി കഴിഞ്ഞിരുന്നു  അയാൾ വീണ്ടും വീണ്ടും അയാളാ  കണ്ണാടിയിലേക്ക് നോക്കി. വീണ്ടും വീണ്ടും അയാൾക്ക്  വിശ്വസിക്കാനാകുന്നില്ല താൻ തന്നെയല്ലേയത് ?

ഈശ്വരാ , താൻ ചെറുപ്പമായിരിക്കുന്നു.. ജരാനരകളെല്ലാം കൊഴിഞ്ഞ്  ചെറുപ്പമുള്ള താൻ അതാ ആ കണ്ണാടിയിൽ തെളിഞ്ഞു നിൽക്കുന്നു .

 വീണ്ടും  രൂപം മാറുന്നു ഈശ്വരാ താനൊരു ബാലനായി മാറിക്കഴിഞ്ഞിരിക്കുന്നു അതിനുള്ളിൽ നിന്നും ഒരു ശിശുവിന്റെ കരച്ചിൽ കേട്ട് അയാൾ അസ്ത്രപ്രജ്ഞനായി. 

അവിശ്വസനീയം.. അല്ല, അത്ഭുതം

 രണ്ടും ഒന്നല്ലേ ?

അല്ല രണ്ടും രണ്ടാണ്

 അല്ല രണ്ടും ഒന്നാണ്

 എന്തെങ്കിലും ആയിക്കൊള്ളട്ടെ പക്ഷെ ഇത്? 

അയാൾ  മനസ്സറിഞ്ഞ് ഈശ്വരനെ വിളിച്ചു  

മോനേ പുറകിൽ  നിന്നൊരു സ്വരം,  അയാൾ ഞെട്ടിത്തരിച്ചു  ശരീരം വെട്ടിവിറകൊള്ളുന്നു.  കാലം പുറകിലേക്ക്  ആയിരം കുതിരകളെ കെട്ടിയ വേഗത്തിൽ പായുന്നു ഭൂമുഖത്തിൽ താനാദ്യം കേട്ട സ്നേഹത്തിന്റെ സ്വരം താനാദ്യം  അറിഞ്ഞ താരാട്ടിന്റെ ഈണം, താനാദ്യം  അറിഞ്ഞ വാത്സല്യത്തിന്റെ മധുരം , താനാദ്യം  കേട്ട  താരാട്ടിന്റെ സ്വരം.

 മോനേ ദൊവാസ് 

അയാൾ ഞെട്ടിത്തിരിഞ്ഞു ഒരു നിമിഷ നേരത്തേക്ക് അയാളുടെ മനസ്സ് വൃദ്ധന്റെതും ശരീരം ബാലന്റേതുമായി 

അയാൾ തിരിച്ചറിഞ്ഞു.

 തന്റെ കടമകളെ, താൻ ചെയ്യാതെ പോയ കടമകളുടെ സൂചിമുനകൾ അയാളെ കുത്തി നോവിച്ചു അലറിക്കരഞ്ഞുകൊണ്ട് അയാളാ  കൽക്കലുകളിലേക്ക് വീണു. 

എന്നോട് പൊറുക്കണേ 

 കരയാതെ ദൊവാസ്,  നീ കൊച്ചു കുട്ടിയല്ലേ  നിന്റെ തെറ്റുകൾ ഞങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കും ഞങ്ങളിൽ നിന്നാണ് നീ ഉരുവെടുത്തത് ഞങ്ങളുടെ രക്തവും, മാംസവുമായാണ് നീ രൂപം കൊണ്ടിട്ടുള്ളത് കരയാതെ പൊന്നേ 

തന്റെ യുവത്വത്തിൽ ചെയ്തുപോയ തെറ്റുകൾ ഓരോന്നിനായി അയാൾ കരഞ്ഞു മാപ്പു ചോദിച്ചു.  

നേരം ഏറെ കഴിഞ്ഞിരിക്കുന്നു ഒരു തലോടൽ അയാളെ ഉണർത്തി മകനെ ഞങ്ങൾക്കു പോകാൻ സമയമായിരിക്കുന്നു ഇനിയും നീ ഞങ്ങളുടെ മകനായി തന്നെ ജനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു നല്ലതു മാത്രം ചിന്തിക്കൂ നല്ലതു മാത്രം പ്രവർത്തിക്കൂ.

പോകുന്നതിനു മുന്നേ ദൂതൻ തന്നോട് ചോദിച്ച ചോദ്യത്തിന്റെ പൊരുൾ അയാൾ തന്റെ മാതാപിതാക്കളോട്  ആരാഞ്ഞു 

 അതിന്റെ ഉത്തരം നിന്നിലൂടെ മാത്രമേ വരാവൂ ദോവസ്   

ഒരു മൂടൽ മഞ്ഞു കണക്കെ അവർ അപ്രത്യക്ഷ്യരാകുന്നത് അയാൾ ദുഖത്തോടെ നോക്കി നിന്നു . 

ഒരു തണുത്ത കൈത്തലം തന്റെ തോളിൽ അമരുന്നത് അയാൾ അറിഞ്ഞു അയാൾ ഞെട്ടിത്തിരിഞ്ഞു ആ കാഴ്ച അയാളെ അത്ഭുത പരതന്ത്രനാക്കിമാറ്റി എന്നു പറയുന്നതിൽ അർത്ഥമില്ല കാരണം അവിടെ കാത്തിരിക്കുന്നതെല്ലാം അത്ഭുതങ്ങളാണല്ലോ ?

എന്റെ മേരി, എന്റെ മകൾ അയാൾ കരഞ്ഞുകൊണ്ട് അവരെ രണ്ടുപേരെയും ആശ്ലേഷിച്ചു ആ നീലക്കണ്ണാടിയിൽ തന്റെ യുവാവായ പ്രതിബിംബത്തെ അയാൾ കണ്ടു. 

പറഞ്ഞാലും അറിഞ്ഞാലും മതിതീരാത്ത വിശേഷങ്ങളായിരുന്നു അവർക്ക് പങ്കു വെക്കാനുണ്ടായിരുന്നത്. നിദ്രയുടെ കടന്നുകയറ്റം വരെ ആ സ്നേഹപ്രകടനങ്ങൾ നീണ്ടു നിന്നു. ഒരു ഇളം തെന്നലായി മേരിയും മകളും അയാളിലേക്ക് ലയിച്ചു ചേരുകയായിരുന്നു അത്രക്കും സന്തോഷം അയാൾ ഇതുവരേക്കും അനുഭവിച്ചിട്ടില്ലായിരുന്നു എന്നുള്ളതായിരുന്നു സത്യം.

അതിനിടയിൽ മേരിയോടും അയാളാ ചോദ്യം ആവർത്തിച്ചു 

എന്റെ പൊന്നെ അതിനുത്തരം നിങ്ങളിൽ തന്നെയാണ്.

ഉത്തരം തന്റെ നാവിൽ തന്നെയുണ്ട് പക്ഷെ ഇപ്പോൾ ഒരു ആശങ്ക തന്നെ വലയം ചെയ്യുന്നു 

ആദ്യം ചോദിച്ചപ്പോൾ വളരെ ആയാസ രഹിതമായ ഒന്ന് പക്ഷെ സമയം കഴിയും തോറും തന്റെ ഉത്തരങ്ങളിൽ ഒരു പതറിച്ച അയാൾക്ക് അനുഭവപ്പെട്ടു .

ശരിയായൊരു  ഉത്തരത്തിനായി അയാൾ തന്റെ ചിന്തകളിൽ പരതി പക്ഷെ കിട്ടുന്നില്ല ബുദ്ധിയിൽ പരതി , ഉത്തരമില്ല, 

 പക്ഷെ ഉത്തരമുണ്ട് എന്നാൽ ആ ഉത്തരങ്ങൾ തന്റെ  വിധിയുടെ ഭാഗധേയത്തെ നിർണ്ണയിക്കുന്നതാകുമ്പോൾ അവയെ ഉത്തരങ്ങൾ എന്ന ലേബലിനുള്ളിലേക്ക്  ഉള്ളിലേക്ക് കടത്തിവിടുന്നതിൽ അയാൾ ഭയപ്പെടുന്നു .

