ചെയ്യുന്ന ജോലിയോട് , ജീവിക്കുന്ന സമൂഹത്തോട് , ജനാധിപത്യവ്യവസ്ഥിതിയോട് എല്ലാമുള്ള പ്രതിബദ്ധത  അത് സേവനത്തിന്റെ വലിയൊരു തുറന്നു കാട്ടലാണ്  മറ്റുള്ളവർക്കുള്ള മാത്രകയാണ് .

         നിയമം പഠിച്ചവർ തന്നെ നിയമ ലംഘകരാകുമ്പോൾ , നീതി പീഠങ്ങളുടെ അങ്കണങ്ങൾ തന്നെ  നീതി നിഷേധനത്തിന്റെ വേദികൾ ആകുമ്പോൾ , ആശങ്ക ഏറുന്നത്  നീതി ദേവതയുടെ കാവൽ ഭടന്മാരെ മനസ്സിൽ ഏറ്റവും ഉയരത്തിൽ സൂക്ഷിക്കുന്ന പൊതുജനങ്ങളെന്ന വലിയൊരു വിഭാഗത്തിനാണ് .

      അവർക്ക്, ശക്തമായ   ജനാധിപത്യവ്യവസ്ഥയുടെ നിയമ സംഹിതകളിലെ പഴുതകളോർത്ത് സ്വയം ലജ്ജിക്കാനുള്ള അവസരം നൽകരുത്.  

   എന്താണ് അഭിഭാഷകർക്ക് സംഭവിക്കുന്നത് ? നീതിപുസ്തകത്തിലെ ഓരോ വാക്യങ്ങളും , വാചകങ്ങളും മനഃപാഠമാക്കിയവർ നീതികേടുകൾക്കിറങ്ങുന്നത് എന്തുകൊണ്ട് ?

     സ്വന്തം അറിവിനെ ധാർഷ്ട്യത്തിന്റെ പ്രതിരൂപമാക്കുന്ന സേച്ഛാധിപത്യപരമായ ചിന്തകളിലേക്ക് അഭിഭാഷകരിലെ ഒരു കൂട്ടം ആഴ്ന്നിറങ്ങിയോ ?

     ചെന്നൈയും, കേരളവും അതാണ് കാണിച്ചു തരുന്നത് . അതിനി ഇന്ത്യ മുഴുവൻ വ്യാപിക്കുന്ന മറ്റൊരു ശിപായി ലഹളയായി മാറുമോ?

     സമൂഹത്തെ നേർവഴിക്ക് നയിക്കേണ്ടവർ തന്നെ തെമ്മാടികൂട്ടം പോലെ അധഃപതിക്കുമ്പോൾ  കാണുന്നവർക്ക് , മൂക്കത്ത് വിരൽ വെക്കാവുന്ന തരത്തിലേക്ക് കറുത്ത കോട്ടിനുള്ളിൽ നിന്നുകൊണ്ട് നീതിക്കുവേണ്ടി വാദിക്കുന്നവർ തരം താഴുന്നുപോകരുത് ,അങ്ങനെ സംഭവിച്ചാൽ  അത് നീതി നയത്തിന്റെ  അധഃപതനമായിരിക്കും .

            കണ്ണ് കെട്ടിയ നീതിദേവതയുടെ രൂപത്തിന് മുഖം നോക്കാതെ നീതി വിജയിക്കും എന്നുള്ളതിന് പകരം , മറ്റൊരു വ്യാഖ്യാനവും നൽകിക്കൂടാ . അതിന്റെ കാവൽ ഭടൻമാർ തന്നെ നീതിപുസ്തകത്തിന്റെ മുകളിൽ നിന്ന് പേക്കൂത്ത് കാണിക്കുമ്പോൾ ഒരു വിഭാഗത്തിന്റെ മൂല്യച്യുതിയായി മാത്രമേ  കണക്കാക്കാനാകൂ .

