മീൻകാരൻ മമ്മദ് അന്നത്തെ അന്തിക്കള്ളും മോന്തി വരുന്ന വഴി ഞങ്ങളുടെ ഗ്രാമത്തിൽ ആകെയുള്ളൊരു ക്ലബ്ബായ നാരായണി ആർട്സ് ആൻഡ് സ്പോർട്സിന്റെ അടുത്തുള്ള പൊന്തക്കാട്ടിൽ 
ഒരനക്കം കണ്ടതും  പോയി എത്തിനോക്കിയതും  

പുലിവാല് പോലെ എന്തോ ഒന്ന് നീണ്ടു കിടക്കുന്നു,   മമ്മദിന്റെ സ്വപ്നത്തിൽ പോലും പുലി പോയിട്ട്  ഒരു ഏലി പോലും ഉണ്ടായിരുന്നില്ല  എന്നുള്ളതായിരുന്നു  സത്യം.

ഓണക്കാലമായതിനാൽ,  അവറാൻ ചേട്ടൻ  പുലിക്കളി കഴിഞ്ഞ് പാമ്പായിട്ട് കോൺ തെറ്റി കിടക്കുകയാണെന്നാ  മമ്മദ് കരുതിയത് . മമ്മദിന്റെ ഉള്ളീകിടക്കുന്ന  കള്ളും അതെന്ന്യാ മമ്മദിനോട് പറഞ്ഞതും. 

ഓണക്കാലത്ത്  അവറാൻ ചേട്ടനാണ് ഞങ്ങളുടെ ഗ്രാമത്തിലെ സ്ഥിരം പുലി . 

ഇത് നമ്മടെ അവറാനല്ലേന്നും ചോദിച്ച  മമ്മദ്  പുലി വാലിൽ  പിടിച്ച് ഒറ്റ വലിയായിരുന്നു  

പാവം പുലി  കാട്ടിലെ  സവാരിക്കിടെ എങ്ങിനെയോ വഴിതെറ്റി വന്നതായിരുന്നു അതിന്റെ പരാക്രമത്തിൽ  ആകെ പരവേശം മൂത്തപ്പോഴാ  പുലിക്ക്  ആ ശങ്ക വന്നതും  ആരും കാണാതെ സ്വസ്ഥമായിട്ടൊന്ന്  അപ്പിയിടാൻ  പൊന്തക്കാട്ടിലേക്ക് കയറിയതും  .  

ആരോ വാലിൽ  പിടിച്ച് വലിച്ചതോടെ സുഗമമായി നടക്കേണ്ട ആ പ്രോസസ്സ് പെട്ടെന്ന്  സഡൻ ബ്ലോക്കവുകയും പുലി ഞെട്ടുകയും ചെയ്തത് .

ഏത് നായിന്റെ മോനാടാ ഈ തോന്നിവാസം കാണിച്ചേന്നും കരുതി തിരിഞ്ഞ പുലി  ഒരു  ഭ്രാന്തൻ തന്റെ വാലും പിടിച്ച്  തന്നേം നോക്കി ചിരിച്ചോണ്ട് നിൽക്കുന്നതാണ് കണ്ടത് . 

കടുവയെ കിടുവ പിടിക്കുന്നോ എന്നുള്ള അങ്കലാപ്പായിരുന്നു പുലിയുടെ മനസ്സിലൂടെ ആ സമയം കടന്നുപോയത് 

ഇവനെന്ത് മണ്ടനാണപ്പാ പുലിയായ തന്റെ വാലും പിടിച്ച് ചിരിച്ചോണ്ട് നിൽക്കണത് ?  ഈ കിഴങ്ങൻ വാലിൽ പിടിച്ചു  നിൽക്കുന്ന  കാരണം അപ്പിയിടാനും പറ്റുന്നില്ല . സന്ദർഭം മാറിപ്പോയി ഇല്ലെങ്കീ ശരിയാക്കി കൊടുക്കാമായിരുന്നൂന്നാ പുലി മനസ്സിൽ  വിചാരിച്ചത് . ഏതായാലും ഓടണമെങ്കിൽ  ഓടിക്കോട്ടെന്നും വെച്ചാ പുലി മമ്മദിനെ നോക്കി ഒന്ന് ഗർജ്ജിച്ചത്   . 

പെട്ടെന്നുള്ള ആ അലർച്ച കേട്ടപ്പോൾ  മമ്മദ് ഒന്ന് ഞെട്ടിയെങ്കിലും  ഇത് ഒറിജിനൽ പുലിയാണെന്നുള്ള ബൾബ് അപ്പോഴും മമ്മദിന് കത്തിയില്ല   .

ആയ് ഇത്  നമ്മുടെ ഗ്രാമം,  നമ്മുടെ ക്ലബ്,  നമ്മുടെ അവറാൻ,  നമ്മുടെ ഓണം ഈ ചിന്തകളിൽ കിടന്ന് ചുറ്റിത്തിരിയുന്നതല്ലാതെ താൻ പിടിച്ചിരിക്കുന്നത് ഒരു പുലി വാലാണെന്ന് മമ്മദിന്റെ ബുദ്ധിക്ക് അപ്പോളും ഒരു  തിരിച്ചറിവുണ്ടായിരുന്നില്ല  എന്നുള്ളതായിരുന്നു സത്യം , 

ഉണ്ടായിരുന്നുവെങ്കി  മമ്മദ് അവിടെ വീണ് ചത്തേനെ 

എന്തിനാ അവറാനേ  ഓളിയിടണത് ? ഇത് ഞാനാടാ  മമ്മദ് 

അവറാൻ ചേട്ടൻ പുലിക്കളിയുടെ മുഖം മൂടി വെച്ചിരിക്കയാണെന്നാ മമ്മദിന്റെ വിചാരം,  തന്നെയൊന്ന്  പേടിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ  ഗർജ്ജിക്കുന്നതെന്നും 

തന്നെ അങ്ങിനെയൊന്നും പറ്റിക്കാൻ പറ്റത്തില്ല താനിതൊക്കെ എത്ര കണ്ടിരിക്കുന്നതാ  

മമ്മദിന് തന്നിൽ തന്നെ ഒരു ആത്മവിശ്വാസം തോന്നി 

എന്നോടാ അവറാനേ നിന്റെ കളി നീ  മുഖമൂടി വെച്ചാലൊന്നും  ഈ മമ്മദിനെ പറ്റിക്കാൻ പറ്റില്ലാട്ടോ .  