എന്നാൽ താൻ ഉത്തരങ്ങൾ കൊടുത്തേ തീരൂ അത് തന്റെ കർമ്മമാണ് അയാളാ ചോദ്യത്തെ ഒന്ന് കൂടി ആറ്റിക്കുറുക്കി ഉള്ളിലിട്ടു ചിന്തകളുടെ കെട്ടുകളഴിച്ചു . 

ഒരു മനുഷ്യനെന്ന നിലയിൽ താനൊരു വിജയമോ പരാജയമോ ?

വിജയം എന്നയാൾ സ്വയം മറുപടി പറഞ്ഞു. 

ആണോ ? അടുത്തനിമിഷം ഒരു മറുചോദ്യം അതിനെ ഖണ്ഡിച്ചു  

അല്ല. 

അല്ലേ ? അയാൾ അതും  നിഷേധിച്ചു 

 അപ്പോൾ  ഒരു മനുഷ്യനെന്ന നിലയിൽ താൻ  പരാജയമായിരുന്നോ  ?

അല്ല 

അല്ലേ ?

അറിയില്ല താനൊരു വിജയമാണോ പരാജയമാണോയെന്നുള്ളത്  തനിക്കു തന്നെ തീർച്ചപ്പെടുത്താൻ കഴിയുന്നില്ല. 

 എന്തുകൊണ്ട് ? 

കഷ്ടം 

എന്തുകൊണ്ടാണ് താനൊരു മനുഷ്യനായി ജീവിച്ചിരുന്നിട്ടും തന്റെ ജീവിത കർമ്മത്തെ വിശദീകരിക്കുവാൻ തനിക്കാവാത്തത് ? 

വല്ലാത്തൊരു കഷ്ടം 

അങ്ങിനെയെങ്കിൽ താനെന്തിനാണ് ഇത്രയും കാലം ജീവിച്ചത്? 

സ്വയം എന്തെന്ന് അറിയാതെ, സ്വയം ആരാണെന്ന്  അറിയാതെ ,  ഒരു ജീവിത കാലം മുഴുവൻ ശൂന്യമായി താൻ  ജീവിച്ചു തീർത്തിരിക്കുന്നു .

എന്തൊരു മഹത്തായ പ്രതിഭാസമായിരുന്നൂവത്? ഒരു ജീവൻ ലഭിക്കുക അതും മനുഷ്യനായി പക്ഷെ അതിന്റെ അന്തഃസത്ത ഉൾക്കൊള്ളാൻ തനിക്ക്  കഴിഞ്ഞില്ല അപ്പോൾ എന്തിനാണ് താൻ മനുഷ്യനായി ജീവിച്ചത് ?

വിഡ്ഢി , ശൂന്യം , ഉപയോഗ്യശൂന്യമായ വസ്തു.. അയാൾ സ്വയം വിശേഷിപ്പിച്ചു   

മറ്റുള്ളവരും ഇങ്ങനെയാണോ? 

അറിയില്ല , 

 അറിയാത്ത ചിന്തകൾ തന്നെയാണ് തന്നെ ഇപ്പോഴും മഥിക്കുന്നത് സ്വന്തം കർമ്മ മണ്ഡലം പോലും തിരിച്ചറിയാനാകാത്ത താനെന്തൊരു വിഡ്ഢിയാണ്? അല്ലെങ്കിൽ എന്തൊരു  മനുഷ്യനാണ്? സ്വന്തം വ്യക്തിത്വത്തെ പോലും നിർവ്വചിക്കാനാകാതെ താൻ ജീവിച്ചു തീർത്തത് ഒരു മനുഷ്യ ജന്മമാണ് . 

എന്തൊരു വിരോധാഭാസമാണത് ?

ഇതിനെല്ലാം അർഥങ്ങൾ ഉണ്ടെന്നും ജീവിതം തന്നെ അർത്ഥപൂർണ്ണമാക്കണമെന്നും ഒക്കെ ഇപ്പോഴാണ് തനിക്ക് മനസ്സിലാക്കുന്നതും മനസ്സിലാവുന്നതും തനിക്കിപ്പോൾ എൺപത് വയസ്സായിരിക്കണം ആയിരിക്കും പക്ഷെ ഈ എൺപത് വർഷവും താൻ എന്തിനു വേണ്ടി ജീവിച്ചു ഏതിനു വേണ്ടി ജീവിച്ചു എന്നതിനൊരുത്തരം  പറയുവാൻ തനിക്കാകുന്നില്ലെങ്കിൽ താൻ വലിയൊരു പരാജയമല്ലേ ? 

ഒരിക്കലുമല്ല.., ഒരിക്കലുമല്ല ..അയാൾ  നിഷേധിച്ചു താൻ പരാജയമല്ല. 

അല്ലെ ?

അതെ.

താൻ പരാജയമാണ് ജീവിതത്തിന്റെ അർത്ഥം ഗ്രഹിക്കുന്നതിൽ താൻ പരാജയമായിരുന്നു. തന്റെ യൗവനത്തെ നേർവഴിക്കു നടത്തുന്നതിൽ താൻ പരാജയമായിരുന്നു. തന്റെ മാതാപിതാക്കളെ ബഹുമാനിക്കുന്നതിൽ താൻ പരാജയമായിരുന്നു. തന്റെ ജീവിത ഗതി നിർണ്ണയിക്കുന്നതിൽ താൻ പരാജയമായിരുന്നു, ആത്യന്തികമായി താൻ തന്നെ ആരായിരുന്നുവെന്ന് വിശദീകരിക്കുന്നതിലും  താൻ പരാജയമായിരുന്നു  അപ്പോൾ താൻ പരാജയമാണ് . 

അല്ല , 

അയാൾ വീണ്ടും അതിനെ  നിഷേധിച്ചു.

 പക്ഷെ അത് ദുർബ്ബലമായിരുന്നു 

തന്റെ ഉത്തരമാണ് തന്റെ അടുത്ത ജന്മത്തെ നിർണ്ണയിക്കുന്നത് എന്നുള്ളതിൽ താൻ പരാജയമായിരുന്നെന്ന് തിരിച്ചറിഞ്ഞിട്ടും മനസ്സിനെ ബോധിപ്പിക്കാനായി അയാൾ പുലമ്പി .., താൻ പരാജയമായിരുന്നുവെങ്കിലും  പൂർണ്ണമായും അല്ലായിരുന്നു  

അല്ലേ ?

അപ്പോൾ താൻ വിജയമായിരുന്നോ ?

പാതി 

പാതി എന്നുള്ളതിൽ ഉത്തരമില്ല അതൊരു ഒഴിവു കഴിവാണ് തനിക്ക് തന്നെ സമാധാനിപ്പിക്കാൻ വേണമെങ്കിൽ അതുടുത്ത് ഉപയോഗിക്കാം പക്ഷെ തന്റെ ജന്മത്തിന്റെ അടുത്ത ഭാഗധേയത്തെ നിർണ്ണയിക്കുമ്പോൾ ഒരു മുഖ്യ ഘടകമായി അതു മാറുമ്പോൾ അവിടെ പൂർണ്ണമായ ഒരു ഉത്തരത്തിനെ പ്രസക്തിയുള്ളൂ . 

വയ്യ,  തനിക്കിത്  തീർച്ചപ്പെടുത്തുവാൻ കഴിയുന്നില്ല എന്തിന് ഇത്രക്കധികം നൂലാമാലകൾ  ജീവിതത്തിൽ ദൈവം തരുന്നു 

ഇത് നൂലാമാലകളാണോ ? തനിക്കു ലഭിച്ച ജീവൻ  തന്നെ വലിയൊരു പുണ്യമാണ് അതിനെയാണോ താൻ നൂലാമാലകൾ എന്നു വിളിച്ചത്? 

