പലചരക്ക് കടക്കാരൻ സ്പ്രൂന്റെ കടേല്  പോലീസെന്നും കേട്ടാ എല്ലാവരും ഓടിച്ചെല്ലുന്നത്. 

എന്താ സംഭവന്ന് ആർക്കും അറിയത്തില്ല, സുപ്രുവാണെങ്കീ ഒരു മൂലക്ക് പതുങ്ങി നിപ്പുണ്ട്. 

വെളുത്ത സുപ്രു പേടികൊണ്ട്  ആകെ ചുവന്നിട്ടാ നിക്കുന്നത്. അതോടൊപ്പം തുള്ളപ്പനി ബാധിച്ചതു പോലെ കിടന്നു  വിറക്കുന്നുമുണ്ട്. 

താൻ വിറക്കുന്നത് നാട്ടുകാരറിയാതിരിക്കാൻ സുപ്രു മാക്സിസം ശ്രമിക്കുന്നുണ്ടെങ്കിലും .. സുപ്രുന്റെ പല്ലുകള് കിട് . കിട് ..ന്നും പറഞ്ഞ്  കൂട്ടിയിടിച്ചോണ്ടിരിക്കണത് നാട്ടുകാർക്ക് വ്യക്തമായും കാണാം.  

സുപ്രുവിനേക്കാളും പേടിയിലാ, സുപ്രുവിന്റെ കാലുകൾ  കിടന്ന്  വിറക്കുന്നത്.  അവ വിറക്കുന്നതിനനുസരണമായി ഭരതനാട്യം കളിക്കുന്ന  കണക്ക് സുപ്രു  ആടുന്നുമുണ്ട്. 

എന്തിനാണ് പോലീസുകാര് വന്നതെന്ന് സുപ്രുവിനൊട്ട്  അറിയത്തുമില്ല  ചോദിക്കുവാൻ  പേടിയോട്ട് സമ്മതിക്കുന്നുമില്ല. ഇനി എന്തെങ്കിലും ചോദിച്ചാ അതിന്റെ പേരിൽ വേറേ ഇടി കിട്ടുമോയെന്നാ സുപ്രുവിന്റെ സംശയം.  

സുപ്രുവിന്റെ കടയിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ വന്ന മീൻകാരൻ മമ്മദ്, പോലീസിനെ കണ്ടതോടെ വേഗം മുങ്ങി. അവിടെ   മുങ്ങേണ്ടതായ യാതൊരാവശ്യവും മമ്മദിനില്ല  . പക്ഷെ എന്താന്നറിയില്ല എവിടെ കാക്കിവേഷം കണ്ടാലും, മമ്മദ് അപ്പൊ മുങ്ങും. 

നാലഞ്ചു വർഷം മുമ്പ്  പഞ്ചായത്തിലെ റോഡ് ശരിയാക്കണന്നും പറഞ്ഞ് മെമ്പർ സുകേശന്റെ നേതൃത്വത്തിലൊരു  സമരം നടന്നിരുന്നു.  മന്ത്രി ശിവരാമൻ  വരുമ്പോ തടയാനായിരുന്നു പ്ലാൻ. 

പക്ഷെ മന്ത്രിക്കു മുന്നേ പോലീസാ ലാത്തിയും കൊണ്ട് വന്നത്.

സുകേശൻ ഓടിക്കോന്ന് പറയലും മമ്മദൊരു  കല്ലെടുത്ത് വെറുതേ ഒരേറ് എറിഞ്ഞതും  ഒരുമിച്ചായിരുന്നു. മമ്മദിന്റെയാ ഏറു കൊണ്ട് ഒരു മാങ്ങാ വീണതൊഴിച്ചാൽ വേറെ അത്യാഹിതമൊന്നും സംഭവിച്ചില്ല,  പക്ഷെ അത് കാണാൻ മമ്മതൊട്ടു നിന്നതുമില്ല. കല്ലിനേക്കാളും വേഗത്തിലാ മമ്മദന്ന്   ജീവനും കൊണ്ട് പാഞ്ഞത് . 

സുകേശൻ ഓടിക്കോളാൻ പറഞ്ഞത്..,  എറിഞ്ഞോളാൻ ..കേട്ടൂന്നാ മമ്മദ് പിന്നീട് പറഞ്ഞത്. 

അതിന്റെ പേരിൽ സുകേശനും, മമ്മദും വാക്ക് തർക്കം വരെയുണ്ടായി. 

സംഗതി ഇത്രയേ സംഭവിച്ചുള്ളൂവെങ്കിലും, അന്ന് തൊട്ട് കാക്കിക്കുപ്പായം  കാണുമ്പോഴേക്കും മമ്മദിന്റെ മുട്ടുകൾ കൂട്ടിയിടിച്ചു തുടങ്ങും. ആ കല്ലിന്റെ  പേരിൽ ഇപ്പോഴും തന്നെ  പോലീസുകാർ  അന്വേഷിച്ചു നടപ്പുണ്ടെന്നാ മമ്മദിന്റെ വിചാരം . അതുകൊണ്ട് ബസ്സിൽ  പോലും മമ്മദിപ്പോൾ കേറാതായിരിക്കുന്നു . കാക്കിയിട്ട ആരെ കണ്ടാലും ഞെട്ടിത്തെറിക്കുന്ന അവസ്ഥ.

ഒരു ദിവസം ജോലി കഴിഞ്ഞ് സൈക്കിളിൽ വരായിരുന്ന ഡ്രൈവർ വേലായുധേട്ടനെ കണ്ടതും മമ്മദ് ജീവനും കൊണ്ട് പാഞ്ഞതും ഒരുമിച്ചായിരുന്നു. 

മീൻ കൊട്ട സൈക്കിളും വിട്ടിട്ടാ മമ്മദ് പാടത്തൂടെ പാഞ്ഞത് . മമ്മദിന്റെയാ  പാച്ചില് കണ്ട്  മീൻ വാങ്ങാൻ വന്ന സുകുമാരേട്ടനും പാഞ്ഞു. 
 
