ആയിടക്കാണ് രജനിയെ തമിഴ്‌നാട്ടിലെ സേലത്ത് കണ്ടെന്നും, രജനി അവിടെയുണ്ടെന്നും ആരോ മിന്നൽ രാജനോട് പറഞ്ഞത് . അതു കേട്ട പാടെ 
മിന്നൽ  ജീപ്പുമെടുത്ത് നേരെ സേലത്തോട്ടു വിട്ടു അവിടെയെത്തിയപ്പോഴാ  അക്കിടി മനസ്സിലായത് പറഞ്ഞയാളോട് അഡ്രെസ്സ് ചോദിക്കാൻ മറന്നു പോയിരുന്നു . അഡ്രെസ്സ് പോയിട്ട് സേലത്ത് എവിടെയാണെന്ന് കൂടി ചോദിക്കാൻ ആ വലിയ  ആവേശത്തില് മിന്നൽ വിസ്മരിച്ചു എന്നുള്ളതായിരുന്നു സത്യം  .

അതോടെ  സ്വന്തം ആവേശത്തിനെ തന്നെ മിന്നൽ  നാല് പച്ചത്തെറി വിളിച്ചു അതോടെ ആവേശത്തിനു മതിയായി അത് തണുത്തുറഞ്ഞ് ഐസ് പോലെയായി ഇനി മിന്നൽ വിളിച്ചാലും പോകത്തില്ലാന്ന്   ആവേശം ശഠിച്ചു പറഞ്ഞു . 

അങ്ങനെ ആവേശമില്ലാത്ത രാജനായിരുന്നു സേലത്തൂന്ന് മടങ്ങിയത്  വെറുതേ ഡീസൽ  കളഞ്ഞതു മാത്രം മിച്ചം .  

പോയപ്പോഴുണ്ടായിരുന്ന ഉത്സാഹം മിന്നലിനും , ഡ്രൈവർ രഘുവിനും, റൈറ്റർ തോമാസേട്ടനും  ജീപ്പിനും മടങ്ങി വരുമ്പോൾ ഉണ്ടായിരുന്നില്ല.

ഒരു  പ്രമോഷൻ സ്വപ്നം കണ്ടിരുന്ന മിന്നൽ ആകെ നിരാശനായിരുന്നു 

ഡി ജി പി ആകാംഷയോടെയാ മിന്നലിനോട്  ചോദിച്ചത്

എന്തായി ?

ജീപ്പീന്ന് രജനി കൂടി ഇറങ്ങിവരൂന്ന് പ്രതീക്ഷിച്ചിരുന്ന ഡി ജി പി രജനിയില്ലാതെ കൈവീശിവരുന്ന മിന്നൽ രാജനെയാണ് കണ്ടത്  അപ്പോഴേ മനസ്സിൽ  പറഞ്ഞു ഈ വിഡ്ഡീ കൈയ്യും വീശിയാണല്ലോ വന്നിരിക്കുന്നതെന്ന് എന്നാലും അത് പുറത്തു കാണിക്കാതെയാ  ചോദിച്ചത്

 എന്തായി രാജാ?

സർ,  സേലം മുഴുവൻ ഞങ്ങൾ അരിച്ചു പെറുക്കി

 എന്നിട്ട് പെറുക്കിയതൊക്കെ എവിടെ രാജാ  ?

സർ,  ഞങ്ങൾ എത്തുന്നതിനു മുൻപേ രജനി അവിടെ നിന്നും കടന്നുകളഞ്ഞിരുന്നു  സർ

അഡ്രസ്സ് അറിയാതെ സേലത്ത് തേരാ പാരാ ചുറ്റിയിട്ടുള്ള വരവാണെന്ന് മിന്നൽ മനഃപൂർവ്വം മറച്ചു വെച്ചു

രജനിയെ കിട്ടാത്തതിലുള്ള നിരാശയുടെ പുറത്ത് ഇനി ഡി ജി പി യുടെ വക കൂടം കൊണ്ടുള്ള അടി കൂടി വാങ്ങി വെക്കണോ  

എന്നാരു പറഞ്ഞു?

ഞാൻ ഊഹിച്ചു സർ

ഊഹിക്കാൻ സേലം വരെ പോണമായിരുന്നോ രാജാ ? ആട്ടെ സേലത്ത് എവിടെയാ നിങ്ങൾ അരിച്ചു പെറുക്കിയത് ?

പെട്ടെന്ന്, സേലത്ത് എവിടെയാണെന്ന് ഡി ജി പി ചോദിച്ചതോടെ  രാജന് ഉത്തരം മുട്ടി

സ്ഥലത്തിന്റെ പേര് അറിയാമെങ്കിലല്ലേ  പറയാൻ പറ്റൂ സ്ഥലം അറിയത്തില്ലാന്ന്  പറഞ്ഞാ തങ്ങൾ നുണപറയുകയാണെന്ന്  ഡി ജി പി കരുതും .

രാജന്റെ കാഞ്ഞ ബുദ്ധി രാജന് പെട്ടെന്നു തന്നെ ഒരു പേര് പറഞ്ഞു കൊടുത്തു

ആർക്കോണം

അത് കേട്ട് ഡി ജി പി ഞെട്ടി, എസ് പി ഞെട്ടി,  സർക്കിള് ഞെട്ടി, ജീപ്പ് ഞെട്ടി പിന്നെ ഞെട്ടാനായി ആരുമില്ലായിരുന്നു ഉണ്ടെങ്കിൽ അവരും ഞെട്ടിയേനേ

ആ പേര് കേട്ട്  ഡ്രൈവർ രഘുവിന് ചിരിച്ച് ചിരിച്ച് കണ്ണീന്ന് വെള്ളം വന്നു അവസാനം ചിരിക്കാൻ പറ്റാതെ  രഘു നിലത്തിരുന്നു  . രഘു കേട്ടത് ആരുടെ കോണ ന്നായിരുന്നു  .. രഘു ചിരിച്ചു തീരുന്നതിനിടെ ഒരു ലെറ്ററും  അടിച്ചു കിട്ടി അതോടെ  രഘു വാവിട്ട് കരഞ്ഞു സസ്‌പെൻഷൻ ആയിരുന്നു അത് .

