ഏകദേശം നാലുമണിയായിക്കാണണം,  ആ സമയത്തായിരുന്നു  അവറാൻ ചേട്ടൻ സൈക്കിളിൽ  പാഞ്ഞു വരുന്ന കണ്ടത്  . പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്കാണ് ആ വരവെന്ന് വ്യക്തം  

അവറാൻ  ചേട്ടനെക്കാളും ആവേശം സൈക്കിളിനുണ്ടെന്ന് തോന്നും ആ പാച്ചില് കണ്ടാ .

കാര്യമായിട്ടെന്തോ പ്രശ്നമുണ്ടായിക്കാണണം അല്ലെങ്കിലിങ്ങനെ  പാഞ്ഞു വരേണ്ട വല്ല കാര്യമുണ്ടോ ? 

എടാ പാക്കരാ ബജിയുണ്ടോ ..ബജി..?  

സൈക്കിൾ നിറുത്തുന്നതിനു മുന്നേ ചാടിയിറങ്ങിക്കൊണ്ടായിരുന്നു അവറാൻ ചേട്ടന്റെയാ  അലർച്ച 

തന്നെ സ്റ്റാൻഡിൽ വെക്കുമെന്ന കരുതിയ സൈക്കിളിന് തെറ്റി ബജി വാങ്ങിക്കേണ്ട ധൃതിയില്  അവറാൻ ചേട്ടൻ സൈക്കിളിൽ നിന്ന് ചാടിയിറങ്ങിയിട്ടാണ് ചായക്കടയിലേക്ക് ഓടിക്കയറിയത്.

പ്രതീക്ഷ തെറ്റിയ സൈക്കിൾ  തൊട്ടപ്പുറത്ത്  സുപ്രുന്റെ പലചരക്ക് കടയുടെ ഉമ്മറത്തിരുന്ന് ബീഡി തെറുത്തോണ്ടിരിക്കായിരുന്നു  കുമാരന്റെ നേർക്കായിരുന്നു പാഞ്ഞു ചെന്നത് ആളില്ലാതെ തന്റെ നേർക്ക് പാഞ്ഞു വരുന്ന സൈക്കിളിനെ  കണ്ട്  കുമാരൻ  ഞെട്ടി.

 ഓടാൻ നോക്കിയെങ്കിലും അതിനും മുന്നേ  കുമാരന്റെ എല്ലാം തകർത്തുകൊണ്ടായിരുന്നു സൈക്കിൾ  മടിയിലേക്ക് കേറി നിന്നത് 

വേദനകൊണ്ട് കുമാരൻ കുറേ നേരം  മടിയും പൊത്തിപ്പിടിച്ചിരുന്നു കരഞ്ഞു 

 അവറാൻ ചേട്ടനിട്ട് രണ്ടു പൊട്ടിച്ചാലോയെന്ന് കുമാരൻ ആലോചിച്ചതാ  പക്ഷേ ബുദ്ധി  കുമാരനോട്  വെണ്ടെന്നു പറഞ്ഞു  ഏതായാലും ഇപ്പൊ സൈക്കിള് മാത്രേ ഇടിച്ചുള്ളൂ ഇനി അവറാന്റെ  ഇടി കൂടി വാങ്ങിവെക്കണോ? 

അവറാന്റെ ആ പാഞ്ഞു  വരവ് കണ്ടാ  തന്നെ എന്തോ പ്രശനമുണ്ട് ചിലപ്പോ പാക്കരനിട്ട് രണ്ടു പൊട്ടിക്കാനായിരിക്കും അതിന്റെ എടേ കേറി പാക്കരന് പോകേണ്ട  ഇടി ചോദിച്ച് വാങ്ങണോ  ? 

