പക്ഷേ സുകുവും,  അവറാൻ ചേട്ടനും ഒരു പൊടിക്ക് സമ്മതിക്കുന്നില്ല 

നേരിട്ട് ഇത്  ചോദിച്ചെന്ന്യേ തീരൂ   . 

അങ്ങനെ ഞങ്ങൾ   ആറുപേർ  അവറാൻ ചേട്ടൻ , പ്രേക്ഷിതൻ സുകു ,മെമ്പർ  സുകേശൻ , ഞാൻ, ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ , ഷാപ്പ്കാരൻ വറീത് എല്ലാവരും ചേർന്ന് പീതാംബരന്റെ ജീപ്പും പിടിച്ച് ചോദിക്കാൻ പോയി  .

ഒരു ധൈര്യത്തിന് കരാട്ടേ മാസ്റ്റർ തങ്കച്ചനെ കൂടി വിളിച്ചു  
കള്ളു കുടിക്കാനാ വിളിക്കുന്നതെന്നും കരുതി  തങ്കച്ചൻ ഒടിക്കേറി വന്നിരുന്നു  , തല്ലുണ്ടാക്കാനാണെന്നറിഞ്ഞതോടെ  ഇന്ന് കരാട്ടെ  ക്ളാസ്സുണ്ടെന്നും പറഞ്ഞ് തങ്കച്ചൻ ഇറങ്ങിപ്പോയി .

എന്തെങ്കിലും ആവശ്യം വന്നാ ഉപയോഗിക്കാനായി ഞാനെന്റെ നെഞ്ചാക്കെടുത്ത്  അരേല് വെച്ചിരുന്നു .   അതോണ്ട് പ്രത്യേകിച്ചൊരു  കാര്യവും ഇല്ലാന്ന് എനിക്കും നെഞ്ചാക്കിനും അറിയാം മര്യാദക്ക് അതൊന്ന്  പിടിക്കുവാൻ പോലും എനിക്കറിയത്തില്ല പിന്നെ എന്തുകൊണ്ട് അതുവെച്ചു എന്ന് ചോദിച്ചാ എന്തോ അതുള്ളപ്പോ മനസ്സിനൊരു  ഒരു ധൈര്യം .

അത് കാണുമ്പോഴെങ്കിലും മറ്റുള്ളവർ ഞാൻ കരാട്ടെയാണെന്ന് വിചാരിക്കൂലോ 

നീ അവിവേകമൊന്നും കാണിക്കരുതെന്നാ അത് കണ്ട് മെമ്പർ സുകേശൻ എന്നോട് പറഞ്ഞത് .  അത് കൂടി കേട്ടതോടെ  ഞാൻ വല്യ ഒരു ആളായ പോലെ എനിക്കെന്നെ ഒരു തോന്നല് .

ഏതാണ്ട് ഇപ്പോ ഇറങ്ങി തല്ലുന്ന പോലെ നെഞ്ചും തള്ളിപ്പിടിച്ചാ  ഞാനിരിക്കുന്നത്   അവറാൻ ചേട്ടൻ വല്യ അഭിമാനത്തിലാ എന്റെയാ ഇരിപ്പുകണ്ട് ഇടക്കിടക്ക് എന്നെ നോക്കുന്നത് . സത്യത്തിൽ  നെഞ്ചാക്ക് ആരേലുള്ള  കാരണാ എനിക്ക് മര്യാദക്കൊന്ന്  ഇരിക്കുവാൻ പോലും പറ്റാത്തത് നിവർന്ന് ഇരുന്നില്ലെങ്കീ നെഞ്ചാക്ക് വയറുമ്മേ കുത്തിക്കേറും .

 ജീപ്പ്  പറന്നിട്ടാ കവലയിൽ  പോയി നിന്നത്  അവറാൻ ചേട്ടനെ തല്ലിയത്  ചോദിക്കാൻ ജീപ്പിനാ ആവേശം കൂടുതലെന്ന് തോന്നും അവന്റെയാ പാച്ചിലു കണ്ടാ  .  

ചായ കുടിച്ചിരിക്കായിരുന്ന ഒരാളെ  അവറാൻ ചേട്ടൻ കാണിച്ചു കൊടുക്കലും സുകു ഓടിപ്പോയി  അവന്റെ ചെവിക്കല്ലു നോക്കി ഒരു  പെട പെടച്ചതും ഒരുമിച്ചായിരുന്നു  .  നീർക്കോലി പോലെ ആകാരമുള്ള ഒരു മനുഷ്യൻ  ആ ധൈര്യത്തിലാ സുകു പോയി പൂശിയത് . 

ആ പാവം ഞെട്ടിക്കൊണ്ട് രണ്ടു പ്രാവശ്യം മേലോട്ട് നോക്കി, താഴോട്ട് നോക്കി പിന്നെ എല്ലാവരേം തുറിച്ചു നോക്കി  

അടിയുടെ  ഊക്കിൽ  ചായ ഗ്ളാസ്സ് എങ്ങോട്ടോ തെറിച്ചു പോയിരുന്നു  കൂടെ അയാളുടെ ബോധോം

രണ്ടു നിമിഷ നേരത്തേക്ക് ആകെയൊരു  മന്ദത ആ പാവത്തിന്  ഒന്നും മനസ്സിലായില്ല  ആരോ ഒരുത്തൻ വന്ന്,  എന്തിനാ ഏതിനാന്നു പോലും അറിയാതെ തന്റെ  ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നു  

ഏകദേശം  രണ്ടു നിമിഷം കഴിഞ്ഞാ സുകുവിന്റെ  അടിയിൽ  തെറിച്ചു പോയ അയാളുടെ ബോധം തിരിയെ  വന്നത് എന്നിട്ടും ഒന്നും മനസ്സിലാവാതെ അയാൾ പകപ്പോടെ ചുറ്റും നോക്കി  .

