അന്നൊരു കറുത്തവാവായിരുന്നു കൂടാതെ  വെള്ളിയാഴ്ചയും രാത്രി ഏകദേശം ഒരു പതിനൊന്നു മണിയായിക്കാണണം  പാക്കരൻ ചേട്ടന്റെ ചായക്കടയുടെ വാതിലിൽ ഒരു മുട്ട് . 

ആരാപ്പാ ഈ അസമയത്തെന്നും ചോദിച്ച് ഉറക്കച്ചടവോടെ വാതിൽ  തുറന്ന പാക്കരൻ ചേട്ടൻ പുറത്തു നിൽക്കുന്ന ആളെക്കണ്ട്‌ ഞെട്ടി , പാക്കരൻ ചേട്ടന്റെ വലിവ് ഞെട്ടി,  ഞെട്ടിയ വലിവ് ഒരു ഉണ്ടയായി പാക്കരൻ ചേട്ടന്റെ തൊണ്ടയിൽ തടഞ്ഞു .

പാക്കരൻ ചേട്ടന്റെ കണ്ണ് തുറിച്ചു തലയിലെ മുടിയെല്ലാം പേടികൊണ്ട്  കുന്തം പോലെ എണീറ്റു നിന്നു .  വിറച്ചുകൊണ്ട് പാക്കരൻ ചേട്ടൻ ഒരു ധൈര്യത്തിനായി റോമുവിനെ നോക്കി അവനാണെങ്കിൽ ആ കാഴ്ച കണ്ട് മുന്നേ തന്നെ ബോധം പോയി കണ്ണും തുറുപ്പിച്ച് മാനത്തോട്ടും നോക്കി കൂട്ടിൽ കിടപ്പുണ്ടായിരുന്നു  . അവൻ പേടിച്ച് ചത്തുപോയോയെന്നു പോലും പാക്കരൻ ചേട്ടന് സംശയമായി .

പാക്കരൻ ചേട്ടന്റെ തൊണ്ടയിൽ നിന്നും  അന്നമ്മേ.... യെന്നൊരു നിലവിളി   മാത്രം കുറുകിക്കുറുകി പുറത്തേക്ക് വന്നു . 

നിലവിളി കേട്ട് ഓടി വന്ന അന്നമ്മച്ചേടത്തി പുറത്ത് നിൽക്കുന്ന  ആളെക്കണ്ട്  അയ്യോ .. പ്രേതം ന്ന്   അലമുറയിട്ടൊണ്ട് അകത്തേക്കോടിക്കയറി വാതിലടച്ചു .

പാക്കരൻ ചേട്ടനെ പുറത്താക്കിയിട്ടായിരുന്നു  അന്നമ്മ ചേടത്തി വാതിലടച്ചത്  . പാക്കരൻ ചേട്ടന്  എങ്ങിനെയെങ്കിലും ഓടി അകത്തേക്കു കയറണമെന്നുണ്ട്  പക്ഷേ കാലുകൾ രണ്ടും ഭൂമിയിലേക്ക് താഴ്ന്നു പോയ പോലെ ഒരു ധൈര്യത്തിന് പാക്കരൻ ചേട്ടൻ ചുമരിൽ വെച്ച അപ്പൻ വറീത്  ചേട്ടന്റെ  ഫോട്ടോയിലേക്ക് നോക്കി  വറീതു  ചേട്ടൻ പേടി കൊണ്ട് അതിനുമുന്നേ കണ്ണടച്ചിരുന്നു .