എന്തിനാ സുകുമാരാ നീ ഓടുന്നതെന്ന് പൂക്കാരി നാണിത്തള്ള ചോദിച്ചതാ?.

തല്ല് കിട്ടുമോ ഇല്ലയോ എന്നറിയാൻ നിക്കണോ തള്ളേ .., ന്നും ചോദിച്ചാ സുകുമാരേട്ടൻ ഓടിയത്.  ആരോ മമ്മദിനെ തല്ലാൻ വരുന്നെന്നും .. മീൻ വാങ്ങാൻ വന്ന തന്നേം അവർ  തല്ലുമോയെന്നുള്ള പേടിയിലായിരുന്നു  സുകുമാരേട്ടനന്ന്  പാഞ്ഞത്.

വെറും കൈ വീശി വന്ന സുകുമാരേട്ടനെ കണ്ടാ ഭാര്യ സുകുമാരിയേടത്തി  ചോദിച്ചത് ? 

മീനെന്ത്യേ മനുഷ്യാ?.

മീൻ കിട്ടിയില്ലെടി. 

സഞ്ചിയെന്ത്യേ മനുഷ്യാ?.

ഞാൻ പുഴുങ്ങി തിന്നു .

നിങ്ങൾക്ക് ഭ്രാന്തായോന്നും ചോദിച്ച് സുകുമാരിയേടത്തി അകത്തോട്ട് പോയി. 
 
കടേല് മൊത്തം പോലീസുകാരും, അതിനു  നടുവിൽ   കീ കൊടുത്ത പാവപോലെ വിറച്ചോണ്ടു നിൽക്കുന്ന സുപ്രുവിനേം കണ്ട് , ആ സമയത്ത് അങ്ങോട്ടേക്ക്  കേറി വന്ന അവറാൻ ചേട്ടനായിരുന്നുവത്  ചോദിച്ചത്. 

എന്താ  സുപ്രോ പ്രശ്‌നം ?. 

അറിയില്ലാന്ന്  സുപ്രു കൈകൾ കൊണ്ട് ആംഗ്യം കാണിച്ചതും ഒറ്റ കരച്ചിലും ഒരുമിച്ചായിരുന്നു. സുപ്രുന്റെ അനുവാദമില്ലാതെയായിരുന്നു ആ കരച്ചില് പുറത്തേക്ക് വന്നത്.

കരയുന്ന ശബ്ദം പുറത്തുവരാതിരിക്കാൻ സുപ്രു വായിക്കുള്ളിലേക്ക്  രണ്ടു വിരലുകൾ കുത്തിക്കറ്റിയതും, കിടു...  കിടു...  ന്നും പറഞ്ഞ്, വാശിയോടെ  പരസ്പരം കടിച്ചോണ്ടിരുന്ന പല്ലുകൾക്ക്  അവ സുപ്രുവിന്റെ സ്വന്തം വിരലുകളാണെന്ന് മനസ്സിലാവാതെ നല്ലൊരു  കടി കൊടുക്കുകയും ചെയ്തു .

വേദനകൊണ്ട് സുപ്രുവിന്റെ കണ്ണുകൾ   ഒന്നുകൂടി പുറത്തേക്കു തുറിച്ചു.  

എന്തൂട്ടാ വാസോ  പ്രശ്‌നം?. 

സുപ്രു ഒന്നും മിണ്ടാതായതോടെ ,  അവറാൻ ചേട്ടൻ, സുപ്രുവിന്റെ കടയിൽ  പൊതിയാൻ നിൽക്കുന്ന  വാസുവിനോടായിരുന്നു ആ ചോദ്യം ആവർത്തിച്ചത്. 

പക്ഷേ...  വാസുവും മിണ്ടിയില്ല , അവനും കിടന്ന് വിറക്കുന്നുണ്ട്.  സത്യത്തില് സുപ്രുവിനേക്കാളും അധികമായിട്ടാ വാസു  കിടന്നു വിറക്കുന്നത്.  താനെന്തിനാ ഇങ്ങനെ കിടന്ന് വിറക്കുന്നതെന്ന് വാസുവിനു  തന്നെ നിശ്ചയമില്ലായിരുന്നു  . 

ഏതായാലും സുപ്രുനെ പോലീസുകാര് പിടിച്ച് ഇടിക്കും പണിക്കാരനായ തനിക്കും  അതിന്റെ പങ്ക് കിട്ടുമോന്നുള്ള പേടീലായിരുന്നു  വാസു  കിടന്നു വിറച്ചോണ്ടിരുന്നത് .

വെറും  പണിക്കാരനായ തന്നെയെന്തിനാണ് പോലീസ്  പിടിച്ചിടിക്കുന്നതെന്നുള്ളതിന്റെ ലോജിക്ക്, വാസുവിന്റെ ബുദ്ധിക്ക് അജ്ഞാതമായിരുന്നു ?.

പോലീസല്ലേ .., വെറുതേയും പിടിച്ചിടിക്കാലോ എന്നുള്ളതായിരുന്നു ,  വാസുവിന്റെ ബുദ്ധി, വാസുവിന് കൊടുത്ത ഉത്തരം . 

സത്യത്തിൽ വാസു  ഇന്ന് ജോലിക്ക് വരണ്ടാന്ന് വെച്ചതായിരുന്നു. ഭാര്യ ഓമനയുടെ നിർബന്ധം കാരണാ വന്നത്. 

ഓണല്ലേ  ചേട്ടാ..,   ലീവെടുക്കാണ്ട്  പോയാ  മുതലാളി ബോണസ്സ്  തരും.. ന്നാ..,  വാസൂന്റെ ഭാര്യ , വാസൂനോട്  പറഞ്ഞ് ഉന്തിത്തള്ളി വിട്ടത്.

ബോണസ്സായിട്ട് തനിക്ക് ഇടിയാവും  കിട്ടാ . അവളുടെ വാക്ക് കേട്ടാ ഇതും ഇതിലപ്പുറവും സംഭവിക്കും. 

പോലീസിന്റെ ഇടി കിട്ടിയാ, പിന്നെ ഓണത്തിനൊന്നും താനുണ്ടാവില്ല.

