എടാ നമ്മടെ അവറാൻ ചേട്ടനെ പോലീസ് പൊക്കി

പ്രേക്ഷിതൻ സുകു ആകെ വെപ്രാളത്തിലാണ്  എന്റെയടുത്തതു   വന്നു  പറഞ്ഞത് .

അയ്യോ എന്തിന്?

കള്ള് കുടിച്ചിട്ട് വണ്ടിയോടിച്ചൂത്രെ .

അവറാൻ ചേട്ടനതിന് വണ്ടിയൊക്കെ ഓടിക്കോ ? 

അതെനിക്കൊരു പുതിയ അറിവായിരുന്നു 

വണ്ടീന്ന് പറഞ്ഞാ സൈക്കിള് 

ചുമ്മാ പുളുവടിക്കാതെ  സുകൂവേട്ടാ , കുടിച്ചിട്ട് സൈക്കിള് ചവിട്ടിയാലൊന്നും പോലീസ് പിടിക്കത്തില്ല  

സുകുവിന്റെ ആ വിശദീകരണത്തിൽ എനിക്കെന്തോ പന്തികേട് തോന്നി ആരെങ്കിലും വിശ്വസിക്കുന്ന കാര്യമാണോ ഈ പറയുന്നത് 

എടാ കുടിച്ചിട്ട് സൈക്കിളല്ലാ വെറുതെ  ഓടിയാലും പൊക്കൂന്നാ ഇടിയൻ ജോണിയുടെ  ഉത്തരവ്

ഇടയൻ ജോണിയാണോ എന്നാ ചിലപ്പോ ശരിയായിരിക്കും ഇടിയൻ ജോണിക്കാണെങ്കിൽ കുടിയൻമാരെ കണ്ടാ തന്നെ പിടിക്കത്തില്ല അവറാൻ ചേട്ടനെ പ്രത്യേകിച്ചും,  ഞങ്ങളുടെ ഗ്രാമത്തിൽ ഇടിയൻ വന്നതിനു ശേഷാ കുടിയൻമാരുടെ എണ്ണത്തിൽ  വല്യ കുറവു വന്നത്

സത്യത്തിൽ കുടിയന്മാർക്ക് വംശനാശം വന്നെന്നു  പറയാം, കുറെ കുടിയന്മാർ രക്ഷാമാർഗം തേടി അടുത്ത ഗ്രാമത്തിലേക്ക് പാലായനം ചെയ്‌തു കുറേപ്പേരെ ഇടിയൻ ഉപദേശിച്ചു നന്നാക്കി,  കുറേപ്പേരെ ഇടിച്ചു നന്നാക്കി ഒന്നിനും കഴിയാത്ത കുറച്ചു കുടിയന്മാർ ഇടിയനറിയാതെ,  ഇടിയനെ കാണാതെ തങ്ങളുടെ വിഹാരം തുടർന്നു കൊണ്ടിരുന്നു    

ഇതിലൊരാളാണ് അവറാൻ ചേട്ടൻ  

അതാണ്  ഇടിയന് ഇത്ര ദേഷ്യം  

അതിന് ഇയാളെന്തിനാ കള്ള് കുടിച്ചോണ്ട്  ഇടിയൻ ജോണിയുടെ വായിലോട്ട് ചെന്ന് കേറിയത്‌ ?  

ഷാപ്പീന്ന് അവറാൻ ചേട്ടന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലൊരിക്കലും  ഇടിയൻ ജോണി നിൽക്കാറില്ലല്ലോ?  ഇനി അവറാൻ ചേട്ടനെ പിടിക്കാനുള്ള പ്രത്യേക അജണ്ടയുടെ ഭാഗമെങ്ങാനുമാണോ  ഇത്? 

ഷാപ്പു കഴിഞ്ഞ് ബണ്ടു കേറിവേണം അവറാൻ ചേട്ടന്റെ വീട്ടിലേക്ക് പോകാൻ അവിടെയൊരിക്കലും ഇടിയൻ നിൽക്കാറില്ല കുടിച്ചു കഴിഞ്ഞാ സാധാരണ കുടിയന്മാരൊക്കെ ഇടിയനെ കാണാതിരിക്കാൻ മെയിൻ റോഡ് വഴി പോകാതെ ഇതുപോലെയുള്ള ഊടുവഴികളെയാണ് ആശ്രയിക്കാറ് 

കപ്യാര് ഈനാശുച്ചേട്ടൻ കുടിച്ചു കഴിഞ്ഞാ അവറാൻ ചേട്ടന്റെ വീടിന്റെ മുന്നീക്കൂടെയുള്ള ബണ്ടും ചുറ്റിയാ പോകാറ് ഷാപ്പീന്ന് നേരെ മെയിൻ റോട്ടിലേക്ക് കേറിയാ എളുപ്പത്തിന് എത്തുന്നതാ പക്ഷെ കപ്യാര് ഇടിയനെ പേടിച്ച് ഗ്രാമം മൊത്തം ചുറ്റി വളഞ്ഞേ പോകത്തുള്ളൂ 

എന്റെ കപ്യാരേ നിങ്ങള് നടന്നിട്ടല്ലേ പോകുന്നത് പിന്നെ നേർവഴിക്ക് പോയാലെന്താന്ന് ഒരു പ്രാവശ്യം ഷാപ്പുകാരൻ വറീത് ചോദിച്ചതാ 

വെറുതേ എന്തിനാ വറീതേ  മദം പൊട്ടി നിൽക്കുന്ന ആനയുടെ മുന്നിലേക്ക് ചെന്നു കേറണത് ?  

എന്റെ ഈനാശു ചേട്ടാ  കുടിച്ചിട്ട് വണ്ടി ഓടിച്ചാൽ മാത്രേ നിയമം എതിരാകത്തുള്ളൂ , ഇടിയൻ പൊക്കത്തുള്ളൂ

നിയമം ഒക്കെ നോക്കീട്ടാണോ പോലീസാര്  പിടിച്ച് ഇടിക്കുന്നത് ഞാൻ എങ്ങിനെ പോയാലും നിനക്കെന്താ വറീതേ ?

