മിന്നൽ  ഇടി തുടങ്ങുന്നതിനു മുന്നേ അവിടെ നിന്നും  ഓടി രക്ഷപ്പെടണമെന്നുണ്ട് സുകേശന് . പക്ഷേ ചായക്കടയുടെ പുറത്ത് കുറച്ചു നാട്ടുകാർ കൂടി നിൽപ്പുണ്ട്  അവരുടെ  മുന്നിൽ വെച്ച് ഓടിയാൽ  ആകെ  നാണക്കേടാവും . പഞ്ചായത്തു പ്രസിഡണ്ട് പോലീസുകാരനെ പേടിച്ച് ഓടാന്ന് വെച്ചാ ?  പക്ഷേ നാണക്കേട് നോക്കി ഓടാതിരുന്നാൽ  മിന്നൽ പിടിച്ച്  ഇടിക്കും .  അല്ലെങ്കിത്തന്നെ ആരെയാ ഇടിക്കേണ്ടതെന്നും ചോദിച്ച്  മുക്രയിട്ട് നടക്കുന്ന സാധനാ . മിന്നലിന്റെ ഇടി കൊണ്ടാ താൻ ചത്തുപോവും  ഏത് കഷ്ടകാലം നേരത്താണാവോ ഇങ്ങനെയൊക്കെ പറയാൻ തോന്നിയത്.

താനൊരു  ജനപ്രതിനിധിയല്ലേ സുകേശാ  പിന്നെന്തിനാണ്  ഇങ്ങനെ പേടിക്കുന്നത് ? പ്രോട്ടോക്കോൾ നോക്കിയാൽ പോലീസുകാരന്റെ മേലെയാണ് ജനപ്രിതിനിധി. 

സുകേശന്റെ പേടി കണ്ട് സുകേശന്റെ മനസ്സാ സുകേശന്  അങ്ങനെ പറഞ്ഞുകൊടുത്തത്  എന്നിട്ടും സുകേശന് പേടി മാറണില്ല ഇടി കിട്ടിക്കഴിഞ്ഞ് താൻ ജനപ്രതിനിധിയെന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം ?

വാതിൽക്കൽ തന്നെയാണ് അപ്പോഴും മിന്നലിന്റെ നിൽപ്പ് 

പാക്കരൻ ചേട്ടന്റെ വീടിനകത്തേക്ക്  ഓടിയാലോന്ന് സുകേശൻ ചിന്തിച്ച അതേ നിമിഷത്തിൽ തന്നെ പാക്കരൻ ചേട്ടൻ അകത്തുകയറി
വാതിലടച്ചു . പാക്കരൻ ചേട്ടന്റെ  വിചാരം സുകേശനിപ്പോ  അകത്തേക്കോടിവരും അതിനു പിന്നാലെ മിന്നലും സുകേശന് കിട്ടണ്ട ഇടിയുടെ പകുതി തനിക്കും കിട്ടും ആ പേടീലാ പാക്കരൻ ചേട്ടൻ ഓടിക്കേറി  വാതിലടച്ചത് .

എന്താ മെമ്പറെ സുഖമാണോ ? 

മിന്നലിന്റെ ആ ചോദ്യം കേട്ട് സുകേശൻ ഞെട്ടി  സുഖ വിവരം അന്വേഷിച്ച്   സുഖാന്ന് പറയുമ്പോ കൂടുതൽ ഇടിക്കാനായിരിക്കും .

സുകേശൻ വിക്കി വിക്കിയാ പറഞ്ഞേ 

സുഖമാണേ.., ഏമാനേ.. ഏതാണ്ട് ജന്മിയുടെ മുന്നില് അടിയാൻ ഓച്ഛാനിച്ച് നിൽക്കുമ്പോലെയാ സുകേശനത്  പറഞ്ഞത്  എന്നാലും സാരമില്ല ഇടിക്കാണ്ടിരുന്നാ മതിയായിരുന്നു .

അപ്പോഴാണ് മിന്നൽ  ചെവിക്കുള്ളിൽ നിന്നും ഇയർ ഫോൺ എടുത്തുമാറ്റിയത്   അത് കണ്ടപ്പൊഴാ സുകേശന്റെ ശ്വാസം നേരേ വീണത് അതോടെ ഓടിപ്പോകാൻ നിന്ന ജീവൻ തിരിച്ചു വന്നു  .  ഭാഗ്യം താൻ പറഞ്ഞത് മിന്നല് കേട്ടിട്ടില്ല  സുകേശനാ മൊബൈലിനോട്  ഒരായിരം  നന്ദി പറഞ്ഞു.
 
നോക്കിയ മൊബൈല് മാത്രേമേ സുകേശനറിയൂ  ആ നോക്കിയക്കും സുകേശൻ ആയിരം നന്ദി പറഞ്ഞു .

ചായ കിട്ടുമോ ? 

മിന്നലിന്റെ  ചോദ്യം കേട്ടതോടെ  ഇന്നാ സാറേ ചായാന്നും പറഞ്ഞ്  പാക്കരൻ ചേട്ടൻ പതുക്കെ പുറത്തേക്കിറങ്ങി വന്നു  അതുവരേക്കും വാതിലിനു  പുറകിൽ ഒളിച്ചു നിൽപ്പായിരുന്നു .