അതോർത്തതോടെ വാസൂന്റെ വിറ ഒന്നുകൂടി കൂടി . അതോടൊപ്പം  ഭാര്യ ഓമനക്കിട്ട്  ഒരു ചവിട്ട് വെച്ചു കൊടുക്കാനും തോന്നി. അവള് ഓമനയല്ല പൂതനയാന്നാ വാസു  മനസ്സിൽ  പറഞ്ഞത്.

ഉച്ചക്ക് ചോറുണ്ണാനെങ്കിലും വീട്ടിലേക്ക് വാരാന്ന് പറഞ്ഞതാ അതിനും ആ മൂധേവി സമ്മതിച്ചില്ല.  താറാവ് ഇറച്ചിയായിരുന്നു കൂട്ടാൻ.  വീട്ടിപ്പോയാ കുശാലായിട്ട് കഴിക്കാം ആ ആശയിലായിരുന്നു വാസു, ഊണു കഴിക്കാൻ വീട്ടിലേക്ക് വരാമെന്ന് വെച്ച് കാച്ചിയത് . പക്ഷെ അതിനും ഓമന വിലങ്ങു തടിയിട്ടു. വേണ്ട ചേട്ടാ ബോണസ്സ്  കുറയും അതോണ്ട്  ചോറ് അങ്ങോട്ട് കൊടുത്തയക്കാന്നാ ഓമന പറഞ്ഞത്.  

ഇങ്ങോട്ട് കൊണ്ട് വന്നാ ഇറച്ചി  കഷ്ണം കുറയും അത് മനസ്സിൽ കണ്ടാ വാസു, താൻ  അങ്ങോട്ട് വരാന്ന് എറിഞ്ഞതെങ്കിലും, വാസു  മനസ്സിൽ  കണ്ടത് ഓമന മാനത്തു കണ്ടു.

പക്ഷെ കഷ്ടകാലം, വാസൂന്  അത് പോലും തിന്നാനുള്ള ഭാഗ്യം കിട്ടിയില്ല. 

എന്തൂട്ടാ വാസോ ഉച്ചക്ക് കൂട്ടാൻ ?.

എന്നും  ചമ്മന്തീം ഉണക്ക മീനും മാത്രം  കൊണ്ടു വരാറുള്ളപ്പോ തമാശക്ക് പോലും ചോദിക്കാത്ത സുപ്രുവാ , ഇന്ന് എന്തൂട്ടാ കൂട്ടാൻ ന്ന്  ആദ്യായിട്ട്  ചോദിച്ചത്.  

താറാവിന്റെ ..താറാ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും.., അപകടം മണത്ത വാസു താറാവിന്റെ  പേരു മാറ്റി താളീ ന്നാക്കാൻ ശ്രമിച്ചെങ്കിലും നാവ് ചുളുങ്ങി അത്  താറാളിയായിപ്പോയത്  . 

ഇന്ന് ..താറാ .... ളി യാ സുപ്രേട്ടാ.

ആ കൂട്ടാന്റെ പേരു കേട്ട് സുപ്രു ഞെട്ടി, അതിനും മുന്നേ താറാവു ഞെട്ടി. 

താറാളി യോ ..?, സുപ്രു ആദ്യമായിട്ട് കേക്കായിരുന്നു അത്തരമൊരു കൂട്ടാന്റെ പേര്. സുപ്രു മാത്രമല്ല ലോകം മുഴുവൻ ആദ്യായിട്ടായിരുന്നു  . 

ഞാനൊന്ന് നോക്കട്ടെ, വാസു ചോറ്റു പാത്രം തുറന്നതോടെ  നല്ല ഇറച്ചിക്കറിയുടെ മണം സുപ്രുന് കിട്ടിയിരുന്നു ആ പ്രതീക്ഷയോടെയാ സുപ്രു സ്വന്തം ചോറുപാത്രം തുറന്നത്.

അവിടെ, ഞാൻ താറാവൊന്നല്ലായെന്നും പറഞ്ഞ് കുസുമേടത്തി ഉണ്ടാക്കിക്കൊടുത്ത മോരുകറി  തളർന്നു കിടപ്പുണ്ടായിരുന്നു. 

എന്നും മോരുകറി ഉണ്ടാക്കാനേ  ആ മൂധേവിക്കറിയൂ ...സുപ്രുവത് മനസ്സിലാ പറഞ്ഞത്. 

സുപ്രുവിനാണെങ്കി മോരുകറിന്ന് കേട്ടാത്തന്നെ  അലർജിയാ. സത്യത്തില് ആദ്യമൊക്കെ സുപ്രുന് മോരുകറി വല്യ ഇഷ്ട്ടമായിരുന്നു. എന്നുവെച്ച് ദിവസോം ഇതെന്ന്യായാ ആർക്കായാലും ഭ്രാന്ത് വരത്തില്ലേ?.  കുസുമേടത്തി ആണെങ്കി ഇതിന്റെ പേരും പറഞ്ഞ് എന്നും മോരുകറി മാത്രമായി  ഉണ്ടാക്കല്. ചോദിച്ചാ എന്റെ സുപ്രേട്ടന് മോരു കറി  വല്യ ഇഷ്ട്ടാന്നാ പറയാ.  

സത്യത്തിൽ മോരുകറി ഉണ്ടാക്കാൻ വളരെ എളുപ്പായതു കൊണ്ടാ  കുസുമേടത്തി അതിന്റെ വാലും തൂങ്ങി നടക്കണത്. 

വീട്ടിൽ  സമാധാനം കാംഷിക്കുന്ന  കാരണം, മനസ്സിൽ  ചീത്തവിളിച്ചാലും കുസുമേടത്തിയുടെ മുഖത്തു നോക്കി സുപ്രു ഒന്നും പറയാറില്ല . എന്തെങ്കിലും പറഞ്ഞാ പിന്നെ കുസുമേടത്തിയുടെ, മുഖത്തൂന്ന് ആ  കുസുമം പോവുന്ന് സുപ്രുന് നല്ല പേടിയുണ്ട്.   