രാജൻ തന്റെ അവസര ബുദ്ധി കൂർമ്മതയോർത്ത് അഭിമാനം കൊണ്ടു എന്റെ ബുദ്ധി സൂപ്പർ തന്നെയെന്ന് ന്ന് സ്വയം പറഞ്ഞ് അഭിമാനിക്കേം ചെയ്തു 

എന്നാ രാജൻ പോയിക്കോ

എടോ ..ഈ കിഴങ്ങനെയൊക്കെ ആരാടോ പോലീസിലെടുത്തത്  ?
ഡി ജി പി യുടെ  ചോദ്യം കേട്ട് എസ് പി സത്യശീലൻ താഴോട്ട് നോക്കി നിന്നു .

സത്യത്തിൽ അത് ഡി ജി പി തന്നെ ആയിരുന്നു എന്നുള്ള സത്യം ഡി ജി പി മറന്നു പോയിരുന്നു  അത് പറയാൻ എസ് പി സത്യശീലനും ഒരു ചമ്മല് .

എടോ എസ് പി നമുക്ക് വേറെ ആളെ വെച്ചാലോ ഈ കിഴങ്ങനെക്കൊണ്ടൊന്നും കാര്യം നടക്കുമെന്ന് തോന്നുന്നില്ല മിന്നലാത്രേ  മിന്നലല്ല ...... ഡി ജി പി യുടെ വായിൽ വലിയൊരു  തെറി ഉരുണ്ടു കേറി വന്നതായിരുന്നു പക്ഷേ എന്തുകൊണ്ടോ  പറഞ്ഞില്ല ?

കുറച്ചു കൂടി നോക്കാം സാർ അല്ലെങ്കി  അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയെന്നും  പറഞ്ഞ് പത്രക്കാർ എഴുതാൻ തുടങ്ങും.

എടോ ഈ വിഡ്ഢി കുശ്മാണ്ടം രജനിയെ എന്നു കണ്ടുപിടിക്കാനാണ് ?

ഇത് കേട്ടുകൊണ്ടായിരുന്നു  മറന്നു വെച്ച തൊപ്പി തിരിച്ചെടുക്കാനായി മിന്നൽ  അകത്തേക്കു  വന്നത്. ഡി ജി പി യുടെ ആ  വിഡ്ഢി കുശ്മാണ്ടമെന്നുള്ള വിളി തനിക്കിട്ടായിരുന്നുവെന്ന്  രാജന് വളരെ കൃത്യമായി തന്നെ മനസ്സിലായി പക്ഷേ  രാജനത്  കേട്ടില്ലെന്ന് നടിച്ചു .

ആയിടക്കാണ് ചായക്കടക്കാരൻ പാക്കരൻ ചേട്ടന്റെ വളർത്തു നായ റോമുവിനെ  കാണാതായത് രാത്രി കൊടുത്ത കഞ്ഞി അങ്ങനെത്തന്നെയിരിപ്പുണ്ട് അവൻ ഒന്ന് തൊട്ടു നോക്കിയിട്ട് പോലുമില്ല . പാക്കരൻ ചേട്ടൻ താടിക്ക് കൈയ്യും കൊടുത്ത് വിഷ്ണനായി ഇരിപ്പുണ്ട് ആകെ ഒരു മന്ദത . ചായ കുടിക്കാൻ വരുന്നവരെയൊന്നും പാക്കരൻ ചേട്ടൻ മര്യാദക്ക് ശ്രദ്ധിക്കുന്നില്ല .
     
ചായ ചോദിച്ചവർക്ക് കാപ്പി കൊടുക്കുന്നു കാപ്പി ചോദിച്ചവർക്ക് ചായ കൊടുക്കുന്നു പാക്കരൻ ചേട്ടന്  റോമൂനെ അത്രക്ക് ഇഷ്ടായിരുന്നു . അന്നമ്മ ചേടത്തിക്കാണെങ്കിൽ പാക്കരൻ ചേട്ടന്റെ ഈ അങ്കലാപ്പ് കാണുമ്പോ തല്ലി കൊല്ലാനുള്ള ദേഷ്യം വരുന്നുണ്ട്

അങ്ങേരുടെ കെട്ടിയോളയല്ലേ കാണാണ്ടായത്  ഇത്രേം ദണ്ണം പിടിക്കാൻ ?

നീ പോയാ ഞാനന്ന് പടക്കം പൊട്ടിക്കൂടി മൂധേവി 

പാക്കരൻ ചേട്ടനത്  മനസ്സിലാണ്  പറഞ്ഞത് ഉറക്കെ പറയുവാനുള്ള ധൈര്യം പാക്കരൻ ചേട്ടനുമില്ല ,  പാക്കരൻ ചേട്ടന്റെ  മനസ്സിനുമില്ല വെറുതേ അന്നമ്മ ചേടത്തീടെ ഇടി കൊള്ളാൻ രണ്ടുപേർക്കും വയ്യായിരുന്നു .

റോമൂനെ കാണാണ്ടായതിൽ അന്നമ്മ ചേടത്തിക്കായിരുന്നു ഏറെ സന്തോഷം കാക്കാശിന് കൊള്ളാത്ത നായ പോയത് നന്നായൊള്ളോന്നാ ചേടത്തീടെ പക്ഷം   വാ മുട്ടെ തിന്ന് വെറുതേ ഏമ്പക്കോമിട്ടു  നടക്കും പിന്നെ ഫുൾ ടൈം ഉറക്കോം . ആ കൂട്ടില് വല്ല കോഴീനേം വളർത്താം മുട്ടയെങ്കിലും തരും .

എടീ അങ്ങിനെയൊന്നും പറയാതെടി അവൻ നമ്മുടെ റോമുവല്ലേ?

ഛീ .., മിണ്ടാതിരിക്ക് മനുഷ്യാ  ആക്രാന്തം പിടിച്ച ആ പരട്ടു  നായ പോയത് നന്നായൊള്ളൂ റോമു വാത്രേ ഒരു നായക്ക് ഇടുന്ന പേരാണോ  അത് ?

