രാവിലെ തന്നെ അമ്മയുടെ ചീത്തവിളി കേട്ടാ കണ്ണുതുറന്നത് നല്ലൊരു സ്വപ്നം കണ്ടോണ്ട് കിടക്കായിരുന്നു  സൈക്കിള് കട നടത്തണ ഔസേപ്പ് ചേട്ടന്റെ മോളുടെ കല്യാണത്തിനു പോയിട്ട്  ചിക്കൻ ബിരിയാണി തട്ടുന്നതിന്റെ എടേലായിരുന്നു ആ രസംകൊല്ലി വിളി വന്നത് അതും ലെഗ്‌പീസിട്ട ചിക്കൻ ബിരിയാണി 

എനിക്ക് ചിക്കൻ ബിരിയാണി വല്യ ഇഷ്ട്ടാ ലെഗ്‌പീസുണ്ടെങ്കി പിന്നെ പറയും വേണ്ടാ  .

ഏത് കല്യാണത്തിന് പോയാലും ബിരിയാണി ഉണ്ടോ ഞാൻ ലെഗ് പീസ് ചോദിച്ച് വാങ്ങും എന്താണെന്നറിയില്ല ലെഗ് പീസിനോട് എനിക്ക് വല്യ  ഇഷ്ട്ടാ. 

ഞങ്ങളുടെ  തൊട്ടപ്പറത്തു താമസിക്കണ പലചരക്ക് കടക്കാരൻ സുപ്രുന്റെ കോഴി ചിഞ്ചുനെ കണ്ടപ്പോ ഞാൻ വെറുതേ നോക്കി നിന്നു   നല്ല അസ്സല് ലെഗാ അവന്റെ ബിരിയാണി വെച്ച് കഴിച്ചാ സൂപ്പറായിരിക്കുന്ന്  വെറുതെ ആലോചിച്ചേയുള്ളൂ ചിഞ്ചു ഒറ്റ ഞെട്ടലും.., എന്നെ കൊല്ലുന്നേന്നും  കൂവിക്കൊണ്ട്  സുപ്രുന്റെ വീട്ടിലേക്ക് ജീവനും കൊണ്ട് പാഞ്ഞതും ഒരുമിച്ചായിരുന്നു  

അതോടെ അന്നത്തെ തീറ്റ ചിഞ്ചു മതിയാക്കി 

ഇനീം തിന്നാൻ നിന്നാല് ചിലപ്പോ കാലില്ലാണ്ടാവും കൂട്ടീ പോവേണ്ടി വരാന്ന് ചിഞ്ചുന് തോന്നിക്കാണും കൂട്ടീക്കേറിയിട്ടും അവൻ കിടന്ന് കൂവുന്നത് കേക്കാമായിരുന്നു 

ആ ബിരിയാണി തിന്ന് കഴിഞ്ഞ് വിളിച്ചാ പോരായിരുന്നോ അമ്മക്ക്  ? സ്വപ്നത്തിലാണെങ്കിലും നല്ലൊരു ബിരിയാണിയായിരുന്നു ഇനീപ്പോ പറഞ്ഞിട്ടെന്താ കാര്യം 

കഴിഞ്ഞ പ്രാവശ്യത്തെ എന്റെ പിറന്നാളിന് അമ്മ ബിരിയാണിയാ ഉണ്ടാക്കിതന്നത് എന്റെ നിർബന്ധം സഹിക്കാൻ പറ്റാണ്ട് വീട്ടിലെ കിങ്ങിണി പൂവനെയാ അമ്മ തട്ടി ബിരിയാണിയാക്കിയത്.  പെരുന്നാൾക്ക്  ഉരുളക്കിഴങ്ങിട്ട്  കറിവെക്കാൻ  വേണ്ടി നിറുത്തിയതായിരുന്നു അവനെ  .

സത്യത്തില് ആ ബിരിയാണി കണ്ടിട്ട് എനിക്ക് മനസ്സിലായേയില്ല ഞാൻ വിചാരിച്ചത് അത് ഉപ്പുമാവാന്നാ അതും പറഞ്ഞ് ഞാൻ വഴക്കുണ്ടാക്കാൻ ചെന്നതായിരുന്നു    

ഇന്ന് ബിരിയാണിയാടാന്ന് അമ്മ പറഞ്ഞപ്പോഴാ ഞാൻ ശരിക്കും ഞെട്ടിപ്പോയത്,  ഇങ്ങിനേയും ബിരിയാണി ഉണ്ടാക്കാമെന്ന് കണ്ട് എനിക്ക് അതിശയം തോന്നി 

ഏതാണ്ട് വെള്ളം കൂടിയ ഉപ്പുമാവ് പോലെയാ ആ ബിരിയാണി കണ്ടാ തോന്നാ .

നിനക്ക് അങ്ങനെ തന്നെ വേണടാന്ന് , ആ ബിരിയാണിയിൽ കിടന്ന് കിങ്ങിണി പറയുന്ന പോലെയെനിക്കു  തോന്നി  . മര്യാദക്ക് നെല്ലും കൊത്തിത്തിന്നൊണ്ട് നടന്ന എന്നെ ബർത്ത് ഡേ ന്നും പറഞ്ഞ് ഈ നിലക്കാക്കിയില്ലേ ദുഷ്ട്ടാ ന്ന് അവനാ  ഉപ്പുമാവ്,  ബിരിയാണിയിൽ കിടന്ന് എന്നോട് ചോദിച്ചു   

ബിരിയാണി സൂപ്പറായീന്നാ ഞാൻ അമ്മയോട് പറഞ്ഞേ  ഇല്ലെങ്കീ പിന്നെ ജീവിതത്തില് എനിക്ക് ബിരിയാണിയേ  ഉണ്ടാക്കി തരത്തില്ല, ഒരു കണക്കിന് ഇതിലും ഭേദം അതായിരുന്നു.