സുപ്രു വരുന്നതിനു മുന്നേ താറാവു കഷ്ണം ചോറിനടിയിൽ ഒളിപ്പിക്കാൻ വാസുവൊരു  വിഫല ശ്രമം നടത്തിയെങ്കിലും ഏറ്റില്ല. 

ആയ് .. ഇത് താറാവാണല്ലോടാ വാസു ..,  നൊണ പറഞ്ഞതാ നീ ?  

ഞങ്ങളിതിനെ താറാളി ...ന്നാ പറയാ സുപ്രുവേട്ടാ, വാസുവത്  വിക്കീട്ടാ പറഞ്ഞത്. 

ഏതായാലും ആ താറാളിയുടെ ആകെയുള്ള രണ്ടു കഷ്ണം സുപ്രു എടുത്തു തിന്നു . പാവം വാസു താറാളയുടെ  ചാറു മാത്രം കൂട്ടി ചോറുണ്ടു. 

എന്നും സുപ്രുവും, വാസുവും  ഒരുമിച്ചാ ഊണുകഴിക്കാൻ ഇരിക്കാറ്  സുപ്രുവിന് എന്തെങ്കിലും സ്പെഷലുള്ള ദിവസം അതിനു മാറ്റം വരും. 

എനിക്ക് കുറച്ച്  പണിയുണ്ട് വാസോ നീ ചോറുണ്ടോടാന്നാ സുപ്രു അപ്പൊ പറയാ. 

നീയെന്തിനാടാ വാസോ  കിടന്ന്  വിറക്കണത് ?.

അവറാൻ ചേട്ടന്റെയാ  ചോദ്യത്തിനും ഉത്തരം പറയാൻ പറ്റാതെ വാസു നിന്ന്  വിറച്ചു. 

അവാർഡല്ലേ തരാൻ  പോണത്  ?. 

വാസുവത്  മനസ്സിലാ പറഞ്ഞത്   

എന്താ പ്രശ്നമെന്റെ സുപ്രു ?  

വാസുവും മിണ്ടാട്ടം മുട്ടി നിന്നതോടെ അവറാൻ ചേട്ടൻ വീണ്ടും  സുപ്രുവിനോട് ആ ചോദ്യം ആവർത്തിച്ചു . 

പക്ഷേ പേടി അതിന്റെ ഉച്ചസ്ഥായിയിലായി അടപടലം വിറച്ചോണ്ടിരിക്കണ സുപ്രുന് മിണ്ടാൻ പോയിട്ട് കണ്ണു ചിമ്മാൻ തന്നെ പറ്റുന്നില്ല . 

വിറച്ചു വിറച്ചു സുപ്രു ഇനി അവിടെത്തന്നെ  വീണ് ചാവോന്നായി ഞങ്ങളുടെ പേടി.  അതിനിടയിലും  സുപ്രു ചുണ്ടോണ്ട് എന്തൊക്കെയോ കിടന്ന് പിറുപിറുക്കുന്നുണ്ട്. 

രാമ .. രാമാ  ...

രാമാ തന്നെ സുപ്രു വിളിക്കുന്നു .... അവറാൻ ചേട്ടനാ അത് വിളിച്ചു പറഞ്ഞത്.  

ഇതു കേട്ടതും മുടിവെട്ടുകാരൻ   രാമേട്ടൻ  എന്താ... എന്താ ..ന്നും ചോദിച്ചോണ്ട്  ഓടി വന്നു.  

എന്ത് ? 

സുപ്രുന്, രാമേട്ടൻ ഓടി വന്നതെന്തിനെന്ന്  മനസ്സിലായില്ല. 

എന്തിനാ എന്നെ വിളിച്ചെന്ന് ?

ഞാൻ രാമനെ വിളിച്ചതാ രാ ..മേ ...ട്ടാ ... സുപ്രു കരഞ്ഞിട്ടാ  അതിനു മറുപടി  പറഞ്ഞത്. 

ആയ്  ഞാനല്ലേ സുപ്രു ..,  രാമൻ. 

താനെപ്പൊഴാടോ ഭഗവാനായത്  ? ഒന്നു പോടോ...  

നാട്ടുകാര് എത്ര ചോദിച്ചിട്ടും എന്താ സംഭവന്ന് മാത്രം സുപ്രു പറയുന്നില്ല. 

 സത്യത്തിൽ   പോലീസെന്തിനാ വന്നിരിക്കുന്നതെന്നുള്ളത് സുപ്രുവിനും അജ്ഞാതമായിരുന്നു.    

എന്തൂട്ട് മൈ .. യാ..നീയീ പിറു പിറുത്ത്തോണ്ടിരിക്കണേ ന്നും  ചോദിച്ച് അവറാൻ ചേട്ടൻ ഒറ്റ ചീത്ത. അത് കേട്ടോണ്ടാ  ഇൻസ്‌പെക്ടർ മാത്തൻ സാറ്  അങ്ങോട്ടേക്ക് വന്നത്  .

മാത്തൻ സാറിനെ കണ്ടാ തന്നെ പേടിയാവും രാക്ഷസൻ മാത്തൻന്നാ  ഇരട്ടപ്പേര് . എല്ലാവരും മാത്തൻ സാറിനെ കണ്ടാ തന്നെ പേടിക്കും പേടിക്കുന്നും പറഞ്ഞ് കേട്ട് ..  കേട്ട്.. ഒരുപ്രാവശ്യം  മാത്തൻ സാറ്  കണ്ണാടില് നോക്കി സ്വയം ഞെട്ടിപ്പോയി .  

ആയ് മത്താ ഇത്  നീയന്നെല്ല്യേ  പിന്നെ എന്തിനാ ഞെട്ടണത് ?.  

എല്ലാവരും പറയണ കേട്ട്  പേടിച്ചു പോയെന്നാ മാത്തൻ സാറ്,  മാത്തൻ സാറിനോടെന്നെ പറഞ്ഞത്.  