പാക്കരൻ ചേട്ടൻ അന്നമ്മ ചേടത്തിയെ മനസ്സാ ചീത്ത വിളിച്ചു സാമ്യദ്രോഹി എന്നെ പുറത്താക്കിയിട്ട് കതകടച്ചുലോ കർത്താവേ ? പാക്കരൻ ചേട്ടന് സ്വർഗ്ഗസ്ഥനായ ചൊല്ലണമെന്നുണ്ട് . പക്ഷേ പേടികൊണ്ട് ഒരു വരി പോലും ഓർമ്മ വരുന്നില്ല . പത്തറുപത് വർഷം പഠിച്ചതാ  അവസാനം പാക്കരൻ ചേട്ടൻ
 കർത്താവേന്ന് ഒറ്റ അലറല് . ഉറക്കത്തിലായിരുന്ന കർത്താവ് ചട പടാന്നും പറഞ്ഞ് ചാടിയെണീറ്റു പോയി  . മര്യാദക്ക് പ്രാർത്ഥിക്കില്ല തോന്നിവാസം ഒക്കെ കാണിക്കേം ചെയ്യും  അവസാനം പുലിവാല് വരുമ്പോ മ്മടെ പേരു വിളിച്ച് ഒറ്റ അലറലും പേടിച്ചു പോയല്ലോ ? കർത്താവിന് വേറെ കർത്താവിനെ വിളിക്കാൻ പറ്റാത്തോണ്ട് സ്വയം വിളിച്ചു   .

കർത്താവ് വരണ്ടായപ്പോ  പാക്കരൻ ചേട്ടൻ  പുണ്യാളൻമാരെ വിളിച്ചു നോക്കി  പക്ഷേ പേടി കൊണ്ട്  പുണ്യാളൻമാരുടെ പേരെല്ലാം മറന്നുപോയിരുന്നു അതോണ്ട്  എല്ലാവരേം ചേർത്ത്  എന്റെ പുണ്യാളൻമാരേ..  എന്നൊരു കാച്ചങ്ങട് കാച്ചി ആരെങ്കിലും ഒരാള് വന്നാലോ ? 

പക്ഷേ .. കർത്താവ് വരാത്തോടുത്ത് പുണ്യാളൻമാരുണ്ടോ വരുന്നൂ ?

അന്നമ്മ ചേടത്തീ ജനലിക്കൂടെ ഒളിഞ്ഞു നോക്കി പുറത്ത് നിൽക്കുന്ന പ്രേതം ഇപ്പൊ പാക്കരൻ ചേട്ടന്റെ ചോര കുടിക്കും എന്നിട്ട് ഉത്തരത്തുമ്മേ ഞാത്തിയിടും എന്റെ ദൈവമേ.., ആ മനുഷ്യനെ  മിഷ്യനിലിട്ട്  ഇടിച്ച് പിഴിഞ്ഞാ പോലും ഒരു തുള്ളി ചോര പോലും കിട്ടത്തില്ലല്ലോ  അങ്ങേരുടെ മേത്തൂന്ന് .

ഇനി പാക്കരൻ ചേട്ടന്റെ ചോര കിട്ടാത്ത ദേഷ്യത്തിന് പ്രേതം അകത്തേക്ക് വന്ന്  തന്റെ ചോര കുടിക്കോന്ന് അന്നമ്മ ചേടത്തിക്ക് നല്ല പേടീണ്ട് അതോണ്ട്  ചേടത്തി വേഗം കർത്താവിന്റെ രൂപത്തിനടുത്തേക്ക് നീങ്ങി നിന്നു .

റോമൂന് ഇടക്കൊന്ന്  ബോധം വന്നതായിരുന്നു  പക്ഷേ അവൻ  കണ്ണടച്ചു തന്നെ കിടന്നു പ്രേതം നായ്ക്കളുടെ ചോര കുടിക്കോ ? ഏയ് ഇല്ല റോമു തന്നെത്താൻ ആശ്വസിപ്പിച്ചു എങ്കിലും കൂടിന്റെ കൊളുത്ത് അവൻ  കാലുകൊണ്ട് പതുക്കെ തുറന്നിട്ടു .

എന്റെ ചോര കുടിക്കാൻ വന്നാ ഞാൻ ഇറങ്ങി ഓടുന്നാ റോമു മനസ്സിൽ  പറഞ്ഞത് .

എങ്കിലും പേടി കൊണ്ട്  റോമൂന്റെ  കൈയ്യും  കാലും കിടന്ന് വിറക്കുന്നുണ്ട് ഇങ്ങനെ വിറച്ച് വിറച്ച് താൻ ചത്തു പോവോന്ന് വരെ  അവന് സംശയം തോന്നി . ഇങ്ങനെ വിറച്ചോണ്ടിരുന്നാ പ്രേതം വരുമ്പോ ഓടാൻ പോയിട്ട് മുള്ളാൻ വരെ തന്നെക്കൊണ്ട് പറ്റത്തില്ല .  നാളത്തെ പേപ്പറിൽ  പ്രേതം രണ്ടു പേരെ കൊന്ന് ചോര കുടിച്ചൂന്ന് വാർത്തയും പടവും വരും താനൊരു നായ ആയതുകൊണ്ട് തന്റെ പേര് പോലും വരത്തില്ല .