എന്റെ ക്ലാസ്സ്മേറ്റ്‌ ശങ്കും വന്നീട്ടുണ്ടായിരുന്നു ബിരിയാണി ആണെന്ന് അറിഞ്ഞപ്പോ തൊട്ട്  അവനെ നൈസായിട്ട് ഒഴിവാക്കിയാലോന്ന് ഞാൻ ആലോചിച്ചതാ പിന്നെ അവന്റെ ബർത്ത് ഡേയാ അടുത്ത ആഴ്ച വരണത്  അവന്റെ വീട്ടില് ബിരിയാണിക്കൊപ്പം കേക്കും ഉണ്ടാവാറുള്ളതാ അതോണ്ട് മാത്രാ ഞാൻ ക്ഷമിച്ചത്.

എനിക്ക്  കേക്ക് വേണമെന്നും പറഞ്ഞ് ഞാൻ വാശിപിടിച്ചതായിരുന്നു  അമ്മ പറമ്പീന്ന് പറിച്ചോണ്ട് വന്ന ചേനയാ  എടുത്തു തന്നത് കേക്കാണെന്നും കരുതി  മുറിച്ചോളാൻ പറഞ്ഞ് 

മുറിച്ചു കഴിഞ്ഞാ എടുത്ത് ഉപ്പേരി വെക്കാത്രെ   

ബിരിയാണി തിന്നുപോയതിന്റെ അടുത്ത രണ്ടു ദിവസം ശങ്കു ലീവായിരുന്നു വയറുവേദനയും വയറിളക്കോം ആണെന്നാ അവന്റെ 'അമ്മ പറഞ്ഞത് പാവം ടോയിലെറ്റിന്റെ മുന്നിലെന്നെ ബക്കറ്റും പിടിച്ച് ഇരിപ്പായിരുന്നു വീട്ടീന്ന് ബാത്ത്റൂം വരേക്കും എത്താനുള്ള സമയം പലപ്പോഴും കിട്ടാത്തതുകൊണ്ട് അവന്റെ അമ്മയാ പറഞ്ഞത് ബാത്ത് റൂമിന്റെ അടുത്ത് ഒരു സ്റ്റൂളിട്ട്  ഇരുന്ന് പഠിച്ചാ  മതീന്ന്

പാവം രണ്ടുമൂന്നുപ്രാവശ്യം ടോയ്‌ലെറ്റ് വരേക്കും സ്പ്രിന്റ് ഓടിയെങ്കിലും  എത്തിയില്ലത്രേ അതോടെ അവന്റെ 'അമ്മയാ  പറഞ്ഞത്  ഇനീം ട്രൗസർ നാശമാക്കിയാ കാലു തല്ലിയൊടിക്കൂന്ന്   

അതീപ്പിന്നെ എന്റെ വീട്ടീന്ന് എന്തെങ്കിലും തിന്നാൻ കൊടുത്താ അവൻ പേടിച്ച് ഓടാറാ പതിവ്  ഒരു പ്രാവശ്യം അമ്മ എന്നോട് ചോദിച്ചതാ എന്താടാ ശങ്കു ഇപ്പൊ ഒന്നും നമ്മുടെ വീട്ടീന്ന് കഴിക്കണില്ലല്ലോന്ന്  

അവന് കുറച്ചു കാലം കൂടി ജീവിച്ചിരിക്കണന്ന് നല്ല ആശയുണ്ടാവും , പക്ഷേ ആ  ബിരിയാണി തിന്നിട്ട് എനിക്കൊന്നും പറ്റിയില്ല ചിലപ്പോ ദിവസോം കഴിക്കണ കാരണം എന്റെ വയറിനത് പരിചയമായിക്കാണും 

ചായക്കടക്കാരൻ പാക്കരൻ ചേട്ടന്റെ നായ റോമു വയറുവേദനയെടുത്തിട്ട് രണ്ടു ദിവസം പാട്ടും പാടി നടപ്പായിരുന്നു ബാക്കി വന്ന ബിരിയാണി മുഴുവനും കളയണ്ടാന്നും പറഞ്ഞ് അമ്മ  റോമൂനാ  കൊടുത്തത് .

അവൻ ഇടക്കിടക്ക് ഞങ്ങളുടെ വീട്ടിലോട്ട് വരാറുള്ളതാ ഇറച്ചിയുടെയോ മീന്റെയോ മണം കിട്ടിയാ പിന്നെ അത് കഴിയുന്നതു വരെ അവൻ ഞങ്ങളുടെ വീട്ടിലെ താൽക്കാലിക കാവൽക്കാരനായി മാറും 

ഒരു പ്രാവശ്യം പാക്കരൻ ചേട്ടൻ വന്നപ്പോ അവൻ കടിക്കാൻ ഓടിയെത്തിയതാ അടുത്തെത്തിയപ്പോഴാ ആളെ മനസ്സിലായത് അതോടെ അവനാകെ ചമ്മി പാക്കരൻ ചേട്ടന്റെ കാലുമ്മേ പോയി ഒരു നാലു നക്ക് ആളറിയാണ്ട് കടിച്ച് ഉള്ള കഞ്ഞീല് മണ്ണു വാരിയിട്ടേനേ  

ബിരിയാണി കൊടുത്തപ്പോ  അവന്റെ സ്നേഹം ഒന്നു കാണണം  പിന്നേം  ബിരിയാണി കൊടുത്തപ്പോ അവന്റെ കണ്ണീന്ന് വെള്ളം വന്നു എന്നോട് ഇത്രേം സ്നേഹാണോന്നും വിചാരിച്ച്  ആ പാവം അമ്മേടെ കാലുമ്മേ നക്കോട് നക്കായിരുന്നു 