പുലിക്കാണെങ്കിൽ ഇതുകൂടി കേട്ടതോടെ ആകെ ഒരു ഇത് ? ഇവൻ ഏത് കോത്താഴത്ത്കാരനാടാ? അവറാൻന്നോ കുവറാൻന്നോ ഒക്കെ വിളിച്ചു കൂവുന്നുണ്ടല്ലോ  , ഇനി തന്റെ പേര് അവറാൻന്നായോന്ന് പുലിക്കന്നെയൊരു  സംശയം?   ഇത്രയും ശക്തിയെടുത്ത് താൻ  ഗർജ്ജിച്ചിട്ടും ഒരു പേടിയുമില്ലാണ്ടല്ലേ  ലവൻ  നിൽക്കണത്? ഇനി വല്ല പുലി പിടുത്തക്കാരനോ മറ്റോ ആയിരിക്കോ  ?

ആ ചിന്ത വന്നതോടെ പുലിയുടെ മനസ്സിലൂടെ ഒരുപാടു വെടിയുണ്ടകൾ   തലങ്ങും വിലങ്ങും പാഞ്ഞു  .

ഈശ്വരാ, തന്നെ  പുലി വേട്ടക്കാരൻ പിടിച്ചു കഴിഞ്ഞിരിക്കുന്നു  ഏത് നേരത്താണാവോ ഇവിടെ വന്ന് അപ്പിയിടാൻ തോന്നിയത് ? ഇവനൊരു  ഒന്നൊന്നര പുലി വേട്ടക്കാരൻ തന്നെ,  തന്റെ വാലിൽ  പിടിച്ചാ വെടി വെക്കാൻ പോകുന്നത്  . 

ആ പേടിയിൽ,  ബ്ലോക്കായിരുന്ന അപ്പി പുലി പോലും അറിയാതെ  പോയി 

അതോടെ  ആ പാവം പേടികൊണ്ട്  ഒറ്റ അലർച്ചയും ജീവനും കൊണ്ടൊരു   ഓട്ടവും  അപ്പോഴാ മമ്മദിന് ശരിക്കും  ബൾബ് കത്തിയത്

അള്ളാ... പുലിയുടെ വാലും പിടിച്ചോണ്ടാണോ  താൻ ഇത്ര നേരം കഥാപ്രസംഗം നടത്തിയത് 

അതും പോരാഞ്ഞ് ഒർജിനൽ പുലിയുടെ വാലിൽ പിടിച്ചാണ്  താൻ അവറാനെന്നും  വിളിച്ച് അധിക്ഷേപിച്ചത് ? 

അപ്പൊ അവറാൻ ?

അള്ളാ അവറാനെ പുലി തിന്നു 

മമ്മദിന്റെ ഉള്ളിലൂടെ ഒരാന്തൽ കടന്നുപോയി 

മമ്മദ്,  അതുവരേക്കും തന്നെ കൊണ്ടുവന്ന  സൈക്കിളുപേക്ഷിച്ച്  രണ്ടു കാലിൽ പാഞ്ഞു 

പാവം സൈക്കിളിനെ പുലിക്ക് തിന്നാൻ കൊടുത്താ മമ്മദ് ജീവനും കൊണ്ട് പാഞ്ഞത് . സൈക്കിളിൽ പോയാൽ അര മണിക്കൂറുകൊണ്ട് വീട്ടിലേക്കെത്തുന്നത്  വെറും രണ്ടു മിനിറ്റോണ്ടാ  മമ്മദ് പറന്നെത്തിയത്  .

വീട്ടിലെത്തിയിട്ടും മമ്മദ് നിന്ന് വിറക്കായിരുന്നു  മമ്മദിന്റെ വിറകണ്ടാ കെട്ടിയോള് പാത്തുമ്മാ ചോദിച്ചത് 

എന്താ  മനുഷ്യ ഇങ്ങനെ കിടന്ന് വിറക്കുന്നത്  

പാത്തുമ്മായുടെ  വിചാരം ആരുടേയെങ്കിലും  കൈയ്യീന്ന്  തല്ല് കിട്ടിയിട്ടാണ്  മമ്മദ്  കിടന്ന് വിറക്കുന്നതെന്നാ  , ഇടക്കിടക്ക്  ഇങ്ങനെ കിട്ടാറുള്ളതാ  .

എന്തിനാ മനുഷ്യാ ഇങ്ങനെ നാട്ടുകാരുടെ തല്ലും കൊണ്ട് ഓടിവരുന്നത്  ? നാണമില്ലേ നിങ്ങൾക്ക് ,  കൊച്ചു കുട്ടികള് തുള്ളപ്പനി വന്ന് വിറക്കുന്ന  പോല്യാ  പേടികൊണ്ട് വിറക്കണേ  കഷ്ടം  .. ആണാണെന്നും പറഞ്ഞോണ്ട്  നടക്കുന്നു .

എടീ... ശ..വ..മേ .., എന്നെ പുലി പിടിക്കാൻ വന്നു 

വിക്കീട്ട് മമ്മദിന് മിണ്ടാൻ  തന്നെ പറ്റുന്നില്ല 

പുലീന്ന് കേട്ടതോടെ പാത്തുമ്മാ ചേടത്തി അയ്യോ ന്നൊറ്റ ഓളി 

എന്റെ മനുഷ്യാ നിങ്ങടെ സൈക്കിളെവിടെ?  

അപ്പളാ മമ്മദിന് ആ ഓർമ്മ വന്നത്  . 

അള്ളാ .. താൻ സൈക്കിളിലല്ലേ വന്നത് ?

പുലിനെ കണ്ട പേടീല് സൈക്കിളിന്റെ  കാര്യം മറന്നു .

എന്റെ മനുഷ്യാ നിങ്ങള് പോയി സൈക്കിള് എടുത്തോണ്ട് വാ നാളെ കച്ചോടത്തിന് പോണ്ടതല്ലേ 

നീ പോടീ..   സൈക്കിള് എടുക്കാൻ പോയാ പുലി എന്നെ പിടിച്ച് തിന്നും

പിന്നെ,  പുലിക്ക് നിങ്ങളെ പിടിച്ച് തിന്നിട്ട് എന്തു കിട്ടാനാ

അപ്പളാ മമ്മദ് അത് ആലോചിച്ചത്  തന്നെ പിടിച്ച് തിന്നിട്ട് പുലിക്ക് എന്ത് കിട്ടാനാന്ന് , പക്ഷേ തിന്ന് കഴിഞ്ഞിട്ട്  പിന്നെ എന്ത് കിട്ടാനാന്ന് പുലിയോട് ചോദിച്ചിട്ട് വല്ല കാര്യവുമുണ്ടോ ?, നീയൊന്ന് മിണ്ടാതിരിക്ക് ഹമുക്കേ നിന്റെ മോന്ത ഞാൻ അടിച്ചു പൊട്ടിക്കും

നിങ്ങള് ഒലത്തും, പുലീനെ കണ്ട് പേടിച്ച് മുള്ളി നിക്കാ

അത് കേട്ടതോടെ മമ്മദിന് ആകെ ചമ്മലായി

പുലിയെന്നെ  പിടിച്ചു തിന്നാ നിനക്ക് വേറെ നിക്കാഹ് കഴിക്കാലോല്ലേ?