അവറാൻ ചേട്ടൻ, മാത്തൻ സാറിനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു.   പക്ഷേ മാത്തൻ സാറ്, അവറാൻ ചേട്ടനെ നോക്കി ചിരിച്ചില്ല പകരം കണ്ണുരുട്ടി, വല്ലാത്തൊരു ഉരുട്ടലായിരുന്നുവത്  . കണ്ണുകൾ  രണ്ടും പുറത്തേക്ക് തള്ളി താഴേക്ക് വീഴുമോന്ന് പോലും അവറാൻ ചേട്ടന് തോന്നിപ്പോയി.  

താനാരാടോ ?

പെട്ടെന്നുള്ള ആ അലർച്ചയിൽ അവറാൻ ചേട്ടൻ ഞെട്ടി, അതോടെ സ്വന്തം പേരുപോലും മറന്നു പോയി . 

താനാരാടോ? മാത്തൻ സാറ് വീണ്ടും അലറി.

സ്വന്തം പേര് പറയാനാവാതെ അവറാൻ ചേട്ടൻ മിണ്ടാട്ടം മുട്ടി നിന്നു .

വാ തുറന്ന് ..,പറയെടാ റാസ്‌ക്കൽ ...മുഷ്ടി ചുരുട്ടിയ മാത്തൻ സാറിനെ  കണ്ട് അവറാൻ ചേട്ടൻ വിറച്ചു. ഇനിയും പേരു പറഞ്ഞില്ലെങ്കിൽ മാത്തൻ സാറ്  തന്റെ മേത്ത്  കഥകളി നടത്തും പക്ഷേ എത്ര  ആലോചിച്ചിട്ടും അവറാൻ ചേട്ടന് സ്വന്തം പേര് മാത്രം  ഓർമ്മയിൽ വരുന്നില്ല. 

പേര് പറയാനാകാതെ അവറാൻ ചേട്ടൻ നിന്നുരുകി . 

മാത്തൻ സാറ് രണ്ടടി മുന്നോട്ട് വെച്ചു 

ഇവന് പേര് പറഞ്ഞാലെന്താന്നായിരുന്നു പാക്കരൻ ചേട്ടൻ ആലോചിച്ചത് .

അവറാൻ ചേട്ടൻ പേര് പറയല്ലേയെന്ന് സുപ്രു പ്രാർത്ഥിച്ചു കൂട്ടിന് ഒരാളായല്ലോ. 

മാത്തൻ സാറ് കൈയ്യോങ്ങിയതും വായിൽ വന്നൊരു പേര് അവറാൻ ചേട്ടൻ വിളിച്ചു കൂവിയതും ഒരുമിച്ചായിരുന്നു.    

വാറപ്പൻ .. 

അവറാൻ ചേട്ടനാ  പറഞ്ഞതും .., അവറാൻ ..ന്ന്   പുറകീന്ന് ആരോ  വിളിച്ചു പറഞ്ഞതും ഒരുമിച്ചായിരുന്നു. 

അത്  കേട്ട് അവറാൻ ചേട്ടൻ ഞെട്ടി മാത്തൻ സാറ് ഞെട്ടി 

പ്രേക്ഷിതൻ സുകുവാണ് ,  അവറാൻ ചേട്ടൻ  മറന്നുപോയ അവറാൻ ചേട്ടന്റെ  പേര് വിളിച്ചു പറഞ്ഞത്. 

അപ്പൊ പിന്നെ ആരെടാ വാറപ്പൻ  ?

മാത്തൻ സാറിന്റെ  ഇടിവെട്ട് ചോദ്യം കേട്ട് അവറാൻ ചേട്ടൻ നിന്നുരുകി. സംഗതി കൈയ്യീന്ന് പോയീന്ന് മനസ്സിലായതോടെ  സുകു  അവിടന്നു മുങ്ങി .

ആരെടോ വാറപ്പൻ  ? മാത്തൻ സാർ മുഷ്ടി ചുരുട്ടി. 

ആ അലർച്ചയിൽ കവല മൊത്തം വിറച്ചു. സുപ്രുവിന് പേടികൊണ്ട് നെഞ്ചുവേദന വന്നു.  എന്റെ ഓമനേയെന്ന  വിളിയോടെ വാസു  ബോധം കെട്ടു വീണു.  

അരി വാങ്ങാൻ വന്ന വിറകുവെട്ടുകാരൻ ഒർജിനൽ വാറപ്പൻ , മാത്തന്റെ  അലർച്ചയോടെ അരി വാങ്ങാൻ കൊണ്ടു വന്ന സഞ്ചി തലയിലിട്ടോണ്ട്  ഓടി ഒന്നും അറിയാത്ത തന്റെ പേരും പറഞ്ഞ്  മാത്തൻ എന്തിനാണ് ആക്രോശിക്കുന്നതെന്ന്  ആ പാവത്തിന് എത്ര ഉള്ളുരുകി ആലോചിച്ചിട്ടും പിടുത്തം കിട്ടിയില്ല .

താൻ , താൻ പോലും അറിയാതെ വല്ല തെറ്റും ചെയ്തോ ? ഈ ജന്മത്തിൽ ചെയ്തതായി വാറപ്പന് ഓർമ്മയിൽ തെളിഞ്ഞില്ല . ഇനി കഴിഞ്ഞ ജന്മത്തിലെങ്ങാനും ? കഴിഞ്ഞ ജന്മത്തിൽ ചെയ്ത തെറ്റിന് ഈ ജന്മത്തിൽ അറസ്റ്റ് ചെയ്യോ ? ഉത്തരങ്ങൾ ഇല്ലാത്ത ഒരുപാട് ചോദ്യങ്ങൾ വാറപ്പന്റെ തലക്കുള്ളിൽ കിടന്ന് വട്ടം കറങ്ങി .

ഏതായാലും ഇവിടെ നിന്ന് ആലോചിക്കുന്നത് അത്ര ബുദ്ധിയല്ലെന്ന് വാറപ്പന്റെ  ബുദ്ധി വാറപ്പന് വാണിംഗ് കൊടുത്തതോടെ വാറപ്പൻ പാഞ്ഞു .   