വർഗ്ഗീയവിധ്വെഷം   ഉണ്ടാക്കാൻ നോക്കാടാ ..നായേന്നും ചോദിച്ചോണ്ട് സുകു വീണ്ടും തല്ലാനായി കൈയ്യോങ്ങി . 

എന്തിനാ ചേട്ടാ എന്നെ തല്ലുന്നേ  ?

എടാ നായേ ..  ഈ പാവം മനുഷ്യൻ പശൂനെ മാറ്റിനിറുത്തീന്നും പറഞ്ഞ് നീ പൊതിരെ തല്ലിയില്ലേടാ  . 

അത് കേട്ടൊടനെ അതുവരേക്കും തിളച്ചു നിന്നിരുന്ന അവറാൻ ചേട്ടൻ ഒരു പാവം പോലെ തലയും കുമ്പിട്ടു നിന്നു .

എന്റെ ചേട്ടാ  കാര്യമറിയാതെ  വെറുതേ കിടന്ന് ചിലക്കല്ലേ ഈ മനുഷ്യനാ കുടിച്ചോണ്ട് വന്ന് പശൂന്റെ മേത്ത്  സൈക്കിളിടിച്ചത്  അത് ചോദിക്കാൻ ചെന്ന  ചെക്കന്റെ മോത്ത് രണ്ടടിയും പിന്നെ  പുളിച്ച തെറിയും

ഞങ്ങള് അവറാൻ ചേട്ടനെ നോക്കി അവറാൻ ചേട്ടൻ  തല കുമ്പിട്ട് നിപ്പുണ്ട് . 

ടാ രഘുവേ .., കുമാറേ.. ഓടിവാടാ എന്നെ തല്ലുന്നെടാ ..അയ്യോ ഓടിവായോ

ആരുടെയൊക്കെയോ പേരുകൾ അയാൾ വിളിച്ചു കൂവി  .  

അടുത്ത നിമിഷം  ഘടോൽക്കചൻമാർ  പോലെ നാലഞ്ചു  തടിമാടന്മാർ എവിടെ നിന്നോ  പ്രത്യക്ഷപ്പെട്ടു  , കണ്ടാതന്നെ പേടിയാവും .

സംഗതി വശക്കേടാവുന്ന് മനസ്സിലായ ഉടനെ  സുകേശൻ, പീതാംബരനേം വിളിച്ചോണ്ട് സ്ഥലം വിട്ടു . 

അവരേം വിളിക്കേണ്ടെന്ന പീതാംബരന്റെ ചോദ്യത്തിന് അവരെ ഇനി നോക്കീട്ട് കാര്യമില്ലെന്ന  സുകേശൻ പറഞ്ഞത് 

പിന്നെ ഞങ്ങൾക്കൊന്നും ഓർമ്മയില്ല . എവിടെ നിന്നൊക്കെയോ  ഇടി വരുന്നു ഞാൻ  കരാട്ടെ കാണിച്ച്  ശബ്ദമൊക്കെ ഉണ്ടാക്കാൻ നോക്കിയെങ്കിലും പേടി കൊണ്ട്  കരയുന്ന പോലെയാണ് ശബ്ദം പുറത്തേക്ക് വരുന്നത്  .

അതിലൊരു ചേട്ടൻ എന്നോട് പറഞ്ഞത് മോൻ പേടിക്കണ്ടാന്നാ , ഞാൻ കരയാണെന്നാ അവര് വിചാരിച്ചത്    

ചായക്കടേലിക്ക് പലഹാരം വാങ്ങാൻ വന്ന ഏതോ ഒരു കുട്ടിയാണെന്നാ എന്നെ അവര് കരുതിയത് അതോടെ  ഞാൻ പലഹാര അലമാരയുടെ അടുത്തുപോയി നിന്നു .

സുകൂനെ താഴത്തു  നിറുത്താണ്ടാ ഇട്ടിടിക്കണത് ..,കർത്താവേ ..,ന്നുള്ള   സുകൂന്റെ നിലവിളി കേക്കാം . അവറാൻ ചേട്ടനും നല്ല ഇടി കിട്ടി.  സംഗതി വശപ്പെശകായീന്ന് മനസ്സിലായൊടനെ പാക്കരൻ ചേട്ടൻ ഒരു ഗ്ളാസ്സെടുത്ത് ചായ അടിക്കുന്ന പോലെ നിന്നു .

 പക്ഷേ പാക്കരൻ ചേട്ടന്റെ ആ നമ്പറ് ഏറ്റില്ല , ഇവൻ അവരുടെ കൂടെ വന്നവനാട്ടാന്നും പറഞ്ഞ്  പാക്കരൻ ചേട്ടനും  കിട്ടി .