''റ '' യുള്ള പേരുകളോടൊക്കെ പാക്കരൻ ചേട്ടന് വലിയ ഇഷ്ട്ടമാ അതിനു പുറകിലൊരു രഹസ്യമുണ്ട്  

പാക്കരൻ ചേട്ടന് കല്യാണത്തിനു മുന്നേ ഒരു ലൗ ഉണ്ടായിരുന്നു പേര് പാറു ആദ്യം വൺ സൈഡായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നെ,  പിന്നെ രണ്ടുപേരും പൊരിഞ്ഞ ലൗവ്വായി . അന്ന് ബെസ്ററ് ബോഡിയായിരുന്നു പാക്കരൻ ചേട്ടന്റെ  ഞങ്ങളുടെ ഗ്രാമത്തിലെ മിസ്റ്റർ ആയിരുന്നു പാക്കരൻ ചേട്ടൻ

മിസ്റ്റർ ചിറ്റിലപ്പിള്ളി 

പാറൂനെ വീഴ്ത്താൻ പാക്കരൻ ചേട്ടൻ കാണിക്കാത്ത അഭ്യാസങ്ങളില്ല  പാറു പുറത്തേക്ക് വരുമ്പോ ഉമ്മറത്തിരുന്ന് ജിമ്മ് കാണിക്കാ,  മുറ്റത്തുള്ള ലാങ്കി മരം  കുലുക്കി ലാങ്കി വീഴ്ത്താ, നാളികേരം കൈകൊണ്ട് ഇടിച്ച് പൊട്ടിക്കാ  അങ്ങനെ ഒരു പാട് സാഹസങ്ങൾ പാറുവിന്റെ ഒരു കടാക്ഷത്തിനു വേണ്ടി മാത്രം  പാക്കരൻ ചേട്ടൻ കാണിക്കാറുണ്ടായിരുന്നു .

അതുപോലൊരു  ദിവസം,  പാറു വരുന്ന  കണ്ടതോടെ പതിവുപോലെ  പാക്കരൻ ചേട്ടൻ ജിമ്മ് കാണിക്കാൻ നോക്കി . പക്ഷേ  ഉമ്മറത്തു വെച്ച ഡംബല് കാണാനില്ല.  പാക്കരൻ ചേട്ടന്റെ അപ്പൻ  വറീതിന്റെ അമ്മ ദീനാമ്മചേടത്തി അപ്പുറത്ത്  മുറുക്കിക്കൊണ്ടിരിപ്പുണ്ടായിരുന്നു  . ദീനാമ്മചേടത്തീനെ  കണ്ടാത്തന്നെ ഒരു ദീനം പിടിച്ചതു  പോലെയാ.   ഡംബലിനു പകരം  ദീനാമ്മ ചേടത്തിയെ എടുത്തു  പൊക്കിയാ പാക്കരൻ ചേട്ടനന്ന്  ജിമ്മ് കാണിച്ചത്.  പെട്ടെന്നെടുത്ത് പൊക്കിയതോടെ ആ പാവം ഞെട്ടി നിലവിളിച്ചു മുറുക്കിക്കൊണ്ടിരിക്കുന്ന സമയത്ത്  കർത്താവ്  മേലോട്ട് വിളിച്ചതാണെന്നാ . ആ പാവം കരുതിയത് എന്റെ കർത്താവേ  ന്നുള്ള നിലവിളിയോടു കൂടി  ദീനാമ്മ ചേടത്തി മേലോട്ട് പോയി .

പാറുക്കുട്ടി പോയിക്കഴിഞ്ഞാ പാക്കരൻ ചേട്ടൻ ദീനാമ്മ ചേടത്തീനെ  താഴെ വെച്ചത്  തള്ള അടക്കയും കടിച്ചു പിടിച്ച് കണ്ണും മിഴിച്ചിരിപ്പുണ്ട്. എത്ര വിളിച്ചിട്ടും ചേട്ടത്തി മിണ്ടുന്നില്ല  ആളുടെ കാറ്റ് പോയീന്ന്  മനസ്സിലായതോടെ  പാക്കരൻ ചേട്ടൻ  മുങ്ങി. ഭാഗ്യത്തിന്  കർത്താവ് മാത്രേ ഈ സംഭവത്തിന് ദൃക്സാക്ഷിയായി ഉണ്ടായിരുന്നുള്ളൂ  പക്ഷേ കർത്താവ് മിണ്ടിയില്ല ഈ ദീനാമ്മയെക്കൊണ്ട്  അത്രക്കും ശല്യാമായിരുന്നു കർത്താവിന്  എന്നും വൈകീട്ട് ആറുമണി കഴിഞ്ഞാ കർത്താവേ കർത്താവേ ..ന്ന് നില വിളിച്ചോണ്ട് വെറുതേ അലറിക്കരയുവാൻ തുടങ്ങും  അതിന്റെ എടേല് ആരെയെങ്കിലും കണ്ടാ കുശുമ്പും പറയും ഇത് കാരണം കർത്താവ് വല്ലാതെ പൊറുതിമുട്ടിയിരിക്കയായിരുന്നു.

ഏതായാലും ഇവനെക്കൊണ്ട്‌ ഇങ്ങനെയെങ്കിലും ഒരു ഉപകാരമുണ്ടായല്ലോ എന്നായിരുന്നു കർത്താവ് അടക്കം പറഞ്ഞത്   

ദീനാമ്മ ചേടത്തിയുടെ  ഫോട്ടോയിലേക്ക്  നോക്കുമ്പോ,  എന്തിനാടാ പാക്കരാ കർത്താവ് വിളിക്കുന്നതിനും മുന്നേ എന്നെ പറഞ്ഞയച്ചത് എന്ന് ചോദിക്കുന്നത് പോലെ പാക്കരൻ ചേട്ടന് തോന്നും അതുകൊണ്ട്  പാക്കരൻ ചേട്ടനിപ്പോ ദീനാമ്മചേടത്തീടെ ഫോട്ടോയിലേക്ക് നോക്കാറേയില്ല .