വല്ല കള്ളന്മാരും വന്ന് തല്ലി കൊന്നതാണെങ്കി വീരമൃത്യു ആയേനേ  ഇത് പ്രേതത്തേക്കണ്ടു പേടിച്ചു വിറച്ചു ചത്തൂന്നാവും .

അതാ പ്രേതം അടുത്തേക്ക് വരുന്നു  പാക്കരൻ ചേട്ടൻ ര .. ര .. എന്ന് രണ്ട് കരച്ചിലും  കരഞ്ഞ് ബോധം കെട്ടു വീണു .

 ഈശ്വരാ.. ഇങ്ങേരെന്തിനാ ഇപ്പൊ പ്രേതത്തിന്റെ പാട്ട് പാടുന്നേ  അല്ലെങ്കീ തന്നെ മനുഷ്യൻ പേടിച്ച് വിറച്ച് നിൽക്കാ, ഇനി പ്രേതത്തിനെ സന്തോഷിപ്പിക്കാൻ വേണ്ടി പാടുന്നതായിരിക്കുമോ ?

അന്നമ്മ ചേടത്തീടെ വിചാരം പാക്കരൻ ചേട്ടൻ പാട്ട് പാടാന്നാ , പക്ഷേ പാക്കരൻ ചേട്ടന്റെ ബോധം പോകുന്നതിനു മുന്നോടിയായുള്ള  കരച്ചിലായിരുന്നു  അതെന്ന് ചേട്ടത്തിക്ക് മനസ്സിലായില്ല .

അന്നമ്മ ചേടത്തിക്ക് ജനലിക്കൂടെ പോലും പുറത്തേക്ക് നോക്കാൻ  പേടി  അതാ വാതിലിൽ ആരോ മുട്ടുന്നു അന്നമ്മ ചേടത്തി കരഞ്ഞോണ്ട് കർത്താവിന്റെ  രൂപത്തിലേക്ക് നോക്കി . ജീവിതത്തിൽ ഇതുവരെ അന്നമ്മ ചേടത്തി ഇങ്ങനെ കരഞ്ഞ് പ്രാർത്ഥിച്ചിട്ടില്ല , ചേടത്തിയുടെ ആ കരച്ചിൽ  കണ്ട് കർത്താവിന് വരെ സങ്കടം തോന്നി . എന്നാലും കർത്താവ് ഒന്നും ചെയ്തില്ല അസ്സല് തള്ളയാ, ഇപ്പൊ കരയുന്നതൊന്നും നോക്കണ്ടാ  നേരം വെളുത്താ തനി സ്വഭാവം അറിയാം  പ്രേതം പിടിച്ചോണ്ട് പോയാ ആ പ്രേതത്തിന്  ഒരു അവാർഡ് കൊടുക്കാമായിരുന്നൂന്നാ  കർത്താവ് മനസ്സിൽ  പറഞ്ഞത്. 

വീണ്ടും വാതിലിൽ മുട്ടുന്നു അന്നമ്മ ചേടത്തീടെ ചോര കുടിക്കുന്നത് കാണാൻ കെല്പില്ലാതെ അന്നമ്മ ചേടത്തീടെ ബോധം അന്നമ്മ ചേടത്തീയെ  വിട്ട് പോവാൻ റെഡിയായി നിക്കണ അതേ നേരത്തായിരുന്നു ആ സ്വരം കേട്ടത്.