തനിക്ക് ഇടി വാങ്ങിത്തരാനാണ് വറീതിന്റെ ഈ ഉപദേശമെന്നാ  ഈനാശു ചേട്ടന് അത് കേട്ടപ്പോ തോന്നിയത് 

ഇടി കിട്ടിക്കഴിഞ്ഞിട്ട് പിന്നെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നാ ഈനാശു ചേട്ടന്റെ പക്ഷം സൂക്ഷിച്ചാ ദുഃഖിക്കേണ്ടന്ന് അതോടൊപ്പം ഒരു തത്വം വിളമ്പുകയും ചെയ്യും

അതുപോലെ തന്നെയാണ് അവറാൻ ചേട്ടനും വളരെ സൂക്ഷിച്ചേ പോകത്തുള്ളൂ ഇടിയൻ വഴിയിൽ എങ്ങാനും ഉണ്ടെന്നറിഞ്ഞാ പിന്നെ ഷാപ്പീന്ന് പുറത്തേക്കേ ഇറങ്ങത്തില്ല 

അങ്ങനെയുള്ള അവറാൻ ചേട്ടനെങ്ങിനെയാണ് ഇടിയന്റെ വായിൽ ചെന്നു ചാടിയതെന്നാലോചിച്ച് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല  

എടാ   കള്ള് ഷാപ്പിലിരുന്ന് മൂപ്പര് നല്ല മൂപ്പിക്കലായിരുന്നു  കൂടെ ആ മീൻകാരൻ മമ്മദും ഉണ്ടായിരുന്നു  എവിടന്നോ കുറച്ചു കാശ് കിട്ടീണ്ട്  അതിന്റെ ആഘോഷാ  

ക്വോട്ട രണ്ട് കുപ്പി കഴിഞ്ഞതോടെ പിന്നെ തരത്തില്ലാന്നു വറീത് ആണയിട്ടു  പറഞ്ഞതാ .

ചേടത്തീടെ ഓർഡറുണ്ടല്ലോ  വറീതിന്,  കെട്ട്യോന് രണ്ടു കുപ്പീനേക്കാളും കൂടുതല് കൊടുത്താ വറീതിനെ തട്ടൂന്നും പറഞ്ഞ്.

പിന്നെ അവറാൻ ചേട്ടന്റെ നിർബന്ധം സഹിക്കാൻ പറ്റാണ്ടായപ്പോ ഒന്നു കൂടി കൊടുത്തു  പിന്നേം  ചോദിച്ചപ്പോ തരത്തില്ലാന്ന് വറീത് തീർത്തു പറഞ്ഞൂ .

നിന്റെ കട ഞാൻ പൂട്ടിക്കും  നീ ആനമയക്കിയല്ലോടാ നാട്ടുകാർക്ക് കുടിക്കാൻ കൊടുത്തോണ്ടിരിക്കുന്നത് ഇവന്റെ കള്ളു കുടിച്ചിട്ട് ഇന്നാള് എനിക്ക് വയറിളക്കം വന്നു 

എടോ വേണ്ടാതീനം പറയരുത് , തനിക്ക് എന്നാടോ വയറിളക്കം വന്നത് ?

എന്താ നിനക്ക് കാണണോ ?

കാണണം വറീതിന്റെ ആ മറുപടി കേട്ട് അവറാൻ ചേട്ടനും ഒപ്പം കുടിയൻമാരും ഒരുമിച്ച് ഞെട്ടി 

കാണാൻ പറ്റിയ സാധനമാണോ ഇത് എന്ത് വൃത്തികേടാ ഈ വറീത് പറയുന്നത്?

ഒരു ആവേശത്തിന്  കേറി പറഞ്ഞതാണെങ്കിലും വറീത് ഇങ്ങനെ പ്രതികരിക്കുമെന്ന് അവറാൻ ചേട്ടൻ ഒരിക്കലും കരുതിയില്ല

മുണ്ട് പൊക്കി വയറിളക്കത്തിന്റെ ഉറവിടം കാണിച്ചു കൊടുക്കാൻ  അവരാൻ ചേട്ടനൊരു  ശ്രമം നടത്തിയെങ്കിലും അതിനുള്ളിൽ മമ്മദ് കേറി വട്ടം പിടിച്ചു  

ഞാൻ ചെത്തിക്കോണ്ട്  വരുന്ന കള്ളിൽ  എത്ര കുപ്പി വെള്ളാടാ നീ ചേർക്കണത് ?  

അവറാൻ ചേട്ടൻ  കത്തിക്കേറുകയാണ്  

എടോ മാപ്ളേ  എന്റെ കള്ളും കുടിച്ചു തോന്നി വാസം പറഞ്ഞാലുണ്ടല്ലോ

കള്ള് കുടിച്ചാ വയറ്റികിടക്കണം 

കള്ള് കുടിച്ചാ  വയറ്റിലല്ലാണ്ട് പിന്നെ എവിടെയാടാ കിടക്കാ കള്ള വറീതേന്ന് അവറാൻ ചേട്ടൻ പറയലും വറീത് ഇറച്ചി വെട്ടുന്ന കത്തിയെടുത്ത് അവറാൻ ചേട്ടന്റെ നേർക്ക് ഒറ്റ ചാട്ടം .

വറീതിന്റെ ആ അപ്രതീക്ഷിത നീക്കത്തില് അവറാൻ ചേട്ടൻ ഒരു നിമിഷം  സ്തബ്ധനായി കുടിച്ച കള്ളെല്ലാം ക്ഷണ നേരം കൊണ്ട് ആവിയായി  

വറീത് ഒരു ഒരു പോക്കനാണ്  വെട്ടൊന്ന് മുറി രണ്ട് ഇതാണ് സ്വഭാവം  ആളു ചിലപ്പോ ആ  കത്തിയെടുത്ത് ഒരു വീശു  വീശിയാ  പിന്നെ കള്ളു കുടിക്കാൻ പറ്റത്തില്ല   

വറീതിന്റെ വെട്ടുകത്തിക്ക് മൂർച്ച നോക്കാൻ തന്റെ ശരീരം വെറുതേ  കൊടുക്കേണ്ട .

എടാ ഇനിയെനിക്ക്  നിന്റെ വെളുത്ത കാടി വെള്ളം  വേണ്ടടാന്നും പറഞ്ഞ് അവറാൻ ചേട്ടൻ ബുദ്ധിപൂർവ്വം ആ സംഘർഷാവസ്ഥയെ  ലഘൂകരിച്ചു  

അപ്പുറത്തെ ബാറിപ്പോയിട്ട് അടിക്കാൻ പറ്റോന്ന് ഞാനൊന്ന് നോക്കട്ടെ .

അവറാൻ ചേട്ടൻ പിണങ്ങി പോവാണെന്ന്  മനസ്സിലായതോടെ വറീതിന് വിഷമമായി .

ഏടാ അവറാനെ  നീ വിവരക്കേട് കാണിക്കല്ലേ അവടെ പോലീസൊക്കെയുള്ളതാ നിന്നെ പൊക്കും. 