വെറുതേ കൊതിപ്പിക്കല്ലേ മനുഷ്യായെന്നും പറഞ്ഞോണ്ട്  പാത്തുമ്മാ ചേടത്തി  അകത്തോട്ട്  കേറിപ്പോയി .

അപ്പോഴാ മമ്മദത്  തിരിച്ചറിഞ്ഞത്  സത്യത്തില് താൻ മുള്ളിയിരിക്കണൂ 

പുലിയെ കണ്ട പേടിയിൽ   മമ്മദിന് ഒരാഴ്ച്ച കാണുന്നതൊക്കെ പുലിയായിരുന്നു , കുട്ടേല് കിടക്കണ മീൻ പുലി , പൂച്ച പുലി , കോഴി പുലി എന്തിന് ഭാര്യ പാത്തുമ്മാനെ  തന്നെ പുലിയായിട്ട് തോന്നി .

അങ്ങിനെയാണ് ആ സംശയം ബലപ്പെട്ടത് റോമൂനെ ചിലപ്പോ പുലി പിടിച്ചതായിരിക്കുന്ന് അത് കേട്ടതോടെ പാക്കരൻ ചേട്ടന്റെ വലിവ് ഒന്നുകൂടി  കൂടി അന്നമ്മ ചേടത്തിക്ക് പെരുത്ത് സന്തോഷം.  ഇനി തൊട്ട് മീന്റെ തല കൂടി കൂട്ടി ചോറു  തിന്നാലോന്ന് സാധാരണ അത് റോമുവിനാണ്  കൊടുക്കാറ് അതും  കൊടുക്കാൻ അന്നമ്മ ചേടത്തിക്ക് തീരെ ഇഷ്ട്ടമുണ്ടായിട്ടല്ല  പക്ഷേ പാക്കരൻ ചേട്ടന്റെ നിർബന്ധം കാരണാ അതെങ്കിലും റോമൂന്  കൊടുക്കണത് .

ആദ്യമൊക്കെ  അന്നമ്മ ചേടത്തി മീൻറെ ചാറ് മാത്രം ഒഴിച്ചിട്ടാ  റോമൂന് ചോറ് കൊടുക്കാറ് . റൊമൂന്റെ വിചാരം മീന്റെ മുള്ളെങ്കിലും അതിലുണ്ടാവൂന്നാ  പക്ഷേ അതും  അന്നമ്മ ചേടത്തിയാ കടിച്ചു മുറിച്ചു തിന്നാറ്‌ .  പാക്കരൻ ചേട്ടൻ പറയും  എടീ  ആ മീന്റെ തലയെങ്കിലും അവന് കൊടുക്കെടീന്ന് ..  അതിനു ശേഷാ മനസ്സില്ലാ മനസ്സോടെ ചേടത്തി അത് കൊടുക്കാറ് എന്നാലും മീന്റെ തലേടെ ഒരുമാതിരിയെല്ലാം പിച്ചി പറിച്ച്  തിന്നിട്ടേ ചേട്ടത്തി  അത് റോമൂന് കൊടുക്കാറുള്ളൂ അതവന് മനസ്സിലാക്കാതിരിക്കാനായി ചോറിൽ നന്നായി കൂട്ടിക്കുഴച്ചിട്ടാ   കൊടുക്കാറ് .

റോമൂനെ കാണാനില്ലെന്ന് അറിഞ്ഞപ്പോ മുതലേ ചേടത്തീടെ സന്തോഷം അതായിരുന്നു... ഇനി മുതല് മീന്റെ തല കൊടുക്കേണ്ടല്ലോന്ന് . മണികണ്ഠൻ പൂച്ചക്കും അതായിരുന്നു സന്തോഷം . മണികണ്ഠന്റെ വിചാരം റോമുന് കൊടുക്കുന്ന  മീന്റെ തല ഇനിതൊട്ട് തനിക്ക് കിട്ടുമെന്നായിരുന്നു   . അത് വരേയ്ക്കും മീന്റെ മുള്ളാ അന്നമ്മ ചേടത്തി മണികണ്ഠന് കൊടുക്കാറ് അത് തന്നെ പത്തു പ്രാവശ്യം ഈമ്പിയിട്ടാ കൊടുക്കാറ് അത് കാണുമ്പോ തന്നെ മണികണ്ഠന് ശർദ്ധിക്കാൻ  വരും.

റോമൂനെ പുലി പിടിച്ചിരിക്കുമോന്ന് സംശയം  പറഞ്ഞപ്പോ എല്ലാവർക്കും ആധിയായി . മമ്മദാ പറഞ്ഞത് അവനെ പുലി പിടിച്ചത് തന്നെയായിരിക്കൂന്ന് അത്  ഒരു ഒന്നൊന്നര പുലിയാ ഒരു സിംഹത്തിന്റെ അത്രേം വലുപ്പമുള്ള പുലിന്നാ  മമ്മദ് പുലിയെ കുറിച്ച് വർണ്ണിച്ചു  പറഞ്ഞത്  .

ഇതിനിടയിൽ മമ്മദ്  പുലിയെ കണ്ടകാര്യം നാട്ടിലൊക്കെ പാട്ടായിരുന്നു.

മമ്മദിനെ അന്വേഷിച്ചു ചെന്ന പ്രേഷിതൻ സുകുവിനോടാ മമ്മദത് പറഞ്ഞത്  രാത്രി വീട്ടിലേക്ക് വരുമ്പോ വഴി മറച്ച് പുലിയെ കണ്ടൂന്നും മീൻ വിക്കണ ത്രാസ് എടുത്ത് തോക്ക് പോലെ കാണിച്ചിട്ട് ''ട്ടേ ..ട്ടേ ..ന്ന്  ശബ്ദം ഉണ്ടാക്കീന്നും അത് കേട്ട് പുലി പേടിച്ച് ഓടീന്നുമൊക്കെ

അപ്പോഴും മമ്മദ് കിടന്ന് വിറക്കുന്നുണ്ടായിരുന്നു , മഴ നനഞ്ഞതുകൊണ്ട് പനി പിടിച്ചതാണെന്നാ സുകുവിനോട് പറഞ്ഞത് മമ്മദിന്റെ വീട്ടിനുള്ളിൽ മാത്രം മഴ പെയ്തൊ എന്ന് ചോദിക്കുവാനുള്ള വിവരം സുകുവിനും ഇല്ലാതെ പോയി 

പ്രേഷിതൻ സുകുവത് പാക്കരൻ ചേട്ടന്റെ ചായക്കടയിൽ പറയുകയും അതൊരു തരംഗമായി ഗ്രാമമൊട്ടുക്ക് വ്യാപിക്കുകയും ചെയ്തു   

എല്ലാവരും അത് വിശ്വസിച്ചു 

മമ്മദ് ഭയങ്കര ധൈര്യവാനാണെന്നാ എല്ലാവരും പറഞ്ഞത്   

അവറാൻ ചേട്ടന്റെ  ഭാര്യ ഒറോത ചേടത്തി ഒരു ദിവസം പാത്തുമ്മ ചേടത്തിയെ  കണ്ടപ്പൊഴാ നാട്ടാര് സത്യം അറിഞ്ഞത് 

എന്താ പാത്തുമ്മേ കുറച്ചു  ദിവസായിട്ട് മമ്മദിനെ കാണാനില്ലല്ലോ മീന്റെ ചാറില്ലാണ്ട്  ഒരു ഉരുള ചോറ് പോലും ഇറങ്ങണില്ല .

