ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു അങ്ങിനെയിരിക്കെ ഒരു നാൾ മിന്നലിന് വീണ്ടുമൊരു ഫോൺ കാൾ  അങ്ങ് ഹൈദരാബാദിലൊരു  സ്ഥലത്ത് രജനിയെ കണ്ടുവെന്നും പറഞ്ഞായിരുന്നൂവത്  . 

പോയ പ്രാവശ്യത്തെ അബദ്ധം ഓർമ്മയുള്ളതുകൊണ്ട് മിന്നൽ ഫോണിലൂടെ അലറി

ആരെടാ നീ ? അഡ്രെസ്സ് പറയെടാ ? 

ആ അലർച്ചയിൽ അപ്പുറത്ത് നിന്നിരുന്ന നല്ലവനായ ആ  മനുഷ്യൻ ഞെട്ടിപ്പോയി , റൈറ്റർ തോമാസേട്ടൻ ഞെട്ടിക്കൊണ്ട് ചാടിയെഴുന്നേറ്റ്  വെറുതെയൊരു  സല്യൂട്ട് അടിച്ചു . 

പിന്നെയാ മനസ്സിലായത് മിന്നൽ ഫോണിൽ കൂടിയാ അലറിയതെന്ന് .

ആരും കണ്ടില്ലാന്ന് കരുതി ചമ്മി ഇരിക്കാൻ നോക്കുമ്പോഴാണ് കള്ളൻ ദാമു  അഴിക്കുള്ളിലൂടെ നോക്കി ചിരിക്കുന്ന കണ്ടത് .  അതോടെ  രണ്ടിടി  ദാമുവിന്  കൊടുത്ത് ആ ചമ്മൽ തോമാസേട്ടൻ തീർത്തു. വെറുതേ ചിരിച്ച് വഴീക്കൂടെ പോയ ഇടി ഇരന്നു  വാങ്ങിയ ദാമു  സെല്ലിന്റെ മൂലക്ക് പോയിരുന്ന് കരഞ്ഞു . ഇടി കിട്ടിയപ്പോ ദാമു പറഞ്ഞു  സാറേ ഞാൻ ചിരിച്ചതല്ല എന്റെ മുഖം ഇങ്ങനെയാന്ന് അതോടെ ദാമുവിന് രണ്ടിടി  കൂടുതൽ കിട്ടി  

ഇത് നിന്റെ തന്തക്ക് കൊണ്ടുപോയി കൊടുക്കടായെന്നും പറഞ്ഞ്   

ഇങ്ങനത്തെ മോന്തയാണോ  ഉണ്ടാക്കി വിടുന്നത് ? കരയാണോ ചിരിക്കാണോയെന്ന്  എങ്ങിനെ അറിയാൻ പറ്റാ ?. 

പാവം ദാമു ആകാശത്തോട്ടു നോക്കി കരഞ്ഞു അച്ഛൻ കുമാരനോട് പരാതി പറഞ്ഞതാ . 

ഇതൊന്നും എന്റെ കൈയ്യിലല്ല എന്റെ മോനേന്നും പറഞ്ഞ് കുമാരൻ നെടുവീർപ്പിട്ടു

മിന്നലിന്റെ ആ ഇടിവെട്ട് അലർച്ചയിൽ ആ സാധുവിന്റെ ബോധം പോയിരുന്നു രജനിയെപ്പോലെ ഒരു സ്ത്രീയെ കണ്ടു അതൊന്ന് ഫോൺ ചെയ്തു പറയാലോ എന്നുള്ള നല്ല ഉദ്ദേശമായിരുന്നു ആ പാവത്തിനുണ്ടായിരുന്നത്  . 

മിന്നലിന്റെ അലർച്ചയോടു കൂടി  പറയാൻ സ്വരുക്കൂട്ടി വെച്ചതെല്ലാം ആ പാവം  മറന്നുപോയി.  താൻ തട്ടിക്കൊണ്ട് പോയതു പോലെയുള്ള മിന്നലിന്റെ ചോദ്യം കേട്ടതോടെ  ആ സാധു പകച്ചു പോയി .

അഡ്രെസ്സ് പറയെടാ ? 

