പിച്ചാത്തി കുട്ടപ്പൻ
പാക്കരൻ ചേട്ടന്റെ ചായക്കടയിൽ പൊരിഞ്ഞ അടിനടക്കണൂന്നും കേട്ടായിരുന്നു എല്ലാവരും ഓടിച്ചെല്ലുന്നത്.
എന്നത്തേയും പോലെ പ്രേക്ഷിതൻ സുകു തന്നെയാണ് ശ്വാസം പോലും വിടാതെ ആ വിവരം ഓടിവന്നു പറഞ്ഞതും .
എന്തുകൊണ്ടെന്നറിയില്ല ഇത്തരം സന്ദർഭങ്ങളിൽ ആദ്യമെത്തുന്നതും നാട്ടുകാരെ മുഴുവൻ വിവരമറിയിക്കുന്നതും സുകുവായിരിക്കുമെന്നുള്ളതാണ് പതിവ്.
ചായ കുടിക്കാൻ പോയതായിരുന്നു സുകു.
കടക്കുള്ളിൽ നിന്നും ആരുടേയോ ഓളി കേട്ടതോടെ സുകു അകത്തു കേറാതെ പുറത്തു നിന്നും ഒളിഞ്ഞു നോക്കി.
എവിടെയെങ്കിലും അടിയുണ്ടെങ്കിൽ അതിന്റെ വായിലോട്ട് ആരും വിളിക്കാതെ തന്നെ നടന്നു കേറി അവിടെനിന്നും അടിവാങ്ങി വരുന്നതാണ് സുകുവിന്റെയൊരു രാശി .
അത് മനസ്സിലുള്ളതുകൊണ്ടോ എന്തോ , ഇപ്രാവശ്യം വളരെയധികം ജാഗ്രതയാണ് സുകു പാലിച്ചത്. എന്നിട്ടും ഒന്ന് പോയി നോക്ക് നോക്കെന്നുള്ള മനസ്സിന്റെ അന്തർധാര ഉള്ളിൽ നിന്നും സുകുവിനെ മുന്നോട്ട് തള്ളിച്ചെങ്കിലും ഒരുവിധത്തിലായിരുന്നു സുകു മനഃസംയമനം പാലിച്ചു കൊണ്ട് അടികൊള്ളുവാനുള്ള ആ വിളിയെ അതിജീവിച്ചത്.
സ്വന്തം ശരീരത്തിൽ പോലും ശത്രുക്കളോയെന്നായിരുന്നു സുകു ചിന്തിച്ചത് .
ചായക്കടക്കുള്ളിൽ തൂങ്ങിക്കിടക്കുന്ന രണ്ടു കാലുകൾ മാത്രമാണ് സുകു ആദ്യം കണ്ടത്. ആ ശോഷിച്ച കാലുകൾ പാക്കരൻ ചേട്ടന്റെയാണെന്ന് വിളിച്ചു പറയേം ചെയ്തു .
വലിവിന്റെ അസുഖം ഉള്ളതു കൊണ്ടാണ് തന്റെ കാലുകൾക്ക് വണ്ണം കുറവെന്ന് പാക്കരൻ ചേട്ടൻ ഇടക്കിടക്ക് പറയാറുണ്ട്.
വലിവും കാലുകളും തമ്മിലെന്തു ബന്ധമെന്ന് മറ്റുള്ളവർക്ക് അറിയാത്തതുകൊണ്ടും, അതറിഞ്ഞതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാത്തതുകൊണ്ടും ആരും അതേക്കുറിച്ച് കൂടുതലൊന്നും അന്വേഷിക്കാറുമില്ല ചോദിക്കാറുമില്ല.
പിന്നെ നിങ്ങളുടെ ശരീരം ഭീമസേനന്റേത് പോലെയല്ലെയെന്ന് ഇടക്കിടക്ക് ഭാര്യ അന്നമ്മ ചേടത്തി കളിയാക്കി ചോദിക്കാറുണ്ടെങ്കിലും പാക്കരൻ ചേട്ടനത് കാര്യമാക്കാറില്ലയെന്നുള്ളതാണ് സത്യം.
ആളുകൾ ചോദിക്കാറില്ലെങ്കിലും പറയാനുള്ളത് തന്റെ കടമയെന്ന് പാക്കരൻ ചേട്ടൻ കരുതിപ്പോരുകയും ചായകുടിക്കാൻ വരുന്ന എല്ലാവരോടും തന്റെ കാലുകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇത് അനുസ്യൂതം തുടരുകയും ചെയ്തുകൊണ്ടിരുന്നു.
കാലുകൾക്ക് ഇതിൽ വലിയ അതൃപ്തി ഉണ്ടെങ്കിലും പാക്കരൻ ചേട്ടനത് കാര്യമാക്കാറില്ല എന്നുള്ളതാണ് സത്യം .
അതുകൊണ്ട് തന്നെയാണ് പ്രശസ്തമായ ആ കാലുകളെ ഒറ്റ നോട്ടത്തിൽ തന്നെ സുകുവിന് തിരിച്ചറിയുവാനായതും.
പാക്കരൻ ചേട്ടൻ തട്ടിപ്പോയോന്നോർത്ത് സുകു ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെയാ കാലുകൾ വിറക്കുന്നത് കണ്ടതോടെ കാലുകളുടെ ഉടമസ്ഥനായ പാക്കരൻ ചേട്ടന് ജീവനുണ്ടെന്ന് മനസ്സിലാവുകയും ആരുടേയോ കൈക്കരുത്തിൻ മേലാണ് വായുവിൽ തൂങ്ങി നിൽക്കുന്നതെന്ന് സുകു തിരിച്ചറിഞ്ഞതും.
ആരോ ഒരാൾ പാക്കരൻ ചേട്ടന്റെ കഴുത്തിന് പിടിച്ച് ഉയർത്തിയിരിക്കുന്നു.
വേറൊരാൾ താഴത്തും വീണു കിടപ്പുണ്ട്. അത് പലചരക്കു കടക്കാരൻ സുപ്രുവാണെന്ന് സുകുവിന് മനസ്സിലായി. കാരണം ഒരു ചുവന്ന വാല് സുപ്രുവിന്റെ മുണ്ടിന്റെ മുകളിൽ കൂടി പുറത്തുവന്നു കിടപ്പുണ്ടായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ കോണകമുടക്കുന്ന ഒരേ ഒരാൾ പലചരക്കു കടക്കാരൻ സുപ്രു മാത്രമാണ്. പലരും പരിഷ്കൃത ലോകത്തിലേക്ക് കൂടുമാറി ആധുനികരായെങ്കിലും പരമ്പരാഗതമായ ആ വേഷവിധാനം, സുപ്രു മാത്രമേ ഇപ്പോഴും പിന്തുടരുന്നുള്ളൂ. പഴയകാലത്തിന്റെ പാരമ്പര്യക്കാരായ പലരും പല വർണ്ണങ്ങളിലുള്ള ട്രൗസറുകളിലേക്കുള്ള മാറ്റം നടത്തിയെങ്കിലും സുപ്രു മാത്രം അതിലുറച്ചു നിന്നു. ഈ ഒരു ട്രേഡ് മാർക്ക് തന്നെയായിരുന്നു ,സുപ്രുവിനെ എളുപ്പത്തിൽ തിരിച്ചറിയാൻ സുകുവിന് ഇടവരുത്തിയതും.