എന്നെ ഞൊട്ടും  നീയൊന്ന് പോടാ വറീതേ ഈ പോലീസെന്ന് പറഞ്ഞാ അവറാന് രോമാ അതും പറഞ്ഞ് കൈയ്യിൽ വെറുതെ തലപൊക്കി നിന്നിരുന്ന രോമത്തെ പിടിച്ച് ഒറ്റവലിയാ 

അയ്യോ ന്നൊരു അലർച്ച കേട്ട് എല്ലാവരും ഞെട്ടി അവറാൻ ചേട്ടനെ വട്ടം പിടിച്ചു നിന്നിരുന്ന മമ്മദിന്റെ കൈയ്യിലത്തെ രോമാ അവറാൻ ചേട്ടൻ വലിച്ചു പിഴുതെടുത്തത്  

മമ്മദിന്റെ മേത്താണെങ്കിൽ ആകെ രോമങ്ങളാ കരടിയെന്നാ  മമ്മദിന്റെ ഇരട്ടപ്പേര്   

അതും ഒരു പിടി രോമങ്ങളായിരുന്നു അവറാൻ ചേട്ടൻ പിടിച്ചു വലിച്ചെടുത്തത് 

മമ്മദിന്റെ കണ്ണീന്ന് വെള്ളം വന്നു എന്നാലും മമ്മദ് ക്ഷമിച്ചു കാരണം ബാറിലേക്കാണ് അവറാൻ ചേട്ടൻ പോകുന്നത് തന്നേം വിളിക്കും അതോടെ ഉള്ളിൽ തിക്കിക്കയറി വന്ന തെറിയെ മമ്മദ് കടിച്ചു വിഴുങ്ങി എന്നിട്ടും മമ്മദിന്റെ കണ്ണുകളിൽ നിന്ന് വെള്ളം കുടു കൂടായെന്നും പറഞ്ഞ്  ഒഴുകിക്കൊണ്ടിരുന്നു 

കോഴിയെ ചൂടുവെള്ളത്തിൽ മുക്കി തൊലി പൊളിച്ച പോലെയായി മാറി ആ ഭാഗം

അവറാൻ ചേട്ടനത് മനഃപൂർവ്വം ചെയ്തതാണോയെന്ന് പോലും മമ്മദിന് സംശയം തോന്നിയതാ  

ആയകാലത്ത്  ഒറ്റ കൈയ്യോണ്ട് നാല് പോലീസാരേ തൂക്കിയിട്ടുള്ളതാ ഈ ഞാൻ  ഇടിയൻ ജോണിയെങ്ങാനും വന്നാ അവന്റെ ഇടി ഇന്നത്തോടെ ഞാൻ  തീർക്കും  .

നിങ്ങള് വിവരക്കേട് പറയല്ലേ മരങ്ങോടൻ അവറാനെ  ഇടിയൻ രണ്ട് പ്രാവശ്യം വാണിംഗ് തന്നിട്ടുള്ളതാ  ഇനി,  നിങ്ങളെങ്ങാനും കുടിച്ചോണ്ട് ഇടിയന്റെ  മുന്നിൽ ചെന്നു  പെട്ടാ,  ശരിക്കും നിങ്ങടെ കൂമ്പു വാട്ടുട്ടാ,  തെണ്ടി അവറാനെ  ഇത് ഞാനാ പറയണേ വറീത്

വറീത് എന്തുകൊണ്ട് അത്തരത്തിലുള്ള  പ്രാസങ്ങൾ അവിടെ  പ്രയോഗിച്ചുവെന്നുള്ളത്  ഏവർക്കും എന്ന പോലെ വറീതിനും അജ്ഞാതമായിരുന്നു ഒരു ഒഴുക്കിൽ അങ്ങനെയങ്ങട് വെച്ചു കാച്ചിയതാ  

അവൻ ഞൊട്ടും വാട്ടാൻ ഇങ്ങട് വരട്ടെ  എന്റെ തനി കൊണം അവനറിയും
 
നിങ്ങള്  ആവശ്യമില്ലാണ്ട് പോയി പുലിവാല് പിടിക്കല്ലേ അവറാനെ 

പുലിടെ അല്ലടാ,  സിംഹത്തിന്റെ വാല്  ഈ അവറാൻ പിടിക്കും.

സിങ്കത്തിന്റെ വാലുപിടിച്ചാ അവറാൻ ചേട്ടനെ സിങ്കം  ശാപ്പിടുമേ   

തമിഴൻ മുരുകനായിരുന്നു അതിലുള്ള  തന്റെ ജ്ഞാനം വ്യക്തമാക്കിയത് 

താൻ പറഞ്ഞ വല്യ വിഷയത്തിൽ ഒരു കൈ തട്ടൽ അതിലൂടെ മുരുകൻ പ്രതീക്ഷിച്ചതെങ്കിലും ആരും ശ്രദ്ധിച്ചില്ല 

ശാപ്പിടുമ്പോത് അവർക്ക് തെരിയും എന്ന് സ്വയം പറഞ്ഞുകൊണ്ട് മുരുകൻ തന്നെ  അതവസാനിപ്പിച്ചു 

എന്റെ അവറാനെ, ഒറോത പറഞ്ഞിട്ടുള്ളതല്ലേ രണ്ടു കുപ്പി  മാത്രേ തരാൻ പാടത്തുള്ളൂന്ന് 

ഞാനിന്നങ്ങട് ചെല്ലട്ടെ  അവളെ ആദ്യം തട്ടും .

അവിടന്ന് പോയ പോക്കാത്രേ .

എന്നിട്ട് ബാറീന്ന് വരുമ്പോഴാ പിടിച്ചത് ?

ഏയ് ബാർ വരേക്കും എത്തിയില്ല കവലയിൽ വെച്ച് ഇടിയൻ ജോണിയുടെ  ജീപ്പ് കണ്ടതോടെ ആള് പേടിച്ചു വിറച്ചു സൈക്കിള് തിരിക്കാൻ നോക്കി  ആ പരാക്രമത്തിനിടയിലാ വീണത് അതോടെ ഇടിയൻ ജോണിക്കൊരു  സംശയം അപ്പോഴാ പിടിച്ചത് .

അപ്പോ മമ്മദ് 

മമ്മദിനെ കൊണ്ട് പോയില്ല അത് കാരണം ഇടിയന്റെ ഇടി കൊള്ളാതെ മമ്മദ് രക്ഷപ്പെട്ടു 

പേടിക്കാതെ  ധൈര്യമായിട്ട് പോയാ മതിയായിരുന്നു  പക്ഷേ ഇടിയനെ കണ്ടതോടെ  അവറാൻ  ചേട്ടന്റെ നല്ല ജീവൻ പോയിരുന്നു  പോരാത്തതിന് മൂന്നു കുപ്പി കള്ളും അകത്തുണ്ട് 

എന്താ സംഭവന്ന് ഇടിയൻ ചോദിച്ചപ്പോ അവറാൻ ചേട്ടൻ കമാന്നൊരക്ഷരം മിണ്ടാതെ നിന്നു  അതോടെ ഇടിയന് കൂടുതൽ സംശയമായി അങ്ങിനെയാ  അവറാൻ ചേട്ടനോട്  ഊതാൻ പറഞ്ഞത്  .

തലങ്ങും വിലങ്ങും പറഞ്ഞിട്ടും അവറാൻ ചേട്ടൻ വായ തൊറക്കുന്നില്ല ഊതാൻ പോയിട്ട് ശ്വാസം പോലും വിടാണ്ടാ അവറാൻ ചേട്ടൻ വിറച്ചോണ്ട് നിന്നത്    

അവസാനം ഊതെടാ നായേന്നും പറഞ്ഞ് ഇടിയൻ ജോണി ഒറ്റ അലർച്ചയായിരുന്നു 

ആ അലർച്ചയിൽ ഞെട്ടിയ അവറാൻ ചേട്ടൻ സ്വന്തം ജീവൻ വരെ പുറത്തേക്ക് ഊതിവിട്ടു

ഊതികഴിഞ്ഞപ്പോ ഇടയന്റെ മുഖത്തും  യൂണിഫോമിലും അപ്പടി വെളിച്ചെണ്ണ .