ഓരോ ജീവിതവും നന്നായി ജീവിച്ചു തീർക്കുക അങ്ങനെ വരുമ്പോൾ അവർ അടുത്ത ജന്മത്തിനും അങ്ങനെ ജന്മാന്തരങ്ങൾക്കും അവകാശികൾ ആകുന്നു അതിനെയാണോ താൻ നൂലാമാലകൾ എന്ന് വിളിച്ചത് ? അത് വലിയൊരു ഭാഗ്യമല്ലേ ? തീർച്ചയായും അതാണ് സ്വർഗ്ഗം ..അതെ അതാണ് സ്വർഗ്ഗം അപ്പോൾ ദൂതൻ പറയുന്ന സ്വർഗ്ഗം തങ്ങൾ കരുതിയിരുന്നു സ്വർഗ്ഗത്തിൽ നിന്നും വിഭിന്നമാകുന്നു അതെ തനിക്കൊരു ഉത്തരം ലഭിച്ചിരിക്കുന്നു താൻ തന്നെ അത് കണ്ടെത്തിയിരിക്കുന്നു . പക്ഷെ ദൂതന്റെ   ചോദ്യത്തിനുള്ള ഉത്തരം ഇത്  ആകുന്നില്ലല്ലോ?  താനത് കണ്ടെത്തിയേ തീരൂ. 

ഒരു കുടുംബത്തെ സ്നേഹിച്ചതിൽ താൻ വിജയമായിരുന്നു , 

തന്റെ പത്നിയെ  താൻ അകമഴിഞ്ഞ് സ്നേഹിച്ചു തന്റെ മകളെ താൻ അകമഴിഞ്ഞു സ്നേഹിച്ചു തന്റെ ചുറ്റുപാടുകളെ താൻ അകമഴിഞ്ഞു സ്നേഹിച്ചു അപ്പോൾ താനൊരു വിജയമല്ലേ ?  

ആണോ ?

അല്ലേ ?

എന്നുമുതലാണാ മാറ്റം തന്നിൽ ഉരുത്തിരിഞ്ഞു വന്നത് ?

 ജീവിതത്തിന്റെ ഒരു പാതി മുതൽ ? 

അങ്ങിനെയെങ്കിൽ ജീവിതത്തിന് രണ്ടു പാതികളുണ്ടോ?

 ഇല്ല .. അങ്ങിനെയല്ല അതിനെ വിശേഷിപ്പിക്കേണ്ടത്  തനിക്ക് തിരിച്ചറിവ് വന്നതുമുതലെന്നു മാറ്റാം  

അങ്ങിനെയെങ്കിൽ  എന്നുമുതലാണ് ഒരു വ്യക്തിക്ക് തിരിച്ചറിവ് കൈവരുന്നത് ? 

വയ്യ വല്ലാത്തൊരു ചോദ്യമാണ് ദൂതൻ തനിക്കിട്ടു തന്നത് ഇതിനെല്ലാം വിശദീകരണം നൽകാൻ മാത്രം തനിക്ക് അറിവില്ല. 

ഇതിലെന്താണ് അറിവിന്റെ കാര്യം?  താൻ ജീവിച്ചു തീർത്ത ജീവിതത്തിന്റെ ആകെത്തുകയാണ് ദൂതൻ ചോദിച്ചത് അത് പോലും തനിക്ക് പറയാനാകുന്നില്ലേ ?

വല്ലാത്തൊരു ശൂന്യതയിലേക്കാണ് അത്  അയാളെ തള്ളിവിട്ടത് 

ആ ചോദ്യം ദൂതന്റെ വായിൽ നിന്നും കേട്ടപ്പോൾ അതിന് ഇത്രയും  അഗാധത ഉണ്ടാകുമെന്ന് അയാൾ കരുതിയിരുന്നില്ല പക്ഷെ ഇത് വല്ലാത്തൊരു ചോദ്യമാണ്. ഒറ്റ ചോദ്യത്തിലൂടെ അനേകായിരം  ഉത്തരങ്ങളുടെ., ഒരുപാട് ഒരു പാട് ചോദ്യങ്ങൾ വേണ്ടിവരുന്നത് അല്ലെങ്കിൽ ഒരു ചോദ്യം അനേകായിരം ചോദ്യങ്ങളായി മാറുന്നത്.  ഒന്നിന്  ഉത്തരം കണ്ടെത്തുമ്പോൾ   അതിനോട് അനുബന്ധമായി മറ്റൊരു ചോദ്യം താനേ ഉയർന്നു വരുന്ന കുരുക്ക് . ഒന്ന് അഴിക്കുമ്പോൾ മറ്റൊന്ന് മുറുകുന്ന  പസിൽ ഒന്ന് കണ്ടെത്തുമ്പോൾ അടുത്തത്  മുറുകുന്ന ഊരാക്കുടുക്ക്.

ഒരു ചോദ്യം തന്നെ തള്ളിവിട്ടത് അനേകായിരം ചോദ്യങ്ങളുടെ നടുവിലേക്കാണ് ഒന്നിന് ഉത്തരം കണ്ടെത്തുമ്പോൾ മറ്റൊരു ചോദ്യത്തിലേക്ക് ആ ഉത്തരം പരിണാമം ചെയ്യപ്പെടുന്ന അവസ്ഥ അതിനൊരുത്തരം തേടുമ്പോൾ ആ ഉത്തരം മറ്റൊരു ചോദ്യമായി പരിണമിക്കുന്നു . അങ്ങനെ ഒന്നിൽ നിന്ന് തുടങ്ങി അനേകായിരത്തിൽ എത്തിയാലും പൂർണ്ണമായ ഒരുത്തരം പിറവിയെടുക്കാത്ത അവസ്ഥ വല്ലാത്തൊരു ചോദ്യം വല്ലാത്തൊരു കുരുക്ക്.   

ഒരു മനുഷ്യൻ എവിടെയാണ് ആ പേരിന് അന്വർത്ഥമാകുന്നത് ? അല്ലെങ്കിൽ അന്വർത്ഥമാക്കപ്പെടേണ്ടത് ? അതവന്റെ ആദ്യ ശ്വാസം മുതലേ തുടങ്ങുന്ന ഒന്നല്ലേ ?

ഒരു തുമ്പ് കിട്ടിയവനെപ്പോലെ, ഒരു പിടിവള്ളി കിട്ടിയവനെപ്പോലെ അയാളൊന്ന് നിശ്വസിച്ചു . അതെ ഒരു ജന്മത്തിന്റെ ഉത്തരവാദിത്വം ആദ്യ ശ്വാസത്തിൽ തുടങ്ങുന്നു എന്നാൽ  അവസാന ശ്വാസത്തിൽ അതൊട്ട്  തീരുന്നുമില്ല. 

വല്ലാത്തൊരു പ്രഹേളിക തന്നെ വലയം ചെയ്യുന്ന പോലെ അയാൾ തന്നിലേക്ക് തന്നെ നോക്കി കൂലംകുഷമായി ചിന്തിച്ചു. എന്നിരുന്നാലും തനിക്കൊരു തുടക്കം കിട്ടിയിരിക്കുന്നുവെന്ന ചിന്ത അയാളെ ആശ്വാസം കൊള്ളിച്ചു  .

ഒരു മനുഷ്യനെന്ന നിലയിൽ താൻ ഒരു വിജയമായിരുന്നില്ലെങ്കിലും പരാജയമായിരുന്നില്ല അല്ലെങ്കിൽ താനൊരു പരാജയമായിരുന്നില്ലെങ്കിലും വിജയമായിരുന്നില്ല 

ഇതൊരു ഉത്തരമാണോ 

അല്ലേ ?

അല്ല. 

അയാൾ നിരാശയോടെ തലകുലുക്കി 

എന്താണ് ആ വാക്കുകളിൽ തന്നിൽ നിന്നും ദൂതൻ തേടുന്നത് അല്ലെങ്കിൽ ആ ചോദ്യത്തിന്റെ ആന്തരാർത്ഥങ്ങളിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നത്?

 അയാൾ ലജ്ജിതനായി ഇത്രനാളും താനാ വേഷം കെട്ടി ആടിയവനാണ് എന്നിട്ടു പോലും തനിക്കതിന്റെ ഉത്തരം ബാലികേറാമലയാകുന്നു. 