രജനി കേസ്  ഒരു കീറാമുട്ടിയായി  കിടക്കുകയാണ്  ഏത് തലത്തിൽക്കൂടി അന്വേഷിച്ചിട്ടും ഒരു തുമ്പു പോലും  കിട്ടാതെ മിന്നൽ  നിന്ന് കുഴഞ്ഞു . ആലോചിച്ച് ആലോചിച്ച് അവസാനം മിന്നലിന്റെ തല ചൂടുപിടിച്ച് പൊട്ടിത്തെറിക്കുന്ന അവസ്ഥവരെയെത്തി .

മിന്നലിന്റെ ബുദ്ധി മിന്നലിനോട് കരഞ്ഞു പറഞ്ഞു എന്നേക്കൊണ്ട് ഇത്രയൊക്കയേ പറ്റത്തുള്ളൂ..,  ഇനീം ചൂടുപിടിച്ചാൽ ഞാൻ  കരിഞ്ഞു പോവും.

അത് കൂടി കേട്ടതോടെ  മിന്നലിനോട്... മിന്നലിനോട് തന്നെ ദേഷ്യം തോന്നി ഈ ഉണക്ക ബുദ്ധിയാണോ തന്റെ തലയിലുള്ളത്  ? അത് തന്ന അപ്പനിട്ട്  രണ്ട് മുട്ടൻ തെറി മിന്നലിന്റെ വായേല് ഉരുണ്ടി കേറി വന്നതായിരുന്നു പക്ഷേ  മിന്നലത് വിഴുങ്ങി .

ഡിജിപിയാണെങ്കിൽ,  ഇനി മിന്നലിനെ പറയാത്തതായൊന്നുമില്ല  ആദ്യമൊക്കെ മിന്നലെന്ന് കേൾക്കുമ്പൊ  ഡിജിപി ക്ക് ഒരു ബഹുമാനമൊക്കെ ഉണ്ടായിരുന്നുതായിരുന്നു ഇപ്പഴാ ആ പേര് കേക്കുന്നത്  തന്നെ കലിയാ.

മിന്നലിനെ കിഴങ്ങൻ, വിഡ്ഢി തുടങ്ങി  നിഘണ്ടുവിൽ ഇല്ലാത്ത പദങ്ങൾവരെ  ചേർത്തു ഡി ജി പി  വിളിച്ചു തുടങ്ങി  മിന്നലതൊക്കെ കേട്ട് വെറുതേ ചിരിച്ചോണ്ട് നിന്നു.

 കുശ്മാണ്ടം  എന്തു  കേട്ടാലും ചിരിച്ചോണ്ട് നിൽക്കും  ? ഡി ജി പി യത് പറഞ്ഞില്ലാന്നേയുള്ളൂ പക്ഷേ അങ്ങേരുടെ  മുഖഭാവത്തിൽ നിന്നും മിന്നലിനത് മനസ്സിലായി .

അന്ന് രാത്രി  മിന്നലിന്റെ അപ്പൻ തോമാസേട്ടൻ  സ്വപ്നത്തിൽ വന്ന് മിന്നലിനെ നാല് തെറി വിളിച്ചു .  നീ മിന്നലാണെങ്കിൽ ഞാൻ ഇടിവെട്ടാടാ ബോണ്ടാ.  നീ എന്നെ  തെറി വിളിക്കാൻ നോക്കിയതല്ലേ ?   ആ സമയത്ത് എനിക്ക് പെർമിഷനില്ലാത്ത കാരണാ   ഞാനിപ്പോ  വന്ന് നിന്നെ തെറി വിളിക്കുന്നത്  . മിന്നൽ  സ്വപ്നത്തിൽ ക്കൂടേ അപ്പനോട് സോറി പറഞ്ഞു . എന്നാലും മിന്നലിനൊരു സംശയം താൻ  തെറി വിളിച്ചില്ലല്ലോ ? മനസ്സില് തോന്നിയതല്ലേയുള്ളൂ അതപ്പോഴേക്കും അപ്പനറിഞ്ഞോ ? ഈ അപ്പന്റെയൊരു  കാര്യം ?

ആ സംശയം മിന്നൽ  ചോദിക്കുന്നതിനു മുന്നേ തോമാസേട്ടൻ പോവാന്നും  പറഞ്ഞു പോയി അനുവദിച്ച സമയം കഴിഞ്ഞൂത്രേ . പോവുന്നതിനു മുന്നായി  തോമാസേട്ടൻ  ആ വലിയ രഹസ്യം മിന്നലിനോട് പറഞ്ഞു . 

എടാ രജനി ഒരു ആണായിട്ട് നടപ്പുണ്ട് നിന്റെ മൂക്കിന്റെ കീഴെ തന്നെ അവളുണ്ട്  .

ഉറക്കത്തിൽ  മിന്നൽ  മൂക്കിന്റെ കീഴെ  തപ്പി നോക്കി മീശയായിരുന്നു അവിടെയുണ്ടായിരുന്നത് . എന്റെ പൊന്നു  അപ്പാ അവള് എവിടെയാണെന്ന്  കൂടി പറഞ്ഞു താ ..