അയ്യോ അതെന്താ?

കുടിച്ചിട്ട് പോകുമ്പോ  വെളിച്ചെണ്ണ വായേല് പിടിച്ചാ മതീന്ന്  ഏതോ വിവരദോഷി അവറാൻ ചേട്ടന് പറഞ്ഞു കൊടുത്തീട്ടുണ്ടായിരുന്നൂത്രേ   

അപ്പൊ മറ്റേ കുന്ത്രണ്ടത്തില് ഊതിച്ചാലും മണം വരൂല്ലാത്ര 

പക്ഷേ ഊതാണാട്ടും മുമ്പ് ഒന്നുങ്കി വെളിച്ചെണ്ണ തുപ്പണം അല്ലെങ്കി വിഴുങ്ങണം പക്ഷേ  ഇടിയന്റെ  അലർച്ചയിൽ ഈ രണ്ടു ബാലപാഠങ്ങളും മറന്നിട്ടാ  അവറാൻ ചേട്ടൻ ഊതിയത് .

നീയൊന്ന് വാ നമുക്ക് ആ മെമ്പറെ കൂട്ടി ഒന്ന് പോയി നോക്കാം പാവം ഇപ്പോഴും  ജീവനോടെ ഉണ്ടാവാണാവോ ?

ഇടിയന്റെ ഒരു രീതി വെച്ച് ഇനി അവറാൻ ചേട്ടനെ ജീവനോടെ പ്രതീക്ഷിക്കേണ്ടെന്നാ എനിക്ക് തോന്നുന്നത് 

അങ്ങിനെയൊന്നും പറയല്ലേ ഏതായാലും നമുക്കാ സുകേശനെ കൂട്ടി സ്റ്റേഷൻവരെ പോയി നോക്കാം  വറീതും , ചായക്കടക്കാരൻ പാക്കരൻ ചേട്ടനും, മീൻ കാരൻ മമ്മദും  കവലയിൽ വരാമെന്നു പറഞ്ഞിട്ടുണ്ട് 

അതിന് സുകേശൻ വരോ?  ഇടിയൻ ജോണീയെ കണ്ടാ തന്നെ സുകേശന് പേടികൊണ്ട് പനി വരും  സുകേശൻ മെമ്പറ് ആണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യോം ഇല്ലാട്ടാ  

നിങ്ങള് ഈ കേസും പറഞ്ഞു ഇങ്ങട് വരണ്ടാ അയാള് രണ്ട് ദിവസം അകത്ത് കിടക്കട്ടെ  , എന്തിന്റെ കേടായിരുന്നു  അയാൾക്ക് ? 

ആ കള്ളെങ്ങാനും കുടിച്ചു വീട്ടി പോയാ മതിയായിരുന്നോ ? ബാറിൽ  പോവാൻ നോക്കിയേക്കണൂ   അതും പോരാഞ്ഞു മേത്തു വെളിച്ചെണ്ണയും തുപ്പിയിട്ടുണ്ട്  ഇനി ആളെ ജീവനോടെ നോക്കണ്ടാ  ഒരു കൊട്ടയും കൊണ്ട് ചെന്നാ മതി എല്ലും തോലും വാരിയെടുക്കാൻ സുകേശനതു  പറഞ്ഞു തീരലും 

ഡും,  ഡും ന്ന് രണ്ടിടി ശബ്ദം 

അത്  കേട്ട് ഞങ്ങൾ ഒന്നടങ്കം ഞെട്ടി  

ഇടിയൻ ജോണിയെങ്ങാനും വന്നോന്നും  പേടിച്ചു സുകേശൻ അകത്തേക്ക് ഓടാൻ നിന്നതാ   .

അതോടൊപ്പം  ഒരലറികരച്ചിലും അയ്യോ എന്റെ കെട്ട്യോനെ കൊന്നേന്നും പറഞ്ഞ്  

ചേടത്തിയാണ് 

എന്റെ പൊന്നു മോനേ സുകേശാ  നീയൊന്ന് പോയി നോക്കെടാ  അതിയാൻ ഇപ്പോത്തന്നെ പേടിച്ചു ചത്തിട്ടുണ്ടാവും തീരെ മനസ്സുറപ്പില്ലാത്ത ആളാ .

അതും പറഞ്ഞ് ചേടത്തി ഓളിയോട് ഓളി ഇടിയ്ക്കിടക്ക് അതിനൊരു ബലം കിട്ടാനാണെന്നു തോന്നുന്നു നെഞ്ചിനിട്ട് ഓരോ കാച്ചും കാച്ചുന്നുണ്ട് ഇത് കണ്ട് കൂടെ വന്ന റോമു മാറി നിന്നു ആളുമാറി  ഒരു ഇടി തന്റെ നെഞ്ചിനിട്ടു കിട്ടിയാ പിന്നെ കുരക്കാനായി താനുണ്ടാവില്ലെന്ന് അവന് നന്നായറിയാം .

നിങ്ങള് നെഞ്ചുകൂട് തല്ലിപ്പൊട്ടിക്കാതെ ഒന്നടങ്ങു  ചേടത്തി ഞങ്ങളൊന്ന് പോയി നോക്കട്ടെ .

മനസ്സില്ലാ മനസ്സോടെയാ സുകേശൻ അവസാനമതു സമ്മതിച്ചത് 

സ്റ്റേഷൻ എത്തും തോറും ഞങ്ങൾ മൂന്നു പേർക്കും വിറ തൊടങ്ങി തണുപ്പത്ത്  പുറത്തിറങ്ങിയ മാതിരിയാണ് സുകുവിന്റെ പല്ലുകൾ കിടന്നു  കൂട്ടിയിടിക്കുന്നത്  അതും വെച്ച് സുകു ഒരു നമ്പറ് ഇറക്കാൻ നോക്കി .
 
എനിക്ക് നല്ല പനിയാ  ഞാൻ പോട്ടേ 

നിന്റെ പനിയൊക്ക ഞങ്ങൾക്ക് അറിയാം നീയല്ലേ ഞങ്ങളെ വിളിച്ചോണ്ട് വന്നത്

ഞങ്ങൾക്ക് ആകെയുള്ള ഒരു ധൈര്യം മെമ്പറു സുകേശൻ കൂടെയുള്ളതാണ്

പക്ഷേ, സുകേശനാണെങ്കീ ഞങ്ങളേക്കാളും പേടിയിലാ  നിൽക്കുന്നത് പക്ഷേയതു  പുറത്തു കാണാതിരിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ട്  .