അങ്ങേര് ഏതോ പുലിയെ കണ്ടുന്നും പറഞ്ഞ്  പേടിച്ച്  വയറിളകി വീട്ടിലിരിപ്പുണ്ട് കൂടെ പനിയും, പിച്ചും പേയും പറയുന്നുണ്ട്

അന്നാ നാട്ടുകാർക്ക് സത്യം മനസ്സിലായത്.

എല്ലാവരും പറയണത് മമ്മദ് ത്രാസ് കൊണ്ട് പുലിയെ അടിക്കാൻ നോക്കീന്നും പുലി പേടിച്ച് ഓടീന്നുമാണല്ലോ

പേടിച്ച് ഓടീത് ശരിയാ പക്ഷേ  അത് പുലിയല്ല  എന്റെ കെട്ടിയോനാ അങ്ങേര് പുലിയെ കണ്ട പേടീല്   സൈക്കിള് പോലും എടുക്കാൻ മറന്നിട്ടാ ജീവനും കൊണ്ടോടിയത്. ഇപ്പോഴും വിറ മാറിയിട്ടില്ല പുലി പോയിട്ടേ  ഇനി കച്ചോടത്തിന് പോകുന്നുള്ളൂന്നും പറഞ്ഞ് വീട്ടിലിരിപ്പാ 

അങ്ങനെയിരിക്കേ ഒരു ദിവസം  പലചരക്ക് കടക്കാരൻ സുപ്രുവും പുലിയേ കണ്ടു  സാധാരണ സുപ്രുന്   ബാത്ത് റൂമില് പോയി പോയി കാര്യം നടത്തിയാ ഒരു സാറ്റിസ്‌ഫാക്ഷൻ കിട്ടാറില്ല അതോണ്ട്  പറമ്പിലോട്ട്  പോകാറാ പതിവ് . അന്ന് സുപ്രുന്റെ ഭാര്യ കുസുമം നൂറുവട്ടം പറഞ്ഞതാ എന്റെ മനുഷ്യാ  നിങ്ങളീ  രാത്രി നേരത്ത് പൊറത്തേക്ക് പോവല്ലേ പുലിയിറങ്ങീട്ടുള്ളതാന്ന്  പക്ഷേ സുപ്രൂന് പറമ്പീ പോയി കാര്യം സാധിച്ചാലേ ഒരു തൃപ്തി ഉണ്ടാകത്തുള്ളൂ  .  എന്നെ കണ്ടാ പുലി പേടിച്ച് ഓടുടീ ..ന്നും  പറഞ്ഞാ സുപ്രു  പറമ്പിലോട്ട് പോയത് . സംഗതി അങ്ങനെ പറഞ്ഞെങ്കിലും സുപ്രൂന് ഉള്ളിൽ  നല്ല പേടിയുണ്ടായിരുന്നു . ഒരു പത്തുമിനിറ്റ് കഴിഞ്ഞു കാണും പേടി കുറേശ്ശേ കുറേശ്ശേ കുറഞ്ഞ സമയത്താ  തൊട്ടു മുന്നിലെ  പൊന്തക്കാട്ടില്  ഒരു അനക്കോം മുരളലും.  ആ അനക്കത്തോടെ സിംഹത്തിന്റെ വലുപ്പത്തിലുള്ളൊരു  പുലി സുപ്രുന്റെ മനസ്സിലേക്ക് ചാടി വന്നു.  ടോർച്ച് അടിക്കാൻ സുപ്രുന് പേടി ഇനി വെളിച്ചം കണ്ട് പുലി അടുത്തേക്ക് വന്നാലോ ? 

അതാ അനക്കം അടുത്തടുത്തു വരുന്നു സുപ്രുന് എണീറ്റ് ഓടണമെന്നുണ്ട് പക്ഷേ പേടികൊണ്ട് അനങ്ങാൻ പോലും പറ്റണില്ല  . പുലി തന്നെയെന്നുള്ള ഓർമ്മയിൽ  സുപ്രു വിറ തുടങ്ങി . സാറ്റിസ്‌ഫാക്ഷൻ  നോക്കി പുലിയുടെ വായിലേക്കാണല്ലോ  ചെന്ന് കേറിയത് .  ബാത്ത് റൂമിലെങ്ങാനും പോയിരുന്ന്  കാര്യം സാധിച്ചാ  മതിയായിരുന്നു .  ശരീരം മൊത്തം പൂക്കുല പോല്യാ വിറക്കണത് . ആ പേടിയിൽ താനെന്തിനാ വന്നതെന്നു  പോലും സുപ്രു മറന്നു പോയിരുന്നു   

അതാ പൊന്തക്കാട് വകഞ്ഞു മാറ്റിക്കൊണ്ട്  ഒരു തല പുറത്തേക്ക് 

അയ്യോ ..പുലീന്നും അലറി വിളിച്ച്  സുപ്രു ജീവനും കൊണ്ട് പാഞ്ഞു . 

വാറ്റുകാരൻ റപ്പായിയുടെ നായ സുഗുണായിരുന്നുവത്   എന്തോ പരിചയമുള്ള ആളുടെ മണം കിട്ടിയതു  കാരണാമാ  സുഗുണൻ  പരിചയം പുതുക്കാനായി  പൊന്തക്കാടിന്റെ ഉള്ളീന്ന് പുറത്തേക്ക് വന്നത് . സുപ്രു അലറിയതോടെ സുഗുണനും ഞെട്ടി അവനും ജീവനും കൊണ്ട് നൂറാ നൂറിൽ  പാഞ്ഞു 

സുപ്രുവല്ലേ അത് , സുപ്രുവെന്തിനാ തന്നെക്കണ്ട്‌ അലറിയേന്ന് സുഗുണനു മനസ്സിലായില്ല സാധാരണ  സുഗണനെ കാണുമ്പോ സുപ്രു ബിസ്‌ക്കേറ്റ് കൊടുക്കാറുള്ളതാ ആ  പ്രതീക്ഷയിലായിരുന്നു  സുഗുണൻ വാലാട്ടി ചെന്നത് .