ആ പാച്ചിലിൽ  പൂക്കാരി  നാണിത്തള്ളയെ  ഇടിച്ചു മറിഞ്ഞു വീണിട്ടും  വാറപ്പൻ തലയിൽ നിന്ന് സഞ്ചി എടുത്തില്ല.

കണ്ണു കണ്ടൂടെടാ നായിന്റെ മോനേ ന്നും  പറഞ്ഞ് നാണിത്തള്ള ചീറി.  

കർത്താവേ വഴീക്കൂടെ  പോയ വയ്യാവേലിയാണല്ലോ എടുത്ത് തലേല് വെച്ചത് വാറപ്പനെന്നുള്ള  പേര് എങ്ങിനെയാ തന്റെ നാവിൻ തുമ്പില് കേറി വന്നേന്നോർത്ത്, അവറാൻ ചേട്ടനൊരെത്തും  പിടിയും കിട്ടിയില്ല.

വാറപ്പൻ ...  അവറാൻ ന്നാ  സാറെ എന്റെ മുഴുവൻ പേര്. 

അതോടെ  അവറാൻ ചേട്ടന് തന്റെ അവസര ബുദ്ധിയിൽ  അഭിമാനം തോന്നി വെറുതേ കിട്ടണ്ട ഒരു ഇടിയാ  തന്റെ ബുദ്ധി കൊണ്ട് ഒഴിവായത് .

അത് കേട്ട് മാത്തൻ സാറിന്റെ  കണ്ണുമിഴിഞ്ഞു  ഇതെന്തു പേര് ? വാറപ്പൻ  അവറാനോ ?.    

ഇവനെ സ്റ്റേഷനില് കൊണ്ട് പോയി ഉരുട്ടി കൊന്നാലോ  ?  മാത്തൻ സാറിന്റെ ആ ഉത്തരവ് കേട്ട്  അവറാൻ ചേട്ടൻ ഞെട്ടി.   

വെറുതേ ഒരാളെ പിടിച്ച് ഉരുട്ടി കൊല്ലേ ?. 

ഇവര്  ക്രൈം ബ്രാഞ്ചുകാരാ ..  അവർക്ക് ആരെവേണമെങ്കിലും ഉരുട്ടിക്കൊല്ലാം. 

ഗൾഫു കാരൻ  ഭാസ്കരേട്ടനായിരുന്നു  ആ സത്യം  വിളിച്ചു പറഞ്ഞത്. 

അത് കേട്ട്  അവറാൻ ചേട്ടന്റെ തല ചുറ്റി. 

കർത്താവേ , ഇവര് തന്നെ  ഉരുട്ടിക്കൊല്ലോ ?. ഉരുട്ടി കൊല്ലാനൊന്നും താനുണ്ടാവില്ല ഉരുട്ടുമ്പോഴേക്കും തന്റെ കാറ്റ് പോയിട്ടുണ്ടാവും. ഏത് കഷ്ടകാലം നേരത്തേണാവോ ഇങ്ങോട്ട് വരാൻ തോന്നിയത്. മര്യാദക്ക് തെങ്ങ് ചെത്താൻ  പോയതായിരുന്നു . 

സുപ്രുന്, അവറാൻ ചേട്ടൻ കൂടി പെട്ടതോടെ ഒരു ആശ്വാസം തോന്നി  ഒറ്റക്ക് ഇടി കൊണ്ട് ചാവണ്ടല്ലോ?. വാസു  അപ്പോഴും ബോധം കെട്ട് കിടപ്പുണ്ടായിരുന്നു.  

ചവാൻ  ഇഷ്ട്ടമില്ലാത്ത കാരണം അവറാൻ ചേട്ടൻ  അപ്പത്തന്നെ മുങ്ങി . അല്ലെങ്കിലും  താനെന്തിനാണിപ്പോ  ആവശ്യമില്ലാത്ത കാര്യങ്ങളിലോക്കെ  ഇടപെടണേ ? ആ ചോദ്യം അവറാൻ ചേട്ടൻ അവറാൻ ചേട്ടനോട് തന്ന്യാ ചോദിച്ചത് .

ആരെങ്കിലും പോയി നമ്മുടെ മെമ്പറ്  സുകേശനെ ഒന്ന് വിളിച്ചോണ്ട് വാ.  

ആരും മെമ്പർ സുകേശനെ വിളിച്ചോണ്ട് വരാൻ സ്വയം മുന്നോട്ട് വരാണ്ടായപ്പോ  ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ എന്നെ നോക്കിയാ അത്   പറഞ്ഞത്.

എടാ മോനേ നീയൊന്ന് പോയി  ആ മെമ്പറെ വിളിച്ചോണ്ട്  വാടാ ഇല്ലെങ്കി ആ  പാവം വിറച്ചു ചാവും.
 
എനിക്കാണെങ്കീ  അവിടന്നു പോവാൻ  യാതൊരു ഇഷ്ടവുമില്ല.  എന്താ സംഭവിക്കാന്ന് കാണണല്ലോ ?. സുപ്രുനെ ഇപ്പൊ ക്രൈം ബ്രാഞ്ചുകാര് ഇടിക്കും  അത്  കാണാൻ വേണ്ടി തന്നെയാ ഞാൻ നിൽക്കുന്നത് .  സ്പ്രൂനോട് എനിക്ക് പേഴ്സണലായിട്ടും  ദേഷ്യമുണ്ട്.  ഒരു പ്രാവശ്യം തേൻനിലാവ് മിഠായി കടം ചോദിച്ചപ്പോ,  എനിക്ക് തന്നില്ല. കാശുണ്ടെങ്കീ തിന്നാ മതീന്നാ  പറഞ്ഞത്.  ഞങ്ങള് സുപ്രുന്റെ കടേന്നാ സാധനങ്ങളൊക്കെ വാങ്ങാറ്. എനിക്ക് തേൻ നിലാവ് തരാത്ത കാരണം, സുപ്രുന്റെ കടേല് അപ്പടി മായാന്നും അമ്മയോട് നൊണ പറഞ്ഞ് ഞാൻ കട മാറ്റിച്ചതായിരുന്നു.  പക്ഷേ സുപ്രു ഒരു പ്രാവശ്യം  അമ്മയെ  കണ്ടതോടെ എന്റെയാ  പരിപാടി ചീറ്റി . അതിന്റെ ചൊരുക്ക് എനിക്ക് നന്നായുണ്ട് അതോണ്ട്  സ്പ്രൂന് രണ്ടെണ്ണം കിട്ടണത് കാണാൻ തന്നെയാ ഞാൻ സന്തോഷപൂർവ്വം നിൽക്കണത് . 