ഞങ്ങള് ചെല്ലുമ്പോ സ്റ്റേഷന്റെ ഒരു മൂലക്ക്  അവറാൻ ചേട്ടൻ ട്രൗസർ മാത്രം ഇട്ടിരുപ്പുണ്ട് ഞങ്ങളെ കണ്ടതോടെ ആളുടെ  മുഖം ഏലി പുന്നെല്ല് കണ്ടതുപോലെ ഒന്ന് വിടർന്നു .

വല്ല മാർഗ്ഗവും ഉണ്ടോ തോമാസേട്ടാ ? 

റൈറ്റർ തോമാസേട്ടനോട് സുകേശൻ രഹസ്യമായിട്ടാ ചോദിച്ചത് 
         
എന്റെ സുകേശാ എന്ത് വൃത്തികേടാ  ഇയാളീ  കാണേച്ചെന്നറിയോ?

 എസ് ഐ ടെ  മേത്താ വെളിച്ചെണ്ണ തുപ്പി വെച്ചത് അങ്ങേരുടെ യൂണിഫോമും ഊതണ മെഷിനും ഒക്കെ നാശായി മെഷിൻ പോയാലും പോട്ടെ അങ്ങേർക്ക് ഇന്നലെ കിട്ടിയ പുതിയ യൂണിഫോമാ അതും ഇട്ടോണ്ട് ഫോട്ടോ എടുക്കണമെന്ന്  നാഴികക്ക് നാല്പതു വട്ടം പറഞ്ഞോണ്ടിരുന്നതാ അതിലാ വെളിച്ചെണ്ണ തുപ്പി വെച്ചത് അതോടെ  അങ്ങേര് ആകെ കലിപ്പിലാ  വന്നൊടനെ രണ്ടെണ്ണം കിട്ടി .
 
അവറാൻ ചേട്ടൻ ഞങ്ങളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു .

കള്ള് ഷാപ്പിലിരുന്ന് വല്യ വീരവാദം വിട്ട ആളാണ്,   അയ്യോ പാവം കണക്കെ താഴെ ഇരിക്കാതെ ഇരിക്കുന്നത് 

ഇടിയനെ കണ്ടപ്പോഴേക്കും സൈക്കിളിന്ന് തലയും കുത്തി വീണു .

ഒരു വക്കീലിനേം കൊണ്ട് വരാർന്നില്ലേ ? ഇനീപ്പോ നിങ്ങളെ ഇറക്കാൻ ആരാ വരാ?

തോമാസേട്ടന്റെ ആ ഉണ്ടയില്ലാ വെടി കൊണ്ടത് ഞങ്ങളുടെ മൂന്നു പേരുടേയും നെഞ്ചിലായിരുന്നു .

ഈശ്വരാ വെറുതേ വന്ന ഞങ്ങളേയും ഇടിയൻ ജോണി ഇടിക്കുമോ ?

ചിലപ്പോ ഇടിക്കുമായിരിക്കും കാരണം ഇടിയൻ ജോണിക്ക് ആരേയും, എന്തിനേയും,  എപ്പോഴും  ഇടിക്കാം .

ഇടിയൻ ജോണിയുടെ ഇടി കൊള്ളുമ്പോൾ അമ്മേ .., ന്ന് വിളിച്ചു കരയുന്ന രംഗം എന്റെ ഓർമ്മയിൽ തെളിഞ്ഞു .

സുകേശൻ രഹസ്യായിട്ടാ  പറഞ്ഞത്  .

നമുക്കിപ്പോ പോകാം വക്കീലിനേം കൊണ്ട് പിന്നെ വാരാന്നു  പറഞ്ഞു തിരിയലും   ഇടിയൻ ജോണിയതാ തൊട്ടു മുന്നിൽ 

ഞങ്ങൾ മൂന്നു പേരും ഒരുമിച്ച് ഞെട്ടി .

എന്താ ? 

ഇടിയൻ ജോണീയുടെ ഗർജ്ജനം കേട്ട് ഞങ്ങൾ വീണ്ടും ഞെട്ടി .

ഇനിയും എത്ര പ്രാവശ്യം വേണമെങ്കിലും ഞെട്ടുവാൻ  ഞങ്ങൾ റെഡിയായിരുന്നു  

വെറുതേ  സുകേശൻ വിക്കി 

വെറുതേ വരാൻ ഇതെന്താ മാർക്കറ്റാ? കാര്യം പറയെന്റെ  മെമ്പറെ?

നമ്മുടെ അവറാൻ  

അവറാനെന്ന് കേക്കലും  ഇടിയന്റെ മുഖം ചുവന്നു ,  അതങ്ങനെ ചുവന്നു  ചുവന്നു,  ചുവന്ന സൂര്യൻ  പോലെയായി  

വെളുത്ത ഇടിയൻ ചുവന്ന ഇടിയനായി

ആ നായിന്റെ മോൻ എന്താ ചെയ്തെന്നറിയോ ? 

ഇടിയന്റെ ഇടിമുഴക്കം കേട്ട് സ്റ്റേഷൻ മൊത്തം  കിടുങ്ങി .

സ്റ്റേഷനു പുറത്ത്  ചുമ്മാ  വാലാട്ടിക്കൊണ്ട്  നിന്നിരുന്ന ചാണ്ടിയുടെ  പട്ടി  കോവാലൻ  ഒരിക്കലും നീരാത്ത വാലും നീട്ടിപിടിച്ചു കൊണ്ട്  ജീവനും കൊണ്ട് പാഞ്ഞു 

നായിന്റെ മൊനെയെന്നുള്ള വിളി തനിക്കിട്ടായിരിക്കുമെന്നായിരുന്നു ആ പാവം കരുതിയത് വെറുതേ വാലാട്ടി നിന്നുവെന്നല്ലാതെ താനെന്തു തെറ്റാ ചെയ്തതെന്ന് ആ പാവത്തിന് അപ്പോഴും മനസ്സിലായില്ല 

സ്നേഹം പ്രകടിപ്പിക്കാനായി വാലാട്ടുന്നതും ഒരു കുറ്റമോ 

സ്റ്റേഷനിലേക്ക്  ചായ കൊടുക്കാൻ വന്ന വാസുവേട്ടൻ  ചായേടെ കാശ് പിന്നെ വന്ന് വാങ്ങിക്കോളാമെന്നും പറഞ്ഞു വേഗം മുങ്ങി അല്ലെങ്കി ചായ കുടിച്ച് കഴിയുന്നതുവരെ കാത്തു നിന്ന് കാശ് വാങ്ങിക്കൊണ്ട് പോകുന്ന മനുഷ്യനാ 

ഇടിയന്റെ ആ ഭാവമാറ്റം കണ്ടതോടെ സുകേശൻ വിറച്ചു തുടങ്ങി  മെമ്പറാന്നുള്ള കാര്യമൊക്കെ  മറന്ന് സുകേശൻ വെറുമൊരു പേടിത്തൊണ്ടനായി മാറി .

എന്റെ കാര്യമാണെങ്കിൽ അതിലും കഷ്ടം  ഏതു നിമിഷം വേണമെങ്കിലും എന്റെ ബോധം എന്നെ  വിട്ട് ഇറങ്ങി ഓടാൻ റെഡിയായി നിൽക്കുകയാണ്.