അവറാൻ ചേട്ടനോടുള്ള ദേഷ്യം കുമാരൻ സൈക്കിളിനിട്ട്  തീർത്തു ബീഡി വെട്ടണ കത്തരയെടുത്ത് ഒറ്റ കുത്ത് ഹാന്ഡിലിനിട്ടായിരുന്നു തങ്ങിയത്  പക്ഷേ കഷ്ടകാലം അത് വഴുക്കി കുമാരന്റെ മേത്തെന്നെ കുത്തിക്കേറി ഒന്നുകൂടി ഉറക്കെ അലറിക്കരഞ്ഞുകൊണ്ട് കുമാരൻ വീട്ടിലേക്കോടി  

എന്റെ അവറാനെ ഇതിനാണോ ഇത്ര  വെപ്രാളപ്പെട്ട് വരണത് ആവശ്യത്തിനുള്ള ബജിയൊക്കെ ഇവിടെയുണ്ട്  

അവറാൻ ചേട്ടന്റെ പരാക്രമം കണ്ട് പാക്കരൻ ചേട്ടനാ അത് പറഞ്ഞേ  

 എല്ലാ ബജിയും വേഗം പൊതിഞ്ഞു തന്നോ  

തനിക്കെന്തിനാണ് ഇത്രക്കധികം ബജി വീട്ടില് വല്ല വിരുന്നുകാരോ മറ്റോ വന്നോ ?

പാക്കരൻ ചേട്ടന്റെ ഈ ന്യായമായ സംശയം എല്ലാവർക്കും തോന്നിയതാ തമിഴൻ മുരുകൻ  തിന്നുകൊണ്ടിരിക്കായിരുന്ന  ബജി വേഗം കാലിയാക്കി ഇനി അതുകൂടി അവറാൻ ചേട്ടൻ എടുത്തോണ്ട് പോയാലൊന്നായിരുന്നു മുരുകന്റെ പേടി 

വിരുന്നാരൊന്നുമില്ല  പാക്കരാ..,  ഞങ്ങൾക്ക് ബജി തിന്നാനൊരു ആശ ഇനി തിന്നാൻ പറ്റിയില്ലെങ്കിലോ?  

അതെന്താ അവറാനെ അങ്ങിനെ പറയണത് നിങ്ങളാകെ രണ്ടു പേരെല്ലേയുള്ളൂ  ആശ തീർക്കാൻ ഇത്രക്കധികം ബജി വേണോ ? ഞാൻ ദിവസോം ഉണ്ടാക്കുന്നതല്ലേ 

എന്റെ പാക്കരാ അപ്പൊ താനിതൊന്നുമറിഞ്ഞില്ലേ 

എന്ത് ?

ഇനി മേലാല് നമ്മുടെ നാട്ടില്  ബജി പാടില്ലാന്ന് .. സർക്കാര്  നിരോധിച്ചൂത്രേ 

ആ ഇടിമിന്നൽ വാർത്ത കേട്ട് പാക്കരൻ ചേട്ടൻ മാത്രമല്ല  ബജി കൂടി ഞെട്ടി

 തന്നെ നിരോധിച്ചെന്നോ എന്തിന് ?

താനെന്തിനാ ഇങ്ങനെ പുളുവടിക്കണത് ? സർക്കാര്  നിരോധിക്കാൻ മാത്രം ബജി എന്ത് തെറ്റാ ചെയ്തത് ?  

അതു കേട്ടുടനെ  റോമു  എണീറ്റു ചെന്ന് ബജിയെ നോക്കി രണ്ടു കുര . 

തമിഴൻ മുരുകന് തിന്ന ബജി തൊണ്ടയിൽ തടഞ്ഞതു  പോലെ തോന്നി . നിരോധിച്ച സാധനം തിന്നതിന് തന്നെ പോലീസ് കൊണ്ട് പോയി ഇടിക്കുമോയെന്നായിരുന്നു ആ പാവത്തിന്റെ പേടി . മുരുകൻ തൊണ്ടയിൽ പിടിച്ച് ഒന്നു ഞെക്കി നോക്കി പുറത്തേക്ക് വരാൻ എനിക്കിനി മനസ്സില്ലായെന്നും പറഞ്ഞ് ബജി വയറിനകത്തേക്ക് പോയി അതോടെ മുരുകന്റെ നെഞ്ചിലൊരു വെള്ളിടി വെട്ടി .