ഭാഗ്യം  അവന്റെ കാറ്റു പോവാഞ്ഞത്  ബിരിയാണി വീണ്ടും വീണ്ടും തന്ന് കൊല്ലാൻ നോക്കീലെന്നും പറഞ്ഞ് അവനിപ്പോ അമ്മേനെ കാണുമ്പോഴേക്കും  മുരളും. ഇപ്പൊ ഇറച്ചിക്കറിയുടെ മണം അടിച്ചപ്പോലും അവൻ വരത്തില്ല പാക്കരൻ ചേട്ടന്റെ വീട്ടില് കഞ്ഞിയാണെങ്കിലും ജീവൻ കളയേണ്ടല്ലോ എന്നാ അവന്റെ പക്ഷം  

ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ വരാന്ന് പറഞ്ഞതായിരുന്നു പക്ഷേ ..,  വന്നില്ല അതോണ്ട് രക്ഷപ്പെട്ടു ഇല്ലെങ്കി ആ പാവത്തിനേം കൊണ്ട് ഞാൻ ആശുപത്രീലോട്ട് ഓടേണ്ടി വന്നേനേ അല്ലെങ്കി തന്നെ വലിവിന്റെ അസുഖമുള്ള മനുഷ്യനാ.. ഇതൊന്നും  താങ്ങൂല്ല 

ബിരിയാണി കൊടുത്ത് അയൽപക്കത്തുള്ള ആളെ ശത്രുവും ആക്കേണ്ടി വന്നേനേ 

ഞാൻ ബിരിയാണി ഉണ്ടാക്കുമ്പോ സാധാരണ നന്നാവാറുള്ളതാന്നാ അമ്മ പറഞ്ഞത് എന്റെ ഓർമ്മേല് അമ്മ ബിരിയാണി ഉണ്ടാക്കിയതായി എനിക്ക് അറിവില്ല എന്തെങ്കിലും പറയേണ്ടേ എന്നുകരുതി വെറുതേ പറഞ്ഞതാന്ന് എനിക്ക് മനസ്സിലായി   

എടാ ആ സുകുമാരൻ അവിടെവന്ന് കരഞ്ഞോണ്ട് നിപ്പുണ്ടല്ലോ ?

സുകുമാരേട്ടനെന്തിനാ  ഇവിടെ വന്ന് കരഞ്ഞോണ്ട് നിക്കുന്നേ ? എനിക്ക് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല ഇനി അമ്മ എന്തെങ്കിലും ചീത്ത പറഞ്ഞോ ?

ഏയ്..,  സുകുമാരേട്ടനെ ചീത്ത പറയാനുള്ള ധൈര്യമൊന്നും അമ്മക്കില്ല സുകുമാരേട്ടൻ ആള് പഴേ ഒരു റൗഡിയാ അത് അമ്മക്ക് നന്നായി അറിയാം അതോണ്ട് അത്തരത്തിലുള്ള വകതിരിവിനൊന്നും അമ്മ നിക്കത്തില്ല .

പക്ഷേ ഇപ്പൊ സുകുമാരേട്ടൻ തല്ലുകൊള്ളിത്തരമെല്ലാം നിറുത്തി വളരെ നല്ലവനായിട്ടാ നടപ്പ് . ഒരു പ്രാവശ്യം ഇടിയൻ വിരട്ടി വിട്ടതാ കള്ള് ഷാപ്പില് വെച്ച് ഷാപ്പുകാരൻ വറീതുമായിട്ട് വഴക്കുണ്ടാക്കിയതിനാ സുകുമാരേട്ടനെ പൊക്കിയത് 

കള്ളു കുടിച്ച കാശ് ചോദിച്ചപ്പോ സുകുമാരേട്ടൻ നാളെത്തരാന്ന് പറഞ്ഞതാ പക്ഷേ വറീത് സമ്മതിച്ചില്ല കാശില്ലെങ്കീ സൈക്കിള് ഇവിടെ വെച്ചിട്ട് പൊക്കോളാൻ പറഞ്ഞ് സൈക്കിള്  പിടിച്ചു വെച്ചു  

സുകുമാരേട്ടൻ ബലമായിട്ട് സൈക്കിള് കൊണ്ടുപോവാൻ നോക്കിയപ്പോ..  ടാ ...നിന്റെ ശവം ഇവിടെ വീഴുന്നും പറഞ്ഞ് വറീത് ഒരു മുട്ടൻ തെറി ചേർത്തു സുകുമാരേട്ടനെ വിളിച്ചു  

പടക്കം പൊട്ടുന്ന ഒരു ശബ്ദം എല്ലാവരും കേട്ടൂ സൈക്കിളിന്റെ ടയറു പൊട്ടിയതാന്നാ നാട്ടുകാര്  വിചാരിച്ചത് വറീതും അങ്ങനെ തന്ന്യാ വിചാരിച്ചത്  പക്ഷേ  സൈക്കിളുമ്മെ നോക്കിയപ്പോ ഞാൻ പൊട്ടിയിട്ടില്ലാന്നും പറഞ്ഞോണ്ട് ടയറു അങ്ങനെത്തന്നെയിരിപ്പുണ്ട്  

പിന്നെ എവിടുന്നാ സൗണ്ട് വന്നേന്ന് വറീത് ആലോചിച്ച് നിക്കുമ്പോഴാ മീൻകാരൻ മമ്മദ് വിളിച്ചുപറഞ്ഞത്  

എന്റെ വറീതേ ... അത് സൈക്കിളിന്റെ ടയറ് പൊട്ടിയതല്ല അവൻ നിന്റെ മുഖത്ത് അടിച്ചപ്പോ കേട്ടാ ശബ്‌ദാ  അപ്പളാ വറീതിന് ബോധോദയം ഉണ്ടായത് അടി കിട്ടിയതോടെ പാവത്തിന്റെ തല മരവിച്ചു പോയിരുന്നു അതാ വേദന അറിയാണ്ടിരുന്നത്  