ഇക്കാര്യം  ദീനാമ്മ ചേടത്തി  കർത്താവിനോടും  ചോദിച്ചതായിരുന്നു  സത്യത്തില് ദീനാമ്മ ചേടത്തീയെ പെട്ടെന്ന് കണ്ടപ്പോ കർത്താവും ഒന്ന് ഞെട്ടിപ്പോയിരുന്നു  ഐ..,  ദാരാപ്പാ  വിളിക്കാണ്ടെന്നേ ഇങ്ങോട്ട് കേറി വന്നേക്കണത് ?

അപ്പൊ കർത്താവ് എന്നെ വിളിച്ചില്ലേ

ഞാൻ വിളിച്ചിട്ടില്ല എന്റെ പൊന്നു ചേട്ടത്തീ അല്ലെങ്കി തന്നെ ഇവിടെ ഉള്ളോരേക്കൊണ്ടേ ഞാൻ  പൊറുതി മുട്ടീട്ടിരിക്കാ അതിന്റെ എടെക്കൂടെ മറ്റൊരു വയ്യാവേലി കൂടി ഞാൻ  ഇങ്ങോട്ട് കൊണ്ട് വരൂന്ന് തോന്നണുണ്ടോ ?.

ആയ്..  കർത്താവേ അപ്പൊ ഞാനെങ്ങനെയാ  ഇവിടെയെത്തിയത് ?

പോയി പാക്കരനോട് ചോദിക്കെന്റെ ചേടത്തിയെന്നും പറഞ്ഞ് കർത്താവ് നൈസായി തലയൂരി 

ജിമ്മെടുക്കല് മാത്രമല്ല,  പാറുക്കുട്ടീനെ  ഇമ്പ്രെസ്സ് ചെയ്യിക്കാൻ മറ്റു ചില നമ്പറുകൾ കൂടി പാക്കരൻ ചേട്ടന്റെ കൈയ്യിലുണ്ടായിരുന്നു  അതിൽ  ഏറ്റം പ്രധാന ഐറ്റം സൈക്കിളിൽ  ചാടിക്കയറലാണ്  പാക്കരൻ ചേട്ടന്റെ മാസ്റ്റർ പീസും അതുതന്നെയായിരുന്നു .  എല്ലാദിവസവും രാവിലെ എട്ടു മണിക്ക് പാറുക്കുട്ടി  അമ്പലത്തിലോട്ട് പോകാറുണ്ട്  ആ സമയത്താണ് പാക്കരൻ ചേട്ടന്റെ ഈ മാസ്റ്റർ പീസ് സർക്കസ്സ് .

സൈക്കിൾ  തള്ളിക്കൊണ്ട് ഓടിവരും നല്ല സ്പീഡിലാവുമ്പോൾ  ഒറ്റ ചാട്ടമാണ് കറക്ടായി രണ്ടുകാലും അപ്പുറത്തും ഇപ്പുറത്തുമായി സൈക്കിളിനു മേൽ കൃത്യമായി ലാൻഡുചെയ്യും.

ആദ്യമൊക്കെ ഇത് കാണുമ്പോ ഛീ..  പോ... ന്നും പറഞ്ഞ് പാറുക്കുട്ടി മുഖം തിരിക്കുമായിരുന്നു  പിന്നെ പിന്നെ ഇത് പതിവായി മാറിയതോടെ  പാറുക്കുട്ടി പതിയെ നോക്കിത്തുടങ്ങി പിന്നെ ചെറുതായി ചിരിച്ചു തുടങ്ങി .

പാറുക്കുട്ടിയുടെ  ആ ചിരി കാണുന്നതോടെ  പാക്കരൻ ചേട്ടന്റെ ആവേശം കൊടുമുടി കയറും. അതോടെ പാക്കരൻ ചേട്ടൻ സ്വയം മറക്കും, ചുറ്റുമുള്ളതു മറക്കും ആ മനോഹര നിമിഷങ്ങളിൽ പാക്കരൻ ചേട്ടൻ സൈക്കിൾ പറപ്പിക്കും   അങ്ങിനെയുള്ള ഒരു അത്യാവേശത്തിന്റെ കൊടുമുടിയിലാണ് ആ വലിയ അത്യാഹിതം സംഭവിച്ചത് .

അന്നൊരു കറുത്ത ദിനമായിരുന്നു,  അത് പാക്കരൻ ചേട്ടന്റെയാണോ അതോ സൈക്കിളിന്റെയാണോയെന്ന് ദൈവത്തിനു പോലും അജ്ഞാതമായിരുന്നു . ആ കറുത്ത ദിനത്തിൽ  വിധി പാക്കരൻ ചേട്ടനെ ചതിച്ചു ആ ചതി  സ്വന്തം  സന്തത സഹചാരിയായിരുന്ന  ചെരുപ്പിൽ നിന്നുമായിരുന്നു  .

ഓടിവന്ന് സൈക്കിളിൽ ചാടിക്കേറാൻ തുടങ്ങുമ്പോൾ  ശത്രുക്കൾ പോലും ചെയ്യാത്ത ചതിയായിരുന്നു പാക്കരൻ ചേട്ടന്റെ സ്വന്തം ചെരുപ്പ് പാക്കരൻ ചേട്ടനോട്  കാണിച്ചത് . ദിവസവും കുളിക്കുമ്പോ പാക്കരൻ ചേട്ടൻ  ആ ചെരുപ്പിനെ ഉരച്ച് ഉരച്ച് വെളുപ്പിക്കും ജനിക്കുമ്പോൾ പച്ച കളറിൽ ജനിച്ച അവൻ പാക്കരൻ ചേട്ടന്റെ ഈ തേപ്പ് കാരണം  വെളുപ്പനായി മാറി ആ ഒരു കലിപ്പ് അവൻ ഇന്നാണ് പാക്കരൻ ചേട്ടനോട് തീർത്തത് .

പാക്കരൻ ചേട്ടൻ  നിലത്തു നിന്ന് കുതിക്കാനൊരുങ്ങിയ ആ നിമിഷത്തിൽ  ചെരുപ്പിന്റെ വാറു തെറ്റി ചാട്ടം പിഴച്ചു മുണ്ട് പെഡലിൽ കോർത്ത് ഉരിഞ്ഞുപോയി കീറിയ വെള്ള നിക്കർ അടിയിൽ ആ ആഘാതം മറക്കാനുള്ള പരാക്രമത്തിൽ കാല് കൊണ്ട് സീറ്റ് തെറിച്ചു പോയി പാക്കരേട്ടൻ ചാടി വീണത് സീറ്റില്ലാത്ത സൈക്കിളിലേക്ക് .

