അല്ല ഇവരുടെ സമരം തീർന്നില്ലേ ?

                        ആരുടെ?'

          വക്കീലൻമാരുടെയും, മാദ്ധ്യമങ്ങളുടേയും?'

                  അത് സമരമല്ലല്ലോ, ഒരു തരം വാശിയല്ലേ .?

         എന്തിനു വേണ്ടി ?

    ആർക്കറിയാം ?, ഈഗോ വന്ന് തലക്ക് പിടിച്ചാൽ പിന്നെ കാരണങ്ങൾക്കാണോ പഞ്ഞം ? ആര് വലിയവർ , ഇത് തങ്ങളുടെ സാമ്രാജ്യം എന്നൊക്കെ ചിന്തിച്ചു പോയാൽ പിന്നെ കാരണങ്ങൾക്ക് അധികമൊന്നും അലയേണ്ട.

       രണ്ടുകൂട്ടരും ന്യായീകരിക്കത്തക്ക വിധത്തിൽ കാരണങ്ങൾ നിരത്തുന്നു .

      മാധ്യമപ്രവർത്തനം അതൊരു തുറന്ന വേദിയാണ് . ആ അവകാശങ്ങൾ നിഷേധിക്കുന്നത്  ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളെ ഹനിക്കലാണ്.

              പത്ര സ്വാതന്ത്ര്യം നിഷേധിക്കുന്നത് സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം തന്നെ .

             ഇത് കോടതി വിചാരിച്ചാൽ തീർപ്പു കൽപ്പിക്കാൻ പറ്റില്ലേ ?

            പിന്നെന്താ ?

    എല്ലാവരും മധ്യസ്ഥശ്രമങ്ങളുടെ വക്താക്കളായിട്ട് പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ..അതുകൊണ്ട്  വലിയ ഗുണമൊന്നും കാണാനില്ല .

          ചില തീരുമാനങ്ങൾ കർശനമായിട്ടു എടുക്കുകയും നടപ്പാക്കുകയും വേണം.  അതിനുള്ള ആർജ്ജവവും,   ധൈര്യവും ഉണ്ടെങ്കിലേ  നിയന്ത്രണവിധേയമാകൂ .

          എന്നാൽ അതിനു കഴിവുള്ളവരാണ് വിരളം  ഓരോ വിപ്ലവങ്ങളും ഇങ്ങനെയുള്ള ചെറിയ  ചെറിയ അസംതൃപ്തികളിൽ നിന്ന് ഉടലെടുക്കുന്നതാണ് .

   ഇതിനെയൊന്നും വിപ്ലവങ്ങൾ എന്ന് പറഞ്ഞു വിപ്ലവങ്ങളെ അവഹേളിക്കല്ലേ,  ഇതെല്ലാം തോന്നിവാസങ്ങൾ മാത്രം .

           ഒരു നാണയത്തിന്റെ ഇരുവശങ്ങൾ  അത് നാണയം തന്നെയായിരുന്നാലേ അതിനു മൂല്യമുള്ളൂ ,  പരസ്പരം വേർപെട്ടു കഴിഞ്ഞാൽ പിന്നെ ആ നാണയത്തിന്റെ  സ്ഥാനം ചവറ്റുകുട്ടയിൽ ആണ് .

             ചിന്തിക്കേണ്ടവർ ചിന്തിച്ചാൽ നല്ലത് .

     ഏതു കൂട്ടത്തിലും ചില വിഷമുള്ളുകൾ ഉണ്ടാകും, അതാണ് മറ്റുള്ളവരെ കുത്തുന്നത് . അതവിടെ തന്നെയിരുന്നാൽ ആ ഭാഗം പഴുത്ത് വൃണമായി മാറി ദുർഗന്ധം വമിക്കും , അതിനുള്ള പരിഹാരം ആ മുള്ളുകൾ എടുത്തു കളയുക എന്നുള്ളത് തന്നെയാണ് .

    എല്ലായിടത്തും വേർതിരിവുകൾ, തങ്ങളുടേത് മാത്രമാണ് എല്ലാം  എന്ന്  വിശ്വസിക്കുന്നിടത്താണ് കുഴപ്പം . തൊട്ടതിനും പിടിച്ചതിനും വൈരുദ്ധ്യങ്ങൾ കാണുന്ന ഈ ലോകത്തിൽ  ഇതിന്റെയെല്ലാം വേരറുത്തു മാറ്റി എല്ലാവരും തുല്യരാണ് എന്നുള്ള ബോധമാണ് നിറക്കേണ്ടത് .

   ഈ ലോകം എല്ലാവരുടേതുമാണ്, ഇവിടെയുള്ള ഏവരുടേയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട് . പശുവിനെ കൊന്നാൽ  കൊന്നവനെ തട്ടുന്ന നാട്ടിൽ ഇതൊന്നും അത്ര പ്രായോഗികമല്ല എങ്കിലും  .. തിരുത്താനും .., മാറ്റാനും .., മാറ്റപ്പെടാനും കഴിയാത്തതായി യാതൊന്നുമില്ല  എന്നുള്ളതാവണം ചിന്ത .

    അതിനുള്ള നല്ല സംസ്കാരങ്ങൾ ചെറുപ്പത്തിലേ വളർത്തിയെടുക്കണം . അതിനു വേണ്ടുന്ന  നല്ല വിദ്യാഭ്യാസവും , ശിക്ഷണങ്ങളും പുതിയ തലമുറകൾക്കെങ്കിലും ഗുണകരമാകുന്ന വിധത്തിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യം .

    ലോകം ഇപ്പോഴേ വളരെ മോശമായിരിക്കുന്നു , എല്ലാവരും തന്നിലേക്ക് തന്നെ ചുരുങ്ങിയിരിക്കുന്നു . ഏതിനും എന്തിനും താൻ അല്ലെങ്കിൽ തങ്ങൾ എന്ന  മനോഭാവം മാത്രം , അടുത്തവനെ ശത്രുവായി മാത്രം കാണുന്ന കണ്ണുകൾ എല്ലാം ഒരു ജനതയുടെ നാശത്തിലേക്കുള്ള ചവിട്ടു പടികൾ തന്നെയാണ് .

     ഒരു തലമുറ ചെളിയിലാണ്ടു പോയിരിക്കുന്നു , ഇനി വരുന്ന തലമുറകളെങ്കിലും  സാഹോദര്യത്തിന്റെ വഴിയിലൂടെ ചരിക്കേണ്ടത് ലോക നന്മക്ക് തന്നെ അത്യന്താപേക്ഷിതമാണ് .

     ഇല്ലെങ്കിൽ ഇനിയും കലാപക്കൊടികൾ ഉയർന്നു കൊണ്ടേയിരിക്കും അതൊരു യുഗത്തിന്റെ തന്നെ അന്ത്യമായിരിക്കും . പരസ്പരം ആക്രോശിച്ചും, വെട്ടിയും,  കൊന്നും ,കൊലവിളിച്ചും തീരുന്ന മനുഷ്യായുഗത്തിന്റെ അന്ത്യം .

             

0 അഭിപ്രായങ്ങള്‍