പുലിപ്പേടി കാരണം സുഗുണന്റെ തല കണ്ടതോടെ അതൊരു  പുലിയുടെ തല പോല്യാ സുപ്രുവിന് തോന്നിയത്  . പേടിച്ചിരിക്കുന്ന  സുപ്രുവിന്റെ ബുദ്ധിയും അതു തന്ന്യാ സുപ്രുവിന് പറഞ്ഞു കൊടുത്തതും  

സുപ്രുന്റെ വാ കീറിയുള്ള കരച്ചിൽ  കേട്ടാ ഭാര്യ കുസുമം പുറത്തേക്കോടിവന്നത് .  നൂൽ  വസ്ത്രമില്ലാതെ  സുപ്രു മുന്നിൽ  വസ്ത്രമില്ലെന്ന് പറഞ്ഞുകൂടാ മുണ്ട് മാത്രം ഒരു ബെൽറ്റ് പോലെ അരയിൽ ചുരുണ്ടിരിപ്പുണ്ട് ട്രൗസറിനു പകരം പിന്നെയെന്തൊക്കെയോ ഞാന്നു കിടക്കുന്നു  . എന്റെ മനുഷ്യാ നിങ്ങടെ ട്രൗസറിവിടെ  ? അപ്പളാ സുപ്രു താഴോട്ട് നോക്കിയത് പുലിനെ കണ്ട പരാക്രമത്തില് ഊരിവെച്ചതൊക്കെ എടുത്തിടാൻ മറന്നു . നിലത്തു കമിഴ്ന്നു കിടന്ന് നാണം മറക്കാൻ സുപ്രു  ഒരു പാഴ്  ശ്രമം നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല .സുപ്രുന്റെ ഭാര്യയ്ക്ക് ഇത് കണ്ട് ചിരിയോട് ചിരി. സുപ്രുവിന്റെ മുഖത്ത് ഒരു തുള്ളി ചോരയില്ല ഇതിനെക്കാളും ബേധം പുലി പിടിച്ചാ മതിയായിരുന്നു .  കുസുമം  അന്ന്  ആദ്യമായിട്ടാ  സുപ്രുന്റെ നാണം കണ്ടത് . ഓ ഇതൊക്കെ  ഇത്രക്കേയുള്ളൂ ന്ന് കുസുമത്തിന് അപ്പളാ മനസ്സിലായത്  പുലി കാരണം അങ്ങനെയൊരു   ഉപകാരമെങ്കിലും  ഉണ്ടായി.

നാട്ടുകാരൊക്കെ സുപ്രുവിന്റെ പറമ്പു മുഴുവൻ അരിച്ചു പെറുക്കി നോക്കിയെങ്കിലും പുലി പോയിട്ട് പുലിയുടെ പൂട  പോലുമില്ലായിരുന്നു  

സുഗുണൻ പേടിച്ച് ഇട്ടിട്ട് പോയ കുറച്ച് അപ്പി മാത്രം കണ്ടു . 

മമ്മദ്  പറഞ്ഞത്,  പുലിയുടെ വായിൽ നിന്നും സുപ്രു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാന്നാ .

സത്യത്തിൽ   മമ്മദിനെ കണ്ട് പേടിച്ചോടിയ പുലി അന്ന് തന്നെ കാട് കേറിയിരുന്നു . കാട്ടിലെത്തിയിട്ടും ആ പാവത്തിന്റെ അണപ്പ്  മാറിയിരുന്നില്ല .

അങ്ങനെ ഞങ്ങൾ ഗ്രാമവാസികൾ എല്ലാവരും റോമൂനെ അന്വേഷിച്ചും  രജനിയെ നോക്കി മിന്നലും നടപ്പായി .

രണ്ടു ദിവസം കഴിഞ്ഞ്  പുലർച്ച ഒരു വളിച്ച കൊര 

ആ  കൊര കേട്ടപ്പോ തന്നെ ചേട്ടത്തി പറഞ്ഞു ദേ ആ അലവലാതി വന്നിട്ടുണ്ടട്ടോന്ന് ചേടത്തിയുടെ നിഗമനം വളരെ ശരിയായിരുന്നു  റോമു തന്നെയായിരുന്നുവത്  ആകെ അവശനായിട്ട് നടക്കാൻ പോലും വയ്യാതെ   ഞൊണ്ടി ഞൊണ്ടിയാ റോമു  വന്നത് . പാക്കരൻ ചേട്ടൻ കൊടുത്ത പഴങ്കഞ്ഞി കപ്പോ കപ്പോ ..ന്നും പറഞ്ഞാ റോമു  കുടിച്ചു തീർത്തത് .  പാക്കരൻ ചേട്ടൻ അടുത്തു ചെന്ന്  അവനെ തലോടിക്കൊണ്ട് നിന്നു  .

ഈ സമയത്താ  മണികണ്ഠൻ പൂച്ച അതിലെന്തോ സ്‌പെഷൽ ഉണ്ടാവുന്നും കരുതി ഓടി വന്ന് തലയിടാൻ നോക്കിയത് . റോമു ആഞ്ഞൊരു കടി  മണികണ്ഠന്റെ ഭാഗ്യം,   ജസ്റ്റ് മിസ്സ് ഇല്ലെങ്കീ സ്‌പെഷൽ തിന്നാൻ പോയി  മണികണ്ഠന്റെ കാര്യത്തിലൊരു തീരുമാനമായേനേ .

സത്യത്തിൽ  റോമു പറ്റിക്കപ്പെട്ടതായിരുന്നു  റോമൂന്റെ ക്ലോസ് ഫ്രണ്ടാ പാൽക്കാരൻ അന്തോണി ചേട്ടന്റെ  നായ ടോമി അന്തോണി ചേട്ടൻ ദിനവും  മാർക്കെറ്റിൽ പോയി പാലെടുക്കാറുണ്ട്  പോവുമ്പോഴെക്കെ ടോമീം  കൂടെ പോകും  .

മാർക്കറ്റില് ചിക്കന്റേം , മീൻറേം യുമൊക്കെ  വേസ്റ്റ് കിട്ടുമെന്നും  പറഞ്ഞ് പ്രലോഭിപ്പിച്ചാ ടോമി .., റോമൂനേം കൂടെ കൊണ്ട് പോയത് . ഇവിടെ മീൻചാർ കൂട്ടിക്കഴിക്കുന്ന  റോമൂന് വല്യ കൊതിയായി ഇതെല്ലാം കേട്ടപ്പോ.

ഓടിപ്പോയി മീന്റെ തല വായിലിട്ടത് മാത്രേ  റോമൂന് ഓർമ്മയുണ്ടായുള്ളൂ  . കഴുത്തിൽ  ഒരു പിടുത്തം  റോമൂന്റെ ജീവൻ പോയി ഒരു വിധത്തിലാ കണ്ണ് തുറന്ന് നോക്കിയത് ഒരു പട നായ്ക്കള് തന്റെ ചുറ്റിലും അത് കണ്ടതോടെ റോമു നിന്നോടുത്ത് നിന്ന് മുള്ളി അതിലൊരുത്തനാ തന്റെ കൊങ്ങക്ക് കേറി പിടിച്ചിരിക്കുന്നത് ആശകൊണ്ട്  വായിലിട്ട  മീന്റെ തല വരെ അവര് പുറത്തേക്കെടുത്തു   .

