നിഗൂഢതകൾ ബാക്കിയാക്കി രജനിയുടെ തിരോധാനം അങ്ങനെ ആറുമാസം കഴിയുകയാണ്  ഒരു പാട് അഭ്യൂഹങ്ങൾ പലപ്പോഴായി പ്രചരിച്ചു കൊണ്ടിരുന്നു രജനിയെ ആരോ കൊന്നു , രജനിയെ പുലി പിടിച്ചു , രജനിയെ യക്ഷി പിടിച്ചു ആരുടേയോ കൂടെ ഒളിച്ചോടിപ്പോയി ഇതിനിടയിൽ രജനിയെ  അവിടെ കണ്ടു ഇവിടെ കണ്ടു എന്നുള്ള കിംവദന്തികളും ചൂടുപിടിച്ചു കൊണ്ടിരുന്നു .

സംശയം തോന്നുന്നവരെയൊക്കെ മിന്നല് ഓടിച്ചിട്ട് പിടിച്ച്  ഇടിച്ചു. ഇടി കിട്ടിയ നിരപരാധികൾ കരഞ്ഞു  മനക്കട്ടിയുള്ളവർ പുറമേ കരയാതെ  ഉള്ളിൽ  കരഞ്ഞു ചില  ധൈര്യശാലികൾ ഇവനെ എപ്പോഴെങ്കിലും കൈയ്യിൽ കിട്ടും അപ്പോൾ ശരിയാക്കിത്തരാമെന്ന് ശപഥം ചെയ്തു 

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി  സ്വപ്നത്തിൽ മിന്നലിനോട് രജനി വന്നു പറഞ്ഞു ഞാൻ ഊട്ടിയിലുണ്ടെന്ന് , രജനി എന്തിന് തന്നോട് വന്ന് പറയണം എന്നാലോചിച്ചിട്ട് മിന്നലിന് ഒരെത്തും പിടിയും കിട്ടിയില്ല എന്തായാലും  പിറ്റേദിവസം മിന്നല് നേരേ ഊട്ടിയിലേക്ക് വെച്ചു പിടിച്ചു  . പക്ഷേ ഊട്ടിയില് പോയി തേരാ പാരാ നടന്നത് മാത്രം മിച്ചം . മിന്നൽ  , മിന്നലിനു  തന്നെ ഒരടി കൊടുത്തു , വിഡ്ഢിയെന്നും പറഞ്ഞോണ്ട്  . 

ആ കാര്യത്തിൽ  മിന്നലിന് നല്ല ബോധം ഉണ്ടായിരുന്നു  ദേഷ്യം കൊണ്ട് നന്നായി ആഞ്ഞാണ് ഓങ്ങിയതെങ്കിലും ഇടിച്ചപ്പോൾ പതുക്കെയേ ഇടിച്ചുള്ളൂ  

തൻറെ സ്വന്തം ശരീരമല്ലേ ?

മിന്നൽ ഊട്ടിയിൽ പോകുന്നതറിഞ്ഞ്  മിന്നലിന്റെ ഭാര്യ അമ്മിണി  കുറേ ചിണുങ്ങിയതായിരുന്നു  ഊട്ടിയിൽ കൊണ്ട് പോകാൻ പറഞ്ഞ് . 

എടീ ഞാൻ ടൂർ പോകുന്നതല്ല കേസ് അന്വേഷണത്തിന് പോകുന്നതാണെന്ന് മിന്നൽ ആണയിട്ട് പറഞ്ഞെങ്കിലും അമ്മിണി ഒരു പൊടിക്കും പിന്നോക്കം ഇല്ലാതെ നിന്നു 

എടി  ഡിജിപി അറിഞ്ഞാലെന്നെ കൊന്നു കളയും  . 

ഊട്ടിക്ക്  കൊണ്ട് പോയില്ലെങ്കിൽ ഞാനാവും നിങ്ങളെ കൊല്ലുകായെന്ന്   അമ്മിണി ഭീക്ഷിണിപ്പെടുത്തിയങ്കിലും കാശ്മീരിലേക്ക് കൊണ്ടുപോകാമെന്നും പറഞ്ഞാ  മിന്നൽ  ഒരുവിധത്തിൽ ഭാര്യയെ അടക്കിയത്.

തന്നെ വല്ല തീവ്രവാദികളെക്കൊണ്ട് കൊല്ലിക്കാനാണോ എന്ന് അമ്മിണിക്ക് സംശയം തോന്നിയെങ്കിലും മിണ്ടിയില്ല 

ഊട്ടിയിൽ നിന്ന് കൈയ്യും വീശി വന്ന മിന്നലിനെ ഡിജിപി വീണ്ടും കുറേ തെറി വിളിച്ചു . വീട്ടീ വന്നപ്പോ ഭാര്യ അമ്മിണിയും  തെറി വിളിച്ചു കാക്കാശിനു കൊള്ളാത്ത കിഴങ്ങൻ  മിന്നലാത്രേ .. മിന്നലല്ല നിങ്ങളൊരു  മണുങ്ങനാന്നാ ഭാര്യ പറഞ്ഞത് . ഡിജിപിയും അതുതന്നെയാ  മിന്നലിനെ വിളിച്ചത്  കൂടെ  ഒരു മുട്ടൻ തെറിയും ചേർത്ത് അതിന്റെ പ്രാസം ഒപ്പിച്ചുവെന്നു മാത്രം 