ഇത് നല്ല സൗകര്യമാണെന്നാ സുപ്രുവിന്റെ നിലപാട് . സുപ്രുവിന്റെ ഭാര്യ കുസുമേടത്തി സുപ്രുവിനെ കുറെ ഉപദേശിച്ചെങ്കിലും യാതൊരു മാറ്റവുമുണ്ടായില്ല . അവസാനം കുസുമേടത്തി ഗൾഫിലുള്ള ആങ്ങളയോട് പറഞ്ഞ് ഒരു ഗൾഫ് ജെട്ടി ഏർപ്പാടാക്കിയെങ്കിലും ഒരു ദിവസം മാത്രം അതിട്ട സുപ്രു, എന്തോ തനിക്ക് ആകെ വീർപ്പു മുട്ടുന്നെന്നും പറഞ്ഞ് ആ ആധുനികനെ ഉപേക്ഷിക്കുകയായിരുന്നു.
അവസാനം അത് സുപ്രുവിന്റെ അമ്മായപ്പൻ വാസുവേട്ടനാണ് ഇപ്പൊ ഉപയോഗിക്കുന്നത് .
ഏതായാലൂം ആ കോണകം സുപ്രുവിനെ തിരിച്ചറിയാനുള്ളൊരു സിംബലായി ഞങ്ങളുടെ ഗ്രാമത്തിൽ മാറിക്കഴിഞ്ഞിരുന്നു .
ആരോടെങ്കിലും സുപ്രുവിനെ ചോദിച്ച് മനസ്സിലായില്ലെങ്കി കോണകം സുപ്രുവെന്ന് പറയുമ്പോഴേക്കും തിരിച്ചറിയാവുന്ന തരത്തിൽ ആ വേഷവിധാനം സുപ്രുവിനെ പ്രശസ്തനാക്കി എന്നുള്ളതായിരുന്നു സത്യം .
പാക്കരൻ ചേട്ടന്റെ കഴുത്തിന് കുത്തിപ്പിടിച്ച് വായുവിൽ നിറുത്തിയ ആൾ അരയിൽ നിന്നും ഒരു പിച്ചാത്തിയൂരിക്കൊണ്ട് അലറി.
നിന്നെയിന്ന് ഞാൻ കൊല്ലും.
ഇതും കൂടി കേട്ടതോടെ സുകു നിലവിളിച്ചു കൊണ്ട് ഓടി വരുകയായിരുന്നു.
കുത്തുമെന്ന് പറഞ്ഞിട്ടും എന്താ പാക്കരൻ ചേട്ടൻ കരയാത്തതെന്നായിരുന്നു സുകുവിന്റെ ചിന്ത . പാക്കരൻ ചേട്ടന്റെ നായ റോമുവാണെങ്കിൽ പുറത്ത് പതുങ്ങി കിടപ്പുണ്ട് . ആരും തന്നെ കാണാല്ലേയെന്ന പ്രാർത്ഥനയിലായിരുന്നു അവൻ .
സുകുവിനെ കുറിച്ച് പറയുകയാണെങ്കിൽ, പഴയ കാലത്ത് ഞങ്ങളുടെ ഗ്രാമത്തെ വിറപ്പിച്ചൊരു റൗഡിയായിരുന്നു സുകു.
അന്ന് ധൈര്യത്തിന്റയും, ചങ്കൂറ്റത്തിന്റെയും ആൾരൂപമായാണ് സുകുവിനെ ഏവരും കണ്ടിരുന്നത്. എന്നാൽ ഇടിയൻ ജോണി ഞങ്ങളുടെ സ്റ്റേഷനിൽ ചാർജ്ജെടുത്തത് റൗഡികളെ വാഴിക്കില്ല എന്നുള്ള വ്രതവുമായായിരുന്നു. അതിന്റെ ആദ്യ ഇരയാവാനുള്ള ഭാഗ്യമുണ്ടായത് സുകുവിനും . മൂന്നുദിവസമാണ് ഇടിയൻ സുകുവിനെ ഇട്ട് ഇടിച്ചത്. അതോടെ ആ പാവത്തിന്റെ കരച്ചിൽ അങ്ങ് ആകാശത്തോളം ഉയർന്നു കേട്ടു.
അവസാനം ഒരു പുതിയ സുകുവായിട്ടായിരുന്നു സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങിയത് . അതുവരെ ആളുകളെ വിറപ്പിച്ചിരുന്ന സുകുവിന്റെ ഒരു പ്രേതമായിരുന്നൂവത്.
അതിനു ശേഷം ആരെങ്കിലും ഒന്ന് ഉറക്കെ വർത്തമാനം പറയുന്നത് കേട്ടാ പോലും സുകുവിന് പേടിയാ.
ഇടിയന്റെ ഇടി സുകുവിലെ റൗഡിയേയും അതോടൊപ്പം ധൈര്യത്തേയും എടുത്തുകൊണ്ടാണ് പോയത്.
അതിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടിയാണ് സുകു ഒരു പ്രേക്ഷിതനായി മാറിയതും കർത്താവിലേക്ക് അടുത്തതും . പക്ഷേ കർത്താവിന് പോലും ആ പേടിയിൽ നിന്നും സുകുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല എന്നുള്ളതായിരുന്നു സത്യം.
ആയകാലത്ത് കുറേപ്പേരുടെ പുറം ഇടിച്ചു പൊളിച്ചിട്ടുള്ളത് കൊണ്ട് അവരിൽ നിന്നും തിരിച്ച് ഇടി കിട്ടാതിരിക്കുവാനുള്ള ഒരു തന്ത്രമായി സുകുവിന്റെ ഈ നീക്കത്തെ വിലയിരുത്തുന്നവരുമുണ്ട്.
ചായക്കടക്കു പുറത്ത് വലിയൊരു ആൾക്കൂട്ടമുണ്ട് എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചിട്ടാണ് അകത്തോട്ട് നോക്കി നിൽക്കുന്നത്.
പാക്കരൻ ചേട്ടൻ ഒരു മൂലക്ക് പതുങ്ങി നിപ്പുണ്ട്, തൂക്കിനിറുത്തിയ പാക്കരൻ ചേട്ടനെ ഇപ്പോൾ താഴത്ത് ഇറക്കി നിറുത്തിയിട്ടുണ്ട്. ആകെ വിറച്ചുകൊണ്ടാണ് ആള് നിൽക്കുന്നതെന്ന് കണ്ടാൽ തന്നെ അറിയാം. പാക്കരൻ ചേട്ടന്റെ തൊട്ടപ്പുറത്തായി റോമുവും നിൽപ്പുണ്ട്. പാക്കരൻ ചേട്ടനൊപ്പം അവനും കിടന്ന് വിറക്കുന്നുണ്ട്. പാക്കരൻ ചേട്ടൻ രണ്ടുകാലിലും അവൻ നാലുകാലിലും വിറക്കണൂന്ന വ്യത്യാസം മാത്രമേയുള്ളൂ.