എന്നാ പിന്നെ ഞാൻ അവളെ പിടിച്ച് നിന്റെ മുമ്പീ കൊണ്ട് നിറുത്തി താരാടാ .. നീ പോലീസന്ന്യല്ലേ കോന്താ ?

ആ കോന്തൻ വിളി മിന്നലിന് ഒട്ടും ഇഷ്ടപ്പെട്ടില്ലെങ്കിലും മറുത്തൊന്നും പറഞ്ഞില്ല 

അങ്ങനൊക്കെ നാട്ടാര് പറയണിണ്ട്,  എന്റെ അപ്പാ,  ആത്മവിശ്വാസമില്ലാത്ത പോലീസിന്റെ സ്വരമായിരുന്നു അത്  .

മിന്നലാത്രേ....., മിന്നൽ  ?   മിന്നലിന്റെ പേര് കളയാൻ ?

എന്റെ അപ്പാ ആ മിന്നലൊക്കെ എന്നേ പോയി  ഇപ്പൊ വെറും മിന്നാ മിനുങ്ങാ  

മിന്നാമിനുങ്ങു പോലും മിന്നലിന്റെ ഈ പരിഭാവം  കേട്ട് കരഞ്ഞു.

രാവിലെ എണീറ്റിട്ടും മിന്നലിന് ആകെയൊരു  മന്ദത,  ഒരു  സ്വപ്നം പോലെ എന്തോ സന്തോഷം ഒരു വശത്ത്  , മറുവശത്ത് ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ. അപ്പനെ തെറി വിളിക്കാൻ നോക്കിയതിന് മൂപ്പര് തന്ന  പണിയാണോ ഇത് ? ജീവിച്ചിരിക്കുമ്പോൾ തന്നെ  പണി കൊടുക്കുന്ന കാര്യത്തിൽ മൂപ്പര് വല്യ ഉസ്താദാ  ആ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ലായിരിക്കോ ?

ഛെ .. അങ്ങനെയൊന്നും വരാൻ വഴിയില്ല ആളിപ്പോ  നന്നായിട്ടുണ്ടാവും എന്നാലുമൊരു  സംശയം.  വേറെ വല്ലോരുമാണ്   പറഞ്ഞിരുന്നതെങ്കീ സത്യമായിട്ടും മിന്നല് വിശ്വസിച്ചേനേ .പക്ഷേ സ്വന്തം അപ്പനായത് കൊണ്ട് മിന്നലിനൊരു പേടി .

ഏതായാലും ആ വഴിക്കൊന്ന് നോക്കാൻ തന്നെ മിന്നല് തീരുമാനിച്ചു . ചിലപ്പോ അപ്പൻ പറഞ്ഞത് സത്യമാണെങ്കിലോ ? സത്യമല്ലെങ്കീ ..ന്നും പറഞ്ഞ്  ചുമരിലുള്ള തോമാസേട്ടന്റെ  ഫോട്ടോയിലേക്ക്  മിന്നലൊന്ന് നോക്കി  . അതുവരേക്കും ചിരിച്ചോണ്ടിരുന്ന തോമാസേട്ടൻ പതുക്കെ കണ്ണടച്ചു .

പക്ഷേ  എങ്ങനെ തിരിച്ചറിയും ആൺ  വേഷം കെട്ടി നടക്കുന്ന  രജനിയെ ?  നാട്ടുകാരുടെ  എല്ലാവരുടേയും ഉടുവസ്ത്രം വസ്ത്രം പൊക്കി നോക്കാൻ പറ്റോ?

ഈ ഗ്രാമത്തിലുള്ള  എല്ലാവരും തന്റെ സ്റ്റേഷനു മുന്നിൽ ഉടു തുണിയില്ലാതെ  നിൽക്കുന്ന രംഗം മനസ്സിലോർത്തപ്പോ മിന്നലിന് ചിരി വന്നു.

എന്റെ സാറേ...,  സാറെന്തിനാണ്  എല്ലാവരേയും നഗ്നരായിട്ട് നിറുത്തുന്നേ ? സംശയമുള്ളവരുടെ മീശ പിടിച്ച് വലിച്ച് നോക്കിയാൽ പോരേ? അവരുടെ സീക്രെട്ട് കാര്യങ്ങളൊക്കെ നമ്മള് വെറുതേ കാണണോ? .

ആ ബുദ്ധി മിന്നലിന് റൈറ്റർ തോമാസേട്ടൻ പറഞ്ഞപ്പോഴാ ഓടിയത് എന്നാലും തോൽവി സമ്മതിച്ച് കൊടുക്കാൻ മിന്നലിന്റെ ആത്മാഭിമാനം സമ്മതിച്ചില്ല  . ചിലപ്പോ മീശയില്ലാത്തവരാണെങ്കിലോ ? തോമാസേട്ടനെ അടിമുടി നോക്കിയിട്ടാ മിന്നലതു  പറഞ്ഞത് .

വല്യ ആളാവല്ലേ ? ഈ സ്റ്റേഷനില് ഒരു എസ് ഐ മതി  മിന്നലത്  പറഞ്ഞില്ലെങ്കിലും തോമാസേട്ടനത്  മനസ്സിലായി . അല്ലെങ്കിലും ഇവൻ ഇത്തിരി ബുദ്ധി കൂടുതൽ  കാണിക്കുന്നുണ്ട് . ഇവിടെ ഒരു ബുദ്ധിമാനും ഒരു എസ് ഐയും മാത്രം മതി അത്  മിന്നലാണ് മിന്നൽ മാത്രം  .