ഈശ്വരാ, ലോകത്തുള്ള എല്ലാ ഗുലുമാലുകളിലും പോയി ഞാൻ  തലയിടുന്നുണ്ടല്ലോ?

ഞാൻ സുകുവിനെ നോക്കി, 

സുകുവാണെങ്കിൽ ജീവൻ ഇപ്പൊ മുകളിലോട്ട്  പറന്നു പോകുമെന്ന മട്ടിലാണ് നിൽക്കുന്നത്  അത്  പോവാതിരിക്കാനായി ബൈബിൾ നെഞ്ചോട് ചേർത്ത് മുറുക്കി പിടിച്ചിട്ടുമുണ്ട് .

ഞങ്ങളുടെ കൂടെ സ്റ്റേഷൻവരേക്കും  വന്ന ചേടത്തീയെ അവിടെയെങ്ങും   കാണുവാനില്ല  അവസാനം പോലീസ് സ്റ്റേഷന്റെ പുറത്ത് മതിലിനോട് ചേർന്ന് രണ്ടു കണ്ണുകൾ മാത്രം 

അത്  ചേടത്തീയുടെയാണെന്ന്  വിളിച്ചു പറയുന്നുണ്ട് .

ഈ വിഡ്ഢി,  വെളിച്ചെണ്ണ  എന്റെ മുഖത്ത് തുപ്പി ഇവനെ ഞാനിന്ന്  കൊല്ലൂന്ന്   പറയലും  ഇടിയൻ ജോണി ഓടിചെന്ന്  അവറാൻ ചേട്ടനെ കുനിച്ചു നിറുത്തി മുതുകിനിട്ട് രണ്ടു കുത്ത് .

ഇടിയൻ പാഞ്ഞു വരുന്നത് കണ്ടതോടെ അവറാൻ ചേട്ടൻ  കുനിഞ്ഞു നിന്ന് പുറം കാണിച്ചു കൊടുത്തു 

എന്റെ കർത്താവേ എന്നെ കൊല്ലുന്നേ  

അവറാൻ ചേട്ടന്റെയാ മുഴുനീളെ കരച്ചിൽ കേട്ട്  ഇടിയൻ ജോണി പോലും ഞെട്ടിപ്പോയി  

ആ കരച്ചിൽ കേട്ടതോടെ ഒറോത ചേടത്തി ജീവനും കൊണ്ട്   വീട്ടിലേക്ക് പാഞ്ഞു ചേടത്തിയുടെ വിചാരം അവറാൻ ചേട്ടന്റെ ഭാര്യയാണെന്നുള്ള ലേബലിൽ ഇടിയന്റെ ഇടി തനിക്കും കൂടി കിട്ടുമോയെന്നുള്ളതായിരുന്നു  .

അവറാൻ ചേട്ടൻ കർത്താവിനെ വിളിച്ച് കരഞ്ഞത്  ഓടിക്കോ എന്നാണു കേട്ടതെന്നാ ചേടത്തി  പിന്നീട് പറഞ്ഞത് .

അവറാൻ ചേട്ടനെ ഇടിക്കുന്ന കണ്ടതോടെ  സുകേശന്റെ വിറ ഒന്നുകൂടി കൂടി ആ കൊച്ചു ശരീരം പൂക്കുല പോലെയാണ് ഇപ്പോൾ  വിറക്കുന്നത് അത്  താങ്ങാൻ പറ്റാതെ അതോടൊപ്പം  സുകേശൻ കിടന്ന് ആടുന്നുണ്ട്

സുകേശൻ ആകെ വിളറി വെളുത്തു വെള്ളക്കാരനായി മാറി മുഖത്തെ രക്തമെല്ലാം  പേടികൊണ്ട് എവിടെയോ പോയി ഒളിച്ചു

എനിക്ക് എം ൽ എ ആവാനുള്ളതാന്ന് സുകേശൻ വിറച്ചു വിറച്ചു പറയുന്നത് ഞങ്ങൾ കേട്ടു   

പ്രേഷിതൻ സുകുന്റ ഹൃദയം  ഇടിക്കുന്ന സ്വരം ഞങ്ങൾക്കെല്ലാം വ്യക്തമായി കേൾക്കാം ചെണ്ടയിൽ കൊട്ടുന്നത് പോലെയാണത്  അതിനേക്കാൾ ഉച്ചത്തിലാണ്  എന്റെ ഹൃദയം ഇടിക്കുന്നത് .

അയ്യോ എന്നെ കൊല്ലല്ലേ സാറേ  ഞാനിനി കുടിക്കത്തില്ലായേ   

അവറാൻ ചേട്ടൻ  വെട്ടിയിട്ട പോലെ ഇടിയൻ ജോണിയുടെ കാലിൽ വീണു  .

സുകേശന്റെ കാര്യമാണ് ഏറ്റവും കഷ്ടം  പേടിച്ചു , പേടിച്ചു , സുകേശൻ  ഇവിടെ വീണ് ചാവൂമോയെന്ന് പോലും ഞങ്ങൾക്ക്  തോന്നി .

അവറാൻ ചേട്ടനെ രക്ഷിക്കാൻ പോയി അവസാനം സുകേശന്റെ കാറ്റ് പോകുമോയെന്നായിരുന്നു എല്ലാവർക്കും സംശയം 

സുകേശൻ വിക്കി , വിക്കിയാ എന്നോട് പറഞ്ഞത്  .

ആ .., ആവശ്യമില്ലാത്ത  പരി  പരി , പരിപാടിക്ക്  വരണ്ടാ  വരണ്ടാന്ന് ഞാൻ പറഞ്ഞതാ  അവറാൻ ചേട്ടനെ അയാള് ഇവിടെയിട്ട് ഇടിക്കും നമ്മളെ ആവശ്യമില്ലാതെ  ഇടിക്കും  അയാള് ഇടിച്ചാ ഞാൻ ചാവും 

സുകേശൻ ഒരു കൊച്ചു കുട്ടിയേപ്പോലെ കരയാൻ തുടങ്ങി .

സുകേശാ നിങ്ങളൊരു  മെമ്പറല്ലേ ? ജനപ്രതിനിധിയാണ് വലുത് നിങ്ങള് ഒന്ന് ധൈര്യമായിരിക്ക് .

ഇതൊക്കെ എനിക്കുമറിയാം  പക്ഷേ എന്റെ മനസ്സൊരു പാവമാ 

പാവം സുകേശൻ .

ആരെടാ നിനക്ക് ഈ ഉടായിപ്പ് പറഞ്ഞു തന്നത്  വെളിച്ചെണ്ണ വായിൽ പിടിച്ച കള്ളിന്റെ മണം വരത്തില്ലായെന്ന് ?

അവറാൻ ചേട്ടൻ മിണ്ടുന്നില്ല  

ഞങ്ങളെല്ലാം വളരെയധികം  ആകാംഷയോട് കൂടി അവറാൻ ചേട്ടനെ നോക്കുകയാണ്
 
ആരാണ്  അവറാൻ ചേട്ടന് ഈ ഐഡിയ പറഞ്ഞു കൊടുത്തത്, ഏത് വിഡ്ഢിയാണത് ?