അതിനിടയിലും റോമുന്റെ വാല് കിടന്ന് ആടുന്നുണ്ട്. ആദ്യം വിചാരിച്ചത് വാലും കിടന്ന് വിറക്കുന്നതാന്നാ പിന്ന്യാ മനസ്സിലായത് അവൻ പിച്ചാത്തി പിടിച്ച ആളെ നോക്കി വാലാട്ടുന്നതാണെന്ന്.
പാക്കരൻ ചേട്ടനെ കുത്തിയാലും തന്നെ കുത്തല്ലേ ന്നു വാലുകൊണ്ട് പറയുന്നതായിരിക്കും.
പാക്കരൻ ചേട്ടൻ സാധാരണ കുഴപ്പങ്ങൾക്കൊന്നും പോകാത്തതാണല്ലോ എന്തോ വല്യ പ്രശ്നമുണ്ട് അല്ലെങ്കി ആരെങ്കിലും പിച്ചാത്തിയും ഊരിക്കൊണ്ട് നിക്കോ?.
വീണു കിടക്കുന്ന സുപ്രു ഇടക്കിടക്ക് ഞരങ്ങുന്നുണ്ട് അതുകൊണ്ട് ചത്തിട്ടില്ലെന്നു നാട്ടുകാർക്ക് മനസ്സിലായി.
പാക്കരൻ ചേട്ടൻ ദയനീയമായി പുറത്തോട്ട് നോക്കുന്നുണ്ട് ആരെങ്കിലും രക്ഷിക്കാൻ വരൂ.. വരൂന്ന് ആ കണ്ണുകൾ കെഞ്ചുന്നതു കാണാം. പക്ഷേ പാക്കരൻ ചേട്ടനെ രക്ഷിക്കാൻ മാത്രം ധൈര്യമുള്ള ഒരാളും അവിടെയുണ്ടായിരുന്നില്ല.
പലരിലും ചുറ്റിത്തിരിഞ്ഞ് ആ കണ്ണുകളിൽ എന്നിലെത്തി അതോടെ അതൊന്ന് വിടർന്നതു പോലെ എനിക്ക് തോന്നി. അത് വിടരാനുണ്ടായ കാരണം ഞാനവിടെ ഉണ്ടെന്നത് പാക്കരൻ ചേട്ടൻ തിരിച്ചറിഞ്ഞതു കൊണ്ടുതന്നെയായിരുന്നു.
ഞാൻ കരാട്ടെ പഠിക്കുന്നുണ്ടെന്ന് പാക്കരൻ ചേട്ടനറിയാം. പാക്കരൻ ചേട്ടൻ എന്നെ സൂക്ഷിച്ച് നോക്കിയതോടെ ഞാൻ സുകുവിന്റെ പിന്നിലേക്ക് പതുക്കെ മാറി.
കിഴവൻ ചിലപ്പോ എന്നെ വിളിച്ച് പിച്ചാത്തിയുടെ മുന്നിലേക്ക് ഇട്ടുകൊടുക്കും. വിളിച്ചാ പോകാതിരിക്കാനാവില്ല. എനിക്ക് ഇടക്കിടക്ക് ഇറച്ചിയും പൊറോട്ടയും തരാറുള്ളതാ അതുമാത്രമല്ല കാശ് കടം ചോദിച്ചാലും പാക്കരൻ ചേട്ടൻ തരാറുണ്ട് .
പക്ഷെ ഇറച്ചിയേക്കാളും പൊറോട്ടയെക്കാളും വലുതാണല്ലോ എന്റെ ജീവൻ.
പിച്ചാത്തിയും പിടിച്ചു നിൽക്കുന്നയാളെ മുൻപിവിടെയൊന്നും കണ്ടിട്ടില്ല.
ഇതിനിടയിലാ സംഭവം അറിഞ്ഞ് , ആരെടാ പാക്കരനെ കൈവെക്കുന്നതെന്നും ചോദിച്ച് അലറിക്കൊണ്ട് അവറാൻ ചേട്ടൻ പാഞ്ഞു വന്നത്.
പാക്കരനെ തൊട്ടാ, തൊട്ടവനെ ഞാൻ തട്ടൂന്നും അലറിക്കൊണ്ട് ചെത്തു കത്തിയും എടുത്ത് അകത്തേക്കോടിയാ അവറാൻ ചേട്ടൻ അതിലും സ്പീഡിലാ പുറത്തേക്കോടി വന്നത്.
അവറാൻ ചേട്ടൻ വന്നതോടെ ഞങ്ങൾക്കും ധൈര്യമായി ഞാനും അലറിക്കൊണ്ട് അവറാൻ ചേട്ടന്റെ പിന്നാലെ അകത്തോട്ട് പാഞ്ഞു. ബ്രൂസിലി ഓളിയിടുന്ന പോലെ ഒരു ഓളിയും ഇട്ടോണ്ടാ ഞാൻ അകത്തേക്കു പാഞ്ഞു കയറിയത്. എന്റെ പിന്നാലെ വന്ന കരാട്ടെ മാസ്റ്റർ വാസുവും ഞാൻ ഓളിയിട്ടതു പോലെ ഓളിയിട്ടൊണ്ട് . അകത്തേക്ക് പാഞ്ഞു. അതേതാണ്ട് വയറുവേദനയുള്ള കുറുക്കൻ ഓളിയിടുന്നതു പോലെ ഉണ്ടായിരുന്നു.
പെട്ടെന്നുള്ള ആ ഓളി കേട്ട് തൊട്ടപ്പുറത്ത് നിൽക്കായിരുന്ന മീൻകാരൻ മമ്മദ് ഒറ്റ ഞെട്ട് ഞെട്ടി അയ്യോ ..ന്ന് ഓളിയിട്ടതും അതോടൊപ്പം തന്നെയായിരുന്നു .
അവറാൻ ചേട്ടൻ അകത്തേക്ക് പാഞ്ഞതിലും വേഗത്തിൽ പുറത്തേക്ക് ഓടിയതോടെ ഞാനും പുറത്തേക്ക് ഓടി.
എന്നെ രക്ഷിക്കെന്ന പാക്കരൻ ചേട്ടന്റെ വിലാപം ആരും കേട്ടില്ല .
എന്റെ കർത്താവേ പിച്ചാത്തി കുട്ടപ്പനല്ലേ അത് ? ..
അതും പറഞ്ഞ് അവറാൻ ചേട്ടൻ തുള്ളപ്പനി ബാധിച്ച പോലെ കിടന്നു വിറക്കുന്നുണ്ട്. അവറാൻ ചേട്ടൻ വിറക്കുന്നതിനൊപ്പം കൈയ്യിലുള്ള ചെത്തു കത്തിയും വിറക്കുന്നുണ്ട്.