എനി ..ക്ക് വലിവുള്ളതാ ....ന്ന് ഇടിക്കാൻ വന്നവനോട് പാക്കരൻ ചേട്ടൻ വിക്കി വിക്കി പറഞ്ഞതാ

ഈ വലിവും വെച്ചോണ്ടാണോ താൻ തല്ലുണ്ടാക്കാൻ വന്നത് ?

ചായ കുടിക്കാന്നും വിചാരിച്ച് കേറിയതാ മോനേ

ഇതൊക്കെ അയാളുടെ കളിപ്പീരാവൂട്ടാന്ന് പറയലും ഒരുത്തൻ വന്ന് ഒറ്റ താങ്ങാ

ആദ്യ ഇടീലെന്നെ പാക്കരൻ ചേട്ടന്റെ വലിവ് പുറത്തേക്ക് വന്നു . പാവം അതിനിട്ടായിരുന്നു  ഇടി കിട്ടിയത് . 

അയ്യോ ..ന്ന് പാക്കരൻ ചേട്ടന് വാ കീറി നിലവിളിക്കുന്നുണ്ട് പക്ഷേ വലിവുള്ള കാരണം പറ്റുന്നില്ല. പേടിയോടെ പാക്കരൻ ചേട്ടൻ പല്ലു കൂട്ടിക്കടിച്ചു 

കണ്ടോ അവന് ദേഷ്യം വരുന്നുണ്ട് 

അവര് വിചാരിച്ചത് പാക്കരൻ ചേട്ടൻ ദേഷ്യം കൊണ്ട് പല്ലു കടിക്കുന്നതാന്നാ

അതിലൊരാള് കാലും പൊക്കിക്കൊണ്ട് വന്നതാ  

കൈരണ്ടും വിലങ്ങനെ കാട്ടിക്കൊണ്ട്  പാക്കരൻ ചേട്ടൻ നിലത്തിരുന്നു ഒരു നാലഞ്ചു വലി, അതോടെ പാക്കരൻ ചേട്ടൻ പറഞ്ഞത് സത്യമാണെന്ന് അവർക്ക് ബോദ്ധ്യമായി  ഇനി ഇടിച്ചാ കൈയ്യേപ്പെടുന്ന് വിചാരിച്ച് അവര് പിന്നെ  പാക്കരൻ ചേട്ടനെ വെറുതേ വിട്ടു .

 ഈ ഗ്യാപ്പില് ഞാൻ പാടത്തേക്ക് ചാടി എങ്ങോട്ടെന്നില്ലാതെ ഓടി . ചാടിയ ചാട്ടത്തില് അരേല് വെച്ച നെഞ്ചാക്ക് കുത്തിക്കേറാഞ്ഞത് ഭാഗ്യം. വഴിയറിയാതെ രണ്ടുപ്രാവശ്യം പാടത്തൂടെ അങ്ങോട്ടും  ഇങ്ങോട്ടും   ഓടിയിട്ടാ  ഒരു വിധത്തില്  കരപറ്റിയത് .

അന്ന് അവറാൻ ചേട്ടനും സുകുവിനും നല്ല പൂശു കിട്ടി രണ്ടുദിവസം കഴിഞ്ഞാ  രണ്ടുപേരും പുറത്തേക്കിറങ്ങയത്.

ആവശ്യമില്ലാത്ത പണിക്ക് പോവരുതെന്ന് പല പ്രാവശ്യം ഞാൻ പറഞ്ഞീട്ടുള്ളതാ . തന്നെ നിക്കാൻ തന്നെ വയ്യ തല്ലാൻ പോയിരിക്കണൂ പാക്കരൻ ചേട്ടൻ ദയനീയമായിട്ടാ  അന്നമ്മ ചേടത്തീയെ  നോക്കീത്  . വലിവുള്ള  കാരണാ പാക്കരൻ ചേട്ടനെയവര്  വെറുതേ വിട്ടത് . എന്നാലും അവരിടിക്കണ ഇടി കണ്ട്  പാക്കരൻ ചേട്ടൻ വല്ലാതെ  പേടിച്ചു , പാക്കരേട്ടന്റെ പേടി കണ്ട് പാക്കരേട്ടന്റെ വലിവും പേടിച്ചു  നൂറാനൂറിലാ അവൻ വലിച്ചു വിട്ടത് . ഒരു വിധത്തില് അവൻ വലിച്ചു വിട്ട കാരണാ പാക്കരൻ ചേട്ടനെയവര്  കൊല്ലാതെ വിട്ടത് 

അന്ന് എങ്ങിനെയൊക്കെയോ ആണ്  പാക്കരൻ ചേട്ടൻ  വീട്ടിലെത്തിയത് എന്നിട്ടും വലിവിന്റെ പേടി മാറിയില്ല .

നിങ്ങൾക്ക് നാണമുണ്ടോ മനുഷ്യാ അവര് തല്ലിക്കൊല്ലാതെ വിട്ടതെന്നെ  ഭാഗ്യം . 

എന്തിനാ തല്ലുന്നത് അവരൊന്ന് മര്യാദക്ക് നോക്കി കണ്ണുരുട്ടിയിരുന്നെങ്കീ  കൂടി പാക്കരൻ ചേട്ടൻ ചത്തുപോയേനേ .