ആ അലർച്ച കേട്ട്  ഞങ്ങളുടെ ഗ്രാമം  മുഴുവൻ ഞെട്ടി  അത്രക്കും വലിയൊരു  ദീനരോധനമായിരുന്നൂവത് . പട്ടികൾ  പ്രേതത്തേ കണ്ട് പേടിച്ച്  ഓളിയിടുന്ന പോലെ .  വേദന താങ്ങാനാകാതെ കാല് രണ്ടും പൊക്കിപ്പിടിച്ചു നിയന്ത്രണം തെറ്റിയ സൈക്കിളും , പാക്കരൻ ചേട്ടനും ബണ്ടിൽ നിന്നും  പാടത്തോട്ടാണ്  ചെന്ന് വീണത് .

പാക്കരൻ ചേട്ടന്റെ അലർച്ചയും വീഴ്ചയും അഭ്യാസത്തിന്റെ ഭാഗമാണെന്ന്  തെറ്റിദ്ധരിച്ച പാറുക്കുട്ടി ആദ്യം ചിരിച്ചു  പിന്നെ അഭിനന്ദിക്കാൻ പോയി നോക്കിയപ്പോൾ  ശൂലത്തിൽ തറച്ചതു  പോലെ  പാക്കരൻ ചേട്ടൻ, സൈക്കിളിൽ കിടന്ന് ഞെരിപിരി കൊള്ളുന്നു  . തന്റെ നാണം പാറുക്കുട്ടി കാണാതിരിക്കാൻ  പാക്കരൻ ചേട്ടനൊരു  പാഴ്ശ്രമം നടത്തി നോക്കി പാക്കരൻ ചേട്ടന്റെ ഈയവസ്ഥ കണ്ട് പേടിച്ച് പാറുക്കുട്ടി നിലവിളിച്ചോണ്ട്  ഓടിപ്പോയി .

ഓടിക്കൂടിയ  നാട്ടുകാരാണ് പാക്കരൻ ചേട്ടനെ എടുത്ത് പൊക്കിയത് പക്ഷേ  പാക്കരൻ ചേട്ടനെ പൊക്കുമ്പോ  സൈക്കിളും  സൈക്കിളിനെ പൊക്കുമ്പോ  കൂടെ പാക്കരൻ ചേട്ടനും പൊങ്ങി വന്നു 

അവസാനം സൈക്കിളിൽ രണ്ടു പേർ ബലമായി പിടിച്ചിട്ടാണ് പാക്കരൻ ചേട്ടനെ വലിച്ചെടുത്തത് 

പാക്കരൻ ചേട്ടന്റെ വെള്ള ട്രൗസർ ചുവന്ന ട്രൗസറായി മാറി  പിടിച്ചെഴുന്നേൽപ്പിക്കാൻ വന്ന പലചരക്ക് കടക്കാരൻ നാരായണേട്ടൻ ചോര കണ്ട് തലചുറ്റി വീണു . പാക്കരൻ ചേട്ടനെ   കൊണ്ട് പോയ ഓട്ടോറിക്ഷയില് നാരായണേട്ടനേം ആശുപത്രിയിലോട്ട്  കൊണ്ടുപോയി .

ഒരു മാസത്തോളം പാക്കരൻ ചേട്ടൻ കമിഴ്ന്നു കിടന്നാണ് ഉറങ്ങീയത്  . ദിവസോം തേച്ച് വെളുപ്പിച്ച്  സുന്ദരനാക്കിയ ആ ചെരുപ്പ് പാക്കരൻ ചേട്ടൻ വെട്ടി നുറുക്കി , സൈക്കിളിനേം വെട്ടാനായി ചെന്നതായിരുന്നു  പക്ഷേ അതിനു മുന്നേ സൈക്കിളെടുത്ത്  പാക്കരൻ ചേട്ടന്റെ അപ്പൻ വിറ്റിരുന്നു . അത് കാരണം സൈക്കിളിനെ വെട്ടാൻ പറ്റിയില്ല പക്ഷേ സൈക്കിളിന്റെ ഒരു പഴയ  ടയർ അവിടെ തൂക്കിയിട്ടിരുന്നു അത് വെട്ടി നുറുക്കി  പാക്കരൻ ചേട്ടൻ അരിശം തീർത്തു .

ഏതായാലും അതോട് കൂടി പാക്കരൻ ചേട്ടന്റെ കലർപ്പില്ലാത്ത,  നിസ്വാർത്ഥമായ , ത്യാഗപൂർണ്ണമായ സ്നേഹത്തിൽ പാറുക്കുട്ടി വീണു രണ്ടുപേരും പൊരിഞ്ഞ സ്നേഹത്തിലുമായി  പക്ഷേ ആ ലൗവ്വ് അധികകാലം നീണ്ടുനിന്നില്ല  

വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലുള്ള ആ സ്നേഹബന്ധത്തിനിതിരെ   നാട്ടിലുള്ള യാഥാസ്ഥിതികർ തലപൊക്കി .
       
വീട്ടുകാരും, നാട്ടുകാരും എതിരായപ്പോൾ അവർ ഒളിച്ചോടാൻ തീരുമാനിച്ചു . പക്ഷേ എങ്ങിനെയോ അത് ലീക്കായി പാറുക്കുട്ടി വീട്ടു തടവിലായി  

കുറച്ചു നാളുകൾക്ക് ശേഷം  പാറുക്കുട്ടിയെ  ഏതോ ഗൾഫുകാരൻ കല്യാണം കഴിച്ചു കൊണ്ടു പോയെന്ന വാർത്ത കേട്ട്  പാക്കരൻ ചേട്ടൻ  കുറേനാൾ കരഞ്ഞും കുടിച്ചും നടന്നു  കരഞ്ഞു കരഞ്ഞു പാക്കരൻചേട്ടൻ പാറുക്കുട്ടിയെ കാണിക്കാൻ വേണ്ടി കഷ്ട്ടപ്പെട്ട്  ജിമ്മെടുത്തുണ്ടാക്കിയ ഉരുണ്ട മസിലുകളെല്ലാം  കണ്ണുനീർത്തുള്ളികളായി ഒലിച്ചു പോയി .