അകത്തേക്ക് കൂവിക്കൊണ്ട് ഓടിപ്പോയ വാസുമാസ്റ്ററെ കാണാനില്ല. ഞങ്ങൾ പുറത്തേക്ക് ഓടിവന്നത് പാവം വാസു മാസ്റ്റെർ കണ്ടിട്ടില്ല ആളുടെ വിചാരം ഞങ്ങൾ ഇപ്പോഴും അകത്തുണ്ടെന്നാ .
നിങ്ങടെ കൂടെ വന്ന മാസ്റ്റെറ് എവിടേ ന്ന് ഇടക്ക് സുകു ചോദിക്കുന്നുമുണ്ട്.
അവറാൻ ചേട്ടൻ ആകാശത്തോട്ട് നോക്കി കൈമലർത്തി.
ഞാൻ മിണ്ടാതെ മാറിനിന്നു അവറാൻ ചേട്ടൻ വിറച്ച് ഓടിയോടത്ത് ഞാനെന്തു ചെയ്യാനാ?. അകത്തേക്ക് കൂവിക്കൊണ്ട് ഓടിപ്പോയ വാസു മാസ്റ്ററെ കാണുവാനില്ല . അത്രക്കും ഭീകരനായിരിക്കും പിച്ചാത്തി കുട്ടപ്പൻ, സാധാരണ അവറാൻ ചേട്ടൻ അങ്ങിനെയൊന്നും പേടിക്കാത്തതും വിറക്കാത്തതുമാ. ഭാഗ്യം കൊണ്ടാ കുട്ടപ്പന്റെ മുന്നിൽ പോയി പോയി പെടാഞ്ഞത്. കുട്ടിയാണെന്നൊന്നും കുട്ടപ്പൻ നോക്കത്തില്ല .
അടുത്ത നിമിഷം ഒരു അലർച്ച കേട്ടു.
ആരെടാ അത് ?.അതോടൊപ്പം വാസു മാസ്റ്ററുടെ കൂവലും. പിന്നെയതൊരു കരച്ചിലായി രൂപമാറ്റം സംഭവിക്കുന്നത് നാട്ടുകാർ വ്യക്തമായും കേട്ടു. ഇടിയ്ക്കിടക്ക്...എന്നെ തല്ലല്ലേ...കൊല്ലല്ലേ യെന്നുള്ള കരച്ചിലും.
വാസു മാസ്റ്റർ ,കുട്ടപ്പനെ തല്ലുന്നതോ അതോ കുട്ടപ്പൻ, വാസു മാസ്റ്ററെ ചീവുന്നതോ? നാട്ടുകാർക്ക് ആകെ കൺഫ്യൂഷ്യൻ.
പിന്നെ ഒരു അട്ടഹാസം ഉയർന്നു കേട്ടു ,അതൊടൊപ്പം കൊച്ചുകുട്ടികൾ വാവിട്ടു കരയുന്ന പോലൊരു അലറി കരച്ചിലും.
വാസു മാസ്റ്റർ അയാളെ കൊന്നോ?
ആരെങ്കിലും പോയി വാസുവിനോട് അവനെ കൊല്ലണ്ടാന്ന് പറയൂ.
സൈക്കിളു കടക്കാരൻ അന്തോണിയാണത് വിളിച്ചു പറഞ്ഞത് .
പക്ഷേ, വീണ്ടും അകത്തേക്ക് ഓടിപ്പോയി സ്വയം കുഴിയിൽ ചാടാൻ മാത്രം ബുദ്ധിമോശമുള്ള ആരും അവിടെ ഉണ്ടായിരുന്നില്ല.
ശ്രദ്ധിച്ചു കേട്ടപ്പോഴാ മനസ്സിലായത് എവിടെയോ കേട്ടു പരിചയമുള്ള കരച്ചിൽ . ഈശ്വരാ അത് വാസു മാസ്റ്ററുടെതാണല്ലോ?
ആർക്കാടാ ജീവനിൽ കൊതിയില്ലാത്തത് ? ധൈര്യമുള്ളവർ അകത്തേക്ക് വാടാ.
കുട്ടപ്പന്റെ ആ വെല്ലുവിളി കേട്ടതോടെ ചെത്തു കത്തി അപ്പുറത്തേക്കിട്ട് അവറാൻ ചേട്ടൻ ഒന്നുമറിയാത്തതു പോലെ നിന്നു.
കുട്ടപ്പന്റെ ആ വെല്ലുവിളി നേരിടാൻ ധൈര്യമുള്ളവരായി ഞങ്ങളുടെ ഗ്രാമത്തിൽ ആരുമുണ്ടായിരുന്നില്ല. ആകെക്കൂടി ധൈര്യവാനെന്ന് ഞങ്ങൾ നാട്ടുകാർ വാഴ്ത്തുന്ന കരാട്ടെ വാസു അകത്തേക്ക് കേറിപ്പോയതിനു ശേഷം യാതൊരു വിവരവുമില്ല, ആ പാവം ജീവനോടെയുണ്ടാവോ ആവോ ?.
അയ്യോ ഇവനെപ്പോഴാ ജയിലീന്നിറങ്ങീത് ? മീൻകാരൻ മമ്മദിന്റെയാ ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല, ആർക്കുമത് അറിയത്തില്ലെന്നുള്ളതായിരുന്നു സത്യം.
ഒരു ഉത്തരം പ്രതീക്ഷിച്ച് എല്ലാ മുഖങ്ങളിലോട്ടും മമ്മദ് നോക്കിയെങ്കിലും എല്ലാവരും നിശ്ശബ്ദരായിരുന്നു. ഇനി ദൈവമെങ്കിലും പറയുമോയെന്ന് കരുതി മമ്മദ് ആകാശത്തോട്ട് നോക്കി നിന്നെങ്കിലും കഴുത്തു കഴച്ചതല്ലാതെ യാതൊരു ഗുണവുമുണ്ടായില്ല. അവസാനം ആർക്കറിയാമെന്നുള്ളൊരു ആത്മഗതത്തോടെ മമ്മദു തന്നെ അതിനു പര്യവസാനവും കുറിച്ചു.
ആരാ അവറാനെ ഈ പിച്ചാത്തി കുട്ടപ്പൻ ?.
ആകാംക്ഷ അടക്കാനാവാതെയാ ഗൾഫ്കാരൻ ഭാസ്ക്കരേട്ടനത് ചോദിച്ചത്.
സത്യത്തിൽ ഭാസ്ക്കരേട്ടന്റെയാ ആകാംക്ഷ എല്ലാവർക്കുമുണ്ട്.
അത് നിങ്ങൾക്കറിയില്ലേന്നാ അവറാൻ ചേട്ടൻ തിരിച്ചു ചോദിച്ചത് .
അവറാൻ ചേട്ടന്റെയാ ചോദ്യത്തിന്റെ പൊരുൾ ഭാസ്ക്കരേട്ടനും, നാട്ടുകാർക്കും മനസ്സിലായില്ല. ഞങ്ങൾക്കറിയാമെങ്കിൽ പിന്നെ ഇയാളോട് ചോദിക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു ഭാസ്ക്കരേട്ടൻ മനസ്സിൽ പറഞ്ഞതെങ്കിലും, പക്ഷേ ചോദിച്ചില്ലെന്നു മാത്രം .