ബോധം വന്നതോടെ കൂടെ വേദനയും വന്നു അയ്യോ .. എന്നെ കൊന്നേന്നും അലറിക്കൊണ്ട് വറീത് പോലീസ് സ്റ്റഷനിലേക്കാ ഓടി വറീതിന്റെ വിചാരം സുകുമാരേട്ടൻ പിന്നാലെ വരുന്നുണ്ടെന്നാ ആ പരാക്രമത്തില് രണ്ടുമൂന്നു സ്ഥലത്ത് വീഴേം ചെയ്തു എന്നാ പിന്നെ തിരിഞ്ഞു നോക്കിയാ മതി പക്ഷേ തിരിഞ്ഞു നോക്കാൻ വറീതിന് പേടി 

ഇടിയന്റെ അടുത്ത്,  ആ വീണതിന്റേം പറ്റും കൂടി സുകുമാരേട്ടന്റെ മേലാ വെച്ചു കെട്ടിയത് 

ചോദിക്കാൻ സുകുമാരേട്ടനെ സ്റ്റേഷനിലേക്കാ ഇടിയൻ വിളിപ്പിച്ചത് ഒറ്റക്ക് പോവാൻ പേടിയായിട്ട് സുകുമാരേട്ടൻ ഭാര്യ ശാരദേടത്തീനേം കൂട്ടീട്ടാ വന്നത് 

ഇടിയൻ എത്ര വിളിച്ചിട്ടും സുകുമാരേട്ടൻ  സ്റ്റേഷന്റെ  അകത്തേക്ക് കേറുന്നില്ല അകത്തേക്ക് കേറിയാ ഇടിയൻ കൊല്ലൂന്നാ സുകുമാരേട്ടന്റെ പേടി 

കേറി വാടാ നായിന്റെ മോനേ ന്നും അലറിക്കൊണ്ട്   ഇടിയൻ ആഞ്ഞൊരു  ചവിട്ടാ നിലത്ത്  സ്റ്റേഷൻ മൊത്തം വിറച്ചു അതോടെ സുകുമാരേട്ടൻ ഒറ്റ ചാട്ടത്തിനാ  അകത്തേക്ക് കേറിയത്  തിരിഞ്ഞു നോക്കിയപ്പോ കൂടെവന്ന ശാരദേടത്തീനെ കാണാനില്ല 

ഇടിയന്റെ ആ അലർച്ചയോടെ തന്നെ ശാരദേടത്തി വീട്ടിലെത്തിയിരുന്നു കാലു വേദനയുള്ള കാരണം ഞൊണ്ടി ഞൊണ്ടി പോലീസ് സ്റ്റേഷനിലേക്ക് വന്ന  ശാരദേടത്തി പറന്നിട്ടാ വീട്ടിലേക്കെത്തിയത് ഏത് കാലിലാ വേദനാന്ന് കൂടി ശാരദേടത്തി മറന്നു.

നീ ഇയാളെ കൊല്ലാൻ നോക്കിയോടാ ? റാസ്‌ക്കൽ  

ഇടിയന്റെ ആ അലർച്ച കേട്ട് സുകുമാരേട്ടൻ നിന്ന് വിറച്ചു തോന്നിവാസം കാണിക്കുന്നോ നായിന്റെ മോനേ ? 

ഗുണ്ടായിസം കാണിക്കാ നീ ? 

അല്ലറ ചില്ലറ കുസൃതി  കാണിക്കുന്നതൊഴിച്ചാൽ തന്നെ ഒരു ഗുണ്ടയാക്കി പ്രമോട്ട് ചെയ്തത് കേട്ട് സുകുമാരേട്ടൻ ഞെട്ടി 

ഈശ്വരാ തന്നെയൊരു ഗുണ്ടയാക്കി ഇയാള് ഇടിച്ചു കൊല്ലും 

ഉത്തരം പറയെടാ റാസ്‌ക്കൽ..,  ഇടിയന്റെ ആ അലർച്ചയോടെ സുകുമാരേട്ടൻ വീണ്ടും ഞെട്ടി കൂടെ  വറീതും  

അയ്യോ എന്നെ കൊല്ലല്ലേ സാറേ ന്നും പറഞ്ഞ് സുകുമാരേട്ടൻ ഒറ്റക്കരച്ചില്  അതോടൊപ്പം തന്നെ  സുകുമാരേട്ടൻ പേടിച്ച് ട്രൗസറിലും മുള്ളി .., 

അത് കണ്ട് വറീതിന് വരെ സങ്കടം തോന്നി 

എന്തോ ഒരു സംശയം തോന്നിയിട്ടാ വറീത്  താഴോട്ട് നോക്കിയത് അതോടെ വറീത് ശരിക്കും ഞെട്ടി വറീതും ട്രൗസറില് മുള്ളിയിരിക്കുന്നു  

വാദിയായ താനെന്തിനാ പ്രതിയുടെ കൂടെ മുള്ളിയതെന്ന് ആലോചിച്ചിട്ട് വറീതിന് ഒരെത്തും പിടിയും കിട്ടിയില്ല ഏതായാലൂം സംഗതി കൈയ്യീന്ന് പോയീന്ന് മനസ്സിലായി 

കൂടുതല് വൃത്തികേടാക്കണ്ടാന്ന് കരുതി  ഇടിയൻ ചെറുതായി ഒന്ന് പേടിപ്പിച്ചത് മാത്രേയുള്ളൂ 

ഏതായാലും സ്റ്റേഷൻ മുഴുവൻ കഴുകി വൃത്തിയാക്കിച്ചിട്ടാ  ഇടിയൻ അന്ന് രണ്ടുപേരേം വിട്ടത്

വീട്ടീ വന്നപ്പോ ശാരദേടത്തി നെഞ്ചത്തടിച്ച് നിലോളിച്ചു 

എന്താടി നിന്റെ തന്ത തട്ടിപ്പോയോന്നാ സുകുമാരേട്ടൻ ചോദിച്ചത് 

ശാരദേടത്തീടെ വിചാരം ഇടിയൻ സുകുമാരേട്ടനെ ഇടിച്ച് കൊന്നിട്ടുണ്ടായിരിക്കുന്നാ. എന്റെ മനുഷ്യാ നിങ്ങളെ അയാള് ഒന്നും ചെയ്തില്ലേ ?

