സുഹൃത്ത് .., ഒരു പാട് അർത്ഥങ്ങൾ കാണിച്ചു തരുന്ന ഒരു പദം  സുഹൃദ്ബന്ധങ്ങളിൽ ആത്മാർത്ഥത തെളിഞ്ഞു നിൽക്കുമ്പോൾ ..അവിടെ ഒരായിരം ദീപങ്ങൾ തെളിയുന്നു .

     ഒരു നല്ല സുഹൃത്ത് അവനവന്റെ തന്നെ  കണ്ണാടിയാണ്, സ്വന്തം പ്രതിബിംബത്തെ നമുക്കതിൽ  കാണാം . തെറ്റുകളേയും , കുറ്റങ്ങളേയും  ചൂണ്ടികാണിച്ചു തരുന്ന ഒരു നല്ല മാർഗ്ഗദർശിയെ നമുക്കതിൽ  ദർശിക്കാം .

            വീണുപോകുന്നവനെ  ഒരു കൈ കൊടുത്ത് താങ്ങുന്നവൻ ആത്മാർത്ഥസുഹൃത്ത്, സുഹൃത്തിന്റെ വേദനകൾ ചോദിച്ചു വാങ്ങി അവനോട് കൂടെ അത് പങ്കിടുന്നവൻ സുഹൃത്ത്, തന്റെ പങ്കിൽ നിന്ന് ഒരു പങ്ക് ഇല്ലാത്തവന് പതിച്ചു നൽകുന്നവൻ സുഹൃത്ത് .

         ഒന്നോ രണ്ടോ വാചകങ്ങളിൽ ആ ബന്ധത്തെ ആറ്റിക്കുറുക്കാനാകില്ല അത് കടല് പോലെ വിശാലവും ആകാശം പോലെ ബ്രഹത്തായതുമാണ് . അതിന്റെ ആഴങ്ങളിൽ പവിഴങ്ങൾ കാണാം , മുത്തുകൾ കാണാം, അതിന്റെ വിഹായസ്സിൽ  പ്രശോഭയോടെ തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ കാണാം .

           സ്വന്തം സ്വാർത്ഥതാല്പര്യങ്ങൾക്കായി ബന്ധങ്ങൾ മെനഞ്ഞെടുക്കുന്ന സുഹൃത്തുക്കൾ , ആ പദത്തിനു മേൽ കരിനിഴൽ വീഴ്ത്തുന്ന ശകുനികൾ ആണ് .

    അവർ സ്വന്തംമെന്ന പദത്തിനു വേണ്ടി മാത്രം ആട്ടിൻ തോലുകൾ അണിഞ്ഞ ചെന്നായ്ക്കൾ ആയി മാറുന്നു .

     നല്ല സുഹൃത്ത് ഒരു തെളിഞ്ഞ ജലാശയമാണ് അതിന്റെ ആഴങ്ങൾ നമുക്ക് കാണാം . അവിടെ ഈഗോകളില്ല  വലുപ്പ ചെറുപ്പങ്ങൾ ഇല്ല  കുറ്റപ്പെടുത്തലുകൾ ഇല്ല  ആത്മാർഥത മാത്രം .

     ഇങ്ങിനെയുള്ള സുഹൃത്തുക്കൾ ഒരുപക്ഷേ നമുക്കില്ലായെങ്കിലും നമ്മളുടെ സുഹൃത്തുക്കളോട് നമുക്ക് അങ്ങിനെയാകാം .

     നല്ലതിനെകുറിച്ച് പരദൂക്ഷണം പറയാൻ ആയിരം നാവുകൾ കാണും  എന്നാൽ നല്ലതിനെ നല്ലതെന്നു പറയാൻ ഒരു നാവു മാത്രമേ  കാണൂ .. അതാണ് സുഹൃത്ത്.

             

0 അഭിപ്രായങ്ങള്‍