ചേടത്തി വാതിലൊന്ന് തുറക്ക് 

നല്ല പരിചയമുള്ള ശബ്ദം, ഇനി പരിചയക്കാര് പ്രേതങ്ങൾ വല്ലോരുമാണോ ? അന്നമ്മ ചേടത്തി ആലോചിച്ചു നോക്കി അപ്പറത്തുള്ള സുധാകരേട്ടന്റെ ഭാര്യ ശാരദേടത്തിയുടെ മുഖാ ആ സമയത്ത് മനസ്സിൽ  തെളിഞ്ഞത് 

അവള് പ്രേതല്ല..,  താടകയാന്നാ അന്നമ്മ ചേടത്തി മനസ്സിൽ  പറഞ്ഞത് 

എന്റെ ചേടത്തി  ഇത് ഞാനാ രജനി

അയ്യോ രജനി, രജനിയുടെ പ്രേതം ഇവളെന്തിനാ എന്റെ അടുത്തോട്ട് വരുന്നേ?

എന്തിനാ രജനി നീ എന്നെ പേടിപ്പിക്കുന്നേ ? ഇതിനുമാത്രം എന്തു തെറ്റാ നിന്നോട് ഞാൻ ചെയ്തേ ? 

എന്തൂട്ടാ..  എന്റെ ചേട്ടത്തി നിങ്ങളീ പറയണേ ഇത് ഞാനാ രജനി  

അത് കേട്ടതോടെ അന്നമ്മ ചേടത്തീടെ ഓടിപ്പോവാൻ തയ്യാറെടുത്തു  നിന്ന ബോധം തിരിച്ചു വന്നു 

അപ്പൊ നീ പ്രേതല്ലേ ?

എന്റെ ചേട്ടത്തി ഞാൻ പ്രെതോം..,  കുന്തമൊന്നുമല്ല ഒന്ന് വാതില് തുറക്ക്.

എന്നാലും അന്നമ്മ ചേടത്തി പേടിച്ചോണ്ടാ വാതിൽ  തുറന്നത്  ഇനി ഇത്  പ്രേതത്തിന്റെ വല്ല അടവുമാണെങ്കിലോ  ? വാതില് തുറക്കാനായിട്ട് 

സാക്ഷാൽ ജീവനുള്ള രജനി ഇതാ കണ്മുന്നിൽ .

ആയ് നമ്മുടെ രജനി 

ഇതൊന്നും  കാണാതെ  പാക്കരൻ ചേട്ടൻ ബോധം കെട്ട്  ഉമ്മറത്ത്  തലയും കുത്തി  കിടപ്പുണ്ട് . രജനി പ്രേതം അല്ലെന്ന് മനസ്സിലായതോടെ പേടി മാറിയ റോമു എണീറ്റ് രണ്ടു കുര കുരച്ചു .

അന്നമ്മ ചേടത്തി രൂക്ഷമായി അവനെ നോക്കി , മൂന്നാമത്തെ കൊര  അതോടെ റോമു  വിഴുങ്ങി . പേടിത്തൊണ്ടൻ നായ , റോമു അന്നമ്മ ചേടത്തിയെ  നോക്കി ചിരിക്കാൻ ശ്രമിച്ചു  പക്ഷേ ചമ്മൽ  കാരണം അത് കോടിപ്പോയി .

എന്റെ രജനീ നീ ഇതുവരെ  എവിടെയായിരുന്നു ?

എന്റെ ചേടത്തി  ഞാൻ കാശിയിലായിരുന്നു

ഇവിടെയൊന്നും നിക്കാൻ പറ്റാണ്ടാണോ നീ കാശിക്ക് പോയത് ?

അതല്ല ചേച്ചി..  അപ്പൻ കാശീല് ഭജന ഇരിക്കുന്നുണ്ടെന്ന് അറിഞ്ഞ് കേട്ട്  പോയതാ

എന്നിട്ട് അപ്പനെ കണ്ടോ ?

എന്റെ ചേടത്തി  അത് അപ്പനൊന്നുമല്ല ,  അപ്പന്റെ ഛായയുള്ള വേറേ ഏതോ ഒരാളായിരുന്നു . അവിടന്ന്  ഞാൻ നേരെ  സേലത്തുള്ള അമ്മയുടെ , അനിയത്തിയുടെ വീട്ടിലേക്കാ പോയത്  അവരെനിക്ക് ഒരു  ജോലിയും ശരിയാക്കി തന്നു  അത് കാരണാ കുറച്ചുനാള് അവിടെ തങ്ങിയത് 

എന്റെ രജനി ഇതൊക്കെ ആരോടെങ്കിലും ഒന്ന് പറഞ്ഞിട്ട് പോവായിരുന്നില്ലേ? ഇവിടെ നടന്ന പൊല്ലാപ്പുകളൊന്നും നീ അറിഞ്ഞില്ലേ ?