വെറുതേയെന്തിനാ, അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് അവറാൻ ചേട്ടനെ പ്രകോപിപ്പിക്കുന്നതെന്നാ ഭാസ്ക്കരേട്ടൻ ചിന്തിച്ചത് .
അവറാൻ ചേട്ടന്, പിച്ചാത്തി കുട്ടപ്പനെ പേടിയുണ്ടെങ്കിലും തന്നെ പേടിയില്ലെന്ന് ഭാസ്ക്കരൻ ചേട്ടന് നന്നായറിയാം.
തന്റെ പേര് വല്ല വടിവാൾ ഭാസ്ക്കരൻന്നൊക്കെ ഇട്ടാ മതിയായിരുന്നു.
അവറാൻ ചേട്ടൻ ഒച്ചയുണ്ടാക്കരുതെന്ന് കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു. കുട്ടപ്പനെ കണ്ടതുമുതലുള്ള അവറാൻ ചേട്ടന്റെ വിറ ഇതുവരേക്കും മാറിയിട്ടില്ല. അതിലും വലിയ വിറ ഒരു സിംഹത്തിന്റെ മടയിലേക്കാണല്ലോ താൻ ഓടിക്കയറിയത് എന്നുള്ള ചിന്ത കൂടി തികട്ടി വന്നപ്പോഴായിരുന്നു.
ഭാഗ്യം കൊണ്ടാ ജീവനോടെ രക്ഷപ്പെട്ടത്.
അവറാൻ ചേട്ടൻ പോലും ഇങ്ങനെ വിറക്കണമെങ്കിൽ കുട്ടപ്പൻ അത്രക്കും ഭീകരനായിരിക്കണം.
എന്റെ കർത്താവേ, അവൻ ഇവിടേക്കും ഇറങ്ങയോ? പാക്കരന്റെ കാര്യം പോക്കാ. അവറാൻ ചേട്ടന്റ ആ ആത്മഗതം കർത്താവിന് പോയിട്ട് അവറാൻ ചേട്ടനു പോലും കേൾക്കാൻ പറ്റത്തില്ലായിരുന്നു അതുകൊണ്ട് കർത്താവ് അതിനു മറുപടി പറഞ്ഞില്ല അവറാൻ ചേട്ടനോട്ട് മറുപടി പ്രതീക്ഷിച്ചതുമില്ല.
പിച്ചാത്തി കുട്ടപ്പനെന്നു കേട്ടാ ഞങ്ങളുടെ അയൽഗ്രാമവും അതിനടുത്തുള്ള ഗ്രാമവും വിറക്കും എന്നിട്ടും എന്തുകൊണ്ട് ഞങ്ങൾ വിറച്ചില്ല എന്നു ചോദിച്ചാൽ ഈ ഗ്രാമത്തിലേക്കുള്ള കുട്ടപ്പന്റെ സഞ്ചാരം വളരെ കുറവായിരുന്നു എന്നുള്ളതു കൊണ്ടു തന്നെ. കുട്ടപ്പന്റെ പിച്ചാത്തിക്ക് ഇരയാകാത്ത ഒറ്റയാൾ പോലും അവിടെയില്ലെന്നാണ് കേൾവി പോലീസുകാർക്കു പോലും പേടിയാ കുട്ടപ്പനെ.
എസ് ഐ പീലിപ്പോസ് സാറിനെ കുട്ടപ്പൻ പിച്ചാത്തിക്ക് വെച്ച് ചീവി ഓടിച്ചു കുളത്തിൽ ചാടിച്ചിട്ടുള്ളതാ. പാവം പീലിപ്പോസ് സാറിന് നീന്തലറിയത്തില്ലായിരുന്നു പിന്നെയെന്തിന് കുളത്തിൽ പോയി ചാടിയെന്ന് ആ പാവത്തിന് യാതൊരു നിശ്ചയവുമില്ലായിരുന്നു.
പീലിപ്പോസ് സാറിന്റെ ഭാര്യയും ഈ ചോദ്യം ചോദിച്ചതായിരുന്നു.
ഭ്രാന്തൻ പിച്ചാത്തിയും കൊണ്ട് കുത്താൻ വരുമ്പോ ഞാനെന്താടി ചെയ്യാന്നും ചോദിച്ച് പീലിപ്പോസ് സാറ് ഏങ്ങലിടിച്ചു കരഞ്ഞു. ഇനീം സാറിനെ വിഷമിപ്പിക്കേണ്ടന്നു കരുതി ഭാര്യ പിന്നെയൊന്നും ചോദിച്ചില്ല.
ഏതായാലും ചത്തില്ലല്ലോ എന്നും പറഞ്ഞ് ഭാര്യ പോയി അതിന്റെ അർത്ഥം പീലിപ്പോസ് സാറിനോട്ട് മനസ്സിലായതുമില്ല.
അന്ന് കുട്ടപ്പന്റെ പിച്ചാത്തി മുനയിൽ നിന്ന് രക്ഷപ്പെടാനായിരുന്നു കുളത്തിലേക്കെടുത്ത് ചാടിയത്.
ചാടിക്കഴിഞ്ഞപ്പോഴാ നീന്തലറിയാൻ പാടില്ലായിരുന്നുവെന്ന് പീലിപ്പോസ് സാറിന് ഓർമ്മ വന്നത്. കുത്ത് കൊണ്ട് ചാവുന്നതിനു പകരം വെള്ളം കുടിച്ച് ചാവേണ്ടി വരൂലോന്നും ഓർത്ത് പീലിപ്പോസ് സാറ് വെള്ളത്തിൽ കിടന്ന് ഓളിയിട്ടു.
കുട്ടപ്പൻ പിച്ചാത്തിയുമായി പാഞ്ഞു വന്നതോടെ പീലിപ്പോസ് സാറിന്റെ കാലുകളാ പീലിപ്പോസ് സാറിനേം കൊണ്ട് കുളത്തിലേക്ക് ചാടിയത്.
അവസാനം മറ്റു പോലീസുകാർ കാലുപിടിച്ച് കരഞ്ഞു പറഞ്ഞിട്ടാ കുട്ടപ്പൻ അവിടന്ന് പോയത് ഇല്ലെങ്കി പീലിപ്പോസ് സാറിന്റെ കാര്യത്തിലൊരു തീരുമാനമായേനേ.
നിങ്ങൾക്കൊന്നും മനസ്സാക്ഷിയില്ലേ ന്നും ചോദിച്ച് പീലിപ്പോസ് സാറ് സഹപ്രവർത്തകരെ നോക്കി കൊച്ചുകുട്ടികളുടെ പോലെ വാവിട്ടു കരഞ്ഞു.
പീലിപ്പോസ് സാറിനെ കുട്ടപ്പൻ ഓടിപ്പിക്കുന്നത് കണ്ടതോടെ മറ്റു പോലീസുകാർ മുങ്ങിയിരുന്നു അതാണ് സാറിന് കൂടുതൽ വിഷമമായത്.
അന്ന് ഷാപ്പില് അടി നടക്കണൂന്നും കേട്ടാ പീലിപ്പോസ് സാറ് പോലീസുകാരേയും കൂട്ടി പോയത് പക്ഷേ അത് പിച്ചാത്തി കുട്ടപ്പനാന്ന് അറിയത്തില്ലായിരുന്നു.