താൻ വെറുതേ നിന്ന് വീമ്പിളക്കാതെ ഇവിടെയുള്ളവരുടെയെല്ലാം   ഒരു ലിസ്റ്റെടുക്ക് ഒറ്റ വീടു പോലും വിട്ടുപോകരുത്  .

പോലീസ് സ്റ്റേഷനീന്ന് ആ അറിയിപ്പ് വന്നതോടെ  ഗ്രാമം ഒന്നടങ്കം ഞെട്ടി . ആണുങ്ങളായ ആണുങ്ങൾ എല്ലാം തന്നെ നാളെ രാവിലെ എട്ടുമണിക്ക് സ്റ്റേഷനിലെത്തണമെത്രെ  . വരാത്തോരെ  വീട്ടീ വന്ന് പോക്കും  അവർക്ക് മാനഹാനിയും അതിന്റെ കൂടെ  ഇടിയും കിട്ടും  പിന്നെ കാരണം ബോധിപ്പിക്കാത്തതിന് വേറെ ഇടിയും  .

എല്ലായിടത്തും ഇതുതന്നെ  ചർച്ച  എന്തിനാ ഗ്രാമത്തിലെ മുഴുവൻ പേരും പോലീസ് സ്റ്റേഷനിലേക്ക് എത്തണത് ?   

ചായ കുടിക്കാൻ വന്ന റൈറ്റർ തോമാസേട്ടനോട് തമിഴൻ മുരുകനാണ്  ആ സംശയം ചോദിച്ചത്.

 എതുക്ക് സാറേ എല്ലാവരേയും കൂപ്പിടറത് ? 

ഗ്രാമം മുഴുവൻ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യമാണ് തമിഴൻ മുരുകൻ നിഷ്ക്കളങ്കമായി ചോദിച്ചത് . എല്ലാവരും വാ പൊളിച്ച് നോക്കിയിരിപ്പാണ് തോമാസേട്ടന്റെ മോത്തേക്ക് .

പതുക്കെ പതുക്കെ തോമാസേട്ടന്റെ മീശ വിറക്കുന്നു , കൈകൾ വിറക്കുന്നു , കൈയ്യിലിരുന്ന ചായ ഗ്ലാസ്സ് വിറക്കുന്നു , തോമാസേട്ടന്റെ കണ്ണുകൾ ചുവക്കുന്നു , അത് ചുവന്ന്,  ചുവന്ന് രണ്ട് തീക്കട്ടകൾ പോലെയായി. തോമാസേട്ടൻ അസ്സലൊരു  പോലീസുകാരനായി രൂപാന്തരം പ്രാപിക്കുകയാണ് .

അതോടെ  സംഗതി വശപ്പിശകായെന്ന് മുരുകന് മനസ്സിലായി , വായീന്നാണെങ്കീ ചോദ്യം പോവുകേം ചെയ്തു വല്യ ആളാവാൻ നോക്കീതാ ഇപ്പൊ ഇയാളെന്നെ ഇടിക്കും താൻ കരയും തന്റെ തമിഴ് കരച്ചില് കേട്ട് അയാള് വീണ്ടും ഇടിക്കും . ആളാവാൻ നോക്കിയ താൻ ഇടി കൊണ്ട് ഓടേണ്ടി വരും . മുരുകൻ ചിരിക്കാൻ നോക്കി പക്ഷേ കരച്ചിലാണ് വരുന്നത്  . ഒരാശ്രയത്തിനായി മുരുകൻ പാക്കരൻ ചേട്ടനെ നോക്കി . പാക്കരൻ ചേട്ടൻ മുരുകൻ എന്തെങ്കിലും പറയുന്നതിനു മുന്നേ  എടീ ഇത്തിരി കഞ്ഞി എടുക്കെടീന്നും പറഞ്ഞോണ്ട് അകത്തേക്കോടി.

ഇപ്പൊ തന്നെയല്ലേ മനുഷ്യാ ഒരു കലം കഞ്ഞികുടിച്ച് പോയേന്നും ചോദിച്ച് അന്നമ്മ ചേടത്തി ചീറി . എടീ മൂധേവി വാതില് തുറക്കെടീന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ വാതിലിന്മേലെ ഒറ്റ ചവിട്ടാ അതിനു മുന്നേ തന്നെ  അന്നമ്മ ചേടത്തി വാതില്  തുറന്നിരുന്നു . ബാലൻസ് തെറ്റിയ ആ കാൽ വെറുതെ വായുവിൽ ഒന്ന് ചവിട്ടയ ശേഷം പാക്കരൻ ചേട്ടന്റെ ട്രൗസറ് നടുവേ കീറിക്കൊണ്ട് രണ്ടു കാലുകളും ആപ്പുറത്തും ഇപ്പുറത്തുമായി .

എന്റെ കർത്താവേ ന്നൊരു പാതി മുറിഞ്ഞ നിലവിളി പാക്കരൻ ചേട്ടന്റെ വായെന്ന് പുറത്തേക്ക് വന്നു .