കഷ്ടം,  അല്ലാതെ മറ്റെന്തു പറയാൻ?  ഒരു മനുഷ്യൻ എന്ന നിലയിൽ താൻ വിജയമോ പരാജയമോ എന്നുള്ളതിന് ഒരു മനുഷ്യനായിട്ട് പോലും വിശദീകരണം നൽകുവാൻ തനിക്കാവുന്നില്ല. ഇത്രനാളും താനാരാണെന്ന് അറിയാതെയാണോ താൻ ജീവിച്ചു പോന്നത്? എന്തൊരു കഷ്ടം താൻ പോലുമറിയാതെ താനാരാണെന്ന് പോലും അറിയാതെ ജീവിച്ചു പോന്ന ജീവശ്ചവം .

തനിക്കറിയില്ലെന്ന് ദൂതനോട്  പറഞ്ഞാലോ 

വേണ്ട,  ദൂതൻ പറഞ്ഞത് പോലെ അതിനാൽ തന്നെ തന്റെ അടുത്ത ജന്മം നിഷേധിക്കപ്പെട്ടാലോ ? വീണ്ടും നല്ലവനായി  ജനിച്ചു വളർന്ന ആ  ഭൂലോകത്തിൽ ജീവിക്കുവാൻ കൊതി തോന്നുന്നു. നല്ലവനായി മാത്രം പക്ഷെ താൻ ഇനിയൊരു ജന്മം എടുക്കുമ്പോൾ ഇതെല്ലാം മറഞ്ഞുപോകില്ലേ? അവിടെ  തനിക്കൊന്നും തന്നെ ഓർമ്മയുണ്ടാകില്ല താൻ എന്തായിരുന്നുവെന്നോ, ആരായിരുന്നുവെന്നോ ,  തന്റെ മാതാപിതാക്കൾ ആരായിരുന്നുവെന്നോ പന്തി  ആരായിരുന്നുവെന്നോ അങ്ങനെ ഒന്നും തന്നെ.

പുതിയൊരു ജന്മം, അല്ലെങ്കിൽ ആ ജന്മത്തോടെ എല്ലാം തീരുന്നു ആ ഒരു കാഴ്‌ചപ്പാട്‌ തന്നെയായിരിക്കും അപ്പോഴും തന്നെ പിന്തുടരുന്നത്  അല്ലെങ്കിൽ മഥിക്കുന്നത്  അപ്പോൾ താൻ പഴയതുപോലെ തന്നെ ആകില്ലേ ധൂർത്തനായി , മദ്യപാനായി വേണ്ട അങ്ങിനെയൊരു ജന്മം താൻ ആഗ്രഹിക്കുന്നില്ല .

ഇവിടെ വന്നതിനു ശേഷമല്ലേ തനിക്കീ ബോധോദയം ഉണ്ടായായത് തനിക്കുണ്ടായതല്ല മറിച്ച് തന്നെ അതേക്കുറിച്ച്  ബോധാവാനാക്കിയതാണ്. 

പക്ഷെ ഇതൊന്നും ആ ചോദ്യത്തിനുള്ള വിശദീകരണങ്ങൾ ആകുന്നില്ലല്ലോ.  താൻ വഴിയിൽ നിന്നും മാറി സഞ്ചരിക്കുന്നു എന്തായാലൂം ദൂതന് ഉത്തരം കൊടുത്തേ തീരൂ അത് ദൂതനെക്കാൾ തനിക്കാണ് ആവശ്യം തന്റെ ഭാവിയുടെ  താക്കോലാണത് . 

ഭാവി എന്നൊക്കെ പറഞ്ഞ് അടുത്ത ജന്മത്തിന്റെ പുണ്യത്തെ താൻ നിസ്സാരവൽക്കരിക്കുന്നു. അതല്ലാതെ മറ്റെന്തു ചെയ്യാൻ ? തന്റെ തലക്കുള്ളിൽ ഇരിക്കുന്ന ബുദ്ധികൊണ്ട് മാത്രമല്ലേ തനിക്ക് ചിന്തിക്കാനാകൂ അതിനുള്ളിൽ ഇരിക്കുന്നത് അത്ര വലിയ ഒന്നല്ലെങ്കിൽ മറ്റുള്ളവർ  അങ്ങനെ ചിന്തച്ചു ഇയാൾ ഇങ്ങനെ ചിന്തിച്ചു എന്ന് പരിതപിക്കുന്നതിൽ കാര്യമുണ്ടോ ?

അവർ അവരുടെ കഴിവുകൾ കൊണ്ട് വിശദീകരണങ്ങൾ തേടുന്നു . 

ഒരിക്കലുമില്ല തനിക്കുള്ളത് കൊണ്ട് മാത്രമേ തനിക്ക് വിശദീകരണങ്ങൾ നല്കുവാനാകൂ. മറ്റൊരാളുടെ കാഴ്ചപ്പാടിൽ കൂടി തനിക്കതിനു കഴിയില്ല അയാളുടേത് മറ്റൊരു തരത്തിലാകാം,. ഒരു പക്ഷെ തന്നെക്കാൾ മികച്ചത് അല്ലെങ്കിൽ കുറഞ്ഞത്. 

താനെന്തിനാണ് അനാവശ്യമായ കാര്യങ്ങൾക്കായി ഇപ്പോൾ തല പുകക്കുന്നത്? ഇതിന്റെയൊന്നും ആവശ്യമില്ല തന്നോട് ചോദിച്ച ചോദ്യം അതത്ര  വലിയ ബുദ്ധികൊണ്ട് പകിട കളിക്കേണ്ട ഒന്നല്ലല്ലോ? താൻ കടന്നുപോന്ന  വഴികൾ, താൻ കണ്ടു തീർത്ത കാഴ്ചകൾ, താൻ നടന്നു തീർത്ത വീഥികൾ  അവയുടെ ഒരു അവലോകനത്തിലൂടെ തന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടാണ് ദൂതൻ ചോദിച്ചത്. 

അത് തന്നെയാണ് പ്രശനവും,  നിസ്സാരമെന്ന് കരുതിയ ചോദ്യം ആകാശത്തോളം ഉയരത്തിലുള്ളതാകുമ്പോൾ അതിന്റെ ഉത്തരത്തിനു വേണ്ടിയാണ് താൻ മറ്റു തലങ്ങളിലേക്ക് ചിന്തിച്ചു കേറുന്നതും.  

നിസ്സാരമെന്ന് താൻ കരുതിയ ആദ്യ ചോദ്യം ഇത്രക്കും കഠിനമെങ്കിൽ ഇനി വരുവാനുള്ളത് അതിലും എത്രയോ കഠിന തരമായിരിക്കും ?

ഇത് വല്ലാത്തൊരു കടമ്പ തന്നെ ഒരു ജീവിതത്തെ താൻ എത്ര നിസ്സാരമായാണ് കണ്ടത്?  ജീവിതത്തിനു ശേഷമാണ് ശരിയായ കടമ്പകൾ  നേരിടേണ്ടി വരുന്നതെന്ന് ഇവിടെ വന്നതിനു ശേഷമാണ് മനസ്സിലാകുന്നതും . 

വെറുതെ ജീവിച്ചു തീർക്കൽ എത്ര സുഖകരം പക്ഷെ അതിനുശേഷമുള്ള ജീവിതത്തിനു വേണ്ടിയുള്ള താക്കോൽ പഴുതിലൂടെ കടന്നുപോകാൽ  അതികഠിനം  തന്നെ. 

 താൻ നല്ലതു മാത്രം ചെയ്തിരുന്നവനെങ്കിൽ തനിക്കീയൊരു ചോദ്യോത്തര പംക്തി ഒരു പക്ഷെ ഒഴിവാക്കി കിട്ടിയിരുന്നേനേ നാളെ അത് ദൂതനോട് ചോദിച്ച് സംശയ നിവൃത്തി തീർക്കാം പക്ഷെ നാളെ ദൂതനെ കാണുമ്പോൾ താൻ ഉത്തരം കൊടുത്തേ തീരൂ അത് തന്റെ നിമിത്തമോ നിയോഗമോ അല്ലെങ്കിൽ താൻ വരുത്തിവെച്ച വിനയോ ഒക്കെയാണ്. 