ആർക്കും വേണ്ടിയും കാത്തു നിൽക്കാതെ സമയം അതിന്റെ ജോലി തുടർന്നു കൊണ്ടിരുന്നു  സുകേശൻ വീണ്ടും പഞ്ചായത്ത് മെമ്പറായി, ഗൾഫു കാരൻ ഭാസ്ക്കരേട്ടൻ ഗൾഫിൽ നിന്നും ലീവിൽ വന്നു, പട്ടാളക്കാരൻ രാജപ്പൻ ചേട്ടനും ലീവിൽ വന്നു പോയി . 

ആയിടക്ക് ഞങ്ങളുടെ ഗ്രാമത്തിൽ വീണ്ടും നായ്ക്കളുടെ ശല്യം വല്ലാതെ  അധികരിച്ചു . 

ഒരു സുപ്രഭാതത്തിൽ എവിടെനിന്നോ കുറെ നായ്ക്കൾ, അതും നല്ല ആജാനുബാഹുക്കളായ നായ്ക്കൾ, യാതൊരു ദാക്ഷിണ്യവും കൂടാതെ വഴിയിൽ  പോകുന്നവരെയെല്ലാം അവറ്റകൾ  കടിച്ചു പറിക്കുവാൻ  തുടങ്ങി .

അവറാൻ ചേട്ടനായിരുന്നു  ആദ്യ ഇര  അവറാൻ ചേട്ടനെ ഓടിച്ചിട്ടാണ് നായ്ക്കൾ  കടിച്ചു കുടഞ്ഞത്   

അല്ലെങ്കിലും എല്ലാത്തിലും ആദ്യം വരുന്നത്  അവറാൻ ചേട്ടന്റെ പേരായിരിക്കും. 

റൗഡികൾ വന്നാൽ ആദ്യം തല്ലുന്നത് അവറാൻ ചേട്ടനെ , പുതിയ പോലീസ് വന്നാൽ ആദ്യം പോക്കുന്നത് അവറാൻ ചേട്ടനെ ഇങ്ങനെ ഒരു പാടുകാര്യങ്ങളിൽ അവറാൻ ചേട്ടനാണ്  ആദ്യം 

ഏതെങ്കിലും തെങ്ങുമ്മേ കേറി രക്ഷപ്പെടാമെന്നും  വിചാരിച്ച് ഓടിയ  അവറാൻ ചേട്ടന്റെ മൂട്ടിലായിരുന്നു ഒരു ശുനകൻ കടിച്ചു പറിച്ചത്  . അവറാൻ ചേട്ടന്റെ ട്രൗസറിന്റെ ഒപ്പം ചന്തിയുടെ കുറച്ച് ഭാഗങ്ങളും പോയിക്കിട്ടി   .

ഒറോത ചേടത്തിയുടെ ഭാഗ്യം ഇല്ലെങ്കി അവറാൻ ചേട്ടന്റെ ജിംഗിൾ ബെൽസ് ആ ശുനകന്റെ  വായിലിരുന്നേനേ 

അതുപോലെ പൂക്കാരി നാണീയെ  ഓടിച്ചു പൂവും വേണ്ടാ കെട്ടും വേണ്ടാന്നും പറഞ്ഞ് അലറിവിളിച്ചു കൊണ്ടോടിയ  നാണി പലചരക്ക് കടക്കാരൻ സ്പ്രൂന്റെ കൊളത്തിലേക്കാ എടുത്ത് ചാടിയത് . 

സുപ്രു ആ സമയത്ത് ജലാസനം നടത്തിക്കൊണ്ട്  മുങ്ങാം കുഴിയിട്ടിരിക്കയായിരുന്നു .

ആരോ തോട്ട പൊട്ടിച്ചതാണെന്നും  കരുതി  അലറിക്കൊണ്ടാ സുപ്രു ഓളിയിട്ട് പൊങ്ങിയത് . നായ്ക്കളെ  പേടിച്ച് വെള്ളത്തിൽ ചാടിയ നാണി , വെള്ളത്തീന്റെ അടീയിൽ നിന്നും  ആരോ പൊങ്ങി വരുന്ന  കണ്ടതോടെ  , അയ്യോ നീർനായന്നും പറഞ്ഞ് തൊണ്ടകീറിക്കരഞ്ഞു . 