അപ്പോൾ ആരോടും ഒന്നും പറയാൻ തോന്നിയില്ല ചേടത്തി  പിന്നെയാ  ഇവിടത്തെ സംഭവങ്ങളൊക്കെ അറിഞ്ഞത് അതാ തിരിച്ചു വന്നത്

അല്ല  പാക്കരൻ ചേട്ടനെന്തിനാ താഴത്തു  കിടന്നുറങ്ങുന്നത് ? അപ്പോഴാണ് അന്നമ്മ ചേടത്തിക്ക് ഉമ്മറത്തുള്ള പാക്കരൻ ചേട്ടന്റെ കാര്യം ഓർമ്മ വന്നത് . പാക്കരൻ ചേട്ടൻ അപ്പോഴും കണ്ണും തുറുപ്പിച്ച് മച്ചുമ്മേ നോക്കി കിടപ്പുണ്ട് . കൈ കൂപ്പിയിട്ടാണ് കിടക്കുന്നത്  എന്നെ കൊല്ലരുതെന്നും പറഞ്ഞ് .

അങ്ങേര് പ്രാർത്ഥിക്കാ മോളെ

 മച്ചുമ്മേ നോക്കിക്കിടന്നിട്ടാണോ  പ്രാർത്ഥിക്കുന്നത്  ?

പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് അവിടെക്കിടന്ന് ഉറങ്ങിപ്പോയതാ അങ്ങേരെന്നും പറഞ്ഞ് ചേടത്തി ഒറ്റ ചവിട്ടാ  .

രജനിയുടെ പ്രേതം  വന്ന് ചോര കുടിക്കോന്നും പേടിച്ച് ഒളിച്ച് നിക്കായിരുന്ന പാക്കരൻ ചേട്ടന്റെ ബോധം ആ ചവിട്ടോട് കൂടി ഓടിവന്ന് പാക്കരൻ ചേട്ടന്റെ അകത്തേക്ക് കേറി . ചാടിയെണീറ്റ പാക്കരൻ ചേട്ടൻ രജനിയെ കണ്ടതോടെ വീണ്ടും ബോധം കെടാൻ റെഡിയായതാണെങ്കിലും അന്നമ്മ ചേടത്തി തൊട്ടപ്പുറത്ത് നിൽക്കുന്ന  കണ്ടതോടെ  ധൈര്യമായി.

പിറ്റേന്ന്  രജനിയെ കാണാൻ നാടു മുഴുവൻ  പാക്കരൻ ചേട്ടന്റെ കടയിൽ തടിച്ചു കൂടി .  മിന്നലിന് വല്ലാത്തൊരു ആശ്വാസം ആ  സന്തോഷത്തിൽ  കള്ളൻ ദാമുവിന് വയറു നിറയെ  ഇറച്ചിയും പൊറോട്ടയും വാങ്ങിക്കൊടുത്തു,  കുറേ ഇടിച്ചതല്ലെന്നും പറഞ്ഞ് . 

ആദ്യമത് തിന്നാൻ ദാമുവിന് പേടിയായിരുന്നു പൊറോട്ടയും ഇറച്ചിക്കറിയും തിന്നുകഴിയുമ്പോ വീണ്ടും പിടിച്ച് ഇടിക്കോന്നായിരുന്നു  ദാമുവിന്റെ  സംശയം .

പക്ഷേ അത് തെറ്റായിരുന്നുവെന്ന് ദാമുവിന് മനസ്സിലായി. പൊറോട്ടയും ഇറച്ചിക്കറിയും തിന്നുകഴിഞ്ഞപ്പോ ദാമുവിനെ കെട്ടിപ്പിടിച്ച്  മിന്നലൊരു  മുത്തം കൊടുത്തു അതോടെ ദാമുവിന് നാണമായി .