അയാളുടെ തല പുകഞ്ഞു കൊണ്ടിരുന്നു എന്നിട്ടും അയാൾ എങ്ങുമെത്തിയില്ല ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു അവിടെ ഒരു നിലക്കണ്ണാടി  അതിലേക്ക് അയാൾ സൂക്ഷിച്ച് നോക്കി 

അതിൽ ഒന്നുമുണ്ടായിരുന്നില്ല അയാൾ തന്റെ കൈകൾ ഉയർത്തി വീശി നോക്കി പക്ഷെ അപ്പോഴും  ഒന്നും കാണാൻ കഴിഞ്ഞില്ല അയാൾ തിരിഞ്ഞു നോക്കി തന്റെ പിന്നിൽ ഒരു ലില്ലി പൂ വിടർന്നു നിൽക്കുന്നു അയാൾ കണ്ണാടിയിലേക്ക് നോക്കി അതിൽ ആ ലില്ലിപ്പൂ വിടർന്നു നിൽക്കുന്നത് കാണാനാകുന്നു  അയാൾ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി അതാ ലില്ലി പൂ തന്നെ പക്ഷെ എന്ത് കൊണ്ട് തന്നെ മാത്രം കാണുന്നില്ല?  

ഒരു ഞെട്ടലോടെ അയാൾ  തിരിച്ചറിഞ്ഞു താൻ ശൂന്യമാണ് താൻ അദ്രശ്യനാണ് പക്ഷെ തനിക്ക് തന്നെ കാണാം അത് അരക്കിട്ടുറപ്പിക്കാൻ അയാൾ അടിയിൽ നിന്നും മുകൾ വരെ ഒരു അവലോകനം നടത്തി അതെ തനിക്ക് തന്നെ കാണാം പക്ഷെ തനിക്ക് തന്റെ പ്രതിബിംബത്തെ എന്തുകൊണ്ട്  കാണാൻ കഴിയുന്നില്ല ? 

തനിക്ക് കാണാൻ കഴിഞ്ഞിരുന്നു താനത് കണ്ടതുമാണ് ഒരു ബാലനായും യുവാവായും  വൃദ്ധാനായുമുള്ള തന്റെ പ്രതിബിംബങ്ങൾ ഇതുപോലയൊരു  കണ്ണാടിയിൽ താൻ കണ്ടിരുന്നു ഇപ്പോഴെന്താണ്  തനിക്കതിനു കഴിയാത്തത് ? 

താൻ ശൂന്യമാണ്,  മനുഷ്യൻ ശൂന്യമാണ് അതെ മനുഷ്യൻ ശൂന്യമാണ് അവൻ തന്നെയാണ് അവനിലേക്ക് നിറക്കേണ്ടത്. 

എന്തു കൊണ്ട്?

 അയാൾ നല്ലത് ചിന്തിച്ചു അടുത്ത നിമിഷം തന്റെ പ്രതിബിംബം ആ നിലക്കണ്ണാടിയിൽ  ഒന്ന് തെളിഞ്ഞു മങ്ങിയതു പോലെ അയാൾക്ക് തോന്നി.

ഒരു മനുഷ്യന്റെ ഉള്ളിലേക്ക് ആയാൾ തന്നെയാണ് എന്താണ്  നിറക്കേണ്ടതെന്ന് തിരിച്ചറിയേണ്ടത്  അപ്പോഴേ മനുഷ്യനാവുകയുള്ളു ഒരു തത്വചിന്തകനെപ്പോലെ അയാൾ സ്വയം പറഞ്ഞു. 

ശൂന്യമായി പിറന്നു വീഴുന്ന മനുഷ്യൻ,  അല്ലെങ്കിൽ ഒരു ശിശു എന്തുകൊണ്ടാണ് ആ ജീവിത വൃത്തത്തിൽ അവന്റെ ഉള്ളിലേക്ക് നിറച്ചു കൊണ്ട് ഒരു മനുഷ്യനായി തന്നെ ജീവിക്കേണ്ടത് അതിന്റെ ഉത്തരത്തിനായി അയാൾ കണ്ണാടിയിലേക്ക് നോക്കി. അയാൾ ഞെട്ടിപ്പോയി ഒരു ശിശുവായി താൻ ജനിക്കുന്നു ബാലനിലേക്കുള്ള വളർച്ച വളരെ വ്യക്തമായി കാണാനാകുന്നു തന്റെ യൗവ്വനാരംഭം കൊച്ചു കൊച്ചു കള്ളങ്ങൾ അതാ രൂപം,  പ്രതിബിംബം മങ്ങുന്ന അയാൾ തന്റെ ചിന്തകളെ മാറ്റി നല്ലതിലേക്ക് ആ കള്ളങ്ങളെ അയാൾ ഒഴിവാക്കി..,  അത്ഭുതം പ്രതിബിംബം തെളിയുന്നു 

താൻ യുവാവായി മാറുന്നു കൊള്ളരുതായ്മകൾ പ്രതിബിംബം മായുന്നു അയാൾ തിരുത്തി..,  തെറ്റ് മറ്റു രീതിയിൽ ചിന്തിക്കുന്നു അതാ പ്രതിബിംബം തെളിയുന്നു 

ജീവിതത്തിൽ നമ്മൾ തന്നെയാണ് നമ്മിൽ നിറക്കേണ്ടത് അങ്ങിനെ നോക്കുമ്പോൾ താൻ പരാജമായിരുന്നു 

മധ്യവയസ്സായ ദൊവാസിന്റെ  പ്രതിബിംബം തെളിയുന്നു തന്റെ ചിന്തകൾ നിർമ്മലമാകുന്നു തന്റെ പ്രവർത്തികൾ നിർമ്മലമാകുന്നു തന്റെ കർമ്മങ്ങൾ നിർമ്മലമാകുന്നു..,  മേരി മകൾ ..,  പ്രതിബിംബം കൂടുതൽ തെളിമയുള്ളതാകുന്നു 

അയാൾ ചിന്തിച്ചു തനിക്ക് ഒരുത്തരം കിട്ടിയിട്ടില്ല പക്ഷെ തനിക്ക് ഒരു വിശദീകരണം കിട്ടി   

    

ദൂതനാണ് അയാളെ ഉണർത്തിയത് മേരിയെവിടെ അയാൾ ചുറ്റും നോക്കി പക്ഷേ അവിടെയെല്ലാം ശൂന്യമായിരുന്നു അയാൾ കണ്ണുകൾ തുറന്ന് അലറി 

മേരി 

എനിക്കവരെ കാണണം അയാളെ ദൂതന്റെ കാലിൽ പിടിച്ചു കെഞ്ചിക്കരഞ്ഞു 

നിങ്ങൾക്കവരെ അത്രക്കിഷ്ടമാണോ ? ദൂതൻ അയാളോട് ചോദിച്ചു 

അത്രക്കും ഇഷ്ട്ടമാണ് 

അപ്പോൾ നിങ്ങളുടെ മാതാപിതാക്കളെയോ ?

അവരേയും എനിക്കിഷ്ടമാണ് 

എന്നിട്ട്  അവരെ കാണണമെന്ന് നിങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചില്ലല്ലോ അതെന്തുകൊണ്ട് 

അതിനൊരു ഉത്തരമില്ലാതെ അയാൾ നിശ്ചേതനായി നിന്നു 

സാരമില്ല നിന്നിൽ നിന്നു തന്നെയാണ് നിന്റെ ഇണയെ സൃഷ്ടിച്ചിരിക്കുന്നത് നിന്റെ ശരീരം തന്നെയാണ്,  ആത്മാവും അപ്പോൾ അതിനോട് തന്നെയായിരിക്കും കൂടുതൽ സ്നേഹം അതുതന്നെയാണ് അതിന്റെ ഉത്തരവും. 

ഇനിയും നിങ്ങൾക്കായി കഴിഞ്ഞ ജന്മങ്ങളിലെ ധാരാളം കാഴ്ചകൾ കൂടി  കാത്തിരിക്കുന്നു അതിലൂടെ നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കഴിയും 

ദൂതൻ അയാളെയും കൊണ്ട് ഒഴുകി 

എല്ലാ ദൂതന്മാരും താങ്കളെപ്പോലെയാണോ 

എന്താണ് അങ്ങനെ ചോദിച്ചത് ?