വീണ്ടും മിന്നലിന്റെ അലർച്ച, 

ഫോൺ കട്ടു ചെയ്തുകൊണ്ട്  അയാൾ  ഓടി ജീവിതത്തിൽ ഒരു  പരോപകാരി ആയിരുന്ന ആ മനുഷ്യൻ അന്നത്തോടെയതു നിറുത്തി ഇനി  ഒരാൾക്കും  ഒരുപകാരം പോലും  ചെയ്യില്ലെന്നും അന്നത്തോടെ ആ മനുഷ്യൻ മനസ്സിൽ  പ്രതിജ്ഞയെടുത്തു  .

എന്തായി സാറേ അവൻ അഡ്രെസ്സ് പറഞ്ഞോ ?

റൈറ്ററ് തോമാസേട്ടനാ ഇടിയനോടത് ചോദിച്ചത് 

അഡ്രെസ്സ് പറഞ്ഞില്ലെങ്കി അവനെ ഞാനിന്ന്  കൊല്ലും അഡ്രെസ്സ് പറയെടാ ? മിന്നല് വീണ്ടും അലറി പക്ഷേ.. ആ അലർച്ചക്ക് മറുപടി പറയാൻ അയാളവിടെ ഉണ്ടായിരുന്നില്ല ഇനിയൊരിക്കലും ഉപകാരം പോയിട്ട് ഫോൺ പോലും ചെയ്യത്തില്ലാന്നും പറഞ്ഞുകൊണ്ടായിരുന്നു ആ പാവം  ജീവനും കൊണ്ട് ഓടിയത്. 

മിന്നലിന്റെ ചോദ്യത്തിന് പാവം ഫോണെന്തു മറുപടി  പറയാൻ ?

എന്റെ സാറേ സാറിങ്ങനെ പ്രതികളോട് സംസാരിക്കുന്ന പോലെ സംസാരിക്കല്ലേ അയാള് പേടിച്ചു പോയിട്ടുണ്ടാവും നല്ലൊരു അവസരാ സാറ് തുലച്ചു കളഞ്ഞത്  .

എടോ നമുക്കൊന്ന് ഹൈദ്രാബാദ് വരെ പോയാലോ ?

എന്റെ സാറേ നമ്മടെ ഗ്രാമം പോലെയല്ലാ ഹൈദ്രാബാദ് അതങ്ങനെ കടല് പോലെ പരന്നു കിടക്കാ അവിടെ പോയി  എവിടെയാണെന്നും വെച്ചാ നമ്മൾ  അന്വേഷിക്കുന്നേ  ?

എന്തെങ്കിലുമൊരു  മാർഗ്ഗം പറഞ്ഞു താടോ എന്റെ തോമാസേ ?

ഇടിയൻ രണ്ടിടി സ്വന്തം തലയിലിടിച്ചു 

ഇടിക്കാൻ  ദാമുവിനെ നോക്കിയതായിരുന്നു  ഇത് മുൻകൂട്ടി കണ്ട ദാമു സെല്ലിന്റെ മൂലക്ക് പോയി പതുങ്ങി 

മുങ്ങിത്താഴാൻ പോകുന്നവന്  കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ഇയാള്  ഒടിച്ചു നുറുക്കിയിട്ടത് എങ്ങിനെയാണാവോ ഇയാളൊക്കെ ഇൻസ്‌പെക്ടറായത് ?

മിന്നലാത്രേ മണ്ടശിരോമണിയെന്നാ  വിളിക്കേണ്ടത് .

തോമാസേട്ടനിത്  മനസ്സിലാണ്  പറഞ്ഞതെങ്കിലും അതിന്റെ അലയൊലി മിന്നല് കേട്ടോ എന്നൊരു സംശയം മിന്നലിന്റെ മുഖഭാവം കണ്ടപ്പോൾ തോമാസേട്ടന്  തോന്നിയിരുന്നു . 