അന്നു തന്നെ പീലിപ്പോസ് സാറ് ഡി ജി പി യുടെ അടുത്ത് ട്രാൻസ്ഫർ ചോദിച്ചതാ പക്ഷെ ഡി ജി പി കൊടുത്തില്ല നാണമില്ലേ തനിക്കെന്നാ ഡി ജി പി ചോദിച്ചത്.
ഇതിലെന്താണ് ഇത്ര നാണിക്കാൻ എന്നുള്ളത് തിരിച്ചു ചോദിക്കാൻ പീലിപ്പോസ് സാറിന്റെ നാവു വളഞ്ഞെങ്കിലും അത് അതിനേക്കാൾ വലിയ പൊല്ലാപ്പാവുമെന്നുള്ളതുകൊണ്ട് മാത്രാ മിണ്ടാതിരുന്നത്.
രണ്ടാഴ്ച് മുമ്പ് രാമൻ കണിയാര് വഴിയിൽ വെച്ച് കണ്ടപ്പോ ഒന്ന് സൂക്ഷിച്ചോളാൻ പറഞ്ഞതായിരുന്നു എന്നാലും ഇത്രക്കും പ്രതീക്ഷിച്ചില്ല.
പോലീസു പണിയും വേണ്ടാ കോപ്പും വേണ്ടാന്നും പറഞ്ഞ് പീലിപ്പോസ് സാറ് രാജിവെച്ച് ആ നാട്ടീന്ന് തന്നെ ജീവനും കൊണ്ട് ഓടി.
അതിനു ശേഷം ആ ഗ്രാമത്തിലേക്കു വരുന്ന എസ് ഐ മാരൊന്നും കുട്ടപ്പനുമായി മുട്ടാറില്ല. കുട്ടപ്പനെതിരെ ആരെങ്കിലും പരാതിയുമായി വന്നാ അവരെ പിടിച്ച് ഇടിക്കാറാ പതിവ് അവസാനം നമ്മുടെ മിന്നൽ രാജനാണ് കുട്ടപ്പനെ ഒതുക്കീത് അതൊരു ഐതിഹാസീക പോരാട്ടമായിരുന്നു.
അര മണിക്കൂറോളം കുട്ടപ്പനുമായി പൊരിഞ്ഞ അടിയായിരുന്നു മിന്നൽ. ഷാപ്പു മുതൽ കവലവരെ കുട്ടപ്പനെ അടിച്ചോടിച്ചു. അവസാനം കുട്ടപ്പൻ പിച്ചാത്തിയെടുത്തതോടെ മിന്നൽ തോക്കെടുത്തു. അതോടെ കുട്ടപ്പൻ കീഴടങ്ങി സത്യത്തിൽ ആ തോക്കിൽ ഉണ്ടയുണ്ടായിരുന്നില്ല എന്നുള്ളത് മിന്നലിനും തോക്കിനും മാത്രം അറിയാവുന്നൊരു സത്യമായിരുന്നു.
മിന്നലിന്റെ ഭാഗ്യം, തോക്കിൻെറയും, ഉണ്ടയില്ലാത്ത തോക്ക് കണ്ടാണ് താൻ വിറച്ചതെന്ന് കുട്ടപ്പൻ അറിഞ്ഞില്ല.
അന്ന് കുട്ടപ്പന്റെ മേൽ കുറേ കേസുകളൊക്കെ വെച്ചു കെട്ടി ജയിലിലേക്ക് അയച്ചതാ. പിന്നെ ഇപ്പോഴാണ് ഇറങ്ങീത് എന്തിനാണാവോ ഇങ്ങോട്ട് വന്നതെന്ന് ആലോചിച്ചിട്ട് ആർക്കും ഒരെത്തും പിടിയും കിട്ടുന്നില്ല. പാക്കരൻ ചേട്ടനുമായിട്ട് കോർത്തത് എന്തിനാന്നും മനസ്സിലാവുന്നില്ല.
പാക്കരൻ ചേട്ടന് ആളറിയാതെ പറ്റിയതായിരിക്കാം കുട്ടപ്പനെ കുറിച്ച് കേട്ടറിവ് ഉണ്ടെങ്കിലും ആളെ കണ്ടിട്ടില്ല.
ഇതിന് ദൃക്സാക്ഷിയായ സൈക്കിളു കടക്കാരൻ പൈലിയാ ആ വിവരം വിശദീകരിച്ചത് .
ചായ കുടിച്ചു കഴിഞ്ഞ് കുട്ടപ്പൻ കാശ് കൊടുത്തില്ലത്രേ.
കാശ് വെച്ചിട്ട് പോടാ വരത്താന്ന് പാക്കരൻ ചട്ടൻ അലറി. അല്ലെങ്കിലും പാക്കരൻ ചേട്ടന് വരത്തൻമാരോട് പോരെടുക്കല് അല്പം കൂടുതലാ.
ഞാൻ പിച്ചാത്തി കുട്ടപ്പനാന്ന് അയാള് പറഞ്ഞതാ.
ഞാൻ വെട്ടുകത്തി പാക്കരനാന്നാ പാക്കരൻ ചേട്ടൻ തിരിച്ചു പറഞ്ഞത്.
അയാള് കളിയാക്കാണെന്നാ പാക്കരൻ ചേട്ടൻ കരുതിയത് അതാ ഒരു ഗുമ്മ് കിട്ടാൻ വേണ്ടി പി. പാക്കരൻ എന്നുള്ളതിന്റെ മുന്നിലെ പിയെ യാതൊരു കാരണവും കൂടാതെ വെട്ടിയതും വെട്ടുകത്തിയെന്നാക്കിയതും.
അതും പറഞ്ഞ്, യാതൊരു ആവശ്യവുമില്ലാതെ ആറ്റിക്കൊണ്ടിരുന്ന ചായയെടുത്ത് അയാളുടെ മുഖത്തേക്കൊഴിച്ചതും ഒരുമിച്ചായിരുന്നു.
അതോടെ കുട്ടപ്പൻ തനി പിച്ചാത്തി കുട്ടപ്പനായി മാറി.
നായിന്റെ മോനെ നിന്നെ ഞാനിന്ന് കൊല്ലുടാ ന്നും അലറിക്കൊണ്ട് അരയിൽ നിന്നും കുട്ടപ്പൻ, പിച്ചാത്തി വലിച്ചൂരി.
അതോടെ പാക്കരൻ ചേട്ടന് സത്യം മനസ്സിലായി.
സംഗതി കൈയ്യീന്ന് പോയിരിക്കുന്നു ഒർജിനൽ പിച്ചാത്തി കുട്ടപ്പനുമായിട്ടാ കോർത്തത് . താൻ വെട്ടുകത്തി പാക്കരനാന്ന് വീരവാദം അടിക്കേം ചെയ്തു എന്നാലും കുഴപ്പമില്ലായിരുന്നു. പക്ഷേ ചൂടു ചായയാ കുട്ടപ്പന്റെ മുഖത്തോട്ട് ഒഴിച്ചത്. ഇന്നാ പിച്ചാത്തി വെച്ച് കുട്ടപ്പൻ തന്നെ ചീവും.