ഒന്നുമില്ല അയാൾ പറഞ്ഞു 

ഒരിക്കലുമല്ല ജീവിതം,  അതായത് താങ്കൾ ജീവിച്ചു തീർത്തത് ഒരു സൗഭാഗ്യമാണ് പതിനായിരം വർഷത്തിൽ ഒരിക്കൽ ലഭ്യമാകുന്ന സൗഭാഗ്യം വേണമെങ്കിൽ നിങ്ങളുടെ ഭാഷ്യത്തിൽ അതിനെ സ്വർഗ്ഗമെന്നു വിളിക്കാം ഈ പ്രപഞ്ചം അനന്തമാണ് വിശാലമാണ് അതിനെ നിയന്ത്രിക്കുന്ന ശക്തി അതി ശക്തനായിരിക്കുമെന്ന് ഞാൻ എടുത്ത് പറയേണ്ടതില്ലല്ലോ 

ഒരു മനുഷ്യൻ പതിനായിരം വർഷം കൂടുമ്പോൾ മനുഷ്യജന്മത്തിന് അർഹനാകുന്നു അല്ലെങ്കിൽ അർഹനാക്കപ്പെടുന്നു അതാണ് ഒരു ജീവിത വൃത്തം .ഞാൻ ഇന്നലെ വിശദീകരിച്ചതു പോലെ നിങ്ങളുടെ  യാത്ര ഒന്നിൽ നിന്നും പതിനായിരത്തിൽ എത്തി നിൽക്കുന്നുവെന്ന് കരുതുക അവിടെ വലിയൊരു നിമിത്തം അല്ലെങ്കിൽ അതുവരെയുള്ള നിങ്ങളുടെ ജീവിതത്തിന്റെ ആകെത്തുക ഒരു ചോദ്യ ചിഹനമായി ഉയർന്നു നിൽക്കുന്നു അല്ലെങ്കി നിങ്ങളുടെ കർമ്മം നിങ്ങളിലെ വിചാരണക്കായി അവിടെ വിശകലനം ചെയ്യപ്പെടുന്നു 

നിങ്ങളുടെ ഓരോ ജന്മങ്ങളും ഒരു തുടർച്ചയാണ് പക്ഷെ അതിന് താൽക്കാലികമായി ഒരു അവസാനമുണ്ട് അതാണ് നിങ്ങളുടെ മരണം. അതിനു ശേഷം നിങ്ങൾ ഇവിടെയെത്തപ്പെടുന്നു ഇതിലൂടെ അതുവരെയുള്ള ജീവിതങ്ങളെ  ഒരു പോയിന്റിൽ നിന്നുകൊണ്ട്  നിങ്ങൾക്ക് കാണാനാകുന്നു, വിശകലനം ചെയ്യുവാനാകുന്നു  .അത് കഴിയുന്നതോടെ  എല്ലാം മറയുകയും വീണ്ടും ഒരു ശിശുവായി നിങ്ങളുടെ മാതാപിതാക്കളാൽ തന്നെ ജനിക്കപ്പെടുകയും ആ കാലചക്രം പൂർത്തീകരിക്കപ്പെടുകയും ചെയ്യപ്പെടുന്നു 

എല്ലാവരും ഒരേ കാലയളവുകളിലാണോ മരിക്കപ്പെടുന്നത് ?

അയാൾ ചോദിച്ചു 

അങ്ങിനെയാണോ നിങ്ങൾ കണ്ടിരിക്കുന്നത് ?

ദൂതൻ ഒരു മറുചോദ്യം അയാളിലേക്കെറിഞ്ഞു 

അല്ല 

പിന്നെ എന്തുകൊണ്ടാണ് ആ ചോദ്യം ചോദിച്ചത് 

അല്ല ചിലർ നേരത്തെ മരിക്കുന്നു അപ്പോൾ അവർ എങ്ങിനെയാണ് വീണ്ടും അവരുടെ തന്നെ മാതാപിതാക്കളുടെ പുത്രനോ പുത്രിയോ ആയി ജനിക്കപ്പെടുന്നത് 

അതാണ് ഞാൻ മുന്നേ പറഞ്ഞ കാലദൈർഖ്യം അതായത് താങ്കൾ ചോദിച്ചത് പോലെ ഒരാൾ  നേരത്തെ മരിക്കപ്പെടുകയാണെങ്കിൽ അയാളുടെ അടുത്ത ജന്മത്തിലേക്കുള്ള പ്രവേശന കവാടത്തിൽ എത്തിച്ചേരേണ്ട ആ സമയചക്രം എത്തുന്നതു വരെയുള്ള കാലം പൂർത്തിയാക്കണം 

എങ്ങിനെയാണ് ചിലർ നേരത്തെ മരിക്കുന്നത് ? ചിലർ ജീവിതം അവസാനിപ്പിച്ചു കൊണ്ട് ഇവിടെ വരുന്നത് 

ആ ചോദ്യത്തിന് ദൂതൻ ഒന്ന് ചിരിച്ചു 

സ്വന്തം ജീവിതത്തിന്റെ മഹത്വം തിരിച്ചറിയാത്ത വിഡ്ഢികൾ എന്നാണ് അവരെ വിളിക്കേണ്ടത് എന്നിരുന്നാലും അവർക്ക് അവരുടെ കാലദൈർഖ്യം പൂർത്തിയാകേണ്ടതുണ്ട് ഇതിൽ ആദ്യത്തേതായ ചിലർ പല സമയങ്ങളിൽ മരിക്കപ്പെടുന്നു എന്നുള്ളതിന്റെ ഉത്തരം അവരുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങൾ തന്നെ അതിന്റെ പ്രായിശ്ചിത്തമായി  അവരുടെ ജീവിതത്തിലെ കാലയളവുകൾ  ചുരുക്കപ്പെടുന്നു.

 ഇനി രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം പാപങ്ങളുടെ വലിയ കൂമ്പാരം പേറുന്നവരുടെയും ജീവിത ചക്രത്തിൽ നിന്ന് അവരുടെ ഒരു ഭാഗം എടുത്തുകളയുന്നു ഞാൻ മുന്നേ പറഞ്ഞതുപോലെ ഒന്നിൽ നിന്നും പതിനായിരത്തിലേക്കുള്ള യാത്രയിൽ ഒന്നിൽ നിന്നും നൂറിൽ എത്തുമ്പോൾ നിങ്ങളുടെ ആ റിഫ്രഷിങ് പോയിന്റിൽ നിന്നും നിങ്ങൾ അടുത്ത ഇരുന്നൂറിലേക്കുള്ള യാത്ര ഇല്ലാതാകുന്നു ആ നൂറു വർഷം  നിങ്ങളുടെ ജീവിതം ആ കാണുന്ന പാതാളത്തിൽ ആകുന്നു.

അതാണ് നിങ്ങൾക്കുള്ള താൽക്കാലിക നരകം അതിനുശേഷം വീണ്ടും ജനിക്കുന്നു പക്ഷെ ആ കാലയളവിൽ മേല്പറഞ്ഞപോലെ നൂറു വർഷം കുറക്കപ്പെടുന്നു തീർന്നില്ല ഇത്തരം ആളുകൾ അടുത്ത നൂറുവർഷ കാലയളവ് പൂർത്തീകരിക്കപ്പെടാതെ വീണ്ടും അവസാനിക്കുന്നു

നിങ്ങളും ഇതുപോലെ വാർദ്ധക്യമെത്താതെ മരിച്ചിട്ടുണ്ട് അതിനു മുൻപുള്ള നിങ്ങളുടെ ജീവിതം അതാണ് നിങ്ങളെ അതിനർഹമാക്കിയത് നിങ്ങൾ രോഗാതുരനായി മരിച്ചിട്ടുണ്ട് അതിനു മുൻപുള്ള ജന്മത്തിലെ ചെയ്തികൾ അതാണ് നിങ്ങളെ അങ്ങിനെയാക്കിയത് . നിങ്ങൾ സന്തോഷവാനായി മരിച്ചിട്ടുണ്ട് അതിനുമുമ്പുള്ള ജന്മത്തിലെ ചെയ്തികൾ അതാണ് നിങ്ങളെ അതിനർഹമാക്കിയത് .