നീ വാ തുറന്ന് പറയുന്നോ അതോ നിന്റെ കൂമ്പ് ഞാനിടിച്ചു വാട്ടാണോ ?

എന്നിട്ടും അവറാൻ ചേട്ടൻ മിണ്ടുന്നില്ല .

ഇടിയന്റെ ക്ഷമയുടെ നെല്ലിപ്പലക തകരുന്ന ശബ്ദം ഞങ്ങൾ കേട്ടു  അതോടു കൂടി ഭൂമി കുലുങ്ങുന്ന മാതിരി വീണ്ടുമൊരലർച്ച 

വാ തുറന്ന്  പറയെടാ നായിന്റെ മോനേ 

ആ അലർച്ചയിൽ ഭൂമി മാത്രമല്ല ആകാശം കൂടി കുലുങ്ങി  പാക്കരൻ ചേട്ടന്റെ വീട്ടുമുറ്റത്ത് ഉറങ്ങുകയായിരുന്ന റോമു എന്താ സംഭവമെന്ന് അറിയാതെ  വെറുതെ ആകാശത്തോട്ട് നോക്കി കുരച്ചു  .

ആ അലർച്ചയിൽ ഒരു നിമിഷം ഭൂമി നിശബ്ദം  റൈറ്റർ തോമാസേട്ടൻ ഞെട്ടിക്കൊണ്ട്  ഉടൻ തന്നെ പേനയെടുത്ത് എന്തൊക്കയോ കുനുകുനാന്ന് എഴുതുവാൻ തുടങ്ങി .

പേടിയിൽ അവറാൻ ചേട്ടന്റെ ട്രസ്റ് നനഞ്ഞു  അവറാൻ ചേട്ടൻ ട്രൗസറിൽ മുള്ളി .

സുകേശൻ ഇപ്പോ ബോധം കേട്ട് വീഴുന്ന മട്ടിൽ കസേരയിൽ പിടിച്ചു എന്റെ ശരീരം എന്റെ  അനുവാദത്തിനായി കാത്തു നിക്കാതെ വിറച്ചു  തുടങ്ങി അത് ഒരു ഒന്നൊന്നര വിറയലായിരുന്നു  

ഞാൻ വിറച്ചു കൊണ്ട് സുകുവിനെ നോക്കി സുകുവാണെങ്കിൽ  ബ്രേക്ക് ഡാൻസ് കളിക്കുന്ന മാതിരിയാണ് കിടന്ന് വിറക്കുന്നത് .

നിന്നെ ഇന്ന് ഞാൻ കൊല്ലും എന്ന് പറഞ്ഞുകൊണ്ട് ഇടിയൻ അവറാൻ ചേട്ടന്റെയടുത്തേക്ക് ചെല്ലലും അവറാൻ ചേട്ടൻ എന്റെ നേർക്ക് കൈചൂണ്ടിയതും ഒരുമിച്ചായിരുന്നു .

ആ കൈവിരൽ ഒരു മെഷിൻ ഗൺ ആയിട്ടാണ് എനിക്ക് തോന്നിയത്

എന്റെയടുത്ത് നിൽക്കുകയായിരുന്ന സുകേശനും,  സുകുവും പാമ്പിനെ കണ്ടതുപോലെ  ചാടിമാറി .

ഇല്ലെങ്കിൽ ആ വിരൽ ആർക്ക് നേരയാണെന്ന് അറിയാതെ ഇടിയൻ വന്ന് ഇടിച്ചാലോയെന്നായിരുന്നു അവരുടെ പേടി 

ഈ ഞാഞ്ഞൂളാണോ  ഇത് പറഞ്ഞു കൊടുത്തത് ?

ഇടിയൻ എന്നെ ചൂണ്ടി  ചോദിച്ചു 

ഞാൻ കണ്ണുകൾ കൊണ്ട് അല്ല അല്ല എന്ന് കാണിക്കുന്നുണ്ട്  പക്ഷേ എന്റെ കണ്ണുകൾ അടയുന്നില്ല അത് പേടികൊണ്ട് അങ്ങിനെ തുറന്ന പടി തന്നെ  നിൽക്കുന്നു .

സുകേശൻ വിറച്ചു കൊണ്ടാണ് എന്നോട് ചോദിച്ചത്

എ ..,എന്തിനാടാ  നീ , നീ , ഈ വിവരദോഷം പറഞ്ഞുകൊടുത്തത് ?

ഇടിയന്റെ  ഉണ്ടക്കണ്ണുകൾ ഒന്നുകൂടി ഉരുണ്ടു ,മീശയുടെ രണ്ടറ്റവും വളഞ്ഞു വില്ലു  പോലെയായി 

അതോടെ എന്റെ ബോധം എന്നെ വിട്ട് ഓടാൻ റെഡിയായി .

നിന്നെ  അയാളിന്ന്  ഇടിച്ചു കൊല്ലും  

സുകു പറയുന്നത് കേട്ടതോടെ ഞാൻ കരഞ്ഞു, എനിക്ക്  അമ്മയെ കാണണം 

ഈശ്വരാ അവറാൻ ചേട്ടൻ എന്നെ ഒറ്റികൊടുത്തിരിക്കുന്നു 

എപ്പോഴോ തമാശക്ക് എന്റെ  കൊച്ചു ബുദ്ധിയിൽ തോന്നിയ ഒരു വിഡ്ഢിത്തം  വെറുതെ ഈ മനുഷ്യനോട്  പറഞ്ഞതായിരുന്നു , അതിതാ ഇടിയന്റെ  ഇടിയായിട്ട് മുന്നിൽ നിൽക്കുന്നു .

സത്യത്തിൽ എനിക്കത് ഓർമ്മയേ ഉണ്ടായിരുന്നില്ല 

ഉണ്ടായിരുന്നുവെങ്കിൽ സ്റ്റേഷന്റെ  ഏഴയലത്തേക്ക്  പോലും ഞാൻ വന്നേനില്ല  ഞാൻ കരുതിയിരുന്നത്  ഇത് മറ്റാരോ അവറാൻ ചേട്ടന് പറഞ്ഞു കൊടുത്തതാണെന്നായിരുന്നു .

എനിക്ക് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടണമെന്നുണ്ട്  പക്ഷേ കാലുകൾ രണ്ടും ഭൂമിയിൽ  കുറ്റിയടിച്ചതു പോലെ നിൽക്കുന്നു ഒരു സ്നേഹവുമില്ലാത്ത കാലുകൾ 

ഞാൻ ഓടിയാൽ ഇടിയൻ എന്നെ ഓടിച്ചിട്ട് പിടിക്കും  അപ്പോൾ ഇടി കൂടുതൽ കിട്ടും   ഇടിയന്റെ ഒറ്റ ഇടിക്കു തന്നെ എന്റെ കാറ്റു പോവും .