സത്യത്തിൽ തോമാസേട്ടന്റെ ആ മനോവ്യാപരം മിന്നൽ വായിച്ചറിഞ്ഞിരുന്നു , പക്ഷേ  എന്തെങ്കിലുമൊരു ഐഡിയ കിട്ടിയാലോന്നും  പ്രതീക്ഷിച്ച്  ഒന്നും മിണ്ടിയില്ല  നിന്നെ ഞാൻ ശരിയാക്കിത്തരാടാ ന്ന് മനസ്സില് പറയേം ചെയ്തു

എന്റെ സാറേ,  സാറാ നമ്പറിലേക്കൊന്ന്  തിരിച്ചു വിളിക്ക്  ഏരിയാ ഏതാണെന്നെങ്കിലും  മനസ്സിലാവൂല്ലോ?  തോമാസേട്ടന് തന്റെ ആ ബുദ്ധിയിൽ  അഭിമാനം തോന്നി താൻ റൈറ്റർ ആവേണ്ട ആളല്ല ഡി ജി പി ആവണ്ടാ ആളായിരുന്നൂന്നാ തോമാസേട്ടൻ തോമാസേട്ടനോട് തന്നെ പറഞ്ഞത് അതോടെ താനൊരു വലിയൊരു ബുദ്ധിമാനായതു  പോലെ തോമാസേട്ടൻ വലുതായി, വലുതായി ഒരു ഒന്നൊന്നര തോമാസേട്ടനായി മാറി   .

പക്ഷേ തോമാസേട്ടന്റെ ആ വലുപ്പം വെക്കൽ  മിന്നലിന് തീരെ ഇഷ്ടപ്പെട്ടില്ല .

അതെനിക്കറിയാം, ഇതാണോ ഇത്രേം വല്യ കാര്യം ?  മിന്നൽ  വലുതായിപ്പോയ തോമാസേട്ടനെ സൂചികൊണ്ട് കുത്തി ചെറുതാക്കി വിട്ടു .

ആപ് കോൻ ഹേ ?

എന്ത് ആപ് കോൻ ഹേ ? മേം കോൻ ഹോ ?

ക്യാ...  തും കോൻ ഹോ ?

മേം മിന്നൽ ഹും           

ക്യാ മിന്നൽ ?

ഛീ സ്ഥലം പറയെടാ നാറി ഇല്ലെങ്കീ നിന്നെ അവിടെ വന്നിടിക്കും

അയ്യോ സാറേ ഇത് ഹൈദ്രാബാദാ

ഇത് പോലീസ് സ്റ്റേഷനീന്ന്  മിന്നൽ രാജനാണ് വിളിക്കുന്നത് 

മിന്നൽ ആരോട് പേര് പറയുമ്പോഴും മിന്നലെന്ന  സ്ഥാനപ്പേരും ചേർത്തേ  പറഞ്ഞു തുടങ്ങത്തുള്ളൂ  പത്മഭൂഷൺ , പത്മശ്രീ എന്നൊക്കെ പറയുംപോലെ

സാറേ അത് ഇവിടെ അടുത്തുള്ള ഒരാളാ

വേഗം വിളിച്ചോണ്ട്  വാടോ ആ തിരുമണ്ടനെ 

മിന്നലിന്റ ആ തിരുമണ്ടൻ വിളി കേട്ട് തോമാസേട്ടൻ മനസ്സാലെ ചിരിച്ചു ആരാണ് ശരിക്കും  തിരുമണ്ടൻ ?

ശരി സാർ

മിന്നലിന്റ ആ അലർച്ചയോടെ അപ്പോഴും പേടി മാറാതെ വിറച്ചു കൊണ്ടിരിക്കായിരുന്ന ആ പാവം പോലീസ് തിരിച്ചു വിളിക്കുന്നുവെന്ന  ഇടിത്തീ കൂടി കേട്ടതോടെ ജീവച്ഛവമായി മാറി 

എന്തിനായിരുന്നു താൻ ഈ ഉപകാരം ചെയ്യാൻ പോയതെന്ന് ആ പാവം മനസ്സിൽ ഒരു നൂറാവർത്തി സ്വയം ചോദിച്ചു 

നീയൊരു വിഡ്ഢിയാടാ ന്ന് മനസ്സതിനുള്ള ഉത്തരവും കൊടുത്തു 

മിന്നലും ഇടിമിന്നലുമെന്നൊക്കെ കേട്ടതോടെ ആ പാവം വല്ലാതെ ഭയന്നു ഇതൊന്നും താങ്ങുവാനുള്ള കരുത്ത് ആ സാധുവിന്റെ സാധു  മനസ്സിനില്ലായിരുന്നു 

ഒരു  ഉപകാരം ചെയ്യുവാൻ നോക്കിയതിന് ഇത്രയും വലിയ ശിക്ഷ വേണോയെന്റെ  ഭഗവാനേ ?