അന്നമ്മ ചേടത്തി ചീത്ത വിളിച്ച ദേഷ്യം പാക്കരൻ ചേട്ടൻ ചായകുടിക്കാൻ വന്ന മുരുകനോടാണ് തീർത്തത്

മിണ്ടാണ്ട് ചായ കുടിച്ച് എണീറ്റു പോടാ മരമാക്രി,  വയ്യെങ്കിലും പാക്കരൻ ചേട്ടൻ തമിഴൻ മുരുകനെ നോക്കി ഒരാട്ടാട്ടി .

ഇടിയൻ വന്ന് പേടിപ്പിച്ച് കടയിൽ മൂത്രമൊഴിച്ചതിൽ പിന്നെ കുറേ നാളായി മുരുകനെ കാണാനില്ലായിരുന്നു . നാണക്കേട് മാറാൻ നാട്ടീ പോയിരിക്കയായിരുന്നു  രണ്ടു ദിവസേ ആയുള്ളൂ വന്നിട്ട് .

അതീപ്പിന്നെ പാക്കരൻ ചേട്ടന്റെ ചായക്കടേലിക്ക്  ചായ കുടിക്കാൻ പോവുമ്പോഴെക്കെ നാട്ടുകാർക്ക് എന്തോ ഒരു  മൂത്രത്തിന്റെ മണം പോലെ  തോന്നും ഒരു തമിഴ് മൂത്രത്തിന്റെ മണം .

മുരുകന് ഒന്നും മനസ്സിലായില്ല താൻ മിണ്ടാണ്ട് തന്നെയല്ലേ ചായ കുടിച്ചോണ്ടിരുന്നത്  അല്ലെങ്കീ തന്നെ  താൻ എന്തുപറഞ്ഞാലും അത് എന്തെങ്കിലും പ്രശ്നമായിട്ടാ മാറുന്നേ.., അതു  കാരണം  മുരുകൻ ഒന്നും മിണ്ടാണ്ട്  ചായ കുടിച്ച് എണീറ്റുപോയി .      

 അങ്ങനെ ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു  രജനി അന്വേഷണം വലിയൊരു കീറാമുട്ടിയായി മിന്നലിന്റെ മുന്നിൽ നിൽപ്പുണ്ട്. മിന്നൽ  തലകുത്തി നിന്ന് അന്വേഷിച്ചിട്ടും രജനി എവിടെയാണുള്ളതെന്നതിനെക്കുറിച്ച്   ഒരു തുമ്പു പോലും കിട്ടുന്നില്ല . മിന്നലായി നടന്ന രാജൻ നിരാശ കൊണ്ട് കുടിയനായി മാറിത്തുടങ്ങി . റൈറ്റർ തോമാസേട്ടനാ പറഞ്ഞത് എന്റെ സാറേ നമ്മുടെ അടുത്ത ഗ്രാമത്തിൽ  ഒരു പൂജാരിയുണ്ട് ആളൊരു ഉഗ്രൻ മന്ത്രവാദി കൂടിയാ ഒന്ന് പോയി കണ്ടാ ചിലപ്പോ എന്തെങ്കിലും വിവരം കിട്ടിയാലോ ?

എടോ മന്ത്രവാദി വിചാരിച്ചാലൊക്കെ കാര്യം നടക്കോ ?

എന്റെ സാറേ...  ഒന്ന് പോയി കണ്ടു നോക്ക് അങ്ങനെ മനസ്സില്ലാ മനസ്സോടെയാ മിന്നൽ  മന്ത്രവാദിയെ കാണുവാൻ പോയത്.  മിന്നലിന്റെ പെട്ടെന്നുള്ള രംഗപ്രവേശം കണ്ടതോടെ  മന്ത്രവാദി  ഒന്ന് ഞെട്ടി . മന്ത്രവാദിയുടെ വിചാരം മിന്നൽ  തന്നെ പൊക്കാനെങ്ങാനും വന്നതാണോന്നാ .  എല്ലാം കേട്ട് കഴിഞ്ഞതോടെ മന്ത്രവാദി പൂജിച്ചിട്ട്  രണ്ടു മുട്ട കൊടുത്തു ഇത് സൂക്ഷിച്ച് വെക്ക് നാലാം ദിവസം ഇത് തനിയെ പൊട്ടും അതോടെ നിങ്ങളുടെ പ്രശ്നവും തീരും .

മിന്നലിന് ആകെ സംശയം മുട്ടയും രജനിയും തമ്മിലെന്തു ബന്ധം? ഏതായാലും മന്ത്രവാദി തന്നതല്ലേ മിന്നലത് വീട്ടിൽ  കൊണ്ട് വെച്ചു ഭാര്യയോട് പോലും പറയാണ്ട് ഒളിച്ചാ വെച്ചത് . പിറ്റേ ദിവസം ബ്രേക്ക് ഫാസ്റ്റിന് മിന്നലിന് ഓംബ്ലെറ്റായിരുന്നു  പകുതി തിന്നു കഴിഞ്ഞാ മിന്നൽ  ചോദിച്ചത് എവിടുന്നാടി മുട്ട ?