കഞ്ഞി കുടിക്കാൻ ഇത്രേം ആർത്തിപ്പിടിച്ച് ഓടി വരണോ എന്റെ മനുഷ്യാ?

ചേടത്തി ഒരു വിധത്തിലാ പാക്കരൻ ചേട്ടനെ  എടുത്തു പൊക്കിയത് .

നടു കീറിപ്പോകേണ്ടതായിരുന്നു  പാക്കരൻ ചേട്ടന്റെ ഭാഗ്യത്തിന് ട്രൗസറിന്റെ നടു മാത്രെമേ കീറിയുള്ളു 

ഏതായാലും മുരുകന്റെ ചായേടെ കാശ് പോയെന്ന് പാക്കരൻ ചേട്ടന് മനസ്സിലായി . കാശ് പോയാലും കൊഴപ്പമില്ല അവന്റെ ജീവൻ പോവാതിരുന്നാ മതിയായിരുന്നു . ജീവൻ ഉണ്ടെങ്കീ കാശ് നാളേം വാങ്ങാലോ? . മുരുകൻ ഒരു ആശ്രയത്തിനായി ഞങ്ങളെ നോക്കി അതുവരേക്കും മുരുകന്റെ ആ ചോദ്യത്തെ അഭിനന്ദിക്കുന്ന പോലെ നിന്ന ഞങ്ങള് പെട്ടെന്നു തന്നെ ആ പ്ളേറ്റ് തിരിച്ചു വെച്ചു  .

എന്താ മുരുകാ..  ഇങ്ങനെയൊക്കെ ചോദിക്കാൻ പാടുണ്ടോ ?

തോമാസേട്ടൻ കോപം കൊണ്ട് പൊട്ടിത്തെറിക്കുന്ന മട്ടിലായി മുരുകൻ പേടികൊണ്ടും . മുരുകന്റെ മനസ്സിലൂടെ ഒരു പാട് ചിന്തകൾ കടന്നുപോയി ഇപ്പോൾ തന്നെ അറസ്റ്റു ചെയ്യും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി  കെട്ടിത്തൂക്കിയിട്ട് ഇടിക്കും   . കാലിന്റെ അടിഭാഗത്ത് ലാത്തി കൊണ്ട് കുത്തും  അതോർത്തപ്പോ മുരുകന്റെ ഉള്ളം കാലീകൂടെ ഒരു വിറയല് കടന്നു പോയി . എല്ലാ പോലീസ് സിനിമകളും മുരുകന്റെ ഉള്ളിലൂടെ റീല് റീലായി ഓടിത്തുടങ്ങിയിരുന്നു  .

ഇന്ന് ചായ കുടിക്കാൻ വരണ്ടാന്ന് വിചാരിച്ചതാ ആ തോന്നലുണ്ടാക്കിയ മനസ്സിനെ,  മുരുകൻ കരഞ്ഞു കൊണ്ട് രണ്ട് തെറി വിളിച്ചു .

താനിതാ ആവശ്യമില്ലാത്ത കാര്യത്തിന് പോലീസിന്റെ  ഇടി കൊണ്ട് ചാവാൻ പോകുന്നു  അതോർത്തതോടെ  മുരുകൻ വീണ്ടും ഞെട്ടി. തഞ്ചാവൂരിന്ന്  ഇവിടെ വന്നത്   പോലീസുകാരുടെ ഇടി കൊണ്ട് ചാവാനായിരുന്നോ ? തഞ്ചാവൂരിന്ന്  ഇവിടെ ജോലിക്ക് കൊണ്ടു വന്നാക്കിയ മുനിയാണ്ടി മാമനേയും മുരുകൻ മനസ്സിൽ  ചീത്ത വിളിച്ചു. 

അതോടെ  മുരുകന് തഞ്ചാവൂരിലുള്ള  അമ്മ വള്ളിയമ്മയെ  കാണണമെന്ന് തോന്നി .

അതാ തോമാസേട്ടൻ എഴുന്നേൽക്കുന്നു മുരുകന്റെ അടുത്തേക്ക് നടക്കുന്നു. അവസാന ആശ്രയത്തിനായി മുരുകൻ ഞങ്ങളെ നോക്കുന്നു , ഞങ്ങൾ  മേലോട്ട് നോക്കി .

 എടാ...,  തോമാസേട്ടനൊറ്റ അലർച്ച    

ആ അലർച്ചയോടെ ഞെട്ടിപ്പോയ  മുരുകൻ പേടികൊണ്ട്  കടക്കുള്ളിൽ  മൂത്രമൊഴിച്ചു.   അതൊരു നിലക്കാത്ത പ്രവാഹമായിരുന്നു  മുരുകന്റെ ശരീരത്തിന്റെ  മൂത്രത്തിൻ മേലുള്ള എല്ലാ കൺട്രോളും തോമാസേട്ടന്റെ ആ ഒറ്റ വിളിയിൽ  പോയിരുന്നു  . ശരീരവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട മൂത്രം  ശര പറാന്നും  അതിന്റെ പാട്ടിന് പോയി 

മേത്താവാതിരിക്കാൻ തോമാസേട്ടൻ  ചാടി മാറി,  ഞങ്ങൾ പുറത്തേക്കോടി  .