പിന്നെയാ അത് സുപ്രുവാണെന്ന് മനസ്സിലായതും നാണിക്ക് നാണം വന്നതും

തന്റെ കുളത്തിൽ താൻ കുളിക്കുമ്പോൾ തന്നോടൊപ്പം കുളിക്കുന്ന നാണിയെ കണ്ടതോടെ  സുപ്രുവിനും നാണം വന്നു     
               
ഈ സമയത്തായിരുന്നു,  ഓളി കേട്ട്  സ്പ്രൂന്റെ ഭാര്യ ശാന്തേടത്തി അങ്ങോട്ടേക്ക്  ഓടിവന്നത് കുളത്തിൽ  നാണിയേയും  സുപ്രുവിനേയും കണ്ടതോടെ ശാന്തേടത്തി ശാന്തത വെടിഞ്ഞു സംഹാര രുദ്രയായി മാറി   അതോടെ  സ്പ്രൂന്റെ ജലാസനം നിന്നു അന്നു  വീട്ടിൽ  സ്പ്രൂനെക്കൊണ്ട് വേറേ എന്തൊക്കയോ ആസനങ്ങൾ ചെയ്യീച്ചൂവെന്നാ എല്ലാവരും   കേട്ടത് പിറ്റേന്ന് സുപ്രു കടയിലേക്ക് വന്നത് നെറ്റിയിൽ വെലിയൊരു കെട്ടുമായിട്ടായിരുന്നു  .

തെരുവ് നായ്ക്കളുടെ വരവോട് കൂടി രാജൻ നായ തന്റെ ദിനവുമുള്ള റോന്ത് ചുറ്റൽ പരിപാടി  നിറുത്തി ഒരു പ്രാവശ്യം രാജൻ അവരന്മാരുമായിട്ടൊന്ന് മുട്ടിയതായിരുന്നു പക്ഷേ രാജന്റെ പ്രതീക്ഷ തെറ്റി അവര്  രാജനെ വളഞ്ഞിട്ടാ കടിച്ചു കുടഞ്ഞത് . രാജന്റെയാ  കരച്ചിൽ  കേട്ട് ഉച്ചയുറക്കത്തിലായിരുന്ന റോമു വരെ ഞെട്ടിപ്പോയി  . 

അന്നത്തെ സംഭവത്തോടെ  രാജന് പേടികൊണ്ട് പനിപിടിച്ചു  അതോടെ അവൻ  റോന്ത് ചുറ്റലും അവസാനിപ്പിച്ചു . വെറുതേ വരത്തന്മാരുടെ കടി കൊണ്ട് ചാവേണ്ടല്ലോ 

ആകെ കൂടി  ഒരു അരക്ഷിതാവസ്ഥ രൂപം കൊണ്ടിരിക്കുന്നു  വഴിയിൽ കൂടി  പോകുന്നവരെയൊക്കെ  നായ്ക്കൾ  പിടിച്ച് കടിക്കുന്നു, ഓടിക്കുന്നു  എന്തിന് കുട്ടികളേയും സ്ത്രീകളേയും വൃദ്ധരേയും വരെ  കണ്ണിൽ കാണുന്നവരെയൊക്കെ അവറ്റകൾ പിടിച്ചു കടിക്കുന്നു . 

സുകേശന്റെ നേതൃത്വത്തത്തിൽ  നാട്ടുകാരെല്ലാം ചേർന്ന് കളക്ടർക്ക് പരാതി കൊടുത്തു , എം ൽ എ വാസൂന് പരാതി കൊടുത്തു . വാസു മറ്റൊരു നായയായി നിന്ന് ചീറി ..,''ഞാനെന്താ പട്ടി പിടുത്തക്കാരനാ ''? ഇതിലും ഭേദം ആ നായ്ക്കളുടെ കടി കൊള്ളുന്നതാ ഭേദമെന്നും  പറഞ്ഞ് നാട്ടുകാര് തിരിയേപ്പോന്നു .
 
മിന്നലിന്റെയടുത്ത്  പരാതി കൊടുത്തപ്പോൾ  അത് നമ്മുടെ അധികാര പരിധിയിലല്ലാന്നും പറഞ്ഞ് മിന്നൽ  കൈമലർത്തി മനുഷ്യന് ഇവിടെ ഇരിക്കപ്പൊറുതി ഇല്ലാതെ ഇരിക്കുമ്പോഴാ നാട്ടുകാരുടെ കൊണവതിയാരമെന്നാ മിന്നൽ  തോമാസേട്ടനോട് പറഞ്ഞത്. 

നമുക്ക് നായ്ക്കളെ നായ്ക്കളെക്കൊണ്ട് തന്നെ നേരിടാം , ആ വലിയ ഐഡിയ മുന്നോട്ട് വെച്ചത് ജിമ്മൻ  കുമാറായിരുന്നു , അതോടൊപ്പം തന്നെ കുമാറ് ആ വലിയ ഉത്തരവാദിത്വവും സ്വന്തം ചുമലിലേറ്റി ,  വേട്ട നായ്ക്കളെ ഇറക്കാം അങ്ങനെ വേട്ട നായ്ക്കളെയും കൊണ്ട് ശങ്കു വന്നു  രണ്ട് ദിവസം കൊണ്ട് ഞങ്ങളുടെ ഗ്രാമം ക്ലിയറായി  വേട്ട നായ്ക്കള് എല്ലാത്തിനേയും ഓടിച്ചു .