പിന്നെ അയാള് ഞൊട്ടും ഞാനിത്തിരി പിശകാന്ന് പറഞ്ഞപ്പോ വിട്ടു 

സംഗതി സുകുമാരേട്ടൻ പേടിച്ച് സ്റ്റേഷനില് മുള്ളിയത് പിന്ന്യാ ശാരദേടത്തി അറിഞ്ഞത് ഏതായാലും അത് ചോദിച്ച് പിന്നെ സുകുമാരേട്ടനെ വിഷമിപ്പിക്കാൻ അവര് നിന്നില്ല      

അന്നത്തെ ആ സംഭവത്തോട് കൂടിയാ സുകുമാരേട്ടൻ നന്നായത്    

ഇയാളെന്തിനാ ഇവിടെ വന്ന് കരഞ്ഞോണ്ടിരിക്കണേ  ?  

നിന്റയാ തല്ലുകൊള്ളി ഫ്രണ്ടില്ലേ ശിവനോ മുരുകനോ അവനെ കാണാനില്ലെന്ന് 

അയ്യോ ..,അയ്യോ .. സുകുമാരേട്ടൻ വലിയ വായിൽ നിലവിളിച്ചോണ്ട് ഉമ്മറത്തിരിപ്പുണ്ട് . എന്നെ കണ്ടതോടെ സങ്കടം ഒന്നുകൂടി കൂടി സുകുമാരേട്ടൻ കരയണ കണ്ടതോടെ എനിക്കും കരച്ചില് വന്നു 

എന്റെ മോനേ അവനെ കാണാനില്ലെടാ .. ഇങ്ങോട്ടെങ്ങാനും വന്നോ .. സുകുമാരേട്ടൻ കരഞ്ഞിട്ടാ ചോദിച്ചത് 

ഇല്ല... സുകുമാരേട്ടാ ന്നും പറഞ്ഞ് ഞാനും ഒറ്റ കരച്ചില് 

എന്റെ അപ്രതീക്ഷിതമായുള്ള ആ കാറല്  കേട്ട് സുകുമാരേട്ടൻ ഞെട്ടിപ്പോയി  

 കരച്ചില് കേട്ട് അമ്മ അടുക്കളെന്ന് ഓടിവന്നു 

എന്തിനാ സുകുമാരാ ചെക്കനെ തല്ലണെ  ? അമ്മയുടെ ചീറല് കേട്ട് സുകുമാരേട്ടൻ അന്തം വിട്ടു 

ആര് ഞാനോ ?

പിന്നെന്തിനാ ഇവൻ കിടന്ന് മോങ്ങണത്? 

നിങ്ങടെ മകനോട് തന്നെ ചോദിക്ക് 

എടാ ചെക്കാ തല്ലിക്കൊല്ലേണ്ടങ്കി വേഗം വാ മൂടിക്കോ അമ്മേടെ ആ അലർച്ചയോടെ ഞാൻ ക്ലിപ്പിട്ടപോലെ  വാ മൂടി .  എന്താന്നറിയില്ല ആരെങ്കിലും കരയണ കണ്ടാ എനിക്കും കരച്ചില് വരും 

എന്താ സുകുമാരാ പ്രശ്‌നം ?

എന്റെ ചേടത്തി ഇന്നലെ ഞാനവനെയൊന്ന് ചീത്ത പറഞ്ഞതാ 

ഇപ്പോ എനിക്ക് കാര്യം പിടികിട്ടി അരക്കൊല്ല പരീക്ഷയുടെ പേപ്പറ് കിട്ടിയ ദിവസമായിരുന്നു ഇന്നലെ അതിന്റെ പ്രത്യാഘാതമാണ് ശിവൻ അനുഭവിച്ചത് ശിവൻ എല്ലാത്തിലും തോറ്റു . പക്ഷേ പേപ്പറ് കിട്ടിയ വിവരം ശിവൻ വീട്ടില് പറഞ്ഞിരുന്നില്ല കവലേല് വെച്ച് പീതാംബരൻ മാഷ്, സുകുമാരേട്ടനെ കണ്ടപ്പൊഴാ വിവരം പറഞ്ഞത് 

എന്റെ സുകുമാരാ ചെക്കന്റെ വിവരം അറിഞ്ഞില്ലേ ?

ഇല്ല ..മാഷേ,  എന്താ ?

ആയ് അപ്പൊ ചെക്കനൊന്നും പറഞ്ഞില്ലേ ?

ഇല്ലന്നേ  ?