അത് നിങ്ങളിന്നലെ കൊണ്ടുവന്ന് വെച്ച മുട്ടയാ മനുഷ്യാ 

അതുകേട്ട് മിന്നൽ  ഞെട്ടി, മുട്ട  ഞെട്ടി ഞെട്ടിയ മുട്ട  ഒരു ഗോളമായി മിന്നലിന്റെ തൊണ്ടയിൽ തടഞ്ഞു . എടീ മൂധേവി നിന്നെ ഇന്ന് ഞാൻ കൊല്ലും അല്ലെങ്കീ മുട്ട  വാങ്ങി വെച്ച ഒരു ഓംലെറ്റ് പോലും ഉണ്ടാക്കിത്തരാത്ത മൂധേവിയാ മനുഷ്യൻ ഒരു ആവശ്യത്തിന് കൊണ്ട് വന്ന് വെച്ച മുട്ട പൊട്ടിച്ച് ഓംലെറ്റ് ഉണ്ടാക്കി തന്നത് .

മിന്നലിന്റെ പെട്ടെന്നുള്ള അലർച്ച കേട്ട രാധാമണി മണിയും കിലുക്കിക്കൊണ്ട് ജീവനേന്നും വെച്ച് അകത്തേക്കോടി  . രാധാമണിക്ക് അപ്പോഴും കാര്യം മനസ്സിലായില്ല താൻ ഓംലെറ്റ് മാത്രമല്ലേ ഉണ്ടാക്കി കൊടുത്തുള്ളൂ എന്നായിരുന്നു ആ പാവത്തിന്റെ ചിന്ത .

മിന്നൽ  ടേബിളുമ്മേ ഒരു നാലഞ്ചിടി, അതോടെ  രാധാമണി അയ്യോന്നും നിലവിളിച്ചോണ്ട്  പറമ്പിലേക്കോടി പ്ളേറ്റിൽ  ബാക്കിയുണ്ടായിരുന്ന ഓംലെറ്റ്  മച്ചിൻമേൽ  ഒരു സ്റ്റിക്കർ  പോലെ ഒട്ടി നിന്നു.  കൂട്ടിലുണ്ടായിരുന്ന നായ ജീവൻ  കണ്ണടച്ചു കിടന്നു. ഓംലെറ്റിന്റെ ഒരു കഷ്ണം കിട്ടൂമെന്നും  വിചാരിച്ച്  ആശിച്ചു കിടന്നതായിരുന്നു  മിന്നലിന്റെ മാറ്റം കണ്ടതോടെ ഓംബ്ലെറ്റും വേണ്ടാ ഒന്നും വേണ്ടാ തന്റെ  ജീവൻ പോവാണ്ടിരുന്നാ മതീയെന്നും  വിചാരിച്ചാ ആ പാവം കണ്ണടച്ചു  കിടന്നത്  .  മിന്നലിന് ആകെ ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി .  ജീപ്പെടുത്തു നേരേ സ്റ്റേഷനിലേക്ക് വിട്ടു സെല്ലിൽ  ഉറങ്ങിക്കിടക്കായിരുന്നു  കള്ളൻ ദാമൂനെ പിടിച്ച് ഒരു പത്തിടിയിടിച്ചു  .

നല്ല  ഉറക്കത്തിൽ  ഇടി കിട്ടിയ ദാമു ഞെട്ടി അയ്യോന്നും പറഞ്ഞു ഓളിയിട്ടു . ആ അലർച്ച കേട്ട് മിന്നലും ഞെട്ടി തോമാസേട്ടനും ഞെട്ടി എന്തിന് ദാമുവന്നെ ഞെട്ടി . ഇത്രയും വലിയ അലർച്ച തന്റെ  തൊണ്ടേന്ന് തന്നെയാണോ വന്നതെന്ന്  ദാമുവിനും  സംശയം . പേടി കാരണം ദാമുവിന്  അപസ്മാരം വന്നു അതോടെ ദാമു നിന്നു വിറച്ചു   കള്ളൻ ദാമുവിന്റെ പെട്ടെന്നുള്ള  ഭാവമാറ്റം കണ്ടതോടെ  മിന്നൽ പേടിച്ച്  വേഗം പുറത്തേക്ക് പോന്നു .

മിന്നൽ  പുറത്തേക്ക് പോന്നതോടു കൂടി  ദാമുവിന്റെ അപസ്മാരം നിന്നു .

എന്താ സാറേ പ്രശ്‌നം? തോമാസേട്ടൻ വളരെ പതുക്കെയാ മിന്നലിനോട് വിവരം ആരാഞ്ഞത് 

എടോ..,  മന്ത്രവാദി തന്ന മുട്ട  ഭാര്യയെടുത്ത് ഓംലെറ്റ്  ഉണ്ടാക്കി എനിക്ക് തന്നെ തന്നെടോ

എന്നിട്ട് സാറത് തിന്നോ ?

പിന്നെ തിന്നാനല്ലെടോ.. ഓംലെറ്റ് ഉണ്ടാക്കിതന്നത്.. തോമാസേട്ടന്റെ ആ വിഡ്ഢിച്ചോദ്യം കേട്ടതോടെ  മിന്നലിന്റെ വായിൽ വലിയൊരു തെറി ഉരുണ്ടുകേറി വന്നതായിരുന്നു  പക്ഷേ പറഞ്ഞില്ല,  പകുതി തിന്നെടോ

എന്റെ സാറേ അത് മന്ത്രവാദി ജപിച്ച മുട്ടയാ പ്രശ്നമാവും

ഒന്ന് പേടിപ്പിക്കാതെടോ

മിന്നലിന് വയറിനുള്ളിൽ  നിന്നും  രജനി.., രജനീന്ന്  കേൾക്കുന്ന പോലെ തോന്നി . 