നായ്ക്കളുടെ ശല്യംഒഴിഞ്ഞതോടെ  രാജൻ വീണ്ടും റൗഡിയുടെ ആ പഴയ കുപ്പായം എടുത്തണിയാൻ നോക്കിയെങ്കിലും ,  പക്ഷേ പഴേപോലെ ആരും പേടിക്കുന്നില്ല  .റോമു വരെ രാജനെ  കാണുമ്പോൾ ഇപ്പോൾ  മൈൻഡ് ചെയ്യാറു പോലുമില്ല  അല്ലെങ്കി രാജനെ കാണുമ്പോഴേക്കും  തലയും  കുമ്പിട്ട് ബഹുമാനം പ്രകടിപ്പിക്കാറുള്ളതാ . 

അന്നത്തെ രാജന്റെ വാവിട്ടുള്ള കരച്ചിൽ  കേട്ടതോടെ  റോമൂനും എല്ലാവർക്കും അത്  മനസ്സിലായി രാജൻ  അസ്സലൊരു  പേടിത്തൊണ്ടനാണെന്ന് ആകാരത്തിന്റെ ബലം കൊണ്ടായിരുന്നു ഇതുവരേക്കും അവൻ തങ്ങളെ  പേടിപ്പിച്ച് നിറുത്തിയിരുന്നത്  ഒന്ന് വിരട്ടിയാ മതി റൗഡിന്നുള്ള പേരും ഇട്ടേച്ചു  രാജൻ അടുത്ത ഗ്രാമം വരേക്കും ഓടും .

രാജനും അതോടെ തന്റെ  റൗഡിസം നിറുത്തി വെറുതേ ബലൂൺ പോലെ   ശരീരം വീർപ്പിച്ച് നടന്നിട്ട് കാര്യമില്ല . അന്നത്തെ തന്റെ അയ്യോ പത്തോന്നുള്ള കരച്ചില് നാട്ടാര് മുഴുവൻ കേട്ടതാ അതോടു കൂടി  അവരുടെ പേടി പോയി . 

ഇനി വെറുതേ ഷോ കാണിച്ചു നടന്നാ  പീക്കിരി നായ്ക്കള് വരെ തന്നെ ഓടിയെത്തി കടിക്കും . ദൈവം തനിക്ക് പോത്ത് പോലത്തെ ഒരു  ശരീരം തന്നു പക്ഷെ അതിനുള്ളിൽ ഒരു   പേടിത്തൊണ്ടൻറെ മനസ്സാ  വെച്ചു തന്നത്.

അന്നാദ്യമായി രാജന് ദൈവത്തോട് ദേഷ്യം തോന്നി ,  ഈ പരിപാടി നിറുത്താ നല്ലത്  അന്ന് അവന്മാര് എടുത്തിട്ട് കടിച്ചപ്പോ കരയാണ്ടിരുന്നാ മതിയായിരുന്നു . അടക്കിപ്പിടിച്ചാലും പൊട്ടിപ്പോകുന്ന  തരത്തിലുള്ള കടിയായിരുന്നു  അവന്മാര് കടിച്ചത് . വേദന കുറക്കാൻ വേണ്ടിയാ കരഞ്ഞത് പക്ഷേ അതിനിത്രയും ശബ്ദം  വേണ്ടായിരുന്നുവെന്നുളളത് ഇപ്പോഴാ മനസ്സിലാകുന്നത്  .

അവന്മാരുടെ വട്ടമിട്ടുള്ള കടി കിട്ടിയതോടെ  താൻ റൗഡിയാന്നുള്ള കാര്യമൊക്കെ  മറന്നു ഏതായാലും  ഭാഗ്യം കൊണ്ടാ അന്ന് ചാവാതെ രക്ഷപ്പെട്ടത്  

ഒരു ദിവസം രാത്രി കുടിയൻ വാസൂന്റെ വീട്ടിലെ കുളത്തിൽ ഏതോ  ശവം പൊങ്ങിയെന്നും പറഞ്ഞ് ആകെ ബഹളം . കുടിയൻ വാസുവെന്നു പറഞ്ഞാൽ  ഞങ്ങളുടെ ഗ്രാമത്തിലെ ആസ്ഥാന കുടിയനാണ്  . രാവിലെ തന്നെ കള്ള് ഷാപ്പ് തുറക്കുന്നതും നോക്കിയിരിക്കും , പിന്നെ ഷാപ്പുകാരൻ വറീത്  വൈകീട്ട്  ഷാപ്പ് അടക്കുമ്പോഴേ പുള്ളീം വീട്ടിലേക്ക് പോവാറുള്ളൂ .

ഷാപ്പില് പാത്രം കഴുകാ , കുപ്പികളിൽ  കള്ള് നിറക്കാ,  കറികൾ  വെക്കാ ഈ വക ജോലികളൊക്കെ വാസുവാണ് ചെയ്യാറ് പ്രതിഫലം കള്ളായിട്ടായിരുന്നു പറ്റിക്കൊണ്ടിരുന്നത്  .  അന്നു രാത്രി ഷാപ്പും അടച്ച് ആടി ആടി വീട്ടിലേക്ക് വന്ന്  കുളിക്കാനായി കുളത്തിലേക്ക് നാലുകാലില് ചാടി പൊങ്ങിയപ്പോഴായിരുന്നു വാസു ആ ഭീതിതമായ കാഴ്‌ച്ച കണ്ടു ഞെട്ടിയത് തന്റെ തൊട്ടപ്പുറത്ത്  ഒരാൾ  കമിഴ്ന്നു കിടക്കുന്നു.