അവൻ എല്ലാത്തിലും തോറ്റു .., പീതാംബരൻ മാഷിന്റെ ആ വാക്കുകൾ ഇടിമിന്നലായാണ് സുകുമാരേട്ടന്റെ ഉള്ളിലേക്ക് കേറീത് അതിന്റെ പ്രകമ്പനം കുറച്ചു നേരം നീണ്ടു നിന്നു സുകുമാരേട്ടൻ  അനങ്ങാപ്പാറ പോലെ നിക്കണ കണ്ടതോടെ പീതാംബരൻ മാഷിന് പേടിയായി 

ഇയാള് തട്ടിപ്പോയോ ? ഒരു സത്യം പറയാനും പാടില്ലേ...  ജയിലീ പോകേണ്ടി വരുമോ ? ഒരുപാടു പേടിചിന്തകൾ ഒറ്റ നിമിഷത്തിനുള്ളിൽ പീതാംബരൻ മാഷിന്റെ മനസ്സിലൂടെ കടന്നുപോയി ഒറ്റയടിക്ക് എല്ലാം പറയേണ്ടിയിരുന്നില്ല

തോറ്റൂന്ന് ഒറ്റയടിക്ക് പറയാണ്ട് പിന്നെ പേപ്പറ് പേപ്പറായി പറയാൻ പറ്റോന്ന് പീതാംബരൻ മാഷ് സ്വയം ചോദിച്ചോണ്ട്,  തന്നെത്തന്നെ ആശ്വസിപ്പിച്ചു 

ആ നായിന്റെ മോനെ ഞാനിന്ന് കൊല്ലും..

സ്വപ്നത്തീന്ന് ഞെട്ടിയുണർന്ന സുകുമാരേട്ടൻ അലറി സുകുമാരേട്ടന്റെ  പെട്ടെന്നുള്ള ഭാവമാറ്റം കണ്ടതോടെ പീതാംബരൻ മാഷ് ഞെട്ടി സാധുപോലെയിരുന്ന മനുഷ്യൻ, ഇതാ  തന്റെ വാക്കുകൾ കേട്ട് ഒരു  കൊലപാതകിയാകുവാൻ പോകുന്നു  . 

ആ നായിന്റെ മോനേന്നുള്ള വിളി തനിക്കിട്ടാണോയെന്ന് വരെ  പീതാംബരൻ മാഷിനൊരു സംശയം തോന്നിയതാ . 

ഏയ് ആവില്ലാ ന്ന് മാഷ് സ്വയം സമാധാനിച്ചു 

സുകുമാരേട്ടൻ ദേഷ്യം കൊണ്ട് നിന്ന് വിറക്കാ, ഈ സമയത്താ പലചരക്ക് കടക്കാരൻ സുപ്രു ആ വഴി വന്നത് 

മോനൊക്കെ നന്നായി പഠിക്കുന്നുണ്ടല്ലേ ...? എന്തെങ്കിലും ചോദിക്കേണ്ടന്ന് കരുതിയാ സുപ്രു അത് ചോദിച്ചത് 

നീ പോടാ മൈ ...ന്നും പറഞ്ഞ് സുകുമാരേട്ടൻ  ഒറ്റ ആട്ടായിരുന്നു  

തന്നെ കളിയാക്കാൻ വേണ്ടി ചോദിച്ച പോലെയാ സുകുമാരേട്ടന് തോന്നിയത് 

പാവം സുപ്രു വേഗം പോയി ഒരു നല്ലകാര്യം ചോദിക്കാനും പാടില്ലേയെന്നായിരുന്നു സുപ്രുവിന്റെ സംശയം 

ദേഷ്യം കൊണ്ട് വിറച്ച സുകുമാരേട്ടൻ സൈക്കിളിന്റെ ഹാൻഡിൽ പിടിച്ച്  രണ്ടു കുത്തുകൊടുത്തു ആ കുത്തോട് കൂടി ശൂന്നും .. പറഞ്ഞ് സൈക്കിളിന്റെ കാറ്റു പോയി ഇത് കണ്ട് പേടിച്ച് പീതാംബരൻ മാഷിന്റെ കാറ്റും അതോടൊപ്പം പോയി . സുകുമാരേട്ടൻ ആകെ വിറച്ചോണ്ടിരിക്കാ . പീതാംബരൻ മാഷിന്  അവിടന്ന് ഓടണമെന്നുണ്ട് , അതോടൊപ്പം  താനെന്തിനാ ഓടണെന്ന്  പീതാംബരൻ മാഷ് സ്വയം ചോദിക്കുന്നുമുണ്ട് ? 

താനെന്തൂട്ടാ ചെയ്തത് ?ചെക്കൻ തോറ്റൂന്നല്ലേ പറഞ്ഞത് ഏതായാലും ഇപ്പൊ ഇവിടന്ന് പോവാ നല്ലതെന്ന് പീതാംബരൻ മാഷിന്റെ മനസ്സ് പീതാംബരൻ മാഷിന് വാണിംഗ് കൊടുത്തു ഡാ രാമാ ... അവിടെ നിക്കെടാ..ന്നും  പറഞ്ഞോണ്ട്  ഇല്ലാത്ത രാമനെ വിളിച്ച് പീതാംബരൻ മാഷ് മുങ്ങി 

എന്തിനാ രാമൻന്ന്  വിളിച്ചേന്ന് ആർക്കും മനസ്സിലായില്ല ഞങ്ങളുടെ ഗ്രാമത്തില് രാമൻന്ന് പേരുള്ള ആരും തന്നെയില്ല   

 ഇനി ഭഗവാൻ  രാമനെയാണോ പീതാംബരൻ മാഷ് വിളിച്ചത് 

എന്തിനാ ആ പേര് വിളിച്ചേന്ന് പീതാംബരൻ മാഷ്‌ക്കും നല്ല നിശ്ചയിണ്ടായിരുന്നില്ല  അപ്പൊ വായേല് വന്നത് രാമൻന്നാ പിന്ന്യാ മാഷ്ക്ക് ഓർമ്മ വന്നത് രാവിലത്തെ  ക്ലാസ്സില് രാമനെക്കുറിച്ചാ പഠിപ്പിച്ചത് .

കാറ്റ് പോയ സൈക്കിളെടുത്ത് സുകുമാരേട്ടൻ ഒറ്റ ഏറാ ..