പ്രേക്ഷിതൻ സുകു മുരുകന്റെ പരാക്രമം കണ്ട് കണ്ണുരുട്ടി..,  തെളിവ് നശിപ്പിച്ചു അല്ലെങ്കി ഇവനെ കൊണ്ടു പോയേനേ.  സുകുവിന് വ്യക്തിപരമായിട്ടും മുരുകനോട് ദേഷ്യമുണ്ട് ചായക്കുള്ള കാശ് മാത്രമേ സുകുവിന്റെ കൈയ്യിലുണ്ടായിരുന്നുള്ളൂ മുരുകനോട് ഒരു ബജി വാങ്ങിത്തരുമോയെന്ന് സുകു ചോദിച്ചതായിരുന്നു  പക്ഷേ മുരുകൻ വാങ്ങിക്കൊടുത്തില്ല . അതുകാരണം മുരുകൻ തിന്നുന്ന ബജി നോക്കിയിരുന്നാ  സുകു ചായ കുടിച്ചത്.

 പാക്കരൻ ചേട്ടന്റെ കടയിലെ സ്റ്റാറായിരുന്ന ബജി അതോടെ ഒന്നു ചുളുങ്ങിപ്പോയി . 

പാക്കരൻ ചേട്ടന്റെ കടയിലെ ബജിക്കും ചട്നിക്കും  ഒരു പ്രേത്യേക ടേസ്റ്റാ  പാക്കരൻ ചേട്ടന്റെ കടയില് ഏറ്റവും ചിലവുള്ള പലഹാരവും ഇത് തന്നെയാണ്.  അതിന്റെ അഹങ്കാരം പാക്കരൻ ചേട്ടനും,  ബജിക്കും നല്ലോണം ഉണ്ടായിരുന്നു അതിനാണ് ഇപ്പോൾ തിരശീല വീണിരിക്കുന്നത് .

മനുഷ്യൻമാരെ ജീവിക്കാനും സമ്മതിക്കില്ലേ ?

അവറാൻ ചേട്ടന്റെ ഭാര്യ ഒറോത ചേടത്തിക്ക് ബജി വല്യ ഇഷ്ട്ടമാ . തൊട്ടപ്പുറത്ത് താമസിക്കുന്ന ശാരദേടത്തിയാ ബജി നിരോധിച്ച വിവരം ഒറോത ചേടത്തിയോട് പറയണത് അതാ ചേടത്തി ഉടൻ തന്നെ അവറാൻ ചേട്ടനെ ചായക്കടയിലേക്ക് ഓടിച്ചു വിട്ടത് 

എന്റെ കർത്താവേ മനുഷ്യനെ മര്യാദക്ക് കച്ചോടം നടത്തി ജീവിക്കാനും സമ്മതിക്കത്തില്ലേ ..യെന്നാ  പാക്കരൻ ചേട്ടൻ കർത്താവിനോട് പരിഭവം ചോദിച്ചത്  .

 ബജി നിരോധനത്തിന്റെ കാര്യം കർത്താവിന് അറിയാത്ത കാരണം കർത്താവ് മിണ്ടാതിരുന്നു.  ഇതൊക്കെ തന്നോട് ചോദിച്ചാണോ സർക്കാര്  ചെയ്യണതെന്ന് കർത്താവ് മനസ്സില് ചോദിക്കേം ചെയ്തു .

അല്ലെങ്കിലും കർത്താവ് എന്ത് ചെയ്യാനാണെന്നും ചോദിച്ച് പാക്കരൻ ചേട്ടൻ തന്നെ അതിനൊരു മറുപടിയും കണ്ടെത്തി . പാക്കരൻ ചേട്ടന്റെ ആ ആത്മഗതം കർത്താവിന് തീരെ ഇഷ്ടപ്പെട്ടില്ല തന്നെ കൊച്ചാക്കിയ പോലൊരു തോന്നല് .

ഈ സമയത്തായിരുന്നു ഗൾഫ് കാരൻ ഭാസ്‌ക്കരൻ ചേട്ടൻ വന്നത് എടോ പാക്കരാ ഒരു ചായയും രണ്ടു ബജിയും 

എന്റെ ഭാസ്ക്കരാ ഇന്ന് ബജിയില്ല ബോണ്ടാ തരട്ടെ ?