ആരെടാ ഇത്  രാത്രി പന്ത്രണ്ടു മണി നേരത്ത് എന്റെ കുളത്തിൽ 

അതൊരു ജീവനില്ലാത്ത വസ്തുവാണെന്നുള്ള യാതൊരു കോൺസെപ്റ്റും ഇല്ലാതെയായിരുന്നു വാസു അലറിയത്  വാസു അയാളെ തട്ടി വിളിച്ചു അനക്കമില്ല,  തിരിച്ചിട്ട ആ മുഖം കണ്ട് വാസു ഞെട്ടി . രണ്ടേ രണ്ടു വാക്കു മാത്രമേ വാസൂന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് വന്നുള്ളൂ .  

പ്രേതം 

കുടിച്ച കള്ളെല്ലാം ചൂടായിരിക്കുന്ന  ദോശക്കല്ലിൽ വെള്ളം ഒഴിച്ചതു  പോലെ ശും .. ന്നും പറഞ്ഞ് അപ്രത്യക്ഷ്യമായി . നാല് കാലിൽ വെള്ളത്തിൽ ചാടിയ വാസു പതിനാറു കാലെടുത്താ നീന്തിയത് എന്നിട്ടും നീങ്ങാത്ത മാതിരി . ഒറ്റ സെക്കന്റു കൊണ്ടാ വാസു പറമ്പും പാടവും  താണ്ടി വീടിന്റെ ഉമ്മറത്തെത്തിയത് .

ഓട്ടത്തിൽ  അരയിൽ ചുറ്റിയിരുന്ന തോർത്തു മുണ്ട്  ഏതോ ദാക്ഷിണ്യമില്ലാത്ത വേലി പറിച്ചെടുത്തിരുന്നു . എന്തോ ഇടിഞ്ഞ് പൊളിഞ്ഞ് വീഴുന്ന  ശബ്ദം കേട്ടാ വാസുവേട്ടന്റെ ഭാര്യ ശോശാമ്മ ചേടത്തി കതകു തുറന്നത് മുന്നിൽ  നഗ്നനായി വാസേട്ടൻ 

ശോശാമ്മ ചേടത്തിക്ക് ആകെ നാണായി എന്താ വാസേട്ടാ ഇത് ?

എന്ത് ..? വാസു  വിക്കിക്കൊണ്ടാ ചോദിച്ചത് 

കുടിച്ചൂന്ന് വെച്ച് ഇത്രേം  ബോധല്ല്യാണ്ടായാ ? ആരെങ്കിലും കാണൂന്ന്

എന്ത് ? വാസൂന് അപ്പോഴും ഒന്നും മനസ്സിലായില്ല  ശോശാമ്മ ചേടത്തി കണ്ണു കൊണ്ടാ ആംഗ്യം കാണിച്ചത്  സ്വന്തം ആരേലിക്ക് നോക്കിയ വാസേട്ടനെന്നെ നാണായി .അയ്യോ ന്നും പറഞ്ഞ് കൊച്ചു കുട്ടികള് പൊത്തി പിടിക്കുന്ന  പോലെ രണ്ടു കൈയ്യോണ്ടും ഒറ്റ പൊത്തിപ്പിടുത്തമായിരുന്നു വാസു

അതോടെ വാസേട്ടൻ ഒരു ശിശുവായി മാറി  തോർത്തുമുണ്ട് എങ്ങിനെയാ ഊരിപ്പോയെന്ന് വാസുവേട്ടന് ഒരു ഓർമ്മയും ഇല്ലായിരുന്നു ,  പ്രേതം തന്റെ തോർത്തു മുണ്ടെന്തിനാ ഊരി മാറ്റിയത്  ?

വാസുവേട്ടന്റെ കുഞ്ഞായുള്ള  നിൽപ്  കണ്ട ശോശാമ്മ ചേടത്തിക്ക് ചിരിയോട് ചിരി . ചിരിച്ച് ചിരിച്ച് ശോശാമ്മ ചേടത്തി തിണ്ണേലിരുന്നതാ ദേ കിടക്കണൂ പൊത്തോന്നും പറഞ്ഞ് താഴെ . ചിരിച്ച് ചിരിച്ച് കണ്ണീന്ന് വെള്ളം വന്ന കാരണം തിണ്ണയുടെ തെറ്റാത്തായിരുന്നു  ചേടത്തി ഇരുന്നത്  അതോടെ ചേടത്തീടെ കണ്ണീന്ന് ശരിക്കും വെള്ളം വന്നു .

ഈ പുലിയും,  ശവവും കാരണം ഞങ്ങളുടെ നാട്ടിൽ  കുറച്ചു പേർക്ക് അവരുടെ ഭർത്താക്കന്മാരുടെ തനിനിറം മനസ്സിലാക്കാൻ പറ്റി

നിന്ന് കിളിക്കാണ്ട് ഒരു മുണ്ടെടുത്തോണ്ട്  വാടി ,  മ്മടെ കൊളത്തില് പ്രേതം എന്നെ പിടിക്കാൻ വന്നു . പ്രേതന്ന് കേട്ടതോടെ ശോശാമ്മ ചേടത്തി മിസൈല് പോലെ അകത്തേക്കോടി  പിന്നാലെ വാസുവേട്ടനും .