ശവം .. എണീറ്റ് പോടാന്നും പറഞ്ഞ് തോമാസേട്ടൻ  മുരുകനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് പോയി  . 

വാതിലിൽ ചെവി വെച്ചിരിക്കായിരുന്ന പാക്കരൻ ചേട്ടൻ ആദ്യം വലിയൊരു അലർച്ച കേട്ടു  പിന്നെ ആകെ നിശബ്ദത.

ഈശ്വരാ മുരുകനെ അയാള് കൊന്നോ ? പിന്നേയും കുറച്ചു നേരം കഴിഞ്ഞാ പാക്കരൻ ചേട്ടൻ വാതിൽ  തുറന്ന് പുറത്തേക്ക് വന്നത് . കടയിൽ ആരുമില്ല മുരുകൻ  യക്ഷിയെക്കണ്ട് പേടിച്ച പോലെ കണ്ണും തള്ളിയിരിപ്പുണ്ട്  . ഭാഗ്യം മുരുകനെ അയാള് കൊന്നിട്ടില്ല ,  കടേല് മുഴുവൻ വെള്ളം

എന്താ മുരുകാ നീ ഗ്ലാസ്സ് തട്ടിക്കളഞ്ഞോ ? ഇങ്ങനെ പേടിക്കാൻ പാടുണ്ടോ ? നീയൊരു ആങ്കുട്ടിയല്ലേ ? ഒരു പോലീസുകാരൻ കണ്ണു തുറുപ്പിച്ച് കാണിച്ചെന്നും  കരുതി ഇങ്ങനെ പേടിക്കാ ? ശ്ശെ ..ഇവിടെയൊക്കെ ആകെ  വെള്ളം പോയല്ലോ  . അത് തുടക്കാൻ തുടങ്ങിയപ്പോഴാ  പാക്കരൻ ചേട്ടനൊരു  സംശയം...  എന്തോ  ഒരു മണം വരുന്നില്ലേയെന്ന്  ? മണം പിടിച്ച് പിടിച്ച് അതിന്റെ ഉറവിടം തേടിപ്പോയ പാക്കരൻ ചേട്ടൻ ഞെട്ടി  മുരുകൻ മൂത്രമൊഴിച്ചിരിക്കുന്നു അത് കടമുഴുവനും .

എണീറ്റു പോടാ നാറി .. പക്ഷേ പോവുന്നതിനു മുന്നേ പാക്കരൻ ചേട്ടൻ രണ്ടുപ്രാവശ്യം മുരുകനെക്കൊണ്ട് കട കഴുകിച്ചാ  വിട്ടത് . ഇനി മേലാൽ നീ ചായ കുടിക്കാനെന്നും പറഞ്ഞ് ഇങ്ങോട്ട്  വന്നാ ..പരട്ട തമിഴാന്നും പറഞ്ഞ് ചെവി പിടിച്ച് തിരുമ്മിയിട്ടു കൂടിയാ മുരുകനെ വിട്ടത് .

അന്നു രാത്രി തന്നെ മുരുകൻ  അമ്മയെ കാണാൻ തഞ്ചാവൂരിലേക്ക് പോയി . പോവുന്നതിനു മുന്ന്  മുനിയാണ്ടി മാമാ ഉങ്കളെ ഞാൻ കൊല പണ്ണിടുവേ.. ന്ന്  ഫോണീക്കൂടെ ചീത്ത വിളിച്ചിട്ടാ  മുരുകൻ പോയത്  . പാവം മുനിയാണ്ടിക്ക്  മുരുകൻ എന്തിനാ തന്നെ കൊല പണ്ണപ്പോറേ ന്ന് ആലോചിച്ച്  ഒരെത്തും പിടിയും കിട്ടിയില്ല  ഏതായാലും മുരുകൻ വരുന്നത് വരെ കാത്തുനിക്കാണ്ട് മുനിയാണ്ടി പഴനിക്ക് പോയി

അങ്ങനെ ആണായി നടക്കുന്ന രജനിയെ കാണാൻ പരേഡ് നടത്തിച്ച മിന്നല് പരേഡ് കണ്ട് തലേല് കൈവെച്ച് വേഗം തന്നെ ആ പരിപാടി അവസാനിപ്പിച്ചു . പുതിയതായി വന്നവരെ മാത്രമേ കൂടുതൽ പരിശോധനക്ക് വിധേയമാക്കിയുള്ളൂ . പക്ഷേ അതിലും സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടില്ല  .

എല്ലാവരേയും വരിവരിയായി നിറുത്തി മുണ്ട് പൊക്കി കാണിക്കാനാണ്  പറയുന്നത് ട്രൗസർ ഉണ്ടോന്ന് അറിയാൻ വേണ്ടിയാണത്. ട്രൗസറും ഊരി നോക്കിയാലോന്ന് തോമാസേട്ടൻ ചോദിച്ചതാ ,  അത്രയും കടുത്ത നടപടി വേണ്ടെന്നാ മിന്നല് പറഞ്ഞത് .

തോമാസേട്ടനാണ്  ഇത് ടെസ്റ്റ് ചെയ്തോണ്ടിരുന്നത്  .