തനിക്കിതിൽ റോളില്ലെന്നും പറഞ്ഞ് ഭഗവാൻ മിണ്ടാതിരുന്നു 

എന്നാലിപ്രാവശ്യം  മിന്നൽ  നല്ല മയത്തിലായിരുന്നു

എടോ എവിടെയാടോ  താൻ രജനിയെ കണ്ടത് ?

എന്റെ സാറേ അതിവിടെ അടുത്ത് തന്നെയാ

എടോ അത് രജനി തന്നെയാണോ ?

നല്ല ഛായയുണ്ട് സാർ

ഒക്കെ...  നാളെ ഞങ്ങളങ്ങോട്ട്  വരുകയാണ് താൻ രജനിയുടെ  പിന്നാലെ നടന്ന് ഫോളോ ചെയ്യണം ഇല്ലെങ്കീ തന്നെ ഞാൻ കെട്ടിത്തൂക്കും . 

അതുകൂടി കേട്ടതോടെ ആ പാവം ഫോണും പിടിച്ച്  കുറേ നേരമിരുന്ന്  കരഞ്ഞു.  ഒരു ഉപകാരം ചെയ്യാൻ പോയതായിരുന്നു   അവസാനം തന്നെ കൊണ്ട് പോയി കെട്ടിത്തൂക്കുമെന്ന് . 

എന്തിന് ?

ആ 

മിന്നൽ  ഉടൻ തന്നെ  ഡി ജി പി യെ വിളിച്ചു

സാർ  രജനിയെ  ഹൈദ്രാബാദിൽ കണ്ടതായി വിശ്വാസയോഗ്യമായ വാർത്തയുണ്ട്  

എന്നാലടുത്ത  ഫ്ളൈറ്റിൽ തന്നെയങ്ങോട്ട്  വിട്ടോ ?

ഫ്ളൈറ്റിലോ ?

അതേ എന്താ ?

ഒന്നൂല്ല്യ സർ.  

മിന്നലിന്റെ മനസ്സിനുള്ളിൽ മിന്നലുകളുടെ ഘോഷയാത്ര ആദ്യമായാണ് ഫ്ളൈറ്റിൽ പോകുന്നത് ,കുഞ്ഞായിരിക്കുമ്പോൾ  മൂക്കൊലിപ്പിച്ചു നടക്കണ കാലം തൊട്ടേ  മാനത്തീക്കൂടെ പോകുന്ന വീമാനങ്ങൾ  കാണുമ്പോഴുള്ള ആശയായിരുന്നു എന്നെങ്കിലും ഒരിക്കൽ   ഫ്ളൈറ്റിലൊന്ന് കേറണമെന്ന്

ഇതാ അതിപ്പോൾ  സത്യമാകാൻ പോകുന്നു രജനിയെ പിടിക്കുന്നതിനേക്കാൾ ഫ്ളൈറ്റില് പോകുന്ന  കാര്യം ആലോചിച്ചപ്പോൾ  മിന്നല് സന്തോഷം കൊണ്ട് രണ്ട് ചാട്ടം  ചാടി .

വീമാനത്തിൽ  പോകുന്നതിനായി പുതിയ കോട്ട് വാങ്ങി കേസന്വേഷണത്തിനു പോകുന്ന  ഷെർലക്ക് ഹോംസായി മിന്നൽ മാറി  . 

പക്ഷേ മിന്നൽ ഹൈദരാബാദിൽ എത്തുമ്പോഴേക്കും  രജനി അവിടെ നിന്നും മുങ്ങിയിരുന്നു  ആ ദേഷ്യം  വിളിച്ചു പറഞ്ഞ  ആളോട് മിന്നല് തീർത്തു  

എവിടെയാടോ രജനി ?