റോമു ഒരു ആശ്രയത്തിനായി  ടോമീനെ നോക്കി ആ പാവത്തിനെ എല്ലാവരും വട്ടമിട്ടാ പൊതുക്കുന്നത് ഇവിടെയുള്ള  അലവലാതികളൊന്നും പോരാതെ  പുറത്തൂന്ന് ഒരുത്തനെ കൂടി കൊണ്ടു വന്നിരിക്കുന്നോ എന്നും ചോദിച്ചോണ്ട്  ടോമിക്ക് ഇടിയോട് ഇടി .

ആദ്യ ഇടി തനിക്കു നേരേ വരുന്നതിനു മുന്നേ റോമു ഒറ്റ കുര . പെട്ടെന്നുള്ള ആ കുരയിൽ എല്ലാവരും ഒന്നു ഞെട്ടി ആ സെക്കെന്റിൽ റോമു ജീവനും കൊണ്ടൊരു  പാച്ചിലായിരുന്നു ജീവനും കൊണ്ടുള്ള  ആ ഓട്ടത്തിൽ  വഴിയും തെറ്റി , ഗ്രാമവും തെറ്റി അങ്ങനെ രണ്ടു ദിവസം അലഞ്ഞു തിരിഞ്ഞതിനു  ശേഷാ റോമു ഒടുവിൽ  തിരിച്ചെത്തിയത്  .

അന്ന് ഇടി കിട്ടി പനി പിടിച്ചു കിടന്ന ടോമിയും അതോടെ  മാർക്കറ്റിലേക്ക് പോക്ക് നിറുത്തി അന്തോണി ചേട്ടൻ  കൂടെ ചെല്ലാൻ വിളിക്കുമ്പോ ടോമി ജീവനും കൊണ്ട്  പുറത്തേക്കോടാറാ പതിവ് .

ഞങ്ങളുടെ അടുത്ത  ഗ്രാമത്തിലൊരു  തിയറ്ററുണ്ട്  മിനി എന്നാണ് പേര്  സാധാരണ  എ പടങ്ങളാണ് അവിടെ വരാറ് . സുകുവും അവറാൻ ചേട്ടനുമൊക്കെ ഇടക്കിടക്ക് പോയി ഇത്തരത്തിലുള്ള  പടങ്ങള് കാണാറുണ്ട് . ഞാനും ഒരു പ്രാവശ്യം വരട്ടേന്ന് ചോദിച്ചപ്പോ സുകു എന്നെ പിടിച്ച് കൊന്നില്ലാന്നേയുള്ളൂ അതോടൊപ്പം  കുറേ ഉപദേശവും

എടാ അത് കൊച്ചു കുട്ടികളൊന്നും കാണാൻ പാടില്ല,  പാപമാണ് . 

അപ്പൊ സുകുവേട്ടൻ പോണതോ ?

വലിയവർക്ക് കുറച്ചൊക്കെ  പാപം ചെയ്യാം പിന്നെ ഞാൻ പോണത് സിനിമ കാണാനൊന്നുമല്ല അവിടെ വരുന്ന പാപികളുടെ എണ്ണമെടുക്കാനാണ് എന്നിട്ട് അവരെ ഉപദേശിക്കാനും .

ഞാനും ഒരു പ്രാവശ്യം ഞാനും വന്നോട്ടെ  ഈ പാപികളെ കാണാൻ ?

അതിനുള്ള സമയമാവുമ്പോ ഞാൻ കൊണ്ട് പോയി കാണിക്കാം .

എന്റെ ക്‌ളാസ്സ് മേറ്റ്  ശിവനും രണ്ടുമൂന്നു പ്രാവശ്യം പോയി എ പടം കണ്ടിട്ടുണ്ട് . അവനെ കണ്ടാ നല്ല  സൈസാ എന്റെ ഡബിള് വരും  അവന്റെ അപ്പനും ഒരു ആജാനു ബാഹുവാ . അത് കാരണം സിനിമ കാണാൻ പോയാലും അവൻ  വല്യ ആളാന്നും വിചാരിച്ച് ആർക്കുമൊരു  സംശയവും  തോന്നത്തില്ല ,  എ  പടം കാണാൻ നല്ല രസാന്നാ ശിവൻ പറയാറ് .

ഒരു പ്രാവശ്യം അവൻ സിനിമ കാണുമ്പോ തൊട്ടപ്പുറത്തുള്ള ഒരാള് തീപ്പെട്ടി ചോദിച്ചൂത്രേ അതവന്റെ മാമനായിരുന്നു ,  മാമനെന്താ ഇവിടേന്നാ ശിവൻ  ചോദിച്ചത് അന്നവന് പൊതിരേ  തല്ല് കിട്ടി അതോട് കൂടി ശിവന്റെ സിനിമാ പോക്ക് നിന്നു  .

അങ്ങനെ ഒരു എ പടം വീണ്ടും വന്നു, കള്ള് ഷാപ്പിന്റെ മുന്നിലൊട്ടിച്ച ആ പോസ്റ്ററിൽ നോക്കി സുകു കണ്ണും തുറിപ്പിച്ച് നിന്നു . 

അത് കണ്ടാ ഷാപ്പ്കാരൻ വറീത് ചീത്ത വിളിച്ചത് .

എടാ സുകു നീ ആ പോസ്റ്റർ നോക്കി കടിച്ച് തിന്നാതെടാ എന്തൂട്ടായാലും നീയൊരു  പ്രേഷിതനല്ലേ ?

എന്റെ വറീതേട്ടാ ഞാനീ പാപികളെ കുറിച്ച് ആലോചിച്ച് നോക്കിയതാ എന്തിനാണ് അവരിങ്ങനെ പാപം ചെയ്ത് കൂട്ടുന്നത് ?

എടാ സുകുവേ,  തലയിൽ മുണ്ടിട്ട് നീ  സിനിമാ കാണാൻ പോകുന്നതൊക്കെ  ഞങ്ങൾ അറിയണിണ്ട്ട്ടാ  അല്ല വയസ്സായ അവറാനെ കൂടി എന്തിനാടാ  നാശാക്കണത് ?