കണ്ണുകൾക്ക് ചുറ്റിലും കൂരിരുട്ട് , ഇന്നെന്നെ ഇടിയൻ ഇടിച്ചു കൊല്ലും ഇടിയന്റെ ഒരിടി പോലും താങ്ങാനുള്ള കരുത്തു പോലും  എന്റെയീ  കൊച്ചു ശരീരത്തിനില്ല . 

ഇടിയൻ  കൈ വീശുമ്പോ വരുന്ന കാറ്റു മാത്രം മതി എന്റെ കാറ്റു പോകാൻ  .

ഞാൻ  ഒരു ആശ്രയത്തിനായി സുകേശനെ നോക്കി സുകേശനാണെങ്കിൽ  എന്നേക്കാളും പേടിച്ചാണ് നിക്കുന്നത്  ഇനി ഞാൻ സുകേശന്റെ നേർക്ക് കൈചൂണ്ടുമോയെന്നു പോലും സുകേശന്  നല്ല ഭയമുണ്ട് 

സുകുവാണെങ്കിൽ  ദർശനം കിട്ടിയതു  പോലെ നിന്ന് വിറക്കുന്നു  കണ്ണുകൾ അടച്ചു പിടിച്ചിരിക്കുന്നു  ഇടിയനെ കാണാൻ കണ്ണുകൾക്ക് പേടി ആയതു കൊണ്ടായിരിക്കണം സുകു തുറക്കണമെന്ന് കരുതിയിട്ടും കണ്ണുകൾ തുറക്കാൻ സമ്മതിക്കാത്തത് .

ഏത് കഷ്ട്ടകാലം നേരത്താണാവോ എനിക്ക് വരാൻ തോന്നിയത്

ഇങ്ങോട്ട് മാറിനിക്കടാ  

ഇടിയന്റെയാ അലർച്ചയോടെ  ഞാൻ എപ്പോ മാറിയെന്ന് ചോദിച്ചാ മതി .

ഡാ  മുണ്ടൂരടാ .

ഈശ്വരാ  മുണ്ടൂരണോ ? ഞാൻ അവറാൻ ചേട്ടനെ നോക്കി

മുണ്ടൂരിക്കൊള്ളാൻ  അവറാൻ ചേട്ടൻ എന്നെ നോക്കി കണ്ണിറുക്കി .

മുണ്ടൂരിയാ എന്റെ മാനം പോവും  ഉള്ളിലിട്ടിരിക്കുന്ന ട്രൗസറ് ആകെ കീറിപ്പറിഞ്ഞതാണ്  

ഈ ഇടിയൻ ജോണി കാലമാടൻ എന്നെ വസ്ത്രാക്ഷേപം നടത്താൻ പോവുകയാണ് ഇതറിഞ്ഞിരുന്നുവെങ്കിൽ നല്ലൊരു ട്രൗസറെങ്കിലും ഇട്ടിട്ടു വരാമായിരുന്നു  .

ഈ കീറിപ്പറിഞ്ഞ ട്രൗസറിന്റെ ഉള്ളീക്കൂടെ എന്റെ അഭിമാനം മുഴുവനും ചോർന്നു പോകും  ട്രൗസറിന്റെതായ യാതൊരു ഗുണങ്ങളും ഇല്ലാത്ത ഒരു  ട്രൗസറായിരുന്നൂവത്  .

ഞാൻ അവറാൻ ചേട്ടനെ നോക്കി നല്ല സൂപ്പർ വരയൻ ട്രൗസർ 
വെള്ളയിൽ നീല വരകളുള്ളത് .

ഊരെടാ മുണ്ട്  ന്ന്  ഇടിയൻ വീണ്ടും അലറിയതും ഞാൻ ഊരാതെ തന്നെ മുണ്ട് എന്റെ അരേന്ന് സ്വയം  ഊരി മാറി 

മുണ്ട് വരെ പേടിച്ചുപോയി .

ഇടിയന്റെ കണ്ണുകൾ ഒരു നിമിഷം എന്റെ അരയിൽ  തറച്ചു നിന്നു  പിന്നെ പൊട്ടി  പൊട്ടി ചിരിച്ചു  എന്റെ ട്രൗസറിന്റെയാ  കോലം കണ്ട് അവറാൻ ചേട്ടനും ചിരി തുടങ്ങി അതോടൊപ്പം എല്ലാവരും ചിരി തുടങ്ങി
  
എല്ലാവരുടേയും ചിരി കേട്ട്  എന്താണ് എന്ന  സംശയത്തോടെ കണ്ണ് തുറന്ന സുകുവും ചിരി തുടങ്ങി .

ഞാൻ കൈകൾ കൊണ്ട്  നാണം മറക്കാൻ ഒരു പാഴ്ശ്രമം നടത്തി .

എന്തോന്നാടാ  ഇത് ? കുരുത്തിയാണോ ? മീൻ പിടിക്കാലോ ?

ഇടിയന്റെ ആ നിർദ്ദാക്ഷിണ്യമായ ഫലിതം കേട്ട് പോലീസ് സ്റ്റേഷൻ മുഴുവൻ ചിരിച്ചു  തുടങ്ങി .

ഏതോ കാഴ്ചവസ്തു പോലെ എല്ലാവരും എന്നെ  എത്തിനോക്കുന്നു
           
അഴിക്കുള്ളിലൂടെ കള്ളൻ പത്രോസ് തല വളച്ചിട്ടാണ് നോക്കുന്നത് .

അടിച്ചു കോരാൻ വന്ന ജാനു ചിരിച്ചോണ്ട് ഒറ്റ ഓട്ടം .

എന്ത് മാന്യനായിട്ട് നടന്ന ഞാനായിരുന്നു  എല്ലാം പോയി ഭൂമി പിളർന്ന് താഴ്ന്നു  പോയെങ്കിലെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ച നിമിഷം .

എന്റെ വസ്ത്രാക്ഷേപത്തോടെ ഇടിയൻ അവറാൻ ചേട്ടൻറെ കാര്യം മറന്നു

നല്ലൊരു ട്രൗസറ് വാങ്ങി ഇടൂ എന്നുള്ള ഉപദേശത്തോടെ ഇടിയൻ ഞങ്ങളെ യാത്രയാക്കി  


നിനക്ക് ട്രൗസറ് ഇല്ലെങ്കി എന്റെ പഴയ രണ്ടുമൂന്നെണ്ണം ഞാൻ തന്നേനെലോടാ

അതുകേട്ട്  അവറാൻ ചേട്ടനെ ഞാൻ രൂക്ഷമായി നോക്കി എന്റെ അഭിമാനം നശിപ്പിച്ച സാമ്യദ്രോഹി .

അങ്ങനെ പുറത്തായ എന്റെ  അരമന രഹസ്യം അധികം പുറത്താവാതിരിക്കാൻ എല്ലാവർക്കും ഞാൻ  വയറുനിറയെ കള്ള് വാങ്ങിക്കൊടുത്തു .

           

0 അഭിപ്രായങ്ങള്‍