എല്ലാവരും അങ്ങിനെത്തന്നെ നല്ലത് ചെയ്താൽ നല്ലതായി എല്ലാ ജന്മങ്ങളും ഇരിക്കാം  

അതാ നോക്കൂ  

ദൂതൻ കാണിച്ചു കൊടുത്ത ആ ദൃശ്യത്തിലേക്ക് അയാൾ നോക്കി  ഒരു നിമിഷം പോലും കണ്ണുകൾ തുറന്നിരിക്കാൻ അയാൾക്കായില്ല അത്രക്കും ഭീകരമായിരുന്നു അത് 

എന്നിരുന്നാലും അവരും ആ കാല ചക്രം പൂർത്തിയാക്കേണ്ടതുണ്ട് അതാണ് നിയമാവലി അനുശാസിക്കുന്നത് അവരുടെ ജീവിത ചക്രത്തിൽ ഒരു ബ്രേക്ക് സംഭവിക്കുകയും വീണ്ടും അത് തുടരുകയും ചെയ്യപ്പെടുന്നു 

അവസാനം ആ പതിനായിരത്തിൽ എത്തുമ്പോൾ അടുത്ത പതിനായിരത്തിലേക്കുള്ള ജീവിത ചക്രത്തിന്റെ വാതിൽ തുറക്കുന്നത് ഞാൻ നേരത്തെ പറഞ്ഞതുപോലെ ഈ പതിനായിരം വർഷങ്ങളിലെ  നിങ്ങളുടെ ജീവിത ചെയ്തികൾ തന്നെയാണ്  അങ്ങനെ അടുത്ത ആ വാതിലാണ് നിങ്ങൾക്ക്  സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നത്  അത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിന് തുല്യമാണെന്ന് പറയപ്പെടുന്നതിൽ യാതൊരു അതിശയോക്തിയുമില്ല. 

ഈ വാക്യം ഞാൻ കേട്ടിട്ടുണ്ട് 

തീർച്ചയായും കേട്ടിരിക്കണമല്ലോ 

ഇനി അതിനു തുടർച്ചയായി നിങ്ങൾ ഈ പതിനായിരം വർഷങ്ങൾ കൊടൂരമായാണ് ജീവിച്ചു തീർത്തതെങ്കിൽ അതിനു നിങ്ങൾക്ക് പല ശിക്ഷകളും നല്കപ്പെട്ടിട്ടും നിങ്ങൾ നല്ലവനായില്ലെങ്കിൽ പിന്നെയുള്ള പതിനായിരം വർഷങ്ങൾ നിങ്ങൾ നരിയായും പാമ്പായും പുഴുവായും വെറുക്കപ്പെട്ട ഇഴജന്തുക്കളോ നാൽക്കാലികളോ ഇരുകാലികളോ ആയി ജീവിക്കപ്പെടുന്നു അതിലും നിങ്ങൾക്ക് ഓരോ അവസരങ്ങൾ ഉണ്ട് ഏറ്റവും ക്രൂരവും കഠിനവും ആയ പാപങ്ങൾക്ക് ഭീതിതമായ ജീവിതത്തിന് സുരക്ഷയില്ലാത്ത മനുഷ്യരല്ലാത്ത ജന്മങ്ങളായി മാറ്റപ്പെടുന്നു മറ്റുള്ളവരാൽ നിങ്ങൾ ചവിട്ടയരാക്കപ്പെടുമ്പോൾ കഴുത്തറക്കപ്പെടുമ്പോൾ നിസ്സഹായന്റെ കണ്ണീരോടെ നിങ്ങൾ ഓരോ ജീവിതങ്ങളും അവസാനിപ്പിക്കപ്പെടുന്നു അതിലും കുറച്ച് പാപങ്ങൾ ചെയ്തവരെ കുറച്ച് നല്ല മനുഷ്യരല്ലാത്ത ജീവിതങ്ങൾ അവരിലേക്ക് നൽകപ്പെടുന്നു ഇപ്പോൾ മനസ്സിലായല്ലോ നരകം ഏതാണെന്ന്

എന്റെ സുഹൃത്തേ ആ നരകം പതിനായിരം വർഷങ്ങളാണെന്ന് ഓർക്കുക ജീവിതത്തിൽ ചെയ്യുന്ന തെറ്റുകളിലൂടെ നിങ്ങൾ നഷ്ടപ്പെടുത്തുന്നത് നീണ്ട പതിനായിരം വർഷങ്ങളുടെ സ്വർഗ്ഗമാണ് 

മനസ്സിലായോ ? 

ഈ സ്വർഗ്ഗവും നരകവും ഭൂമി പോലെയുള്ള ഗോളങ്ങൾ അല്ല എന്റെ സുഹ്രത്തേ നിങ്ങളാണ് അതിലേക്കുള്ള വഴി കണ്ടെത്തേണ്ടത് 

നിങ്ങൾ കാണിച്ചതും വലിയൊരു തെറ്റാണ് കാരണം നിങ്ങൾക്ക് കിട്ടിയ ജീവിതത്തെ നിങ്ങൾ ആത്മഹത്യയിലൂടെ നശിപ്പിച്ചു 

ഞാൻ ആത്മഹത്യ ചെയ്തതല്ല അയാൾ വിക്കി 

പിന്നെ നീന്താനാണോ നിങ്ങൾ കടലിലേക്ക് എടുത്തു ചാടിയത് ?

ദൂതന്റെ ആ ചോദ്യത്തിന് അയാൾ തല താഴ്ത്തി 

അതിനുള്ള ശിക്ഷ നിങ്ങൾക്കുണ്ട് 

അയ്യോ ചതിക്കല്ലേ അയാൾ കൈകൂപ്പി 

അപ്പൊ പേടിയുണ്ട് അല്ലെ ജീവിതങ്ങൾ സ്വർഗ്ഗത്തിൽ ജീവിക്കണമെന്ന് തന്നെയാണ് ആശ എന്നിട്ട് എന്തിനാണ് ഈ വൃത്തികേടുകൾ കാണിച്ച് ആ സ്വർഗ്ഗം ഇല്ലാതാക്കുന്നത് പതിനായിരം വർഷങ്ങളാണ്  അതിലൂടെ നഷ്ടപ്പെടുത്തുന്നത് അത് മറക്കരുത് 

ഇനി ആദ്യം ചോദിച്ച ചോദ്യത്തിലേക്ക് വരാം ദൂതൻ മാർ എന്നെപ്പോലെ മാത്രമല്ല ദാ അങ്ങോട്ട് നോക്കു 

ദൂതൻ കൈചൂണ്ടിയിടത്തേക്ക് അയാൾ നോക്കി കൈകളിൽ ചാട്ടവാറുവായി നിൽക്കുന്ന ദൂതന്മാരെ അയാൾ കണ്ടു 

ജീവിതത്തിൽ ഏറ്റവും ക്രൂരമായവരെ അവർ മരിച്ചു കഴിയുമ്പോൾ നിങ്ങൾ കാണുന്ന പോലെ അവരാണ് കാണിച്ചു കൊടുക്കുന്നത് അവർ അവരെ ശിക്ഷിക്കും അവർ ചെയ്ത കുറ്റങ്ങൾക്കുള്ള ശിക്ഷ ഒരു പരിധി വരെ അവർക്ക് ഈ ദൂതന്മാരുടെ കൈകളിൽ നിന്നും കിട്ടും അതിനു ശേഷമായിരിക്കും മറ്റുള്ളവ 