സുകുവാണ്  അവറാൻ ചേട്ടനേം നിർബന്ധിച്ച് കൂടെ കൂട്ടിക്കൊണ്ട്  പോകാറുള്ളത് 

അങ്ങിനെയിരിക്കെ ഞാനും  എ  പടം ഒന്ന് കാണാന്ന് വെച്ചു  സംഭവം  എന്താണെന്നറിയേണ്ടേ ? ഉച്ചക്കുള്ള ഷോക്ക്  പോയാലേ രക്ഷയുള്ളു ഫസ്റ്റ് ഷോക്ക്  പോയാ ലേറ്റാവും . ഞങ്ങടെ ഗ്രാമം കഴിഞ്ഞ് വലിയ ഒരു കശുമാവും തോപ്പുണ്ട് അതും  കഴിഞ്ഞു വേണം മിനി തിയറ്ററിലെത്താൻ . ഈ കശുമാവും തോപ്പാണെങ്കില് പ്രേതങ്ങളുടെ സംസ്ഥാന സമ്മേളനം നടക്കുന്ന സ്ഥലമാണെന്നാ എല്ലാവരുടേയും പറച്ചിൽ   .

എന്തായാലും പോവെന്നേ ? എങ്കിലും  മനസ്സിലൊരു  പേടി. കശുമാവും തോപ്പ് കടക്കുമ്പോ  യക്ഷികളെങ്ങാനും   വന്നാലോന്ന്.  ആരെയും കൂട്ട് വിളിക്കാൻ പറ്റത്തില്ല. ശിവനെ വിളിച്ചാ അവൻ വരത്തില്ല . അവന്റെ മാമൻ ടിക്കെറ്റ് കൊടുക്കുന്ന  ആളുടെ അടുത്ത് പോലും പറഞ്ഞു വെച്ചിട്ടുണ്ട്  ശിവൻ വന്നാ പിടിക്കാൻ. 

ഏതായാലും ഒറ്റക്ക് പോവുക തന്നെ എ പടം കാണുവാനുള്ള ആശ എന്നെ ഒരു ധൈര്യവാനാക്കി മാറ്റി   

ആകെ  വിജനമായി കിടക്കുന്ന വലിയൊരു പറമ്പാണത്  മുഴുവൻ കശുമാവുകളും അതിനു നടുവിൽ  ഒരു  ഏഴിലം പാലയും ആ പാലയിലാണത്രെ യക്ഷി താമസിക്കുന്നത്  . ഒറ്റക്ക് വരുന്നവരെ സുന്ദരിയുടെ  രൂപത്തിൽ വന്ന് പ്രലോഭിപ്പിച്ചു കൊണ്ട് പോവും .

യക്ഷിയുടെ  പ്രലോഭനത്തിൽ വീഴുന്ന കിഴങ്ങൻമാർ മറുത്തൊന്നും ചിന്തിക്കാതെ കൂടെ പോകും  അപ്പോൾ അവർക്ക് ചുറ്റുമുള്ളതൊന്നും തിരിച്ചറിയുവാൻ കൂടി സാധിക്കുകയില്ല  .

ഏതോ ഒരു മായാലോകത്തിൽ അകപ്പെട്ടത് പോലെ അങ്ങനെ നടക്കും , നടന്നു നടന്നു  പാല മരത്തിന്റെ ചുവട്ടിലെത്തുമ്പോൾ സുന്ദരിയായ യക്ഷിയുടെ  രൂപം മാറും . 

സുന്ദരി വസ്ത്രം മാറാനാകും  പോകുന്നതെന്നും സ്വപ്നം കണ്ടിരിക്കുന്ന  കോന്തന്മാര്  യക്ഷിയുടെ  ഒർജിനൽ രൂപം കാണുന്നതോടെ  പാതി  ജീവൻ പോയി കരഞ്ഞോണ്ട് നിൽക്കും  .

ബാക്കിയുള്ള ജീവനും ചോരയും യക്ഷി വലിച്ചു കുടിക്കും . 

യക്ഷിയുടെ ഒർജിനൽ രൂപം കാണുമ്പോഴെക്കും  ചിലരുടെ മുഴുവൻ ജീവനും  പറന്നു പോയിട്ടുണ്ടാവും . യക്ഷിയെ കാണുമ്പോഴുള്ള ചിലരുടെ  പേടി പറ്റിയ  മുഖം കണ്ട്  യക്ഷിക്കു തന്നെ പേടിയാകും  അത്രക്കും ഭീഭത്സമായിരിക്കും.

ചോര മുഴുവനും കുടിച്ചു കഴിഞ്ഞതിനു ശേഷം വെറും  പിണ്ടിയായ ശരീരം യക്ഷി  പാലമരത്തിൽ തൂക്കിയിടും  യക്ഷിയുടെ കുട്ടികൾക്കും അവരുടെ കൂട്ടുകാർക്കും കളിക്കാൻ വേണ്ടിയിട്ടാണെന്നാണ് നാട്ടുകാരുടെ പറച്ചിൽ.

ശിവനാ, എനിക്കിതെല്ലാം  പറഞ്ഞു തന്നത് ഒരു പ്രാവശ്യം അവൻ കശുമാവും തൊപ്പീക്കൂടെ പോവുമ്പോ  യക്ഷി അവന്റെ അടുത്തു വന്ന്  ചുണ്ണാമ്പ് ചോദിച്ചൂത്രേ അവൻ തിരിഞ്ഞു നോക്കാതെ  ഓടി 

തിരിഞ്ഞു നോക്കിയാലേ യക്ഷി പിടിക്കത്തുള്ളൂന്നാ ശിവൻ പറയുന്നത്  പിന്നെ അവന്റെ പേര് ശിവൻന്നായ കാരണം യക്ഷിക്ക് പേടിയത്രേ .

അത്കൊണ്ട് അസമയത്തും,  നട്ടുച്ച നേരത്തുമൊന്നും ആരും ഇതുവഴി ഒറ്റക്ക്  പോകാറില്ല .

ഉച്ച സമയത്താവുമ്പോൾ യക്ഷിക്ക് നന്നായി ദാഹം കൂടും അതുകൊണ്ട്  ഐസൊക്കെ ഇട്ടിട്ടാവും യക്ഷി  ചിലപ്പോൾ രക്തം കുടിക്കാ എന്നാൽ ചിലരുടെ രക്തത്തിന് ഐസിന്റെ ആവശ്യമേ  വരത്തില്ല  . യക്ഷീയെ  കാണുമ്പോഴേക്കും രക്തം  ഐസ് പോലെ ആയിട്ടുണ്ടാവും .

ഇതൊക്കെ വെറും നുണയാണെന്നും  പറഞ്ഞുകൊണ്ട്  അടുത്ത ഗ്രാമത്തിൽ നിന്നും  ചില  ധീരന്മാർ വന്നു . നല്ല ജിമ്മൻ മാർ , ധൈര്യശാലികൾ,  യക്ഷിയല്ല സാക്ഷാൽ ഡ്രാക്കുള വന്നാൽ  പോലും  പേടിയില്ലെന്നും പറഞ്ഞവർ  . യക്ഷിയെ പിടിക്കാൻ പോയ അവരൊന്നും പിന്നെ  തിരിച്ചു വന്നില്ല .  

