എനിക്കാരോടും പരിഭവമില്ല, പരാതിയില്ല  ഞാൻ നിസ്സഹായനാണ്  യുദ്ധം എന്താണെന്ന് എനിക്കറിയില്ല  ഭീകരവാദം എന്താണെന്ന് എനിക്കറിയില്ല , കലാപം എന്താണെന്ന് എനിക്കറിയില്ല . ശരീരം മുഴുവൻ മുറിവേൽക്കുന്നത് എങ്ങിനെയാണെന്ന് എനിക്കറിയില്ല , രക്തം എന്താണെന്ന് എനിക്കറിയില്ല.

    പക്ഷേ .., എന്റെ കുഞ്ഞു ശരീരത്തിൽ കാണുന്നത് രക്തമാണ് . എനിക്ക് വേദനിക്കുന്നു, ഉറക്കെ കരയണമെന്നുണ്ട് , പക്ഷേ ..പേടിയാണ് കരഞ്ഞാൽ ആരെങ്കിലും കേട്ടാലോ?, എന്നെ പിടിച്ചാലോ ?

   എന്റെ ചുറ്റുമുള്ള, എന്നെ സ്നേഹിക്കുന്ന  മുഖങ്ങൾ എവിടെ ?. എനിക്കു ചുറ്റിലും എന്തൊക്കയോ തകർന്നു വീഴുന്നു  ആരുടെയൊക്കെയോ കരച്ചിലുകൾ എന്റെ കാതുകളിൽ വന്നലക്കുന്നു എല്ലാം പരിചിത ശബ്‍ദങ്ങൾ എനിക്ക് ഓടണമെന്നുണ്ട്,  പക്ഷെ എന്റെ കുഞ്ഞിക്കാലുകൾക്ക് അതിനുള്ള ശക്തിയില്ല

                 എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ ..,

                  പൂമ്പാറ്റകളെ കാണുമ്പോൾ കൈകൊട്ടൻ മാത്രമേ അറിയൂ ..,

                പുഞ്ചിരിക്കാൻ മാത്രമേ എനിക്കറിയൂ 

  രാക്ഷസനരാധമൻമാർ വാഴുന്ന ഈ ലോകത്ത് ജനിച്ചു വീണത് എന്റെ തെറ്റാണോ ? എന്റെ കൂട്ടുകാർ മരണത്തിലേക്ക് നടന്നടുക്കുന്നു . ഇന്നലെ വരെ എന്റെ ഹൃദയത്തോട് ചേർന്നു നിന്നിരുന്ന എന്റെ സഹോദരൻ  ഇതാ യുദ്ധങ്ങൾ ഇല്ലത്ത ലോകത്തിലേക്ക് എന്നെ വിട്ടു പോയിരിക്കുന്നു .

       എന്തിനു വേണ്ടി ഈ യുദ്ധം ചെയ്യുന്നു ? അതിനു നിരപരാധികളായ ഞങ്ങളുടെ രക്തം ചിന്തുന്നത് എന്തിന് ?

    യന്ത്രത്തോക്കുകളുടെ ഗർജ്ജനം എനിക്കറിയില്ല, റോക്കറ്റുകളുടെ നശീകരണശേഷി എനിക്കറിയില്ല , ബോംബുകളുടെ ഭീകരതാണ്ഡവം എനിക്കറിയില്ല , എന്റെ ശരീരവും മനസ്സും ഇപ്പോൾ ഭീതികൊണ്ട് വിറങ്ങലിച്ചിരിക്കുന്നു .

     നിന്റെ കുഞ്ഞുമനസ്സിനുള്ളിലൂടെ കടന്നുപോയ വികാരങ്ങൾ എന്തൊക്കെയാണെന്ന് എനിക്കറിഞ്ഞുകൂടാ .പക്ഷേ കല്ലും പൊടിയും പിടിച്ചു  രക്തം പുരണ്ട്  പകച്ചിരിക്കുന്ന നിന്റെ രൂപം എന്റെ കണ്ണുകളെ നിറച്ചത് നിസ്സഹായന്റെ ആത്മരോദനമായിരുന്നു .

 നിന്റെ കൊച്ചു മനസ്സിനുള്ളിൽ ഭീതിയുടെ ആയിരം പീരങ്കികൾ പടയോട്ടം നടത്തുന്നുവെന്ന് എനിക്കറിയാം.

 ലോകം കാപാലികരുടേതാണ്  കുട്ടി പിശാചുക്കൾ പരസ്പരം ആക്രോശിക്കുന്നിടത്ത് കുഞ്ഞു ദൈവങ്ങളെ ആരു കാണാൻ ? ലോകത്തിനാവശ്യം രക്തമാണ് . സഹോദരന്റെ ഹൃദയം പിളർന്ന് പുറത്തു വരുന്ന രക്തം , അതിലവർ ആർമ്മാദിക്കുന്നു .

   നിന്റെ നിസ്സഹായത എന്റെ കണ്ണുകളിൽ നീർ നിറക്കുന്നു . അവിടെ ഞാനും നിസ്സഹായനാണ്  ഞാൻ നിന്നോടൊപ്പം ഉറക്കെ കരയാം എന്റെ ഹൃദയത്തിനുള്ളിൽ  നിനക്കായി ഞാനതു ചെയ്തു കഴിഞ്ഞു . സഹോദരൻ, സഹോദരനെയും  രക്തം .., രക്തത്തേയും തിരിച്ചറിയാത്ത കാലം  ലോകം അതിന്റെ നാശത്തിലേക്ക് ചുവടു വെക്കുന്നു .

     യുദ്ധം കഴിഞ്ഞു  ലോകം മുഴുവൻ കാൽക്കീഴിലാക്കി  നിരപരാധികളുടെ രക്തത്തിൽ ചവിട്ടി നിന്നുകൊണ്ട്  കാപാലികർ അട്ടഹസിക്കും അവർ ആകാശത്തേക്ക് വെടിയുതിർത്ത്  വിജയങ്ങൾ ഉത്‌ഘോഷിക്കും . അതൊന്നും ശാശ്വത വിജയങ്ങളല്ല അവക്ക്  ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ ഒരു പ്രതിഫലമുണ്ട് .

    ആ കോപത്താൽ പെയ്തിറങ്ങുന്ന തീമഴ  ഏഴല്ല .. ഏഴായിരം ജന്മമെടുത്താലും അവരെ വിട്ടു പോകില്ല .

              നിനക്കും,  നിന്റെ കുടുംബത്തിനും ലോകം മുഴുവനുമുള്ള സുമനസുകളുടെ  പ്രാർത്ഥന ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

             

0 അഭിപ്രായങ്ങള്‍