എന്റെ സുകുമാരാന്നും വിളിച്ച് ആ പാവം പോയി പാടത്തു വീണു അച്ഛന്റെ സൈക്കിളാ അച്ഛനോളം തന്നെ ബഹുമാനം സുകുമാരേട്ടൻ കൊടുത്തു കൊണ്ടിരുന്നത്  . സുകുമാരേട്ടന്റെ ഈ പ്രവർത്തി അച്ഛൻ വേലപ്പേട്ടന് തീരെ ഇഷ്ടപ്പെട്ടില്ല പക്ഷേ മിണ്ടാൻ പറ്റാത്ത കാരണം ആ പാവം ചുമരിലിരുന്ന് പല്ലും നാവും കടിച്ചു 

അവനെയിന്ന് കൊല്ലുന്നും പറഞ്ഞ് സുകുമാരേട്ടൻ ഒരു കൊടുങ്കാറ്റ് പോല്യാ വീട്ടിലേക്ക് കേറീച്ചെന്നത്  . എന്റെ മനുഷ്യാ കൂട്ടാൻ വെക്കാൻ മീനെവിടെന്നും ചോദിച്ച് വന്ന ശാരദേടത്തി  ആ കൊടുങ്കാറ്റിൽ പെട്ടു വട്ടം ചുറ്റി പാവം കവിളും തിരുമ്മി അയ്യോ ..,ന്നും നിലവിളിച്ചോണ്ട് അകത്തേക്കോടി.

ശാരദേടത്തിക്ക്  ഒന്നും മനസ്സിലായില്ല താൻ കൂട്ടാൻ വെക്കാനുള്ള മീൻ എവിടേന്നല്ലേ ചോദിച്ചതതെന്നാ  ആ പാവം രണ്ടുമൂന്നാവർത്തി സ്വയം ചോദിച്ച് ഉറപ്പു വരുത്തിയത്  അത് തല്ലു കിട്ടാൻ മാത്രം അത്രേം വലിയൊരു പാതകമാണോന്ന് ശാരദേടത്തിക്ക്  മനസ്സിലായില്ല ഏതായാലും ജീവിതത്തില് ഇനി മീനെവിടേയെന്ന് ചോദിക്കത്തില്ലെന്ന് അതോടെ ചേടത്തി ശപഥം ചെയ്തു 

ശിവന്റെയടുത്തേക്ക് അലറിയിട്ടാ സുകുമാരേട്ടൻ പാഞ്ഞു ചെന്നത് എടാ പരീക്ഷാ പേപ്പറ് കിട്ടിയോ ? 

കിട്ടി 

എവിടേ ? സുകുമാരേട്ടൻ ആകെ നിന്ന് വിറക്കാ ശിവൻ കാണിച്ച പേപ്പറ് കണ്ട് സുകുമാരേട്ടൻ ആദ്യം ഒന്ന് പതറി .. എല്ലാത്തിലും ജയിച്ച ശിവൻ 

സത്യത്തില് പീതാംബരൻ മാഷ് സുകുമാരേട്ടനെ കണ്ട വിവരം പാവം ശിവന് അറിയാതെ പോയിരുന്നു  അറിഞ്ഞിരുന്നുങ്കി അവനീ കടുംകൈക്ക് മുതിരില്ലായിരുന്നു ഏതായാലും അന്ന് ശിവനെ സുകുമാരേട്ടൻ പൊതിരെ തല്ലി ഐ പി എസ് കാരനാവണോനാ എല്ലാത്തിലും തോറ്റു തുന്നം പാടി വന്നിരിക്കുന്നതെന്നും പറഞ്ഞാ തല്ലിയത് 

ശിവൻ ഐ പി എസ് കാരനാവണത് കാണാനാ സുകുമാരേട്ടന് ഇഷ്ട്ടം ശിവനും ഐ പി എസ് കാരനാവാൻ തന്ന്യാ ഇഷ്ട്ടം . ആ കാരണം കൊണ്ട് നന്നായി പഠിക്കാനായിട്ട് ഓരോ ക്ലാസ്സിലും ഒന്നും രണ്ടും കൊല്ലം തോറ്റിട്ടാ ശിവൻ വരാറ് ഇവൻ പത്താംക്ലാസ് കഴിയുമ്പോഴേക്കും ഐ പി എസ് കാരനാവാനുള്ള പ്രായം കഴിയൂല്ലോന്നാ മാഷ് മാര് അടക്കം പറയണത്  പക്ഷേ ശിവനതൊന്നും മൈൻഡ് ചെയ്യാറേയില്ല .

പിറ്റേദിവസം രാവിലെ നോക്കിയപ്പോഴാണ് ശിവനെ കാണാനില്ലെന്ന് മനസ്സിലായത് പിണങ്ങി കിടക്കാന്നാ ആദ്യം വിചാരിച്ചത് കാപ്പി കുടിക്കാൻ വന്നില്ല, ഭക്ഷണം കഴിക്കാൻ വന്നില്ല സാധാരണ തലേദിവസം തൊട്ടെന്നെ പിറ്റേ ദിവസത്തെ ഭക്ഷണം ശിവൻ ചോദിച്ച് വെക്കാറുള്ളതാ രാവിലെ എന്ത് കാര്യം മുടങ്ങിയാലും തീറ്റക്കാര്യം ശിവൻ മുടക്കാത്തതാ . ആ ഇഷ്ട്ട പ്രിക്രിയക്ക് പോലും ശിവൻ വരാണ്ടായപ്പോഴാ  സുകുമാരേട്ടൻ മുറിയിൽ പോയി നോക്കിയത് അവിടെ ശിവനില്ല, പാടത്തും പറമ്പിലും ശിവനില്ല പാക്കരൻ ചേട്ടന്റെ ചായക്കടയിലും ശിവനില്ല അങ്ങിനെയാ എന്റെ അടുത്തേക്ക് വന്നത് 