പക്ഷെ  സുപ്രുന്റെ ആകെ വിറച്ചോണ്ടുള്ള  നിൽപ്പ് കാണുമ്പോ ക്രൈംബ്രാഞ്ചുകാര് ഇടിക്കുന്നതിനു മുന്നേ സുപ്രു സ്വയം  ചാവൂന്നാ തോന്നണത്. 

മോനെ സുപ്രു... നിന്റെ ഭാര്യയോട് ഞാൻ  വല്ലതും പറയണോടാ ?.  

പൂക്കാരി നാണിത്തള്ള അതു ചോദിച്ചതും, സുപ്രു വാവിട്ട് കരഞ്ഞതും ഒരുമിച്ചായിരുന്നു. തന്റെ  അവസാന ആഗ്രഹം എന്താണെന്ന്  ചോദിക്കുന്നത്  പോലെയാ സുപ്രുനത്  കേട്ടപ്പോൾ  തോന്നിയത്. 

സുപ്രുവിന്റെ ഭാര്യയെ വിളിച്ചോണ്ട് വന്നാ ഒരു ധൈര്യം ആവൂല്ലൊന്ന് കരുതിയാ നാണിത്തള്ള അതു പറഞ്ഞത്. 

ക്രൈഎം ബ്രാഞ്ച് കാർക്ക് ആരേം കൊല്ലാനുള്ള അധികാരം ഉണ്ടത്രേ..

ഭാസ്ക്കരേട്ടന്റെ വായീന്ന് അതുകൂടി കേട്ടതോടെ എന്നെ  കൊല്ലല്ലേന്നും പറഞ്ഞോണ്ട്  സുപ്രു വാവിട്ട് കരഞ്ഞു. ബോധം കെട്ടു കിടക്കായിരുന്ന വാസുവും  അതോടൊപ്പം കരഞ്ഞു. 

വാസുവിന്, ഏതാണ്ട് ബോധം വന്ന സമയത്തായിരുന്നു അത് കേട്ടത് . 

ഓണത്തിന് എനിക്ക്  ബോണസും  വേണ്ടാ ശമ്പളവും വേണ്ടാ ചോറുണ്ണാൻ  ജീവൻ മാത്രം കിട്ടിയാ മതിയായിരുന്നു വാസു  മനസ്സിലോർത്തത്.  

ഛീ വാ മൂടെടാ റാസ്‌ക്കൽന്നും  അലറിക്കൊണ്ട് ഒരു   ക്രൈംബ്രാഞ്ചുകാരൻ നിലത്ത് ആഞ്ഞൊരു  ചവിട്ട്  അതോടെ  ക്ലിപ്പിട്ട പോലെ സുപ്രു  വാ പൊത്തി . 

പോയി ആ മെമ്പറെ  വിളിച്ചോണ്ട് വാടാ  ഇല്ലെങ്കീ ഈ പാവത്തിനെ ഇവരിവിടെയിട്ട് കൊല്ലും ,  പാക്കരൻ ചേട്ടൻ വീണ്ടും എന്നെ നോക്കിയാ അതു പറഞ്ഞത്.  

ഞാൻ പാക്കരൻ ചേട്ടൻ കാണാതെ ഇപ്പറത്ത് വന്ന് നിക്കായിരുന്നു . 

ആരെങ്കിലും പോയി മെമ്പറ്  സുകേശനെ വിളിച്ചോണ്ട് വാ ന്ന് ഭാസ്ക്കരേട്ടനും പറഞ്ഞു . 

ഇവർക്ക് പോയി വിളിച്ചാലെന്താ..?.  

ഒടുക്കം  എല്ലാവരുടേം നിർബന്ധം കാരണം ഞാനാ മെമ്പറെ വിളിക്കാൻ  പോയത്. മെമ്പറ്  വന്നിട്ട് ക്രൈം ബ്രാഞ്ചു കാരുടെ അടുത്ത് എന്തു കാണിക്കാനാന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. 

അവറാൻ ചേട്ടൻ വന്ന  സൈക്കിളവിടെയിരിപ്പുണ്ടായിരുന്നു  ക്രൈം ബ്രാഞ്ചുകാര് ഉരുട്ടി കൊല്ലുമെന്നു ഭീക്ഷിണിപ്പെടുത്തിയതോടെ സൈക്കിള് പോലും ഉപേക്ഷിച്ചാ ആളു മുങ്ങിയത് .  

തന്നെ ഉരുട്ടിക്കൊല്ലാൻ വിട്ട്,  അവറാൻ ചേട്ടൻ മാത്രം രക്ഷപ്പെട്ടതിൽ  സൈക്കിളിനും നല്ല അമർഷമുണ്ടായിരുന്നു. 

ഞാൻ തിരിച്ചു വരുന്നതിനും മുന്നേ സ്പ്രൂനെ ക്രൈം ബ്രാഞ്ചുകാര് ഇടിച്ചു  കൊല്ലല്ലേയെന്നും   പ്രാർത്ഥിച്ചിട്ടാ ഞാൻ സൈക്കിളിൽ  പാഞ്ഞത് .
ക്രൈം ബ്രാഞ്ച് ന്ന് കേട്ടതോടെ..  ദേ വരണൂന്നും പറഞ്ഞ് അകത്തേക്ക് കേറിപ്പോയ സുകേശനെ പത്തുമിനിറ്റായിട്ടും കാണാണ്ടായപ്പോഴാ ഞാൻ ആകത്ത് കേറി നോക്കിയത്.  ആള് പുറകീക്കൂടെ മുങ്ങീയേക്കണൂന്ന് അപ്പോഴാ  മനസ്സിലായത് . മെമ്പറാണെന്ന്  പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല പോലീസെന്ന് കേട്ടാലേ മുട്ട്  കൂട്ടിയിടിക്കണതാ സുകേശന്റെ.  