ആ പാവം  പേടിച്ചുകൊണ്ട്  രണ്ടുമൂന്നു സ്ഥലത്തേക്ക് കൈചൂണ്ടി കാണിച്ചു   കൈചൂണ്ടിയിടത്തേക്കൊക്കെ മിന്നൽ  നോക്കി  പക്ഷേ അവിടെയൊന്നും രജനിയുണ്ടായിരുന്നില്ല. രണ്ടിടി കൊടുക്കാൻ മിന്നലിന്റെ കൈ തരിച്ചതായിരുന്നു  പക്ഷേ വിളറി വെളുത്ത് ഇപ്പോ വീണ് ചാവുന്ന മട്ടിലുള്ള  ആ സാധൂന്റെ നിൽപ്പ്  കണ്ടതോടെ  മിന്നലൊന്ന്  അടങ്ങി . സാറേ ഞാനൊരു ഉപകാരം ചെയ്യാൻ നോക്കിയതല്ലേയെന്ന് ആ  പാവത്തിന്റെ നെറ്റിയിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു .

മിന്നലിന്റെ ഫോൺ  കണ്ടതേ  ഡിജിപി ചാടിയെഴുന്നേറ്റു

എന്തായി കിട്ടിയോടോ ?

ഇല്ല സാർ വഴുതിപ്പോയി 

ഡിജിപിയുടെ വായിലെ കൂറ്റൻ തെറി ഫോണിലൂടെ വന്ന് മിന്നലിന്റെ ചെവിയിൽ വീണ് പൊട്ടിച്ചിതറി .

സാർ എന്റെ റിട്ടേൺ ടിക്കെറ്റ് ?

തന്റെ റിട്ടേൺ ടിക്കറ്റ്  അവിടന്നു  നടന്നുവാടോ മൈ...  

ഡി ജി പി പറഞ്ഞ ആ തെറി കേൾക്കുന്നതിനു മുന്നേ മിന്നൽ  ഫോൺ വെച്ചിരുന്നു ആ തെറിയുടെ ചൂടുകൊണ്ട്  ഫോണിന്റെ ഇയർ ഫോൺ അടിച്ചു പോയി

പുതിയ കോട്ടെല്ലാം മടക്കി പെട്ടിയിൽ വെച്ച് മിന്നല് തിരിച്ചു പോന്നു .

ഡിജിപിയുടെ വായിൽ നിന്ന് കിട്ടിയതിന്റെ അരിശമൊക്കെ മിന്നൽ  ഫോണിനോടാണ് തീർത്തത് .

ഇനി ഈ സാധനം ഇവിടെ വേണ്ടെന്നും പറഞ്ഞ് ഒറ്റ ചവിട്ടായിരുന്നു.

മിന്നലിന്റെ ദേഷ്യം പിടിച്ചുള്ള വരവ് കണ്ടപ്പോഴേ  തന്നെ ചായ കുടിച്ചിട്ട് വരാന്നും  പറഞ്ഞ് തോമാസേട്ടൻ എഴുന്നേറ്റ് പോയി . സെല്ലിൽ കിടക്കുന്ന  കള്ളൻ ദാമു  ശ്വാസം വിടാൻ പോലും പേടിച്ച്  മൂലയിൽ കൂനിക്കൂടിയിരുന്നു . ഡിജിപി യോടുള്ള ദേഷ്യം  തന്നോട് തീർത്താലോന്നുള്ള പേടിയായിരുന്നു ആ പാവത്തിന്  ?

ഫോണിന്റെ അവസ്ഥ കണ്ടതോടെ  ദാമൂവിന്റെ  മനസ്സില് പേടി കിടന്ന് ഇടിവെട്ട് നടത്താൻ തുടങ്ങി . തനിക്കെങ്ങാനും  അങ്ങനത്തെ  ഒരു ചവിട്ട് കിട്ടിയാൽ പിന്നെ കോടതിയിലേക്ക് തന്റെ പടം മാത്രമായിരിക്കും കൊണ്ട് പോകേണ്ടി  വരാ . ദാമൂന്  കരച്ചില് വന്നു പക്ഷേ കരയാനും പേടി ശബ്ദം മിന്നല് കേട്ടാലോ  . 

ദാമൂൻറെ ഉള്ളിൽ മറ്റൊരു  ദാമുവിരുന്ന്  കരഞ്ഞു  അല്പം പോലും ശബ്ദം കേൾപ്പിക്കാതെ .