സാറല്ലേ സാറ്..,  സാറ് പരിശോധിച്ചാ പോരേന്നായിരുന്നു  തോമാസേട്ടൻ ആദ്യം മിന്നലിനോട് ചോദിച്ചത്  ?

അത് വേണ്ടാ തോമാസേ താനീ നാട്ടുകാരനല്ലേ തനിക്കേ പെട്ടെന്ന് മനസിലാവൂ  . 

ആ ഫിലോസഫിയുടെ അർത്ഥം  എത്ര ആലോചിച്ചിട്ടും തോമാസേട്ടന് പിടികിട്ടിയില്ല  . 

ഇതിലിപ്പോ പ്രത്യേകിച്ചെന്താ  മനസ്സിലാക്കുവാനുള്ളത്? ആകെക്കൂടി രണ്ടു വകഭേദങ്ങളല്ലേ ഉള്ളൂ  പക്ഷേ  എന്തുകൊണ്ടോ തോമാസേട്ടനത് ചോദിച്ചില്ല .

അങ്ങനെ ഞങ്ങളുടെ ഗ്രാമത്തിലെ മൊത്തം ആണുങ്ങളുടെയും  ആണത്തം കാണുവാൻ തോമാസേട്ടന് ഭാഗ്യമുണ്ടായി .

ഓരോ പൊക്കല്  കഴിയുമ്പോഴും മിന്നല് ചോദിക്കും

എന്തായി തോമാസേ?

ഓക്കെയാ സാറേ 

മുണ്ട് പൊക്കി കാണിച്ചുള്ള തിരിച്ചറിയൽ പരേഡിനാ  പോലീസ് സ്റ്റേഷനിലേക്ക്  വിളിച്ചേക്കണതെന്നറിഞ്ഞപ്പോ എല്ലാവർക്കും നാണം . എല്ലാവരും വരി നിക്കണേന്റെ  എടേല്  ചൂണ്ടക്കാരൻ  സുകുമാരൻ ഒറ്റ ഓട്ടം

പിടിക്കവനേന്നും പറഞ്ഞ് പിന്നാലേ മിന്നലും.

ഗേറ്റ് കടക്കുന്നതിനു മുന്നേ മിന്നല് സുകുമാരനെ പൊക്കി ഏതായാലും അത് രജനിയല്ലെന്ന് മിന്നലിന് ആദ്യമേ മനസ്സിലായി എന്നാലും  സംശയം തീർക്കാൻ വേണ്ടി  മിന്നൽ  സുകുമാരന്റെ മീശ പിടിച്ച് ഒറ്റ വലി .  പക്ഷേ ഞാൻ ആണാണെന്നും പറഞ്ഞ് മീശ അവിടെത്തന്നെ നിന്നു .

ഇവനെ പരിശോധിക്ക്

എത്ര പറഞ്ഞിട്ടും സുകുമാരൻ  മുണ്ടു പൊക്കുന്നില്ല .  മുണ്ടു പോക്കെടാ റാസ്‌ക്കലെന്നും  പറഞ്ഞ് മിന്നൽ നിലത്തൊരു ചവിട്ടാ . അതോടെ സുകുമാരന്റെ മുണ്ട് തനിയെ പൊങ്ങി .

ആ കാഴ്ച കണ്ട് തോമാസേട്ടൻ ഞെട്ടി , മിന്നല് ഞെട്ടി, എന്താ സംഗതീന്നറിയാൻ, തോമാസേട്ടന്റെ ഒപ്പം  എത്തി നോക്കിയാ അവറാൻ ചേട്ടനും അതുകണ്ട്  ഞെട്ടി .

എന്റെ സുകുമാരാ ഒരു ട്രൗസറിട്ടു വന്നൂടെ നിനക്ക് ? സത്യത്തിൽ വരിയിൽ  നിൽക്കുമ്പോഴായിരുന്നു  സുകുമാരന് ആ ഓർമ്മ വന്നതും  ട്രൗസറിടാൻ വേണ്ടി ഓടിയതും  പക്ഷേ അതിനുമുന്നേ മിന്നല് പൊക്കി  . മുണ്ടു കീറി ഒരു  കോണകമെങ്കിലും ഉടുത്തൂടേ റാസ്‌ക്കൽ നിനക്കെന്നും ചോദിച്ച് മിന്നൽ ചീറി .

അതോടെ എല്ലാവരുടെയും മുണ്ടുപൊക്കി നോക്കൽ പരിപാടി മിന്നൽ അവസാനിപ്പിച്ചു  . മൂന്നു ദിവസം തോമാസേട്ടൻ ഭക്ഷണം കഴിച്ചില്ല കഴിക്കാനിരിക്കുമ്പോ സുകുമാരന്റെ  ഓർമ്മ വരും  .

ഇതും ഡിജിപി അറിഞ്ഞു

എല്ലാവരുടേയും തുണി പൊന്തിച്ചു നോക്കാൻ തനിക്ക് നാണമില്ലടോ ? അവന്മാരൊക്കെ മുഴു വിഡ്ഢികളായിപ്പോയി ഇല്ലെങ്കീ വല്ല മനുഷ്യാവകാശ കമ്മീഷനെങ്ങാനും പരാതി കൊടുത്തിരുന്നെങ്കീ അതോടെ തീർന്നേനേ തന്റെയീ  ആവേശം . 