ഭാഗ്യം,  അയാൾ സ്വയം പിറുപിറുത്തു  

അവിടെ അയാൾക്കായി മറ്റൊരു കിളി വാതിൽ തുറന്നു അതെ അത് താൻ തന്നെ അയാൾ പിറുപിറുത്തു പാവപ്പെട്ട മാതാപിതാക്കളുടെ മകനായി ജനിച്ചിരിക്കുന്നു അതെ അത് തന്റെ മാതാപിതാക്കൾ തന്നെ പക്ഷെ അവർ വളരെ ദരിദ്രരാണ് അതിലും അവർ വല്ലാതെ തന്നെ സ്നേഹിക്കുന്നു അവർ കഴിക്കുവാൻ തനിക്കു മാത്രം തരുന്നു തന്നെ മാത്രം ഊട്ടുന്നു ദരിദ്രമായ തന്റെ ബാല്യമാണ് ആ കാണുന്നത് കഴിഞ്ഞ ജന്മത്തിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ബാല്യം 

ബാല്യത്തിൽ നിന്നുമുള്ള തന്റെ വളർച്ച അതാ കണ്മുന്നിൽ തെളിയുന്നു നന്നായി അദ്ധ്വാനിക്കുന്ന തന്റെ യുവത്വം താൻ കുടുംബത്തെ പോറ്റുന്നു മാതാപിതാക്കളെ സഹായിക്കുന്നു തന്റെ ആ ജന്മത്തിലെ ജീവിത രീതികളിൽ അയാൾക്ക് വളരെയധികം സന്തോഷം തോന്നി. 

ദുഃശീലങ്ങളും ചീത്ത കൂട്ടുകെട്ടുകളുമില്ലാത്ത താൻ അതാ,  തന്റെ വിവാഹം, ഈശ്വരാ അത് മേരിയെപ്പോലെയിരിക്കുന്നു. അല്ല  മേരി തന്നെ അവൾ തന്നെ വളരെയധികം സ്നേഹിക്കുന്നു അതാ തങ്ങളുടെ കുഞ്ഞു മകൾ അതെന്റെ മകൾ തന്നെ 

നന്നായി സ്നേഹത്തോടെ ജീവിക്കുന്ന ആ കാഴ്ചകൾ കണ്ട് അയാൾക്ക് അതിയായ സന്തോഷം തോന്നി. 

ദൂതൻ അയാളോട് ചോദിച്ചു ഇതിൽ ഏതു ജന്മത്തിലെ ജീവിതമാണ് താങ്കൾ ആഗ്രഹിക്കുന്നത് ?

ഈ കാണുന്ന ജീവിതം ഉത്തരത്തിനായി അയാൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല 

പക്ഷേ ഈ ജന്മത്തിൽ നിങ്ങൾ ദരിദ്രനായിരുന്നു 

പക്ഷേ എനിക്ക് സന്തോഷമുണ്ടായിരുന്നു, അയാളുടെ ഉത്തരവും പെട്ടെന്നായിരുന്നു. എന്റെ മാതാപിതാക്കൾ എന്റെ ഭാര്യ എന്റെ മകൾ അതെനിക്ക് വളരെയധികം സന്തോഷം തരുന്നു. 

ഇക്കഴിഞ്ഞ ജന്മത്തിലും ഇതെല്ലാം നിങ്ങൾക്കുണ്ടായിരുന്നുവല്ലോ ?

പക്ഷെ നിങ്ങൾക്ക് കൂടുതൽ സന്തോഷം പ്രധാനം ചെയ്തത് നിങ്ങൾ ദരിദ്രനായി ജീവിച്ച ആ ജന്മം കണ്ടിട്ടാണ് അല്ലെ 

അപ്പോൾ പണമാണോ ഒരുവനെ ചീത്തയാകുന്നത് ? ദൂതന്റെ ചോദ്യം പെട്ടെന്നായിരുന്നു 

മറുപടിക്കായി അയാൾ ഒരു നിമിഷം ആലോചിച്ചു എന്നിട്ട് പറഞ്ഞു എന്നു പറയുവാൻ കഴിയുകയില്ല പണത്തിന്  അതിന്റെതായ മൂല്യം മാത്രം കണക്കാക്കിയാൽ അതൊരിക്കലും മനുഷ്യനെ ചീത്തയാക്കുന്നില്ല. ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു സമ്പത്തല്ല ഒരുവന്റെ സന്തോഷത്തിന്റെയും ജീവിത മാർഗ്ഗങ്ങളെയും സ്വാധീനിക്കേണ്ടതെന്ന് . 

ദൈവം രണ്ടു ജന്മങ്ങളിലെ നിങ്ങളുടെ ജീവിതത്തെ നിങ്ങൾക്ക് കാണിച്ചു തന്നു ഇതിൽ നിന്നും എന്തു പാഠമാണ് നിങ്ങൾക്കുൾക്കൊള്ളാൻ കഴിയുന്നത് 

ഓരോ ജന്മങ്ങളിലും ഞാൻ തന്നെയാണ്  ഞാൻ, എന്ന് തിരിച്ചറിയുന്നു കഴിഞ്ഞ രണ്ടു ജന്മങ്ങളിലും എന്റെ മാതാപിതാക്കളും ഭാര്യയും മകളും എല്ലാവരും ഒന്നു തന്നെ എന്താണിങ്ങനെ അപ്പോൾ മനുഷ്യർ ചിരഞ്ജീവികളാണോ 

അതെങ്ങനെ പറയുവാനാകും ചിരഞ്ജീവി എന്നാൽ സ്ഥിരമായി ജീവൻ നില നിൽക്കുന്നവൻ എന്നല്ലേ അർത്ഥം ?പക്ഷെ ഇവിടെ അങ്ങനെയല്ലല്ലോ രണ്ടു ജന്മങ്ങളിലും നിങ്ങൾ മരിച്ചില്ലേ ? ഓരോ ജന്മത്തിലെയും കാര്യങ്ങൾ അടുത്ത ജന്മത്തിൽ നിങ്ങൾക്ക് ഓർക്കാൻ പോലും കഴിയുന്നില്ലല്ലോ  

എന്തിനാണ് ദൈവം പിന്നെ ഇങ്ങനെ ഓരോരുത്തർക്കും തുടർ ജന്മങ്ങൾ തരുന്നത് ?

ഇന്നലെ ഞാൻ താമസിച്ച കൊട്ടാരത്തിൽ എന്റെ മാതാപിതാക്കളെ കണ്ടു ഭാര്യയേയും മകളെയും കണ്ടു അവരെല്ലാം എവിടെയാണ് 

ഇതാ നിങ്ങൾ ഇങ്ങോട്ട് നോക്കു 

ദൂതൻ കാണിച്ചിടത്തേക്ക് അയാൾ നോക്കി 

ദൂതൻ തുടർന്നു നിങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഞാൻ പറയാം 

അതായത് നിങ്ങളിപ്പോൾ കാണുന്നത് ഈ പ്രപഞ്ചമാണ് അതായത് നിങ്ങൾ ജീവനോടെയുണ്ടായിരുന്ന ഗ്രഹങ്ങൾ അതിൽ നിങ്ങൾ ഭൂമി എന്നു വിളിക്കുന്നത് ഇതാണ് 

നീലിമ നിറഞ്ഞ ഭൂമിയെന്ന ഗ്രഹത്തെ അയാൾ കണ്ടു 

ദൂതൻ വീണ്ടും തുടർന്നു ഇനി നിങ്ങൾ ഈ കാഴ്ചകളിലേക്ക് നോക്കുക അതായത് നിങ്ങളുടെ ഭൂമിയുടെ നേരെ എതിർ ദിശയിൽ ഒരു മനുഷ്യായുസ്സ് കൊണ്ട് സത്യത്തിൽ ഒരു മനുഷ്യായുസ്സ് അല്ല പതിനായിരം മനുഷ്യായുസ്സുകൾ മനസ്സുകൊണ്ട് മുഴുവൻ മനസ്സുകൊണ്ട് സഞ്ചരിച്ചാൽ പോലും  എത്തിച്ചേരാത്ത  ദൂരത്താണ് ഇതുള്ളത് ഇത് പ്രപഞ്ചത്തിലെ മറ്റൊരു ഭാഗമാണ് അവിടേക്ക് ഒന്ന് എത്തിനോക്കൂ 

അയാൾ നോക്കി




















 

0 അഭിപ്രായങ്ങള്‍