വാസുവേട്ടൻ ഒരു കുഞ്ഞ് ഓടുന്ന  പോലെയാണ് അകത്തേക്ക് ഓടിക്കയറിയത്  ഒരു കൈ  മുന്നിലും ഒരു കൈ കൊണ്ട്  പിന്നിലും മറച്ചു പിടിച്ചിരുന്നു പ്രേതാമാണെങ്കിലും  കണ്ടാ മോശമല്ലേ .

നേരം വെളുക്കുമ്പോഴേക്കും ജനങ്ങൾ  കൂടി വാസുവേട്ടന്റെ കുളത്തിൽ നീന്തുന്ന പ്രേതത്തെ കാണാൻ    

രാവിലെ ആയിട്ടും പ്രേതം പോയിരുന്നില്ല  അപ്പോഴാണ് മനസ്സിലായത് അത് പ്രേതമല്ല ഒരു ശവമാണെന്ന് . ഒരു ലോഹ പോലത്തെ വസ്ത്രം ധരിച്ചു കമിഴ്ന്നു കിടക്കുന്നു . ആർക്കും ഒന്നും മനസ്സിലാവുന്നില്ല  കണ്ടു കഴിഞ്ഞാ ഒരു സ്ത്രീയേപ്പോലുണ്ട് .

ഇനി രജനിയാണോ ? ഇത്ര നാളും കാണാത്ത രജനി വാസുവേട്ടന്റെ കുളത്തിൽ  ശവമായിട്ട് പൊന്തിയിരിക്കുന്നു ? 

മിന്നൽ  ജീപ്പുമെടുത്ത്  പറന്നിട്ടായിരുന്നു  വന്നത്

ആരെങ്കിലുമൊന്ന്  ആ ശവത്തെ മറച്ചിടൂ 

മിന്നൽ നാട്ടുകാരോട് അലറി  . 

പക്ഷേ ശവം മറിച്ചിടാൻ മാത്രം ധൈര്യമുള്ള ഒരാളും ഞങ്ങളുടെ ഗ്രാമത്തിൽ ഇല്ലായിരുന്നു. വടി കൊണ്ട് മറിച്ചിടാൻ ചിലർ ശ്രമിച്ചു നോക്കി പക്ഷേ പറ്റുന്നില്ല .

ഒരാൾക്കും ധൈര്യമില്ലേ  ?  മിന്നൽ നാട്ടുകാരെ മൊത്തത്തിൽ പേടിത്തൊണ്ടന്മാരാക്കി 

ഇയാൾക്ക് ഇറങ്ങി മറിച്ചിട്ടാലെന്താ ? റൈറ്റർ  തോമാസേട്ടൻ   മനസ്സിലാണ് അങ്ങനെ  ചോദിച്ചത് . 

അവസാനം  വാസു തന്നെ ഇറങ്ങി  ഇത് വാസൂന്റെ കൊളം , വാസൂന്റെ ശവം  എന്നുള്ള ലൈനായി എല്ലാവർക്കും  . അങ്ങനെ ആ ശവത്തിന്റെ  ഉത്തരവാദിത്വം വാസുവേട്ടന്റെ തലയിൽ കെട്ടിവെക്കപ്പെട്ടു.  മൂന്നു കുപ്പി കള്ള് വറീതിന്റെ കള്ളു ഷാപ്പീന്നു വരുത്തി വാസൂന് കൊടുത്തു എന്നിട്ടും ശവത്തെ മറിച്ചിടാനുള്ള ധൈര്യം കിട്ടണില്ല്യാന്ന് വാസു .

വാസു കള്ള് കുടിക്കുന്ന  കണ്ടതോടെ  അവറാൻ ചേട്ടനും  കൊതിയായി ഇതറിഞ്ഞിരുന്നെങ്കി കൊളത്തിൽ  ഇറങ്ങായിരുന്നൂന്ന് അവറാൻ ചേട്ടന്റെ മനസ്സ് അവറാൻ ചേട്ടനോട് പറഞ്ഞു .

ഒരു രണ്ടു കുപ്പീം കൂടി കൊണ്ട് വാ .. 

ഇതെന്നെ താപ്പെന്ന് വാസുവും  വിചാരിച്ചു,   വീണ്ടും ഒരു രണ്ടു കുപ്പി . ഇപ്പൊ കുറച്ച് ധൈര്യം വാസൂന് തോന്നുന്നുണ്ട്  എന്നാലും ഒരു പേടി . ഇനീം കള്ള് ചോദിച്ചാലോന്ന്  വാസൂ ചിന്തിച്ചതാ  പക്ഷെ മിന്നലിന്റെ ഭാവം കണ്ടതോടെ  ഒരു പേടി ചിലപ്പോ തന്റെ ശവം മറിച്ചിടാൻ വേറെ ആള് വരേണ്ടി വരും .