സുകുമാരേട്ടൻ വന്ന കാരണം പേപ്പറ് കിട്ടിയ വിവരം  എന്റെ വീട്ടിലും അറിഞ്ഞു ഞാൻ ഒരെണ്ണത്തില് മാത്രേ തോറ്റിട്ടുണ്ടായിരുന്നുള്ളൂ ശിവന്റെ സംഭവം അറിഞ്ഞതോടെ ഞാൻ മാർക്കു തിരുത്തൽ പരിപാടി മാറ്റിവെച്ചു ചിലപ്പോ അമ്മ മാഷിനോട് ചോദിക്കും കാരണം ശിവൻ ഇങ്ങനെ ചെയ്താ ഞാനും ചെയ്യൂന്ന് അമ്മക്ക് നല്ല നിശ്ചയമുണ്ട് .

ആ ചെക്കനാ  ഇവന്റെ തലേല് ഓരോരോ കോത്രം കൊള്ളികള് ഓതിക്കൊടുക്കണേന്നാ അമ്മ പറയാറ് സത്യത്തില് ഞാനാ ശിവന് ഓരോരോ കോത്രം കൊള്ളികള് പറഞ്ഞു കൊടുക്കാറ് മാർക്ക് തിരുത്തൽ പോലും എന്റെ തലയിൽ വിരിഞ്ഞ ആശയമായിരുന്നു .

അങ്ങനെ കാണാതായ ശിവനെ തേടി ഞങ്ങളുടെ ഗ്രാമം മുഴുവൻ ഇറങ്ങി സൈക്കിളുകൾ ശിവനെ അന്വേഷിച്ച് തലങ്ങും വിലങ്ങും പാഞ്ഞു സൈക്കിളില്ലാത്തവർ നടന്നുകൊണ്ടും ശിവനെ അന്വേഷിച്ചു 

കുളക്കരയിലിരുന്ന് മീൻകാരൻ മമ്മദ് നെടുവീർപ്പിട്ടു 

എന്തൂട്ടാ ചേട്ടാ നോക്കിയിരിക്കണേ ? പ്രേക്ഷിതൻ സുകുവായിരുന്നു മമ്മദിന്റെ ആ ഇരിപ്പു കണ്ട് ചോദിച്ചത് 

ശിവൻ ഇനി കുളത്തിലെങ്ങാനും വീണോന്ന് നോക്കിയതാ എന്റെ സുകുവേ 

ഞങ്ങളുടെ ഗ്രാമത്തിൽ ഏറ്റവും നന്നായി നീന്തണ ശിവനെ നോക്കിയാ മമ്മദ് കുളക്കരയിലിരിക്കണത് 

എന്റെ ചേട്ടാ അവന് നന്നായി നീന്താനറിയാം 

എന്നാലും കുളത്തില് വീണാ അതോണ്ട് വല്ല കാര്യമുണ്ടോ ? മമ്മദിന്റെ ആ മറുപടി  കേട്ട് സുകു വേഗം പോയി 

പോലീസ് സ്റ്റേഷനില് ഒരു കംപ്ലൈന്റ് കൊടുത്താലോന്നാ മെമ്പറ് സുകേശൻ പറഞ്ഞത്  അങ്ങനെ എല്ലാവരും കൂടി കംപ്ലൈന്റ് കൊടുക്കാൻ പോകുമ്പോഴായിരുന്നു  ശിവൻ   സൈക്കിള് ചവിട്ടി കവലേന്നു വരുന്ന കണ്ടത്.

ശിവാ ...ന്ന് എല്ലാ കണ്ഠങ്ങളും ഒരുമിച്ചലറി ഒരു ഗ്രാമം മുഴുവൻ തനിക്കു  നേരെ വരുന്നത് കണ്ട്  ശിവൻ പേടിച്ച് പായാൻ നോക്കിയതായിരുന്നു എല്ലാത്തിനും  മുന്നിൽ എന്നെ കണ്ടപ്പോഴായിരുന്നു അവന് സമാധാനമായത് 

തന്നെ കാണാനില്ലെന്ന് കേട്ട് അവൻ ഞെട്ടി ഞാനല്ലേ ഇതെന്ന് ശിവൻ പറഞ്ഞിട്ടും ആർക്കും വിശ്വസിക്കാൻ പറ്റണില്ല ഞാനല്ലേ ഇതെന്ന് ..ശിവൻ ആവർത്തിച്ചാവർത്തിച്ച് എല്ലാവരോടും പറയുന്നുണ്ടായിരുന്നു 

അവൻ ഏതോ കൂട്ടുകാരനെ കാണാൻ പോയതായിരുന്നു അന്ന് സുധാകരേട്ടൻ  ശിവന് വയറുനിറയെ ബിരിയാണി വാങ്ങിക്കൊടുത്തു ഞാൻ എന്നേം വിളിക്കൂന്നു വിചാരിച്ച് കുറേനേരം ചുറ്റിപ്പറ്റി നിന്നതായിരുന്നു  ഇനീം അമാന്തിച്ചാ ബിരിയാണി തീരുമെന്ന് മനസ്സിലാക്കിയ ഞാൻ ഇടിച്ചു കേറുമ്പോഴേക്കും ബിരിയാണിയും തിന്ന് ശിവൻ ഏമ്പക്കവും വിട്ടു കഴിഞ്ഞിരുന്നു  അവൻ കടിച്ചു മുറിച്ചിട്ട കോഴിക്കാലുകളിലേക്ക് നോക്കി ഞാൻ നെടുവീർപ്പിട്ടു , അവ  എന്നെ നോക്കി പല്ലിളിക്കുന്ന പോലെയെനിക്ക് തോന്നി  


0 അഭിപ്രായങ്ങള്‍