     ജനാധിപത്യം, ജനങ്ങളുടെ ആധിപത്യമാണ്  നിയമം അറിഞ്ഞിട്ട് നിയമം ലംഘിക്കുന്നത്  ഗുരുതരമായ നിയമ ലംഘനം തന്നെയാണ് . അതറിയുന്നവർ തന്നെ  തങ്ങളിലെ മറ്റൊരു മുഖത്തെ കൂടഴിച്ചു പുറത്തു വിടുമ്പോൾ,അതവർ അവരോടു തന്നെ ചെയ്യുന്ന നീതികേടു തന്നെ .

  പരസ്പര സഹവർത്വത്തോടെയല്ലാതെ ഈ ഭൂമുഖത്ത് ആർക്കും നിലനിൽപില്ല  എന്ന സത്യത്തിന്റെ ഉൾക്കാമ്പുൾകൊണ്ട് ജീവിക്കുമ്പോൾ , ഓരോരുത്തരും  ഈ സമൂഹത്തിന്റെ അവിഭാജ്യഘടകങ്ങൾ ആയി മാറുന്നു . അതിനായി നമ്മൾ  പരസ്പരം തോളോട് തോൾ ചേർന്ന് അടുത്തവന് താങ്ങായി വർത്തിക്കുമ്പോൾ   അവിടെ നന്മയുടെ ഒരു മരം മുളപൊട്ടുന്നു , അതിൽ കായ്ക്കുന്നത് നല്ല ഫലങ്ങൾ മാത്രമായിരിക്കും .

     സ്വയം തന്നിലേക്ക് തന്നെയുള്ള ഒരു ചൂഴ്ന്നു നോട്ടമാണ് തന്നെ തന്നെ മനസ്സിലാക്കാനുള്ള  ഏറ്റവും നല്ല മാർഗ്ഗം . അതിൽ കാണുന്നത് തെറ്റിലേക്കുള്ള ഒരു ചൂണ്ടു പലകയാണെങ്കിൽ,  അത് തിരുത്തുവാൻ  കഴിവുള്ളവനും  അവനവൻ തന്നെയാണ് .

                 ഈ ലോകം എല്ലാവര്ക്കും വേണ്ടിയുള്ളതാണ്  നമുക്ക് ജീവിക്കാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യം ഉള്ളത് പോലെ തന്നെ അടുത്തവനും ഉണ്ട് എന്ന ചിന്ത  നല്ലൊരു മനസ്സിൽ നിന്നും മാത്രം ഉറവെടുക്കുന്നതാണ് .

  തെറ്റുകൾ ചെയ്യുമ്പോഴല്ല  അത് തിരുത്തുമ്പോഴാണ്  ഒരുവന്റെ കരുത്ത് വെളിവാകുന്നത് .

    പഴിചാരൽ തങ്ങളുടെ ബലഹീനതകളെ മറ്റൊരുവന്റെ മേലുള്ള  കെട്ടിവെക്കലാണ്.

       കരുത്തുകൊണ്ടു . ബലഹീനനെയാണ് കീഴടക്കാൻ കഴിയും എന്നാൽ അവനെക്കാൾ കരുത്തൻ വരുമ്പോൾ ? ചിന്തിക്കേണ്ടാതാണ്.

      അഭിഭാഷകർ , ദൈവത്തിന്റെ ദൂതന്മാരാണ് നീതിക്കുവേണ്ടി വാദിക്കുന്നവർ, നീതി വാങ്ങിക്കൊടുക്കുന്നവർ  അവർ ജനങ്ങളുടെ മനസ്സിൽ  മാലാഖമാരുടെ പ്രതി രൂപങ്ങൾ ആണ്  ആ ചിത്രം അങ്ങിനെത്തന്നെ ഏവരുടെയും മനസ്സിൽ കാലാകാലങ്ങളോളം നിലകൊള്ളട്ടെ .


                   
                

0 അഭിപ്രായങ്ങള്‍