അടുത്ത നിമിഷം  ഡിജിപി മൊബൈലിൽ വന്നു  മിന്നൽ   മൊബൈലും എറിയാനായി  ഓങ്ങിയതായിരുന്നു  പിന്നെ കൈ താഴ്ത്തി 

വിലയുള്ളതാണ് .

എന്താടോ അവിടെ ലാൻഡ് ഫോൺ  വർക്ക് ചെയ്യുന്നില്ലേ ? കുറേ നേരമായിട്ട് ഞാൻ ട്രൈ ചെയ്യുന്നു ?

താൻ തന്റെ അപ്പനോട് പോയി ചോദിക്കേടോ ? 

പക്ഷേ  മറുപടിയായി  പുറത്തുവന്നത് മറ്റൊന്നായിരുന്നു.

ഫോണിനെന്തോ കംപ്ലയിന്റുണ്ട് സാറേ...  ഞാനിപ്പോ  തന്നെ ശരിയാക്കാം 

എടോ ഒരു പോലീസ് സ്റ്റേഷനിൽ ഏറ്റവും ആവശ്യമുള്ള ഒന്നല്ലേ  ഫോൺ ?

ഇപ്പം ശരിയാക്കാം സർ

തനിക്ക് ഞാൻ മാക്സിമം പതിനഞ്ചു ദിവസത്തെ സാവകാശം കൂടി തരുന്നു  അതിനുള്ളിൽ കേസിൽ തുമ്പുണ്ടാക്കിയില്ലെങ്കിൽ  ഞാൻ വേറെ ആമ്പിള്ളേരെ കൊണ്ടുവരും .

ശരി സാർ

ഡിജിപി ഫോൺ വെക്കലും താൻ ഞൊട്ടുന്നും പറഞ്ഞ് മിന്നല് ഒറ്റ ചവിട്ട് .  ശൂന്യതയിലേക്കായിരുന്നു മിന്നൽ  ചവിട്ടിയത് പക്ഷേ കണക്കു കൂട്ടല് അല്പം തെറ്റിപ്പോയി  . ചുമരിന്റെ മൂലക്കായിരുന്നു ആ ചവിട്ട് കൊണ്ടത്  . അത് ഡിജിപി യുടെ മേത്തായിരുന്നുവെങ്കിൽ ഡി ജി പി യുടെ കാറ്റ് അതോടെ  തീർന്നേനേ  പക്ഷേ ചുമര് ഉരുക്കായിരുന്നു കീ ... ന്നൊരു ശബ്ദം  മാത്രം മിന്നലിന്റെ വായീക്കൂടെ പുറത്തേക്ക് വന്നു വേദന താങ്ങാനാകാതെ മിന്നൽ   കാലും പൊക്കിപ്പിടിച്ചു കൊണ്ട് കിടന്നു വട്ടം കറങ്ങി .

മിന്നലിന് ഭ്രാന്തു പിടിച്ചെന്നും കരുതി കള്ളൻ  ദാമു  സെല്ലിനുള്ളിലിരുന്ന്  വിറച്ചു . 

ചായ കുടിച്ചു വന്ന തോമാസേട്ടൻ മിന്നലിരുന്നു കരയുന്നത് കണ്ടതോടെ  തോമാസേട്ടനും കരച്ചില് വന്നു .

അല്ലെങ്കിലും,  ആരെങ്കിലും കരയുന്ന  കണ്ടാ തോമാസേട്ടന്റെ കണ്ണിനും  കരച്ചിൽ  വരും  .

എന്തിനാ സാറിരുന്ന്  കരയുന്നത് ? ഡിജിപി വീണ്ടും വഴക്കു പറഞ്ഞോ ? തോമാസേട്ടന്റെ ആ കരച്ചില് ചോദ്യം കേട്ടതോടെ തന്നെ കളിയാക്കുകയാണെന്നായിരുന്നു മിന്നലിന് തോന്നിയത് 

ഒന്ന് പോടാ മരങ്ങോടാ, അയ്യോ  എന്റെ കാലൊടിഞ്ഞേ

0 അഭിപ്രായങ്ങള്‍