പാക്കരൻ ചേട്ടൻ ഒരു ആശ്രയത്തിനായി അകത്തോട്ട് നോക്കി പക്ഷേ അന്നമ്മ ചേടത്തിയെ കണ്ടില്ല. അതിനുപകരം രണ്ടു കണ്ണുകൾ മാത്രം ജനാലയുടെ ഇടയിൽ കൂടി നോക്കുന്നത് കണ്ടു ആ കണ്ണുകൾ അന്നമ്മ ചേടത്തിയുടേതായിരുന്നു.
കടക്കുള്ളിൽ നിന്ന് ശബ്ദം കേട്ടായിരുന്നു റോമു ഓടിച്ചെന്നത്. കുരക്കാനായി വാ തുറന്ന അവൻ പിച്ചാത്തി കണ്ടതോടെ കുട്ടപ്പനെ നോക്കി വാലാട്ടി നിന്നുവെങ്കിലും കുട്ടപ്പൻ തന്നെ കുത്തുമോയെന്ന് അവന് നല്ല പേടിയുണ്ടായിരുന്നു. അതോടെയാ വിറച്ചത് , അങ്ങോട്ടേക്ക് വെറുതേ ഓടിവന്നതോർത്ത് അവൻ സ്വയം ശപിച്ചു.
അകത്തേക്ക് ഓടിവന്നതിനു പകരം പുറത്തേക്ക് ഓടിപ്പോകാമായിരുന്നുവന്നാ അവൻ മനസ്സിലോർത്തത് . വല്ലതും തിന്നാൻ തരാൻ വേണ്ടിയും പാക്കരൻ ചേട്ടൻ ഇങ്ങനെ കൂവാറുണ്ട് അതുകൂടി മനക്കണ്ണിൽ കണ്ണോണ്ടായിരുന്നു അകത്തേക്ക് പാഞ്ഞത്. അത് പിച്ചാത്തിയുടെ മുന്നിലെക്കാന്ന് അറിഞ്ഞില്ല ഇനിയൊപ്പോ പറഞ്ഞിട്ടും കാര്യമില്ല താനൊരു മിണ്ടാപ്രാണി ആയതുകൊണ്ട് തന്നെ വെറുതേ വിടുമായിരിക്കും. ആ ഒരു പ്രതീക്ഷ മാതമേ ഇപ്പോഴുള്ളൂ. അതാണ് താനൊരു ശത്രുവല്ലെന്ന് കാണിക്കാൻ വേണ്ടി റോമു വാലാട്ടാൻ തുടങ്ങിയത്. പക്ഷേ അതിനുമുന്നെ തന്റെ വാല് തനിയെ അടിത്തുടങ്ങിയ വിവരം അവനിപ്പോളാണ് അറിഞ്ഞത് .
നിന്നെയിന്ന് പച്ചക്ക് കത്തിക്കൂടാന്നും നായിന്റെ മോനേയെന്നും വിളിച്ചു കൊണ്ട് കുട്ടപ്പൻ അലറി.
ആ നായിന്റെ മോനെയെന്നുള്ള വിളി തനിക്കിട്ടാണോയെന്ന് റോമുവിന് സംശയം തോന്നുകയും അതോടെ വിറ ഒന്ന് കൂടി കൂടുകയും ചെയ്തു.
ഈശ്വരാ വെറുതേ ഓടി വന്നതിന് തന്നെ എന്തിനാണ് കത്തിക്കുന്നത് വായുണ്ടായിരുന്നുവെങ്കി റോമു കരഞ്ഞു കൊണ്ടത് കുട്ടപ്പനോടത് ചോദിച്ചേനേ ?.
അപ്പോഴാണ് അവിടെയിരുന്ന് ചായകുടിക്കായിരുന്ന സുപ്രു മധ്യസ്ഥം പറയാനൊരു ശ്രമം നടത്തിയത് .
പോട്ടെ ചേട്ടാ വയസ്സായ ആളല്ലേ ന്നു പറയലും കുട്ടപ്പൻ ഒറ്റ അടിയായിരുന്നു. അതോടെ സുപ്രു ബോധം കെട്ടു വീണു.., ക്ഷമിക്ക് ന്ന് ബാക്കി പറയാൻ സുപ്രുവിന് സാവകാശം പോലും കിട്ടിയില്ല.
മാധ്യസ്ഥം പറയാൻ വരുന്നോ നായിന്റെ മോനെ എന്നും ചോദിച്ചോണ്ടാ കുട്ടപ്പൻ സുപ്രുവിനിട്ട് പൊട്ടിച്ചത് .
ആ അടി കണ്ടതോടെ റോമു അറിയാതെ മുള്ളിപ്പോയി.
ഈശ്വരാ ഇവൻ ചിലപ്പോ രണ്ടും കൂടി നടത്തി കട നാറ്റിക്കോ എന്നായിരുന്നു പാക്കരൻ ചേട്ടന് തോന്നിയത് .എന്തൊരു പേടിത്തൊണ്ടൻ നായയാണിത് മനുഷ്യന് ഒരു ധൈര്യത്തിനു വേണ്ടിയാണ് ഈ മരങ്ങോടനെ വളർത്തിയത് തിന്നാൻ മാത്രം അറിയാം.
താൻ മൂത്രമൊഴിച്ചത് പാക്കരൻ ചേട്ടൻ കണ്ടു എന്ന് മനസ്സിലായതോടെ റോമു അതിനു മുകളിൽ കമിഴ്ന്നു കിടന്നു. പാക്കരൻ ചേട്ടൻ കാണുകയില്ലെന്നുള്ളതും കുട്ടപ്പൻ കണ്ടാ താൻ സ്രാഷ്ട്ടാങ്ങം പ്രണമിച്ചതാണെന്നുള്ള തോന്നൽ ഉളവാക്കുമെന്നുള്ളതുകൊണ്ടും കൂടിയാ അവൻ അങ്ങനെത്തന്നെ കിടന്നത്.
സുപ്രു വീഴുന്ന കണ്ടതോടെ പാക്കരൻ ചേട്ടൻ ഉള്ളിൽ വാവിട്ടു കരഞ്ഞു. ഈശ്വരാ സുപ്രുനെ, കുട്ടപ്പൻ ഒറ്റയടിക്ക് കൊന്നു തന്നെ ചിലപ്പോ കുത്തിയാവും കൊല്ലാ. അതോടെ പാക്കരൻ ചേട്ടന്റെ വിറ ഒന്നുകൂടി ഉച്ചസ്ഥായിയിലായി. റോമുവും ഉള്ളിൽ വാവിട്ട് കരഞ്ഞു ഏത് കഷ്ട്ടകാലം നേരത്താണാവോ തനിക്ക് ഇങ്ങോട്ട് ഓടിവരാൻ തോന്നിയതെന്നോർത്ത് അവൻ സ്വയം ശപിച്ചു.