അങ്ങനെ കുറേനാൾ കഴിഞ്ഞ പാക്കരൻ ചേട്ടന് ഒരു ദിവസം ലൗകീക ജീവിതത്തിന്റെ നിരർത്ഥകത ബോദ്ധ്യപ്പെട്ട് സന്യാസം സ്വീകരിക്കുവാൻ  കാശിക്കു പോയി . പിന്നെ ഒരു വർഷം കഴിഞ്ഞാ തിരിച്ചു വന്നത് ഒരു സന്യാസിയായിട്ട്  താടിയും മുടിയും  വളർത്തി ഭീകരരൂപിയായി ഒരു നട്ട പാതിരാക്ക് കേറിവന്ന പാക്കരൻ ചേട്ടന്റെ  മുഖം ചിമ്മിനി വെളിച്ചത്തിൽ കണ്ട പാക്കരൻ ചേട്ടന്റെ  അപ്പൻ വറീതേട്ടൻ  പ്രേതം ..ന്ന് രണ്ടു വാക്ക് മൊഴിഞ്ഞു കൊണ്ട്  പ്രേതങ്ങളുടെ ലോകത്തേക്ക് പറന്നുപോയി .

ഭാഗ്യത്തിന് അതും ആരുമറിഞ്ഞില്ല  ഇല്ലെങ്കി പാക്കരൻ ചേട്ടൻ  അന്ന് ജയിലിൽ പോയേനേ അപ്പനെ പേടിപ്പിച്ചു കൊന്നെന്നും പറഞ്ഞ് . അങ്ങനെ അപ്പന്റെയും , അപ്പന്റെ  അമ്മയുടേയും  ഈ ലോകത്തിലെ ലൈസെൻസ് കട്ട് ചെയ്യാൻ പാക്കരൻ ചേട്ടൻ പരോക്ഷമായിട്ട് ഒരു കാരണമായിത്തീർന്നു  .

അപ്പനില്ലാത്ത അപ്പന്റെ ചായക്കട അങ്ങനെയാണ്   പാക്കരൻ ചേട്ടൻ ഏറ്റെടുത്തുത് അപ്പന്റെ വിൽപ്പത്രത്തിൽ പറഞ്ഞതു പോലെ  . 

പിന്നെയും കുറെ നാളുകൾ കഴിഞ്ഞാണ് അന്നമ്മ ചേടത്തി പാക്കരൻ ചേട്ടന്റെ  ജീവിതത്തിലേക്ക് കടന്നുവന്നത് .

പാക്കരൻ ചേട്ടനിങ്ങനെ മുടക്കാച്ചരക്കായി നിൽക്കുന്ന  കാണുമ്പോ  ബ്രോക്കറായ നാരായണേട്ടനാണ് ആകെ വിമ്മിഷ്ടം . പിന്നെ ഇടക്കിടക്ക് പാക്കരൻ ചേട്ടന്റെ  അമ്മ ശോശാമ്മ ചേടത്തീടെ പരിദേവനോം

എന്റെ  .., നാരായണാ നീ നമ്മടെ പാക്കരന് നല്ലൊരു പെണ്ണിനെ കൊണ്ട് വന്ന് കാണിക്കേടാ . നല്ല അച്ചടക്കവും ഒതുക്കവും ഉള്ള പെണ്ണാവണം എന്നെ മരണം വരെ നോക്കണം ആ വാക്ക് നാരായണേട്ടൻ പാലിച്ചു . അന്നമ്മ ചേടത്തി വന്ന് കൊല്ലം  ഒന്ന് തികയുന്നതിനു മുന്നേ ശോശാമ്മ ചേടത്തി ഒരു ഫോട്ടോ മാത്രായി ചുമരിൽ തൂങ്ങിയാടി .

ശാലീന സുന്ദരിയാണെന്നും പറഞ്ഞ് നല്ലൊരു  താടകയെക്കൊണ്ടായിരുന്നു നാരായണേട്ടൻ, പാക്കരൻ ചേട്ടനെക്കൊണ്ട്  കെട്ടിച്ചത് . വന്ന് രണ്ടാം പക്കം തന്നെ കഞ്ഞീല് ഉപ്പ് കുറഞ്ഞൂലോ എന്റെ മോളേന്നും വെറുതേ ഒന്ന് പറഞ്ഞതായിരുന്നു ശോശാമ്മ ചേടത്തി .  ഒരു പിടി ഉപ്പ് കൊണ്ട് വന്ന് കഞ്ഞി പാത്രത്തിലിട്ടു കളഞ്ഞു അന്നമ്മ ചേടത്തി . നിഷ്ക്കളങ്കയായ ശോശാമ്മ ചേടത്തീടെ ഹൃദയത്തിന് ഈ കടുംകൈ താങ്ങാനുള്ള കരുത്തുണ്ടായിരുന്നില്ല ആ പാവത്തിന്റെ അതിലും പാവായ ഹൃദയം പേടിച്ച് അതോടെ പണിമുടക്കി .

ശോശാമ്മ ചേടത്തീടെ പണിയും അതോടെ നിന്നു തള്ളേടെ കാറ്റ് പോയത് അറിഞ്ഞപ്പോ അന്നമ്മ ചേടത്തി ആദ്യം ഞെട്ടി , പിന്നെ ആരോടും പറഞ്ഞില്ല . ഇപ്പോഴും സ്വപ്നത്തീക്കൂടെ  ഇടക്കിടക്ക് വന്ന് ശോശാമ്മ ചേടത്തി മരുമകളോട്  ചോദിക്കാറുണ്ട്

 എന്തിനാടി നീയെന്നെ കൊന്നേന്ന് ?

മോനെക്കണ്ട് അപ്പനും, അപ്പന്റെ അമ്മയും  മരുമോളെ  കണ്ട് അമ്മയും തട്ടിപ്പോയി .

