അല്ലടാ.., മോനെ എന്തായി , നമുക്ക് വല്ലതും കിട്ടിയോ ?

                      എന്ത് .?

        സ്വർണ്ണം വല്ലതും കിട്ടിയൊന്ന് ?

      സ്വർണ്ണം ?, ഒരു ഓടെങ്കിലും കിട്ടാൻ വേണ്ടി പെടാപ്പാട് പെടാ .

                 ഇത്രയും മോശാണോടാ നമ്മള് ?

 നമ്മള് മോശായിട്ടല്ലാ , മറ്റുള്ളോര് നമ്മളെക്കാളും കഴിവുള്ളൊരായിട്ടാ .

               അതെന്താ നമുക്കും അങ്ങിനെ ആവാൻ പറ്റത്തില്ലേ  ?

           എടാ അവിടെ തെങ്ങുകയറ്റ മത്സരം ഉണ്ടോ .?

                    എന്തിനാ ?

 അല്ല ഞാൻ പോയി തെങ്ങു കയറി ഒരു മെഡലെങ്കിലും കൊണ്ടു വരാർന്നു ..

       ഒളിമ്പിക്സ് മെഡലെന്ന് പറഞ്ഞാ അതത്ര  എളുപ്പമൊന്നുമല്ല,ലോകം മുഴുവൻ പങ്കെടുക്കുന്ന കായികമാമാങ്കമല്ലേ .?

  അത് തന്നെയാ ഞാനും പറയണേ, പത്തു നൂറ്റി മുപ്പത് കോടി ജനങ്ങളിന്ന്  ഒരു മെഡൽ ജേതാവിനെ പോലും കണ്ടെടുക്കാൻ കഴിയില്ലെന്ന് പറയണത് വല്യ കഷ്ടം തന്നെ .

    അവറാൻ ചേട്ടന് ഇത്രയും വിവരമുണ്ടോ ?ഇന്ത്യയിലെ മൊത്തം ജനസംഖ്യയെല്ലാം അറിഞ്ഞുവെച്ചിരിക്കുന്നു, എന്റെയതേ  വിചാരം തന്നെയായിരുന്നു സുകൂനും, പാക്കരൻ ചേട്ടനും.

               റോമു ..,അവറാൻ ചേട്ടനെ നോക്കി ഒരു കോട്ടുവായിട്ടു .

            സാധാരണ വാ തുറന്നാ വിഡ്ഢിത്തരങ്ങളുടെ ഘോഷയാത്ര നടത്തുന്നതാണ് അവറാൻ  ചേട്ടന്റെ പതിവ് .

     ആ ഫിലിപ്പിനോടെങ്ങാനും രണ്ടെണ്ണം കടം ചോദിച്ചാ താരോ ?

        നാട്ടില് കൊണ്ട് പോയി കാണിച്ചിട്ട് തിരിച്ചു തരാന്ന് പറയാം ആളുടെ കൈയ്യിലാണെങ്കി കൊറേ ഉണ്ടല്ലോ ?

              ഫിലിപ്പല്ല ചേട്ടാ .., ഫെലിപ്സ് 

     അതാപ്പോ വല്യകാര്യം ? ഇനി ഇപ്പോ നീന്തണാട്ട് മുമ്പെന്നെ ആ സ്വർണ്ണം എടുത്ത്  ആൾക്ക് കൊടത്താ മതി  വെറുതെ എന്തിനാ മറ്റുള്ളോരെ കഷ്ട്ടപ്പെടുത്തണേ .

                നമുക്ക് ഒളിമ്പിക്സിന് പങ്കെടുത്തൂന്ന് പറയാൻ  ഒരു ഓടെങ്കിലും കിട്ടോടെ .?

           വീടിന്റെ പൊറത്ത് മേയാൻ വെക്കണ ഓട് കിട്ടും .

          വല്യ കഷ്ടം,  എന്താ നമുക്ക് ഒന്നും കിട്ടാത്തെ ?

     എന്റെ ചേട്ടാ .., ഇത് ചെറുപ്പം തൊട്ടുള്ള ഒരു തപസ്യയാണ്,  നിത്യാഭ്യാസി ആനയെ എടുക്കും  എന്ന് കേട്ടിട്ടില്ലേ ?, അതിനുള്ള ആത്മാർത്ഥതയും  ആർജ്ജവവും വേണം .  പിന്നെ അതിനുള്ള സാഹചര്യങ്ങളും , സൗകര്യങ്ങളും ഉണ്ടാകണം.അതിനു  ഭരണാധികാരികൾ മുന്നിട്ടിറങ്ങണം.

     എല്ലാം ഭരണാധികാരികളുടെ മേലെ കെട്ടിവെക്കാതെ ,  അർഹതയുള്ളവർ പലപ്പോഴും  തഴയപ്പെടുന്നെണ്ടെങ്കിലും  ശക്തമായ ആർജ്ജവം നിലനിൽക്കുന്നുവെങ്കിൽ  അതിനു നേരെ കണ്ണുകൾ അടക്കാൻ ആർക്കും ആവില്ല .

            ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവർ പോലും മെഡലുകൾ കൊണ്ട് പോകുമ്പോൾ , അപ്പോൾ എവിടെയാണ് പ്രശ്‌നമെന്ന് നമ്മൾ തന്നെ ചിന്തിക്കണം .

      ഒരു ഗെയിംസോ , ഒളിമ്പിക്‌സോ അടുക്കുമ്പോൾ  ചട്ടയും മുണ്ടും മുറുക്കി ഗോദയിൽ  ഇറങ്ങുകയല്ല വേണ്ടത് അതൊരു തപസ്യയായി കൊണ്ടു നടക്കണം.

                ചെറുപ്പത്തിലേ കഴിവുള്ളവരെ കണ്ടെത്തി ദീർഘവീക്ഷണത്തോടു കൂടി അവരെ തേച്ചു മിനുക്കി  വളർത്തിയെടുക്കുന്ന ഒരു സംവിധാനം നിലവിൽ വരണം അല്ലെങ്കിൽ മറ്റുള്ളവർ കൊണ്ട് പോകുന്ന മെഡലും നോക്കി നമുക്ക് അവർക്കായി കൈയ്യടിക്കാം .

           

0 അഭിപ്രായങ്ങള്‍