റോമു മുള്ളിയത് പോലെ താനും മുള്ളിപ്പോകുമോയെന്ന് അതോടെ പാക്കരൻ ചേട്ടനൊരു സംശയം തോന്നുകയും ചെയ്തു.
ബോധമില്ലാണ്ടും സുപ്രു കിടന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു.
ക്ഷമിക്കൂ ക്ഷമിക്കൂ ന്നായിരുന്നു ആ പാവം അപ്പോഴും പറഞ്ഞോണ്ടിരുന്നുത്.
ആരാണ് ഈ കടയുടെ ഉടമസ്ഥൻ ?
കുട്ടപ്പന്റെ ആ അലർച്ച കേട്ടതോടെ പാക്കരൻ ചേട്ടൻ അടുക്കളയിലോട്ടും അടുക്കളയിലുരുന്ന് ഒരു കൈ മാത്രം പാക്കരൻ ചേട്ടനു നേർക്കും ഒരുമിച്ച് ചൂണ്ടപ്പെട്ടു.
എല്ലാവരേം ഞാൻ പച്ചക്ക് കത്തിക്കും, ഈ കടയും കത്തിക്കും പിച്ചാത്തി വായുവിൽ വീശി കുട്ടപ്പൻ അലറി.
ഇതുകൂടി കേട്ടതോടെ ചായ കുടിക്കാൻ വന്ന തമിഴൻ മുരുകനും, അച്ചാറുണ്ടാക്കുന്ന അന്ത്രുവും എണീറ്റോടി രണ്ടുപേരും കടയ്ക്കുള്ളിൽ പേടിച്ചു വിറച്ചിരിക്കായിരുന്നു.
ചായ കുടിക്കാൻ വന്ന് പാക്കരൻ ചേട്ടന്റെ കൂടെ കത്തിപ്പോകേണ്ടെന്നും കരുതിയാ അവര് പാഞ്ഞത്.
കുട്ടപ്പൻ, പാക്കരൻ ചേട്ടന്റെ കാലുകള് രണ്ടും കൂട്ടിക്കെട്ടി അതോടൊപ്പം റോമൂന്റെ കാലുകളും, ബലമായി കാലുകൾ കെട്ടുന്നതിനു മുന്നേ തന്നെ റോമു കാലുകൾ നീട്ടിക്കൊടുത്തു . അന്നമ്മ ചേടത്തിയുടെ കാലുകള് കെട്ടാൻ അടുക്കളയിലോട്ട് നോക്കിയപ്പോഴേക്കും ആ കാലുകള് അന്നമ്മ ചേടത്തീനേം കൊണ്ട് ഓടി.
ആരെങ്കിലും എന്തെങ്കിലും ചെയ്യ് ഇല്ലെങ്കി അവൻ പാക്കരനെ കൊല്ലും അവറാൻ ചേട്ടൻ ആകെ വിറച്ചിട്ടാണതു പറഞ്ഞത്. പക്ഷേ ആർക്കും കുട്ടപ്പനെ ഒന്ന് ആശ്വസിപ്പിക്കുവാൻ പോലും ധൈര്യമില്ല.
സമാധാനിപ്പിക്കാൻ പോയിഅവസാനം കുട്ടപ്പന്റെ കുത്തും കൊണ്ട് ചാവേണ്ടി വരും.
പോലീസിനെ വിളിക്ക്.
മെമ്പറു സുകേശൻ പോലീസ് സ്റ്റേഷനിലെ നമ്പറ് കുത്താൻ നോക്കിയിട്ട് കൈ വിറക്കുന്ന കാരണം പറ്റുന്നില്ല. എങ്ങിനെ നോക്കിയാലും വേറെ ഏതെക്കെയോ നമ്പറുകളിലേക്കാണ് പോകുന്നത് അവസാനം സുകേശനാ ഫോൺ വലിച്ചൊരു ഏറു കൊടുത്തു .
ആവശ്യമുള്ള സമയത്ത് ഉപകാരപ്പെടാത്ത സാധനെന്നും പറഞ്ഞോണ്ടാ സുകേശൻ വലിച്ചെറിഞ്ഞത്.
അതാ കുട്ടപ്പൻ തീപ്പെട്ടിയിടുത്തു അതോടെ പാക്കരൻ ചേട്ടൻ വാവിട്ടു കരഞ്ഞു കൂടെ റോമുവും വാവിട്ടു കരയുന്നുണ്ട്. കൂട്ടിൽ കിടന്ന് ഉറങ്ങിയാൽ മതിയായിരുന്നുവല്ലതും തിന്നാൻ കിട്ടുമെന്നുള്ള ആശയിൽ ഓടിവന്ന് തീകത്തി ചാവാറായി തന്നെ തീ കൊളുത്തുന്നത് കാണാൻ കരുത്തില്ലാതെ അവൻ കണ്ണടച്ചു കിടന്നു.
അവസാനം നമ്മുടെ വാറ്റുകാരൻ റപ്പായിയാ മുന്നോട്ട് വന്നത് റപ്പായിക്ക് കുട്ടപ്പനെ നല്ല പരിചയമുണ്ട് ആളറിയാതെ പറ്റിയതാന്ന് കാലുപിടിച്ച് പറഞ്ഞിട്ടാ കുട്ടപ്പനന്ന് പോയത്.
ചായ മുഖത്ത് ഒഴിച്ചതിന് ഒരു അഞ്ഞൂറ് രൂപായും പാക്കരൻ ചേട്ടന്റെ അടുത്തൂന്ന് വാങ്ങി.
എല്ലാവരും പോയി കഴിഞ്ഞതിനു ശേഷമാ അടുപ്പും കല്ലിനടിയിൽ നിന്നും ഒരു ഞെരക്കം കേട്ടത് കരാട്ടെ മാസ്റ്റർ വാസുവായിരുന്നുവത് . ആ പാവം ഞങ്ങളെ കണ്ട് കരഞ്ഞു .
എന്നോട് കുറച്ചു ദിവസം മിണ്ടാതെയാ മാസ്റ്റർ നടന്നത് .
ഒരാഴ്ചയോളം പാക്കരൻ ചേട്ടന്, പേടിച്ച് പനിയായിരുന്നു റോമുവിനും പനിയായിരുന്നു. അതോടെ അവന് ഭക്ഷണം പോലും വേണ്ടാതായി എല്ലാത്തിനോടും ഒരു വിരക്തി. ഏതുസമയവും കൂട്ടിൽ കണ്ണടച്ചു കിടക്കും കണ്ണു തുറന്നാൽ പിച്ചാത്തിയും പിടിച്ചു നിൽക്കുന്ന കുട്ടപ്പന്റെ മുഖമാണ് തെളിയുക അതോടെ അവൻ വെറുതേ ഞെട്ടും
ഇത് കണ്ട് മണികണ്ഠൻ പൂച്ചക്ക് വരെ സഹതാപമായി. പാവം ഞെട്ടി ഞെട്ടി ചാവും. ഇവനിത്രക്കും ബലഹീനനാണോയെന്നായിരുന്നു മണികണ്ഠൻ ചിന്തിച്ചത്.
0 അഭിപ്രായങ്ങള്‍