രണ്ടു ദിവസം കഴഞ്ഞ് ഈ  ജിമ്മൻമാരുടെയെല്ലാം ഉണങ്ങിയ ശരീരം പാല മരത്തീന്ന് കിട്ടിയെന്നാണ് പറച്ചിൽ  .

ജിമ്മൻമാരായത് കൊണ്ട് തന്നെ യക്ഷിക്ക്  ഇഷ്ടംപോലെ ചോര കുടിക്കാനുണ്ടായിരുന്നു  .

ഏതായാലും സിനിമ കാണാനുള്ള ആശ ഒരു വശത്ത്,  യക്ഷിയോടുള്ള പേടി മറുവശത്ത് രണ്ടും തമ്മിലുള്ള വടംവലിക്കൊടുവിൽ  ആശ ജയിച്ചു .

യക്ഷിയൊന്നും ഇല്ലടെയ് അതൊക്കെ ആൾക്കാര് വെറുതെ നുണ  പറയുന്നതാണെന്നുള്ള മനസ്സിന്റെ ധൈര്യം  കൂടി ആയപ്പോ ആകെ  ഉഷാറായി.

മനസ്സിനും എ പടം കാണാൻ ആശയായിരുന്നു 

കശുമാവും തോപ്പ്  എത്തുന്നവരേക്കും മനസ്സിൽ  ഭയങ്കര ധൈര്യമായിരുന്നു.

ഒരു തെങ്ങേല്ലിയാട്ട , യക്ഷി .., മണ്ണാങ്കട്ടന്നൊക്കെ പറഞ്ഞ് ധൈര്യം തന്ന മനസ്സ് കശുമാവും തോപ്പിൽ കേറിയയുടനെ  കളം മാറ്റിചവിട്ടി .

ഓരോ ശബ്ദം  കേൾക്കുമ്പോഴും അയ്യോ .., അമ്മേ യക്ഷി ..യെന്നും പറഞ്ഞു ഞാൻ മനസ്സിൽ ഓളിയിട്ടു .  സൈക്കിളാണെങ്കിൽ ചവിട്ടിയിട്ടും ചവിട്ടിയിട്ടും നീങ്ങാത്തതുപോലെ  ഇതിനിടയിൽ  എവിടെനിന്നോ നായ്ക്കളുടെ ഓളിയിടൽ

അയ്യോ യക്ഷിയിറങ്ങി ..ഞാൻ അലറിവിളിച്ചു പക്ഷേ ആരു കേൾക്കാൻ ?

പ്രാർത്ഥിക്കാൻ നോക്കിയിട്ട്  ഒറ്റ പുണ്യാളൻമാരുടേയും രൂപം മനസ്സിലേക്ക് വരുന്നില്ല  പുണ്യാളൻമാർക്കും യക്ഷിയെ പേടിയാണെന്നാ തോന്നുന്നത്   .

എല്ലാ പ്രേതകഥകളുടേയും  യക്ഷിക്കഥകളുടേയും ഓർമ്മകൾ  ഈ സമയത്തു തന്നെ മനസ്സിനുള്ളിലേക്ക്  മാർച്ച് പാസ്റ്റായിട്ട് വന്നുകൊണ്ടിരിക്കുന്നു   അതിനു മാറ്റു കൂട്ടാൻ കൂടെ  ഡ്രാക്കുളയുടേതും .  

ഈശ്വരാ ഇന്നെന്നെ യക്ഷി പിടിക്കും ചോര കുടിച്ച് പാലമരത്തിൽ കെട്ടിത്തൂക്കും . പേടി കൊണ്ട് എന്റെ ശരീരത്തിലെ രോമം മുഴുവനും മുള്ളൻ പന്നിയുടേത് പോലെയായി .

കുട്ടികളുടെ രക്തം യക്ഷി കുടിക്കോ ? യക്ഷിക്കുമില്ലേ കുഞ്ഞുങ്ങൾ  കരഞ്ഞ് നോക്കിയാലോ ? പെട്ടെന്നൊരു കാറ്റ് ''ഠോ ''  ന്നൊരു ശബ്‌ദവും . 

അയ്യോ .., ഞാൻ അലമുറയിട്ടു കരഞ്ഞു 

യക്ഷി എന്നെ പിടിക്കുന്നതിനു മുന്നേ ആഹ്ളാദം കൊണ്ട്  പടക്കം പൊട്ടിക്കുകയാണോ?   അതോ പടക്കം പൊട്ടിച്ചിട്ടായിരിക്കുമോ  എന്നെ പിടിക്കുന്നത്  ? പന്നിയെ പിടിക്കാൻ പന്നി പടക്കം വെക്കുന്നതു  പോലെ മനുഷ്യരെ പിടിക്കാൻ മനുഷ്യ പടക്കം? 

ഏത് നേരത്താണാവോ സിനിമാ കാണാൻ തോന്നിയത് ? 

എനിക്ക് തിരിഞ്ഞു നോക്കാൻ പേടി സൈക്കിൾ മുന്നോട്ട് നീങ്ങുന്നില്ല ആരോ പിടിച്ച് നിറുത്തിയത് പോലെ . സത്യത്തിൽ  മുള്ള് കയറി സൈക്കിളിന്റെ ടയർ പൊട്ടിയതായിരുന്നു. തിരിഞ്ഞോടിയാലോ ? സൈക്കിളും ആയിട്ടു വേണം ഓടാൻ . 

ഏതോ പൂക്കളുടെ മണം ചിലങ്കയുടെ  ശബ്ദം,  ചുണ്ണാമ്പുണ്ടോ മോനേയെന്നുള്ള  ഒരു സുന്ദരിയുടെ കിളിനാദം 

ഞാൻ വാവിട്ട് കരഞ്ഞു

ഞാൻ മുറുക്കാറില്ല ചേച്ചി എന്നെ കൊല്ലരുത് 

 ഒരു ഓട്ടം ഓടിയത് മാത്രം എനിക്കോർമ്മയുണ്ട് അത് ഒരു  ഒന്നൊന്നര ഓട്ടം തന്നെ ആയിരുന്നു . വൈകീട്ട് സുകുവിനേം കൂട്ടി വന്നാ സൈക്കിളെടുത്തത്  ഭാഗ്യം സൈക്കിളിന്റെ ചോര യക്ഷി കുടിച്ചിട്ടില്ല . 

നീയെന്തിനാ  ഇതുവഴി വന്നേന്ന്  സുകു ചോദിച്ചു  

ഒരു ഫ്രണ്ടിനെ കാണാൻ പോയതാണെന്ന്  ഞാനൊരു കള്ളം പറഞ്ഞു.  

അതോടെ  എ പടം കാണാനുള്ള എന്റെ  മോഹം ഞാൻ മുളയിലേ നുള്ളീ .

എ പടത്തിനെക്കാളും വലുതാണല്ലോ സ്വന്തം  ജീവൻ .

0 അഭിപ്രായങ്ങള്‍