എന്റെ പോലീസേ ... എന്നെ വിശ്വസിക്കൂ ഞാൻ സത്യമായിട്ടും ആ സ്ത്രീയെ അല്ല നോക്കിയത്  അപ്പുറത്തുള്ള ആ ബോർഡ് വായിക്കുകയായിരുന്നു  ആ ബോർഡിന്റ മുന്നിലുള്ള സ്ത്രീയെ ഞാൻ കണ്ടില്ലായേ .

    നീ ഒന്നും പറയണ്ടടാ ,  പതിനാല് സെക്കന്റിനേക്കാളും കൂടുതൽ നീ അങ്ങോട്ട് നോക്കി നിക്കണത് ഞാൻ കണ്ടതാ  ദേ കണ്ടാ ടൈമറ്  പതിനാല് സെക്കൻഡും ഒരു മില്ലീ സെക്കൻഡും , നീ പെട്ടു മോനേ .

           സ്റ്റേഷനിലേക്ക് വാടാ , ഇന്ന് നിന്റെ കണ്ണു രണ്ടും ഞാൻ കുത്തിപ്പൊട്ടിക്കും . പതിനാല് സെക്കന്റ് പോയിട്ട്  ഇനി ഒരു സെക്കന്റ് പോലും നിനക്ക് നോക്കാൻ പറ്റില്ല   .

  എന്റെ സാറേ സത്യമായിട്ടും ഞാൻ ബോർഡ് വായിക്കായിരുന്നു .  

   എന്തിനാടാ ..  സ്ത്രീ  നിക്കണോടത്തു തന്നെ ബോർഡ് വായിക്കാൻ പോയത് ?

    എന്റെ സാറേ ഞാനൊരു അഡ്രസ്സ് തപ്പി വന്നതാ, അതിന്റെ ബോർഡാ വായിച്ചത് . എനിക്കത് വായിച്ചു തീർക്കാൻ തന്നെ ഒരു മിനിറ്റാവും എന്റെ പൊന്നു സാറേ .., സാറ് കൂടെ ഒന്ന് നോക്ക്യേ ..

     ഒന്ന് പോടാ ..,എനിക്ക് സസ്‌പെൻഷൻ വാങ്ങിത്തരാനാണോ നിന്റെ പരിപാടി ?

  എന്റെ സാറേ ..,ഇത് എവിടത്തെ നിയമമാ ? ഈ .....പതിനാല് സെക്കന്റ് ?

      അപ്പൊ .., നീയിതൊന്നും അറിഞ്ഞില്ലേ?  രണ്ട് ദിവസമായി പുതിയ നിയമം വന്നിട്ട് . ഇപ്പൊ ഇവിടെ നിയമങ്ങളൊന്നും ഗവൺമെന്റ് ഉണ്ടാക്കുന്നതല്ല  വല്യ വല്യ ആൾക്കാര് ഓരോന്ന് പറയും അത് നിയമാവും .

       ഹെൽമെറ്റില്ലാണ്ട് പോയാ നിനക്ക് പെട്രോളല്ലാ പച്ചവെള്ളം പോലും കിട്ടത്തില്ല  പിന്നെ ഇപ്പോ ഞങ്ങൾക്ക് പുതിയ പുതിയ മൾട്ടി പർപ്പസ് ആയ ആയുധങ്ങളൊക്ക കിട്ടുന്നുണ്ട്  വല്ലഭനു പുല്ലുമായുധംന്നൊക്കെ കേട്ടിട്ടില്ലേ ?, അത് പോലെ  വയർലെസ്സ് സെറ്റോണ്ട് രണ്ടുണ്ട് കാര്യം വേണമെങ്കീ തലയും കുത്തിപ്പൊട്ടിക്കാം .

         അപ്പോ നമ്മളീ കടലേക്കൊ പോയി സാധനം വാങ്ങുമ്പോ അവിടെ സ്ത്രീ ആണെങ്കിലോ .?

      അതൊന്നും എനിക്കറിയില്ല ,  പതിനാല് സെക്കന്റ് ആയോ  അപ്പൊ ഞങ്ങള്   പൊക്കും അതിന്റെ എടെല്  സാധനം വാങ്ങിയാലും കൊള്ളാം  ബോർഡ് വായിച്ചാലും കൊള്ളാം .

      അല്ല..,നിങ്ങളേയും സ്ത്രീകളെ നോക്കിയതിനാണോ പിടിച്ചത് ?

       എന്റെ മാഷേ ..,ഞാൻ കണ്ണോപ്പറേഷൻ കഴിഞ്ഞിട്ട് വീട്ടിൽ പോകാനായി ബസ്സു  കാത്തു നിൽക്കാർന്നു കണ്ണിനു ചൂട് അടിക്കാണ്ടിരിക്കാൻ ഞാൻ വെച്ച കറുത്ത ഗ്ളാസ്സിന്റെ ഉള്ളീക്കൂടെ ഞാൻ പെണ്ണിനെ നോക്കിയെന്നും പറഞ്ഞാ ഈ കാലമാടൻ എന്നെ പൊക്കിയത് .

      അപ്പൊ നിങ്ങൾക്ക് കണ്ണട ഊരി കാണിച്ചു കൊടുക്കാൻ മേലാർന്നോ ?

        എന്റെ സുഹൃത്തേ അതിനുള്ള സമയം ഇയാള് തരണ്ടേ.? ഭാര്യ അപ്പറത്ത് മരുന്ന് വാങ്ങാൻ പോയിരിക്കാ  അവള് പോയ വശത്ത് ഒരു സ്ത്രീ നിക്കുന്നുണ്ടായിരുന്നു . എന്റെ കണ്ണില് മുഴുവൻ ബാന്ഡേജാ .., ഞാൻ ആ സ്ത്രീയെ പതിനാലു സെക്കന്റ് കൂടുതൽ നോക്കിയെന്നും പറഞ്ഞാ എന്നെ  പൊക്കിയത് പറഞ്ഞാ കേക്കേണ്ടേ ?
                       
                 ഇനി എന്നെ കാണാതെ ഭാര്യ പേടിക്കൂലോ എന്റെ ഈശ്വരാ ?

     സ്ത്രീകളുടെ സുരക്ഷയെകരുതിയല്ലേ അങ്ങേര് ഇതൊക്കെ പറഞ്ഞത്  അതിലെ നല്ല വശം നമ്മള് ചിന്തിക്കേണ്ടേ അല്ലാതെ വെറുതെ അതും പറഞ്ഞു കളിയാക്കാൻ പാടുണ്ടോ.?

    എന്തോ ..,കേക്കുന്ന ആർക്കും അങ്ങിനെ തോന്നുമെന്ന് എനിക്ക് തോന്നുന്നില്ല.

            അപ്പൊ ..,ഈ ലൗവ് ഒക്കെ ഇനി എങ്ങിനെ നടക്കും ? കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാലല്ലേ  അനുരാഗത്തിന്റെ പൂത്തിരികൾ കാണാൻ പറ്റൂ .

           ആ പൂത്തിരി ഇനി കാണണ്ടാ അത് കാണാൻ നിന്നാല് ഇനി കണ്ണുണ്ടാവില്ല ജാഗ്രതെ ....!

             
                         

0 അഭിപ്രായങ്ങള്‍