ക്രൈം ബ്രാഞ്ചെന്നും കൂടി കേട്ടതോടെ ജീവൻ കൈയ്യീപ്പിടിച്ചാ ആള് പിന്നാമ്പുറത്തൂടെ പാഞ്ഞത്  .

ഞാൻ പാഞ്ഞിട്ടാ തിരിച്ചു ചെന്നത്,  ഭാഗ്യം  സുപ്രുനെ കൊന്നിട്ടില്ല ഞാനിപ്പോ ചാവൂന്നും പറയാതെ, പറഞ്ഞ് സുപ്രു ആ  മൂലക്ക് തന്നെ പതുങ്ങി നിപ്പുണ്ട്. 

 ക്രൈം ബ്രാഞ്ച്കാര്  വലിച്ചു വാരി എന്തൊക്കെയോ പരിശോധിക്കുന്നുണ്ട്.

 അതിന്റെ എടേലാ നെഞ്ചത്തടിച്ചു നിലവിളിച്ചോണ്ട് സ്പ്രൂന്റെ ഭാര്യ കുസുമേടത്തി ഓടി വന്നത്. സുപ്രുനെ ക്രൈം ബ്രാഞ്ച്കാര്  പിടിച്ചൂന്ന് ആരോ പോയി പറഞ്ഞത് കേട്ടാ .., എന്റെ കെട്ടിയോനെ കൊല്ലല്ലേന്നും  അലമുറയിട്ടൊണ്ട്  കുസുമേടത്തി ഓടി വന്നത്  .

സുപ്രു എന്തോ പൂഴ്ത്തി വെച്ചിട്ടുണ്ടെത്രെ  ആരോ അത് ക്രൈം ബ്രാഞ്ചിന് വിവരം കൊടുത്തു  അവരത് അന്വേഷിക്കാൻ വന്നതാന്നാ മീൻ കാരൻ മമ്മദ് തന്റെ ബുദ്ധി ആലോചിച്ച് കണ്ടെത്തിയത് .

അവനെന്തു  പൂഴ്ത്തി വെച്ചേക്കണതാന്ന്  എത്ര  ആലോചിച്ചിട്ടും   നാട്ടുകാർക്ക് ഒരെത്തും പിടിയും കിട്ടിയില്ല.

സ്വർണ്ണമാവൂന്നാ, ഭാസ്ക്കരേട്ടൻ പറഞ്ഞത്  വല്യ വല്യ കള്ളക്കടത്തുകാര് ഇതു പോലെ സ്വർണ്ണം  പൂഴ്ത്തി വെക്കാറുണ്ടത്രെ . 

സുപ്രു കള്ളക്കടത്തുകാരനാണോ ? അത് കേട്ടതോടെ സുപ്രു വല്യ ഒരാളായ പോലെ എനിക്ക് തോന്നി. ആ വിചാരത്തോടെ  ഞാൻ  സുപ്രുനെ നോക്കി ,  പക്ഷേ വിറച്ചു നിൽക്കാണ സുപ്രുനെ കണ്ടാ അങ്ങനെയൊന്നും തോന്നത്തില്ല .

അവസാനം അരിച്ചാക്കിന്റെ ഉള്ളീന്ന് ഒരു അര  കുപ്പി ബ്രാണ്ടി ക്രൈം ബ്രാഞ്ച് കാര് പൊക്കിയെടുത്തു . കുസുമേടത്തി അറിയാതെ ദിവസോം രണ്ടെണ്ണം വീശാൻ സുപ്രു ഒളിച്ചു വെച്ചതായിരുന്നു അരിച്ചാക്കിന്റെ അകത്ത് . 

സുപ്രു കുടിക്കൂന്ന് നാട്ടുകാർക്കും അപ്പോഴാ  മനസ്സിലായത്.

മദ്യം താൻ കൈകൊണ്ട് പോലും തൊടത്തില്ലാന്നായിരുന്നു ഇത് വരേക്കും സുപ്രു നാട്ടുകാരോട് പറഞ്ഞു നടന്നോണ്ടിരുന്നത് .

കുറേ നേരം തപ്പിയിട്ടും അന്വേഷിച്ചു വന്നത് കിട്ടാതായപ്പോ ക്രൈം ബ്രാഞ്ചുകാര് പോയി. സത്യത്തിൽ അവര്  ആളു മാറി വന്നതായിരുന്നു. 
വേറേതോ സുപ്രുവിനെ അന്വേഷിച്ചു വന്നവരാ ഈ സുപ്രുനെ കേറിപ്പിടിച്ചത്.

ക്രൈം ബ്രാഞ്ചുകാര് വന്നതോടെ സുപ്രുവിന്റെ  മുഖം മുടി വലിച്ചു കീറപ്പെട്ടു.

മെമ്പർ സുകേശൻ ഞങ്ങളോട്  പറഞ്ഞത് മന്ത്രീനെ വിളിക്കാൻ പുറകീക്കൂടെ  ഇറങ്ങിയോടിയതാന്നാ . 

അന്നത്തോടെ വാസു , സുപ്രുവിന്റെ കടയിൽ  പൊതിയാൻ നിക്കണത് നിറുത്തി.

 ബോണസ് എവിടേന്ന്   ഭാര്യ ഓമന ചോദിച്ചപ്പോ മുതുകത്ത് രണ്ടിടിയാ ബോണസ്സായിട്ട് വാസു  കൊടുത്തത്. 

ആ ബോണസും വാങ്ങി പാവം ഓമന കരഞ്ഞോണ്ട് അകത്തേക്കോടി .



0 അഭിപ്രായങ്ങള്‍