ആ കിടക്കണത് ബജിയല്ലേ ? ഒരു അലമാര മുഴുവൻ ബജി കിടന്നിട്ടും ഇല്ലെന്ന് പറഞ്ഞത് കേട്ടിട്ട്  ഭാസ്‌ക്കരൻ ചേട്ടന് ആകെ അത്ഭുതം 

അത് മുഴുവനും നമ്മുടെ അവറാൻ വാങ്ങിയേക്കുവാ 

എന്താ അവറാനെ വീട്ടിലെന്തെങ്കിലും വിശേഷം 

അപ്പൊ താനിതൊന്നുമറിഞ്ഞില്ലേ ? 

എന്ത് 

നമ്മുടെ സർക്കാര് ബജി നിരോധിച്ചുന്ന്  

എപ്പോ ?

ഭാസ്ക്കരേട്ടന് അതൊരു പുതിയ അറിവായിരുന്നു ഇരുപത്തിനാലു മണിക്കൂറും ന്യുസിന്റെ മുന്നിലിരിക്കണ താൻ പോലും ഇതറിഞ്ഞില്ലല്ലോ ? 

അയ്യോ ഞാനറിഞ്ഞില്ലല്ലോ ?

താനറിയാത്ത എന്തോരം കാര്യങ്ങള് ഈ രാജ്യത്ത് നടക്കുന്നുണ്ട് എന്റെ ഭാസ്ക്കരാ..  ഈ ബജി ചൈനാക്കാരാ കണ്ടു പിടിച്ചതത്രേ അത് കാരണം നമ്മൾ ഇനിയിത്  ഉപയോഗിക്കാൻ പാടില്ലാന്ന്  സർക്കാര് ഉത്തരവ് ഇറക്കിയിരിക്കുന്നു.

ഇപ്പോളാണ് ഭാസ്ക്കരേട്ടന് ബൾബ് കത്തിയത് അതോടു കൂടി ഭാസ്ക്കരേട്ടൻ ചിരിയോട് ചിരി... .,  ചിരിച്ചു ചിരിച്ച് ഭാസ്ക്കരേട്ടൻ ഡെസ്ക്കുമ്മെ തലവെച്ചു കിടന്നു 

ബജി കിട്ടാത്ത കാരണം ഭാസ്ക്കരേട്ടന് ഭ്രാന്തായിപ്പോയോയെന്നായിരുന്നു എല്ലാവരും സംശയിച്ചത് റോമു  എണീറ്റ് വേഗം കൂട്ടിലേക്ക് പോയി 

ചിരിക്കൊടുവിൽ ഭാസ്ക്കരേട്ടൻ വിക്കി വിക്കിയാണത് പറഞ്ഞത് അത് ബജിയല്ല ....പബ്‌ജി ...പബ്‌ജി ...

അതെന്തു പലഹാരമണപ്പാ ..

എന്റെ പാക്കരാ അത് പലഹാരമല്ല ഒരു ഗെയിമാണ് ...ഈ കംപ്യൂട്ടറിലും മൊബൈലിലും  ഒക്കെ കളിക്കണത്  അതാണ് നിരോധിച്ചരിക്കണത് അല്ലാതെ ഈ പാവം ബജിയെയല്ലാ 

അത് കേട്ടതോടെ പാക്കരൻ ചേട്ടന്റെ മനസ്സൊന്ന് തണുത്തു കൂടെ ബജിയുടെയും അതോടൊപ്പം മുരുകന്റെയും .

താനേത് കോത്താഴത്തു കാരനാടോ എന്റെ അവറാനെയെന്നും ചോദിച്ചോണ്ട് തിരിഞ്ഞ പാക്കരൻ ചേട്ടൻ കണ്ടത് ഒരു മിന്നായം പോലെ സൈക്കിളിൽ പാഞ്ഞു പോകുന്ന അവറാൻ ചേട്ടനെയായിരുന്നു .

രണ്ടു ദിവസം കഴിഞ്ഞാ അറിഞ്ഞത് ഒറോത ചേട്ടത്തിയും ശാരദ ചേട്ടത്തിയും തമ്മിൽ കണ്ടാൽ ഇപ്പൊ മിണ്ടാറില്ലത്രേ 


0 അഭിപ്രായങ്ങള്‍