രജനി വയറിനുള്ളിലിരുന്ന്  കരയുന്നു,  ചിരിക്കുന്നു ,   എന്നെ കൊന്നു തിന്നൂല്ലേടാ... ദ്രോഹിയെന്നും  ചോദിച്ച് വയറ്റിക്കിടന്ന് ചവിട്ടുന്നു തൊഴിക്കുന്നു .

സമയം കഴിയും തോറും മിന്നലിന് ആകെ പരവേശം വെള്ളം കുടിക്കാൻ തോന്നുന്നു , പക്ഷെ  കുടിക്കാൻ പറ്റുന്നില്ല മൂത്രമൊഴിക്കാൻ തോന്നുന്നു പക്ഷേ പറ്റുന്നില്ല നടക്കാൻ തോന്നുന്നു പറ്റുന്നില്ല , ഇരിക്കാൻ തോന്നുന്നു പറ്റുന്നില്ല ഒന്നിനും പറ്റാതായപ്പോൾ മിന്നൽ  സെല്ലിൽ കേറി  ദാമൂനെ വീണ്ടും  ഇടിച്ചു . അതിൽ  രജനിക്ക് പ്രശ്നമുണ്ടായിരുന്നില്ല  . പക്ഷേ ദാമു കരഞ്ഞു അത് ഒരു ഒന്നൊന്നര കരച്ചിലായിരുന്നു എന്തിനാ സാറേ എന്നെ ഇടിയ്ക്കിടക്ക് വന്നിടിക്കണേ നിഷ്ക്കളങ്കമായിരുന്നു ദാമൂന്റെ ആ ചോദ്യം . അത് കേട്ട് റൈറ്ററ് തോമാസേട്ടൻ വരെ കരഞ്ഞു പോയി .

ആ കരച്ചിൽ  രണ്ട് ഉരുണ്ട കണ്ണുനീർ തുള്ളികളായി എന്തോ  എഴുതിക്കൊണ്ടിരുന്ന കടലാസ്സിലേക്ക് പതിച്ചു തോമാസേട്ടൻ അത് മാച്ചു . മാച്ചപ്പോ മഷി ആകെ പരന്നു . പിന്നെ എഴുതിക്കൊണ്ടിരുന്നതെന്താണെന്ന് തോമാസേട്ടനും മനസ്സിലായില്ല . അതങ്ങനെ തന്നെ തോമാസേട്ടൻ  മടക്കി വെച്ചു  . 

പാവം, ഏതു ഹതഭാഗ്യന്റെയാണാവോ ആ ഫയൽ ? ഇനി തുറന്ന് നോക്കുമ്പോൾ നിരപരാധിയായിരുന്നു എന്നുള്ളത് അപരാധീന്ന് ആയാ എല്ലാം തീർന്നില്ലേ  ?

എടോ ഇത് നിന്നെ ഇടിക്കുന്നതല്ല രജനിയെ ഇടിക്കുന്നതാണ്,  ഇടിയന്റെ വാക്കു  കേട്ട് ദാമു പകച്ചു കൊണ്ട് ചുറ്റും നോക്കി എവിടെ രജനി ? 

സാറ് നുണ പറയല്ലേ എന്നെ ഇടിച്ചിട്ട് എന്തിനാ സാറേ രജനിയെ ഇടിക്കണൂന്ന് പറയണേ? എന്നിട്ട് രജനിയെവിടെ ?

എടാ കള്ളാ അവള്  അദ്രശ്യയാണ്  

ആ ഫിലോസഫി ദാമുവിന് മനസ്സിലായില്ല പക്ഷേ ഇടി കിട്ടുന്നത് സത്യമാണെന്ന് മനസ്സിലായി 

പാവം ദാമു...  രണ്ട് തേങ്ങാ മോട്ടിച്ചതിനാണ്  സ്വർണ്ണം മോട്ടിച്ചതിന്റെ ഇടി കൊള്ളുന്നത് .

അവസാനം തോമാസേട്ടനാ പറഞ്ഞത്

എന്റെ സാറേ, സാറൊന്നു കൂടി പോയി ആ മന്ത്രവാദിനെയൊന്ന്  കണ്ടുനോക്ക്  അല്ലാതെ ആ കള്ളനെ ഇങ്ങനെ ഇടിച്ചു കൊല്ലണ്ടാ . ആരേം കിട്ടാണ്ടായ പിടിച്ച് അകത്തിടാൻ  ആകെ കൂടി നമുക്കുള്ളൊരു  കള്ളനാ .

മിന്നലിന്റെ ഇടി കൊണ്ട് ദാമുവെങ്ങാനും ചത്തു പോയാ പിന്നെ ആരെ പിടിച്ച് കള്ളനാക്കും ? ആ പേടിയായിരുന്നു തോമാസേട്ടന് .

ഡിജിപി ഇടക്കിടക്ക് ചെക്കിങ്ങിന് വരാറുള്ളതാ എല്ലാ പ്രാവശ്യോം ദാമൂനെ മാത്രാ  കാണാറ് അത് ചോദിക്കേം ചെയ്തു അടുത്ത പ്രാവശ്യം വരുമ്പോ വേറേ കള്ളൻ മാരെ കണ്ടില്ലെങ്കീ തൊപ്പി കാണാത്തില്ലന്നും പറഞ്ഞാ ഡി ജി പി  പോയത് . അത് കാരണം അടുത്ത  പ്രാവശ്യം ഡിജിപി ചെക്കിങ്ങിന് വന്നപ്പോ തോമാസേട്ടനായിരുന്നു ഒരു  ട്രൗസർ മാത്രമിട്ട്  സെല്ലിൽ  കിടന്നത് .