മിന്നൽ മനസ്സിൽ പറഞ്ഞു ശവം കരക്ക് എത്തട്ടെടാ 

വാസേട്ടൻ ശോശാമ്മ ചേടത്തീനെ നോക്കി  ശോശാമ്മ ചേടത്തിയാണെങ്കി  വാസേട്ടൻ ഏതോ യുദ്ധത്തിന് പോകുന്ന പോലെ ആരാധനയോടെയാ  നോക്കിക്കൊണ്ടിരിക്കുന്നത്  . 

ഒരു വിധത്തിൽ,  കള്ളു തന്ന ധൈര്യത്തിൽ  വാസു ശവത്തെ മറിച്ചിട്ടു  അതു കണ്ട് മിന്നൽ ഞെട്ടി  വാസു ഞെട്ടി ,  റൈറ്ററ് തോമാസേട്ടൻ ഞെട്ടി, നാട്ടുകാർ ഞെട്ടി  

ഇതിനെ കണ്ടിട്ടാണോ താൻ പാതിരാത്രിക്ക് ഉടുമുണ്ട് പറിച്ചെറിഞ്ഞ് ഓടിയത്? ശോശാമ്മ ചേടത്തി വാസുവേട്ടനെ  നോക്കി ചിരിയോട് ചിരി . എല്ലാവരും ചിരിച്ചു  മിന്നലിനും ചിരി വന്നു പക്ഷേ ചിരിച്ചില്ല , വെയ്റ്റ് പോയാലോ ? പക്ഷെ  മിന്നൽ  മനസ്സിനുള്ളിൽ പൊട്ടി പൊട്ടി ചിരിച്ചു . അതിന്റെ പ്രതിഫലനങ്ങൾ  മിന്നലിന്റെ കവിളിൽ കണ്ടു അത് തുടിക്കുന്നു , ചുവക്കുന്നു,  കുഴികൾ വിരിയുന്നു

വാഴത്തോപ്പിൽ കണ്ണ് പറ്റാതിരിക്കുവാൻ വേണ്ടി വെച്ചിരുന്ന  ഡമ്മി പ്രേതമായിരുന്നു ആ ശവം . വാസുവേട്ടൻ തന്നെയാണ് കുടിച്ചു വന്നിട്ട് ഒറ്റ ചവിട്ടിന് അതെടുത്ത് വെള്ളത്തിലേക്കിട്ടത്  പേടിപ്പിക്കണൂന്നും പറഞ്ഞ് .

എല്ലാ ദിവസവും  വരുമ്പോ വാഴത്തോപ്പിലേക്ക് കേറലും  ഈ രൂപത്തെ കണ്ട്  വാസുവേട്ടന്റെ ഉള്ളൊന്ന് കാളും .  ആരോ ഒരാൾ നിൽക്കുന്ന പോലെയാണ് തോന്നുക ആ കാളിൽ  രണ്ടു കുപ്പി അപ്പൊത്തന്നെ  ആവിയായിപ്പോകും  ദിവസവും ഇതു തന്നെ  സ്ഥിതി  കാക്കകളെ പേടിപ്പിക്കാനും കണ്ണ് പറ്റാതിരിക്കുവാനും  വേണ്ടി  വെച്ചതാണെങ്കിലും ദിവസവും പേടിക്കുന്നത് വാസുവേട്ടനാണ് .

അന്നും, പെട്ടെന്ന് ഈ രൂപത്തെ കണ്ടതോടെ  വാസുവേട്ടന്റെ ഉള്ളൊന്ന് കാളി ഇനീം  നീ എന്നെ പേടിപ്പിക്കരുതെന്നും പറഞ്ഞോണ്ട്  അതിന്റെ വയറിനിട്ട് രണ്ടിടിയും ചവിട്ടും  . പാവം ജീവനില്ലാത്തത് കൊണ്ട് കരഞ്ഞില്ല എന്നാലും വിചാരിച്ചു കാണും ഈ ഭ്രാന്തൻ കുടിച്ചു വന്ന് ഭാര്യക്ക് പോയി രണ്ടിടി കൊടുക്കാതെ എന്നെപ്പിടിച്ചിടിക്കുന്നത് എന്തിനാന്ന്  ? എന്നിട്ടും ദേഷ്യം മാറാതെ  അത് വലിച്ചൂരി വാസുവേട്ടൻ ഒരേറ് വെച്ചു കൊടുത്തു  അത് കുളത്തിലായിരുന്നു  ചെന്ന് വീണത് .

ആ ഓർമ്മയില്ലാതെയായിരുന്നു  വാസുവേട്ടൻ കുളിക്കാനായി  നാലുകാലിൽ കുളത്തിലോട്ട്  ചാടിയത് . അന്നത്തെ  സംഭവത്തോട് കൂടി വാസുവേട്ടനെ  വെറുമൊരു പേടിത്തൊണ്ടനെന്നും പറഞ്ഞ്  ശോശാമ്മ ചേടത്തി വരെ കളിയാക്കിത്തുടങ്ങി  നാട്ടില് പ്രേതം വാസൂന്നുള്ള വിളിപ്പേരും കിട്ടി . 