രജനി തിരിച്ചു വന്നതറിഞ്ഞ് സുകു ഒരാഴ്ചത്തേക്ക് നാട്ടീന്ന് മുങ്ങി അവനാണ് രജനിയെ കാണാനില്ലെന്നും പറഞ്ഞ് പരാതി  കൊടുത്ത് ഈ പൊല്ലാപ്പ് മുഴുവനും ഉണ്ടാക്കിയത് . സുകുവിനെ കൈയ്യിൽ കിട്ടിയാൽ  ഇടിച്ച് അവന്റെ ചോര പിഴിഞ്ഞ് എടുക്കുന്നും പറഞ്ഞാ മിന്നൽ  നടക്കുന്നത്  .

തന്റെ ശരീരത്തിൽ ആകെക്കൂടി ബാക്കിയുള്ള ആ  കുറച്ച് ചോര പിഴിഞ്ഞ് എടുക്കാതിരിക്കാനായിരുന്നു  സുകു മുങ്ങിയത് . പിന്നെ ആരുടെയൊക്കെയോ കൈയ്യും , കാലും പിടിച്ച് മിന്നലിന് രണ്ടു ഫുൾ ബോട്ടിലും വാങ്ങിക്കൊടുത്ത് സുകുവത്  ഒതുക്കി . 

അങ്ങനെ സംഭവ ബഹുലമായ കുറച്ചു നാളുകള് ഞങ്ങളെ എല്ലാവരേയും മുൾമുനയിൽ നിറുത്തിയ രജനി തിരോധാനം അവസാനം  ചുരുളഴിഞ്ഞു .

മിന്നൽ  കുറേ നാള് അപ്പനോട് പിണങ്ങി നടപ്പായിരുന്നു മൂക്കിന്റെ തുമ്പത്ത് ഉണ്ടെന്ന് നുണ പറഞ്ഞതിന് . മന്ത്രവാദിയെ  പോയി നോക്കിയതാ പക്ഷേ ആ പാവം ജീവിക്കാനുള്ള ആശകൊണ്ട് മിന്നലിനെ  പേടിച്ച് എങ്ങോട്ടേക്കോ ഓടിപ്പോയിരുന്നു .

രജനി വീണ്ടും പാക്കരൻ ചേട്ടന്റെ കടയിൽ പാല് കൊടുത്തു തുടങ്ങി രജനിയെ കാണാൻ  പൂവാലൻമാർ   ബസ്സുപിടിച്ചും  ബസ്സിന്‌ കാശില്ലാത്തവർ സൈക്കിളു ചവിട്ടിയും  വീണ്ടും ഞങ്ങളുടെ ഗ്രാമത്തിലേക്ക് അതിർത്തി കടന്ന് ഒഴുകിയെത്തുവാൻ  തുടങ്ങി . അവർ പാക്കരൻ ചേട്ടന്റെ കടയിലിരുന്ന് രജനി വരുന്നത് വരെ ചായകളും കാപ്പികളും കുടിച്ചു കൊണ്ടേയിരുന്നു . രജനിയെ കാണുമ്പോ കൈ വിറച്ച് പാക്കരൻ ചേട്ടൻ ചായ ചോദിച്ചവർക്ക് കാപ്പിയും കാപ്പി ചോദിച്ചവർക്ക് ചായയും കൊടുത്തു രജനിയെന്ന മാസ്മരികതയിൽ തിരിച്ചറിയാതെ അവരത് കുടിച്ചു കൊണ്ടേയിരുന്നു .

കുറേ നാളുകൾക്ക് ശേഷം മിന്നൽ ട്രാൻസ്ഫെറായി ഞങ്ങളുടെ ഗ്രാമത്തീന്ന് പോയി . ഒരു കാലഘട്ടത്തിലെ സുന്ദരന്മാരുടെ മനസ്സിനുള്ളിൽ തീ കോരിയിട്ടുകൊണ്ട് രജനിയെ പ്രേഷിതൻ സുകു കെട്ടി . 

ഞാൻ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടുവാനുള്ള  അതിതീവ്രശ്രമത്തിലുമാണ്  .

             

0 അഭിപ്രായങ്ങള്‍