തോമാസേട്ടൻ ആദ്യം എതിർത്തെങ്കിലും മിന്നലിന്റെ നിർബന്ധം കാരണാ സമ്മതിച്ചത് പോരാത്തതിന് ഇപ്രാവശ്യം പ്രമോഷനും തരാമെന്നു പറഞ്ഞു പ്രലോഭിപ്പിക്കേം ചെയ്തു  

ആയ് പുതിയ കള്ളൻ വന്നൊന്നും ചോദിച്ച് ഡിജിപി ലാത്തി വെച്ച് രണ്ടു കുത്തു  കൊടുത്തു . പാവം തോമാസേട്ടന്റെ കണ്ണീന്ന് വെള്ളം വന്നു കണ്ണീന്ന് മാത്രമല്ല  വേദനോണ്ട് തോമാസേട്ടൻ ട്രൗസറിലും  മുള്ളി . ഡിജിപി പോയിട്ടും ഇരുന്ന് കരഞ്ഞ തോമാസേട്ടന്റെ സങ്കടം ഒരു കുപ്പി ബ്രാണ്ടി വാങ്ങിക്കൊടുത്താ മിന്നൽ  ഒഴിവാക്കീത് .

അതീന്ന് തോമാസേട്ടൻ കൊടുക്കുമെന്നും കരുതി മിന്നൽ  കുറെ നേരം ചുറ്റിപറ്റി നിന്നെങ്കിലും പക്ഷേ തോമാസേട്ടൻ അതും എടുത്തോണ്ട്  വീട്ടീപ്പോയി. തല്ല് കൊണ്ടത് താനല്ലേ താൻ തന്നെ കുടിച്ചാ മതീന്നുള്ള ലൈനായിരുന്നു  തോമാസേട്ടന്റെ .

കിട്ടില്ലാന്ന് മനസ്സിലായതോടെ മനസ്സിൽ തോമാസേട്ടനെ കുറെ ചീത്ത വിളിച്ചിട്ടാ മിന്നല് പോയത് . രണ്ടു പെഗ്ഗ് അതീന്ന് എടുത്ത് കുടിച്ചിട്ട് ബാക്കി  കൊടുത്താ മതിയായിരുന്നൂന്നാ  മിന്നല് അപ്പൊ  വിചാരിച്ചത് . പക്ഷേ പറ്റിപ്പോയി  എടോ തോമാസേ കുടിച്ച് ബോധം  കെട്ടു നാളെ ഡ്യൂട്ടിക്ക് വരാതിരിക്കരുത്  പെഗ്ഗ് കൊടുക്കാത്ത ദേഷ്യത്തിന് അതും പറഞ്ഞിട്ടാ മിന്നല് ജീപ്പിൽ കേറിയത്  

തോമാസേട്ടനും അത് മനസ്സിലായി പെഗ്ഗ് കൊടുക്കാത്ത ദേഷ്യത്തിനാ  മിന്നല് ചീത്ത വിളിച്ചേന്ന് .

മിന്നൽ  മന്ത്രവാദിയെ കാണുവാനായി പോയി,   വീണ്ടും മിന്നലിനെ കണ്ടതോടെ  മന്ത്രവാദി   ഞെട്ടി . ഈശ്വരാ മുട്ട  പൊട്ടിയിട്ടുണ്ടാവില്ല  രജനിയെ കണ്ടിട്ടുണ്ടാവില്ല അത് കാരണം തന്നെ പിടിച്ച് ഇടിക്കാൻ വരുന്നതാവൂന്നാ  മന്ത്രവാദി വിചാരിച്ചത്  

എന്റെ മന്ത്രവാദിയേ ആ മുട്ടയെടുത്ത്  ഭാര്യ എനിക്ക് ഓംലെറ്റ്  ഉണ്ടാക്കിതന്നു ഞാനത് അറിയാണ്ട് തിന്നു ഇപ്പൊ ഇരിക്കാനും പറ്റുന്നില്ല, നിക്കാനും പറ്റുന്നില്ല,   കിടക്കാനും പറ്റുന്നില്ല  ആകെ പരവേശം . വയറിന്റെ ഉള്ളീന്ന് എപ്പോഴും  രജനി രജനീന്ന്  വിളി കേൾക്കുന്ന പോലെ .

എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തായോ എന്റെ സാറേ 

ഇയാൾക്ക് ഇടിക്കാൻ മാത്രേ അറിയത്തുള്ളൂ  തലക്കകത്ത് മുഴുവൻ കളിമണ്ണാ .  അത് പറഞ്ഞാ വെറുതേ ഈ പോങ്ങൻറെ  ഇടി താൻ കൊള്ളേണ്ടി വരും . രണ്ടെണ്ണം അടിക്കുമ്പോ ഓംലെറ്റ് ഉണ്ടാക്കി തിന്നാൻ താൻ വാങ്ങി വെച്ച മുട്ടയാ എന്തെങ്കിലും കാണിക്കണ്ടേന്നും വിചാരിച്ച് ഈ കിഴങ്ങന് എടുത്തു കൊടുത്തത്  അല്ലാതെ മുട്ട പൊട്ടിയാ രജനി വരോ ?