അഞ്ചു കുപ്പി കള്ളിന്റെ കാശ് വാസുവിന്റെ  കൈയ്യീന്നും ഈടാക്കിയിട്ടാ  മിന്നൽ  തിരിച്ചു പോയത്  ഇല്ലെങ്കീ സ്റ്റേഷനില് കൊണ്ട് പോയി ഉരുട്ടുമെന്നു പറഞ്ഞു .

വാസുവിന്റെ  കൈയ്യിൽ  കാശുണ്ടായിരുന്നില്ല ശോശാമ്മ ചേടത്തിയോട് ചോദിച്ചപ്പോ അങ്ങേരെ കൊണ്ട് പോയി ഇടിച്ചോളാനാ ചേടത്തി പറഞ്ഞത് . നമ്മുടെ ഷാപ്പുകാരൻ വറീതാ അന്ന് കാശ് കൊടുത്ത് വാസുവേട്ടനെ  രക്ഷിച്ചത് .

ഒരു ദിവസം പാക്കരൻ ചേട്ടന്റെ ചായക്കടയിൽ ഇരിക്കുമ്പോഴാ മെമ്പറ് സുകേശൻ വീമ്പിളക്കിയത് മ്മടെ ഈ മിന്നലിനെക്കൊണ്ടൊന്നും ഒരു കാര്യമില്ലാട്ടാ വെറുതേ ഒരു പോങ്ങൻ പേരു മാത്രമേയുള്ളൂ .

അതെന്താ സുകേശാ നീ അങ്ങനെ പറയണേ ?

അല്ല പാക്കരേട്ടാ മ്മടെ രജനീനെ കാണാണ്ടായിട്ട് നാളെത്രയായി ? ഇയാളെക്കൊണ്ട് വല്ലതും നടന്നോ ? വല്ല സിബിഐ യും വരണം

അവർക്കെന്താ ദിവ്യദൃഷ്ടിയാ ?

എന്റെ ചേട്ടാ  അവർക്ക് ബുദ്ധിയുണ്ട്

അപ്പൊ മിന്നലിന് ബുദ്ധിയില്ലേ ?

മിന്നലിന് ബുദ്ധിയില്ല തലക്കുള്ളിൽ  മിന്നൽ  മാത്രമേയുള്ളൂ  അതും പറഞ്ഞു പുറത്തോട്ട് നോക്കിയ  സുകേശൻ മിന്നൽ കൊണ്ടതുപോലെ ഞെട്ടി മുന്നിൽ  പ്രേതത്തെ കണ്ടതു  പോലെ സുകേശൻ വിളറി വെളുത്ത് പേപ്പർ പോലെയായി . സുകേശൻ പറഞ്ഞതൊക്കെ കേട്ടുകൊണ്ട്  മിന്നൽ  പുറത്തു നിൽക്കുന്നു . മിന്നൽ  ഒരു മോണിംഗ് വാക്കിനിറങ്ങിയതായിരുന്നു അന്നൊരു  ചായ കുടിച്ചു കളയാമെന്നൊരു തോന്നൽ മിന്നലിനുണ്ടാവുകയും അതിൻപടി ചായക്കടയിലേക്ക് കയറിയതുമായിരുന്നു 

അത്തരമൊരു തോന്നൽ മിന്നലിന്  സാധാരണ പതിവില്ലാത്തതായിരുന്നു  പക്ഷേ സുകേശന്റെ കഷ്ടകാലം എന്നല്ലാതെ എന്തുപറയാൻ 

സുകേശന് എങ്ങിനെയെങ്കിലും പുറത്ത് കടക്കണമെന്നുണ്ട് , പക്ഷെ വാതിൽക്കൽ  നിറഞ്ഞു നിൽക്കുകയാണ്  മിന്നൽ  . 

പുറത്തു കടന്നാൽ  ഓടി രക്ഷപ്പെടാം എന്നുള്ളതായിരുന്നു  സുകേശന്റെ മനസ്സിലിരുപ്പ് .

ചായക്കടയിലിട്ട് മിന്നൽ  തന്നെ ഇടിച്ചു നുറുക്കും  താൻ പഞ്ചായത്ത് മെമ്പറാണെന്നൊന്നും  അയാള് നോക്കത്തില്ല  .

സുകേശൻ സാധാരണ ആരെയും കുറ്റം പറയാത്തതാണ് പക്ഷെ സമയദോഷം എന്നല്ലാതെ എന്തുപറയാൻ 

 സുകേശൻ പാതി കുടിച്ച ചായ അങ്ങനെതന്നെ ഗ്ളാസ്സിലിരിപ്പുണ്ട് , 

സുകേശന് ആകെ പരവേശം ശരീരം മുഴുവൻ  വെട്ടി വിയർക്കുന്നു ഏത് കഷ്ടകാലം നേരത്താണോ ഇത്തരത്തിൽ  ഒരു വേണ്ടാതീനം പറയുവാൻ  തോന്നിയത് . സംഗതി വശപ്പെശകായെന്ന് കണ്ട പാക്കരൻ ചേട്ടന് അതോടെ  വലിവു കൂടി  രണ്ടു വലിവ് ഉറക്കെ വലിച്ച് പാക്കരൻ ചേട്ടൻ പതുക്കെ അകത്തേക്ക് മുങ്ങി .



0 അഭിപ്രായങ്ങള്‍