വീണ്ടും വായേല് തോന്നിയതൊക്കെ ഡിജിപി വിളിച്ചു.

മിന്നലിന്  അപ്പനെ രണ്ട് തെറി പറയാൻ തോന്നിയതാ പക്ഷേ വീണ്ടും സ്വപ്നത്തില് വന്ന് ഇതുപോലെ വല്ല  പണീം തന്നാലോന്നും  പേടിച്ച് മിണ്ടാണ്ടിരുന്നു  . മിന്നൽ  അപ്പന്റെ ഫോട്ടോയിലേക്ക്  നോക്കി തോമാസേട്ടൻ ചിരിച്ചിരിക്കുന്ന പോലെയാണ് മിന്നലിന് തോന്നിയത് 

അന്ന് വൈകീട്ട് അടുത്ത ഗ്രാമത്തില് വെച്ച് അവറാൻ ചേട്ടനെ കുറേപ്പേര് തല്ലി . അവറാൻ ചേട്ടൻ കള്ള് ചെത്തിക്കഴിഞ്ഞ്  സൈക്കിളിൽ തിരിച്ചു  വരുമ്പോ റോഡിലൊരു പശു . അവറാൻ ചേട്ടൻ ബെല്ലടിച്ചിട്ടും പശു മാറിയില്ല  അതുകാരണം പശൂനെ ചെറുതായിട്ടൊന്ന്

 അവറാൻ ചേട്ടൻ തള്ളി മാറ്റിത്രേ .

ഇതാരോ കണ്ടു പശൂനെ തല്ലീന്നും പറഞ്ഞ് അവറാൻ ചേട്ടനെ എടുത്തിട്ട് പൂശീ. കള്ളും വേണ്ടാ കുടവും വേണ്ടാന്നും വെച്ച് നിലവിളിച്ചോണ്ടാ അവറാൻ ചേട്ടൻ ഓടിപ്പോയത് .

അടുത്ത ഗ്രാമത്തിൽ  പുതിയതായി വന്ന വരത്തൻമാരാരോ ആണ്   പ്രശ്നമുണ്ടാക്കിയത് . അവറാൻ ചേട്ടൻ ഞങ്ങടെ അടുത്ത് വന്ന് കരഞ്ഞാ കാര്യം പറഞ്ഞത്  പാവത്തിന് സങ്കടം കൊണ്ട് കരച്ചില് നിറുത്താൻ പറ്റണില്ല .

അത് കേട്ടയുടനെ ഞങ്ങളുടെ  രക്തമെല്ലാം  തിളച്ചു മറിഞ്ഞു   സുകൂന്റെ രക്തം തിളച്ച് തിളച്ച് ആവി വരെ വന്നു തുടങ്ങി  

കൂട്ടത്തിൽ സുകുവിനായിരുന്നു ആവേശം കൂടുതലും  .

 ഇതവൻമാരോട്  ചോദിച്ചിട്ടു  തന്നെ കാര്യം ഇത്തരം തോന്നിവാസങ്ങളൊന്നും ഇവിടെ നടത്തുവാനനുവദിക്കരുത്  . രണ്ട്‌ പൊട്ടിക്കന്നെ വേണം സുകു ചൂടായി ചൂടായി കത്തിക്കേറിക്കൊണ്ടിരിക്കാ . സുകൂന് ആളില്ലാത്തപ്പോ മാത്രേ ഈ ആവേശമുള്ളൂ  ആൾക്കാരെ നേരിൽ കണ്ടാ തിളച്ചു കൊണ്ടിരിക്കുന്ന  രക്തം ഐസ് പോലെ തണുത്തു മരവിക്കും അതാണ് സുകുവിന്റെ പൊതുവേയുള്ള പൃക്രതം  .

 എല്ലാവരേയും  എല്ലാ ഏടാകൂടത്തിലേക്കും  പിരികേറ്റി കൊണ്ടുപോവുകയും  സംഗതി പ്രശ്നമാവുന്നു തോന്നുമ്പോ പതുക്കെ മുങ്ങുകയും ചെയ്യും   അവറാൻ ചേട്ടനും അത്ര നല്ല പുള്ളിയൊന്നുമല്ല . ചെറിയൊരു സംഭവം കിട്ടിയാ അതിനെ ഊതി വീർപ്പിച്ച് ബലൂണാക്കണയാളാ  കക്ഷി  . അത് കൊണ്ട് ഇടപെടാൻ  ഞങ്ങൾക്കൊരു പേടി  പക്ഷേ അവറാൻ ചേട്ടന് അടി കിട്ടിയിട്ടുണ്ട് അത് സത്യാ  അല്ലെങ്കീ ആളിങ്ങനെ കരയത്തില്ല .

കുഞ്ഞു കുട്ടികളിരുന്ന് മോങ്ങുന്ന പോലെ കരയണത് 

എടാ നമുക്ക് പോലീസിലൊരു  കംപ്ലയിന്റ് കൊടുത്താൽ  പോരേ ? നേരിട്ട് ഇടപെടണോ ?

മെമ്പറ് സുകേശനായിരുന്നു അത്  ചോദിച്ചത്

part 11 please click here

           

      

0 അഭിപ്രായങ്ങള്‍