എന്നാ രണ്ടു ബ്രഡ്ഡും കൂടി കൂട്ടി തിന്നാമായിരുന്നില്ലേ..?   നല്ല കോംപിനേഷനായിരുന്നല്ലോ മന്ത്രവാദിടെ വായെന്ന് അത്  പുറത്തേക്ക് ചാടാൻ നിന്നതായിരുന്നുവെങ്കിലും  ഇടി പേടിച്ച് അതങ്ങു വിഴുങ്ങി . ഞാൻ ജപിച്ച് ഒരു ചരടു കെട്ടിത്തരാം അതീപ്പിന്നെ മുട്ട രജനിയുടെ ശല്യമുണ്ടാവില്ല .

പക്ഷേ ..  ഒർജിനൽ രജനിയെ എങ്ങിനെ കണ്ടുപിടിക്കും ?

അതല്ലേ താനെടുത്ത് വിഴുങ്ങിയത് ? എന്നാലും ഞാനൊരു ഹിന്റു തരാം രജനി തന്റെ മൂക്കിന്റെ താഴത്തു തന്നെയുണ്ട് .

ഇപ്രാവശ്യം ഇടിയൻ ശരിക്കും  ഞെട്ടി അപ്പൻ സ്വപ്നത്തീക്കൂടെ പറഞ്ഞതും മന്ത്രവാദി പറഞ്ഞതും മൂക്കിന്റെ താഴത്തുണ്ടെന്നാണ് . മൂക്കിന്റെ താഴത്ത് മീശയല്ലേ ? ഇവന്മാർക്ക് ഈ മൂക്കിന്റെ താഴെ മൂക്കിന്റെ താഴെ എന്ന് പറയുന്നത് കൃത്യമായ സ്ഥലം പറഞ്ഞു തന്നുകൂടെ ?

സാറേ എന്റെ ഫീസ് ? മിന്നൽ  പോവാൻ നിന്നപ്പോഴായിരുന്നു മന്ത്രവാദി ആ വിഡ്ഢിത്തം ചോദിച്ചത് മുട്ടയുടെ കാശെങ്കിലും കിട്ടുമെന്നുള്ള പ്രതീക്ഷയായിരുന്നു ആ പാവത്തിന് 

അതോടെ മിന്നൽ  തനി പോലീസായി മാറി നിനക്ക് ഫീസ് വേണോടാ ? മിന്നലിന്റെ പോലീസായുള്ള ഭാവമാറ്റം കണ്ടതോടെ  മന്ത്രവാദി പേടിച്ചു.  ചുട്ട കോഴിനെ പറപ്പിക്കണ മന്ത്രവാദിയാന്നൊക്കെ പേരിലേയുള്ളൂ .  ചുട്ട കോഴി പോയിട്ട് ജീവനുള്ള കോഴീനെ വരെ ഓടിക്കാൻ പറ്റാത്ത ആളാണ്  താനെന്ന് ആ പാവത്തിന് മാത്രേ അറിയൂ .

ഇടിയന്റെ കണ്ണുരുട്ടൽ കണ്ടതോടെ ആ പാവം ഫീസ് വേണ്ടെന്നും പറഞ്ഞ് പുറത്തിറങ്ങി നിന്നു , ഇടിയാൻ പിടിക്കാൻ വന്നാ ഓടാലോന്നുള്ള എളുപ്പത്തിനാ പുറത്തേക്കിറങ്ങി നിന്നത്.

ഈ ജന്മത്ത് ഇയാള് രജനിയെ കണ്ടുപിടിക്കാൻ പോണില്ല .

അങ്ങനെ കാലം കുറേ കഴിഞ്ഞു രജനിയെ ഇതുവരെ കണ്ടുപിടിക്കാൻ മിന്നലിന് കഴിഞ്ഞില്ല ഡി ജി പി ദിവസോം മിന്നലിനെ ചീത്ത വിളിച്ചോണ്ടിരുന്നു അവസാനം ഡി ജി പി തന്നെ അതു നിറുത്തി ഈ കിഴങ്ങനെക്കൊണ്ട് കണ്ടുപിടിക്കാൻ പറ്റത്തില്ലായെന്ന് ഡി ജി പി ക്കും തന്നെക്കൊണ്ട് ഇത് കണ്ടുപിടിക്കാൻ പറ്റത്തില്ലായെന്ന് മിന്നലിനും മനസ്സിലായി .

നാട്ടുകാരും പതുക്കെ പതുക്കെ എല്ലാം മറന്നു തുടങ്ങി എല്ലാവരും വിചാരിച്ചത് രജനി മരിച്ചു പോയെന്നാണ് അങ്ങനെ അതും പറഞ്ഞ് മിന്നൽ ആ ഫയൽ ക്ലോസ് ചെയ്തു . പുതിയ പുതിയ കേസുകളിൽ  മിന്നൽ പഴയ പ്രതാപം വീണ്ടെടുത്തുകൊണ്ടിരുന്നു .

അങ്ങിനെയിരിക്കെ ആ രാത്രി 

0 അഭിപ്രായങ്ങള്‍