 പാറുക്കുട്ടി പോയത് തൊട്ട് ആ പേരിനോട് വല്ലാത്തൊരു മമതയാണ് പാക്കരൻ ചേട്ടന് എന്തു വളർത്തു സാധനങ്ങൾ വന്നാലും ''റ ''വെച്ചുള്ള പേരേ ഇടൂ . നായക്ക് പേരിട്ടത് റോമു , ഒരു പൂച്ചയുണ്ടായിരുന്നു അതിന്റെ പേര് റാവുന്നായിരുന്നു . അത് കേട്ട് ആൾക്കാര് മൂക്കത്ത് വിരൽ വെച്ചു

ഇന്നാളു പാക്കരൻ ചേട്ടൻ റാവൂന്ന് വിളിച്ചപ്പോ ചായകുടിക്കാൻ വന്ന ആന്ദ്രാക്കാരൻ റാവു മേസ്തിരിക്ക് അത്ഭുതം ക്യാ ക്യാ ന്ന് റാവു ചോദിച്ചപ്പോ പാക്കരൻ ചേട്ടൻ ചീത്ത പറഞ്ഞു . പാവം റാവു മേസ്തിരിക്ക് ഒന്നും മനസ്സിലായില്ല  ഇങ്ങേർക്ക് വട്ടാണെന്നാ മേസ്തിരി വിചാരിച്ചത് .

പൂച്ചക്ക് ആരെങ്കിലും റാവൂന്ന് പേരിടോ എന്റെ പാക്കരാ ? 

റാവൂന്ന്  വിളിച്ചാ ആ പാവം റാവു പൂച്ച മേലോട്ട് നോക്കിക്കിടക്കും . പൂച്ചകളുടെ ജന്മ ചരിത്രം പരിശോദിച്ചാൽ പോലും ഇങ്ങനെ ഒരു പേര് കാണത്തില്ലാന്ന് റാവു പൂച്ചക്ക് നന്നായറിയാം .

ഈ കാണാപ്പൻ ഒരു കൊണാപ്പൻ തന്ന്യാന്നും കരുതി അവൻ മിണ്ടാതിരിക്കും . റാവൂന്ന പേര് കേട്ടാത്തന്നെ  കഷണ്ടി തലയുള്ള ഒരു തെലുങ്കൻ വരുന്ന  പോല്യാണ് തോന്നുക  വരുന്നവരൊക്കെ  റാവു റാവുന്ന് കളിയാക്കി വിളിച്ചു  തുടങ്ങിയപ്പോ അത് സഹിക്കാനാകാതെ റാവു പൂച്ച നാടു വിട്ടു .

പോകുന്ന  പോക്കിൽ  അവൻ പാക്കരൻ ചേട്ടനെ ഒരുഗ്രൻ ചീത്ത വിളിച്ചിട്ടാ പോയത്.  റാവു .. ഒരു പൂച്ചക്കിടണ പേരാടോ ഇത് ? പോയി തന്റെ തന്തക്കിട് . ആ തന്തക്ക് വിളി കേട്ട് ഫോട്ടോലിരുന്ന വറീതേട്ടൻ  കണ്ണടച്ചു . പൂച്ച വരെ തന്തക്ക് വിളിക്കാൻ തുടങ്ങി . ഈ വിഡ്ഢി കാരണം ഇനി എന്തൊക്കെ കാണണാവോ ? ഈ വിഡ്ഢിയുടെ സൃഷ്ട്ടാവും താൻ തന്നെയല്ലേ എന്നതോർത്ത് വറീതേട്ടൻ  ലജ്ജിച്ചു തലകുനിച്ചു  .

റാ.. യോട് ഉള്ള പെരുത്ത ഇഷ്ട്ടം കാരണം പാക്കരൻ ചേട്ടൻ അന്നമ്മ ചേടത്തീടെ പേരും  മാറ്റാൻ നോക്കീതായിരുന്നു  . അന്നമ്മ ചേടത്തി ഒലക്കയെടുത്തു  അതോടെ അന്നമ്മ ചേടത്തീയെ  മാത്രം പാക്കരൻ ചേട്ടൻ ഒഴിവാക്കി അല്ലെങ്കി റ പോലെയാവും തന്റെ മുതുകെന്ന് പാക്കരൻ ചേട്ടന് നാന്നായറിയാം .

അങ്ങനെ റോമൂനെ കാണാതായി ഒരു ദിവസം കഴിഞ്ഞു  പാക്കരൻ ചേട്ടൻ ആകെ വിഷ്ണനായി  ചായക്കടയുടെ ഉമ്മറത്തിരുന്ന് പുറത്തോട്ട്  നോക്കിക്കൊണ്ടിരിപ്പായിരുന്നു പെട്ടെന്ന്  അതാ കേൾക്കുന്നു ഒരു കുര അത് നമ്മുടെ റോമുവല്ലേ ?

പക്ഷേ അത് റോമുവല്ലായിരുന്നു രാജനായിരുന്നു വഴീക്കൂടെ പോവുമ്പോഴെക്കെ ഏത് ഏരിയായിൽ നായ്ക്കളുണ്ടോ അവിടെ എത്തുമ്പോഴുള്ള രാജന്റെ കുരയാണ് അത്  ഞാൻ വരുന്നുണ്ട് ജീവൻ വേണമെങ്കിൽ മാറിക്കോ എന്നാണതിന്റെ  അർത്ഥം .

സാധാരണ രാജന്റെ മണം അടിക്കുമ്പോഴേക്കും റോമു കണ്ണടച്ചു കിടക്കും വെറുതേ അവന്റെ കൈയ്യീന്ന് കടി വാങ്ങി വെക്കേണ്ടല്ലോ ? ഒരു പ്രാവശ്യം റോമു ഒന്ന് മുട്ടിയതായിരുന്നു 

രാജൻ റൗഡിയായി പേരെടുത്തു വരുന്ന സമയം .

ഇതു പോലെ അവൻ പോകുന്ന കണ്ടപ്പോ  റോമു ഒന്നു  കുരച്ചു   സത്യത്തിൽ റോമു അകലേന്ന് മാത്രേ രാജനെ ഇത് വരേയ്ക്കും കണ്ടിരുന്നുള്ളൂ അവൻ ഒരു ശിശുവായിരിക്കും എന്നായിരുന്നു  റോമു കരുതിയിരുന്നത്  . എന്നാൽ അടുത്തു കണ്ടപ്പൊഴായിരുന്നു  റോമു അറിയാതെ മുള്ളിപ്പോയത്  ഒരു ഘടോൽക്കചൻ

രാജന്റെ  ആകാരം കണ്ട്  റോമു നിന്നു  വിറച്ചു അറിയാണ്ടാണെങ്കിലും  കുരച്ചു പോയില്ലേ ? രാജൻ റോമുവിന്റെ കൂട്ടിനടുത്ത് വന്ന് നിന്നു 

വെറുതേ വായിൽ നിന്നും പോയൊരു  കുര ജീവനെടുക്കോ ..ന്നു വരെ റോമുവിന് സംശയം തോന്നി  ?

റോമുവിന്  തന്റെ കുരയെ പ്പിടിച്ച്  രണ്ട് ചവിട്ട് ചവിട്ടാൻ തോന്നി  രാജൻ റോമുവിന്റെ കൂടിനടുത്തു വന്നു നിന്ന് റോമുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി  രണ്ട് ഊക്കൻ കുര  റോമു ശരിക്കും ഞെട്ടിപ്പോയി   

രാജൻ വീണ്ടും കുരച്ചു എന്താടാ .. ധൈര്യമുണ്ടെങ്കീ  വീണ്ടും  കുരക്കെടാന്നൊരു ലൈൻ .

ധൈര്യം പോയിട്ട് ജീവൻ തന്നെ ഇല്ലാണ്ടായിരുന്നു  റോമു നിന്നിരുന്നത്  കൂട് കുറ്റിയിട്ടിരിക്കുന്ന  കാരണം ഒരു ആശ്വാസം രാജൻ  അകത്തേക്ക് കേറി വരത്തില്ലല്ലോ  

അവൻ രാജനെ നോക്കി ഒന്നു ചിരിക്കാൻ ശ്രമിച്ചു  രാജനിത്  കണ്ടതോടെ  ദേഷ്യം ഉറഞ്ഞു കയറി 

ഈ പീക്കിരി തന്നേ നോക്കി ചിരിക്കേ?

ആ ദേഷ്യത്തില് അവൻ വീണ്ടും അട്ടഹസിച്ചു  ഇപ്രാവശ്യം റോമുന്റെ കണ്ണീന്ന് ശരിക്കും വെള്ളം വന്നു അവൻ പാക്കരൻ ചേട്ടന്റെ കടേലിക്ക് ഇടം കണ്ണിട്ട് നോക്കുണുണ്ട് ആരെങ്കിലും ഈ കാലമാടന്റെ കുരകേട്ട് വന്നാ ശരിക്കും തന്റെ മാനം പോകും  ആരും വരല്ലേന്ന് പ്രാർത്ഥിക്കലും അന്നമ്മ ചേടത്തി കുര കേട്ട് പുറത്തേക്കിറങ്ങി വന്നതും ഒരുമിച്ചായിരുന്നു  റോമുന്റെ ബാക്കിയുണ്ടായിരുന്ന പാതി ജീവൻ കൂടി അതോടെ പോയി .

എന്തിനാടി റോമു നിന്ന് കൊരക്കണെ ? 

റോമുവിന്റെ കുരയാണെന്നും കരുതിയാ പാക്കരൻ ചേട്ടനത് ചോദിച്ചത് 

നിങ്ങടെ റോമുവല്ല  ഏതോ ഒരു കൊടിച്ചി പട്ടി അവിടെ വന്നിട്ടുണ്ട്  അവനെ കണ്ട് നിങ്ങടെ റോമു പേടിച്ച് മുള്ളി നിൽപ്പുണ്ട് .

റോമൂന്റെ മേത്തൂന്ന് തൊലി ഉരിഞ്ഞതു  പോലെയായി കൊടിച്ചി പട്ടീന്നുള്ള വിളി കേട്ടതോടെ  രാജന്റെ തൊലി അതിനു മുന്നേ ഉരിഞ്ഞു പോയിരുന്നു  . റൗഡിന്നുള്ള ആ ബലിഷ്ടമായ വാക്കിനെ  വെള്ളത്തിലിട്ടു അലിയിച്ചതു  പോലെ തോന്നി രാജന് . ഈ കിഴവിക്കിട്ട് ഒരു കടി കൊടുത്തിട്ടേയുള്ളൂ ബാക്കി കാര്യന്ന് പറയലും അന്നമ്മ ചേടത്തീയെ  നോക്കി രാജൻ  ഒറ്റ കുര .

ചേടത്തി ആദ്യമൊന്ന് ഞെട്ടിയെങ്കിലും അടുക്കളെന്ന് വാക്കത്തിയെടുത്തോണ്ട്  പരട്ടു നായെ എന്റെ വീട്ടി ക്കേറി വന്ന് എന്നെ നോക്കി കുരക്കുന്നോയെന്നും അലറിക്കൊണ്ട്  മുറ്റത്തേക്കൊരു ചാട്ടം

ആ അപ്രതീക്ഷിത നീക്കത്തിൽ  മുന്നോട്ട് കുതിച്ച രാജൻ സഡൻ ബ്രെക്കിട്ടു . ഈ കിഴവി ചില്ലറക്കാരിയല്ല  വെറുതേ പോയി ചോര ചീന്തി രക്ത സാക്ഷിയാവണ്ടാന്ന്  രാജന്റെ മനസ്സ് രാജന് വിലപ്പെട്ട  ഉപദേശം കൊടുത്തു. 

ഇതിനു  മുന്നേ റോമൂവിന്റെ ബോധം കൂട് വിട്ട് പുറത്തേക്ക് ഓടിപ്പോയിരുന്നു 

ആ സംഭവത്തിനു ശേഷം രാജനെ കാണുമ്പോഴെക്കെ റോമു കണ്ണടച്ച് കിടക്കുകയാണ് പതിവ് .

ആയിടക്കാണ് ഗ്രാമത്തിൽ പുലിയിറങ്ങിയെന്നും  ഒരു കിംവദന്തി പരന്നത് .

Please click part 7

       

0 അഭിപ്രായങ്ങള്‍